Reading Time 5 Minutes Maximum
മാധവന്റെ കഥ വായിച്ചു കഴിഞ്ഞു ഒരു പ്രത്യേക മാനസീക അവസ്ഥയിലായിരുന്നു എല്ലാവരും. സ്വന്തം കുടുംബത്തിൽ നടന്ന ഒരത്യാഹിതം പോലെ. കുട്ടികൾ . നേർത്ത ദുഖത്തോടെ പതിവിലും നേരെത്തെ ഉറങ്ങാൻ പോയി .
നേരത്തെ തീരുമാനിച്ചത് പോലെ സുരേഷ് പിറ്റേന് മുടിമുറിക്കാനായി വാസൂട്ടിയേട്ടന്റെ കട ലക്ഷ്യം വെച്ചു നടന്നു.
പോകുമ്പോൾ പ്രേമി പിന്നിൽ നിന്നും ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു ഫോൺ റീ ചാർജ് ചെയ്യാൻ മറക്കരുതേ സുരേഷേട്ടാ …
തലേന്ന് പെയ്ത മഴയുടെ ഒരു ലക്ഷണവും അവശേഷിക്കുന്നില്ല. നല്ല ചൂടും, തിരിച്ചു വരുമ്പോൾ കുഞ്ഞാപ്പു അച്ഛ്ന്റെ വീട്ടിൽ നിന്നും കുട വാങ്ങാമെന്നായിരുന്നു സുരേഷ് കരുതിയത് .
സുരേഷ് നടന്നു ഏകദേശം സ്റ്റാച്യു ജങ്ക്ഷനിലെത്തിയപ്പോൾ? നല്ല വെയിലും ചൂടും അനുഭവപെട്ടു , കുടയുണ്ടായിരു- ന്നെങ്കിൽ ചൂടാമായിരുന്നു എന്ന് തോന്നി. അപ്പോഴുണ്ട് ദൂരെ നിന്ന് പള്ളികഴിഞ്ഞുള്ള ഓന്തമിറങ്ങി ഒരാൾ കൂനി നടന്നു വരുന്നൂ . കണ്ടിട്ട് കുഞ്ഞാപ്പുവച്ചനെ പ്പോലെ തോന്നി. … കറുത്ത് നീളമുള്ള എന്തോ വീശിക്കൊണ്ടാണ് ആളുടെ വരവ്..
കുഞ്ഞാപ്പുവച്ചനെ…. ദൂരെ നിന്ന് കണ്ട ഉടനെ സുരേഷ് ഒരു നിമിഷം മനസ്സിൽ ഓർത്തു ഇയാൾ ഈ വഴി വരുന്നുണ്ടെങ്കിൽ എന്റെ കുടയും എടുക്കാമായിരുന്നില്ലെ എന്ന് .
ഒന്ത മിറങ്ങി ഏതാണ്ട് എൽ. പി സ്‌കൂളിനടുത്തത്തെത്തിയപ്പോൾ സുരേഷിന് മനസ്സിലായി കുഞ്ഞാപ്പുവച്ചൻ തന്നെ! തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറഞ്ഞത് പോലെ.! കൈയ്യിൽ രണ്ടു കുടകളും കാണുന്നുണ്ട്.
സുരേഷ് നേരെ റോഡ് ക്രോസ്സ് ചെയ്തു കുഞ്ഞാപ്പുവച്ചന്റടുത്തേക്കു പോയി, എന്നിട്ടു പറഞ്ഞു ഞാനാ സുരേഷാ!..
സുരേഷ് പറഞ്ഞത് കുഞ്ഞാപ്പുവച്ചൻ കേട്ടിട്ടില്ല എന്ന് തോനുന്നു…
അദ്ദേഹം മുഖം അൽപ്പം താഴ്ത്തി, മുണ്ടിന്റെ കോന്തല കൊണ്ട് മുഖത്തെ വിയർപ്പു തുടച്ചു, ഒപ്പം ചുവന്ന കടുക്കനിട്ട തന്റെ ചെവിയിലെ വിയർപ്പും ഒപ്പി, തല ഉയർത്തി ചോദിച്ചു ആരാ… ?
ഞാനാ… ദിവാകരന്റെ മോൻ സുരേഷാ!
എന്നിട്ടു തലയുയർത്തി സുരേഷിനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു….
എത്ര ദിവസമായി സുരേഷെ കുട നന്നാക്കി വെച്ചിട്ട്? നിന്നെ അങ്ങോട്ട് ക്ണ്ടേ ഇല്ല !
കുറെ ദിവസമായി വരണം എന്ന് വിചാരിക്കുന്നു, ഇന്നലെ വരണം എന്ന് കരുതിയതാ, ചൊവ്വാഴ്ച്ച ആയതു കൊണ്ട് ഇന്ന് വരാം എന്ന് കരുതി. ഞാൻ ഇങ്ങളുടെ അടുത്തു വരുകയായിരുന്നു …
കുഞ്ഞാപ്പുവച്ചൻ വീണ്ടും…. കുട വാങ്ങുന്നതിന് എന്ത് ചൊവ്വാഴ്ചയും – വെള്ളിയാഴ്ചയും? സുരേഷേ ! ?
അങ്ങനെ അല്ല… എനിക്ക് മുടിമുറിക്കണെനും, വാസൂട്ടിയേട്ടൻ ചൊവ്വാഴ്ച കട തുറക്കൂല്ലല്ലോ ?
ഓ അതാണോ … എന്തായാലും എനിക്ക്…
മാർത്തയെ (മാർഗ്രറ്റിനെ) ഒന്ന് കാണണം, ഓളുടെ അടുത്തു ഒരു ചെമ്പു ഈയ്യം പൂശാൻ കൊടുത്തിനേനും കുറെ ദിവസമായി, ഇനിയും കിട്ടിയിട്ടില്ല! …
അവളെ കണ്ടിട്ടു, എന്തായീ ചെമ്പിന്റെ കാര്ര്യം എന്ന് നോക്കാൻ വന്നതാ, അപ്പോൾ ഞാൻ വിചാരിച്ചു ഇന്റെ കുടയും തരാം എന്ന്!
ഇതാ ഇന്റെ കുട… എന്നിട്ടു, രണ്ടു കുടയും സുരേഷിന് നേരേ നീട്ടി .
രോഗി ഇച്ഛിച്ചതും, വൈദ്ധ്യൻ കല്പിച്ചതും? ഒന്ന് എന്നത് പോലെ! കുടയിൽ ഒന്ന് സ്വീകരിച്ചിട്ടു പറഞ്ഞു..
എനിക്ക് സ്റ്റേഷൻവരെ ഒന്ന് പോണം . നല്ല വെയിലുണ്ട്, കുട ചൂടി പ്പോയാൽ? ചൂടിന് അൽപ്പം ആശ്വാസമാകും കുഞ്ഞാപ്പുഅച്ഛാ..
ഓ അങ്ങനെയാ … എന്നാ ഞ്ഞി ഈ കുട അങ്ങെടുത്തിട്ടു ഒരു 110 ഉറപ്പ്യ ഇങ്ങെടുത്തേ…
അതെന്തിനാ കുഞ്ഞാപ്പു അച്ഛാ 110 ഉറപ്പ്യ .. അത് ജാസ്ഥിയല്ലേ?
ജാസ്ഥി ഒന്നും അല്ലേ?? … നല്ല പണിയെന്നും രണ്ടിനും ..
ഒന്നിന്റെ കുതിര മാറ്റി, പിന്നെ രണ്ടു വില്ലു പൊട്ടീനു.. മറ്റേതിന്റെ… രണ്ടു കുതിരേം, ചക്കും, എല്ലാം തുരുമ്പിച്ചിന്, കുറഞ്ഞത് 150 ഉറുപ്പ്യങ്കിലും വേണ്ടതാ…
കെട്ടു കമ്പിക്കും സാധനങ്ങൾക്കും ഇപ്പംഎന്താ വില ! (സാധനങ്ങൾ എല്ലാം പഴയ കുടയിൽ നിന്നെടുത്തു മാറ്റി യതാണെങ്കിലും , കുഞ്ഞാപ്പുവച്ചൻ ഓർമ്മിപ്പിച്ചു )
ദിവാകരന്റെ മോനല്ലേന്നു… വിചാരിച്ചിട്ട് 110 ഉറുപ്പ്യേ എടുത്തിട്ടുള്ളു! ഞാൻ……
സുരേഷ് പൈസ കൊടുത്തിട്ടു, കുട നോക്കി! എല്ലാം, ഭംഗിയായി ശരിയാക്കിയിരിക്കുന്നു.
അല്ലെങ്കിലും കുഞ്ഞാപ്പുവച്ചൻ എടുക്കുന്ന പണി, ആത്മാർത്ഥതയോടെ ചെയ്തിരിക്കും ! ഇനി നിങ്ങൾ പറയാത്ത എന്തെങ്കിലും പണി കണ്ടാൽ, കുഞ്ഞാപ്പുവച്ചൻ അത് ചെയ്തിരിക്കും, അതിനു പ്രത്യേകിച്ച് കൂലിയൊന്നും പ്രതീക്ഷിക്കാതെ തന്നെ !
പക്ഷെ… കുട വാങ്ങാൻ വരുമ്പോൾ? കാര്യമായ പണി എന്തെങ്കിലും ആണെങ്കിൽ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്തും! നിങ്ങൾ അറിഞ്ഞു എന്തെങ്കിലും കൊടുത്താൽ വാങ്ങിക്കും, അത്ര മാത്രം…
അല്ലാതെ അതിന്റെ പേരിൽ ഒരു വിലപേശലിനു വഴിയൊരുക്കില്ല കുഞ്ഞാപ്പുവച്ചൻ.. ..
ഒരു.. കുട തിരിച്ച കൊടുത്തിട്ടു, സുരേഷ് പറഞ്ഞു… ഇത് ഇങ്ങൾ ചാത്തുവേട്ടന്റെ പീടികയിൽ കൊടുത്തേക്കു; ഞാൻ അവിടെനിന്നു എടുത്തുകൊള്ളാം എന്ന്.
എന്നിട്ടു സുരേഷ് കുഞ്ഞാപ്പുവച്ചനോട് പറഞ്ഞു… വരൂ ഞാൻ നിങ്ങളെ റോഡിന്റെ അപ്പുറത്തു എത്തിക്കാം, ഓന്തമാണ് ധാരാളം വാഹനങ്ങൾ ഉണ്ട് ശ്രദ്ദിക്കണമെന്നു.
ആ ചോദ്ധ്യം കുഞ്ഞാപ്പുവച്ചനു ഇഷ്ടമായില്ല എന്ന് തോന്നി സുരേഷിന്…!!
കുഞ്ഞാപ്പുവച്ചൻ പറഞ്ഞു വേണ്ട മോനെ ഞാൻ നോക്കി, പൊയ്ക്കോളും , മോൻ പോട്..
എങ്കിലും ഒന്തം കയറുന്നതിനിടയിൽ സുരേഷ് ഒന്ന് തിരിഞ്ഞു നോക്കി..!
അതിവേഗത്തിൽ വാഹനങ്ങൾ ഒന്തമിറങ്ങി വരുന്നതല്ലേ? റോഡ് ക്രോസ്സ് ചെയ്യുമ്പോൾ കുഞ്ഞാപ്പുവച്ചനു ബുദ്ധിമുട്ടുണ്ടോ എന്ന് നോക്കിയതാ …?
കുഞ്ഞാപ്പുവച്ചൻ റോഡ് മറികടന്നു, തൊട്ട് മുൻപിലുള്ള ആ വലിയ സ്വർണ്ണക്കടയുടെ മുൻപിൽ നിന്ന് എന്തോ ആലോചനയിൽ മുഴുകി നിൽക്കുന്നത് പോലെ തോന്നി സുരേഷിന് ?
സുരേഷ് ഓർത്തു; ഒരുപക്ഷെ അദ്ദേഹത്തിന്റെ പഴയ തൊഴിലും, ആ മേഘലയിൽ വന്ന മാറ്റങ്ങളും, പുതിയ കച്ചവടരീതിയും…. ഒക്കെ യാവാം കുഞ്ഞാപ്പുവേട്ടൻ ചിന്തിക്കുന്നുണ്ടാവുക ….!
ഏതായാലും കുഞ്ഞാപ്പുവച്ചൻ ഭദ്രമായി റോഡ് ക്രോസ്സ് ചെയ്തിരിക്കുന്നു.. ഇനി പേടിക്കേണ്ട …
എന്നിട്ടു… ഒന്തം കയറി, സെമിത്തേരി റോഡിലൂടെ.. താത്ത കുളം ലക്‌ഷ്യം വെച്ച് നടന്നു സുരേഷ്..
ഒന്തം കയറിയപ്പോഴേക്കും സുരേഷിന് നല്ല കിതപ്പനുഭവപ്പെട്ടു . കൊപ്പരമില്ലിന്റടുത്തു മരച്ചോലയിൽ അൽപ്പം നിന്ന്, കിതപ്പ് മാറ്റി വീണ്ടും പൊകാൻ നിൽക്കുമ്പോൾ?
ദൂരെ നിന്ന് പപ്പൻ മേൽപ്പോട്ടു നോക്കി ക്കൊണ്ട് വരുന്നു . കണ്ടാൽ വിചാരിക്കും പപ്പന് തേങ്ങാ പാട്ടം ഉണ്ടോ എന്ന് …!
അടുത്തെത്തിയപ്പം ചോദിച്ചു ഞ്ഞി നാട്ടിലുണ്ടേനോ ?
അതെ ഞാൻ കുറച്ചു മാസമായി വന്നിട്ട് …
ഞ്ഞി എന്താ… മോള്ളോട്ടു നോക്കി നടക്കുന്നെ…? വല്ല ഓട്ടോറിക്ഷയാറ്റം വന്നു തട്ടും, നിനക്ക് നേരേ നോക്കി നടക്കാറോ?
അത് ഒരു പ്രാവിനെ കണ്ടിനെനും … അതിനെ നോക്കിയതാ …
ഞ്ഞി.. എനിയും ഈ പരിപാടി നിർത്തിയിട്ടില്ലേ എന്ന് ചോദിച്ചപ്പോൾ പറയുകയാ വയസ്സായില്ലേ സുരേഷേ … സമയം പോണ്ടേ .. !
പിന്നേ കുറേ ക്കാലം കൊണ്ട് നടന്ന ഒരു ശീലമല്ലേ ? അത്ര പെട്ടെന്നൊന്നും മാറ്റാൻ പറ്റില്ലല്ലോ ?
പിന്നെ സുരേഷ് ഒന്നും പറഞ്ഞില്ല …
സുരേഷ് ഒരു നിമിഷം ഓർത്തു; പണ്ട് അച്ഛനും ഉണ്ടായിരുന്നു ഈ കമ്പം! പ്രാവ് വളർത്തുന്ന കമ്പം. പപ്പനും അച്ഛനും ഒക്കെ ആ കാലങ്ങളിൽ പ്രാവുകളുടെ കൂടെ തന്നെ യായിരുന്നില്ലേ സഹവാസം.
ഈ കാര്യം പലപ്പോഴും വല്യമ്മ പറേന്നതു സുരേഷ് കേട്ടിട്ടുണ്ട് . വല്യച്ചനും ഉണ്ടേനും പ്രാവ് കമ്പം (കണാരേട്ടനും) എന്നിട്ടു വല്യമ്മ പറഞ്ഞ ഒരു കാര്യം.. പപ്പനുമായി പങ്കുവെച്ചു ….
ഒരു ദിവസം, കണാരേട്ടൻ ജോലി ഒന്നും ഇല്ലാത്തതിനാൽ ആസ്പ്പ്ത്രീലെ കരുണേട്ടന്റ്റെടുത്തു പോണംന്നു കുഞ്ചിരിയമ്മേനോട് പറഞ്ഞു …
കരുണന്റെടുത്തു രണ്ടു വിദേശ പ്രാവും, രണ്ടു അലങ്കാര പ്രാവും പുതുതായി വാങ്ങീന് . കുറെ ദിവസമായി അതിനെ കാണണം എന്ന് കരുതീട്ടു, ഇന്ന് പണി ഒന്നും ഇല്ലാലോ? ഞാനൊന്നു പോയി നോക്കട്ടെന്നും പറഞ്ഞാ ഇറങ്ങിയത് ….
നടന്നു.. മൈത്തനത്തെ ഓന്തോം കേരി, പിന്നെ ആസ്‌പത്രീലെ ഓന്തോം..? കേരുമ്പൾക്കും, വല്യച്ഛന് എന്തോ ക്ഷീണം, ഒരു തല ചുറ്റുപോലെ? നല്ല കിതപ്പും, റോഡിന്റെ വശമുള്ള പ്ലാവിൽ കൈ താങ്ങി നിൽക്കുന്ന വല്യച്ചനെ (കണാരേട്ടനെ) ഭാസ്‌ക്കരൻ കണ്ടു..
ഭാസ്‌ക്കരൻ ചോദിച്ചു ഏടിയോ പോന്നേനും..?എന്നിട്ടു ഓൻ വേഗം പോയി ഓറെ താങ്ങി… വല്യച്ഛൻ പറഞ്ഞു ഒന്നൂല്ല ഭാസ് ക്കാരാ.. ഞ്ഞി പോട് … ഞാൻ കരുണന്റെടുത്തു പോകാൻ വന്നതാ ..
എനിക്ക് കരുണന്റെടത്തു വരെ ഒന്ന് പോണം… നിർത്താണ്ട് രണ്ടു ഒന്തം കേറിയപ്പോൾ വല്ലാത്ത കിതപ്പ് … പിന്നെ തല ചുറ്റുന്നത് പോലെ …
ഭാസ്‌ക്കരൻ വല്ല്യച്ചനെ പിടിച്ചു പീ…ട്യേ കോലായിൽ ഇരുത്തി.. കരുണേട്ടനെ വിളിക്കാൻ നോക്കുമ്പം? കരുണേട്ടനുണ്ട് ആശുപത്രീലെ ഓപ്പീലെ കോണീമ്മന്നു നോക്കുന്നു .
എന്നേം – കണാരേട്ടനേം കണ്ടപ്പം, കരുണേട്ടൻ ചോദിച്ചു എന്താ ഭാസ്ക്കരാന്നു? ഓറോട് കാര്യം പറഞ്ഞപ്പ, കണാരേട്ടന്റെ വല്ലായ്ക കണ്ടു കരുണേട്ടൻ നേരെ ആസ്പത്രീല് കൊണ്ടോയി..
ഡോക്ടർ പ്രഷറോക്കെ നോക്കി, കുഴലെടുത്തു, രണ്ടു ചെവിയിൽ തിരുകി നെഞ്ചും , പുറവും നാടിമിടിപ്പും ഒക്കെ നോക്കി… നാക്ക് നീട്ടി തൊണ്ടയൊക്കെ പരിശോധിച്ചിട്ടു പറഞ്ഞു പേടിക്കേണ്ട അൽപ്പം പ്രഷർ ഉണ്ട് കുറച്ചു വിശ്രമിച്ചിട്ടു പോയിക്കൊള്ളൂ….
എന്നിട്ടു 5 – 6 ചെറിയ ഗുളികയും കുറച്ചു ചെറിയ മഞ്ഞ ഗുളികയും കൊടുത്തിട്ടു പറഞ്ഞു , ഒരാഴ്ച കഴിഞ്ഞു ഒന്നുകൂടി ചെക്ക് ചെയ്താൽ മതീന്ന് ..
കുറച്ചു കഴിഞ്ഞു കരുണേട്ടൻ ഓറെം കൂട്ടി വീട്ടിൽ പ്പോയി പ്രാവിനെയെല്ലാം കാട്ടിക്കൊടുത്തു …
പ്രാവിനേം നോക്കി നിക്കുമ്പം വിവരം അറിഞ്ഞു കുഞ്ചിരിയമ്മ ഓടിക്കിതച്ചു ആശുപത്രീല് വന്നു .
കരുണേട്ടനെ അന്വേഷിച്ചപ്പോൾ, ആടുന്നു ഓപ്പി…ഏട്ടൻ, തന്റെ കണ്ണട അൽപ്പം താഴ്ത്തി, ആ ഗേപ്പിലൂടെ കണ്ണ് മേൽപ്പോട്ടാക്കി ആരാണെന്നു നോക്കിയിട്ട് പറഞ്ഞു,
കുഞ്ചിരിയമ്മയുടെ ബേജാറും വെപ്രാളവും കണ്ടപ്പോൾ ഓപ്പി…ഏട്ടൻ, പേടിക്കണ്ട ക്യഞ്ചിരിതേ ഓനൊന്നുല്ല. ഒനും കരുണനും കൂടി കരുണന്റെ വീട്ടിൽ പോയിട്ടുണ്ട്ന്നു .
ഇതുകേട്ടപ്പഴാ വല്യമ്മയ്ക്കു ആശ്വാസമായേ.. …. എന്നിട്ടു കുഞ്ചിരിയമ്മ നേരെ കരുണേട്ടന്റെ വീട്ടിൽ പോയി.
കുഞ്ചിരിയേട്ടത്തി കരുണേട്ടന്റെ വീട്ടിലെത്തിയപ്പോളുണ്ട്…. കണാരേട്ടൻ പ്രാവിന്റെ കൂട്ടിലിരുന്ന അലങ്കാര പ്രാവിനെ നോക്കി എന്തോ കരുണേട്ടനോട് ചോദിക്കുന്നു …
അന്നേരം കമലേടത്തി ചോയിച്ചു, അല്ല കുഞ്ചിരേട്ടത്തീ ഇതെന്തു വേഷാ ഇങ്ങള്…? മേൽമുണ്ടൊന്നും ഇല്ലേ? ബ്ലൗസിന്റെ മുന്നില് കുറച്ചു കീറീട്ടുണ്ടല്ലോ ?
അന്നേരാ കുഞ്ചിരിയേട്ടത്തിയും കാണുന്ന കോലം … ഞാനൊന്നും നോക്കേറ്റില്ല കമലേ! ഇമ്മള ഭാസ്കരനില്ലേ? ഓൻ എടേലൂട്ട പോഉമ്പം എന്നോട് പറഞ്ഞു,
കുഞ്ചിരിയെട്ടത്തീ കണാരേട്ടന് സുഘമില്ലാന്നു തോനുന്നു ഓറേണ്ടു ആസ്പ്പത്രീ കൊണ്ടോയ്ക്ക്ന്ന് …
ഇത് കേട്ടതും എന്റെ കാലിന്റെ അപ്പംവിരല് മുതൽ തലവരെ ഒരു എരി…പാച്ചിലേനും…
പിന്നെ ഞാനൊന്നും നോക്കേറ്റില്ല; കേട്ടപാതി കേൾക്കാത്ത പാതി ഓടീങ്ങു പൊന്നു…
ഞ്ഞി ഒരു മുണ്ടുണ്ടെങ്കിലിങ് തന്നെ… ഞാൻ സുരേഷിന്റടുത്തു കൊടുത്തയാക്കാന്ന് പറഞ്ഞു കമലേട്ടത്തിന്റടുത്തുനിന്നു ഒരു മേൽ മുണ്ടു വാങ്ങി പുതച്ചു, എന്നിട്ടു കമലേട്ടത്തിയുമായി കുറെ സംസാരിച്ചു. കരുണേട്ടനേം കൂട്ടി വീട്ടിലേക്കു പോയീന്നു .
രണ്ടുപേരും സംസാരിച്ചു സമയം പോയതറിഞ്ഞില്ല… പപ്പൻ പറഞ്ഞു എനിക്ക് പോയിട്ട് പ്രാവിനു ഭക്ഷണം കൊടുക്കണം ….
സുരേഷും പറഞ്ഞു വെയിലിനു ചൂടാകും മുൻപേ വാസൂട്ടിയേട്ടന്റെ കടയിൽ എത്തണം എന്ന് പറഞ്ഞു…
പപ്പൻ പാറക്കലേക്കും, സുരേഷ് സ്റ്റേഷൻന്റടുത്തേക്കും രണ്ടു വഴിയിലൂടെ പിരിഞ്ഞു ….
പിരിയുമ്പോൾ പപ്പൻ പറഞ്ഞു എടാ ഇനിക്കറിയോ എന്റെ ഫ്രണ്ട് ബാബുവില്ലേ ഓനേം കാണണം… ഇതിനിടെ കണ്ടപ്പം പറഞ്ഞന്, ഓൻ പ്രാവിന്റെ കുറച്ചു കാര്യങ്ങൾ അറിയണം; എന്നെ ഒന്ന് കാണണമെന്ന് . ഓൻ രണ്ടു ദിവസം കൊണ്ട് ചെന്നെയിൽ പോകുംപോലും..
ഇത് കേട്ട് സുരേഷ് പറഞ്ഞു ശരിയാ ബാബുവേട്ടൻ… കുറെ മയ്യെലെ കാര്യം എഴുതീട്ടുണ്ടു . ഇന്നലെ ഞാൻ ഓറു എഴുതിയ മിച്ചിലോട്ടു മാധവന്റെ കഥ കേട്ടിനേനും,
ഞ്ഞി കണ്ടാ പറേണം, ഈ പ്രാവിനെപ്പറ്റിയും അതിന്റെ പ്രാധാന്യവും, മയ്യേല് ഇതിനെ വളർത്തിയ വരെ പറ്റിയൊന്നും ഇന്നത്തെ തലമുറയ്ക്ക് അറിഞ്ഞൂട. അറിയുന്നവർ ഇപ്പോൾ ഓർക്കുന്നും ഇല്ല!
സുരേഷേ ഏതായാലും ഞീ അത്ർത്തീന്റടുത്തു കൂടിയല്ലേ പോകുന്നത് ഞീ ഒന്ന് ബാബൂനെക്കണ്ടു പറഞ്ഞേക്കു ഞാൻ വൈകുന്നേരം വീട്ടിൽ വരുന്നുണ്ട് ഏടിം പോകരുത് എന്ന്.
ഒറു പഴയ തറവാട്ടിലാ …
അല്ലടാ പണ്ട് കുറുപ്പ് ഡോക്ടറു താമസിച്ച വീടില്ലേ ആടേയാ ഓൻ താമസിക്കുന്നത്..
ഓ എന്നാൽ ഞാൻ പോകുമ്പം പറയാം ഇങ്ങളും ഒന്നു ഓർമ്മ പ്പെടുത്തിയേ…
ശരിയാ സുരേഷേ ഓൻ എന്നോടും പറഞ്ഞിന്, പ്രാവിനെ പറ്റി എഴുതുന്നുണ്ട്, എന്റെ ഫോട്ടോ വേണമെന്നൊക്കെ ….. ശരി എന്തായാലും ഞാൻ വൈകുന്നേരം കാണുന്നുണ്ടല്ലോ …
എന്നിട്ടു സുരേഷ് ഓർത്തു..
ബാബുവേട്ടൻ എഴുതിയത് വായിക്കുമ്പോൾ എല്ലാർക്കും ഈന പറ്റി നല്ല അറിവുകിട്ടും … ..
സുരേഷ് ഇരിമീസ് റോഡിലൂടെ നടക്കുമ്പോൾ അദ്ദേഹം എഴുതിയ ബ്ലോഗിലെ പല കാര്യങ്ങളും ഓർമ്മയിൽ എത്തി!
എന്തൊക്കെ മാറ്റങ്ങളാണ് ഈ ഭാഗങ്ങളിൽ ഉണ്ടായിട്ടുള്ളത് . നടന്നു റോഡിലെത്തിയപ്പോൾ പഴയ താത്ത കുളത്തെ പറ്റി കേട്ട കഥ ഓർത്തെടുത്തു …
മയ്യഴിയിലെ ഒട്ടുമിക്ക സ്ഥലങ്ങളുടെ പേരിന്റെ ഉത്ഭവത്തെ പറ്റിയും അത് ഉണ്ടാവാനുള്ള സാദ്ധ്യതയെ പറ്റിയും ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ എന്ന ബ്ലോഗിലൂടെ അദ്ദേഹം എഴുതിയത് ഓർത്തു..
പണ്ട് ടാറ്റായുടെ ഏതോ ഒരു ഫാകറ്ററി സ്ഥാപിക്കാനായി ജല സൗകര്യമുണ്ടോ എന്ന് നോക്കാൻ അവർ കുഴിച്ച ചെറിയ കുളം പിന്നീട് അവർ എന്തോ കാരണത്താൽ ഉപേക്ഷിക്കുകയും . അത് പിന്നീടു ടാറ്റാ കുളം താത്ത കുളമായി മാറി ..
അന്ന് ആ പദ്ധതി പ്രവർത്തീക മായിരുന്നെങ്കിൽ മയ്യഴിയുടെ മുഖച്ഛായ തന്നെ മാറുമായിരുന്നു … ഇതൊക്കെ ഓർത്തുകൊണ്ട് സുരേഷ് നടന്നു . രണ്ടു ഭാഗങ്ങളിലുള്ള വയലുകളൊക്കെ നികത്തി കെട്ടിടങ്ങളും സ്പോർട്സ് കോംപ്ലക്‌സും ഒക്കെ പണിതിട്ടുണ്ട് .
അന്ന് ടാറ്റാ കമ്പനി കുഴിച്ച കുളമാണെങ്കിലും, പിന്നീട് മാഹിയിലേക്കു വേണ്ടുന്ന മുഴുവൻ വെള്ളം നൽകിയത് ഈ കുളത്തിൽ നിന്നായിരുന്നു…
കുളത്തിനു ചുറ്റും നെൽ കൃഷിയും, ഉള്ളത് കൊണ്ട് എപ്പോഴും തണ്ണീർ തടമായി തന്നെ ഉള്ളത് കൊണ്ട് വെള്ളത്തിന് ക്ഷാമമില്ലായിരുന്നു …
ഇപ്പം എല്ലാം പോയി, മുഴുവൻ കോൺക്രീറ്റ് കാടുകളായി … വെള്ളത്തിന് ക്ഷാമവും ആയി
… അന്നൊക്കെ കൊയിത്തു കഴിഞ്ഞ വയലുകളിൽ നിറയെ വിവിവിധ ഇനം പ്രാവുകളെയും, കൊച്ച, തത്ത, മൈന യെയും ഒക്കെ കാണുമായിരുന്നു … വയൽ നിറയെ…
ഇന്ന്, ആ കാഴ്ചകളൊക്കെ മയ്യഴിയിലെത്തുന്നവർക്കു ഒരു കഥകൾ മാത്രം …
ഇതൊക്കെ ആലോചിച്ചു നടന്ന സുരേഷ് വാസൂട്ടിയേട്ടന്റെ സലൂണിൽ എത്തിയതറിഞ്ഞില്ല …
അവിടെ എത്തിയപ്പോൾ, സുരേഷ് കാണുന്നത് കസേരയിൽ ആരെയോ മൂടിപ്പുതച്ചു ഇരുത്തിയിട്ടുണ്ട് . തൊട്ടടുത്തുള്ള കസേരയിൽ ജെമ്മി… മുണ്ടു മാടിക്കെട്ടി കാലുമ്മൽ കാലുവെച്ചു ഇരിപ്പുണ്ട്. താഴെ ബെഞ്ചിൻമേൽ ആരോക്കയോ ഉണ്ട് . എന്തോ കാര്യമായ ചർച്ചയാ..
വാസൂട്ടിയേട്ടനാണ് നേർത്ത ശബ്ദത്തിൽ സംസാരിക്കുന്നതു, മറ്റുള്ളവർ കേട്ടിരിക്കയാണ് .
വലതു കയ്യില്ലേ കത്രിക അൽപ്പം പിളർത്തി വെച്ചിട്ടുണ്ട്! ഇടയ്ക്കൊന്നു പൂട്ടി വീണ്ടും അതുപോലെ ആക്കി വെക്കും . വലതു കൈ ചീർപ്പോടുകൂടി കസേരയിൽ ഇരിക്കുന്ന ആളുടെ തല കുനിച്ചു പിടിച്ചാണ് ചർച്ച .!
ആ രംഗം കണ്ടപ്പോൾ ബാബുവേട്ടൻ എഴുതിയ വാസൂട്ടി ദ് ഗ്രെറ്റ് ഓർമ്മ വന്നു എത്ര കൃത്യമായി ആണ് ബാബുവേട്ടൻ കഥയിൽ എഴുതിയിരിക്കുന്നത്.
വിഷയം പരിസ്ഥിതിയെ പറ്റിയാണെന്നു തോനുന്നു … ഇടയ്ക്കു പ്രാവും, ആനയും, പൂരവും, കൃഷിയെപ്പറ്റിയും, വെള്ളപ്പൊക്കവും, മലയടിച്ചലും.. ഒക്കെ സംസാരത്തിൽ കേൾക്കുന്നുണ്ട് …
ചർച്ച ഇടയ്ക്കു വെച്ച് കേട്ടതിനാൽ, വിഷയം പൂർണ്ണമായും മനസ്സിലാവുന്നില്ല. ഒന്ന് മനസ്സിലാവുന്നത്.. വിഷയം ഇതിനിടെ കഴിഞ്ഞ പരിസ്ഥിതി ദിനത്തെപ്പറ്റി തന്നെ എന്ന്… പിന്നീടു അത് ആചാരങ്ങളിലേക്കെത്തി അവിടന്ന് മതചിന്തയിലേക്ക് എത്തി …
അത് പിന്നെ മാറി വിവിധ മതാചാരങ്ങളിലേക്ക് നീങ്ങുമെന്നായപ്പോൾ വാസുവേട്ടൻ കൃത്യമായി ഇടപെട്ടു ചർച്ചയുടെ നിയന്ത്രണം തൻറെ പരിധിയിലാക്കി ക്കൊണ്ടു പറഞ്ഞു?
അതൊക്കെ ഓരോരുത്തരുടെ തോന്നൽ മാത്രമാണ്, എന്ന് പറഞ്ഞുകൊണ്ട് ഒരു കഥ പറയാൻ തുടങ്ങി. ചർച്ചയിൽ പങ്കെടുത്തവരൊക്കെ കഥകേൾക്കാൻ നിശബ്ദരായി … ഒപ്പം സുരേഷിനും ആകാംക്ഷ ….
എന്നിട്ടു വാസുവേട്ടൻ തന്റെ ജോലി തുടർന്ന് കൊണ്ട് കഥ പറയാൻ തുടങ്ങി ….എല്ലാം കേട്ട് സുരേഷും. തന്റെ ഊഴത്തിനായി കാത്തിരിക്കുമ്പോൾ വാസൂട്ടിയേട്ടൻ കഥ പറഞ്ഞു തുടങ്ങി ….
നമ്മൾ മനുഷ്യർക്ക് മാത്രമേ ജാതിയും മതവും ഒക്കെയുള്ളൂ ….. നിങ്ങൾ ഒന്ന് ശ്രദ്ദിച്ചോ …?!……
…. മയ്യഴിയുമായി ബന്ധപ്പെട്ടുള്ള പല വിഷയങ്ങളും ആധാരമാക്കിക്കൊണ്ടു എന്റെ ഇത്രയും നാളത്തെ ജീവിത്തിലൂടെ നേടിയ പല അറിവുകൾ സ്വരൂപിച്ചു, എന്റെതായ ശൈലിയിലൂടെ പുനർസൃഷ്ടിച്ചു ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ എന്ന ബ്ലോഗ് പേജിലൂടെ കുറച്ചു കാര്യങ്ങൾ എഴുതി നിങ്ങളുടെ മുമ്പിലെത്തിച്ചത് നിങ്ങളിൽ പലരും വായിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു…
ഈ അവസരത്തിലാണ് പപ്പനെ യാദർശ്ചികമായി ഞാൻ കാണുന്നത് . കുറഞ്ഞത് ഒരു 30 വർഷത്തിൽ അധികമായി പപ്പനെ കണ്ടിട്ട് . എന്റെ വീട്ടിലെ ഏർ കണ്ടീഷൻ റിപ്പയർ ചെയ്യാൻ സലീലിനൊപ്പം വന്നതായിരുന്നു .
താടിയും, മാസ്ക്കും, തലേൽ ഒരു തൊപ്പിയും ഒക്കെ വെച്ചതിനാൽ എനിക്ക് ആളെ മനസ്സിലായില്ല . കൂട്ടത്തിൽ ആരാണ് എന്ന് ചോദിച്ചപ്പോൾ?
പണ്ട് മൈതാനം ബ്രദേസിനു വേണ്ടി ടീമിനെ തപ്പി പോയപ്പോൾ ഉണ്ടായ ഒരു രസകരമായ സംഭവത്തെ പറ്റി സലിൽ ഓർമ്മിപ്പിച്ചു .
പെട്ടെന്ന് എനിക്ക് പപ്പനെ ഓർമ്മവന്നു . അപ്പോഴാണ് പപ്പൻ മാസ്ക്ക് താഴ്ത്തി ചിരിച്ചുകൊണ്ട് പറഞ്ഞു … എടാ ഞാനാ പപ്പൻ ..
പിന്നെ അന്നത്തെ കുറെ കാര്യങ്ങൾ പറഞ്ഞപ്പോൾ? ഞാൻ ചോദിച്ചു? ഞ്ഞി ഇപ്പം പ്രാവിനെ ഒന്നും പോറ്റുന്നില്ലേ എന്ന് ? ഉണ്ട് പഴയതിലും സജീവമായി .. എന്നിട്ടു പറഞ്ഞു നീ മയ്യേലെ പല കഥയും എഴുതുന്നുണ്ടെന്നു കേട്ടല്ലോ നിനക്ക് പ്രാവിന്റെ കഥയും എഴുതിക്കൂടെന്നു ?
എഴുതാൻ ഇനിയും ഏറെ വിഷയങ്ങൾ മയ്യഴിയുമായി ബന്ധപെട്ടുണ്ടെങ്കിലും? പുതുമയും, കൗതുകവും ഉള്ള വിഷയത്തെ പറ്റി ആലോചിച്ചപ്പോൾ? പപ്പൻ ഓർമ്മപ്പെടുത്തിയത് പോലെ ആ കാലങ്ങളിലെ സാദാരണക്കാരന്റെ ഹോബിയായ പ്രാവ് വളർത്തലിനെപ്പറ്റിയുള്ള ഓർമ്മകൾ മനസ്സിലെത്തി.
ഏറെ ആരും സ്പർശിക്കാത്ത വിഷയം, എന്നാൽ ഇന്ന് മയ്യഴിയിൽ നിന്നും അന്ന്യം നിന്നുപോകുന്ന ഹോബി..
പിന്നെ കൂടുതൽ ആലോചിക്കെണ്ടി വന്നില്ല! അത് തന്നെയാവാം വിഷയം എന്ന തീരുമാനത്തിൽ എത്തി, എന്റെ ഓർമ്മകളെ 50 – 55 വർഷം പിറകോട്ടേക്കു എടുത്തു ചിന്തിച്ചപ്പോൾ? മനസ്സിൽ ഓരോന്നായി തെളിഞ്ഞു വന്നു….
പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്കാകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല…… മണ്ണിലിടമില്ല!….
രാഘവൻ മാസ്റ്റർ എഴുതിയ അശ്വമേധത്തിലെ പ്രസിദ്ധമായ ഈ ഗാന മാണ് പ്രാവ് വളർത്തലിനെ പറ്റി എഴുതാനിരിക്കുമ്പോൾ ഓർമ്മയിൽ ആദ്ധ്യം എത്തിയത്.
ഒരു പക്ഷെ… ആ കാലങ്ങളിൽ, ഈ ഗാനം ശരിയായിരിക്കാം? എന്നാൽ ഇന്ന് മനുഷ്യൻ പെരുകുന്നതനുസരിച്ചു കുന്നും, മലയും, നദികളും, കാടും, എന്തിനേറെ പ്പറയുന്നു ആകാശം വരെ കയ്യേറി പറവകളുടെ സ്വച്ഛന്ദവിഹാരം, വരെ തടയുന്ന വിധത്തിൽ കയ്യേറ്റം നടത്തിയിരിക്കുന്നു മനുഷ്യൻ?
ഭൂമിയേയും, നദി കളേയും ആകാശത്തെയും ഇത്രത്തോളം മലിനമാക്കിയ ഒരു ജീവി മനുഷ്യൻ മാത്രമായിരിക്കും, എന്നതിൽ ഒരു സംശയവും വേണ്ട…
ഇങ്ങനെയൊക്കെയാണെങ്കിലും നമുക്കിടയിൽ പ്രകൃതി സ്നേഹികൾ പല രൂപത്തിലും പ്രത്യക്ഷപ്പെടാറുണ്ട്!
അവരിൽ ഒരു വിഭാഗമാണ് പ്രാവ് വളർത്തലും.. പരിപാലനവുമായി നമുക്കിടയിൽ കണ്ടു വരുന്നത്. ഇത്തരം ആളുകളിൽ ചിലരെ മയ്യഴിയിലും കണ്ടിട്ടുണ്ട്,..
പ്രത്യേകിച്ച് മരുന്നറകുന്നിൽ, പൂഴിത്തല, തൊട്ടുമ്മൽ, പാറക്കൽ, വളവിൽ, പ്രദേശങ്ങളിൽ താമസിക്കുന്നവരിലെ പലരുടെയും പ്രധാന ഹോബിയായിരുന്നു പ്രാവുവളർത്തൽ.
അക്കാലങ്ങളിലെ സജീവ പ്രാവ് വളർത്തൽ കമ്പക്കാരിരിലെ പ്രമുഖരായവരുടെ വേരുകൾ തേടി ഇറങ്ങിയപ്പോൾ? ഒട്ടും ചിന്തിക്കാതെ ഓർമ്മയിൽ എത്തിയ പേരുകളിൽ ചിലതു? …..
വാസൂട്ടിയേട്ടൻ പറഞ്ഞ കഥയും, ഒപ്പം പ്രാവുകളുടെ വിവരങ്ങളും …. തുടരും …
മഠത്തിൽ ബാബു ജയപ്രകാശ് …………..✍️ My Watsapp Cell No: 00919500716709








Babu this is really a very unique topic that you have chosen this time. I am feeling desperate to read the rest. I remember hearing from one who raised pegeons, that a pegeon’s brain is in it’s eyes 🙏
LikeLike
Yes kumar it’s coming in next level of writing… wait it’s ready but Just to connect I am preparing the side stories… hope you are enjoying my readings…. is ther any difficulties to read local conversation slang?
LikeLike
No, not at all. The slang is well placed and it really enhances your narrative style. Keep writing and wish you all the best 🙏
LikeLike
Thank you… 😀
LikeLike
Thank you Kumar for your good words… 2nd part it will come soon …
On Sun, 12 Jun 2022, 18:48 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, < comment-reply@wordpress.com> wrote:
>
LikeLike