പാരീസിലെ സഖാവ് camarade de Paris

ശ്രീ. മ്ച്ചിലോട്ട് മാധവൻMonsieur Michilott Madhavan
             …….ഭാഗം ഒന്ന്….…         

Reading  Time 7 Minutes..

*പേരിലെ അപാരത  –  അപരത*

പാരീസിലെ സഖാവ് എന്ന ബ്ലോഗ് പ്രസിദ്ധീകരിച്ച അന്ന് രാവിലെ എന്റെ സുഹൃത്ത് ശ്രീ. സി.എച്ച്. പ്രഭാകരൻ മാസ്റ്ററിൽ നിന്ന് എനിക്ക് ഒരു മെസ്സേജ് കിട്ടി. വളരെ പ്രാധാന്യമുള്ള ഒരു ഇൻഫർമേഷനായിരുന്നു അത്.

എന്റെ ബ്ലോഗിൽ ശ്രീ. മാധവനെ സംബോധന ചെയ്തത് “മ്ച്ചിലോട്ടു മാധവൻ” എന്നായിരുന്നു. “മിച്ചിലോട്ട്” എന്നല്ലേ? എന്ന് ഓർമ്മപ്പെടുത്തിക്കൊണ്ടായിരുന്നു മെസ്സേജ്.

ആദ്യം അതിനെ ഉൾക്കൊള്ളുന്നതിൽ ഒരു സംശയം ഉണ്ടായിരുന്നു. എം. മാധവനെപ്പറ്റി വായിച്ച ലേഖനങ്ങളിൽ എല്ലാം അദ്ദേഹത്തിന്റെ ഒറിജിനൽ തറവാട്ടുപേരിനോട് സാമ്യമുള്ളതായിരുന്നു. പല സ്ഥലത്തും മ്ച്ചിലോട്ടു മാധവൻ, മൗച്ചിലോട്ടു മാധവൻ, മിച്ചിലോട്ടു മാധവൻ, “മുച്ചിലോട്ട്” മാധവൻ എന്നും രേഖപ്പെടുത്തി കണ്ടിട്ടുണ്ട്.

ഒരു പക്ഷേ, ഫ്രഞ്ച് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്യുമ്പോൾ ഉണ്ടാകുന്ന ഉച്ചാരണശൈലി കൊണ്ടായിരിക്കാം എന്നേ കരുതിയുള്ളൂ. അങ്ങനെ ചില പേരുകളിൽ ഞാൻ കണ്ടിട്ടുണ്ട്. ചേനോത്തു രജീവ് കുമാർ (Chenoth Rajeev Kumar) എന്നത് മുസ്യൂ ഷേനോത്തു രജീവ് കൂമർ (Coumer) എന്നും, നാലില്ലക്കാരൻ കുമാറിനെ മുസ്യൂയേ നാലി കൂമർ (Coumer Nali) എന്നും ഒക്കെ വിളിച്ചു വരുന്നത് കേട്ടിട്ടുണ്ട്.

എങ്കിലും ഇതിന്റെ ആധികാരികത തേടി എന്റെ സുഹൃത്ത് ചേനോത്തു രജീവിനെ വിളിക്കുകയും, അദ്ദേഹത്തിന്റെ പത്നി ശോഭനയോട് സംസാരിച്ചപ്പോൾ കൂടുതൽ വിവരങ്ങൾ അറിയാൻ കഴിഞ്ഞു.

ശ്രീമതി ശോഭനാ രജീവ്, മ്ച്ചിലോട്ട് മാധവന്റെ അനുജൻ ഡോ. മുകുന്ദന്റെ മകളായതിനാൽ, കൂടുതൽ ആധികാരികത അവരുടെ വാക്കുകളിലൂടെ നമുക്ക് വിലയിരുത്താം.

അവരുടെ അഭിപ്രായത്തിൽ ശരിയായ ഉച്ചാരണം “മിച്ചിലോട്ട്” എന്നാണെന്നും, മലയാളത്തിൽ നിന്ന് ഫ്രഞ്ചിലേക്ക് മൊഴിമാറ്റുമ്പോൾ (മ്ച്ചിലോട്ട് – MOUCHILOTT) മൗച്ചിലോട്ടെന്നായതും, പിന്നീട് ലോപിച്ച് മ്ച്ചിലോട്ടെന്നു വിളിച്ചു തുടങ്ങിയതുമായിരിക്കാം എന്ന് ഇവർ അഭിപ്രായപ്പെടുന്നു.

കമ്പ്യൂട്ടറൊക്കെ വന്നു തുടങ്ങിയ കാലങ്ങളിൽ ഗൂഗിളിൽ MICHLOTT എന്ന് ടൈപ്പ് ചെയ്ത് സെർച്ച് ചെയ്താൽ ഇദ്ദേഹത്തിന്റെ വിവരങ്ങൾ ഒന്നും ലഭിക്കുമായിരുന്നില്ല. പിന്നീട് ഫ്രഞ്ച് ഔദ്യോഗിക രേഖകളിൽ ഉള്ളതുപോലെ MOUCHILOTT അടിച്ചാൽ മാത്രമേ ഇദ്ദേഹത്തിന്റെ വിവരങ്ങൾ കിട്ടുമായിരുന്നുള്ളൂ. കാലക്രമത്തിൽ വടക്കൻ മലബാറിലെ, പ്രത്യേകിച്ച് മയ്യഴി, തലശ്ശേരി, കണ്ണൂർ ഭാഗങ്ങളിലെ ഭാഷാ സ്ലാങ്ങുമായി സാദൃശ്യപ്പെട്ട് മ്ച്ചിലോട്ടായതായിരിക്കാം.

എന്തായാലും “മിച്ചിലോട്ട്” തന്നെയാണ് ശരിയായ ഉച്ചാരണം എന്ന് മിച്ചിലോട്ടു മാധവന്റെ അനുജൻ ഡോ. മുകുന്ദന്റെ മകളായ ശോഭനാ രജീവ് അഭിപ്രായപ്പെടുന്നു.

മിച്ചിലോട്ട് കുടുംബത്തിന്റെ അൽപ്പം കുടുംബവിശേഷം..

മാഹി സ്പോർട്സ് ക്ലബ്ബിന്റെ ഈശാന മൂലയുടെ, (വടക്കുകിഴക്കേ) കിഴക്കോട്ട് ആനവാതിൽ അമ്പലത്തിലേക്ക് പോകുന്ന നിരത്തിലൂടെ നടക്കുമ്പോൾ 50 – 60 മീറ്റർ കഴിഞ്ഞാൽ, സി.എച്ച്. പ്രഭാകരൻ മാസ്റ്ററുടെ മൂത്ത ജ്യേഷ്ഠൻ പരേതനായ നാണുവേട്ടന്റെ വീടിന്റെ നേരെ എതിർവശത്ത്, വലതു ഭാഗത്തായി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇരു നില മാളിക വീട്ടിലായിരുന്നു മിച്ചിലോട്ടു കുടുംബം താമസിച്ചിരുന്നത്. ഇവിടെയായിരുന്നു സിൻഡിക്കേറ്റ് ബാങ്കും, പിന്നീട് ഈ കെട്ടിടത്തിന്റെ മുകളിൽ അലയൻസ് ഫ്രാൻസെയും താഴത്തെ നിലയിൽ ബാലവിഹാറും നടത്തിയതായി ഓർക്കുന്നു. ഈ കെട്ടിടം ഇപ്പോൾ മറ്റൊരാളുടെ കൈവശമാണ്. അവർ ആ പഴയ കെട്ടിടം പൊളിച്ച് അവിടെ ഷോപ്പിംഗ് കോംപ്ലക്സ് പണിതുകൊണ്ടിരിക്കുന്നു.

മിച്ചിലോട്ട് ഗോവിന്ദന്റെ ഭാര്യ പെരുന്തോടി മാതുവിന്റെ മരണശേഷം, പുതുച്ചേരിയിൽ നിന്ന് നാട്ടിലെത്തിയ മിച്ചിലോട്ട് ഗോവിന്ദനും കുടുംബവും ഈ വീട്ടിൽ വാടകയ്ക്ക് താമസിച്ചതാണെന്നും, പിന്നീട് ശ്രീ. ഗോവിന്ദന്റെ മരണത്തിനു ശേഷം മകൾ രേവതി കല്ലാട്ട് ആ വീട് വിലയ്ക്ക് വാങ്ങി. അങ്ങനെ ആ ഭവനം മിച്ചിലോട്ടു തറവാടായി അറിയപ്പെട്ടു തുടങ്ങിയതാണെന്നു ശ്രീമതി ശോഭനയുടെ വാക്കുകളിൽ നിന്ന് മനസ്സിലാവുന്നു. മിച്ചിലോട്ട് ഗോവിന്ദന് അഞ്ചു മക്കളായിരുന്നു: മിച്ചിലോട്ട് രേവതി, മിച്ചിലോട്ട് കൃഷ്ണൻ, മിച്ചിലോട്ട് ഭരതൻ, മിച്ചിലോട്ട് മുകുന്ദൻ, മിച്ചിലോട്ട് മാധവൻ.

പിന്നീട് മിച്ചിലോട്ട് കൃഷ്ണൻ, മുൻ ആഭ്യന്തര മന്ത്രി ശ്രീ. ഇ. വത്സരാജിന്റെ തറവാടായ ശ്രീ സദനിന്റെ പിറകിൽ ഒരു ഭവനം നിർമ്മിച്ച് തന്റെ മൂത്ത പെങ്ങളുടെ പേര് നൽകി “രേവതീ നിവാസ്” എന്നാക്കി അവിടെ താമസം തുടങ്ങി. കൃഷ്ണൻ മുംബൈയിലായിരുന്നു കുറേക്കാലം.

തിരിച്ച് നാട്ടിൽ വന്നതിന് ശേഷം വൈകുന്നേരങ്ങളിൽ പാതാറിൽ ചേനോത്തു പപ്പൂട്ടിയേട്ടനും, സ്റ്റുഡന്റ്സ് മുകുന്ദേട്ടനും, മിച്ചിലോട്ട് കൃഷ്ണനും, എളമ്പാളി കരുണേട്ടനും ഒക്കെ ഒരുമിച്ച് പാതാറിലും മുകുന്ദേട്ടന്റെ സ്റ്റുഡന്റ്സ് ബുക്ക് ഹൗസിലും ഒത്തുകൂടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.

മിച്ചിലോട്ട് ഭരതൻ തൊട്ടെതിർവശത്തുള്ള വീട്ടിലുമായിരുന്നു താമസം. ഭരതൻ പോലീസ് വകുപ്പിൽ സർക്കിൾ ഇൻസ്പെക്ടറായി വിരമിച്ചു.

Dr. Mukundan In front of his Car  (Mukundan, brother of M. Madhavan..)_

മിച്ചിലോട്ട് മുകുന്ദൻ മയ്യഴിയിലെ വിദ്യാഭ്യാസത്തിനു ശേഷം പുതുച്ചേരിയിൽ നിന്ന് മെഡിസിന് പഠിക്കുകയും, പിന്നീട് മദ്രാസിൽ പോയി റേഡിയോളജി പഠിച്ച് മയ്യഴി – കാരയ്ക്കൽ – പുതുച്ചേരി സർക്കാർ ആശുപത്രികളിൽ ഡോക്ടറായി സേവനമനുഷ്ഠിച്ചു.

ഡോക്ടർ മുകുന്ദൻ മയ്യഴി ആശുപത്രിയിൽ ഡോക്ടറായി ജോലി നോക്കുമ്പോഴായിരുന്നു റേഡിയോളജി വിഭാഗം തുടങ്ങിയത്. ശ്രീ. ഗുൽസാരിലാൽ നന്ദയായിരുന്നു അത് ഉദ്ഘാടനം ചെയ്തത്. അക്കാലങ്ങളിലെ താൽക്കാലിക പ്രധാനമന്ത്രിയായിരുന്നു ശ്രീ. ഗുൽസാരിലാൽ നന്ദ എന്നൊരോർമ്മ.

X Ray Unit Inaugural Functions Photos  

Gulzarilal Nanda Old Photos

ടി.ബി. ചികിത്സയ്ക്ക് പ്രസിദ്ധമായ മയ്യഴി ആശുപത്രിയിൽ എക്സ്റേ അത്യാവശ്യമായതിനാലായിരുന്നു എക്സ്റേ യൂണിറ്റ് മയ്യഴിയിൽ സ്ഥാപിച്ചത്. മുകുന്ദൻ ഡോക്ടറായിരുന്നു അത് നിയന്ത്രിച്ചിരുന്നത് എന്നും ഓർമ്മയിലുണ്ട്.

മിച്ചിലോട്ട് ഗോവിന്ദന്റെ ഭാര്യ പെരുന്തോടി മാതു മരണപ്പെട്ടതോടെ, കുടുംബക്കാരുടെയും മകൾ രേവതിയുടെയും ഒക്കെ നിർബന്ധപ്രകാരം ഗോവിന്ദനെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കുകയുണ്ടായി. അതിനു കാരണം കുട്ടികളെല്ലാം ചെറുപ്രായമായിരുന്നതുകൊണ്ടാണ്.

പിന്നീട് മിച്ചിലോട്ട് ഗോവിന്ദൻ മരണപ്പെട്ടതോടുകൂടി, എത്രയും പെട്ടെന്ന് രേവതിയുടെ വിവാഹം നടത്തണമെന്ന് വീട്ടുകാർ തീരുമാനിച്ചതനുസരിച്ച് കല്ലാട്ട് ആനന്ദനുമായുള്ള വിവാഹം നടത്തി. അവർ ജോലിസ്ഥലമായ കാപ്പിരികളുടെ നാടായ ആഫ്രിക്കയിലേക്ക് പോവുകയും ചെയ്തു.

ഇങ്ങനെയൊക്കെയാണെങ്കിലും, ശ്രീമതി രേവതി ആനന്ദനായിരുന്നു അനുജന്മാരായ മാധവന്റെയും മുകുന്ദന്റെയും വിദ്യാഭ്യാസകാര്യത്തിന് സഹായിച്ചുകൊണ്ടിരുന്നത്. പുതുച്ചേരിയിൽ പഠിക്കുന്ന കാലത്ത് മാധവനും മുകുന്ദനും ഗോവിന്ദന്റെ ചേട്ടന്റെ മകൻ അനന്തന്റെ കൂടെ താമസിച്ചായിരുന്നു എന്നും അറിയാൻ കഴിഞ്ഞു. അനന്തൻ പുതുച്ചേരിയിൽ എൻജിനീയറായി ജോലി നോക്കുകയായിരുന്നു.

പുതുച്ചേരിയിൽ എൻജിനീയറായി ജോലി ചെയ്തിരുന്ന അനന്തൻ ആ കാലങ്ങളിൽ മയ്യഴിയിൽ നിന്ന് പുതുച്ചേരിയിലെത്തുന്ന പലർക്കും ഒരു അത്താണിയായിരുന്നു എന്നും കേട്ടിട്ടുണ്ട്.

ശ്രീ. അനന്തൻ മിച്ചിലോട്ട് ഗോവിന്ദന്റെ മൂത്ത സഹോദരന്റെ മകനാണ്. പരോപകാരിയും മാധവന്റെയും മുകുന്ദന്റെയും ഒക്കെ രക്ഷകർത്താവുമായി പുതുച്ചേരിയിൽ ഇവർക്ക് തുണയായി ഉണ്ടായിരുന്നു. ശ്രീ. അനന്തനായിരുന്നു ഇവർക്കെല്ലാം.

ഇങ്ങനെയൊക്കെ പറയുമ്പോഴും, ഒരർത്ഥത്തിൽ ശ്രീമതി രേവതിയായിരുന്നു മിച്ചിലോട്ട് എന്ന പേര് നിലനിർത്തിയത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.

ഇത്രയും ശ്രീ. മിച്ചിലോട്ട് മാധവന്റെ കുടുംബവിശേഷം…

തുടർന്ന് വായിക്കുക: കോമ്രേഡ് മാധവചരിതം കുഞ്ചിരിയമ്മയുടെ ഓർമ്മകളിലൂടെ…

എനിക്ക് മനസ്സിലാവുന്നു നിങ്ങളുടെ സംശയം. ആരാണ് കുഞ്ചിരിയമ്മ? ആരായിരിക്കും കണാരേട്ടൻ? അവർ എവിടെയാണ് താമസിച്ചിട്ടുണ്ടാവുക? അവർക്ക് മിച്ചിലോട്ടുമായുള്ള ബന്ധം എന്തായിരുന്നു? ഇതെല്ലാം സസ്പെൻസ് നിലനിർത്തി തന്നെ എഴുതട്ടെ…

“അച്യുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിം  

ശ്രീധരം മാധവം ഗോപികാവല്ലഭം ജാനകീനായകം രാമചന്ദ്രം ഭജേ…”

കൃഷ്ണ… കൃഷ്ണാ… രക്ഷിക്കണേ…

“എണേ, ദേവൂട്ടീ, ഞാൻ ഈ  നിലവിളക്കിൽ കൊറച്ച് വെളിച്ചെണ്ണ ഒഴിച്ചാ.… തിരിയത്രേ അടിത്തിരി കത്തുന്നത്.”

“അമ്മേ… ഞാൻ മീൻ മുറിക്കുവാ… ഇങ്ങള് ഒന്ന് സുനിതയോട് പറ… ഓളവിടെങ്ങാനും ഉണ്ടാവും.”

“അല്ലപ്പാ, ഇഞ്ഞി ഈ മോന്തി… ആ… ഉയ്യേ… എം പോഉബാ മീൻ വാങ്ങീന്?”

“അതൊന്നും പറയേണ്ടമ്മേ… ഞ്ഞമ്മള് കൊറേ ആയില്ലേ മീൻ കൂട്ടീട്ട്…”

“മഴ വന്നപ്പഴേ മീൻ കിട്ടീട്ടില്ല… അല്ലേലും ഇപ്പം കിട്ടുന്ന മീനെല്ലാം… ഐസും… എന്തോ പൊടിയെല്ലാം ഇട്ട മീനല്ലപ്പാ…”

“ആ ഗോപാലേട്ടൻ കാഉമ്മൽ മീൻ കൊണ്ടുവന്നപ്പം… ഞാൻ ത്ണ്ട്മ്മല് ഉണ്ടേനും ആട്ടിനെ അയിച്ചു കെട്ടുന്നു …”

“കൊട്ടേല് മീൻ കണ്ടപ്പം… ഞാൻ ചോദിച്ചതാ ഗോപാലേട്ടാ എന്താ മീനെന്ന്.”

“അപ്പോ ഒര് പറഞ്ഞു, ദേവൂട്ടീ നല്ല അയലയാ… ഇതേ ഉള്ളൂ ബാക്കി… വീശുവലക്കാരുടേതാന്ന്…”

“ഇതിങ്ങന്നെ… അങ്ങെടുത്തോ? ഒരു 200 ഉറുപ്പിക തന്നേന്ന്?”

“ഉയ്യേ… 200 ഉറുപ്പിയാ… ഇതെന്താ…? എനിക്ക് മേണ്ടാന്ന് പറഞ്ഞപ്പം, ഒര് പറഞ്ഞു ഇനി ഇതും കൊണ്ട് നടക്കാൻ കയ്യില്ല, ഇഞ്ഞി എന്തെങ്കിലും തന്ന് ഇതങ്ങെടുത്തോന്ന് പറഞ്ഞപ്പം… എനിക്ക് വല്ലാണ്ടായി…”

“പിന്നെ ഞാനും… വിചാരിച്ചു പാവം ഇതുംകൊണ്ട് കൊറേ നടക്കണ്ടേ? ഈ വയസ്സുകാലത്ത്… പിന്നെ ഞാനങ്ങ് വാങ്ങി…”

“എണ്ണിയപ്പം 14 അയലയുണ്ടായിരുന്നു… ഞാൻ ഒരു 100 ഉറുപ്പിക കൊടുത്തപ്പം ഗോപാലേട്ടൻ ഒന്നെന്നെ നോക്കി, പിന്നെ ഞാൻ ഒരു 25 ഉറുപ്പിക കൂടി കോന്തലേന്നു എടുത്തുകൊടുത്തു… ഒര് അതും വാങ്ങിപ്പോയി…”

ഇതുകേട്ടപ്പം കുഞ്ചിരിയേട്ടത്തി പറഞ്ഞു: “ദേവൂട്ടീ, എന്നാപ്പിന്നെ… നീ അതു പുളീം മുളകും ഇട്ടോ…? എരിവ് ഇച്ചിരി കൂടിയാലും… പുളി തീരെ കുറയ്ക്കണ്ടാ കേട്ടോ?… കൊറച്ച് വെളിച്ചെണ്ണ നല്ലോണം ഉറ്റിക്കണേ… അല്ലെങ്കിൽ മോള്ന്റെ കുത്തലുണ്ടാവും…”

“ശരി, അമ്മേ.”

ദേവൂട്ടി ചട്ടിയിൽ അരിവാൾ അണയ്ക്കുന്ന ഒച്ചയും, ഇതുകേട്ട് വന്ന പൂച്ചയുടെ കരച്ചലും, “പൂച്ചേ, പോ പൂച്ചേ” എന്ന് ദേവൂട്ടി പറയുന്നതും കുഞ്ചിരിയമ്മ കേൾക്കുന്നുണ്ട്…

അത് രണ്ടു മൂന്നു തവണ ആവർത്തിച്ചപ്പോൾ കുഞ്ചിരിയമ്മ ദേവൂട്ടിയോട് പറഞ്ഞു, “നീ ഒരു കഷ്ണം അതിന് കൊടുത്തപ്പാ…”

“കൊടുത്തിനമ്മേ … തലയൊന്നും വേണ്ട അതിന്… അതിന് കഷ്ണം തന്നെ വേണം.”

“പൂച്ചയ്ക്കുണ്ടോ മീന്റെ വില തിരിഞ്ഞിട്ട്? അതിന്റെ വിചാരം പഴയതുപോലെ തന്നെന്നാ…”

എന്നിട്ട് കുഞ്ചിരിയമ്മ വിളിച്ചു:

“സുനിതേ… മോളേ സുനീതേ, എവിടെപ്പോയോളീ പെണ്ണ് ഈ സന്ധ്യാസമയത്ത്?”

“…കുട്ട്യോൾക്കെല്ലാം ഇപ്പം ദൈവവിചാരവും ഇല്ലാണ്ടായി. കയ്യിൽ പിടിക്കുന്ന ഫോണുകൂടി ആയപ്പം പിന്നെ ഒന്നും വേണ്ട… എപ്പ നോക്കിയാലും അതുതന്നെയുണ്ടാവും. ഈറ്റയോള് കണ്ണെന്തിന് കൊള്ളും?… ഇങ്ങനെ കുത്തിയാൽ അത് പൊട്ടിപ്പോവില്ലപ്പാ?”

രണ്ടു മൂന്നു തവണ വിളിച്ചിട്ടും സുനിത വിളി കേൾക്കാത്തപ്പോൾ…

കുഞ്ചിരിയേട്ടത്തിക്ക് 98 കഴിഞ്ഞെങ്കിലും ഇപ്പോഴും നല്ല ആരോഗ്യമാണ്. അൽപ്പം കൂനും, കാഴ്ചക്കുറവും ഉണ്ടെന്നൊഴിച്ചാൽ എല്ലാം നല്ല ഓർമ്മയുണ്ട്. സ്വന്തമായി എല്ലാ കാര്യവും ചെയ്യും.

പഴയ എട്ടാം ക്ലാസ് പാസായതാ, ഫ്രഞ്ച് സ്‌കൂളിലാ പഠിച്ചത്. ഫ്രഞ്ച് നല്ലോണം പറയും. അൽപ്പസ്വൽപ്പം ഇംഗ്ലീഷും പറയും, കുഞ്ചിരിയേട്ടത്തി.

98 കഴിഞ്ഞ കുഞ്ചിരിയമ്മ “കൃഷ്ണാ” എന്ന് വിളിച്ച് മെല്ലെ എഴുന്നേറ്റു. കൂനിക്കൊണ്ട് കൈ ഊന്നി താങ്ങി അടുക്കളയിൽ പോയി, അടുപ്പും തണേന്ന് വെളിച്ചെണ്ണയുടെ കുപ്പിയെടുത്ത് കോർക്ക് എടുത്തുമാറ്റി വെളിച്ചെണ്ണ വിളക്കിൽ ഒഴിച്ച്… തിരി നിറഞ്ഞ് കത്താൻ തുടങ്ങി…

എന്നിട്ട് കൈയിലെ വിളിച്ചെണ്ണ തലയിൽ തേച്ചിട്ട് വെളിച്ചെണ്ണക്കുപ്പി കോർക്കിട്ട് മൂടി പായിന്റടുത്തുവെച്ചു.

“കൃഷ്ണാ മുകുന്ദാ ജനാർദ്ദനാ… മാധവാ… രക്ഷിക്കണേ പടച്ചോനേ…”

എന്നിട്ട് ആത്മഗതമെന്നോണം പറയാൻ തുടങ്ങി: “നമ്മടെ മാധവന്റെ ജന്മദിനം അല്ലേ നാളെ…? ആരുടെയും ഒച്ചയും വിളിയും ഒന്നും കേൾക്കുന്നില്ലല്ലോ?… ഇനി നാളെ അല്ലൊളീ

സംശയത്തോടെ കുഞ്ചിരിയേട്ടത്തി ചുമരിൽ തൂക്കിയിട്ട കലണ്ടറിൽ നോക്കി. ശരിയാണ്, നാളെത്തന്നെ… ഓരെ എല്ലാരും മറന്നൂന്ന തോന്നുന്നു.

പതിയെ കൈമുട്ടിൽ ഊന്നി കുഞ്ചിരിയേട്ടത്തി പായിൽ കാലും നീട്ടിയിരുന്നു…

തന്റെ പഴയകാലത്തിലേക്കെത്തി മാധവനെ ഓർത്തു…

മുഖം ശരിക്കും ഓർക്കുന്നു… മാധവൻ പാരീസിലേക്ക് പോവുമ്പോൾ കുഞ്ചിരിയേട്ടത്തിക്ക് 10 വയസ്സായിട്ടുണ്ടാവും.

…എങ്കിലും എല്ലാം ഓർമ്മയുണ്ട്… കാൽസറായിയും ഒക്കെ ഇട്ടിട്ട് കാണാൻ നല്ല ചേലായിരുന്നു… മാധവന്.

“എങ്ങനെയിരുന്ന ആളായിരുന്നു, അങ്ങ് പാരീസിൽ പഠിക്കാൻ പോയതല്ലേ? … പിന്നെ ഓർക്ക് തിരിച്ചുവരാൻ പറ്റിയില്ലല്ലോ മുത്തപ്പാ…”

“എങ്ങനെയാ പറ്റുക, ഓർക്ക് കണ്ടകശ്ശനിയല്ലേ… കണ്ടകശ്ശനി… കണ്ടകശ്ശനി കൊണ്ടേ പോയുള്ളൂ… എല്ലാം വിധി…”

പിന്നെ ആത്മഗതമെന്നോണം പറഞ്ഞു: “ഓരോ കുരുത്തക്കേടൊപ്പിച്ചിട്ട് ഓന്റെ ജീവനും കൊണ്ട് പോയി… പഠിക്കാൻ പോയാൽ കുട്ട്യോൾ പഠിക്കണം, വേറെ കുല്മാല്ന് പോയാൽ ഇങ്ങനെയല്ലേ ഉണ്ടാവുക?”

ഇത് കേട്ടുകൊണ്ടാണ് സുനിത വരുന്നത്.

സുനിത വല്യമ്മയോട് ചോദിച്ചു: “ആരുടെ ജീവനാ പോയത് വല്ല്യമ്മേ?” സുനിത വല്യമ്മയുടെ മോളുടെ മോളാണ്, ദേവൂട്ടിയുടെ.

“ഒന്നും പറയണ്ട മോളേ… അത് നമ്മുടെ മിച്ചിലോട്ട് ഗോവിന്ദന്റെ മോൻ മാധവന്റെ കാര്യാ മോളേ…”

“മാധവേട്ടന് എന്താ പറ്റിയത് വല്യമ്മേ?”  

“അത് കൊറേ പറയാനുണ്ട്…”

“ഓനെ നാസി പട്ടാളക്കാർ വെടിവെച്ചു കൊന്നതാ മോളേ… ഓരൊന്നും ഗുണം പിടിക്കില്ല… ഓനെ കൊന്നിട്ടിപ്പം ഓർക്ക് എന്താ കിട്ടിയത്…?”

“നാസി പട്ടാളക്കാരോ? ഓര് ആരാ വല്ല്യമ്മേ? എന്തിനാ വല്യമ്മേ മാധവേട്ടനെ വെടിവെച്ചു കൊന്നത്?”

“അത് വലിയ കഥയാ മോളേ…”

“ആന്ത് കഥയാ വല്ല്യമ്മേ?”

കുഞ്ചിരിയമ്മ അടുത്തുള്ള വെറ്റിലച്ചെല്ലം എടുത്തു. മുറുക്കാനുള്ള വെറ്റില എടുത്ത് മൂക്ക് മുറിച്ചു, തെറ്റം അൽപ്പം പൊട്ടിച്ച് ചെന്നിയിൽ ഒട്ടിച്ചു, ചെറിയ അളു തുറന്ന് വാസനച്ചുണ്ണാമ്പ് എടുത്തു, നടുവിരൽ കൊണ്ട് തോണ്ടി, ചൂണ്ടുവിരൽ കൊണ്ട് വെറ്റിലയുടെ ഞരമ്പ് പരണ്ടി പോക്കി, നൂറ് തേച്ച് അടക്കാക്ഷണവും വെച്ച് ചുരുട്ടിപ്പിടിച്ചിട്ട് പറഞ്ഞു: “മോളേ, ആ ഉരലിങ്ങെടുക്ക്.”

സുനിത അടുത്തിരുന്ന മരം കൊണ്ട് കൊത്തിയുണ്ടാക്കിയ ചെറിയ ഉരലെടുത്ത് വല്യമ്മയ്ക്ക് കൊടുത്തു. അതിൽ തന്നെ ചെറിയ ഇരുമ്പുലക്കയും ഉണ്ടായിരുന്നു.

അവർ തന്റെ കയ്യിൽ ചുരുട്ടിപ്പിടിച്ച വെറ്റില ഉരലിലിട്ട് നീട്ടിവെച്ച കാല് പിണച്ചുവെച്ച് ഇരുമ്പുലക്ക കൊണ്ട് ഇടിക്കാൻ തുടങ്ങി.

പച്ചവെറ്റില കെട്ട് ഏതാണ്ട് ഒരു ചമ്മന്തി പാകത്തിൽ ചുവന്നു വന്നപ്പോൾ കുഞ്ചിരിയേട്ടത്തി ഉരലെടുത്ത് ഇടത്തെ ഉള്ളംകൈയിലേക്ക് കുമ്പിട്ത്തി. കയ്യിൽ വീണ വെറ്റിലച്ചമ്മന്തി അപ്പാടെ വായിലിട്ടു, കുറച്ച് പുകയിലയും മുറിച്ച് വായിൽ വെച്ച് ചവച്ചുകൊണ്ട് മാധവന്റെ കഥ പറയാൻ തുടങ്ങി…

“മിച്ചിലോട്ട്… അത് മോളേ… നമ്മളെ മിച്ചിലോട്ടു മാധവൻ…”

“വല്യമ്മേ, മുച്ചിലോട്ട് എന്ന് പറയുന്നത് വാണിയന്മാരുടെ ദേവിയല്ലേ?”

“അത് മുച്ചിലോട്ട് ഭഗവതി, അത് വേറെയാ മോളേ. ഇത് മിച്ചിലോട്ട്. മാധവന്റെ മയ്യഴിയിലെ വീട്ടുപേരാ… മിച്ചിലോട്ട്…”

“എനിക്കറിഞ്ഞൂടെ? നമ്മളെ മൂന്നൻ ഡോക്ടറുടെ അമ്മ ഇത് മിച്ചിലോട്ട്… അല്ലല്ല, പെരുന്തോടി മാതുവിന്റെ മോൻ മാധവൻ… ഓൻ തീയ്യനാ. ഓന്റെ കഥയാ…”

എന്നിട്ട് മാധവന്റെ ചരിത്രം പറയാൻ തുടങ്ങി…

പ്രേമിയും ലീലയും സുരേഷും കൂടി വല്യമ്മ പറയുന്ന കഥ കേൾക്കാൻ കൂടി.

“മക്കളേ, അത് വലിയ കഥയാ… വല്യമ്മയോട് തന്നെ കൊറേ കാര്യം മറന്നുപോയി.” എന്നിട്ട് സുരേഷിനോടായി ചോദിച്ചു:

“ഇന്നലെ നീ എന്താടാ പറഞ്ഞേ… ചൂടികോട്ടേമ്മലെ ബാബു പറഞ്ഞിനു ചോന്ന കടുക്കനിട്ട ആരോ മാധവനെപ്പറ്റി എഴുതീന്നോ, പറഞ്ഞെന്നോ? പറഞ്ഞേ…”

സുരേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു: “ഓ അതാ… അത് ഓര് ഒരു പുസ്തകം അച്ചടിക്കുന്നുണ്ട്. അതിന്റെ പേരാ ‘ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ’ എന്നത്. അല്ലാതെ അതു ആളൊന്നുമല്ല… ആയേ അങ്ങനെയാ. ആ പുസ്തകത്തിലൂടെ കൊറേ കഥയും കവിതയും എഴുതീട്ടുണ്ടെന്ന്? നല്ല രസമുണ്ട് വായിക്കാനെന്ന്… പുസ്തകത്തിൽ കൊറേ കഥയുണ്ടാവും വല്ല്യമ്മേ… ആ കഥ ഇപ്പോ ഓര് ബ്ലോഗിൽ എഴുതുന്നുണ്ട്, അതാ പറഞ്ഞേ…”

“അതിൽ മാധവന്റെ കഥയും പാട്ടൊക്കെ എഴുതീട്ടുണ്ടുപോലും!”

“ബ്ലോഗോ – ക്ലൂഗോ എനിക്ക് ഇങ്ങളുടെ ഈ പരിപാടി ഒന്നും അറിഞ്ഞൂടെ…”

“ഇങ്ങളെടുത്തല്ലേ ഫോണൊക്കെയുള്ളത്? മോളേ, നീ ഒന്ന് അത് വായിച്ചേ… അതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഞാൻ പറയാം.”

“ഓൻ നല്ലോണം മയ്യഴിയിലെ കാര്യം എഴുതുന്നുണ്ടെന്ന് അങ്ങാട്ടേലെ റീത്തയും പറേന്നുണ്ടെന്ന്…”

“എനിക്ക്… ഇപ്പഴത്തെ ഈ കുന്ത്രാണ്ടൊന്നും അറിഞ്ഞൂടെ…”

പ്രേമി ഫോണെടുത്ത് രണ്ടു കൈവിരലുകളും കൊണ്ട് ഫോണിൽ കുത്തിനോക്കിയിട്ട് പറഞ്ഞു: “കിട്ടി… വല്യമ്മേ… കിട്ടി, ഇത് കൊറെയുണ്ടല്ലോ വായിക്കാൻ…” എന്നിട്ട് വായിച്ചു തുടങ്ങി.

“ജൂലൈ 7, 1914 – ൽ മയ്യഴിയിലാണ് മാധവൻ ജനിച്ചത്. മയ്യഴിയിലെ തീയ്യ കുടുംബത്തിൽ ജനിച്ച മാധവന്റെ മാതാപിതാക്കൾക്ക് 5 മക്കളാണ്. രേവതി, മാധവന്റെ മൂത്ത സഹോദരി, പിന്നെ ആൺമക്കളായ കൃഷ്ണൻ, മാധവൻ, ഭരതൻ, മുകുന്ദൻ…”

പ്രേമി പറഞ്ഞു: “ഒരു പഴയ ഫോട്ടോ ഉണ്ട് വല്ല്യമ്മേ.”

വല്യമ്മ: “എടുത്തേ… നീ കാണിച്ചേ… ഞാൻ നോക്കട്ടെ?” എന്നിട്ട് ഫോട്ടോ നോക്കി പറഞ്ഞു:

“ഇടത്തെ തെറ്റിന് ഇരിക്കുന്നത് ഗോവിന്ദേട്ടന്റെ കെട്ട്യോള് മാതുവിന്റെ അമ്മ. പേരെന്തെന്നേ… പിന്നെ ഓർത്തു പറഞ്ഞു, മൃജാക്ഷിന്നാണെന്ന് തോന്നുന്നു… നടുക്കുള്ള കുട്ടി അത് നമ്മളെ മൂന്നനാ… പിന്നെ ഗോവിന്ദേട്ടൻ. പിറകിൽ നിൽക്കുന്നത് ഭരതനും കൃഷ്ണനും പിന്നെ മാധവനും…”

ഇടയ്ക്ക് വല്യമ്മ കയറിപ്പറഞ്ഞു: “ശരിയാ ശരിയാ, ഗോവിന്ദൻച്ചന് അഞ്ചു മക്കളാ… മാധവന്റെ അനിയനാ മൂന്നൻ ഡോക്ടർ. എന്ത് നല്ല ഡോക്ടറായിരുന്നു… ഞാനെപ്പോ പോയാലും കണാരേട്ടന്റെ വിശേഷം ചോദിക്കും. ഡോക്ടര് നല്ല കൈപ്പുണ്യമുള്ള ഡോക്ടറാ…”

“അന്നത്തെ ഡോക്ടർമാരെല്ലാം എന്ത് നല്ല ഡോക്ടർമാരായിരുന്നു… വാസു ഡോക്ടറും, മൂന്നൻ ഡോക്ടറും, രാമകൃഷ്ണൻ ഡോക്ടറും… ങാ, അതെല്ലാം ഒരു കാലം…”

“ഭരതൻ പോലീസിൽ ചേർന്നു. രേവതി കല്ലാട്ട് ആനന്ദേട്ടനെ കല്യാണം കഴിച്ച് ഏതോ കാപ്പിരിന്റെ നാട്ടിൽ പോയി… അവിടെ ടീച്ചർ പണിയാണെനും പോലും… കൃഷ്ണൻ എന്താണോ ചെയ്യുന്നത്, ഓർമ്മ കിട്ടുന്നില്ല… കൊല്ലം എത്രയായി… ഓരെയെല്ലാം കണ്ടിട്ട്… ഓരെല്ലാം ചത്തും പോയില്ലേ…”

….. ഇല്ല വല്യമ്മേ, ഇതാ കാണാൻ ഫോട്ടോയുണ്ട്…  

“നോക്കട്ടെ… തെറ്റക്ക് നിൽക്കുന്നത് മൂന്നൻ ഡോക്ടറ്, അടുത്ത് നിൽക്കുന്നത് ഓരുടെ ഭാര്യ, പിന്നെ ഗോവിന്ദേട്ടന്റെ ഒരേയൊരു മോള് രേവതി. എന്ത് നല്ല തങ്കപ്പെട്ട മോളായിരുന്നു. അപ്പുറത്തുള്ളത് ജാനുട്ടീടീച്ചർ, പിന്നെ കൃഷ്ണന്റെ ഭാര്യ മാളു, തൊട്ടുള്ളത് കൃഷ്ണനും… മുമ്പിലുള്ള കുട്ട്യോൾ കൃഷ്ണന്റെ രണ്ടു മക്കളാ, ചിത്രയും സുചേതയും.”

“ഏതാ വല്യമ്മേ സുചേത?”  

“വല്യകുട്ടി സുചേത.”

“ആ പിറകിൽ നിൽക്കുന്ന കുട്ടി ഏതാ…?”

“അത്… അത്… എനിക്കറിഞ്ഞൂടെ… മൂന്നൻ ഡോക്ടറുടെ കല്യാണത്തിന്റെ സമയത്തായിരുന്നു എടുത്ത ഫോട്ടോ. അന്നേരം പറയുന്നുണ്ടായിരുന്നു, മൂന്നൻ ഡോക്ടറോടൊപ്പം പുതുച്ചേരിയിൽ നിന്ന് ആരോ വന്നിട്ടുണ്ടെന്ന്. ചിലപ്പം ഓനായിരിക്കും.”

ഇത് പറയുന്നതിനിടയിൽ സുനിത പറഞ്ഞു: “വല്യമ്മയ്ക്ക് എല്ലാം നല്ലോണം ഓർമ്മയുണ്ടല്ലോ?”

“മറക്കാൻ പറ്റുമോ ഓരെയെല്ലാം…”

സുരേഷ് പറഞ്ഞു: “ഇങ്ങനെ ഇടയ്ക്കിടയ്ക്ക് കേറിപ്പറഞ്ഞാൽ കഥ വായിച്ചു തീരില്ലല്ലോ… ഇടയ്ക്ക് കയറി പറഞ്ഞാൽ ഈ വായിച്ചുകേൾക്കുന്നതിന്റെ രസം പോകും…”

“ശരി മോളേ… മോള് വായിക്ക്… വായിക്ക്…”

പ്രേമി വീണ്ടും താളത്തിൽ വായിക്കാൻ തുടങ്ങി.

മാധവൻ മാഹിയിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം പോണ്ടിച്ചേരിയിലാണ് പഠിച്ചത്.

വല്യമ്മ വീണ്ടും: “മാഹിയിൽ പഠിക്കുമ്പോൾ ഗാന്ധിജി മാഹിയിൽ വന്നിട്ടുണ്ട്, പുത്തലത്തായിരുന്നു മീറ്റിങ്. ഞാനന്ന് ചെറിയ കുട്ടിയായിരുന്നു. ഗാന്ധിജിയെ കാണണം എന്നുപറഞ്ഞ് ഞാൻ കൊറേ കരഞ്ഞു… ആരും എന്നെ കൊണ്ടുപോയില്ല. കൊണ്ടുപോയിരുന്നെങ്കിൽ എനിക്കും കാണാമായിരുന്നു ഗാന്ധിജിയെ… മാധവൻ ഗാന്ധിജി ഉണ്ടാക്കിയ ഏതോ കൂട്ടരോടൊപ്പം കൂടി. എന്താണെന്നോ അതിന്റെ പേര്… യൂത്ത് ലീഗ് ഓ എന്തോ പറയുന്നുണ്ടായിരുന്നു…”

സുനിത പറഞ്ഞു: “യൂത്ത് ലീഗല്ല വല്യമ്മേ, യൂത്ത് ലീഗ്…”

“ആ, അതെന്നേ… അതെന്നേ. ഓരുടെ കൂടെ കൂടീട്ട് എന്തെല്ലാമോ ചെയ്തതിന് പിന്നെയാ ഓര് പുതുച്ചേരിയിലേക്ക് പോയത്.”

പോണ്ടിച്ചേരിയിലെ പഠനസമയത്ത് ഗാന്ധിജിയുടെ ആഹ്വാനപ്രകാരം ഹരിജൻ സേവക് സംഘത്തിലും, ഹരിജൻ സർവീസ് അസോസിയേഷനിലും മാധവൻ സേവനം അനുഷ്ഠിച്ചിരുന്നു.

അദ്ദേഹത്തിന്റെ പോണ്ടിച്ചേരിയിലെ പഠനകാലഘട്ടത്തിൽ ഇന്ത്യയിൽ അയിത്തജാതിക്കാരായി മാറ്റിനിർത്തപ്പെട്ടവരുടെ കുട്ടികളെ പഠിപ്പിക്കുകയും, അവരുടെ ഉന്നമനത്തിനായുള്ള സഹായങ്ങൾ നൽകുകയും ചെയ്തിരുന്നു മാധവൻ.

“ങ്ങാ… ശരിയാ ശരിയാ, അതും കേട്ടിട്ടുണ്ട്…” എന്നിട്ട് എന്തോ പറയാൻ തുടങ്ങി. ഉടനെ സുനിത: “വല്യ…മ്മേ…”  

“ഓ ഇല്ല മോളേ, വായിക്ക്…”

“വല്യമ്മേ, ഈ ‘മാനവ സേവ മാധവ സേവ’ എന്ന് പറയുന്നത് ഈ മാധവേട്ടൻ ചെയ്ത സേവയാണോ വല്യമ്മേ?”

സുനിതയുടെ സംശയമാ… പ്രേമി സുനിതയെ ഒന്ന് നോക്കി.

വല്യമ്മ പറഞ്ഞു: “അല്ല മോളേ, എന്നാൽ ഏതാണ്ട് അതുപോലെത്തന്നെ… സാധുക്കളെ സഹായിക്കുന്നത് നമ്മുടെ ഔദാര്യമൊന്നുമല്ല മോളേ… മറിച്ച് നമ്മെ ധനികരാക്കി നിർത്തി സാധുക്കളെ സഹായിക്കാൻ ഈശ്വരൻ അവസരം തരുന്നതാ… ഓരോ സാധുജന സേവയും ദാനകർമ്മവും നമുക്ക് നൽകുന്നത് അളവറ്റ ഈശ്വരകടാക്ഷമാണ്… അതാ നമുക്ക് ഗാന്ധിജി കാണിച്ചു തന്നത്, അതു മാധവനും ചെയ്തു…”

പ്രേമി വീണ്ടും വായിച്ചു തുടങ്ങി:

മയ്യഴിയിൽ ഫ്രഞ്ച് അധിനിവേശം ആരംഭിച്ചത് 1720 – കളിലായിരുന്നു. അതോടെ മയ്യഴിയെ ഫ്രഞ്ച് ഇന്ത്യയിലെ ഒരു പ്രദേശമായും, ഫ്രഞ്ച് സർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായി അറിയപ്പെട്ടു തുടങ്ങി. അക്കാലത്ത് ഫ്രഞ്ച് ഇന്ത്യയിൽ ജനിച്ചവരെ ഫ്രഞ്ച് പൗരന്മാരായി കണക്കാക്കിയിരുന്നു. അങ്ങനെയാണ് മാധവൻ ഫ്രഞ്ച് പൗരനാവുന്നത്.

വീണ്ടും സംശയം സുരേഷിന്: “പിന്നെന്താ വല്യമ്മ… ഫ്രഞ്ചുകാരിയാവാത്തത്?”  

വല്യമ്മ ഒന്ന് പരുങ്ങി: “ചിലപ്പം തോന്നും മോനേ, അങ്ങനെ ചെയ്താൽ മതിയായിരുന്നെന്ന്…?”

“ഒന്നുമില്ലേ, 60 വയസ്സ് കഴിഞ്ഞാൽ പെൻഷൻ കിട്ടുമായിരുന്നു… അന്ന് കണാരേട്ടൻ സമ്മതിച്ചില്ല. ഓരെ ആരോ പറഞ്ഞു പേടിപ്പിച്ചതാ… അതാ ഓര് എടുക്കാതെയായത്… അന്ന് ഓര് എടുത്തിരുന്നെങ്കിൽ ഇങ്ങൾക്കെല്ലാം ഫ്രഞ്ചുകാരാവാമായിരുന്നു…”

മൂന്നു കുട്ടികളും കൂടി ചോദിച്ചു: “വല്യമ്മ ഫ്രഞ്ച് സ്കൂളിലല്ലേ പഠിച്ചത്?”

“ആ മോളേ…”

“വല്യമ്മയ്ക്ക് ഫ്രഞ്ചറിയാമോ…?”

“ഹ…ഹ…ഹ… C’est bien sûr? J’avais fait les études jusqu’en classe huit… Je parlais un peu d’anglais aussi… Si je n’avais pas mariée avec Kanaarèttan, moi aussi j’aurais passé le brevet et le baccalauréat comme Madhavan…”

വല്യമ്മ ഇത് പറയുമ്പോൾ കുട്ട്യോളെല്ലാം മുഖത്തോട് മുഖം നോക്കി കണ്ണും തള്ളി നിൽക്കുന്നു… എന്നിട്ട് പറഞ്ഞു: “വേണ്ട വല്യമ്മ, മലയാളം പറഞ്ഞാൽ മതി, ഞങ്ങൾക്കൊന്നും മനസ്സിലായിട്ടില്ല…”

പിന്നെ വല്യമ്മ പറഞ്ഞത് മുഴുവൻ വീണ്ടും മലയാളത്തിൽ പറഞ്ഞുകൊടുത്തു…

“ഹ…ഹ…ഹ… നല്ല കാര്യം? ഞാൻ പഴയ എട്ടാം ക്ലാസ്സാ… എട്ടാം ക്ലാസ്സ്… കൊറച്ച് ഇംഗ്ലീഷും പറയും… ഞാനും മാധവനെപ്പോലെ ബ്രെവേയും ബാക്കലോറിയേറ്റും എല്ലാം പാസ്സാവുമായിരുന്നു. അപ്പോഴല്ലേ കണാരേട്ടനുമായി കല്യാണം കഴിച്ചത്…”

എന്നിട്ട് കുഞ്ചിരിയേട്ടത്തിയുടെ കല്യാണക്കാര്യം പറയാൻ തുടങ്ങി…

“Kanaarèttan était beau… Il avait le visage, le chat… les cheveux bouclés et de beaux muscles comme les étrangers… Toutes les filles avaient envie de lui…”

…കാണാരേട്ടൻ എത്തെ…. ബോ… എ ഫോർ… ഇലവേ… ലേസ്യ്…. ഷത്തെൻ…, ലേ… ഷ്വ്… ബുക്ലെ… എ… ദേ… മെൻ… ബിൻ… മ്യുസ്ക്ലെ… കൊമ്… ലേസെത്രാൻഴെ…. തൂത്ത്… ലേ… ഫീയ്യ്… അവേ… ആംവീ…. ദ്ല്യു….

“വല്യമ്മേ… മലയാളം…”

“കണാരേട്ടൻ നല്ല മൊഞ്ചനായിരുന്നു കാണാൻ… നല്ല വെളുത്ത ശരീരം, മാറും നല്ല മസിലുള്ള കയ്യും, സായിപ്പിനെപ്പോലെ പൂച്ചക്കണ്ണും, ചുരുളൻ മുടിയും, നല്ല സുന്ദരക്കുട്ടൻ. ആരും നോക്കിപ്പോകും.”

“അപ്പം ഇങ്ങൾ…  എങ്ങനെയായിരുന്നു?”തമ്മിൽ ലപ്പേനും? സുനിത… ഇത് കേട്ടപ്പം കുട്ട്യോളെല്ലാം ചിരിച്ചു…

“എണേ… എണേ വേണ്ടേ… പിള്ളേർ മുട്ടയിൽ നിന്ന് വിരിഞ്ഞിട്ടില്ല, ഓരോ ചോദ്യങ്ങൾ ചോദിക്കുന്നു.” എന്നിട്ട് ഓർത്തൊരു ചിരി – ചിരിച്ച് ആ കഥ പറയാൻ തുടങ്ങി.

“നീ കേൾക്കണം. കണാരേട്ടനും കണ്ണൻച്ചനും കൂടി ഇവിടെ തെങ്ങു കെട്ടാൻ വന്നതാ…”

“വലിയ കമ്പക്കയറും, കപ്പിയും, വടിയും കമ്പിയൊക്കെയായി ഓര് രണ്ടാളും വന്നു.”

“കണ്ണൻച്ചൻ കമ്പിന്റെ തെറ്റം പിടിച്ച് തെങ്ങിൽ കയറി, മണ്ടയുടെ അടുത്ത് ചുറ്റി കെട്ടി എന്നിട്ട് നിലത്ത് നിൽക്കുന്ന കണാരേട്ടനോട് പറഞ്ഞു, ‘കമ്പി വലിക്കടാ’ന്ന്. കണാരേട്ടൻ കമ്പി വലിച്ച് മാവിൽ ചുറ്റിപ്പിടിച്ചപ്പം കണ്ണൻച്ചൻ കീഴേക്ക് ഇറങ്ങാൻ തുടങ്ങി. ഓര് തെങ്ങിൽ നിന്ന് ഇറങ്ങുമ്പോൾ എവിടന്നാണോ ഒരു പരുന്ത് പറന്നു വന്ന് കണ്ണൻച്ചന്റെ തലക്കെട്ടും കൊണ്ട് പോയി.”

“ഇത് തടുക്കാനുള്ള ബേജാറിൽ കണ്ണൻച്ചന്റെ കൈലിയുടെ കെട്ടഴിഞ്ഞ് തളപോലെ കാലിൽ തങ്ങി. ഒരു കോണകം മാത്രമുണ്ട്…”

“ഞാൻ ഉച്ചത്തിൽ ചിരിച്ചു. അന്നേരമുണ്ട് കണാരേട്ടൻ എന്നെ നോക്കുന്നത്…”

“കണ്ണൻച്ചന് ദേഷ്യം വന്നിട്ട് കണാരേട്ടനെ ചീത്തപറഞ്ഞു: ‘നീ എവിടെയാ നോക്കുന്നേ, നായിന്റെ മോനേ, കമ്പി ചുറ്റിപ്പിടിക്കടാ’ന്ന്.”

“കണ്ണൻച്ചന് മനസ്സിലായി ഓയൻ എന്നെ നോക്കി ലൈനടിക്കുന്നാന്ന്.”

“കൊറച്ച് കഴിഞ്ഞപ്പോൾ കണാരേട്ടൻ വെള്ളത്തിന് ചോദിച്ചു. ഞാൻ ബേഗം അത്തേക്ക് പോയി കഞ്ഞിവെള്ളം കൊണ്ട് വന്ന് കണാരേട്ടന് കൊടുത്തു.”

“കണാരേട്ടൻ വെള്ളം വാങ്ങുമ്പോൾ എന്നെ നോക്കി ചിരിച്ചു. എന്റെ വിരലിൽ പിടിച്ചതോ തട്ടിയതോ പിടിച്ചതുപോലെയുണ്ടെന്നും ആർക്കറിയാം?”

“അന്നേരം കണ്ണൻച്ചൻ ചോദിച്ചു: ‘എന്താടീ, എനിക്കില്ലേ വെള്ളം…?’”

“ഞാൻ പറഞ്ഞു: ‘വെള്ളത്തിന് ഇങ്ങൾ ചോദിച്ചില്ലല്ലോ…’”

“‘എടീ പോത്തേ, വെള്ളത്തിന് ചോദിക്കണോ? എനിക്കറിഞ്ഞൂടെ രണ്ടാളുണ്ടെന്ന്…?’”

“ഞാൻ വേഗം ഓടിപ്പോയി വെള്ളവും കൊണ്ടു വരുമ്പോൾ കണാരേട്ടൻ വീണ്ടും വെള്ളത്തിന് കൈ നീട്ടി.”

“ഞാൻ പറഞ്ഞു: ‘ഇത് കണ്ണൻച്ചനാന്ന്.’ അന്നേരം കണാരേട്ടൻ പറഞ്ഞു: ‘നീ തന്ന വെള്ളം ഞാൻ കണ്ണൻച്ചന് കൊടുത്തു, നീ ഇതിങ്ങ് താ’ന്ന്.”

“മൂപ്പരുടെ പരിപാടി എനിക്ക് മനസ്സിലായി. ഞാനപ്പാടെ വെള്ളം നിലത്തുവെച്ചു. നോക്കുമ്പോൾ ഓര് എന്നെ നോക്കി വീണ്ടും ഒരു ചിരി. ഞാൻ വല്ലാണ്ടായിപ്പോയി, നാണം വന്നിട്ട് അത്തേക്ക് പാഞ്ഞുപോയി.”

“അന്നേരമുണ്ട് കണ്ണൻച്ചൻ മൂപ്പരെ വിളിക്കുന്നു: ‘ഞ്ഞി എന്താടാ കുന്തംപോലെ അവിടെ നിൽക്കുന്നത്, വേഗം പണി തീർത്തിട്ട് പോണം സുബ്ബറേ…’”

“ഞാൻ ജനലിലൂടെ നോക്കുമ്പോൾ ഓര് രണ്ടാളും കമ്പി വലിക്കുന്നു. അങ്ങനെ തെങ്ങ് കെട്ടിയിട്ട് രണ്ടാളും പോയി… പിന്നെ ഒന്ന് രണ്ടു തവണ ഓരെ കണ്ടിട്ടുണ്ട്.”

“ഒരു ദിവസം കാണാം, കണ്ണൻച്ചനും ഗോപാലേട്ടനും കൂടി അമ്മയുടെ അടുത്ത് വന്ന് പറഞ്ഞു: ‘ഞങ്ങൾ കുഞ്ചിരിയെ പെണ്ണ് കാണാൻ വന്നതാ, ഞങ്ങളുടെ കണാരനാ ചെക്കൻ’ന്ന്.”

“കേട്ടപ്പം ഞാൻ ആകെ നാണിച്ചുപോയി. എനിക്കന്ന് 15 തികഞ്ഞിട്ടില്ല…”

“പിന്നെ എല്ലാം പെട്ടെന്നായിരുന്നു. അങ്ങനെ എന്റെ കല്യാണവും കഴിഞ്ഞു…”

കുട്ട്യോളെല്ലാം മുഖത്തോട് മുഖം നോക്കി. ഒന്നും മനസ്സിലാവുന്നില്ല… പ്രേമി തുടർന്ന് വായിക്കാൻ തുടങ്ങി.

അച്ഛൻ മിച്ചിലോട്ട് കുമാരൻ, ഗോവിന്ദൻ, പുതുച്ചേരിയിലെ ഒരു ഫ്രഞ്ച് സ്കൂളിലെ അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു. മിച്ചിലോട്ട് മാധവൻ പോണ്ടിച്ചേരിയിൽ പഠിച്ചുകൊണ്ടിരിക്കെ അമ്മ പെരുന്തൊടി മാതു എന്ന് വിളിക്കുന്ന കല്യാണി അന്തരിച്ചു. മാധവന് അന്ന് പത്തുവയസ്സ്. അതിനു ശേഷം മാധവന്റെ കുടുംബത്തിന്റെ താമസം മയ്യഴിയിലേക്ക് മാറ്റി. അവിടെ നിന്ന് മെട്രിക്കുലേഷൻ പൂർത്തിയാക്കിയതിനു ശേഷം, മാധവൻ വീണ്ടും ഫ്രഞ്ച് പഠനത്തിനായി പുതുച്ചേരിയിലേക്ക് പോയി. ഫ്രഞ്ച് പഠനം തുടരുകയും അവിടെ നിന്ന് ബാക്കലോറിയേറ്റ് പരീക്ഷ പാസ്സാവുകയും ചെയ്തു.

മാധവന് എൻജിനീയറിങ്, കണക്ക് വിഷയങ്ങളിൽ താല്പര്യമുള്ളതുകൊണ്ട് അതിലായി ശ്രദ്ധ. അന്വേഷണത്തിൽ ഫ്രാൻസിലെ സോർബോൺ സർവകലാശാല ആ കാലങ്ങളിലെ അറിയപ്പെടുന്ന യൂണിവേഴ്സിറ്റി ആണെന്ന് മനസ്സിലാക്കിയ മാധവൻ അവിടെ പഠനം തുടരാൻ തീരുമാനിക്കുകയും അതിനായി ഫ്രാൻസിലേക്ക് പോകുകയും ചെയ്തു.

സോർബോൺ സർവകലാശാലയിൽ, Faculté des Sciences-ൽ വിദ്യാർത്ഥിയായിട്ടായിരുന്നു അദ്ദേഹം ചേർന്നത്. പഠനത്തോടൊപ്പം Archives Nationales-ൽ ജോലി ചെയ്തുകൊണ്ടായിരുന്നു മാധവൻ തന്റെ വിദ്യാഭ്യാസ ചെലവിന് പണം കണ്ടെത്തിയത്. സഹോദരി രേവതിയും സഹായത്തിന് ഉണ്ടായിരുന്നു…

ഇടയ്ക്ക് കുഞ്ചിരിയേട്ടത്തി പറഞ്ഞു: “ഇതൊന്നും എനിക്കറിഞ്ഞൂടെ, ഞാൻ ഓരോൽത്തര് പറയുന്നത് കേട്ടിട്ടുണ്ട്.”

തന്റെ പഠിപ്പും ജോലിയും ഒരുമിച്ച് പുരോഗമിക്കവേ മാധവൻ ഫ്രഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടിയായ ‘Parti Communiste Français’ – P.C.F.-ലെ അംഗമായി ചേരുകയും, മാധവന്റെ അതീവ ബുദ്ധിശാലിത്തവും, അദ്ദേഹത്തിന്റെ നേതൃപാടവവും, ധൈര്യവും, ഏതുകാര്യത്തിനും മുന്നിട്ട് ഇറങ്ങി പ്രവർത്തിക്കുന്ന സ്വഭാവവും അദ്ദേഹത്തെ സംഘടനയുടെ നേതൃനിരയിലേക്കെത്തിച്ചു. ക്രമേണ അതിന്റെ മുന്നണി പ്രവർത്തകനാവുകയും ചെയ്തു…

ദേവൂട്ടി മീൻ മുറിച്ച് ചട്ടിയും മീനുമായി അടുക്കളയിലേക്ക് കയറുമ്പോൾ പ്രേമി കഥ വായിക്കുന്നതാണ് കണ്ടത്.

“എണീ, ഇങ്ങൾക്ക് പഠിക്കാനൊന്നും ഇല്ലേ? പരീക്ഷ അടുത്തല്ലേ… പോയി പഠിക്കടാ ദിവാകരേട്ടൻ ഇങ്ങ് വരട്ടെ, ഞാൻ പറയുന്നുണ്ട് ഇവരൊന്നും ഒരു വസ്തു പഠിക്കുന്നില്ല, എപ്പ നോക്കിയാലും ഫോണും പിടിച്ചിട്ട് നടക്കുകയാ. ഒരു കാര്യത്തിനും ഈറ്റയോൾ കിട്ടുന്നില്ലാന്ന്.”

ദിവാകരൻ കുട്ട്യോളുടെ അച്ഛനാ, ദേവൂട്ടിയുടെ ഭർത്താവ്. ഗൾഫിലാ ഓൻ.

ഇതു കേട്ടതും ഫോൺ ഓഫാക്കിയിട്ട് എല്ലാരും പഠിക്കാൻ പോയി.

കുഞ്ചിരിയേട്ടത്തിയും പറഞ്ഞു: “ആ, പോയി പഠിക്ക്, നമുക്ക് ബാക്കി നാളെ വായിക്കാം…”

ഒരു പഴയകാല നാടൻ പ്രയോഗം

മാധവന്റെ ബാക്കി കഥ തുടരും…

Dr.Mukundan In front of his Car – (Munkundan brother of M. Madhavan..)

X Ray Unit Inogral Functions Photos

Gunsari Lal Nanda Old Photos

X Ray Unit complex at Mahe Hosoital

മഠത്തിൽ ബാബു ജയപ്രകാശ്..✍️         My Watsapp Cell No: 00919500716709

6 Comments

  1. Gopalan's avatar Gopalan says:

    ബാബു ഏട്ടാ നന്നായിട്ടുണ്ട് ചരിത്രത്തെ കഥയിലൂടെ നാടൻ ഭാഷാ ശൈലിയിൽ അവതരിപ്പിക്കുന്നത് കൊണ്ട് ഏതൊരു സാധാരണക്കാരനും വായന ആസ്വാദകമാക്കാനും ആശയങ്ങൾ പൂർണമായും ഉൾക്കൊള്ളാനും അംഗീകരിക്കാനും സാധിക്കും. കുഞ്ചിരി യമ്മയും കണാരേട്ടനും ദേവൂട്ടിയും ഗോപാലേട്ടനും നമ്മുടെ ചുറ്റുമുണ്ടായിരുന്ന വരായിരുന്നു എന്ന് തോന്നുന്നു. ഭാവുകങ്ങൾ നേരുന്നു ആശംസകളോടെ.

    Like

  2. ShobanaRegive's avatar ShobanaRegive says:

    Well written. You have expressed in appropriate words.

    Like

    1. Babucoins's avatar Babucoins says:

      Thank you Shobhana, my regards to all at home.🙂

      Like

  3. Coumar's avatar Coumar says:

    As always, your writting is very interesting. By giving importance to our typical Malayalam slang, you gave me a nostalgia. Well done and keep it up my freind 🙏

    Like

    1. Babucoins's avatar Babucoins says:

      🙂 Thank You Kumar for your good words…

      Like

    2. Babucoins's avatar Babucoins says:

      Thank you Kumar

      On Tue, 7 Jun 2022, 15:17 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, < comment-reply@wordpress.com> wrote:

      >

      Like

Leave a Comment