Time Set To Read 8 Minutes Maximum
കുഞ്ഞാപ്പുവച്ചനു ഡോക്ട്രേറ്റ് പട്ടം നൽകിയത് അദ്ദേഹത്തിന്റെതൊഴിലിൽ ഉള്ള പ്രാഗൽഭ്യവും മിടുക്കും കണ്ടു ഞാൻ നൽകിയ ഡോക്ട്രേറ്റ് ബിരുദമാണ് )
…മയ്യഴിയിൽനിന്നും റെയിൽവേസ്റ്റേഷനിലേക്കു പോകുമ്പോൾ അതുർത്ഥിയും തോടും കഴിഞ്ഞു കുറച്ചു നടന്നാൽ ഇടതു ഭാഗത്തായി ചെറിയ ഒരു മരപ്പാലം. പാലം എന്ന് പറയാൻ ഒന്നുമില്ല റോഡിന്റെയും പറമ്പിന്റെയും ഇടയിലേക്കുള്ള ഒരു മൂന്നോ നാലോ സ്റ്റെപ് മാത്രം! അതിലൂടെ നടന്നു എത്തുന്നത് ഒരു ചെറിയ കുടിൽ . കുഞ്ഞാപ്പുവച്ചന്റെതാണ് ആ കുടിൽ! (ആ വീതിയുള്ള തോടും കൊല്ലന്റെ ആലയും കുഞ്ഞാപ്പുവച്ചന്റെ കുടിലും ഒന്നും അവിടെ ഇല്ല)
അദ്ദേഹത്തിന്റെ തൊഴിൽ കുട നന്നാക്കൽ! എത്രയോ തവണ കുട നന്നാക്കാൻ ഞാൻ അവിടെ പോയിട്ടുണ്ട് . കുട നന്നാക്കുന്നത് നോക്കി നിൽക്കാൻ നല്ല രസമാണ് . അവിടെനിന്നു കുടയുടെ ഒരുവിദം ബാലാരിഷ്ടതയൊക്കെ കുഞ്ഞാപ്പുവച്ചൻ നന്നാക്കിത്തരും.
കുഞ്ഞാപ്പുവച്ചന്റെ കയ്യിൽ കുട നന്നാക്കാൻ കൊടുത്താൽ? നല്ല ഇരുത്തം വന്ന ഡോക്ട്ടറെപ്പോലെ കയ്യിൽ കിട്ടിയ ഉടനെ പറയും അതിന്റെ പ്രശ്നങ്ങൾ. നമ്മൾ ഒന്നും പറഞ്ഞില്ലെങ്കിലും കുഴപ്പമില്ല , പറഞ്ഞാലും കുഴപ്പമില്ല. കുഞ്ഞാപ്പുവച്ചനു കുഞ്ഞാപ്പുവച്ചന്റെതായ ഒരു രീതിയുണ്ട്;
അല്ലാതെ ഡോക്ടർ
ടി. കെ. യെ പോലെയല്ല .
ടി.കെ, നല്ല ഡോക്ടറാണ് . ഡോക്ടറുടെ അടുത്തു പോയി . ഡോക്ടറെ കുട്ടിക്ക് പനിക്കുന്നു എന്ന് പറയും , ഉടനെ ഡോക്ടർ ഓഹോ പിന്നെ ഞാൻ എന്തിനാ ഇവിടെ ഇരിക്കുന്നത്? ഞ്ഞി തന്നെ ചികിൽസിച്ചോളൂ എന്ന് ശകാരിക്കും!!
ഇതുകേട്ട് അടുത്ത ഊഴം കാത്തു നിൽക്കുന്ന ആൾ ഒന്നും പറയാതെ നിന്നാൽ നിന്റെ വായിലെന്താ തള്ളികയറ്റിയിരിക്കുന്നതു വായ തുറന്നു പറയടോ ?എന്നാവും ശാസന?
എന്തെങ്കിലും പറയാൻ തുടങ്ങുമ മുൻപ് അടുത്ത ചോദ്ദ്യം? ഇവന് നീ എന്താ കൊടുക്കുന്നത്? കഞ്ഞിയാണ് ഡോക്റ്ററെ! എന്ന് പറയേണ്ട താമസം ഡോക്ടർ ദേഷ്യത്തോടെ പറയും ഒരു പനി വരുബോഴേക്കും നീ ഇവനെ കഞ്ഞി കൊടുത്തു കൊല്ലുന്നാണോ ? എന്തെങ്കിലും തിന്നാൻ കൊടുക്കടോ എന്നായിരിക്കും .
ഇതു കേട്ട് അടുത്ത ആൾ ഡോക്ടർ ഞാൻ ഇവന് സാദാരണ കൊടുക്കുന്ന ഭക്ഷണമെല്ലാം കൊടുക്കുന്നുണ്ട്!!
ഉടനെ ഡോക്ടർ ങാഹ എന്നാ പിന്നെ ഇവന് ബിരിയാണി വാങ്ങികൊടുക്കടോ? ഒന്നും പറഞ്ഞു കൂടാ; എന്നാലോട്ടു പറയാതിരുന്നും കൂടാ …
(ഇതാണ് ഡോക്ടർ ടി കെ)
ഈ വക സ്വഭാവങ്ങൾ ഒന്നും കുഞ്ഞാപ്പൂ ഡോക്ടർക്കില്ല . കുഞ്ഞാപ്പുവച്ചൻ കുടയെടുത്തു ഒരു എക്സൈസ് ചെയ്യിക്കും!!
പതിയെ മർമ്മത്തിൽ (കുതിരയിൽ) അമർത്തി കൈയ് ഒന്ന് തള്ളും അത് അടുത്ത മർമത്തിൽ പോയി നിന്നാൽ രണ്ടു മർമ്മവും ഓ ക്കെ, അത് ഊരയ്ക്കു പ്രശ്നമൊന്നും ഇല്ലെന്നു സാക്ഷ്യം??
പിന്നെ നടുവിൽ “ഊരയ്ക്കു” കൈവെച്ചു ബൈട്ടക് ചെയ്യിപ്പിക്കും.. രണ്ടുമൂന്നു തവണ മേൽപ്പോട്ടും കീഴ്പ്പോട്ടും ചെയ്യിപ്പിച്ചു ഊരയുടെയും നട്ടെല്ലിന്റെയും ബലം പരിശോധിച്ചുറപ്പുവരുത്തും താഴോട്ടും മേൽപ്പോട്ടും ചലിക്കുന്ന ചക്ക് അത് ഊരയാണ്, ആദ്യം അതിൽ ജോയിന്റായിട്ടുള്ള
(എല്ലുകൾ) കമ്പിയെല്ലാം ശരിക്കും ഫിറ്റായിട്ടുണ്ടോ എന്ന് നോക്കും, എല്ലാം നല്ല ബസ്‌ലൻസിങ്ങാണെങ്കിൽ ഓ. കെ!!. ചെക്ക് ചെയ്യുമ്പോൾ തന്നെ കുഞ്ഞാപ്പുവച്ചനു മനസിലാക്കിയിരിക്കും ഊരയുടെ പ്രശ്നങ്ങൾ!
പിന്നെ കാലൊക്കെ ഒന്ന് ശരിക്കും നോക്കും, മുഖം (കൈപ്പിടി ) നോക്കും.
എട്ടു വാരിയെല്ലും നോക്കും, അതിനു സപ്പോർട്ടായിട്ടുള്ള എല്ലുകളെല്ലാം ബാലൻസിഗാണോ എന്ന് നോക്കി?
പിന്നെ തൊലിപ്പുറം (തുണി) നോക്കും, എന്തെങ്കിലും പാടുകൾ ഉണ്ടോ എന്ന്? ചെറിയ ചെറിയ പ്രശ്നമെല്ലാം കുഞ്ഞാപ്പുവച്ചൻ ലൊട്ടു ലൊടുക്ക് പ്ലാസ്റ്റിക് സർജ്ജറി നടത്തി ശരിയാക്കും .
അവസാനം തല! മുകളിലുള്ള ചക്ക് (ബ്രെയിൻ ) അതും നോക്കും, അപ്പോഴേക്കും കുഞ്ഞാപ്പുവച്ചൻ കുടയുടെ മുഴുവൻ
എം. ആർ. ഐ സ്കാൻ പൂർത്തീകരിച്ചിരിക്കും…
പിന്നെ ചികിത്സ നിശ്ചയിച്ചു, രോഗിയുടെ കൂടെ വന്നവരോട് മനസ്സിൽ കണക്കു് കൂട്ടി ഒരു തുക പറയും .!!!
മിക്കവാറും എല്ലാവർക്കും അംഗീകാരമാവുന്ന തുകയായിരിക്കും .
അതെ; കുഞ്ഞപ്പുവച്ചൻ അത്രയേ പറയൂ .
കുഞ്ഞാപ്പുവച്ചൻ നമ്മുടെ രാമകൃഷ്ണൻ ഡോക്ടറെ പോലെയാ, പണത്തിനൊന്നും അത്യാഗ്രഹമില്ല . സമ്മതം കിട്ടിയാൽ. ഉടനെയാണെങ്കിൽ ഉടനെ അല്പം താമസം വരുമെങ്കിൽ പോയി വരാൻ പറയും, കിടത്തി ചികിൽസിക്കേണ്ടതാണെങ്കിൽ നാളെ വരൻ പറയും കുറച്ചു ഗുരുതരമാണെങ്കിൽ രണ്ടോ മൂന്നോ ദിവസം കഴിഞ്ഞു വരാൻ പറയും. ഐ സി യു വിൽ കിടത്തും.
ഒരു എല്ലു രോഗ വിദഗ്ദനെ പോലെ വില്ലുകളും, കുട ക്കാലുകളും, ഒരു ന്യൂറോ വിദഗ്ധനെ പോലെ കുതിരയും (കുട നിവർന്നാൽ മുകളിൽ പിടിച്ചു നിൽക്കാനും . പൂട്ടി കഴിഞ്ഞാൽ പിടിയുടെ അടുത്തു താങ്ങി നിർത്തുന്നതും കുതിരയാണ്)
ബ്രയിനിനെ പോലെ എല്ലാ ഭാഗവും ചേർന്ന് നിൽക്കുന്നത് മുകളിലുള്ള ചക്കാണ് . ചെറിയ വട്ടത്തിൽ എട്ട് ചെറിയ ഗ്രുവുകൾ ഇതിൽ
എട്ടു കുട കമ്പികൾ. മുകൾ അറ്റം അല്പം പരന്നിരിക്കും, ഒരു ചെറിയ തുള. കുടയുടെ പരന്ന അറ്റം ഗ്രുവിൽ ചേർത്ത് നിറുത്തി, കുട പൂട്ടിയതിനു ശഷം അതിന്റെ സൈഡിലൂടെ നേരിയ കമ്പി കയറ്റി, പതിയെ തള്ളിയാൽ എട്ട് തുളയിൽ കൂടി കമ്പി കയറി ഒരു പോയിന്റിൽ പുറത്തുവരും . ആവശ്യത്തിന് ഒരു ഇഞ്ചു വലിപ്പം കണക്കാക്കി രണ്ടറ്റത്തുനിന്നും കട്ടിങ് പ്ലേയർ വെച്ചു മുറിച്ചെടുക്കും . പിന്നെ അത് പ്ലെയർ വെച്ചോ ചവണ വെച്ചോ പിരിച്ചു മുറുക്കി ഉറപ്പിക്കും . ഇത് ഡോക്ടർ കുഞ്ഞപ്പൂ വച്ചന്റെ ബ്രെയിൻ സർജറി ….
കുതിര ശരിയാക്കുന്നതു ന്യൂറോ സർജറി .
വില്ല് മാറ്റുന്നതും കാല് മാറ്റുന്നതും ഓർത്തോ സർജറി .
പിടി മാറ്റുന്നതും തുണി മാറ്റുന്നതും കോസ്മറ്റിക്ക് സർജറി….
എല്ലാം കഴിഞ്ഞു കുടുംബി മാറ്റുന്നത് ന്യൂറോ സർജറി യുടെ ഭാഗം തന്നെ .
എല്ലാ അവയവങ്ങളുടെയും സ്പെയർ പാർട്സ് ആവശ്യക്കാരൻറെ തൃപ്തിക്കനുസരിച്ചു കുഞ്ഞാപ്പുവച്ചന്റെ അടുത്തുള്ള പുരാവസ്തു ശേഖരത്തിലുണ്ടാവും .
ഇത്തരം അവയവ മാറ്റത്തിനു കുഞ്ഞാപ്പുവച്ചനു അവയവ ദതാക്കോളോന്നും വേണ്ട, എല്ലാ അവയവങ്ങളും ആവശ്യത്തിന് മരവിപ്പിച്ചു സൂക്ഷിച്ചു വെച്ചിട്ടുണ്ടാകും കുഞ്ഞാപ്പുവച്ചൻ. അവയവ ദാതാവിനെ വേണ്ട സമ്മതപത്രം വേണ്ട ഇതിനൊന്നും ഒരു നിയമാവലിയും കുഞ്ഞാപ്പുവച്ചനു വേണ്ട.
പുതിയത് വേണമെന്ന്
നിർബന്ധമുള്ളവർക്കു കുഞ്ഞാപ്പുവച്ചന് കാശു കൊടുത്താൽ അങ്ങനെയും ചെയ്തു തരും .
അപ്പോൾ ആശുപത്രിയിൽ കുറച്ചു കൂടുതൽ ദിവസം കിടക്കേണ്ട വരും അതിനു അതിനനുസരിച്ചുള്ള ഫീസും കുടും
ഒഴിവു സമയങ്ങളിൽ അദ്ദേഹവവും അദ്ദേഹത്തിന്റെ ഭാര്യയും , പരിചയക്കാരുടെ വീടുകൾ സന്ദർശിച്ചു പഴയ കുടകൾ സൗജന്യമായി സ്വീകരിച്ചു വീട്ടിലെത്തി എല്ലാം ആവശ്യത്തിന് അനുസരിച്ചു പാർട്സ്, പാർട്സ് ആക്കി ഉപയോഗിക്കാൻ എളുപ്പമുള്ള രീതിയിൽ അടുക്കിവെക്കും.
സാദാ വെള്ള മുണ്ടും, വെള്ള ഷർട്ടും ധരിച്ചു മയ്യഴിയിലെയും അഴിയൂർ റെയിൽവേ സ്റ്റേഷൻ റോഡിലൂടെയും കുഞ്ഞാപ്പുവച്ചൻ കൂനി നടന്നു പോകുന്നത് കാണാം. മിക്കപ്പോഴും കൈയ്യിലും തോളിലും കുടകൾ കാണാം
ഇവരെ പോലുള്ളവരൊന്നും ഇന്ന് സമൂഹത്തിലില്ല . അല്ലെങ്കിലും ഇവരെയൊന്നും ആരും ഓർക്കുന്നുമുണ്ടാവില്ല .
കുടകളെല്ലാം ഹൈ ടെക് ആയി മാറി യിരിക്കുന്നു.
യു. എസ. ബി ഇട്ടു, പാട്ടുകൾ കേട്ട് കൊണ്ട് പോകാൻ പറ്റുന്ന കുടയും . സമയം അറിയണമെങ്കിൽ വാച്ച് പിടിപ്പിച്ച കുടയും. ഡിസ്കോ ലൈറ്റും നിറം മാറുന്ന കുടയും ഒക്കെ? കുട ചൂടി കൊണ്ട് കുട്ടികൾ നടന്നു പോവുമ്പോൾ തൃശൂർ പൂരത്തിന്റെ കുടമാറ്റം ഓർമ്മവരും .
ആചാരങ്ങളെയെല്ലാം ധിക്കരിച്ചു ശാസ്ത്രത്തിന്റെ പിന്നാലെ പോവുന്നെ നമ്മൾ കുഞ്ഞാപ്പുവച്ചനെ പോലുള്ളവരുടെ കുലത്തെ തന്നേ ഇല്ലാതാക്കുമ്പോഴും ഒരു പ്രതീക്ഷ ചില അന്ന്യ സംസ്ഥാനത്തുള്ളവർ കുട നന്നാക്കാനുണ്ടോ എന്ന് അവർക്കു അറിയാവുന്ന മലയാള ഭാഷയിൽ വിളിച്ചു പറഞ്ഞു റോഡിലൂടെ നടന്നു പോകുന്നത് കാണുബോൾ ?
മോഹൻ ലാലും – ശ്രീനിവാസനും കുടനന്നാക്കുന്നവരുടെ വേഷത്തിൽ സി. ഐ. ഡി ആയി അഭിനയിച്ചത് കണ്ടു വീട്ടിൽ വിളിച്ചു കയറ്റുമ്പോൾ? രണ്ടു വട്ടം ആലോചിക്കണം, എന്ന് പറയുന്നതോടൊപ്പം ഇത്തരം നിറം മാറുന്ന കുടകൾ കണ്ടു തൃശൂർ പൂരത്തെ ഓർക്കാനുള്ള അവസ്ഥയിൽ നമ്മുടെ ആചാരത്തെ എത്തിക്കാതിരിക്കട്ടെ എന്ന്
പറഞ്ഞു ഈ കുട നന്നാക്കലിന്റെ കിസ ഇവിടെ ഇവിടെ അവസാനിപ്പിക്കുന്നു …
മഠത്തിൽ ബാബു ജയപ്രകാശ് …..✍️ My Watsap Contact No – 9500716709
