Time Taken To Read 10 minutes
ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ എന്ന ബ്ലോഗ് പേജ് ആരംഭിച്ചിട്ട് മൂന്നു വർഷമാവുന്നു. മയ്യഴിയുമായും മയ്യഴിയിലെ രാഷ്ട്രീയവുമായും ബന്ധപ്പെട്ടു ഇതുവരെയായി 180 – ഓളം വിഷയങ്ങൾ ബ്ലോഗിലൂടെ അവതരിപ്പിച്ചിട്ടുണ്ട്
മയ്യഴിയുമായി ബന്ധപ്പെട്ടുള്ള ഒട്ടേറെ വിഷയം ഈ പേജിലൂടെ എഴുതിയിട്ടുണ്ടെങ്കിലും ശ്രീ.മുകുന്ദേട്ടനെ (എം. മുകുന്ദൻ ) പറ്റി എഴുതിയിരുന്നില്ല
ഇപ്പോൾ അതിനുള്ള ഒരു സാഹചര്യം ഒത്തുവന്നു. മുകുന്ദേട്ടന്റെ പ്രസിദ്ധമായ ‘മയ്യഴിപ്പുഴയുടെ തീരങ്ങളിൽ’ എന്ന നോവലിന്റെ 50-ാ0 വർഷം, കേരള കൗമുദി യുടെ ആഭിമുഖ്യത്തിൽ ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു ക്ഷണക്കത്ത് എന്റെ സുഹൃത്തും പത്രപ്രവർത്തകനുമായ ചാലക്കര പുരുഷു രണ്ടു ദിവസം മുൻപ് എനിക്കയച്ചുതന്നിരുന്നു. അപ്പോഴാണ് മുകുന്ദേട്ടനെ പറ്റി ഒരു ബ്ലോഗ് ചെയ്യാമെന്ന ആശയം മനസ്സിലുദിച്ചത്.
‘മയ്യഴിപുഴയുടെ തീരങ്ങൾ’ വായിച്ചെങ്കിലും മയ്യഴിക്കാരനായ എനിക്ക് മുകുന്ദേട്ടനെ നേരിട്ട് പരിചയമുണ്ടായിരുന്നില്ല. വെറും ഒൻപത് ചതുരശ്രകിലോമീറ്റർ വിസൃതിയുള്ള മയ്യഴിയിൽ വെച്ച് അദ്ദേഹത്തെ കാണാൻ സാധിച്ചില്ല. പരിചയപ്പെടാനും ഇടപഴകാനും സാധിച്ചത് (വർഷം ശരിക്കും ഓർമവരുന്നില്ല) 2,500 കിലോമീറ്റർ അകലെയുള്ള ദുബായിയിൽ വെച്ചായിരുന്നു. മയ്യഴിക്കാരുടെ സംഘടനയായ ‘നോർപ്പ’യുടെ വാർഷിക പരിപാടിയിൽ പങ്കെടുക്കാൻ ദുബായിയിൽ എത്തിയതായിരുന്നു മുകുന്ദേട്ടൻ. അന്ന് എയർപോർട്ടിൽ നിന്ന് ഷെയ്ക് സായിദ് റോഡിലെ ബഹുനില ഫർണിഷ്ഡ് അപ്പാർട്ടമെന്റിലേക്ക് അദ്ദേഹത്തെയും സഹധർമിണിയെയും കൂട്ടി യാത്രചെയ്യുമ്പോഴായിരുന്നു ആദ്യകൂടിക്കാഴ്ച്ച. ‘ഞാൻ ബാബു ജയപ്രകാശ്’ ‘ചൂടിക്കോട്ടയിലുള്ള നാരായണൻ നായരുടെ മകൻ …’എന്ന് സ്വയം പരിചയപ്പെടുത്തിയപ്പോൾ ‘ഓ’എന്ന് തലകുലുക്കിയെങ്കിലും, ആ പ്രതികരണത്തിൽനിന്നും എനിക്ക് മനസ്സിലായി പൂർണമായും എന്റെ അച്ഛനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന്. ഉടനെ ഒന്നുകൂടി ഉറപ്പിക്കാൻ പറഞ്ഞു … ‘ശ്രീ. പി കെ. രാമന്റെ അളിയൻ. സ്വാതന്ത്ര്യ സമരസേനാനി. മയ്യഴി വിമോചന സമരത്തിന് ഒരു വഴിത്തിരിവ് ഉണ്ടാക്കിയ മര്യാപ്പീസ് തീവെപ്പുകേസിലെ പ്രതി നാരായണൻ നായർ.’ അത്രയും പരത്തിപ്പറഞ്ഞതു എഴുത്തുകാരനായ അദ്ദേഹത്തിന് ആ സംഭവങ്ങളൊക്കെ ഓർമയിൽ ഉണ്ടാവുമെന്ന ബോധ്യമുള്ളതുകൊണ്ടായിരുന്നു.
അന്ന് നോർപ്പയുടെ വേദിയിൽ ഉണ്ടായിരുന്നത് പുതുച്ചേരി ആഭ്യന്തര മന്ത്രിയായിരുന്ന ശ്രീ. വത്സരാജും മുകുന്ദേട്ടനുമായിരുന്നു.
മയ്യഴി എന്ന ഈ ചെറിയ വലിയ ഗ്രാമത്തിലെ നിരത്തുകളിലൂടെ സഞ്ചരിക്കുന്ന ആ കുറിയ മനുഷ്യനെ കാണുമ്പോൾ എനിക്ക് കുഞ്ഞുണ്ണി മാസ്റ്ററുടെ വരികളാണ് ഓർമ്മ വരിക പൊക്കമില്ലായ്മയാണെന്റെ പൊക്കം” എന്ന പ്രയോഗം .
മുകുന്ദേട്ടൻ സംസാരിക്കുന്നത് ചാനലുകളിലൂടെ കണ്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് സംസാരിക്കുന്നതു നേരിൽ കണ്ടതും കേട്ടതും. ചുണ്ടുകൾ പ്രത്യേക രീതിയിൽ ചലിപ്പിച്ചു ചിരിച്ചുകൊണ്ടുള്ള, പതിഞ്ഞസ്വരത്തിൽ ആരെയും ആകർഷിക്കും വിധം, ഒട്ടും വിരസത ഉണ്ടാക്കാതെയുള്ള ആശയവിനിമയം, സംസാരത്തിനു ഒരു പ്രത്യേക ഫ്രീക്വൻസി ഉള്ളതായി തോന്നിക്കും വിധം ആകർഷകമാണ്. സദസ്സിലെ കേൾവിക്കാരെ വശീകരിക്കാനുള്ള വാചകക്കസർത്തുകളൊന്നും ഇല്ലെങ്കിലും തനി നാടൻഭാഷയിൽ പതിഞ്ഞ സ്വരത്തിൽ സംസാരിക്കുമ്പോൾ നല്ലവണ്ണം ശ്രദ്ദിച്ചാൽ അദ്ധേഹത്തിന്റെ പ്രസംഗം ഹൃദ്ധ്യമായിരിക്കും. ഇത് എനിക്ക് തോന്നിയിട്ടുള്ളതാണ്.
അന്നത്തെ ഓർമ്മയിലുള്ള മറ്റൊരു സംഭവം; നോർപ്പയുടെ പരിപാടിക്ക് വേണ്ടി മുകുന്ദേട്ടൻ ദുബായിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന വിവരം അറിഞ്ഞ് ഒരു സ്വീകരണം നൽകാൻ ദുബായിലെ ‘ദല’ എന്ന സംഘടന അദ്ദേഹത്തെ സമീപിച്ച് ഞങ്ങളുടെ പരിപാടിക്ക് മുൻപേ അൽപ്പ സമയം അവരുമായി വേദി പങ്കിടാൻ സമ്മർദം ചെലുത്തിയെങ്കിലും അദ്ദേഹത്തിന്റെ ദുബായ് ദൗത്യത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു അതിന്റെ പ്രായോഗിക ബുദ്ധിമുട്ട് പറഞ്ഞു ആ ക്ഷണം മുകുന്ദേട്ടൻ സ്നേഹപൂർവം നിരസിച്ചു . പിന്നീട് തൊട്ടടുത്ത ദിവസം അവരുടെ യോഗത്തിൽ പങ്കെടുത്തെന്നാണ് ഓർമ.
മുകുന്ദേട്ടന് … പേരിടുമ്പോഴേ പ്രസിദ്ധനാകുമെന്നു ഒരുപക്ഷെ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഓർത്തുകാണില്ല. സാക്ഷാൽ മഹാവിഷ്ണുവിന്റെ ആയിരത്തിഒന്നു നാമങ്ങളിൽ ഒന്നായ മുകുന്ദൻ എന്ന ഓരോവിളിയിലും വിളിക്കുന്നവരിലും കേൾക്കുന്നവരിലും ഒരു ദൈവീക ശക്തി ഉണ്ടാവുമെന്ന് പലരും കരുതുന്നതുപോലെ മുകുന്ദേട്ടന്റെ മാതാപിതാക്കളും കരുതിക്കാണും. ഇങ്ങനെ പറയുന്നത് ഒരുപക്ഷെ മുകുന്ദേട്ടനും മുകുന്ദേട്ടന്റെ വായനക്കാർക്കും ഇഷ്ടപ്പെടില്ലായിരിക്കാം.
ഇങ്ങനെ അഭിപ്രായപ്പെടാൻ കാരണം ജ്യോതിഷത്തിൽ ഏറെ വിശ്വസിക്കുന്ന ഞാൻ പഠന കാലം തൊട്ടേ ഭാവിയിലുള്ള ആശങ്ക കാരണം ന്യൂമറോളജിസ്റ്റുകളുടെയും ഭാവിപ്രവചനക്കാരുടെയും അടുത്തൊക്കെ പോകുക പതിവായിരുന്നു. എന്റെ പേര് തുടങ്ങുന്നത് അമ്മയുടെ തറവാട്ട് പേരുമായാണ്. മഠത്തിൽ ബാബു ജയപ്രകാശ്. മലയാള അക്ഷരമാലയിലെ “മ” എന്ന അക്ഷരത്തേയും ഇംഗ്ളീഴിൽ “M” എന്നതിനെ അവർ ഗണിച്ചു ഫലം പറയുമ്പോൾ? കണ്ടുമുട്ടിയവരൊക്കെ പൊതുവായി പറഞ്ഞ കാര്യം വെള്ളവുമായി ബന്ധപ്പെട്ടു, കടലുമായി ബന്ധപ്പെട്ടുള്ള ജോലി ചെയ്യും …. കൂട്ടത്തിൽ എഴുത്തു ഒരു പാഷനായി സ്വീകരിക്കുമെന്നുമായിരുന്നു.
അത് എന്റെ ജീവിതത്തിൽ
യാഥാർഥ്യവുമായി. പ്രവാസിയായി തുടരുമ്പോൾ മൽസ്യ സംസ്ക്കരണ മേഖലയിൽ മേനേജരാകുവാനും , തുടർന്ന് സ്വിറ്റ്സർലാൻഡ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മെറയിൻ ഇൻസ്പെക്ഷൻ കമ്പനി മേനേജരെന്ന പദവിയിലെത്താനും കഴിഞ്ഞു …
അതുപോലേ മുകുന്ദേട്ടന്റെ വീട്ടുപേരും പേരും’മ’ യിൽ തുടങ്ങുന്നു… പേരും മകാരത്തിൽ ആരംഭിക്കുന്നു. അതുകൊണ്ടുതന്നെ മുകുന്ദേട്ടനും പ്രസിദ്ധനായേ പറ്റൂ; ഇത് എന്റെ നിരീക്ഷണമാണ്…
2014 ൽ പ്രവാസം അവസാനിപ്പിച്ച് മയ്യഴിയുമായി ബന്ധപ്പെട്ടുള്ള എഴുത്തു തുടങ്ങിയപ്പോൾ അതിൽ ചിലതു അദ്ദേഹത്തിന് അയച്ചുകൊടുത്തിരുന്ന അതിന്റെ അഭിപ്രായം അറിയാൻ ഒരുദിവസം വിളിച്ചപ്പോൾ അദ്ദേഹത്തിന്റെ സഹധർമ്മിണിക്കു എന്തോ വയ്യായ്ക ആയതിനാൽ വായിച്ചിട്ടില്ല പിന്നീട് വായിച്ചുട്ടു അഭിപ്രായം അറിയിക്കാമെന്നായിരുന്നു . പിന്നീടൊരവസരത്തിൽ വീണ്ടും വിളിച്ചപ്പോൾ നന്നായിട്ടുണ്ട് എഴുത്തു തുടരുക.. പുസ്തക രൂപത്തിൽ ആക്കുവാനുള്ള അഭിപ്രായമാരാഞ്ഞപ്പോൾ എത്രയും പെട്ടെന്ന് അതിനു ശ്രമിക്കുക എന്നതായിരുന്നു ഉപദേശം എന്ന നല്ലവാക്കാണ് എനിക്ക് ലഭിച്ചത്. എങ്കിലും എന്തുകൊണ്ടോ അതിനു ഇതുവരെ സാദിച്ചിട്ടില്ല. മുകുന്ദേട്ടനെപ്പോലുള്ള ഒരു വ്യക്തി എഴുത്തിൽ തുടക്കക്കാരനായ എനിക്ക് നൽകിയ ഈ പ്രചോദനം ഏറെ ഗുണം ചെയ്തിട്ടുണ്ട് . പല സദസ്സുകളിലും മുകുന്ദേട്ടൻ മയ്യഴിയിലെ ചെറുതും വലുതുമായ എഴുത്തുകാരെ പ്രോൽസാഹിപ്പുച്ചു സംസാരിക്കുന്നതും ഞാൻ കേട്ടിട്ടുണ്ട്.
മണിയമ്പത്ത് മുകുന്ദൻ (ജനനം 10 സെപ്റ്റംബർ 1942) എന്ന മലയാളത്തിലെ വലിയ എഴുത്തുകാരൻ 1961 മുതൽ 2004 വരെ ഡെൽഹിയിലെ ഫ്രഞ്ച് എംബസിയിൽ കൾച്ചറൽ അറ്റാഷെ ആയി ജോലി ചെയ്തു, അതേ സമയം എഴുത്തു തുടരുന്നതിനും ശ്രീ മുകുന്ദേട്ടൻ സമയം കണ്ടെത്തി.
ലബോർദ്ദനെ കോളേജിൽ ആരംഭിച്ച വിദ്ദ്യാഭ്യാസം ഇടയ്ക്കു നിർത്തി ഫ്രഞ്ചു സ്കൂളിൽ ചേരാനുണ്ടായ അവസ്ഥയെ പറ്റി ദുബായ് പ്രസംഗത്തിൽ പറഞ്ഞതായി ഓർക്കുന്നു. മയ്യഴിയിൽ നിന്നും ഫ്രഞ്ച് വിദ്ദ്യാഭ്യാസം പൂർത്തിയാക്കി ഡൽഹിയിലേക്ക് വണ്ടികയറുമ്പോൾ പ്രായം 18 – 19. ആയിക്കാണുമെന്നുവേണം കരുതാൻ. അദ്ദേഹത്തിന്റെ ദുബായ് പ്രസംഗത്തിലെ ചില വരികൾ ഞാൻ ഓർക്കുന്നത് ഇങ്ങനെ …
മയ്യഴിയിലേ ഒരു യാഥാസ്ഥിതിക തീയ്യ കുടുംബത്തിൽ ജനനം … എല്ലാവരെയുംപോലെ ഒരു സാധാരണ കുട്ടി … ചെറുപ്പത്തിൽ ഏറെ ബാലാരിഷ്ടത അനുഭവിച്ചത്കൊണ്ട് വീട്ടിൽ ഒരു പ്രത്യേക ശ്രദ്ധ ലഭിച്ചുവെന്ന്. ബുദ്ധി യുറക്കുന്ന പ്രായത്തിലെ ചെറിയ കഥകൾ എഴുതിത്തുടങ്ങി….
1961 മുതൽ 2004 വരെ ഡെൽഹിയിലെ ഔദ്യോഗിക ജീവിതത്തിരക്കിലും സർഗ്ഗാത്മകമായ ആ പ്രതിഭാസപർശം അദ്ദേഹം സ്വന്തം രചനകളിലൂടെ നമ്മളിലേക്കെത്തിച്ചു
അദ്ദേഹത്തിൻ്റെ ആദ്യകാല കൃതികളിൽ പലതും ജന്മ ദേശമായ മയ്യഴിയുമായി ബന്ധപ്പെട്ടുള്ളതായതുകൊണ്ടായിരിക്കാംഅദ്ദേഹത്തിന് ‘മയ്യഴിയുടെ കഥാകാരൻ’ എന്നറിയപ്പെട്ടത് എന്ന് നമുക്ക് നിസ്സംശയം വിലയിരുത്താം. മലയാള സാഹിത്യത്തിലെ ആധുനികതയുടെ തുടക്കക്കാരിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെടുന്നത്.
മുകുന്ദേട്ടൻ ജനിച്ചത് ഫ്രഞ്ച് ഭരണപ്രദേശമായ മയ്യഴിയിലാണെങ്കിലും വളർന്നത് പൂർണ്ണമായും ഇന്ത്യൻ ദേശീയത ഉൾക്കൊണ്ടുതന്നെ! ഫ്രഞ്ചുകാർ മയ്യഴി വിട്ടുപോകുമ്പോഴും സ്വയം ഏതു സിറ്റിസൺ ഷിപ്പ് സ്വീകരിക്കണം എന്ന് തീരുമാനിക്കുവാനുള്ള പ്രാപ്തിയുണ്ടായിട്ടും അദ്ദേഹം സ്വീകരിച്ചത്
ഇന്ത്യൻ പൗരത്വമായിരുന്നു.
ഇതിവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു കാരണം ആ കാലങ്ങളിലെ പലരും ഫ്രഞ്ച് പൗരത്വം സ്വീകരിച്ചത് ഉന്നത ജീവിതം പ്രതീക്ഷിച്ചു തന്നെയായിരുന്നു അങ്ങനെ സ്വീകരിച്ചവരെ നോക്കി പലരും അസൂയപ്പെട്ടിട്ടുമുണ്ട് .
മുകുന്ദേട്ടനെ നമ്മളൊക്കെ ഏറെ പ്രകീർത്തിക്കുമ്പോഴും മയ്യഴിക്കാർ മറന്ന മറ്റൊരു വ്യക്തിയായിരുന്നു മ്ച്ചിലോട്ടു (മിച്ചിലോട്ടു മാധവൻ) ഇദ്ദേഹത്തെപറ്റി നാലു ചാപ്റ്ററായി എന്റെ ബ്ലോഗിൽ എഴുതിയിട്ടുണ്ട് അതിൽ ഞാൻ ഒടുവിൽ ഇങ്ങനെ എഴുതി…
മയ്യഴിക്കാരനായ മാധവൻ സാഹചര്യംകൊണ്ട് ഫ്രഞ്ചുകാരനാവുകയും ഫ്രാൻസിലെ കമ്മ്യൂണിസ്റ്റ് സംഘടനയിൽ അംഗമായി പിന്നീട് നാസികളിൽ നിന്നും ഫ്രാൻസിനെ മോചിപ്പിക്കാനുള്ള പ്രയ്തനത്തിൽ പിടിക്കപ്പെട്ടു വധിക്കപ്പെട്ടതിനെയുംപറ്റി. ഓർക്കുമ്പോൾ എനിക്ക് തോന്നും ഒരുപക്ഷെ മുകുന്ദേട്ടനും ഫ്രഞ്ച് പൗരത്വം സ്വീകരിച്ചിരുന്നെങ്കിൽ ഇടതു ചിന്താഗതിയുമായി നാസിപ്പടയ്ക്കെതിരെ യുദ്ധം ചെയ്യേണ്ടിവരുമായിരുന്നു എന്ന് … അങ്ങനെ സംഭവിക്കാത്തതിൽ നമുക്ക് സന്തോഷിക്കാം .. അല്ലെങ്കിലും മുകുന്ദേട്ടന് അങ്ങനെയാവാൻ പറ്റില്ല മുകുന്ദേട്ടന് യുദ്ധത്തോടുള്ള കാഴ്ച്ചപ്പാടുതന്നെ വേറെയാണ് അത് പല പ്രസംഗങ്ങളിലൂടെയും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
രക്തസാക്ഷിയായ മാധവന് വേണ്ടി മയ്യഴിയിൽ ഒരു സ്മാരകവും ഇതുവരെ പണിതിട്ടില്ല മിച്ചിലോട്ടിന്റെ പേരിൽ അറിയപ്പെട്ട ആ വീടുപോലും ഇന്ന് മയ്യഴിയിൽ ഇല്ല എന്നതാണ് സത്യം ആ കാര്യത്തിൽ മുകുന്ദേട്ടൻ ഭാഗ്യവാനാണ് … മുകുന്ദേട്ടനെ ഓർക്കാൻ അദ്ദേഹത്തിന്റെ മഹത്തായ രചനകളുണ്ട് ഫ്രഞ്ച് സർക്കാരും കേന്ദ്ര- കേരള സർക്കാരുകളും അദ്ദേഹത്തിന്റെ രചനകളുടെ മഹത്വം തിരിച്ചറിഞ്ഞു അവാർഡുകൾ നൽകിയിട്ടുമുണ്ട് . ജന്മ ദേശമായ മയ്യഴിയിലെ കിഴക്കേ അതിരിലുള്ള ബോട്ട് ഹൌസ്സിൽ നിന്നും നോക്കിയാൽ പുഴയുടെ അക്കരെ ന്യൂ മാഹിയിൽ കേരളസർക്കാർ അദ്ദേഹത്തിന്റെ പേരിൽ നയനമനോഹരമായ ഒരു ഉദ്ദ്യാനവും ഒരുക്കിയിട്ടുണ്ട് എന്നതിൽ മുകുന്ദേട്ടനും മുകുന്ദേട്ടനെ സ്നേഹിക്കുന്ന മയ്യഴിക്കാർക്കും അഭിമാനിക്കാം
ഇങ്ങനെ ഞാൻ വിലയിരുത്തുമ്പോഴും ചിലപ്പോൾ എനിക്ക് മുകുന്ദേട്ടനിലെ ഇടതു നിലപാടിനോട് യോജിക്കാൻ ബുദ്ധി മുട്ടുണ്ടായിരുന്നു ഇതിനൊരു മാറ്റം വന്നത് അദ്ദേഹത്തിന്റെ ‘കേശവന്റെ വിലാപം’ എന്ന രചന പ്രസിദ്ധീകരിക്കുമ്പോഴായിരുന്നു . ഇടതു ചിന്താഗതിക്കാരനായിരുന്ന മുകുന്ദേട്ടനിൽ നിന്നും ഇത്തരത്തിലുള്ള എഴുത്തുകൾ തുടർന്നപ്പോൾ അത് ഏറെ വിവാദമുണ്ടാക്കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പല പരാമർശങ്ങളും സമൂഹത്തിൽ ഏറെ ചർച്ചയ്ക്കു വിധേയമായിട്ടുണ്ട് എന്നുള്ളതായിരുന്നു യാഥാർഥ്യം.
ഇനി അദ്ദേഹം രചിച്ച ചില രചനകളിലൂടെ സഞ്ചരിക്കുമ്പോൾ നമ്മുക്ക് മനസ്സിലാവുന്ന ചില വരികൾ ആവർത്തിക്കട്ടെ….
മയ്യഴിപ്പുഴയുടെ തീരങ്ങളിൽ അദ്ദേഹം പറഞ്ഞത് ഒന്നോർമ്മപ്പെടുത്തട്ടെ?
1954-ൽ മയ്യഴിയുടെ മേലുള്ള ഫ്രെഞ്ച് ആധിപത്യത്തിന്റെ അന്ത്യത്തെ തുടർന്ന് ദാസൻ ജയിൽ മുക്തനായെങ്കിലും ദാമു റൈട്ടർ അയാളുമായി രമ്യപ്പെടാൻ വിസമ്മതിച്ചു. ദാസന്റെ കാമുകി ചന്ദ്രിയെ മറ്റൊരാൾക്കു വിവാഹം ചെയ്തു കൊടുക്കാൻ അവളുടെ മാതാപിതാക്കളും തീരുമാനിച്ചു. വിവാഹ ദിനത്തിൽ അപ്രത്യക്ഷയായ ചന്ദ്രിയെ പിന്നെ ആരും കണ്ടിട്ടില്ല. താമസിയാതെ ദാസനും അവളുടെ വഴി പിന്തുടർന്നു. ദാസനും ചന്ദ്രിയും കടലിനു നടുവിൽ വെള്ളിയാങ്കല്ലുകൽക്കു മുകളിലെ തുമ്പികളായി മാറുകയാണ്… എന്ന് മുകുന്ദേട്ടൻ തന്റെ ഭാവനയിൽ പറഞ്ഞുവെക്കുന്നു.
അദ്ദേഹത്തിന്റെ മറ്റൊരു രചനയായ ആദിത്യനും രാധയും മറ്റു ചിലരും,എന്ന കൃതിയെപ്പറ്റി വിലയിരുത്തുമ്പോൾ? ആദിത്യന് നമ്മളെയെല്ലാവരെയും പോലെ ഒരു സാധാരണ മനുഷ്യൻ. തന്നെ ഏറെ ഇഷ്ട്ടപ്പെടുന്ന അമ്മയുടെ ആഗ്രഹങ്ങള്ക്ക് വേണ്ടി മാത്രം ജീവിച്ചിരുന്ന ഒരു മനുഷ്യന് . അത് നമ്മെ ബോധ്യപ്പെടുത്തുന്ന ഒട്ടനവധി നിമിഷങ്ങള് നോവലില് കാണാം . അമ്മയ്ക്ക് വേണ്ടി പഠിക്കാന് പോകുന്നതു , അമ്മയ്ക്ക് വേണ്ടി വിവാഹം കഴിക്കുന്നതും … ഒടുവില് മരിച്ചു കിടക്കുന്ന അമ്മയുടെ മുന്നില് വന്നു നില്ക്കുമ്പോള് കാല്ക്കല് തന്റെ ബിരുദങ്ങളും മറ്റും നിക്ഷേപിക്കുന്നതും അമ്മയ്ക്കൊപ്പം അവയെ എരിയാന് വിടുന്നതും ഒക്കെ നമ്മളെ ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു മുകുന്ദേട്ടന്റെ എഴുത്ത്. ഇത്തരം ആദിത്യന്മാർ പല കാരണങ്ങൾകൊണ്ടും അതുപോലെ ജീവിച്ചവരെ എനിക്ക് കാണാൻ സാദിച്ചിട്ടുണ്ട് ആദിത്യൻ അമ്മയാൽ ബന്ധനസ്ഥനായെങ്കിൽ ഞാൻ കണ്ടത് മറ്റു പലതിലും ആകൃഷ്ടനായി മയ്യഴി അവരെ തടവുകാരാക്കിയതായിട്ടാണ് എനിക്ക് വിലയിരുത്താൻ സാദിച്ചതു.
ഓരോ മനുഷ്യനിലും ഓരോ ലക്ഷ്യവും ആശയും അഭിലാഷങ്ങളും ഉണ്ടാകും എന്നാല് അവയെ കാറ്റിനെതിരെ മാനത്തേക്കുയരുന്ന പട്ടത്തെപ്പലെ നിയന്ത്രിക്കുന്നത് വളരെ ദുഖകരം ആണ് എന്നത് ആദിത്യന് നമുക്ക് പറഞ്ഞു തരുന്നുണ്ട് . വളരെ ശക്തമാണ് അതിലെ പ്രമേയം വായനയുടെ ഓരോ ഘട്ടത്തിലും ആദിത്യൻ നമ്മൾ കണ്ടു പരിചരിച്ച, നമുക്കിടയിൽ ജീവിക്കുന്ന, അല്ലെങ്കിൽ ജീവിച്ച ആരോ ആയി നമുക്കനുഭവപ്പെടും വിധ ത്തിലാണ് മുകുന്ദേട്ടൻ അവതരിപ്പിക്കുന്നത്. ഈ തലമുറയിലേ ചില യുവത്വങ്ങളുടെ സ്വഭാവം കാലത്തിനും മുൻപേ തിരിച്ചറിഞ്ഞ എഴുത്തു എന്ന് തോന്നിപ്പോകുന്നു.
മുകുന്ദേട്ടനെ കുറിച്ചുള്ള ഹ്രസ്വചിത്രത്തിന്റെ
ആദ്യഷോട്ട് ടാഗോർ പാർക്കൽ വെച്ച് ചിത്രീകരിക്കുമ്പോൾ യാദൃശ്ചികമായി അത് നേരിൽ കാണാൻ എനിക്കും അവസരം ലഭിച്ചിരുന്നു മുകുന്ദേട്ടൻ ടാഗോർ പാർക്കിലൂടെ നടക്കുന്നതാണ് ഷൂട്ട് ചെയ്യുന്നത് . ‘കുടനന്നാ ക്കുന്ന ചോയി’എന്ന കൃതിയിലെ ആഖ്യാന ഭാഷയെ പറ്റി അന്ന് മുകുന്ദേട്ടൻ പറഞ്ഞിരുന്നു. ഇതുകേട്ടപ്പോൾ എന്റെ സുഹൃത്തു രവി (ഇപ്പോൾ ജീവിച്ചിരിപ്പില്ല) അത്തരം അന്ന്യംനിന്ന ഒരു വാക്ക് പറഞ്ഞതു ഓർക്കുന്നു … “ഓനതാ ബയ്യേപ്പറത്തെ കൊള്ളുംമ്മന്നു അയ്യമ്പിളിക്കുന്നു..” ഇതുപോലുള്ള തനി നാടൻ പ്രയോഗങ്ങൾ പറഞ്ഞുകൊണ്ടാണ് ഇതിന്റെ രചനയെന്നു മുകുന്ദേട്ടൻ പറഞ്ഞത് ഓർക്കുന്നു. സൗമ്യമായി മുന്നോട്ടു പോകുന്ന നോവൽ അതിന്റെ അവസാന നിമിഷങ്ങളിൽ വായനക്കാരെ ആകാംക്ഷയുടെ മുൾമുനയിലെത്തിക്കുന്നതിൽ മുകുന്ദേട്ടൻ വിജയിച്ചിരിക്കുന്നു എന്നുതന്നെ വിലയിരുത്താം.
ഒരു ദളിത് യുവതിയുടെ കഥന കഥ, പ്രസ്തുത നോവൽ വായനക്കാർക്ക് ഒരു പുതിയ എഴുത്തിന്റെ ശൈലി മുകുന്ദേട്ടൻ ഈ നോവലിലൂടെ പരിചയപ്പെടുത്തുന്നു
വയലാർ പുരസ്കാരം
അപ്രതീക്ഷിതമായ ചില സാഹചര്യങ്ങൾ കാരണം അഭിനയത്തിനിടയിൽ വസുന്ധര എന്ന നടി എങ്ങനെ അപമാനിക്കപ്പെട്ടു എന്നത് ആ കഥയിലൂടെ നമുക്കുമുന്നിൽ എത്തിക്കുന്നതു, പ്രത്യേയ ശാസ്ത്രങ്ങളിലൂടെ മാത്രമല്ല, കലയിലൂടെയും രക്തസാക്ഷികൾ സൃഷ്ടിക്കപ്പെടുന്നു എന്ന സത്യമാണ് ഈ കൃതിയിലൂടെ അദ്ദേഹം വായനക്കാരിലേക്ക് പകർന്നു തന്നത്.
കലയെ കലയായി കാണാൻ സാധിക്കാത്ത മലയാളിയുടെ സദാചാര ബോധത്തിന്റെയും ജീവിതത്തെ നാടകമായി കാണുന്ന കലാകാരന്മാർക്കിടയിലും ജീവിതം നഷ്ടപെട്ട വസുന്ധര എന്ന ഒരു യുവതിയുടെ ദാരുണ അനുഭവമാണ് ഈ കഥയിലൂടെ നമ്മളോട് പറയുന്നത്..
സവർണ മേധാവിത്ത ചിന്താഗതിയെ രൂക്ഷമായി വിമർശിക്കാനും ചർച്ചാവിഷയമാക്കാനും വേണ്ടി നഗ്നതയെ ഒരായുധമായി ഉപയോഗിക്കാൻ ശ്രമിച്ചത് കൈവിട്ട ബൂമറാങ്ങിനെപ്പോലെ തിരിച്ചടിച്ചപ്പോൾ ശക്തമായ സന്ദേശം നൽകാൻ ഉപയോഗിച്ച നഗ്നതയെ പ്രേക്ഷകൻ ആ രീതിയിൽ കാണാതെ പോകുന്നു. അവിടെ നാടകം പരാജയപ്പെടുന്നു. എന്നാലും നാടകത്തിൽ ജയവും പരാജയവും ഇല്ലെന്നു പറഞ്ഞു നാടകസംഘം ആഘോഷത്തിലേക്ക് കടക്കുന്നു. വസുന്ധര അവിടെ ആരുമില്ലാതെ തനിച്ചാവുന്നു.
ഇതേപ്പറ്റി ഓർക്കുമ്പോൾ പണ്ട് യുവജന കലാസമിതിയുടെ ഒരു നാടകം ആനന്ദ് കോറോത്തിന്റെ സംവിദാനത്തിൽ ആണെന്ന് ഊഹം മയ്യഴിപുത്തലത്തു അവതരിപ്പിക്കുകയുണ്ടായി അതിലെ സംഭാഷണത്തിന്റെ ശൈലിയിലോ വരികളിലോ ഉള്ള പിശക് എടുത്തുകാട്ടി അദ്ദേഹത്തേയും അതിൽ അഭിനയിച്ചവരെയും മുൾമുനയിൽ നിർത്തിയ ആ സംഭവം ഞാൻ ഓർത്തു ഒടുവിൽ ആ സൃഷ്ട്ടിയിലുണ്ടായ അപാകതയ്ക്കു മാപ്പുപറഞ്ഞു പ്രശ്നം പരിഹരിച്ചു.
മുകുന്ദേട്ടന്റെ രചനകളെ പറ്റി പരാമർശിക്കാൻ ഇനിയും ഒട്ടേറെയുണ്ട്. 2005-ൽ പുറത്തിറക്കിയ മലയാളനോവലാണ് പുലയപ്പാട്ട്. ഉത്തരമലബാറിലെ പുലയരുടെ കഥയാണിത്.
കേശവൻ്റെ വിലാപങ്ങൾ ഇ.എം.എസ്. നമ്പൂതിരിപ്പാടിൻ്റെ സ്വാധീനത്തിൽ വളരുന്ന അപ്പുക്കുട്ടൻ എന്ന കുട്ടിയെക്കുറിച്ച് ഒരു നോവലെഴുതിയ കേശവൻ എന്ന എഴുത്തുകാരൻ്റെ കഥയാണ് കേശവൻ്റെ വിലാപങ്ങൾ. ഇതും അക്കാലങ്ങളിൽ ഏറെ ചർച്ചയ്ക്കു വഴിവെക്കുകയും മുകുന്ദേട്ടൻ ഇടതുപക്ഷ നിലപാടിൽ നിന്നും മാറിചിന്തിക്കുന്നു എന്ന വിമർശനങ്ങൾവഴിയൊരുക്കുകയും ചെയ്തിട്ടുണ്ട് സഖാവ് അപ്പുക്കുട്ടൻ വള്ളിക്കുന്നിന്റെ കഥയാണ് കേശവന്റെ വിലാപത്തിലൂടെ മുകുന്ദേട്ടൻ പറയുന്നത് എന്ന് പറഞ്ഞതും ചിലർ അത് മുകുന്ദേട്ടന്റെ കഥയാണെന്നും പറഞ്ഞതും ഓർക്കുന്നു.
‘ദൈവത്തിൻറെ വികൃതികൾ’ അഭ്രപാളിയിലേക്ക് എത്തിക്കുവാൻ തിരക്കഥാകൃത്തു ലെനിൻ രാജേന്ദ്രനൊപ്പം ചേർന്നുകൊണ്ട് തിരക്കഥ എഴുതുന്നതിലും മുകുന്ദേട്ടന്റെ സഹായമുണ്ടായിരുന്നു.
ഒരു ആംഗ്ലോ – ഫ്രഞ്ച കഥപറയുന്ന ആ സിനിമ മികച്ച ദൃശ്യാനുഭവം നൽകി എന്നു സിനിമയെ വിലയിരുത്തുമ്പോൾ ആർക്കും മനസ്സിലാവും. എന്റെ ഓർമ്മ ശരിയാണെങ്കിൽ ആ വർഷത്തെ (1992) മികച്ച കഥയ്ക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടി.
അൽഫോൻസഅച്ഛൻ എന്ന മനുഷ്യൻ തൻ്റെ കൊച്ചു ഗ്രാമമായ മയ്യഴിയിൽ ചെറു മാജിക്കുകൾ കാട്ടി കുടുംബസദസ്സിലും കുട്ടികളിലും അത്ഭുതം സൃഷ്ട്ടിച്ചു, ഭാഗ്യത്തിനും സന്തോഷത്തിനും മുൻഗണന നൽകി, ജീവിതം ബുദ്ധിമുട്ടി തള്ളിനീക്കുമ്പോഴും ഭാര്യ അദ്ദേഹത്തിന്റെ ആ സ്വഭാവത്തെ എപ്പോഴും കുറ്റപ്പെടുത്തി വീട്ടിലുണ്ടാക്കുന്ന വഴക്കും ആയിരുന്നു അതിലെ പ്രമേയം, വളരെ കഷ്ട്ടപ്പെട്ട ജീവിതം തിരഞ്ഞെടുക്കുന്ന ഒരു മനുഷ്യൻ്റെ കഥയാണ് സിനിമ പറയുന്നത്. ചിത്രത്തിൽ രഘുവരൻ, ശ്രീവിദ്യ, രാജൻ പി. ദേവ് , മാളവിക എന്നിവർ വളരെ ഭംഗിയായി അവതരിപ്പിച്ചു പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞിരിക്കുമെന്നു വിശ്വസിക്കുന്നു.
സിനിമകണ്ടവർ രഘുവരന്റെയും ശ്രീവിദ്യ യുടെയും കഥാപാത്രങ്ങളെ മറക്കാനിടയില്ല അവർ സിനിമയിലൂടെ ജീവിക്കുകയായിരുന്നു.
ഡൽഹി ഗാഥകളെ പറ്റി പറയുമ്പോൾ ശ്രീ മുകുന്ദേട്ടൻ തന്റെ നാൽപതുവർഷത്തെ ഡൽഹി വാസത്തിൽ കണ്ട പലതരം കാഴ്ചകളും ഒരു സാധാരണക്കാരന്റെ ദൃഷ്ടിയിൽ ഈ കൃതിയിൽ അവതരിപ്പിക്കുന്നു. 1961-ലാണ് കഥ ആരംഭിക്കുന്നത്. അടിയന്തരാവസ്ഥ, യുദ്ധങ്ങൾ, സിഖ് കൂട്ടക്കൊല,ഇന്ദിരാ ഗാന്ധി വധം, സ്ഫോടനപരമ്പരകൾ എന്നിവ ഡെൽഹിയെ എങ്ങനെ ബാധിക്കുന്നു എന്നതിന്റെ നേർക്കാഴ്ചകളാണ് നോവലിന്റെ ഇതിവൃത്തം.
ഡോക്ടറും എഴുത്തുകാരനുമായ ശ്രീ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരഭിമുഖത്തിൽ അദ്ദേഹത്തിന്റെയും മുകുന്ദേട്ടന്റെയും അക്കാലങ്ങളിലെ അവരുടെ സായാഹ്ന സവാരി വിവരിച്ചു കൊണ്ട് ശ്രീ പുനത്തിൽ എഴുതിയതും അതേത്തുടർന്നുള്ള തെറ്റിദ്ധാരണകളും ഞാൻ ഓർക്കുന്നു
പുതിയ കാലത്തോടുള്ള തന്റെ പ്രതിഷേധമാണ് തന്റെ രചന എന്ന് എം. മുകുന്ദേട്ടൻ അവകാശപ്പെടുന്നു. എഴുത്തുകാരൻ പ്രതിഷേധിക്കേണ്ടത്, തന്റെ രചനകളിലൂടെയാണെന്ന് പ്രസ്താവിച്ച കഥാകാരനാണ് ശ്രീ മുകുന്ദേട്ടൻ.
ഇനി അദ്ദേഹത്തിന് ലഭിച്ച പുരസ്ക്കാരങ്ങളിൽ ചിലതിനെ പറ്റി ഓർത്തെടുക്കുമ്പോൾ
1985-ൽ ചെറുകഥാസാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം .
1998.ൽ ലഭിച്ച ഫ്രഞ്ച് സർക്കാരിന്റെ ഷെവലിയർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ് ബഹുമതി.
2018 എഴുത്തച്ഛൻ പുരസ്കാരം …കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം
കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം
വയലാർ പുരസ്കാരം
എം.പി.പോൾ പുരസ്കാരം.
മുട്ടത്തു വർക്കി പുരസ്കാരം.
ഒ എൻ. വി. പുരസ്കാരം
ജെ സി ബി. പുരസ്കാരം
2023ൽ ഭീമാ ബാലസാഹിത്യ അവാർഡ്
ഇനിയും ഒട്ടേറെ പുരസ്ക്കാരങ്ങൾ ഉണ്ടാവാം..
ഇനിയും ഒട്ടേറെ പുരസ്ക്കാരങ്ങൾ ഉണ്ടാവാം..
മയ്യഴിപ്പുഴയുടെ തീരങ്ങൾ രചനയുടെ അൻപതാം വർഷത്തിലേക്കു പ്രവേശിക്കുമ്പോൾ
മയ്യഴിയുടെ കഥാകാരന്, മലയാളത്തിന്റെ മഹാനായ ആ സർഗ്ഗപ്രതിഭയ്ക്ക്,
ഹൃദയാശംസകൾ നേരുന്നതോടൊപ്പം ഇതിനകം ആയിരം പൂർണ്ണചന്ദ്രനേ കാണാൻ സൗഗഭാഗ്യമുണ്ടായ മുകുന്ദേട്ടന് ആയുരാരാരോഗ്യ സൗഖ്യവും നേരുന്നു.
മഠത്തിൽ ബാബു ജയപ്രകാശ് …….✍ My WhatsApp contact No 9500716709





Well written Babu 👏
LikeLike
👌👌
LikeLike