Time Set To Read 8 Minutes Maximum
എന്റെ ഓർമ്മയിലേ തിരുവോണം!
മനസ്സിൽ ഗൃഹാതുരത്വം ഉണർത്തിക്കൊണ്ട് വീണ്ടും ഒരോണക്കാലം! നഷ്ട്ടപ്പെട്ട നല്ല ദിനങ്ങളുടെ നാലാം വാർഷികം! കൃത്യമായ് പറഞ്ഞാൽ മൂന്നു വർഷമായി കൊറോണ വിലങ്ങു തടിയായി ഓണാഘോഷങ്ങൾക്ക് മുൻപിൽ! അല്ലെങ്കിലും ഇപ്പോൾ നാട്ടിലെവിടെയാ ഓണം?
ഓണപട്ടനെയും, പൂവിടലിനെയും ഒക്കെ കാണണമെങ്കിൽ ദുബായിൽ പോകണം! ഓണംകഴിഞ്ഞാലും ദുബായിൽ ദിവസങ്ങളോളം പല സംഘടനകളുടെ നേതൃത്വത്തിൽ ഓണാ ആഘോഷമുണ്ടാവും!..
ഒപ്പം വിവിധ കലാ പരിപാടികളും അരങ്ങേറും! വളരെ ചുരുക്കം സമയങ്ങളിൽ ഓണത്തല്ലും ഉണ്ടായതായി കേട്ടിട്ടിട്ടുണ്ട് ! അവിടത്തെ നിയമത്തെ പേടിച്ചായിരിക്കണം അത് അധികം അരങ്ങേറാത്തത് !
അല്ലെങ്കിലും, ഒരു ശരാശരി മലയാളി കേരളംവിട്ടാൽ എല്ലാനിയമങ്ങളും അനുസരിക്കും! ശരിക്കും മനസ്സിലാവണമെങ്കിൽ ക്യുബാ മുകുന്ദനെ ഓർത്താൽ മതി!
വളരെ ലളിതമായിപ്പറഞ്ഞാൽ നാട്ടിലേക്കുവരുമ്പോൾ, ദുബായി എയർ പോർട്ടിൽ നിന്നും വാങ്ങുന്ന ച്യുയിങ്ങ്ഗം ചവച്ചിട്ടു, കവർ പോക്കറ്റിലിട്ടു, കവറും, ചവച്ചു പിണ്ടിയായ ച്യുയിങ്ങ്ഗം! ഇങ്ങു കണ്ണൂരോ, കോഴിക്കോടോ, നെടുമ്പാശ്ശേരിയിലോ, തിരുവനന്തപുരത്തേയോ? എയർപോർട്ടിൽ തുപ്പും! തുപ്പുമ്പോൾ? അതിനു മുൻപ് ആരോ തുപ്പിയ, ച്യുയിങ്ങ്ഗം കാലിൽ പറ്റിയ്യ്തു നോക്കി ശപിക്കുന്നുണ്ടാവും, അതാണ് മലയാളി !
പണ്ടൊക്കെ വീട്ടിൽ എന്നും ഓണം പോലെ തന്നെ! സദാ വിരുന്നുകാരും ഒക്കെയായി! ഓണമായാലും, വിഷുവായാലും, ഉത്സവമായാലും, തിറയായായാലും, പെരുന്നാളായാലും, ഒക്കെ നമുക്കും വിശേഷമായിരിക്കും!
സഹോദരീ – സഹോദരന്മാരും, ഇടവലക്കാരായ ഖാലിദ്ക്കയും, മുഹാജറും, മുഹമ്മദും ഒക്കെ കൂടിയുള്ള ഓണം?
അവരുടെ വീട്ടിൽനിന്നും വരാത്തവർക്ക് വേണ്ടി, പ്രഥമൻ പാത്രത്തിലാക്കി നമ്മൾ കഴിക്കുന്നതിനു മുൻപ് എത്തിക്കും!
തിരിച്ചു പെരുന്നാളിന് അവരും ക്ഷണിക്കും! പോകാത്തവർക്കു അവിടെന്നു പാത്രത്തിൽ ആവി പൊന്തുന്ന? പുതിയിനയുടെയും, മല്ലിയിലയുടെയും, ജീരക ശാല അരി നല്ല നെയ്യിൽ ചേർന്നു കൊതിപ്പിക്കുന്ന മണമുള്ള ബിരിയാണിയുമായി മറിയുമ്മയും, നബീസുമ്മയും, കദീസുത്തായോ, സാബിറയോ, സജ്നയോ, വീട്ടിലും വരും! അക്കാലങ്ങളിൽ അതൊക്കെ സ്വർഗ്ഗ തുല്ല്യമായ അനുഭൂതിയായിരുന്നു!
ഖാലിദ്ക്കയും ,മുഹജറും, മറിയുമ്മയും, നബീസുമ്മയും പോയി,! അതിലും മുൻപേ അച്ഛനും അമ്മയും!.. ഈ അടുത്തായി കതീശുത്തായും നമ്മളെ വിട്ടു പിരിഞ്ഞു..
കൂട്ടുകുടുംബം ഇല്ലാതായി! എല്ലാവരും തനിത്തനിയായി, ഓണവും തനിച്ചായി, ഇപ്പോൾ തീരെ ഇല്ലാതായിട്ടു മൂന്നു കൊല്ലം?
പണ്ടൊക്കെ, തിലക് ക്ലബ്ബിന്റെ പൂക്കള മൽസരവും. ഓണസദ്ധ്യ കഴിഞ്ഞാൽ കടൽ കാണാൻ പോകലും!, സിനിമ കാണാൻ പോകലും! ഉൾഗ്രാമങ്ങളിൽ നിന്നും വരുന്നവരെ കൊണ്ട് ടാക്കീസും പരിസരവും നിറഞ്ഞിരിക്കും. പൂഴി വാരിയിട്ടാൽ നിലത്തു വീഴാത്തവിധം ജനങ്ങളുണ്ടായിരിക്കും ടോക്കീസിൽ ! ആളുകൾ ധരിച്ച വസ്ത്രങ്ങളിലൂടെ ലോകത്തുള്ള സകല വർണ്ണങ്ങളും അവരുടെ വസ്ത്രങ്ങളിലൂടെ കാണാം!
കാലം പോകെ നമുക്ക് നഷ്ടമായത് ഓണത്തിന്റെ മാധുര്യം മാത്രമല്ല, അച്ഛന്റെയും, അമ്മയുടെയും വാൽസല്ല്യം, അനുജന്മാരുടെ, ഇടവലക്കാരുടെ, സ്നേഹത്തോടെയുള്ള ഇടപെടൽ! എല്ലാം ഓർക്കുമ്പോൾ മനസ്സിലെവിടെയോ നൊമ്പരത്തിന്റെ തിരമാലകൾ ആർത്തിരമ്പുന്നത് പോലെ ഒരു വിങ്ങൽ അനുഭവപ്പെടുന്നു!
ഇപ്പോഴത്തെ ഓണത്തെ പറ്റി ചിന്തിക്കുമ്പോൾ ? പൂക്കളങ്ങളും, പൂവിളിയുമില്ലാത്ത ഓണം! തുമ്പി തുള്ളലും, പുലിക്കളിയുമില്ലാത്ത ഓണം! മാവേലി മന്നനും, തൃക്കാക്കരയപ്പനും, മനസ്സിന്റെ ശ്രീകോവിലിനും അപ്പുറം മറഞ്ഞു ഇല്ലാതാകുന്ന ഓണം!
ജീവിതത്തിന്റെ ബദ്ധപ്പാടിൽ കുടുങ്ങി, ആളുകൾക്ക് വർഷം മുഴുവൻ ഉത്രാട പാച്ചിൽ തന്നെ? എന്ന് പറയുന്നതാവും ശരി! ഇപ്പോൾ! ഭാര്യയും, ഭാർത്താവും കുട്ടികളും ഒക്കെ, ദിനവും ഉത്രാട പാച്ചിലു പോലെയല്ലേ? ഭർത്താവിനും – കുട്ടികൾക്കും ഓഫീസിലെത്താനുള്ള ഉത്രാടപ്പാച്ചിൽ! ചെറിയ കുട്ടികൾക്കാണെങ്കിൽ? സ്‌കൂളിൽ പോവാനുള്ള പാച്ചിൽ! ഇതിനിടയിൽ ഭാര്യക്ക് ഇവരുടെയൊക്കെ ഇഷ്ട്ടാനിഷ്ടങ്ങൾ അറിഞ്ഞു എല്ലാം ഒരുക്കുന്നതിനുള്ള പാച്ചിൽ! ഭാര്യക്ക് ജോലി കൂടി ഉണ്ടെങ്കിൽ ഉത്രാട മറാത്തോണമായിരിക്കും! അതുകൊണ്ടായിരിക്കാം; ഓണം ഡിജിറ്റലൈസ്‌ഡ് ആയി മാറിയിരിക്കുന്നതു എന്ന് പറയുന്നതു? അതാണ് ശരിയായ ശരി!
ദുബായിലായിരുന്നപ്പോൾ? മണലാരണ്യത്തിലെ ഓണം ഓർമകളെ ചുട്ടുപൊള്ളുന്ന തീക്കാറ്റിൽ കത്തി ക്കരിക്കുമെങ്കിലും?
മനസിനെ ഓർമപ്പെടുത്തിക്കൊണ്ടു, ഓണം വരുന്നതിനും മുൻപേ, ഓണ സദ്ധ്യയുടെ പാർസൽ ലഭിക്കുന്നതിന്റെയും, അത് തെയ്യാർ ചെയ്യന്ന ഷെഫിന്റെ പെരുമയും, വിഭവങ്ങളുടെ എണ്ണവും, ഒക്കെ കാണിച്ചുള്ള പരസ്സ്യങ്ങൾ നമ്മുടെ മനസ്സിൽ പതിയും വിധം, എത്തിക്കാനുള്ള തിടുക്കത്തിലായിരിക്കും മത്സരിച്ചു ഹോട്ടലുകൾ! എങ്കിലും എല്ലാ സ്ഥലത്തും വെജിറ്റേറിയൻ സദ്ധ്യതന്നെ.
ആ സമ്പ്രദായം നാട്ടിലും അനുകരിച്ചു തുടങ്ങിയിരിക്കുന്നു … ഏറെ മാറ്റങ്ങളോടെ ! ആ മാറ്റങ്ങൾ ഓണമെന്ന സങ്കൽപ്പത്തെ അകെ കെടുത്തുന്നില്ലേ എന്നൊരു തോന്നൽ, പ്രധാനമായും സദ്ദ്യവട്ടങ്ങളിലെ മാംസവിഭവങ്ങളുടെ കടന്നു കയറ്റം ? ഇങ്ങനെയൊക്കെ തോന്നാൻ കാരണം പണ്ടൊക്കെ സദ്ദ്യ എന്നുപറയുമ്പോൾ വെജിറ്റേറിയൻ എന്ന ലേബൽ വേണ്ടായിരുന്നു . എന്നാൽ ഇന്ന് അങ്ങനെയല്ല വെജിറ്റേറിയൻ സദ്ദ്യ എന്ന് പ്രത്യേകം ഓർമ്മപ്പെടുത്തണം (നോൺ വെജ് സദ്ദ്യയും ഒരുക്കി ഓണത്തിന്റെ സങ്കല്പം തന്നെ ഇല്ലാതാക്കിയിരിക്കുന്നു) ഇതേപ്പറ്റി എന്തെങ്കിലും അഭിപ്രായം പറഞ്ഞാൽ ചിലപ്പോൾ ബീഫ് ഫസ്റ്റിവലോ , പന്നി ഫസ്റ്റിവലോ നടത്തിക്കളയും , വർഷങ്ങളോളം സ്‌കൂൾ ഫെസ്റ്റിവലിൽ വെജിറ്റേറിയൻ മാറ്റി നോൺ വെജിറ്റേറിയൻ വിളമ്പണ എന്നുപറയുന്നതിനോട് അനിഷ്ട്ടം പറഞ്ഞപ്പോഴുണ്ടായ കോലാഹലം ഓർത്തു എഴുതിപ്പോയതാണ്.
ദുബായിൽ കുടുംബം കൂടെ ഉണ്ടായിരുന്നപ്പോൾ, ഓണത്തിനും വിഷുവിനും, “ഈസ്റ്റ് ഫിഷ്ലേയും”, “ഓറിയന്റ ഫിഷ്ലേയും,” അംഗങ്ങളിലേ അഫ്താബു ഇബ്രാഹിമും , തങ്കപ്പനും , കോയയും , രവിയും , വാച്ച് മാൻ മുഹമ്മദും , സൂപ്പർമാർക്കറ്റിലേ മൂസയും, ഇബ്രാഹിമും, അസീസ്സും, വർഗീസേട്ടനും , ചൈനക്കാരൻ ചെന്നും ജർമ്മൻ കാരൻ ലെഗൂനക്കും ഒക്കെ വീട്ടിൽ വന്നു ഓണമുണ്ടതൊക്കെ ഒരു കാലം.! ഇപ്പോഴും വാച്ച് മാൻ മുഹമ്മദ് എവിടെയായലും ഓണത്തിനും വിഷുവിനും വോയ്‌സ് മെസെജ് അയക്കും. ഞാൻ തിരിച്ചും!!
കമ്പനിമാറി ദുബായിലെത്തിയപ്പോൾ? ഓണം കൂട്ടായ്മ്മയായി! ഓരോരുത്തർ, ഓരോ ഐറ്റം ഉണ്ടാക്കി കൊണ്ട് വരും. ടെറി ഈസ്റ്റും , സോൾ കീൻസും , സാമ്പാറും, അച്ചാറും, പുളി ഇഞ്ചിയും,അവിയലും , കാളനും ഉപ്പേരിയും , കൂട്ട്കറിയും കൂട്ടി ഉണ്ണുന്നതും , ഇടയ്ക്കു കാലനെ ചോദിക്കുന്നതും (കാളൻ ) എല്ലാം കഴിഞ്ഞാൽ ഇലയിൽ മോരും രസവും ചേർത്ത് ചോറ് ഇല വെച്ച് ഉണ്ണുന്നതും! പിറ്റേന്ന് കാലത്തു ടെറി ഈസ്റ്റ് വന്നിട്ട് പറയും, സീ.. യുവർ ഫുഡ്… ഈസ്… സൊ… ടേസ്റ്റി, ബട്ട്… ദി പ്രോബ്ലം? ഏർളി… മോർണിങ്, വെൻ… ഇൻ ടോയ്ലറ്റ്! വെരി…. ഡിഫിക്കൽട്ടി… റ്റു… പാസ് മോഷ്യൻ…. വെരി ഹോട്ട്… ഹൌ യു പീപ്പിൾ ഈറ്റിംഗ്…. ദിസ്… ഡെയിലി ! ഇങ്ങനെയൊക്കെ പറയുമെങ്കിലും അടുത്തകൊല്ലവും ഒന്നും ആലോചിക്കാതെ തട്ടും, എന്റെ സ്ഥിരം ഐറ്റം പാൽ പ്പായസവും, പരിപ്പ് പ്രഥമനും ആയിരിക്കും! ആ കൂട്ടായ്മയൊക്കെ പോയി എന്ന് കഴിഞ്ഞ തവണ പോയപ്പോൾ മനസിലായി!
പണ്ടൊക്കെ അമ്മയുടെ വീട്ടിൽ രണ്ടാം ഓണത്തിന്റയന്നു പോയാൽ,
കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ ഒരു പന്തിന്റെ പുറകെ പായുന്ന ബാല്യം! ഇന്ന് ആ പാഠങ്ങളെല്ലാം കോൺക്രീറ്റ് കെട്ടിടങ്ങളായിരിക്കുന്നു. എങ്കിലും ഇടതിങ്ങിയ കെട്ടിടങ്ങൾ കാണുമ്പോൾ ഓണപ്പൂക്കളം ഇട്ടതുപോലെ? പല നിറത്തിലുള്ള പെയിന്റടിച്ച അവിടം മുഴുവൻ തലയുയർത്തി കാണാം !
ഇതൊക്കെ ഓർക്കുമ്പോൾ? ഓണത്തിന്റെ മാത്രമല്ല, മനുഷ്യരുടെ ജീവന്റെ തുടിപ്പ് തന്നെ നഷ്ടമായി പോയിരിക്കുന്നു. എല്ലാ തുടിപ്പും ഓർമ്മകൾ മരവിക്കുന്നത് പോലെ, ഓണക്കാഴ്ചകൾ വിദൂരതയിൽ മറഞ്ഞു പോകുന്നു,
നാവിന്‍ തുമ്പിൽ കൃതൃമ രുചിക്കൂട്ട് ചേർത്തുണ്ടാക്കിയ ഓണ സദ്യയുടെ രുചി മാത്രം! അറേബ്യൻ വിഭവങ്ങളുടെ മനം മടിപ്പിക്കുന്ന രുചി ഭേദങ്ങളിൽ നിന്നും മാറി, വീട്ടിൽ അമ്മ വറുത്തു അരച്ചുണ്ടാക്കിയ സാമ്പാറും, തേങ്ങ അരച്ച്, പുളിയുള്ള കട്ട തൈര് ചേർത്തുണ്ടാക്കിയ കുറുക്കു കാളനും, പച്ചടിയും , പരിപ്പും പച്ച നേന്ത്രക്കായും ചേർത്തു; തേങ്ങ ചിരകിയത് വറുത്തിട്ടു ഉണ്ടാക്കിയ എരിശ്ശേരിയും, മാതള നാരങ്ങ, ഇഞ്ചിയും വാളൻ പുളിനീരിൽ, വേവിച്ചു ഉലുവ വറുത്തു പൊടിച്ചതും, കുരുമുളക് പൊട്ടിച്ചിട്ടതും കൂട്ടിച്ചേർത്തു കടുകും, ഉണ്ട മുളകും, കറി വേപ്പിലയും കൂട്ടി വറുത്തിട്ട കൊണ്ടുണ്ടാക്കിയ നാരങ്ങാകറിയും, ചേന ചെറുതായി അരിഞ്ഞു ഉണ്ടാക്കിയ അച്ചാറും, പച്ച നേന്ത്രക്കായും, ചെറു കടലയും , ചേനയും വേവിച്ചു, തേങ്ങയും പച്ചമല്ലിയും, കായമുളകും കൂട്ടി വറുത്തരച്ചു, തേങ്ങ കൊത്തു ഇട്ടുണ്ടാക്കിയ കൂട്ടുകറിയും, ചെറുപയർ വറുത്തു, തരക്കിയെടുത്ത പരിപ്പിൽ? തേങ്ങാപാൽ, ഒന്നാം പലായും, രണ്ടാം പാലായും, മൂന്നാം പാലിൽ ഉരുക്കിയെടുത്ത ശർക്കര പാനി പാകത്തിന് ഘട്ടം – ഘട്ടമായി വറുത്തെടുത്തു വേവിച്ച പരിപ്പിൽ ഒഴിച്ച്, വിറകടുപ്പിൽ തീകത്തിച്ചു, ഉരുളിയിൽ കുറുകിവരുമ്പോൾ? രണ്ടാം പാലും ചേർത്ത് വീണ്ടും കുറുക്കിയെടുത്തു, അതിൽ ഒന്നാം പാൽ ചേർത്ത് , നെയ്യിൽ വറുത്ത അണ്ടി പരിപ്പും, മുന്തിരിങ്ങയും തേങ്ങാകൊത്തും, പഞ്ചസാരകൂട്ടി പൊടിച്ച ഏലത്തരിയും ചേർത്തുണ്ടാക്കുന്ന രുചിയെന്നു സങ്കല്പിച്ചു സദ്യവട്ടത്തിന്റെ ഓർമകളെ രുചിച്ചു നോക്കുന്നു.
കൊട്ടക്കനിയിൽ ജോലിചെയ്യുമ്പോൾ? ഏതോ ഒരുഓണത്തിനു മുൻകൂട്ടി ബുക്ക് ചെയ്യാതെ ഞാനും രണ്ടു സുഹൃത്തുക്കളും ഓണമുണ്ണാൻ ഷാർജ മുതൽ ഹോട്ടലയായ ഹോട്ടൽ മുഴുവൻ കയറി! നോ രക്ഷ! അവസാനം ഇറാനി ഭക്ഷണം കഴിച്ചു ഓണ സദ്ദ്യ കഴിച്ചു ഓണം ഓർമ്മകൾ ആക്കി മാറ്റി!
ഇന്ന് പായസമൊന്നും വീട്ടിലുണ്ടാക്കേണ്ട! ലുലു സെന്ററിൽ പോയി ഏതു തരം പായസവും തൂക്കി വാങ്ങാം. ഓണമായാൽ അവിടെ പായസ മേള തന്നെ സംഘടിപ്പിക്കും! പാലട, അട പ്രഥമൻ, ചെറുപയർ പ്രഥമൻ, പാൽ പ്പായസം, സേമിയാ പ്പായസം, പഞ്ചരത്ന പ്പായസം വരെയായി! ഇപ്പോൾ .
ഈയ്യിടെ റെഡി റ്റു ഈറ്റ് സദ്ദ്യ പേക്കറ്റും ഇറങ്ങിയിട്ടുണ്ട്. എല്ലാം വാക്യുമയിസ്ഡ് സിൽവർ പേക്കറ്റ്! എടുക്കുക തിളച്ച വെള്ളത്തിൽ മുക്കി രണ്ടോ മൂന്നോ മിനുട്ടു വെക്കുക തുറക്കുക കഴിക്കുക … കാലം പോയ പോക്കേ …
പണ്ടൊക്കെ ഓണക്കാലമായാൽ നാട്ടിലേ അപേക്ഷിച്ചു കേസറ്റ് കച്ചവടം! പല – പല ആൽബങ്ങൾ? ചൂടപ്പം പോലെ മാർക്കറ്റിൽ വിറ്റഴിക്കും. വരുന്ന മുറയ്ക്കനുസരിച്ചു അഡ്വാൻസ് ബുക്ക് ചെയ്യേണ്ട സ്ഥിതിയിൽ വരെ കാര്യങ്ങൾ എത്തിച്ചിരുന്നു !
ഇന്ന് അതെല്ലാം യൂ. എസ. ബി. വിഴുങ്ങി. ഇപ്പോൾ സെൽ ഫോൺ നമ്മളെ വിഴുങ്ങി. ആരാണ് ഈ പേരിട്ടത്? അവാർഡ് കൊടുക്കണം! സെൽ ഫോൺ!! സെൽ – ജയിൽ !
അല്ലങ്കിലും ഗൾഫും ഒരു തരം ജയിൽ തന്നെയല്ലേ തുറന്ന ജയിലെന്നു മാത്രം! പിന്നെ ഒരു മാറ്റം, ആവശ്യത്തിന് പണ ലഭ്യത അനുസരിച്ചു പരോൾ കിട്ടും! സാദാരണക്കാരന് അതും വിദൂര സ്വപ്നം!
തിരശീലയിൽ കാണുന്ന താരങ്ങളെയെല്ലാം ഒറ്റ സ്റ്റേജിൽ കാണാൻ തക്ക സൗകര്യം ഒരുക്കി സംഘാടകർ ഉണ്ടാവും. പലതും പലപ്പോഴും ഒരു തരം പേക്കൂത്തായി മാറിയിട്ടുണ്ട് . എന്നിരുന്നാലും അതിനും തിരക്കായിരിക്കും! ഉള്ളിലെ തിരക്ക് എത്ര അധികമായാലും പുറത്തു ടിക്കറ്റ് തരപ്പെടുത്താനുള്ള കൂത്ത് ദൂരെ നിന്ന് മാറി നോക്കിയാൽ ടിക്കറ്റെടുക്കാതെ അകത്തു നടക്കുന്ന തിനേക്കാൾ നല്ല പീരിപാടി കണ്ടാസ്വദിക്കാം!
ഇന്ന് ജോലി തിരക്കുകളിൽ പെട്ട് ഓണവും, ഓണാഘോഷവും ഏറെ പിറകോട്ടു പോയിരിക്കുന്നു. മാവിൻ ചില്ലയിൽ ഊഞ്ഞാൽ കെട്ടിയാടുമ്പോൾ കാൽ പാദം കൊണ്ട് തുങ്ങി നിൽക്കുന്ന ചില്ലകൾ തൊടാൻ പാകത്തിൽ ആട്ടാൻ ആവശ്യപ്പെടുന്നതും! തൊടാൻ കഴിയാതെ വരുമ്പോൾ മനസ്സിൽ വാശി ഏറിയിരുന്ന ബാല്യം!
അതിലെ ഒളിഞ്ഞിരിക്കുന്ന അപകടത്തെ അറിഞ്ഞു അമ്മയുടെ ശാസനകേട്ട് ആട്ടുന്നവർ പതുക്കെ ആക്കുന്നതും ‘അമ്മ പോയിക്കഴിഞ്ഞാൽ വീണ്ടും പൂർവ്വാദീകം ശക്തിയോടെ ആട്ടുന്നതും, ഒക്കെ ഒരിക്കലും തിരിച്ചു വരാത്ത ?ഓർമകളായി മാറി!
നീലാകാശവും നീലക്കടലും താണ്ടി ദുബായിൽ എത്തിയപ്പോഴും, ആ വാശിയുടെ ഓർമ്മകൾ ഇന്നും മനസ്സിൽ ഊഞ്ഞാലയായി ആടിക്കൊണ്ടിരിക്കുന്നു!
……..ഓർമകളിൽ ഓണം മാവേലി മന്നനെ പോലെ വന്നു പോകുമ്പോഴും മനസ്സിലെവിടെയോ എന്നോ നഷ്ടപെട്ട പൂക്കളങ്ങളും, പുത്തനുടുപ്പും , കടൽ കാണാനുള്ള പോക്കും, ഓർമ്മകൾ ആയി തിരികെ വിളിക്കുന്നുണ്ടോ എന്നൊരു തോന്നൽ!
സദ്ധ്യ വിളമ്പുന്നതിന്റെ ചിട്ട വട്ടങ്ങൾ
സദ്ധ്യയ്‌ക്ക് വിളമ്പാൻ ഉണ്ടാക്കിവെച്ച വിഭവങ്ങൾ വിളമ്പുമ്പോൾ അതിന്റെതായ സ്ഥാനങ്ങൾ ഉണ്ട്! ഉണ്ടാക്കുന്ന കറികളെ മൂന്നു ഭാഗമായി തിരിച്ചിട്ടുണ്ട്!
ഭക്ഷണം കൈ കൊണ്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണകരമാണ് . ഭക്ഷണം കഴിച്ചു കഴിഞ്ഞതിനു ശേഷം കൈ കഴുകുന്ന സ്ഥലം പരതുന്നത് കാണാം . അതിനർത്ഥം ഉണ്ണുന്നതിനു മുൻപ് സ്ഥലം പിടിക്കാനുള്ള തിരക്കിൽ കൈ കഴുകാതെ ആണ് വന്നത് എന്ന് മനസിലാക്കാം!
തൊട്ടുകൂട്ടുന്ന കറികളായിട്ടും, കൂട്ട് കറികളായിട്ടും , ഒഴിച്ച് കറികളായിട്ടും !
വിളമ്പുന്നവർ അവരുടെ വലതു വശത്തു നിന്നും തുടങ്ങണം! ആദ്യമായി കായ നുറുക്ക്, (കാൽ – അര – ഒന്ന് ) ശർക്കര വരട്ടി, ചേന നുറുക്ക്,
പിന്നെ തൊട്ടുകൂട്ടു കറികൾ! അച്ചാർ, പുളിയിഞ്ചി, കിച്ചടി, പച്ചടി, എരിശ്ശേരി, അവിയൽ, ഓലൻ, മെഴുക്കു പുരട്ടി, തോരൻ! പപ്പടവും, പഴവും
ചില സ്ഥലങ്ങളിൽ ഇത്രയും വിഭവങ്ങൾ വിളമ്പിയതിനു ശേഷമായിരിക്കും ആളുകൾ ഇരിക്കുക. ചിലർ ഇരുന്നതിനു ശേഷവും വിളമ്പും.
ചോറ് വിളമ്പിയതിനു ശേഷം പരിപ്പ് കറി വിളമ്പും, പിറകെ നെയ്യ് ഒഴിക്കും! പപ്പടവും, പരിപ്പും നെയ്യും കൂടി അദ്ദ്യം ഉണ്ണും!
വീണ്ടും ചോറു വിളമ്പും, കൂടെ കാളൻ സാമ്പാർ!
പിറകെ രസം വരും, അതിനു ശേഷം മോര് വിളമ്പും! ഇടതു ഭാഗം വെള്ളം വെക്കും!
ചില സ്ഥലങ്ങളിൽ ഇതൊക്കെ കൃത്യമായി പാലിക്കും! ഇപ്പോൾ അതിനൊന്നും സമയമില്ല! എല്ലാം തോന്നിയത് പോലെ?
തമിഴ് നാട്ടിൽ ഇപ്പോഴും എല്ലാം വഴി പ്രകാരം കൃത്യമായ ഇടവേളകളിൽ ആളുകൾ ഭക്ഷണം കഴിക്കുന്നതിന്റെ സമയക്രമമനുസരിച്ചു ഇന്നും ഇത് കൃത്യമായി പാലിക്കുന്നുണ്ട്. സമയം എടുത്തു വിളമ്പും. അതനുസരിച്ചു ആസ്വദിച്ചു കഴിക്കാനും സാദിക്കും! അതിനൊക്കെ അവിടെയുള്ളവർക്കും വിളമ്പുന്നവർക്കും ക്ഷമയുണ്ട്. എന്നാൽ ഇവിടെ..?
നമ്മുടെ നാട്ടിൽ കല്ല്യാണ രാമൻ എന്ന സിനിമയിൽ ഇന്നസന്റ് മുണ്ടും മാടിക്കെട്ടി ചോറു വിളമ്പുന്ന രംഗം ഓർത്തു പോയി ഇടയ്ക്കു !
ഇപ്പോഴത്തെ കാഴ്ച്ച, ഉണ്ണുന്നവരുടെ പിറകിൽ സ്ഥല ലഭ്യത അനുസരിച്ചു ചിലപ്പോൾ ഒന്നും – രണ്ടും ആളുകൾ വരെ, ഊഴവും കാത്തു നിൽപ്പുണ്ടാവും!
പരമ്പരാഗതമായി തൂശനിലയിൽ സദ്യ ഉണ്ണുന്നതിന്റെ കാരണം? ഇലയിൽ പോളിഫിനോൾസ് എന്ന പ്രകൃതിദത്ത ആന്റിഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു! ചൂടുള്ള ഭക്ഷണം വിളംബുബോൾ? ഇലയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റ് ഭക്ഷണവുമായി കൂടിച്ചേരുകയും , കൂടാതെ ഇലയിൽ അടങ്ങിയിട്ടുള്ള വിറ്റാമിൻ “എ” കരോട്ടിൻ കാൽസ്യം എല്ലാം ഭക്ഷണത്തോടൊപ്പം നമ്മുടെ ആമാശയത്തിൽ എത്തും! ഭക്ഷണം വേഗത്തിൽ ദഹിക്കാനായിട്ടാണ് കൃതൃമമായി ഉണ്ടാക്കിയ ബാക്ടീരിയ അടങ്ങിയ പുളിയിഞ്ചി, അച്ചാർ, പച്ചടി ഭക്ഷണത്തോടൊപ്പം കഴിക്കുന്നത്! കൂടെ, രസവും – മോരും കൂടി ആവുമ്പോൾ എല്ലാം ശുഭം!
ഒടുവിൽ പായസം , പ്രഥമൻ വിളമ്പും . സദ്ദ്യ കഴിച്ചു പായസം കഴിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ പ്രയാസപ്പെടേണ്ട അൽപ്പം അച്ചാറോ പുളി ഇഞ്ചിയോ തൊട്ടുകൂട്ടിയാൽ ഒന്നോ രണ്ടോ തവണ കൂടി പ്രഥമനും പായസവും അകത്താക്കാം !
ഒരു തരത്തിലുള്ള അജീർണ്ണവും ഉണ്ടാവില്ല . സ്ഥിതിരമായി കഴിച്ചാൽ അല്പം കുടവയർ വരും ! അത് മാത്രം ശ്രദ്ദിച്ചാൽ മതി . ആ കാലങ്ങളിൽ കുടവയർ ആഢ്യത്തിന്റെ ലക്ഷണമായിരുന്നു .
ഇന്ന് കുടവയർ കുറക്കാൻ നെട്ടോട്ടം ഓടുന്നു . ഓടുന്നതിനു മടിച്ചു, ട്രെഡ് മിൽ വാങ്ങിക്കും. പിന്നീട് അത് അഴുക്കു ഡ്രസ്സിടാനും, ആറിയിടാനും ഉപയോഗിക്കും!
ഒരു ശാസ്ത്രത്തിന്റെയും പിന്തുണയില്ലാതെ നമ്മുടെ പൂർവീകർ നമ്മളെ പഠിപ്പിച്ചു നമുക്ക് പകർന്നുതന്ന ഭക്ഷണ ക്രമങ്ങൾ? ഇപ്പോൾ സായിപ്പ് കണ്ടെത്തിയിരിക്കുന്നു ഗവേഷണത്തിലൂടെ ? അത് വിശ്വസിക്കാൻ നമ്മളും ? വിശ്വാസമല്ലേ എല്ലാം?
അപ്പോഴാണ് ഒരു തമാശ ഓർമയിൽ വന്നത് . ഡോക്ടറുടെ ഉപദേശ പ്രകാരം ട്രെഡ് മിൽ ഒക്കെ വാങ്ങി. ഡോക്ടർ ഉപദേശിച്ചു ദിവസവും അര മണിക്കൂർ ട്രെഡ് മില്ലിൽ ചെലവഴിക്കണം! കകഷി അടുത്ത വിസിറ്റിനു വന്നപ്പോൾ കുറച്ചു കൂടുതൽ കുടവയർ? ഡോക്ടർ ചോദിച്ചു എന്താ നിങ്ങൾ പറഞ്ഞത് പോലെ അര മണിക്കൂർ ട്രെഡ്മില്ലിൽ ചിലവഴിക്കാറില്ലേ ? ഉണ്ട് ഡോക്ടർ അര മണിക്കൂറല്ല ഒരു മണിക്കൂർ ചിലവഴിക്കുന്നുണ്ട് ഡോക്ടർ! ഒരു പ്രയോജനവും ഇല്ല. കൂടുതൽ ചോദിച്ചപ്പോഴാണ് വിവരം അറിയുന്നത് കക്ഷി ഒരു മണിക്കൂർ ട്രെഡ്? മില്ലിൽ കിടന്നുഉറങ്ങും എന്ന് ?
ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇല മടക്കണം അതനുസരിച്ചു ഭക്ഷണത്തിന്റെ രുചിയും നിങ്ങളുടെ തൃപ്തിയും മനസിലാക്കാം. ഇലയുടെ മുകൾ ഭാഗം താഴോട്ട് മടക്കിയാൽ തൃപ്തി എന്നും, താഴെ ഭാഗം മുകളിലോട്ടു മടക്കിയാൽ ഗംഭീരം എന്നും പറയപ്പെടുന്നു!. മറിച്ചും വ്ശ്വസിക്കുന്ന സ്ഥലങ്ങൾ ഉണ്ട് .
ഇതൊക്കെ ? ആലോചിക്കുമ്പോൾ തോന്നും കൊറോണ ഇപ്പോഴൊന്നും പോവേണ്ട എന്ന്!! ഇപ്പോൾ കൈ കഴുകി, കഴുകി – കഴുകി ക്കൊണ്ടേയിരിക്കുന്നു ..! ഈ കൊറോണ മനുഷ്യനെ ഡിസിപ്ലിൻ പഠിപ്പിച്ചിട്ടേ പോവുകയുള്ളു ! കൊറോണയാണേൽ കൊറേണ ലക്ഷണമൊന്നും കാണുന്നില്ല .
ഓണത്തിന് ഒരിക്കലും ഒഴിവാക്കാൻ പറ്റാത്തതാണ് പൂക്കളം . പൂക്കളം ഇടുന്നതിനും നിർബന്ധനകൾ ഉണ്ട് . ഒന്നാം ദിവസം ഒരു നിറം! ദിവസങ്ങൾ കൂട്ടുന്നതാനുസരിച്ചു നിറത്തിന്റെ എണ്ണവും കൂടും . പത്താം ദിവസം പത്തു കളറോടുകൂടി പൂക്കളം തീർക്കും!
പണ്ടൊക്കെ ഓണക്കാലമായാൽ കുട്ടികളൊക്കെ കൂട്ടം കൂടി പൂ പറിക്കാൻ പോകും. ഓലകൊണ്ട് മടഞ്ഞ കൊട്ട കഴുത്തിൽ തൂക്കി അതിലായിരിക്കും തുമ്പപ്പൂവും കാക്ക പൂവും പറിച്ചു ശേഖരിക്കുക. ഇത് കുറച്ചു ക്ഷമ വേണ്ടുന്ന പണിയാ അത് മിക്കവാറും കൂട്ടത്തിലെ പെൺകുട്ടികൾ തുടരും . കുറച്ചു പ്രയാസമുള്ള പൂ പറിക്കലാണ് വരിയും, അരിപ്പൂവും, പെഗോഡയും, ഒക്കെ പറിക്കാൻ. ആരും കാണാതെ ഓമനിച്ചു വളർത്തുന്ന റോസാപ്പൂവും ചെട്ടിപ്പൂവും പറിക്കാൻ ശ്രമിക്കുന്നതും ഇത് കണ്ടാൽ കുട്ടികളെ ഓടിച്ചുവിടുന്ന വീട്ടുകാരനോ വീട്ടുകാരിയോ കണ്ടാൽ ഓടി പ്പോവുന്നതും ഒക്കെ ഇന്ന് ഓർമ്മയിൽ മാത്രം. ഇന്നത്തെ തലമുറകൾക്കു ഇതൊക്കെ ഓർമ്മകൾ മാത്ര മായി മാറിയിരിക്കുന്നു .
പൂവിനു ചുറ്റും കേരള തനിമയുള്ള സെറ്റ് മുണ്ടും. മുണ്ടിന്റെ കരയ്ക്കു അനുയോജ്യമായ ബ്ലൗസും ധരിച്ചു കൈ കൊട്ടിക്കളി കളിക്കും! ചിലയിടങ്ങളിൽ (തിരുവാതിരക്കളി ) താളത്തിൽ സ്റ്റെപ്പ് വെച്ച്, കൈകൾ കൂട്ടിയിടിച്ചു, സ്ഥാനം മാറി – മാറി, കൈകൊട്ടികൊണ്ടു വട്ടം ചുറ്റുന്നതിനു നല്ല പരിശീലനവും, കോഡിനേഷനും ഉണ്ടാവണം? തിരുവാതിരക്കളി. പ്രായവ്യത്യാസമില്ലാതെ ചെറുപ്പക്കാരികളും, മദ്ധ്യവയസ്‌ക്കരും ഒക്കെ ഉത്സാഹത്തോടെ കളിക്കുന്നത് സർവ്വ സാദാരണമാണ്!
ചിലയിടങ്ങളിൽ വള്ളംകളി മത്സരം, പ്രാദേശികമായി നടത്തുന്നത് കാണാം! പ്രസിദ്ധമായ നെഹ്‌റു ട്രോഫി വള്ളം കളി ഒക്കെ ഇതോടനുബന്ധിച്ചു നടത്താറുണ്ട്!
പണ്ട് കാലങ്ങളിൽ ഓണക്കളിയായി കമ്പവലി, കബഡികളി കസേര ചുറ്റിക്കളി ഒക്കെ അവതരിപ്പിച്ചു ആഘോഷിക്കാറുണ്ട് !
ഇന്ന് കൂട്ടുകുടുംബ വ്യവസ്ഥിതി ഇല്ലാതായി അണു കുടുംബങ്ങളിൽ ഒതുങ്ങി . പൂക്കൾ പറിക്കാൻ പാടങ്ങളും പറമ്പുകളും ഇല്ലാതായി .
തമിഴ് നാട്ടിൽ നിന്നും കർണ്ണാടകയിൽ നിന്നും പൂക്കൾ വരണം പൂക്കളമിടാൻ സദ്ദ്യവട്ടങ്ങൾക്കുള്ള പലവ്യഞ്ജനങ്ങളും പച്ചക്കറികളും കർണ്ണാടകം തമിഴ് നാട് അന്ത്ര മറ്റു സംസ്ഥാനങ്ങളിൽ നിന്നും വരണം. ഇതൊക്കെ കൊണ്ടാകാം ഓണത്തിന്റെ പൊലിമയും നഷ്ട്ടപെട്ടുകൊണ്ടിരിക്കുന്നു. കൊറോണ മഹാമാരി അതിനു ആക്കം കൂട്ടി.
ഇത് ഇല്ലാതാവണമെങ്കിൽ , ആ പഴയ ഓണ സങ്കല്പങ്ങൾ തിരിച്ചുപിടിക്കണമെങ്കിൽ കൂട്ടായ്മ്മ വേണം. അതിനുള്ള തുടക്കമാവട്ടെ ഇക്കൊല്ലത്തെ ജവഹർ റസിഡന്റ് അസോസിയേഴന്റെ ഈ പുത്തൻ കാഴ്ചപ്പാട്.
സ്ഥലത്തുണ്ടാവുമോ എന്ന് നിശ്ചയമില്ല. പങ്കെടുക്കാൻ ശ്രമിക്കാം എങ്കിലും എന്റെ എല്ലാ ആശംസകളും നേരുന്നു.
മഠത്തിൽ ബാബു ജയപ്രകാശ് …….✍️ My Watsapp Cell No: 00919500716709
വയനക്കാരോട് ഒരു ചോദ്ദ്യം ? രസവും മോരും തമ്മിലുള്ള വെത്യാസം അറിയുന്നവർ താഴെ കമന്റ് എഴുതുക
അടിക്കുറിപ്പ്
ഓലൻ……! ഓലൻ തന്നെ.
ഓലന്റെ തനത് സ്വഭാവമല്ല ഉപ്പില്ലായ്മ
വീടുകളിൽ തയ്യാറാക്കുമ്പോൾ ഉപ്പിടുന്ന പതിവുണ്ട്. സാധാരണ സദ്യകൾക്കൊക്കെ ഓലന് ഉപ്പുണ്ടാകും.
എന്നാൽ കല്യാണം പോലെയുള്ള വലിയ സദ്യകളിൽ പതിവില്ല. കല്ല്യാണ സദ്യകൾ ഒക്കെ വിഭവ സമൃദ്ധമായ വിഭവങ്ങളോടുകൂടിയായിരിക്കുമല്ലോ? പല വിഭവങ്ങളും ഒന്നിനോടൊന്നു സാമ്മ്യവും ഏതിന് കൂടുതൽ രുചിയെന്നു നിർണ്ണയിക്കുക അല്ലെങ്കിൽ ആസ്വദിക്കുക കുറച്ചു പ്രയാസം തന്നെ ആഹാരം നൽകുന്ന വീട്ടുകാർക്കും പാചകക്കാർക്കും എല്ലാം . ഒരോ ഐറ്റവും വേറെ വേറെ രുചിച്ചു നോക്കി വാഴ്ത്തലും വീഴ്ത്തലും നടക്കുന്ന വേദിയാണ് കല്ല്യാണ വേദി . . ഒരേ നാവിനാൽ എല്ലാറ്റി ൻറേയും രുചി നോക്കിയാൽ….
ഓരോ കൂട്ടിന്റേയും രുചി കൃത്യമായി പറയാൻ പ്രയാസമായിരിക്കും. അതിനാലാണ് ഓലൻ…….തെയ്യാറാക്കുന്നതു!
പുളി രാജാവായ അച്ചാർ കഴിച്ച നാവിനാൽ പുളി സ്മ്രാട്ടായ പച്ചടിയുടേയോ ചക്രവർത്തിയായ പുളിയിഞ്ചിയുടേയോ കറിയുടേയോ
രുചി നോക്കിയാൽ മനസ്സിലാവുമോ
ഓരോ പദാർത്ഥത്തിന്റേയും രുചി വേറ വേറെ തന്നെ അറിയേണ്ടതല്ലേ ? അതാണ്… അതറിയിക്കലാണ് ഓലൻറെ ധർമ്മം….
അതിനാൽ ഒരു കൂട്ട് കഴിച്ച നാവിനെ അടുത്ത കൂട്ട് കഴിയ്‌ക്കും മുന്നെ വാ കഴുകകയോ വെള്ളം കുടിയ്ക്കുകയോ ചെയ്താലത്തെയോ പോലെ രുചിഭേദം വരുത്തണം നാവിൻമേൽ. അതിനാണ് ഓലൻ കഴിയ്ക്കുന്നത്. ഓലൻ കഴിച്ചതിന് ശേഷം വേണം മറ്റെന്തെങ്കിലും കഴിയ്ക്കാൻ. മധുരം കഴിച്ചതിന്റെ പിന്നാലെ മറ്റേതെങ്കിലും മധുര പദാർത്ഥം കഴിച്ചാൽ അരോചകത്തം തോന്നാറില്ലേ….
സദ്ദ്യ മൃഷ്ട്ടാണം ഭക്ഷിച്ചു പായസവും …പ്രഥമനും കഴിക്കാൻ ബെദ്ദിമുട്ടുമ്പോൾ അൽപ്പം ഓലനും പിളിയിഞ്ചിയോ നാരങ്ങാക്കറിയോ തൊട്ടു നാവിൽ വെച്ച് രുചിച്ചാൽ ഒരുകുടം പായസം വീണ്ടും അകത്താക്കാം …














“ടോക്കീസിൽ എത്തിയാൽ പൂഴി വാരിയിട്ടാൽ നിലത്തു വീഴാത്തവിധം ജനങ്ങളുണ്ടായിരിക്കും! ലോകത്തുള്ള സകല കളറും അവിടെ തിങ്ങിക്കൂടിയ ജനങ്ങളിൽ കാണാം!”
Vivid description 👍
LikeLiked by 1 person
🙂Thank You
LikeLike
Happy Onam 🙏 Babu
LikeLiked by 1 person
Happy Onam🙏
Nice depiction of Onam with nostalgic experiences and reminiscences.
Well done.
LikeLike