Time Taken To Read 5 Minutes
“ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ” ഈ മുൻവിധി സമൂഹം മാറ്റാനുള്ള സമയം അതിക്രമിച്ചില്ലേ
ആചാരങ്ങൾ വെടക്കാക്കി തനിക്കാക്കുമ്പോൾ പ്രകൃതി തിരിച്ചടിക്കും
നിരവധി ആചാരങ്ങൾ ഇല്ലാതാക്കിയതാണ് നാം ഇന്ന് കാണുന്ന ലോകത്തേക്ക് നമ്മെ എത്തിച്ചതെന്ന് ചിലർ പറയുന്നു. എന്നാൽ സത്യത്തിൽ ആചാരങ്ങൾ ഇല്ലാതാക്കിയതല്ല, ആചാരങ്ങളുടെ പൊരുൾ മനസ്സിലാക്കാതെ അവയെ ‘അന്ധവിശ്വാസം’ എന്ന് മുദ്രകുത്തി വലിച്ചെറിഞ്ഞതാണ് ഇന്നത്തെ ദുരന്തങ്ങൾക്ക് കാരണം.
നമ്മുടെ ഋഷിവര്യന്മാരും പൂർവികരും ഒരുക്കി തന്ന ഓരോ ആചാരത്തിനും ശാസ്ത്രീയമായ ഒരു അടിത്തറയുണ്ടായിരുന്നു. അവർ പൂജിച്ച കാവുകൾ വെറും കാടുകളായിരുന്നില്ല. അവ ജൈവവൈവിധ്യത്തിന്റെ കലവറകളും, ഭൂഗർഭജല സംഭരണികളും, കാലാവസ്ഥയെ നിയന്ത്രിക്കുന്ന ‘പച്ചത്തുരുത്തു’ കളുമായിരുന്നു. കാവ് വെട്ടിത്തെളിക്കരുത് എന്ന് പറഞ്ഞത് ദൈവകോപം കൊണ്ടല്ല, ഒരു നാടിന്റെ ശ്വാസകോശം നശിപ്പിക്കരുത് എന്ന തിരിച്ചറിവ് കൊണ്ടാണ്.
നദികളെ മലിനമാക്കരുത്, മലകൾ ഇടിച്ചുനിരത്തരുത് എന്ന് അവർ പറഞ്ഞത് വെറും വിശ്വാസത്തിന്റെ പേരിലല്ല. ജീവന്റെ ആധാരമായ ജലത്തെയും, മണ്ണിനെ പിടിച്ചുനിർത്തുന്ന മലകളെയും സംരക്ഷിച്ചില്ലെങ്കിൽ പ്രളയവും വരൾച്ചയും ഉരുൾപൊട്ടലും ഉണ്ടാകുമെന്ന് അവർക്ക് അറിയാമായിരുന്നു. ‘നദീ സൂക്ത’ങ്ങൾ രചിച്ചവർ പരിസ്ഥിതി ശാസ്ത്രം പഠിച്ചവരായിരുന്നു.
ഇന്ന് നമ്മൾ അനുഭവിക്കുന്ന ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനം, പകർച്ചവ്യാധികൾ എന്നിവയെല്ലാം മനുഷ്യന്റെ സുഖസൗകര്യങ്ങൾ വർദ്ധിപ്പിക്കാനുള്ള പരക്കംപാച്ചിലിന്റെ ബാക്കിപത്രമാണ്. എ.സി.യുടെ തണുപ്പിനായി നാം കാടിന്റെ തണൽ വെട്ടി. കാറിന്റെ വേഗതക്കായി നെൽവയലുകൾ നികത്തി. ഫാക്ടറികളുടെ പുകയ്ക്കായി ശുദ്ധവായു ബലികൊടുത്തു.
‘ദുരന്തം വിതയ്ക്കുന്ന കരിമരുന്ന് പ്രയോഗം നിരോധിക്കുക’ എന്നത് ശരിയാണ്. എന്നാൽ വെടിക്കെട്ട് മാത്രമല്ല ദുരന്തം വിതയ്ക്കുന്നത്. കാവുകൾ നശിപ്പിക്കുന്നതും, നദിയിൽ മാലിന്യം തള്ളുന്നതും, മലകൾ പൊട്ടിക്കുന്ന ക്വാറികളും, പ്ലാസ്റ്റിക് മലകളും എല്ലാം ദുരന്തം വിതയ്ക്കുന്ന ‘കരിമരുന്ന്’ തന്നെയാണ്. ആധുനിക ശാസ്ത്രം ബദലുകൾ കണ്ടെത്തട്ടെ, പക്ഷെ പൂർവികർ കാണിച്ചുതന്ന വഴികൾ പൂർണമായും തെറ്റായിരുന്നു എന്ന് പറയരുത്.
ആചാര നിരോധനം പോരാ, ആചാര പുനർവായന വേണം… അതായത്
ആചാരങ്ങളെ കണ്ണടച്ച് എതിർക്കുന്നതും കണ്ണടച്ച് അനുകരിക്കുന്നതും രണ്ടും അപകടമാണ്. വേണ്ടത് ആചാരങ്ങളുടെ ശാസ്ത്രം തിരിച്ചറിയുക എന്നതാണ്. തുളസി നട്ടത് ഔഷധഗുണം കൊണ്ടാണ്. സന്ധ്യക്ക് വിളക്ക് വെച്ചത് ഊർജ്ജ സംരക്ഷണത്തിനാണ്. ഉത്സവങ്ങൾക്ക് കൂടിയത് സാമൂഹിക ഐക്യത്തിനാണ്.
രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരും സർക്കാരും ഇനിയെങ്കിലും ‘ദുഷിച്ച ആചാരങ്ങൾ’ ഇല്ലാതാക്കാൻ മാത്രം ഇറങ്ങരുത്. പകരം, പരിസ്ഥിതിയെ സംരക്ഷിച്ച, സാമൂഹിക നന്മ ലക്ഷ്യമിട്ട യഥാർത്ഥ ആചാരങ്ങളുടെ പൊരുൾ ജനങ്ങളിലേക്ക് എത്തിക്കണം. കാവുകൾ വീണ്ടെടുക്കണം. നദികളെ ശുദ്ധമാക്കണം. മലകളെ സംരക്ഷിക്കണം.
ആചാരങ്ങളെ വെടക്കാക്കി തനിക്കാക്കിയപ്പോൾ നമുക്ക് നഷ്ടപ്പെട്ടത് സംസ്കാരം മാത്രമല്ല, സുരക്ഷിതമായ ഒരു ഭൂമി കൂടിയാണ്. ഇനിയെങ്കിലും തിരിച്ചറിവുണ്ടായില്ലെങ്കിൽ പ്രകൃതി കരുണ കാണിക്കില്ല. കാരണം പ്രകൃതിയാണ് ഏറ്റവും വലിയ ശാസ്ത്രം, ഏറ്റവും വലിയ ആചാര്യനും.
അന്ധമായ ആചാരനിരോധനം അല്ല, തിരുത്തലാണ് വേണ്ടത്: ഉത്സവപ്പറമ്പിലെ യാഥാർത്ഥ്യങ്ങൾ?
ഉദാഹരണത്തിന് ‘ദുരന്തം വിതയ്ക്കുന്ന കരിമരുന്ന് പ്രയോഗം നിരോധിക്കുക’ എന്ന ആഹ്വാനം ഉയരുമ്പോൾ മറുവശത്ത് ചില യാഥാർത്ഥ്യങ്ങൾ കൂടി കാണാതെ പോകരുത്. ഇത്തരം ആചാരങ്ങളെ രാഷ്ട്രീയമായും മതപരമായും
കണ്ണടച്ച് എതിർക്കുന്ന പ്രവണതയും, ഉത്സവങ്ങളെ ചുറ്റിപ്പറ്റിയുള്ള അപകടങ്ങളെ കുത്സിതശ്രമമായി ഉണ്ടാക്കുന്നതാണെന്ന വാദങ്ങൾ സാഹചര്യ തെളിവ് നിരത്തി സമർത്ഥിക്കുന്നത് തള്ളിക്കളയാനാവില്ല
കരിമരുന്ന് വെറും അപകടം മാത്രമല്ലപറഞ്ഞുവരുന്നത് എല്ലാത്തിനും നല്ലതും മോശവുമായ വശങ്ങളുണ്ട്
കരിമരുന്ന് പ്രയോഗം ശാസ്ത്രീയമായി നിയന്ത്രിച്ചാൽ അത് അപകടമല്ല, ഒരു കലയും ശാസ്ത്രവുമാണ്.
സാംസ്കാരികമായി വിലയിരുത്തുമ്പോൾ നൂറ്റാണ്ടുകളായി നമ്മുടെ ഉത്സവങ്ങളുടെ ഭാഗമാണ് വെടിക്കെട്ട്. അത് ജനങ്ങളുടെ ആഹ്ലാദ പ്രകടനവും ഐക്യത്തിന്റെ അടയാളവുമാണ്.
അതിലെ ശാസ്ത്രത്തെ വിലയിരുത്തുമ്പോൾ ശബ്ദവും വെളിച്ചവും ചേർന്ന വെടിക്കെട്ട് കാലാവസ്ഥാ പഠനങ്ങൾക്ക് പോലും പണ്ടുമുതലേ ഉപയോഗിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പം അളക്കാനും, കീടങ്ങളെ അകറ്റാനും പരമ്പരാഗത വെടിക്കെട്ടിന് കഴിവുണ്ടെന്ന് പഴമക്കാർ പറയുന്നു.
അതിന്റെ സാമ്പത്തീക വശം ചിന്തിക്കുമ്പോൾ ലക്ഷക്കണക്കിന് കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് കരിമരുന്ന് നിർമ്മാണ മേഖല. പൂർണ നിരോധനം അവരുടെ ജീവിതം വഴിമുട്ടിക്കും.
അപകടം കരിമരുന്നിലല്ല, അതിന്റെ അശാസ്ത്രീയ ഉപയോഗത്തിലാണ്. ലൈസൻസില്ലാത്ത നിർമ്മാണം, അമിതമായ ഉപയോഗം, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തത് എന്നിവയാണ് ദുരന്തങ്ങൾക്ക് കാരണം. അതിനാൽ വേണ്ടത് നിരോധനമല്ല, കർശനമായ നിയന്ത്രണവും ശാസ്ത്രീയ ബോധവൽക്കരണവുമാണ്.
അടിക്കടിയുണ്ടാവുന്ന ആനയിടയലും വെടിക്കെട്ടപകടങ്ങളും യഥാർത്ഥ കാരണം?
ഇന്ന് ഉത്സവപ്പറമ്പുകളിൽ വർദ്ധിച്ചുവരുന്ന ആനയിടയലും വെടിക്കെട്ടപകടങ്ങളും മുകളിൽ എഴുതിയതുപോലെയുള്ളവരുടെ കുൽസിത ശ്രമം തന്നെയായിരിക്കുമോ?
ആനയിടയലിന് കാരണം കാട് കയ്യേറിയതോടെ ആനത്താവളങ്ങൾ നഷ്ടപ്പെട്ടു. എഴുന്നെള്ളത്തിനു അമ്പലങ്ങളിൽ ആനയെ ഉപയോഗിക്കുമ്പോൾ ഇത്തരം ആചാരങ്ങളെ എതിർക്കുന്നവർ ലേസർ ലൈറ്റും മൊട്ടു സൂചികൊണ്ട് കുത്തിയും വാലിൽ പിടിച്ചും ആരുമറിയാത്ത രീതിയിൽ ചെയ്തിട്ട് കടന്നുകളയുന്നതും റിപ്പോർട് ചെയ്യപ്പെട്ടിട്ടുണ്ട്. കാവുകൾ വെട്ടിനശിപ്പിച്ചതോടെ ആനകൾക്ക് നാട്ടിലേക്ക് ഇറങ്ങേണ്ടി വന്നു. ഉത്സവത്തിന് കൊണ്ടുവരുന്ന ആനകൾക്ക് വേണ്ടത്ര വിശ്രമം, പരിചരണം, എഴുന്നള്ളിപ്പ് ദൂരപരിധി എന്നിവ പാലിക്കാത്തതാണ് അപകടങ്ങൾക്ക് കാരണം. ഇത് മതത്തിന്റെ പ്രശ്നമല്ല, മാനേജ്മെന്റിന്റെ പ്രശ്നമാണ്.
വെടിക്കെട്ടപകടങ്ങൾക്ക് കാരണം മത്സരബുദ്ധിയോടെയുള്ള അമിത വെടിക്കെട്ട്, കാലഹരണപ്പെട്ട രാസവസ്തുക്കളുടെ ഉപയോഗം, വിദഗ്ധരല്ലാത്തവരുടെ കൈകാര്യം ചെയ്യൽ എന്നിവയാണ്. ഇതിൽ ജാതിയോ മതമോ ഇല്ല. അശ്രദ്ധയും അത്യാഗ്രഹവും മാത്രമാണുള്ളത്.
ഇതിനെയെല്ലാം അതിജീവിക്കാൻ വേണ്ടത് പുനർവായന, അല്ലാതെ പഴിചാരൽ അല്ല? ഇങ്ങനെ പറയാൻ കാരണം
ഇപ്പോൾ തൃശൂരിൽ നടന്ന വെടിക്കെട്ടപകടത്തിനു വരെ സംശയത്തിന്റെ മുൾമുനയിൽ നിർത്തിയിരിക്കയാണ് അങ്ങനെയാവരുതേ എന്ന് നമുക്ക് പ്രാർത്ഥിക്കാം കാരണം മനുഷ്യർ അത്രമാത്രം ക്രൂര ഹൃദയമുള്ളവരല്ല എന്ന് നമ്മൾ ഭാരതീയ്യരെങ്കിലും വിശ്വസിക്കേണ്ടിയിരിക്കുന്നു… അല്ലെങ്കിൽ ഈദി അമീന്റെയും ഹിട്ലരുടെയും ഗദ്ദാഫിമാരുടെയും സന്തതി പരമ്പര നമുക്കിടയിലുണ്ടോ എന്ന് നാം ഭയപ്പെടേണ്ടിയിരിക്കുന്നു
ഹൈന്ദവരുടെ ആചാരങ്ങളിൽ ഒഴിച്ചുകൂടാനാവാത്ത ഒരു ചടങ്ങാണ് മേടമാസത്തിലെ വിഷുക്കണി ഒരുക്കലും അത് കാണലും! ആ മഹത്തായ ആചാരത്തെ വികലമാക്കുന്ന തരത്തിൽ ചിക്കൻ മന്തി വിളമ്പുന്ന ഫോട്ടോ ഹോട്ടൽ പരസ്യത്തിനുപയോഗിച്ചതും കണ്ടു നമ്മൾ ? ഇതിലൊക്കെ നിർദോഷമെന്നു തോന്നിപ്പിച്ചുകൊണ്ടുള്ള ഒരുതരം പ്രകോപനം സൃഷ്ട്ടിക്കലല്ലേ ? മൊത്തത്തിൽ ഹിന്ദുക്കളുടെ ആചാരങ്ങളിലിൽ കടന്നുകയറി മനപ്പൂർവ്വം അത്യാഹിതങ്ങൾ വരുത്തി അതിനെ നിരോദിപ്പിക്കാനുള്ള ത്വര അല്ലേ
പറഞ്ഞുവരുന്നത് പൂർവികർ കാവുകൾ സംരക്ഷിച്ചത് ജൈവവൈവിധ്യത്തിനാണ്. നദികളെ പൂജിച്ചത് ജലസംരക്ഷണത്തിനാണ്. മലകളെ കാത്തത് ഉരുൾപൊട്ടൽ ഒഴിവാക്കാനാണ്. ഇവയെ ‘അന്ധവിശ്വാസം’ എന്ന് പറഞ്ഞ് നശിപ്പിച്ചതിന്റെ ഫലമാണ് ഇന്നത്തെ പ്രളയവും വരൾച്ചയും ആഗോളതാപനവും.
അതുപോലെ, ഉത്സവങ്ങളിലെ ചിട്ടകളും ആചാരങ്ങളും സുരക്ഷയ്ക്ക് വേണ്ടി കൂടിയാണ് ഉണ്ടാക്കിയത്. ‘പൂരത്തിന് തിടമ്പേറ്റുന്ന ആനയ്ക്ക് 3 മീറ്റർ ചുറ്റളവിൽ ആളുണ്ടാകരുത്’ എന്ന് പറഞ്ഞത് പഴമക്കാരുടെ സുരക്ഷാബോധമാണ്. ‘വെടിക്കെട്ട് കമ്മിറ്റിയിൽ പാരമ്പര്യമുള്ളവർ വേണം’ എന്ന് നിഷ്കർഷിച്ചത് വൈദഗ്ധ്യം ഉറപ്പാക്കാനാണ്.
അതിനാൽ രാഷ്ട്രീയക്കാരും സാമൂഹ്യപ്രവർത്തകരും ചെയ്യേണ്ടത് ആചാരങ്ങളെ മൊത്തം ഇല്ലാതാക്കാനുള്ള നീക്കമല്ല. അപകടം ഉണ്ടാക്കുന്ന രീതികൾ ശാസ്ത്രീയമായി നവീകരിക്കുക, പൂർവികർ കാണിച്ചുതന്ന പാരിസ്ഥിതിക പാഠങ്ങൾ തിരികെ കൊണ്ടുവരിക, മതത്തിന്റെ പേരിൽ തെറ്റായ പഴിചാരൽ അവസാനിപ്പിക്കുക എന്നതാണ്.
കരിമരുന്ന് നിരോധിച്ചതുകൊണ്ടോ ആനയെ എഴുന്നള്ളിക്കുന്നത് നിർത്തിയതുകൊണ്ടോ ദുരന്തങ്ങൾ തീരില്ല. പ്രകൃതിയെ മറന്ന് നടത്തുന്ന സുഖസൗകര്യങ്ങൾക്കായുള്ള ഓട്ടമാണ് യഥാർത്ഥ ‘ദുരന്തം വിതയ്ക്കുന്ന കരിമരുന്ന്’. അത് തിരിച്ചറിയുന്ന കാലത്തോളം ആചാരങ്ങളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.
മഠത്തിൽ ബാബു ജയപ്രകാശ്…………..✍ My Watsapp Contact No – 9500716709
