വാസൂട്ടി ദ് ഗ്രെറ്റ്

Reading Time set 10 Minutes Maximum

ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ

തെറ്റുതിരുത്തിയ പതിപ്പ്

പ്രധാന തിരുത്തുകൾ: അക്ഷരത്തെറ്റ്, ചില്ലക്ഷരം, സന്ധി, വാക്യഘടന, വിരാമചിഹ്നം, ഇംഗ്ലീഷ് പദങ്ങൾ


ആണ്ടിയച്ചന്റെ കടയിൽ നിന്ന് ഒന്നു വീണ്ടും നോക്കി, ഉറപ്പുവരുത്തി നേരെ പോവാണോ? അതോ വലത്തോട്ട് പോവാണോ? അന്ന് പറ്റിയ റൂട്ട് മാറ്റം എന്ന അബദ്ധം വീണ്ടും സംഭവിക്കാതിരിക്കാൻ ഒരു മുൻകരുതൽ?

നേരെ പോയാൽ റെയിൽവേ സ്റ്റേഷൻ മാത്രം. എന്തായാലും ദൂരയാത്ര ഇപ്പോൾ ഇല്ല. എങ്കിലും അവിടെ പോകണം. അവിടത്തെ ചില സമ്പ്രദായങ്ങളൊക്കെ എന്നെ വായിക്കുന്നവരെ പരിചയപ്പെടുത്തണം. കടലിന്റെ കഥ പറയുമ്പോൾ ഞാൻ കൊടുത്ത ഉറപ്പാണ്. അത് കുറുപ്പിന്റെ ഉറപ്പ് പോലെയാവരുതല്ലോ? എന്താണെന്ന് വിശദമായി ചോദിച്ചാൽ എനിക്കറിയില്ല…
“എല്ലാവരും പറയുന്നതല്ലല്ലോ ഞാൻ പറയുന്നത്” എന്ന കമന്റ് ഞാൻ കേൾക്കുന്നുണ്ട്. ആരെന്നറിയാത്തതു കൊണ്ട്, അത്ര കാര്യമാക്കാതെ മെല്ലെ തിരിഞ്ഞു നോക്കി.

വലതുവശം തിരിഞ്ഞുള്ള റോഡിലൂടെയാവാം യാത്ര. കാരണം, ഓർമ്മ പുതുക്കാനും എഴുതുവാനും വലതുഭാഗത്തേ കടകളേ ഉള്ളൂ. ഇടതുഭാഗം മുഴുവൻ മരങ്ങളാണ്. ഒരു തീരുമാനത്തിൽ എത്തി.
തീരുമാനിക്കാൻ ഒന്നുമില്ല.

വലതുവശത്തെ റോഡിലൂടെ തന്നെ പോവണം, റോഡിന് ചെറിയ ഒരു ചരിവുണ്ട്…

ഇതിനിടയിൽ കടകൾ റോഡിന്റെ വലതുഭാഗം മാത്രം വരാനുള്ള കാരണം പറയാൻ വിട്ടു…

റോഡടക്കം അത്രയും സ്ഥലം റെയിൽവേയുടേതാണ് എന്ന് കേൾക്കുന്നുണ്ട്.
റോഡ് കഴിഞ്ഞാൽ കടകൾക്ക് തൊട്ട് അതിരുകൾ തിരിക്കുന്ന സർവേ കല്ലുകൾ കാണാം. ആ സ്ഥലം വരെ റെയിൽവേയുടെതാണ് പോലും.

ആ റോഡ് വളഞ്ഞു-പുളഞ്ഞു പോയാൽ അഴിയൂർ ചുങ്കത്തേക്കും പോകും. റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിലേക്ക് വാഹനത്തിൽ പോകണമെങ്കിൽ ഇതേ റോഡിലൂടെ തന്നെ പോവണം. മറ്റെല്ലാ കടകളും ഇതേ റോഡിൽ തന്നെ.

സർവേ കല്ലുവരെയുള്ള സ്ഥലം റെയിൽവേയുടേതാണെന്ന് ഉറപ്പുവരുത്താൻ ഇടയ്ക്കിടെ റെയിൽവേയുടെ അധികാരികൾ വന്ന് ചുവപ്പ് പെയിന്റ് മുകൾഭാഗം മുതൽ ഏകദേശം കാൽഭാഗം വരെ ചുവപ്പ് പെയിന്റടിച്ച് അധികാരം ഉറപ്പുവരുത്തും.

മയ്യഴിയിൽ നിന്നും വരുന്ന റോഡ്, കുമ്പിട്ടിൽ ലെവലിൽ എത്തിയാൽ വലത് തിരിഞ്ഞ് കാണുന്നതാണ് കോളാണ്ടി അഹമ്മദ്കാന്റെ പുതിയ കട.

തിരിച്ച് സറാമ്പിയുടെ അടുത്തേക്കുള്ള സ്റ്റെപ്പ് വരെ നടന്നു, അബൗട്ട് ടേൺ അടിച്ച് വലതുവശത്തുള്ള കടയിൽ കയറി.
അതാണ് വാസൂട്ടിയേട്ടന്റെ ബാർബർ ഷോപ്പ്.

ഉള്ളിൽ നോക്കി, സഭ കൂടാൻ ഫുൾ കോറമുണ്ട്…
വാസൂട്ടിയേട്ടൻ മരത്തിന്റെ നിരകൾ എടുത്ത് മൂന്ന് ചെറിയ മരത്തടി കഷണത്തിന്മേൽ നിരത്തി. നാലഞ്ച് ആളുകൾക്ക് ഇരിക്കാൻ പാകത്തിൽ, ബെഞ്ചുമല്ല മേശയുമല്ലാത്ത വിധത്തിൽ കിടത്തി വെച്ചിരിക്കുന്നു. നിര എടുക്കുന്നതിനും അത് നിലത്തു ചായ്ച്ച് വെക്കുന്നതിനും ഒരു ക്രമം ഉണ്ട്. അത് തെറ്റിച്ചാൽ പിന്നെ വാസൂട്ടിയേട്ടന് തന്നെ കട അടയ്ക്കാൻ ബുദ്ധിമുട്ടാവും.
ഇനിയെങ്ങാനും ആരെങ്കിലും വാസൂട്ടിയേട്ടനെ കൂടാതെ പൂട്ടാമെന്ന് വെച്ചാൽ ഒരു ‘പസിൽ’ പോലെ നിരയിടലും എടുക്കലും ആവും ഫലം. അത്തരം നിരയുള്ള കടകളുടെ എല്ലാം രീതി അങ്ങനെ തന്നെ. ഞങ്ങൾക്കും രണ്ട് കടകൾ ഉള്ളത് കൊണ്ട് ആ രീതിയൊക്കെ നമുക്ക് മനഃപാഠമാണ്.

കാണുമ്പോൾ വിചാരിക്കും, ഇതിലെന്തിത്ര പറയാൻ? നിരയിട്ട് നോക്കണം, അതിന്റെ ബുദ്ധിമുട്ടറിയാൻ.

കടയിൽ കയറിയപ്പോൾ കണ്ടു:
ആരെയോ അവിടത്തെ തിരിയാത്ത, കറങ്ങാത്ത കസേരയിൽ, വെള്ള മൽമൽ തുണികൊണ്ട് പുതച്ച്, തല കുനിച്ച് ഇരുത്തിയിട്ടുണ്ട്. അടുത്തുള്ള ഒരു കറങ്ങാത്ത കസേര കാലിയാണ്. ചിലപ്പോൾ ജമ്മിയോ സി.വി.യോ വന്നാൽ അവിടെ ഇരിക്കും. ബെഞ്ച് കാലിയാണെങ്കിലും! എന്താണ് അതിന്റെ ഗുട്ടൻസ്, ഇതുവരെ മനസ്സിലായിട്ടില്ല.

വാസൂട്ടിയേട്ടൻ ആരുടെയോ മുടി ഡ്രസ്സ് ചെയ്ത്, സൈഡെല്ലാം ലെവൽ ചെയ്യുന്ന തിരക്കിലാണ്. ആരെയും ശ്രദ്ധിക്കുന്നേയില്ല.

അടുത്തു ചെന്ന് നോക്കിയപ്പോൾ മീശ ലെവൽ ചെയ്യുകയാണ്. ഇത് വളരെ ശ്രദ്ധ വേണ്ട ജോലിയാണ്, അല്പം തെറ്റിയാൽ സംഗതി പാളും. പാളിയാൽ പിന്നെ വാസൂട്ടിയേട്ടന്റെ പണി പാളും…
അത് വാസൂട്ടിയേട്ടന് അറിയാവുന്നതു കൊണ്ട് ചർച്ചയ്ക്ക് അല്പം വിശ്രമം കൊടുത്തിരിക്കയാണ് വാസൂട്ടിയേട്ടൻ.

ബെഞ്ചിൽ ഇരുന്നവരെല്ലാം ക്ഷമയോടെ ചർച്ച തുടരാൻ കാത്തിരിക്കുന്നു.
അല്ലെങ്കിലും വാസൂട്ടിയേട്ടൻ ഇല്ലാത്ത എന്ത് ചർച്ച? എല്ലാ ചർച്ചയും നിയന്ത്രിക്കുന്നത് വാസൂട്ടിയേട്ടനാണ്. വേണുവിനെ പോലെ, നികേഷിനെ പോലെ? ചിലപ്പോൾ അവരെക്കാൾ കേമനാണ് വാസൂട്ടിയേട്ടൻ.

നായരെ പോലെയല്ല. അയാൾ മൈക്കും പിടിച്ച് തുള്ളലോട് തുള്ളൽ!
ആരെയും ഒന്നും മുഴുമിപ്പിക്കാൻ വിടില്ല. പറഞ്ഞു തുടങ്ങുമ്പോൾ തന്നെ മൈക്ക് അടുത്ത ആൾക്ക് കൈമാറും. കിട്ടിയില്ലെങ്കിൽ പിടിച്ചു വാങ്ങിക്കും.

നായർ എപ്പോഴും കാലുകൾ കൊണ്ട് ചിത്രം വരച്ചുള്ള ഓട്ടമാണല്ലോ?
അത് കാണുമ്പോൾ ‘കോളേജ് ഗേൾ’ എന്ന സിനിമയിൽ ബഹദൂർ പട്ടം സദനോട് ചോദിക്കുന്നുണ്ട്: “താൻ എന്താണ് എപ്പോഴും തുള്ളി തുള്ളി നടക്കുന്നത്?” പട്ടം സദൻ പറഞ്ഞത്: “ചെറുപ്പത്തിൽ അമ്മയ്ക്ക് റബ്ബർ തോട്ടത്തിലായിരുന്നു ജോലി. അമ്മ കാണാതെ റബ്ബർ പാൽ കട്ടുകുടിക്കും. അതാണ് ഇങ്ങനെ നടക്കുമ്പോൾ പൊന്തി പോവുന്നത്, അല്ലാതെ തുള്ളുന്നതല്ല” എന്ന്.
ചിലപ്പോൾ നായരും അതുപോലെ റബ്ബർ പാലെങ്ങാനും കുടിച്ചുകാണുമോ? ആവോ? ചിലപ്പോൾ കുടിച്ചിരിക്കാം?

ഒരാൾ പറഞ്ഞു തുടങ്ങി കാര്യത്തിലേക്കു വരുമ്പോഴേക്കും വേറൊരാൾക്ക് മൈക്ക് കൈമാറും. അയാൾ വിഷയത്തിലേക്കു കടക്കുമ്പോഴേക്കും വേറൊരാൾക്ക് മൈക്ക് പിടിച്ചു വാങ്ങി നൽകും.

അവസാനം, കേൾക്കുന്നവരും പറയുന്നവരും എല്ലാവരും കൺഫ്യൂഷനാവും. എന്താണ് വിഷയം? എന്താണ് ചർച്ച ചെയ്തതെന്ന് ചർച്ചയിൽ പങ്കെടുത്ത ആളുകൾക്കും തിരിയില്ല, എന്തു സംസാരിച്ചുവെന്നു? ചർച്ച കേട്ട നമുക്കും മനസ്സിലാവില്ല.


അവസാനം റബ്ബർ പന്തുപോലെ കളിച്ച നായർക്കും മനസ്സിലാവില്ല, എന്തു ചർച്ചയാണ് നടത്തിയത് എന്ന്! ഒടുവിൽ ചർച്ച നടത്തിയ നായരും സംഘവും കാലുകൊണ്ട് അതുവരെ വരച്ച ചിത്രം നോക്കി “മോഡേൺ ആർട്ടാണെന്ന്” പറഞ്ഞ് ചർച്ച അവസാനിപ്പിക്കും. ചർച്ചകൾ മോഡേൺ ആർട്ട് ആർക്കും മനസ്സിലാവില്ലല്ലോ! ഇതൊക്കെ ഓർത്തപ്പോൾ ആ പഴയ കാർട്ടൂൺ ഓർമ്മയിൽ തെളിഞ്ഞു.

കുട്ടികളുടെ ചിത്രരചനാ മത്സരത്തിൽ ഒരു കുട്ടിയുടെ കാൻവാസിൽ കാക്ക കാഷ്ഠിച്ചു. എന്തു ചെയ്യണമെന്നറിയാതെ നിന്ന കുട്ടിയുടെ കാൻവാസ് വാങ്ങി പരിശോധിച്ച്, ഏറെ പുകഴ്ത്തി പ്രൈസ് കൊടുത്തത് ഓർമ്മയിൽ വന്നു.

അതുപോലെ നായരും, നായരുടെ മാനേജരും അവരുടെ പെർഫോമൻസിനെ അവർ തന്നെ വിലയിരുത്തി. “നന്ദി, വീണ്ടും കാണാം. ഇതേ ദിവസം, ഇതേ സമയം” എന്ന് പറഞ്ഞ് അപ്രത്യക്ഷമാവും. നായരും സംഘവും ചർച്ച കേട്ട ജനങ്ങൾ “നായർ പിടിച്ച പുലിവാല്” എന്ന് പറഞ്ഞത് പോലെയാവും.

ചർച്ച നടത്തുന്ന കാര്യത്തിൽ വേണുവും, നികേഷും വാസൂട്ടിയേട്ടനെ പോലെയാ. വേണു ഇടയ്ക്ക് കൈമുട്ടുകൾ മേശമേൽ താങ്ങി, പേനയും കയ്യിൽ പിടിച്ച് ഒരു പോസ്.
നികേഷ് പിറകിലോട്ട് ചാഞ്ഞ് ഒന്ന് ചെരിഞ്ഞ് സംസാരിക്കും…

അക്കാലത്ത് ചാനലുകൾ ഒന്നും ഇല്ലാത്തത് അഴിയൂർക്കാരുടെയും, മാഹിക്കാരുടെയും, മലയാളം അറിയുന്ന എല്ലാവരുടെയും നഷ്ടമാണ്.

വാസൂട്ടിയേട്ടൻ ജേണലിസം പഠിച്ചിട്ടില്ലെങ്കിലും, ജേണലിസം പഠിച്ചവർ വാസൂട്ടിയേട്ടന്റെ ഏഴയലത്തു എത്തില്ല.

വാസൂട്ടിയേട്ടന്റെ കടയിലെ ചർച്ച അങ്ങനെയൊന്നുമല്ല.
വാസൂട്ടിയേട്ടനാണ് ചർച്ച നിയന്ത്രിക്കുന്നതെങ്കിലും, അദ്ദേഹം പരമാവധി നിന്ന സ്ഥലത്തു നിന്നും കഴുത്ത് ഒന്ന് തിരിക്കും, അതുമല്ലെങ്കിൽ ബോഡി ഒന്ന് തിരിക്കും, അത്രതന്നെ.

ലോകത്തുള്ള ഏതു വിഷയവും ഇവിടെ ചർച്ചയ്ക്ക് എടുക്കും. എല്ലാവർക്കും തുല്യ സമയമെന്നുള്ള കണക്കൊന്നും ഇല്ല. വളരെ ഡിസിപ്ലിനായ ചർച്ചയാണ്.

അതു കൊണ്ടായിരിക്കാം പല ബാർബർ ഷോപ്പിലും കാണുന്ന ബോർഡ് ഇവിടെ കാണാത്തത്:
“ഇവിടെ നിന്ന് രാഷ്ട്രീയം ചർച്ച ചെയ്യാൻ പാടില്ല” എന്ന ബോർഡ്.

അതുകൊണ്ടായിരിക്കും വാസൂട്ടിയേട്ടന്റെ കടയിൽ കുറച്ചുകൂടി സോഷ്യലിസ്റ്റുകളുടെ സങ്കേതമാവുന്നത്. എന്റെ അച്ഛനും സോഷ്യലിസ്റ്റാ. [വിശദമായി പിന്നീട് പറയുന്നുണ്ട്] വാസൂട്ടിയേട്ടൻ അച്ഛന്റെ ഉറ്റ ചങ്ങാതിയും അയൽപക്കക്കാരനും ആണ്.

ചർച്ച വഴിതെറ്റുമെന്നു തോന്നിയാൽ വാസൂട്ടിയേട്ടന്റേതാണ് അവസാന വാക്ക്. അതിൽ ആർക്കും പരാതിയില്ല, പരിഭവമില്ല, വൈരാഗ്യമില്ല, ഇറങ്ങിപ്പോക്കില്ല. ആരും ഇറങ്ങിപ്പോവില്ല. കാരണം, വാസൂട്ടിയേട്ടൻ സോഷ്യലിസ്റ്റാണെങ്കിലും ചർച്ച തുടങ്ങിയാൽ പിന്നെ നിഷ്പക്ഷനാണ്.

വാസൂട്ടിയേട്ടന് ഫ്രഞ്ചറിയാം. അതൊക്കെ ശരിയാണെങ്കിലും ഫ്രഞ്ചുകാരോട് ഒരു സന്ധിക്കും തയ്യാറല്ല വാസൂട്ടിയേട്ടൻ.

വാസൂട്ടിയേട്ടൻ എന്റെ അച്ഛന്റെ സുഹൃത്താണ്! നമ്മുടെ ഇടവലക്കാരനാണ്… മയ്യഴി സ്വാതന്ത്ര്യ സമരത്തിൽ സജീവമായി പങ്കെടുത്ത സ്വാതന്ത്ര്യ സമര സേനാനിയാണ്. താമ്രപത്ര ജേതാവാണ്. മഹാജനസഭ അംഗമാണ്. സോഷ്യലിസ്റ്റാണ്. എല്ലാമാണ് വാസൂട്ടിയേട്ടൻ.

അച്ഛൻ മിക്ക സമയങ്ങളിലും അവരുടെ കടയിൽ ഉണ്ടാവും. കൂടെ മറ്റു ചിലരും. അതിൽ കണാരേട്ടനുണ്ടാവും. അയാൾക്ക് ഒരു ഇരട്ടപ്പേരുണ്ട്: ‘യുവാവ്’. കഴുത്തിൽ മുൻഷിയെ പോലെ [ഏഷ്യാനെറ്റ് ഫെയിം] സദാ സമയവും കഴുത്തിൽ വേഷ്ടി ചുറ്റിയിട്ടുണ്ടാവും. കുട തുറന്നിട്ടുണ്ടാവും, അല്ലെങ്കിൽ മടക്കി വോക്കിങ് സ്റ്റിക്കാക്കി എപ്പോഴും കയ്യിൽ ഉണ്ടാവും: കാലൻ കുട.

അതുകൊണ്ട്, മഴയായാലും വെയിലായാലും, കണാരേട്ടന് ഒരു കൂസലും ഉണ്ടാവില്ല. നടക്കുമ്പോൾ മുണ്ടിന്റെ കോന്തല പിടിച്ച് നടക്കും.

പിന്നെ നീലൻ! അങ്ങനെയേ ആളുകൾക്ക് അറിയൂ. അതുകൊണ്ട് ഒരാളും ഇതുവരെ പേര് ചോദിച്ചിട്ടില്ല. ഇയാൾക്ക് ഒരു പ്രത്യേകതയുണ്ട്: ഒരിക്കലും ഷർട്ടിട്ട് കണ്ടിട്ടില്ല. നല്ല കർഷകനാണ്, എപ്പോഴും വെളുത്ത വീതിയുള്ള തോർത്തുമുണ്ടായിരിക്കും വേഷം. നല്ല കറുപ്പ് നിറം. ഒരു പ്രത്യേക രീതിയിലുള്ള നടത്തം, പിന്നോട്ടും സൈഡിലോട്ടും മുന്നോട്ടും അല്ലാതെ, ഷോൾഡർ ഒരു ചെറിയ ഡിഗ്രിയിൽ ചെരിഞ്ഞിരിക്കും. അതനുസരിച്ച് ഇടതു കൈയുടെ പൊസിഷനും വ്യത്യാസമുണ്ടാവും.
ഇടയ്ക്കിടെ നടക്കുമ്പോൾ തല താഴ്ത്തും, ചിരിക്കും. അത് മൂപ്പരുടെ ഒരു സ്റ്റൈലാ. ഒരുപക്ഷേ കറുത്തത് കൊണ്ടായിരിക്കാം ‘നീലൻ’ എന്ന് പേര് വന്നത്? [നീലം എന്ന് പറഞ്ഞാൽ കറുപ്പെന്നല്ലേ].

ചിലപ്പോൾ സി.വി. അബ്ദുള്ളാക്കയെയും, സി.വി. അബ്ദുല്ലാക്ക ചികരി മാനുഫാക്ചറർ ആണ്. മാഹി റെയിൽവേ സ്റ്റേഷനിൽ ധാരാളം ചികരി ബെയിൽ അയാളുടെ പേരിൽ കാണാം. ചികരി കച്ചവടം ചെയ്യുന്നവർ വേറെയും ഉണ്ട്. അതിൽ ഒരു പ്രധാനിയാണ് നാമത്തെ കുട്ടിയച്ചൻ. ഇവരൊക്കെ വാസൂട്ടിയേട്ടന്റെ വി.ഐ.പി. കസ്റ്റമറാണ്. പദ്മനാഭ കുറുപ്പിനെയും, ആധാരമെഴുതുന്ന മാരാരെയും കാണാം.

ലോകത്തെ സകല വിഷയവും ചർച്ച ചെയ്യും വാസൂട്ടിയേട്ടന്റെ ഷോപ്പിൽ. പ്രശ്നത്തിന് എവിടെ തീരുമാനമായില്ലെങ്കിലും വാസൂട്ടിയേട്ടൻ ഒരു തീരുമാനത്തിൽ എത്തും.

പലപ്പോഴും തീരുമാനം അതുപോലെ തന്നെയായിരിക്കും. വാസൂട്ടിയേട്ടനും അഭിപ്രായങ്ങൾ പറയും, കറക്ട് പോയിന്റിൽ ഇടപെട്ട് തന്നെ. ആധികാരികമായി പറയും, ചിലപ്പോൾ!

എന്റെ തലമുടി മുറിക്കുമ്പോഴാവും ചർച്ചകൾ. ചർച്ചയുടെ ഹരത്തിൽ എന്റെ രാജേഷ് ഖന്ന സ്റ്റൈൽ പോവുമോ എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. സീരിയസ് വിഷയമാണെങ്കിൽ മുടിമുറിക്കുന്നതിന് ഒരു പോസ് കൊടുക്കും. അച്ഛനുള്ളപ്പോഴേ എന്നെ മുടി മുറിക്കാൻ അനുവാദമുള്ളൂ. അച്ഛന്റേതായിരിക്കും ഫുൾ റിമോട്ട് വോയിസ് കൺട്രോൾ. അത് അനുസരിച്ചായിരിക്കും വാസൂട്ടിയേട്ടന്റെ കൈ ചലിക്കുന്നത്. പലപ്പോഴും ഞാൻ വിചാരിക്കും, ഈ അച്ഛന് വേറെ പണിയൊന്നും ഇല്ലേ എന്ന്?

തല താഴ്ത്തിയ ഞാൻ മെല്ലെ കാക്ക നോക്കുംപോലെ, അല്പം തല തിരിച്ച് ഇടംകണ്ണിട്ട് നോക്കും! അപ്പോൾ കാണാം, വലതു കയ്യിലെ കത്രിക ചൂണ്ടുവിരലിനും തള്ളവിരലിനും ഇട്ട് പിടിച്ച് കാക്ക കൊക്ക് പിളർന്നപോലെ കത്രിക വിടർത്തിയാവും നിൽപ്പ്. ഇടത്തെ കയ്യിലെ ചീർപ്പ് പിടിച്ച് എന്റെ ഇടത്തെ ഷോൾഡറിൽ ഉണ്ടാവും.

വാസൂട്ടിയേട്ടന്റെ കൈക്കു നല്ലമണമാണ് കുട്ടിക്കൂറ പൗഡറിന്റെതും പോൺസ് സ്‌നോവിന്റെതും ഡെറ്റോളിന്റെതും കൂടിക്കലർന്ന പ്രത്യേക മണം … കൈകൊണ്ടു തല അമർത്തി പിടിക്കുമ്പോൾ ഞാൻ മടുപ്പില്ലാതെ ഏറെ ആസ്വദിച്ചിട്ടുണ്ട് ആ മണം

ചിലപ്പോൾ കുറച്ച് സീരിയസ്സായ പോയിന്റാണെങ്കിൽ പോസിന് കുറച്ച് നീളം കൂടും.

വാസൂട്ടിയേട്ടന്റെ ശരീരം മുഴുവൻ എനിക്കഭിമുഖമായിരിക്കും. തല അല്പം ചെരിച്ച് ചുറ്റുമിരിക്കുന്നവരിലേക്ക് നോക്കിയാവും സംസാരം. കത്രിക അപ്പോഴും ചലിക്കുന്ന ശബ്ദം കേൾക്കാം. അത് ഒരു താളമാണ്, മുടിമുറിക്കുന്നില്ലെങ്കിലും അടുത്ത കട്ടിങ് നടത്തുന്നതിനുള്ള താളം… ആ താളത്തിന് അനുസരിച്ച് കൈയിലുള്ള ചീർപ്പ് സഞ്ചരിക്കും…

വാസൂട്ടിയേട്ടൻ തല ചെരിച്ച് നിൽക്കുമ്പോഴും എന്റെ തല കുനിഞ്ഞ് തന്നെയിരിക്കണം. അത് നിർബന്ധമാണ് വാസൂട്ടിയേട്ടന്. അല്പം നിവരാൻ ശ്രമിച്ചാൽ വാസൂട്ടിയേട്ടൻ കൈ ഉപയോഗിച്ച് എന്റെ തല താഴ്ത്തി തന്നെ പിടിക്കും…

ഇവരുടെ അഭ്യാസങ്ങളൊക്കെ ഞാൻ നോക്കി കാണുന്നത് ‘സർഗ്ഗം’ത്തിലെ കുട്ടൻ തമ്പുരാൻ നോക്കുന്നത് പോലെ [മനോജ് കെ. ജയൻ] തല കുനിഞ്ഞ്, കണ്ണ് മേൽപ്പോട്ടാക്കി, മുന്നിലുള്ള കണ്ണാടിയിൽ നോക്കുമ്പോഴാണ്. കുട്ടൻ തമ്പുരാൻ കൈ പിറകോട്ട് കെട്ടിയിരിക്കുമെങ്കിലും, എല്ലാ ദേഷ്യവും ഒതുക്കി എന്റെ കൈ ഞാനും കെട്ടിയിരിക്കും. പക്ഷേ മുൻപിലാണെന്നു മാത്രം. പൈസയൊക്കെ അച്ഛൻ കൊടുക്കും.

ചർച്ചയുടെ ആദ്യ ലാപ് അവസാനിക്കുമ്പോൾ എന്റെ മുടി മുറിച്ചു കഴിഞ്ഞിരിക്കും.

തുണിയിട്ട് മൂടിയത് കൊണ്ട് മുണ്ടിനുള്ളിലൂടെ എന്റെ അമർഷം കൈകൾ തമ്മിൽ ഞെക്കി തീർക്കുന്നത് ആരും കാണില്ല…

അച്ഛന്റെ എം.എസ്.പി. ഓർഡറിനു മുന്നിൽ വാസൂട്ടിയേട്ടൻ നിസ്സഹായനാണ്. നൂറ്റി നാൽപ്പത്തി നാല് പാസാക്കിയ പോലെയാ… ആ ദേഷ്യവും സങ്കടവും ഉള്ളിലൊതുക്കി വേഗം പുറത്തിറങ്ങും…

മുടി മുറിക്കുമ്പോൾ അച്ഛനും ശ്രദ്ധിക്കും, ഇടയ്ക്ക് വേണ്ട നിർദേശവും കൊടുക്കും. മുടിമുറിച്ച് പുറത്തിറങ്ങുമ്പോൾ രാജേഷ് ഖന്ന സ്റ്റൈലിൽ മാറി ഞാൻ, മിലിട്ടറിയിൽ ട്രെയിനിങ് കഴിഞ്ഞ് വരുന്നത് പോലെയുണ്ടാവും…

കാലം പോകെ പുതിയ പുതിയ സലൂണുകളൊക്കെ വരാൻ തുടങ്ങി. വാസൂട്ടിയേട്ടൻ ഒരു പുരോഗമനത്തിനും തയ്യാറായിരുന്നില്ല. പോകെപ്പോകെ സ്ഥിരം കസ്റ്റമറും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. പിന്നെ ആരും വരാതായി. വാസൂട്ടിയേട്ടന്റെ ഊർജ്ജം ചർച്ചയായിരുന്നു. ചർച്ചയ്ക്ക് ആളുകൾ ഇല്ലാതായപ്പോൾ വാസൂട്ടിയേട്ടന്റെ ഊർജ്ജവും കുറഞ്ഞു തുടങ്ങി. ഒടുവിൽ വാസൂട്ടിയേട്ടനും മൺമറഞ്ഞു… കാലയവനികയ്ക്കുള്ളിൽ.

മഠത്തിൽ ബാബു ജയപ്രകാശ് ….✍️ My Cell No – 0091 9500716709

Leave a Comment