മയ്യഴിയിലെ പഴയ കാല വ്ദ്യാഭ്യാസ സ്ഥാപനങ്ങ ളും കുറെ ഓർമകളും

Time Set To Read 15 Minutes Maximum

സ്‌കൂളുമായി ബന്ധപ്പെട്ടുള്ള എഴുത്തല്ലേ? അതുമായി ബന്ധപ്പെട്ട ഒരു വിദ്യാർത്ഥി, അദ്ധ്യാപകനെ തമാശയിലൂടെ ബോധവൽക്കരിച്ച കാര്യം എഴുതി തുടങ്ങാം!

മയ്യഴിയിലെ പഴയകാല വിദ്യാഭ്യാസത്തെ പറ്റി പറയുമ്പോൾ എന്റെ ഓർമ്മയിൽ എത്തുന്നത്? 

എൻ.എൻ. പിള്ളയുടെ കാപാലിക എന്ന പ്രസിദ്ധമായ നാടകത്തിലെ ഒരു ഡയലോഗാണ്!

“കോളേജിൽ പഠിച്ചിട്ടാണോ സ്‌കൂളിൽ പഠിക്കുന്നത് എന്ന്?”

നാടകത്തിലെ രംഗ പശ്ചാത്തലവും, ധ്വനിയാർത്ഥവും നമുക്ക് മറക്കാം! 

അതിന്റെ നേരർത്ഥം എടുത്തു നോക്കിയാൽ? അക്കാലങ്ങളിൽ മയ്യഴിയിൽ പഠിച്ച പലർക്കും കിട്ടിയ സൗഭാഗ്യമാണ് കോളേജിൽ പഠിച്ചിട്ട് സ്‌കൂളിൽ പഠിക്കാൻ!!!

എന്തിനും ഒരു സസ്‌പെൻസ് നല്ലതാണ്! 

കോളേജിൽ പഠിച്ചിട്ട് സ്‌കൂളിൽ പഠിച്ചതിനെ പറ്റി വഴിയേ വായിക്കുമ്പോൾ മനസ്സിലാവും അതെങ്ങിനെ എന്ന്!

നമ്മൾ ഇതിനകം സ്‌കൂളും കോളേജും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടുള്ള പല സിനിമകളും കണ്ടുകാണും. അത്തരം സിനിമകളിൽ നിന്നും നാം ഉൾക്കൊള്ളേണ്ട പല കാര്യങ്ങളും ഉണ്ട്!

പാപ്പി അപ്പച്ചനിലെ ഇന്നസന്റ്    ദിലീപ്കാവ്യ മാധവൻ കോമ്പിനേഷൻ! 

മിഥുനത്തിൽ താലികെട്ടിലെ ദിലീപ്  നെടുമുടി വേണു കോമ്പിനേഷൻ! അതിലെ ദിലീപിന്റെ അനുഭവം!

സന്ദേശത്തിൽ ടേപ്പ് റിക്കോർഡർ തുറന്നു വെച്ച് സിനിമാ വാരിക വായിക്കുന്നതും! 

ശ്രീനിവാസന്റെ  ഇംഗ്ലീഷ് മീഡിയം സ്‌കൂൾ!

സ്ഫടികത്തിലെ ചാക്കോ മാഷ്! 

ഏതു പടമാണെന്നോർമ്മയില്ല… പൃഥ്വിരാജിന്റെ ഒരു പടം! 

കുത്തഴിഞ്ഞ സർക്കാർ സ്‌കൂളിനെ, ചിട്ടയായും, മാതൃകാപരവുമായ നീക്കത്തിലൂടെ, വികൃതി കുട്ടികളെ കണ്ടെത്തി ബോധവൽക്കരിച്ച്, പരീക്ഷയ്ക്ക് തയ്യാറാക്കി, സ്‌കൂളിനെ 100 ശതമാനത്തിന്റെ പെരുമയിൽ എത്തിച്ച കഥ പറയുന്ന സിനിമ!

ഇതിൽ നിന്നൊക്കെ ഒരു പാട് കാര്യങ്ങൾ കുട്ടികളും അദ്ധ്യാപകരും ഉൾക്കൊള്ളേണ്ടതുണ്ട്!

ഒരിക്കൽ ഒരു അദ്ധ്യാപകൻ ക്ലാസിൽ തന്റെയൊരു വിദ്യാർത്ഥിയോട് ചോദിച്ചു: 

“നമുക്ക് എത്ര കിഡ്നിയുണ്ട്?”

“നാല്” അവൻ മറുപടി പറഞ്ഞു!

ക്ലാസ്സിൽ കൂട്ടച്ചിരി മുഴങ്ങി! 

ഉത്തരം മൊഴിഞ്ഞ കുട്ടിക്ക്, പക്ഷേ ഒരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല!

കുട്ടികൾക്ക് പറ്റുന്ന ചെറിയ ചെറിയ തെറ്റുകൾ പോലും പർവ്വതീകരിച്ച് കാണിച്ച്, അതിൽ ആനന്ദം കണ്ടെത്തിയിരുന്ന ആ അദ്ധ്യാപകൻ; അതൊരു നല്ല അവസരമായിക്കണ്ടുകൊണ്ട്, മറ്റു കുട്ടികളോടായി പറഞ്ഞു! 

“എല്ലാവരും കേട്ടല്ലോ? നാല് കിഡ്നിയാണ് പോലും…? ആരെങ്കിലും പുറത്തു പോയി കുറച്ച് പുല്ല് പറിച്ചു കൊണ്ടു വരൂ! ഈ ക്ലാസ്സിൽ ഒരു കഴുതയുണ്ട്. അവന് തിന്നാനാ…”!

ഇത് കേട്ട് കുട്ടി പറഞ്ഞു: “എനിക്കൊരു ചായയും..!”

ഈ മറുപടി കേട്ടതും, ക്ലാസ്സ് വീണ്ടുമൊരു കൂട്ടച്ചിരിയിൽ മുഴുകി! 

അദ്ധ്യാപകൻ അപമാനം കൊണ്ട് വിളറിപ്പോയി!

“കടക്കെടാ പുറത്ത്…!”

അയാൾ വാതിലിനു നേർക്ക് വിരൽ ചൂണ്ടിക്കൊണ്ട് അവന്റെ നേർക്ക് ആക്രോശിച്ചു!

തന്റെ ഉത്തരത്തെ ന്യായീകരിച്ച് തർക്കിക്കാതെ, അദ്ധ്യാപകനെ ധിക്കരിക്കാതെ, പുറത്തേക്ക് നടക്കുന്നതിനിടെ തിരിഞ്ഞു നിന്നുകൊണ്ട് അവൻ എല്ലാ ബഹുമാനവും ഉൾക്കൊണ്ടുകൊണ്ട് പറഞ്ഞു…..

“താങ്കൾ എന്നോട് ചോദിച്ചത് ‘നമുക്ക്’ എത്ര കിഡ്നിയുണ്ടെന്നാണ്!

അങ്ങനെയെങ്കിൽ ഞാൻ പറഞ്ഞ ഉത്തരം ശരിയാണ്! നമുക്ക് നാല് കിഡ്നിയുണ്ട്! എനിക്ക് രണ്ടും, താങ്കൾക്ക് രണ്ടും!

‘നമുക്ക്’ എന്നത് ദ്വന്ദ്വങ്ങളെ സൂചിപ്പിക്കുന്ന പദമാണ്! 

താങ്കൾ എനിക്കെത്രയെന്നോ? താങ്കൾക്കെത്രയെന്നോ? ചോദിച്ചിരുന്നെങ്കിൽ ഞാൻ ‘രണ്ട്’ എന്ന് ഉത്തരം പറഞ്ഞേനേ!

എന്റെ ഉത്തരം തെറ്റാണെങ്കിൽ സാറിന്റെ ചോദ്യവും തെറ്റാണ്! 

പുല്ല് കഴിച്ചു തീർന്നാൽ വെള്ളം കുടിക്കാൻ മറക്കണ്ട! ദഹനക്കേടുണ്ടാകും!”

ക്ലാസ്സിൽ വീണ്ടും കൂട്ടച്ചിരി!

അദ്ധ്യാപകൻ ആകെ ഇളിഭ്യനായി നിന്നു! 

എപ്പോഴും മറ്റുള്ളവരെ പരിഹസിച്ചും, കുറ്റപ്പെടുത്തിയും ആനന്ദിച്ചിരുന്ന അയാൾക്ക് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ അടിയായിരുന്നു അത്! 

പിന്നീടയാൾ ഒരു വിദ്യാർത്ഥിയുടെയും മുന്നിൽ ഈ രീതിയിൽ ആളാവാൻ മുതിർന്നിട്ടില്ല!

ഇത് ഇന്ന് പലർക്കും ഒരു പാഠമാണ്! 

നമുക്ക് പല കാര്യങ്ങളെക്കുറിച്ചും അറിവുണ്ടെന്ന് കരുതി, അത് മറ്റുള്ളവരെ പരിഹസിക്കാനും ‘കൊച്ചാക്കാ’നുമുള്ള ലൈസൻസാക്കിയെടുക്കരുത്!

ആരെയും വില കുറച്ചു കാണുകയുമരുത്! 

ആളറിയാതെ ‘ആളാവാൻ’ ശ്രമിച്ചാൽ അത് നമുക്കിട്ട് തന്നെ തിരിച്ചടിച്ചെന്നിരിക്കും! 

മറ്റുള്ളവരെ അപഹസിക്കാൻ ശ്രമിക്കുന്നവർ സ്വയം അപഹാസ്യരായെന്ന് വരും! 

അതിനാൽ വാക്കും പ്രവൃത്തിയും സൂക്ഷിക്കുക! 

ബഹുമാനം നൽകി ബഹുമാനം നേടുക! GIVE RESPECT AND TAKE RESPECT!

ഇനി കോളേജിൽ പഠിച്ചിട്ട് സ്‌കൂളിൽ പഠിച്ചതിന്റെ വിശദാംശത്തിലേക്ക് വരാം!

അക്കാലങ്ങളിൽ മയ്യഴിയിലെ, നമ്മൾ പഠിച്ച വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേര് *”ലബോർദ്ധനെ കോളേജ്” എന്നായിരുന്നു!

ഒന്നാം ക്ലാസിൽ ചേർന്ന കുട്ടിയോട് “എവിടെയാണ് പഠിക്കുന്നത്” എന്ന് ചോദിച്ചാൽ കിട്ടുന്ന ഉത്തരം: 

“എൽ.ബി. കോളേജ്!” അല്ലെങ്കിൽ “ലബോർദ്ധനെ കോളേജ്” എന്ന്!! 

പെട്ടെന്ന് ഒന്ന് ഞെട്ടും ആരും!

ഞാൻ ഇന്നും ഓർക്കുന്നു! 

മൂന്നിലോ നാലിലോ പഠിക്കുമ്പോൾ, കഥ പറയുന്ന മത്സരത്തിൽ പങ്കെടുത്തതും, ഒന്നാം സമ്മാനം കിട്ടിയതും! 

അന്ന് പറഞ്ഞ കഥ? “ബാഗ്ദാദിലെ കൊള്ളക്കാർ” എന്ന ഇറാക്കിലെ ഒരു സംഭവ കഥയായിരുന്നു!

കഥ എന്നെ പറഞ്ഞു പഠിപ്പിച്ചത് എന്റെ കസിൻ പീറ്റക്കണ്ടി രാമകൃഷ്ണേട്ടൻ ആണ്! 

കഥ സ്റ്റേജിൽ എങ്ങിനെ പറയണം? ഇവിടെ നിർത്തണം? അതിന്റെ ഈണം ഒക്കെ എന്നെ ബൈ ഹാർട്ടായി പഠിപ്പിച്ചിരുന്നു! 

ആ കഥ ഇപ്പോൾ മുഴുവനായും ഓർക്കുന്നില്ല…

കഥയുടെ ചുരുക്കം: സത്യസന്ധനായ ഒരു സ്‌കൂൾ വിദ്യാർത്ഥി തന്റെ പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞ്, ഗ്രാമത്തിൽ നിന്നും തന്റെ പിതാവ് ജോലിയെടുക്കുന്ന പട്ടണത്തിൽ പോകുന്ന വഴിയിൽ കൊള്ളക്കാർ പിടിക്കുകയും, തന്റെ സർവ്വതും കൈക്കലാക്കുകയും ചെയ്തു. 

അവസാനം കുട്ടിയുടെ ധീരതയും, സത്യസന്ധമായ മറുപടിയും, സൗമ്യമായ സ്വഭാവവും കണ്ടു കൊള്ളക്കാർ നഷ്ടപ്പെട്ടതൊക്കെ തിരിച്ചു നൽകി. കുട്ടിയെ തന്റെ പിതാവിന്റെ അടുത്തേക്ക്, അവരുടെ സുരക്ഷിതത്വത്തിൽ തിരിച്ചേൽപ്പിച്ചു. ശിഷ്ട ജീവിതം നല്ലവരായി ജീവിക്കുന്നതായാണ് ക്ളൈമാക്സ്!

സ്‌കൂൾ!!….. അല്ല കോളേജ്! 

വാർഷികത്തോടനുബന്ധിച്ച് നടത്തിയ കഥ പറയൽ മൽസരത്തിലാണ് ഒന്നാം സമ്മാനം ലഭിക്കുന്നത്! 

വാർഷിക ദിവസം സ്റ്റേജിൽ വീണ്ടും ആ കഥ അവതരിപ്പിച്ചതായി ഓർക്കുന്നു!

ഒരു പക്ഷെ അന്നത്തെ ആ കഥ പറഞ്ഞു കേൾവിക്കാരെ സുഖിപ്പിക്കുന്ന ശൈലി തന്നെയായിരിക്കും, ഇപ്പോഴത്തെ എഴുത്തിലും എനിക്ക് ഉപയോഗിക്കാൻ സാധിക്കുന്നത്! 

എന്റെ ഈ കഥ ഒരു പക്ഷെ രാമകൃഷ്ണേട്ടനും വായിക്കുന്നുണ്ടാവാം! 

അദ്ദേഹത്തെ ഏറ്റവും അവസാനമായി കണ്ടിട്ട് രണ്ടു വർഷം ആകുന്നു!

ലബോർദ്ധനെ കോളേജിന്റെ പശ്ചാത്തലം ശരിക്കും ക്ലിയറായി മനസ്സിൽ പതിയുന്നില്ല! 

എങ്കിലും, അതിന്റെ നിറവും, മോന്തായം പോലെ ഓടിട്ട മേൽക്കൂരയും ഓർക്കുന്നു! 

ഒരു പ്രത്യേക തരത്തിലുള്ള മഞ്ഞ പെയിന്റും, പച്ച ജനലുകളും ഒക്കെ ആയി! 

ഒരു മൂലയിലുള്ള സ്ഥലത്ത് ബെഞ്ചും മേശയും ഒക്കെ ഇട്ട് സ്റ്റേജ് ഉണ്ടാക്കി സൗകര്യം ഒരുക്കിയതും, സമ്മാനം വാങ്ങിയതും ഒക്കെ മായാതെ മനസ്സിലുണ്ട്!സമ്മാനം കുറച്ചു ചൈനീസ് കഥകൾ അടങ്ങിയ ചെറിയ, ചെറിയ കഥകൾ അടങ്ങിയ ബുക്കായിരുന്നു! പുറത്തു വ്യാളി യുടെ പഠമൊക്കെയായി!

എനിക്ക് കിട്ടിയ സമ്മാനം അവിടെ വെച്ച് തന്നെ,സ്‌കൂൾ ലൈബ്രറിക്ക് തിരിച്ചു നൽകാൻ എന്റെ കുഞ്ഞു മനസ്സ് ഓർമിപ്പിച്ചു! ആ ആഗ്രഹം ഞാൻ സ്റ്റേജിൽ പ്രകടിപ്പിച്ചപ്പോൾ പ്രഭാകരൻ മാഷും, രാഘു മാഷും, ബാലൻ മാഷും എന്നെ നിർബന്ധിച്ചു ആ ബുക്ക് തിരിച്ചേല്പിച്ചതൊക്കെ എന്റെ ഓർമയിൽ ഇന്നും മായാതെ ഉണ്ട് !

അന്ന് മെട്രിക്കുലേഷൻ സിലബസ് ആയിരുന്നു! പിന്നീട് അത് സ്റ്റേറ്റ് ബോർഡാക്കി മാറ്റുമ്പോൾ ക്‌ളാസ് നഷ്ട്ടം സംഭവിക്കുമ്പോഴുണ്ടാവുന്ന വർഷ നഷ്ട്ടം ഒഴിവാക്കാൻ ഒരു ക്‌ളാസ് ജംപിങ് ഒക്കെ കൊടുത്തു എന്നൊരോർമ്മ!. നാലാംക്ളാസ്സു വരെ കോ എഡ്യൂക്കേഷനായിരുന്നു! എന്നൊരോർമ!

പിന്നീട് അനക്സ് ബിൽഡിങ്‌ലായിരുന്നു ക്‌ളാസുകൾ നടത്തിവന്നിരുന്നത്! സ്ഥല പരിമിതികരണം ഷിഫ്റ്റ് സമ്പ്രദായത്തിൽ ക്‌ളാസുകൾ നടത്തിയതൊക്കെ ഓർത്തെടുക്കുന്നു!
അനക്സ് കെട്ടിടത്തിന്റെ ചിത്രം നല്ലതു പോലെ മനസിലുണ്ട്!

ഇന്ന് ആ കെട്ടിടം നിലവിൽ ഇല്ല! 

അത് ടാഗോർ പാർക്കിന്റെ ഭാഗവും ഒരു ചെറിയ ഭാഗം മഹാത്മാ ഗാന്ധി സ്മാരകവും ആക്കി മാറ്റിയിരിക്കുന്നു! 

ഫ്രഞ്ചുകാരുടെ കാലത്ത് ആ കെട്ടിടത്തിൽ മലഞ്ചരക്ക് സൂക്ഷിക്കുന്ന പാണ്ടികശാല ആയി ഉപയോഗിച്ചിരുന്നു എന്ന് അറിയാൻ കഴിഞ്ഞു. 

അവരുടെ തിരിച്ചു പോക്കിന് ശേഷം 95 ശതമാനം സ്ഥലവും സ്‌കൂളിന് വേണ്ടിയും, ബാക്കി വരുന്ന സ്ഥലത്ത് ബാലൻ എന്ന ഒരാൾ അദ്ദേഹത്തിന്റെ നാമധേയത്തിൽ വിപുലമായ രീതിയിൽ ടൈപ്പറൈറ്റിംഗ് ഇൻസ്റ്റിട്യൂട്ട് നടത്തി വന്നിരുന്നു!

ആ കാലങ്ങളിൽ S.S.L.C കഴിയുന്നതോടെ ടൈപ്പറൈറ്റിംഗും ഷോർട്ട് ഹാൻഡും ജോലി ലഭിക്കാൻ അത്യാവശ്യമായതുകൊണ്ട് ഒട്ടുമിക്ക പേരും ഈ കോഴ്‌സിന് ചേർന്ന് പരിശീലിച്ചു. 

ലോവർ  ഹയർ പരീക്ഷ പാസാകാനുള്ള ട്രെയിനിംഗ് കൊടുത്തിരുന്നത് ഈ സ്ഥാപനത്തിൽ വെച്ചായിരുന്നു! 

BALAN’S INSTITUTE OF TYPEWRITING AND COMMERCE എന്ന കറുത്ത ബോർഡിൽ തെളിഞ്ഞ വെള്ള അക്ഷരം ഒരു പാട് പേരുടെ ജീവിതത്തിൽ വെളിച്ചമായി സഹായിച്ചിട്ടുണ്ട് എന്നത് ആർക്കും മറക്കാനാവാത്ത അനുഭവം ആയിരിക്കും!

വിലമതിക്കാനാവാത്ത സുഗന്ധ വിളകൾ സൂക്ഷിച്ചത് പോലെ ആ മഹത് വിദ്യാലയത്തിൽ നിന്നും കുറെ മഹത് വ്യക്തികൾ പുറത്തുവന്നിട്ടുണ്ട്. 

പലരും വിലമതിക്കാനാവാത്ത രത്നങ്ങളായി മാറി ഇന്നും നമ്മുടെ ഇടയിൽ ഉണ്ട് എന്നറിയുമ്പോൾ നമുക്ക് ഏറെ സന്തോഷം തോന്നും! 

ആ കോളേജാകുന്ന സ്‌കൂളിന്റെ പേരിൽ വളരെ ആക്ടീവായി ഒരു സംഘടനയും നിലവിൽ ഉണ്ട് എന്ന് സന്തോഷിക്കുമ്പോഴും, ഈ വർഷം കുറെ അംഗങ്ങളെ നമുക്ക് നഷ്ടപ്പെട്ടു എന്നറിയുമ്പോൾ ഏറെ ദുഃഖവും ഉണ്ട്!

ആദ്യ കാലങ്ങളിൽ ലബോർദ്ധനെ കോളേജിന്റെ അനക്സ് കെട്ടിടമായാണ് ഈ കെട്ടിടം ഉപയോഗിച്ചത്! 

അങ്ങനെയാണ് ഈ കെട്ടിടത്തിന് “അനക്സ്” എന്ന പേര് ലഭിക്കുന്നത്!

കെട്ടിടത്തിന്റെ ഘടന ഏതാണ്ടിങ്ങനെ:

തെക്ക് വടക്കായി നീളമുള്ള കെട്ടിടം! 

വടക്ക് അവസാനിക്കുന്നിടത്തു നിന്ന് പടിഞ്ഞാറോട്ട് വീണ്ടും നീളും! 

കിഴക്കു ഭാഗത്തായി മൂന്നു പൂമുഖം!

സ്‌പെൻസർ കണ്ണേട്ടന്റെ ചായക്കടയുടെ മുൻപിൽ ചെരിച്ചു കെട്ടി ഓടിട്ട ഒരു പൂമുഖം! 

അതിലൂടെ വലിയ വാതിലൂടെ അകത്തു കടന്നാൽ ടെറാക്കോട്ട ടൈലിട്ട വലിയ ഹാൾ! 

നേരെ പോയി മറ്റൊരു വാതിലിലൂടെ ഗ്രൗണ്ടിലേക്ക് കടക്കാം! 

കടക്കുന്നതിനു മുൻപ് ഹാളിൽ നിന്ന് തന്നെ വലത്തോട്ട് തിരിഞ്ഞാൽ, വീണ്ടും ഒരു ഹാൾ! 

ഇടതു ഭാഗത്തായി രണ്ടു വലിയ ക്ലാസുകൾ! 

ആദ്യത്തെ ക്ലാസിൽ രണ്ടു ജനാല മാത്രം. 

രണ്ടാമത്തെ ക്ലാസിൽ രണ്ടു ജനലും നടുവിൽ വീതിയുള്ള നാല് ഡോർ വാതിൽ പാളികൾ! 

ശ്രദ്ധിച്ചു തുറന്നു പുറത്തു നോക്കിയില്ലെങ്കിൽ താഴെയുള്ള വലിയ ഗട്ടറിൽ വീഴും!

ക്ലാസിൽ കയറുന്നതിന്റെ ഇടതു വശത്ത് ഒരു വാതിലിലൂടെ വീണ്ടും പുറത്തുവരാം! 

ഹാളിനു അടുത്തുള്ള മുറി വരെ നീളമുണ്ടെങ്കിലും, ലൈബ്രറിയിൽ നിന്നും ആളുമാരായും വീതിയുള്ള മേശകളും ബെഞ്ചുകളും ഒക്കെ വെച്ച് ഒരു മുറി പോലെ ആക്കിയെടുത്തതാണ്. 

അതിലാണ് അദ്ധ്യാപകന്മാർ ഫ്രീ അവസരങ്ങളിൽ ഇരിക്കുക!

പുറത്തു കടന്നു വീണ്ടും ഉള്ളിൽ കടന്നാൽ? 

ചെറിയ ഒരു മുറി. ആ മുറിയിൽ ചില പ്രൊവിഷണൽ സാധനങ്ങൾ സൂക്ഷിച്ചിട്ടുണ്ടാവും! 

സ്‌കൂളിൽ ഉച്ച ഭക്ഷണം ഉള്ളതിനാൽ അതിനു വേണ്ടുന്ന സാധനങ്ങളാണ് അവിടെ ഉണ്ടാവുക! 

ആ മുറിയിൽ നിന്ന് തന്നെ മറ്റൊരു വലിയ മുറിയിലേക്ക് ഒരു വാതിൽ! 

അതിലൂടെ അകത്തു കടന്നാൽ വലിയ മുറി. 

അവിടെ കാലത്ത് അബ്ദുൾ റഹിമാൻ മാസ്റ്റർ ഹെഡ് മാസ്റ്ററായിട്ടുണ്ടാവും! 

ആ മുറിയിൽ നിന്ന് വീണ്ടും പുറത്തിറങ്ങിയാൽ ആദ്യം കണ്ടത് പോലെയുള്ള ഒരു പൂമുഖം. 

അതിലൂടെ റോഡിലേക്ക് ഇറങ്ങാം. 

ഇതിന്റെ മിറർ ഇമേജാണ് ബാക്കിയുള്ളത്!

ഈ ബിൽഡിംഗിലേക്ക് പള്ളി മൈതാനത്ത് നിന്നും ഇറങ്ങി വരുന്ന റോഡ് വളയുന്ന സ്ഥലത്തിന് നേർക്കായി കെട്ടിടത്തിലേക്ക് കയറുവാൻ വഴിയുണ്ട്! 

അവിടെ ചെറിയ ഒരു മുറി! 

ആ മുറിയിൽ നിന്നും വീണ്ടും അകത്തു കയറി നേരെ ഹാളിലേക്കും, അവിടെനിന്നു തന്നെ വലതു ഭാഗത്തായി ഒരു മരത്തിന്റെ സ്റ്റെപ്! 

താഴെയുള്ള അതേ രൂപത്തിൽ വലിയ ഒരു മുറിയും. 

മുറിയിൽ നിന്നും റോഡ് ഫേസ് ചെയ്ത് സ്പോർട്സ് മുറി പോലെ ഒരു മുറി. 

കണ്ണാടി ഫ്രെയിം ആയതിനാൽ റോഡൊക്കെ കാണാം!

തിരിച്ചു മുകളിലെ ഹാളിൽ കയറിയാൽ താഴെ പോകാൻ ഒരു മരത്തിന്റെ L ആകൃതിയിലുള്ള ഒരു സ്റ്റെപ്! 

ഈ ഹാളിലും ആളുമാരായും ബെഞ്ചും ഇട്ട് ഒരു റൂമാക്കി തിരിച്ച് അദ്ധ്യാപകന്മാർക്കായി തയ്യാറാക്കിയിട്ടുണ്ട്. 

ബാക്കി മിറർ ഇമേജ് പോലെ!

മുകളിലത്തെ ഹാളിന്റെ, അതായത് ബിൽഡിംഗിന്റെ പകുതി ഭാഗവും മരം പാവിയ ഫ്ലോർ! 

ബാക്കി പകുതി, ഒരു വാതിലൂടെ ഒരു സ്റ്റെപ് ഉയരത്തിൽ ടെറാക്കോട്ട ടൈൽ.

മുറികൾ രണ്ടു പകുതിയിലും താഴെയുള്ളതു പോലെ തന്നെ!

ഹാളിൽ നിന്ന് താഴെ ഇറങ്ങാൻ കല്ലുകൊണ്ട് കെട്ടി സിമന്റ് പൂശിയ ഗോവണി! 

ഗോവണി ഇറങ്ങി താഴെ വന്നാൽ മെയിൻ റോഡിന് ഫെയ്‌സായി നീളത്തിൽ ഉള്ള ഭാഗത്ത് കിച്ചൻ! 

ഗ്രൗണ്ടിന്റെ നടുക്കായി ഒരു കിണറും! 

കിണർ മാറി മൂന്നു മുറിയുള്ള മൂത്രപ്പുരയും! 

ഇത്രയുമായാൽ അനക്സ് ബിൽഡിംഗ് പൂർണമായി!

ഗ്രൗണ്ടിൽ നിന്നും ഒരു ചെറിയ കവാടത്തിലൂടെ അടുത്ത എൽ.ബി കോളേജിന്റെ കോമ്പൗണ്ടിലേക്ക് കയറാം! 

ബിൽഡിംഗിന്റെ ഒരു രൂപവും മനസ്സിലുണ്ട്!

മെയിൻ റോഡിൽ നിന്നും മറ്റൊരു എന്റ്രൻസിലൂടെ മുകളിൽ കയറിയാൽ D.E.O ഓഫീസ്. 

കയറിയ ഉടനെയുള്ള മുറിയിൽ സ്പോർട്സ് റൂം!

അഞ്ചാം ക്ലാസ്സു മുതലാണെന്ന് തോന്നുന്നു ഉച്ചയ്ക്ക് ശേഷം ക്ലാസ്! 

എട്ടിലെത്തിയപ്പോൾ ചില ക്ലാസൊക്കെ കാൻസൽ ചെയ്യാൻ മുതിർന്നവർ ഒപ്പിക്കുന്ന ചില സൂത്രമുണ്ട്! 

മിക്കവാറും ആദ്യം വരുന്ന ഇംഗ്ലീഷ് ക്ലാസിലായിരിക്കും ഈ സൂത്രപ്പണി ഒപ്പിക്കുക! 

കുറച്ച് ചളി കട്ട എടുത്ത് ക്ലാസിന്റെ നിലത്ത് ഇട്ടിട്ട്, കുറച്ച് നനച്ച്, അതിന്മേൽ പൂഴി ഇടും! 

എന്നിട്ട് മൂക്ക് പിടിച്ച് ക്ലാസിന്റെ പുറത്തു നിൽക്കും! 

മാഷ് വരുമ്പോൾ പറയും: “ക്ലാസിൽ രാവിലെ വന്ന കുട്ടികൾ തൂറി വെച്ചിരിക്കുന്നു!”

അടിച്ചു വാരുന്ന ചീരുവമ്മയ്ക്ക് എന്തെങ്കിലും ചായ പൈസ കൊടുത്താൽ ആ സമയം നോക്കി അവർ എവിടെയെങ്കിലും മാറി നിൽക്കും! 

പിന്നെ ചീരുവമ്മ മുറവും ചൂലും ഫിനോയിലും ഒക്കെയായി വന്ന് ക്ലീൻ ചെയ്ത്, ഫിനോയിലൊക്കെ ഇട്ടു വരുമ്പോഴേക്കും ക്ലാസിന്റെ സമയം കഴിയും! 

രണ്ടു മൂന്നു തവണ ഇത് ആവർത്തിച്ചപ്പോൾ പിന്നെ സംശയമായി, പിടിക്കപ്പെട്ടു!

പിന്നീട് പുതിയ കെട്ടിടം പണിതതും, സ്‌കൂൾ അവിടേക്ക് മാറ്റിയതും ഒക്കെ ഓർത്തെടുക്കുന്നു! 

വീണ്ടും കോളേജ് അനുവദിക്കപ്പെട്ടതോടെ അനക്സിൽ വീണ്ടും സ്‌കൂൾ പ്രവർത്തിച്ചു!

ഇന്റർവെൽ സമയത്ത് റോഡിലിറങ്ങി ഐസിന് തിരക്ക് കൂട്ടുന്നത്! 

ഐസ് വിൽക്കുന്ന അസ്സുക്ക, ഉന്തുവണ്ടിയിൽ ചെത്ത് ഐസ്! 

തോളിൽ ഒരു ഗ്ലാസ് പെട്ടിയുമായി നിലക്കടലയും മണിക്കടലയും വിൽക്കുന്ന ആളും – ബാലേട്ടൻ – എപ്പോഴും ചിരിച്ചുകൊണ്ട് സ്കൂൾ പരിസരത്ത് ഉണ്ടാകും! 

ചെറിയ മധുര നാരങ്ങ വിൽക്കുന്ന ആളെയുമൊക്കെ ഓർക്കുന്നു!

കോളറ പോലുള്ള സമയങ്ങളിൽ “ഐസ് വാങ്ങാൻ പാടില്ല” എന്ന സർക്കുലർ മറികടന്നും ഐസ് വാങ്ങിയാൽ? 

രാജൻ മാഷും, ഭാസ്കരൻ മാഷും വന്ന് പിടിച്ചു വാങ്ങി കളയുന്നതും ഒക്കെ ഓർമ്മയിൽ ഉണ്ട്!

എന്നാൽ ഇതൊന്നും നോക്കാതെ, മാഷുടെ കണ്ണ് വെട്ടിച്ച് കൊലൈസുമായി റിപ്പയർ ചെയ്യാൻ കയറ്റി വെച്ച ബോട്ടുകളുടെ മറവിൽ നിന്നും ഐസ് തിന്നുമ്പോൾ പിറകിലൂടെ വന്ന് ചെവിക്ക് പിടിക്കുമ്പോൾ ഓർക്കും “ഈ മാഷ് ഇതൊക്കെ എങ്ങനെ കണ്ടു” എന്ന്! 

വാസ്തവത്തിൽ അവർക്ക് നമ്മുടെ ചില വിരുതന്മാർ ഒറ്റുകൊടുത്തതായിരിക്കും! 

ഐസ് എടുത്തു കളഞ്ഞിട്ട് ചമ്മിയ മുഖവുമായി വരുമ്പോൾ ഒറ്റുകാർ നമ്മളെ നോക്കി ചിരിക്കുന്നുണ്ടാകും! 

പിന്നെയുള്ള നടത്തം “നിനക്ക് കാണിച്ചു തരാമെടാ” എന്ന് മനസ്സിൽ പറഞ്ഞായിരിക്കും! 

ബെല്ലടിക്കുന്നതോടെ ആ പറഞ്ഞതും ചിന്തിച്ചതും മറക്കും. 

പിന്നെ വീണ്ടും “ഭായീ ഭായീ!”

ഇന്റർവെൽ സമയത്തെ കണ്ണേട്ടന്റെയും ചാത്തുവേട്ടന്റെയും കടയിൽ കയറി ബോണ്ടയും, പരിപ്പുവടയും, കണ്ണൻചന്റെ കടയിലെ കിഴങ്ങു പൊരിച്ചതും, ഉപ്പിലിട്ട നെല്ലിക്കയും, ബേണ്ടയും, നിലക്കടലയും തിരക്ക് കൂട്ടുമ്പോൾ കണ്ണൻചൻ വഴക്ക് പറയുന്നതും ഒക്കെ ഓർമ്മയിൽ വരും!

നബി ദിനത്തിനും ചിൽഡ്രൻസ് ഡേ ക്കും ജാഥയായി പോകുന്നതും, ഇൻഡോ – ചൈന, ഇൻഡോ-പാക്ക് യുദ്ധ സമയത്ത് ആവേശം നിറഞ്ഞ മുദ്രാവാക്യം വിളിച്ചുകൊണ്ട് ജാഥ പോകുന്നതും ജാഥയിലെ ചില മുദ്രാവാക്യങ്ങൾ…

“ഭൂട്ടോ ബൂട്ട് തുടക്കട്ടെ! യാഹ്യാ പുല്ലു പാറിക്കട്ടെ! ചൗവൻലാലി മൂർദ്ദാബാദ്! ചാച്ചാ നെഹ്റു സിൻദാബാദ്” എന്ന് വിളിച്ചു വരി വരിയായി നടന്നതൊക്കെ ഓർമ്മയിൽ ഉണ്ട്.

അത്തരം ഐക്യദാർഢ്യം ഉണ്ടാക്കുന്ന പരിപാടികളൊന്നും ഇന്ന് വിദ്യാലയങ്ങളിൽ കാണാനില്ല! 

ഇതൊക്കെ കുഞ്ഞു മനസ്സിലെ കുട്ടികളിൽ വളർത്തിയെടുക്കണം! 

രാവിലെ D.P പിരീഡിൽ പ്രതിജ്ഞ ചൊല്ലി ക്ലാസ് തുടങ്ങുന്നതും, സ്‌കൂൾ വിട്ടാൽ ജനഗണമന പാടുന്നതും ഒക്കെ പതിവ് കാഴ്ച! 

ഇപ്പോൾ എല്ലാം വിവാദമായി മാറുന്നു… 

എന്തൊരു വിരോധാഭാസം എന്നല്ലാതെ വേറെന്തു പറയാൻ?

സ്‌കൂൾ വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന സ്പോർട്സ് ഫെസ്റ്റിവൽ!* 

സ്പോർട്സിലും, ഗെയിംസിലും പ്രാവീണ്യം ഉള്ളവരെ കണ്ടെത്തി ഹൗസ് ആക്കി തരം തിരിച്ച് പേര് നൽകും. 

ഗ്രീൻ ഹൗസ്, ബ്ലൂ ഹൗസ്, റെഡ് ഹൗസ്, യെല്ലോ ഹൗസ്.

ചിലപ്പോൾ അത് നക്ഷത്രങ്ങളുടെ പേരിലും ഉണ്ടാവും. 

ഒരു തവണ ഞാനും ഹൗസ് ക്യാപ്റ്റനായതും, ഹൗസ് ചാമ്പ്യനായതും ഒക്കെ ഓർമ്മയിൽ ഉണ്ട്!

വാർഷിക ആഘോഷ പരിപാടി ഫുട്ബോൾ ഗ്രൗണ്ടിലായിരിക്കും! 

സ്റ്റേജ് കെട്ടാൻ മേശയും ബെഞ്ചും ആഘോഷത്തിന് കൊണ്ടുപോകുന്നതും, സ്റ്റേജ് കെട്ടുന്നതും ഒക്കെ അദ്ധ്യാപകരും കുട്ടികളും ഒക്കെ തന്നെയായിരിക്കും! 

മേക്കപ്പ് ചെയ്യാൻ ബാലൻ മാഷും, നാടകം അഭിനയിക്കാൻ പഴയ കാലത്ത് രാമചന്ദ്രേട്ടൻ, ശിവദാസ്, ബാലേട്ടൻ, ഹരിദാസ്, പിൽക്കാലത്ത് പ്രഭാകരൻ മാസ്റ്റർ, ദിവാനന്ദൻ മാസ്റ്റർ, അലി, ജനാർദ്ദൻ, ജയപ്രകാശ്, ദേവരാജ് അങ്ങനെ പലരും ഏറ്റെടുത്തു നാടകങ്ങൾ കളിക്കുന്നതൊക്കെ ഓർമ്മയിൽ വരും.

സിൽവർ ജൂബിലി സമയത്തെ ആഘോഷവേളയിൽ കൃഷ്ണേട്ടന്റെ “കുഞ്ഞാലി മരക്കാർ” ഉം, 

പിന്നീട് ഗോൾഡൻ ജൂബിലി ആഘോഷ സമയത്ത് അലി “കുഞ്ഞാലി മരക്കാർ” ആയി പുനർ സൃഷ്ടിച്ചതും, “മീര ഭാരത് മത” ആയതും മായാതെ ഇന്നും ഓർമ്മയിൽ താങ്ങി നിൽക്കുന്നു!

ഇന്റർ സ്‌കൂൾ സ്പോർട്സ് മത്സരത്തിൽ പള്ളൂർ സ്‌കൂളുമായുള്ള വാശിയേറിയ മത്സരങ്ങളും! 

ഒരുവിധം Track and Field മത്സരങ്ങളിൽ J.N.G.H.S.S വിജയി ആവുന്നതും, ഗെയിംസിലും J.N.G.H.S ആയിരിക്കും! 

വോളിബോൾ മത്സരത്തിൽ പള്ളൂർ സ്‌കൂളായിരിക്കും വിജയിക്കുക!

Overall Championസും J.N.H.S.S ആവും! 

എന്റെ ചെറുപ്പത്തിലേ വിജയികളെ ഓർത്തെടുക്കുന്നു: സജിയേട്ടൻ, രവീന്ദ്രൻ E, രാജാറാം. 

പിന്നീട് ആ സ്ഥാനം ജനത, വിജയൻ, വി. വത്സരാജ്, ഞാനും, പ്രമോദും, ദാമോദരനും, പുന്ന സത്യനും, അജിത്തും, കായക്കണ്ടി സുരേഷും ഒക്കെയായി!

ഇവിടത്തെ മത്സരത്തിൽ വിജയിക്കുന്നവരെ പുതുച്ചേരിയിൽ കൊണ്ടു പോകും! 

ട്രെയിനിലാണ് പോകുക! 

ആൺകുട്ടികളും പെൺകുട്ടികളും ഒക്കെയായി മയ്യഴിയിൽ നിന്നും വണ്ടി കയറി സേലത്ത് പോകും! 

അവിടം വരെ ബ്രോഡ് ഗേജ്! 

അവിടെ കുറെ സമയം കാത്തു നിന്നാൽ വൃദ്ധാചലത്തേക്ക് മീറ്റർ ഗേജ് വണ്ടി വരും! 

വൃദ്ധാചലത്തിൽ നിന്നും വിളുപ്പുറത്തേക്ക് അതും മീറ്റർ ഗേജ്! 

അവിടെ നിന്ന് പുതുച്ചേരിയിലേക്ക് വീണ്ടും വണ്ടി കയറി പുതുച്ചേരി എത്തുമ്പോഴേക്കും ഒരു വിധം ആവും!

അവിടെ എത്തിയാൽ ഏതെങ്കിലും സ്‌കൂളിലാവും താമസം! 

രാവിലെ എഴുന്നേറ്റു റെഡിയായി ഉപ്പളം ഗ്രൗണ്ടിലേക്ക് എങ്ങനെയെങ്കിലും എത്തണം! 

അവിടെയും ഒരു *മാഹി ഹോട്ടൽ ഉണ്ടായിരുന്നു. അവിടുന്ന് ഭക്ഷണം!

മത്സരങ്ങളൊക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോഴേക്കും കൊണ്ടു പോയ പൈസ ഒക്കെ തീർന്നിരിക്കും! 

പ്രധാനമായും അവിടെനിന്നു വാങ്ങിക്കുക പട്ടാണി കടലയും! പൊട്ടുകടലയും, പിന്നെ മൈസൂർ പാക്കും!

ഇതൊക്കെ വാങ്ങി എയർ ബാഗിൽ വെച്ച് തിരിച്ചു നാട്ടിലേക്കുള്ള യാത്ര!

പൈസ ഒക്കെ തീർന്നതിനാൽ പോകുമ്പോൾ ഉണ്ടായ ഉത്സാഹമൊന്നും തിരിച്ചു വരുമ്പോൾ ഉണ്ടാവില്ല! 

തിരിച്ചുള്ള യാത്രയും അങ്ങനെ തന്നെ. 

ചിലപ്പോൾ തിരിച്ചു വരുമ്പോൾ ബസ്സിൽ സേലം വരെ വരും. 

അവിടെനിന്നും മാങ്കളൂർ മെയിൽ! 

ബുക്കിംഗ് ഒന്നും ഉണ്ടാവില്ല. 

തിക്കി കയറി എവിടെയാണോ ഇടം കിട്ടുന്നത് അവിടെ ഇരിക്കുക! അല്ലെങ്കിൽ നിൽക്കുക! 

ഭാഗ്യം പോലെ! 

ആദ്യം എങ്ങനെയെങ്കിലും എല്ലാവരുടെയും ബാഗുകൾ കയറ്റും. 

മിക്കവാറും ടോയ്‌ലറ്റിന്റെ സൈഡിലും വാതിലിനടുത്തുമായിരിക്കും ഇടം കിട്ടുക!

ഒരു ട്രിപ്പിൽ ഇതുപോലെ വരുമ്പോൾ ദാമോദരൻ എല്ലാവർക്കും പട്ടാണി കടലയും മൈസൂർ പാക്കും കൊടുക്കും. 

ആരു ചോദിച്ചാലും ദാമോദരൻ ബാഗിൽ നിന്നും കിട്ടുന്ന സാധനങ്ങൾ എടുത്തു കൊടുക്കും. 

ബാഗിൽ നിന്നും നോക്കാതെ ആയിരിക്കും കൈ ഇട്ടു എടുക്കുന്നത്! 

ആരുടെ ബാഗാണെന്നൊന്നും അറിയുകയില്ല. 

എല്ലാം അട്ടിക്കിട്ടുണ്ടാവും! 

കിട്ടിയവരെല്ലാം വാങ്ങി തിന്നു. 

വണ്ടി പാലക്കാട്ടെത്തിയപ്പോൾ തിരക്കൊക്കെ കഴിഞ്ഞു! 

എല്ലാവർക്കും സീറ്റ് കിട്ടി! 

അവരവരുടെ സാധനങ്ങൾ ചെക്ക് ചെയ്യുമ്പോഴാണ് ദാമോദരന് മനസ്സിലാവുന്നത്, അവന്റെ ബാഗിൽ നിന്ന് തന്നെയാണ് സാധനങ്ങളൊക്കെ എടുത്തത് എന്ന്! 

എല്ലാവരും ചിരിച്ചു! കൂടെ ദാമോദരനും ചിരിച്ചു. 

ഇതൊക്കെ ഒരു തമാശ!

ഒരു വർഷം ഇന്റർ റീജ്യണൽ മത്സരം മയ്യഴിയിൽ വെച്ചായിരുന്നു. 

പുതുച്ചേരിയിൽ നിന്നും, യാനത്തിൽ നിന്നും, കാരയ്ക്കലിൽ നിന്നും കുട്ടികൾ മാഹിയിൽ! 

ആ വർഷത്തെ Overall Champion J.N.H.S! 

എനിക്കും കിട്ടി 3 പ്രൈസ് – രണ്ട് ഫസ്റ്റും ഒരു സെക്കണ്ടും!

അതിൽ 400 മീറ്റർ ഓട്ടം പുതുച്ചേരിയിലുള്ള ടീമും ഞാനുമായി ഒപ്പത്തിനൊപ്പം! 

ലാസ്റ്റ് ലാപ്പിന്റെ മുക്കാൽ ഭാഗമായപ്പോഴേക്കും ഞാൻ മറികടന്ന് ഫസ്റ്റ് ആയി ഫിനിഷ് ചെയ്തതും, ഉടനെ തന്നെ മസിൽ കയറി വീണതും ഒക്കെ ഓർക്കുന്നു!

അക്കാലങ്ങളിൽ National Physical Aptitude Test-ൽ നടത്തുന്ന Star Grading മത്സരം നടക്കും! 

രണ്ടു തവണ നടന്ന മത്സരത്തിൽ One Star-ഉം, Two Star-ഉം കിട്ടിയത് ഒരു പെരുമയായി കാണുന്നു! 

N.C.C കേമ്പിനൊക്കെ പോകുമ്പോൾ ഈ Star നമ്മൾ പെരുമയായി കാണും.

മയ്യഴിയിലെ തന്നെയുള്ള മറ്റു സ്‌കൂളുകൾ – ഫ്രഞ്ച് സ്‌കൂൾ പള്ളിയുടെ മുൻപിൽ! 

വെറും ഫ്രഞ്ച് മീഡിയത്തിൽ പഠനം! 

മംഗലാട്ട് ഗോപി മാഷെയും, ജയറാം മാഷെയും, രാഘു മാഷെയും, നടേശൻ മാസ്റ്ററെയും ഒക്കെ ഓർക്കുന്നു. 

S.S.L.C പോലെ അവർക്ക് Brevet പരീക്ഷയാണ്. 

അത് കഴിഞ്ഞുള്ള തുടർ പഠനത്തിന് പുതുച്ചേരിയിൽ പോകണം. 

ആയതിനാൽ മിക്കവാറും കുട്ടികൾ മാഹി കോളേജിൽ തന്നെ തുടർന്ന് പഠിക്കും!

പള്ളിയിൽ പെരുന്നാൾ തുടങ്ങിയാൽ തീർത്ഥാടകർക്ക് സ്‌കൂൾ റെസ്റ്റെടുക്കാനായി അനുവദിച്ചിരുന്നു ആ കാലങ്ങളിൽ!

പിന്നീടുള്ളത് ഗേൾസ് ഹൈ സ്‌കൂളും എൽ.പി സ്‌കൂളും!

സ്‌മിത്തറി റോഡിൽ ഹിന്ദി പഠിപ്പിക്കാനായി ഒരു സ്‌കൂൾ! ഉസ്മാൻ സ്മാരക ഹിന്ദി വാഗ്വർദ്ധിനി സഭ.

ദേവൂട്ടി ടീച്ചറും, ശ്രീധരൻ മാസ്റ്ററും, അനുജൻ വിശ്വൻ മാസ്റ്ററും, മദനൻ മാഷും ഒക്കെ ക്ലാസെടുക്കും!

ട്യൂഷൻ സെന്ററായി അന്ന് ഹിന്ദിക്ക് ജാനകി ടീച്ചറും, മറ്റുള്ള വിഷയങ്ങൾക്ക് പുരുഷ് മാസ്റ്റർ, രാഘു മാസ്റ്റർ, കായക്കണ്ടി ജെനു മാസ്റ്റർ, മുകുന്ദൻ മാസ്റ്റർ ഒക്കെ വീട്ടിൽ നിന്നും ട്യൂഷൻ എടുക്കാറുണ്ട്. 

കോവക്കലിലെ ബേബി ടീച്ചർ.

സ്‌കൂൾ കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിയതിനുശേഷം കുറെ പൂർവ്വ വിദ്യാർത്ഥികൾ രണ്ടു ഗ്രൂപ്പുകളായി Tutorial College നടത്തിയിരുന്നു. 

ഉസ്മാൻ സ്മാരക Tutorial College-ലും, മാഹി Tutorial College-ലും.

എട്ട്, ഒൻപത്, പത്ത് ക്ലാസ്സുകളിലേക്ക് വർഷങ്ങളോളം ഈ രണ്ടു Tutorial College-ലും കുട്ടികൾ പഠിച്ചിരുന്നു. 

ഏകദേശം 100 ശതമാനം വിജയവും എല്ലാവർഷവും ഉണ്ടാകാറുണ്ട്!

ഒപ്പം അർപ്പണ ബോധമുള്ള സർക്കാർ അദ്ധ്യാപകരുടെ ആത്മാർത്ഥമായ പിന്തുണയും സഹകരണവും ഒക്കെ ആയപ്പോൾ, കേരളത്തിലെ സർക്കാർ സ്‌കൂളുകളെ അപേക്ഷിച്ച് താരതമ്യം ചെയ്യുമ്പോൾ, Private School നേടിക്കൊടുക്കുന്ന വിജയം മയ്യഴിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്ഥിരമായി നേടിയെടുത്തു. 

മയ്യഴിക്ക് പെരുമ ഉണ്ടാക്കിയിട്ടുണ്ട്! 

അത് പിന്തുടർന്ന് ഇപ്പോൾ മയ്യഴിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ 100 ശതമാനം വിജയം കൈവരിക്കുന്ന രീതിയിൽ എത്തിയിട്ടുണ്ട്.

ഈ അടുത്ത കാലത്തായി ഒരു പാട് അദ്ധ്യാപികാ അദ്ധ്യാപകർക്ക് Award-കൾ ഒക്കെ വാങ്ങി, മയ്യഴിയുടെ പെരുമ സംസ്ഥാനവും കഴിഞ്ഞു അഖിലേന്ത്യ തലത്തിൽ അറിയപ്പെട്ടു തുടങ്ങിയിട്ടുണ്ട് എന്നതും മയ്യഴി പെരുമ തന്നെ!

ഇങ്ങനെയൊക്കെ ആണെങ്കിലും നമ്മുടെ വിദ്യാഭ്യാസത്തിന്റെ സമ്പ്രദായത്തിൽ അടിമുടി മാറ്റം വരുത്തണം! 

കുട്ടികൾക്ക് താല്പര്യമുള്ള വിഷയം മാത്രം പഠിപ്പിക്കണം. 

തൊഴിലധിഷ്ഠിത വിദ്യാഭ്യാസ രീതി.

ഈ സമ്പ്രദായം ഭാഷകൾ പഠിപ്പിക്കുന്നതിൽ കാണുന്നുണ്ട്. 

അറബിക് പഠിക്കുന്ന കുട്ടിക്ക് അറബിക് മാത്രം പഠിച്ചാൽ മതി. 

മലയാളം, ഫ്രഞ്ച്, ഹിന്ദി ഒക്കെ അങ്ങനെ തന്നെ!

തൊട്ടടുത്ത സംസ്ഥാനമായ കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളെ അപേക്ഷിച്ച് താരതമ്യം ചെയ്യുമ്പോൾ, 

ഒരു ഒന്നാംകിട സ്വകാര്യ വിദ്യാലയത്തിന്റെ നിലവാരവും, അച്ചടക്കവും മയ്യഴിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പുലർത്തുന്നുണ്ട് എന്ന് പറയുന്നതിൽ അതിശയോക്തിയൊന്നും ഇല്ല! 

അതിന്റെ എല്ലാ Credit ഉം അർപ്പണ ബോധമുള്ള മയ്യഴിയിലെ അദ്ധ്യാപികാ അദ്ധ്യാപകർക്ക് അവകാശപ്പെട്ടതാണെന്ന് പറയുന്നതിൽ അഭിമാനിക്കാം മയ്യഴിക്കാർക്ക്!

സ്വകാര്യ സ്‌കൂളിന്റെ പ്രസക്തി എപ്പോഴും വർദ്ധിക്കുന്നത് സർക്കാർ സ്‌കൂളുകളിലെ നിലവാര തകർച്ചയിൽ ഊന്നിയാണ്! 

അപ്രകാരം വിലയിരുത്തുമ്പോൾ, സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങൾ മയ്യഴിയിൽ വിജയത്തിന്റെ പെരുമയിൽ ഊറ്റം കൊള്ളാനൊന്നും ഇല്ല എന്ന് വേണം കരുതാൻ! 

എങ്കിലും ഇത്തരം സ്ഥാപനങ്ങൾ സ്വകാര്യ മേഖലയിലും Corporate മേഖലയിലും നല്ല നിലവാരത്തിൽ പ്രവർത്തിക്കുന്നുണ്ട് എന്നതിൽ നമുക്ക് സന്തോഷിക്കാം!

പൊതുവെ സമരത്തിന്റെ അതിപ്രസരമൊന്നും ഇല്ലാതെ, മയ്യഴിയിലെ വിദ്യാഭ്യാസ മേഖല പ്രശംസനീയമായി തന്നെ മുൻപോട്ടു പോകുന്നതിൽ നമുക്ക് അഭിമാനിക്കാം!

ചെറിയ ചെറിയ ഒന്നോ രണ്ടോ സമരം ഒഴിച്ചാൽ, സ്‌കൂൾ ലീഡർ മാളികവീട്ടിൽ ശിവദാസിന്റെ നേതൃത്വത്തിൽ നടത്തിയ ഹിന്ദി വിരുദ്ധ സമരം ഓർത്തെടുക്കുന്നു. 

തുടർന്ന് സ്‌കൂൾ അനിശ്ചിതമായി അടച്ചിട്ട്, രക്ഷിതാക്കളുടെ Declaration വാങ്ങി സ്‌കൂൾ തുറന്നതൊക്കെ ഓർക്കുന്നു!

എങ്കിലും, രക്ഷിതാക്കളുടെ ചെറിയൊരു ശ്രദ്ധക്കുറവ് കുട്ടികളുടെ മേൽ ഇല്ലേ? എന്നൊരു സംശയം! 

ഒരു ഉദാഹരണം പറഞ്ഞു ഇന്നത്തെ എഴുത്ത് അവസാനിപ്പിക്കാം.

വർഷം കൃത്യമായി ഓർമ്മയിൽ ഇല്ല! 

അനുജൻ കനകരാജ് സ്‌കൂൾ ലീഡർ ആയി! 

സ്‌കൂളിലെ ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ച് K.S.U ആഹ്വാനം ചെയ്ത സമരത്തിന്റെ ഭാഗമായി സമരം നടത്തി വീട്ടിൽ വന്നു! 

അന്ന് അച്ഛൻ വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോൾ അനുജൻ വീട്ടിൽ! 

ഉടനെ ചോദ്യം: “എന്താ സ്‌കൂളില്ലേ?”

ഒന്നും മനസ്സിൽ കരുതാതെയുള്ള ഉത്തരം: “ഇന്ന് സമരമായിരുന്നു!”

അച്ഛൻ: “ഓഹോ? എന്തിനായിരുന്നു സമരം?” 

അനുജൻ ആവേശത്തോടെ! സമരത്തിന് നേതൃത്വം കൊടുത്തു വിജയിപ്പിച്ച ആവേശം… 

“ഫീസ് വർദ്ധനവിൽ പ്രതിഷേധിച്ചുള്ള സമരം!”

അച്ഛൻ: “ഓഹോ, അങ്ങനെയാണോ? എന്നാൽ ഒരു കാര്യം ചെയ്യൂ! 

ഇന്നത്തെ Time Table പ്രകാരമുള്ള പുസ്തകങ്ങൾ ഒക്കെ എടുത്തു റെഡിയായിക്കോ! 

നിന്റെ ഫീസ് കൊടുക്കുന്നത് ഞാൻ ആണ്! 

നിന്റെ പണി പഠിക്കുക എന്നതാണ്! 

ഫീസ് കൊടുക്കുന്നത് രക്ഷിതാക്കളാണ്. 

അവരുടെ ജോലിയാണ്. 

രക്ഷകർത്താക്കളുടെ Meeting കൂടി സമരം വേണോ? എന്ത് നിലപാട് എടുക്കണം എന്ന് തീരുമാനിക്കാനുള്ളത് അവരല്ലേ?”

സംഗതി അച്ഛൻ പറഞ്ഞാൽ പറഞ്ഞതാണ്! 

അനുജൻ ക്ലാസിൽ പോയിരുന്നാലുള്ള പ്രായോഗികത ഒക്കെ ആലോചിച്ച് അമ്മ ഇടപെട്ട്, മധ്യസ്ഥതയിൽ തൽക്കാലം പ്രശ്നത്തിന് പരിഹാരം കണ്ടു! 

കൂട്ടത്തിൽ ഒരു Warning ഉം – “ഇനി മേലിൽ ഇത്തരം സംഭവം ആവർത്തിക്കരുത്!”

സ്‌കൂളിലും കോളേജിലും രാഷ്ട്രീയം വേണ്ടെന്നല്ല! 

അവർ രാഷ്ട്രീയക്കാരുടെ ചട്ടുകങ്ങൾ ആവാൻ പാടില്ല! 

അത് ഉറപ്പുവരുത്തേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമ തന്നെയാണ്! 

കാരണം അവർ വളർന്നു വരുന്നത്, അവരെ വളർത്തുന്നത്, അവരെ പഠിപ്പിക്കുന്നത് ഒക്കെ രക്ഷിതാവാണെന്നുള്ള തിരിച്ചറിവ് നമുക്കുണ്ടാവണം! 

എന്ന് മാത്രം ഓർമ്മിപ്പിക്കട്ടെ!

സ്‌കൂൾ ചരിത്രം തുടരും ….             

മഠത്തിൽ ബാബു ജയപ്രകാശ് ………✍️  My Watsapp Cell No: 00919500716709

https://chuvannakatukanittamayyazhi.com/wp-content/uploads/2021/08/wp-16291120923406629557596810944256.jp

Leave a Comment