Time Set To Read 8 Minutes Maximum
കുഞ്ഞാപ്പുവച്ചന് ഡോക്ടറേറ്റ് പട്ടം നൽകിയത് അദ്ദേഹത്തിന്റെ തൊഴിലിലുള്ള പ്രാഗൽഭ്യവും മിടുക്കും കണ്ടാണ്. ഞാൻ നൽകിയ ഡോക്ടറേറ്റ് ബിരുദമാണത്.
മയ്യഴിയിൽ നിന്ന് റെയിൽവേ സ്റ്റേഷനിലേക്ക് പോകുമ്പോൾ അതിർത്തിയും തോടും കഴിഞ്ഞ് കുറച്ച് നടന്നാൽ ഇടതുഭാഗത്തായി ചെറിയൊരു മരപ്പാലം. പാലം എന്ന് പറയാൻ ഒന്നുമില്ല, റോഡിന്റെയും പറമ്പിന്റെയും ഇടയിലേക്കുള്ള മൂന്നോ നാലോ സ്റ്റെപ്പ് മാത്രം! അതിലൂടെ നടന്നെത്തുന്നത് ഒരു ചെറിയ കുടിൽ. കുഞ്ഞാപ്പുവച്ചന്റേതാണ് ആ കുടിൽ! [ഇന്ന് ആ വീതിയുള്ള തോടും കൊല്ലന്റെ ആലയും കുഞ്ഞാപ്പുവച്ചന്റെ കുടിലും ഒന്നും അവിടെ ഇല്ല.]
അദ്ദേഹത്തിന്റെ തൊഴിൽ കുട നന്നാക്കൽ! എത്രയോ തവണ കുട നന്നാക്കാൻ ഞാൻ അവിടെ പോയിട്ടുണ്ട്. കുട നന്നാക്കുന്നത് നോക്കി നിൽക്കാൻ നല്ല രസമാണ്. അവിടെനിന്ന് കുടയുടെ ഒരു വിധം ബാലാരിഷ്ടതയൊക്കെ കുഞ്ഞാപ്പുവച്ചൻ നന്നാക്കിത്തരും.
കുഞ്ഞാപ്പുവച്ചന്റെ കയ്യിൽ കുട നന്നാക്കാൻ കൊടുത്താൽ, നല്ല ഇരുത്തം വന്ന ഡോക്ടറെപ്പോലെ കയ്യിൽ കിട്ടിയ ഉടനെ പറയും അതിന്റെ പ്രശ്നങ്ങൾ. നമ്മൾ ഒന്നും പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല, പറഞ്ഞാലും കുഴപ്പമില്ല. കുഞ്ഞാപ്പുവച്ചന് കുഞ്ഞാപ്പുവച്ചന്റേതായ ഒരു രീതിയുണ്ട്.
അല്ലാതെ ഡോക്ടർ ടി.കെ.യെ പോലെയല്ല.
ടി.കെ. നല്ല ഡോക്ടറാണ്. ഡോക്ടറുടെ അടുത്തു പോയി “ഡോക്ടറേ, കുട്ടിക്ക് പനിക്കുന്നു” എന്ന് പറയും. ഉടനെ ഡോക്ടർ: “ഓഹോ, പിന്നെ ഞാൻ എന്തിനാ ഇവിടെ ഇരിക്കുന്നത്? നീ തന്നെ ചികിത്സിച്ചോളൂ” എന്ന് ശകാരിക്കും!!
ഇതുകേട്ട് അടുത്ത ഊഴം കാത്തുനിൽക്കുന്ന ആൾ ഒന്നും പറയാതെ നിന്നാൽ, “നിന്റെ വായിലെന്താ തള്ളിക്കയറ്റിയിരിക്കുന്നത്? വായ തുറന്ന് പറയെടോ?” എന്നാവും ശാസന.
എന്തെങ്കിലും പറയാൻ തുടങ്ങും മുമ്പ് അടുത്ത ചോദ്യം: “ഇവന് നീ എന്താ കൊടുക്കുന്നത്?”
“കഞ്ഞിയാണ് ഡോക്ടറേ!” എന്ന് പറയേണ്ട താമസം, ഡോക്ടർ ദേഷ്യത്തോടെ പറയും: “ഒരു പനി വരുമ്പോഴേക്കും നീ ഇവനെ കഞ്ഞി കൊടുത്ത് കൊല്ലുന്നാണോ? എന്തെങ്കിലും തിന്നാൻ കൊടുക്കെടോ!”
ഇതു കേട്ട് അടുത്ത ആൾ: “ഡോക്ടറേ, ഞാൻ ഇവന് സാധാരണ കൊടുക്കുന്ന ഭക്ഷണമെല്ലാം കൊടുക്കുന്നുണ്ട്!!”
ഉടനെ ഡോക്ടർ: “ങാഹാ, എന്നാ പിന്നെ ഇവന് ബിരിയാണി വാങ്ങിക്കൊടുക്കെടോ?”
ഒന്നും പറഞ്ഞുകൂടാ, എന്നാലൊട്ട് പറയാതിരുന്നും കൂടാ… ഇതാണ് ഡോക്ടർ ടി.കെ.
ഈ വക സ്വഭാവങ്ങൾ ഒന്നും കുഞ്ഞാപ്പു ഡോക്ടർക്കില്ല. കുഞ്ഞാപ്പുവച്ചൻ കുടയെടുത്ത് ഒരു ‘എക്സർസൈസ്’ ചെയ്യിക്കും!!
പതിയെ മർമ്മത്തിൽ, കുതിരയിൽ, അമർത്തി കൈ ഒന്ന് തള്ളും. അത് അടുത്ത മർമ്മത്തിൽ പോയി നിന്നാൽ രണ്ടു മർമ്മവും ഓക്കെ, അതായത് ഊരയ്ക്ക് പ്രശ്നമൊന്നും ഇല്ലെന്ന് സാക്ഷ്യം.
പിന്നെ നടുവിൽ ഊരയ്ക്ക് കൈവെച്ച് ‘ബൈട്ടക്ക്’ ചെയ്യിക്കും. രണ്ടുമൂന്നു തവണ മേൽപ്പോട്ടും കീഴ്പ്പോട്ടും ചെയ്യിപ്പിച്ച് ഊരയുടെയും നട്ടെല്ലിന്റെയും ബലം പരിശോധിച്ചുറപ്പുവരുത്തും. താഴോട്ടും മേൽപ്പോട്ടും ചലിക്കുന്ന ചക്ക്, അത് ഊരയാണ്. ആദ്യം അതിൽ ജോയിന്റായിട്ടുള്ള എല്ലുകൾ, കമ്പിയെല്ലാം ശരിക്കും ഫിറ്റായിട്ടുണ്ടോ എന്ന് നോക്കും. എല്ലാം നല്ല ബാലൻസിങ്ങാണെങ്കിൽ ഓക്കെ!! ചെക്ക് ചെയ്യുമ്പോൾ തന്നെ കുഞ്ഞാപ്പുവച്ചന് മനസ്സിലായിരിക്കും ഊരയുടെ പ്രശ്നങ്ങൾ!
പിന്നെ കാലൊക്കെ ഒന്ന് ശരിക്കും നോക്കും, മുഖം, കൈപ്പിടി നോക്കും.
എട്ട് വാരിയെല്ലും നോക്കും, അതിനു സപ്പോർട്ടായിട്ടുള്ള എല്ലുകളെല്ലാം ബാലൻസിങ്ങാണോ എന്ന് നോക്കും.
പിന്നെ തൊലിപ്പുറം, തുണി നോക്കും, എന്തെങ്കിലും പാടുകൾ ഉണ്ടോ എന്ന്. ചെറിയ ചെറിയ പ്രശ്നമെല്ലാം കുഞ്ഞാപ്പുവച്ചൻ ലൊട്ടുലൊടുക്ക് പ്ലാസ്റ്റിക് സർജറി നടത്തി ശരിയാക്കും.
അവസാനം തല! മുകളിലുള്ള ചക്ക്, ബ്രെയിൻ, അതും നോക്കും. അപ്പോഴേക്കും കുഞ്ഞാപ്പുവച്ചൻ കുടയുടെ മുഴുവൻ എം.ആർ.ഐ. സ്കാൻ പൂർത്തീകരിച്ചിരിക്കും.
പിന്നെ ചികിത്സ നിശ്ചയിച്ച്, രോഗിയുടെ കൂടെ വന്നവരോട് മനസ്സിൽ കണക്കുകൂട്ടി ഒരു തുക പറയും!!!
മിക്കവാറും എല്ലാവർക്കും അംഗീകാരമാവുന്ന തുകയായിരിക്കും. അതെ, കുഞ്ഞാപ്പുവച്ചൻ അത്രയേ പറയൂ.
കുഞ്ഞാപ്പുവച്ചൻ നമ്മുടെ രാമകൃഷ്ണൻ ഡോക്ടറെ പോലെയാ, പണത്തിനൊന്നും അത്യാഗ്രഹമില്ല. സമ്മതം കിട്ടിയാൽ, ഉടനെയാണെങ്കിൽ ഉടനെ. അല്പം താമസം വരുമെങ്കിൽ പോയി വരാൻ പറയും. കിടത്തി ചികിത്സിക്കേണ്ടതാണെങ്കിൽ “നാളെ വരൂ” എന്ന് പറയും. കുറച്ച് ഗുരുതരമാണെങ്കിൽ “രണ്ടോ മൂന്നോ ദിവസം കഴിഞ്ഞ് വരൂ” എന്ന് പറയും. ഐ.സി.യുവിൽ കിടത്തും.
ഒരു എല്ലുരോഗ വിദഗ്ധനെ പോലെ വില്ലുകളും, കുടക്കാലുകളും. ഒരു ന്യൂറോ വിദഗ്ധനെ പോലെ കുതിരയും. കുട നിവർന്നാൽ മുകളിൽ പിടിച്ചു നിൽക്കാനും, പൂട്ടി കഴിഞ്ഞാൽ പിടിയുടെ അടുത്ത് താങ്ങി നിർത്തുന്നതും കുതിരയാണ്.
ബ്രെയിനിനെ പോലെ എല്ലാ ഭാഗവും ചേർന്ന് നിൽക്കുന്നത് മുകളിലുള്ള ചക്കാണ്. ചെറിയ വട്ടത്തിൽ എട്ട് ചെറിയ ഗ്രൂവുകൾ. ഇതിൽ എട്ട് കുടക്കമ്പികൾ. മുകൾ അറ്റം അല്പം പരന്നിരിക്കും, ഒരു ചെറിയ തുള. കുടയുടെ പരന്ന അറ്റം ഗ്രൂവിൽ ചേർത്ത് നിർത്തി, കുട പൂട്ടിയതിനു ശേഷം അതിന്റെ സൈഡിലൂടെ നേരിയ കമ്പി കയറ്റി, പതിയെ തള്ളിയാൽ എട്ട് തുളയിൽ കൂടി കമ്പി കയറി ഒരു പോയിന്റിൽ പുറത്തുവരും. ആവശ്യത്തിന് ഒരു ഇഞ്ച് വലിപ്പം കണക്കാക്കി രണ്ടറ്റത്തുനിന്നും കട്ടിങ് പ്ലയർ വെച്ച് മുറിച്ചെടുക്കും. പിന്നെ അത് പ്ലയർ വെച്ചോ ചവണ വെച്ചോ പിരിച്ചു മുറുക്കി ഉറപ്പിക്കും. ഇത് ഡോക്ടർ കുഞ്ഞാപ്പുവച്ചന്റെ ബ്രെയിൻ സർജറി…
കുതിര ശരിയാക്കുന്നത് ന്യൂറോ സർജറി.
വില്ല് മാറ്റുന്നതും കാല് മാറ്റുന്നതും ഓർത്തോ സർജറി.
പിടി മാറ്റുന്നതും തുണി മാറ്റുന്നതും കോസ്മെറ്റിക് സർജറി…
എല്ലാം കഴിഞ്ഞ് കുടുംബി മാറ്റുന്നത് ന്യൂറോ സർജറിയുടെ ഭാഗം തന്നെ.
എല്ലാ അവയവങ്ങളുടെയും സ്പെയർ പാർട്സ് ആവശ്യക്കാരന്റെ തൃപ്തിക്കനുസരിച്ച് കുഞ്ഞാപ്പുവച്ചന്റെ അടുത്തുള്ള പുരാവസ്തു ശേഖരത്തിലുണ്ടാവും.
ഇത്തരം അവയവ മാറ്റത്തിന് കുഞ്ഞാപ്പുവച്ചന് അവയവ ദാതാക്കളൊന്നും വേണ്ട. എല്ലാ അവയവങ്ങളും ആവശ്യത്തിന് മരവിപ്പിച്ച് സൂക്ഷിച്ചുവെച്ചിട്ടുണ്ടാകും കുഞ്ഞാപ്പുവച്ചൻ. അവയവ ദാതാവിനെ വേണ്ട, സമ്മതപത്രം വേണ്ട. ഇതിനൊന്നും ഒരു നിയമാവലിയും കുഞ്ഞാപ്പുവച്ചന് വേണ്ട.
പുതിയത് വേണമെന്ന് നിർബന്ധമുള്ളവർക്ക് കുഞ്ഞാപ്പുവച്ചന് കാശ് കൊടുത്താൽ അങ്ങനെയും ചെയ്തു തരും. അപ്പോൾ ആശുപത്രിയിൽ കുറച്ചുകൂടി ദിവസം കിടക്കേണ്ടി വരും. അതിനനുസരിച്ചുള്ള ഫീസും കൂടും.
ഒഴിവു സമയങ്ങളിൽ അദ്ദേഹവും അദ്ദേഹത്തിന്റെ ഭാര്യയും, പരിചയക്കാരുടെ വീടുകൾ സന്ദർശിച്ച് പഴയ കുടകൾ സൗജന്യമായി സ്വീകരിച്ച് വീട്ടിലെത്തി, എല്ലാം ആവശ്യത്തിന് അനുസരിച്ച് പാർട്സ് പാർട്സ് ആക്കി ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ അടുക്കിവെക്കും.
സാധാ വെള്ളമുണ്ടും, വെള്ള ഷർട്ടും ധരിച്ച് മയ്യഴിയിലെയും അഴിയൂർ റെയിൽവേ സ്റ്റേഷൻ റോഡിലൂടെയും കുഞ്ഞാപ്പുവച്ചൻ കൂനി നടന്നു പോകുന്നത് കാണാം. മിക്കപ്പോഴും കൈയിലും തോളിലും കുടകൾ കാണാം.
ഇനി വെള്ള എന്നത് നിങ്ങളുദ്ദേശിക്കുന്നതു പോലെ തൂവെള്ളയോന്നുമല്ല കാലപ്പഴക്കംകൊണ്ടുണ്ടായ ഒരു സ്വാഭാവിക നിറംമാറ്റം വന്നിട്ടുണ്ട് ആധുനീകരിച്ചു പറഞ്ഞാൽ ഓഫ് വൈറ്റ് നിറം
ഇവരെ പോലുള്ളവരൊന്നും ഇന്ന് സമൂഹത്തിലില്ല. അല്ലെങ്കിലും ഇവരെയൊന്നും ആരും ഓർക്കുന്നുമുണ്ടാവില്ല. കുടകളെല്ലാം ഹൈടെക് ആയി മാറിയിരിക്കുന്നു.
യു.എസ്.ബി. ഇട്ട്, പാട്ടുകൾ കേട്ട് കൊണ്ട് പോകാൻ പറ്റുന്ന കുടയും, സമയം അറിയണമെങ്കിൽ വാച്ച് പിടിപ്പിച്ച കുടയും, ഡിസ്കോ ലൈറ്റും നിറം മാറുന്ന കുടയും ഒക്കെ! കുട ചൂടി കൊണ്ട് കുട്ടികൾ നടന്നു പോവുമ്പോൾ തൃശൂർ പൂരത്തിന്റെ കുടമാറ്റം ഓർമ്മ വരും.
ആചാരങ്ങളെയെല്ലാം ധിക്കരിച്ച് ശാസ്ത്രത്തിന്റെ പിന്നാലെ പോവുന്ന നമ്മൾ, കുഞ്ഞാപ്പുവച്ചനെ പോലുള്ളവരുടെ കുലത്തെ തന്നെ ഇല്ലാതാക്കുമ്പോഴും ഒരു പ്രതീക്ഷ: ചില അന്യ സംസ്ഥാനത്തുള്ളവർ “കുട നന്നാക്കാനുണ്ടോ” എന്ന് അവർക്കറിയാവുന്ന മലയാള ഭാഷയിൽ വിളിച്ചു പറഞ്ഞ് റോഡിലൂടെ നടന്നു പോകുന്നത് കാണുമ്പോൾ…
മോഹൻലാലും ശ്രീനിവാസനും കുടനന്നാക്കുന്നവരുടെ വേഷത്തിൽ സി.ഐ.ഡി. ആയി അഭിനയിച്ചത് കണ്ടു വീട്ടിൽ വിളിച്ചു കയറ്റുമ്പോൾ രണ്ടു വട്ടം ആലോചിക്കണം എന്ന് പറയുന്നതോടൊപ്പം, ഇത്തരം നിറം മാറുന്ന കുടകൾ കണ്ട് തൃശൂർ പൂരത്തെ ഓർക്കാനുള്ള അവസ്ഥയിൽ നമ്മുടെ ആചാരത്തെ എത്തിക്കാതിരിക്കട്ടെ എന്ന് പറഞ്ഞു ഈ കുട നന്നാക്കലിന്റെ കിസ്സ ഇവിടെ അവസാനിപ്പിക്കുന്നു.
മഠത്തിൽ ബാബു ജയപ്രകാശ് …..✍️ My Watsap Contact No – 9500716709
