Time Set To Read 10 Minutes Maximum
തലേന്നത്തെ ബഹളങ്ങളൊക്കെ ഒന്നടങ്ങി. ഇതിനിടയിൽ ബാക്കിയായ ആളുകൾ അങ്ങിങ്ങായി കിടന്നുറങ്ങുന്നുണ്ട്!
ഏകദേശം; ഒരു മണി – രണ്ടു മണിയായാൽ കിടന്നുറങ്ങുന്നവരിൽ ചിലരെ ഉണർത്തും! ഇനിയാണ് കാര്യമായ ജോലി! സദ്ദ്യ കെങ്കേമ മാകണമെങ്കിൽ ചെറു പയർ പ്രധമൻ കെങ്കേമ മാക്കണം! അതിനു ഇപ്പോഴത്തെ പ്പോലെ റെഡി മെയ്ഡ് തേങ്ങാപ്പാലൊന്നും ശരിയാവില്ല! സാക്ഷാൽ നാടൻ തേങ്ങ ചിരകി പാലെടുക്കണം!.
ഇതിനായി ഉറങ്ങുന്ന പെണ്ണുങ്ങളേയും, ആണുങ്ങളേയും വിളിച്ചുണർത്തി ഭണ്ഡാരി, ഒരു കട്ടൻ ചായയൊക്കെ കുടിപ്പിച്ചു ഉഷാറാക്കും, ഒരു ഭാഗത്തു നിന്നും പണ്ണുങ്ങളും – ആണുങ്ങളും ചേർന്ന് തേങ്ങ ചിരവും . വേറൊരു കൂട്ടർ തേങ്ങ പിഴിയാൻ തുടങ്ങും! മുംപാൽ (വെള്ളം ചേർക്കാതെ ഒന്നാമെതുടുക്കുന്ന പാൽ) അൽപ്പം പോലും വെള്ളം ചേർക്കാതെ പിഴിഞ്ഞ് എടുക്കണം. ചിരകിയ തേങ്ങ പിഴിയുന്നവരുടെ, മസ്സിലും – ഞരമ്പും, ശരീരത്തിൽ തെളിഞ്ഞു കാണും! അത്ര ശക്തി കൊടുത്തായിരിക്കും പിഴിയുന്നത് .
അങ്ങനെ പിഴിയുന്ന മുറയ്ക്ക് നല്ല പുതിയ തോർത്ത് മുണ്ടു രണ്ടെണ്ണം കൂട്ടി വെച്ച് വേറെ സ്റ്റീൽ പത്രത്തിന് മുകളിൽ വിരിച്ചു അതിൽ ഒഴിച്ച്, പീര യൊക്കെ മാറ്റി വേറൊരു പാത്രത്തിൽ സൂക്ഷിച്ചു വെക്കും. ഇതൊക്കെ ചെയ്തുകൊണ്ടിരിക്കുമ്പോൾ ഉറക്കം മാറ്റാൻ എല്ലാവരും പഴയ കല്യാണക്കഥയും . തമാശയും ഒക്കെ പറഞ്ഞായിരിക്കും പാൽ പിഴിഞ്ഞെടുക്കുക .
ചിലപ്പോൾ പിഴിയലിന്റെ ശക്തികൊണ്ട് പുതിയതാണെങ്കിലും തോർത്ത് പൊട്ടിപ്പോകും. അത് കണക്കാക്കി വേറെ കുറെ തോർത്തുകൾ റെഡിയാക്കി വെച്ചിരിക്കും.
ഇതിനിടയിൽ ഓട്ടുരുളിയിൽ മടലും, ചിരട്ടയും, കൊതുമ്പിലും, ഒക്കെ കത്തിച്ചു; തരക്കിയെടുത്തു വറുത്തു മൂപ്പിച്ച ചെറുപയർ പരിപ്പ് വേവിച്ചെടുക്കും. തേങ്ങയെല്ലാം ചിരകി മുംപാൽ എടുത്തു കഴിഞ്ഞാൽ പിന്നെ ബാക്കിവരുന്ന തേങ്ങയിൽ കുറച്ചു ചൂട് വെള്ളം ഒഴിച്ച് ഒന്ന് തണുത്തു കഴിയുമ്പോൾ വീണ്ടും തുടങ്ങും തേങ്ങയുമായുള്ള മൽപ്പിടുത്തം? വളരെ അധ്വാനമുള്ള ജോലി തന്നെ? പ്രഥമൻ കുടിക്കുന്നവർക്ക് ഈ അധ്വാന ത്തിന്റെ കഥയൊന്നും അറിയേണ്ട!
അവർ മുറയ്ക്ക് കൈ കഴുകിയും, കഴുകാതെയും ഇലയിൽ നിന്നും അഞ്ചു വിരലും കൂട്ടി കൈത്തലം ഇലയിൽ ചെരിച്ചു വെച്ച്, വിരലുകൾ ചേർത്ത് പിടിച്ചു ഉഴിഞ്ഞെടുത്തു ഒരു പ്രത്യേക ശബ്ദത്തോടെ വായിൽ എത്തിച്ചു! പരിപ്പ് വെന്തിട്ടില്ല! മധുരം പാകമല്ല! കുറച്ചു കൂടി വേവണമായിരുന്നു! പാൽ കുറച്ചു കുറവല്ലേ? എന്നൊക്കെ യുള്ള അഭിപ്രായം പറയാൻ ഒരു മടിയും കാണിക്കാറില്ല. അത് ഒരു അവകാശം പോലെയാ!
ഇനി നന്നായാൽ ക്രഡിറ്റ് മുഴുവൻ ഭണ്ടാരിക്കു ! തേങ്ങാ പിഴിഞ്ഞവരെയും ചിരകിയവരെയും പറ്റിയൊന്നും ആരും ഒരു ചർച്ചയ്ക്കും വിധേയമാക്കില്ല ഓർക്കാറുമില്ല!
ഏതാണ്ട് വേവിച്ച പരിപ്പിൽ ഉരുക്കിയ വെല്ലാമൊക്കെ ചേർത്ത്! വലിയ ചട്ടുകം കൊണ്ട് ഇളക്കിക്കൊണ്ടേ ഇരിക്കുന്നുണ്ടാവും. ഇളക്കൽ ഏതെങ്കിലും ഭാഗത്തു എത്താതെ വന്നാൽ പരിപ്പും വെല്ലവും ചേർന്ന മിശ്രിതം അടിയിൽ പിടിക്കും.
ഇടയ്ക്കു ഭണ്ടാരി ഉച്ചത്തിൽ ഓര്മിപ്പിക്കുന്നുണ്ടാവും കുമാരാ? നല്ലോണം ഇളക്കണേ?, അടുപ്പിലെ ചിരട്ട മാറ്റിക്കളാ. മടലിന്റെ ചൂട് മതി കുറുകിക്കോളും. അതൊക്കെ ശ്രദ്ദിച്ച് കൊണ്ട്, പിഴിഞ്ഞ രണ്ടാം പാലും ചേർത്ത് മധുരം ഒക്കെ കൃത്യമാക്കി വിളമ്പാൻ പാകത്തിന് കുറുക്കി ചെറു ചൂടിൽ അങ്ങനെ വെക്കും കുമാരൻ!
മുഹൂർത്തത്തിന്റെ സമയ മനുസരിച്ചു പായസമൊക്കെ റെഡിയാക്കി അവസാനം ഏലത്തരി പൊടിച്ചതും, തേങ്ങ കൊത്തു കശുവണ്ടി പരിപ്പ്, ഉണക്ക മുന്തിരി, കുറച്ചു ചുക്ക് പൊടി, യൊക്കെ ചേർത്ത് നെയ്യിൽ വറുത്തിടും . ഒപ്പം ഒന്നാം പാലും ചേർക്കും! ഇത്രയുമൊക്കെ ആവുമ്പോഴേക്കും, അടിപൊളി പ്രഥമൻ റെഡി!
അപ്പേഴേക്കും മറ്റു വിഭവങ്ങളും തെയ്യാറാവുന്ന തനുസരിച്ചു വീട്ടിൽ പ്രത്യേകം കെട്ടിയുണ്ടാക്കിയ കലവറയിൽ? വിളമ്പുന്നതിന്റെ ക്രമ മനുസരിച്ചു തയ്യാറാക്കി വെക്കും.
ഓരോ പന്തിയിലെയും വരികൾക്ക- നുസരിച്ചു വിളമ്പാനുള്ള തൂക്കുകളും, പാത്രങ്ങളും, സ്പൂൺ മുതലായവയും തയ്യാറാക്കി വെച്ചിരിക്കും.
ഇതിനിടയിൽ ഒന്നോ രണ്ടോ വട്ടളത്തിൽ വെള്ളം തിളപ്പിച്ചു വെച്ച് അതിലേക്കു ഏകദേശ കണക്കനുസരിച്ചുള്ള അരി കഴുകി പതക്കുന്ന വെള്ളത്തിൽ ഇട്ടു പാകത്തിന് വേവിച്ചെടുക്കും.
അങ്ങനെ വേവിച്ചെടുത്ത ചോറ് വലിയ അരിപ്പ കയ്യിൽ കൊണ്ട് കോരി, വെള്ളം ഊറ്റി ഒരു ചൂരൽ കോട്ടയിലേക്ക് മാറ്റി, വെള്ളം മുഴുവൻ വാർന്നു എന്ന് ഉറപ്പു വരുത്തി കലവറയിൽ, പ്രത്യേകം, പുതിയ പായ വിരിച്ചു തെയ്യാറാക്കി, അതിന്മേൽ വാഴ ഇല മുഴുവനായും നീളത്തിൽ വെട്ടിയെടുത്ത കഴുകി വൃത്തിയാക്കി വിരിച്ചു അതിലേക്കിടും . എന്നിട്ടേ വേറെ ഒന്നോ രണ്ടോ വാഴയില കൊണ്ട് മൂടി വെക്കും.
ഇതൊക്കെ ഏതാണ്ട് രാവിലെ മുഹൂർത്ത സമയത്തോടു അടുപ്പിച്ചു ചെയ്യുന്ന ജോലികളാണ്!
അടുപ്പിൽ ഒന്നോ രണ്ടോ വട്ടളത്തിൽ വെള്ളം പതപ്പിച്ചു (ബോയിൽ) ചെയ്തു കൊണ്ടിരിക്കുന്നുണ്ടാവും . ആളുകളുടെ എണ്ണം ക്രമാതീതമായി കൂടുകയാണെങ്കിൽ അതിനു കണക്കായ അരിവേവിക്കാനാണ് ഈ ഏർപ്പാട്.
അത് കൂടാതെ കുടിക്കാനുള്ള വെള്ളം പതിമുഖം, രാമച്ചം, കരിങ്ങാലി, എന്നിവ കിഴികെട്ടി വെള്ളത്തിൽ വേറെയും ഇട്ടിരിക്കും.
ഇതിനകം നേരം വെളുത്താൽ വീട്ടുകാരും ഉണർന്നിരിക്കും . എല്ലാവരും കുളിക്കുമ്പോഴേക്കും ഉപ്പുമാവും പഴവും റെഡിയായിരിക്കും. ഒരു ഭാഗത്തു നിന്ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കുന്ന തിരക്കും, മറ്റൊരു ഭാഗത്തു കുളിക്കലും, ഡ്രസ്സ് ചെയ്യലും ആകെ ബഹളം ആയിരിക്കും. അതിനു പെൺ വീടെന്നോ ആൺ വീടെന്നോ വേർതിരിവൊന്നും ഇല്ല .
കല്ല്യാണ പെണ്ണിനേക്കാൾ ഒരുക്കം വേണം മുതു മുത്താച്ചിക്കു വരെ? പിന്നെ ബാല്ല്യക്കാരികൾ അമ്മ , അമ്മായി, നാത്തൂൻ മാരുടെ കഥ പറയണോ ?
കുളുമുറിയിൽ കയറിയാൽ രണ്ടു ദിവസം മുൻപേ ചെയ്ത ഫേഷ്യലിന്റെ സ്റ്റയിൽ കണ്ണാടിയിൽ നോക്കി ഒരു സമയം പോക്കും . പിന്നെ കുളിച്ചു എന്ന് വരുത്തി തീർത്തു പുറത്തു വരും . പിന്നെ അടുത്തവരുടെ ഊഴം .
ഇതിനിടയിൽ പെണ്ണിനെ ഒരുക്കാൻ പുടവയും കൊണ്ട് ചെക്കന്റെ പെങ്ങന്മാരും ബന്ധുക്കളും വരും . അവർ ഒരു പെട്ടിയിൽ പെണ്ണിന്റെ പുടവയും, ബ്ലൗസും, ബ്രായും, ചെരിപ്പും, വാൽ കണ്ണാടിയും, മേക്കപ്പ് സാധനങ്ങളും, കുടയും, വാച്ചും, പൊട്ടും, പെർഫ്യൂമും, കർച്ചീഫും ഒക്കെ യായിരിക്കും പെട്ടിയിൽ .
വന്ന ഉടനെ പുടവ കൈമാറ്റം നടത്തും . ഒരു നില വിളക്ക് കത്തിച്ചു! നിറ നാഴിയും, വെത്തില, അടക്ക മുതലായവ ഒക്കെ ഒരുക്കി വെച്ച് ചന്ദനത്തിരിയൊക്കെ കത്തിച്ചു ചെക്കന്റെ ഭാഗത്തു നിന്നുള്ള ഉത്തരവാദിത്തപ്പെട്ട ആൾ! പെങ്ങൾ! അമ്മായി! ഏട്ടന്റെ ഭാര്യ! ആരാണോ അവർ? അരിയിട്ട് അനുഗ്രഹിച്ചു പെണ്ണിന് പെട്ടി കൈ മാറും.
ചിലപ്പോൾ കല്ല്യാണത്തലേന്ന് ഈ ചടങ്ങു നടത്തും . വീട്ടിൽ വെച്ചാവുമ്പോൾ അതും പണ്ട് കാലത്തെ ചടങ്ങിന് ഇത് പോലെ ത്തന്നെ? അതൊക്കെ ഫോട്ടോവും വീഡിയവും എടുക്കും .
ഇല്ലെങ്കിൽ ഇതൊക്കെ വീണ്ടും പുനർ സൃഷ്ടിച്ചു എടുക്കാനുള്ള ട്ടെക്ക്നിക്കൊക്കെ യായി ഇപ്പോൾ! ഇതൊക്കെ ഓർക്കുമ്പോൾ പഴയ കാലത്തു ഫ്ട്ടോഗ്രാഫറുടെ സ്ഥിതി കുറച്ചു പാട് തന്നെ!
അതിനിടയിൽ പുടവ കൊണ്ടുവരുന്നവർക്കു ഒരു വിരുന്നുണ്ട്! തലേന്നാണെങ്കിലും കുറച്ചു കേമത്തിൽ തന്നെ? ഇതൊക്കെ കഴിഞ്ഞാൽ പെണ്ണ് അവരുടെ കസ്റ്റഡിയിൽ! പിന്നെ അവരുടെ കരവിരുതൊക്കെ ഇഷ്ടമില്ലെങ്കിലും പെണ്ണ് സഹിച്ചേ പറ്റു . ഉടുപ്പിക്കലും, ചമയിക്കലും ഒക്കെ കഴിയുമ്പോൾ ഒരു നേരം ആവും .
ഇപ്പോൾ ഇതിന്റെയൊക്കെ കുത്തക അവകാശം ബ്യുട്ടീഷ്യ കയ്യടക്കിവെച്ചതുകൊണ്ടു ബന്ധുക്കൾക്ക് ഒരു അവകാശവും ഇല്ല!
പിന്നെ പെണ്ണിനെ അനുഗ്രഹിക്കുന്ന ചടങ്ങാണ് . രണ്ടു അലങ്കരിച്ച ചെറിയ പീഠം, ഏതാണ്ട് പുടവ കൈ മാറുമ്പോൾ ഒരുക്കിയത് പോലെ. ഇതിൽ പെണ്ണിനെ ഇരുത്തി അച്ഛനും അമ്മയും ജീവിച്ചിരിപ്പുള്ളതും, അവിടെ യുള്ളവരുമായവർക്കു വെറ്റിലയും, അടക്കയും കൈ മാറി അനുഗ്രഹം വാങ്ങിക്കും. അത് ക്രമ മനുസരിച്ചു നടന്നു കൊണ്ടേ ഇരിക്കും .
അന്നത്തെ കാലത്തു ആളുകളുടെ എണ്ണം കൂടുന്തോറും ഫോട്ടോഗ്രാഫർമാർക്ക് സന്താഷമുള്ള കാര്യമാണ് ഫോട്ടോവിന്റെ എണ്ണം നോക്കി പണം ലഭിക്കും . ഇന്നെല്ലാം കോൺട്രാക്ടാണ്. അല്ലെങ്കിൽ ഒരു പേക്കേജിൽ ഒതുക്കും.
ഏകദേശം 11 – 12 മണിയുടെ മുഹൂർത്തം കണക്കാക്കുകയാണെങ്കിൽ? എട്ടു എട്ടരയ്ക്ക് വാദ്ദ്യമേളക്കാർ എത്തും . അവർ വന്ന ഉടനെ ഒരു മേളം നടത്തും . ഇത് കേൾക്കുമ്പോൾ വീട്ടിലുള്ളവരും ഇടവലക്കാരും ഒന്ന് ഉഷാറാവും . കുറച്ചു നേരം അവർ തില്ലാന മോഹനാംബാളിലെ പാട്ടൊക്കെ വായിക്കും. ശിങ്കാര വേലയിലെ എന്ന പാട്ടൊക്കെ അന്നത്തെ മാസ്റ്റർ പീസാണ് .
ചിലപ്പോൾ രണ്ടു തകിലും, രണ്ടു നാദസ്വരവും ഉണ്ടാവും . ആളുകൾ വരുന്ന മുറയ്ക്ക് ഇവർ തകിൽ കൊട്ടി നാദസ്വരം വായിച്ചുകൊണ്ടേ ഇരിക്കും!
അതിനിടയിൽ ക്ഷണിച്ചവരൊക്കെ വരുന്നുണ്ടാവും. വരുന്നവർ, വന്നവർ അങ്ങിങ്ങായി നിന്നും ഇരുന്നും ഒക്കെ സമയം ചിലവഴിക്കും . അതിനിടയിൽ ചെക്കന്റെ വീട്ടുകാർ അടുത്താണെങ്കിൽ നടന്നു വരും . ഇവർ ഗേറ്റു കടന്നു വരുമ്പോൾ ചെറിയകുട്ടികൾ ഗേറ്റിന്റെ രണ്ടു ഭാഗവും നിന്ന് പൻനീരും കുടഞ്ഞും പൂവിട്ടും സ്വീകരിക്കും!
വരുന്നവർ എത്ര പേരുണ്ടെന്ന് ഒരാൾ ഗേറ്റിനടുത്തു നിന്നും വേറൊരാൾ വേറെ ഏതെങ്കിലും ഭാഗത്തു എണ്ണമെടുക്കാനുള്ള സൗകര്യം നോക്കി, വരുന്നവരുടെ ഏകദേശ കണക്കു എടുക്കും. എത്ര പേര് ഉണ്ടെന്നു രണ്ടു പെരും കൂടി ഒരു സ്റ്റേറ്റിസ്റ്റിക്സ് എടുത്ത തീരുമാനത്തിൽ എത്തും .
ഇതിനകം വീട്ടിൽ വന്നവരുടെ കണക്കും എടുത്തിട്ടുണ്ടാവും. എന്നിട്ടു ഭണ്ടാരിയോട് പറയും പറഞ്ഞതിലും 50 – 60 പേർ കൂടുതൽ ഉണ്ടോ എന്നൊരു സംശയം . സദ്ദ്യയൊക്കെ! ഓക്കേ യല്ലേ? ഭണ്ടാരി ഉടനെ പറയും പേടിക്കണ്ട 100 പേർ അധികമായാലും അഡ്ജസ്റ്റ് ചെയ്യാം എന്ന ധൈര്യം തരും!
ഇപ്പോഴാണെങ്കിൽ ഇത് കേൾക്കേണ്ടതാമസം (ഭണ്ടാരി) 60 നുറാക്കി എടുത്തു കണക്കു പറയും! ഇന്ന് എല്ലാം ഇല കണക്കാക്കിയാണ് ഭക്ഷണത്തിനു ചാർജു ചെയ്യുന്നത്.!
ചില സ്ഥലങ്ങളിൽ പന്തി വെച്ച് ആളെ കണക്കാക്കും . ഇപ്പോൾ അതിനൊന്നും സാദ്ധ്യമല്ല ഒന്ന് രണ്ടു പന്തികഴിഞ്ഞാൽ പിന്നെ കൺഫ്യൂഷനാ, പിന്നെ ഒരു വിധം അങ്ങ് കണക്കൊപ്പിക്കും . ചിലർ ചെറു നാരങ്ങ, പോളി, ലഡ്ഡു, ഒക്കെ എണ്ണി കണക്കാക്കി ഏകദേശം ആളുകളുടെ എണ്ണം ഒപ്പിച്ചെടുക്കും !
ചെക്കന്റെ ആളുകളെ പന്തലിൽ ഒരുക്കിയ പ്രത്യേക സ്ഥലത്തു ഇരുത്തും . അവർക്കു എപ്പോഴും ഒരു മുൻഗണന ഉണ്ട് ആ കാലങ്ങളിൽ ആ പരിഗണന കൊടുത്തിരുന്നു .
ഇപ്പോൾ അതൊന്നും ഇല്ല . താലി കെട്ടുന്നതിനും മുൻപേ ഭക്ഷണ ശാല ഫുള്ളായിരിക്കും . ചില സ്ഥലങ്ങളിൽ ഇത് തടയാൻ ഹാൾ പൂട്ടിയിടും അപ്പോൾ പിന്നെ ഹാളിനു പുറത്തു എം.ജി.ആർ – രജനീകാന്ത് സിനിമ കാണാൻ വന്നത് പോലെയുള്ള കാത്തിരിപ്പായിരിക്കും .
താലി കെട്ടുകഴിഞ്ഞു ഹാൾ തുറന്നാൽ അണക്കെട്ട് പൊട്ടിയ കണക്കു വെള്ളം ഒഴുകും പോലെ ഒരോട്ടമായിരിക്കും! ആണെന്നില്ല പെണ്ണെന്നില്ല! ഒരു അഭയാർത്ഥി കേമ്പിൽ ഭക്ഷണം വിളമ്പുന്ന അവസ്ഥയായിരിക്കും. അവിടെ ഇതിലും കുറച്ചു കൂടി മാന്ന്യത കാണിക്കും!
തിരക്കിൽ ചിലപ്പോൾ ഒരു കസേരയിൽ രണ്ടു ചന്തി ഒപ്പം വന്നാൽ രണ്ടുപേരും വിട്ടുകൊടുക്കില്ല . പിന്നെ അടുത്തു കസേര ഉണ്ടെങ്കിൽ ആരെങ്കിലും ഒരാൾ ഓടി അവിടെ ഇരിക്കാൻ നോക്കും . അതിനിടയിൽ അവിടെ ആരെങ്കിലും ഇരുന്നാൽ ഒരു ചമ്മലോടെ ഒന്നുമറിയാത്ത പോലെ ഹാളിൽ നിന്നും തിരിഞ്ഞുകളിച്ചു ഭക്ഷണം കഴിക്കുന്ന ആരുടെയെങ്കിലും പിറകിൽ പോയി നിൽക്കും .
ഏതാണ്ട് മ്യൂസിക്കൽ ചെയർ മത്സരം പോലെ? പക്ഷെ മ്യൂസിക്ക് ഉണ്ടാവില്ലെന്ന് മാത്രം. അത് പോലെ വേറെയും ആളുകൾ ഉണ്ടാവും . ഇതൊക്കെയാണ് ഇപ്പോഴത്തെ കാഴ്ചകൾ .
പണ്ടു കാലങ്ങളിൽ ബഹുമാനം കൊടുത്തു ആൺ വീട്ടുകാർ ഭക്ഷണം കഴിച്ചു എന്ന് ഉറപ്പുവരുത്തും!
കല്യാണത്തിന് വന്നവർ വരന്റെ ഗൃഹത്തിലേക്ക് പോകുന്നത് അടുത്താണെങ്കിൽ നടന്നു തന്നെ പോവും ( 1 – 2 കിലോമീറ്റർ ദൂരം ) പിന്നെ ദൂരത്തിനനുസരിച്ചു കാറോ ? വേനോ ബസ്സോ? എന്തെങ്കിലും ഏർപ്പാടാക്കും .
കാറാണെങ്കിൽ പ്രൈവറ്റ് ടാക്സി തന്നെ ഏർപ്പാടാക്കൻ നോക്കും! മൊട്ട ടാക്സി വളരെ ചുരുക്കം സമയങ്ങളിലെ വിളിക്കുന്നത് കാണാറുള്ളു !, അന്നൊന്നും ഓഡിറ്റോറിയങ്ങൾ ഉണ്ടായിരുന്നില്ല. വീടുകളിൽ വച്ചാകും വിവാഹങ്ങൾ.
ഇന്ന് കാണുന്ന അടിമുടി സ്വർണ്ണം അണിയലൊന്നും ഇല്ല! എങ്കിലും സാമ്പത്തീക സ്ഥിതി അനുസരിച്ചു . സ്വർണ്ണം ധരിക്കുന്നവരും ഉണ്ട് .
തലയിൽ അമിതമായി മുല്ലപ്പൂ കണ്ടാൽ അത് വധുവാണ് എന്നു ഉറപ്പിക്കാം! ആ കാലത്തെ ഫാഷനാണ് മുടി പിരിച്ചിട്ടു തല മുഴുവനായും മുല്ല മോട്ടുകൊണ്ടു അലങ്കരിച്ചു ഇങ്ങു വാലറ്റം വരെ മുല്ലപ്പൂ വെക്കും ഒറ്റ ഫേഷൻ.
ഇനി വധുവിന് മുടി കുറവാണെങ്കിലും തിരുപ്പനൊക്കെ കൂട്ടിച്ചേർത്തു നീളം വെപ്പിക്കും . ശ്രദ്ദിച്ചു ചെയ്തില്ലെങ്കിൽ ചിലപ്പോൾ തിരുപ്പൻ വേറെ മുടി വേറെ മാല വേറെ ആകും ഇങ്ങനെ സംഭവിച്ച കഥകളും കേട്ടിട്ടുണ്ട്!
ഇന്നെല്ലാം അടി മുടി മാറി ഹെയർ സ്റ്റൈയിലിസ്റ്റ് വേറെയുണ്ടാവും! മുല്ലപ്പൂ പേരിനു മാത്രം! പെണ്ണിന്റെ അടുത്തും ചെക്കന്റെ അടുത്തും പുതിയ കുട ചൂടി ആളുകൾ ഉണ്ടാവും . ചെക്കനൊപ്പരം ഒക്കചങ്ങായി ആയി ഒരാൾ ഉണ്ടാവും!
ഇപ്പോൾ ഇത്തരം ഏർപ്പാടൊന്നും ഇല്ല. പണ്ടൊക്കെ രണ്ടും മൂന്നും കിലോമീറ്റർ ഒരു ബുദ്ധിമുട്ടും ഇല്ലാതെ നടക്കും വിരുന്നു വന്നവർ. ഇപ്പോഴാണെങ്കിൽ ചിലപ്പോൾ തിരിച്ചു പോകുമ്പോൾ പെണ്ണും – ചെക്കനുമേ കാണൂ ! എല്ലാവർക്കും തിരക്കായി !
അന്ന് വാഹനത്തിലാണെങ്കിൽ പ്രൈവറ്റ് കാർ അറേഞ്ച് ചെയ്‌യും . അംബാസിഡർ കാർ ആയിരിക്കും മിക്കതും. തിരിച്ചു പോവുമ്പോൾ വന്നവർ മുഴുവൻ അതിൽ തന്നെ പോകണം എന്നുള്ള വാശിയോടെ നിൽക്കുന്നത് കാണാം? കൂടെ ഒരു പെണ്ണ് അധികമായതൊന്നും അവർക്കു ഒരു പ്രശ്നമല്ല . അവസാനം പെണ്ണിനെ ചെക്കന്റെ മടിയിൽ ഇരുത്തി പോവേണ്ട അവസ്ഥ വരേ ഉണ്ടാവാറുണ്ട് .
ഇന്ന് അതിനൊന്നും പ്രശ്നമില്ല വേണമെങ്കിൽ ഒരാൾ രണ്ടു കാറിൽ വരും ആ സ്ഥിതിയിൽ ആയിട്ടുണ്ട് സൗകര്യങ്ങൾ !
അന്ന്, വധുവരന്മാർ നടന്നു പോവുന്നത് കാണാൻ വഴിയിലുള്ള വീടുകളിലെ? മുറ്റത്തും, ഇറയത്തും, കൊള്ളിന്മേലും, ആളുകൾ നിന്ന് കൊണ്ട് നടന്നു പോകുന്നവരെ നോക്കി നിൽക്കും. ആ നോട്ടത്തിൽ പെണ്ണിന്റെ ചന്തവും, ആഭരണത്തിന്റെ തൂക്കവും, ഒക്കെ സി. സി. ടി. വി കാമറ യെക്കാൾ വെക്തമായി പിടിച്ചെടുക്കും. അവർ പറയുന്ന കണക്കും കൃത്യമായിരിക്കും !
അന്നൊക്കെ വിവാഹം ഒരു ആഘോഷം തന്നെയായിരുന്നു! ലളിതമായ ആഘോഷം! ജനപങ്കാളിത്തം കൊണ്ട് സമ്പന്നമായ ആഘോഷം! എന്നാൽ ഇന്നു വിവാഹ മാമാങ്കമാണ് നടക്കുന്നത്!
ഇപ്പോഴത്തെ കൊറോണ കാലത്തേ കല്ല്യാണം കാണുമ്പോൾ ഈ ലാളിത്യം പഠിപ്പിക്കാനാണോ കൊറോണ അവതരിച്ചത് എന്ന് തോന്നിപ്പോകും!
സദ്യക്ക് പായസം കഴിക്കാൻ മാത്രം ഒരു മത്സരം ഉണ്ടാകും. 5 – 6 കൈയ്യിൽ (ചിരട്ടകൊണ്ടു ഉണ്ടാക്കിയ സ്പൂൺ) വരെ ഒരു ബുദ്ധിമുട്ടും ഇല്ലാതെ കഴിക്കും . പുളി ഇഞ്ചിയോ? അച്ചാറോ തൊട്ടു നക്കി 2 ഓ 3 ഓ കൈയ്യിൽ വീണ്ടും മത്സരിച്ചു കുടിക്കുന്നവർ കാണാം!
പാലട – പരിപ്പ് , ചില ഇടങ്ങളിൽ! പൊളി പോലുള്ള മധുരം, ജിലേബി, ലഡ്ഡു മുതലായവയും മധുരമായി വിളമ്പും . പാൽപ്പായസത്തിൽ പോളിയും, ലഡ്ഡുവും കൂട്ടി കഴിക്കാൻ നല്ല രുചിയായിരിക്കും.
ഇപ്പോൾ ഇതിനൊക്കെ പുറമെ ഐസ് ക്രീമും, ഫ്രൂട്ട് സലാഡും, ഫ്രയിഡ് ഐസ് ക്രീമും നൽകുന്നത് കാണാം!
അന്നൊക്കെ ആദ്യത്തെ പന്തിയിൽ ആരും ഇരിക്കില്ല, ആളുകളുടെ കയ്യും കാലും പിടിച്ചിരുത്തണം. വരന്റെ ആളുകൾക്കാണ് മുൻഗണന. രണ്ടാമത്തെ പന്തി മുതൽ തിരക്കാണ്. അതിനു അവർ പറയുന്ന കാരണങ്ങൾ? ആ സമ്പാറിന്റെ ചൂട് ഒന്ന് മാറട്ടെ, എന്നിട്ടാകാം വിസ്ഥരിച്ചുള്ള ഊണ്.
സദ്ദ്യ വിളമ്പുന്നവർക്കാണ് അന്ന് വെപ്രാളം, വിളമ്പുന്നതിന്റെ ക്രമം തെറ്റിയാൽ പ്രായമുള്ളവർ എന്തെങ്കിലും പറയും . ചിലപ്പോൾ തൊട്ടു കാണിച്ചു തരും അവിടെ വിളമ്പണം അല്ലെങ്കിൽ ദേഷ്യം പിടിക്കും .!
എല്ലാത്തിനും അവർക്കു സ്ഥാനമുണ്ട് വിളമ്പുന്നതിനു മുൻപ് വിളംബക്കാർക്കു എല്ലാം കാണിച്ചുകൊടുക്കുമെങ്കിലും വിളമ്പുന്നതിലെ പരിചയ ക്കുറവ് കൊണ്ട് എല്ലാ രീതിയും മാറും!
എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് രസകരമായ ഈ വീഡിയോ കാണാനിടയായത് . ഏതാണ്ട് ഇതുപോലെയാ വിളമ്പുന്നവരോട് സാദാനങ്ങൾക്കു ആവശ്യപ്പെടുക ..
https://www.facebook.com/groups/643847809112286/permalink/2136274076536311/?sfnsn=wiwspwa
നാട്ടുകാരും കൂട്ടുകാരും അയൽ വക്കക്കാരും ആകും ഈ വിളമ്പൽ പ്രക്രിയ ഏറ്റെടുക്കുക,.
കലവറയിൽ നിന്നും തരുന്ന ക്രമ മനുസരിച്ചു വിളമ്പും. ഓഡർ അനുസരിച്ചു 4 തരം വറുത്ത ഉപ്പേരിക്കാരെ ആദ്യം വിടും. (1/4 – 1/2 – 1 പിന്നെ ശർക്കര വരട്ടി, ഇതാണ് പതിവ്. ഇപ്പോൾ ചേന, കയ്പ്പക്ക കൊണ്ടാട്ടം, മുളക് കൊണ്ടാട്ടം കൂടി വിളമ്പുന്നത് കാണാം.
ഇതിനു പിന്നാലെ പുളിയിഞ്ചി, തുടർന്നു വിവിധ തരം അച്ചാറുകൾ, പച്ചടി . ഇത് തന്നെ ഇപ്പോൾ രണ്ടും മൂന്നും തരം ആയി! പപ്പടം വലുതൊന്നു ചെറുതൊന്നു . ഇപ്പോൾ വധുവിന്റെയും വരന്റെയും ഫോട്ടോ വെച്ചുകൊണ്ടുള്ള പപ്പടം വരെ ഉണ്ടെന്നു കേൾക്കുന്നു !
ഏറെ രസകരമാണ് വിളമ്പുന്നവരുടെ കോലാഹലങ്ങൾ. സാമ്പാർ എന്ന് ഒരുറ്റത്ത് നിന്നും ഉറക്ക വിളിച്ചു പറഞ്ഞാലെ കലവറയിൽ നിന്നും സാമ്പാർ വരൂ, ഓരോ പന്തി കഴിയുംതോറും?, ഭാഷാ ഉച്ചാരണം ശരിക്കു വരാത്തവർ കാളനു “കാലൻ” എന്നൊക്കെ പറയുന്നതും കേൾക്കാം!
അത് അവശ്യകാർക്ക് വിളമ്പും. ഇത് പോലെ തന്നെ മറ്റു കറികളും.
Hഇങ്ങനെ മേൽനോട്ടം വഹിക്കാനും ഉറക്ക വിളിച്ചു കൂവാനും സദ്ദ്യക്കു മേൽ നോട്ടം വഹിക്കാൻ ആരെയെങ്കിലും ഏർപെടുത്തിയിട്ടുണ്ടാവും അദ്ദേഹം ഓടി നടന്നു എല്ലാവരുടെയും തൃപ്തി അറിയും ഒന്നിനും ഒരു കുറവും ഇല്ല എന്ന് ഉറപ്പുവരുത്തും!
സ്റ്റീൽ ഗ്ലാസ് വെള്ളം കുടിക്കാൻ മാത്രം, അതിൽ സംഭാരം പോലും വിളമ്പില്ല. ഇന്ന് അതൊക്കെ മാറി എല്ലാം ബന്ധങ്ങൾ പോലെ തന്നെ യൂസ് ആൻഡ് ത്രോ പോലെ ആയി!
ഇടയ്ക്കു ചില കല്ല്യാണ ചടങ്ങുകൾ വിട്ടു അത് കൂടി എഴുതി അവസാനിപ്പിക്കാം!
കുടുംബത്തിലെ മുതിർന്ന അംഗങ്ങളുടെ അനുഗ്രഹമില്ലാതെ ഒരു ശുഭകരമായ അവസരവും ആരംഭിക്കാൻ ? പാടില്ലെന്നു വിശ്വാസം നമ്മളിൽ എല്ലാവരിലും ഉണ്ട്. ഇത് വിവാഹങ്ങൾക്കും ബാധകമാണ്. ശുഭകരമായ വിവാഹദിനത്തിൽ, ഹിന്ദുക്കൾ എല്ലാവരും ഒരു പോലെ പവിത്രമായ ‘താലി’ (മംഗല്ല്യ സൂത്രം) ക്ഷേത്രത്തിൽ കൊണ്ട് പോയി പൂജിച്ചു കൊണ്ടുവരും. വധു വിവാഹ മണ്ഡപത്തിലേക്ക് പോകുന്നതിനുമുമ്പ്, എല്ലാ മുതിർന്നവരുടെയും കാൽ തൊട്ട് അവരുടെ അനുഗ്രഹം തേടും. വടക്കേ മലബാറിൽ സ്വയംവരം ചടങ്ങാണ് അനുഷ്ഠിക്കുന്നത്!
ചില സ്ഥലങ്ങളിൽ ഗാന്ധർവ്വ വിവാഹ ചടങ്ങു അനുഷ്ഠിക്കുന്നത് കാണാം പ്രത്യക്ഷത്തിൽ പ്രകടമായ വ്യത്യാസമൊന്നും കാണാൻ കഴിയില്ല . സ്വയം വര സമ്പ്രദായ മായാലും ഗാന്ധർവ്വ സമ്പ്രദായ മായാലും പരസ്പ്പരം കണ്ടു ഇഷ്ടപ്പെട്ടു നടത്തുന്ന വിവാഹം ചില ആചാരങ്ങളുമായി ബന്ധപ്പെട്ടത് കൊണ്ടായിരിക്കാം ഇപ്പോഴും അത് തുടരുന്നത് വേണമെങ്കിൽ ചില മേൽക്കോയ്‌മ സ്ഥാപിക്കൽ ആയിരിക്കാം കാരണം .
സ്വയം വരത്തിൽ വരനെ വധു മാലയിട്ടതിനു ശേഷം വരൻ താലി ചാർത്തും . നമ്മുടെ ഇടയിൽ താലി കെട്ടലില്ല പകരം സമാനമായ രീതിയിൽ താലികോർത്ത സ്വർണ മാല വധുവിന് ചാർത്തും . അതിനു ശേഷം വരൻ മാല ചാർത്തും . പിന്നീട് വധുവും വരനും മോതിരം കൈ മാറും . പിന്നെ വരൻ വധുവിന്റെ സീമന്ത രേഖയിൽ സിന്ധുരം ചാർത്തും . അതിനു ശേഷം ചിലർ വരന് സ്വർണമാല ഇടും ഇതൊക്കെ ഇപ്പോൾ അടുത്തകാലത്തായി ഉണ്ടാക്കിയെടുത്ത ആചാരങ്ങളാണ് . ഇതൊക്കെ കഴിഞ്ഞാൽ .
വധുവിന്റെ പിതാവ് വരന്റെയും വധുവിന്റെയും കരങ്ങൾ പരസ്പ്പരം ബന്ധിപ്പിച്ചു തന്റെ കൈയ്യിൽ വെച്ച് മന്ത്രം ചൊല്ലി കന്ന്യാദാനം നടത്തിക്കഴിഞ്ഞാൽ വരനും വധുവും പരസ്പരം കൈകൾ പിടിച്ചു / വിരലുകൾ കോർത്തു പിടിച്ചോ മൂന്നു തവണ അഗ്നിയെ വലം വെക്കും.
താലിചാർത്തുമ്പോൾ വാദ്ദ്യമേളങ്ങൾ നിർത്താതെ അടിച്ചു കൊണ്ടേയിരിക്കും ആ സമയം ചുറ്റും കൂടിയവർ അരിയും പുഷ്പ്പവും കലർത്തി വധൂ വരന്മാരുടെ തലയ്ക്കു മുകളിലൂടെ ഇട്ടു അനുഗ്രഹിക്കും!
(താലികെട്ടും പുടവ കൊടുക്കലും) – വരനും കുടുംബാംഗങ്ങളും സുഹൃത്തുക്കളും വിവാഹ വേദിയിലെത്തിയ ശേഷം, വധുവിന്റെ കുടുംബാംഗങ്ങൾ അവർക്ക് സ്വീകരണം നൽകും, നില വിളക്ക് നിറ പറ തെങ്ങിൻ പൂക്കുല യൊക്കെ വെച്ച് അലങ്കരിച്ച വേദിയിലേക്ക് ചെറുക്കനെ ആനയിച്ചിരുത്തും.
വരനെ വലതുവശത്ത് കിഴക്കോട്ട് അഭിമുഖീകരിച്ചു ഇരുത്തുകയും വേണം. തുടർന്ന് വധുവിനെ അച്ഛനോ അമ്മയുടെ അമ്മാവനോ ഏതെങ്കിലും സ്ത്രീ ബന്ധുവോ മണ്ഡപത്തിലേക്ക് കൊണ്ടുവന്നു. അവളെ വരന്റെ ഇടതുവശത്ത് ഇരുത്തി. മുഹൂർത്തം അടുക്കുമ്പോൾ വരൻ വധുവിന്റെ കഴുത്തിൽ പവിത്രമായ താലി ചാർത്തും.
തുടർന്ന് കഴുത്തിൽ മാല ഇടും! ഇതിനു ശേഷം വധു വരന്റെ കഴുത്തിൽ മാല ഇടും! വരൻ ഈ നിമിഷം വരൻ വധുവിന് ഒരു സാരി സമ്മാനിക്കും. ഈ ആചാരം പുടമുറി എന്നറിയപ്പെടുന്നു.
ദമ്പതികൾക്കിടയിൽ മാലകൾ കൈമാറിയ ശേഷം, വധുവിന്റെ പിതാവ് വധുവിന്റെ വലതുകൈ വരന്റെ വലതു കൈയിൽ വയ്ക്കുന്നു, തന്റെ മകളെ വരന് കൈമാറുന്നുവെന്ന് സൂചിപ്പിക്കുന്നു. ഇത് ‘കന്ന്യാധാനം’ കൈകൾ പിടിച്ച് ദമ്പതികൾ മൂന്ന് തവണ മണ്ഡപം ചുറ്റും . പ്രധാന വിവാഹ ചടങ്ങിന്റെ സമാപനം ഇതാണ് –
താലികെട്ടും പുടവ കൊടുക്കലും . ചില സ്ഥലങ്ങളിൽ അമ്മായി പുടവയും കൊടുക്കുന്നത് കാണാറുണ്ട് .
ഇത്രയും കഴിഞ്ഞാൽ വരനും വധുവും പരസ്പ്പരം ബൊക്കെ കൈ മാറും!
ഇത് ഗാന്ധർവ്വ ആചാരം . വെത്യാസം സ്വയംവരത്തിൽ പെണ്ണിന്റെ. ഇഷ്ടപ്രകാരം വരിക്കുന്നു ഗാന്ധർവ്വത്തിൽ വരൻ ഇഷ്ടപ്പെട്ടു പെണ്ണിനെ വരിക്കുന്നു
ഇങ്ങനെ ഒക്കെയാണ് ആചാരമെങ്കിലും വിവാഹമെന്നത് പരസ്പര വിട്ടു വീഴ്ച്ചയും ക്ഷമയും അഡ്‌ജറ്റ്‌മെന്റും നടത്തി ജീവിക്കൽ ആണ് എന്ന് മനസിലാക്കാതെ പോയാൽ പിന്നെ ഒരു ചടങ്ങിനും പ്രാധാന്യമില്ല . രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധമല്ല രണ്ടു കുടുംബങ്ങൾ തമ്മിലാണ് കൂടിച്ചേരുന്നത് എന്ന ബോധവും ഉണ്ടായിരിക്കണം .
ഈ ചടങ്ങ് അവസാനിച്ചുകഴിഞ്ഞാൽ, ദമ്പതികളെ ഒരു പ്രത്യേക മുറിയിലേക്ക് കൊണ്ടുപോകുന്നു, അവിടെ അവരുടെ മുതിർന്നവരിൽ നിന്നും അമ്മയിൽ നിന്നും മറ്റും മധുരം നൽകും ഇതിന് ശേഷമാണ് സദ്യ എന്നറിയപ്പെടുന്ന വിഭവസമൃദ്ധമായ ഭക്ഷണം. ഭക്ഷണത്തിൽ 25 ൽ പ്പരം ഇനങ്ങൾ ഉണ്ടാവും, ഇത് ഒരു വാഴയിലയിൽ വിളമ്പുന്നു, അച്ചാർ, ഓലൻ, പച്ചടി, അവയിൽ, കാളൻ, സാംബാർ മധുരപലഹാരങ്ങളും, പപ്പടങ്ങൾ, തോരൻ, പായസം, ചക്ക പ്രഥമൻ അല്ലെങ്കിൽ പാലടപ്രഥമൻ എന്നിവ ഇതിൽ ഉൾപ്പെടുന്നു. എല്ലാ ഇനങ്ങളും പരമ്പരാഗത വെജിറ്റേറിയൻ വിഭവങ്ങൾ ആയിരിക്കും.
വധുവിന്റെ വീട്ടിലെ എല്ലാ ചടങ്ങും കഴിഞ്ഞാൽ രാഹുകാലം തുടങ്ങുന്നതിനു മുൻപ് വരന്റെ വീട്ടിലെത്തണം ഇതനുസരിച്ചു തികഞ്ഞ ശുഭ മുഹൂർത്തത്തിൽ, വരൻ വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടുപോകുന്നു. വരന്റെ ചില കുടുംബാംഗങ്ങളും ഒപ്പമുണ്ടാകും.
വീട്ടിലെത്തിയാൽ വരന്റെ ‘അമ്മ / പെങ്ങൾ! വധുവിന്റെയും – വരന്റെയും കാലിൽ, വാൽ കിണ്ടിയിൽ കരുതിവെച്ച വെള്ളം എടുത്തു ഒഴിച്ച്; കത്തിച്ച നിലവിളക്കു കൊടുത്തു, വലതു കാൽ വെച്ച്, വധുവിന്റെ കൈ പിടിച്ചു അകത്തേക്ക് ആനയിക്കും.
പിന്നെ അകത്തു പ്രത്യേകം സജ്ജീകരിച്ച സ്ഥലത്തു ഇരുത്തി മധുരം കൈമാറും വരന്റെ വീട്ടിലെ മിക്ക മുതിർന്നവരും ഇത് തുടരും . അതോടെ വിവാഹ ചടങ്ങു അവസാനിക്കും
“മാംഗല്യം തന്തുനാനേന മമ ജീവന ഹേതുന, കണ്ഠേ ബധ്നാമി ശുഭകേ ത്വം ജീവ ശരദാം ശതം………
“Thaali is sacred . This is essential for our long life. I tie this around your neck, O maiden having many auspicious attributes, May you live happily for a hundred years.
പ്രാദേശികമായി ദേശ വ്യത്യാസങ്ങളും ഗോത്ര വ്യത്യാസങ്ങളും അനുസരിച്ചു ചെറിയ – ചെറിയ മാറ്റങ്ങൾ കണ്ടേക്കാം ! സ്നേഹിച്ചു കഴിക്കുന്നതും, ഇപ്പോഴത്തെ ലിവിങ് ടുഗെതറും , പൂജാവിധികളില്ലാതെ നടത്തുന്ന വിവാഹമൊക്കെ ഗാന്ധർവ്വ വിവാഹത്തിൽ പ്പെടും എന്ന് കേട്ടറിവുണ്ട് .
മഠത്തിൽ ബാബു ജയപ്രകാശ് ….✍️ My Watsapp Cell No: 00919500716709

വയിച്ച് തീർന്നപ്പോൾ മംഗലത്തിന് പോയി വന്നത് പോലെ തോന്നുന്നു. മത്ത് പിടിച്ച് മയങ്ങി പോയി ( പ്രഥമൻ കെൺകേമമായത്കൊണ്ട് കുറച്ചധികം കുടിച്ചുപോയതാ )
LikeLiked by 1 person
😂😂😂Thank You
LikeLike