എന്റെ ഓർമ്മയിലെ      മണ്ടോളത്തിറയും.. ആചാരങ്ങളും!

Time Set To Read 12 Minutes Maximum

ഓർമ്മയിലെ മണ്ടോളത്തിറ

(ആവശ്യമായ ഫോട്ടോകൾ നൽകി സഹായിച്ച സുശാന്ത് മാസ്റ്ററോട് കടപ്പാട്)

നമ്മുടെ കൊച്ചു മയ്യഴിയിലെ വളരെ  പുരാതനമായ കാവുകളിൽ ഒന്നാണ് ചെറിയത്തു മണ്ടോള ഭഗവതി ക്ഷേത്രം.. മയ്യഴിയുടെ കിഴക്കൻ അതിർത്ഥിയോട് ചേർന്ന് ചൂടിക്കോട്ട ദേശത്താണ് പ്രസ്തുത കാവ് സ്ഥിതിചെയ്യുന്നത്.

കാവ് എന്ന വാക്കുതന്നെ മരങ്ങൾ കൂട്ടമായി വളർന്നു നിൽക്കുന്ന സ്ഥലം എന്നതിനെ അടയാളപ്പെടുത്തുന്നു. കിഴക്കു മുഖമാണെങ്കിലും ഭക്തർ കുറച്ചു വർഷം മുൻപുവരെ ക്ഷേത്ര പ്രവേശനം നടത്തിയിരുന്നത് പടിഞ്ഞാറു ഭാഗത്തുകൂടിയായിരുന്നു . ഇപ്പോൾ കിഴക്കുവശത്തുകൂടിയും പ്രവേശനം സാദ്ധ്യമാക്കിയിട്ടുണ്ട്.

ചെറിയത്തു മണ്ടോളക്ഷേത്രം സ്ഥിതിചെയ്യുന്ന മുറ്റത്തുനിന്നും തെക്കുഭാഗത്തായി കുറച്ചു ഉയർന്നു   തെക്കു കിഴക്കേ മൂലമുതൽ തെക്കു പടിഞ്ഞാറേ മൂലവരെ കാഞ്ഞിരം, ഇലഞ്ഞി, അരയാൽ എന്നീ വൃക്ഷങ്ങളാൽ സമൃദ്ധമാണ്; മണ്ടോള ക്ഷേത്ര പരിസരവും.. തെക്കു പടിഞ്ഞാറെ മൂലയിൽ ഒരുപക്ഷേ ക്ഷേത്രത്തേക്കാളേറെ പഴക്കമുള്ള ഒരു ആൽത്തറയോടുകൂടിയ ഒരു വലിയ മുത്തശ്ശി ആൽമരവും (ആരായാൽ) കാണാം (കാലപ്പഴക്കംകൊണ്ട് നശിച്ചേക്കുമായിരുന്ന ആലും ആൽത്തറയും ഈയ്യിടെ ക്ഷേത്രഭാരവാഹികൾ കെട്ടിബലപ്പെടുത്തി  സംരക്ഷിക്കപ്പെട്ടിട്ടുണ്ട്).

ക്ഷേത്രത്തിനും കഴകപ്പുരയ്ക്കും വടക്കുകിഴക്കായി കുറച്ചു താഴ്ന്നു, കുറ്റിച്ചെടികൾ മൂടി നല്ല തെളിനീർ കിട്ടുന്ന ഒരു കിണർ വിശാലമായ പറമ്പു. ഇത്രയുമായാൽ ചെറുവത്തു മണ്ടോളയായി.

മയ്യഴി ശ്രീകൃഷ്‌ണ ക്ഷേത്രോത്സവമായി ബന്ധപ്പെട്ടുള്ള ചടങ്ങിലൊന്നായ പള്ളിവേട്ട, ചെറിയത്തു മണ്ടോളയെന്ന ഈ കാവിനെ കേന്ദ്രീകരിച്ചാണ് നടത്തിവരുന്നത് എന്ന പ്രത്യേകതയും ഈ കാവിനു പറയാനുണ്ട്.

ശ്രീകൃഷ്‌ണ ക്ഷേത്രോത്സവമായ് ബന്ധപ്പെട്ടുള്ള കലവറ ഘോഷയാത്ര ഈ കാവിൽ നിന്നാണ് ആരംഭിക്കുന്നത്. മറ്റൊരു ചടങ്ങു; ഉത്സവമുമായി ബന്ധപ്പെട്ടുള്ളത് പ്രസാദമെഴുന്നെള്ളിപ്പും ഈ കവാവിൽ വെച്ച് നടത്തപ്പെടുന്നു

കുംഭമാസം 12,13 ,14 തീയതികളിൽ (ഫെബ്രുവരി 25, 26 27) ആണ് ഇവിടെ തിറ മഹോത്സവത്തിനു ആരംഭംകുറിക്കുന്നതു… (ഇംഗ്ളീഷ് ഡേറ്റിൽ ചില മാറ്റങ്ങളുണ്ടാവാറുണ്ട്)

പഴയ തലമുറയിൽ നിന്നും വാമൊഴിയിൽ പകർന്നു കിട്ടിയ ക്ഷേത്രചരിത്രം ഇങ്ങനെ? 

വളരെ വർഷങ്ങൾക്കു മുമ്പ് ചെറിയത്തു മണ്ടോളയിലെ കാരണവൻമ്മാർ കച്ചവട സംബന്ധമായി മംഗലാപുരത്തെ തുളു നാടുമായി കച്ചവടത്തിൽ ഏർപ്പെട്ടിരുന്നു,

അങ്ങനെ അവിടെ നിന്നും കച്ചവടം ചെയ്തു തിരിച്ചു വരുമ്പോൾ തങ്ങളുടെ കൂടെ അങ്കക്കളരികളിൽ ആരാധിക്കുന്ന ഉഗ്ര മൂർത്തിയായ അങ്കക്കാരൻ ദൈവം കൂടെ വന്നു തറവാട്ടിൽ കുടിയിരുന്നു എന്നാണ് പറയപ്പെടുന്നത്..

പിൽക്കാലത്തു കാരണവന്മാർ ഇന്ന് ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്തു ദൈവങ്ങളെ കുടിയിരുത്തി എല്ലാ വർഷവും കുംഭമാസത്തിൽ തിറയാട്ടംനടത്തിവരുന്നു, ഇപ്പോഴും ആ ആചാരങ്ങൾക്ക് ഒരു ഭംഗവും വരുത്താതെ പുതു തലമുറയിലെ അംഗങ്ങളും എല്ലാ പരിശുദ്ദിയോടെടെയും ആചരിച്ചുപോരുന്നു..

തുളു ഭാഷയിൽ “അള” എന്നാൽ ക്ഷേത്രം എന്നർത്ഥം വരുന്നതു കൊണ്ടാവാം പിൽക്കാലത്തു ക്ഷേത്രം മണ്ടോള എന്ന പേരിൽ അറിയപ്പെട്ടത്.. എന്ന്  വാമൊഴിയായി കേട്ടിട്ടുണ്ട്

തുളു ഭാഷയിൽ “മണ്ഡല” എന്നതിന് ക്ഷേത്രങ്ങളുമായി ബന്ധമുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്.

മണ്ഡല എന്നതിന്റെ അർത്ഥം
തുളുവിൽ ഒരു ക്ഷേത്ര സമുച്ചയത്തെയോ ഒരു പുണ്യസ്ഥലത്തെയോ സൂചിപ്പിക്കുന്നുണ്ട്. ഒരു ക്ഷേത്രമോ ഒരു കൂട്ടം ക്ഷേത്രങ്ങളോ സ്ഥിതി ചെയ്യുന്ന ഒരു നിയുക്ത പ്രദേശത്തെ വിവരിക്കാൻ ഉപയോഗിക്കുന്ന ഒരു പദമാണിത് മണ്ഡല

ഉദാഹരണത്തിനു
മംഗലാപുരത്തെ മംഗളാദേവി ക്ഷേത്ര മണ്ഡല. കതീൽ ദുർഗ്ഗാ പരമേശ്വരി ക്ഷേത്ര മണ്ഡല_, (കടീൽ) പൊളാലിയിലെ രാജരാജേശ്വരി ക്ഷേത്ര മണ്ഡല_, (പൊളാലി) എന്നൊക്കെ വിളിച്ചുവരുന്നത് ഇതുകൊണ്ടായിരിക്കും.

കാലക്രമേണ മലയാളവും തുളുവും കൂടിക്കലർന്നുണ്ടായ ഉച്ചാരണത്തിലെ മാറ്റങ്ങളിലൂടെ മണ്ടോള എന്നും നമുക്കനുമാനിക്കാം

പേരിലെ ഈ വൈവിദ്ദ്യത്തെ പറ്റി കൂടുതൽ തിരഞ്ഞപ്പോൾ എനിക്ക് കണ്ടെത്താനായത്. കാസ്സർകോഡ് ഭാഗത്തുള്ള ഒരു ഗ്രാമത്തിന്റെ പേര് മണ്ടോള ജവ് എന്നും കണ്ണൂർ ജില്ലയിൽ ചവുക്കാട് മണ്ടോള എന്നൊരു സ്ഥലമുണ്ടെന്നറിയുന്നു.. മലയാള ഭാഷയിൽ ചവു അല്ലെങ്കിൽ ജവു കുന്നു അല്ലെങ്കിൽ ഉയർന്ന പ്രദേശം ഇംഗ്ളീഷ് ഭാഷയിൽ മൌണ്ട് , ഹില്ലോക്ക് എന്ന് കണ്ടെത്താനാകും ഇഗ്ളീഷ് ഫ്രഞ്ച ഭാഷയിലെ പല വാക്കുകളും മലയാളീകരിച്ചതുപോലെ മണ്ഡലയും പിന്നീട്  മണ്ടോള എന്ന് മൊഴി വന്നതായിരിക്കും.

കടത്തനാട്ട് അധീനതയിൽ പെട്ട പ്രദേശങ്ങളിലാണ് സാധാരണയായി അങ്കക്കാരൻ കെട്ടിയാടുന്നത്.  മയ്യഴി റെയിൽവേസ്റ്റേഷൻ പരിസരത്തും ഏറാമല ഭാഗത്തും മണ്ടോള എന്നപേരിൽ ക്ഷേത്രങ്ങളുള്ളതായി കേട്ടിട്ടുണ്ട്. അവിടെയൊക്കെ അങ്കക്കാരൻ തിറയും കെട്ടിയാടുന്നുണ്ട് എന്നറിയുന്നു.

ഉദാഹരണത്തിന് ഏറാമലയിൽ ഒരു മണ്ടോള,! ആയിക്കരയിൽ ഒരു മണ്ടോള! കൂരാറയിൽ ഒരു മണ്ടോള,ഇവിടങ്ങളിലെല്ലാം അങ്കക്കാരനെ കെട്ടിയാടുന്നുണ്ട്. കൂടാതെ  അണ്ടല്ലൂരിലും അങ്കക്കാരൻ തെയ്യം കെട്ടിയാടുന്നുണ്ട് എന്നറിയുന്നു

ഇങ്ങനെയൊക്കെ വിശ്വസിക്കുമ്പോഴും   മണ്ടോള എന്നതിന് ഞാൻ മറ്റാര് വ്യാഖ്യാനം കണ്ടെത്തിയിരുന്നു എന്റെ ബ്ലോഗ് പേജായ ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോൾ എന്നതിലേ ഒരാർട്ടിക്കിളിൽ ഞാൻ ഇങ്ങനെ എഴുതിയിട്ടുണ്ട്. ഇത് തികച്ചും എന്റേത് മാത്രമായ ഭ്രമാത്മകതയായി കണ്ടാൽ മതി. അതിങ്ങനെ ?

ബ്രിട്ടീഷുകാരിൽ നിന്നും ഭാരതം മുക്തമായതോടെ! മയ്യഴി ഫ്രഞ്ച് ഭരണത്തിൻ കീഴിലായി .
ഒരു ഭാഗത്തു മയ്യഴി വിമോചന സമരം മൂലം പലർക്കും മയ്യഴിയിൽ പ്രവേശിക്കുവാനോ തിരിച്ചു ഇന്ത്യൻ യൂണിയൻ ഭാഗത്തേക്ക് പോക്കു വരവിന് ഉപരോധവും ഉണ്ടായപ്പോൾ?

അതുവരെ മൽസ്യമേഖലയ്ക്കു വേണ്ടിയിരുന്ന ചൂടി, കയർ, മെടഞ്ഞ ഓല മുതലായവയുടെ ദൗർലഭ്യം ഉണ്ടാവുന്നത് മറികടക്കാൻ ? ഈ ഭാഗങ്ങളിൽ വ്യാപകമായി ചൂടി, കയർ, ഓല മൊത്ത മായി സൂക്‌ഷിച്ചു, സൗകര്യത്തിനു മയ്യഴിയിലേക്കു കൊണ്ട് യിട്ടുണ്ട് എന്ന് കേട്ടിട്ടുണ്ട് .

എപ്പോഴും ചുടിയും, കയറും, ഓലയും ഒക്കെ അട്ടിക്കിട്ടു മലപോലെ സൂക്ഷിക്കുന്നതിനാൽ ഫ്രഞ്ച് ഭാഷയിൽ “MONTAGNE”

ചൂടിയുടെ കോട്ടയായും , . (മൌണ്ട് – മല ) മൌണ്ട് പോലെ ? ഓലയും!! അനുബന്ധമായി ഈ കഥ ഉണ്ടാക്കി നമുക്ക് ആ പേരിനെ സ്ഥിരീകരിക്കാം.

തിറ തുടങ്ങുന്നതിനു ദിവസങ്ങൾക്കു മുൻപ് ക്ഷേത്ര മുറ്റത്തേയും, പറമ്പിലേയും കാടുകൾ ഒക്കെ വെട്ടി, വൃത്തിയാക്കി, ചുണ്ണാബും, വാർണ്ണീഷും  അടിച്ചു വിളക്കുകളൊക്കെ വൃത്തിയാക്കി വെക്കും. ഈ ഒരുക്കങ്ങളൊക്കെ കാണുമ്പോഴേക്കും ചുറ്റുവട്ടത്തുള്ളവരും, അവരുടെ വീടുകളും പരിസരവും ശുദ്ധീകരിച്ചു “തിറയെ” വരവേൽക്കാൻ മാനസീകമായി തയ്യാറാവും.

തിറ ആരംഭിക്കുന്ന ദിവസം, ആചാരത്തിന്റെ ഭാഗമായി കുംഭമാസം 12ആം തീയ്യതി  (ഫെബ്രവരി 25 ആം തീയതി) കാലത്തു 10 മണിയോടെ ചൂടിക്കോട്ട ചെറിയത്തു റോഡിലെ ചെറിയത്ത് തറവാട്ടു മഠത്തിൽ നിന്നും, ഊരാളന്മാരും ചെണ്ടമേളക്കാരും, തിറകെട്ടിയാടാൻ അവകാശമുള്ളവരും,   ചേർന്ന് തിരുവാഭരണത്തോട് കൂടിയ കണ്ണാടി എഴുന്നെള്ളത്ത് ക്ഷേത്രത്തിൽ എത്തുന്നതോടെ?

കഥിന വെടികൾ പൊട്ടിച്ചു തിറ മഹോത്സവത്തിന്റെ ആരംഭം നാട്ടുകാരെ അറിയിക്കും. തുടർന്ന് ചെണ്ട മേളങ്ങളോടേയും തെയ്യ ക്കോലങ്ങളുടേയും, തോറ്റം പാട്ടുകളുമായി മയ്യഴിക്കാരിൽ തിറയാട്ട ഉത്സവത്തിന്നുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയായി .  മണ്ടോളത്തിറയിലൂടെയാണ് മയ്യഴിയിൽ തിറക്കാലം ആരംഭിക്കുന്നത്. 

വർഷങ്ങളോളമായി മണ്ടോളത്തിറ നടത്തിവരാറുള്ളത് കുംഭമാസം 12 ആം തീയ്യതി. അത് 13 – 14    തീയ്യതികളിലായി മൂന്ന് ദിവസം നീണ്ടു നിൽക്കും. 

ഇത് കൃത്യമായി ഞാൻ ഓർക്കുന്നത്? കുംഭമാസം 13 നാണു എന്റെ ജനനം.  അമ്മയുള്ള കാലം വരെ വീട്ടിൽ അന്ന് പായസംവെക്കുക പതിവായിരുന്നു. തിറയുമായി ബന്ധപ്പെട്ടായാലും, അല്ലാതെയും വീട്ടിൽ വരുന്നവർക്ക് പായസം കൊടുക്കും. ആ പതിവ് ഇപ്പോഴും പെങ്ങൾ തുടർന്നു വരുന്നുണ്ട്. കൊറോണ ആയതുകൊണ്ട് ഈ വർഷം എങ്ങനെയാണെന്നറിയില്ല.

12 ആം തിയ്യതി മണ്ടോളയിൽ  പുത്തരിക്കൊടുക്ക. പുതിയ നെല്ല് കൊണ്ട് അരിയാക്കി നൈവേദ്ദ്യമുണ്ടാക്കി, ഉത്സവരാമ്പത്തിന് മുൻപ് ഗുരു കാരണവന്മാർക്കും, ദൈവങ്ങൾക്കും നൽകി  തൃപ്തി പെടുത്തൽ ചടങ്ങ്, അകത്തു വെച്ച് സമർപ്പിക്കുന്ന ചടങ്ങാണ് പുത്തരി കൊടുക്ക എന്ന പേരിൽ അറിയപ്പെടുന്നത്. അതോട് കൂടിയാണ് മണ്ടോളയിൽ  തിറയുടെ ചടങ്ങുകൾക്ക് ആരംഭം കുറിക്കുന്നത്…

കൃഷി ചെയ്യാൻ വയലുകളും, മൂരാൻ നെല്ലുകളും ഇപ്പോൾ ലഭ്യമല്ല, ഇനി നെല്ല് ലഭ്യമായാൽ തന്നെ? അത് കുത്തി അരിയാക്കി എടുക്കാനുള്ള ആളുകളും ഇല്ലാത്തതിനാൽ ഒരു പക്ഷെ പാലക്കാടൻ മട്ടയോ? ഏതെങ്കിലും സോർട്ടക്സ് അരിയോ? ആയിരിക്കും ഇന്നത്തെക്കാലത്തു ഉപയോഗിക്കുന്നുണ്ടാവുക എന്ന് ചിന്തിക്കുന്നവർക്ക് തെറ്റി.

എന്നാൽ ഇന്നും മണ്ടോളയിൽ പുതുനെല്ല് സംഭരിച്ചു കുത്തി അരിയാക്കി ത്തന്നേയാണ് കൊടുക്കയ്ക്കുള്ള അപ്പം പാചകം ചെയ്തെടുക്കുന്നതു.

ഏകദേശം ഉച്ചയോടെ കൊടുക്കയ്ക്കുള്ള അപ്പം തയ്യാറാക്കാനുള്ള ജോലി ഊരാളന്മാരും, കുടുംബക്കാരും, ചുറ്റുവട്ടത്തുള്ളവരും, ഒക്കെ കൂടി ചുറ്റുമിരുന്നു ഉരുട്ടി ചുട്ടെടുക്കും. ഒരു ഭാഗത്തു നിന്ന് ഉരുട്ടിയെടുക്കുകയും തൊട്ടടുത്തു നിന്ന് ഉരുളിയിൽ കൊതുമ്പിൽ കത്തിച്ചു ശുദ്ധമായ വെളിച്ചെണ്ണയിൽ ചുട്ടെടുക്കുകയും ചെയ്യും.               

കുംഭമാസത്തിലെ വേനലിന്റെ ചൂടും, ഒപ്പം കൊതുമ്പു കത്തിക്കുമ്പോൾ ഉണ്ടാവുന്ന ചൂടും കൂടിയാവുമ്പോൾ കുറച്ചു ശ്രമകരമായ ജോലിയാണെങ്കിലും കൂട്ടായ ശ്രമത്തിലൂടെ പല പഴയ കാല കഥകളൊക്കെ പറഞ്ഞു ചുട്ടെടുക്കുന്നതു കൊണ്ട് ആർക്കും അത്ര പ്രയാസമായി തോന്നാറില്ല.

നാട്ടുകാരേയും, അവകാശികളേയും ക്ഷണിച്ചു കൊണ്ടുള്ള ആഘോഷമാണ് പുത്തരി കൊടുക്ക…

എല്ലാം തയ്യാറായിക്കഴിഞ്ഞാൽ ഗുരുകാരണവന്മാരേയും പരദേവതകളേയും  സങ്കല്പിച്ചു, ചുട്ടെടുത്ത അപ്പത്തോടൊപ്പം മറ്റു പ്രാസാദങ്ങളും ചേർത്ത് അകത്തു വെച്ചുകൊടുക്കുക എന്ന ചടങ്ങിന് ശേഷം, പൂജകൾ കഴിഞ്ഞു, അവകാശികൾക്ക്‌ ഓരോ ഇലയിൽ കൊടുക്കയുടെ പ്രസാദം വിതരണം ചെയ്യും. അതിനോടൊപ്പം അവിടെ എത്തിയവർക്കും, ചുറ്റുവട്ടത്തുള്ള വീടുകളിലും എത്തിക്കും കൊടുക്ക പ്രസാദം.. ഇതു കഴിയുമ്പോഴേക്കും ഏകദേശം രാത്രി 10 മണി കഴിയും..

ഇന്നത്തെ കാലത്തു ഒട്ടനവതി തിറകൾ  ഉണ്ടെങ്കിലും? എട്ടോളം തിറ കളാണ് മണ്ടോളയിൽ കെട്ടിയാടുന്നത്. ഒന്നാമത്തേത് താനൂലപ്പൻ, പൂതാടി, അച്ചീമ്കുട്ടിയും, അങ്കക്കാരൻ, (2) കാരണവർ, ചെറിയ തമ്പുരാട്ടി, വലിയ തമ്പുരാട്ടി.

അങ്കക്കാരനാണ് മണ്ടോളയിലെ പ്രധാന ആകർഷണമുള്ള തെയ്യം. മണ്ടോളയിലെ തിറയുൽസ്സവ വിശേഷങ്ങളിലേക്ക് കടക്കുന്നതിന് മുമ്പായി തിറയും, തോറ്റം പാട്ടുമായി ബന്ധപ്പെട്ട കഥകൾ പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്നു തോനുന്നു.

മുൻ കാലങ്ങളിൽ മുന്നൂറ്റൻമാർ എന്നറിയപ്പെടുന്ന വിഭാഗക്കാർ മാത്രമായിരുന്നു അങ്കക്കാരൻ തെയ്യം കെട്ടിയാടാനുള്ള അവകാശികൾ.

ഇപ്പോഴും അങ്ങനെ തന്നെയായിരിക്കാം ഒരു പക്ഷെ.. ഇത് പ്രത്യേകിച്ച് പറയാൻ കാരണം ആചാരങ്ങളുമായി ബന്ധപെട്ടു ഒരു പാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്..

ഇങ്ങനെയൊക്കെ ആണെങ്കിലും ആചാരങ്ങൾക്കൊന്നും അണുകിട വെത്യാസം വരുത്താതെ അതിന്റേതായ പൗരാണീകത്വം ഉൾക്കൊണ്ട് ഇപ്പോഴു ഇതിന്റെ നടത്തിപ്പുകാർ ചെയ്തു വരുന്നു എന്നുള്ളത് പ്രശംസനീയം തന്നെ ?

ഉദാഹരണത്തിന് ചെണ്ട ഒരു പ്രത്യേക സമുദായത്തിനുള്ളതായിരുന്നു. ഇപ്പോൾ അതൊക്കെ പോയി, ജാതി ബേദമന്ന്യേ വിവിധ ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചു പുരുഷൻ മാരുടെയും വനിതകളുടെയും വരെ ചെണ്ട തായമ്പക മേളക്കാർ ഉണ്ട്. 

അതിനു ഉദാഹരണമാണ് മയ്യഴി ശ്രീകൃഷ്ണ്ണ ക്ഷേത്രത്തിലും പുത്തലം വളവിൽ പാറക്കൽ കുറുമ്പ ഭഗവതി ക്ഷേത്രം കേന്ദ്രീകരിച്ചും ചെണ്ട വാദ്ദ്യം പരിശീലിപ്പിച്ചു ഉത്സവ സമയങ്ങളിൽ അവർതന്നെ ചെണ്ടവാദ്ദ്യം നടത്തുന്നത് പതിവായിട്ടുണ്ട്.

അവരൊക്കെ പല ഉത്സവ സ്ഥലങ്ങളിലും സ്വന്തം ക്ഷേത്രങ്ങളിലും കാവുകളിലും ചെണ്ടമേളം നടത്തി വരുന്നുണ്ട് . പ്രസിദ്ധ സിനിമാ നടൻ പദ്മശ്രീ ശ്രീ ജയറാം തൃശൂർ പൂരത്തിന് ചെണ്ട വാദ്യക്കാരോടോപ്പം മേളം നടത്തിയതും നമ്മൾ വായിച്ചറിഞ്ഞിട്ടും കണ്ടിട്ടും ഉണ്ട്.

ഓരോ തെയ്യത്തിന്റെയും തെയ്യക്കോലം കെട്ടിക്കഴിഞ്ഞാൽ ഒറ്റച്ചെണ്ട മുട്ടി  തോറ്റം പാടിക്കൊണ്ട് ദൈവീകമായ ശക്തി തെയ്യം കെട്ടിയാളുടെ ശരീരത്തിലേക്ക് ആവാഹിച്ചെടുക്കും.

ചെണ്ട അസുര വാദ്ധ്യമായി കണക്കാക്കപ്പെടുന്നു. അങ്ങനെ വരുമ്പോൾ ക്ഷേത്ര കലയുമായി ബന്ധപ്പെടുത്തുമ്പോൾ കാവുകളിലെ തിറ കെട്ടിയാടുന്ന ദൈവങ്ങൾ അസുര ഗണത്തിൽ പെടുന്നവരായിരിക്കുമോ ? ഒരു സംശയമാണ്. എല്ലാവരിലും നന്മയുള്ളവരും ഉണ്ടായിട്ടുണ്ടാവാം . അതിനൊരു ഉദാഹരണമാണല്ലോ മഹാബലി തന്നെ ?

ഇതിനിടയിൽ അങ്കക്കാരന് “മീത്” കൊടുക്കന്ന ഒരു ചടങ്ങുണ്ട്! ഒരു ഓട്ടു ഉരുളിയിൽ ഇല കൊണ്ടു, വായ മൂടിക്കെട്ടി, ക്ഷേത്ര കാരണവർ, (കോമരം) തൻറെ വായും ഇല കൊണ്ട് മൂടി, ചെറിയ ഓട്ടു ഉരുളി എടുത്തു അങ്കക്കാരന് കൈ നീട്ടി കാണിക്കും , അങ്കക്കാരനും അത് സ്വീകരിക്കാനായി കൈ നീട്ടും,

ആ സമയം കോമരം അത് കൊടുക്കാതെ തിരിച്ചെടുക്കും , വീണ്ടും കൈ നീട്ടി കൊടുക്കും അങ്കക്കാരൻ സ്വീകരിക്കാനായി കൈ നീട്ടും കോമരം കൊടുക്കാതെ പിൻ വലിച്ചു കളയും ചെണ്ടമേളം മുറുകുന്നതനുസരിച്ചു ഇതിന്റെ വേഗതയും കുടും .

മൂന്നു തവണ മൂന്നു ചെറിയ ഓട്ടുരുളികളിൽ ഇതേ പ്രക്രിയ തുടരും മൂന്നാമത്തേതിൽ അങ്കക്കാരൻ ദേഷ്യം പിടിച്ചു കോമരത്തിൽ നിന്നും പിടിച്ചു വാങ്ങി പീഠത്തിൽ വെച്ച് മൂടിക്കെട്ടിയ ഇല പൊട്ടിച്ചു ഭക്ഷിക്കുന്നതായി അഭിനയിക്കും.. ഇത് കോമരത്തിൽ നിന്നും വാങ്ങുന്ന നിമിഷം കോമരം ബോധരഹിതനായി വീഴും അപ്പോൾ രണ്ടു പേർ അദ്ദേഹത്തെ താങ്ങി എടുത്തു കൊണ്ട് പോയി തോർത്തുകൊണ്ടു വീശി പരിചരിക്കും. ഇതിന്റെ ഐതീഹ്യം എന്താണെന്നു ഇന്നുമറിയില്ല (അറിയുന്നവർ പങ്കുവെക്കുമല്ലോ)..

അക്കാലങ്ങളിൽ മുന്നൂറ്റൻ കുഞ്ഞിരാമൻച്ചൻ (മുന്നൂറ്റൻ എന്നുള്ളത് കുലപ്പേരാണ്!)  തടിച്ചു കുറിയ ആ മനുഷ്യൻ? തിറ കെട്ടിയാടുന്നതിലെ വൈദഗ്ദ്ധ്യത്തിനു ഡോക്ട്രേറ്റോ? പദ്മശ്രീയോ? അർഹിക്കുന്ന വെക്തി ! (അങ്കക്കാരനും വലിയ തമ്പുരാട്ടിയും)

ക്ഷേത്രകലയാലും, കുലത്തിന്റെ അവകാശമായാലും, തെയ്യം ഒരു അനുഷ്ഠാനമായി ക്കരുതി വേഷം കെട്ടി, ആടി ജീവിതം നയിച്ചവർ. ഇന്നത്തെ പ്പോലെ കണക്കു പറഞ്ഞു വേഷം കെട്ടുന്ന സംബ്രദായമൊന്നും അക്കാലങ്ങളിൽ ഇല്ല.. എല്ലാം ദൈവവിളി പോലെ കൊണ്ട് നടന്നവർ.

മുന്നൂറ്റൻ കുഞ്ഞിരാമൻച്ചൻ താമസിച്ച വീട്, എന്റെ ഓർമയിൽ ഉള്ളത് ആശുപത്രി റോഡിലൂടെ വന്ന്; മെയിൻ റോഡിൽ മുട്ടുമ്പോൾ? വലത് ഭാഗത്തായി ഉയർന്ന പറമ്പിൽ രണ്ടു റോഡിനെയും അഭിമുകീകരിച്ചായിരുന്നു വീട്. സ്‌കൂളിൽ പോകുമ്പോഴും, വരുമ്പോഴും ഒക്കെ അവിടെ അവർ ചമയങ്ങളുടെ റിപ്പയർ പണി ചെയ്യുന്നത് കാണാം. മുന്നൂറ്റൻ കുഞ്ഞിരാമൻച്ചനുമായുള്ള പരിചയത്തിൽ ഇടയ്ക്കു അവിടെക്കയറി അതൊക്കെ നോക്കുക പതിവായിരുന്നു.

അങ്കക്കാരൻ മലയാളത്തിൽ ‘പോരാളി’ അംഗം വെട്ടുന്നവൻ.  അങ്കം – (യുദ്ദം) കാരൻ = യുദ്ധക്കാരൻ – എന്നാണ്. നായകൻ അങ്കക്കാരൻ ഏതോ പുരാതന യുദ്ധവുമായി ബന്ധപ്പെട്ടുള്ള സംഭവമാണെന്നു യുദ്ധം ചെയ്യുന്ന സമയത്തു ചൊല്ലുന്ന വാക്കുകളിൽ നിന്നും മനസിലാക്കാം. (അംഗക്കോരൻ എന്നും പറഞ്ഞതായി കേട്ടിട്ടുണ്ട്)

ഓരോ തോൽവിക്ക് ശേഷവും ശത്രു, തന്റെ തോൽവി മുൻകൂട്ടി മനസ്സിലാക്കി ഓടിഒളിക്കും. ഇപ്രകാരം ശത്രു മൂന്നു പ്രാവശ്യം അങ്കക്കാരനെ പോരിന് വിളിക്കും.  

ഓരോ തവണ ഓടിഒളിക്കുമ്പോഴും അംഗക്കാരൻ (കോരൻ) യുദ്ദം കാണാൻ വന്നവരോടൊക്കെ അന്വേഷിക്കും?  തന്റെ ശതൃവിനെ കണ്ടോ എന്ന് ? എല്ലാം കണ്ണുകൾ കൊണ്ടും, പ്രത്യേക ശബ്ദം പുറപ്പെടുവിച്ചും, ആംഗ്യത്തിലൂടെയും? എന്റെ ശതൃവിനെ കണ്ടിരുന്നോ എന്ന്ചോദിച്ചു ചുറ്റും കൂടിയ ആളുകുകളെ തട്ടി മാറ്റി, തന്റെ ശത്രൂ അവിടെ എവിടെങ്കിലും ഒളിച്ചിട്ടുണ്ടോ? എന്ന് പരിശോധിക്കും. ഇത് മൂന്ന് തവണ ആവർത്തിക്കും.

മൂന്നാംതവണ അങ്കക്കോരൻ ശത്രുവിനെ കണ്ടെത്തി വധിക്കും. ഇത് കഥ.

മണ്ടോളയിൽ ഇത്, പുനരാവിഷ്‌ക്കരിക്കുമ്പോൾ മൂന്നാം തവണയും ഓടി ഒളിക്കുമ്പോൾ തന്നെ അങ്കക്കാരൻ തന്നെ പിടിക്കും, എന്ന് മനസിലാക്കി ഓട്ടത്തിൽ തന്നെ തന്റെ വേഷാദികൾ മാറ്റിക്കൊണ്ടായിരിക്കും ഓടുക. ഓട്ടത്തിനിടയിൽ തന്റെ ആയുധം വരെ ഉപേക്ഷിച്ചു ഓടി മറയും, ചിലപ്പോൾ അങ്ങനെ ഓടിമറയുന്നവരുടെ നേരെ അങ്കക്കാരൻ വാൾ ആഞ്ഞു എറിയുന്നതും കണ്ടിട്ടുണ്ട്.

മൂന്നാം പ്രാവശ്യംവും ശത്രുവിനെ കണ്ടെത്താൻ സാദിക്കാത്തതിലുള്ള ദേഷ്യം മുഴുവൻ, അങ്കക്കാരൻ തന്റെ മുഖഭാവം കൊണ്ടും, ആംഗ്യങ്ങൾ കൊണ്ടും, ശരീര ഭാഷയിലൂടെയും, പ്രത്യേക തരത്തിലുള്ള ശബ്ദം പുറപ്പെടുവിച്ചും പ്രകടിപ്പിക്കും. അത് ഒരു മികവുറ്റ അഭിനയ പ്രകടനം കാണികളിൽ ഒരു പരിഭ്രാന്തി സൃഷ്ട്ടിക്കും ആ രംഗങ്ങൾ.

തെയ്യം പ്രകടനത്തിൽ ശത്രുവിനെ പ്രതിനിധീകരിക്കുന്നത് കയ്യിൽ രണ്ടു വടികളും, ചുവന്ന തലേകെട്ടും ഉള്ള മറ്റൊരു മനുഷ്യനാണ്. പോരാട്ടത്തിൽ ശത്രുവിന്റെ  ആയുധം അങ്കക്കാരൻ  പിടിച്ചെടുക്കുകയും  തോറ്റുപോയവരെ കുത്തിക്കൊല്ലുകയും ചെയ്യുന്നതുപോലെ അവൻ ആങ്കക്കാരൻ അഭിനയിക്കും.

എന്റെ ഓർമ്മയിൽ?  യുദ്ധത്തിന് വരുന്നവർ അവരുടെ മുൻപിലുള്ള  പീഠത്തിന്മേൽ ഒരു ഇലയിൽ അരിയും രണ്ടു വടികളും വെച്ചിരിക്കും.

ഇലയിൽ നിന്നും കുറച്ചു അരിയും പൂവും എടുത്തു രണ്ടു കൈകളിൽ എടുത്തു, തുള്ളി, തുള്ളി ഓരോ കൈകൾ വീതം മാറി മാറി ഉയർത്തി അരിയും പൂവും മേല്പോട്ടു എറിഞ്ഞു അങ്കക്കാരനെ വലം വെക്കും. അതിനു ശേഷം, അങ്കക്കാരനെ പോരിന് വിളിക്കും.. ഈ തുള്ളലിന് ഒരു താളമുണ്ട്.

യുദ്ധത്തിന് (പോരിന്) വിളിക്കുന്ന വായ്ത്താരി , ഏകദേശം ഇങ്ങനെ ആയിരിക്കും. വാക്കുകൾ ശരിയാണോ എന്ന അറിയില്ല.. ഏകദേശ സ്ലാങ് വെച്ച് എഴുതുകയാണ്. ഒരു നിശ്ചിത അകലത്തിൽ അങ്കക്കാരൻ പീഡത്തിന് മുകളിൽ കയറി നിൽക്കും.

കയ്യിൽ വാളൊക്കെ പിടിച്ചു. രണ്ടു കയ്യിലും വാളുകൾ ഉണ്ടാവും.
എതിർ വശത്തു രണ്ടു വടിയുമായി പോരിന് വിളിക്കുന്ന ആളും. വടി തമ്മിൽ മുട്ടിയിട്ടു വായ്ത്താരിയായി പറയും. അരിന്ദ്രേരും , പേരിന്ദ്രേരും.. (അപ്പോൾ തന്നെ അങ്കക്കാരൻ തന്റെ വാളുകൾ തമ്മിൽ ഉരസി ഹുയ എന്ന് ശബ്ദം പ്രകടിപ്പിച്ചു തന്റെ ദേഷ്യം പ്രകടിപ്പിക്കും) വായ്ത്താരി തുടരും വീരാറ്റും പേരിന്ദ്രേരും..
വഴി തെറ്റി വന്ന മലയാളിയെ? കുത്തുവേയും? കൊല്ലുവേയും? കുട ലെടുക്കവേയും? ഏറ്റേറ്റു മലയാള!.

ഇങനെ മൂന്നു പ്രാവശ്യം പറയും.
ഇത് കേൾക്കുമ്പോൾ അംഗക്കാരാന് കലി കയറി പോരിന് ചെല്ലാൻ, വാളൊക്കെ തമ്മാമ്മൽ (തമ്മിൽ) ഉരച്ചു ഹൂയി എന്ന പേടിപ്പിക്കുന്ന ശബ്ദമുണ്ടാക്കി ആംഗ്യം കാട്ടും..
അപ്പോൾ പോരിന് വിളിച്ച പോരാളി ഓടി ചെന്ന് ഒരു തുള്ളു തുള്ളി! (ചാടി..ചാടി) പയറ്റ് തുടങ്ങും.

അതിനനുസരിച്ചു ചെണ്ട മേളം തുടങ്ങും.. ചെണ്ടയുടെ താളത്തിനു വേഗത കൂട്ടുന്നതനുസരിച്ചു പയറ്റും മുറുകിക്കൊണ്ടിരിക്കും.. ഏകദേശ താളം ഇങ്ങനെ! ടെണ്ടര…. ഡര ഡര! ടെണ്ടര…. ഡര ഡര ! ടെണ്ടര ഡര ഡര

….! സ്പീഡ് കൂടി കൂടി, ഏകദേശം പോരിന് വിളിച്ച ആൾ തോൽക്കും എന്ന ഘട്ടമാവുമ്പോൾ? പയറ്റ് നിറുത്തി ഓടി  ഒളിക്കും..

പിന്നാലെ അങ്കക്കാരനും ഓടി പരതി (തിരയും) നോക്കും, കുറെ നേരം പരതി കാണുന്നില്ല എന്ന് കോണുമ്പോൾ തിരിച്ചു പഴയ സ്ഥലത്തു വന്നു ദേഷ്യത്തോടെ വന്നു നിന്ന്. ഹൂയി ശബ്ദം ഉണ്ടാക്കും.. അപ്പോൾ വീണ്ടും പോരാളികൾ വന്നു അംഗത്തിന് വീണ്ടും തയ്യാറാവും.

ഇത് പോലെ മൂന്നു തവണ ആവർത്തിക്കും.. മൂന്നാം തവണ കുറച്ചു തീവ്രമായി തന്നെയായിരിക്കും അംഗം, കാണുമ്പോൾ വിചാരിക്കും ഇപ്പോൾ കൊല്ലും എന്ന്?

തിൻമ്മകൾക്കെതിരെ പോര് നയിക്കുന്നവനായതിനാലാണ് യുദ്ധം നയിക്കുന്നവനെന്ന് അർത്ഥം വരുന്ന അങ്കക്കാരൻ എന്ന പേര് വന്നത്.. എന്ന് വിശ്വസിച്ചുപോരുന്നു..

അങ്കക്കാരൻ തിറ കാണാൻ മാത്രം വരുന്നവർ മണ്ടോളയിൽ ഉണ്ട് എന്ന് പറഞ്ഞാൽ അതിശയോക്തിയില്ല. ഈ തിറ കഴിഞ്ഞാൽ മിക്കവാറും എല്ലാവരും വീട്ടിലേക്കു പോയി അടുത്ത ഭഗവതിയുടെ തിറയാവുമ്പോഴേക്കും തിരിച്ചു വരും..

ക്ഷേത്രം വക ഒരു അങ്കക്കാരൻ തിറ യായിരിക്കും. ചില വർഷങ്ങളിൽ രണ്ടും മൂന്നും അങ്കക്കാരൻമാർ ഉണ്ടാവും. ഓരോ ആളുകളുടെ നേർച്ചയായിട്ടാണ് ഇങ്ങനെ അങ്കക്കാരൻ മണ്ടോളയിൽ കെട്ടി ആടുന്നത്. ഈ തെയ്യം ആയോധന കലയുമായി ബന്ധപ്പെട്ടതിനാൽ, കലാകാരൻമാർ പരമ്പരാഗത കളരി പയറ്റിൽ പരിശീലനം കുറച്ചെങ്കിലും വശത്താക്കിയിരിക്കുമായിരിക്കും!

ഇങ്ങനെയൊക്കെയാണെങ്കിലും ഭക്തർ   ശത്രുക്കളിൽ നിന്നുള്ള രക്ഷക്കായും, ക്രിമിനൽ കേസുകളുടെ വിജയത്തിനും, ആഭരണങ്ങൾ പോലുള്ള മോഷ്ടിക്കപ്പെട്ടതോ നഷ്ടപ്പെട്ടതോ ആയ വസ്തുക്കൾ വീണ്ടെടുക്കുന്നതിനും അങ്കക്കാരനെ ആരാധിക്കുന്നു എന്ന് പറഞ്ഞു കേൾക്കുന്നു.

എല്ലാ തിറകളും തുടങ്ങുന്നതിനു മുൻപ് മുഖമെഴുത്തിനു തയ്യാറാവുന്ന ആൾ ഗുരുവിനെ വണങ്ങി അനുഗ്രഹം വാങ്ങി കാൽ തൊട്ടു വന്ദിച്ചു മുഖ മെഴുത്തിനു തയ്യാറാവും.

മോണ്ടോളയുടെ തെക്കു കിഴക്കേ മുലയിൽ പച്ചോലകൊത്തി, കുത്തനെ, ചാരി മറച്ച ചമയപ്പുരയിൽ, കറുത്ത്, തടിച്ചു വയർ അൽപ്പം ചാടിയ, കുറിയ മുന്നൂറ്റൻ കുഞ്ഞിരാമൻച്ചൻ, തെയ്യക്കോലം കെട്ടുന്നവരുടെ കുല ഗുരു?

അരിപ്പൊടി, ചാന്തു, കുത്തു വിളക്കിൽ നിറയെ വെളിച്ചെണ്ണ ഒഴിച്ച് പുതിയ കോട്ടൺ മൽമൽ തുണി കീറി തെരച്ചു ഉണ്ടാക്കിയ നല്ല കട്ടിയുള്ള കോട്ടൺതിരി കത്തിച്ചു, അതു കവർ ചെയ്ത പിഞ്ഞാണ ബസിയിൽ (Plate) അവണക്കിൻ എണ്ണ, അല്ലെങ്കിൽ വെളിച്ചെണ്ണ പുരട്ടി, തിരി കത്തുമ്പോൾ വരുന്ന പുക പറ്റി പിടിച്ചു ഉണ്ടാക്കുന്ന കറുത്ത ചാന്തും, നൂറും, മഞ്ഞളും , അരിപ്പൊടിയും, വെളിച്ചണ്ണയും, പച്ചില കൊണ്ടുണ്ടാക്കുന്ന കൂട്ട് കളറും ഉപയോഗിച്ചു, ഈർക്കിൽ കൊണ്ട് മുഖമെഴുത്തു നടത്തി തെയ്യക്കോലം കെട്ടുന്ന വർ തെയ്യക്കാലമായാൽ വൃതം അനുഷ്ഠിച്ച, സത്യമായി കൊണ്ട് നടക്കുന്ന ഒരു കല.

മുഖമെഴുത്തു കഴിഞ്ഞു വീണ്ടും ഗുരുവിന്റെ കാൽ തൊട്ടു വന്ദിച്ചു തിറ കെട്ടാനുള്ള വേഷാദികൾ ഒക്കെ ധരിപ്പിച്ചു പീഠത്തിൽ ഇരുത്തി മുഖക്കച്ചയും കിരീടവും , തയ്യാറാക്കി ക്കൊണ്ടിരിക്കുമ്പോൾ മറ്റെല്ലാ തെയ്യങ്ങൾക്കും ചെല്ലുന്നത് പോലെ!ഇടക്ക് തോറ്റം പാട്ട് ഒറ്റ ചെണ്ടയുടെ താളത്തിൽ ചൊല്ലി കേൾപ്പിക്കും.

ദൈവത്തെ സ്തുതിക്കുവാൻ വേണ്ടിയുള്ള സ്തോത്രമാണ് തോറ്റം പാട്ട്! ദൈവ ചരിത്രം വർണ്ണിച്ചു കൊണ്ട് ദൈവത്തെ ആവാഹിച്ചു തെയ്യം കെട്ടുന്ന ആളുടെ ശരീരത്തിലേക്ക് ആവാഹിച്ചിരുത്തുകയാണ് തോറ്റം പാട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്.

തോറ്റംപാട്ട് തീരുന്നതോടെ തെയ്യം കെട്ടിയ ആളുടെ ദേഹത്തിൽ ദൈവം പ്രവേശിക്കുന്നു, എന്ന് ബോദ്ധ്യമായാൽ പിന്നെ ഗുരുവും, വേഷം കെട്ടിക്കുന്ന ആളും, മുഖമെഴുതിയ ആശാനും, ഒക്കെ തെയ്യം കെട്ടിയ ആളുടെ കാൽ തൊട്ടു വന്ദിക്കും. അതോടെ അയാൾ ദൈവമായി മാറും.

ഇതുമായി ബന്ധപ്പെടുത്തി ഒരു തമാശ പറഞ്ഞു കേട്ടിട്ടുണ്ട് ‘ ഞമ്മ രണ്ടും കണ്ടു ‘ എന്ന്? ഒരു മുസ്‌ലിം ഹാജിയാർ പറഞ്ഞതായിട്ടു കേട്ട കഥയാണ്. കഥ ഇങ്ങനെ…

ഹാജിയാർ കടയും പൂട്ടി, മണ്ടോളയുടെ മുൻപിലെത്തിയപ്പോൾ തിറയൊരുക്കങ്ങൾ ഒക്കെ കണ്ടു മണ്ടോളയിൽ കയറി. ചമയപ്പുരയുടെ അടുത്തെത്തി. മുന്നൂറ്റൻ കുഞ്ഞിരാമൻച്ചനെ പരിചയമുള്ളതു കൊണ്ട് ലോഗ്യമൊക്കെ പറഞ്ഞു നിൽക്കുമ്പോൾ തിറ കെട്ടാനൊരുങ്ങുന്ന ആൾ വന്നു ദക്ഷിണയായി വെറ്റില കുഞ്ഞിരാമൻച്ചന് കൊടുത്തു, അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങി മുഖ മെഴുത്തു തുടങ്ങി.

മുഖ മെഴുത്തെല്ലാം കഴിഞ്ഞു, വേഷങ്ങളൊക്കെ കെട്ടുമ്പോഴും അദ്ദേഹം കുഞ്ഞിരാമൻച്ചന്റെ കാൽ തൊട്ടു വന്ദിച്ചു. ചമയങ്ങളെല്ലാം കഴിഞ്ഞു തോറ്റം പാടി കഴിഞ്ഞപ്പോൾ ഹാജിയാർ കണ്ടത് മുന്നൂറ്റൻ കുഞ്ഞിരാമൻച്ചൻ അദ്ദേഹത്തെ തെഴുന്നതാണ്. ഇതാണ് അദ്ദേഹം പറഞ്ഞത് ഞമ്മ രണ്ടും കണ്ടു എന്ന് !

… അത് കഴിഞ്ഞു കുത്തുവിളക്കിന്റെ വെളിച്ചത്തിൽ, ഒറ്റച്ചെണ്ടയുടെ അകമ്പടിയോടെ എഴുന്നെള്ളിക്കപ്പെടുന്നതോടെ? വലിയ തറയിൽ കയറി ആട്ടം തുടങ്ങും. ഈ സമയം മറ്റു ചെണ്ടമേളക്കാരും മേളം തുടങ്ങും. പിന്നീട് ക്ഷേത്രക്കോമരം അരിയിട്ട് എഴുനെള്ളിച്ചു ക്ഷേത്രം വലംവെച്ചു പീഠത്തിൽ ഇരുത്തി മീത്തു കൊടുക്കും . അതോടെ തിറയുടെ തുടക്കമാവും.

പൂതാടിത്തിറ, മനോഹരവും വിസമ്മയിപ്പിക്കുന്നതുമാണ് . പൂതാടി 40 ഒ 45 ഒ സെന്റീമീറ്റർ ചതുരത്തിലുള്ള പീഠത്തിൽ നിന്ന് രണ്ടു ഭാഗത്തുള്ള കൈക്കാരുടെ സഹായത്തോടെ പന്തം കൊളുത്തിയുള്ള ആട്ടം ആരെയും വിസ്മയിപ്പിക്കും .

ചെണ്ട മേളത്തിനനുസരിച്ചു കാലുകളിൽ സ്റ്റെപ്പ് വെച്ച് തലയും മുഖവും ശരീരവും ഒക്കെ ചലിപ്പിച്ചു കാൽ പാദം കൊണ്ട് സ്റ്റെപ്പ് തെറ്റാതെ കൈക്കാരുടെ പഞ്ചയിൽ വിരലുകൾ കോർത്ത് ബലപ്പെടുത്തി, ഊര വളച്ചു, നെഞ്ചും കഴുത്തും മുന്നോട്ടു നീട്ടി; ചന്തി പിറകോട്ടു തള്ളി, ചെണ്ടമേളത്തോടപ്പം, സ്റ്റെപ്പ് മാറ്റി മാറ്റി ശരീരം നിശ്ച്ചലമാക്കി, കഴുത്തും മുഖവും സ്റ്റെപ്പിനനുസൃതമായി ചലിപ്പിച്ചു ആടുന്നത് കാണേണ്ട കാഴ്ച തന്നെയാണ്, എന്ന് പറയുമ്പോഴും

ദൈവീകമായ ഒരു ഉൾവിളി ഉള്ളവർക്ക് മാത്രം സാധിക്കുന്ന ഒരു ക്ഷേത്ര കല. അല്പം താളം തെറ്റിയാൽ പീഠത്തിനു പുറത്താകും കാൽപ്പാദം. എല്ലാം മനക്കണക്കിൽ, മാറ്റി, മാറ്റിയുള്ള ചുവട് വെപ്പ്. ചെണ്ട മേളം മുറുകുമ്പോൾ 360 ഡിഗ്രിയിലുള്ള തുടർച്ചയായ കറക്കം! മിനുട്ടുകളോളം? ഒരു ബാലൻസും തെറ്റാതെ വീണ്ടും ആട്ടം തുടരും.

തുടർന്നുള്ള ആട്ടവും, മറ്റു കാര്യങ്ങളുമെല്ലാം ദൈവം നേരിട്ട് ചെയ്യുന്നതാണെന്നും വിശ്വാസ്സങ്ങൾ. ഇതിൻറെ ഭാഗമാണ് തെയ്യങ്ങളുടെ അനുഗ്രഹങ്ങളും പ്രസാദം നൽകലുമെല്ലാം? തെയ്യത്തിൻറെ മുടി, അല്ലെങ്കിൽ വേഷം അഴിക്കുന്നതോടെ ദൈവം ദേഹത്തിൽ നിന്നും വിട്ടുമാറുന്നുവെന്നും വിശ്വാസ്സം.

ചെറിയത്തു മണ്ടോള എന്നറിയപ്പെടുന്ന ഈ ക്ഷേത്രം? തങ്ങളുടെ പൂർവീകർ പകർന്നു നൽകിയ ആചാര അനുഷ്ഠാനങ്ങൾ ഒട്ടും വ്യതിചലിക്കാതെ അതെപടി, കൊണ്ട് നടക്കാൻ തറവാട്ട് കാരണവരായി രമേശനും, അദ്ദേഹത്തിന് എല്ലാ പിന്തുണയും നൽകി വസന്തും , ജയന്തും , തറവാട്ടങ്ങങ്ങളായി ദിലീപും, ദിനേഷും, ദിവാനന്ദൻ മാസ്റ്ററും, ധൻരാജ്ഉം, ദീപക്കും, ഒക്കെ കുടുംബാംഗങ്ങളോടൊപ്പം പൂർണ പിന്തുണ നൽകി ഇപ്പോഴും കൂടെയുള്ളത് കൊണ്ട്? ദൈവീകമായ ഈ ആചാരങ്ങൾ ഇന്നും തുടർന്ന് പോരുന്നു.

ഇവരുടെ എല്ലാ സംരംഭങ്ങൾക്കും പ്രദേശ വാസികളും, നാട്ടുകാരും ഇവരോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നത് ഇവർക്ക് ഒര് സഹായം തന്നെ !

കുറച്ചു വർഷമായി ക്ഷേത്രത്തിനു ചുറ്റുമുള്ള ഒരുകൂട്ടം ആളുകൾ ക്ഷേത്രവുമായുള്ള ആത്മബന്ധം കൊണ്ട് തിറ തീരുന്ന ദിവസം അന്നദാനം മുടങ്ങാതെ നടത്തിവരുന്നു .

ഹിന്ദു പുരാണങ്ങളിൽ, “അന്ന ദാനം ഏറ്റവും പവിത്രവും പ്രധാനപ്പെട്ടതുമായ ദാനധർമ്മങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിന്റെയും ആത്മാവിനെ പോഷിപ്പിക്കുന്നതിന്റെയും പ്രാധാന്യം ഊന്നിപ്പറയുന്ന അന്നദാനം ഹിന്ദു പുരാണങ്ങളുടെ ഒരു പ്രധാന വശമാണ്. 

അന്നദാനം നടത്തുന്നതിലൂടെ കാരുണ്യം വളർത്തിയെടുക്കുകയും, ആത്മീയ യോഗ്യതകൾ ശേഖരിക്കുകയും, ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.

ആത്മാവിന്റെ പോഷണം, മനസ്സിന്റെ ശുദ്ധീകരണം, പുണ്യ ശേഖരണം, ദുരിതങ്ങളിൽ നിന്നുള്ള ആശ്വാസം, കൃതജ്ഞതയും അനുഗ്രഹങ്ങളും അന്നദാനം (ഭക്ഷണം) സ്വീകരിക്കുന്നവരിൽ നിന്ന് നന്ദിയും അനുഗ്രഹവും കൊണ്ടുവരുമെന്ന് പറയപ്പെടുന്നു.

ഈ വരുന്ന കുംഭം 13 – 14 – 15 തീയ്യതികൾക്കായി മയ്യഴിയിലെ തിറ ആരംഭത്തിനുള്ള തെയ്യാറെടുപ്പോടെ ചെറിയത്തു കുടുംബാംഗങ്ങളെപ്പോലെ മയ്യഴിക്കാരും കാത്തു നിൽക്കുന്നു.

മഠത്തിൽ ബാബു ജയപ്രകാശ് ✍️ My Watsapp Cell No: 00919500716709

4 Comments

  1. Rohinkumar K P's avatar Rohinkumar K P says:

    വായിക്കുമ്പോൾ അങ്കക്കാരൻടെ വാളുരസുന്ന ശബ്ദം തന്നെ ഞാൻ കേട്ടു.

    Like

    1. Babucoins's avatar Babucoins says:

      🙂🙏Thank You

      Like

    2. Babucoins's avatar Babucoins says:

      Thank you Sunny🙂

      On Thu, 12 Aug 2021, 08:26 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, wrote:

      >

      Like

  2. Bhuvana Prabhakaran's avatar Bhuvana Prabhakaran says:

    Felt like I have experienced Mandola thira yet again.
    Thanks for the write up Babumamen.

    Like

Leave a Comment