പാരീസിലെ സഖാവ്                      camarade de Paris

Reading  Time 7 Minutes Maximum

ശ്രീ. മ്ച്ചിലോട്ടു മാധവൻ Monsieur Michilott Madhavan
              …….ഭാഗം രണ്ടു….…                        

മച്ചിലോട്ടു മാധവനെപ്പറ്റി മൂന്നു ബ്ലോഗുകൾ പോസ്റ്റ് ചെയ്തു. ആമുഖവും അതോടനുബന്ധിച്ച് ഒരു കവിതയും, ജീവചരിത്രത്തിന്റെ ഒന്നാം ഭാഗവും അതിന്റെ പരിചയപ്പെടുത്തലും.

രണ്ടാം ഭാഗത്തിന്റെ കരട് തയ്യാറാക്കിയതിനുശേഷം, ആദ്യഭാഗത്തു ചെയ്തതുപോലെ നമ്മുടെ ഇടയിൽ അന്യംനിന്നു പോയേക്കാവുന്ന ഭാഷാസ്ലാങ്ങിൽ  കഥ വായിപ്പിക്കുന്ന രീതിയിൽ സ്ക്രിപ്റ്റ് എഴുതുന്നത് പിന്നീടാവാം എന്ന് തീരുമാനിച്ചു. ചെന്നൈലേക്കു പുറപ്പെടാൻ തയ്യാറായി നിൽക്കുമ്പോൾ പെട്ടെന്ന് ഭാര്യ വിളിച്ചു: “ഒന്നിങ്ങു വന്നേ!”

ഞാൻ ബെഡ്റൂമിൽ ചെന്നു നോക്കുമ്പോൾ സാമാന്യം വലിപ്പമുള്ള ഒരു തുമ്പി ജനാലയിൽ. എങ്ങനെ ആ തുമ്പി അവിടെ വന്നു എന്ന് ഒരു പ്രകാരത്തിലും ആലോചിച്ചിട്ടും പിടികിട്ടുന്നില്ല! 

ഞങ്ങൾ രണ്ടുപേർ മാത്രമായതുകൊണ്ട് ആ മുറി ഉപയോഗിക്കാറില്ല. എങ്കിലും, വീട് പൂട്ടിപ്പോകുന്നതല്ലേ എന്ന് കരുതി ഭാര്യ ഒന്ന് ചെക്ക് ചെയ്യാൻ പോയതായിരുന്നു. അപ്പോഴാണ് ജനാലയുടെ കമ്പിയിൽ ഒരു തുമ്പിയെ അവൾ കണ്ടത്.

ഞാൻ അടുത്തുപോയി നോക്കി. അതിന് അനക്കമില്ല. ഒരു നിമിഷം ഓർത്തു: ഞാൻ മാധവനെപ്പറ്റി ആദ്ദ്യമെഴുതിയത് ഒരു തുമ്പിയായി വന്ന് “മറി ആന്നു”മായി സംവദിക്കുന്നത് സങ്കൽപ്പിച്ചായിരുന്നുവല്ലോ?

എന്റെ ചിന്തകൾ വെറും ബാലിശമായിരിക്കാം. ഞാൻ കവിതയിൽ എഴുതിയതുപോലെ ഒരു പക്ഷേ മാധവൻ തുമ്പിയുടെ രൂപത്തിൽ വീട്ടിലെത്തി, എന്നിൽ പരകായപ്രവേശം ചെയ്ത് മാധവന്റെ ചരിത്രം എന്നെക്കൊണ്ട് എഴുതിച്ചതായിരിക്കാം.

ഒരു വ്യത്യസ്തതയ്ക്കുവേണ്ടി കുഞ്ചിരിയമ്മയെയും കുടുംബത്തെയും മാധവൻ എന്റെ ഉപബോധമനസ്സ് കീഴടക്കി ബോധമനസ്സിലൂടെ എഴുതിച്ചു.

അല്ലാതെ ഈ പറയുന്ന കുഞ്ചിരിയമ്മയെയും കുടുംബത്തെയും അവരുടെ ഭാഷാസ്ലാങ്ങും അതിന്റെ പശ്ചാത്തലവും ഒന്നും മുൻകൂട്ടി എഴുതി തയ്യാറാക്കിയതായിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.

കഥയുടെ ഒഴുക്കിനനുസരിച്ച്, അപ്പപ്പോൾ തോന്നുന്നത് മനോധർമ്മമനുസരിച്ച് എഴുതും. എഴുതിക്കഴിഞ്ഞാൽ ഒടുവിൽ വായനാസുഖത്തിനു വേണ്ടുന്ന ചെറിയ ചെറിയ എഡിറ്റിങ് ഒഴിച്ചാൽ മറ്റൊന്നും ഇതുവരെ ചെയ്തിട്ടില്ല.

കഥയൊക്കെ എഴുതി തീർത്ത ഞാൻ വീടു പൂട്ടിപ്പോകുന്നതറിഞ്ഞ മാധവൻ, പുറത്തുപോകാനുള്ള വഴികാട്ടാൻ എന്നെ വിളിപ്പിച്ചതുപോലെ തോന്നി എനിക്ക്.

ഒട്ടും ആലോചിക്കാതെ, പതിയെ തുമ്പിയുടെ ചിറകിൽ മൃദുവായി പിടിച്ച് എന്റെ കൈവെള്ളയിൽ വെച്ച് വരാന്തയിൽ എത്തി. നല്ല അനുസരണയോടെ തുമ്പിയും എന്നോടൊപ്പം വന്നു.

എന്നിലെ ചിന്തകൾക്ക് ഒരു ജീവനുള്ള സാക്ഷിയാവട്ടെ എന്ന് മനസ്സിൽ കരുതി സെൽഫോൺ എടുത്ത് ഫോട്ടോ എടുക്കാൻ ശ്രമിക്കുന്നത് തിരിച്ചറിഞ്ഞ തുമ്പി അകലങ്ങളിലേക്ക് പറന്നുപോയി.

ഒരു പക്ഷേ മാധവന് അത് ഇഷ്ടപ്പെട്ടുകാണില്ല. കാരണം ചിറക് മുളയ്ക്കുന്ന പ്രായത്തിൽ മാധവൻ പറന്ന് ഫ്രാൻസിലേക്ക് പോയി… ചിറക് പൂർണ്ണതയിൽ എത്തും മുൻപേ ചിറകരിഞ്ഞ അനുഭവം മാധവൻ ഓർത്തുകാണും.

മനുഷ്യന്റെ ഏറ്റവും വലിയ ശത്രു മനുഷ്യർ തന്നെയാണ്. അസൂയ കൊണ്ടും വിദ്വേഷങ്ങൾ കൊണ്ടും തന്റെ സഹജീവികൾ നശിച്ചുകാണണം എന്ന് ചിന്തിക്കുന്നവർ…! സ്വന്തം കാര്യസാധ്യത്തിനും സുഖജീവിതത്തിനും കുടിലതയുടെ ഏതറ്റം വരെ പോകാനും തയ്യാറുള്ള തിന്മയുടെ ആൾരൂപങ്ങൾ നിറയുന്ന ലോകമാണ് ഇത്.

നന്മയും തിന്മയും, സത്യവും മിഥ്യയും തിരിച്ചറിയുവാൻ ഏറെ പ്രയാസമുള്ള കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നുപോവുന്നത്…

ഒരു പക്ഷേ മാധവൻ ഇത് തന്റെ 28 വർഷത്തെ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടാകും. അതായിരിക്കാം ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാതെ എന്റെ കൈവെള്ളയിൽ നിന്നും പറന്ന് അകലങ്ങളിലേക്ക് മറഞ്ഞത്…

… അതെ, അത് മാധവൻ തന്നെ.

എന്ന് വിശ്വസിച്ചുകൊണ്ട് തുമ്പി പകർന്നുതന്ന എഴുത്തിന്റെ രണ്ടാം ഭാഗവും നിങ്ങൾക്കായി സമർപ്പിക്കുന്നു…

… കഴിഞ്ഞ അധ്യായം പ്രേമി വായിച്ചു നിർത്തിയത്, മാധവൻ P.C.F പ്രസ്ഥാനത്തിൽ ചേർന്നത് പറഞ്ഞുകൊണ്ടായിരുന്നു… തുടർന്ന് വായിക്കുക…

… “കുഞ്ചിരിയമ്മ…. നെറ്റ് വിളിച്ചു, മോളേ.. സുനീതേ…. സൂ…,  ഞ്ഞി… ആ വിളക്ക് എടുത്തങ്ങ് മാറ്റിവെച്ചേ…”

സുനിത വന്ന്, കത്തുന്ന നിലവിളക്കെടുത്ത് പടിഞ്ഞീറ്റയിലേക്ക് നടന്നു…. വിളക്കും പലകയും പടിഞ്ഞിറ്റയിൽ വെച്ച് നമസ്ക്കരിച്ചു, നിലവിളക്കിന്റെ തിരി ചൂണ്ടുവിരൽ കൊണ്ട് താഴ്ത്തി കെടുത്തി. ആ വിരൽ തലയിൽ തേച്ച്

കുഞ്ചിരിയമ്മ കാലും നീട്ടി മെല്ലെ ചുമരിൽ ചാഞ്ഞ് ഇരുന്നുകൊണ്ട് എന്തോ ആലോചനയിലും മുഴുകി.

… പുറത്ത് ചാറ്റൽ മഴ ചെറുതായി പെയ്യുന്നുണ്ടായിരുന്നു. സുരേഷ് സെൽഫോൺ റീചാർജ് ചെയ്യാൻ പുറത്തേക്കിറങ്ങാൻ നോക്കിയതാ, അപ്പോഴാണ് മഴ തുടങ്ങിയത്.

പ്രേമി പറഞ്ഞു: “സുരേഷേട്ടാ, ഡാറ്റ ഇന്നത്തേക്ക് കൂടി ഇണ്ട്. ഇങ്ങള് മഴയത്ത് പോണ്ട…”

“മുടി മുറിക്കാൻ പോകണം എന്ന് പറഞ്ഞതല്ലേ? അപ്പോൾ റീചാർജ് ചെയ്താൽ മതി. അതിനായിട്ട് ഇന്ന് പോവണ്ട. നാളെ പോയാൽ മതി…”

ഇതുകേട്ട് സുരേഷ് പറഞ്ഞു: “അല്ലെങ്കിലും മഴയത്ത് എങ്ങനെയാ കുടയില്ലാതെ പോവാ… കുടയുള്ളത് രണ്ടും കുഞ്ഞാപ്പുവച്ചന്റെ അടുത്താ ഉള്ളത്!”

കുഞ്ചിരിയമ്മ അൽപ്പം ശബ്ദത്തിൽ ..  “ഞ്ഞി എത്ര ദിവസായെടാ അത് നന്നാക്കാൻ കൊടുത്തിട്ട്?”

“മഴക്കാലമല്ലാത്തതിനാൽ സൗകര്യം പോലെ വാങ്ങിക്കാമല്ലോ എന്ന് കരുതിയതാ വല്യമ്മേ… എന്നിട്ട് ഇപ്പോ എന്തായീ…” ?

“അതാ പറയുന്നേ, ചെയ്യേണ്ട കാര്യം അപ്പപ്പം ചെയ്യണം… അല്ലെങ്കിൽ ഇങ്ങനെയാ ഉണ്ടാവാ… ഉം…”

“ഉയിശ്… ഈ വല്യമ്മ… ഇത്രേം ദിവസോം നല്ല വെയിലല്ലേനാ… ഞാനറിഞ്ഞിനാ ഇത്രപെട്ടെന്ന് മഴവരൂന്ന്…”

“നാളെ മുടിമുറിക്കാൻ പോകുമ്പം വാങ്ങാന്ന് വിചാരിച്ചതാ. അപ്പോഴേക്കല്ലേ നിരീച്ചിക്കാണ്ടുള്ള മഴ! എന്തായാലും നാളെപ്പോയി വാങ്ങണം!”

“ഈ മഴ എപ്പോഴാ പെയ്യാ എന്നൊന്നും പറയാൻ പറ്റാണ്ടായി… അല്ലെങ്കിലും ഇപ്പോഴത്തെ മഴയെല്ലാം കാലം തെറ്റിയല്ലേ പെയ്യുന്നത്…”

ഇതിനിടയിൽ കുഞ്ചിരിയമ്മ ചോദിച്ചു: “ഏതു കുഞ്ഞാപ്പു…. ആ സുരേഷേ? വണ്ടിയാപ്പീസിൽ പോകുന്ന… വയിക്ക്, തോട്ടിന്റെ അടുത്തുള്ള കുഞ്ഞാപ്പുവാ…?”

സുരേഷ് പറഞ്ഞു: “അതെ വല്യമ്മേ…! ആ കുഞ്ഞാപ്പുവച്ചൻ തന്നെ…!”

“അയാളെപ്പറ്റിയും ഒരു കഥ എഴുതീനല്ലോ?”

“അതെ, അതെ. അതിന്റെ പേര് ‘കുട നന്നാക്കുന്ന കുഞ്ഞാപ്പുവച്ചൻ… ഡോക്ടർ കുഞ്ഞാപ്പുവച്ചൻ’. ഇതിൽ കുഞ്ഞാപ്പുവച്ചനെ ഡോക്ടറായിട്ടാ അവതരിപ്പിച്ചേ! നല്ല രസോണ്ട് വായിക്കേൻ…”

“അതിന്റെ അടുത്ത് തന്നെയാ വാസൂട്ടിയേട്ടന്റെ കടയും!”

“ഏതു വാസൂട്ടിയാ സുരേഷേ?”

“അത് നമ്മുടെ മുടി മുറിക്കുന്ന വാസൂട്ടിയേട്ടൻ. ഓ…”

“ഓറപ്പറ്റിയും എന്തോ എഴുതാനല്ലോ?”

പ്രേമി ചിരിച്ചുകൊണ്ട് പറഞ്ഞു: “എഴുതീന്, ‘വാസൂട്ടി ദി ഗ്രേറ്റ്’. അതും നല്ല രസായിട്ട് എഴുതീട്ടുണ്ട്. ഓറ് ഇതൊന്നുമല്ല വല്യമ്മേ, കുറെ കഥ എഴുതീട്ടുണ്ട്. ആശുപത്രീലെ ഡേവിഡ് ഏട്ടനെക്കൊണ്ട്, ചെമ്പ ഗോപാലേട്ടനെക്കൊണ്ട്, ചോയീസ് ബേക്കറിയെപ്പറ്റി, പണ്ടൊരു ഹോട്ടലുണ്ടായിരുന്നു ‘പ്ലെന്റി’, അതിനെപ്പറ്റി… അങ്ങനെ കുറെ കഥയുണ്ട് വല്യമ്മേ… ശരി ശരി…”

എന്നിട്ട് പ്രേമി വീണ്ടും മാധവന്റെ കഥ വായിക്കുവാൻ വേണ്ടി ഫോണെടുക്കാൻ അകത്തേക്ക് പോയി…

… ശക്തമായ കാറ്റ് വീശുന്നുണ്ട് പുറത്ത് അപ്പോഴും! മഴയ്ക്ക് അൽപ്പം ശമനം വന്നിട്ടുണ്ട്… എങ്കിലും കുഞ്ചിരിയമ്മയ്ക്ക് നല്ല തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി…

പുതച്ച കമ്പളി ഒന്നുകൂടി ദേഹത്ത് മുറുകെ ചുറ്റി കുഞ്ചിരിയമ്മ വീണ്ടും ആലോചനയിൽ മുഴുകി……

ഇറയത്തുവച്ച പാത്രത്തിൽ മഴത്തുള്ളികൾ താളം പിടിക്കുന്നത് കണ്ടാസ്വദിച്ച കുഞ്ചിരിയമ്മ അറിയാതെ മയക്കത്തിലേക്ക്…!

… ചാറ്റൽ മഴ, പിന്നെ ഇടിവെട്ടോടുകൂടിയുള്ള മഴയായി കനത്തു, ശക്തമായ കാറ്റും. ഇടയ്ക്കിടയ്ക്ക് ഫോട്ടോ ഫ്ലാഷ് ചെയ്ത് പ്രകൃതിയുടെ ചിത്രമെടുത്തുകൊണ്ട് മിന്നലും! പെട്ടെന്ന് അതിശക്തമായ ഒരു ഇടി മുറ്റത്ത് വന്നു പതിച്ചപോലെ…!

കൂട്ടത്തിൽ കുളിമുറിയുടെ മുകളിലുള്ള തകര ഷീറ്റിൽ എന്തോ വന്നു പതിച്ച ശബ്ദം കൂടി ആയപ്പോൾ…?

മയക്കത്തിൽ നിന്നും കുഞ്ചിരിയമ്മ അയ്യമ്പിളിച്ചു ഞെട്ടിയുണർന്നു…!

കുഞ്ചിരിയമ്മയുടെ കരച്ചിൽ കേട്ട് ദേവൂട്ടി പാഞ്ഞു വന്നു: “എന്തിനാമ്മേ ഇങ്ങള് കൂക്കിവിളിച്ചേ!” ദേവൂട്ടി ചോദിച്ചപ്പോൾ പറഞ്ഞു:

“ഞാനൊന്ന് മയങ്ങിയേനും. ആ മയക്കത്തിൽ കുറച്ച് പഴേ കാര്യം സ്വപ്നം കണ്ടു…”

“ഇങ്ങള് എന്ത് സ്വപ്നാപ്പാ ഈ മോന്തിയാമ്പോന്നേരംകണ്ടിനു!?”

“അത് മോളെ ഞാൻ ഇമ്മള് മിച്ചിലോട്ടു മാധവൻ? പാരീസിൽ പോയതും, അവിടന്ന് പോലീസാര് പിടിക്കുന്നതും, പിന്നെ ജയിലുന്ന് ഓറെ അടിക്കുന്നതും, ബൂട്ടിട്ട് ചവിട്ടുന്നതും… അവസാനം ഓറെ വെടിവെക്കുന്നതൊക്കെ കണ്ടോണ്ടിരിക്കുമ്പം, ഒര് ഭയങ്കര ഒച്ച കേട്ട്… പിന്നെ എന്തോ മണവും മൂക്കിൽ കേറി!”

“ഞാൻ വിചാരിച്ചു മാധവനെ വെടിവെച്ച ഒച്ചയും, വെടിമരുന്നിന്റെ മണവും ആണെന്ന്… ഞാൻ പേടിച്ചിട്ട് അയ്യമ്പിളിച്ചതാ ദേവൂട്ടീ…”

“അന്നേരല്ലേ… ഞ്ഞി അടുപ്പത്തുള്ള പുളീം മുളകിട്ട മീനിൽ ഉലുവയും കടുകും കറിവേപ്പിലയും കൂട്ടി വറത്തിട്ടപ്പോൾ ഉണ്ടായതിന്റെ റ്റിക്… റ്റിറിക്… റ്റിറിക്… ശ്ച്ചീന്ന് കടുക് പൊട്ടുന്ന ഒച്ചയും, മണവും മൂക്കിലടിച്ചു! എല്ലാം കൂടി ഒരുമിച്ചു കേട്ടപ്പോൾ ആകെ കൺഫ്യൂഷൻ ആയി… ദേവൂട്ടീ…”

ആ അന്താളിപ്പിൽ നിന്നും മോചിതയായ കുഞ്ചിരിയമ്മ ദേവൂട്ടിയോട് ചോദിച്ചു:

“എണേ… ദേവൂട്ടീ ചോറായോ? പൈക്കുന്ന്  (വിശന്നിട്ട്) . പൈച്ചിട്ട് വയറ്റിന്ന് ഒരു കാളല്… ഞ്ഞി ബേഗം ചെറു വിളമ്പിയാ… ആയിനേൽ?”

“ദേവൂട്ടീ… ചോറായിനമ്മേ. ഇങ്ങള് ഉറങ്ങുന്നത് കണ്ടോണ്ടാ… ഞാൻ വിളിക്കാഞ്ഞേ…”

“ഞാനൊറങ്ങിയതൊന്നുമല്ല. ഞാമ്പറഞ്ഞില്ലേ, ക്ഷീണം കൊണ്ട് ഒന്ന് അറിയാതെ മയങ്ങിപ്പോയീ ദേവൂട്ടീ… വയസ്സ് 98 കയിഞ്ഞില്ലേ…… ഇനി എത്ര കാലാന്ന് നിരീച്ചാ…”

ആത്മഗതമെന്നോണം: “എല്ലാം പോയില്ലേ…! എങ്ങനെയൊള്ള കുടുംബേനും? എല്ലാരും ഓരോ വഴിക്ക് പോയി…”

“ഇത്രനാളും മിച്ചിലോട്ടു വീട് അവിടെ ഉണ്ടായിരുന്നു. ഇപ്പോ അതും ഇല്ല. പറയാൻ ആരെങ്കിലും അന്വേഷിച്ചു വന്നാൽ കാണിക്കുവാൻ അവിടെ ഇപ്പം പണി തീരാത്ത ഒരു കെട്ടിടമാ ഉള്ളത്. അതാണെങ്കിൽ ഇതുവരെ മുഴുമിപ്പിച്ചിനുമില്ല…!”

“മാധവൻ… ആ വീട്ടിൽ താമസിച്ചിട്ടോ? കണ്ടിട്ടോ? ഇല്ലെങ്കിലും, ഒരു പക്ഷേ മാധവന്റെ ആത്മാവ് അവിടെ ഉണ്ടാവും, ഉറപ്പ്.”

“ചിലപ്പോ തോന്നും ശരിയാന്ന്… അല്ലാതെ അത് വാങ്ങാൻ പൈസ ഉള്ളോർക്ക് അതിന്റെ പണി ബേഗം മുഴുമിപ്പിച്ചൂടെ? … അതിന് എന്തോ മുടക്കുണ്ട്…”

“അത് വാങ്ങിയ ആള് ആ കെട്ടിടത്തിന് ‘മിച്ചിലോട്ട് കോംപ്ലക്സ്’ എന്ന് പേരിടും എന്ന് മാധവന്റെ ആത്മാവിനോട് പറഞ്ഞാൽ ഒരു പക്ഷേ തടസ്സം നീങ്ങുമായിരിക്കും… മുത്തപ്പാ… കാത്തോളണേ…”

ദേവൂട്ടി പറഞ്ഞു: “… ഇങ്ങള് വേണ്ടാത്ത ഓരോന്ന് ആലോചിച്ച് പ്രഷർ കൂട്ടണ്ട… എന്നിട്ട്?”

ബസിയെടുത്ത് ചോറ് വിളമ്പി, ഒരു സോസറിൽ പുളീം മുളകിട്ട മീനും. എന്നിട്ട് ഉറീമ്മന്ന് ചട്ടിയെടുത്ത് ഉച്ചയ്ക്ക് ബാക്കിയുള്ള ചക്കക്കുരുവും വെള്ളരിക്കൂട്ടാനും എടുത്തു.

തേങ്ങ അരച്ച് വെച്ചത് കാരണം കുറച്ച് മുയ്ത്തിന്. കുഞ്ചിരിയമ്മ പറഞ്ഞു: “ഞ്ഞി കുറച്ച് വെള്ളം പതപ്പിച്ച് ഇച്ചിരി ഒഴിച്ച് ചട്ടി ഒന്ന് വട്ടംചുറ്റിച്ചിട്ട് ഈ കോപ്പേല് ഒഴിച്ചേ ദേവൂട്ടി…”

ദേവൂട്ടി പറഞ്ഞതുപോലെ ചെയ്ത് കോപ്പേല് വിളമ്പി അമ്മയ്ക്ക് കൊടുത്തു. ഗ്ളാസ്സിൽ വെള്ളം കൊടുത്തപ്പം കുഞ്ചിരിയമ്മ പറഞ്ഞു: “… കുടിക്കാൻ എനിക്ക് കഞ്ഞിവെള്ളം മതി…”

ദേവൂട്ടി വെള്ളമെടുക്കുമ്പം കുഞ്ചിരിയമ്മ പറഞ്ഞു: “എണേ… ഇഞ്ഞി കഞ്ഞിവെള്ളം എടുക്കുമ്പം മേലായി അരിച്ചെടുക്കണേ… ഇച്ചിരി ഉപ്പും ഇട്ടേക്കൂ അതില്…”

ദേവൂട്ടി പറഞ്ഞു: “ഇങ്ങള് ഈ വയസ്സ് കാലത്ത് ഉപ്പൊന്നും അധികം കയിക്കണ്ടേക്കളെ?”

കുഞ്ചിരിയമ്മ… എന്തോ ആലോചിച്ചു: “മര്യാദയ്ക്ക് ഭക്ഷണം കായിച്ചോണ്ടിരുന്ന കണാരേട്ടനാ?”

“ഒരിക്കൽ തെങ്ങ് കെട്ടാൻ പോയപ്പം ചെറിയ തലചുറ്റല് ഉണ്ടായതല്ലേ…? ഡോക്ടറെ കാണിച്ചപ്പം പറഞ്ഞു പ്രഷറാന്ന്…!”

“അന്ന് തൊടങ്ങി ഓർക്ക് അസുഖം. ഉപ്പ് കൂട്ടണ്ടായി, പഞ്ചാര കൂട്ടണ്ടായി, പപ്പടം തിന്നൂല്ല, അച്ചാർ കൂട്ടൂല്ല… വെളിച്ചെണ്ണ വേണ്ടാന്ന് പറഞ്ഞ് വേറെന്തോ ഓയിൽ പറഞ്ഞു. വെളിച്ചെണ്ണയിൽ കൊളസ്ട്രോളാണുപോലും…”

“പിന്നെ ഭക്ഷണത്തിനൊന്നും രുചി ഇല്ലാന്ന് പറഞ്ഞ് ഭക്ഷണം ഒന്നും കയിക്കാണ്ട്… കയിക്കാണ്ട്… ഒടുവിൽ രോഗിയാക്കി…!!”

“അത്യാവശ്യം കള്ളുകുടിക്കുമായിരുന്നു കണാരേട്ടൻ! ഷുഗർ കൂടുന്നൂന്ന് പറഞ്ഞ് അതും കുടിക്കാണ്ടായി… അതോടെ കണാരേട്ടന്റെ ഉശാറും പോയി…”

“രണ്ടീസം മുമ്പ് റീന പറയുന്നുണ്ടായിരുന്നു, ‘കള്ളോളം നല്ലൊരു വസ്തു ഭൂലോകത്ത് ഇല്ലെടാ മന്നാ’ന്ന് പറഞ്ഞ് ഞ്ഞി ഇപ്പം വായിക്കുന്ന കഥ പോലെ ഒന്നുണ്ട്ന്ന്.”

“അന്ന് ഓളത് പറഞ്ഞപ്പം ഞാൻ കണാരേട്ടനെ ഓർത്തു… കണാരേട്ടന് കള്ളുഷാപ്പിൽ പോയാൽ ചങ്ങാതിമാരെല്ലാം കൂടി പാട്ടും കഥയും ഒക്കെ പറയും. വരുമ്പം ഒരുണ്ടകുപ്പി വീട്ടിൽ കൊണ്ടുവരും. ഒരു ഗ്ലാസ്സ് എനിക്കും തരും…”

“ആദ്യമൊക്കെ എനിക്ക് പിടിക്കൂല്ലായിരുന്നു. പിന്നെ അതിന്റെ രസം പിടിച്ചു. അത് ഇല്ലാതെ പറ്റൂല്ലന്നായി… അതെല്ലാം ഒരു കാലം…!”

“ഒരീസം ഞാൻ കണാരേട്ടനോട് ചോദിച്ചു: ‘ഇങ്ങളെന്തിനാ കണാരേട്ടാ ദിവസോം കള്ളുഷാപ്പിൽ പോണേ? ഇങ്ങക്ക് വാങ്ങിച്ചിട്ട് ഇവിടന്ന് കുടിച്ചൂടേന്ന്?'”

“അന്നേരം ഓര് പറഞ്ഞു: ‘കുഞ്ചിരീ, അവിടെപ്പോയാല് ചങ്ങാതിമാരെല്ലാം ഉണ്ടാവും… ഞമ്മള് ഓരോ കാര്യങ്ങള് പറയും, ഞമ്മളെ വിഷമങ്ങള് പറയും, ചിലപ്പം പാട്ടു പാടും… ചില ദിവസങ്ങളിൽ ചെറുപ്പക്കാര് കുട്ട്യോള് വരും. ഓരപ്പരം കൂടി ഞമ്മള് പാട്ടു പാടും. അന്നേരം ഞമ്മളും ചെറുപ്പമാവും…!'”

“‘ഈ സുഖോം സന്തോഷോം വീട്ടിലിരുന്നാ കിട്ടോ കുഞ്ചിരീ…? ഇതെല്ലം ആയുസ്സിന് നല്ലതാന്നു…!'”

“എന്നിട്ടെന്തേ? തീരെ വയ്യാണ്ടായപ്പം ആസ്പത്രീന്ന് ഷുഗർ കുറവാന്ന് പറഞ്ഞ് ഗ്ലൂക്കോസ് കുത്തിക്കേറ്റും…! പിന്നെ പോയാൽ സോഡിയം കുറവാന്ന് പറഞ്ഞ് ഉപ്പിന്റെ വെള്ളം കുത്തിക്കേറ്റും…”

“ഇപ്പോ പറയുന്നു, ഓയിലൊന്നും നല്ലതല്ല, വെളിച്ചെണ്ണ തന്നെയാ നല്ലതെന്ന്…! കലികാലം എന്നല്ലാതെ എന്താ പറയാ…”

“ഇനി പറഞ്ഞിട്ടെന്താ, തിന്നാണ്ട് കുടിക്കാണ്ട് ഓര് പോയി…”

“ഇതൊന്നും നോക്കണ്ടന്നല്ലേ ആ ഹെഗ്ഡെ ഡോക്ടർ പറയുന്നേ…?”

“എന്നെ നോക്കറോ? 98 കവിഞ്ഞില്ലേ? എന്തെങ്കിലും രോഗം ഉണ്ടോ? നല്ലോണം തിന്നാ, നല്ലോണം പണിയെടുക്കാ, നല്ലോണം ഉറങ്ങാ… ഒരു രോഗോം ഉണ്ടാവൂല്ല…”

എന്നിട്ട് ദേവൂട്ടിയോട് പറഞ്ഞു: “ഞ്ഞി ആ കുട്ട്യോളെ ഭക്ഷണം കയിക്കാൻ വിളിച്ചോ?”

“ഞാൻ വിളിച്ചമ്മേ. കുട്ട്യേളോട് ഇപ്പം വേണ്ടാന്ന്…”

“ഓള് പറഞ്ഞു: ‘ഞമ്മള് ഇപ്പം തിന്നുന്നില്ല, പിന്നെ തിന്നോളാം’ എന്ന്…”

ദേവൂട്ടിയും കുഞ്ചിരിയമ്മയും ഭക്ഷണം കഴിച്ച് ടി.വി.യുടെ മുന്നിലിരുന്നു. സീരിയൽ കാണാൻ തുടങ്ങി…

കുഞ്ചിരിയമ്മ വെറ്റിലച്ചെല്ലം തുറന്ന് മുറുക്കാനുള്ള തയ്യാറെടുപ്പ് തുടങ്ങി.

ഇതിനിടയിൽ കുട്ട്യേള് വന്ന് ഭക്ഷണം കഴിച്ചു. ഫോണിൽ കുത്തിക്കളിക്കാൻ തുടങ്ങിയപ്പം കുഞ്ചിരിയമ്മ ചോദിച്ചു: “എണേ, ഞ്ഞി കഥ വായിക്കുന്നില്ലേ?”

പ്രേമി ബ്ലോഗ് തുറന്ന് വീണ്ടും വായിക്കാനുള്ള ശ്രമമാരംഭിച്ചു. സ്വയം പറയുന്നുണ്ട്: “ഡാറ്റ കുറവാണെന്ന് തോന്നുന്നു… വല്ലാണ്ട് സ്ലോ ആവുന്നുണ്ട്. നാളെ റീചാർജ് ചെയ്യണം…”

“വല്യമ്മേ, എനിക്ക് നാളെ ഒരഞ്ഞൂറ് ഉറുപ്പ്യ തരണേ…” പ്രേമി ചോദിച്ചു.

“ഇനിക്കെന്തിനാപ്പാ ഇപ്പം അഞ്ഞൂറ് ഉറുപ്പ്യ?”

“അത് ഫോണില് പൈസ തീരാൻ പോവുന്നു… കഥ വായിക്കണേൽ ഡാറ്റ വേണം! ഡാറ്റയ്ക്ക് 499 ഉറുപ്പ്യ വേണം വല്യമ്മേ…”

“ഹ…ഹ… ടാറ്റയ്ക്കാ… ഒറേടത്തും പൈസയില്ലാണ്ടായാ!”

“ഒരു മല്ലനുണ്ടായിരുന്നു, ഓൻ കിട്ടുന്നേടത്തുന്നെല്ലാം പൈസേം മാങ്ങി നാടുവിട്ടു… ഇപ്പം ടാറ്റേന്റടുത്തും പൈസ ഇല്ലേ?”

കുട്ട്യേളെല്ലാം ഉച്ചത്തിൽ ചിരിച്ചിട്ട് പറഞ്ഞു: “ടാറ്റായല്ല… വല്യമ്മേ? ഓറ് ഇപ്പോഴും വല്യ ആള് തന്നെ! ഇത് ഫോണിലെ ഡാറ്റ… ഡാറ്റ…”

“ആയേ… അതാ ഞാനും നിരിക്കുന്നെ. ഇപ്പോഴല്ലപ്പാ ഓറ് വിമാനം വരെ വാങ്ങിയേ. അപ്പോഴേക്ക് പൈസ ഇല്ലാണ്ടായാ?”

“ഒന്നും പറയാൻ പറ്റൂല്ല. ഒരാള് ഇതുപോലെ വിമാനം വാങ്ങിയേന് ശേഷാ കോയപ്പൊത്തിലായെ… പിന്നെ ഓർക്ക് നിക്കക്കള്ളി ഇല്ലാണ്ടായി നാട് വിട്ടു…!”

… പുറത്തെ കാലാവസ്ഥ ശരിയായിട്ടില്ല. കാറ്റ് ഇപ്പോഴും വീശിക്കൊണ്ടിരിക്കുന്നുണ്ട്! നെറ്റ്‌വർക്ക് സിഗ്നൽ കുറവായതിനാൽ ബ്ലോഗ് ഓപ്പൺ ചെയ്യാൻ താമസം നേരിടുന്നുണ്ട്.

സുരേഷും, സുനിതയും, ശ്രീജയും ചുറ്റുമുണ്ട്. എല്ലാരും പ്രേമീ…നേം , ഫോണും മാറി മാറി നോക്കുന്നുണ്ട്.

ഇതിനിടയിൽ കുഞ്ചിരിയമ്മ ക്ഷമകെട്ട് പറഞ്ഞു: “അഞ്ഞൂറ് ഉറുപ്പ്യ ഇതിലും നല്ലത് ബാബൂന്റെ ബുക്ക് വാങ്ങിയാ മതിയേനും…”

“എണേ പ്രേമീ, ഞ്ഞി ഇന്നലെ നിർത്തിയത് മാധവൻ കമ്മ്യൂണിസ്റ്റിൽ ചേർന്നെന്ന് വായിച്ചിട്ടല്ലേ? ഞ്ഞി പിന്നെന്തിനാ പരതുന്നത്?”

“എന്നാ… ഞ്ഞി… ഇതൂടി കേട്ടോ?”

“ഗാന്ധിജി പുത്തൽത്തു വന്നത് ഇഞ്ഞി വായിച്ചല്ലോ?”

“അന്ന് ഒരു കാര്യം എല്ലാരോടും ഓറ് പറഞ്ഞു: ‘എനിക്ക് കമ്മ്യൂണിസ്റ്റെന്നോ? കോൺഗ്രസ്സെന്നോ? ബ്രിട്ടീഷ് ഇന്ത്യ എന്നോ? ഫ്രഞ്ച് ഇന്ത്യ എന്നോ? പോർച്ചുഗീസ് ഇന്ത്യ എന്നോ? എന്ന വ്യത്യാസമൊന്നുമില്ല. 

എനിക്കെല്ലാവരും ഒരുപോലെയാ. എല്ലാരും ഞമ്മളെപ്പോലെത്തന്നെ. ഇതെല്ലാം ഒരു രാജ്യമാണ്. നിങ്ങളുടെ ഞരമ്പിലുള്ള ചോര തന്നെയാ എന്റെയും ഞരമ്പിലുള്ളത്!

കാലാവസ്ഥയും ആചാരങ്ങളും വ്യത്യസ്തമായിരിക്കാം. പോലീസിന്റെ തൊപ്പിയുടെ നിറവും സ്കൂളുകളിൽ പഠിപ്പിക്കുന്ന ഭാഷയും മാറിയിരിക്കാം. എന്നാൽ നിങ്ങളും ബ്രിട്ടീഷ് ഇന്ത്യയിലെ ജനങ്ങളും തമ്മിൽ വ്യത്യാസമൊന്നുമില്ല.’ ഇത് കണാരേട്ടനാ എന്നോട് പറഞ്ഞേ…”

“ഞാൻ കേട്ടിട്ടില്ല. അന്ന് എനിക്ക് അതിന് പ്രായമായിട്ടില്ല… ഞാൻ ഗാന്ധിജീനെ കാണണമെന്ന് പറഞ്ഞ് എത്ര കരഞ്ഞിനു! എന്നെ ആരും കൊണ്ടുപോയില്ല. അതിനും വേണം ഭാഗ്യം…”

ഇതുകേട്ടപ്പോ ഞാനും ആലോചിച്ചു: “ഓറ് പറഞ്ഞത് ശരിയല്ലേ? പിന്നെന്തിനാപ്പാ കുമാരൻ മാഷും, ഉസ്മാൻ മാഷും, മംഗലാട്ടും, കുറെ ആള്‍ക്കാരും ഫ്രഞ്ചുകാർ പോണന്നും പറഞ്ഞ് സമരം ചെയ്യുന്നേ?”

“അതോണ്ടല്ലേ ചെറുകല്ലായി കുന്നുമ്മല് അച്യുതനും അനന്തനും വെടികൊണ്ട് മരിച്ചത്?”

“ഇതോൽത്തന്നെയായിരിക്കും മാധവനും വെടികൊണ്ടിട്ടുണ്ടാവുക…”

“ഇമ്മാൾത്തല് പേപ്പറിൽ കണ്ടു, വയനാട്ടിൽ ഏതോ ഒരാളെ വെടിവെച്ച് കൊന്നെന്ന്. പണ്ട് വർഗീസിനെ വെടിവെച്ച് കൊന്നു, പുഷ്പനെ വെടിവെച്ചു, ഓനതാ ഇപ്പോഴും വയ്യാണ്ട് കിടക്കുന്നത്… ഇപ്പം എത്ര കൊല്ലായീ…”

“ഒഞ്ചിയത്തും പുന്നപ്രേലും വെടിവെപ്പ് ഇല്ലേനോ? എത്രയാള് മരിച്ചിട്ടുണ്ട്… ഒരെല്ലാം കമ്മ്യൂണിസ്റ്റുകാരാ…”

“മാധവനും കമ്മ്യൂണിസ്റ്റേനും… ഫ്രഞ്ച് കമ്മ്യൂണിസ്റ്റ്… മാധവൻ ഇടതു ചിന്താഗതിക്കാരനേനും. അതുകൊണ്ടല്ലേ ഓർക്കും വെടികൊണ്ടേ…?”

ഇതിനിടയിൽ പ്രേമിക്ക് നെറ്റ്‌വർക്ക് കണക്ഷൻ കിട്ടി, എങ്കിലും ഇടയ്ക്ക് സ്റ്റക്ക് ആവുന്നുണ്ട്. പ്രേമി വായന തുടർന്നു:

… മാധവന്റെ ഇടതു ചിന്താഗതിക്ക് വേഗം കൂട്ടിയത് പാരീസിൽ പഠിക്കുന്ന കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഫ്രഞ്ച് ഇന്ത്യയുടെ സെക്രട്ടറിയായ വരദരാജുലു സുബ്ബയ്യയ്ക്കൊപ്പം അടുത്ത് ഇടപഴകുകയും, പലപ്പോഴും വരദരാജുലു സുബ്ബയ്യ ഫ്രാൻസിൽ ഉള്ള കാലത്ത് മാധവനുമൊത്ത് പാരീസ് നഗരങ്ങൾ ചുറ്റിനടന്നും അന്യോന്യം ആശയവിനിമയം നടത്തിയതിലൂടെ ഒരു ആത്മബന്ധം സ്ഥാപിച്ചെടുത്തിരുന്നു എന്ന് വേണം കരുതാൻ.

അത്രയ്ക്ക് അടുത്ത് ഇടപഴകിയതുപോലെയായിരുന്നു ഇവർ തമ്മിലുള്ള പെരുമാറ്റം കണ്ടാൽ.

2011-ൽ ഇന്ത്യാ ഗവൺമെന്റ് സുബ്ബയ്യയുടെ ഒരു സ്റ്റാമ്പ് പുറത്തിറക്കി. ബ്രിട്ടനിൽ നിന്ന് സ്വാതന്ത്ര്യം നേടിയ നായകന്മാരിൽ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രതിമ ഇന്ന് പോണ്ടിച്ചേരിയിൽ, (പുതുച്ചേരിയിൽ) നിലകൊള്ളുന്നു.

മാധവന്റെ സൊർബോൺ സർവ്വകലാശാലയിലെ പഠനം തുടരവെയാണ് രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുന്നത്! അപ്രതീക്ഷിതമായാണ് ജർമൻ സൈന്യം ഫ്രാൻസിലേക്ക് ഇരച്ചുകയറിയത്. ഫ്രഞ്ച് ഭരണം കൈക്കലാക്കാൻ പൊതുവെ സമാധാനപ്രിയരായിരുന്ന ഫ്രഞ്ചുകാരിൽ നിന്നും വലിയ പ്രതിരോധമൊന്നും നാസികൾക്കു നേരിടേണ്ടി വന്നില്ല.

അങ്ങനെ ഫ്രാൻസിനെ ജർമനി കീഴടക്കി.

എന്നാൽ ഈ നടപടിയെ എതിർത്തുകൊണ്ട് ഒരു സംഘം ഫ്രഞ്ചുകാർ ‘അണ്ടർ ഗ്രൗണ്ട് റസിസ്റ്റൻസ്’ എന്ന സംഘടനയുണ്ടാക്കി ഫ്രാൻസിന്റെ മോചനത്തിനായി ഒളിപ്പോരാട്ടം തുടങ്ങി. മാധവൻ അതിൽ അംഗമാകുക മാത്രമല്ല, ആ സംഘടനയുടെ മുൻനിര നേതാവുമായിത്തീർന്നത് ഒരുപക്ഷേ ഗാന്ധിജിയിലൂടെയും, വരദരാജ സുബ്ബയ്യയിലൂടെയും ഉൾക്കൊണ്ട ആശയങ്ങൾ കൊണ്ട് തന്നെയായിരിക്കാം. മാധവനും അപ്രകാരം ചിന്തിച്ച് തീരുമാനമെടുത്തത്

ഇതിനിടയിൽ മാധവൻ താൻ താമസിച്ച ഗസ്റ്റ് ഹൗസിൽ വെച്ച് ഫ്രഞ്ച് കാരി ജിസേൽ മോലെറ്റുമായി പരിചയത്തിലാവുകയും, പതിയെ ആ അടുപ്പം അവർ തമ്മിൽ ഗാഢമായ സ്‌നേഹത്തിലാവുകയും ചെയ്തു…

ഇവരെക്കൂടാതെ മാധവന് 35-കാരനായ ഒരു ചൈനീസ്കാരൻ ചങ്ങാതി ഉണ്ടായിരുന്നു: “ലായ് സെ ചെംഗ്”. ഇവർ മൂന്നുപേരും ഒരുമിച്ചായിരുന്നു നാസി പടയാളികൾക്കെതിരെ ഒളിയുദ്ധം നടത്തിയിരുന്നത്. മലയാളിയായ മാധവൻ ഇവരുടെ നേതാവുമായി.

1942 മാർച്ച് 9 – ന്, B.S.1 ബ്രിഗേഡ് സ്പെഷ്യൽസിന്റെ രണ്ട് അന്വേഷകർ അദ്ദേഹത്തെ താമസിക്കുന്ന സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. കൂട്ടത്തിൽ അവരോടൊപ്പമുണ്ടായിരുന്ന മാധവന്റെ പ്രണയിനി ജിസേൽ മോലെറ്റിനെയും ഇവരുടെ സുഹൃത്തായ ലായ് സെ ചെംഗിനെയും അറസ്റ്റ് ചെയ്യുകയുണ്ടായി.

ബ്രിഗേഡ് സ്പെഷ്യൽസ് രണ്ടാം ലോകമഹായുദ്ധസമയത്ത് പാരീസ് പോലീസ് ആസ്ഥാനത്ത് സ്പെഷ്യൽ ബ്രിഗേഡുകൾ, B.S. ‘ആഭ്യന്തര ശത്രുക്കളെ’ പ്രധാനമായും കമ്മ്യൂണിസ്റ്റുകാരെയും, അപൂർവ്വമായി രക്ഷപ്പെട്ട തടവുകാരെയും കണ്ടെത്തുന്നതിൽ വൈദഗ്ധ്യം നേടിയ ഒരു പോലീസ് സേനയായിരുന്നു.

ഇടയ്ക്ക് കുഞ്ചിരിയമ്മ പ്രേമിയോട് പറഞ്ഞു: “ന്ക്ക്… ന്ക്ക്; ഇതുപോലെ ഒരു സംഭവം മയ്യലും ഉണ്ടായിരുന്നു… ഇഞ്ഞി അറിയ്യോ? ഉസ്മാൻ മാഷെ ഫ്രഞ്ച് പോലീസ് പെട്ടെന്ന് വന്ന് സ്‌കൂൾ വളഞ്ഞ് അറസ്റ്റ് ചെയ്തത്…”

ഉസ്മാൻ മാഷ് സാധാരണ വരുമ്പോലെ സ്കൂളിൽ പഠിപ്പിക്കാൻ വന്നു. മാഷ് ഹിന്ദിയാണ് പഠിപ്പിക്കുന്നത്. മാഷ് സ്‌കൂളിലെത്തി കുട്ടികളെ പദ്യം പഠിപ്പിക്കുകയായിരുന്നു… മാഷ് ചൊല്ലിക്കൊടുക്കും, കുട്ടികൾ ഏറ്റു പാടും…

ഝണ്ഡാ ഊംചാ രഹേ ഹമാരാ  

ഝണ്ഡാ ഊംചാ രഹേ ഹമാരാ!  

ജഗ ജഗ ചമകേ ഹിന്ദ് കാ താരാ 

ജഗ ജഗ ചമകേ ഹിന്ദ് കാ താരാ..  

ഝണ്ഡാ ഊംചാ രഹേ ഹമാരാ  

ഝണ്ഡാ ഊംചാ രഹേ ഹമാരാ..  

ജഗ ജഗ ചമകേ ഹിന്ദ് കാ താരാ 

ജഗ ജഗ ചമകേ ഹിന്ദ് കാ താരാ..  

ഝണ്ഡാ ഊംചാ രഹേ ഹമാരാ  

ഝണ്ഡാ ഊംചാ രഹേ ഹമാരാ..

ഭാരത കാ സരതാജ് തിരംഗാ… ഭാരത കാ സര… കുട്ടികൾ പാടാൻ തുടങ്ങുമ്പോൾ

ഫ്രഞ്ച് പോലീസെത്തി ക്ലാസ്‌റൂം വളഞ്ഞു. ഉസ്മാൻ മാഷെ പിടിച്ചു. കുട്ടികൾ പേടിച്ചിട്ട് കരയാൻ തുടങ്ങി. കുട്ടികളുടെ കൂട്ടക്കരച്ചിൽ കേട്ടിട്ട് ഓടിയെത്തിയ ഹെഡ്മാസ്റ്റർ മംഗലാട്ട് ഗോവിന്ദൻ മാസ്റ്ററോട് പോലീസ് ഇൻസ്പെക്ടർ പറഞ്ഞു: “ഞങ്ങൾ ഈ രാജ്യദ്രോഹിയെ കൊണ്ടുപോകുന്നു” എന്ന് പറഞ്ഞ് മാഷെ പിടിച്ചു വലിച്ചു.

അന്തംവിട്ട് നിൽക്കുന്ന മാഷമ്മാരുടെയും പേടിച്ചരണ്ട് വിതുമ്പുന്ന കുട്ടികളുടെയും മുന്നിൽ വെച്ച് കൈയ്യാമം വെച്ച്, ഉസ്മാൻ മാഷെ പള്ളൂരിൽ നിന്ന് മയ്യഴി വരെ ഇന്ത്യൻ പ്രദേശത്തിലൂടെ നടത്തിച്ചു കൊണ്ടുപോയി!

അത് വലിയ കഥയാണ്… ആ കഥ അങ്ങനെ ഇങ്ങനെ പറഞ്ഞാലൊന്നും തീരില്ല. മാധവന്റെ കഥപോലെ! കോവുക്കലെ ബാലേട്ടന്റെ കഥപോലെ! മംഗലാട്ടിന്റെയും, കുമാരൻ മാഷിന്റെയും കഥപോലെ! എഴുതാൻ പറയണം…

“അങ്ങനെയായിരിക്കും മാധവനേയും നാസികൾ അറസ്റ്റ് ചെയ്തിട്ടുണ്ടാവുക, അല്ലേ മോളേ…?”

വല്യമ്മ ഇത് പറഞ്ഞതോടെ കുട്ടികളുടെ മുഖമെല്ലാം വാടി.

കുഞ്ചിരിയമ്മ എന്തോ ആലോചനയിലുള്ള പ്രേമിയോട് പറഞ്ഞു: “ഇഞ്ഞി വായിക്കണേ…”

പ്രേമി തുടർന്ന് വായിക്കാൻ തുടങ്ങി…

… ഈ അറസ്റ്റിന്, മാധവന്റെ അറസ്റ്റിന് ആധാരമെന്ന് കരുതുന്നത് ഫ്രഞ്ച് അധികാരികൾക്ക് ലഭിച്ച രഹസ്യവിവര പ്രകാരം, നാസികൾക്കെതിരെ വിധ്വംസക പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്ന വിവരത്തിന്റെ ചില രേഖകൾ ഇവരുടെ സുഹൃത്തായ ജോർജസ് ഡുഡാച്ചിന്റെ വസതിയിൽ വെച്ച് കണ്ടെടുത്തപ്പോൾ അതിൽ മാധവനുമായി ബന്ധപ്പെട്ട ചില രേഖകളും കാണാനിടയായി! ഇതുകാരണം മാധവനിലും അധികാരികൾക്ക് സംശയം ഉണ്ടാവുകയും, തുടർന്നുള്ള മാധവന്റെ അറസ്റ്റിന് കാരണമായത് ജോർജസ് ഡുഡാച്ചും ഭാര്യ ഷാർലറ്റ് ഡെൽബോയും ഫ്രഞ്ച് ‘അണ്ടർ ഗ്രൗണ്ട് റസിസ്റ്റൻസ്’ എന്ന സംഘടനയിലെ അംഗങ്ങളായിരുന്നു എന്ന് കണ്ടെത്തിയതിനാലായിരുന്നു.

അറസ്റ്റ് ചെയ്ത മാധവനെയും ചങ്ങാതിമാരെയും പാരീസിലെ ജർമൻകാർ ഭരിക്കുന്ന ചെർചെ – മിഡി ജയിലിൽ തടവിലാക്കി. പിന്നീട് അദ്ദേഹത്തെ 1942 ഓഗസ്റ്റ് 24ന് നാസി തടങ്കൽപ്പാളയമായ റൊമെയ്‌ൻ‌വില്ലെ കോൺസൻട്രേഷൻ ക്യാമ്പിലേക്ക് മാറ്റി താമസിപ്പിച്ചു. കൊടും പീഡനത്തിന് വിധേയനാക്കിയ ശേഷമാണ് വധിക്കാൻ തീരുമാനിച്ചത്.

മാധവന്റെ അറസ്റ്റിനെ പ്രതിരോധിച്ചും, നാസികൾ തടവുകാരോട് കാട്ടുന്ന മൃഗീയ പീഡനത്തിലും പ്രതിഷേധിച്ചും, ഫ്രഞ്ച് മോചനത്തിന്റെ ഭാഗമായി ചില തീവ്രസ്വഭാവമുള്ള ഫ്രഞ്ച് അനുകൂലികൾ, ഇവരുടെ സംഘടനയിലെ അംഗങ്ങൾ, ഫ്രാൻസിലെ റെക്‌സ് സിനിമയ്ക്ക് മുന്നിൽ 1942 സെപ്റ്റംബർ 17-ന് രണ്ട് സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച് സ്ഫോടനത്തിനുള്ള ഒരുക്കം കൂട്ടി. അതിൽ ഒന്ന് പൊട്ടിത്തെറിക്കുകയും ആ സ്ഫോടനത്തിൽ പത്തൊമ്പത് പേർക്ക് പരിക്കേൽക്കുകയും രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.

ഇതിൽ വിറളി പൂണ്ട ജർമൻ ഭരണകൂടവും നാസി പടയാളികളും ചേർന്ന് പ്രതികാരമായി, നൂറ്റിപ്പതിനഞ്ചോളം പേരെ ഇതുമായി ബന്ധപ്പെടുത്തി ബന്ദികളാക്കി ജയിലിലടച്ചു.

വധത്തിന് മുന്നോടിയായി മാധവനോടൊപ്പം അറസ്റ്റ് ചെയ്ത 115 ഓളം തടവുകാരെ കൈയ്യാമം വെച്ച് വാഹനത്തിൽ കയറ്റുമ്പോൾ പ്രതിഷേധിച്ച സഹതടവുകാരോട് ഇവരെയൊക്കെ കേസന്വേഷണത്തിന്റെ ഭാഗമായി മറ്റൊരു ക്യാമ്പിലേക്ക് കൊണ്ടുപോകുന്നു എന്ന് തെറ്റിദ്ധരിപ്പിച്ച് വാഹനത്തിൽ കയറ്റുകയായിരുന്നു.

നാസികളുടെ ചതിയറിയാവുന്ന സഹതടവുകാർ പ്രതിരോധിക്കും എന്ന് മുൻകൂട്ടി കണ്ടാണ് ഇത്തരത്തിലൊരു കഥ അവരെ ധരിപ്പിച്ചത്! ഇവരെ വാഹനത്തിൽ കയറ്റുമ്പോൾ മറ്റ് തടവുകാർ മുദ്രാവാക്യം മുഴക്കുകയും, ഫ്രഞ്ച് നാഷണൽ ഗാനം ആലപിച്ചും യാത്രയാക്കി എന്നും അറിയുന്നു.

എന്നാൽ ആ യാത്ര തങ്ങളുടെ മരണത്തിലേക്കുള്ള യാത്രയാണെന്ന് മാധവനോ ഒപ്പമുള്ള തടവുകാർക്കോ അറിയില്ലായിരുന്നു… എങ്കിലും നാസികളുടെ ചതി അറിയാവുന്ന ചിലർക്ക് ചില സംശയങ്ങളും ഉണ്ടായിരുന്നു.

എന്നാൽ വധശിക്ഷാ സമയത്ത് മാധവന്റെ ആകാര രൂപത്തിൽ സംശയം തോന്നിയ നാസി പട്ടാളക്കാർ മാധവനോട് ഏത് രാജ്യക്കാരനാണെന്ന് ചോദിക്കുകയും, താൻ ഇന്ത്യാക്കാരനാണെന്ന് വെളിപ്പെടുത്തിയാൽ തനിക്ക് രക്ഷപ്പെടാൻ സാധിക്കുമായിരുന്നു എന്ന് അറിഞ്ഞിട്ടും അത് വെളിപ്പെടുത്താതെ! മിച്ചിലോട്ടിനെ സംബന്ധിച്ച ഏറ്റവും അസാധാരണമായ കാര്യം? സഹതടവുകാരനായ പിയറി സെർജ് ചൗമോഫ് പിന്നീട് ഈ കാര്യം പൊതുസമൂഹത്തോട് വ്യക്തമാക്കിയതായിരുന്നു, പിന്നീട് ജയിൽ മോചിതനായതിനു ശേഷം.

ഒരുപക്ഷേ മിച്ചിലോട്ട് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞിരുന്നുവെങ്കിൽ അദ്ദേഹത്തെ നാസികൾ വെറുതെ വിടുമായിരുന്നു. ഫ്രഞ്ച് നാസി നേതാവ് കാൾ ഒബെർഗിന്റെ ഉത്തരവ് പ്രകാരം വെടിവച്ച് കൊന്ന 45 പേരിൽ ഒരാളാണ് മിച്ചിലോട്ട് മാധവൻ!

ഒരേ ഒരു ഇന്ത്യാക്കാരൻ. ജനനം കൊണ്ട് ഒരേയൊരു മലയാളിയും.

ഒരു തൂണിൽ കെട്ടിയിട്ട് കണ്ണുകെട്ടാതെ വെടിവച്ച് കൊല്ലുകയായിരുന്നു എന്ന് കേൾവി.

പ്രസ്തുത ശിക്ഷ വിധിക്കാൻ നാസികൾ മാധവനിൽ കണ്ടെത്തിയ കുറ്റാരോപണം: റെക്‌സ് സിനിമാ ബോംബ് കേസ് ഒരു ഗൂഢാലോചനയുടെ ഭാഗമായി എടുക്കുകയും ഇവരുടെ കൂട്ടത്തിൽ മാധവനെയും ഉൾപ്പെടുത്തി. ഇതിന് അധികാരികൾ കണ്ടെത്തിയ കാര്യം ശ്രീ മാധവൻ കുശാഗ്രബുദ്ധിക്കാരനും തീവ്ര ഫ്രഞ്ച് അണ്ടർ ഗ്രൗണ്ട് റസിസ്റ്റൻസ് പോരാളിയും, ഇടതു ചിന്താഗതി പുലർത്തുന്നവനുമാണെന്നും, ഇദ്ദേഹത്തെ ജീവിക്കാൻ അനുവദിച്ചാൽ മാധവൻ കൂടുതൽ അപകടകാരിയാവും എന്ന് പറഞ്ഞായിരുന്നു.

മറ്റൊരു കാരണം ബുദ്ധിമാനായ ഫ്രഞ്ച് അണ്ടർ ഗ്രൗണ്ട് റസിസ്റ്റൻസ് നേതാവായി ആളുകൾ മാധവനെ വിശേഷിപ്പിച്ചു കൊണ്ടിരുന്നത്. ഒടുവിൽ ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തി മിച്ചിലോട്ട് മാധവൻ 1942 സെപ്റ്റംബർ 21-ന് പാരീസിലെ ഗെസ്റ്റപ്പോയിൽ വച്ചാണ് വെടിയേറ്റ് മരിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പാരീസിലെ തിയാസിലെ സെമിത്തേരിയിൽ, വാൽ ഡി മാർനെ സംസ്‌കരിച്ചു. പെരെലഷെയ്‌സിൽ, പാരീസ് സംസ്കരിച്ചു.

ഇതിനകം അദ്ദേഹത്തിന്റെ പ്രണയിനി ജിസേൽ മോലെറ്റിനെ ഓഷ്വിറ്റ്സ് ബിർക്കനൗവിലേക്ക്, പോളണ്ട് നാടുകടത്തിയിരുന്നു. ഒരു വർഷത്തിനു ശേഷം! തടങ്കൽപ്പാളയത്തിൽ കാമുകി ജിസേൽ മോലെറ്റ് മാധവന്റെ ഓർമ്മകളുമായി മരണത്തിനു കീഴടങ്ങി.

ഇങ്ങനെ പറയാൻ കാരണം വെടിവെച്ച് കൊല്ലുന്നതിനു മുൻപ് മാധവന്റെ അപേക്ഷ പ്രകാരം, തന്റെ പ്രണയിനിയുമായി സംസാരിച്ചിരുന്നു. എന്തായിരിക്കും അവർ പരസ്പരം സംസാരിച്ചിട്ടുണ്ടാവുക? കേവലം യുവത്വം താണ്ടിയിട്ടില്ലാത്ത ഇവർക്ക് സ്വാതന്ത്ര്യത്തെ പറ്റിയല്ലാതെ മറ്റെന്തായിരിക്കും സംസാരിക്കാനുണ്ടാവുക? മറ്റെല്ലാം കെട്ടുകഥകൾ മാത്രം…

തുടക്കത്തിൽ, ഫ്രാൻസിൽ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഇന്ത്യയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ സഹോദരങ്ങൾക്ക് – ശ്രീ. മിച്ചിലോട്ട് കൃഷ്ണൻ, മിച്ചിലോട്ട് ഭരതൻ, മിച്ചിലോട്ട് മുകുന്ദൻ – എന്നിവർക്ക് ചില സൂചന ലഭിച്ചിരുന്നുവെങ്കിലും അവർക്കൊന്നും മാധവനുമായി ബന്ധപ്പെട്ട് ഉപദേശിക്കാനോ ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും പിന്തിരിപ്പിക്കാനോ കഴിഞ്ഞിരുന്നില്ല. അതിനുള്ള സാഹചര്യമില്ലായിരുന്നു.

പിന്നീട്, രണ്ടാം ലോകമഹായുദ്ധം പുരോഗമിച്ചപ്പോൾ അവർക്ക് അദ്ദേഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

അദ്ദേഹത്തിന്റെ സഹോദരി ശ്രീമതി രേവതി കല്ലാട്ട് ഭർത്താവ് ശ്രീ. ആനന്ദൻ കല്ലാട്ടിനൊപ്പം ആഫ്രിക്കയിലായിരുന്നു ആ സമയത്ത് താമസിച്ചുകൊണ്ടിരുന്നത്.

യുദ്ധം അവസാനിച്ചതിന് ശേഷമാണ് മിച്ചിലോട്ട് മാധവന്റെ കൂടുതൽ വിവരങ്ങളും വധിച്ചതിനെക്കുറിച്ചും അവർ അറിഞ്ഞത്.

ശ്രീമതി രേവതി കല്ലാട്ടും ഭർത്താവ് ശ്രീ ആനന്ദൻ കല്ലാട്ടും യുദ്ധാനന്തരം ഏതാനും വർഷങ്ങൾ പാരീസിൽ താമസിക്കുകയുണ്ടായി. അവർ മിച്ചിലോട്ട് മാധവന്റെ അന്ത്യവിശ്രമ സ്ഥലം കണ്ടെത്തി അവിടം സന്ദർശിച്ച് അന്ത്യപ്രണാമം നടത്തുകയുണ്ടായി.

ഇവരുടെ ചെറുപ്പത്തിലേ മരണപ്പെട്ട അമ്മയുടെ വേദന അറിയിക്കാതെ! അമ്മയുടെയും, ഒപ്പം സഹോദരിയുടെയും, സ്നേഹവും പരിലാളനയും നൽകി വളർത്തി മിച്ചിലോട്ടു തറവാടിന്റെ പേരും പെരുമയും തന്റെ കുഞ്ഞനുജന്മാരിലൂടെ നിലനിന്നു കാണാൻ ആഗ്രഹിച്ച ശ്രീമതി രേവതിക്ക് കാണാൻ സാധിച്ചത് ശ്രീ മാധവന്റെ കല്ലറ മാത്രമായിരുന്നു. എത്രമാത്രം വേദന അനുഭവിച്ചിരിക്കും അവർ?

ആ സ്മൃതികുടീരം നോക്കിനിന്ന രംഗം മനസ്സിൽ ഓർക്കുമ്പോൾ നമ്മുടെ ഹൃദയത്തിലും നമ്മൾ ഏറെ സ്നേഹിച്ചവർ നമുക്ക് നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന വേദനയായി അനുഭവപ്പെടുന്നു.

പ്രത്യേകിച്ച് മയ്യഴിക്കാരായ ഓരോരുത്തർക്കും, അല്ലെങ്കിൽ മലയാളിക്ക്.

മാധവൻ രക്തസാക്ഷിയായി മരിച്ചതിന്റെ സാക്ഷ്യപത്രമായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം 2012 നവംബർ 14ന് “മോർട്ട് പൂർ ലാ ഫ്രാൻസ്” , Mort pour la France എന്ന പരാമർശം മിച്ചിലോട്ട് മാധവന്റെ മരണ സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തുകയുണ്ടായി.

അത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി കണ്ടുകൊണ്ടാണ് എന്നുള്ളതിൽ നമുക്ക് മയ്യഴിക്കാർക്ക് ഏറെ അഭിമാനിക്കാം.

അങ്ങനെ മയ്യഴിക്കാരനായ, ഫ്രഞ്ച് റസിസ്റ്റൻസ് സംഘടനയിലെയും, P.C.F അംഗവുമായ മാധവൻ അങ്ങ് ഫ്രാൻസിൽ ധീര രക്തസാക്ഷിയായി…

എങ്കിലും ഇന്ത്യയിലെ ഒരു ഇടതുപക്ഷക്കാരുടെ ഓഫീസിലോ മിച്ചിലോട്ട് മാധവന്റെ ഫോട്ടോ വെച്ചതായോ കണ്ടിട്ടുമില്ല, പറഞ്ഞുകേട്ടിട്ടുമില്ല. ചിലപ്പോൾ ഉണ്ടായിരിക്കാം, അത് എന്റെ അറിവിനും അപ്പുറമാണ്.

മാധവൻ ഇന്ത്യയിൽ ജനിച്ചെങ്കിലും സാഹചര്യം കൊണ്ട് ഫ്രഞ്ചുകാരനാവേണ്ടി വന്നു! ആയതു കൊണ്ട് ചില തടസ്സങ്ങൾ ഉണ്ടായേക്കാം അത്തരം സ്മാരകങ്ങൾ പടുത്തുയർത്താൻ?

തടസ്സങ്ങൾക്ക് ചിലപ്പോൾ പല സാങ്കേതിക കാരണങ്ങളും കണ്ടേക്കാം. അങ്ങനെ വിശ്വസിക്കുമ്പോഴും ചില നേർക്കാഴ്ചകളെ പറ്റി സൂചിപ്പിക്കാതെ പോവുന്നതും ശരിയല്ല.

പ്രതിമകൾക്ക് ഒട്ടും ക്ഷാമമില്ലാത്ത നമ്മുടെ രാജ്യത്ത് എന്ത് സംഭവം നടന്നാലും? ആ സംഭവത്തിന്റെ പ്രൊഫൈൽ ഫോട്ടോ വെച്ചും, അല്ലെങ്കിൽ തങ്ങൾക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ? നേതാക്കളുടെ? ചിത്രങ്ങൾ ആലേഖനം ചെയ്ത ചെഗ്വേരയുടെയും, മാർക്സിന്റേയും, ലെനിന്റേയും ടീ ഷർട്ടും ധരിച്ചും, സോഷ്യൽ മീഡിയകളിലൂടെ പ്രൊഫൈൽ ഫോട്ടോ പങ്കുവെച്ചും, ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നവർ മയ്യഴിക്കാരനായ മിച്ചിലോട്ടിനെ മറന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല!

അല്ലെങ്കിലും മുറ്റത്തെ മുല്ലയുടെ മണം ഒരിക്കലും ആരും തിരിച്ചറിയാറില്ലല്ലോ?

കൂടുതൽ ചർച്ചയ്ക്ക് വിധേയമാക്കേണ്ട വിഷയമാണ്.

മയ്യഴിക്കാരനായ ഒരു മലയാളി! ഫ്രഞ്ച് റസിസ്റ്റൻസ് സംഘടനയിലെ അംഗം! കടലുകൾ കടന്ന് സുഗന്ധദ്രവ്യങ്ങളുടെ നാടായ! ഫാഷന്റെ നാടായ! സഞ്ചാരികളുടെ പറുദീസയായ! സുന്ദരികളുടെ നാടായ! ദ്വയാർത്ഥമില്ലാത്ത ഭാഷയുടെ നാടായ! ഫ്രാൻസ് എന്ന മഹാ രാജ്യത്തിന്റെ മോചനത്തിനുവേണ്ടി ഒളിപ്പോരുനടത്തി, നാസിപ്പടയുടെ അതിക്രൂരമായ മർദ്ദനമുറകൾക്ക് വിധേയനായി രക്തസാക്ഷിയായ മാധവന് വേണ്ടി ഒരു സ്മാരകം! അല്ലെങ്കിൽ അർഹമായ ആദരാഞ്ജലികളെങ്കിലും അർപ്പിക്കാൻ സ്വന്തം ജന്മനാടായ മയ്യഴിക്കാരോ? മയ്യഴിയിൽ അവശേഷിക്കുന്ന ഫ്രഞ്ച് സമൂഹമോ? ഇടതുപക്ഷ സംഘടനകളോ? ആരും മെനക്കെടാത്തത് വളരെ വേദനാജനകമാണെന്ന് പറയാതെ വയ്യ.

മയ്യഴിയുടെ ചരിത്രകാരൻ ശ്രീ എം. മുകുന്ദന്റെ ഭാഷ കടമെടുത്താൽ ശ്രീ മിച്ചിലോട്ട് മാധവൻ വാഴ്ത്തപ്പെടാത്ത നായകനാണ്.

വർഷാവർഷം മിച്ചിലോട്ടിന്റെ ജന്മദിനവും രക്തസാക്ഷിത്വ ദിനവുമായി രണ്ട് ദിനം കടന്നുപോയിക്കൊണ്ട് വീണ്ടും 80 വർഷങ്ങൾ!! ?

എണ്ണത്തിൽ കൂടുതലില്ലെങ്കിലും കുറച്ച് ഇന്ത്യക്കാരായ ഫ്രഞ്ചുകാർ ഉള്ള മയ്യഴിയിൽ എന്തുകൊണ്ട് മാധവന് ഒരു സ്മാരകം പണിയുന്നില്ല?

ഒന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബം താമസിച്ച വീട് സ്ഥിതിചെയ്യുന്ന റോഡിനെങ്കിലും മിച്ചിലോട്ടു റോഡ് എന്ന് നാമകരണം ചെയ്തുകൂടെ?

ഒരു പക്ഷേ അതിന് ആരും തുനിയാത്തത് മാധവൻ ഫ്രഞ്ചുകാരനായത് കൊണ്ടായിരിക്കുമോ? അത്തരം വിദേശികളുടെ പേരുകളുള്ള ഒട്ടേറെ റോഡുകൾ ഇന്നും നമുക്ക് കാണാൻ കഴിയും.

ഇപ്പോഴും ഫ്രഞ്ച് നാമത്തിൽ അറിയപ്പെടുന്ന ബുൾവാർഡ് റോഡിനെങ്കിലും മിച്ചിലോട്ട് റോഡെന്ന് നാമകരണം ചെയ്യാനുള്ള നിർദേശം മാധവനെ സ്നേഹിക്കുന്ന മയ്യഴിക്കാർ ആവശ്യപ്പെടണം എന്ന് ഓർമിപ്പിക്കട്ടെ. പഴയ പോസ്റ്റോഫീസ് മുതൽ ചൂടിക്കോട്ട റോഡിന്റെ തുടക്കം വരെ.

ഇന്ത്യയിൽ ജനിച്ച് ഫ്രഞ്ചുകാരനായ ശ്രീ മാധവൻ കർമം കൊണ്ട് ഫ്രഞ്ച് സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി! താൻ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രത്തിലെ ആശയങ്ങൾ ഉയർത്തിപ്പിടിച്ച് മാധവൻ തന്റെ ജീവിതം ബലിയർപ്പിച്ചു, ഒരു ധീരനായ അണ്ടർ ഗ്രൗണ്ട് ഫ്രഞ്ച് റസിസ്റ്റൻസ് സംഘടനയിലെ അംഗമായി മരണത്തിലേക്ക് സ്വയം നടന്നു കയറി.

ജനിച്ച നാടും, നാട്ടുകാരും മിച്ചിലോട്ട് മാധവനെ മറക്കാതെ മറന്നെങ്കിലും? ഫ്രഞ്ച് ഭരണകൂടം അദ്ദേഹത്തിന്റെ മരണത്തിന് ധീര രക്തസാക്ഷിത്വ പരിവേഷം നൽകി ആദരിച്ചിട്ടുണ്ട് എന്നതിൽ നമുക്കഭിമാനിക്കാം.

ഫ്രഞ്ച് മാർട്ടിയേഴ്സ് ദിനത്തിന്റെ എൺപതാം വാർഷികം ഈ വരുന്ന സെപ്റ്റംബർ 21, 2022ൽ ആഘോഷിക്കുകയാണ്. ഒരുപക്ഷേ ഈ 80 വർഷത്തിന്റെ ആഘോഷവേളയിൽ മാധവനെ ഓർമ്മിക്കപ്പെടുമായിരിക്കാം. അതിനു വേണ്ടി എന്റെ പ്രാർത്ഥന…

ഒപ്പം, മാധവനെ അറിയുന്നവരുടെ, മാധവനെ സ്നേഹിക്കുന്നവരുടെ ആഗ്രഹപൂർത്തീകരണത്തിന് ഈ 80ആം വർഷം ഒരു നിമിത്തമാവും എന്ന് ഞാൻ വിശ്വസിക്കുന്നു…

ഈ ആഗ്രഹം സഫലമാകും, ആ സന്തോഷം തുമ്പിയായി പറന്ന് വന്ന് എന്നിലെത്തിച്ച് എന്നെ ഓർമ്മിപ്പിച്ചിട്ടല്ലേ അകലങ്ങളിലേക്ക് പറന്നകന്നത്…?

എന്റെ ‘പാരീസിലെ സഖാവ്’ എന്ന കവിതയുടെ വിഷയം മാധവന്റെ ആത്മാവിന്റെ മനോവ്യഥയായിരുന്നല്ലോ??

മാധവൻ ജീവിച്ച, മാധവനെ പോറ്റിയ നാട്, മാധവനോടുള്ള ആദരം മയ്യഴിക്കാരെ അറിയിക്കുന്ന ദിനത്തിനായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം…

ഇനി എന്നാണോ മാധവന്റെ ജന്മനാട് മാധവനെ പരിഗണിക്കുന്നത്?

ഇനിയും അനന്തമായ കാത്തിരിപ്പ് തുടരേണ്ടി വരുമോ?

എന്ന് പറഞ്ഞ് ഈ കുറിപ്പ് എഴുതി നിർത്തുന്നതിനു മുൻപ് പറയട്ടെ:

മിച്ചിലോട്ട് മാധവൻ ഇപ്പോഴും നമ്മുടെ ഹൃദയത്തിൽ ജീവിക്കുന്നു.

ഇങ്ങനെയൊക്കെ പറയുമ്പോഴും ചിന്തിക്കുമ്പോഴും എന്റെ ഒരു സംശയം: ഒരു പക്ഷേ മാധവൻ തന്റെ സഹോദരന്മാരായ കൃഷ്ണനെപ്പോലെ! ഭരതനെപ്പോലെ! മുകുന്ദനെപ്പോലെ! യൂത്ത് ലീഗിൽ പ്രവർത്തിച്ചവരെപ്പോലെ ഇന്ത്യയിലായിരുന്നെങ്കിൽ അദ്ദേഹം മയ്യഴിയിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യ സമര നായകനായിരുന്നേനെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം!

ജീവിച്ചിരുന്നുവെങ്കിൽ ഇപ്പോൾ മാധവന് 108 വയസ്സ് പൂർത്തിയാകുമായിരുന്നു…

മയ്യഴിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി ‘ഫ്രാൻസെ ക്യുത്തലേത്തു’ എന്ന മുദ്രാവാക്യം വിളിച്ച എന്റെ പിതാവിനെ ഓർത്തുകൊണ്ട് മാധവന്റെ അകാല വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അന്ത്യപ്രണാമം.

വന്ദേ മുകുന്ദ ഹരേ ജയ ശൗരേ  

സന്താപഹാരി മുരാരേ  

ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ  

ദ്വാരകാപുരിയെവിടെ  

പീലിത്തിളക്കവും  

കോലക്കുഴൽപ്പാട്ടും  

അമ്പാടിപ്പൈക്കളുമെവിടെ  

ക്രൂരനിഷാദശരം കൊണ്ട് നീറുമീ  

നെഞ്ചിലെൻ ആത്മപ്രണാമം  

പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ  

കാൽക്കലെൻ കണ്ണീർ പ്രണാമം..! മിച്ചിലോട്ട് മാധവന് എൻ സ്നേഹ പ്രണാമം. വരികളോട് കടപ്പാട്.

മാധവന്റെ ചരിത്രം വായിച്ചു കഴിഞ്ഞപ്പോൾ അവിടെ ഒരു നിശ്ശബ്ദത തളം കെട്ടിയിരുന്നു…

… കുഞ്ചിരിയമ്മ മെല്ലെ പറഞ്ഞു: “… ഗോവിന്ദൻ! കൃഷ്ണൻ! മാധവൻ! മുകുന്ദൻ! എല്ലാം സാക്ഷാൽ ഭഗവാന്റെ പേരല്ലേപ്പാ…”

“ഗാന്ധിജി പുത്തലത്ത് പറഞ്ഞത് ഒന്നുകൂടി ഓർക്കുക…”

“വസുധൈവ കുടുംബകം…”

“ഗാന്ധിജി ഇത് നമുക്ക് വേണ്ടി കുറച്ച് പരത്തി പറഞ്ഞു, അത്രമാത്രം…”

കുഞ്ചിരിയമ്മ തന്റെ മുണ്ടിന്റെ കോന്തല അഴിച്ച് 500 ഉറുപ്പ്യ എടുത്ത് പ്രേമിക്ക് കൊടുത്തിട്ട് പറഞ്ഞു: “ഞ്ഞി ഇത് ടാറ്റാക്കോ? ബിർളക്കോ? കൊടുക്ക്… ഞ്ഞി ആർക്ക് കൊടുത്താലും മേണ്ടൂല്ല… എനിക്ക് ബാബൂന്റെ കള്ളുഷാപ്പിലെ കഥയും, വാസൂട്ടിന്റേയും, കുഞ്ഞാപ്പൂന്റേയും, റമ്മൂന്റേയും… എല്ലാ കഥയും വായിക്കണം.”

“അല്ലോളീ, ഹരിദാസനെ കാണുന്നില്ല എന്ന് പറയുന്നത് കേട്ടിനല്ലോ… പ്രേമീ? … കണ്ടിനോളീ?”

പ്രേമി പറഞ്ഞു: “ശരിയാ വല്യമ്മേ, ഓരോ കഥയും എഴുതീട്ടുണ്ട്…”

“ഓൻ എഴുതിയ പഴേ കഥയെല്ലാം എങ്ങനെയാ വായിക്കാ…” കുഞ്ചിരിയമ്മയ്ക്ക് ഒരു സംശയം…

പ്രേമിയും – സുരേഷും – സുനിതയും ഒരുമിച്ച് പറഞ്ഞു: “അത്… ഓരോ കഥയുടെയും അടിയിൽ നോക്കിയാൽ കിട്ടും വല്യമ്മേ… മാത്രമല്ല, വല്യമ്മയ്ക്ക് എന്തേലും പറയാനുണ്ടെങ്കിൽ അതും പറ്റും… എന്തെങ്കിലും പറയണാ? ഓരുടെ നമ്പറും… ഓരുടെ ഫോട്ടോയും ഉണ്ട്…”

“നോക്കട്ടെ നോക്കട്ടെ…. ഓ… ഇവനാ… ഇവനെ എവിടെയോ കണ്ടിനല്ലേപ്പാ… ചിലപ്പോ പാതാറിമ്മലത്തായിരിക്കും…!”

“ഞ്ഞി ഓനോട് പറ കുഞ്ചിരിയമ്മ പറഞ്ഞിനു ഇതെല്ലാം കൂടി ബുക്കാക്കാൻ… അത്രയേ എനിക്ക് പറയാനുള്ളൂ… അല്ലാതെ എനിക്ക് ഇടയ്ക്കിടയ്ക്ക് 500 ഉറുപ്പ്യ തരാനൊന്നും പറ്റൂല്ല…”

മഠത്തിൽ ബാബു ജയപ്രകാശ് ……….✍️  My Watsapp Cell No: 9500716709

Leave a Comment