Time Set To Read 3 Minutes Maximum
ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്! എത്ര മഹത്തായ വാക്കുകൾ!
“നാരായണൻ ആശാൻ” എന്ന ശ്രീനാരായണ ഗുരു! ജനനം ആഗസ്റ്റ് 23 ന് ചതയം നക്ഷത്രത്തിൽ!
പിതാവ് മാടൻ ആശാൻ, അമ്മ കുട്ടിയമ്മ. തിരുവനന്തപുരത്തുള്ള ചെമ്പഴന്തി എന്ന ഗ്രാമത്തിൽ താമസിച്ചിരുന്ന മാടൻ ആശാൻ, തന്റെ ഗ്രാമത്തിലെ ജനങ്ങൾക്ക് പുരാണങ്ങൾ വായിച്ചു കേൾപ്പിച്ചും അർത്ഥം വിശദീകരിച്ചും അറിവ് പകർന്നു കൊടുത്തിരുന്നതിനാലാണ് “ആശാൻ” എന്ന പേരിൽ അറിയപ്പെട്ടത്.
മാതാവായ കുട്ടിയമ്മ സൗമ്യയും ഈശ്വരഭക്തയുമായിരുന്നു. എന്തും എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിവുള്ള സ്ത്രീ!
നാണുവിന്റെ ചെറുപ്പത്തിൽ തന്നെ അമ്മ മരണപ്പെട്ടു. തനിക്ക് ലഭിച്ച അറിവുകളൊന്നും പാരമ്പര്യമായി കിട്ടിയതൊന്നുമല്ല. പുരാണ പാരായണങ്ങളിലൂടെ ശ്രവിച്ച അറിവും, നിത്യജീവിതത്തിൽ നിന്നുള്ള കണ്ടറിവും കേട്ടറിവും ഒക്കെയായി നാരായണൻ വളർന്നു. അദ്ദേഹം ആർജ്ജിച്ച അറിവുകളും നന്മകളും മനുഷ്യസഹജമായ ഉൾവിളിയിലൂടെ ഉണ്ടായതാണെന്ന് പറയുന്നതാകും ശരി!
പ്രായപൂർത്തിയായതിനു ശേഷം, പിതാവ് നടത്തിവന്ന പുരാണ വ്യാഖ്യാനവും പാരായണവും നാണു ഏറ്റെടുത്തു. അപ്പോഴേക്കും മലയാളവും കുറച്ചൊക്കെ തമിഴും, പഠിക്കാൻ കഴിയുന്നിടത്തോളം സംസ്കൃത പാഠങ്ങളും നാണു സ്വായത്തമാക്കിയിരുന്നു!
നാരായണന്റെ കുടുംബ പശ്ചാത്തലം ഒരു ഇടത്തരം കാർഷിക കുടുംബത്തിന്റേതായിരുന്നു. അച്ഛനും മകനും പുരാണ പാരായണത്തോടൊപ്പം, കുടുംബത്തിന്റെ ജീവിതമാർഗ്ഗമെന്ന നിലയിൽ കാർഷികവൃത്തിയിലും ഏർപ്പെട്ടിരുന്നു.
ജ്യോതിഷത്തിലും ആയുർവേദത്തിലും പാരമ്പര്യമായി ലഭിച്ച അറിവിലൂടെ ജനങ്ങൾക്ക് ചികിത്സ നൽകി ഉപജീവനം കഴിച്ചിരുന്ന ഒരമ്മാവൻ നാണുവിന് ഉണ്ടായിരുന്നു. അവരിലൂടെയും കുറെ അറിവുകൾ നാരായണൻ നേടിയെടുത്തു!
മനുഷ്യൻ സങ്കുചിതമായി ചിന്തിച്ചിരുന്ന കാലം! ജാതി വ്യവസ്ഥയ്ക്ക് അനുസരിച്ച് മനുഷ്യരെ ഗണം തിരിച്ച് അകറ്റി നിർത്തിയിരുന്ന കാലം! നൂറുകണക്കിന് ജാതികളും ഉപജാതികളും നിറഞ്ഞ ആ സാമൂഹ്യ ചിത്രത്തെ ശരിക്ക് മനസ്സിലാക്കിയിട്ടില്ലാത്തവരെ സംബന്ധിച്ചിടത്തോളം, നാരായണ ഗുരുവിനെ പിന്നോക്ക ജാതിയിൽപ്പെട്ട ഒരു ‘ഈഴവൻ’ എന്ന് വകതിരിച്ച് മാറ്റി നിർത്തുന്നുണ്ട് എന്ന് നാരായണൻ തിരിച്ചറിഞ്ഞു.
എന്നാൽ നാരായണനാകട്ടെ, ഇത്തരം ജാതീയമായി തരംതിരിച്ച് കാണുന്നതിനെ വകതിരിവില്ലാത്ത ഒരു സമൂഹത്തിന്റെ ഏർപ്പാടായി മാത്രമാണ് കണ്ടത്. ഓരോ പട്ടികയിൽ ചേർത്ത് വിളിച്ചു പോന്നിരുന്ന ജാതിപ്പേരുകൾക്ക് ഒരർത്ഥവുമില്ല എന്ന് തന്റെ പുരാണ പാരായണങ്ങളിലൂടെ സ്വയം ആർജ്ജിച്ചെടുത്ത അറിവിലൂടെ നാരായണൻ തന്റെ ബാല്യകാലത്ത് തന്നെ തിരിച്ചറിഞ്ഞിരുന്നു!
അതുകൊണ്ട് തന്നെ അത്തരം ഒറ്റപ്പെടുത്തലുകളും മാറ്റി നിർത്തലുകളും അദ്ദേഹത്തിന് ഒരു പ്രശ്നമേ ആയിരുന്നില്ല.
തടി കുറഞ്ഞ് കൃശഗാത്രനായ നാരായണൻ, ചെറുപ്പത്തിലേ നല്ല മെയ്‌വഴക്കമൊക്കെ സ്വായത്തമാക്കി, തന്റെ കഴിവിലൂടെ നല്ലൊരു അഭ്യാസിയായി വളർന്നു. വിദ്യാഭ്യാസകാലത്ത് പഠനത്തിൽ മികവ് കാട്ടിയ നാരായണൻ, അന്നത്തെ ജാതി-ഉച്ചനീചത്വ സമവാക്യങ്ങളൊന്നും നോക്കാതെ സമൂഹത്തിലെ എല്ലാവരുമായും ഇടപഴകിയിരുന്നു!
താൻ പഠിച്ചുകൊണ്ടിരിക്കുന്ന ഒരു വിഷയവും അദ്ദേഹത്തിന് ബുദ്ധിമുട്ടുള്ളതായി തോന്നിയിരുന്നില്ല! അതുകൊണ്ട് തന്നെയായിരിക്കണം ഒരു ശിക്ഷണമുറയ്ക്കും വിധേയനാവാതെ നാരായണൻ വളർന്നുവെങ്കിലും, തന്റെ സംശയങ്ങൾ സാമാന്യബുദ്ധിക്ക് നിരക്കും വിധം തന്റെ ഗുരുനാഥന്മാരോട് ചോദിച്ചുകൊണ്ടേയിരിക്കും. പലതിനും അവർക്ക് ഉത്തരം നൽകാൻ പറ്റാത്ത വിധത്തിലുള്ള ചോദ്യങ്ങളായിരുന്നു അത്. പല കാര്യങ്ങളിലും അനുഭവത്തിന്റെ വെളിച്ചത്തിൽ വിലയിരുത്താൻ നിർബന്ധം പിടിക്കുന്ന പ്രകൃതമായിരുന്നു. അമ്മാവനോടൊപ്പമുള്ള വൈദ്യ പഠനകാലത്ത് ഔഷധങ്ങളുടെ ഗുണവീര്യങ്ങൾ പലപ്പോഴും സ്വന്തം ശരീരത്തിൽ തന്നെ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്!
ഇരുപത്തിമൂന്നാമത്തെ വയസ്സിൽ നാണുവിന് സ്വന്തം പ്രവൃത്തിയും സ്വന്തം ഗ്രാമത്തിൽ ലഭ്യമായ വിദ്യാഭ്യാസവും അപര്യാപ്തമായി തോന്നി. ഒരിക്കൽ ആരോടും പറയാതെ അദ്ദേഹം വീടുവിട്ട് കുറച്ചകലെയുള്ള ഗ്രാമത്തിലേക്ക് പോയി. നാടുവിട്ടുപോയ നാരായണനെ പിന്നീട് അമ്മാവൻ അന്വേഷിച്ച് അടുത്തുള്ള ഗ്രാമത്തിൽ കണ്ടെത്തി, അമ്മാവനോടൊപ്പം ചെമ്പഴന്തിയിലേക്ക് തിരിച്ചുവന്നുവെങ്കിലും സംസ്കൃത പഠനം വീണ്ടും തുടർന്നു.
പുതുപ്പള്ളി എന്ന സ്ഥലത്ത്, വാരണപ്പള്ളി എന്ന പുരാതന കുടുംബത്തിൽ താമസിച്ച്, ഗുരുകുല സമ്പ്രദായത്തിൽ പഠിപ്പിക്കുന്ന രാമൻപിള്ള ആശാന്റെ പാഠശാലയിൽ അടുത്തിരുന്ന് ശ്രദ്ധാപൂർവ്വം സംസ്കൃതത്തിൽ പാണ്ഡിത്യം നേടി! അവിടെ വെച്ചാണ് കുഞ്ഞൻപിള്ള ചട്ടമ്പി എന്ന വ്യക്തിയുമായി പരിചയപ്പെടുന്നത്, പിന്നീട് പ്രസിദ്ധനായിത്തീർന്ന ചട്ടമ്പിസ്വാമികൾ!
ശിക്ഷണത്തിന് സഹായകമാകുന്ന ചട്ടമനുസരിച്ച് ഗുരുകുലത്തിലെ അച്ചടക്കം പാലിച്ചുപോന്നിരുന്ന ആളിനെയാണ് ചട്ടമ്പി എന്ന് വിളിച്ചുവന്നിരുന്നത്. തമിഴിൽ ‘ചട്ടം’ എന്ന് പറഞ്ഞാൽ നിയമം എന്നും ‘പിള്ള’ എന്ന് പറഞ്ഞാൽ അധികാരി എന്നുമാണ് അർത്ഥം.
ശ്രീ നാണു അധികമൊന്നും ആരുമായും കൂട്ടുകൂടാത്ത പ്രകൃതമായിരുന്നു! കൂട്ടുകൂടുന്നത് പലപ്പോഴും എല്ലാവരാലും അവഗണിക്കപ്പെടുന്ന ഭൃത്യന്മാരോടോ പശുപാലകരോടോ ആയിരിക്കും.
ഒരിക്കൽ അദ്ദേഹം വാരണപ്പള്ളിയിൽ ധ്യാനലീനനായിരിക്കുമ്പോൾ സമാധിസ്ഥനായിത്തീരുകയും, വളരെ നേരത്തേക്ക് ബാഹ്യപ്രജ്ഞ മറഞ്ഞുപോവുകയും ചെയ്തു. പിന്നീട് സമാധിയിൽ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തി അദ്ദേഹം!
ശ്രീനാരായണ ഗുരുവിനെപ്പറ്റി ശ്രീ കരുണാകര ഗുരു രചിച്ച വരികൾ:
ദൈവമേ കാത്തുകൊൾകങ്ങ്
കൈവിടാതിങ്ങു ഞങ്ങളെ
നാവികൻ നീ ഭവാബ്ധിക്കോ
രാവിവൻ തോണി നിൻ പദം!
ആരാണ് ദൈവം? ദ്യോവിൽ അഥവാ ഈ പ്രപഞ്ചം മുഴുവൻ നിറഞ്ഞു നിൽക്കുന്ന പരബ്രഹ്മം! ആ പരമ ചൈതന്യത്തോടാണ് പ്രാർത്ഥന. ആ ദൈവം ഞങ്ങളുടെ കൈ വിടാതെ ഞങ്ങളെ കാത്തുകൊള്ളണമേ എന്നാണ് പ്രാർത്ഥിക്കുന്നത്.
പൗരാണിക കാലം മുതൽ പഠനങ്ങൾ തുടങ്ങുമ്പോഴും ഗുരുവും ശിഷ്യനും ഒരുമിച്ച് പ്രാർത്ഥിച്ചിരുന്നത് ഇങ്ങനെയാണ്:
ഓം സഹ നാ വവതു!
സഹ നൗ ഭുനക്തു!
സഹ വീര്യം കരവാവഹൈ!
തേജസ്വിനാ വധീതമസ്തു!
മാ വിദ്വിഷാവഹൈ!
ഓം ശാന്തി: ശാന്തി: ശാന്തി:
അങ്ങനെ ഞങ്ങളെ ഒരുമിച്ച് കാത്തു രക്ഷിക്കാനാണ് ആദ്യ ശ്ലോകത്തിലൂടെ ഗുരു ആവശ്യപ്പെടുന്നത്.
ഭൗതിക ജീവിതത്തിലെ ഏറ്റവും അടിസ്ഥാന ആവശ്യങ്ങളാണ് ആഹാരം, വസ്ത്രം തുടങ്ങിയവ. ഇവയ്ക്ക് മുട്ട് വരാതെ ഞങ്ങളെ തൃപ്തരാക്കുന്ന ആ ബ്രഹ്മം തന്നെയാണ് ഞങ്ങളുടെ ദൈവം. മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ നിവൃത്തിക്കാതെ ഏതൊരാൾക്കാണ് ആത്മീയ ചിന്തകൾ സാധ്യമാവുക? അതിനാലാണ് മനുഷ്യന്റെ പ്രാഥമിക കാഴ്ചപ്പാട് തന്നെ ഭക്ഷണവും വസ്ത്രവും ലഭ്യമാക്കുന്ന ശക്തി തന്നെയാണ് ദൈവം എന്നായി തീർന്നിട്ടുള്ളത്. അടിസ്ഥാന ആവശ്യങ്ങൾക്ക് പരിഹാരം കണ്ട ശേഷമേ ആത്മീയ ചിന്തകൾക്ക് പ്രസക്തിയുള്ളൂ.
ഈ കാഴ്ചപ്പാട് കൊണ്ട് തന്നെയാണ് ഗുരു നിർദ്ദേശപ്രകാരം അന്നദാനം, ആതുരസേവനം, ആത്മബോധനം എന്നീ ലക്ഷ്യങ്ങൾ ശാന്തിഗിരി ആശ്രമം ഹൃദയത്തോട് ചേർത്ത് പിടിച്ചിട്ടുള്ളത്. ഭക്ഷണവും വസ്ത്രവും രോഗമുക്തിയും ലഭിച്ച ശേഷമേ ആത്മചിന്തനത്തിന് സാഹചര്യം ഒരുങ്ങുകയുള്ളൂ.
‘ആഹാരവും വസ്ത്രവും എങ്ങനെ പരിഷ്കരിച്ചു ഉപയോഗിക്കണമെന്നും, ജീവിതം എങ്ങനെ നയിക്കണമെന്നും നമ്മളെ മനസ്സിലാക്കി തന്നിട്ട്, നമ്മുടെ ബുദ്ധി ആത്മീയ ചിന്തയിലേക്ക് തിരിച്ചുവിട്ട്, ജീവന്റെ മുക്തിക്ക് വേണ്ടി നിർത്തുന്ന പാതയിലേക്കാണ് ഇന്ന് നമ്മെ ദൈവം നയിക്കുന്നത്’ എന്ന് നവജ്യോതി ശ്രീ കരുണാകര ഗുരു അരുളിച്ചെയ്തത് ഇത്തരുണത്തിലാണ്.
ഗുരു വചനം – ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്!
മനുഷ്യജീവിതത്തെ സമഗ്രമായി കാണാനും, മാറുന്ന ലോകത്തിന്റെ സ്പന്ദനങ്ങൾ കാലേക്കൂട്ടി മനസ്സിലാക്കാനും കഴിഞ്ഞ സാമൂഹ്യ നവോത്ഥാന നായകനായ ഗുരുദേവന്റെ മാനുഷികമായ മാഹാത്മ്യം മനസ്സിലാക്കണമെങ്കിൽ, പത്തൊൻപതാം നൂറ്റാണ്ടിലെയും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെയും സാംസ്കാരിക കേരളത്തിന്റെ സ്ഥിതി മനസ്സിലാക്കിയാൽ മാത്രം മതി!
ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യന്റെ മൗലിക സ്വാതന്ത്ര്യത്തിനെതിരെ മതിൽക്കെട്ടുകൾ തീർത്തിരുന്ന കാലം. സ്വാമി വിവേകാനന്ദൻ ‘ഭ്രാന്താലയം’ എന്ന് വിശേഷിപ്പിച്ച കേരളത്തെ ‘ഒരു ജാതി, ഒരു മതം, ഒരു ദൈവം, മനുഷ്യന്’ എന്ന മഹത്തായ സന്ദേശം നൽകി, കേരളത്തെയും മറ്റു സാമൂഹികമായി അധഃപതിച്ചുകിടന്ന സംസ്ഥാനങ്ങളെയും ആത്മീയതയുടെയും മാനുഷിക മൂല്യങ്ങളുടെയും പുതിയൊരു തലത്തിലേക്ക് ഉയർത്തിയ അപൂർവ്വ സമന്വയമായിരുന്നു ഗുരു എന്ന മഹദ് വ്യക്തിത്വം.
അത്തരം മഹത് ചിന്തകൾ എന്നും നിലനിന്നു കാണാനും ഓർമ്മിപ്പിക്കാനുമാണ് അദ്ദേഹത്തിന്റെ ജന്മദിനം ചതയദിനമായി നമ്മൾ ജാതിഭേദമന്യേ കൊണ്ടാടി വരുന്നത്.
പണ്ടൊക്കെ ചതയദിന വേളയിൽ വീടുകളിലെല്ലാം വിളക്കുകളും മെഴുകുതിരികളും കത്തിച്ച് അലങ്കരിച്ച് ആഘോഷിച്ചിരുന്നു! ആ പഴയ പകിട്ടൊക്കെ കുറഞ്ഞുവരുന്നതായി അനുഭവപ്പെടുന്നുണ്ട്. ക്ലബ്ബുകളിലൂടെയും ശ്രീനാരായണ മഠങ്ങളിലൂടെയും പായസദാനവും ഒക്കെ നൽകിയിരുന്ന കാലം! ഒക്കെ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും അതിന്റെ പ്രൗഢി നഷ്ടപ്പെട്ടിട്ടുണ്ട്. ഒരു പക്ഷെ സംഘടനയിലുള്ള സ്വരച്ചേർച്ചയില്ലായ്മ ആവാം അതിന് കാരണം എന്ന് തോന്നുന്നു.
എന്റെ ജന്മനാടായ മയ്യഴിയിലും ശ്രീനാരായണ മഠം സ്ഥിതിചെയ്യുന്നുണ്ട്. ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഒരു നേതൃത്വവും ഉള്ളതുകൊണ്ട് ഒരഭിപ്രായ വ്യത്യാസവുമില്ലാതെ പ്രവർത്തിക്കുന്ന ഈ സംഘടന ഇക്കുറി വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു എന്നറിഞ്ഞു. അതിന്റെ അമരത്തിരിക്കുന്ന ശ്രീ പ്രേമൻ കല്ലാട്ടിനും സജിത്ത് നാരായണനും എല്ലാ പിന്തുണയും നൽകിക്കൊണ്ട് ഒരു കൂട്ടം ശ്രീനാരായണീയ പ്രവർത്തകന്മാരും ഉള്ളപ്പോൾ, ഈ സംഘടന മുൻപോട്ടുള്ള പ്രയാണത്തിലാണ്.
ഇത്തരം കൂട്ടായ്മ നാടിന് ഇപ്പോൾ ആവശ്യവുമായതിനാൽ ഇവർക്ക് എല്ലാ പിന്തുണയും നൽകേണ്ടത് നമ്മുടെയൊക്കെ ഉത്തരവാദിത്തമാണ് എന്ന് ഓർമ്മിപ്പിക്കുന്നതിനോടൊപ്പം…
ഇതൊക്കെ കാണുമ്പോഴും ആ യുഗപുരുഷൻ വിഭാവനം ചെയ്ത, ആഗ്രഹിച്ച തത്വങ്ങൾ നമ്മൾ മറക്കുന്നില്ലേ എന്ന് തോന്നിപ്പോകുന്നു!
മാറിവരുന്ന ഈ കാലത്ത് ഈ മഹാന്റെ വാക്കുകൾക്കും ആശയങ്ങൾക്കും ഏറെ പ്രസക്തിയുണ്ട് എന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കേണ്ടിയിരിക്കുന്നു എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ചുരുക്കുന്നു!
മഠത്തിൽ ബാബു ജയപ്രകാശ്….. ✍️ My Watsapp Cell No: 00919500716709

