ഒരു മാർജ്ജാര കഥ

Reading Time 2 Minutes Maximum

ഒരു നുറുങ്ങു കഥ

മയ്യഴിയിലും പരിസരത്തും, എന്തിനു അങ്ങ് സായിപ്പിന്റെ നാട്ടിൽ വരെ, ഇപ്പോൾ പാലിനേക്കാൾ വലിയ ചർച്ച മാർജാരശല്യമാണ്.

പണ്ടൊക്കെ കേശവേട്ടന്റെ തൊഴുത്തും സാജ് ഫാമും നമ്പീശന്റെ പശുക്കളുമൊക്കെ ഉള്ളപ്പോൾ പാലിന് ഒരു കുറവുമുണ്ടായിരുന്നില്ല. അന്നും പൂച്ചകളുണ്ടായിരുന്നു. പക്ഷേ, അവയ്ക്ക് അതിരുണ്ടായിരുന്നു. പാത്രം മൂടിവെച്ചാൽ പിന്നെ പൂച്ച അടുക്കില്ല.

കാലം മാറി. മിൽമയും പാക്കറ്റ് പാലുമൊക്കെ വന്നപ്പോൾ പാൽ സുലഭമായി. പൂച്ചകൾക്കും സുഖമായി. ആരും കാണാതെ മൂടി തുറന്ന് കുടിക്കാൻ പഠിച്ച പൂച്ചകളുടെ എണ്ണം കൂടി. പാൽ കുറഞ്ഞതുകൊണ്ടല്ല, കിട്ടുന്ന പാൽ മുഴുവൻ കുടിച്ചുതീർക്കാൻ ആളുണ്ടായതുകൊണ്ടാണ് ഇപ്പോൾ ക്ഷാമം.

കൊറോണ വന്നപ്പോൾ പലതും നിന്നു. പക്ഷേ, പൂച്ചകളുടെ ദാഹം നിന്നില്ല. ഇപ്പോൾ കേൾക്കുന്നൊരു കരക്കമ്പിയുണ്ട്: ഫ്രീ ആയി കിട്ടുന്ന പാൽ, കണ്ണടച്ച് ഇരുട്ടാക്കി, ആരും കാണുന്നില്ല എന്ന ഭാവത്തിൽ കുടിക്കുന്ന ചില മാർജാരന്മാരുണ്ടെന്ന്.

പണ്ട് അശ്വത്ഥാമാവിന് പാൽ കുടിക്കാൻ അതിയായ മോഹം. പാൽ വെളുത്തതാണെന്ന് അറിയാം. ഇത് തിരിച്ചറിഞ്ഞ മറ്റു കുട്ടികൾ മാവ് കലക്കി കൊടുത്തു, പാലാണെന്ന് തെറ്റിദ്ധരിപ്പിച്ചു. അതിൽപ്പിന്നെയാണ് “വെളുത്തതെല്ലാം പാലല്ല” എന്ന ചൊല്ലുണ്ടായത്. ഇത് കേട്ട പല പൂച്ചകളും പാൽ കണ്ടാലും മോര് എന്ന് കരുതി  More…..  കണ്ടാൽ കുടി നിർത്തും. അവർക്കറിയില്ല, മോര് കഴിഞ്ഞാൽ നല്ല രസം കിട്ടുമെന്ന്.

അത്തരം പൂച്ചകളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല!

എന്നാൽ ചില കണ്ടൻപൂച്ചകളുണ്ട്. ഇടയ്ക്ക് നല്ല ടേസ്റ്റായി കുടിക്കും. ചിലപ്പോൾ കുഞ്ചൻനമ്പ്യാരുടെ സദസ്സിലെ കഥപോലെ, മധുരമാണെങ്കിലും കയ്പ്പെന്ന് പറയും. ടേസ്റ്റായി കുടിക്കാനുള്ള ആഗ്രഹമൊക്കെ ഉണ്ടാകും. രണ്ടും മൂന്നും തവണയായി കുടിക്കും. ആരെങ്കിലും കണ്ടാൽ പിന്നെ കയ്പായി.

ചിലരുണ്ട്, അല്പം വായനാശീലമുള്ളവരാണെങ്കിലും മൂടി തുറക്കാതെ അയക്കുന്ന ലിങ്കിൽ ഒന്ന് ക്ലിക്ക് ചെയ്യും. അപ്പോൾ ടിക്ക് ലൈൻ നീല തെളിയും,  അടിയിൽ ഇൻസ്പിരേഷൻ തോന്നത്തക്ക രീതിയിൽ ഒരു ഇമോജിയും കാച്ചും. ഇത് സഹിക്കാം.

എന്നാൽ ചിലരുണ്ട്, നല്ല വായനാശീലമുള്ളവരായിരിക്കും, പക്ഷേ വായിക്കില്ല. ഒരുപക്ഷേ, എഴുതുന്ന ആളുടെ എഴുത്തിന് അത്ര ക്വാളിറ്റി കാണാത്തതുകൊണ്ടായിരിക്കും. എങ്കിലും തുറക്കാതെ, വായിക്കാതെ ഒരു സുഖിപ്പിക്കും വിധം ഒരു ടിക്കും ഒപ്പം ഒരു ഇമോജിയും.

ഇവരോടൊക്കെ മുൻപ് പറഞ്ഞതേ പറയാനുള്ളൂ: ഞാൻ എഴുതുന്നതും ഇഷ്ടപ്പെട്ടവർക്ക് ഫോർവേഡ് ചെയ്യുന്നതും ഒരു ലൈക്കിനു വേണ്ടിയോ അല്ലെങ്കിൽ ഒരു ജ്ഞാനപീഠം അവാർഡിനു വേണ്ടിയൊന്നുമല്ല. ഒരു തരം കിറുക്ക്. അത്രമാത്രമായി എന്റെ എഴുത്തിനെ കണ്ടാൽ മതി.

പിന്നെ, എഴുതി പുസ്തകമാക്കി അതിന്റെ റോയൽറ്റി കൊണ്ട് ജീവിക്കാമെന്നുള്ള മോഹവുമില്ല. ഇക്കാലത്തു പുസ്തക പ്രകാശനവും പ്രസിദ്ധീകരിക്കലും 10,000 രൂപ മുതൽ തുടങ്ങും. അതും ഒരു വിഷയമല്ല അതോടെ എഴുത്തുകാരനായി.

പൂച്ചകളോട് ഒന്നേ പറയാനുള്ളൂ:

പാൽ ഇവിടെത്തന്നെയുണ്ട്. വെളിച്ചത്തു വന്ന്, മുഖത്ത് നോക്കി, “ദാഹിക്കുന്നു” എന്ന് പറഞ്ഞ് കുടിക്കാൻ പറ്റുമ്പോൾ എന്തിനാണ് കണ്ണടച്ച് ഇരുട്ടാക്കി കുടിക്കുന്നത്?

കണ്ണടച്ചാൽ ലോകം ഇരുട്ടാവും എന്ന് വിചാരിക്കുന്നത് പൂച്ചയ്ക്ക് മാത്രമാണ്. പാൽ കൊണ്ടുവെക്കുന്നവർക്ക് എല്ലാം കാണാം.

എങ്കിലും സമാധാനമുണ്ട്. ചില കാട്ടുപൂച്ചകൾക്കെങ്കിലും ഇപ്പോൾ കാര്യം പിടികിട്ടിത്തുടങ്ങിയിട്ടുണ്ട്. അവർ പതിയെ വെളിച്ചത്തേക്ക് വന്നു തുടങ്ങി.

ബാക്കിയുള്ളവർക്ക്… സമയമെടുക്കട്ടെ. പാലും ഇവിടെത്തന്നെയുണ്ട്, പാത്രവും.

പാലുടമ ഇപ്പോൾ രണ്ടു കാര്യങ്ങൾ ആലോചിക്കുന്നുണ്ട്. ഒന്ന്, ഏതൊക്കെ പൂച്ചയാണ് സ്ഥിരമായി പാത്രം കാലിയാക്കുന്നത് എന്ന് നോക്കി മണി കെട്ടണം. രണ്ട്, കെണി വെക്കണം. പക്ഷേ, സത്യം പറഞ്ഞാൽ മണി കെട്ടാനൊന്നും കെണി വെക്കാനൊന്നും ഉദ്ദേശമില്ല. കാരണം, എല്ലാം നമ്മുടെ തന്നെ പൂച്ചകളല്ലേ. കുടിക്കട്ടെന്ന്.

എന്നാൽ ചിലരുണ്ട്, ഒന്ന് നക്കിനോക്കി പോകും. അത് പാലിഷ്ടമില്ലാത്ത പൂച്ചകളാണ്. എന്നാൽ ചിലരുണ്ട്, അശ്വത്ഥാമാവിനെപ്പോലെയാണ്. ഒരിക്കൽ പറ്റിയ അബദ്ധംകൊണ്ട് പിന്നെ പാൽ കാണുമ്പോൾ സംശയമാണ്.

കുറിപ്പ്: ഇത് വെറും പൂച്ചക്കഥയാണ്. ഏതെങ്കിലും കണ്ടൻപൂച്ചകൾക്ക് എന്തെങ്കിലും തോന്നിയാൽ അത് തികച്ചും യാദൃശ്ചികം മാത്രം.

ചില പൂച്ചകളുണ്ട്, മതിലിന്മേൽ ഇരിപ്പാണ്. ഏത് ഭാഗത്തേക്ക് ചാടും എന്നറിയില്ല.

മഠത്തിൽ ബാബു ജയപ്രകാശ് ✍️        My WataspvCell No: 00971 9500716709

Leave a Comment