മയ്യഴിക്കാരുടെ ഹരിദാസൻ ?

Maximum time take to read 8 minutes

ഹരിദാസൻ ഒരു ചിരഞ്ജീവിയാണ്. ഇതേ പ്രായത്തിലും നോട്ടത്തിലും ഞാൻ ഹരിദാസനെ കാണാൻ തുടങ്ങിയിട്ട് കുറെ ഏറെ വർഷമായി. ഈ അടുത്തും കാണുമ്പോഴും ഹരിദാസൻ ഇതുപോലെ തന്നെയുണ്ട് അതുകൊണ്ടാണു് ചിരഞ്ജീവി എന്ന് സംബോധന ചെയ്തത്

ഹരിദാസനെ ഇപ്പോൾ കാൺമാനില്ല . ഈ വാർത്ത വന്നിട്ട് ഏകദേശം ഒരു മാസം ആകാറായിരിക്കുന്നു. എന്റെ ഒരു സംശയം ആ സമയത്തോടടുപ്പിച്ചായിരുന്നു ഹരിദാസ്സന്റെ കൂട്ടുകാരൻ ഹംസയെ പറ്റി ഒരു കുറിപ്പ് ഫേസ് ബുക്കിൽ വായിക്കാനിടയായതു . ഹരിദാസന് ഫേസ് ബുക്ക് അകൗണ്ട് ഇല്ലെങ്കിലും വാർത്ത വായിച്ച ആരെങ്കിലും ഹംസയെ പറ്റി ഹരിദാസനോട് പറഞ്ഞിരിക്കുമോ ? അങ്ങനെയാണെങ്കിൽ ഹരിദാസൻ ഹംസയെ കാണാൻ പോയിരിക്കുമോ ? അവിടത്തെ സൗകര്യമൊക്കെ കണ്ടു ഹരിദാസൻ അവിടെ കുറച്ചു ദിവസം കഴിയുമെന്ന് ചിന്തിച്ചു കഴിയുന്നുണ്ടാവുമോ ? സാദ്ധ്യതയില്ല എന്ന് എന്റെ ഒരു സുഹൃത്തിന്റെ ഭാഷ്യം

മയ്യഴിയിലെ ചൂടിക്കോട്ട പ്രദേശത്തെ എല്ലാവരുടെയും ഇപ്പോഴത്തെ സംഭാഷണ വിഷയം ഹരിദാസനെ കുറിച്ചാണ്. ഹരിദാസിനെ കണ്ടുവോ ? ഹരിദാസൻ വന്നുവോ ? ഹരിദാസൻ എവിടെ പോയതായിരിക്കും ? ഞങ്ങൾ അവനെ കൊയിലാണ്ടിയിൽ വെച്ച് കണ്ടിരുന്നു . പിഷാരികാവിൽ ഉണ്ടായിരുന്നു . ഏറ്റവും അവസാനം അറിയാൻ കഴിഞ്ഞത് ഹരിദാസനെ ആരോ തൃശൂരിൽ വെച്ച് കണ്ടിരുന്നു എന്ന് . 

ശരിയായിരിക്കാം സാദ്ധ്യത ഏറെയാണ് ഹരിദാസൻ ഒരു പക്ഷെ കൊടുങ്ങല്ലൂരിൽ പോയിക്കാണും. ആ സമയം കൊടുങ്ങല്ലൂർ ഭരണി നടക്കുന്ന സമയമാണല്ലോ . ഹരിദാസനു ഒരു സ്വഭാവമുണ്ട് ചുറ്റുവട്ടത്തുള്ള ഏതു അമ്പലമായാലും കാവുകളായാലും അവിടത്തെ പ്രാധാന്യമനുസരിച്ചു ഹരിദാസൻ കൃത്യമായി അവിടെ എത്തിയിരിക്കും. ചിലരുടെ സംശയം ദിക്ക് മാറി വേറെ എതോ സ്ഥലത്തേക്കുള്ള വണ്ടിയിൽ കയറിപോയിട്ടുണ്ടാവും എന്ന് ? അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ. ഹരിദാസൻ തിരിച്ചുവരും കാരണം..

അവൻ ഹരിയുടെ ദാസനാണ്. അതായതു സർവവ്യാപിയാണ് അതുകൊണ്ടു തന്നെയാണ് ഹരിദാസൻ ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ തൊട്ടുള്ള പറമ്പിൽ സ്ഥിതിചെയ്യുന്ന വീട്ടിൽ ജനിച്ചതും . ഇപ്പോൾ ക്ഷേത്രവും പറമ്പും തമ്മിൽ വേർതിരിച്ചു പണിതിട്ടുണ്ടെങ്കിലും ഹരിദാസനു ശ്രീകൃഷ്ണ ഭഗവാനെ  അകക്കണ്ണുകൊണ്ടു എപ്പോഴും കാണാം അതുകോണ്ടു തന്നെയാണ് എവിടെ പോയാലും ഹരിദാസൻ വഴിതെറ്റാതെ കൃത്യമായി തിരിച്ചുവരുന്നത് .

ഹരിദാസൻ നഗ്നപാദ സഞ്ചാരിയാണ് . കല്ലും മുള്ളും കാലിനു രക്ഷയായി കരുതി സഞ്ചരിക്കുന്നവൻ. എപ്പൊഴും കടും നിറമുള്ള കള്ളികളുള്ള വസ്ത്രം ധരിക്കുന്നവൻ . ഹരിദാസൻ ഒരിക്കലും ലുങ്കിയോ പേന്റോ ധരിച്ചു കണ്ടിട്ടില്ല. എപ്പൊഴും വെളുത്ത മുണ്ടു മാത്രം, അതും മടക്കി കെട്ടിയിരിക്കും.

ഹരിദാസൻ ശുദ്ധനാണ്, കാപട്ട്യമറിയില്ല അതുകൊണ്ടു തന്നെ മറ്റുള്ളവർ ചെയ്യുന്നതുപോലെ ആരോടും ഒരു കടപ്പാടോ കപട  ബഹുമാനമൊന്നും ഹരിദാസനില്ല. ആരോടും ശത്രുതയും ഉള്ളതായിട്ടുള്ള അറിവില്ല. പറഞ്ഞുവരുന്നത്..? പൊതുവെ നാട്ടു നടപ്പനുസരിച്ചു, തന്നിൽ മുത്തവരെ ദൂരെനിന്നു കാണുമ്പോൾ മുണ്ടു മടക്കി കുത്തി അവർ അടുത്തു വന്നാൽ ബഹുമാനാർത്ഥം മുണ്ടു അഴിച്ചിടുന്ന കപട സ്വഭാവമൊന്നും ഹരിദാസനില്ല എന്നർത്ഥം.

തന്നെക്കാൾ പ്രായമുള്ളവരെ കണ്ടാൽ ഹരിദാസൻ മുണ്ടൊന്നും അഴിച്ചിടാറില്ല. വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ കെട്ടിയ ആ കെട്ടു തിരിച്ചു വീട്ടിലെത്തിയാൽ മാത്രം അഴിക്കുന്ന ഊരാക്കുടുക്ക് . നടക്കുമ്പോൾ അൽപ്പം ഏച്ചലുള്ള നടത്തം. ഹരിദാസനു നിറം അൽപ്പം കുറവാണു , പഞ്ചസാരയും ചായപ്പൊടിയും കൂട്ടിക്കലർത്തിയതു പോലുള്ള കുറ്റിമുടിയും താടിയും.  മുടി നീട്ടി ഒരിക്കലും കണ്ടിട്ടില്ല. എപ്പോഴും മുടി പറ്റെ മുറിച്ചിരിക്കും.

ഹരിദാസനു ദുഃഖമില്ലായിരിക്കാം  അതുകൊണ്ടാണല്ലോ എപ്പോഴും വായ അൽപ്പം തുറന്നു പിടിച്ചു ചിരിച്ചുകൊണ്ടുള്ള നടത്തം. കൂടുതൽ പരിചയവുമുള്ള ആരെയെങ്കിലും കണ്ടാൽ അൽപ്പം കൂടി ചുണ്ടു മലർത്തി സന്തോഷം പ്രകടിപ്പിക്കും. കുശലാന്വേഷണം നടത്തും. ആരോടും പണത്തിനു ചോദിക്കുന്നത് ഞാൻ കണ്ടിട്ടില്ല. ആരെങ്കിലും അറിഞ്ഞു കൊടുത്താൽ ചിരിച്ചുകൊണ്ട് വാങ്ങിക്കും. വലിയ തുക കൊടുത്താൽ വാങ്ങിക്കാറില്ല എന്ന് അദ്ധ്യ കാലങ്ങളിൽ പറഞ്ഞു കേട്ടിട്ടുണ്ട് . ഇപ്പോൾ എങ്ങനെയാണോ ആവൊ ? അല്ലെങ്കിലും ആരാണ് ഹരിദാസ്സ്ന് വലിയ തുകകൾ കൊടുക്കുന്നത് ? കിട്ടിയ പണം അനാവശ്യമായി ധൂർത്തടിക്കില്ല.

ബീഡിയോ സിഗരറ്റോ വലിക്കും അതിനും ഒരു സ്റ്റയിലുണ്ട് ഹരിദാസന് പെരുവിരലും ചൂണ്ടുവിരലും ചേർത്തു പിടിച്ചായിരിക്കും ബീഡി വലിക്കുന്നത്. ബീഡി ചുണ്ടിൽ വെച്ച് ആഞ്ഞു വലിക്കുമ്പോൾ നേരിയ മുഖത്തു കവിളുകൾ രണ്ടു ഭാഗവും ഒട്ടി ഗോട്ടി സോഡയുടെ കുപ്പി പോലെ ആക്കി വലിച്ചു മുകളിലോട്ടു ഊതി പുകച്ചുരുൾ വിടുന്നത് കാണാം. 

ഹരിദാസൻ സർവ്വ വ്യാപിയാണ് മരണ വീട്ടിലും കല്യാണ വീട്ടിലും, കാണാം അടിയന്തരമായാലും, പുലകുളിയായാലും ഹരിദാസൻ അവിടെയെത്തും. ആരും ക്ഷണിക്കുകയെന്നും വേണ്ട . ക്ഷണിക്കാതെ വന്നാലും ആരും ഒന്നും പറയില്ല അത് ഹരിദാസന്റെ അവകാശമാണ്. അല്ലെങ്കിലും സർവ്വവ്യാപിയായ ഹരിദാസന് ആരോടാണ് സമ്മതം വാങ്ങിക്കേണ്ടത് ?

അതിനു ജാതിയുടെയോ മതത്തിന്റെയോ പാർട്ടിയുടെയോ വേർതിരിവില്ല . പേരുപോലെത്ത ശരിയായ സോഷ്യലിസ്റ്റാണ് ഹരിദാസൻ.

ഹരിദാസൻ നല്ലവണ്ണം ആഹാരം കഴിക്കും. എങ്കിലും അമിത വണ്ണമൊന്നും ഇല്ല, ഒത്ത ഉയരം ഒത്ത തടി വയർ ഒട്ടും ഇല്ല . ഹരിദാസനെ പോലെയുള്ള അനേകം പേരെ പഠിച്ചു കൊണ്ടായിരിക്കാം ഡോക്ടർമാർ പറയുന്നത് നടത്തം ആരോഗ്യത്തിനു നല്ലതാണെന്നു ? ശരീരം മെലിയാൻ ഹരിദാസന് യോഗ ചെയ്യേണ്ട? വ്യായാമം ചെയ്യേണ്ട? ട്രെഡ്മിൽ വേണ്ട! അത് വാങ്ങിയവരൊക്കെ തുണി ഉണങ്ങാൻ ഇടുന്നതു ഹരിദാസൻ കണ്ടിട്ടുണ്ടാവും. പിന്നെ ശരീരം സൂക്ഷിച്ചു ആരോഗ്യത്തോടെ ഇരിക്കാൻ നല്ല നടത്തം തന്നെ, ഇത് ഒരു യോഗാചാര്ര്യനോ ഡോക്റ്ററോ ഹരിദാസന് ഉപദേശിച്ചിട്ടില്ല . ഹരിയുടെ ദാസനായത് കൊണ്ട് തന്നെ ഹരിദാസ്സ്ന് എല്ലാം അറിയാം.

ആദ്യ കാലത്തൊക്കെ ഹരിദാസൻ നടന്നു പോകുമ്പോൾ കുട്ടികളൊക്കെ സുയിപ്പാക്കുന്നതു് കാണാമായിരുന്നു . എല്ലാം ഹരിദാസൻ അക്ഷോഭ്യനായി സ്വീകരിക്കും. ആരോടും പരിഭവമില്ല ആരെപ്പറ്റിയും  പരാതിയില്ല.

ഇതൊക്കെയാണ് ഹരിദാസനെങ്കിലും ഹരിദാസന് ചില നിർദോഷമായ വികൃതികൾ ഉണ്ട്. ഏറെ പരിചയമുള്ള വീടുകളിൽ കയറി ഇലക്ട്രിക്ക് സ്വിച് ഇട്ടു നോക്കണം. ശബ്ദമുയർത്തി ഇടരുത് – തൊടരുത് എന്ന് പറഞ്ഞാൽ? ഒന്ന് കണ്ണ് മിഴിച്ചു നോക്കിയാൽ ഹരിദാസൻ ചിരിച്ചുകൊണ്ട് അനുസരിക്കും . അല്ലെങ്കിൽ സഹോദരൻ പപ്പനെ വിളിക്കും സഹോദരി രോഹിണിചേച്ചിയെ വിളിക്കും എന്ന് പറഞ്ഞാൽ മതി അനുസരണയുള്ളവനാവും ഹരിദാസൻ .

ഹരിദാസൻ കുറച്ചു കാലം വീടുകളിൽ വയറിങ് നടത്തുന്നവരൊടൊപ്പം പോയിട്ടുണ്ട് ആദ്യം പോയത് ശിവേട്ടനോടൊപ്പമാണെന്നു തോനുന്നു . അവരോടൊപ്പം കണ്ടതായി നേരിയ ഒരോർമ്മ. പിന്നീട് അനുജൻ പപ്പന്റെ ഒരുമിച്ചും കണ്ടിട്ടുണ്ട് . ഹരിദാസനു പ്രത്യേകിച്ച് ജോലി ഒന്നുമുണ്ടാവില്ല . ഹരിദാസാ ചുറ്റിക എടുക്കു , ഹരിദാസാ സ്ക്രൂ ഡ്രൈവർ എടുക്കു പറയുന്നതനുസ്സരിച്ചു ആവശ്യപ്പെടുന്ന സദനം എടുത്തുകൊടുക്കുക . മിക്കവാറും സ്വിച്ചു ഇടാനും ഓഫാക്കാനുമായിരിക്കും ആവശ്യപ്പെടുക . ആ കൽപ്പന ഹരിദാസന്റെ ഉപ ബോധ മനസ്സിൽ തങ്ങി നിൽക്കുന്നുണ്ടാവും. അത് ഇപ്പഴും ബോധമനസ്സിലൂടെ വെളിയിൽ വരുമ്പോൾ തോന്നുന്നതാണ് സ്വിച്ചു ഇടാനുള്ള ആഗ്രഹം അത് അദ്ദേഹത്തിന്റെ കടമയായി കരുതിയിട്ടുണ്ടാവും ഹരിദാസൻ. അതായിരിക്കാം ഇപ്പഴും ഹരിദാസൻ വീടുകളിൽ പോയാൽ സ്വിച്ചു ഇട്ടുകൊണ്ടിരിക്കുന്നതു.

ഇതൊക്കെയാണെങ്കിലും ഹരിദാസന് ചില കഴിവുകളൊക്കെ ഉണ്ട് . തന്റെ തലച്ചോറിൽ സൂക്ഷിച്ചുവെച്ച പലകാര്യങ്ങളും തന്നെ പരീക്ഷിക്കുന്നവരുടെ ചോദ്യങ്ങൾക്കും ഒട്ടും ആലോചിക്കാതെ കൃത്യമായ ഉത്തരം കണ്ടെത്തും ഹരിദാസൻ. അത് പരിചയ മുള്ള ആരുടെയെങ്കിലും മരണ തീയ്യതിയോ വിവാഹ ദിവസമോ ചോദിച്ചാൽ കൃത്യമായ ദിവസവും വാർഷവും ആഴ്ചയും പറഞ്ഞു തരും ഹരിദാസൻ . ഹരിദാസൻ എല്ലാം ഓർത്തുവെക്കും ഹരിദാസനുമായി അടുത്ത ബന്ധമുള്ളവരുടെ പേരുവിവരങ്ങൾ ക്രമം തെറ്റാതെ പറയും , ചൂടിക്കോട്ട ദേശത്തെ സൗഹൃദ കൂട്ടായ്മ്മയിലും , മറ്റു പല സ്ഥലങ്ങളിലെ ഒത്തു ചേരലിലും പലരും ഇദ്ദേഹത്തിന്റെ ഈ കഴിവ് പരീക്ഷിക്കുന്നത് കണ്ടിട്ടുണ്ട് പലപ്പോഴും.

ഒരു പ്രത്യേക വർഷത്തെ തീയ്യതി പറഞ്ഞാൽ കൃത്യമായി ഏതു ആഴ്ചയാണെന്നു ഹരിദാസൻ പറയും. ഇത്തരം കഴിവുകളെ ആരും കണ്ടേത്തി പ്രോൽസാഹിപ്പിച്ചില്ല എല്ലാം വെറും ഒരു കളി-തമാശയായി കരുതി അവഗണിച്ചു അവനുചുറ്റുമുള്ളവർ.

മയ്യഴി ശ്രീകൃഷ്ന ക്ഷേത്രത്തിലെ? ശ്രീ വേണുഗോപാല ക്ഷേത്രത്തിലെ? ഹരീശ്വര ക്ഷേത്രത്തിലേ? പുത്തലത്തെ? മണ്ടോളയിലെ? കോറോത്തെ? മനങ്കരയിലെ? എന്ന് വേണ്ട ഏതു ക്ഷേത്രത്തിലേ ഉത്സവ തീയ്യതി ചോദിച്ചാലും ഹരിദാസ്ന് മനപ്പാഠമാണ്.

മയ്യഴി പള്ളിയിലെ ഏതാഘോഷങ്ങൾക്കും ഹരിദാസനുണ്ടാവും ഹരിദാസനില്ലാത്ത ഒരുത്സവവും ആഘോഷവും മയ്യഴിയിലും ചുറ്റുവട്ടത്തും ഇണ്ടായിട്ടില്ല .

ഹരിദാസന് ഓർമ്മ വെച്ചതു മുതൽ ഹരിദാസൻ പങ്കെടുക്കാത്ത ഒരു പരിപാടിയും മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഉണ്ടായിട്ടുണ്ടാവില്ല . ക്ഷേത്ര പുനഃദ്ധാരണവും ദ്വജ പ്രതിഷ്ടയും സരസ്വതിയുടെയും – ഗണപതിയുടെയും വിഗ്രഹ പുനഃപ്രതിഷ്ടയും ഒക്കെ ഒരുമിച്ചു നടക്കുന്ന ഈ മഹാ ഉദ്യമത്തിൽ ഹരിദാസനെ കണ്ടില്ല . ഒരുപക്ഷെ അതായിരിക്കാം മഴക്കാലമില്ലാതിരുന്നിട്ടും ഇടവിട്ടുള്ള മഴ ഉണ്ടായത്! പ്രകൃതി പോലും ഹരിദാസന്റെ അഭാവം തിരിച്ചറിഞ്ഞിരിക്കുന്നു എന്നാണോ ? പറഞ്ഞറിഞ്ഞു എന്തോ ചൈതന്ന്യ ക്കുറവ് കാരണം ഒരു ദിവസത്തെ ഓട്ടം തുള്ളൽ മാറ്റിവെച്ചു എന്ന് . എക്കാലവും ഹരിയുടെ ദാസനായ മഹാവിഷ്ണുവിന് എന്തായിരിക്കും അതൃപ്തി ? ഹരിദാസന്റെ അഭാവമായിരിക്കുമോ ?

അമ്പലങ്ങളിലെ ഉത്സവത്തിന്, മേക്‌സുമായും അതിന്റെ കാലം കഴിഞ്ഞപ്പോൾ ടുബ് ലൈറ്റ് പിടിച്ചും, ചിലപ്പോൾ കുത്തുവിളക്കും എഴുന്നെള്ളത്തിനൊപ്പം ആനക്കുട പിടിച്ചും ഹരിദാസനെ കാണാം. ആനപ്പുറത്തു കയറി വെഞ്ചാമരവും മയിൽപീലി പിടിച്ചും കണ്ടിട്ടുണ്ട്. പുത്തലത്തെ ? മണ്ടോളയിലെ? കാവുകളിലെ തിറക്കു കൊടിയോ – തൊട്ടിയോ എടുത്തു തെയ്യത്തോടൊപ്പവും, കലശത്തിനൊപ്പവും, കുളിച്ചെഴുന്നള്ളത് നടത്തുമ്പോഴും ഹരിദാസനെ കാണാം. ഇതൊന്നുമല്ല ഏതു രാഷ്ട്രീയക്കാരുടെ ജാഥയിൽ കോടിയും ബാനറും പിടിക്കാനും ഹരിദാസനുണ്ടാവും. ഇതിനൊന്നും ഹരിദാസ്ന് ഒരു മടിയുമില്ല . ആരുമില്ലെങ്കിലും എല്ലാത്തിനും ഹരിദാസനുണ്ടാവും മുൻപിൽ.

ആ ഹരിദാസൻ പങ്കെടുക്കാത്ത ആദ്യത്തെ ശ്രീകൃഷ്ണ ക്ഷേത്ര ഉത്സവം കഴിഞ്ഞു . ഒരു പക്ഷെ ഹരിദാസൻ ഇതിലും വലിയ ഏതെങ്കിലും ഉത്സവങ്ങളിൽ പങ്കെടുക്കുന്നതിന്റെ തിരക്കിലായിരിക്കുമോ?അങ്ങനെയാണെങ്കിൽ ഏതായിരിക്കും ആ ചടങ്ങു. ആരോ പറഞ്ഞത് പോലെ തൃശൂരിൽ നിന്നും നേരെ അയോദ്ധ്യയിലേക്കോ മറ്റോ പോയോ ? അല്ലാതെ ഹരിദാസൻ ഉത്സവത്തിന് പങ്കെടുക്കാതിരിക്കാൻ ഹരിദാസനാവില്ല. കാരണം അവൻ ഹരിയുടെ ദാസനാണ് എല്ലാമറിയുന്നവനാണ് എന്ന് വിശ്വസിക്കാനാണെനിക്ക് ഇഷ്ടം. ഹരിദാസൻ തിരിച്ചുവരും എന്ന് പ്രതീക്ഷയോടെ നമ്മൾ മയ്യഴിക്കാർക്കു പ്രാർത്ഥിക്കാം – 

അല്ല ദേശ – ജാതി – മത വേർതിരിവില്ലാതെ ഹരിദാസനെ അറിയുന്നവർ എല്ലാം പ്രാർത്ഥനയോടെ കാത്തിരിക്കുന്നു ഹരിദാസന്റെ തിരിച്ചു വരവിനായി.

“ഗാങ്ഗം വാരി മുരാരി മനോഹരീ ത്രിപുരാരി ശിരശ്ചരീ ചരണച്യുതം”

നിത്യനായ ഭഗവാൻ, ത്രിപുരാരി (ശിവൻ), ഭഗവാൻ മുരാരിയുടെ (വിഷ്ണു) താമരപോലെയുള്ള പാദങ്ങൾ കഴുകിയ അമൃത് (ഗംഗ) തന്റെ തലയിൽ സ്വീകരിക്കുന്നു

ഈ സ്‌ലോകം ഉരുവിട്ട് നമുക്ക് ഹരിദാസനെ കാത്തിരിക്കാം….

മഠത്തിൽ ബാബു ജയപ്രകാശ് ✍️           My Watsapp Cell No: 00919500716709

അടിക്കുറിപ്പ് : ഒരിക്കൽ ഹരിദാസനെ മാഹി റെയിൽവേ സ്റ്റേഷനിൽ വെച്ച് പ്ലാറ്റ്ഫോം ടോക്കറ്റില്ലാത്തതിന്റെ പേരിൽ ട്രെയിനിലെ സ്‌കോഡ പിടിച്ചു കോഴിക്കോട്ടെത്തിച്ചു. ഇതിനകം ഹരിദാസനെ കോഴിക്കോട്ടേയ്ക്ക് കൊണ്ടുപോയത് അറിഞ്ഞു ബന്ധുക്കൾ മയ്യഴി റെയിൽവേസ്റ്റേഷനുമായി ബന്ധപ്പെടുകയും അവരുടെ ശ്രമഫലമായി സ്‌കോഡ സംഘവുമായി ബന്ധപെട്ടു കാര്യങ്ങൾ ധരിപ്പിച്ചു വിടുതൽ വാങ്ങയ സംഭവമുണ്ടായിട്ടുണ്ട് .

അത് പോലെ കാപട്ട്യമറിയാത്ത ഹരിദാസനെ ഏതെങ്കിലും ഹിന്ദി സംസാരിക്കുന്ന സ്‌കോഡ സംഘം പിടികൂടിയിട്ടുണ്ടെങ്കിൽ വിട്ടുകിട്ടുവാൻ മയ്യഴിയിലേ സ്റ്റേഷൻ മാസ്റ്ററുടെയും ആർ. പി എഫ് .ന്റെയും മയ്യഴി പോലീസിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും സഹായത്തോടെ ഹരിദാസനെ തേടി കണ്ടെത്താവുന്നതാണ് അത്രമാത്രം വിവര സാങ്കേതിക വിദ്യ വളർന്ന ഈ സാഹചര്യത്തിൽ അതിനു ഒട്ടും ബുദ്ധിമുട്ടുണ്ടാവില്ല .

ഒപ്പം സോഷ്യൽ മീഡിയയും ഒത്തു ശ്രമിച്ചാൽ അനായാസം നമുക്ക് ഹരിദാസനെ കണ്ടെത്താം പക്ഷെ അതിനുള്ള മനസ്സുണ്ടാവണം. അല്ലാത്തപക്ഷം കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പിടിച്ചു കള്ളനാക്കുന്ന ഈ കാലത്തു ഹരിദാസൻ എത്തിപ്പെടാൻ സാദ്ധ്യത ഏറെയുണ്ട് എന്ന് മാത്രം ഓർമ്മപ്പെടുത്തുന്നു.  കൂടാതെ എന്തെങ്കിലും വയ്യായ്ക തോന്നി ഏതെങ്കിലും ആശുപത്രിയിൽ വെച്ച് അവയവ മോഷണം നടത്താനുള്ള സാദ്ധ്യത? വേണ്ട അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ..

7 Comments

  1. Gopalan Poozhiyil's avatar Gopalan Poozhiyil says:

    Excellent Babu Jayaprakash.

    Like

  2. Coumar's avatar Coumar says:

    ഹരിദാസൻ തിരിച്ചു വരും ബാബു.😢

    Like

    1. Babucoins's avatar Babucoins says:

      ഹരിദാസനെ സ്നേഹിക്കുന്ന എല്ലാവരുടെയും ആഗ്രഹത്തിന് വിരുദ്ധമായി ഒന്നും സംഭവിക്കില്ല. അതെ ഹരിദാസൻ തിരിച്ചു വരും

      Like

  3. V M Upendran's avatar V M Upendran says:

    20. 04.2022
    I pray for the safe return of Haridasan

    Like

    1. Babucoins's avatar Babucoins says:

      Sure, he will be back soon, will include his name in our daily prayer.

      Like

  4. Dinesh's avatar Dinesh says:

    Sure, he will be back. He is the only person who calls me by my childhood name.

    Like

    1. Babucoins's avatar Babucoins says:

      Thank you Dinesh, let us hope he will be back and join us soon. Will include his name in our prayer.

      Like

Leave a reply to Babucoins Cancel reply