ഓർമ്മകൾ ഉണർത്തിയ ഞങ്ങളുടെ തറവാട് …

Time Taken To Read 6 Minutes Maxium

ജനിച്ചുവീണ വീടും കളിച്ചുനടന്ന മണ്ണും മനസ്സില്‍ വേരുപിടിച്ചു നില്‍ക്കുന്ന ഓര്‍മ്മകളാണേവര്‍ക്കും. എന്റെ ബാല്ല്യവും, കൗമാരവും, യൗവ്വനവും, തറവാട് വീട് നിന്നിരുന്ന ചൂടിക്കോട്ട ദേശമായിരുന്ന്. എപ്പോഴാണെന്നറിയില്ല അച്ഛൻ മയ്യഴി (അഴിയൂർ) റെയിൽവേ സ്റ്റേഷനും കടന്നു കോറോത്തു സ്‌കൂളും കഴിഞ്ഞു മാനങ്കര ക്ഷേത്രത്തിനടുത്തു, മഠത്തിൽ എന്ന വീട്ടിലേക്കുള്ള മാറ്റം.

പിന്നീട് ദേശാടനക്കിളികളെ പോലെ വീടുകളിൽ നിന്ന് വീടുകളിലേക്കുള്ള മാറ്റം.. മഠത്തിൽ നിന്നും കോവുക്കലിലേക്ക്!  അവിടെന്ന് പിന്നെ മണ്ടോളയുടെ മുൻപിലെ വാടകവീട്ടൽ. (ഇവിടങ്ങളിലെ വിശദമായ അനുഭവങ്ങൾ എന്റെ മറ്റു കഥകളിൽ എഴുതിയിട്ടുണ്ട്)

ഒരുപക്ഷെ വീടുകൾ മാറി മടുത്തുകാണും അഛന്, അതിനു പരിഹാരമായി അച്ഛൻ സ്വന്തമായി വീട്പണിയിച്ചു അങ്ങോട്ടേക്ക് മാറി.. എങ്കിലും മിക്കപ്പോഴും അച്ചന്റെ തറവാട്ടിൽ വരും. അത് ഒരു സുഖമുള്ള ഓർമ്മയായി ഇന്നും മനസ്സിൽ മായാതെ കിടപ്പുണ്ട് .

ഇരുപതോ – ഇരുപത്തഞ്ചോ സെന്റ് സ്ഥലമാണെങ്കിലും, അതിലെ ചെറിയ ഓലപ്പുര, മൺ റോഡിൽ നിന്നും പറമ്പിലേക്ക് കയറാൻ തെങ്ങിൻ തടിയിൽ ചെത്തിയുണ്ടാക്കിയ ഗോവണിയും, വീടിനു തെക്കു ഭാഗത്തെ കൊള്ളിന്മേൽ നിരയായി വളർത്തിയ വിവിധ ഇനം ചെമ്പരത്തിച്ചെടികളും. ചെമ്പരത്തി ചെടിയിൽ നിന്നും ഇലകൾ നുള്ളിയെടുത്തു ഞങ്ങൾ കുട്ടികൾ ആൺ പെൺ വ്യത്യാസമില്ലാതെ കുളിക്കാൻ ചെമ്പരത്തി താളിയുണ്ടാക്കുന്നതും, ചിരട്ടയിൽ മണ്ണ് നിറച്ചു പുട്ടു ചുടുന്നതും, മാവിലയും, ആത്തച്ചക്കയുടെ ഇലയിൽ ചുമന്ന മണ്ണുകുഴച്ചുപുരട്ടി മീൻ വറുത്തതായി സങ്കൽപ്പിച്ചു കല്ലുമ്മക്കായത്തോട്‌ ഉപയോഗിച്ചു വിളമ്പുന്നതും… ഈ വീട് കണ്ടപ്പോൾ ഒരു ഫ്ലാഷ്ബാക്കായി മനസ്സിൽ തെളിഞ്ഞു തുടങ്ങി..

ഓർമ്മകളെ വീണ്ടും റീവൈന്റ്ഉം ഫോർവേഡും ചെയ്യുമ്പോൾ ക്ലാവുപിടിക്കാത്ത മറ്റുചിലതുകൂടി തെളിഞ്ഞുവരാൻ തുടങ്ങി. വടക്കു കിഴക്കേ മൂലയിലുള്ള അമ്പായമരവും, അതിനു തൊട്ടുള്ള പൂമരവും, അതിൽ നിന്നു വീഴുന്ന കറുത്ത കായ പെറുക്കി ഈർക്കിൽ കുത്തി തിരിപ്പുണ്ടാക്കുന്നതും, പഴുത്ത ആംബായക്കായ തിന്നുമ്പോൾ
ചോര വയറ്റിൽ നിന്നും പോകുമെന്ന് പറഞ്ഞു മുതിർന്നവർ വഴക്കു പറയുന്നതും, അവരുടെ കണ്ണുതെറ്റിയാൽ തിന്നുന്നതും, ഓണക്കാലമായാൽ കിണറിനുചുറ്റും പൂത്തുനിൽക്കുന്ന പെഗോഡപ്പൂവും, തോട്ടാവാഴപ്പൂവും, ചെട്ടിപ്പൂവും, ചെടിച്ചപ്പും, വനമാല ച്ചെടിയും, ഇതിൽ നിന്നും ഇലകൾ പറിച്ചു ശ്രീകൃഷ്ണ ഭഗവാനു മാലയുണ്ടാക്കുന്നതും, ശീവൊദിച്ചപ്പുമൊക്കെ പറിച്ചു പൂക്കളമിടുന്നതും, ഓണ സാദ്ധ്യയൊക്കെ കഴിഞ്ഞ കുട്ടികളെല്ലാവരും ചേർന്ന് മുത്തച്ഛന്മാരിൽ നിന്നും അച്ഛനിൽനിന്നും കൈനീട്ടം വാങ്ങി കടൽ കാണാനും പാതാറിലും പോകും അതും ഒരു ഓർമ്മ..

സാദാരണ ദിനങ്ങളിൽ എന്നും വൈകുന്നേരം അച്ഛൻ കടയിൽ പോകാന്നേരം തരുന്ന നാണയം “അണ“. (പതിനാറാണ ഒരു ഉറുപ്പ്യ) കൃഷ്ണൻ നായരുടേ കടയിൽ കൊടുത്തുq കഥളിപ്പഴമോ? മൈസൂർപ്പഴമോ വാങ്ങിച്ചു അടുക്കളയിൽനിന്നും വെല്ലവും എടുത്തു സ്റ്റീൽ ഗ്ലാസ്സില്ട്ടു സ്പൂൺകൊണ്ട് അടിച്ചു കുട്ടികളെല്ലാവരും ഉള്ളം കയ്യിലിട്ടു തിന്നുന്നതും… ചിലപ്പോൾ അത് ലൊട്ടയോ? പലബിസ്കറ്റോ? ആയിരിക്കും. ( കൂടെയുള്ളവരുടെ പേരുകൾ എല്ലാം വെക്തമായി അറിയാമെങ്കിലും ചിലർ ജീവിച്ചിരിപ്പില്ല എന്നതിനാൽ ഒഴിവാക്കുന്നു)

കർക്കിടാവാവിന് ബലിയിടാൻ എല്ലാവരും വീട്ടലെത്തും മുതിർന്നവരെല്ലാം കുളിച്ചു ഈറനണഞ്ഞു ബലിദർപ്പണം ചെയ്യും വൈകുന്നേരം പരേതാത്മാക്കൾക്കു അകത്തു വെച്ചുകൊടുക്കുന്ന ചടങ്ങുണ്ടാവും .

തൂശനിലയിൽ വൃതം നോറ്റുണ്ടാക്കിയ വിഭവങ്ങൾ പ്രധാനമായും പച്ചരി വേവിച്ചു ഉപ്പും തേങ്ങയും ചേർത്ത് വെള്ളം വറ്റിച്ചെടുത്ത കട്ടക്കഞ്ഞി. കുത്തിയ ഗോതമ്പുകൊണ്ടുണ്ടാക്കിയ പായസം , ഈന്തുകായ പൊട്ടിച്ചു അതിൽ പച്ചരിയരച്ചു ചെറിയ നെല്ലിക്കാപരുവത്തിലുള്ള ഉണ്ടകളാക്കി  പഴുത്ത നേന്ത്രക്കായ വട്ടത്തിലരിഞ്ഞു വെല്ലവുമിട്ടു വേവിച്ചു കുറുക്കിയെടുത്ത പായസവും , ചെറുപയർ പൊങ്ങിച്ചതും കൂടെ കദളിപ്പഴം പപ്പടം ഇളനീരൊക്കെ വെച്ച് കിണ്ടിയിൽ വെള്ളവും? വെത്തിലടക്കയും നിറനാഴിയും  ചന്ദനവും  വെച്ച് വിളക്കിൽ അഞ്ചുതിരിയിട്ടു ഊതുബത്തിയും കത്തിച്ചു എല്ലാവരും മരിച്ചവരെ കണ്ണുമടച്ചു  ( അപ്പോഴും ഇടംകണ്ണിട്ടു ഗോഷ്ടികാട്ടി ചിരിപ്പിക്ജനുള്ള ശ്രമമുണ്ടാവും) പ്രാർത്ഥിച്ചു വാതിലടച്ചു പുറത്തു 5 – 6 മിനിട്ടു കാത്തിരിക്കും

ആ കാത്തിരിപ്പിന് 6 മണിക്കൂർ ദൈർഘ്യം തോന്നും . സമയമാകുമ്പോൾ വാതിലിനു മൂന്നുപ്രാവശ്യം മുട്ടി ആത്മാക്കളെല്ലാം സംതൃപ്‌തിയായി തിരിച്ചുപോയി എന്നവ്ശ്വാസത്തിൽ അരിയിട്ട് കുമ്പിട്ടു പ്രസാദമായി കഴിക്കും .

ഇതുകഴഞ്ഞാൽ ഞങ്ങളുമായി ബന്ധപ്പെട്ട മറ്റുതറവാടുകളിലേക്കു ഞങ്ങൾ കുട്ടികൾ പോകും .. തെരുവത്തു (ഷേണായി എന്ന വിളിപ്പേരുള്ള ഗോവിന്ദേട്ടന്റെ വീട്, കല്ലാട്ട് ഗോവിന്ദേട്ടന്റെ വീട്, മണ്ടേന്റാട കൃഷ്‌ണൻ നായരുടെ വീട്, ഓടിട്ടടുത്തു (ഓട്ടടത്തു)  അമ്പലത്തിലെ വീട്ടിലൊക്കെ പോയി പ്രസാദം കഴിച്ചത് ഇന്നും മായാതെ ഓർമ്മയിലുണ്ട്. ഇത്രയും സമയം കഴിയുമ്പോഴേക്ക് ഒരു സമയമാവും ചിലപ്പോൾ ചിലർ കുറ്റിപ്പനത്തിലും പോകും.

…തറവാടിന്റെ വീടിന്റെ തെക്കു പടിഞ്ഞാറേ മൂലയിലുള്ള ഒരു കടയും. ആ കട എന്റെ മൂത്തഛൻ? ഞങ്ങളൊക്കെ പീടിയേൽ മാമൻ എന്നുവിളിക്കുന്ന രാഘവൻ മൂത്തച്ഛന്റേതായിരുന്നു . ആ കടയിലെ കോലായിൽ പടിഞ്ഞാറുഭാഗം ഒരു ഇരുത്തികെട്ടിയിട്ടുണ്ട് അതിലാണ് മൂത്തഛൻ ഇരിക്കുക. തൊട്ടടുത്തു പിത്തള ബോർഡറൊക്കെയായി ഈട്ടിത്തടിയിൽ തീർത്ത ഒരു പണപെട്ടിയും കാണാം . നേരെ എതിർവശം കിഴക്കുഭാഗത്തായി നിര ചായിച്ചുവെച്ചു അതിൽ ആരെങ്കിലും ഇരിക്കുന്നുണ്ടാവും. മിക്കവാറും സമയങ്ങളിൽ കാണാറുള്ളത് കോവ്ക്കലെ ഇബ്രാഹീംക്ക ഒപ്പം ഗോവിന്ദൻച്ചൻ, സേട്ടു കുഞ്ഞാപ്പുവച്ചൻ, മദ്രസ സ്‌കൂളിൽ പഠിപ്പിക്കുന്ന കിട്ടൻ മാഷിനെയും ചിലപ്പോൾ ആ പീടികയിൽ കാണാറുണ്ട്.

ഇവരൊക്കെകൂടി നട്ടുവർത്തമാനം പറയും. ചിലപ്പോൾ? മദ്രസയിൽ പഠിപ്പിക്കുന്ന സീതി സാഹിബിനെയും കാണാം, ആരും അദ്ദേഹത്തെ പെട്ടെന്ന് ശ്രദ്ദിക്കും വെള്ള ഡാക്കാ മസ്ലിൻ തുണികൊണ്ടുള്ള തലേക്കെട്ടും, കറുപ്പും സ്വർണ്ണനിറമുള്ള കഫ് ബട്ടണും, സ്വർണ്ണ കുടുക്കുള്ള ജുബ്ബയും; ജുബ്ബയുടെ കൈക്കു ഒരു പ്രത്യേകതയുണ്ട് ഹാഫ് കൈ ഏച്ചുകൂട്ടു ഫുൾ കൈ ആക്കിയത് പോലെ ഓവർ ലാപ്പ് ചെയ്തു ഫിറ്റ് ചെയ്തത് പോലെ തോന്നും (അന്നത്തെ ഒരു സ്റ്റൈലാണ) വെള്ളമുണ്ടും ധരിച്ച നീളമുള്ള ആമനുഷ്യനേയും കാണാം.

ഞങ്ങളൊക്കെ ജനിക്കുന്നതിനു മുമ്പ് ഫ്രഞ്ച് ഭരണമുള്ള കാലം, പേരുകേട്ട കടയായിരുന്നു എന്ന് അച്ഛൻ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരുവിധപ്പെട്ട വിദേശ സദാനങ്ങളൊക്കെ ലഭിക്കുന്ന കട. വീട്ടാവശ്യത്തിനുള്ള ഒട്ടുമിക്ക പലവ്യഞ്ജനങ്ങളും അവരുടെ കടയിൽ ലഭിക്കും. അതുകൊണ്ടുതന്നെ ചുറ്റുവട്ടത്തുള്ള പ്രദേശക്കാർക്കു പലചരക്കുകൾക്കു ഈ കടയേ പ്രധാനമായും ആശ്രയിച്ചിരുന്നു എന്നും കേട്ടിട്ടുണ്ട്. വീട്ടാവ്ശ്യത്തിനുള്ള പലവ്യഞ്ജനങ്ങൾ ഈ കടയിൽ നിന്നും ലഭിക്കുന്നത് കൊണ്ട് ഒരു ദാരിദ്ര്യവും അദ്ധ്യകാലങ്ങളിൽ ഉണ്ടായിരുന്നില്ല..

കാലം പോകെ ആ പഴയ ഓല മേഞ്ഞ തറവാട് അദ്ദേഹത്തിന്റെ പരിശ്രമത്താൽ പുതുക്കി പ്പണിതതാണ്. അതിന്റെ മരപ്പണിക്ക് വേണ്ടി വയലളത്തെ അച്ചമ്മ, ഇളയമ്മ, അടങ്ങുന്ന നമ്മുടെയൊക്കെ അമ്മവീട്ടുകാരുടെ തറവാട്ടിൽ നിന്നും പ്ലാവ് കൊണ്ടുവന്നു എന്നൊക്കെയുള്ള പറഞ്ഞറിവ്. വീടുപണിയുടെ ഒട്ടുമിക്ക ചിലവുകളും പീട്യേൽമാമൻ ആയിരുന്നു. ഒപ്പം എന്റെ അച്ഛന്റെയും എല്ലാവരിലും മൂത്തവരായ ഞങ്ങളൊക്കെ വല്യമ്മാമൻ എന്നുവിളിക്കുന്ന കുഞ്ഞിരാമൻ നായരും (അച്ഛൻറെ മൂത്ത ജേഷ്ടൻ) സഹായിച്ചു പണികഴിപ്പിച്ചു. പിന്നീട് അവിടെ ഏറെക്കാലം അച്ഛന്റെ സഹോദരിയും മക്കളുമായിരുന്നു താമസം … വളരെ ഒത്തൊരുമയോടെ കൂട്ടുകുടുംബ വ്യവസ്ഥയിൽ കഴിഞ്ഞകാലം .. കുടുംബങ്ങളൊക്കെ ഓരോവഴിക്കു പിരിഞ്ഞെങ്കിലും ഇന്നും അത് നിലനിന്നുവരുന്നുണ്ട്.

വീട്ടിൽ എന്തെങ്കിലും കുസൃതി കാട്ടിയാൽ അമ്മ അടിക്കാൻ വരും. കരഞ്ഞുകൊണ്ട് ഓടുമ്പോൾ വീട്ടിലെ മറ്റുകുട്ടികളൊക്കെ എനിക്ക് വട്ടംനിന്നു തടയുന്നതും അതുകണ്ടു ‘അമ്മ മാറിപോകുന്നതും ഇന്നലെയെന്നപോലെ ഓർമ്മയിൽ മായാതെ ഉണ്ട്..

വൈകുന്നേരങ്ങളിൽ ഞങ്ങൾ കുട്ടികൾ എല്ലാം ചേർന്നുള്ള ഒളിച്ചുകളിയും , കുല കുലാ മുന്തിരി … നരി നരീ സേന്തുക, കൊത്തങ്കല്ലു കളിയും ചുറ്റുവട്ടത്തുള്ളവർ ചേർന്ന് മദ്രസക്കു മുമ്പിൽ നിന്നുമുള്ള സിർക്ക കളിയും, ഗോട്ടികളിയും ഒക്കെയായി കളിക്കും.

വൈകുന്നേരം നാമജപത്തിനുള്ള സമയമായാൽ, രാഘവൻ മൂത്തച്ചൻ അംബായത്തണ്ടിന്റെ കമ്പെടുക്കുന്നതു കാണുമ്പോൾ റോഡിൽനിന്നും ഓടിയെത്തി കാലും മുഖവും കഴുകി നാമജപത്തിനിരുന്നു ഉച്ചത്തിൽ കൂട്ടമായി ജപിക്കുന്നതും മായാതെ ഓർമ്മയിൽ വന്നു ….

രാമ നാമം ജപിക്കുമ്പോൾ നമ്മളിൽ ചിലർ മൂത്തഛൻ കാണാതെ ചില ഗോഷ്ട്ടികൾ കാണിക്കും ഇതുകണ്ടാൽ ചിലർക്ക് പ്രത്യേകിച്ച് പെൺകുട്ടികൾക്കു ചിരി വരും, ചിരിയടക്കാൻ പ്രയാസപ്പെടുന്നതു മൂത്തച്ചന് മനസ്സിലാവും. ആ നേരം വെള്ളമുണ്ടും കയ്യുള്ള ബനിയനും ധരിച്ചു ആ നീളമുള്ള കോലായിൽ കൂടി വെത്തിലടക്ക മുറുക്കിക്കൊണ്ടു നടക്കുന്നുണ്ടാവും… ങ്ങു… ങ്ങു എന്ന് പറഞ്ഞു മൂത്തഛൻ കയ്യിലുള്ള വടി വെച്ച് അടിക്കാൻ ഓങ്ങും വെറും ആക്ഷൻ മാത്രം അത് എല്ലാവർക്കും അറിയാം മുത്തച്ഛന്റെ ഒരു സ്റ്റയിലാണത് … ഒരിക്കലും അടിക്കില്ല..

പറമ്പിനു വെളിയിൽ ഏതാണ്ട് ഇപ്പോൾ ഉള്ള പൊതു ഇപ്പോഴുള്ള ടാപ്പിനടുത്തായി ഒരു മരവിളക്കു മണ്ണെണ്ണ ഒഴിച്ച് കത്തിക്കുന്നത് കണ്ടതായി ഓർക്കുന്നു. ഏകദേശം ഒരാളെക്കാൾ പൊക്കത്തിൽ ത്രികോണാകൃതിയിൽ കണ്ണാടി ഫ്രയിമിട്ടു അതിൽ ഒരു മണ്ണെണ്ണ വിളക്ക്.. ആ കാലങ്ങളിലെ സ്ട്രീറ്റ് ലൈറ്റായിരുന്നു വിളക്ക് മുനിസിപ്പാലിറ്റിയുടെ അധീനതയിൽ ഉള്ളതാണെങ്കിലും, അത് ദിവസവും വൈകുന്നേരങ്ങളിൽ കത്തിക്കുന്നത് കുഞ്ഞിരാമൻ മൂത്തഛന്റെ ഉത്തരവാദിത്തമായിരുന്നു എന്ന് പറഞ്ഞതായി നേരിയ ഒരോർമ്മ. കരിങ്കല്ലിൽ തീർത്ത ഒരത്താണിയും കുറച്ചുമാറി മണ്ടോളയിലേക്ക് പോകുന്ന ഇടവഴിയുടെ എതിർവശം ഉള്ളതായും ഒരു ഓർമ്മ…

മറ്റൊരു മറക്കാൻ പറ്റാത്ത ഓർമ്മ. മനസ്സിലുള്ളത്? വേനൽക്കാലമായാൽ വീട്ടിലെ കിണറ്റിൽ വള്ളത്തിന്റെ ലഭ്യത കുറവുള്ളതുകൊണ്ടു അമ്മയും,  ബേബിയേച്ചി, ഉഷേച്ചി, ചിലപ്പോൾ പ്രസന്നേച്ചി, ശാന്തേച്ചി, ശോഭയും ചേർന്ന്
ഇടയിലെ കിണറ്റിൻ കരയിൽ പോയി അലക്കുകയും, അതിനിടയിൽ തലച്ചുമടായി വെള്ളം കൊണ്ടുവരുന്നതും; അത് ഞങ്ങളൊക്കെ അമ്മായി
എന്നുവിളിച്ചുവരുന്ന പ്രധാനമായും രണ്ടു മൂത്തമ്മമാരായിരുന്നു….. എല്ലാ ജോലിയും കഴ്ഞ്ഞു തിരിച്ചുവരുമ്പോൾ എല്ലാവരുടെയും കയ്യിൽ വെള്ളം
നിറച്ച പാത്രവും ഉണ്ടാവും…

ഞങ്ങൾ കുട്ടികൾക്ക് അന്നത്തെ അവരുടെ കഷ്ട്ടങ്ങളൊന്നും അറിയില്ലായിരുന്നു അവർ അന്നനുഭവിച്ച ബുദ്ദിമുട്ടുകൾ ഈയിടെ കല്ല്യാണി മൂത്തയെ കണ്ടപ്പോൾ പറയുകയുണ്ടായി. അവർ ഇന്ന് 90 ന്റെ നിറവിലാണ് ആയിരം പൂർണ്ണ ചന്ദ്രനെ കണ്ട ഭാഗ്യം അതിനും ചെയ്യണം സുകൃതം …

ഭക്ഷണം പാകം ചെയ്യുന്നതിന്റെ കൈക്കണക്ക് നാരായണി
മൂത്തമ്മയും കല്ല്യാണി മൂത്തമ്മയ്ക്കായിയുന്നു. മറ്റുജോലികളിൽ അമ്മയും സഹായിക്കും.. അമ്മിയിൽ അരച്ചുണ്ടാക്കുന്ന മീൻ കറി നാരായണി മൂത്തമ്മയുണ്ടാക്കിയാൽ അതിന്റെ രുചിയൊന്നുവേറെതന്നെ!. അതിന്റെ ക്രഡിറ്റ് അരക്കുന്നവർക്കാണോ വെക്കുന്നവർക്കാണോ എന്നുചോദിച്ചാൽ മാങ്ങയാണോ അണ്ടിയാണോ ആദ്ധ്യമുണ്ടായത് എന്ന ചോദ്ദ്യംപോലെയാവും.

ഭക്ഷണത്തിന്റെ സമയമായാൽ വിളമ്പുന്നത് ഒരു ജാലവിദ്ദ്യയാണ്‌..
ആ വീട്ടിന്റെ അടുക്കളയിൽ ചെമ്പിൽ പാകം ചെയ്യുന്ന ചോറും, ചട്ടിയിൽ വെച്ച കറികളും അഛമ്മയുടെ മുമ്പിലെത്തിയാൽ.. അച്ഛമ്മ മേൽമുണ്ടും ധരിച്ചു പലകയിട്ടു മുമ്പിൽ വലിയ ഉരുളിയിൽ ചെമ്പിലെ ചോറ് കമഴ്ത്തി നീളമുള്ള കയ്യിൽ കൊണ്ട് കോരി വിളമ്പും. ഏകദേശം 20 – 25 പേർക്കുള്ള ഭക്ഷണം വിളമ്പി ഒപ്പിക്കുക ഏറെ ശ്രമകരമായ ജോലിയാണ് . ചിലപ്പോൾ തോന്നും എന്തോ മാന്ത്രിക വിദ്ദ്യ അച്ചമ്മയ്ക്കു അറിയാം എന്ന്. വിളമ്പി ക്കഴിയുമ്പോൾ എല്ലാ പാത്രങ്ങളിലും കറക്റ്റായിരിക്കും. ……..! ആർക്കും ഒരു പരാതിയും ഉണ്ടാവില്ല .. ആർക്കും തികയാതെയും ഞങ്ങൾ കുട്ടികൾ കണ്ടിട്ടില്ല…

വീടിനു മുൻപിൽ വളർത്തിയ വനമാല ച്ചെടിയിൽ നിന്നും ഇലകൾപറിച്ചു കൃഷ്ണനു (ഭഗവാന്) മാലകെട്ടുന്നതു , ഉത്സവ കാലങ്ങളിൽ വീട്ടിൽ നിന്നുമുള്ള എഴുന്നെള്ളത്തു , എഴുന്നെള്ളത്തിനു മുന്നോടിയായുള്ള ആനയൂട്ട്…ഇതെല്ലാം ആ കാലങ്ങളിലെ ചില കാഴ്ച്ചകളാണ്..

വൈകുന്നേരം ഒരു നാലു അഞ്ചുമണിയോടെ ആനപ്പാപ്പാൻ ആനയുമയി വീട്ടിൽവരും.. ആന ഗോവണികയറി തെക്കുഭാഗത്തുകൂടി നടന്നു പിടഞ്ഞാറു ഭാഗത്തുള്ള തടിച്ച പ്ലാവിന്നരികിൽ ആനയെകെട്ടി, വലിയ വട്ടളത്തിൽ ചോറ് ഇട്ടു അൽപ്പം മഞ്ഞൾ ചേർത്ത് വലിയ ഉരുളകളാക്കി പാപ്പാൻ ആനയുടെ വായിൽ വെച്ചുകൊടുക്കും. ആന തീറ്റകഴിഞ്ഞാൽ വീട് വലം വെച്ച് മുൻവശത്തു എത്തിയാൽ, തേങ്ങ, വെല്ലം ചെറുപഴം, മുതലായവ നൽകും. ഞങ്ങൾ കുട്ടികൾ ആനയുടെ തുമ്പിക്കയ്യിൽ പഴവും ശർക്കരയും വെച്ചുകൊടുക്കും. ആനയുടെ കാലിനടിയിലൂടെ നൂഴ്ന്നുപോയാൽ ഇവിൽ സ്പിരിട്ടൊക്കെ പോകും എന്നുള്ള വിശ്വാസത്തിൽ ഞങ്ങളെ നടത്തിച്ചത് ഇപ്പോഴും ഓർക്കുന്നു..

കുഞ്ഞിരാമൻ മുത്തച്ഛന് ചെറിയ രീതിയിലുള്ള തേങ്ങാ പാട്ടം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മുത്തച്ചൻ വിവിധ സ്ഥലങ്ങളിൽ നിന്നും വാങ്ങിച്ച തേങ്ങ പടിഞ്ഞാറേ പറമ്പിലുള്ള പ്ലാവിനടുത്തുള്ള കൂടയിൽ നിക്ഷേപിക്കും. കൊല്ലത്തോട് കൊല്ലമായാൽ രണ്ടുപേർ തേങ്ങ ഉരിക്കുന്ന പാരയുമായി വീട്ടിൽവരും. അവർ കൂടയിൽ കയറി തേങ്ങയെല്ലാം പറമ്പിൽ ഇടും, എല്ലാ തേങ്ങകളും പുറത്തു ഇട്ടുകഴിയുമ്പോൾ ഒരു വലിയ മല രൂപപ്പെടും. ഞങ്ങൾ അതിൽ കയറിക്കളിക്കും.. കൂട്ടത്തിൽ ചില തേങ്ങകൾ മുളച്ചിട്ടുണ്ടാവും, അത് പ്രത്യേകം എടുത്തുവെക്കും. അത് പൊളിച്ചു കഴിഞ്ഞാൽ നല്ലമധുരമുള്ള പോങ്ങു ലഭിക്കും. പൊങ്ങുകൾ ഞങ്ങൾ മത്സരിച്ചു തിന്നും.. നല്ല ടേസ്റ്റായിരിക്കും പൊങ്ങിനു, കൂടെ താങ്ങാവെള്ളവും കുടിക്കും.. ഇപ്പോൾ സായിപ്പു കണ്ടുപിടിച്ചിരിക്കുന്നു പൊങ്ങിൽ പ്രോട്ടീൻ ധാരാളമുണ്ട് എന്ന് . ഇതൊക്കെ നമ്മുടെ പൂർവ്വീകർക്കു അറിയുന്ന കാര്യങ്ങളാണെങ്കിലും ഒന്നിനും നമ്മൾ അത്ര പ്രാധാന്ന്യം നൽകിയിരുന്നില്ല. സായിപ്പു പറയുമ്പോൾ നമുക്ക് എല്ലാം വളരെകാര്യമാണ് … ഇപ്പോൾ വെളിച്ചെണ്ണയുടെ കാര്യത്തിലും അങ്ങനെതന്നെ …

തേങ്ങ ഉരിക്കാൻ വന്നവർ ഇരുമ്പു പാര അൽപ്പം ചെരിച്ചു കുഴിച്ചിടും. പിന്നെ ഓരോ തേങ്ങയായി ഉരിച്ചു മാറ്റിയിടും. അതിൽ ചിലതു പ്രത്യേകം ഇടും. അതു ബോഡയായിരിക്കും. ഒടുവിൽ എല്ലാം ഉരിച്ചു കഴിഞ്ഞാൽ അടുത്ത ഊഴം തേങ്ങ ഉടച്ചു മടഞ്ഞ ഓല വിരിച്ചു അതിൽ കമഴ്ത്തിവെക്കും വെള്ളം എടുത്തു സൂക്ഷിക്കും . അത് ഒരു തരം എനർജി ഡ്രിങ്കായിരുന്നു. ഇതിനിടയിൽ ഉടച്ച തേങ്ങാമുറികൾ ചൂരൽ കുട്ടയിലാക്കി തെക്കുഭാഗത്തുള്ള റോഡിനു വശം ചേർന്ന് മടഞ്ഞ ഓലയോ താർപ്പോളിനോ വിരിച്ചു ഉണങ്ങാൻ വെക്കും. എല്ലാ തേങ്ങയും വൈകുന്നേരമായാൽ വാരി എടുത്തു സൂക്ഷിക്കണം. വീണ്ടും കാലത്തു ചിക്കിവെക്കണം . ഇത് മൂന്നു നാലു ദിവസം ദിവസം ആവർത്തിക്കുമ്പോൾ കൊപ്പരപ്പാകമാകും. പിന്നെ അത് പ്രത്യേകതരം മുള ചെത്തിയുണ്ടാക്കിയ കഷ്ണം ഉപയോഗിച്ച് ചിരട്ടയിൽ നിന്നും വേർപെടുത്തി വീണ്ടും ഒന്നോ രണ്ടോ ദിവസം ഉണക്കിയടുത്തു ചാക്കിൽ നിറച്ചു മൂരിവണ്ടിയിലാക്കി വടകര കൊണ്ടുപോയി വിൽക്കും . ബോഡ പ്രത്യേകം വിൽക്കും. തേങ്ങാ ഉരിച്ചാൽ കിട്ടുന്ന മടലും, കൊപ്പരയാക്കുമ്പോൾ ലഭിക്കുന്ന ചിരട്ടയും പ്രത്യേകം വിൽക്കും ആ കാലങ്ങളിൽ അതിനൊക്കെ നല്ല ആവശ്യക്കാരുണ്ടായിരുന്നു. ഇതൊക്കെ എന്നും മായാത്ത ഓർമ്മകളാണ് …

കോപ്പര് ഉണക്കാനിട്ടൽ കാക്കയെ നോക്കാൻ നമ്മൾ കുട്ടികളെ ഏൽപ്പിക്കും… ഇടയ്ക്കു കാക്കയെ തെളിക്കുന്നു എന്ന ഭാവേന കൊപ്പര കഷ്ണം വായിലിട്ടു ഒന്നുമറിയാത്തതു പോലെ തിരിച്ചുവരും.. കാക്കവരാതിരിക്കാൻ കണ്ണാടി വെക്കുന്നതും ചൂടികെട്ടി കറുത്ത തുണി കെട്ടിവെക്കുന്നതും ഒരു പതിവായിരുന്നു.

രാഘവൻ മുത്തച്ഛന്റെ പീടികയ്ക്കു എതിർവശത്തായി അൽപ്പം മാറിരണ്ടു വെള്ള മൂരികളും അതിനടുത്തു തന്നെ ഒരു മൂരിവണ്ടിയും കണ്ടിട്ടുണ്ട് പലപ്പോഴും. വണ്ടി ഓടിക്കുന്ന ആൾ അതിനടുത്തു തന്നെയായിരുന്നു താമസം ഏതാണ്ട് മണ്ടോള ക്ഷേത്രത്തിനടുത്തായി എന്നാണ് ഓർമ്മയിലുള്ളത്. ചിലപ്പോൾ സ്‌കൂളിൽ പോകുമ്പോൾ ഞങ്ങളെയും കയറ്റും വണ്ടിയിൽ. ഏതാണ്ട് ആശുപത്രിക്കു സമീപം എത്തുമ്പോൾ, ഞങ്ങൾ ഇറങ്ങും. വണ്ടിയിൽ കയറുന്നതും ഇറങ്ങുന്നതും ഞങ്ങൾ കുട്ടികൾക്കു ശ്രമകരമായ ജോലിയാണ്. ചിലപ്പോൾ ശങ്കരേട്ടൻ ഞങ്ങളെ സഹായിക്കും. ശങ്കരേട്ടനായിരുന്നു വണ്ടി ഓടിക്കുക .

ഒന്തം കയറുമ്പോൾ (കയറ്റം) വണ്ടിയുടെ ബ്രെക്ക് ലൂസാക്കണം അത് പോലെ ഒന്തം ഇറങ്ങുമ്പോൾ ബ്രെക്ക് വീണ്ടും ടൈറ്റാക്കണം. ഒരു തരാം മെക്കാനിസമാണ്, ഒരു ഫിക്സിക്സ് തിയറി ഇതിൽ അഡോപ്റ്റ് ചെയ്‌തിട്ടുണ്ട് . സ്റ്റെപ് ഏതാണ്ട് ഇങ്ങനെ …

വണ്ടി തെളിക്കുന്ന ആൾക്ക് കാലു തൂക്കിയിട്ടാൽ ചവുട്ടാവുന്നരീതിയിൽ താഴ്ത്തി ചൂടിപിരിച്ചു മൂരിയേയ്യും വണ്ടിയേയും ബന്ധിപ്പിക്കുന്ന മരത്തിന്റെ ഷാഫ്റ്റിൽ കെട്ടി ഞാത്തിയിടും. അത് പിന്നീട് വെണ്ടക്കടിയിലൂടെ എടുത്തു അത്ൽ നിന്നും രണ്ടു ചക്രങ്ങളിലേക്കും നീട്ടി കനമുള്ള മരകട്ടിയിൽ കെട്ടി വീലിനു ചേർത്ത് വെക്കും. അങ്ങനെ രണ്ടു ചക്രങ്ങൾക്കും. അത് പിന്നീട് വണ്ടിക്കു നടുവിലൂടെ എടുത്തു ഷാഫ്റ്റിൽ നിന്നും വരുന്ന കയറിൽ യോജിപ്പിക്കും. ഏതാണ്ട് ഇപ്പോഴത്തെ വണ്ടികളുടെ ആക്‌സിൽപോലെ . ഇങ്ങനെ യോജിപ്പിക്കുന്ന കയറുകളുടെ മറ്റൊരു മരക്കഷ്ണം ഇട്ടു ക്ളോക് വൈസിൽ തിരിക്കുമ്പോൾ കയർ പിരിഞ്ഞു മുറുകിക്കൊണ്ടിരിക്കും മുറുകുന്തോറും ചക്രത്തിൽ മരക്കഷ്ണം മുറുകി ചക്രം തിരിയുന്നത് കൺട്രോൾ ആവും.. അത് വണ്ടി ഓടിക്കുന്ന ആൾക്ക് കാലുകൊണ്ടു ചവുട്ടി അഡ്ജസ്റ്റുചെയ്യാം. വണ്ടി ഓന്തമിറങ്ങുമ്പോഴാണ് ഇങ്ങനെ ചെയ്യുന്നത്.

വണ്ടിയുടെ മരം കൊണ്ടുണ്ടാക്കിയ രണ്ടു വലിയചക്രവും കാണുമ്പോൾ ഏതാണ്ട് സുദർശ്ശന ചക്രം പോലെ തോന്നിക്കും ചക്രത്തിനു ചുറ്റും ഇരുമ്പുപട്ട കൊണ്ടുള്ള വളയം ഘടിപ്പിച്ചിട്ടുണ്ടാവും. ചക്രത്തിന്റെ നടുവിൽ ഒരു ചക്കും, ആ ചക്കിൽ നിന്നും ഏകദേശം 10 – 18 മരം കൊണ്ടുള്ള സ്പോക്സ് ചക്രവുമായി ഉറപ്പിക്കും. ചക്ക് ഊരി ത്തെറിക്കാതിരിക്കാൻ അത്താണി കൊണ്ട് ഉറപ്പിച്ചിരിക്കും. അത്താണിയുടെ മുകളറ്റത്തു ചെണ്ടുമണികൾ ഘടിപ്പിക്കും . വണ്ടി ചലിപ്പിക്കുമ്പോൾ ചെണ്ടു മണികളും ഒപ്പം മരം റോഡിലും ചക്രത്തിലും ഉരച്ചുണ്ടാക്കുന്ന ശബ്ദവും താളാത്മകയി ശബ്ദിച്ചുകൊണ്ടേയിരിക്കും.

വണ്ടി ഓന്തമിറങ്ങി സമതലത്തിലെത്തിയാൽ ആന്റിക്ളോക്ക്‌വൈസിൽ തിരിച്ചു ലൂസാക്കും. വണ്ടി ഒന്തം കയറുമ്പോൾ നിന്നുപോകുകയാണെങ്കിൽ പിന്നോട്ട് പോകാതിരിക്കാൻ വേറെ രണ്ടു കട്ടിയുള്ള മര കഷണം ചൂടിയിൽ കെട്ടി ചക്രത്തിനും റോഡിനും തൊടുന്ന രീതിയിൽ കെട്ടി തൂക്കിയിരിക്കും. ഇത് ചക്രം പിന്നോട്ട് പോകുന്നത് തടയും . വണ്ടി മുൻപോട്ട്‌ പോകുമ്പോൾ ചക്രവും, മരക്കഷണവും, റോഡും തമ്മിൽ മുട്ടി ശബ്ദമുണ്ടാക്കികൊണ്ടായിരിക്കും. വണ്ടിക്കടിയിൽ ചൂടിക്കൊണ്ടുള്ള ഒരു മാലിൽ വയ്ക്കോലും സൂക്ഷിച്ചിരിക്കും. ഇത് മൂരികൾക്കു വിശക്കുമ്പോൾ കൊടുക്കാനുള്ളതാണ് .. ഒരു മണ്ണെണ്ണ റാന്തലും കെട്ടിതൂക്കിയിട്ടു കണ്ടിട്ടുണ്ട്.. ഇത്തരം കാഴ്ചകളെല്ലാം ഇന്ന് അന്ന്യംനിന്നിരിക്കുന്നു തിരിച്ചു വരാത്ത രീതിയിൽ…

ഇതിനൊക്കെ പുറമേ മയ്യഴിയിലെയും പുതുച്ചേരിയിലെയും രാഷ്ട്രീയ നാൾ വഴികൾക്കു രൂപം കൊടുത്ത തറവാട്. അതിനു ചുക്കാൻ പിടിക്കുന്ന ശ്രീ പി കെ രാമനെ കാണുവാൻ മന്ത്രിമാരും എം എൽ എ മാരും  എം പി മാരും കേരളത്തിൽ നിന്നും പുതുച്ചേരിയിൽ നിന്നും സാദാ എത്തിക്കൊണ്ടിരുന്നു തറവാട് . 

തിരഞ്ഞെടുപ്പ് കാലമായാൽ നേതാക്കൻമ്മാരെക്കൊണ്ടും അനുയായികളെക്കൊണ്ടും നിറഞ്ഞിരിക്കും.. കാണുന്ന ആളുകൾക്ക് അതൊരു പി സി സി ഓഫീസാണോ എന്ന് തോന്നും . അത്രയ്ക്ക് തിരക്കായിരിക്കും 

ഇതിനിടയിൽ ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്റെ കാര്യങ്ങൾക്കായും ഭാരവാഹികൾ എത്തും . എത്തുന്നവർ ചായയും കുടിച്ചേ മിക്കവാറും ആളുകൾ പോകുകയുള്ളൂ . അതൊക്കെ കൊണ്ട് തന്നെയായിരിക്കാം അദ്ദേഹം മരണപ്പെട്ടു വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഇന്നും ചരമദിനത്തിൽ പുഷ്പ്പാർച്ചനചെയ്യാൻ കോൺഗ്രസ്സ് പ്രവർത്തകരും നേതാക്കൻമാരും ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്റെ ഭാരവാഹികളും പ്രവർത്തകരും മുടങ്ങാതെ എത്തി പുഷ്‌പചക്രം അർപ്പിച്ചു അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നത്. 

ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ ഉൽസവം തുടങ്ങിയാൽ തറവാട്ടിലും ഉത്സവമാണ് . വിവിദ സ്ഥലങ്ങളിൽ നിന്നും ബന്ധുക്കളും സുഹൃത്തുക്കളും തറവാട്ട് വീട്ടിലെത്തും. ഉത്സവത്തിന്റെ അവസാന നാളിലെ ഭഗവാന്റെ വിഗ്രഹമെഴുന്നെള്ളിച്ചുള്ള തേരേഴുന്നെള്ളത്തും, ഒപ്പമുള്ള ഭജനവും , മയ്യഴി നഗരപ്രദിക്ഷണം കഴിഞ്ഞു ഈ തറവാട് വീടിനു മുമ്പിലെത്തുമ്പോൾ നേരം ഏറേ വൈകിരിക്കും. അപ്പോഴേക്കും വീടുമുഴുവൻ ദീപാലംകൃത മാക്കി വെക്കും. എഴുന്നെള്ളത്തും ഒപ്പമുള്ള ഭക്തജനങ്ങൾക്കും ചുക്ക് കാപ്പിയും , ഒപ്പം ഉപ്പുമാവോ കടലയോ നൽകും . നടന്നു ക്ഷീണിച്ചു വരുന്നവർക്ക് ഒരു പുതിയ ഉണർവ്വ് ലഭിക്കും അപ്പോൾ …

ഒട്ടേറെ വിവാഹങ്ങൾക്ക് വേദിയായ തറവാട് പൊതുസമ്മതനായ ഒരു കോൺഗ്രസ്സ് നേതാവ് ജനങ്ങൾ ഇഷ്ട്ടപ്പെടുന്ന പൊതുപ്രവർത്തകൻ , ശ്രീകൃഷ്‌ണ ക്ഷേത്രത്തിന്റെ സ്ഥാപകനും തേരാളിയും . അതുകൊണ്ടു തന്നേ വിവാഹത്തിന് അതിഥികളും ഏറെയുണ്ടാവും .

എന്റെ ഓർമ ശരിയാണെങ്കിൽ കഴിഞ്ഞ എല്ലാവിവാഹത്തെക്കാളും ഓർമ്മയിൽ നിന്നതും എത്തിയ അതിഥികൾ പ്രകീർത്തിച്ചതും ശാന്തേച്ചിയുടെ വിവാഹമാണെന്നു തോന്നുന്നു.

അടിയന്തരാവസ്‌ഥയാണോ എന്തോ? ആർഭാടങ്ങൾക്കു കേന്ദ്ര സർക്കാർ വിലക്കുള്ളതുകൊണ്ടു സാമ്പത്തീക പരിമിതി വെച്ചിരുന്നു . എങ്ങനെ ആളുകളെ ഒഴിവാക്കും? ആരെ ഒഴിവാക്കണം എന്ന പ്രതിസസന്ധി അദ്ദേഹം നാലുവരിയിൽ ഒതുക്കി ലഘു ചായസൽക്കാരം നടത്തി എല്ലാവരെയും വിളിച്ചു നടത്തിയപ്പോൾ എല്ലാവരും പ്രകീർത്തിക്കുകയുണ്ടായി. ഇന്നും ഓർമ്മയിൽ മായാതെയുണ്ട് ആ വിവാഹം.

എന്നാൽ ഇന്ന് കാരണവന്മാരൊക്കെ കാലയവനികയ്ക്കുളളില്‍ മറഞ്ഞപ്പോള്‍ വീടിന്റെ നടത്തിപ്പുകാരിൽ പലരും വിവാഹം കഴിഞ്ഞും, പുതിയ വീടെടുത്തും മാറിയപ്പോൾ ആ വലിയവീട് വേണ്ടത്ര അറ്റകുറ്റ പണി ചെയ്യതെയായി. പുതിയ തലമുറ, അതിനു അവരെ കുറ്റം പറഞ്ഞിട്ടുകാര്യമില്ല …. വീടിന്റെ ശോചനീയ അവസ്ഥ കണ്ടിട്ട് കഴിഞ്ഞതവണ നാട്ടിൽവന്നപ്പോൾ കല്ല്യാണിമൂത്തമ്മയോടും വീടിന്റെ അവസ്ഥയെപ്പറ്റി പറഞ്ഞിരുന്നു … അവർക്കു ഒന്നും പറയാനുണ്ടായിരുന്നില്ല ഒരുപക്ഷെ അവർ മനസ്സുകൊണ്ട് ആഗ്രഹിച്ചുകാണും ആരെങ്കിലും ശ്രദ്ദിക്കുമെന്നു …. ഭഗവൻ അവരുടെ ആഗ്രഹം സാദിപ്പിച്ചിരിക്കുന്നു …

മയ്യഴിയിൽ നിന്നും ഇന്നലെ ആരോ പകർത്തിയ മുകളിലെ ഫോട്ടോ എനിക്കയച്ചപ്പോൾ  ആ പുണ്യ തറവാടിനെക്കുറിച്ചോര്‍ക്കുകയും, കളിച്ചു വളര്‍ന്ന സ്ഥലങ്ങളും ഇടപഴകിയ അകത്തളങ്ങളും, അതിനുള്ളിലെ ഗദ്ഗദങ്ങളും, കളിചിരിതമാശകളുമാണ് മുകളിൽ എഴുതിയത് … 

വെക്കേഷൻ കാലമാവുമ്പോൾ അവധിയെടുത്തു വരുന്ന വരുമൊത്തുകഴിയാറുള്ള ദിനങ്ങൾ… നോർത്ത് ഇന്ത്യയിൽ നിന്നും എത്തുന്ന വിജയേച്ചിയും കുട്ടികളും, അവർ ചട-പടാ സംസാരിക്കുന്ന ഇംഗ്ളീഷ് – ഹിന്ദിയും ഒക്കെ കേൾക്കുമ്പോൾ മുത്താരംകുന്ന് പി ഓ വിൽ ആണെന്ന് തോനുന്നു മോഹൻലാൽ കുട്ടികൾക്ക് ഇംഗ്ളീഷ് ക്‌ളാസ് എടുക്കുന്നതും, കുട്ടികൾ ഉപ്പുമാവിന്റെ ഇംഗ്ളീഷ് എന്താണെന്നു ചോദിച്ചപ്പോൾ സാൾട് മേങ്കോ ട്രീ എന്നുപറഞ്ഞുകൊടുക്കുന്നതും, അത് മേനക അപ്പുറത്തുനിന്നും ശ്രദ്ദിക്കുമ്പോൾ മോഹൻലാൽ ഇന്ത്യ ഈസ് മൈ കൺട്രി …. എന്നൊക്കെപ്പറഞ്ഞു പ്രസംഗിച്ചു കുട്ടികളെ പറ്റിക്കുന്ന രംഗങ്ങൾ ഓർത്തു … മോഹൻലാലിൻറെ ഇംഗ്ളീഷ് കേട്ട് അത്ഭുതപ്പെട്ടു കുട്ടികൾ കൈയ്യടിക്കുന്ന അവസ്ഥയായിരുന്നു അന്ന് ഞങ്ങൾക്ക്..

ഇങ്ങനെയൊക്കെ ചിന്തിക്കുമ്പോഴും പറയുമ്പോഴും. ഒരു ശരാശരി മലയാളിക്ക് കേരളത്തനിമയുള്ള തറവാട് വീടുകൾ എന്നും ഗൃഹാതുരതയുണർത്തുന്ന ഓർമ്മയാണ്. ഒരു തറവാടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടന്നു മഴ കണ്ടാസ്വദിക്കാൻ ഇഷ്ടമില്ലാത്തവരായി ആരാണ് ഉള്ളത് .? അങ്ങനെയുള്ള ഒരു തറവാട് എനിക്കും കിട്ടി സ്വന്തമായി! അതു ഒരു നിയോഗമോ നിമിത്തമോ ആയിരുന്നു, അതും വിശദമായി ഞാൻ എഴുതിയിട്ടുണ്ട് എന്റെ ബ്ലോഗ്‌പേജിൽ… ഇന്ന് ഞാൻ അവിടെ താമസിക്കുന്നു നാട്ടിലെത്തിയാൽ… ഇനി ഒരു ചാരുകസേര സംഘടിപ്പിക്കണം…. ഓർമ്മകൾ പെട്ടെന്ന് വഴിമാറി എത്തിയത്?

….. ‘മറക്കണോ പഴയതൊക്കെ ഞാൻ മറക്കണോ എന്തൊക്കെയാടോ ഞാൻ മറക്കേണ്ടത്” – ഇത് പറയുന്ന അഞ്ഞൂറാനെ മറക്കാൻ മലയാളിക്കാവില്ല. കാരണം അഞ്ഞൂറാനെയും മക്കളെയും ആനപ്പാറ അച്ചാമ്മയെയുമൊക്കെ നെഞ്ചേറ്റിയവരാണ് സിനിമാപ്രേമികൾ. ആ നീളൻ കോലായയിലെ ചാരുകസേരയിൽ ഗൗരവംവിടാതെ മുറുക്കിക്കൊണ്ടിരിക്കുന്ന അഞ്ഞൂറാന്റെ നോട്ടവും അത്രമേൽ തീവ്രമായിരുന്നു. ഇങ്ങനെ ജനനം മുതല്‍ ഏറെവർഷക്കാലം…

ജീവിച്ചു വളര്‍ന്ന തറവാട് ഒരു ജീർണിച്ച അവസ്ഥയിൽ ആരൊരുമില്ലാതെ നിൽക്കുന്ന ആകാഴ്ച്ച എന്നെ എന്നല്ല ആ വീടുമായി ബന്ധമുള്ള പലരിലും വിഷമം ഉണ്ടാക്കുന്നുണ്ട് എന്നറിയുമ്പോൾ ഏറെ പ്രയാസമുണ്ടായിട്ടുണ്ട്. 

പഴയ തറവാടു വീട്കൾ അന്യാധീനപ്പെട്ടുപോയാല്‍ അത് ഇതുവരെ പരിപാലിച്ചു വരുന്നവർ ക്കും, ഈ അവസ്ഥയിൽ കണ്ടിട്ടും അതിന്റെ മറ്റവകാശികളും ഒന്നും ഉരിയാടാതെ അഭിപ്രയം പറയാതെ നിന്നാൽ അവർക്കൊന്നും സ്വസ്ഥത കിട്ടില്ലായെന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കാരണം എത്രയോ തലമുറയായി കഴിഞ്ഞു വന്ന ഭൂസ്വത്താണത്. നേര്‍ച്ചക്കാരും വിശ്വാസികളും തലമുറ തലമുറ കൈമാറി വന്ന ഇടം. അതില്‍ നിന്നൊക്കെ വ്യത്യസ്തമായ ആചാരാനുഷ്ഠാനങ്ങളും, ജീവിത രീതിയും അനുഷ്ഠിക്കുന്നവര്‍ക്ക് ദോഷം വരുത്തില്ലേ?. ഒരു അന്ധവിശ്വാസ ചിന്തയാണിതെങ്കിലും എന്റെ മനസ്സ് കേഴുന്നു…

എന്റെ പൂർവീകർ അന്ത്യവിശ്രമം കൊള്ളുന്ന ആപുണ്ണ്യഭൂമിയും അതിൽ ഉൾക്കൊള്ളുന്ന ആ വീടും എന്നും നിലനിന്നുകാണുവാനുള്ള ആഗ്രഹം ഇപ്പോഴും കൊണ്ടുനടക്കുന്നു.

എങ്കിലും ഈ ഓർമ്മക്കുറിപ്പിന്റെ ആദ്ധ്യഭാഗം അവസനിപ്പിക്കുമ്പോൾ എന്റെ ബ്ലോഗ് പേജിന്റെ ആ മുഖത്തിൽ എഴുതിയ ചില വരികൾകൂടി കുറിച്ച് എന്റെ ഓർമ്മകൾക്ക് താൽക്കാലിക വിട .

കൊണ്ടുപോകൻ ഒന്നും ഇല്ല ഈ ലോകത്ത് കൊടുത്ത് പോകാം സ്നേഹവും സൗഹൃദവും…

ഇനിയുമുണ്ട് ഏറെ എഴുതാൻ … ഈനല്ല ഓർമ്മകളിലൂന്നി അവസാനിപ്പിക്കാനാണ് എന്റെ ആഗ്രഹം ….   

എന്റെ സ്വപ്നങ്ങളില്‍ എന്നും ആ തറവാട് വീടും, അതിന്റെ ചുറ്റുപാടുമുളള മണ്ണും, മരങ്ങളും പ്രത്യക്ഷമാവണം മരിക്കുവോളം… ആ തോന്നൽ ശരിയാവണമേ എന്ന പ്രാർത്ഥനയോടെ…

…കഥ തുടരും

മഠത്തിൽ ബാബു ജയപ്രകാശ് ……….✍️My Wstsapp Contact No 9500716709

3 Comments

  1. Rajeev's avatar Rajeev says:

    👌Beautiful!👍👍👍
    Your photographic memory of the childhood days and your close observation of the people and the surroundings are wonderful!
    Interesting narration of the events gave me a feeling of reading an MT novel!😊

    Liked by 1 person

    1. Babucoins's avatar Babucoins says:

      Thanks 😊 Raheev

      Like

  2. Rakhendranath's avatar Rakhendranath says:

    Babu
    Very interesting and rewinding childhood days are wonderful.
    You have an excellent language.
    Writing in Malayalam is an art of its
    own.

    Like

Leave a reply to Rajeev Cancel reply