Time set to read Maximum 10 Minutes
മയ്യഴിയിലെ ചായക്കടകൾ
ശ്രീ. വിനയൻ മാഹി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സ്പെൻസർ കുഞ്ഞിക്കണ്ണേട്ടന്റെ ചായപ്പീടികയുടെ ഫോട്ടോ കണ്ടു. പ്രസ്തുത ഫോട്ടോ എന്നെ മാത്രമല്ല, പലരുടെയും പഴയ കുറെ ഓർമ്മകളിലേക്ക് കൊണ്ടുപോയി എന്ന് മനസ്സിലാക്കുന്നു.
പഴയ ലബോർദോനെ കോളേജിന്റെ ഭാഗമായ അനക്സ് ബിൽഡിങ്ങിന്റെയും ബാലൻസ് ടൈപ്പ്റൈറ്റിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെയും എതിർവശത്തായി, സർക്കാർ ലൈബ്രറിക്ക് തൊട്ടടുത്താണ് ഈ കട സ്ഥിതി ചെയ്യുന്നത്.
ഇന്നും ഈ കട അവിടെ ഉണ്ടെങ്കിലും ആധുനിക രീതിയിലുള്ള മാറ്റങ്ങളൊന്നും വന്നിട്ടില്ല. എങ്കിലും കാഴ്ചയിലും വിഭവങ്ങളിലും പ്രകടമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
ഫോട്ടോയിൽ കാണുന്നതുപോലെ നീളത്തിൽ ഇട്ട രണ്ടു ബെഞ്ചുകളും അതേ വലുപ്പത്തിലുള്ള രണ്ടു മേശയും രണ്ടു ഭാഗത്തുമുണ്ട്. അതിനു പിറകിലായി ഒരു ചെറിയ മുറിയും ഉണ്ട്.
ഒരു ഭാഗത്ത് ചെറിയ ഒരു ചില്ലലമാരയുണ്ട്. വിഭവങ്ങൾ പരിമിതമാണെങ്കിലും കിഴങ്ങ് പൊരിച്ചതും പരിപ്പുവടയും എന്നിവ സ്ഥിരമായി ലഭിക്കും. ഒരു സമയം കഴിഞ്ഞാൽ കട്ടൻ ചായയോ അല്ലെങ്കിൽ കട്ടൻ കാപ്പിയോ മാത്രമേ കിട്ടുകയുള്ളൂ.
എന്റെ ഓർമ്മയിൽ മുണ്ടു മടക്കിക്കുത്തി, മിക്കവാറും ഷർട്ട് ധരിക്കാതെ കണ്ണനച്ചൻ ഉണ്ടാകും കടയിൽ. ഹരിയും മോഹുവും ഇടയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യയും സഹായത്തിനുണ്ടാകും.
തൊട്ടടുത്തുള്ള സ്കൂളുകളിലെ അധ്യാപകന്മാർക്കുള്ള ചായ സ്ഥിരമായി സപ്ലൈ ചെയ്യുന്നത് കണ്ണനച്ചൻ തന്നെയാണ്. പലപ്പോഴും കണ്ണനച്ചൻ ഒരു തൂക്കിൽ ഗ്ലാസ്സുകൾ നിരത്തി അതിൽ ചായ ഒഴിച്ച്, ഒപ്പം ഒരു പേപ്പറിൽ ഓർഡർ അനുസരിച്ചുള്ള പലഹാരങ്ങളും പൊതിഞ്ഞ് സ്കൂളിലേക്കും അടുത്തുള്ള ലൈബ്രറിയിലേക്കും കൊണ്ടുപോയി കൊടുക്കുന്നത് കണ്ടിട്ടുണ്ട്. ചിലപ്പോൾ ഈ ജോലി മകൻ മോഹുവായിരിക്കും ചെയ്യുക. മോഹു ഇന്ന് ജീവിച്ചിരിപ്പില്ല.
മുൻപിലുള്ള ഒരു തട്ടിൽ എള്ളുണ്ട, അമ്പാർത്ഥിക്കട്ട അഥവാ കടല മിട്ടായി, ബെൻഡ്യ, നാരങ്ങാ മിട്ടായികൾ ഇട്ട ഭരണിക്കടുത്ത് ഉപ്പിലിട്ട നെല്ലിക്കയും മാങ്ങയും വിൽപ്പനയ്ക്കായി വെച്ചിട്ടുണ്ടാകും. ഇപ്പോഴത്തെ കൃത്രിമ രീതിയിൽ അല്ല എന്ന് പ്രത്യേകം സാക്ഷ്യപ്പെടുത്തുന്നു.
ഒരു ഇളം മഞ്ഞ ലായനിയിൽ പച്ചമുളകുകൾ നീളത്തിൽ അരിഞ്ഞത് പൊന്തിക്കിടക്കുന്നതും അതിൽ ഒരു കുഞ്ഞു ചിരട്ട കയിലും ഇട്ടതും കാണാം. പരമ്പരാഗതമായ രീതിയിൽ തയ്യാറാക്കുന്നതു കാരണമായിരിക്കാം അതിന്റെ രുചി ഒന്ന് വേറെ തന്നെ.
നെല്ലിക്ക നല്ലവണ്ണം കഴുകി തുടച്ചു വൃത്തിയാക്കി ഭരണിയിൽ ഇട്ട് ലെയറായി ആവശ്യത്തിനുള്ള കല്ലുപ്പും പച്ചമുളകും ചേർത്ത് ഭരണി ഏകദേശം മുക്കാൽ ഭാഗമാകുമ്പോൾ നല്ലവണ്ണം ചൂടാക്കിയ വെള്ളവും ഒഴിച്ചാണ് തയ്യാറാക്കുന്നത്. ഇന്ന് ആവശ്യക്കാർ ഏറിയതുകൊണ്ടാകണം കൃത്രിമമായി ആസിഡുകളും കെമിക്കലുകളും ചേർത്ത് ഉണ്ടാക്കുന്നുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു, ചില അനിഷ്ട സംഭവങ്ങളുടെ വാർത്തകൾ കേൾക്കുമ്പോൾ.
തൊട്ടടുത്ത ഭാഗത്ത് ഒരു മെറ്റൽ ബോയിലർ അഥവാ സമാവർ. അതിനു തൊട്ടടുത്തായി കരി ഉപയോഗിച്ചുള്ള ചെറിയ സ്റ്റവ്. അതിൻമേൽ ഒരു അലുമിനിയ പാത്രത്തിൽ പാൽ ചൂടായിക്കൊണ്ടേ ഇരിക്കുന്നുണ്ടാകും. അടുത്തു തന്നെ ഒരു ഭരണിയിൽ പഞ്ചസാരയും ഒരു ചെറിയ ഡബ്ബയിൽ കാപ്പിപ്പൊടിയും മറ്റൊരു ഡബ്ബയിൽ ചായപ്പൊടിയും സൂക്ഷിച്ചിരിക്കും.
ചായ ഉണ്ടാക്കുന്നതനുസരിച്ച് സമാവറിൽ വെള്ളം ഒഴിച്ചു കൊണ്ടേയിരിക്കും. അതേ സമാവറിൽ തന്നെ കരിയും ഇടുന്നതു കാണാം. ഇത് രണ്ടും ഒരേ പാത്രത്തിൽ ഇടുന്നത് സൂക്ഷിച്ചു നോക്കിയില്ലെങ്കിൽ ഒരത്ഭുതമായി തോന്നും പലർക്കും. ചെറുപ്പത്തിൽ ഒരത്ഭുതം തന്നെയായിരുന്നു.
സമാവർ ഒരു സ്റ്റാൻഡിലായിരിക്കും വെച്ചിരിക്കുക. സമാവറിന്റെ ഏറ്റവും അടിയിൽ ഒരു തട്ടിൽ കൽക്കരി കത്തിക്കൊണ്ടേയിരിക്കുന്നുണ്ടാവും. സമാവറിന്റെ മുകളിൽ നാലോ അഞ്ചോ ഇഞ്ച് വ്യാസത്തിൽ ഒരു ഫണൽ പോലെ ഘടിപ്പിച്ചിട്ടുണ്ടാവും. ഇതിലൂടെ കൽക്കരി ആവശ്യത്തിന് ഇട്ടുകൊടുക്കും. ഇങ്ങനെ ഇടുന്ന കൽക്കരി സമാവറിനടിയിൽ കത്തിക്കൊണ്ടിരിക്കുന്ന തട്ടിൽ പോയി വീഴും. സമാവറിന്റെ മുകൾഭാഗത്ത് സൈഡിലായി ഒരു തുളയുണ്ടാവും. അതിലൂടെ ആവശ്യാനുസരണം വെള്ളവും ഒഴിച്ചുകൊടുക്കും. കരിക്കട്ടയും വെള്ളവും ഒരേ പാത്രത്തിൽ ഇടുന്നത് ഏറെ ശ്രദ്ധിച്ചാൽ മാത്രമേ അതിന്റെ ഗുട്ടൻസ് പിടികിട്ടുകയുള്ളൂ.
“കണ്ണേട്ടാ, ഒരു ചായ” എന്ന് പറഞ്ഞാൽ ചെറിയ സ്റ്റൗവിൽ തിളയ്ക്കുന്ന പാലിൽ നിന്ന് രണ്ടോ മൂന്നോ ടീസ്പൂൺ പാലും, അടുത്തുള്ള ഭരണിയിൽ നിന്ന് ഒന്നോ രണ്ടോ ടീസ്പൂൺ പഞ്ചസാരയും ഒരു ചെറിയ കൈപ്പാത്രത്തിൽ ഇട്ടിട്ട്, സമാവറിന്റെ മുകളിൽ നിന്ന് വേറൊരു കൈപ്പാത്രം എടുത്ത് അതിലുള്ള തുണി പൊഞ്ചിയിൽ കുറച്ച് ചായപ്പൊടി ഇട്ട്, സമാവറിന്റെ ടാപ്പ് തുറന്ന് ചൂടുവെള്ളം ചേർക്കും.
സുമാർ അളവാണെങ്കിലും ചെറിയ സ്പൂൺ കൊണ്ട് എല്ലാം കടകട കടകട അടിച്ചിട്ട് മിക്സ് ചെയ്ത് വായുവിലേക്ക് നീട്ടി രണ്ടു വലി വലിച്ച് ഗ്ലാസ്സിൽ ഒഴിക്കുമ്പോൾ ചായ പതഞ്ഞ് പൊങ്ങി ഏതാണ്ട് ഗ്ലാസിന്റെ മുക്കാൽ ഭാഗം വരെ ഉണ്ടാകും. അതിൽ ഏകദേശം ഒന്നര സെന്റീമീറ്റർ നുരയും ഉണ്ടാകും. ചായ ഗ്ലാസിൽ ഒഴിച്ചു കഴിഞ്ഞാൽ പറയുന്ന എണ്ണത്തിന് കറക്ടായി ചായ റെഡി.
അതൊരു കയ്യളവാണ്. ഇനി അഥവാ കുറച്ച് കുറഞ്ഞു പോയിട്ടുണ്ടെങ്കിൽ പൊഞ്ചി എടുത്ത് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ഒന്നു അമർത്തുമ്പോൾ പൊഞ്ചിയിൽ നിന്ന് കട്ടിയുള്ള ബ്രൗൺ ഡിക്കോക്ഷൻ ഇറ്റു വീണു കഴിഞ്ഞാൽ ചായയുടെ ടേസ്റ്റും കൂടും, അളവും കൃത്യമായിരിക്കും.
സിസ്സർ, ചാർമിനാർ സിഗരറ്റുകൾ, ദിനേശ്, സാധു, ഉമ്മർ, വാധ്യാർ ബീഡികൾ പിന്നെ ചുരുട്ടും കിട്ടും. ചുരുട്ടിൽ വലിയ ലാഭമുണ്ടാക്കാൻ ഇടയില്ല. കാരണം കണ്ണേട്ടൻ ചുരുട്ട് വലിക്കുന്ന കൂട്ടത്തിലാണ്.
ഒരു നിശ്ചിത സമയം കഴിഞ്ഞാൽ അവിടെ കട്ടൻ ചായയും കട്ടൻ കാപ്പിയും മാത്രം ലഭിക്കും. പരിമിതമായ കച്ചവടമായതിനാൽ പാലിന്റെ ലഭ്യതക്കുറവാണ് കാരണം.
തൊട്ടടുത്ത് ചാത്തുവേട്ടന്റെ ചായക്കട. സ്പെൻസർ കണ്ണേട്ടന്റെ കടയെ അപേക്ഷിച്ച് കുറച്ചു കൂടി വലിയ കട. വിഭവങ്ങളും കുറച്ചു കൂടുതൽ ഉണ്ടാവും.
കിഴങ്ങ് പൊരി, ബോണ്ട, സുഖിയൻ, പഴം പൊരി, പരിപ്പുവട, ഉള്ളിവട, കായുണ്ട ഇതൊക്കെ ഓരോ ഐറ്റം തീരുന്നതനുസരിച്ച് കണ്ണാടി അലമാരയിൽ നിറഞ്ഞുകൊണ്ടിരിക്കും.
സീസണായാൽ നല്ല അരിക്കടുക്കയും കിട്ടും. പുറമെ നിന്ന് നോക്കുമ്പോൾ കണ്ണാടി അലമാരയുടെ ചില്ല് മുഴുവൻ ചൂടുകൊണ്ട് ആവി നിറഞ്ഞ് മഞ്ഞ് മൂടപ്പെട്ടതുപോലെ കാണാം.
ഉച്ചയോടടുപ്പിച്ച് പരിമിതമായ ലെവലിൽ ഊണും തയ്യാറാക്കും ഇവിടെ.
സ്കൂൾ പഠനം കഴിഞ്ഞ് കോളേജിൽ പഠിക്കുമ്പോഴും അതിനുശേഷവും ഞങ്ങൾ സ്ഥിരമായി ഒത്തു കൂടുന്നത് ചാത്തുവേട്ടന്റെ ഈ കടയിൽ ആയിരിക്കും.
നമ്മളെക്കാൾ ഏറെ പ്രായമുണ്ടെങ്കിലും നമ്മുടെ എല്ലാ പരിപാടികളിലും ചാത്തുവേട്ടനും സജീവമായി ഉണ്ടാവും. ഇദ്ദേഹത്തിന്റെ കടയുടെ കൂടുതൽ വിവരങ്ങൾ മറ്റൊരു കഥയിൽ പറയുന്നുണ്ട്.
മയ്യഴിയിലെ ഹോട്ടലുകളെ പറ്റി പറയുമ്പോൾ ഓർമ്മയിൽ വരുന്ന ചിലതു കൂടി പറയട്ടെ. ജെ.എൻ.എച്ച്.എസിന് മുന്നിലെ സുകുവേട്ടന്റെ ഹോട്ടൽ. പ്രധാനമായും ആശ്രയിക്കുന്നത് സ്കൂൾ കോളേജ് കുട്ടികളെ ആശ്രയിച്ചുള്ള കച്ചവടം.
നല്ല അമ്മിയിൽ അരച്ച കറിയും മത്സ്യ വിഭവങ്ങളും കിട്ടും. ഉച്ച മൂന്നു മണി കഴിഞ്ഞാൽ ഏതാണ്ട് എല്ലാ വിഭവങ്ങളും തീർന്നിരിക്കും.
കുറച്ചു കൂടി മുന്നോട്ട് പോയാൽ റോഡ് വളഞ്ഞു വരുന്ന സ്ഥലത്ത് മുകുന്ദേട്ടന്റെ അച്ഛന്റെ ഒരു ചായക്കട. കുറച്ചു കൂടി മുന്നോട്ട് പോകുമ്പോൾ ഇടതു ഭാഗത്തായി പരമ്പരാഗതമായി മാഹിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും സ്വീകരിച്ചും യാത്രയാക്കുകയും ചെയ്യുന്ന രണ്ടു ഹോട്ടലുകൾ: മാഹി ഹോട്ടലും പാരീസ് ഹോട്ടലും.
ഒരു കാലം വരെ പേരുപോലെ തന്നെ പ്രതാപത്തോടു കൂടി നടത്തിയ വിശാലമായ ഹോട്ടലുകൾ. രണ്ടു സ്ഥലത്തും മത്സരിച്ചുള്ള കച്ചവടം. ബിരിയാണി, നെയ്ച്ചോർ, മട്ടൻ ചോപ്സ്, പൊറോട്ട, വെള്ളയപ്പം, റൊട്ടി, ഊണ് സുലഭമായി ലഭിക്കും. രാത്രി ഏറെ വൈകിയാലും ഭക്ഷണ സാധനങ്ങൾ റെഡിയായിരിക്കും ഇവിടെ.
കെ.ടി.സി മുക്ക് വളഞ്ഞു കഴിഞ്ഞാൽ ഒരു ചെറിയ ഹോട്ടൽ എന്ന് വിളിക്കാവുന്ന കട കല്യാണിയമ്മയുടേത്. പിന്നീട് മകൾ ദമയന്തി ഏറ്റെടുത്തു നടത്തി എന്ന് തോന്നുന്നു. പ്രധാനമായും ചില പോലീസുകാർക്കും മയ്യഴി സബ് ജയിലിലേക്കും ഭക്ഷണം കൊടുക്കുന്ന ഹോട്ടൽ.
അത് കഴിഞ്ഞാൽ പിന്നെ അന്നത്തെ കാലത്ത് ഫ്രാങ്ക്ളി. ഇപ്പോഴത്തെ അലങ്കാർ വൈൻസിനോട് ചേർന്ന് പുരുഷുവേട്ടൻ നടത്തിയ ഒരു ഹോട്ടൽ ഉണ്ടായിരുന്നു. ഇന്ന് അത് അലങ്കാർ വൈൻസ് ആണ്.
പുരുഷുവേട്ടൻ അഴിയൂർ ചുങ്കത്ത് ചെക്ക് പോസ്റ്റിനടുത്ത് 24 മണിക്കൂറും ഹോട്ടൽ നടത്തി വിവിധ ഭാഷ സംസാരിക്കുന്നവർക്ക് അവരുടെ രുചിയിൽ ഭക്ഷണം നൽകി പ്രശസ്തി ആർജിച്ച ആളായിരുന്നു.
എല്ലാം ഒരേ പാത്രത്തിൽ നിന്നാണ് വിളമ്പുന്നതെങ്കിലും ഹിന്ദിക്കാർക്ക് അവരുടെ രുചി, ആന്ധ്രാക്കാർക്ക് അവരുടെ രുചി, തമിഴന് അവരുടേത്. എല്ലാവരും പുരുഷുവേട്ടന്റെ ഭക്ഷണം ആസ്വദിച്ച് കഴിക്കും. ഏതു സമയത്ത് ചെന്നാലും മത്സ്യ വിഭവങ്ങളും ലിവർ, മുള്ളും തലയും, ബ്രെയ്ൻ, മുട്ട റോസ്റ്റ്, ഇറച്ചി, ഓംലെറ്റ് ഒക്കെ റെഡിയായിരിക്കും ഇവിടെ.
അഴിയൂർ ചുങ്കത്ത് പണ്ട് നടന്നതു പോലെ എന്തോ പ്രശ്നം മാഹിയിലും ഉണ്ടായപ്പോൾ വീണ്ടും അഴിയൂർ ചുങ്കത്തേക്ക് തന്നെ കച്ചവടം മാറ്റി. ഒരു കൂട് വിട്ട് കൂട് മാറും പോലെ അദ്ദേഹത്തിന്റെ കട മാറുന്നേടത്ത് ചെക്ക് പോസ്റ്റും മാറി വരും! ധനലക്ഷ്മി അനുഗ്രഹിച്ച മനുഷ്യൻ. എപ്പോഴും തിരക്ക് തന്നെ.
പിന്നെ പള്ളി കഴിഞ്ഞാൽ ഫൽഗുവേട്ടന്റെ ചായക്കട. അവിടെയും വിഭവങ്ങൾ ഏറെ. എങ്കിലും പരിപ്പുവടയും ബോണ്ടയും സുഖിയനും നെയ്പ്പത്തലും പ്രധാനം. പത്തു പതിനൊന്ന് മണിയായാൽ ഇറച്ചിക്കറിയും പൊറോട്ടയും റെഡി.
ഒരു പത്തു മീറ്റർ മാറി കോനാർകണ്ടി നാണുവേട്ടന്റെ ഒരു ഹോട്ടൽ. ഊണ് മാത്രം. തൊട്ടടുത്ത് താൽക്കാലികമായി കെട്ടിയ ഷെഡിൽ നിന്ന് പാചകം ചെയ്ത് കടയിൽ വെച്ച് വിളമ്പും.
ഇവിടെയും നല്ല വീട്ടു ശാപ്പാടിനൊപ്പം വിളമ്പുന്ന സ്പെഷൽ ഐറ്റത്തിൽ കല്ലുമ്മക്കായ വറുത്തതും മത്സ്യം, ഇറച്ചി ഒക്കെ ധാരാളം ലഭിക്കും.
പതിവുകാരിൽ അധികവും ഉദ്യോഗസ്ഥന്മാർ. വാടകയ്ക്ക് എടുത്ത സ്ഥലത്ത് കെട്ടിയ ഓല ഷെഡ് ഒഴിയാൻ നോട്ടീസ് കൊടുത്തതും ഒഴിയാതെ നീണ്ടപ്പോൾ ഒരു രാത്രി അതിന് തീപിടിച്ചതും പിന്നീട് ഒറ്റ രാത്രികൊണ്ട് വീണ്ടും അതേ വലുപ്പത്തിലും ഉയരത്തിലും വീണ്ടും ഉയർന്നുവന്നതും ഒക്കെ ഓർക്കുന്നു.
തൊട്ടടുത്ത് തന്നെ മോഡേൺ ഹോട്ടൽ. അവിടത്തെ ഇഷ്ടു വളരെ പ്രസിദ്ധമായിരുന്നു. ചുരുക്കം ചില വി.ഐ.പി കൾ മാത്രം സന്ദർശിക്കുന്ന ഹോട്ടൽ. പിന്നീട് മകൻ അശോകൻ അത് ജനകീയമാക്കാൻ ശ്രമിച്ച് പരാജയപ്പെട്ടു.
വേണ്ടത്ര വിജയിച്ചില്ല എന്ന് തോന്നുന്നു. പിന്നെ അദ്ദേഹം വിദേശത്തുപോയി എന്നറിഞ്ഞു. അത് ഇപ്പോഴത്തെ മാഹി സ്പോർട്സ് ക്ലബ്ബായി മാറി. ചായയും ഊണും നൽകി ആരോഗ്യത്തോടെ നിലനിർത്തിയ മയ്യഴിക്കാരുടെ ആരോഗ്യം സ്പോർട്സിനും ഗെയിംസിനും പ്രാധാന്യം നൽകി ശരീരത്തിനും നല്ലൊരു ലൈബ്രറി നടത്തുന്നതിലൂടെ മാനസികമായ ആരോഗ്യവും ഇപ്പോഴും നില നിർത്തുന്നു.
പിന്നെയും മുന്നോട്ട് പോകുമ്പോൾ ജെനുവിന്റെ ചായക്കട. ഉഴുന്ന് വടയും പരിപ്പുവടയും സുഖിയനും ബോണ്ടയും ഒക്കെ ലഭിക്കുമെങ്കിലും പരിപ്പുവടയുടെ രുചി മറ്റു ഹോട്ടലുകാർക്കൊന്നും കിട്ടിയിട്ടില്ല.
അത് കഴിക്കുമ്പോൾ അതിൽ ചേർത്ത കൂട്ടിന്റെ എല്ലാ രുചിയും പരിപ്പ് ആവാഹിച്ചെടുത്ത് ഒരു പ്രത്യേക രുചിയായിരിക്കും തിന്നുന്നവരുടെ നാവിൽ വരിക.
അതിനു മുൻപ് മൂക്ക് ആ മണം പിടിച്ചെടുക്കും. അതിന്റെ കൂടെ ചൂടുള്ള ചായയോ കട്ടൻ കാപ്പിയോ ഒക്കെ ആകുമ്പോൾ അതിന്റെ രസം ഒന്ന് വേറെ തന്നെ. ഇവിടത്തെ ഉള്ളി വടയും പ്രസിദ്ധം.
ഒപ്പം പഠിച്ച ചങ്ങാതിമാരൊക്കെ വിവിധ മേഖലയിൽ ചേക്കേറിയപ്പോൾ തന്റെ സഹോദരിക്ക് പിന്തുണ നൽകി ഹോട്ടൽ ബിസിനസ് തന്റെ ഉപജീവനമായി സ്വീകരിച്ചു.
എങ്കിലും തന്റെ എല്ലാ കൂട്ടുകാർക്കും ഒത്തു ചേരാനുള്ള സൗകര്യം അവിടെ ഉണ്ടായിരുന്നു. കപ്പലിൽ നിന്ന് ഇറങ്ങിവരുന്ന കപ്പിത്താന്മാരെയും എഞ്ചിനീയർമാരെയും സ്വീകരിച്ച് ജെനു അവിടെയുണ്ടാകും. അഗ്രികൾച്ചർ ഡയറക്ടർമാരായ ഉണ്ണിയേട്ടനും രവിയേട്ടനും അവിടെ ജെനുവിനോടൊപ്പം കാണാം വൈകുന്നേരമായാൽ.
കട ഇപ്പോഴും അവിടെയുണ്ടെങ്കിലും കച്ചവട രീതിയൊക്കെ അടിമുടി മാറിയിരിക്കുന്നു. അത് ഇപ്പോൾ ഹവാന ബാർ ആയി മാറി. രണ്ടും കുടിക്കുന്ന പൊരുളാണെങ്കിലും പ്രകടമായ വ്യത്യാസമുണ്ട് സാധനങ്ങൾക്ക്. അതറിഞ്ഞ് കുടിച്ചാൽ കുടിക്കുന്നവർക്ക് നല്ലത്.
ഇറക്കം ഇറങ്ങി വലതു ഭാഗത്തായി ശശിധര ഹോട്ടൽ. ഊണിന് പ്രസിദ്ധമായിരുന്നു. അത് നടത്തിവന്നത് ചാത്തുവേട്ടനും പാരീസ് കണ്ണേട്ടനും. പിന്നീട് അത് മകൻ ശശി നടത്തി കുറച്ചു കാലം.
ശശിധര ഹോട്ടൽ നടത്തിയ കണ്ണേട്ടനും നല്ലൊരു കുക്കായിരുന്നു. അവരുടെ ഇഷ്ടുവും നെയ്ച്ചോറും ഒക്കെ വളരെ പ്രസിദ്ധമായിരുന്നു. പാരീസ് കണ്ണേട്ടൻ എന്ന് പറഞ്ഞാൽ എല്ലാവർക്കും അറിയും.
അതുകഴിഞ്ഞ് മുപ്പതു മീറ്ററോളം മുന്നോട്ട് പോയാൽ ഇടതു ഭാഗത്തായി ജനതാ ഹോട്ടൽ. മയ്യഴിയിലെ മറ്റൊരു പ്രധാന ഉച്ചഭക്ഷണം വിളമ്പുന്ന സ്ഥലം.
ഒരു 12 മണിയോടടുപ്പിച്ച് വിഭവങ്ങളെല്ലാം റെഡി. സ്പെഷൽ ഐറ്റം തീരുന്നതനുസരിച്ച് അടുക്കളയിൽ ഇറച്ചി, മത്സ്യങ്ങൾ പാചകം ചെയ്തുകൊണ്ടേയിരിക്കും. എല്ലാം ചൂടോടെ ലഭിക്കും. അതുകൊണ്ടു തന്നെ അതിന്റെ രുചി ഒന്ന് വേറെ തന്നെ.
ഞാൻ ഗൾഫിൽ നിന്നും വന്നാൽ ഒരു ദിവസം അവിടെനിന്ന് ഭക്ഷണം കഴിക്കാറുണ്ട്, ഓർമ്മ പുതുക്കാൻ.
കിട്ടേട്ടന്റെ മരണശേഷം വിജയനും ജയനും മസ്കറ്റിൽ ആയതിനാലും ഇളയ മകൻ ആനന്ദൻ ആയിരുന്നു ഹോട്ടൽ നടത്തിപ്പോന്നിരുന്നത്. പിന്നീട് ഹോട്ടൽ വീണ്ടും ജയൻ ഏറ്റെടുത്തു.
പിന്നെ വലതു ഭാഗത്തായി കിഴങ്ങും കട്ടൻ കാപ്പിയും കിട്ടുന്ന ഗോവിന്ദേട്ടന്റെ കട. ഇവിടെ ഇതിനു പുറമെ ചിരട്ട, മടൽ, ചൂടി, കയർ മുതലായവയും ലഭിച്ചിരുന്നു.
പാറക്കൽ കടപ്പുറത്തു പോകുന്ന വഴിയിലെ കാപ്പിക്കാരൻ നാണുവേട്ടന്റെ കട ഓർക്കുമ്പോൾ അറിയാതെ പല ഓർമ്മകൾ വരും. ചൂടുള്ള ചായ, ഒപ്പം മൊരിഞ്ഞ ഉള്ളിവട, പഴം പൊരി, പൊറോട്ട, ഇറച്ചിക്കറി, മത്സ്യക്കറി കാപ്പിക്കാരൻ നാണുവേട്ടന്റെ പീടികയിൽ എപ്പോഴും തയ്യാറായിരിക്കും.
ചക്കയുടെ സീസണായാൽ ചക്ക പൊരിച്ചതും കായുണ്ടയും ബോണ്ടയും നെയ്പ്പത്തലും കിട്ടും.
മഴക്കാലമായാൽ മീൻ പിടുത്തം കഴിഞ്ഞ് ആളുകൾ മഴ നനഞ്ഞ് ചെറിയ തലക്കുട ചൂടി നനഞ്ഞ വസ്ത്രത്താൽ തുടയുടെ പകുതിയോളം മടക്കിക്കെട്ടിയ ലുങ്കിയും കയ്യിൽ മത്സ്യവുമായി നടന്നുവന്ന് ഓല തലക്കുട ചേദിയിൽ വെച്ചിട്ട്, കാലിലെ പൂഴി മഴയുടെ ശക്തിയിൽ ഇറയത്തു നിന്ന് ഒലിച്ചുവരുന്ന വെള്ളത്തിൽ കാട്ടി കഴുകി, കാലുകൾ ശക്തിയായി നിലത്ത് ചവിട്ടി പൂഴി കളഞ്ഞിട്ട് ചായ കുടിക്കുന്ന നമുക്ക് ചുറ്റും ഇരിക്കുന്നതൊക്കെ ഓർമ്മയിൽ വന്നു.
ചിലർക്ക് ചായയെക്കാൾ പ്രധാനം ഉമ്മർ ബീഡി, സാധു ബീഡി. കുറച്ചു പ്രായമുള്ളവരാണെങ്കിൽ സോമൻ ചുരുട്ട്. മുറുക്കുന്ന ആളുകളും കൂട്ടത്തിൽ ഉണ്ട്.
സിഗരറ്റിന് വേണ്ടി പൈതൽ നായരുടെ കടയിൽ തിരക്ക് കൂട്ടുന്നതും അക്കാലങ്ങളിലെ സ്ഥിരം കാഴ്ച. ഇതൊക്കെ നോക്കി വൈകുന്നേരത്തേക്കുള്ള കിഴങ്ങും കാപ്പിയും തയ്യാറാക്കുന്ന തിരക്കിൽ മുഴുകി കുഞ്ഞിക്കിട്ടേട്ടനെയും ബാലേട്ടനെയും ഓർമ്മയിൽ വന്നു.
സോമൻ ചുരുട്ടും ഉമ്മർ ബീഡിയും സാധു ബീഡിയും ഒക്കെ ദിനേശ് ബീഡിയുടെ കടന്നുവരവോടെ ഇല്ലാതായി. സാധു ബീഡിയുടെ ലൈറ്റ് കൊണ്ടുള്ള പരസ്യം തലശ്ശേരി പുതിയമ്പലത്തിലെ ഉത്സവത്തിന് ഒരു പ്രധാന കാഴ്ചയായിരുന്നു.
എല്ലാം ഓർമ്മകളായി. കുറച്ച് പരിഷ്കാരങ്ങൾ വന്നതോടെ പുകവലി മേഖല സിസ്സർ, ചാർമിനാർ സിഗരറ്റ്, പാസിംഗ് ഷോ, പിന്നീട് ഗോൾഡ് ഫ്ലേക്കും വിൽസിന്റെയും കടന്നുവരവോടെ പാസിംഗ് ഷോ ഇല്ലാതായി.
ജനതാ ഹോട്ടലിൽ നിന്നും കുറച്ചു കൂടി താഴോട്ട് നടന്നാൽ മീൻ മാർക്കറ്റിനടുത്ത് മനയിലേക്ക് പോകുന്ന വഴിക്ക് രാമേട്ടന്റെ ചായക്കട. അവിടെയും വിഭവങ്ങൾ ഏറെ: പഴം പൊരി, ബോണ്ട, പരിപ്പുവട, കായുണ്ട. ഇവിടത്തെ കായുണ്ടയ്ക്ക് നല്ല രുചിയാണ്. നേന്ത്രപ്പഴം കൂട്ടിക്കുഴച്ച് തേങ്ങാ കൊത്തൊക്കെ ഇട്ട് ജീരകവും എള്ളും അയമോദകവും ഇട്ട് ചുട്ടെടുക്കുന്ന കായുണ്ട ഇവിടെ ലഭിക്കും.
കുറച്ചു കൂടി താഴോട്ട് നടന്നാൽ തോട്ടിനടുത്ത് ഒരു ചായക്കട. ഇവിടെയും വിഭവങ്ങളൊക്കെ സമാനമായത് തന്നെ. ജുമാ പള്ളിക്ക് എതിരായി സ്റ്റേറ്റ് ഹോട്ടൽ. പാറക്കൽ സ്റ്റേറ്റ് ഹോട്ടലിനടുത്ത് തന്നെ മറ്റൊരു ചെറിയ കട ഉള്ളത് ഇബ്രാഹീംക്കാന്റെ കടയായിരുന്നു. അവിടെ പലവിധത്തിലുള്ള ബേക്കറി സാധനങ്ങളോടൊപ്പം സിഗരറ്റും ബീഡിയും ഒക്കെയായിരുന്നു വിറ്റുകൊണ്ടിരുന്നത്.
പതിയെ ഒരു നല്ല ചൂടുള്ള സമയം ജ്യൂസ് അടിക്കുന്നത് കണ്ടു. വെറും പഴത്തിന്റെ ജ്യൂസ് ആയിരുന്നു തുടക്കം. ക്രമേണ അത് മറ്റു പഴവർഗങ്ങൾ കൂടി ഉൾപ്പെടുത്തി വിപുലീകരിച്ചു. അത് പിന്നെ പൊടിച്ചായ, അതോടൊപ്പം ബേക്കറി സാധനങ്ങളും. സ്ഥല പരിമിതി കാരണം ഇരുന്നു കഴിക്കാൻ വളരെ അസൗകര്യമുള്ള ഒരു കട. എങ്കിലും ആളുകൾ അവിടത്തെ രുചി ഓർത്ത് വരും.
കസ്റ്റമേഴ്സും പരിമിതം. ക്രമേണ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടു വരുന്ന ഐറ്റങ്ങൾ കൂടി വന്നു. പ്രധാനം ഉന്നക്കായ, ഇറച്ചി പത്തൽ, ഇറച്ചി, പൊറോട്ട. ഒടുവിൽ അവിടെ ബിരിയാണിയും നെയ്ച്ചോറും വരെ കിട്ടുമെന്നായി. എല്ലാം പരിമിതമായ അളവിൽ മാത്രം. അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവരുന്നവ. അതുകൊണ്ടു തന്നെ അതിന്റെ രുചി ഒന്ന് വേറെ തന്നെ.
കുറച്ചുകൂടി മുന്നോട്ട് പോയാൽ ആണ്ടിയേട്ടന്റെ ചായക്കട. പിന്നെയുള്ളത് നരേണേട്ടന്റെ വസന്ത ഹോട്ടൽ. പെട്രോൾ പമ്പിന് എതിരായി ബാലേട്ടന്റെ ജയശ്രീ ഹോട്ടൽ. ഇതൊക്കെയായിരുന്നു മെയിൻ റോഡിലെ ഹോട്ടലുകൾ.
ഇതിൽ ചില ഹോട്ടലുകളിൽ സ്ഥിരമായി ആലുവ വിൽക്കുന്നത് കാണാം. പിന്നീടാണ് അതിന്റെ പൊരുൾ അറിയാൻ സാധിച്ചത്. ആ അറിവിന് വ്യക്തമായ തെളിവ് ഇല്ലാത്തതിനാൽ എഴുതുന്നില്ല.
കേളപ്പൻ നായരുടെ പീടിക കഴിഞ്ഞാൽ ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തായി തിരുവങ്ങാട്ടമ്പലത്തിന്റെ അടുത്തുള്ള പട്ടരുടെ ഹോട്ടലിനെ ഓർമിപ്പിക്കും വിധമുള്ള ഒരു ചായക്കട. അഴിയൂരിൽ നിന്നും വരുന്ന ബാലൻ നായരാണ് ആ കട നടത്തിയിരുന്നത്.
ഒരു തമിഴ് പാലക്കാടൻ ടേസ്റ്റിൽ ഇഡ്ഡലിയും ചട്ണിയും പുട്ടും അപ്പവും ഒക്കെയുണ്ടെങ്കിലും മയ്യഴിയിൽ തനത് സ്റ്റൈലിൽ ഇഡ്ഡലിയും ചട്ണിയും കഴിക്കാൻ പുതുച്ചേരിയിൽ നിന്നും മാറിവരുന്ന ഉദ്യോഗസ്ഥന്മാരും പോലീസുകാരും സ്ഥിരമായി വന്നു കഴിക്കുന്നത് ഈ ഹോട്ടലിൽ നിന്നായിരുന്നു.
ചൂടി കോട്ടേമ്മൽ എത്തിയാൽ മണ്ടോള ക്ഷേത്രത്തിനടുത്തായി ഒരു പലചരക്കു കടയും കൃഷ്ണൻ നായർ നടത്തിയ ഒരു ചായക്കടയും. കടയ്ക്ക് മുകളിൽ ബേങ്കർ കിട്ടുവേട്ടന്റെ ഒരോഫീസ്.
ആ കട പലരും മാറി മാറി നടത്തിയെങ്കിലും ഇപ്പോഴില്ല. പിന്നെ ഈ കട റെയിൽവേ സ്റ്റേഷനടുത്തുള്ള താജുക്കയായിരുന്നു നടത്തിയത്. താജുക്ക നല്ലൊരു കുക്കാണ്. നല്ലരീതിയിൽ ആ കാലത്തു താജുക്ക ആ കടയെ കൊണ്ട് പോയിരുന്നു. മുട്ട ഒഴിച്ചുള്ള സ്‌പെഷൽ വെള്ളയപ്പം, പുട്ട്, കടല ഒക്കെയാണെങ്കിലും അദ്ദേഹത്തിന്റേതായ ചില പലഹാരങ്ങൾ കൂടി അവിടെ സുലഭമായിരുന്നു.
അതിൽ പ്രധാനമായും ഓർത്തെടുക്കാൻ പറ്റുന്നത് കാജ (മഞ്ഞകളറിൽ ഒരു ചെറിയ സ്കെയിലിന്റെ വലിപ്പത്തിൽ അഞ്ചോ ആറോ മടക്കുകളായി). എണ്ണയിൽ വറുത്തെടുത്തു, മുകളിൽ പഞ്ചസാര ലായനിയും ഒഴിച്ചുള്ള ഒരു പലഹാരം. തരിയുണ്ട, മണ്ട , (ത്രികോണാകൃത രീതിയിൽ ഇപ്പോഴത്തെ സമൂസ പോലെ) കുറച്ചു വലിപ്പം ഉണ്ടാവും അതിൽ നെയ്യിൽ വറുത്ത തരിയും, തേങ്ങയും, നട്സും, പഞ്ചസാരയും, മിക്സ് ചെയ്തു നിറച്ചുള്ള ഒരു പലഹാരം. പിന്നെ യുള്ളതു ഇരട്ട കേക്ക്. ഇതും മൈദാ ഉപയോഗിച്ചുള്ളത് തന്നെ. (കണ്ടാൽ ഏകദേശം ആടിന്റെ കുളമ്പു പോലെയുണ്ടാവും).
പൊട്ടിയപ്പം , നെയ്യപ്പം കലത്തപ്പം ഇതൊക്കെ താജുക്കയുടെ സ്പെഷാലിറ്റിയായിരുന്നു.
പഴം പൊരിയും, പരിപ്പുവടയും, ഏത്തപ്പഴം പൊരിച്ചതും,പഴം നിറച്ചതും ഉന്നക്കായയും ഒക്കെ മാറി മാറി യുണ്ടാവും.
കടയിൽ വിൽക്കുന്നതിനേക്കാൾ പുറം ഓർഡറും അവർക്കുണ്ടവും.
കാരണം അക്കാലങ്ങളിൽ കുടുംബത്തിലെ പെൺ കുട്ടികൾ കല്യാണം കഴിഞ്ഞു പോയാൽ?. കുറച്ചു ദിവസം താമസിക്കാൻ സ്വന്തം വീട്ടിൽ വരും. അഞ്ചോ പത്തോ ദിവസം താമസിച്ചു തിരിച്ചു പോവുമ്പോൾ അവരോടൊപ്പം ഒരു ചൂരൽ കോട്ടയിൽ ഇത്തരം പലഹാരങ്ങളും നേന്ത്രക്കുലയും അരിയുണ്ടയും ഒക്കെ കൊടുത്തയാക്കാൻ താജുക്കയെ കൊണ്ട് ഉണ്ടാക്കിക്കാറുണ്ട്.?
ചെറിയ ചെറിയ സൽക്കാരങ്ങളൊക്കെ യാണെങ്കിൽ? താജുക്ക വീട്ടിൽ വന്ന് ബിരിയാണിയും നെയ്ച്ചോറുമൊക്കെ ഉണ്ടാക്കിത്തരാറുണ്ട്.
പിന്നീട് ആ കട കുറച്ചു കാലം നടത്തിയത് ചാന്ദ്ര ദാസിന്റെ ഭാര്യയുടെ അച്ഛനും അമ്മയും കൂടിയായിരുന്നു. അതും ഓർക്കുന്നു
അതുർത്ഥിയിൽ എത്തുമ്പോൾ കുറ്റിപ്പുനത്തിൽ കൃഷ്ണൻ നായരുടെ ചായക്കട . നല്ല സോഫ്റ്റ് പുട്ടു ഇവിടെ ലഭ്യമായിരുന്നു. മുളംകുറ്റിയിൽ ചുട്ടെടുക്കുന്ന ചൂട്‌പുട്ടിന്റെ രുചിയും, അത് ഇലയിൽ ചുറ്റി വെക്കുമ്പോൾ അതി നിന്നും വരുന്ന മണവും കൂടിയാവുമ്പോൾ ഒരു കറിയും കൂടാതെ കുറ്റി പുട്ടുമുഴുവൻ അകത്താക്കാനുള്ള മോഹമുണ്ടാവും.
തൊട്ടടുത്തു കല്ലാട്ട് കിട്ടേട്ടന്റെ ചായക്കട. വെള്ള അപ്പത്തിന് പ്രസിദ്‌ധം. അതിരാവിലേ കിട്ടുവച്ചനും കല്യാണിയമ്മയും വന്നു കടതുറക്കുന്നതും കാത്തു നടൻ പണിക്കു പോകുന്നവർ കാത്തു നിൽക്കുന്നുണ്ടാവും. കടയ്ക്കു പിന്നാലെയുള്ള അടുക്കളയിൽ രണ്ടു – മൂന്നു ബെഞ്ചുകൾ ഇട്ടിരിക്കുന്നത് കാണാം. മിക്കവാറും ജോലിക്കു പോകുന്ന സ്ത്രീകളായിരിക്കും അവിടെ ഇരിക്കുക. കല്യാണിയമ്മ വെള്ളേപ്പത്തിന്റെ മാവു കലക്കിയ തെരുവയിൽ ചെരിച്ചുവെച്ച കുടുക്ക തുറന്നു ചിരട്ട കൈയ്യിൽ കൊണ്ട് ഇളക്കി വസി കൊണ്ട് മൂടിവെക്കും. ഇതിനിടയിൽ ആപ്പച്ചട്ടി അടുപ്പിൽ വെച്ച് ഒപ്പം മടലും തിരുകി കത്തിക്കും. ചീനച്ചട്ടി ചൂടായി വരുമ്പോൾ കുടുക്കയിൽ നിന്നും കൈയ്യിൽ കൊണ്ട് ഇളക്കി മാവു കോരി ചീനച്ചട്ടിൽ ഒഴിച്ച് കുടുക്ക മൂടി ചെന്നൈ ചീനച്ചട്ടിയുടെ പിടി തുണികൂട്ടി പിടിച്ചു ചുഴറ്റി വക്കു വരുത്തി ഒരു തകര മൂടികൊണ്ടു മൂടിവെക്കും. ഇങ്ങനെ രണ്ടു മൂന്നു ചട്ടിയുണ്ടാവും. മറ്റു അടുപ്പുകളിൽ പുട്ടു ചുടുന്നത് കാണാം. എങ്കിലും വെള്ളാപ്പത്തിന് തന്നെ ഡിമേന്റ്. വെള്ളയപ്പം ചുട്ടുകഴി കഴിഞ്ഞാൽ മുളകൊണ്ട് ഉണ്ടാക്കിയ ചതുരത്തിലുള്ള മുറം അതിൽ ഇല വാട്ടി വിരിച്ചിട്ടുണ്ടാവും അതിൽ എടുത്തുവെക്കും. കുടുക്കയുടെ അടുത്തു തന്നെ പിത്തള മുരുടയിൽ തേങ്ങാപ്പാൽ ഉണ്ടാവും അതിൽ പരന്ന ടീ സ്പൂൺ ഇട്ടിരിക്കും അത് കൊണ്ട് തേങ്ങാപ്പാൽ കോരി ചുട്ടുവെച്ച അപ്പത്തിൽ ഒഴിച്ചുകൊടുക്കും. വൈകുന്നേരമായാൽ പോത്തിറച്ചിയും ബ്രഡ്ഡും ലഭിക്കും ഇവിടെ.
അവിടെന്നു നേരെ സിനിമാ ടാക്കിസ് റോഡിൽ വന്നാൽ കുങ്കുവച്ചന്റെ ചായക്കട. ഇവിടെ ഉച്ചയ്ക്ക് ശേഷം പോത്തിറച്ചിയും, ബ്രെഡ്ഡും പ്രസിദ്ധമായിരുന്നു ? ടാക്കിസിനടുത്തും ഒര് ചായക്കട ഉണ്ടായിരുന്നു പേര് ഓർമയിൽ ഇല്ല.
സ്റ്റേഷൻ റോഡിലെ മറ്റൊരു കടയായിരുന്നു വിത്ത് കുമാരേട്ടന്റെ . എന്തായിരുന്നു വിൽക്കുക എന്ന് ശരിക്കും ഓർത്തെടുക്കുന്നില്ല . എങ്കിലും വിംറ്റോ എന്ന ക്രഷ് ആ കടയിൽ നിന്നും വാങ്ങി കുടിച്ചതായി ഒരോർമയുണ്ട്. അനാദിക്കടയാണെന്നൊരോർമ്മ.
പാറക്കലേക്കു പോകുമ്പോൾ വിത്ത് ആനന്ദേട്ടന്റ് തുന്നൽ കട. കിടക്ക ഉണ്ടാക്കാൻ പ്രസിദ്ധമായിരുന്നു. വാഴയിൽ അനന്തൻ മേസ്ത്രി. അതു പോലെതന്നെ പ്രസിദ്ധമായിരുന്നു. ശ്രീകൃഷ്ണ ക്ഷേത്രതിന്നടുത്തുള്ള . കോമൻ മേസ്ത്രി! . കിട്ടൻ മേസ്ത്രിയും സ്റ്റേഷൻ റോഡിലെ കണാരൻ മേസ്ത്രിയുമൊക്കെ മയ്യഴിയോടപ്പം ഓർക്കേണ്ടവർ തന്നെ?
അവരൊക്കെ പറ്റിയുള്ള അറിവ് എന്റെ അറിവിനും ഉയരത്തിലാണ് . സി സി ബാലേട്ടന്റെ സോഡാ ഫാക്ടറിയും അവിടെന്നുണ്ടാക്കുന്ന ക്രഷും ഒന്നും മറക്കാൻ പറ്റില്ല.
ഇതൊക്കെ ഓർക്കുമ്പോൾ മയ്യഴിയിൽ അകെ ഉണ്ടായ ഒരു സിനിമാ ടാക്കി സിനെ ഓർക്കാതെ പോവുന്നത് ശരിയല്ല. പോക്കൂക്ക യായിരുന്നു അതു നടത്തിയത്. അതിനു മുൻപ് ആരോ നടത്തിയിരുന്നു ലാഭമല്ലാത്തതിനാൽ പൂട്ടിയിടുകയും തുടർന്ന് പോക്കുക്ക ഏറ്റെടുത്തു.
മയ്യഴിയോടൊപ്പം കിതച്ചും കുതിച്ചും അതിന്റെ പ്രയാണം തുടരുന്നതോടൊപ്പം മയ്യഴിയിലെയും പരിസരത്തെയും സിനിമാ പ്രേമികൾക്ക് ഭക്ത കുചേലയും രമണനും, പാലാട്ട് കോമനും, കാവ്യമേളയും, പടയോട്ടവും, കണ്ടംബെച്ചകോട്ടുമൊക്കെ കാട്ടിത്തരാൻ ഈ ഒരു സിനിമാ കോട്ടായിയെ ഉണ്ടായിരുന്നുള്ളു. പിന്നീട് ദീർഘകാലമായി നടന്നുവന്ന കേസിന്റെ വിധിപ്രകാരം സിനിമാ ടാക്കിസ് പൂട്ടേണ്ടിവന്നു.
ഇതുപോലെ പഴയ മയ്യഴിയെ ഇപ്പോഴത്തെ മയ്യഴിയിലേക്കു എത്തിക്കാൻ മയ്യഴിക്കാരോടോപ്പം താങ്ങായി നടന്ന ഒരു ചായക്കടയും ഹോട്ടലും ഇന്നില്ല .
ഒന്നുകിൽ പുതിയ സമ്പ്രദായത്തോട് പൊരുതാൻ കഴിവില്ലാത്ത കൊണ്ട് എല്ലാം മതിയാക്കി പോയി. പരിമിതമായ ആളുകൾ മാത്രമുള്ള മയ്യഴിയിൽ ഇത്രയ്ക്കും ഹോട്ടലുകൾ നല്ല രുചിയുള്ള ഭക്ഷണങ്ങൾ നൽകി വർഷങ്ങളോളം പ്രവർത്തിച്ചു.
എന്തുകൊണ്ടോ ഇന്നു ആളുകൾ യഥേഷ്ടം മയ്യഴിയിൽ പല പല ആവശ്യങ്ങൾക്കായി എത്തുന്നുവെങ്കിലും? അവർക്കു തൃപ്തിയായി ഭക്ഷണം കഴിക്കാനോ ചായകുടിക്കാനോ ഒര് നല്ല ഹോട്ടലുകൾ തപ്പി നടക്കേണ്ടുന്ന അവസ്ഥയിലാണ് എന്നതല്ലേ പരമാർത്ഥം…?
എം . മുകുന്ദേട്ടൻ ഒരിക്കൽ ദുബായി വന്നപ്പോൾ പ്രസംഗത്തിൽ മയ്യഴിയെ പറ്റി പരാമർശിച്ചത് ഓർക്കുന്നു? മയ്യഴിയിലെ ഫ്രഞ്ചുകാർ പോയെങ്കിലും മയ്യഴി ഇന്നും ഫ്രഞ്ചു സംസ്കാരം നിലനിർത്തി പോരുന്നു എന്ന്?. അതിന്റെ പൊരുൾ എല്ലാവർക്കും മനസിലായി കാണുമെന്നു കരുതുന്നു.
മയ്യഴി വളരുന്നതോടൊപ്പം മയ്യഴിക്കാർ മറന്ന ചില സ്ഥാപങ്ങളുടെ പേരുകൂടി പരാമർശിക്കാതെ പോകുന്നത് ശരിയല്ല.
മയ്യഴിയിൽ നല്ല രീതിയിൽ നടന്നുവന്ന മേഫീൽഡ് ബേക്കറി, ഷാലിമാർ ബേക്കറി, എക്സൽ ബേക്കറി പാറക്കലുള്ള ശാരദാബേക്കറി കുറച്ചു താഴോട്ടുപോയാൽ ബാലേട്ടന്റെ മെട്രോബെക്കറി, ടക്ക് ഇൻഡസ്ട്രി. പള്ളിയുടെ അടുത്തുള്ള വെളിച്ചെണ്ണ മില്ലും, ചപ്പാൻ നായരുടെയും, ഗോവിന്ദൻ നായരുടെയും, പൈതൽ നായരുടെയും കണാരൻ നായരുടെയും, വാസുവേട്ടന്റെയും, വാഴയിൽ അനന്ദേട്ടന്റെയും, പലചരക്കു കടകളും,
എല്ലാ പ്രതാപത്തോടെ നടത്തിയ എംപ്ലോയീസ് കോപ്പറേറ്റേവ് സ്റ്റോറും
കുടുക്ക, ചട്ടി, കലം മുതലായവ വിറ്റ മാധവേട്ടന്റെ കടയും,
വലയും, അനുബന്ധ സാധങ്ങൾ വിറ്റ നന്ദേട്ടന്റെ കടയും?
തോണിക്കു അടിക്കുന്ന അണ്ടി നെയ്യ്, ചൂടി, മടഞ്ഞ ഓല, മുതലായവ വിൽക്കുന്ന സുമതിയെട്ടന്റെ കടയും. ധന്വ് ന്തരി വൈദ്യശാലയും, ഫ്രഞ്ചു പോളീഷ് ഉണ്ടാക്കുന്ന കൂമ്പിലെ വിജയേട്ടന്റെ കടയും.
ജിഞ്ചർ ബറീസ് ഉണ്ടാക്കുന്ന മാത്യു സിന്റെ ഫാക്റ്ററിയും, ട്രാൻസ്‌ഫോർമർ ഉണ്ടാക്കുന്ന ഫിക്കോർ കമ്പനിയും.
പുത്തലത്തു മുകുന്ദേട്ടന്റെ മെഴുകുതിരി ഉണ്ടാക്കുന്ന ഇൻഡസ്ട്രി.
സ്റ്റുഡന്റസ് ബുക്ക് ഹവസും, താടിക്കാരൻ നാണുവേട്ടന്റെ സ്റ്റേഷനറി കടയും, മെക്‌സ്വൽ സ്റ്റോറും, റേഡിയോ നന്നാക്കുന്ന കരുണേട്ടന്റെ കടയും, മാഹി പ്രിന്റിങ് പ്രസ്സും. രണ്ടു മൂന്നു തുണിക്കടയും, ശങ്കരൻ നായരുടെ ഭാരതീ സ്റ്റോർ? നാസർ കളോത്തു മാർട്ട്. ഗോവിന്ദൻ നായരുടെ മാഹി ടെക്സ്റ്റയിൽ, പി കെ ചാപ്പൻ നായർ ആൻഡ് സൺസ് തുണിക്കട.
മയ്യഴിയിലെയും പരിസര പ്രദേശത്തെയും ആളുകൾക്ക് അവരുടെ വീട്ടിൽ നിന്നും യഥേഷ്ടം പറിച്ചെടുക്കുന്ന തേങ്ങ, പച്ചയായും കൊപ്പരയായും വാങ്ങിക്കുന്ന ഷേണായി എന്ന് അറിയപ്പെടുന്ന ഗോവിന്ദേട്ടന്റെയും, പൈതൽ നായരുടെയും കൊപ്പര ക്കളം.
കരിക്കാട്ടു രാഘുട്ടിയേട്ടന്റെ വാടകസാധനങ്ങൾ കൊടുക്കുന്ന സ്ഥാപനം?
ഗോവിന്ദൻ നായരുടെ കടയുടെ അടുത്തുള്ള ഒരു തുണിക്കട (ഉടമയുടെ പേര് മമ്മു എന്നാണെന്നു തോനുന്നു )!
പാറക്കൽ തന്നെയുള്ള ഒരു തറി മരുന്ന് കട (ഐ. കെ കുമാരൻ മാസ്റ്ററുടെ കുടുംബക്കാർ).പള്ളിയുടെ അടുത്തു സി സി ബാലേട്ടന്റെ കടയ്ക്കു മുന്നിലുള്ള തറിമരുന്നുകട , പാലത്തിനടുത്തുള്ള മറ്റൊരു തറിമരുന്നുകട. മഹി ഹോട്ടലിനു തൊട്ടുള്ള വൈദ്ധ്യരുടെ കട. പെട്രോൾ പമ്പിനടുത്തുള്ള എം. ബി. ടി. ട്രേഡിങ്!, ഫോട്ടോ ഫ്രെയിം ചെയ്യുന്ന വാസുവേട്ടൻ, സാജ് ഫാമ, അച്ചുവേട്ടന്റെ എ. കെ. ബാർ സോപ്പ്! കമ്പനി.
പള്ളിന്റടുത്തുള്ള നായരുടെ കട ! മാഹി മെഡിക്കൽസ്!
ചൂടിക്കോട്ട ഏകാധ്യാപക സ്‌കൂളിനടുത്തു പൊതു കിണറിന്നടുത്തായി ഒരു ചെറിയ ഖുംട്ടി കടയുണ്ടായിരുന്നു അഴിയൂർ സ്റ്റേഷനപ്പുറത്തുള്ള കോട്ടമല കുന്നിനടുത്തുനിന്നും വരുന്ന മൂസക്ക അദ്ദേഹമായിരുന്നു ആ കട നടത്തിയത്.
പണ്ട് ബർമയിൽ നിന്നും അഭയാർത്ഥിയായി നടന്നു വന്ന കഥയൊക്കെ എന്നോട് പറഞ്ഞത് ഓർക്കുന്നു.
ഇതൊക്കെ പറയുമ്പോൾ അതിർത്തിയിന്നടുത്തുള്ള മൂസാക്കയുടെ കടയും ഓർക്കേണ്ടതാണ് .
ഈ സ്ഥാപനങ്ങൾ ഒക്കെ പഴയ മയ്യഴിയോടൊപ്പം ഉണ്ടായിരുന്നു.
(ഇനിയും പല സ്ഥാപങ്ങൾ ഉണ്ടായിരിക്കാം, പല സ്ഥാപങ്ങൾ വിട്ടു പോയിട്ടുണ്ട് ക്ഷമിക്കണം).
ഇതിൽ പലതും ഇപ്പോഴത്തെ മയ്യഴിയോടൊപ്പമില്ല എന്നത് മയ്യഴിയുടെ ഒരു പോരായ്മതന്നെ എന്ന് എനിക്ക് തോനുന്നു .
ആ കാലത്തേ മറ്റൊരു എടുത്തു പറയാവുന്ന കടയും ഇന്നും ചില മാറ്റങ്ങളോടെ നിലനിൽക്കുന്നത് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള കേളപ്പൻ നായരുടെ കട.
അന്നത്തെ ഹൈപ്പർ മാർക്കറ്റ് തന്നെയായിരുന്നു അത്. വഴിയേ നടന്നു തളരുന്നവർക്കു ഫ്രീ ആയി മോരും വെള്ളവും ആ കടയിൽ റെഡിയായിരിക്കും. ഒരു വലിയ മൺ കുടുക്കയിൽ ഇതു തയ്യാറാക്കി വെച്ചിരിക്കും. അത് മൂടിയിട്ടു അതിനു മുകളിൽ ഒരു അലൂമിനിയം ടംബ്ലറും, ആവശ്യക്കാർക്ക് എടുത്തു കുടിക്കാം.
ഇതൊരു ചെറിയ ക്ടായാണെങ്കിലും കെ. ജി. കുറുപ്പിന്റെ മാജിക്ക് പോലെ നിങ്ങൾ എന്ത് ചോദിച്ചാലും ഈ കടയിൽ നിന്നും കിട്ടും. എന്തെങ്കിലും സാധനങ്ങൾ എവിടെനിന്നും കിട്ടിയിട്ടില്ലെങ്കിൽ മുക്കിലെ പീടിക എന്ന് പറയുന്ന ഈ പീടികയിൽ ലഭ്യമായിരിക്കും.
മയ്യഴിയിൽ ആ കാലങ്ങളിൽ ഓട്ടോ റിക്ഷ ഇല്ലായിരുന്നു ആദ്യമായി മയ്യഴിയിൽ ഓട്ടോ ഇറക്കിയത് കേളപ്പൻ നായരായിരുന്നു.
ഒറ്റ ഓട്ടോറിക്ഷ മാത്രമുള്ളതിനാൽ നല്ല ഓട്ടവും ഉണ്ടായിരുന്നു. ക്രമേണ അത് ഇല്ലാതായി. അന്വേഷിച്ചപ്പോൾ അതിന്റെ പേര് പോലെ തന്നെ ഒട്ടുന്നവന് രക്ഷ മുതലാളിക്ക് നഷ്ടവും അതുകൊണ്ടു ഓട്ടം അവസാനിപ്പിച്ചു എന്നറിഞ്ഞു.
മയ്യഴിയുടെ ഇപ്പോഴത്തെ മറ്റൊരു വലിയ പോരായ്മ? ഒരു കാലത്തു മയ്യഴിയുടെ ആവശ്യം കഴിഞ്ഞു അയൽ പ്രദേശത്തെ വരെ ഊട്ടിയ മയ്യഴിയിലെ റേഷനിങ് സമ്പ്രദായം അകെ താറുമാറായി, എന്നത് വലിയ ഒരു പോരായ്മ തന്നെ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം. എൽ. എ. ഇതു പുനസ്ഥാപിക്കാനായി ശ്രമിക്കുമെന്നുള്ള വിശ്വാസത്തോടൊപ്പം? പ്രാദേശികമായി മുനിസിപ്പാലിറ്റി പിരിച്ചെടുക്കുന്ന തുക മയ്യഴിയുടെ വികസനത്തിന് വേണ്ടി ചിലവഴിക്കാനും ശ്രമിക്കണം എന്ന് ഓർമ പെടുത്തി നിറുത്തുന്നു.
മഠത്തിൽ ബാബു ജയപ്രകാശ്……..✍️ My watsapp No – 0091 – 9500716709

