റമ്മു ഒരു അവദൂതനോ ? പിന്നെ എന്റെ അൽപ്പം വിശേഷങ്ങളും..

Reading Time Set 7 Minutes Maximum

എന്റെ കടലും, കടലോര കാഴ്ചയും… ഒരു ഭാഗത്ത് എത്തിയപ്പോൾ പറഞ്ഞിരുന്നല്ലോ എന്റെ ജോലിയെപ്പറ്റി? കുറച്ച്, കുറച്ചായി പറയാം! പിന്നീട് എന്ന്…!

എന്നെപ്പറ്റി മാത്രം എഴുതാൻ തുടങ്ങിയാൽ എഴുത്ത് ഏകപക്ഷീയം ആവും! പിന്നെ അത് വായിക്കുന്നവർക്ക് ബോറടിക്കും! അതുകൊണ്ട് ചില കഥകൾക്ക് യോജിക്കും വിധം കുറച്ച് കുറച്ചായി മേൽപ്പൊടിയായി ചേർക്കാം… അപ്പോൾ എന്റെ എഴുത്തിന്റെ കഷായത്തിന്റെ കൈപ്പും മാറിക്കിട്ടും…

പറയാനുള്ള കാരണം? 

എന്നെ വായിച്ചു തുടങ്ങിയപ്പോൾ പ്രതീക്ഷിക്കാത്ത പല കോണുകളിൽ നിന്നും അഭിപ്രായങ്ങൾ വന്നു…

ഒരാൾ കൊച്ചിയിൽ നിന്നും, മറ്റ് രണ്ടു പേർ അങ്ങ് ദൂരെ?.. എത്ര ദൂരെ എന്ന് ചോദിച്ചാൽ അതും കടൽ കടന്നുള്ള ദൂരം…!

പണ്ട് മയ്യഴിനാട് അടക്കി ഭരിച്ച നാട്ടിൽ നിന്ന്…!  

നമ്മുടെ നാട് ഭരിച്ച മുഗളന്മാരുടെ താവഴിയിലുള്ള അറബികളുടെ നാട്ടിൽ നിന്നും…!  

സൂര്യൻ അസ്തമിക്കാത്ത രാജ്യക്കാരെന്ന് വിശേഷിപ്പിച്ചവരുടെ നാട്ടിൽ നിന്ന്…!  

പിന്നെ സ്വന്തം നാട്ടിൽ നിന്നും…!

ഇവരുടെയൊക്കെ ആവശ്യം, *റമ്മുവിനെപ്പറ്റി അറിയണം*…!  

റമ്മുവിനെപ്പറ്റി രണ്ടു വാക്ക് എഴുതണം!

എഴുതാത്തതിൽ ഒരു സുഹൃത്ത് സ്നേഹത്തോടെ പരാതി പറഞ്ഞു….

എല്ലാവരോടുമായി പറയട്ടെ? ഞാൻ ഒരു എഴുത്തുകാരനല്ല!

എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ ഒറ്റയ്ക്ക് ദൂരയാത്ര പോയി തുടങ്ങിയതാണ്. പിന്നീടങ്ങോട്ട് കോളേജിലും ഒക്കെ ആയപ്പോഴും അതുപോലെയുള്ള യാത്രകൾ.  

യാത്രകൾ നല്ല അനുഭവമാണ്! എനിക്ക് നൽകിയത്! അതും ഒറ്റയ്ക്കാവുമ്പോൾ ഏറെ സ്വതന്ത്രമായി പലതും മനസ്സിലാക്കാം.

അത്തരം ഒരനുഭവം ഇതുമായി ബന്ധപ്പെട്ട് എഴുതിയാൽ നല്ലതായിരിക്കും എന്ന് കരുതി എഴുതട്ടെ…

…കോളേജിൽ പ്രീഡിഗ്രിക്ക് ഒന്നാം വർഷം പഠിക്കുമ്പോൾ, പുതുച്ചേരിയെ പ്രതിനിധീകരിച്ച് അഡ്വാൻസ് ലീഡർഷിപ്പ് ക്യാമ്പ് ഹൈദരാബാദിലെ രാജേന്ദ്ര നഗറിലുള്ള കാർഷിക സർവ്വകലാശാല കോമ്പൗണ്ടിൽ നടത്തിയിരുന്നു. *(NCC Camp)* അന്ന് എനിക്കായിരുന്നു ചാൻസ് കിട്ടിയത്.

ആ കാലങ്ങളിൽ കമ്പ്യൂട്ടറൈസ്ഡ് റിസർവേഷൻ ഒന്നും ഇല്ല! ഓൺവേർഡ് റിസർവേഷൻ ചെയ്യേണ്ടതിനാലും, നേരിട്ടുള്ള ട്രെയിൻ ഹൈദരാബാദിലേക്ക് ഇല്ലാത്തതിനാലും യാത്രാ സൗകര്യത്തിനായി രണ്ടു മാസം മുൻപേ എന്റെ ടിക്കറ്റ് ഞാൻ ബുക്ക് ചെയ്തിരുന്നു.

*ചെന്നൈ മെയിലിന്, ചെന്നൈ വരെ!*  

പിറ്റേന്ന് കാലത്ത് ചെന്നൈ – ഹൈദരാബാദ് *(കോറമണ്ഡൽ എക്സ്പ്രസിന്)*.  

മെയിൽ എത്തുന്ന ദിവസം തന്നെ കോറമണ്ഡൽ എക്സ്പ്രസ്സ് ഉണ്ടെങ്കിലും ട്രാൻസ്ഫർ സമയം വളരെ കുറവായതിനാൽ ഒരു കരുതൽ എന്ന നിലയിൽ ഒരു ദിവസം തള്ളി ബുക്ക് ചെയ്തതായിരുന്നു.

ആ ഒരു ദിവസം എന്റെ ഒരു റിലേഷനിൽ പെട്ടവരുടെ വീട്ടിൽ താമസിച്ച്, പിറ്റേന്ന് ഹൈദരാബാദിലേക്ക് യാത്ര പോകാനായിരുന്നു പ്ലാൻ.

ഞാൻ യാത്ര പോകുന്ന വിവരം എന്റെ മാത്തമാറ്റിക്സ് പ്രൊഫസർ *ഐതീന്ദ്രൻ മാസ്റ്റർ* അറിഞ്ഞു. എന്നോട് പറഞ്ഞു: “നമ്മുടെ ഫിസിക്സ് പ്രൊഫസർ സുകുമാരൻ നായർ http://M.Phil കോഴ്സ് ഹൈദരാബാദിൽ വെച്ച് ചെയ്യുന്നുണ്ട്. കാണുവാൻ സാധിച്ചിട്ടുണ്ടെങ്കിൽ എന്റെ അന്വേഷണം പറയണം.” എന്നിട്ട് അദ്ദേഹത്തിന്റെ അഡ്രസ്സും തന്നു.

പറഞ്ഞ തീയതി അനുസരിച്ച് യാത്ര പുറപ്പെട്ടു. ക്യാമ്പൊക്കെ നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കെ, ഒരു ഒഴിവു ദിവസം സുകുമാരൻ നായരെ കാണാൻ ഞാൻ പോയി. ഇന്നത്തെ പോലെ വാർത്താ വിനിമയ സൗകര്യമൊന്നും ഇല്ല! അഡ്രസ്സ് കൃത്യമായതുകൊണ്ട് അദ്ദേഹം താമസിച്ച സ്ഥലത്ത് എത്തിയപ്പോൾ അദ്ദേഹം കോളേജിൽ നിന്നും എത്തിയിട്ടില്ല.

റൂം അടച്ചിരിക്കുന്നു. ആ റൂം അടച്ചിരിക്കുന്ന രീതി എന്നിൽ അല്പം കൺഫ്യൂഷൻ ഉണ്ടാക്കി! രണ്ട് പാളിയുള്ള വാതിൽ? പക്ഷേ പൂട്ടിയത് മൂന്ന് പൂട്ടുകൾ ഉപയോഗിച്ച്…

സൂക്ഷിച്ചു നോക്കിയപ്പോൾ രണ്ട് ചങ്ങലയുമായി ബന്ധിപ്പിച്ച് മൂന്ന് പൂട്ട്. എന്റെ ബുദ്ധിക്ക് എത്ര ആലോചിച്ചിട്ടും ഒരു പിടിയും കിട്ടുന്നില്ല. അദ്ദേഹത്തെയും കാത്ത് അവിടെ ഇരിക്കുമ്പോഴൊക്കെ ഈ ചങ്ങലയും പൂട്ടും, പൂട്ടുന്ന രീതിയും ഓർത്ത് ഇരിക്കുമ്പോൾ മാഷ് ദൂരെ നിന്ന് നടന്നു വരുന്നു.

മാഷ് നടന്നു വരുന്നതിന് ഒരു സ്റ്റൈൽ ഉണ്ട്. അത് ദൂരെ നിന്ന് കണ്ടപ്പോഴേ എനിക്ക് മനസ്സിലായി – സുകുമാരൻ നായർ തന്നെ എന്ന്!

അടുത്തെത്തിയപ്പോൾ ഏറെ സന്തോഷം പ്രകടിപ്പിച്ചു! ആ കുറച്ചു സമയം കൊണ്ട് നമ്മൾ ഒരു പാട് കാര്യം സംസാരിച്ചു. എന്റെ ക്യാമ്പിലെ വിശേഷങ്ങൾ, അങ്ങനെ പലതും. ചായ ഇടുന്നതിനിടയിൽ ഞാൻ പൂട്ടിന്റെ കാര്യം അന്വേഷിച്ചു: “എന്തിനാ സാർ ഒരു മുറിക്ക് മൂന്ന് പൂട്ടുകൾ?”  

പിന്നെ അതിന്റെ ഉപയോഗം അദ്ദേഹം പറഞ്ഞു തന്നു…

അത് കേട്ടപ്പോൾ ഒരു ഫിസിക്സ് തിയറി അതിൽ ഉണ്ടോ എന്നൊരു ശങ്ക! എന്തായാലും മൂന്നുപേർ താമസിക്കുന്നതുകൊണ്ട് ആര് എപ്പോൾ വന്നാലും കാത്തു നിൽക്കാതെ അവരവരുടെ പൂട്ട് തുറന്ന് അകത്തു കയറാം!

ഇതിനിടയിൽ ഒരു ചായയൊക്കെ ഇട്ടു. കുടിക്കുന്നതിനിടയിൽ ചോദിച്ചു: “എപ്പോഴാണ് മടക്കം?”  

ഞാൻ തീയതിയും സമയവും, വണ്ടിയുടെ പേരും, കോച്ച് നമ്പറും ഒക്കെ പറഞ്ഞു കൊടുത്തു.

ഞാൻ ഇറങ്ങാൻ നേരം, അദ്ദേഹം എന്നോട് ചോദിച്ചു: “ജയപ്രകാശിന് ബുദ്ധിമുട്ട് ഇല്ലെങ്കിൽ… കുറച്ച് മാങ്ങ തന്നാൽ യതീന്ദ്രന് കൊടുക്കാൻ പറ്റുമോ? ഇവിടെ നാട്ടിൽ കിട്ടാത്ത നല്ല ബംഗിനപ്പള്ളി ഇനത്തിൽ പെട്ട മാങ്ങ കിട്ടും!”

“ശരി, സന്തോഷമേയുള്ളൂ” എന്ന് ഞാനും സമ്മതം മൂളി.

തീരുമാനിച്ചതുപോലെ സുകുമാരൻ നായർ ഒരു വലിയ മുളച്ചീള് കൊണ്ടുണ്ടാക്കിയ തൂക്കുകോട്ടയിൽ നിറയെ മാങ്ങയുമായി സ്റ്റേഷനിൽ എത്തി എനിക്ക് കൈമാറി. ട്രെയിൻ വിടാൻ നേരം യാത്ര പറഞ്ഞ് നമ്മൾ തമ്മിൽ പിരിഞ്ഞു.

ട്രെയിൻ സ്റ്റേഷൻ വിട്ടു. TT ടിക്കറ്റും ചാർട്ടുമായി ഒത്തുനോക്കി തിരിച്ചു തന്നു. അന്ന് അർദ്ധരാത്രിയോടടുപ്പിച്ച്, ഏകദേശം രാത്രി 12 മണി കഴിഞ്ഞു കാണും – സ്റ്റേഷൻ വിജയവാഡയോ? വാറങ്കലോ? ഓർമ്മയില്ല. വേറൊരു TT വന്നു ടിക്കറ്റ് നോക്കിയിട്ട് പറഞ്ഞു:

*l”You… cannot travel with this ticket. This ticket expired at 12 O’clock! Either you get down next station! Or I have to take another ticket!”

ഇതുകേട്ട് TT യും ഞാനുമായി തർക്കത്തിൽ ആയി. എന്റെ ന്യായം: റെയിൽവേ ആക്ട് പ്രകാരം ടിക്കറ്റ് വാലിഡ് ഫോർ ത്രീ മന്ത്സ് ഫ്രം ദി ഡേറ്റ് ഓഫ് ജേർണി. ഈ ക്ലോസ് ടിക്കറ്റിൽ പ്രിന്റ് ചെയ്തിട്ടുണ്ട് – ഇതുകാട്ടിയായിരുന്നു എന്റെ വാദം.

അദ്ദേഹം പറഞ്ഞു: “You are correct! But Station Master from Mahe returned by hand, valid for one month!”

അപ്പോഴാണ് കാർബൺ പേപ്പർ വെച്ച് എഴുതിയ ഭാഗം ശ്രദ്ധിച്ചത്. പിന്നെ ഞാൻ വിജയവാഡ മുതൽ ചെന്നൈ വരെയുള്ള ടിക്കറ്റിനുള്ള പണം എന്റെ കൈവശമുണ്ടായിരുന്നു. ചില്ലറയൊക്കെ നുള്ളി പെറുക്കി ഒപ്പിച്ചു കൊടുത്തു…

ചെന്നൈയിൽ എത്തി ഓട്ടോ പിടിച്ച് എന്റെ റിലേഷന്റെ വീട്ടിൽ പോയി. അവിടെ താമസിച്ച് അവരോട് പണമൊക്കെ വാങ്ങി ടിക്കറ്റെടുത്ത് മാഹിയിലേക്ക്. അല്പം താമസിച്ചു പോയി ഈ കാരണം കൊണ്ട്. എങ്കിലും മാങ്ങ യതീന്ദ്രൻ മാസ്റ്റർക്ക് കൃത്യമായി കൈമാറി.

വിവരമറിഞ്ഞ് അച്ഛൻ സ്റ്റേഷൻ മാസ്റ്ററോട് വിവരം തിരക്കി. അദ്ദേഹം അത് അദ്ദേഹത്തിന്റെ മിസ്റ്റേക്കാണെന്ന് പറഞ്ഞു. എന്നിട്ട് കംപ്ലെയിന്റ് ചെയ്യാൻ അദ്ദേഹം തന്നെ ഞങ്ങളെ ഉപദേശിച്ചു.

കംപ്ലെയിന്റ് ചെയ്തത് പ്രകാരം രണ്ട് സോണുകളിൽ നടന്ന സംഭവമായതിനാൽ (Southern Railway & South Central Railway) കുറച്ച് താമസിച്ചാണെങ്കിലും മുഴുവൻ പണവും തിരിച്ചുകിട്ടി. ഈ പണം തിരിച്ചുകിട്ടാൻ സ്റ്റേഷൻ മാസ്റ്റർ ഏറെ സഹായിച്ചു… ബാലകൃഷ്ണൻ ആണെന്നൊരു ഓർമ്മ അന്നത്തെ സ്റ്റേഷൻ മാസ്റ്റർ!

ഈയിടെ അസീസ് മാസ്റ്റർ ഓടും ഞാൻ അഭ്യർത്ഥിച്ചിരുന്നു അദ്ദേഹത്തിന്റെ കാടിന്റെ യാത്രയിൽ ഒരു ഭാഗമാവണമെന്ന ആഗ്രഹം. അദ്ദേഹം സന്തോഷത്തോടെ എന്റെ റിക്വസ്റ്റ് പരിഗണിച്ചുവെങ്കിലും, കൊറോണ കാരണം ഇതുവരെ പോകുവാൻ എനിക്ക് സാധിച്ചിട്ടില്ല…

എവിടെ പോയാലും ചുറ്റും കാണുന്നതെല്ലാം observe ചെയ്യും. അതുകൊണ്ട് തന്നെയായിരിക്കും മത്സ്യ സംസ്കരണ രംഗത്തും, വിപണന രംഗത്തും ആ അനുഭവം കടലോളം നേടാൻ സാധിച്ചത്?

പിന്നീട് വർഷങ്ങൾ കഴിഞ്ഞു. ഒരവസരത്തിൽ യതീന്ദ്രൻ മാസ്റ്റർ എന്നെ ഒരു വിവാഹ ചടങ്ങിൽ കണ്ടപ്പോൾ കുറെ വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. എന്റെ മാമന്റെ മകളുടെ വിവാഹം തലശ്ശേരി ടൗൺ ബാങ്ക് കോ-ഓപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു.

താലികെട്ടൊക്കെ കഴിഞ്ഞ് ഭക്ഷണം കഴിക്കാൻ ഞാൻ താഴത്തെ ഹാളിലേക്ക് നടക്കുമ്പോൾ, പെട്ടെന്ന് എന്നെ “ജയപ്രകാശ്” എന്ന് വിളിച്ച് എന്റെ കൈ പിടിച്ചു വലിച്ചു… നോക്കിയപ്പോൾ യതീന്ദ്രൻ മാസ്റ്റർ!

ഒരിക്കലും ഞാൻ അദ്ദേഹത്തെ അവിടെ പ്രതീക്ഷിച്ചതല്ല! ഞാൻ മാസ്റ്ററോട് ചോദിച്ചു: “മാഷേ, എന്താ ഇവിടെ?”  

മാഷ് പറഞ്ഞു: “എന്റെ സ്റ്റുഡന്റിന്റെ മകന്റെ കല്യാണമാണ്” എന്ന്.  

തുടർന്ന്: “ജയപ്രകാശ്, ഇവിടെ?”  

ഇതിനിടയിൽ ഒരു ചായയൊക്കെ ഇട്ടു. കുടിക്കുന്നതിനിടയിൽ ചോദിച്ചു എപ്പോഴാണ് മടക്കം .

ഞാൻ പറഞ്ഞു: “എന്റെ മാമന്റെ മകളുടെ വിവാഹമാണ്!”  

എന്നിട്ട് അവരുടെ സ്റ്റുഡന്റിന്റെ – വരന്റെ അമ്മയെയും അച്ഛനെയും പരിചയപ്പെടുത്തി. എന്നിട്ട് അവരോട് പറഞ്ഞു: “ജയപ്രകാശ് എന്റെ സ്റ്റുഡന്റാണ്” എന്ന്.  

പിന്നെ ഹൈദരാബാദിൽ നിന്നും മാങ്ങ കൊണ്ടുവന്ന വിവരമൊക്കെ ചെറുതായി പറഞ്ഞു.

എന്നിട്ടു കീശയിൽ നിന്നും സെൽഫോണെടുത്തു ആരെയോ ഡയൽ ചെയ്തു, അങ്ങേ തലക്കലിൽ നിന്നും ഫോണെടുത്തു; പറഞ്ഞു എടൊ തനിക്കു പരിചയമുള്ള ഒരാൾ എന്റെ അടുത്തുണ്ട് സംസാരിക്കൂ എന്ന്….? പതിയെ എന്നോട് പറഞ്ഞു സുകുമാരനാ …
എനിക്ക് മനസ്സിലായി ഞാൻ ഫോണെടുത്തു സംസാരിച്ചു തുടങ്ങി… മാഷ്ക്ക് പെട്ടെന്ന് എന്നെ മനസ്സിലായില്ല! ഹൈദരാബാദും മാങ്ങയും ഒക്കെ ക്ലുവായി ഞാൻ പറഞ്ഞപ്പോൾ ചിരിച്ചുകൊണ്ട് …

ജയപ്രകാശോ..?

പിന്നെ കുറച്ചു നേരം വിശേഷങ്ങളൊക്കെ പറഞ്ഞു യതീന്ദ്രൻ മാസ്റ്റർക്ക് കൈമാറി. പിന്നെ മാഷ് പറഞ്ഞു: “നമ്മൾ കാണുമ്പോഴും വിളിക്കുമ്പോഴും ഒക്കെ ജയപ്രകാശിനെ പറ്റി സംസാരിക്കും. ജയപ്രകാശ് അന്ന് കൊണ്ടുവന്ന മാങ്ങയുടെ അണ്ടി ഞാൻ കുഴിച്ചിട്ടു, അതിൽ ഇപ്പോൾ മാങ്ങ കായ്ക്കുന്നുണ്ട്!” എന്ന്.  

“ആ മാവ് കാണുമ്പോൾ എന്നെയും സുകുമാരൻ നായരെയും ഓർക്കും” എന്ന്.

എന്റെ മകളുടെ വിവാഹ സമയത്ത് റിട്ടേൺ ഗിഫ്റ്റായി ക്ഷണിതാക്കൾക്ക് രണ്ടു തരം സാപ്പ്ളിംഗ്സ് നൽകാൻ (ആര്യവേപ്പും – പേരക്കയും) നൽകാൻ എന്നെ മാഷുടെ ഈ വാക്കുകൾ പ്രേരിപ്പിച്ചിട്ടുണ്ട്. എന്റെ ഈ പ്രവർത്തിയെപ്പറ്റി പ്രകീർത്തിച്ച് പലരും പറയുന്നുണ്ട്. “ആര്യവേപ്പും – പേരക്കയും വളർന്നു വലുതായി” എന്ന്..

ഇത് കേൾക്കുമ്പോൾ എനിക്കും ഒരു സന്തോഷം… അത് ലഭിച്ച പലരുടെയും വീട്ടിൽ വളരുന്നുണ്ട് എന്നറിയുന്നു. 900 ത്തോളം സെറ്റ് (1800 ൽ അധികം തൈകൾ) അന്ന് വിതരണം ചെയ്തിട്ടുണ്ട്!

അത്തരം നല്ല അനുഭവങ്ങൾ സ്വായത്തമാക്കാൻ വേണ്ടിയായിരിക്കാം  

ഒന്നല്ല രണ്ടു തവണ എന്നെ വെള്ളിയാങ്കല്ലിൽ എത്തിച്ചത്. ആ അറിവുകൾ ഒടുവിൽ എന്നെ “മെറൈൻ ഇൻസ്പെക്ഷൻ” രംഗത്തേക്ക് എത്തിച്ചു, അവിടുന്ന് ഇൻഷുറൻസിലെ “ലോസ് അഡ്ജസ്റ്റിംഗ്” രംഗത്തേക്ക്. വീണ്ടും ഇൻസ്പെക്ഷൻ രംഗത്തും “ലോജിസ്റ്റിക്സിലും”…..

അറിഞ്ഞ അറിവുകളുടെയൊക്കെ  

ഊരാക്കുടുക്കാണ് വിനയൻ, കണ്ണേട്ടന്റെ ഷോപ്പിലൂടെ ഊരിയെടുത്തത്…

പാറക്കലുള്ള ജോർജ് ഒന്ന് ശ്രമിച്ചിരുന്നു! അന്ന് അത് നാലു വരികൊണ്ട് ജോർജിൽ മാത്രം ഒതുങ്ങി. ഒരുപക്ഷേ ആ ഊരാക്കുടുക്ക് പൂർണ്ണമായും ഊരിയെടുക്കാനുള്ള നിയോഗം വിനയനായിരിക്കും.

പത്തറുപത്തഞ്ചു കൊല്ലം കെട്ടിവെച്ചതെല്ലാം കുടുക്ക് അഴിഞ്ഞതോടെ പുറത്തു വരുന്നുണ്ട്. പക്ഷേ അത് ഓർഡറിലല്ല! എഴുതുമ്പോഴാണ് അതിന്റെ പ്രയാസം മനസ്സിലാവുന്നത്….

ക്ലാസിക്കായ രാമായണം എഴുതിയത് വാൽമീകി മഹർഷി!

അദ്ദേഹം ആരായിരുന്നു?  

ഒരു കാട്ടാളനായിരുന്നു. കേട്ടിട്ടില്ലേ “മാ നിഷാദ” എന്നൊക്കെ?

പിന്നീടല്ലേ അദ്ദേഹത്തിന്റെ നാവിൽ സരസ്വതി വിളയാടിയത്?

ദുബായിൽ, സ്വിറ്റ്സർലാൻഡ് ഹെഡ് കോർട്ടേഴ്സായുള്ള ഫ്രഞ്ച് കമ്പനിയിൽ  

ഉന്നത ശമ്പളവും, മറ്റു ആകർഷകമായ അലവൻസും, വർഷാ വർഷമുള്ള ഇൻക്രിമെന്റും… സ്വയം വേണ്ടെന്നു വെച്ചുള്ള മടക്കം!

ഞാൻ നിമിത്തത്തിൽ വിശ്വസിക്കുന്നു.

പറഞ്ഞു വരുന്നത്… റമ്മുവിനും ഉണ്ടായിരുന്നു ഫ്രഞ്ച് കണക്ഷൻ…!

എന്റെ പിതാവ് ഫ്രഞ്ചുകാർക്ക് എതിരെ സമരം ചെയ്തു; അവരെ പുറത്താക്കി….  

അല്ല, അവർ സ്വയം പുറത്തു പോയി…!

അവരുടെ പിൻതലമുറക്കാരിലെ ആളുകളുടെ കമ്പനിയിൽ എനിക്ക് ജോലി തന്നു! ഒരു പക്ഷേ കാലം കണക്കു പറഞ്ഞ് അവരുടെ പാരമ്പര്യത്തെ എന്നെ ഓർമിപ്പിച്ചതായിരിക്കും ഈ ജോലി തന്നു കൊണ്ട്!

അല്ലെങ്കിൽ കുറെ വർഷങ്ങൾ മയ്യഴിയിൽ ജീവിച്ച, അവരുടെ തലമുറയിൽ പെട്ടവർ മയ്യഴിയിൽ മരിച്ചു… മുകുന്ദേട്ടൻ പറഞ്ഞത് പോലെ ആത്മാവായി വെള്ളിയാങ്കല്ലിൽ ഉണ്ടായിരുന്നിരിക്കണം മോക്ഷം കിട്ടാതെ….!

ഞാൻ കടൽ കഥയിൽ പറഞ്ഞുവല്ലോ? വെള്ളിയാങ്കല്ലിൽ പണ്ടൊക്കെ പോകുമ്പോൾ ബലിച്ചോറ് നൽകും എന്ന്?  

ഞാൻ ബലിയൊന്നും ഇട്ടിട്ടില്ല. ഒന്നല്ല രണ്ടു തവണ… 

ചിലപ്പോൾ ഏതെങ്കിലും ഫ്രഞ്ച് ആത്മാവ് എന്നോടൊപ്പം എന്റെ ദേഹത്തേക്ക് ആവാഹിച്ചിരിക്കും.

ഒരുപക്ഷേ! അവരുടെ അടുത്തവർ ആരെങ്കിലും ആയിരിക്കും എന്നെ ഇന്റർവ്യു ചെയ്ത ഫ്രഞ്ചുകാരി മാഡം ക്രിസ്റ്റീൻ ഡാനിയൽ…

പ്രഗൽഭരായ പലരുടെയും C.V മാറ്റി വെച്ചാണ് എനിക്ക് ആ ജോലി തന്നത്.  

ഇന്റർവ്യു കഴിഞ്ഞു, എന്റെ അഭിപ്രായം അവർക്ക് ഉടനേ അറിയണം..  

Yes or No?

എന്നിട്ട്, ഒരു കെട്ട് C.V എന്റെ മുൻപിൽ എടുത്തിട്ട് പറഞ്ഞു: “ഇതൊക്കെ ഇന്റർവ്യു ചെയ്യാനുള്ള C.V കളാണ്.  

Among all these CV’s, yours I selected. You had presented well! About all your career, experiences you gave in detail. So I preferred this C.V….”  

Only she asked basic few questions…. next she discussed about my perks… and facilities….

ഞാൻ വെറുതെ എന്റെ മുന്നിലേക്കിട്ട C.V കളിലേക്ക് ഒന്ന് കണ്ണോടിച്ചു.  

M.B.A, അതിനടിയിൽ C.A,  C.P.A

Chartered Engineer മാരുടെത്. കൂടുതൽ അടിയിലോട്ട് ഞാൻ പോയില്ല എന്നതാണ് സത്യം…

എല്ലാം ഉയർന്ന വിദ്യാഭ്യാസമുള്ളവർ.

എനിക്ക് ഭയമായിരുന്നു “Yes” പറയാൻ. കാരണം ഞാൻ ജോലി ചെയ്തിരുന്ന കമ്പനി എന്നെ വിടില്ല! അവർ അറിയുന്നതിൽ ഒരു ഭയം!  

ശമ്പളത്തിലെ വ്യത്യാസം മാത്രം രണ്ടു മടങ്ങിൽ കൂടുതൽ! കൂടെ മറ്റു പല ആനുകൂല്യങ്ങളും…

ഒടുവിൽ ഞാൻ പറഞ്ഞു: “മാഡം, എനിക്ക് ഒരു ആഴ്ച സമയം വേണം.”  

സ്ത്രീ വളരെ സ്ട്രിക്ട് ആൻഡ് ബോൾഡായി പറഞ്ഞു:  

“No, no! Only this day! I badly need a person. I cannot wait more….”

സന്തോഷവും,  

അതിലേറെ സങ്കടമുണ്ട്..

എനിക്കറിയാം ഷോർട് നോട്ടിസിൽ എന്നെ അഫ്താബ് റിലീവ് ചെയ്യില്ല എന്ന്. അഫ്താബ് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല ഞാൻ ഇങ്ങനെ ഒരു ജോലിക്ക് അപേക്ഷിക്കുമെന്ന്! (അതിനു വേറൊരു കഥയുണ്ട്. എല്ലാം മഹാഭാരത കഥയാ. പ്രധാന കഥയ്ക്ക് ഉപകഥകളുണ്ടാവും. ആ കഥ പിന്നീട് അവസരം വരുമ്പോൾ പറയാം).

എന്റെ കമ്പനിയിലെ “All in All” ഞാനായിരുന്നു! സമയം നോക്കാതെയുള്ള ജോലി! മാനേജർ ഞാൻ തന്നെ, അക്കൗണ്ടന്റ് ഞാൻ തന്നെ, Clearing & Forwarding Agent ഞാൻ തന്നെ! ചിലപ്പോൾ ലേബറേ പോലെയും ഞാൻ ജോലി ചെയ്യും. ലോഡിംഗ് സമയത്ത് ചുമട്ടുകാരനും ആവും. കമ്പനിയോട് ആരംഭ ഘട്ടത്തിൽ ഒരു 40 Foot High Cube Container ഞങ്ങൾ നാലു പേർ കൂടി അൺലോഡ് ചെയ്തത്! കൂടെ അയാളും ഞങ്ങളോടൊപ്പം….

അതേ, സീഫുഡ് കമ്പനിയും, മത്സ്യ ബന്ധനവും, കപ്പൽ ജോലിക്കും സമയ ദൈർഘ്യം ഒരു പ്രശ്നമാവരുത്. അങ്ങനെ ഉള്ളവരേ അതിൽ വിജയിക്കുകയുള്ളൂ…

ദുബായിൽ അക്കാലത്ത് മൂന്നോ നാലോ സീഫുഡ് കമ്പനികളേ ഉണ്ടായിരുന്നുള്ളു. അതിൽ ഏറ്റവും കൂടുതൽ എക്സ്പോർട്ട് ബിസിനസ്സ് അഫ്താബിനു തന്നെ!

എന്റെ മുതലാളിയുടെ പേരാണ് അഫ്താബ് ഇബ്രാഹിം. അവരുടെ പിതാവിന് Can Tuna Export Factory പുതുച്ചേരിയിൽ ഉണ്ടായിരുന്നു.  

Y.M. Ibrahim, Y.M. Elias എന്നൊക്കെ പറഞ്ഞാൽ അക്കാലങ്ങളിൽ ഇന്ത്യൻ സീഫുഡ് എക്സ്പോർട്ട് ബിസിനസിലെ “ടാറ്റ” ആയിരുന്നു. അവരുടെ മക്കൾ ഇപ്പോഴും ഈ രംഗത്ത് തുടരുന്നു…  

Y.M. Ibrahim ന്റെ മകനാണ് അഫ്താബ് ഇബ്രാഹിം…

…. എക്സ്പോർട്ട് ആവശ്യത്തിന് വേണ്ടുന്ന ചില സർട്ടിഫിക്കറ്റുകൾ കിട്ടാൻ പ്രയാസമുണ്ട്. പലർക്കും അത് കിട്ടാറില്ല. ഞാൻ അത് സംഘടിപ്പിക്കും…

എക്സ്പോർട്ട് കഴിഞ്ഞാൽ L.C Terms and Conditions പ്രകാരമുള്ള  

Negotiation Document discrepancy ഇല്ലാതെ തയ്യാറാക്കുന്നതും ഞാൻ തന്നെ…..

വിഷയം എന്റേത് മാത്രമായി മാറുന്നു; കുറച്ചു കൂടി പറഞ്ഞു നമുക്ക് “റമ്മു” വിലേക്ക് എത്താം…

… മിസിസ് ഡാനിയൽ അപ്പോയിന്റ്മെന്റിന്റെ ഒരു കോപ്പി “ക്ലാരിനയോട്” തയ്യാറാക്കാൻ പറഞ്ഞു.  

ക്ലാരിന സിക്രട്ടറിയാണ്, ഗോവക്കാരി…

അപ്പോയിന്റ്മെന്റിന്റെ കോപ്പിയുമായി അഫ്താബിന്റെ അടുത്തേക്ക്.

അവിടെ എത്തിയപ്പോൾ എങ്ങനെ വിഷയം അവതരിപ്പിക്കും എന്നാതായി ചിന്ത.

ഒടുവിൽ ഉച്ചയ്ക്ക് ഊണ് കഴിക്കാൻ വീട്ടിൽ അവരോടൊപ്പം കാറിൽ എന്റെ വീടുവരെ ഒരുമിച്ചാണ് സാധാരണ എന്റെ യാത്ര…

ഉച്ചയോടെ കേബിനിൽ നിന്നും നമ്മൾ പുറത്തു വന്നു. പോക്കറ്റിൽ മടക്കിവെച്ച അപ്പോയിന്റ്മെന്റ് ഓർഡറിന്റെ കോപ്പി അഫ്താബിന് കൈമാറി. ഞാൻ ഒന്നും പറഞ്ഞില്ല, അയാൾ അത് വായിച്ച് എന്നെ നോക്കി! മുഖം അകെ വിളറി ഇരിക്കുന്ന. ഞാനും ഒന്നും മിണ്ടിയില്ല. പിന്നെ എന്നോട് ചോദിച്ചു: “ബാബു, എന്ത് തീരുമാനിച്ചു?”

ഞാൻ പറഞ്ഞു: “നിങ്ങൾ എന്താണ് പറയുന്നത്, അതുപോലെ ചെയ്യാം!”  

അയാൾ പറഞ്ഞു: “ഞാൻ ഇപ്പോൾ എന്തുപറയാൻ! എനിക്ക് ഈ സാലറി ബാബുവിന് തരാൻ പറ്റില്ല!…”

ഒരു ഉറപ്പുണ്ടായിരുന്നത്? അയാൾ ഹൃദയമുള്ളവനാണെന്നുള്ളതിനുള്ള ഉറപ്പ്…  

കാരണം അയാൾ Y.M. Ibrahim ന്റെ മകനാണ്!

അയാൾ പറഞ്ഞു: “ബാബുവെപ്പോലെ ഒരാളെ എനിക്ക് കണ്ടെത്തി തരൂ. പിന്നെ ബാബുവിന്റെ സഹായവും വേണം കുറച്ചു കാലത്തേക്ക്…”

ആശ്വാസമായി… ദുബായിയെ അറിയുന്നവർക്കറിയാം ഇത്തരം അവസ്ഥ വന്നാലുള്ള അനുഭവം…. പ്രയാസമാണ് കടന്നു കിട്ടാൻ..

വീട്ടിൽ പോയി മിസ് ഡാനിയലിനെ ഞാൻ ഫോൺ വിളിച്ചു, “Yes” പറഞ്ഞു! കൂടത്തിൽ ഒരു റിക്വസ്റ്റും, മിസ് ഡാനിയൽ സമ്മതിച്ചു.

നമ്മുടെ മാഹി കോളേജിൽ തന്നെ പഠിച്ച കതിരൂർക്കാരൻ സജി – മാഹിയിലെ E.N. Jayaprakash ന്റെ പെങ്ങളുടെ ഭർത്താവ് ഞാനുമായി പരിചയത്തിലായിരുന്നു. സജിയെ ഞാൻ വിളിച്ചു കാര്യം പറഞ്ഞു: “ഇങ്ങനെ ഒരു ജോലിയുണ്ട്, പോകുന്നോ?”  

അദ്ദേഹത്തിനും അഫ്താബിനെ അറിയാം! കേട്ടപാതി കേൾക്കാത്ത പാതി സജിയും സമ്മതിച്ചു. അഫ്താബിനും സജിയെ അറിയാവുന്നതു കൊണ്ടും എന്റെ തുടർന്നുള്ള എല്ലാ സപ്പോർട്ടും കിട്ടും എന്നുള്ളത് കൊണ്ടും എല്ലാവർക്കും സന്തോഷം! അതല്ലേ എല്ലാവർക്കും വേണ്ടത്…?

എന്റെ ബാക്കി കഥ പിന്നെ ഒരവസരത്തിൽ പങ്കുവെക്കാം…..

നമ്മൾ റമ്മുവിനെ പറ്റി തുടങ്ങി, റമ്മുവിന്റെ ഫ്രഞ്ച് കണക്ഷനെ പറ്റി പറഞ്ഞു, എന്നിലെത്തി… വീണ്ടും റമ്മുവിലേക്ക്…!

കുറച്ചു കാര്യം റമ്മുവിനെ പറ്റി അറിയാം. അറിയുന്നതിൽ പലതും എഴുതാൻ പാടുള്ളതല്ല എന്ന എന്റെ ചിന്ത! അതൊക്കെ എഴുതുന്നതിൽ നിന്നും എന്നെ വിലക്കുന്നു. അതിനാൽ അറിഞ്ഞതിൽ ചില കാര്യങ്ങൾ ഞാൻ പങ്കു വെക്കാം?

റെയ്മണ്ട് എന്ന റമ്മു. മയ്യഴിയിലെ ഒരു പ്രമുഖ ക്രിസ്ത്യൻ കുടുംബത്തിലെ വളർത്തു പുത്രൻ?  

ആദ്യ കാലം മയ്യഴി പള്ളിക്ക് സമീപം താമസം.  

ഒരു സഹോദരനും, കുടുംബവും ഫ്രാൻസിൽ സെറ്റിൽ ചെയ്തിരിക്കുന്നു…

പഠിച്ചത് സെന്റ് മൈക്കിൾസ് സ്കൂൾ കണ്ണൂർ.  

പഠന ശേഷം കണ്ണൂർ സ്പിന്നിംഗ് മില്ലിൽ കുറച്ചു കാലം ജോലി ചെയ്തിരുന്നു. എന്തോ ചില മറക്കാൻ പറ്റാത്ത ഓർമ്മകളുമായി മയ്യഴിലേക്ക് വീണ്ടും മടക്കം.

താമസം മാഹി ലാബോറത്തോറി കോളേജിന് മുൻവശമുള്ള സ്പെൻസർ കണ്ണേട്ടന്റെയും ചാത്തുവേട്ടന്റെയും പീടികയുടെ പിറകിലുള്ള ധർമ്മശാലയിൽ,  

മാർത്ത എന്നവരുടെ വീട്ടിൽ.  

മാർത്തയെ മയ്യഴിക്കാർക്കറിയാം – മെലിഞ്ഞു നീണ്ടു വെളുത്ത സ്ത്രീ. ആ കാലങ്ങളിൽ അവരുടെ താമസ സ്ഥലത്ത് നിന്നും ചെമ്പ് പൂശിക്കൊടിക്കും. അറിയുന്ന വീടുകളിൽ വന്ന് ഈയം പൂശേണ്ട ചെമ്പുകൾ മാർത്ത തലയിൽ വെച്ച് വീട്ടിൽ കൊണ്ടു പോയി ഈയം പൂശി തിരിച്ചു കൊടുക്കും.

അവരെ “മാർത്ത” എന്ന പേര് പറഞ്ഞാൽ പലർക്കും അറിയാൻ വഴിയില്ല. ഒരു ഇരട്ട പേരുണ്ട്! ആ പേരിലാണ് അവരെ അറിയപ്പെടുന്നത്…

റമ്മു നല്ലവണ്ണം Mouth Organ വായിക്കും!  

അദ്ദേഹത്തിന്റെ പാട്ടിലെ ചില വരികളിലെ തുടക്കം ഇങ്ങനെ:  

“എന്താ ജോൺസാ കള്ളില്ലേ?? കല്ലുമ്മക്കായില്ലേ!!@???”  

മറ്റൊന്ന്: “അഞ്ചര പാത്രം കള്ളു കുടിച്ചാൽ!!@???”

ഇടയ്ക്ക് നിർബന്ധിച്ചാൽ ഫ്രഞ്ച് പാട്ടുകൾ പാടും!  

അവസാനം “സുരാംഗിണി”യിൽ അവസാനിപ്പിക്കും.

പാട്ടിന്റെ താളത്തിന് തീപ്പെട്ടിയിൽ വിരൽ മടക്കി നല്ല ഈണത്തിൽ താളം പിടിക്കും റമ്മു.  

കൂടെ നമ്മളും ചൂണ്ടുവിരലും തള്ളവിരലും അമർത്തി ഞൊട്ടി ശബ്ദമുണ്ടാക്കി താളം പിടിക്കും…

റമ്മു മയ്യഴിയിൽ ബലൂൺ ഒക്കെ വിറ്റു നടന്നത് ഓർക്കുന്നുണ്ടോ?  

പള്ളിയിൽ പെരുന്നാളായാൽ റമ്മു ബലൂൺ വിൽക്കുന്നത് നമ്മൾക്ക് ഓർമ്മയുണ്ടാവും.

വീതിയുള്ള മുള മുറിച്ചുള്ള പട്ടിക. ഏകദേശം ഒന്നര മീറ്റർ വീതിയിലും ഒന്നര മീറ്റർ നീളത്തിലും (അളവുകൾ കൃത്യമല്ല, സുമാർ പറഞ്ഞതാണ്. ഇപ്പോൾ എല്ലാം വിമർശനങ്ങളാണ്). ആ വലിപ്പത്തിലും നീളത്തിലും ഉള്ള മുള വടികൾ കൊണ്ട് ഒരു ഫ്രെയിം ഉണ്ടാക്കി, അതിലാണ് ബലൂണും, പീപ്പിയും, ബൊമ്മയും, ബലൂൺ കൊണ്ട് ഉണ്ടാക്കിയ കുരങ്ങനും, പൂച്ചയും, കടലാസ് കൊണ്ടുള്ള വിശറിയും. വീശിയാൽ “ഗിരി ഗിരി” ശബ്ദമുണ്ടാക്കുന്ന കളിപ്പാട്ടവും, ഓടക്കുഴലും.

മുള പീപ്പിയുടെ അറ്റത്ത് ബലൂൺ ഫിറ്റ് ചെയ്ത് കാറ്റ് ഊതി. പിന്നെ കാറ്റ് പുറത്തു വിടുമ്പോൾ പീപ്പി ശബ്ദം വരുന്നതും. ഇടയ്ക്ക് ഇടവേള വിട്ട് വിരൽ കൊണ്ട് തുള അടച്ചും വിട്ടും കളിക്കുമ്പോൾ ശബ്ദം “വ്ആ, വ്ആവ് ആ” എന്നു വരുന്നതും ഒക്കെ.

ഈ ഫ്രെയിമിന്റെ നടുവിലൂടെ ഒന്നര ആൾ പൊക്കമുള്ള വടി ഉറപ്പിച്ച്, ആ വടിയുടെ അടിഭാഗം നിലത്ത് കുത്തിവെച്ച്, ഒരു ബാലൻസിന് ഒരു കാൽ മുളവടിയിൽ കോർത്തിട്ട് ഫ്രെയിം ചുമലിൽ സപ്പോർട്ട് ചെയ്ത്, വെള്ളം നിറച്ച ചൈന ബോളിൽ പമ്പ് കൊണ്ട് കാറ്റടിച്ച് വീർപ്പിക്കുന്നതും. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറി മാറി പോയി വിൽപ്പന നടത്തുന്നതും ഒക്കെ നമ്മളിൽ പലരും കണ്ടിട്ടുണ്ടാവും…

റമ്മു നല്ലവണ്ണം ഇംഗ്ലീഷ് സംസാരിക്കും. സെന്റ് മൈക്കിൾസിൽ പഠിച്ചതിന്റെ ഗുണമായിരിക്കാം.

റമ്മു പഴയ അനക്സിന്റെ കോലായിൽ ഉള്ള പൂമുഖത്തിന്റെ സൈഡ് ചുമരിൽ ഒരു കാൽ നീട്ടി, മറ്റേ കാൽ പാദം നീട്ടിയ കാലിന്റെ മുട്ടുവരെയുള്ള അകലത്തിൽ വെച്ച്, മുട്ട് മടക്കി ഉയരത്തിലാക്കി, ഷർട്ടിന്റെ ബട്ടൺ അഴിച്ചിട്ട്, മെലിഞ്ഞ മാറ് കാട്ടി, പുറം ചുമരിൽ ചാരി ഇരിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്…

ചിലപ്പോൾ അതേ ഫോർസിൽ പാന്റ് മാത്രം ധരിച്ച് ഷർട്ടിടാതെയും കാണാം? ബീഡിയോ സിഗരറ്റോ കയ്യിൽ കാണും..

ഇത് രണ്ടും കിട്ടാതെ വരുമ്പോൾ റമ്മു ഒന്ന് ചുറ്റും നോക്കി റോഡിലേക്ക് ഒന്ന് മണങ്ങി നിവരും. അതൊരു സൂത്രപ്പണിയാണ്! അപ്പോൾ കയ്യിൽ ബീഡിയോ സിഗരറ്റോ ഉണ്ടാവും.

സ്കൂൾ വിട്ടു വരുന്ന കുട്ടികൾക്ക് കീശയിൽ നിന്നും മിട്ടായി എടുത്ത് എറിഞ്ഞു കൊടുക്കും എന്ന് കേട്ടിട്ടുണ്ട്.

അപ്പോൾ തോന്നും റമ്മു ഒരു മായാജാലക്കാരനാണ് എന്ന്. M. മുകുന്ദേട്ടന്റെ കഥാപാത്രം “സായ്‌വിന്റെ മാജിക്” പോലെ. മുകുന്ദേട്ടന്റെ ബുക്കിൽ വായിച്ചത് കൂടാതെ “ദൈവത്തിന്റെ വികൃതി” എന്ന സിനിമയിൽ സായ്‌വിന്റെ ഈ മാജിക് രംഗങ്ങൾ പകർത്തിയിട്ടുണ്ട്.

റമ്മു ചിലപ്പോൾ ഇരിക്കുന്നത് പാതാറിന്റെ* വടക്കേ അറ്റത്തുള്ള ബൂമറാങ് ഷേപ്പിലുള്ള സിമന്റ് കൊണ്ടുണ്ടാക്കിയ സീറ്റിന്റെ ചാരിൽ. ഇരുന്ന് കാൽ സീറ്റിൽ വെച്ച്, ഷർട്ടിന്റെ ബട്ടൺ അഴിച്ച്, ചുരുളൻ മുടിയുള്ള തല താഴ്ത്തി, കൈത്തണ്ട രണ്ടും തുടയിൽ വെച്ച്, കൈകൾ കോർക്കാതെ കോർത്തും, ചിലപ്പോൾ സ്വയം പാടി തീപ്പെട്ടിയിൽ താളം പിടിച്ച് ഇരിക്കുന്നതും കണ്ടിട്ടുണ്ട്.

റമ്മുവിന്റെ കയ്യിൽ ബീഡിയും, സിഗരറ്റും ഇല്ലെങ്കിലും തീപ്പെട്ടി എപ്പോഴും ഉണ്ടാവും! റമ്മു പലപ്പോഴും തീപ്പെട്ടി കാട്ടി ബീഡിക്ക് ചോദിക്കുന്നത് കണ്ടിട്ടുണ്ട്.

ഒരു പക്ഷേ “ലാൽ സലാമിലെ” ആ ഡയലോഗ് – “തീപ്പെട്ടിയുണ്ടോ സഖാവേ, ഒരു ബീഡി എടുക്കാൻ”  റമ്മുവിനെ ലെനിൻ രാജേന്ദ്രൻ എവിടെയെങ്കിലും വെച്ച് കണ്ടിട്ടുണ്ടാവും! ഇത്തരം ഡയലോഗുകൾ അവരുടെ തിരക്കഥകളിൽ എഴുതിച്ചേർക്കാൻ…

റമ്മുവിന്റെ കഥകൾ ഇനിയും ഉണ്ട്. ചിലത് അയാളുടെ സ്വകാര്യമാണ്.. അതിൽ ഇപ്പോഴത്തെ ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞ് എഴുതാൻ എനിക്ക് ആവില്ല!  

എന്റെ ബോധ്യമാണ്. അതാണ് ശരി എന്ന് ഞാൻ വിശ്വസിക്കുന്നു.

റമ്മുവിനെ പറ്റി ഓർക്കുമ്പോൾ മറ്റൊരു സംഭവം ഓർമ്മയിൽ വരുന്നു. റമ്മു എപ്പോഴും ചിന്തയിലായിരിക്കും. ഒരു പക്ഷേ പഴയ കാലങ്ങളായിരിക്കും… എന്തെങ്കിലും വേദനിപ്പിക്കുന്ന അനുഭവങ്ങളായിരിക്കും… 

ചിലപ്പോൾ പുഞ്ചിരിക്കുന്നുണ്ടായിരിക്കും, അത് ചിലപ്പോൾ പഴയ എന്തെങ്കിലും തമാശകൾ ഓർത്തായിരിക്കാം.

റമ്മു എന്തുവേണമെങ്കിലും ചെയ്യട്ടെ! അത് റമ്മുവിന്റെ ഇഷ്ടമാണ്! റമ്മുവിന്റെ സ്വാതന്ത്ര്യമാണ്!  

നമുക്കോ സമൂഹത്തിനോ ബുദ്ധിമുട്ടുണ്ടാക്കിയാൽ മാത്രം, സമൂഹമോ വ്യക്തികളോ ഇടപെട്ടാൽ മതി.

അങ്ങനെയൊന്നും റമ്മുവിൽ നിന്നും ഇതുവരെ ആർക്കും ഉണ്ടായിട്ടില്ല. അങ്ങനത്തെ അനുഭവം ഒന്നും പറഞ്ഞു കേട്ടിട്ടുമില്ല..

ഒരിക്കൽ റമ്മു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു, പരാജയപ്പെട്ടു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

റമ്മു പഴയ മാഹി സ്പോർട്സിന്റെ മുൻപിലുള്ള മാവിൽ കെട്ടി തൂങ്ങാനുള്ള ശ്രമം നടത്തിയിരുന്നു എന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

കയറുമായി റമ്മു മാവിൻ മുകളിൽ കയറി, കെട്ടൊക്കെ കെട്ടിയതിനു ശേഷം, ഒറ്റ ചാട്ടം താഴേക്ക് “പ്പതോം”ന്ന് വീണുവെങ്കിലും?  

റമ്മു തൂങ്ങി ആടിയില്ല!  

റമ്മു മരിച്ചില്ല!!  

റമ്മു രക്ഷപ്പെട്ടു! ചെറിയ പരുക്കുകളോടെ!

കാരണം കയറിന് നീളം കൂടുതലായത് കൊണ്ട് റമ്മു രക്ഷപ്പെട്ടു. ഇതിനെയാണ് മയ്യഴിക്കാർ “റമ്മു ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്” എന്നു പറയുന്നത്.

ഇവിടെ ഞാൻ എന്റെ ആവിഷ്കാര സ്വാതന്ത്ര്യം ഉപയോഗിക്കുന്നു. M.T. യുടെ “വടക്കൻ പാട്ടിലെ ചതിക്കാത്ത ചന്തു”*വിനെ അവതരിപ്പിച്ചതു പോലെ?

എന്റെ ഭാഷ്യം: റമ്മു ഊഞ്ഞാൽ കെട്ടാൻ നീളമുള്ള കയറുമായി മാവിൽ കയറുകയും, ആദ്യത്തെ കെട്ട് കെട്ടി അതിന്റെ ഉറപ്പു വരുത്താനായി കയർ വലിക്കുകയും, രണ്ടാമത്തെ കെട്ടിനുള്ള നീളം അഡ്ജസ്റ്റ് ചെയ്യാനായി നീളമുള്ള കയർ വലിക്കാൻ പാകത്തിൽ വട്ടത്തിൽ ചുറ്റിയെടുത്ത്, താഴെ വീഴാതിരിക്കാൻ ചുറ്റിയെടുത്ത ഭാഗം റമ്മു കഴുത്തിലിട്ട്, രണ്ടു കൈയും ഫ്രീ ആക്കി കെട്ട് മുറുകുമ്പോൾ താഴെ ബാലൻസ് തെറ്റി വീണതാണ്.

അതാണ് മയ്യഴിക്കാർ റമ്മുവിന്റെ ആത്മഹത്യയായി ചിത്രീകരിച്ചത്.

ഞാൻ വിശ്വസിക്കുന്നു റമ്മു ആത്മഹത്യക്ക് ശ്രമിച്ചതല്ല, റമ്മു ഊഞ്ഞാൽ കെട്ടാൻ കയറിയതാണ്!

ഇതെഴുതുമ്പോൾ എന്നെ ഓർമ്മിപ്പിച്ചത് റമ്മുവിന്റെ ഇഷ്ടക്കാരോട് ഈ യാഥാർത്ഥ്യം അറിയിക്കാനാണ്..

നെഗറ്റീവായി ചിന്തിക്കുന്നതിനേക്കാൾ നല്ലതല്ലേ? റമ്മുവിനെ സ്നേഹിക്കുന്ന നമുക്ക് പോസിറ്റീവായി ചിന്തിച്ച്, നമ്മെ ചിരിപ്പിച്ച റമ്മുവിനെ ഓർക്കുന്നത്!

ഇതുപോലെ ഉള്ള കഥാപാത്രങ്ങൾ മയ്യഴിയിൽ വേറെയും ഉണ്ട്. എഴുതാമോ എന്നറിയില്ല. മറക്കാൻ ശ്രമിക്കുന്ന കാര്യം ആവിഷ്കാര സ്വാതന്ത്ര്യം പറഞ്ഞ് എഴുതുന്നത് ശരിയാണോ എന്ന ചോദ്യം എന്നോട് തന്നെ ചോദിക്കുന്നു? അതിന്റെ ഉത്തരവും ഞാൻ കണ്ടെത്തി.

എന്റെ എഴുത്ത് റമ്മുവിന് ഇഷ്ടപ്പെടും തീർച്ച. റമ്മുവിന്റെ ഒരു പോരായ്മയും ഞാൻ എടുത്തുകാട്ടി വിമർശിച്ചിട്ടില്ല!

റമ്മുവിന്റെ ആത്മാവ് എവിടെയും പോയിട്ടില്ല. വെള്ളിയാങ്കല്ലിലും ഇല്ല. റമ്മു മയ്യഴിയിലെ തെരുവിലൂടെ, വിശ്രമിക്കാൻ പഴയ പാതാറും സിമന്റ് സീറ്റും അനക്സിന്റെ കൊലയും തിരഞ്ഞ് അലയുന്നുണ്ടാവും.  

റമ്മു കണ്ട ഒന്നും ഇപ്പോൾ മയ്യഴിയിൽ ശേഷിപ്പായി ഇല്ല. പള്ളിക്കും മാറ്റമുണ്ട്. റമ്മു അകെ കൺഫ്യൂഷനിലാണ്.

ഒരു പക്ഷേ റമ്മു എന്റെ കടലോര കഥകളിലൂടെയും മയ്യഴിയിലെ തെരുവിലൂടെയും, ഞാൻ എഴുതിയ എഴുത്ത് വായിച്ചുകാണും. അതാണ് റമ്മു… റമ്മുവിനെ സ്നേഹിക്കുന്നവരിലൂടെ എന്നെ റമ്മുവിന്റെ കഥ പറയാൻ ഓർമ്മിപ്പിക്കുന്നത്!

റമ്മുവിനെ പറ്റി എന്നോട് എഴുതാൻ പറഞ്ഞപ്പോൾ, പേരിൽ എന്തെങ്കിലും പ്രത്യേകതയുണ്ടെങ്കിൽ അതുവെച്ച് തുടങ്ങാം എന്നു കരുതി Google തപ്പി നോക്കി. അപ്പോൾ മനസ്സിലായത് ഇതായിരുന്നു…

“Counselor Protector” അല്ലെങ്കിൽ “Famous Protector”

ഇതായിരുന്നു അതിന്റെ അർത്ഥം…

അങ്ങനെ വിശേഷണമുള്ള റമ്മുവിനെ പ്രൊട്ടക്ട് ചെയ്യാൻ മയ്യഴിക്ക് സാധിച്ചില്ല…  

ചിലപ്പോൾ തോന്നും “പേരിൽ എന്തിരിക്കുന്നു” എന്ന്?  

പേരിടുന്നവർക്ക് എന്ത് പേരും ഇടാം!

വിരൂപനെ “സുന്ദരൻ” എന്നു വിളിക്കേണ്ടി വരുന്നത് പോലെ!?  

പിശുക്കനായ ആളെ “ധർമ്മപാലൻ” എന്ന് വിളിക്കുന്നത് പോലെ?  

ഒരു വിനയവും കാട്ടാത്ത ആളെ “വിനയൻ” എന്ന് വിളിക്കേണ്ടി വരുന്നത് പോലെ?  

ഒരു മമതയും കാട്ടാത്തവരെ “മമത” എന്നു വിളിക്കേണ്ടി വരുന്ന ഗതികേട്?!…..

ആ പേരിന്റെ അർത്ഥമുള്ള റമ്മുവിന് ഒരു കൗൺസിലിംഗും കിട്ടാതെ? ഒരു പ്രൊട്ടക്ഷനും നൽകാതെ?  

കുറെ ഓർമ്മകൾ മാത്രം മയ്യഴിക്ക് നൽകി, സ്വയം വേദനിച്ചതല്ലാതെ? ആരെയും വേദനിപ്പിക്കാതെ?  

സ്വയം പരിഹാസ്യനായി, ആർക്കെതിരെയും ഒരു പരാതിയുമില്ലാതെ? ആരോടും വെറുപ്പില്ല?  

എല്ലാവരെയും ചിരിപ്പിച്ച്?

റമ്മു യാത്രയായി ഇരുമീസ് കവാടത്തിനുള്ളിലേക്ക്…

ചിലപ്പോൾ തോന്നും റമ്മുവിനെ ഇങ്ങനെ ആക്കിയതിൽ മയ്യഴിക്കാർക്കും പങ്കില്ലേ എന്ന്. ആ ചോദ്യം ഞാൻ വായിക്കുന്നവരിലേക്ക് ഇടുന്നു.

റമ്മു പുരാണം ഇവിടെ നിർത്തുന്നു…

ശ്രീ നാരായണ ഗുരു സ്വാമികൾ പറഞ്ഞിട്ടില്ലേ…  

“അവനവന് സുഖത്തിനായാചരിക്കുന്നത്,  

അപരന് സുഖമായ് ഭവിച്ചിടേണം” എന്ന്.

അതായത് സ്വാർത്ഥ ലാഭേച്ഛയില്ലാത്ത കർമ്മങ്ങൾ… എല്ലാം എനിക്കു മാത്രം മതി എന്ന ചിന്തയില്ലാത്ത കർമ്മങ്ങളാണ് ധർമ്മം. അതാണ് വേദത്തിൽ…  

“സത്യം വദ” ….. “ധർമ്മം ചര” എന്നു പറഞ്ഞിട്ടുള്ളത്…

ഇത്ര മാത്രം പറഞ്ഞു റമ്മു പുരാണം, എന്നെ വായിക്കുന്നവർക്ക് സമർപ്പിക്കുന്നു.

റമ്മുവിനോട് മയ്യഴിക്കാരുടെ പേരിൽ എന്റെ മാപ്പ്.  

എന്റെ പ്രണാമം…

റമ്മുവിനെ പറ്റി എഴുതാൻ എന്നോട് ആവശ്യപ്പെട്ടവരോടെല്ലാം എന്റെ കൃതജ്ഞത: പ്രകാശൻ, വിജയൻ, അശോകൻ വിക്കീൽ, കുമാർ, അജിത്

എന്റെ എഴുത്തിന് സഹായിച്ച കുമാർ, സത്യൻ, ജോണി എന്നിവർക്ക് എന്റെ ഈ എഴുത്ത് സമർപ്പിക്കുന്നു.

മഠത്തിൽ ബാബു ജയപ്രകാശ് ✍️        My Watsap Cell No : 00919500716709

മറ്റൊരു വിഷയവുമായി നാളെ…

Leave a Comment