Time Taken To Read 8 Minutes
ഗതകാല സ്മരണകൾ ഉണർത്തിയ പള്ളി പെരുന്നാളിന്റെ വിവരങ്ങൾ എഴുതി അവസാനിപ്പിക്കുമ്പോൾ, പള്ളി സ്ഥാപിതമായതിനെപ്പറ്റി എന്റെ അറിവിൽ വായിച്ചറിഞ്ഞതും കേട്ടറിഞ്ഞതുമായ ചില വിവരങ്ങൾ ഈ ബ്ലോഗിലൂടെ വായനക്കാർക്കായി സമർപ്പിക്കുന്നു.
മാഹിയിലെ ആവിലയിലെ വിശുദ്ധ തെരേസയുടെ ദേവാലയം ഇന്ത്യയിലെ തന്നെ പഴക്കമേറിയതും ഒരുപക്ഷേ മലബാറിലെ ഏറ്റവും പഴക്കമുള്ളതുമായ ദേവാലയങ്ങളിൽ ഒന്നായിരിക്കും. ഈ ദേവാലയത്തിന്റെ ഉത്ഭവത്തെക്കുറിച്ചും ആദ്യകാല ചരിത്രത്തെക്കുറിച്ചും ആധികാരികമായ രേഖകൾ കൂടുതലായൊന്നും എവിടെയും കണ്ടെത്തിയതായി അറിവില്ല എന്നുവേണം അനുമാനിക്കാൻ. എങ്കിലും, മയ്യഴി പള്ളിയുടെ ചരിത്രത്തെപ്പറ്റി നമ്മൾ ഏറെ കേട്ടതിൽ അധികവും വാമൊഴിയിലൂടെ മാത്രമുള്ളതായിരുന്നു.
എങ്കിലും വിലപ്പെട്ട ഒരു രേഖയുണ്ട് — _“De Missione Mahinensi in Malabaribus Commentarius”_. റവ. ഫാദർ ഇഗ്നേഷ്യസ് എ.എസ്. ഹിപ്പോലൈറ്റ്സ്, ഒ.സി.ഡി. 1757 ജൂലൈ 2-ന് റോമിലെ കാർമലൈറ്റ് ആർക്കൈവ്സിൽ നിന്ന് കണ്ടെത്തിയതാണിതെന്ന് ചില രേഖകൾ വ്യക്തമാക്കുന്നു. ഈ റെക്കോർഡിന്റെ ഒരു പകർപ്പ് റോമിലെ പ്രൊപ്പഗാണ്ടയുടെ ആർക്കൈവിലും സൂക്ഷിച്ചിട്ടുണ്ട് എന്ന് പറയപ്പെടുന്നു.
പ്രസ്തുത രേഖകൾ പ്രകാരം, 1723-ൽ വടകരയ്ക്കടുത്തുള്ള കടത്തനാട്ടിലെ വാഴുന്നോർ രാജാവായിരുന്ന കാലത്ത് ഇറ്റലിക്കാരനായ ഫാദർ ഡൊമിനിക്, ഒ.സി.ഡി. (“സെന്റ് ജോൺ ഓഫ് ദി ക്രോസിലെ അംഗം”) മാഹിയിലെത്തി മാഹി മിഷൻ സ്ഥാപിച്ചു. അന്നുമുതൽ ക്രിസ്ത്യാനികളുടെ ഒരു ചെറിയ സമൂഹം ഈ സ്ഥലത്ത് വളർന്നുതുടങ്ങി. താൽക്കാലികമായി കെട്ടിയ പള്ളികളിൽ ഒത്തുകൂടി ഇദ്ദേഹത്തിന്റെ കാർമികത്വത്തിൽ പ്രാർത്ഥന നടത്തിത്തുടങ്ങി എന്ന് ചില രേഖകൾ വ്യക്തമാക്കുന്നു.
മതപ്രചരണത്തോടൊപ്പം കഷ്ടത അനുഭവിക്കുന്ന ആളുകളിലേക്ക് ഇറങ്ങിച്ചെന്ന് സാമൂഹ്യ പ്രവർത്തനങ്ങൾ നടത്തി അവരെ സഭയിലേക്ക് അടുപ്പിച്ചു. തുടർന്ന് 1736-ൽ സെന്റ് തെരേസയുടെ ദേവാലയം സ്ഥാപിക്കപ്പെട്ടു. ആദ്യകാലത്ത് മുളകളും തെങ്ങിന്റെ തടിയും കവുങ്ങും ചൂരലും മടഞ്ഞ ഓലകളും കൊണ്ട് നിർമ്മിച്ച ഒരു ഷെഡ് മാത്രമായിരുന്നു പള്ളി. ആ വർഷം ഡിസംബറിൽ, റോമൻ കത്തോലിക്കാ സഭയുടെ ആചാരപ്രകാരവും കർമ്മലീത്താ സഭയുടെ ആചാരാനുഷ്ഠാനങ്ങൾക്കനുസരിച്ചും പ്രവർത്തിക്കാനായി പള്ളി കൈമാറി.
മുകളിൽ സൂചിപ്പിച്ച കർമ്മലീത്താ രേഖകളിലൂടെ വെളിപ്പെടുന്നത്, മിഷനറിമാരുടെ തീവ്രമായ ശ്രമത്തിന്റെ ഫലമായി ഏകദേശം 2,000-ത്തിലധികം മുതിർന്നവർ സ്നാനം സ്വീകരിച്ചുവെന്നാണ്. കാലക്രമേണ ഇവരെയൊക്കെ സഭയിൽ സ്വീകരിച്ചെന്നും വിശ്വസിച്ചുവരുന്നു.
1760-ൽ ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ ഇടയ്ക്കിടെ ഉണ്ടായ യുദ്ധങ്ങൾ കാരണം ഈ ദേവാലയത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. പള്ളിയുടെ അറ്റകുറ്റപ്പണികൾ യഥാസമയം നടത്താൻ സാധിക്കാത്തതിനാൽ പ്രാർത്ഥനാലയത്തിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന അവസ്ഥയിലായി. 1779 മാർച്ച് ആകുമ്പോഴേക്കും പ്രസ്തുത ദേവാലയം ജീർണ്ണിച്ച് ഏതാണ്ട് നിലംപൊത്തുന്ന സ്ഥിതിയിലായി. തുടർന്ന് ഒരു പുനരുദ്ധാരണത്തിന്റെ ആവശ്യകതയിലേക്ക് എത്തിയെന്നും പറയപ്പെടുന്നു.
ഈ പുരാതന ദേവാലയത്തിന്റെ ശോചനീയാവസ്ഥ മനസ്സിലാക്കിയ ആബെ ഡ്യൂഷെനിൻ (Abbe Duchenin) ഏകദേശം 1788-ൽ പ്രസ്തുത ദേവാലയം പുനരുദ്ധാരണം ചെയ്ത് വിശ്വാസികൾക്ക് പ്രാർത്ഥനയ്ക്കായി വീണ്ടും സമർപ്പിച്ചു എന്ന് വിശ്വസിച്ചുവരുന്നു.
ഈ ദേവാലയത്തിന്റെ നവീകരണത്തെ പരാമർശിക്കുന്ന ഒരു സർക്കാർ രേഖ മാഹിയിലെ റവന്യൂ ഓഫീസിൽ സൂക്ഷിച്ചിരിക്കുന്നു എന്ന് പറഞ്ഞുകേട്ടിട്ടുണ്ട്. കാലക്രമത്തിൽ, ഏകദേശം 1855-ൽ വീണ്ടും ദേവാലയം പുതുക്കിപ്പണിയുന്നതോടൊപ്പം ഓലമേഞ്ഞ മേൽക്കൂര മാറ്റി മംഗലാപുരം ഓട് പാകി, പള്ളിയുടെ ഗോപുരം പണിയുകയും ഉണ്ടായി. അതോടൊപ്പം, മാഹി പട്ടണത്തിന് മുഴുവൻ സമയം അറിയാൻ വിധം ഗോപുരത്തിലെ പ്രസ്തുത ഘടികാരം (Clock) ആ വർഷം അവിടെ സ്ഥാപിച്ചു. പ്രസ്തുത ഘടികാരം ചില ഫ്രഞ്ച് നാവികർ പള്ളിയിൽ സമർപ്പിച്ചതായി പറയപ്പെടുന്നു.
പള്ളി ഫ്രഞ്ചുകാരുടെ നേതൃത്വത്തിൽ നവീകരിക്കുമ്പോൾ, വാസ്തുകലയിലും കെട്ടിടപ്പണിയിലും നൈപുണ്യമുള്ള ഒരാളെ തേടിയ ഫ്രഞ്ചുകാർ പ്രഗൽഭനായ കൊയിലാണ്ടിയിലെ തോലൻ മൂപ്പനെന്ന കൽപ്പണിക്കാരനെപ്പറ്റി അറിയാനിടയായി. അദ്ദേഹത്തെ കണ്ടെത്തി പള്ളി പുതുക്കിപ്പണിയാൻ ചുമതലപ്പെടുത്തി. പള്ളിപ്പണിക്കിടയിൽ ദീർഘകാലം ഫ്രഞ്ചുകാരുമായുള്ള സഹവർത്തിത്വം ഉണ്ടാക്കിയെടുത്ത തോലൻ മൂപ്പൻ ഫ്രഞ്ച് ഭാഷയിൽ നല്ല പരിജ്ഞാനം നേടി. അതുവഴി മയ്യഴിക്കാർക്കും വാഴുന്നോർക്കും ഫ്രഞ്ചുകാരോട് സംവദിക്കാൻ ഒരു ഇടനിലക്കാരനായി തോലൻ മൂപ്പന്റെ സഹായം ഉപയോഗപ്പെടുത്തി എന്നും അറിയുന്നു. പിൽക്കാലത്ത് തോലൻ മൂപ്പൻ മയ്യഴി പുത്തലത്തെ കാരണവർ സ്ഥാനം ഏറ്റെടുക്കുകയും ഫ്രഞ്ചുകാരുടെ ഇഷ്ടക്കാരനായി മാറിയതായും കേട്ടിട്ടുണ്ട്. (തോലൻ മൂപ്പനെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ പുത്തലം വിശേഷത്തിൽ എഴുതിയിട്ടുണ്ട്)
1956-ൽ ദേവാലയം വീണ്ടും നവീകരിക്കുകയും വൈദ്യുതീകരിക്കുകയും ചെയ്തു. 1956 ജൂലൈ 15-ന് നവീകരിച്ച ദേവാലയം ആരാധനയ്ക്കായി തുറന്നുകൊടുത്തു. പിന്നീട് 1958-ൽ പള്ളിയുടെ തറയും ഗോപുരത്തിന്റെ പ്ലാസ്റ്ററിങ്ങും ഒക്കെ പൂർത്തീകരിക്കുകയും ചെയ്തു.
സെന്റ് തെരേസ ദേവാലയത്തിന് രണ്ട് പ്രധാന ഐതിഹ്യങ്ങളുണ്ട്.
ഒരു ഐതിഹ്യത്തിൽ, വിശുദ്ധ തെരേസയുടെ വിഗ്രഹം വഹിച്ചുകൊണ്ട് ഒരു കപ്പൽ മാഹിക്ക് സമീപം എത്തുമ്പോൾ കടലിൽവെച്ച് തകരാറിലായി. കപ്പലിന് ലക്ഷ്യത്തിലേക്ക് നീങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു. ഏറെ പരിശ്രമിച്ചിട്ടും കപ്പലിന്റെ കേട് ശരിയാക്കാൻ പറ്റാതെ വന്നപ്പോൾ, ഇനി എന്ത് എന്ന് ചിന്തിച്ച് നാവികർ നടുക്കടലിൽ വിഷമിച്ചിരിക്കുമ്പോൾ അടുത്തുള്ള കരയിലേക്ക് നീങ്ങാനുള്ള ഉൾവിളി ഉണ്ടായി. അതുപ്രകാരം വിഗ്രഹം കപ്പലിൽനിന്ന് ചെറുബോട്ടിലേക്ക് മാറ്റിയ ഉടനെ എഞ്ചിൻ പ്രവർത്തിച്ചു. അതുപ്രകാരം നാവികർ അന്വേഷിച്ച് കണ്ടെത്തിയ സ്ഥലമായ മയ്യഴിയിൽ വിഗ്രഹം പ്രതിഷ്ഠിച്ചു. അത് ഒടുവിൽ മാഹി പള്ളിയായി മാറി എന്ന് ഒരു കഥ.
മറ്റൊരു ഐതിഹ്യം, ഒരു മത്സ്യത്തൊഴിലാളിക്ക് മാഹി നദിയിൽനിന്ന് സെന്റ് തെരേസയുടെ ഒരു ചെറിയ തടിപ്രതിമ ലഭിച്ചു. ഇത് ഒടുവിൽ മാഹി പള്ളി രൂപീകരണത്തിൽ കലാശിച്ചു. ഇതിൽ ആദ്യത്തേതിനാണ് ഏറെ പ്രചാരവും വിശ്വാസ്യതയും.
2010-ലാണെന്ന് തോന്നുന്നു, ഫാദർ എഡ്വിൻ തുണ്ടത്തിൽ മയ്യഴി പള്ളിയുടെ വികാരിയായിരുന്ന കാലത്ത് പള്ളിയുടെ പ്രധാന പരിഷ്കരണം വീണ്ടും നടത്തി ഇപ്പോഴുള്ള രൂപത്തിൽ പുനർനിർമ്മിച്ചത്.
പള്ളിയുടെ പ്രധാന കവാടത്തിനു മുകളിലായി സ്ഥാപിച്ച കൂറ്റൻ ഘടികാരം ഇന്നും ഒരു പ്രധാന ആകർഷണം തന്നെ. പ്രസ്തുത ഘടികാരം തീർച്ചയായും ഈ ആധുനിക കാലത്തും ഒരു അത്ഭുതമാണ്. 76 അടിയോളം ഉയരമുള്ള ഈ ദേവാലയത്തിന്റെ ഗോപുരത്തിന് മുകളിൽ സ്ഥാപിച്ച ഈ കൂറ്റൻ ഘടികാരം 167 വർഷത്തോളമായി മുഴങ്ങുന്നു. ആ ഘടികാരമണിയുടെ നേർത്ത ശബ്ദം ഇന്നത്തെ വാഹനങ്ങളുടെ ശബ്ദമലിനീകരണത്തിൽ ലയിച്ച് നമ്മൾ ശ്രദ്ധിക്കാതെ പോകുന്നു. എങ്കിലും, രാത്രിയുടെ നിശബ്ദതയിൽ ശ്രദ്ധിച്ചാൽ അതിന്റെ മെലഡിയായ ശബ്ദം എല്ലാ മണിക്കൂറിലും ശ്രവിക്കാം.
ആ കൂറ്റൻ ഘടികാരത്തിന്റെ രൂപവും ഘടനയും ഭംഗിയും സമയക്രമവും പരിപാലനവും യാതൊരു സംശയവുമില്ലാതെ ചരിത്രത്തെ മാത്രമല്ല, ഈ പ്രദേശത്തിന്റെ സംസ്കാരത്തെയും പ്രതിധ്വനിപ്പിക്കുന്നു.
മയ്യഴിക്കാരനായ എ. ഇ. ബാലകൃഷ്ണൻ ക്ലോക്ക് പ്രവർത്തനക്ഷമമാക്കാനും അതിന്റെ പാരമ്പര്യത്തനിമ നിലനിർത്താനും തന്റേതായതെല്ലാം ചെയ്തുവരുന്നു ഇപ്പോഴും. അതിനു വേണ്ടുന്ന എല്ലാ സഹായവും പള്ളി ഇപ്പോഴും അദ്ദേഹത്തിന് നൽകിവരുന്നു.
1885-ൽ ഫ്രഞ്ച് നാവികർ ഈ ക്ലോക്ക് പള്ളിക്ക് സമ്മാനിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. ക്ലോക്കിലെ കൊത്തുപണികൾ സൂചിപ്പിക്കുന്നത് ഫ്രാൻസിലെ പാരീസിലെ പെത്തിഷാം 47 ബോറൽ കമ്പനിയാണ് ഇത് നിർമ്മിച്ചതെന്നാണ്. 4 അടിയോളം വ്യാസമുള്ള ഈ ക്ലോക്കിന് യു.കെ.യിലെ ലണ്ടനിലെ പ്രശസ്തമായ ബിഗ് ബെന്നിനെക്കാൾ 26 വയസ്സ് കുറവാണെന്ന് കണക്കാക്കപ്പെടുന്നു.
ഘടികാരം സ്ഥാപിച്ച പള്ളി ഗോപുരത്തിന്റെ ആദ്യത്തെ അറ മുഴുവൻ ക്ലോക്ക് യന്ത്രങ്ങൾ ഉൾക്കൊള്ളുന്നു. അനുബന്ധ ഉപകരണങ്ങളും മണിയും രണ്ടാം നിരയിലാണ്.
ആദ്യകാലങ്ങളിൽ ബാലകൃഷ്ണന്റെ പിതാവ് ചന്തു ഏകദേശം 40 വർഷത്തോളം ക്ലോക്ക് സംരക്ഷിച്ചുകൊണ്ടിരിക്കെ മരണപ്പെടുകയും, അദ്ദേഹത്തിന്റെ മരണശേഷം അതിന്റെ ഉത്തരവാദിത്തം സ്വർണ്ണപ്പണിക്കാരനായ ബാലകൃഷ്ണന്റെ ചുമലിൽ വന്നുചേരുകയും ചെയ്തു. കുറേ ഏറെ വർഷം പ്രവാസജീവിതം നയിച്ച ബാലകൃഷ്ണൻ പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയതിനുശേഷമാണ് ക്ലോക്ക് പരിപാലിച്ചുതുടങ്ങിയത്.
ആഴ്ചയിലൊരിക്കൽ നടത്തേണ്ട അറ്റകുറ്റപ്പണിയും ഓയിലിങ്ങും ചാവികൊടുക്കലും കഴിഞ്ഞ കുറേ വർഷമായി ബാലകൃഷ്ണൻ കൃത്യമായും സൂക്ഷ്മതയോടുകൂടിയും പരിപാലിച്ചുവരുന്നുണ്ട് എന്നറിയുന്നു.
ക്ലോക്ക് ഗുരുത്വാകർഷണത്തെ ആശ്രയിച്ചാണ് മണിക്കൂറിൽ മണിനാദങ്ങൾ മുഴക്കുന്നത്. കാലപ്പഴക്കംകൊണ്ടുണ്ടാകുന്ന പാർട്സുകളുടെ കേടുപാടുകൾ കൃത്യതയോടെ തിരിച്ചറിഞ്ഞ് ബാലകൃഷ്ണൻ തന്നെ അറ്റകുറ്റപ്പണി നിർവഹിക്കുന്നു.
ഏകദേശം പത്തു-പതിനഞ്ച് വർഷം മുമ്പ് ഈ ഘടികാരം കുറച്ചുകാലം പ്രവർത്തനരഹിതമായിട്ടുണ്ടായിരുന്നു. അതിന്റെ ജീർണ്ണിച്ച അവസ്ഥകണ്ട് ശ്രീ. ഷാജി പിണക്കാട്ട് മുൻകൈ എടുത്ത് അന്നത്തെ പള്ളിവികാരിയോട് പറഞ്ഞ്, ഏകദേശം പതിനായിരം രൂപയോളം ചെലവഴിച്ച് മോശമായ പാർട്സുകൾ കോയമ്പത്തൂരിൽനിന്ന് വരുത്തിയും ചില പാർട്സുകൾ ലെയ്തിൽ ഉണ്ടാക്കിയും വീണ്ടും പ്രവർത്തിപ്പിക്കുവാൻ ഷാജിയുടെ നേതൃത്വത്തിൽ സാധിച്ചു എന്നത് പ്രശംസനീയമാണ്.
മെക്കാനിക്കൽ പരിജ്ഞാനം ഒന്നുമില്ലാതിരുന്നിട്ടും തനിക്ക് പാരമ്പര്യമായി കിട്ടിയ സിദ്ധി ഉപയോഗിച്ച് ശ്രീ. ബാലകൃഷ്ണൻ ഇന്നും കൃത്യതയോടെ ഈ ക്ലോക്ക് സമയകൃത്യത പാലിച്ച് പരിപാലിച്ചുവരുന്നു.
പള്ളിമണിയെപ്പറ്റി പറഞ്ഞുകേൾക്കുന്ന കഥ ഇങ്ങനെ: 1922-ൽ സ്ഥാപിച്ചുവെന്ന് ടവറിൽ ആലേഖനം ചെയ്തത് സാക്ഷ്യപ്പെടുത്തുന്നു. യഥാർത്ഥത്തിൽ ഈ കൂറ്റൻ പള്ളിമണി സെയ്ഷെൽസിലുള്ള മാഹിയിലേക്കോ മുംബൈയിലെ മാഹിം എന്ന സ്ഥലത്തെ ദേവാലയത്തിലേക്കോ വേണ്ടി വരുത്തിയതും, അത് പേരിലെ സാമ്യംകണ്ട് അഡ്രസ്സ് മാറി മാഹിയിൽ എത്തി എന്നുമാണ്. പിന്നീട് മാഹിയിലേക്കുള്ള മണി എത്തിയപ്പോഴേക്കും ആദ്യം എത്തിയ മണി സ്ഥാപിച്ചുകഴിഞ്ഞിരുന്നു. പിന്നീട് ഇത് പരിഹരിക്കാനായി മാഹിയിലെത്തിയ രണ്ടാമത്തെ മണി മുംബൈയിലെ മാഹിമിലേക്ക് അയച്ചുവെന്നും പറഞ്ഞുകേട്ടിട്ടുണ്ട്. ഭാരമേറിയതും 70 സെന്റീമീറ്റർ വ്യാസവും 80 സെന്റീമീറ്റർ ഉയരവുമുള്ള ഈ കൂറ്റൻ മണി എങ്ങനെ ഇത്രയും ഉയരത്തിൽ എത്തിച്ചു എന്നുള്ളത് ആലോചിക്കുമ്പോൾ ഇന്നും ഒരത്ഭുതമായി തോന്നും.
മറ്റൊരു പ്രധാന അറിവ്: ഇന്ത്യൻ പുരാവസ്തു ഉദ്യോഗസ്ഥർ പള്ളിമണിയുടെ കാലപ്പഴക്കവും അതിന്റെ മൂല്യവും വിലയിരുത്താൻ മയ്യഴി സന്ദർശിച്ചപ്പോൾ, നിർണ്ണയിക്കാൻ പറ്റാത്ത കോടികളുടെ മൂല്യമുണ്ടെന്ന് വിലയിരുത്തി.
ഇന്നും ഈ മണി സർവപ്രതാപത്തോടുകൂടി ജനങ്ങളെ പല കാര്യങ്ങളും ഓർമ്മിപ്പിച്ച് നിലകൊള്ളുന്നു.
*ആവില പ്രൈമറി സ്കൂൾ – മാഹി*
70-കളിൽ അവിടെ ഒരു പ്ലേ സ്കൂൾ തുടങ്ങിയത് ഓർമ്മയുണ്ട്. അന്ന് അത് നടത്തിപ്പോന്നിരുന്നത് പള്ളി വകയാണോ അല്ലെങ്കിൽ അവിടെ താമസിച്ചവരാണോ എന്ന് വ്യക്തമായി ഓർമ്മയിൽ തെളിയുന്നില്ല. എന്റെ സഹോദരിയെ അവിടെ കൊണ്ടുവിടാനും കൂട്ടിക്കൊണ്ടുവരാനും പോയതിന്റെ ഒരു നേരിയ ഓർമ്മ മാത്രം.
ഇപ്പോഴുള്ള എൻട്രൻസിലൂടെ നേരെ നടന്നാൽ, ഏകദേശം മഠം പണികഴിപ്പിച്ച സ്ഥലത്ത് ഒരു വേലി. ചുറ്റും പൂക്കളുള്ള ചെടികളും മുൻഭാഗത്ത് നിറയെ കനകാംബരവും തോട്ടവാഴയും ചെട്ടിപ്പൂവും വളർത്തിയത് കാണാം. അതിനോടുചേർന്ന് ചെറിയ കുടിൽ പോലെ തോന്നിക്കുന്ന ഓലമേഞ്ഞ വീട്. അവിടെയായിരുന്നു ആവില പ്ലേ സ്കൂൾ പ്രവർത്തിച്ചിരുന്നത്. പിന്നീട് അവിടെ മഠം പണിയുകയും അനുബന്ധമായി 5 മുതൽ 8 വരെ മുറികളോടുകൂടിയ ഒരു പ്രൈമറി സ്കൂൾ ഇതേ പേരിൽ കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ പ്രവർത്തിച്ചുതുടങ്ങുകയും ചെയ്തു.
മയ്യഴി സെന്റ് തെരേസ പള്ളിയുടെ മേൽനോട്ടത്തിൽ 1981-ൽ സ്ഥാപിതമായ ഈ വിദ്യാലയം പൂർണ്ണമായും അൺ-എയ്ഡഡ് ആയിട്ടാണ് പ്രവർത്തിച്ചുവരുന്നത്. ക്ലാസുകൾ 1 മുതൽ അഞ്ചാം ക്ലാസുവരെ ഇംഗ്ലീഷ് മീഡിയത്തിൽ വിദ്യാഭ്യാസം നൽകിവരുന്നു. ഉന്നത നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിന് സ്വന്തമായ കെട്ടിടവും ഉണ്ട്. 300-ൽ അധികം കുട്ടികൾ ഇപ്പോൾ അവിടെ പഠിക്കുന്നുണ്ട്. അവർക്ക് വിദ്യ പകരാനായി 17 മുതൽ 20 വരെ അധ്യാപകരും ഈ സ്ഥാപനത്തിൽ ജോലിചെയ്തുവരുന്നു.
നാടിന്റെ വളർച്ചയ്ക്ക് വിദ്യാഭ്യാസം ഏറ്റവും അനിവാര്യമാണ് എന്ന് മനസ്സിലാക്കിയ ഈ സന്യാസി സമൂഹത്തിന് എല്ലാ പിന്തുണയും നൽകി 1980-ൽ സ്ഥാപിതമായ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റിയുടെ സേവനവും കൂടിയായപ്പോൾ പിന്നീട് അവർക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഈ വിദ്യാലയം കോ-എഡ്യൂക്കേഷൻ സമ്പ്രദായത്തിലാണ് പ്രവർത്തിച്ചുവരുന്നത്.
സ്കൂളിനോടനുബന്ധിച്ച് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്. പഠന ആവശ്യങ്ങൾക്കായി 5-6 മുറികളുണ്ട്. അധ്യാപകേതര ആവശ്യങ്ങൾക്കായി മറ്റ് 2 മുറികളുണ്ട്. ഹെഡ്മാസ്റ്റർക്കും അധ്യാപകർക്കുമായി പ്രത്യേകം പ്രത്യേകം മുറികൾ ഉണ്ട്. സ്കൂൾ പൂർണ്ണമായും മതിൽകെട്ടി കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നു. ശുചിത്വം പരിപാലിച്ചുകൊണ്ട് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേകം ടോയ്ലറ്റുകളും നിർമ്മിച്ചിട്ടുണ്ട്.
കുട്ടികൾക്ക് കളിക്കാനായി സ്വന്തമായി ഒരു കളിസ്ഥലം ഇല്ല എന്ന പോരായ്മ ഒഴിച്ചുനിർത്തിയാൽ, നല്ല വിദ്യാഭ്യാസം നൽകിവരുന്ന ഒരു സ്ഥാപനമാണിത്. ആധുനിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി കുട്ടികൾക്ക് മികച്ച സൗകര്യമുള്ള കമ്പ്യൂട്ടർ ക്ലാസുകളും ഏർപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ളക്ഷാമം ഏറെ അനുഭവിക്കുന്ന മയ്യഴിയിൽ സ്കൂളിനും കുട്ടികൾക്കും ആവശ്യമായ വെള്ളം കണ്ടെത്തുന്നത് സ്കൂൾ കോമ്പൗണ്ടിലെ കിണറ്റിൽനിന്നാണ്.
ഉന്നത നിലവാരമുള്ള അധ്യാപികമാരോടൊപ്പം കന്യാസ്ത്രീകളുടെ മേൽനോട്ടത്തിൽ നടത്തിവരുന്ന ഈ സ്ഥാപനം മയ്യഴിയിലെ വിദ്യാഭ്യാസമേഖലയിൽ ഒരു മുതൽക്കൂട്ടാണെന്ന് എടുത്തുപറയേണ്ടിയിരിക്കുന്നു. ജാതി-മത ഭേദമന്യേ എല്ലാവർക്കും പ്രവേശനം അനുവദനീയമാണ്.
പള്ളിയെപ്പറ്റി എടുത്തുപറയേണ്ട മറ്റൊരു പ്രധാന പ്രവൃത്തി, സഭയിലെ വീടില്ലാത്തവർക്ക് പാറക്കൽ പ്രദേശത്ത് ഒരു സ്ഥലം കണ്ടെത്തി വീട് നിർമ്മിച്ചുകൊടുക്കുകയും പിന്നീട് ആ സ്ഥലം അവിടത്തെ താമസക്കാർക്ക് ജന്മം നൽകുകയും ചെയ്തു എന്നറിയുന്നു. അതുകൊണ്ടുതന്നെയായിരിക്കാം ആ സ്ഥലം ഇന്നും പള്ളിപ്പറമ്പായി അറിയപ്പെടുന്നത്. അത് സാധിച്ചെടുത്തത് ടഫ്റേൽ അച്ചന്റെ കാലത്താണെന്ന് കേട്ടിട്ടുണ്ട്. ആ മഹാന്റെ മറ്റ് വിശേഷങ്ങൾ എന്റെ ഓർമ്മകൾക്കും അപ്പുറമാണ്. ഒരു പ്രത്യേക ഡിസൈനിൽ രൂപകൽപ്പന ചെയ്ത വീടുകൾ – വേറിട്ട ഒരു നിർമ്മാണശൈലി.
പള്ളിയുടെ അധീനതയിൽ മരണപ്പെട്ടവരെ അടക്കം ചെയ്യാൻ ഒരു ശ്മശാനവും സെമിത്തേരി റോഡിൽ പള്ളിയുടെ അധീനതയിൽ ഒരുക്കിയിട്ടുണ്ട് എന്നത് ഇടവക അംഗങ്ങളെ സംബന്ധിച്ച് ഒരു അനുഗ്രഹം തന്നെയാണ്.
പ്രസ്തുത ശ്മശാനം സ്ഥിതിചെയ്യുന്നത് പള്ളിയുടെ തൊട്ടരികിലായുള്ള ഇരുമീസ് റോഡിലൂടെ ഏകദേശം 400–500 മീറ്റർ മാറിയാണ്. ഈ സെമിത്തേരി സ്ഥാപിച്ച വർഷത്തെപ്പറ്റി ഒരന്വേഷണം നടത്തിയെങ്കിലും കൃത്യമായ ഒരു വർഷത്തിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞിട്ടില്ല. എങ്കിലും, നിലവിലെ ചില രേഖകൾ റഫർ ചെയ്തപ്പോൾ മനസ്സിലാകുന്നത് മയ്യഴിയിലെത്തിയ അറിയപ്പെടുന്നതും അല്ലാത്തതുമായ ഒട്ടേറെപ്പേരുടെ ഭൗതിക ശരീരം സംസ്കരിച്ച ഇടമാണിതെന്നാണ്.
അതിൽ പ്രസിദ്ധരായവരുടെ പേരുകൾ ഓർമ്മയിൽ എത്തുന്നത്: 1766-ൽ കാലം ചെയ്ത ഡൊമിനോപിക്കോ എന്ന ഫ്രഞ്ച് സായിപ്പിന്റേതടക്കം, 1847-ൽ കാലം ചെയ്ത തെരേസാഫലി സേഥ്, ലോയ്ഡ്, മയ്യഴിയുടെ മേയറായിരുന്ന ബ്രൂണോ എന്നിവരടക്കം ഒട്ടേറെ പ്രഗത്ഭരായവരുടെ ഭൗതിക ശരീരം അടക്കം ചെയ്ത കല്ലറകൾ അവിടെ കാണാം. ഫാദർ ബ്രിഗേൻസായുടെ ശവസംസ്കാരത്തിന് സാക്ഷ്യം വഹിക്കാൻ സെമിത്തേരി സന്ദർശിച്ചപ്പോൾ ഇതൊക്കെ കാണാൻ സാധിച്ചിരുന്നു.
ഫാദർ എഡ്വേർഡ് ബ്രിഗേൻസാ മയ്യഴിയുടെ കലാ-സാഹിത്യ-സാമൂഹ്യരംഗങ്ങളിൽ നിറസാന്നിധ്യമായി മയ്യഴിക്കാരുടെ പ്രിയപ്പെട്ട അച്ഛനായി മാറുകയും, ഒടുവിൽ അദ്ദേഹത്തിന്റെ കർമ്മമേഖലയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കെ 1981-ൽ കാലംചെയ്യുകയും ചെയ്തു.
പ്രസ്തുത സെമിത്തേരി ഒരു വർഷത്തിൽ മൂന്നു തവണയെങ്കിലും വൃത്തിയാക്കി മരിച്ച ആത്മാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു എന്നത് ഒരു മാതൃകയായി കണ്ട് മറ്റു മതസ്ഥരും കണ്ടുപഠിക്കേണ്ടതല്ലേ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്.
മയ്യഴിയിലെ പള്ളിയുടെ ചരിത്രം എന്റെ അറിവിലൂടെ പങ്കുവെച്ചതിനൊപ്പം അതിനെ പരിപാലിച്ച നാഥന്മാരുടെ, എന്റെ ഓർമ്മയിലുള്ള പേരുകൾ കൂടി പറയുന്നത് എന്തുകൊണ്ടും അനിവാര്യമാണ് എന്ന് തോന്നുന്നു. കാരണം, മയ്യഴിയിലെ കലാ-സാംസ്കാരിക-കായിക മേഖലകളിലും ഔദ്യോഗിക ചടങ്ങുകളിലും മറ്റു പൊതുപരിപാടികളിലും കാലാകാലങ്ങളിൽ മാറി മാറി വന്നവരുടെ നിറസാന്നിധ്യത്തെ നമുക്ക് ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്തതായിരുന്നു.
*പള്ളി വികാരിമാർ:*
1950 – 1968 : ഫാദർ ജോസഫ് മെനേസസ്
1968 – 1974 : ഫാദർ മാത്യു മാമ്പ്ര
1974 – 1981 : ഫാദർ എഡ്വേർഡ് ബ്രിഗേൻസ
1981 – 1984 : ഫാദർ ജോസഫ് കട്ടക്കയം
1984 – 1990 : ഫാദർ ജേക്കബ് കുളങ്ങര
1990 – 1996 : ഫാദർ സെബാസ്റ്റ്യൻ കുര്യാപറമ്പിൽ
1996 – 2001 : ഫാദർ ജോസഫ് പുളിക്കത്തറ
2001 – 2003 : ഫാദർ ജോൺസൺ അവരെവ്
2003 – 2009 : ഫാദർ ജിയോ പയ്യപ്പള്ളി
2009 – 2012 : ഫാദർ എഡ്വിൻ തുണ്ടത്തിൽ
2012 – 2015 : ഫാദർ എം. എച്ച്. ആന്റണി
2015 – 2021 : ഫാദർ ജറോം ചിന്നത്തറ
നിലവിലെ പള്ളിയുടെ രക്ഷാധികാരി ഫാദർ വിൻസന്റ് പുളിക്കൽ.
മയ്യഴി പള്ളിയുടെ ഭരണസമിതിയെ സഭാ അംഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുകയും, ഇവരുടെ മേൽനോട്ടത്തിൽ അതതു കാലത്തെ പള്ളിവികാരിയുമായി കൂടിയാലോചിച്ച് പള്ളിയുടെ എല്ലാ ഭരണകാര്യങ്ങളും ദൈനംദിന നടത്തിപ്പും യാതൊരു അഭിപ്രായവ്യത്യാസവും ഇല്ലാതെ വളരെ ശാന്തമായി ഇന്നും പരിപാലിച്ചുപോരുന്നു എന്നുള്ളത് എടുത്തുപറയേണ്ടുന്ന വസ്തുത തന്നെ.
മയ്യഴി പള്ളിയും അതിന്റെ ചരിത്രവും പൂർണ്ണമല്ല. കൂടുതൽ അറിയാവുന്നവർ പങ്കുവെക്കുമെന്ന് കരുതട്ടെ. ഒരറിവും പൂർണ്ണമല്ല. അറിവുകൾ പകർന്നു നൽകാനുള്ളതാണ്.
എഴുതിയതിൽ തെറ്റുകൾ ഉണ്ടെങ്കിൽ അറിയിക്കുമെന്നുള്ള വിശ്വാസത്തോടെ, സ്നേഹപൂർവ്വം…
മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsapp Cell No: 00919500716709












Once again a very interesting reading experience. Wish you all the best my freind.
LikeLike
Thank you Counar for your comments and appreciation…
LikeLike
Packed with lot of information. Remember, the chuch has a small press also.
LikeLike