Time Set To Read 05 Minutes Maximum
പുത്തലം എന്ന പേരിന്റെ അപാരതയിലേക്കുള്ള ഒരു കുറിപ്പും എവിടെയും വായിച്ചതായി അറിവില്ല. എങ്കിലും ആ പേര് വരുവാനുള്ള സാധ്യത എന്റെ ബോധ്യത്തിൽ ഉണർന്നത് ഒരു പക്ഷേ ഇങ്ങനെയായിരിക്കാം.
പുത്തലം എന്നറിയപ്പെടുന്ന ക്ഷേത്രപ്പറമ്പിന്റെ പല ഭാഗത്തും ചെമ്പകം പൂത്തുനിൽക്കുന്നത് പതിവുള്ള കാഴ്ചയായിരുന്നു. ചെമ്പകം പൂത്ത സ്ഥലം പിന്നീട് ‘പുത്തലം’ ആയതായിരിക്കാം. ഈ വിശാലമായ പറമ്പിന്റെ കിഴക്ക്-തെക്കേ മൂലയിലുള്ള ചെമ്പകമരത്തോട് തൊട്ടുള്ള ഇടവഴിക്കരികിലായുള്ള വീടിനെ ഇപ്പോഴും ‘ചെമ്പോട്ടോടിലേ വീട്’ എന്ന് തന്നെ വിളിച്ചുവരുന്നതുപോലെ?
പറഞ്ഞുവരുന്നത്, വിശാലമായ പറമ്പിൽ പലയിടങ്ങളിലായി പൂത്തുനിൽക്കുന്ന ചെമ്പകപ്പൂക്കൾ താലത്തിൽ വെച്ചതുപോലെ തോന്നിയിട്ടുണ്ടാവാം. ‘പൂ താലത്തിൽ വെച്ചത്’ എന്ന് പറയുന്നത് പിൽക്കാലത്ത് ഭാഷയുടെ വകഭേദം വന്ന് ‘പുത്തലം’ ആയതും ആവാം. രണ്ടും എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഊന്നി എഴുതിയതാണ്. ഇതിന് ആധികാരികമായ ഒരു രേഖയും ഇല്ല.
*ഉത്സവത്തിന്റെ തുടക്കം: അടയാളപ്പണം*
ക്ഷേത്രോത്സവം നിശ്ചയിക്കുന്നതിന് മുൻപ് ‘അടയാളപ്പണം’ നൽകുന്നതോടെയാണ് ഉത്സവച്ചടങ്ങിന്റെ ആരംഭം കുറിക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ ജോലികൾ ചെയ്തുവരുന്ന ആളുകൾക്ക് അടയാളപ്പണം നൽകും. അതിൽ എല്ലാ വിഭാഗം ആളുകളും പെടും.
തെയ്യം കെട്ടുന്നവർ, വാദ്യമേളക്കാർ, വിളക്കിത്തിരി നൽകുന്നവർ, ചുണ്ണാമ്പ് നൽകുന്നവർ, തിറയുമായും പുത്തലം ക്ഷേത്ര നടത്തിപ്പുമായും ബന്ധപ്പെട്ട എല്ലാവരും അടയാളപ്പണം വാങ്ങാൻ എത്തും.
ഈ ചടങ്ങിന് ശേഷം ക്ഷേത്ര പരിസരത്തെയും ക്ഷേത്രത്തിനു ചുറ്റുമുള്ള സ്ഥലത്തെയും മുൾച്ചെടികളും കുറ്റിക്കാടുകളും മുറ്റത്തെ പുല്ലുകളും ഒക്കെ വെട്ടിമാറ്റി വൃത്തിയാക്കി, നൂറും വാർണീഷും അടിച്ചു ക്ഷേത്രവും ക്ഷേത്ര പരിസരവും ശുദ്ധിവരുത്തും.
ക്ഷേത്രത്തിലെപ്പോലെ തന്നെ നാട്ടുകാരും തിരക്കിലായിരിക്കും. പുരയൊക്കെ കെട്ടിമേയേണ്ടവർ അതൊക്കെ പൂർത്തീകരിച്ചു വീടും പുരയിടവും വൃത്തിയാക്കി ചുണ്ണാമ്പ് തേക്കും. വീടിന്റെ അകവും പുറവും മുറ്റവുമെല്ലാം ചാണകം മെഴുകും. ഇപ്പോഴാണെങ്കിൽ പെയിന്റും പോളീഷും അടിക്കും. ഇന്ന് ഓലമേഞ്ഞ പുരകളൊന്നും അവശേഷിക്കുന്നില്ല. അതുകൊണ്ട് തന്നെ ആ കാഴ്ചകളും അന്യംനിന്ന് പോയിരിക്കുന്നു.
*ക്ഷണവും ഒത്തുചേരലും*
ചുറ്റുവട്ടത്ത് താമസിക്കുന്നവരും പുത്തലം ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെയും പെൺമക്കളുടെ ഭർതൃവീട്ടിൽ, അല്ലെങ്കിൽ മകന്റെ ഭാര്യവീട്ടിൽ, നേരത്തെ തന്നെ ക്ഷണിക്കാൻ പോകും. പണ്ട് കാലങ്ങളിൽ!
ഇപ്പോഴും ‘പുത്തലത്തെ തിറ’ എന്ന് പറഞ്ഞാൽ ദൂരപ്രദേശങ്ങളിലെ ബന്ധുമിത്രാദികൾ ഒത്തുകൂടുന്നത് നിർബന്ധമായിരുന്നു. ഇത് ദേശക്കാർ തിറയ്ക്ക് കൽപ്പിക്കുന്ന പ്രാധാന്യത്തെയാണ് വ്യക്തമാക്കുന്നത്.
തിറ മഹോത്സവത്തിൽ പങ്കെടുക്കാനായി എത്ര ബുദ്ധിമുട്ടിയാലും, വിദൂര ദേശങ്ങളിൽ ജോലിയെടുക്കുന്നവർ ലീവെടുത്ത് ഒത്തുകൂടണമെന്നത് നിർബന്ധമായിരുന്നു.
പുത്തലം തിറ മഹോത്സവക്കാലമായാൽ അതിൽ പങ്കെടുക്കാൻ വരുന്ന കല്യാണപ്രായമായ പെൺകുട്ടികളെ ദൂരെ മാറിനിന്ന് ചില പ്രത്യേക അടയാളങ്ങൾ പറഞ്ഞ്, “ആ കാണുന്ന കുട്ടി… പച്ച സാരി ധരിച്ച സ്ത്രീയുടെ തൂണിനടുത്ത് നീല സാരിയും നീല ബ്ലൗസും ധരിച്ച മെലിഞ്ഞ കുട്ടി” എന്നൊക്കെ അടയാളം പറഞ്ഞ്, കല്യാണ പ്രായമായ കുട്ടികളുടെ വീടും അഡ്രസ്സും ഒക്കെ തപ്പിയെടുത്ത് പെണ്ണന്വേഷിച്ചു പോകുവാൻ ഒരു എളുപ്പവഴിയായും ഈ സന്ദർഭം പലരും ഇന്നും ഉപയോഗപ്പെടുത്താറുള്ളതായി കേട്ടിട്ടുണ്ട്.
*കൊടിയേറ്റവും കലശവരവും*
തിറ അറിയിച്ചുകൊണ്ട് മാർച്ച് നാലിന് കൊടിയേറ്റം നടക്കും. ഈ ചിത്രത്തോടൊപ്പം കാണുന്ന നീളമുള്ള മരത്തിലാണ് കൊടിയേറ്റുന്നത്.
കതിന വെടിയുടെ മുഴക്കത്തോടെ കൊടി ഏറിയാൽ, അഞ്ചിന് പ്രത്യേകിച്ച് പരിപാടികളൊന്നും ഉണ്ടാവില്ല. ക്ഷേത്രത്തിൽ തുടർന്ന് വരുന്ന കർമ്മങ്ങൾക്കും ആചാരങ്ങൾക്കും ഉള്ള മുന്നൊരുക്കങ്ങൾ മാത്രം.
മാർച്ച് ആറിന് അടിയറയോടനുബന്ധിച്ച് രണ്ടോ മൂന്നോ കുടുംബങ്ങളിൽ നിന്നും കലശവരവ്, ആർപ്പുവിളികളോടെ അനുഗമിച്ചുകൊണ്ട് പുത്തലം ക്ഷേത്രത്തിലേക്ക് എഴുന്നെള്ളും. ഒന്ന് ഭരണിക്കലിൽ നിന്നും മറ്റൊന്ന് ചന്ദൻ കിട്ടൻഛന്റെ ഗൃഹത്തിൽ നിന്നും. തങ്ങളുടേതാണ് മികച്ച കലശവരവ് എന്ന് വിശ്വസിച്ച് ഓരോ വീട്ടുകാരും ആ ഘോഷയാത്ര ഗംഭീരമാക്കാൻ ശ്രമിക്കും.
ആദ്യകാലങ്ങളിൽ പാറേമ്മലുള്ള ‘കൊല്ലന്റാട’ എന്ന വീട്ടിൽ നിന്നും കലശം ഉണ്ടാവാറുണ്ടായിരുന്നു. ഇപ്പോൾ അതില്ല.
അതേ ദിവസം തന്നെ നട്ടത്തിറയും, മണ്ടോള ക്ഷേത്രത്തിൽ നിന്നും കാവുകെട്ടി ഇളനീർ വരവ്. ഇതിന് ‘കുളത്തേറ്റ്’ എന്നോ മറ്റോ പേരുണ്ട്, ശരിക്കും ഓർക്കുന്നില്ല.
*പുത്തരി കൊടുക്കയും വെള്ളാട്ടും*
എല്ലാ കാവുകളിലെയും പോലെ പുത്തലം ക്ഷേത്രത്തിലും ‘പുത്തരിക്കൊടുക്ക’ പ്രധാനമാണ്. ഗുരുകാരണവന്മാരെയും പരദേവതകളെയും ഒക്കെ സങ്കൽപ്പിച്ച്, പുത്തരി കൊണ്ട് ചുട്ടെടുത്ത അപ്പത്തോടൊപ്പം മറ്റു പ്രസാദങ്ങളും ചേർത്ത് അകത്ത് വെച്ചുകൊടുക്കുക എന്ന ചടങ്ങിന് ശേഷം, പൂജകൾ കഴിഞ്ഞ് അവകാശികൾക്ക് ഓരോ ഇലയിൽ കൊടുക്കയുടെ പ്രസാദം വിതരണം ചെയ്യും.
അതിനോടൊപ്പം അവിടെ എത്തിയവർക്കും ചുറ്റുവട്ടത്തുള്ള വീടുകളിലും എത്തിക്കും കൊടുക്ക പ്രസാദം. ഇത് കഴിയുമ്പോഴേക്കും ഏകദേശം രാത്രി 8 മണി കഴിയും.
തുടർന്ന് ഒരു വെള്ളാട്ട് ഉണ്ട്, ഗുളികന്റെ. മൂന്ന് മണ്ഡപങ്ങളിലും കയറി ചെണ്ടമേളത്തോടൊപ്പം ക്ഷേത്രം വലംവെക്കും, കൂടെ ഭക്തജനങ്ങളും.
*കുളിച്ചെഴുന്നെള്ളത്ത്*
‘കുളിച്ചെഴുന്നെള്ളത്ത്’ എന്ന ചടങ്ങോടെയാണ് പുത്തലത്തെ തിറകൾ ആരംഭിക്കുന്നത്.
താലപ്പൊലിയേന്തിയ ബാലികമാരും ചെണ്ടമേളക്കാരും നെറ്റിപ്പട്ടം കെട്ടിയ ആനയും വർണ്ണശബളമായ ആനക്കുടകളും ഒക്കെ അനുഗമിച്ചുകൊണ്ടായിരിക്കും ആദ്യകാലങ്ങളിലുള്ള എഴുന്നെള്ളത്ത്.
വൈകുന്നേരം കുട്ടികൾ, സ്ത്രീകൾ തുടങ്ങി നാട്ടുകാരും വീട്ടുകാരും ഘോഷയാത്രയായി, ആർപ്പുവിളികളും ആഘോഷങ്ങളുമായി ക്ഷേത്രത്തിൽ നിന്നും മഞ്ചക്കലുള്ള പുഴക്കരയിലേക്ക് പോകും.
ഈ കലാരൂപം അതിന്റെ ആചാര തനിമ ഒട്ടും ചോരാതെ ഭംഗിയായി ഇപ്പോഴും നടത്തപ്പെടുന്നുണ്ട് എന്നതിൽ ക്ഷേത്ര നടത്തിപ്പുകാർ ആചാരങ്ങൾക്ക് ഇപ്പോഴും അതിന്റെതായ പ്രാധാന്യം നൽകുന്നു എന്നത് പ്രത്യേകം എടുത്തുപറയേണ്ടത് തന്നെയാണ്.
അവിടെ എത്തിയാൽ മുകളിലുള്ള വീട്ടിൽ നിന്ന് പഞ്ചസാര കലക്കിയ വെള്ളം വരുന്നവർക്കെല്ലാം നൽകുക പതിവായിരുന്നു. ഏലത്തരിയും ചെറിയ ഉള്ളിയും വേറെ എന്തൊക്കെയോ ചേരുവകൾ ആണെന്നറിയില്ല, ഇട്ട് കലക്കിയ വെള്ളം കുടിക്കുമ്പോൾ ഒരു പ്രത്യേക രുചിയായിരിക്കും. കുറെക്കാലമായി കുളിച്ചെഴുന്നെള്ളത്തൊക്കെ കണ്ടിട്ട്.
ഇതിനിടയിൽ ഭഗവതി പുഴയിൽ മുങ്ങിക്കുളിച്ച്, വസ്ത്രം മാറി ഉടവാളും എടുത്ത്, അലങ്കരിച്ച ഓലക്കുട ചൂടി, ഇടയ്ക്ക് കുട തിരിച്ചുകൊണ്ടിരിക്കും. തിരിക്കുമ്പോൾ ചുറ്റും കെട്ടിയ മുല്ലമാല, അതിനടിയിലായി ചുവന്ന ചെമ്പരത്തിയും/ചെമ്പകപ്പൂവും കുത്തി, അത് തിരിക്കുമ്പോൾ വായുവിൽ കറങ്ങുന്നത് കാണാൻ നല്ല രസമായിരിക്കും. തുടർന്ന് വാദ്യഘോഷത്തോടെ ഘോഷയാത്രയായി പുത്തലം ക്ഷേത്രത്തിലേക്ക്.
എഴുന്നെള്ളത്ത് കടന്നുപോകുന്ന വഴിക്കുള്ള വീടുകളിൽ എല്ലാം ദീപാലംകൃതമായിരിക്കും. എഴുന്നെള്ളത്ത് ക്ഷേത്രത്തിലെത്തുന്നതോടെ കതിന വെടിയും മാലപ്പടക്കവും ഒക്കെ പൊട്ടിച്ച് സ്വീകരിക്കും.
ക്ഷേത്ര സന്നിധിയിൽ എത്തുന്നതോടെ ഭക്തർ മുല്ലമാലയും പട്ടും വളയും സ്വർണത്താലിയും, ഓരോരുത്തരുടെ നേർച്ച എന്താണോ അതനുസരിച്ച്, ആൺ – പെൺ വ്യത്യാസമില്ലാതെ ചിലപ്പോൾ തോന്നും പെണ്ണുങ്ങളാണ് കൂടുതൽ എന്ന്, ഭഗവതിക്ക് സമർപ്പിക്കും. അതോടെ പുത്തലം തിറയുടെ ആരംഭമാവും.
*അരിയളവും ഊരാളന്മാരും*
മാർച്ച് ഏഴിന്, ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ടുള്ള ‘അരിയളവ്’. പണ്ട് കാലങ്ങളിൽ തിറയോടനുബന്ധിച്ച് എത്തപ്പെടുന്ന അവകാശികൾക്ക് ഭക്ഷണത്തിനായുള്ള അരിയും അതോടനുബന്ധിച്ചുള്ള ചെലവുകൾക്കുള്ള പണവും ക്ഷേത്ര ഊരാളന്മാർ നൽകും.
അക്കാലങ്ങളിൽ തിറയുമായി ബന്ധപ്പെട്ട് തിറ തീരുന്നതുവരെ ക്ഷേത്രത്തിൽ നിൽക്കേണ്ടതുകൊണ്ട് പലർക്കും ദിവസവും വീട്ടിൽ പോയിവരാൻ ബുദ്ധിമുട്ടുള്ളതുകൊണ്ട് ക്ഷേത്ര പരിസരത്തുതന്നെയായിരിക്കും ഇവരൊക്കെ സ്വയം ഭക്ഷണം പാചകം ചെയ്യുകയും താമസിക്കുകയും ചെയ്യുക.
ഇന്ന് സമ്പ്രദായങ്ങളൊക്കെ മാറിയെങ്കിലും ആ പഴയ ആചാരം ഇന്നും അതേപടി പുത്തലത്തെ ഊരാളന്മാർ ഒരു മാറ്റവും ഇല്ലാതെ തുടരുന്നത് ഏറെ അഭിനന്ദനാർഹമാണ്.
അടയാളപ്പണവും അരിയളവും ഒക്കെ കഴിഞ്ഞാൽ, കക്കാട്ട് കുടുംബത്തിലെ ഇപ്പോഴത്തെ തലമുറയിലെ ജയകൃഷ്ണന്റെയും പ്രദീപിന്റെയും പ്രേമന്റെയും നേതൃത്വത്തിൽ, നാല് പുരക്കാരും – കക്കാട്ട്, പുത്തലം, വാഴയിൽ, നാലുപുര – ഊരാളന്മാരായ കുടുംബങ്ങൾ. ക്ഷേത്രത്തിന്റെ ദൈനംദിന നടത്തിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കാൻ രാമകൃഷ്ണൻ, ആനന്ദേട്ടൻ, ശശി മുതലായവരും, താവഴിയായുള്ള കുഞ്ഞാപ്പുവച്ചനും. ഇവരുടെയൊക്കെ താവഴിയിലുള്ള ഇന്നത്തെ തലമുറക്കാരൊക്കെ ക്ഷേത്രോത്സവമുമായി സഹകരിച്ച് എപ്പോഴും പുത്തലത്ത് സജീവമായിരിക്കും.
ഇവരോടൊപ്പം വിളക്കും പൂയ്യവും നേർച്ച നടത്തുവാൻ വരുന്നവർക്ക് ക്ഷേത്ര പൂജാരിയായി കരുണേട്ടനും, ക്ഷേത്ര പൂജാദികാര്യങ്ങളിലൊക്കെ മേൽനോട്ടം വഹിച്ച് ക്ഷേത്രത്തിൽ തന്നെ ഉണ്ടാവും.
എല്ലാത്തിന്റെയും മേൽനോട്ടം വഹിച്ച് ഒന്നിനും ഒരു പോരായ്മ വരാൻ പാടില്ല എന്നുള്ളത് സി.സി. ജയകൃഷ്ണനും അനുജൻ പ്രദീപിനും പ്രേമനും നിർബന്ധമായിരുന്നു. ജയകൃഷ്ണൻ ഇന്നവരോടൊപ്പമില്ല. അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായുള്ള വേർപാട് പുത്തലത്തിനും കുടുംബത്തിനും നാട്ടുകാർക്കും ഒരു തീരാനഷ്ടമാണ്.
ജയകൃഷ്ണനോടൊപ്പം മറ്റു കാര്യങ്ങൾ ഒക്കെ നൽകിക്കൊണ്ടിരുന്ന പുത്തലത്തെ ആനന്ദേട്ടനും രാമകൃഷ്ണനും ഇന്ന് നമ്മോടൊപ്പമില്ല എന്നതായിരിക്കും ശരിയായ പ്രയോഗം.
ഇപ്പോൾ ക്ഷേത്ര നടത്തിപ്പുമായി മുൻപന്തിയിൽ നാട്ടുകാരാണെങ്കിലും, കുറച്ചുകാലമായി അതിന് നേതൃത്വം നൽകുന്നത് കക്കാട്ട് കുടുംബാംഗങ്ങളാണ് എന്ന് പ്രത്യേകം എടുത്തുപറയേണ്ടിയിരിക്കുന്നു.
ക്ഷേത്രവുമായി ബന്ധപ്പെട്ട് വർഷത്തിനുള്ളിൽ മൂന്ന് പ്രധാന വ്യക്തിത്വങ്ങൾ നഷ്ടപ്പെട്ടത് ഇപ്പോഴത്തെ ക്ഷേത്ര നടത്തിപ്പുകാർക്ക് ഒരു തീരാനഷ്ടം എന്ന് പ്രത്യേകം എടുത്തുപറയേണ്ടത് തന്നെ. എങ്കിലും പുത്തലം തിറമഹോത്സവത്തിന്റെ മാറ്റൊന്നും കുറയ്ക്കാതെ പ്രദീപും അനുജൻ പ്രേമനും എല്ലാം ഭംഗിയായി നിറവേറ്റുന്നുണ്ട്. ഒപ്പം നാട്ടുകാരും.
*തിറകളും ഐതിഹ്യങ്ങളും*
പുത്തലം ക്ഷേത്രത്തിൽ കെട്ടിയാടുന്ന തിറകൾ: പൂക്കുട്ടിച്ചാത്തൻ, ഗുളികൻ, പാമ്പൂരി, താലിശലാൻ, കാർണോർ, പോതി, ചാന്തുവാരി കുട്ടിച്ചാത്തൻ, മാർപ്പൊലിയൻ, തോലൻ മൂപ്പൻ മുതലായവ കെട്ടിയാടും.
തിറയോടനുബന്ധിച്ച് കുന്നത്തു പറമ്പിൽ നിന്നുള്ള പാലെഴുന്നെള്ളത്ത്, കുളിച്ചെഴുന്നെള്ളത്തിനുള്ള കുടവരവ് കുന്നുംപുറത്തുനിന്നും, മണ്ടോളയിൽ നിന്നും തോട്ടിവരവ് മുതലായവ വേറെയും. ഇതൊക്കെ ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകളാണ്.
കോഴിക്കോടിനടുത്തുള്ള കൊയിലാണ്ടിയിലെ ചാലോറ ഇല്ലത്തിലാണ് പൂക്കുട്ടിച്ചാത്തൻ തിറ പണ്ട് കാലങ്ങളിൽ കെട്ടിയാടിക്കൊണ്ടിരുന്നത്. പിന്നീട് ഈ കലാരൂപം പുത്തലം കുടുംബത്തിലെ പ്രശസ്തനായ അമ്മാവൻ തോലൻ മൂപ്പനാണ് മാഹിക്ക് സംഭാവന ചെയ്തത്. എല്ലാ വർഷവും മാർച്ച് 8-ന് മാഹിയിലെ പുത്തലത്ത് ഇത് നടത്തപ്പെടുന്നു.
മയ്യഴി പുത്തലത്തെ തിറകളിൽ ഒന്നായ ‘തോലൻ മൂപ്പൻ’ ജീവിച്ചിരുന്ന കഥാപാത്രമായിരുന്നു എന്ന് എത്ര പേർക്കറിയാം?
ഇനി അറിഞ്ഞിരുന്നെങ്കിൽ തന്നെ ഈ തലമുറയോടുകൂടി അതും ഒരു പക്ഷേ നമുക്ക് നഷ്ടമായേക്കാം. ഒരു പക്ഷേ ചരിത്രത്താളുകളിൽ എവിടെയെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അത് തലമുറകളായി നിലനിൽക്കും.
*തോലൻ മൂപ്പന്റെ കഥ*
പുത്തലത്തിന് എങ്ങനെ പേര് വന്നു എന്ന് എന്റെ ഒരു കണ്ടെത്തൽ ഞാൻ പങ്കുവെച്ചിരുന്നു. എന്റേതെന്ന് ഞാൻ അവകാശം പറയുന്നില്ല. ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല, വായിച്ച പുസ്തകങ്ങളിലൊന്നും എനിക്ക് വായിക്കാനും പറ്റിയിട്ടില്ല.
അതുപോലെ തോലൻ മൂപ്പന്റെ, ഞാൻ കേട്ടറിഞ്ഞ കഥ എഴുതാൻ ശ്രമിക്കാം. ഒരു പക്ഷേ ഏതെങ്കിലും പുസ്തകത്തിൽ ഇതേപ്പറ്റി പരാമർശിച്ചിട്ടുണ്ടെങ്കിൽ, എന്റെ ഈ എഴുത്ത് കേട്ടെഴുത്തിന്റെ ഭാഗമായി മാത്രം കാണാൻ ശ്രമിക്കണം.
പണ്ട് കാലങ്ങളിൽ എന്നോ കൊയിലാണ്ടിയിൽ നിന്നും മയ്യഴിയിലെത്തിയ പ്രഗത്ഭനായ ഒരു കൽപ്പണിക്കാരൻ. മയ്യഴിയിലെ തീയ്യ സമുദായങ്ങൾക്കിടയിൽ നാട്ടു മൂപ്പനൊക്കെ ആയി നടക്കുമ്പോഴാണ് ഫ്രഞ്ചുകാർ മയ്യഴി കീഴടക്കുന്നതും പള്ളിപ്പണി ആരംഭിച്ചതും.
തീയ്യ സമുദായത്തിന്റെ ക്ഷേത്രമായിരുന്ന പുത്തലം കേന്ദ്രീകരിച്ച് തിറകളും പൂരക്കളികളും ഒക്കെ ആയി ആഘോഷിക്കുന്ന കാലം. എല്ലാത്തിനും മേൽനോട്ടം വഹിച്ച് മുഖ്യസ്ഥാനായ തോലൻ മൂപ്പനും.
അക്കാലങ്ങളിൽ പുത്തലം ക്ഷേത്രപ്പെരുമ മനസിലാക്കിയ ഫ്രഞ്ചുകാർ സ്കൂളുകൾക്കും ഓഫീസുകൾക്കും അവധിയും, പ്രത്യേക ഡ്രസ്സ് വെള്ളയും വെള്ളയും ഡ്രസ്സിട്ട പോലീസുകാരെയും ഒക്കെ പുത്തലത്തെ ഉത്സവകാലങ്ങളിൽ നിയോഗിച്ചിരുന്നു. എന്ന് പറയുമ്പോൾ ആലോചിക്കാവുന്നതേയുള്ളൂ, പുത്തലപ്പെരുമ.
ഒരു പക്ഷേ അവിടെ വെച്ചായിരിക്കാം ഫ്രഞ്ചുകാർ തോലൻ മൂപ്പനെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും, അദ്ദേഹത്തിന്റെ കഴിവുകളെപ്പറ്റി മനസിലാക്കുന്നതും.
ഇതിനകം തോലൻ മൂപ്പനെപ്പറ്റിയും അദ്ദേഹത്തിന് നാട്ടുകാരിൽ ഉള്ള സ്വാധീനവും കെട്ടിട നിർമാണത്തിനുള്ള വൈദഗ്ധ്യവും തിരിച്ചറിഞ്ഞ ഫ്രഞ്ചുകാർ പള്ളിയുടെ നിർമ്മാണച്ചുമതല തോലൻ മൂപ്പനെ ഏൽപ്പിക്കുകയും ചെയ്തു.
പള്ളിപ്പണിയുടെ ഓരോ ഘട്ടത്തിലും തോലൻ മൂപ്പൻ ഫ്രഞ്ചുകാരുമായി സമ്പർക്കം വെക്കുന്നതിലൂടെ ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്യം നേടുകയും, ക്രമേണ ഫ്രഞ്ചുകാരുടെ ഇടയിൽ കൂടി സ്വാധീനം ഉണ്ടാക്കുകയും ചെയ്തു.
പിന്നീട് മയ്യഴിയിലും ചുറ്റുവട്ടത്തും എന്ത് കാര്യം നടത്തുന്നതിനും തോലൻ മൂപ്പന്റെ സഹായമുണ്ടെങ്കിൽ നടത്താമെന്നുള്ള സ്ഥിതിയിലായി തോലൻ മൂപ്പന്.
ഫ്രഞ്ചുകാർ മയ്യഴി കീഴടക്കി ഭരണം നടത്താൻ തുടങ്ങിയപ്പോൾ, വേണാട് രാജാവിന്റെ അധീനതയിലുള്ള പല പ്രദേശങ്ങളും അതാതു പ്രദേശത്തെ പ്രമാണിമാർ ഫ്രഞ്ചുകാരുടെ സഹായത്തോടെ കരം രാജാവിന് നൽകാതെ നേരിട്ട് പിരിച്ചെടുക്കാൻ തുടങ്ങി.
തൽഫലം വേണാട് രാജാവിന്റെ വരുമാനം കുറയുകയും, തുടർന്ന് നിത്യജീവിതത്തിന് തന്നെ ബുദ്ധിമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് വേണാട് രാജാവ് തോലൻ മൂപ്പനെപ്പറ്റി അറിയുന്നത്. തോലൻ മൂപ്പന് ഫ്രഞ്ചുകാരിലുള്ള സ്വാധീനം മനസിലാക്കി, വേണാട് രാജാവ് തോലൻ മൂപ്പനെ കണ്ട് തന്റെ ദയനീയ സ്ഥിതി വിവരിച്ചു.
രാജാവിനോട് ദയ തോന്നിയ തോലൻ മൂപ്പൻ, ഫ്രഞ്ചുകാരുമൊത്തുള്ള നാട്ടുകൂട്ടം കൂടുമ്പോൾ അദ്ദേഹം നിർദേശിക്കുന്നത് പോലെ ഫ്രഞ്ചുകാരെ മുഖം കാണിക്കാൻ വരണം എന്ന് വേണാട് രാജാവിനെ ഉപദേശിക്കുകയും ചെയ്തു. അത് പ്രകാരം നാട്ടുകൂട്ടം കൂടുമ്പോൾ തോലൻ മൂപ്പൻ നിർദ്ദേശിച്ചത് പോലെ, വേണാട് രാജാവ് ആനയും അമ്പാരിയും പരിവാരങ്ങളും ഒക്കെയായി വരുന്നത് കണ്ട്, തോലൻ മൂപ്പൻ അവരുടെ വരവ് കണ്ട് ബഹുമാനം കൊടുത്ത് ആദരിക്കുന്നത് പോലെ എഴുന്നേറ്റുനിന്ന് രാജാവിനെ സ്വീകരിച്ചു.
മയ്യഴിക്കാർ ഒന്നടങ്കം ആദരിക്കുന്ന തോലൻ മൂപ്പൻ എഴുന്നേറ്റ് ആദരിക്കുന്ന ഈ മഹാൻ ആരായിരിക്കും എന്ന് അത്ഭുതത്തോടെ ഫ്രഞ്ചുകാർ ആരാണ് ഇതെന്ന് ചോദിച്ചപ്പോൾ,
വേണാട് രാജാവ് ആണെന്നും അദ്ദേഹമാണ് ഈ നാടിന്റെ അധിപനെന്നും അറിയിച്ചു. അങ്ങനെ ഫ്രഞ്ച് സർക്കാർ നാട്ടു പ്രമാണിമാരോട് ഇനി മുതൽ കരം വേണാട് രാജാവിന് നൽകുവാനും കൽപ്പിച്ചു.
പിന്നീട് ഈ അധികാരം കയ്യിൽ വന്ന രാജാവ്, തോലൻ മൂപ്പനോട് എന്ത് അവകാശമാണ് വേണ്ടതെന്ന് ആരായുകയും, തങ്ങൾക്ക് – തീയ്യ സമുദായത്തിന് – നിഷേധിക്കപ്പെട്ട എഴുന്നെള്ളത്ത് നടത്താൻ അനുവദിക്കണമെന്ന് തോലൻ മൂപ്പൻ രാജാവിനോട് അഭ്യർത്ഥിച്ചു.
അതുപ്രകാരം പുത്തലം അമ്പലത്തിന്റെ ഭാഗമായി ഒരു എഴുന്നെള്ളത്ത് നടത്താനുള്ള അവകാശം, രാജാവ് എഴുന്നള്ളിയത് പോലെ ആനയും വെഞ്ചാമരവും ഒക്കെയായി ഭഗവതിയെ കുളിച്ചെഴുന്നെള്ളിക്കുന്നതായി സങ്കൽപ്പിച്ച് പുത്തലം മുതൽ പാറേമ്മൽ വരെ പോയി ഭഗവതി കുളിച്ച് തിരിച്ചുവരുന്നത് വരെയുള്ള ആഘോഷമാണ് ‘കുളിച്ചെഴുന്നെള്ളത്ത്’ ആയി ഇപ്പോഴും ആഘോഷിക്കുന്നത് എന്നൊരു ഐതിഹ്യം പറഞ്ഞു കേട്ടിട്ടുണ്ട്.
തിറകെട്ടി ആടുന്ന ദിവസം ക്ഷേത്ര കാര്യങ്ങൾ ഒക്കെ നോക്കി നടത്തുന്നതും തിറയുടെ മേൽനോട്ടം വഹിക്കുന്നതിനും തോലൻ മൂപ്പനുള്ള അവകാശമായി സങ്കൽപ്പിച്ചു പോരുന്നു. തോലൻ മൂപ്പനും അനുയായികൾക്കും ഇരുന്നു കാണുവാനും വിശ്രമിക്കാനുമുള്ള ഒരു താൽക്കാലിക ഷെഡ്ഡും ഇപ്പോഴും കെട്ടി തിരിച്ചു വെച്ചിട്ടുണ്ടാവും.
*തിരുത്തിയ പതിപ്പ്: പുത്തലത്തെ തിറയും ചരിത്രവും*
എല്ലാവർഷവും പുത്തലത്തെ തിറ കാണാൻ വരുന്നവർ സ്റ്റെപ്പ് കയറി മിക്കവാറും ഇടതുഭാഗത്തായി, സമചതുരത്തിലായി മടഞ്ഞ ഓലകൊണ്ട് പാതി കെട്ടിമറച്ച ഒരു പന്തൽ കെട്ടിയത് കാണാം. ഇപ്പോൾ പോലീസുകാരെയാണ് നമുക്ക് അതിൽ കാണാൻ സാധിക്കുക.
ഇതിനെ ചിലപ്പോൾ പോലീസ് ഔട്ട്‌പോസ്റ്റായി തെറ്റിദ്ധരിച്ചേക്കാം. അതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട്.
*തോലൻ മൂപ്പനും പന്തലും*
തോലൻ മൂപ്പനും ഫ്രഞ്ചുകാരും തമ്മിലുള്ള അടുപ്പം കാരണം, എല്ലാ കാലങ്ങളിലും തോലൻ മൂപ്പന്റെ ക്ഷണം അനുസരിച്ച് ഫ്രഞ്ചുകാർ തിറ കാണാനെത്തിയാൽ അവരൊക്കെ ഈ പന്തലിലിരുന്നാണ് തിറ കണ്ടിരുന്നത്.
മയ്യഴിയിലെ തീയ്യ സമുദായത്തെ അഭിവൃദ്ധിയിൽ ഉയർത്തിയത് തോലൻ മൂപ്പനായിരുന്നു. ഇന്ന് പുത്തലത്തെ തിറയ്ക്ക് തോലൻ മൂപ്പന്റെ തെയ്യം കെട്ടിയാടുന്നുണ്ട്. ഫ്രഞ്ച് ഭരണം അവസാനിപ്പിച്ച് മയ്യഴി വിട്ടുപോകുന്നത് വരെ, 1954-ന് മുമ്പ്, മയ്യഴിയിലെ മൂപ്പൻ സായിപ്പും മറ്റു ഉദ്യോഗസ്ഥരും തിറ കാണാൻ വന്നാൽ ക്ഷേത്രമുറ്റത്ത് അവർക്കായി തയ്യാറാക്കിയ പന്തലിലായിരുന്നു ഇരിക്കുക. തോലൻ മൂപ്പന്റെ തെയ്യം പന്തലിന്റെ അടുത്തേക്ക് വരുമ്പോൾ പന്തലിലിരിക്കുന്ന വിശിഷ്ട വ്യക്തികൾ എഴുന്നേറ്റുനിന്ന് തോലൻ മൂപ്പനെ നമസ്കരിക്കുകയും ഹസ്തദാനം ചെയ്യുകയും പതിവായിരുന്നു.
ഫ്രഞ്ചുകാർ നാടുവിട്ടെങ്കിലും ആ പതിവ് ഇന്നും പുത്തലത്ത് തുടരുന്നു. ഇന്ന് അവിടെ പോലീസ് ഉദ്യോഗസ്ഥരും മറ്റ് ഉന്നത ഉദ്യോഗസ്ഥരോ വന്നാൽ അവരും പഴയതുപോലെ അവിടെ ഒരുക്കിവെച്ച കസേരകളിൽ ഇരുന്ന് തിറ കാണാറുണ്ട്.
*ഗുളികൻ: ആരാധനയും വിശ്വാസവും*
പുത്തലം ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആരാധനാ മൂർത്തിയാണ് ഗുളികൻ. വടക്കൻ കേരളത്തിലെ ഒട്ടുമിക്ക കാവുകളിലും ഗുളികനെ പൂജിക്കുകയും ഗുളികൻ തിറ കെട്ടിയാടുന്നുണ്ട്.
ശ്രീമഹാദേവന്റെ ഇടത്തേ തൃക്കാൽ പെരുവിരൽ പൊട്ടിപ്പിളർന്നുണ്ടായ അനർത്ഥകാരിയും, വിളിച്ചാൽ വിളിപ്പുറത്തെത്തുന്നതും, ക്ഷിപ്രകോപിയുമാണ് ഗുളികൻ എന്ന് വിശ്വാസികൾ വിശ്വസിക്കുന്നു. ഗുളികന്റെ സഞ്ചാരപഥത്തിൽ തടസ്സമായി ഒന്നും ഉണ്ടാകുവാൻ പാടുള്ളതല്ല. അങ്ങനെയുള്ളതൊന്നും വാഴില്ല എന്ന് സങ്കൽപ്പം.
ഉത്തരകേരളത്തിലെ മലയസമുദായം കുലദേവതയായി കണ്ട് ഗുളികനെ ആരാധിക്കുന്നു. യമന്റെ സങ്കൽപ്പത്തിലുള്ള ദേവനാണ് ഗുളികൻ എന്നും ചിലർ വിശ്വസിച്ചുപോരുന്നു.
വീടുകളിലോ പറമ്പുകളിലോ ഒരു പ്രത്യേക ദിക്കിൽ പുളിമരമുണ്ടെങ്കിൽ അവിടെ ഗുളികന്റെ സാന്നിധ്യം ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട്. അങ്ങനെയുള്ള ഒരു സ്ഥലം എനിക്ക് നേരിട്ടറിയാവുന്നതാണ്. എത്ര ശ്രമിച്ചിട്ടും ആരെല്ലാം ശ്രമിച്ചിട്ടും ആ പുളിമരം ഇന്നും മുറിക്കാൻ സാധിക്കാതെ അവിടെ തന്നെയുണ്ട്. എന്ന് പറയുമ്പോൾ അതിന്റെ ഗൗരവം അത്രയ്ക്കുണ്ട് എന്നർത്ഥം.
ഉത്തരകേരളത്തിലെ ഒട്ടുമിക്ക സമുദായങ്ങളും ഗുളികന്റെ ആരാധനകൾ ചെയ്തുവരുന്നു. മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികന് മാന്ത്രിക കർമ്മങ്ങളിലെല്ലാം വിശേഷസ്ഥാനം ഉണ്ട്. അതുകൊണ്ട് തന്നെയായിരിക്കാം പല വീടുകളിലും തിറകൾ ഒന്നുമില്ലെങ്കിലും ഗുളികന് തറകെട്ടി ‘പൂയ്യം’ എന്ന പൂജാ സങ്കൽപ്പത്തിലൂടെ പൂജ ചെയ്ത് ഗുളികനെ തൃപ്തിപ്പെടുത്തുന്നത്.
പ്രത്യേകിച്ച് പൂജാവിധികളൊന്നും ഇല്ലാതെ, നോക്കിയും കണ്ടും ആർക്കും സ്വായത്തമാക്കി വിശ്വസിച്ച് ഗുളികനെ ആരാധിക്കാവുന്നതാണ് എന്നാണ് വിശ്വാസം.
എല്ലായിടത്തും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ദേവതയാണ് ഗുളികൻ. സർവ്വവ്യാപിയായ ഗുളികന്റെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടാവില്ല എന്ന് ഉപാസകന്മാർ ഇന്നും ഉറച്ച് വിശ്വസിക്കുന്നു.
ജ്യോതിഷവിധിയനുസരിച്ച് ചിന്തിക്കുമ്പോൾ ജനന-മരണ കാരകനായ ഗുളികന്റെ സാന്നിധ്യമാണ് പ്രപഞ്ചത്തിന്റെ കർമ്മഗതിയെ നിയന്ത്രിക്കുന്നത്. ഗുളികന്റെ നേരിട്ടുള്ള ദർശനം മരണത്തിന് കാരണമാകും എന്ന് പറയപ്പെടുന്നു. ഇതുകൊണ്ടാണ് പൂർവ്വികർ ഗുളികന്റെ വരവിൽപ്പെടരുത് എന്നൊക്കെ പറഞ്ഞ് ഓർമ്മപ്പെടുത്തുന്നത്.
ഇങ്ങനെയൊക്കെയാണെങ്കിലും ഭക്തർക്കുണ്ടാകുന്ന ദോഷങ്ങളെയെല്ലാം ഗുളികന് പൂയ്യം കഴിപ്പിക്കുന്നതിലൂടെ അകറ്റിനിർത്താൻ സാധിക്കുന്നതാണ്.
തെയ്യത്തെപ്പോലെ സമാനമായ അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതക്കോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.
പൊതുവെ നൂറ്റൊന്ന് ഗുളികന്മാരുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ഏകദേശം ഒരു മണ്ഡലകാലത്തോളം വ്രതമെടുത്തായിരിക്കും തെയ്യക്കോലം കെട്ടുന്നവർ തെയ്യക്കോലങ്ങൾ കെട്ടാൻ സജ്ജമാകുന്നത്. ഏകദേശം 30-40 അടിയോളം ഉയരവും രണ്ടോ മൂന്നോ അടി വീതിയും വരുന്ന കുരുത്തോലയും മുളകളും കൊണ്ടുണ്ടാക്കിയ മുടി ശിരസ്സിലേറ്റി, പൊയ്ക്കാലിൽ നടക്കുന്നതും, പീഠത്തിൽ ഇരുന്ന് പെട്ടെന്ന് പിറകോട്ട് മറിയുന്നതും, നിലത്ത് കിടന്ന് കഴുത്ത് പൊന്തിച്ച് ഉരുളുന്നതും ഒക്കെ ഒരു തികഞ്ഞ അഭ്യാസിക്ക് മാത്രമേ സാധ്യമാവുകയുള്ളൂ. എല്ലാം ദൈവീകമായ കഴിവുകൾ തന്നെ.
ഗുളികൻ തെയ്യം കെട്ടിയാടുമ്പോൾ നട്ടെല്ലിനും കഴുത്തിനും ഊരയ്ക്കും ക്ഷതം പറ്റാൻ ഏറെ സാധ്യത ഉണ്ടാവും എന്നറിഞ്ഞിട്ടും, ഒരു ഉപാസനപോലെ കൊണ്ടുനടക്കുന്നവർ ഉണ്ട് എന്നറിയുമ്പോൾ അത്ഭുതം തോന്നും. ഈ ദൈവീക കല കെട്ടിയാടുമ്പോൾ വളരെ ദുർലഭമായി അത്തരം അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. എന്നിട്ടും ഈ ദൈവീക കലയെ ഉപാസിച്ച് ആചരിച്ചിടുന്നത് അതിലെ സത്യം ഉൾക്കൊണ്ട് തന്നെയായിരിക്കണം.
*പൂക്കുട്ടിച്ചാത്തൻ: ഐതിഹ്യവും ആചാരവും*
പുത്തലത്തെ മറ്റൊരു പ്രധാന ആകർഷണത്തിറയാണ് പൂക്കുട്ടിച്ചാത്തൻ!
മയ്യഴിയിൽ പുത്തലത്ത് ആദ്യകാലങ്ങളിൽ പൂക്കുട്ടിച്ചാത്തൻ തിറ ഉണ്ടായിരുന്നില്ല. ഒരു നാൾ കൊയിലാണ്ടി സ്വദേശിയായ ഒരാളെ കാണാൻ മയ്യഴിയിൽ താമസിക്കുന്ന തോലൻ മൂപ്പൻ തന്റെ സ്വദേശമായ കൊയിലാണ്ടിയിലെ കാവിൽ പോയപ്പോൾ, അവിടത്തെ കാവിലെ പുല്ലുകൾ കുട്ടിച്ചാത്തന്മാർ ഇരുന്ന് പറിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
ഈ കാഴ്ച കണ്ടപ്പോൾ തോലൻ മൂപ്പന്റെ മനസ്സിൽ അറിയാതെ ഒരാഗ്രഹം ഉണ്ടായി: ഇതുപോലെ കുട്ടിച്ചാത്തൻ മയ്യഴിയിലെ പുത്തലത്തും ഉണ്ടായിരുന്നെങ്കിൽ അവിടത്തെ പുല്ലും പറിച്ച് വൃത്തിയാക്കാമായിരുന്നു എന്ന്.
ഈ ആഗ്രഹവുമായി രാത്രി ഏറെ വൈകി ചൂട്ടൊക്കെ കത്തിച്ച് തോലൻ മൂപ്പൻ മയ്യഴിയിലേക്ക് മടങ്ങി. കാലത്ത് പുത്തലത്ത് എത്തിച്ചേർന്നപ്പോൾ അദ്ദേഹത്തിന് കാണാൻ സാധിച്ചത് പുത്തലത്തെ മുറ്റത്ത് നിന്നും കുട്ടിച്ചാത്തൻ പുല്ല് പറിക്കുന്ന കാഴ്ചയായിരുന്നു. ഈ രംഗം കണ്ട് തോലൻ മൂപ്പൻ അത്ഭുതപ്പെട്ടുപോയി.
തന്റെ മനസ്സിൽ തോന്നിയ, ആരോടും പങ്കുവെക്കാത്ത ആഗ്രഹം സഫലമായിരിക്കുന്നു. ഇതിൽ എന്തോ ദൈവീക ചൈതന്യമുണ്ട് എന്ന് തിരിച്ചറിഞ്ഞ തോലൻ മൂപ്പൻ അന്ന് മുതൽ കൊയിലാണ്ടിക്കാവിൽ പൂക്കുട്ടിച്ചാത്തന് സങ്കൽപ്പിച്ച് ചെയ്യുന്ന ആചാരങ്ങളും കർമ്മങ്ങളും മയ്യഴി പുത്തലത്തും തോലൻ മൂപ്പൻ നടപ്പിലാക്കി. ആദ്യകാലങ്ങളിൽ മയ്യഴി പുത്തലത്ത് ഒരു കുട്ടിച്ചാത്തൻ മാത്രമായിരുന്നു കെട്ടിയാടിയിരുന്നത്.
പിന്നീട് ഒരു കുട്ടിച്ചാത്തൻ കൂടി ഉണ്ട് എന്ന് ചില നിമിത്തങ്ങളിലൂടെ തോലൻ മൂപ്പന് മനസ്സിലായതോടെ, പ്രശ്നവശാൽ ചിന്തിച്ച് രണ്ടാമത്തെ കുട്ടിച്ചാത്തന്റെ സാന്നിധ്യം ഉറപ്പിച്ച് കർമ്മങ്ങൾ ചെയ്യാൻ തുടങ്ങി. അതിന്റെ ഐതിഹ്യം ഞാൻ ചെറുപ്പത്തിൽ കേട്ടറിഞ്ഞത് ഇങ്ങനെ:
അന്യമതത്തിൽപ്പെട്ട ആരോ ഒരാൾ, തന്റെ വീട്ടിൽ കുട്ടിച്ചാത്തന്റെ സാന്നിധ്യം ഉണ്ടെന്ന് അറിഞ്ഞ് ഒഴിവാക്കാൻ മന്ത്രവാദിയുടെ സഹായത്താൽ കുടത്തിൽ ആവാഹിച്ച് കടലിൽ ഒഴുക്കാൻ വേണ്ടി പുത്തലത്തിന്റെ ഇടയിലൂടെ പോവുമ്പോൾ, പുത്തലത്തുള്ള കുട്ടിച്ചാത്തൻ ചെമ്പകമരത്തിൽ നിന്നും ഈ കാഴ്ച കാണുകയും, തന്റെ കുലത്തിലുള്ള കുട്ടിച്ചാത്തനാണ് കുടത്തിലുള്ളത് എന്ന് ദിവ്യശക്തിയാൽ തിരിച്ചറിഞ്ഞ്, ചെമ്പകക്കൊമ്പ് പൊട്ടിച്ച് കുടം എറിഞ്ഞ് പൊട്ടിച്ച് കുട്ടിച്ചാത്തനെ രക്ഷപ്പെടുത്തി എന്നൊരു കഥ കേട്ടിട്ടുണ്ട്.
അതിനെ സാക്ഷ്യപ്പെടുത്തും വിധമാണ് ചില സമ്പ്രദായങ്ങളൊക്കെ കുട്ടിച്ചാത്തൻ വെള്ളാട്ട് സമയത്ത് നമ്മൾ കാണുന്നത്. കുട്ടിച്ചാത്തനെ കുടത്തിലാക്കിയവരോടുള്ള പക ഇപ്പോഴും കുട്ടിച്ചാത്തന്റെ മനസ്സിൽ ഉണ്ടെന്നും, അത് ശമിപ്പിക്കാനാണ് കോഴിയെ കൊടുത്ത് കടിച്ച് രക്തം കുടിപ്പിച്ച് ദേഷ്യമടക്കാൻ ശ്രമിപ്പിക്കുന്നത്. രക്തം നൽകിയിട്ടും ദേഷ്യം ശമിക്കാതെ, തന്റെ സഹായികളുടെ കണ്ണ് വെട്ടിച്ച് ക്ഷേത്രം മുഴുവൻ ഓടിനടന്ന് തന്നെ കുടത്തിലാക്കിയവരോ അവരുടെ കൂട്ടത്തിലുള്ളവരോ ക്ഷേത്രപരിസരത്തുണ്ടോ എന്ന് നോക്കാനാണ് ഓടിനടക്കുന്നത്.
അങ്ങനെ ആരെയെങ്കിലും കാണുകയാണെങ്കിൽ എറിഞ്ഞ് വകവരുത്താൻ ഓടുന്ന വഴിയിലെ കല്ലുകൾ ഒക്കെ എടുക്കാൻ ശ്രമിക്കുന്നതും, സഹായികൾ കൂടെ ഓടി അത് തടസ്സപ്പെടുത്തുന്നതും ദേഷ്യം ശമിപ്പിച്ച് തിരികെ കൊണ്ടുവരുന്നതും ഒക്കെ കുട്ടിച്ചാത്തന്റെ വെള്ളാട്ടിലൂടെ ഇപ്പോഴും പുനരാവിഷ്കരിക്കുന്നുണ്ട്.
മതാചാരങ്ങൾക്കായുള്ള മൃഗബലി നിർത്തലാക്കിയതിനാൽ, സങ്കൽപ്പത്തിലൂടെ ഓട്ടുരുളിയിൽ വെള്ളം ഒഴിച്ച് ചുണ്ണാമ്പും മഞ്ഞളും സിന്ദൂരവും കലക്കി രക്തനിറം ഉണ്ടാക്കി രക്തമായി സങ്കൽപ്പിച്ച്, ഗുരുസി നടത്തി കർമ്മങ്ങൾ ചെയ്ത് ദേവതകളെ തൃപ്തിപ്പെടുത്തുന്നു. ഇത്തരം കർമ്മങ്ങൾ ഒക്കെ ഈ കേട്ടറിവിനെ സാക്ഷ്യപ്പെടുത്തുന്നില്ലേ?
മയ്യഴി പുത്തലത്ത് ചാത്തന്മാരുടെ സാന്നിധ്യം ഉണ്ടായ കഥ മുകളിൽ വിവരിച്ചിട്ടുണ്ട്.
ഇനി എഴുതുന്നത് കുട്ടിച്ചാത്തന്റെ ഐതിഹ്യത്തെപ്പറ്റി അറിഞ്ഞ കഥയാണ്.
വടക്കേ മലബാറിലെ പൂക്കുട്ടിച്ചാത്തൻ വിശേഷങ്ങളെപ്പറ്റി പറയുമ്പോൾ, ആചാരപരമായ കലാരൂപമാണ് പൂക്കുട്ടിച്ചാത്തൻ തിറ എന്ന് വിലയിരുത്തുന്നതിൽ അതിശയോക്തി ഉണ്ടെന്ന് തോന്നുന്നില്ല.
കലയ്ക്കും അപ്പുറമുള്ള ഐതിഹ്യം, പൂക്കുട്ടിച്ചാത്തൻ ശിവനും പാർവതി ദേവിക്കും വള്ളുവരുടെ അവതാരത്തിൽ ജനിച്ചു എന്നതാണ്.
ശിവനും പാർവതിക്കും ഭൂമിയിൽ വെച്ച് ജനിച്ച കുട്ടി ആയതിനാൽ കൈലാസത്തിലേക്കുള്ള പ്രവേശനത്തിന് സാധ്യമല്ലാതാവുകയും, വിവാഹം കഴിഞ്ഞിട്ടും സർവപ്രാർത്ഥന നടത്തിയിട്ടും കുട്ടികളില്ലാതെ മനോദുഃഖത്തിൽ കഴിയുന്ന തന്റെ പരമ ഭക്തനായ കളക്കോട്ട് നമ്പൂതിരിക്ക് ഈ കുഞ്ഞിനെ സമ്മാനിക്കാൻ ശിവ-പാർവതി ദമ്പതികൾ തീരുമാനിക്കുകയും ചെയ്യുന്നു. അത് പ്രകാരം ഇല്ലത്തെ പടിപ്പുരയിൽ കുട്ടിയെ ഉപേക്ഷിക്കുകയും ചെയ്തു.
കുട്ടികളില്ലാതെ വിഷമിക്കുന്ന ഇല്ലത്തെ ദമ്പതികൾ ഈ കുട്ടിയെ എടുത്തു വളർത്തി. ചെറുപ്പത്തിലേ കുട്ടി അസാമാന്യ ബുദ്ധി കാട്ടുകയും, അതോടൊപ്പം വേദ-മന്ത്രാദികളിലൊന്നും താല്പര്യം കാട്ടാതെ തികച്ചും കുസൃതിയായി വളർന്നു.
കുട്ടിക്കാലത്ത് ഒരിക്കൽ, വികൃതിയായ പൂക്കുട്ടിച്ചാത്തൻ പൊതുവെ കുസൃതി കാട്ടി ആചാരങ്ങളനുസരിക്കാതെ വളരുന്നതിൽ അതീവ ദുഃഖവും ദേഷ്യവും തിരുമേനിക്ക് ഉണ്ടായിരുന്നു.
ഇതിനിടയിലാണ് ഇല്ലത്ത് വളർത്തുന്ന, ദൈവീകമായി കരുതുന്ന കാളയെ കൊന്ന് രക്തം കുടിച്ചതറിഞ്ഞ നമ്പൂതിരി ക്ഷുഭിതനായി, അയാൾ കുട്ടിയെ 390 കഷണങ്ങളായി മുറിച്ച് ഹോമാഗ്നിയിൽ അർപ്പിച്ചു. മഹാത്ഭുതം സംഭവിച്ചത് പോലെ, ഹോമത്തിൽ നിന്ന് നൂറുകണക്കിന് ചാത്തന്മാർ ജനിച്ചു, അവരിൽ ഒരാൾ പൂക്കുട്ടിച്ചാത്തനും ആയിരുന്നു എന്ന് ഒരൈതിഹ്യം.
ഈ കലയുടെ പ്രധാന ആകർഷണങ്ങൾ വില്ലാട്ടവും മീത്തുമാണ്. അതിമനോഹരമായ കിരീടവും, അസാധാരണ നൃത്തവും, ആകർഷകമായ മുഖമെഴുത്തിലൂടെ ഈ ക്ഷേത്ര തെയ്യത്തെ അതിമനോഹരമാക്കുന്നു എന്നുള്ളത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.
ഈ ‘മീത്ത്’ എന്ന സമ്പ്രദായത്തെ മയ്യഴിയിലെ പ്രസിദ്ധ എഴുത്തുകാരനും മാതൃഭൂമി ലേഖകനും ഒക്കെയായ ശ്രീ സി.എച്ച്. ഗംഗാധരൻ ഇങ്ങനെ എഴുതി:
കൊയിലാണ്ടിയിൽ നിന്നും തോലൻ മൂപ്പൻ കൊണ്ടുവന്ന കുട്ടിച്ചാത്തനെ ആവാഹിച്ചെടുത്ത് കൊയിലാണ്ടിയിലേക്ക് തിരികെ കൊണ്ടുപോവാൻ മാർച്ച് നാലിന് മയ്യഴിയിൽ പതിവുപോലെ എത്തിയ നമ്പൂതിരിമാർ ഇക്കൊല്ലവും ഒരു വിഫല ശ്രമം നടത്തി.
തോലൻ മൂപ്പൻ കൂട്ടിക്കൊണ്ടുവന്ന കുട്ടിച്ചാത്തനെ കൊയിലാണ്ടി ഇല്ലത്തേക്ക് കൂട്ടി തിരിച്ചുപോവാൻ നമ്പൂതിരിമാർ വർഷാവർഷം വന്ന് തങ്ങളോടൊപ്പം മടങ്ങിച്ചെല്ലാൻ അഭ്യർത്ഥിക്കും. മയ്യഴിക്കാരെ വിട്ട് തിരിച്ചുപോകാൻ കുട്ടിച്ചാത്തൻ തയ്യാറാവുകയും ഇല്ല.
പിന്നെ പൂജാദി കർമ്മങ്ങളിലൂടെ ആവാഹിച്ച് കുട്ടിച്ചാത്തന്റെ കയ്യിലുള്ള പച്ചോലക്കോട്ടയും കുറുവടിയും കയ്യേറ്റം ചെയ്ത് സ്വന്തമാക്കി കുട്ടിച്ചാത്തനെ ദുർബലപ്പെടുത്തി തങ്ങളോടൊപ്പം കൊണ്ടുപോകാനുള്ള കയ്യാങ്കളിയാണ് മീത്തിലൂടെ പുത്തലത്ത് അവതരിപ്പിക്കുന്നത്, പുനരാവിഷ്കരിക്കുന്നത് എന്ന് ഗംഗേട്ടൻ സമർത്ഥിക്കുന്നു.
ഈ ആവേശകരമായ തിറ കാണുമ്പോൾ മയ്യഴിക്കാരും ഒരു പ്രത്യേക മാനസികാവസ്ഥയിലായിരിക്കും. തങ്ങളുടെ തോലൻ മൂപ്പൻ മയ്യഴിക്കാർക്ക് നൽകിയ കുട്ടിച്ചാത്തനെ നഷ്ടപ്പെടുമോ എന്നോർത്ത്.
ഇക്കുറിയും നമ്പൂതിരിമാരുടെ പൂജകൾക്കൊന്നും കുട്ടിച്ചാത്തന്റെ ശക്തിക്ക് മുൻപിൽ ഒന്നും ചെയ്യാനാവില്ല എന്ന് തെളിയിച്ചുകൊണ്ട് കുട്ടിച്ചാത്തന്മാർ മയ്യഴിയിൽ തന്നെ, മയ്യഴിക്കാരോടൊപ്പം തന്നെ.
ഇങ്ങനെ ഒക്കെയാണെങ്കിലും എന്റെ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഊന്നി എന്റെ ഒരു കണ്ടെത്തൽ: നമ്പൂതിരിമാർ പുതിയ പുതിയ ശക്തിയുള്ള തന്ത്ര-മന്ത്ര-പൂജാവിധികളുമായി വന്നാൽ, രണ്ട് കുട്ടിച്ചാത്തന്മാർക്ക് നമ്പൂതിരിമാരോട് ഇനിയുള്ള കാലം പിടിച്ചുനിൽക്കാൻ പറ്റുമോ? അതിനെ മറികടക്കാൻ മൂന്നാമതൊരു കുട്ടിച്ചാത്തൻ അവരോടൊപ്പം ക്ഷേത്ര പരിസരത്ത് എവിടെയോ മറഞ്ഞിരിപ്പുണ്ട് എന്നുള്ള സൂചനയൊക്കെ ലഭിച്ചിട്ടുണ്ട്! അധികം താമസിയാതെ ഇപ്പോഴുള്ള രണ്ട് കുട്ടിച്ചാത്തന്മാരോടൊപ്പം, ഇപ്പോൾ അദൃശ്യനായിട്ടുള്ള മൂന്നാമത്തെ കുട്ടിച്ചാത്തൻ എത്രയും പെട്ടെന്ന് തന്നെ പുത്തലത്ത് എത്തിച്ചേരട്ടെ എന്ന് നമുക്കും പ്രാർത്ഥിക്കാം!
*തിറക്കാലത്തെ ചന്തയും ആഘോഷങ്ങളും*
പണ്ട് കാലങ്ങളിൽ തിറയാട്ടക്കാലത്ത് താൽക്കാലിക ചായച്ചന്തകളും, സ്ഥിരമായി ഒരു ചന്ത തെക്ക് ഭാഗത്ത് സ്ത്രീകൾ വിശ്രമിക്കുന്ന കെട്ടിടത്തിന്റെയും അരയാൽത്തറയുടെയും ഇടയിലൂടെ കയറുന്ന സ്ഥലത്ത് കെട്ടാറുണ്ട്. വളുമാരിപ്പറമ്പിലും താൽക്കാലിക ഹോട്ടലുകൾ കെട്ടിയത് കണ്ടിട്ടുണ്ട്.
ക്ഷേത്രക്കോണിയുടെ രണ്ട് വശത്തായും മുൻപിലും ഇടവിട്ടും ഉയലിച്ച മിഠായി, ചോക്ക് മിഠായി, റോസും വെള്ളയും നിറത്തിലുള്ളത്, ചോക്കുപോലെ നീളത്തിലും ഉരുണ്ടതും ഒക്കെ തട്ടിൽ കുമ്പാരമായും അടുക്കിയും വെച്ചിട്ടുണ്ടാകും.
നിലക്കടല തോടോടുകൂടിയും അല്ലാതെയും, മണിക്കടലയും, ഒരു കുപ്പിയില്ലാത്ത വിളക്കിന്റെ വെളിച്ചത്തിൽ വെച്ച് വിൽക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു.
വിവിധ കളറിലുള്ള സർബത്ത് കുപ്പി നിരത്തിവെച്ച് സർബത്തും നാരങ്ങാസോഡയും, വിവിധ കളറിലുള്ള ചെത്തു ഐസും, കോൽ ഐസും, വത്തക്ക മുഴുവനായും മുറിച്ചും, മധുര നാരങ്ങയും ഒക്കെ വെച്ച് ‘മക്കളെ പോറ്റി മക്കളെ പോറ്റി’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ടേ ഇരിക്കും. ഇതൊക്കെയായി പരിസരം മുഴുവൻ നിറഞ്ഞിരിക്കും.
ദൂരെ മാറി ചട്ടികളിയും, വലിയ അലൂമിനിയം താലത്തിൽ ഒന്ന് മുതൽ 6 വരെയുള്ള നമ്പർ എഴുതിയ ബോൾ ഉരുട്ടിക്കളിയും, വിവിധ കളറിലുള്ള ചായം അടിച്ച് 6 കള്ളിയിൽ വരത്തക്ക രീതിയിലുള്ള തിരിപ്പും ഒക്കെ ആയി വേറെയും ചിലരെ കാണാം.
പോലീസ് വരുമ്പോൾ തിരിപ്പുകാർ പറയും കടലക്ക വെച്ചുള്ള തിരിപ്പ് കളിയാണെന്ന്. എന്നിട്ട് കാർബോർഡ് ബോക്സിലുള്ള നിലക്കടല കാണിച്ചുകൊടുക്കും. പിന്നീട് അവരെ മാറ്റിനിർത്തി സംസാരിച്ച് പോക്കറ്റിലൊക്കെ കൈ ഇടുന്നതും തല ചൊറിയുന്നതും ഒക്കെ കാണാം. ഇതിനിടയിൽ നാടാകുത്തും, മുച്ചീട്ടുകളിയും, ആന-മയിൽ-ഒട്ടകം കളികൾ വേറെയും ഉണ്ടാവും.
ഇവരിൽ പലരും പോലീസുകാരെ കാണുമ്പോൾ ഓടിയൊളിക്കുമെങ്കിലും, അവരും വന്ന് എന്തൊക്കെയോ പറഞ്ഞും പോക്കറ്റിൽ കൈ ഇട്ടും തലചൊറിഞ്ഞും അവരുടെ കാര്യങ്ങൾ സാധിച്ചെടുക്കും എങ്ങനെയെങ്കിലും! നാടകുത്തും, മുച്ചീട്ട് കളിക്കാരും, ആന-മയിൽ-ഒട്ടകം കുലുക്കിക്കുത്തുകാരും ഒക്കെയായി പരിസരം മുഴുവൻ ആവേശ തിമിർപ്പിലായിരിക്കും തിറക്കാലമായാൽ!
ക്ഷേത്രത്തിന്റെ പടിഞ്ഞാറ് ഭാഗം വളകളും മാലകളും കൂട്ടക്സും ചാന്തും പൊട്ടും കൺമഷിയും ഒക്കെയായി വളച്ചെട്ടിമാരും സ്ഥാനം പിടിച്ചിരിക്കും. അത്തരം കാഴ്ചകളൊന്നും ഇന്ന് കാണില്ല.
ഇതൊന്നും ഇല്ലെങ്കിലും പുത്തലത്തെ തിറ ഇന്നും തനിമവിടാതെ ആചാരം വിടാതെ നടത്തിപ്പോരുന്നുണ്ട് എന്നതിൽ നമുക്ക് സന്തോഷിക്കാം!
*കുറിപ്പ്:*
1. *കോള് കൊടുക്കൽ:* അവസാന ചടങ്ങ്. തിറയുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ള എല്ലാ ചടങ്ങുകൾക്കും ഉള്ള ചിലവുകൾ, പ്രതിഫലങ്ങൾ അതാത് വ്യക്തികൾക്ക് കൊടുത്തുതീർക്കുന്ന ചടങ്ങ്. കോള് കൊടുത്ത് അവരുടെ തൃപ്തി സ്വീകരിക്കൽ.
2. മറ്റൊരു കാര്യം വിട്ടുപോയത് പുത്തലം ഉത്സവകാലത്ത് ‘കോടിയുടുക്കുക’ – പുത്തൻ വസ്ത്രങ്ങൾ. അതും ഒരു നിർബന്ധമായിരുന്നു ദേശവാസികൾക്ക്. വീട്ടിലെത്തുന്ന അതിഥികൾക്ക് വിഭവസമൃദ്ധിയായ ഭക്ഷണം, നല്ല മത്സ്യങ്ങളും ഇറച്ചിയും. ഇപ്പോഴാണെങ്കിൽ ഫ്രഞ്ച് സംസ്കാരത്തിൽ ഊന്നൽ നൽകി മദ്യസേവയും ഒക്കെ ഉണ്ടാവും.
ഈ വരുന്ന മാർച്ച് നാലിന് പുത്തലത്തെ തിറയ്ക്കുള്ള തയ്യാറെടുപ്പിലാണ് മയ്യഴിക്കാർ എന്ന് പറഞ്ഞുകൊണ്ട് നിർത്തട്ടെ.
മഠത്തിൽ ബാബു ജയപ്രകാശ്…✍️ My Watsapp Contact No: 9500716709













