Time Set To Read 05 Minutes Maximum
(ഫോട്ടോവിനോട് കടപ്പാട്)
പുത്തലം… ? പേരിന്റെ അപാരതിയിലേക്കുള്ള ഒരുകുറിപ്പും എവിടയും വായിച്ചതായി അറിവില്ല. എങ്കിലും ആ പേര് വരുവാനുള്ള സാദ്ധ്യത എന്റെ ബോദ്ധ്യത്തിൽ ഉണർന്നത് ഒരു പക്ഷെ ഇങ്ങനെ ആയിരിക്കാം …
പുത്തലം എന്നറിയപ്പെടുന്ന ക്ഷേത്രപ്പറമ്പിന്റെ പല ഭാഗത്തും ചെമ്പകം പൂത്തു നിൽക്കുന്നത് പതിവുള്ള കാഴ്ചകളായിരുന്നു! ചെമ്പകം പൂത്ത സ്ഥലം?പിന്നീട് പുത്തലം ആയതായിരിക്കാം. ഈ വിശാലമായ പറമ്പിന്റെ കിഴക്കു-തെക്കേ മൂലയിലുള്ള ചെമ്പകമരത്തിനോട് തൊട്ടുള്ള ഇടവഴിക്കരികിലായുള്ള വീടിനെ ഇപ്പോഴും ചെമ്പോച്ചോട്ടിലേ വീട് എന്ന് തന്നെ ഇപ്പോഴും വിളിച്ചു വരുന്നു .
പറഞ്ഞു വരുന്നത് വിശാലമായ പറമ്പിൽ, പലയിടങ്ങളിലായി പൂത്തുനിൽക്കുന്ന ചെമ്പകപ്പൂവുകൾ, താലത്തിൽ വെച്ചത് പോലെ തോന്നിയിട്ടുണ്ടാവാം, പൂ താലത്തിൽവെച്ചത് പോലെ? എന്ന് പറയുന്നത് പിൽക്കാലത്തു ഭാഷയുടെ വകബേദം വന്നു പുത്തലം ആയതും ആവാം. രണ്ടും എന്റെ ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിൽ ഊന്നി എഴുതിയതാണ് … ഇതിനു ആധികാരികമായി ഒരു രേഖയും ഇല്ല.
ക്ഷേത്രോത്സവം നിശ്ചയിക്കുന്നതിന് മുൻപ് അടയാളപ്പണം നല്കുന്നതോടെയാണ് ഉത്സവച്ചടങ്ങിന്റെ ആരംഭം കുറിക്കുന്നത് , ക്ഷേത്രവുമായി ബന്ധപെട്ട വിവിധ ജോലികൾ ചെയ്തുവരുന്ന ആളുകൾക്ക് അടയാളപ്പണം നൽകും. അതിൽ എല്ലാവിഭാഗം ആളുകളുംപെടും..
തെയ്യം കെട്ടുന്നവർ, വാദ്ദ്യമേളക്കാർ , വിളക്കിത്തിരി നൽകുന്നവർ, ചുണ്ണാമ്പു നൽകുന്നവർ, തിറയുമായും, പുത്തലം ക്ഷേത്ര നടത്തിപ്പുമായി ബന്ധപെട്ട എല്ലാവരും അടയാളപ്പണം വാങ്ങാൻ എത്തും.
ഈ ചടങ്ങിന്ശേഷം ക്ഷേത്ര പരിസരത്തെയും, ക്ഷേതത്തിനു ചുറ്റുമുള്ള സ്ഥലത്തെയും. ക്ഷേത്രമുറ്റത്തുള്ള മുൾച്ചെടികളും, കുറ്റിക്കാടുകളും, മുറ്റത്തെ പുല്ലുകളും ഒക്കെ വെട്ടി മാറ്റി വൃത്തിയാക്കി നൂറും വാർണീഷുംമടിച്ചു, ക്ഷേത്രവും, ക്ഷേത്ര പരിസരവും ശുദ്ദിവരുത്തും..
ക്ഷേത്രത്തിലെപ്പോലെ തന്നെ നാട്ടുകാരും തിരക്കിലായിരിക്കും, പുരയൊക്കെ കെട്ടി മേയേണ്ടവർ അതൊക്കെ പൂർത്തീകരിച്ചു. വീടും പുരയിടവും വൃത്തിയാക്കി ചുണ്ണാമ്പു തേച്ചു, വീട്ടിൻറെ അകവും പുറവും മുറ്റവുമെല്ലാം ചാണകം മെഴുകും. (ഇപ്പോഴാണെങ്കിൽ പെയ്ന്റും പോളീഷും,) അടിക്കും. ഇന്ന് ഓലമേയുന്ന പുരകളൊന്നും അവശേഷിക്കുന്നില്ല. അതുകൊണ്ടു തന്നെ ആകാഴ്ച്ചകളും അന്ന്യംനിന്ന്‌പോയിരിക്കുന്നു.
ചുറ്റുവട്ടത്തു താമസിക്കുന്നവരും പുത്തലം ക്ഷേത്രവുമായി ബന്ധപ്പെട്ടവരുടെയും പെൺമക്കളുടെ ഭർതൃവീട്ടിൽ, അല്ലെങ്കിൽ മകൻറെ ഭാര്യവീട്ടിൽ? നേരത്തെ തന്നെ ക്ഷണിക്കാൻ പോകും? പണ്ട് കാലങ്ങളിൽ!,?
ഇപ്പോഴും പുത്തലത്തെ തിറ എന്ന് പറഞ്ഞാൽ ദൂരപ്രദേശങ്ങളിലെ ബന്ധു മിത്രാദികൾ ഒത്തുകൂടുന്നുണ്ട്ന്നത് നിർബന്ധമായിരുന്നു. ഇത് വ്യക്തമാക്കുന്നത് ദേശക്കാർ തിറയ്ക്കു കൽപ്പിക്കുന്ന പ്രാധാന്ന്യത്തെയാണ്.
തിറമഹോത്സവത്തിൽ പങ്കെടുക്കാനായി എത്ര ബുദ്ദിമുട്ടിയാലും, വിദൂര ദേശങ്ങളിൽ ജോലിയെടുക്കുന്നവർ ലീവെടുത്തു ഒത്തുകൂടണമെന്നത് നിർബന്ധമായിരുന്നു.
പുത്തലം തിറ മഹോത്സവക്കാലമായാൽ അതിൽ പങ്കെടുക്കാൻ വരുന്ന കല്യാണപ്രായമായ പെൺകുട്ടികളെ ദൂരേ മാറിനിന്ന്, ചില പ്രത്യേക അടയാളങ്ങൾ പറഞ്ഞു ആ കാണുന്ന കുട്ടി… പച്ച സാരി ധരിച്ച സ്ത്രീയുടെ, തൂണിനടുത്തു നീല സാരിയും നീല ബ്ലൗസും ധരിച്ച; മെലിഞ്ഞ കുട്ടി? എന്നൊക്കെ അടയാളം പറഞ്ഞു, കല്ല്യാണ പ്രായമായ കുട്ടികളുടെ, വീടും അഡ്ഡ്രസ്സും ഒക്കെ തപ്പിയെടുത്തു പെണ്ണന്വേഷിച്ചു പോകുവാൻ ഒരെളുപ്പവഴിയായും ഈ സന്ദർഭം പലരും ഇന്നും ഉപയോഗപ്പെടുത്താറുള്ളതായി കേട്ടിട്ടുണ്ട്.
തിറ അറിയിച്ചുകൊണ്ടു; മാർച്ച് നാലിന് കൊടിയേറ്റം നടക്കും. ഈ ചിത്രത്തോടൊപ്പം കാണുന്ന നീളമുള്ള മരത്തിലാണ് കൊടിയേറ്റുന്നതു
(ഫോട്ടോവിനോട് കടപ്പാട്)
കഥിന വെടിയുടെ മുഴക്കത്തോടെ കൊടി ഏറിക്കഴിഞ്ഞാൽ, അഞ്ചിന് പ്രത്യേകിച്ച് പരിപാടികളൊന്നും ഉണ്ടാവില്ല. ക്ഷേത്രത്തിൽ തുടർന്ന് വരുന്ന കർമ്മങ്ങൾക്കും ആചാരങ്ങൾക്കും ഉള്ള മുന്നൊരുക്കങ്ങൾ മാത്രം.
(ഫോട്ടോവിനോട് കടപ്പാട്)
മാർച്ചു ആറിന് അടിയറയോടനുബന്ധിച്ചു രണ്ടോ മൂന്നോ കുടുംബങ്ങളിൽ നിന്നും കലശം വരവു, ആർപ്പുവിളികളോടെ അനുഗമിച്ചു കൊണ്ട് പുത്തലം ക്ഷേത്രത്തിലേക്കു എഴുന്നെള്ളും (ഒന്ന് ഭരണിക്കലിൽ നിന്നും മറ്റൊന്ന് ചന്ദൻ കിട്ടൻഛന്റെ ഗൃഹത്തിൽനിന്നും) തങ്ങളുടേതാണ് മികച്ച കലശം വരവ് എന്ന് വിശ്വസിച്ചു ഓരോ വീട്ടുകാരും ആ ഘോഷയാത്ര ഗംഭീരമാക്കാൻ ശ്രമിക്കും.
(ഫോട്ടോവിനോട് കടപ്പാട്)
ആദ്ദ്യകാലങ്ങളിൽ പാറേമ്മലുള്ള കൊല്ലന്റാട എന്ന വീട്ടിൽ നിന്നും കലശം ഉണ്ടാവാറുണ്ടായിരുന്നു ഇപ്പോൾ അതില്ല.
അതെ ദിവസം തന്നെ നട്ടത്തിറയും, മണ്ടോള ക്ഷേത്രത്തിൽ നിന്നും കാവുകെട്ടി ഇളനീർ വരവ് (ഇതിനു കുളത്തേറ്റു എന്നോ എന്തോ പേരുണ്ട് ശരിക്കും ഓർക്കുന്നില്ല)
എല്ലാ കാവുകളിലെയും പോലെ? പുത്തലം ക്ഷേത്രത്തിലും പുത്തരിക്കൊടുക്ക പ്രധാനമാണ്. ഗുരുകാരണവന്മാരെയും, പരദേവതകളെയും ഒക്കെ സങ്കല്പിച്ചു, പുത്തരി കൊണ്ട് ചുട്ടെടുത്ത അപ്പത്തോടൊപ്പം, മറ്റു പ്രാസാദങ്ങളും ചേർത്ത് അകത്തു വെച്ചുകൊടുക്കുക എന്ന ചടങ്ങിന് ശേഷം, പൂജകൾ കഴിഞ്ഞു, അവകാശികൾക്ക് ഓരോ ഇലയിൽ കൊടുക്കയുടെ പ്രസാദം വിതരണം ചെയ്യും.
അതിനോടൊപ്പം അവിടെ എത്തിയവർക്കും, ചുറ്റുവട്ടത്തുള്ള വീടുകളിലും എത്തിക്കും കൊടുക്ക പ്രസാദം. ഇതു കഴിയുമ്പോഴേക്കും ഏകദേശം രാത്രി 8 മണി കഴിയും.
തുടർന്ന് ഒരു വെള്ളാട്ട് ഉണ്ട് ഗുളികന്റെ.. മൂന്നു മണ്ഡപങ്ങളിലും കയറി ചെണ്ട മേളത്തോടൊപ്പം ക്ഷേത്രം വലംവെക്കും കൂടെ ഭക്ത ജനങ്ങളും..
കുളിച്ചെഴുന്നെള്ളത്തു എന്ന ചടങ്ങോടെയാണ് പുത്തലത്തെ തിറകൾ ആരംഭിക്കുന്നത്.
താലപ്പൊലിയേന്തിയ ബാലികമാരും, ചെണ്ട മേളക്കാരും, നെറ്റിപ്പട്ടം കെട്ടിയ ആനയും, വർണ്ണ ശഭളമായ ആനക്കുടകളും, ഒക്കെ അനുഗമിച്ചുകൊണ്ടായിരിക്കും അദ്ധ്യ കാലങ്ങളിലുള്ള എഴുന്നെള്ളത്തു (കുളിച്ചെഴുന്നള്ളത്തു.)
വൈകുന്നേരം കുട്ടികൾ, സ്ത്രീകൾ തുടങ്ങി നാട്ടുകാരും, വീട്ടുകാരും ഘോഷയാത്രയായി, ആർപ്പുവിളികളും ആഘോഷങ്ങളുമായി ക്ഷേത്രത്തിൽ നിന്നും മഞ്ചക്കലുള്ള പുഴക്കരയിലേക്കു പോകും.
(ഫോട്ടോവിനോട് കടപ്പാട്)
ഈ കലാരൂപം അതിന്റെ; ആചാര തനിമ ഒട്ടും ചോരാതെ ഭംഗിയായി ഇപ്പോഴും നടത്തപെടുന്നുണ്ട് എന്നതിൽ ക്ഷേത്ര നടത്തിപ്പുകാർ ആചാരങ്ങൾക്ക് ഇപ്പോഴും അതിന്റെതായ പ്രാധാന്യം നൽകുന്നു എന്നത് പ്രത്യേകം എടുത്തു പറയേണ്ടത് തന്നെയാണ് !
അവിടെ എത്തിയാൽ മുകളിലുള്ള വീട്ടിൽ നിന്ന് പഞ്ചസാരകലക്കിയ വെള്ളം വരുന്നവർക്കെല്ലാം നൽകുക പതിവായിരുന്നു . ഏലത്തരിയും ചെറിയഉള്ളിയും വേറെ എന്തൊക്കെയോ ചേരുവകൾ ആണെന്നറിയില്ല ഇട്ടു കലക്കിയ വള്ളം കുടിക്കുമ്പോൾ ഒര് പ്രത്യേക രുചിയായിരിക്കും. കുറെക്കാലമായി കുളിച്ചെഴുന്നെള്ളത്തൊക്കെ കണ്ടിട്ട്.
ഇതിനിടയിൽ ഭഗവതി പുഴയിൽ മുങ്ങി ക്കുളിച്ചു, വസ്ത്രം മാറി ഉടവാളും, എടുത്തു, അലങ്കരിച്ച ഓലക്കുട ചൂടി, ഇടയ്ക്കു കുട തിരിച്ചുകൊണ്ടിരിക്കും;
തിരിക്കുമ്പോൾ ചുറ്റും കെട്ടിയ മുല്ലമാല,അതിനടിയിലായി ചുമന്ന ചെമ്പരത്തിയും കുത്തി അത് തിരിക്കുമ്പോൾ വായുവിൽ കറങ്ങുന്നത് കാണാൻ നല്ല രസമായിരിക്കും. തുടർന്ന് വാദ്ധ്യഘോഷത്തോടെ ഘോഷയാത്രയായി പുത്തലം ക്ഷേത്രത്തിലേക്ക്.
എഴുന്നെള്ളത്തു കടന്നു പോകുന്ന വഴിക്കുള്ള വീടുകളിൽ എല്ലാം ദീപാലംകൃതമായിരിക്കും എഴുന്നെള്ളത്തു ക്ഷേത്രത്തിലെത്തുന്ന തോടെ? കഥിന വെടിയും, മാല പടക്കവും ഒക്കെ പൊട്ടിച്ചു സ്വീകരിക്കും.
ക്ഷേത്ര സന്നിധിയിൽ എത്തുന്നതോടെ ഭക്തർ മുല്ല മാലയും, പട്ടും – വളയും, സ്വർണത്താലിയും, ഓരോരുത്തരുടെ നേർച്ച എന്താണോ? അതനുസരിച്ചു. ആൺ – പെൺ വ്യത്യാസമില്ലാതെ (ചിലപ്പോൾ തോന്നും പെണ്ണുങ്ങളാണ് കൂടുതൽ എന്ന് ) ഭഗവതിക്ക് സമർപ്പിക്കും. അതോടെ പുത്തലം തിറയുടെ ആരംഭമാവും.
(ഫോട്ടോവിനോട് കടപ്പാട്)
മാർച്ചു ഏഴിന്, ക്ഷേത്ര ആചാരവുമായി ബന്ധപ്പെട്ടുള്ള അരിയളവ്. പണ്ട് കാലങ്ങളിൽ തിറയോടനുബന്ധിച്ചു എത്തപ്പെടുന്ന അവകാശികൾക്ക് ഭക്ഷണത്തിനായുള്ള അരിയും, അതോടനുബന്ധിച്ചുള്ള ചെലവുകൾക്ക്ള്ള പണവും, ക്ഷേത്ര ഊരാളന്മാർ നൽകും.
ഇന്ന് സംബ്രദായങ്ങളൊക്കെ മാറിയെങ്കിലും? ആ പഴയ ആചാരം ഇന്നും അതെ പടി പുത്തലത്തെ ഊരാളന്മാർ ഒരു മാറ്റവും ഇല്ലാതെ തുടരുന്നത് ഏറെ അഭിനന്ദനാർഹമാണ്.
പുത്തലം ക്ഷേത്രത്തിൽ കെട്ടിയാടുന്ന തിറകൾ പൂകുട്ടിച്ചാത്തൻ, ഗുളികൻ , പാമ്പൂരി , താലിശലാൻ , കാർണോർ , പോതി , ചാന്തു വാരി കുട്ടിച്ചാത്തൻ , മാർപ്പൊലിയൻ, തോലൻ മൂപ്പൻ, മുതലായവ കെട്ടിയാടും.
തിറയോടനുബന്ധിച്ചു, കുന്നത്തു പറമ്പിൽ നിന്നുള്ള പാലെഴുന്നെള്ളത്ത്! കുളിച്ചെഴുന്നെള്ളത്തിനുള്ള കുടവരവ്! കുന്നുംപുറത്തു നിന്നും? മണ്ടോളയിൽ നിന്നും തോട്ടി വരവ് മുതലായവ വേറെയും, ഇതൊക്കെ ഉത്സവത്തിന്റെ ഭാഗമായുള്ള ചടങ്ങുകളാണ്..
കോഴിക്കോടിനടുത്തുള്ള കൊയിലാണ്ടിയിലെ ചാലോറ ഇല്ലത്തിലാണ് പൂക്കുട്ടിച്ചാത്തൻ തിറ പണ്ട് കാലങ്ങളിലെ കെട്ടിയാടിക്കൊണ്ടിരുന്നത്.
പിന്നീട് ഈ കലാരൂപം പുത്തലം കുടുംബത്തിലെ പ്രശസ്തനായ അമ്മാവൻ തോലൻ മൂപ്പനാണ് മാഹിക്ക് സംഭാവന ചെയ്തത്. എല്ലാ വർഷവും മാർച്ച് 8 ന് മാഹിയിലെ പുത്തലത്ത് ഇത് നടത്തപ്പെടുന്നു. (അതിന്റെ ഐതീഹ്യം മുകളിൽ വിവരിച്ചിട്ടുണ്ട്)
ഇപ്പോൾ ക്ഷത്രം നടത്തിപ്പുമായി മുൻപന്തിയിൽ നാട്ടുകാരാണെങ്കിലും? കുറച്ചുകാലമായി അതിനു നേതൃത്വം നൽകുന്നത് കക്കാട്ട് കുടുംബാംഗങ്ങളാണ് എന്ന് പ്രത്യേകം എടുത്തു പറയേണ്ടിയിരിക്കുന്നു.
ഇപ്പോൾ നിയമം വഴി മതാചാരങ്ങൾക്കായുള്ള മൃഗബലി നിർത്തലാക്കിയതിനാൽ? സങ്കല്പത്തിലൂടെ ഓട്ടുരുളിയിൽ വെള്ളം ഒഴിച്ച്, ചുണ്ണാമ്പും, മഞ്ഞളും, സിന്ദൂരവും, കലക്കി രക്ത നിറം ഉണ്ടാക്കി രക്തമായി സങ്കല്പിച്ചു, ഗുരുസി നടത്തി കർമങ്ങൾ ചെയ്ത്, ദേവതകളെ തൃപ്തി പെടുത്തുന്നു. ഇത്തരം കർമങ്ങൾ ഒക്കെ ഈ കേട്ടറിവിനെ സാക്ഷ്യപെടുത്തുന്നില്ലേ ?
(ഫോട്ടോവിനോട് കടപ്പാട്)
അടയാളപ്പണവും, അരിയളവും, ഒക്കെ കഴിഞ്ഞാൽ? കക്കാട്ട് കുടുംബത്തിലെ ഇപ്പോഴത്തെ തലമുറയിലെ ജയ കൃഷ്‌ണന്റേയും , പ്രതീപിന്റേയും പ്രേമന്റേയും നേതൃത്വത്തിൽ, നാല് പുരക്കാരും (കക്കാട്ട് , പുത്തലം , വാഴയിൽ , നാലുപുര) ഊരാളന്മാരായ കുടുംബങ്ങൾ? ക്ഷേത്രത്തിന്റെ ദൈനം ദിന നടത്തിപ്പുമായി ബന്ധപെട്ടു കാര്യങ്ങൾ നോക്കാൻ രാമകൃഷ്ണൻ , അനന്ദേട്ടൻ , ശശി മുതലായവരും , താവഴിയായുള്ള കുഞ്ഞാപ്പുവച്ചൻ . ഇവരുടെയൊക്കെ താവഴിയിലുള്ള ഇന്നത്തെ തലമുറക്കാരൊക്കെ ക്ഷേത്രോത്സവമുമായി സഹകരിച്ചു എപ്പോഴും പുത്തലത്തു സജീവമായിരിക്കും.
ഇവരോടൊപ്പം വിളക്കും, പൂയ്യവും നേർച്ച നടത്തുവാൻ വരുന്നവർക്ക് ക്ഷേത്ര പൂജാരിയായി കരുണേട്ടനും, ക്ഷേത്ര പൂജാദികാര്യങ്ങളിലൊക്കെ മേൽനോട്ടം വഹിച്ചു ക്ഷേതത്തിൽ തന്നെ ഉണ്ടാവും
എല്ലാത്തിന്റെയും മേൽ നോട്ടം വഹിച്ചു ഒന്നിനും ഒരു പോരായ്മ വരാൻ പാടില്ല എന്നുള്ളത് സി. സി. ജയകൃഷ്ണനും, അനുജൻ പ്രദീപുനും. പ്രേമനും, നിർബന്ധമായിരുന്നു. ജയകൃഷ്ണൻ ഇന്നവരോടോപ്പമില്ല, അദ്ദേഹത്തിന്റെ അപ്രതീക്ഷിതമായുള്ള വേർപാട് പുത്തലത്തിനും, കുടുംബത്തിനും, നാട്ടുകാർക്കും ഒരു തീരാനഷ്ട്ടമാണ്.
ജെയകൃഷ്ണനോടൊപ്പം മറ്റു കാര്യങ്ങൾ ഓക്കേ നൽകിക്കൊണ്ടിരുന്ന പുത്തലത്തെ അനന്ദേട്ടനും, രാമകൃഷ്ണനും. ഇന്നവരോടോപ്പമില്ല. (നമ്മോടോപ്പമില്ല) എന്നതായിരിക്കും ശരിയായ പ്രയോഗം..
ഇതിനിടയിലാണ് ദൈവീകമായി കരുതുന്ന കാളയെ കൊന്നു രക്തം കുടിച്ചതറിഞ്ഞ നമ്പൂതിരി ക്ഷുഭിതനായി, അയാൾ കുട്ടിയെ 390 കഷണങ്ങളായി മുറിച്ച് ‘ഹോമാഗ്നിയിൽ അർപ്പിച്ചു. മഹാൽഭുതം സംഭവിച്ചത് പോലെ? ഹോമത്തിൽ നിന്ന് നൂറുകണക്കിന് ചാത്തന്മാർ ജനിച്ചു, അവരിൽ ഒരാൾ പൂക്കുട്ടിച്ചാത്തനും ആയിരുന്നു എന്ന് ഒരൈതീഹ്യം.
കേഷത്രവുമായി ബന്ധപെട്ടു വർഷത്തിനുള്ളിൽ മൂന്നു പ്രധാന വ്യക്തിത്വങ്ങൾ നഷ്ടപെട്ടത് ഇപ്പോഴത്തെ ക്ഷേത്ര നടത്തിപ്പുകാർക്ക് ഒര് തീരാ നഷ്ടം എന്ന് പ്രത്യേകം എടുത്തു പറയേണ്ടത് തന്നെ. എങ്കിലും പുത്തലം തിറമഹോത്സവത്തിന്റെ മാറ്റൊന്നും കുറയ്ക്കാതെ പ്രദീപും അനുജൻ പ്രേമനും എല്ലാം ഭംഗയി നിറവേറ്റുന്നുണ്ട്.
മയ്യഴി പുത്തലത്തെ തിറകളിൽ ഒന്നായ തോലൻ മൂപ്പൻ? ജീവിച്ചിരുന്ന കഥാപാത്രമായിരുന്നു എന്ന് എത്ര പേർക്കറിയാം?
(ഫോട്ടോവിനോട് കടപ്പാട്)
ഇനി അറിഞ്ഞിരുന്നെങ്കിൽ തന്നെ ഈ തലമുറയോടുകൂടി അതും ഒരുപക്ഷെ നമുക്ക് നഷ്ട്ടമായേക്കാം? ഒരു പക്ഷെ ചരിത്രത്താളുകളിൽ എവിടെയെങ്കിലും രേഖ പെടുത്തിയിട്ടുണ്ടെങ്കിൽ അത് തലമുറകളായി നില നിൽക്കും.
പുത്തലത്തിനു; എങ്ങനെ പേര് വന്നു വന്നു! എന്റ ഒരു കണ്ടെത്തൽ ഞാൻ പങ്കു വെച്ചിരുന്നു, എന്റേതെന്നു ഞാൻ അവകാശം പറയുന്നില്ല, ഇതുവരെ ആരും പറഞ്ഞു കേട്ടിട്ടില്ല.. വായിച്ച പുസ്തകങ്ങളിലൊന്നും എനിക്ക് വായിക്കാനും പറ്റിയിട്ടില്ല!…
അത്പോലെ തോലൻമൂപ്പന്റെ, ഞാൻ കേട്ടറിഞ്ഞ കഥ എഴുതാൻ ശ്രമിക്കാം? ഒരു പക്ഷെ ഏതെങ്കിലും പുസ്തകത്തിൽ ഇതേ പറ്റി പരാമർശിച്ചിട്ടുണ്ടെങ്കിൽ? എന്റ ഈ എഴുത്തു കേട്ടെഴുത്തിന്റെ ഭാഗമായി മാത്രം കാണാൻ ശ്രമിക്കണം..
പണ്ട് കാലങ്ങളിൽ എന്നോ?കൊയിലാണ്ടിയിൽ നിന്നും മയ്യഴിയിലെത്തിയ പ്രഗത്ഭനായ ഒരു കൽപ്പണിക്കാരൻ? മയ്യഴിയിലേ തീയ്യ സമുതായങ്ങൾക്കിടയിൽ നാട്ടു മൂപ്പനോക്കെ ആയി നടക്കുമ്പോഴാണ്, ഫ്രഞ്ചുകാർ മയ്യഴി കീഴടക്കുന്നതും; പള്ളി പണി ആരംഭിച്ചതും.
തീയ്യസമുദായത്തിന്റെ ക്ഷേത്രമായിരുന്ന പുത്തലം കേന്ദ്രീകരിച്ചു തിറകളും, പൂരക്കളികളും ഒക്കെ ആയി ആഘോഷിക്കുന്ന കാലം. എല്ലാത്തിനും മേൽനോട്ടം വഹിച്ചു മുഖ്യസ്ഥാനായ തോലൻ മൂപ്പനും.
അക്കാലങ്ങളിൽ പുത്തലം ക്ഷേത്രപ്പെരുമ മനസിലാക്കിയ ഫ്രഞ്ചുകാർ സ്‌കൂളുകൾക്കും ഓഫീസുകൾക്കും അവധിയും പ്രത്ത്യേക ഡ്രസ്സ് വെള്ളയും വെള്ളയും ഡ്രസ്സിട്ട പോലീസുകാരെയും ഒക്കെ പുത്തലത്തെ ഉത്സവകാലങ്ങളിൽ നിയോഗിച്ചിരുന്നു; എന്ന് പറയുമ്പോൾ ആലോചിക്കാവുന്നതേയുള്ള, പുത്തലപ്പെരുമ..
ഒരു പക്ഷെ അവിടെ വെച്ചായിരിക്കാം ഫ്രഞ്ചുകാർ തോലൻ മൂപ്പനെ ആദ്ദ്യമായി കാണുന്നതും; പരിചയപ്പെടുന്നതും, അദ്ദേഹത്തിന്റെ കഴിവുകളെ പറ്റി മനസിലാക്കുന്നതും!
ഇതിനകം തോലൻമൂപ്പനെ പറ്റിയും അദ്ദേഹത്തിന് നാട്ടുകാരിൽ ഉള്ള സ്വാധീനവും കെട്ടിട നിർമാണത്തിനുള്ള വൈദഗ്ധ്യവും തിരിച്ചറിഞ്ഞ ഫ്രഞ്ച് കാർ പള്ളിയുടെ നിർമ്മാണച്ചുമതല തോലൻ മൂപ്പനെ ഏൽപ്പിക്കുകയും ചെയ്തു.!
പള്ളിപണിയുടെ ഓരോ ഘട്ടത്തിലും, തോലൻ മൂപ്പൻ? ഫ്രഞ്ചുകാരുമായി സമ്പർക്കം വെക്കുന്നതിലൂടെ; ഫ്രഞ്ച് ഭാഷയിൽ പ്രാവീണ്ണ്യം നേടുകയും, ക്രമേണ ഫ്രഞ്ച്കാരുടെ ഇടയിൽ കൂടി സ്വാധീനം ഉണ്ടാക്കുകയും ചെയ്‌തു.
പിന്നീട് മയ്യഴിയിലും ചുറ്റുവട്ടത്തും എന്ത് കാര്യം നടത്തുന്നതിനും തോലൻ മൂപ്പന്റെ സഹായമുണ്ടെങ്കിൽ നടത്താമെന്നുള്ള സ്ഥിതിയിൽ ആയി തോലൻ മൂപ്പന്!
ഫ്രഞ്ചുകാർ മയ്യഴി കീഴടക്കി ഭരണം നടത്താൻ തുടങ്ങിയപ്പോൾ? വേണാട് രാജാവിന്റെ അധീനതയിലുള്ള പല പ്രദേശങ്ങളും, അതാതു പ്രദേശത്തെ പ്രമാണിമാർ ഫ്രഞ്ചുകാരുടെ സഹായത്തോടെ കരം രജാവിനു നൽകാതെ നേരിട്ട് പിരിച്ചെടുക്കാൻ തുടങ്ങി..
തൽഫലം വേണാട് രാജാവിന്റെ വരുമാനം കുറയുകയും; തുടർന്നു നിത്യ ജീവിതത്തിനു തന്നെ ബുദ്ദിമുട്ടുന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ നീങ്ങികൊണ്ടരിക്കുമ്പോഴാണ്, വേണാട് രാജാവ് തോലൻമൂപ്പനെപറ്റി അറിയുന്നത്. തോലൻമൂപ്പന് ഫ്രഞ്ച്കാരിലുള്ള സ്വാധീനം മനസിലാക്കി, വേണാട് രാജാവ് തോലൻമൂപ്പനെ കണ്ടു? തൻറെ ദയനീയ സ്ഥിതി വിവരിച്ചു.
രാജാവിനോട് ദയ തോന്നിയ തോലൻ മൂപ്പൻ? ഫ്രഞ്ചുകാരുമൊത്തുള്ള നാട്ടു കൂട്ടം കൂടുമ്പോൾ? അദ്ദേഹം നിർദേശിക്കുന്നത് പോലെ ഫ്രഞ്ചുകാരെ മുഖം കാണിക്കാൻ വരണം എന്ന് വേണാട് രാജാവിനെ ഉപദേശിക്കുകയും അത് പ്രകാരം നാട്ടുകൂട്ടം കൂടുമ്പോൾ തോലൻ മൂപ്പൻ നിർദ്ദേശിച്ചത് പോലെ, വേണാട് രാജാവ് ആനയും അമ്പാരിയും, പരിവാരങ്ങളും, ഒക്കെയായി വരുന്നത് കണ്ടു, തോലൻമൂപ്പൻ അവരുടെ വരവ് കണ്ടു ബഹുമാനം കൊടുത്തു ആദരിക്കുന്നത് പോലെ എഴുനേറ്റു നിന്ന് രാജാവിനെ സ്വീകരിച്ചു.
മയ്യഴിക്കാർ ഒന്നടങ്കം ആദരിക്കുന്ന തോലൻമൂപ്പൻ എഴുനേറ്റു ആദരിക്കുന്ന ഈ മഹാൻ ആരായിരിക്കും എന്ന് അത്ഭുതത്തോടെ ഫ്രഞ്ചുകാർ? ആരാണ് ഇതെന്ന് ചോദിച്ചപ്പോൾ?
വേണാട് രാജാവ് ആണെന്നും? അദ്ദേഹമാണ് ഈ നാടിന്റെ അധിപനെന്നും അറിയിച്ചു! അങ്ങനെ ഫ്രഞ്ച് സർക്കാർ നാട്ടു പ്രമാണി മാരോട് ഇനി മുതൽ കരം വേണാട് രാജാവിന് നൽകുവാനും കല്പിച്ചു.
പിന്നീട് ഈ അധികാരം കയ്യിൽ വന്ന രാജാവ്, തോലൻ മൂപ്പനോട് എന്ത് അവകാശമാണ് വേണ്ടതെന്നു ആരായുകയും , തങ്ങൾക്കു (തീയ്യ) സമുദായത്തിന് നിഷേദിക്കപ്പെട്ട, എഴുന്നള്ളത്തു നടത്താൻ അനുവദിക്കണമെന്ന് തോലൻമൂപ്പൻ രാജാവിനോട് അഭ്യർത്ഥിച്ചു.
അതുപ്രകാരം പുത്തലം അമ്പലത്തിന്റെ ഭാഗമായി ഒരു എഴുന്നള്ളത്തു നടത്താനുള്ള അവകാശം, രാജാവ് എഴുന്നള്ളിയത് പോലെ ആനയും വെഞ്ചാമരവും ഒക്കെ യായി ഭഗവതിയ കുളിച്ചെഴുന്നെള്ളിക്കുന്നതായി സങ്കല്ച്ച് പുത്തലം മുതൽ പാറേമ്മൽ വരെ പോയി ഭഗവതി കുളിച്ചു തിരിച്ചു വരുന്നത് വരെയുള്ള ആഘോഷമാണ് കുളിച്ചെഴുന്നള്ളത്തായി ഇപ്പോഴും ആഘോഴിക്കുന്നതു. എന്നൊരു ഐതീഹ്യം പറഞ്ഞു കേട്ടിട്ടുണ്ട്.
തിറകെട്ടി ആടുന്ന ദിവസം ക്ഷേത്ര കാര്യങ്ങൾ ഒക്കെ നോക്കി നടത്തുന്നതും? തിറയുടെ മേൽ നോട്ടം വഹിക്കുന്നതിനും തോലൻ മൂപ്പനുള്ള അവകാശമായി സങ്കല്പിച്ചു പോരുന്നു. തോലൻ മുപ്പനും, അനുയായികൾക്കും ഇരുന്നു കാണുവാനും റെസ്റ്റ്റ്‌ക്കാനുള്ള ഒരു താൽക്കാലിക ഷെഡ്ഡും ഇപ്പോഴും കെട്ടി തിരിച്ചു വെച്ചിട്ടുണ്ടാവും.
എല്ലാവർഷവും പുത്തലത്തെ തിറ കാണാൻ വരുന്നവർ സ്റ്റെപ്പ് കയറി മിക്കവാറൂം ഇടതുഭാഗത്തായി സമചതുരത്തിലായി മടഞ്ഞ ഓലകൊണ്ട് പാതി കെട്ടി മറച്ച ഒരു പന്തൽ കെട്ടിയതു കാണാം . ഇപ്പോൾ പോലീസുകാരെയാണ് നമുക്ക് അതിൽ കാണാൻ സാദിക്കുക.
ഇതിനെ ചിലപ്പോൾ പോലീസ് ഔട്പോസ്റ്റായി തെറ്റിദ്ധരിച്ചേക്കാം. അതിന്റെ പിന്നിൽ ഒരു ചരിത്രമുണ്ട്
തോലൻ മൂപ്പനും ഫ്രഞ്ച് കാരും തമ്മിലുള്ള അടുപ്പം കാരണം എല്ലാ ക്കാലങ്ങളിലും തോലൻമൂപ്പന്റെ ക്ഷണനനുസരിച് ഫ്രഞ്ചു കാർ തിറകാണാനെത്തിയാൽ അവരൊക്കെ ഈ പന്തലിലിരുന്നാണ് തിറ കാണാറുള്ളത് .
ഫ്രഞ്ചുകാർ നാടുവിട്ടെങ്കിലും ആ പതിവ് ഇന്നും പുത്തലത്തു തുടരുന്നു . ഇന്ന് അവിടെ പോലീസ് ഉദ്ദ്യോഗസ്ഥരും മറ്റു ഉന്നത ഉദ്ദ്യോഗസ്ഥരോ വന്നാൽ അവരും ഉപയോഗിക്കുന്നു .
(ഫോട്ടോവിനോട് കടപ്പാട്)
മയ്യഴിയിലെ തീയ്യ സമുദായത്തെ അഭിവൃദ്ധിയിൽ ഉയർത്തിയതു തോലൻ മൂപ്പനായിരുന്നു ഇന്നു പുത്തലത്തെ തിറക്കു തോലൻ മുപ്പൻ്റെ തെയ്യം കെട്ടിയാടുന്നുണ്ടു. ഫ്രഞ്ച് ഭരണമവസാനിപ്പിച്ചു മയ്യഴി വിട്ടുപോകുന്നത് വരെ 1954 നു മുമ്പു മയ്യഴിയിലെ മുപ്പൻ സായിപും മററു ഉദ്യോഗസ്തരും തിറ കാണാൻ വന്നാൽ ‘ ക്ഷേത്ര മുററത്തു അവർക്കായി തയാറാക്കിയ പന്തലിലായിരിന്നു ഇരിക്കുക തോലൻ മുപ്പൻ്റെ തെയ്യം പന്തലിൻ്റെ അടുത്തേക്കു വരുമ്പോൾ പന്തലിരിക്കുന്ന വിശിഷ്ട വ്യക്തികൾ എഴു ന്നേറ്റു നിന്ന് കൊണ്ടു തോലൻ മുപ്പനെ നമസ്ക്കരിക്കുകയും ഹസ്തദാനം ചെയ്യുകയും പതിവായിരുന്നു. ഫ്രഞ്ച് കാർ മയ്യഴി വീട്ടു പോയിട്ടും പൂത്തലത്തെ തിറക്ക് പഴയതു പോലെ അവിടെ പന്തലൊരിക്കി ഇരിക്കാൻ കസേലയും തയാറാക്കി വെക്കുന്നുണ്ടു.
പുത്തലം ക്ഷേത്രത്തിലെ മറ്റൊരു പ്രധാന ആരാധനാ മൂർത്തിയാണ് ഗുളികൻ. വടക്കൻ കേരളത്തിലെ ഒട്ടു മിക്ക കാവുകളിലും ഗുളികനെ പൂജിക്കുകയും, ഗുളികൻ തിറ കെട്ടിയാടുന്നുണ്ട്.
(ഫോട്ടോവിനോട് കടപ്പാട്)
ശ്രീമഹാദേവൻറെ; ഇടത്തേ തൃക്കാൽ പെരുവിരൽ പൊട്ടി പിളർന്നുണ്ടായ അനർത്ഥ കാരിയും, വിളിച്ചാൽ വിളിപ്പുറത്തെത്തുന്നതും, ക്ഷിപ്ര കോപിയുമാണ് ഗുളികൻ എന്ന് വിശ്വസിക്കുന്നു വിശ്വാസികൾ? ഗുളികന്റെ സഞ്ചാര പഥത്തിൽ തടസ്സമായിട്ടു ഒന്നും ഉണ്ടാകുവാൻ പാടുള്ളതല്ല. അങ്ങനെയുള്ളതൊന്നും വാഴില്ല എന്ന് സങ്കല്പം..
ഉത്തരകേരളത്തിലെ മലയസമുദായം, കുലദേവതയായ് കണ്ട് ഗുളികനെ ആരാധിക്കുന്നു. യമൻറെ സങ്കൽപ്പത്തിലുള്ള ദേവനാണ് ഗുളികൻ എന്നും ചിലർ വിശ്വസിച്ചുപോരുന്നു.
വീടുകളിലോ പറമ്പുകളിലോ ഒര് പ്രത്യേക ദിക്കിൽ പുളിമരമുണ്ടെങ്കിൽ അവിടെ ഗുളികന്റെ സാന്നിദ്ദ്യം ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട് അങ്ങനെയുള്ള ഒര് സ്ഥലം എനിക്ക് നേരിട്ടറിയാവുന്നതാണ്. എത്ര ശ്രമിച്ചിട്ടും ആരെല്ലാം ശ്രമിച്ചിട്ടും, ആ പുളിമരം ഇന്നും മുറിക്കാൻ സാദിക്കാതെ അവിടെ തന്നെയുണ്ട്. എന്ന് പറയുമ്പോൾ അതിന്റെ ഗൗരവം അത്രയ്ക്ക് ഉണ്ട് എന്നർത്ഥം.
ഉത്തരകേരളത്തിലെ ഒട്ടുമിക്ക സമുദായങ്ങളും ഗുളികൻറെ ആരാധനകൾ ചെയ്യ്തുവരുന്നു. മന്ത്രമൂർത്തികളിൽ പ്രധാനിയായ ഗുളികന് മാന്ത്രിക കർമ്മങ്ങളിലെല്ലാം വിശേഷസ്ഥാനം ഉണ്ട്. അത് കൊണ്ട് തന്നെയായിരിക്കാം പല വീടുകളിലും തിറകൾ ഒന്നുമില്ലെങ്കിലും ഗുളികന് തറകെട്ടി പൂയ്യം എന്ന പൂജാ സങ്കല്പത്തിലൂടെ പൂജ ചെയ്തു ഗുളികനെ തൃപ്തി പെടുത്തുന്നത്.
പ്രത്യേകിച്ച് പൂജാവിദികളൊന്നും ഇല്ലാതെ, നോക്കിയും കണ്ടും ആർക്കും സ്വായത്തമാക്കി വിശ്വസിച്ചു, ഗുളികനെ ആരാധിക്കാവുന്നതാണ് എന്നാണ് വിശ്വാസം.
എല്ലായിടത്തും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുള്ള ദേവതയാണ് ഗുളികൻ. സർവ്വവ്യാപിയായ ഗുളികൻറെ നോട്ടമോ സഞ്ചാരമോ ഇല്ലാത്ത സ്ഥലങ്ങൾ ഉണ്ടാവില്ല എന്ന് ഉപാസകൻമാർ ഇന്നും ഉറച്ച് വിശ്വസിക്കുന്നു.
ജ്യോതിഷവിധിയനുസരിച്ചു ചിന്തിക്കുമ്പോൾ? ജനന – മരണ കാരകനായ ഗുളികൻറെ സാന്നിദ്ധ്യമാണ്, പ്രപഞ്ചത്തിൻറെ കർമ്മഗതിയെ നിയന്ത്രിക്കുന്നത്? ഗുളികൻറെ നേരിട്ടുള്ള ദർശ്ശനം മരണത്തിന് കാരണമാകും എന്ന് പറയപ്പെടുന്നു. ഇതുകൊണ്ടാണ് പൂർവ്വീകർ ഗുളികന്റെ വരവിൽപ്പെടരുത് എന്നൊക്കെ പറഞ്ഞു ഓർമ്മപ്പെടുത്തുന്നത് ?
ഇങ്ങനെയൊക്കെയാണെങ്കിലും ഭകതർക്കുണ്ടാകുന്ന ദോഷങ്ങളെയെല്ലാം ഗുളികന് പൂയ്യം കഴിപ്പിക്കുന്നതിലൂടെ അകറ്റി നിർത്താൻ സാധിക്കുന്നതാണ്.
തെയ്യത്തെപോലെ സമാനമായ അനുഷ്ഠാനകലകളായ തിറയിലും തുളുനാട്ടിലെ ഭൂതക്കോലത്തിലും ഗുളികനെ കെട്ടിയാടാറുണ്ട്.
പൊതുവെ നൂറ്റൊന്ന് ഗുളികൻമ്മാരുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു.
ഏകദേശം ഒരു മണ്ഡല കാലത്തോളം വൃതമെടുത്തായിരിക്കും തെയ്യക്കോലം കെട്ടുന്നവർ തെയ്യ കാലങ്ങൾ കെട്ടാൻ സജ്ജമാകുന്നത്. ഏകദേശം 30 – 40 അടിയോളം ഉയരവും രണ്ടോ, മൂന്നോ അടി വീതിയും വരുന്ന കുരുത്തോലയും മുളകളും കോണ്ടുണ്ടാക്കിയ മുടി ശിരസ്സിലേറ്റി, പൊയ്ക്കാലിൽ നടക്കുന്നതും, പീഠത്തിൽ ഇരുന്നു പെട്ടെന്ന് പിറകോട്ടു മറിയുന്നതും, നിലത്തു കിടന്നു കഴുത്തു പൊന്തിച്ചു ഉരുളുന്നതും, ഒക്കെ ഒരു തിങ്കഞ്ഞ അഭ്യാസിക്ക് മാത്രമേ സാദ്ധ്യമാവുകയുള്ളു. എല്ലാം ദൈവീകമായ കഴിവുകൾ തന്നെ ?
ഗുളികൻ തെയ്യം കെട്ടി ആടുമ്പോൾ നട്ടെല്ലിനും കഴുത്തിനും ഊരയ്ക്കും ക്ഷതം പറ്റാൻ ഏറെ സാദ്ധ്യത ഉണ്ടാവും എന്നറിഞ്ഞിട്ടും? ഒരു ഉപാസനപോലെ കൊണ്ടുനടക്കുന്നവർ ഉണ്ട് എന്നറിയുമ്പോൾ അത്ഭുതം തോന്നും ഈ ദൈവീക കല കെട്ടിയാടുമ്പോൾ.. വളരെ ദുർല്ലഭമായി അത്തരം അപകടങ്ങൾ ഉണ്ടായിട്ടുണ്ടെന്നും കേട്ടിട്ടുണ്ട്. എന്നിട്ടും ഈ ദൈവീക കലയെ ഉപാസിച്ചു ആചരിച്ചീടുന്നത് അതിലെ സത്യം ഉൾക്കൊണ്ട് തന്നെയായിരിക്ക്ണം.
പുത്തലത്തെ മറ്റൊരു പ്രധാന ആകർഷണത്തിറയാണ് പൂ കുട്ടിച്ചാത്തൻ!
(ഫോട്ടോവിനോട് കടപ്പാട്)
മയ്യഴിയിൽ പുത്തലത്തു ആദ്ധ്യ കാലങ്ങളിൽ പൂക്കുട്ടിച്ചാത്തൻ തിറ ഉണ്ടായിരുന്നില്ല. ഒരു നാൾ കൊയിലാണ്ടി സ്വദേശിയായ ഒരാളെ ക്കാണാൻ മയ്യഴിയിൽ താമസിക്കുന്ന തോലൻമൂപ്പൻ തൻറെ സ്വദേശമായ കൊയിലാണ്ടിയിലെ കാവിൽ പോയപ്പോൾ? അവിടത്തെ കാവിലെ പുല്ലുകൾ കുട്ടിച്ചാത്തൻമ്മാർ ഇരുന്നു പറിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്.
(ഫോട്ടോവിനോട് കടപ്പാട്)
ഈ കാഴ്ച കണ്ടപ്പോൾ? തോലൻമൂപ്പന്റെ മനസ്സിൽ അറിയാതെ ഒരാഗ്രഹം ഉണ്ടായി ഇതുപോലെ കുട്ടിച്ചാത്തൻ മയ്യഴിയിലേ പുത്തലത്തു ഉണ്ടായിരുന്നെങ്കിൽ? അവിടത്തെ പുല്ലും പറിച്ചു വൃത്തിയാക്കാമായിരുന്നു എന്ന്..
ഈ ആഗ്രഹുവുമായി രാത്രി ഏറെ വൈകി ചൂട്ടൊക്കെ കത്തിച്ചു തോലൻമൂപ്പൻ മയ്യഴിയിലേക്കു മടങ്ങി. കാലത്തു പുത്തലത്തു എത്തിച്ചേർന്നപ്പോൾ അദ്ദേഹത്തിന് കാണാൻ സാധിച്ചത് പുത്തലത്തെ മുറ്റത്തു നിന്നും കുട്ടിച്ചാത്തൻ പുല്ലു പറിക്കുന്ന കാഴ്ചയായിരുന്നു? ഈ രംഗം കണ്ടു തോലൻ മൂപ്പൻ അതുത്ഭുത പെട്ടുപോയി.
തന്റെ മനസ്സിൽ തോന്നിയ ആഗ്രഹം ആരോടും പങ്കുവെക്കാത്ത ആഗ്രഹം സാഫല്യമായിരിക്കുന്നു . ഇതിൽ എന്തോ ദൈവീക ചൈതന്യമുണ്ട് എന്ന് തിരിച്ചറിഞ്ഞ തൊലൻമൂപ്പൻ അന്ന് മുതൽ കൊയിലാണ്ടിക്കാവിൽ പൂക്കുട്ടിച്ചാത്തന് സങ്കല്പിച്ചു ചെയ്യുന്ന ആചാരങ്ങളും കർമ്മങ്ങളും മയ്യഴി പുത്തലത്തും തോലൻ മൂപ്പൻ നടപ്പിലാക്കി. ആദ്ധ്യ കാലങ്ങളിൽ മയ്യഴി പുത്തലത്തു ഒരു കുട്ടിച്ചാത്തൻ മാത്രമായിരുന്നു കെട്ടി ആടിയിരുന്നത്.
പിന്നീട് ഒരു കുട്ടിച്ചാത്തൻ കൂടി ഉണ്ട് എന്ന് ചില നിമിത്തങ്ങളിലൂടെ തോലൻമൂപ്പന് മനസ്സിലായതോടെ? പ്രശ്നവശാൽ ചിന്തിച്ചു രണ്ടാമത്തെ കുട്ടിച്ചാത്തന്റെ സാന്നിദ്ദ്യം ഉറപ്പുച്ചു, കർമ്മങ്ങൾ ചെയ്യാൻ തുടങ്ങി. അതിന്റെ ഐതീഹ്യം ഞാൻ ചെറുപ്പത്തിൽ കേട്ടറിഞ്ഞത് ഇങ്ങനെ..
അന്ന്യ മതത്തിൽപെട്ട ആരോ ഒരാൾ, തൻറെ വീട്ടിൽ കുട്ടിച്ചാത്തന്റെ സാന്നിദ്ദ്യം ഉണ്ടെന്നു അറിഞ്ഞു, ഒഴിവാക്കാൻ മന്ത്രവാദിയുടെ സഹായത്താൽ; കുടത്തിൽ ആവാഹിച്ചു കടലിൽ ഒഴുക്കൻ വേണ്ടി പുത്തലത്തെ ഇടയിൽ കൂടി പോവുമ്പോൾ? പുത്തലത്തുള്ള കുട്ടിച്ചാത്തൻ ചെമ്പക മരത്തിൽ നിന്നും ഈ കാഴ്ച കാണുകയും, തന്റെ കുലത്തിലുള്ള കുട്ടിച്ചാത്തനാണ് കുടത്തിലുള്ളത് എന്ന് ദിവ്യശക്തിയാൽ തിരിച്ചറിഞ്ഞു, ചെമ്പകക്കൊമ്പു പൊട്ടിച്ചു, കുടം എറിഞ്ഞു പൊട്ടിച്ചു, കുട്ടിച്ചാത്തനെ രക്ഷ പെടുത്തി എന്നൊരു കഥ കേട്ടിട്ടുണ്ട്.
അതിനെ സാക്ഷ്യപ്പെത്തും വിധമാണ് ചില സംബ്രദായങ്ങളൊക്കെ കുട്ടിച്ചാത്തൻ വെള്ളാട്ടു സമയത്തു നമ്മൾ കാണുന്നത്? കുട്ടിച്ചാത്തനെ കുടത്തിലാക്കിയ വരോടുള്ള പക, ഇപ്പോഴും കുട്ടിച്ചാത്തന്റെ മനസിൽ ഉണ്ടെന്നും? അത് ശമിപ്പിക്കാനാണ് കോഴിയെ കൊടുത്തു കടിച്ചു രക്തം കുടിപ്പിച്ചു ദേഷ്യമടക്കാൻ ശ്രമിപ്പിക്കുന്നതു, രക്തം നൽകിയിട്ടും ദേഷ്യം ശമിക്കാതെ, തൻറെ സഹായികളുടെ കണ്ണ് വെട്ടിച്ചു, ക്ഷേത്രം മുഴുവൻ ഓടി നടന്നു തന്നെ കുടത്തിലാക്കിയവരോ? അവരുടെ കൂട്ടത്തിലുള്ളവരോ? ക്ഷേത്ര പ്രസരത്തുണ്ടോ? എന്ന് നോക്കാനാണ് ഓടി നടക്കുന്നത്..
അങ്ങനെ ആരെയെങ്കിലും കാണുകയാണെങ്കിൽ? എറിഞ്ഞു വകവരുത്താൻ ഓടുന്ന വഴിയിലെ കല്ലുകൾ ഒക്കെ എടുക്കാൻ ശ്രമിക്കുന്നതും. സഹായികൾ കൂടെ ഓടി അത് തടസ്സപ്പെടുത്തുന്നതും ദേഷ്യം ശമിപ്പിച്ചു തിരികെ കൊണ്ട് വരുന്നതും ഒക്കെ കുട്ടിച്ചാത്തന്റെ വെള്ളാട്ടിലുടെ ഇപ്പോഴും പുനരാവിഷ്കരിക്കുന്നുണ്ട്.
(ഫോട്ടോവിനോട് കടപ്പാട്)
മയ്യഴി പുത്തലത്തു ചാത്തൻമ്മാരുടെ സാന്നദ്ദ്യം ഉണ്ടായ കഥ മുകളിൽ വിവരിച്ചിട്ടുണ്ട്.
ഇനീ എഴുതുന്നത് കുട്ടിച്ചാത്തന്റെ ഐതീഹ്യത്തെപ്പറ്റി അറിഞ്ഞ കഥയാണ്.
വടക്കേ മലബാറിലെ പൂക്കുട്ടിച്ചാത്തൻ വിശേഷങ്ങളെപറ്റിപ്പറയുമ്പോൾ? ആചാരപരമായ കലാരൂപമാണ് പൂക്കുട്ടിച്ചാത്തൻ തിറ എന്ന് വിലയിരുത്തുന്നതിൽ അതിശയോക്തി ഉണ്ടെന്നു തോന്നുന്നില്ല.
കലയ്ക്കും അപ്പുറമുള്ള ഐതീഹ്യം, പൂക്കുട്ടിച്ചാത്തൻ ശിവനും പാർവതി ദേവിക്കും വള്ളുവരുടെ അവതാരത്തിൽ ജനിച്ചു എന്നതാണ്.
ശിവനും പാർവ്വതിക്കും ഭൂമിയിൽ വെച്ച് ജനിച്ച കുട്ടി ആയതിനാൽ? കൈലാസത്തിലേക്കുള്ള പ്രവേശനത്തിന് സാദ്ദ്യമല്ലാതാവുകയും, വിവാഹം കഴിഞ്ഞിട്ടും, സർവ്വപ്രാർത്ഥന നടത്തിയിട്ടും കുട്ടികളില്ലാതെ മനോ ദുഃഖത്തിൽ കഴിയുന്ന തന്റെ പരമ ഭക്തനായ കളക്കോട്ട് നമ്പൂതിരിക്ക് ഈ കുഞ്ഞിനെ സമ്മാനിക്കാൻ ശിവ പാർവ്വതി ദമ്പതികൾ തീരുമാനിക്കുകയും ചെയ്യുന്നു. അത് പ്രകാരം ഇല്ലത്തെ പഠിപ്പുരയിൽ കുട്ടിയെ ഉപേക്ഷിക്കകുകയും ചെയ്തു.
കുട്ടികളില്ലാതെ വിഷമിക്കുന്ന ഇല്ലത്തെ ദമ്പതികൾ? ഈ കുട്ടിയെ എടുത്തു വളർത്തി. ചെറുപ്പത്തിലേ കുട്ടി അസാമാന്യ ബുദ്ധി കാട്ടുകയും, അതോടൊപ്പം, വേദ മന്ത്രാദി കളിലൊന്നും താല്പര്യം കാട്ടാതെ തികച്ചും കുസൃതിയായി വളർന്നു.
കുട്ടിക്കാലത്ത് ഒരിക്കൽ, വികൃതിയായ പൂക്കുട്ടിച്ചാത്തൻ പൊതുവെ കുസൃതി കാട്ടി ആചാരങ്ങളനുസരിക്കാതെ വളരുന്നതിൽ അതീവ ദുഖവും ദേഷ്യവും തിരുമേനിക്ക് ഇണ്ടായിരുന്നു .
ഈ കലയുടെ പ്രധാന ആകർഷണങ്ങൾ വില്ലാട്ടവും മീത്തുമാണ്. അതിമനോഹരമായ കിരീടവും, ആസാദാരണ നൃത്തവും, ആകർഷകമായ മുഖമെഴുത്തിലൂടെ, ഈ ക്ഷേത്ര തെയ്യത്തെ അതി മനോഹരമാക്കുന്നു എന്നുള്ളത് പ്രത്യേകം എടുത്തു പറയേണ്ടതാണ്.
ഈ മീത്ത് എന്ന സമ്പ്രദായത്തെ മയ്യഴിയിലെ പ്രസിദ്ധ എഴുത്തുകാരനും, മാതൃഭൂമി ലേഖകനും ഒക്കെ ആയ ശ്രീ സി. എഛ്. ഗംഗാധരൻ ഇങ്ങനെ എഴുതി.
കൊയിലാണ്ടിയിൽ നിന്നും തോലൻമൂപ്പൻ കൊണ്ടുവന്ന കുട്ടിച്ചാത്തനെ ആവാഹിച്ചെടുത്തു, കൊയിലാണ്ടിയിലേക്കു തിരികെ കൊണ്ട് പോവാൻ മാർച്ചു നാലിന് മയ്യഴിയിൽ പതിവ് പോലെ എത്തിയ നമ്പൂതിരിമാർ? ഇക്കൊല്ലവും ഒരു വിഫല ശ്രമം നടത്തി.
തോലൻമൂപ്പൻ കൂട്ടികൊണ്ടു വന്ന കുട്ടിച്ചാത്തനെ കൊയിലാണ്ടി ഇല്ലത്തേക്ക് കൂട്ടി തിരിച്ചു പോവാൻ നമ്പൂതിരിമാർ വർഷാ – വർഷം വന്നു, തങ്ങളോടൊപ്പം മടങ്ങിച്ചെല്ലാൻ അഭ്യർത്ഥിക്കും. മയ്യഴിക്കാരെ വിട്ടു തിരിച്ചു പോകാൻ കുട്ടിച്ചാത്തൻ തയ്യാറാവുകയും ഇല്ല.
പിന്നെ പൂജാദി കർമങ്ങളിലൂടെ ആവാഹിച്ചു കുട്ടിച്ചാത്തന്റെ കയ്യിലുള്ള പച്ചോല കോട്ടയും, കുറുവടിയും കയ്യേറ്റം ചെയ്തു? സ്വന്തമാക്കി കുട്ടിച്ചാത്തനെ ദുർബലപ്പെടുത്തി തങ്ങളോടൊപ്പം കൊണ്ടുപോകാനുള്ള കയ്യാങ്കളിയാണ് മീത്തിലൂടെ പുത്തലത്തു അവതരിപ്പിക്കുന്നത് പുനരാവിഷ്‌ക്കരിക്കുന്നതു എന്ന് ഗംഗേട്ടൻ സമർത്ഥിക്കുന്നു .
ഈ ആവേശകരമായ തിറ കാണുമ്പോൾ മയ്യഴിക്കാരും ഒരു പ്രത്യേക മാനസീകാവസ്ഥയിലായിരിക്കും. തങ്ങളുടെ തോലൻമൂപ്പൻ മയ്യഴിക്കാർക്കു നൽകിയ കുട്ടിച്ചാത്തനെ നഷ്ടപ്പെടുമോ എന്നോർത്ത്?
ഇക്കുറിയും നമ്പൂതിരിമാരുടെ പൂജകൾക്കൊന്നും കുട്ടിച്ചാത്തന്റെ ശക്തിക്കു മുൻപിൽ ഒന്നും ചെയ്യാനാവില്ല എന്ന് തെളിയിച്ചുകൊണ്ട് കുട്ടിച്ചാത്തന്മാർ മയ്യഴിയിൽ തന്നെ മയ്യഴിക്കാരോടോപ്പം തന്നെ.
ഇങ്ങനെ ഒക്കെയാണെങ്കിലും എന്റെ ആവിഷ്‌ക്കാര സ്വാതന്ദ്ര്യത്തിൽ ഊന്നി എന്റെ ഒരു കണ്ടെത്തൽ? നമ്പൂതിരിമാർ പുതിയ പുതിയ ശക്തിയുള്ള; തന്ത്ര, മന്ത്ര, പൂജാവിദികളുമായി വന്നാൽ? രണ്ടു കുട്ടിച്ചാത്തന്മാർക്കു നമ്പൂതിരി മാരോട് ? ഇനിയുള്ള കാലം പിടിച്ചു നിൽക്കാൻ പറ്റുമോ ? അതിനെ മറികടക്കാൻ മൂന്നാമൊതൊരു കുട്ടിച്ചാത്തൻ അവരോടൊപ്പം ക്ഷേത്ര പരിസരത്തു എവിടെയോ മറഞ്ഞിരിപ്പുണ്ട്! എന്നുള്ള സൂചനയൊക്കെ ലഭിച്ചിട്ടുണ്ട്! അധികം താമസിയാതെ ഇപ്പോഴുള്ള രണ്ടു കുട്ടിച്ചാത്തന്മാരോടൊപ്പം, ഇപ്പോൾ അദൃശ്യനായിട്ടുള്ള മൂന്നാമത്തെ കുട്ടിച്ചാത്തൻ എത്രയും പെട്ടെന്ന് തന്നെ പുത്തലത്തു എത്തിച്ചേരട്ടെ എന്ന് നമുക്കും പ്രാർത്ഥിക്കാം !
പണ്ട് കാലങ്ങളിൽ തിറയാട്ടക്കാലത്തു താൽക്കാലിക ചായചന്തകളും? സ്ഥിരമായി ഒരു ചന്ത തെക്കു ഭാഗത്തു സ്ത്രീകൾ വിശ്രമിക്കുന്ന കെട്ടിടത്തിന്റെയും അരയാൽ ത്തറയുടെയും ഇടയിലൂടെ കയറുന്ന സ്ഥലത്തു കെട്ടാറുണ്ട്! വളുമാരിപ്പറമ്പിലും താൽക്കാലീക ഹോട്ടലുകൾ കെട്ടിയതു കണ്ടിട്ടുണ്ട്.
ക്ഷേത്രക്കോണിയുടെ രണ്ടു വശത്തായും, മുൻപിലും, ഇടവിട്ടും ഉയലിച്ച മിട്ടായി , ചോക്ക് മിട്ടായി റോസും വെള്ളയും നിറത്തിലുള്ളത്? ചോക്കുപൊലെ നീളത്തിലും, ഒരുണ്ടതും, ഒക്കെ തട്ടിൽ കുമ്പാരമായും, അടക്കിയും വെച്ചിട്ടുണ്ടാകും,
നിലക്കടല തോടോടുകൂടിയും, അല്ലാതെയും, മണിക്കടലയും, ഒരു കുപ്പിയില്ലാത്ത വിളക്കിന്റെ വെളിച്ചത്തിൽ വെച്ച് വിൽക്കുന്നത് സ്ഥിരം കാഴ്ചയായിരുന്നു.
വിവിധ കളറിലുള്ള സർവത്തു കുപ്പി നിരത്തിവെച്ച് സർവ്വത്തും നാരങ്ങാസോഡയും, വിവിധ കളറിലുള്ള ചെത്തു ഐസും?. കോൽ ഐസും? വത്തക്ക മുഴുവനായും മുറിച്ചും, മധുര നാരങ്ങയും, ഒക്കെ വെച്ച് മക്കളെ പോറ്റി മക്കളെ പോറ്റി എന്ന് വിളിച്ചു പറഞ്ഞു കൊണ്ടേ ഇരിക്കും. ഇതൊക്കെയായി പരിസരം മുഴുവൻ നിറഞ്ഞിരിക്കും.
ദൂരേ മാറി ചട്ടികളിയും, വലിയ അലൂമിനിയം താലത്തിൽ ഒന്ന് മുതൽ 6 വരെയുള്ള നമ്പർ എഴുതിയ ബോൾ ഉരുട്ടി ക്കളിയും . വിവിധ കളറിലുള്ള ചായം അടിച്ചു 6 കള്ളിയിൽ വരത്തക്ക രീതിയിൽ ലുള്ള തിരിപ്പും, ഒക്കെ ആയി വേറെയും ചിലരെ കാണാം?
പോലീസ് വരുമ്പോൾ തിരിപ്പുകാർ പറയും കടലക്ക വെച്ചുള്ള തിരിപ്പു കളിയാണെന്നു ? എന്നിട്ടു കാർബോഡ് ബോക്സിലുള്ള നിലക്കടല കാണിച്ചു കൊടുക്കും? പിന്നീട് അവരെ മാറ്റി നിർത്തി സംസാരിച്ചു പോക്കറ്റിലൊക്കെ കൈ ഇടുന്നതും തല ചൊറിയുന്നതും ഒക്കെ കാണാം? ഇതിനിടയിൽ നാടാകുത്തും, മുച്ചീട്ടുകളിയും, ആനമയിൽ ഒട്ടകം കളികൾ വേറെയും ഉണ്ടാവും.
ഇവരിൽ പലരും പൊലീസുകാരെ കാണുമ്പോൾ ഓടിഒളിക്കുമെങ്കിലും, അവരും വന്നു എന്തൊക്കെയോ പറഞ്ഞും, പോക്കറ്റിൽ കൈ ഇട്ടും, തലചൊറിഞ്ഞും, അവരുടെ കാര്യങ്ങൾ സാദിച്ചെടുക്കും എങ്ങനെയെങ്കിലും! നാടകുത്തും, മുച്ചീട്ട് കളിക്കാരും, ആന മയിൽ ഒട്ടകം കുലുക്കിക്കുത്തുകാരും? ഒക്കെയായി പരിസരം മുഴുവൻ ആവേശ തിമിർപ്പിലായിരിക്കും തിറക്കാലമായാൽ!
ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗം വളകളും, മാലകളും ക്യുട്ടക്സ്ഉം, ചാന്തും, പൊട്ടും, കൺ മഷിയും, ഒക്കെയായി വളച്ചെട്ടിമാരും സ്ഥാനം പിടിച്ചിരിക്കും അത്തരം കാഴ്ചകളൊന്നും ഇന്ന് കാണില്ല.
ഇതൊന്നും ഇല്ലെങ്കിലും? പുത്തലത്തെ തിറ ഇന്നും തനിമവിടാതെ ആചാരം വിടാതെ നടത്തിപ്പോരുന്നുണ്ട് എന്നതിൽ നമുക്ക് സന്തോഷിക്കാം !
Note: കോള് കൊടുക്കൽ! അവസാന ചടങ്ങു! തിറയുമായി ബന്ദപെട്ടു ഉണ്ടായിട്ടുള്ള എല്ലാ ചടങ്ങുകൾക്കും ഉള്ള ചിലവുകൾ, പ്രതിഫലങ്ങൾ അതാത് വ്യക്തികൾക്ക് കൊടുത്തു തീർക്കുന്ന ചടങ്ങു. കോള് കൊടുത്തു അവരുടെ തൃപ്തി സ്വീകരിക്കൽ?
മറ്റൊരു കാര്യം വിട്ടുപോയത് പുത്തലം ഉത്സവകാലത്തു കോടിയുടുക്കുക (പുത്തൻ വസ്ത്രങ്ങൾ ) അതും ഒരു നിർബന്ധമായിരുന്നു ദേശവാസികൾക്കു. വീട്ടിലെത്തുന്ന അതിഥികൾക്ക് വിഭവസമൃദ്ദിയായ ഭക്ഷണം, നല്ല മൽസ്യങ്ങളും, ഇറച്ചിയും ഇപ്പോഴാണെങ്കിൽ ഫ്രഞ്ച് സംസ്കാരത്തിൽ ഊന്നൽ നൽകി മദ്ദ്യസേവയും ഓക്കേ ഉണ്ടാവും.
ഈ വരുന്ന മാർച്ചു നാലിന് പുത്തലത്തെ തിറയ്ക്കുള്ള തെയ്യാറെടുപ്പിലാണ് മയ്യഴിക്കാർ എന്ന് പറഞ്ഞു കൊണ്ട് നിർത്തട്ടെ.
മഠത്തിൽ ബാബു ജയപ്രകാശ്…✍️ My Watsapp Cell No: 00919500716709












