അനായാസേന മരണം. “മരിക്കാനും ചെലവ്കൾ ഏറെവേണം ”

Time Taken To Read 8 Minutes

രണ്ടാഴ്ചമുൻപ്‌ വിസിറ്റ് വിസയുടെ കാലാവധി തീരുന്നതിനു മുൻപേ അസ്വസ്ഥമായ മനസ്സോടെ ദുബായ് എർപോർട്ടിലേക്കുള്ള യാത്രാമദ്ദ്യേ കേട്ട് ഈ ഗാനത്തോടെയാവട്ടെ ഇന്നത്തെ എഴുത്തിന്റെ തുടക്കം.

സൂര്യാംശു ഓരോ വയൽപ്പൂവിലും വൈരം പതിക്കുന്നുവോ…
സീമന്ത കുങ്കുമശ്രീയണിഞ്ഞു ചമ്പകം പൂക്കുന്നുവോ..
മണ്ണിന്റെ പ്രാർഥനാലാവണ്യമായ് വിണ്ണിന്റെ ആശംസയായ്…
വിണ്ണിന്റെ ആശംസയായ് ……

ഒടുവിൽ വരികളാവസാനിക്കുന്നതിങ്ങനെ

ഇന്നീ പകൽ‍പക്ഷി പാടുന്ന പാട്ടിൽ ഓരോ കിനാവും തളിർത്തു…
ഉള്ളിൽ ഓരോ കിനാവും തളിർത്തു..
സോപാനദീപം തെളിയുന്ന ദിക്കിൽ സൗഭാഗ്യതാരോദയം…
സൗഭാഗ്യതാരോദയം…..

കെ ജയകുമാർ എഴുതിയ വരികൾക്ക് ജോൺസൺ മാസ്റ്റർ ഈണം നൽകി കെ ജെ യേശുദാസിന്റെ ശബ്ദത്തിൽ നമ്മളിലേക്ക് എത്തിച്ച എത്ര അർത്ഥവത്തായ വരികൾ…?

പക്ഷെ ഇത്തവണത്തെ യാത്ര, പാട്ടിലെ വരികളോട് സാമ്മ്യംചെയ്തുകൊണ്ട് ഓർമ്മകളെ താലോലിച്ചെങ്കിലും? ഒടുവിലെ വരികളിലേതുപോലേയായിരുന്നില്ല പിന്നീടുള്ള അനുഭവം. 

സീമന്ത കുങ്കുമമണിയുന്നതിനു പകരം കുങ്കുമം മായ്ച്ചുള്ള അനുഭവവും, പകൽപക്ഷി പാടുന്നതിനു പകരം കലാൻകോഴിയുടെ കൂകലിന്റെ  ശബ്ദവും, സോപാന ദീപം തെളിയുന്നതിനു പകരംതെളിഞ്ഞത് വിട്ടുപോയ ആത്മാവിനെ പ്രതിനിധീകരിച്ചുകൊണ്ടു കത്തിച്ച ദീപവുമായിരുന്നു.

ഞാൻ മുൻപെഴുതിയിട്ടുള്ളതാണ് ഒക്ടോബര് 5 ന് പറ്റാവുന്നേടത്തോളം എന്റെ സാന്നിദ്ദ്യം മയ്യഴിയിലുണ്ടാവാറുണ്ടെന്നു! 

എർപോർട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ഞാനോർത്തു ഇക്കുറി അതിനാവുമോ?  പാട്ടിലെ വരികളിൽ ചെമ്പകപ്പൂ പൂക്കുന്നതിനെപ്പറ്റി വർണ്ണിച്ചെങ്കിലും മയ്യഴിയിൽ തിരുനാൾ ആരംഭിച്ചുകഴിഞ്ഞാൽ..  ജാമന്തിപ്പൂവിന്റെയും മുല്ലയുടെയും മണം ആവാഹിച്ചെടുത്തു മയ്യഴി മുഴുവൻ വീശിയടിക്കുന്ന ഒക്ടോബറിൻ വസന്തമായിരിക്കും.

പറഞ്ഞുവരുന്നത്, ഒക്ടോബർ 5…? നൂറ്റാണ്ടുകൾക്കു മുൻപ് തിട്ടപ്പെടുത്തിയ പെരുന്നാൾ ഇന്നും മാറ്റമില്ലാതെ തുടരുന്നു. വേണമെങ്കിൽ നമുക്ക് സമർത്ഥിക്കാം മലബാറിലെ ഉത്സവ സീസൺ ആരംഭിക്കുന്നത് വിശുദ്ധ ‘അമ്മ ത്രെസ്യായുടെ തിരുനാളിലൂടെയാണെന്നു. 

രണ്ടു ദിവസംമുൻപുവരെ തെളിഞ്ഞ കാലാവസ്ഥയാണെങ്കിൽ? ഇന്ന് അതി രാവിലെ മുതൽ മഴ പെയ്യുന്നു. ചിലയിടത്ത് ചാറ്റൽ മഴ.. ചിലയിടത്തു ഒറ്റപ്പെട്ട ശക്തമായ മഴ.. ചിലയിടത്തു മൂടിക്കെട്ടിയ മേഘാവൃതമായ അന്തരീക്ഷം മാത്രം. 

പുറത്തു മഴയാണെങ്കിലും ഈ ഉത്സവ സീസണിലെങ്കിലും ലക്ഷങ്ങൾ മുടക്കി ലേലത്തിലെടുക്കുന്ന താത്കാലിക ചന്തയിലൂടെ നഷ്ട്ടങ്ങളൊന്നും ഉണ്ടാവരുതേ എന്ന് പ്രാർത്ഥിച്ചെത്തുന്ന വഴിയോര കച്ചവടക്കാർ…

എങ്കിലും എല്ലാവരോടുമായി പറയട്ടെ  ചാറ്റൽ മഴയാണ്.. ആളുകളെ ആകർഷിക്കാനും ഉത്സവരാവുകൾക്കു നിറം പകരാനും വിവിധ വർണ്ണങ്ങളിലുള്ള അലങ്കാര ലൈറ്റുകൾ തലങ്ങും വിലങ്ങും അലക്ഷ്യമായി ചമയ്ക്കുന്നതിലൂടെ ഷോർട്ട് സർക്യുട്ട് ഉണ്ടാവാതിരിക്കാൻ ഈ ചാറ്റൽ മഴ കാരണമാവരുത്.

ജാഗ്രത വേണം.. വാഹനം ഓടിക്കുന്നവർ പ്രത്യേകം ശ്രദ്ധിക്കുക..  വാഹനങ്ങൾ തമ്മിൽ പരമാവധി അകലം പാലിക്കുക.. നടന്നു പോകുന്നവർ ചെളി ദേഹത്ത് തെറിക്കാതെ പോകാൻ ശ്രമിക്കുക.. ഒപ്പം മറ്റുള്ളവരുടെ മേൽ ചെളിതെറിപ്പിക്കാതിരിക്കാനും ശ്രദ്ദിക്കുക.

ഞാനൊരു തത്വചിന്തകനോ ആത്മജ്ഞാനിയോന്നുമല്ല. അല്പമൊക്കെ വായിക്കുമെങ്കിലും തേടിപ്പിടിച്ചൊന്നും വായിക്കാറില്ല കിട്ടിയതൊക്കെ വായിക്കും. വായിച്ചതിൽനിന്നുള്ള അറിവുകൾ എന്റെ ബോധത്തിൽ പങ്കുവെക്കാൻ കൊള്ളാമെന്നു തോന്നിയാൽ പങ്കുവെക്കും. ചിലവരികൾ എന്റെ എഴുത്തിലൂടെ കടപ്പാടോടെ പങ്കുവെച്ചിട്ടുമുണ്ട് .

ഏറെക്കാലമായി മുറതെറ്റാതെ ഗുഡ്മോർണിംഗ് മെസേജ് അയക്കുന്നൊരു പതിവുണ്ട്. എനിക്ക് ലഭിക്കുന്ന ഗുഡ് മോർണിംഗ് മെസേജ് അതേപടി ആർക്കും ഫോർവേഡ് ചെയ്യാറില്ല. അതിൽ നിന്നും കൊള്ളാവുന്നത്  പകർത്തി എന്റേതായ രണ്ടു വരികൾകൂടി ടൈപ്പ് ചെയ്തേ അയക്കാറുള്ളൂ. അയക്കുന്ന എല്ലാ മെസേജ്ഉം കൃത്യമായി ഡെലിവറി ചെയ്യുന്നുണ്ടെന്നു രണ്ടു ക്ലിക്കിൽനിന്നും മനസ്സിലാവുന്നുണ്ട്. ചിലതൊക്കെ നീല നിറത്തിൽ കാണും അവരൊക്കെ മെസേജ് വായിച്ചെന്നു വിശ്വസിക്കും. ചിലർ മറുപടി അയക്കും. നീല ക്ലിക്ക് തെളിഞ്ഞില്ലെങ്കിലും ഓഫ്‌ലൈനിൽ വായിക്കുന്നുണ്ട് എന്ന ശുഭാപ്തി വിശ്വാസത്തിൽ പതിവ് പ്രക്രിയ തുടരുന്നുവെന്നു മാത്രം.

ഇങ്ങനെ നിത്യം മെസേജ് അയക്കുന്നതുകൊണ്ടുള്ള ഒരേഗുണം അയക്കുന്നവർക്കും വായിക്കുന്നവർക്കും അറിയാം രണ്ടുപേരും ജീവിച്ചിരിപ്പുണ്ടെന്നു; ഇതിൽക്കവിഞ്ഞ ആത്മാർഥതയോന്നും മെസേജിലെ തത്വങ്ങൾക്കില്ലെന്നറിയാം, എങ്കിലും അയച്ചുകൊണ്ടേയിരിക്കുന്നു…

ഈയ്യിടെ വായിച്ച ഒരുപട്ടാളക്കാരന്റെ വൈറലായ കുറിപ്പ് കൂടി പങ്കുവെക്കട്ടെ . സംഘർഷ മേഖലയായിരുന്നു കാശ്മീരിൽ സേവനം ചെയ്യുതുകയായിരുന്ന ഒരു പട്ടാളക്കാരന്റേതാണ് കുറിപ്പ് . ഇദ്ദേഹം ദിവസവും അതിരാവിലെ സമീപത്തുള്ള എ ടി എം ബൂത്തിൽ വരും തന്റെ എ ടി എം കാർഡ് ഉപയോഗിച്ച് 100 രൂപ പിൻവലിക്കും . ഇത് തുടർന്നപ്പോൾ ബൂത്തിന് കവൽ നിൽക്കുന്ന പാറാവുകാരൻ പട്ടാളക്കാരനോട് ചോദിച്ചു ? സാബ്…. ദിവസവും സാബ് എന്തിനാണ് എ ടി എം ൽ വന്നു പണമെടുക്കുന്നതു? സാബ്നാവശ്യമുള്ള തുക ഒരുമിച്ചെടുത്തുകൂടെ എന്ന് ?

പട്ടാളക്കാരൻ ചിരിച്ചുകൊണ്ട് പാറാവുകാരനോട് പറഞ്ഞു… ദിവസവും ഈ എ ടി എമ്മിലൂടെ 100 രൂപ പിൻവലിക്കുമ്പോൾ  ഈ എ ടി എം ലിങ്ക് ചെയ്ത എന്റെ ഭാര്യടെ സെൽഫോണിലേക്കു മെസേജ്‌പോകും.. അതിൽ നിന്നും അവർക്കു ആശ്വാസമാകും എനിക്ക് അപകടമൊന്നും സംഭവിച്ചിട്ടില്ല എന്ന്. അതുപോലെയുള്ളൂ ദിവസവും അയക്കുന്ന ഗുഡ് മോർണിങ് മെസേജിന്റെ കാര്യവും.

കുറച്ചു ദിവസമായി സ്ഥിരം അയക്കാറുള്ള ഗുഡ്‌മോർണിങ് മെസേജ് അയക്കുന്നത് നിർത്തിയിട്ട്. കൃത്യമായി പറഞ്ഞാൽ ഇതിനകം  180 ഓളം വരുന്നവരുടെ ലിസ്റ്റിൽനിന്നും മൂന്നു പേർ  എന്നോടാരാഞ്ഞിട്ടുണ്ട്..

ആർ യു ഓ കെ എന്നൊരാൾ? എവിടെയാണ് ഉള്ളതെന്ന് മറ്റൊരാൾ. ഒട്ടുംപ്രതീക്ഷിക്കാതെ മറ്റൊരു സുഹൃത്തു ബാബു ഇപ്പോഴും ദുബായിലുണ്ടോ അതോ നാട്ടിലേക്കു പോയോ ?. മൂന്നുപേർക്കും എന്റെ അവസ്ഥ പറഞ്ഞു മറുപടിഅയച്ചു … അവരുടെ കണ്ടോളാൻസ്‌ മെസേജ്ഉം വന്നു.

ദുബായിൽ നിന്നും പെട്ടെന്ന് വരുവാനുണ്ടായ കാരണം ചിലരെ അറിയിച്ചിരുന്നു. വന്നതിനുശേഷമുള്ള വിവരവും അറിയിച്ചു. രണ്ടോ – മൂന്നോ പേരൊഴിച്ചു ആരും ഇതുവരെ റെസ്‌പോണ്ട ചെയ്തിട്ടില്ല. വരും – വിളിക്കും എന്ന് പ്രതീക്ഷിച്ചവരെ കണ്ടില്ല! പ്രതീക്ഷിക്കാത്തവരിൽ പലരും വന്നു.

എല്ലാവർക്കും തിരക്കാണ്. തിരക്കുള്ളവരെ ബുദ്ദിമുട്ടിക്കുന്നതു ശരിയെല്ലെന്നെന്റെ ബോദ്ദ്യം… അതുകൊണ്ടു തന്നെ പിന്നീട് ആരേയും ബന്ധപ്പെട്ടിട്ടില്ല…. തിരക്കൊഴിയുമ്പോൾ വിളിക്കുമായിരിക്കുമെന്നൊരു പ്രതീക്ഷ. അല്ലെങ്കിലും നമ്മളൊക്കെ ജീവിക്കുന്നത് ഓരോ പ്രതീക്ഷയുമായല്ലേ ?

നാട്ടിലുള്ളപ്പോഴൊക്കെ ഒക്ടോബർ മാസത്തിൽ സെയ്ന്റ് തെരേസാ ചർച്ചിൽ നിന്നും സ്നേഹ സംഗമത്തിനുള്ള ക്ഷണം കൃത്യമായി പേരെഴുതി ലഭിക്കുമായിരുന്നു.   (ഇപ്പോഴത് ബസലിക്കയായി ഉയർത്തപ്പെട്ടു) ഇന്നലെ അതും ലഭിച്ചു പേരോ അഡ്ഡ്രസ്സോ ഒന്നും എഴുതാത്ത ഒരു വെള്ളക്കവർ അതിൽ പരിപാടികളുടെ വിശദമായ വിവരം പ്രിന്റ്ചെയ്ത ഒരുകാർഡും.

കാർഡ് കൊണ്ടുവന്ന ആൾ ആരെന്നറിയില്ല.. വരാന്തയിലെ  ചാരുപടിയിൽ കവർ വെച്ച് ഭാര്യയോടായി ഒരുചോദ്ദ്യമുയർത്തിയ ശബ്ദം കേട്ടു ,  ബാബുവേട്ടനുണ്ടോ;? ശബ്ദം കേട്ട് ഞാൻ പുറത്തേക്കെത്തുമ്പോഴേക്കും ആൾ മറഞ്ഞു …

അത് ഭാര്യയുടെ കയ്യിൽ ഏൽപ്പിക്കാനുള്ള സമയംപോലുമില്ലാത്ത തിരക്ക് … ഇത്തരം പരിപാടിയിൽ പങ്കെടുക്കണമോ എന്നുള്ള ചിന്തയിലാണ് ഞാനിപ്പോൾ?

കുടുംബത്തിൽ ഒരു മരണം നടന്നിട്ടു രണ്ടാഴ്ചയിൽ അധികമായി അതുമായി ബന്ധപ്പെട്ടുള്ള ആശുപത്രി കൂട്ടിരിപ്പു… ശവസംസ്ക്കാര ചടങ്ങുകൾ.. തുടർന്നുള്ള ശേഷക്രിയകൾ.. ഇതൊക്കെയുമായി  ബന്ധപ്പെട്ടുള്ള തിരക്കിലായിരുന്നു ഇത്രയും ദിവസം. ഇന്നത്തെ എഴുത്തു ആ വേർപാട് മനസ്സിലുണ്ടാക്കിയ അനുഭവത്തെ പറ്റിയാണ്. അത് എഴുതുന്നതിനു മുൻപ് ആമുഘമായി ചിലതെഴുതിത്തുടങ്ങി.. അത് എന്റെയൊരു രീതിയാണ് .. ഇനിയുമുണ്ട് കുറച്ചുകൂടി എഴുതാൻ… അതിനുശേഷം അനുഭവങ്ങളിലേക്ക് കടക്കാം.

നമ്മൾ പ്രതീക്ഷിക്കുന്നതിലുംമേലെ സ്ഥാനമാനങ്ങളും അധികാരങ്ങളും  സൗഭാഗ്യങ്ങളും കൈകളിൽ വരുമ്പോൾ താനാണ്  വലിയവനെന്നും മറ്റുള്ളവർ അത്രയൊന്നുമില്ലെന്നുള്ള ഒരു അഹംഭാവം ഉള്ളിൽ ഉണ്ടാവുന്നു ചിലർക്ക്.  അപ്പോൾ അതുവരെ നമ്മെ കൈപിടിച്ചു സഹായിച്ചവർ….?  തെറ്റുകൾ മനസ്സിലാക്കിത്തന്നവർ..? തെറ്റുകൾ ശരിയാക്കിത്തന്നവർ?. നല്ലത് വരാനായി പ്രയത്നിച്ചവർ…? മറ്റുള്ളവരുടെ ഒളിയമ്പുകൾക്കും.. പാര വെപ്പുകൾക്കും മുന്നിൽ ഒരു പടച്ചട്ട പോലെ നിന്നു സംരക്ഷണം തന്നു സഹായിച്ചവരൊന്നുമല്ല ശരി.. ഇപ്പോൾ ഞാനാണ് ശരി;  ഞാനാണ് എല്ലാം തികഞ്ഞവർ..? എന്റെ കീഴിലാണ് എല്ലാരും എന്നൊരു അധമ ബോധം നമ്മളിൽ ഉടലെടുക്കുകയും ചെയ്യുന്നു. ആ ധാരണകളിൽ നിന്നാണ് നമുക്ക് കിട്ടിയ സൗകര്യമുപയോഗിച്ചു നമുക്ക് കീഴിലുള്ളവരെ ക്രൂശിക്കാനുള്ള അധമ ബോധം നമ്മളിൽ കടന്ന് വരുന്നത്.. 

അവരറിയുന്നില്ല സ്വയം നാശത്തിലേക്കുള്ള കുഴിയാണ്  തോണ്ടുന്നതെന്നയാഥാർഥ്യം?  ഒരിക്കലും ഇവരിതു മനസ്സിലാക്കുകയോ? മനസ്സിലാക്കാൻ ശ്രമിക്കുകയോ ഇല്ല. നമുക്ക് കിട്ടുന്ന പദവി പരസ്പര ബഹുമാനത്തിനുള്ള അധികാരം കൂടിയാണെന്നോർക്കുക.!! അത് മറ്റുള്ളവരെ പരിഗണിക്കാനുള്ളതാണ്.  അല്ലാതെ അവഗണിക്കാനുള്ളതല്ലെന്നുള്ള നഗ്ന സത്യം എപ്പോഴും ഓർമ്മിക്കുക. 

ഇതുവരെയുള്ള ജീവിത യാത്രയിൽ നമ്മെ കൈപിടിച്ചവരോട്, നമുക്ക് താങ്ങായി നിന്നവരോട്.., തെറ്റുകൾ ചൂണ്ടിക്കാണിച്ചു അത് തിരുത്താൻ സഹായിച്ചവരോട് നന്ദി കാണിച്ചില്ലെങ്കിലും; അവരെ നിന്ദിക്കരുത്.. പുച്ഛിക്കരുത്… വന്ന വഴികൾ ഒരിക്കലും മറക്കരുത്.. അവരെ കുറ്റം പറയരുത്. 

ഈ ഭൗതിക നേട്ടങ്ങളൊക്കെ താൽക്കാലികം മാത്രമാണ് അതിനു നീർക്കുമിളയുടെ ആയുസ്സ് പോലും ഉണ്ടാകില്ല.. നമുക്ക് ചുറ്റും ചിരിച്ചു നിൽക്കുന്ന മുഖങ്ങൾ? അവർക്ക് ഗുണമുള്ള എന്തെങ്കിലും നമ്മളിൽ നിന്നും ലഭിക്കുന്നത് വരെ ഉണ്ടാകുകയുള്ളൂ.. അത് കഴിഞ്ഞാൽ അവർക്ക് ഒരു പ്രയോജനവും, ലാഭവും ലഭിക്കാതിരുന്നാൽ അവർ നമ്മളെ കറിവേപ്പില പോലെ; ഒരു നന്ദി വാക്ക് പോലും പറയാതെ വലിച്ചെറിയും.. അതെന്നും എപ്പോഴും ഓർമ്മയിൽ ഉണ്ടായിരിക്കണം…                                                                                                          മറന്നുപോകാവുന്ന മനസ്സും, നിലച്ചു പോകാവുന്ന ഹൃദയവുമാണ് നമ്മുടേത്. ഇതിനിടയിൽകിട്ടുന്ന കുറച്ചു സമയം സ്നേഹിക്കാനും  സന്തോഷിക്കാനും, സന്തോഷം പകരാനും.. മറ്റുള്ളവരുടെ തിന്മകൾ നോക്കാതെ നന്മകൾ കാണാൻ ശ്രമിക്കുകയും, ഇത്തിരി പരിഗണന നൽകി  അവഗണിക്കാതിരിക്കുകയും നമ്മോട് ചേർത്ത്  പിടിക്കുകയും, നമ്മളാൽ കഴിയുന്ന സഹായങ്ങൾ ചെയ്താൽ    അതാണ് ജീവിതമെന്നു ഞാൻ കരുതുന്നു…

അങ്ങിനെ ചെയ്യുമ്പോൾ നമുക്ക് ലഭിക്കുന്ന മനസ്സുഖവും അത് കിട്ടുന്നവരുടെ കണ്ണിലെ നന്ദിയാർന്ന തിളക്കവും കാണുമ്പോൾ? നമ്മളനുഭവിക്കുന്ന ആത്മ സംതൃപ്തി അതൊക്കെയല്ലേ ഈ എളിയ ജീവിതം കൊണ്ട്  നമ്മൾ ലക്ഷ്യംവെക്കുന്നതു.   

ഈ എഴുത്തുവായിച്ചു ബോറടിക്കുന്നില്ലെങ്കിൽ? എന്റെ മൂന്നു – നാല് ദിവസത്തെ ഹോസ്പിറ്റൽ അനുഭവം പങ്കുവെക്കാം. വായിക്കണം… വായിക്കുമെന്നുള്ള വിശ്വാസത്തോടെ .. വിശ്വാസമല്ലേ എല്ലാം..

ഞാനും ഭാര്യയും രണ്ടു മാസത്തോളമായി വിസിറ്റ് വിസയിൽ ദുബായിലായിരുന്നു. മകളോടും മരുമകനോടും, ഒപ്പം  പേരക്കുട്ടിയോടും,  കളിച്ചും ചിരിച്ചും ആസ്വദിച്ചുകൊണ്ടുള്ള ദിവസങ്ങൾ. 

ദുബായിലേക്ക് പുറപ്പെടുന്നതിനു മുൻപേ ഭാര്യയുടെ ജേഷ്ട്ടത്തിക്ക് നല്ല സുഖമില്ലായിരുന്നു, എങ്കിലും ഭയക്കാനൊന്നുമില്ല.  തലശ്ശേരിയിലും ചെന്നൈയിലും ബംഗ്ലൂരിലുമായി വിദഗ്ദോപദേശ പ്രകാരം അലോപ്പതിയും ആയുർവേദവും മാറി പരീക്ഷിട്ടും എല്ലാവരുടെയും അഭിപ്രായം മരുന്നുകൊണ്ടുള്ള ചികിത്സയൊന്നുമില്ല തലച്ചോറിലേക്കുള്ള ഓക്സിജൻ ഫ്ലോ ക്രമീകരിക്കുക ഫിസിയോ തെറാപ്പി നൽകുക പ്രാണായാമം ചെയ്യുക … പറ്റാവുന്നതൊക്കെ ചെയ്യുന്നുമുണ്ട്..

പണ്ടൊക്കെ ആഘോഷമായാലും,  ചികിത്സയായാലും, മരണമായാലും നമ്മൾ മാത്രമറിഞ്ഞു നടത്തിയാൽ മതിയായിരുന്നു എന്നാൽ ഇന്ന് സ്ഥിതി പാടെ മാറിയിരിക്കുന്നു. നമുക്കുചുറ്റുമുള്ളവരെ ബോധിപ്പിക്കേണ്ട അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങൾ.. അതിനു താമസം നേരിട്ടാൽ പിന്നെ അതിനെ പോസ്റ്റ്മാർട്ടം നടത്തി വിചാരണചെയ്തു ഒറ്റപ്പെടുത്തി സമൂഹത്തിൽ കുറ്റവാളിയാക്കും … ഇതൊരുതരം സാഡിസ്റ്റ് സ്വഭാവമാണ് മനുഷ്യന്റെ? ഇരുകാലിമൃഗങ്ങൾക്കു മാത്രമുള്ള സ്വഭാവം കുത്തുവാക്കുകൾ ഉപയോഗിച്ചു ദ്വയാർത്ഥ പ്രയോഗമുപയോഗച്ചുള്ള സംസാരങ്ങൾ കേൾക്കാം!

ഇങ്ങനെയൊക്കെ വിലയിരുത്തുമ്പോഴും ടെക്‌നോളജി കൊണ്ട് അഹങ്കരിക്കുന്ന നമ്മൾ സാക്ഷരതയിൽ 100 ശതമാനം മുൻപിലെന്നുള്ള മൂഢ സിർഗത്തിലാണെന്നു പറയാതെ വയ്യ . മനുഷ്യൻ തൻപ്രമാണിത്വം കാണിക്കാനും ഒപ്പം സമൂഹത്തിന്റെ കാഴ്ച്ചപ്പാടും ഭയന്നെടുക്കുന്ന ചില തീരുമാനങ്ങൾ  കാരണം ചികിത്സാ രംഗത്തുള്ള കോർപ്പറേറ്റ് ആശുപത്രികൾ നാൾക്കുനാൾ വർദ്ദിച്ചുവരുന്നു കേരളത്തിൽ….

എല്ലാവിടെയും തിരക്കാണ് ഡിസ്‌കൗണ്ട് സെയിൽ പ്രഖ്യാപിച്ച ഷോപ്പിംഗ് മാളിൽ കാണുന്ന തിരക്ക്. ഇതിനെതിരെ ഡോക്ടർ ഹെഗ്‌ഡെയെ പോലുള്ളവർ നിരന്തരം ബോധവൽക്കരണം നടത്തിയിട്ടും കാര്യമായ പുരോഗതിയൊന്നുമില്ല . ഈ മേഖലയിലേക്കു വിവിധ രാഷ്ട്രീയ പാർട്ടികളുടെ മേൽൽനോട്ടത്തിൽ ജില്ല തിരിച്ചും താലൂക്ക് തിരിച്ചും മൾട്ടിസ്പെഷാലിറ്റി ആശുപത്രികൾ സഹകരണ അടിസ്ഥാനത്തിൽ തുടങ്ങുന്നുണ്ടെങ്കിലും അവരും ഇപ്പോൾ കോർപ്പറേറ്റ് ഹോസ്പ്പിറ്റലിനു സമമായല്ലേ പ്രവർത്തിക്കുന്നത് ?

എൻ ഡി എ സർക്കാർ നിർദേശിച്ചത് പ്രകാരം വിതരണം ചെയ്യുന്ന ജൻ ഔഷധി മരുന്നുകൾ ഇവരൊന്നും ആർക്കും നൽകുന്നില്ല പ്രോത്സാഹിപ്പിക്കുന്നുമില്ല ? ആയുഷ്മാൻ ഭാരത് കാർഡ് ഇത്തരം ആശുപത്രികളിൽ സ്വീകരിക്കുന്നുമില്ല !

മയ്യഴിയിലുമുണ്ടൊരു കോപ്പറേറ്റേവ് ഹോസ്‌പിറ്റൽ സൊസൈറ്റി, നല്ലരീതിയിൽ പ്രവർത്തിക്കുന്ന ജനൗഷാദിയുടെ ഒന്നോ രണ്ടോ റീറ്റെയിൽ ഔട്ലറ്റുമുണ്ടു. അതിന്റെ അമരത് മയ്യഴിയിലെ മിക്ക കോപ്പറേറ്റിവ് പ്രസ്ഥാനത്തിന്റെയും ചീഫ് പ്രമോട്ടറായിരുന്ന പായറ്റ അരവിന്ദനായിരുന്നു കഴിഞ്ഞ രണ്ടുകൊല്ലം തമിഴ് നാട് പുതുച്ചേരിയിലെ ഏറ്റവും കൂടുതൽ വിൽപ്പന നടത്തിയതിനുള്ള അവാർഡും മയ്യഴിയിലുള്ള ജനൗഷധിക്കു ലഭിച്ചു. ഇപ്പോൾ അരവിന്ദൻ അതിന്റെ തലപ്പത്തില്ല . സ്ഥാപനത്തിന്റെ അവസ്ഥ ചത്തതിനൊക്കുമോ ജീവിച്ചിരിക്കിലും എന്നതുപോലേയാണെന്നാണ് അറിയുന്നത്

പാവങ്ങൾക്ക് ഏറെ ഗുണം ലഭിക്കുന്ന പദ്ധതിയായിട്ടും ഒരു സംഘടനയും ഒരു രാഷ്ട്രീയ പാർട്ടിയും ഇതിനെ അനുകൂലിച്ചു ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നില്ല. വിഷയം ചിന്തനീയമാണ്.

ഈയ്യിടെ ഇതുമായിബന്ധപ്പെട്ടു ഒരാളുടെ അനുഭവം വിവാദമായി; ഒടുവിൽ രാഷ്ട്രീയ ഇടപെടലിലൂടെ ആശുപത്രി അധികൃതർക്ക് ആയുഷ്മാൻ ഭാരത് കാർഡ്   സ്വീകരിക്കാൻ നിർബന്ധിതമായ ഒരു സംഭവം ഫേസ്‌ബുക്കിലൂടെ വായിക്കാനിടയായി.

ഈ വിഷയത്തിൽ 45 – 50 കൊല്ലം മുൻപ് ഡോക്ടറും എഴുത്തുകാരനുമായ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ ഒരു വിവാദമായ ലേഖനം വായിച്ചിരുന്നു കാലത്തിനും മുൻപേ എഴുതപ്പെട്ട ലേഖനം.

അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഈ ഭൂലോകത്തു രോഗങ്ങളൊക്കെ കുറവാണു . പിന്നെ രോഗമഭിനയിച്ചു വീട്ടിലുള്ള സ്വർണ്ണവും വസ്ത്രങ്ങളും ഉടുത്തു അണിഞ്ഞൊരുങ്ങി വെളിയിൽ പോകാനുള്ള ഒരവസരം  ഡോക്ടറെ കാണാനെന്ന വ്യാജേന പുറത്തിറങ്ങാനുള്ള ഒരു ഉപാദി . ഇതിനർത്ഥം രോഗമില്ലെന്നല്ല!  അദ്ദേഹം പറഞ്ഞുവെക്കുന്നതു ഇത്തരം രോഗങ്ങൾക്ക് വല്ല ക്രോസിനോ , ആടലോടകം – പനിക്കൂർക്ക പിഴിഞ്ഞെടുത്ത നീരോ കുടിച്ചു മാറ്റാവുന്നതേയുള്ളൂ എന്നാണ്.

എന്തിനു  ഏറെപ്പറയുന്നൂ  ലോകത്തെ ഭയപ്പെട്ടുത്തിയ കോവിഡ് വരെ കപസ്വര കുടിനീരും നിലവേമ്പ് കഷായവും ഇഞ്ചിക്കഷായവും കുടിച്ചു മാറ്റിയവരല്ലേ നമ്മൾ?

തുടർന്ന് അദ്ദേഹം പറയുന്നു ചില രോഗങ്ങളുണ്ട് അതിനു ഡോക്ടറെ കാണണം മരുന്നെടുക്കണം. പിന്നെ വരുന്ന കേറ്റഗറിക്കാർക്കു മരുന്നൊന്നുമില്ല അതിനു നമ്മൊളൊക്കെ ആരാധിക്കുന്ന  ദൈവം തമ്പുരാൻ തന്നെ വിചാരിക്കണമെന്നു?  വിവാദമായ ഈ പ്രസ്താവനയ്ക്ക് അദ്ദേഹം ഏറെ വിലനൽകേണ്ടിവന്നിട്ടുണ്ട്.

ഈ പരാമർശത്തെ ശരിവെക്കുന്നതായിരുന്നു കൊറോണക്കാലം. ലോക്ക്ഡൗൺ കാരണം സർവ്വവും നിശ്ചലമായപ്പോൾ എറെ ശ്രദ്ദിക്കപ്പെട്ടതു ആശുപത്രികളായിരുന്നു. ഒരിടത്തും അത്യാസന്നനിലയിലായവരൊഴിച്ചു ആരെയും കാണാനില്ല! എലിപ്പനി, കോഴിപ്പനി, പന്നിപ്പനി,  ജപ്പാൻ ജ്വരം, നിപ്പ, മങ്കി പോക്സ്, ഡെങ്കു ഒന്നുമില്ല…!

വയറ്റ്‌പോക്കില്ല… കൊളസ്‌ട്രോളില്ല… സോഡിയംകുറവില്ല… പ്രഷറില്ല… ഒക്കെ കൊറോണ എന്ന ചിന്ത വിഴുങ്ങി. എങ്കിലും കൊറോണ രോഗികളെക്കൊണ്ട് ആശുപത്രികൾ പണംകൊയ്തു. ചികിത്സയിലിരിക്കെ മരണപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കു ബംമ്പറടിച്ചതു പോലെയായിരുന്നു. ആരും ചോദിക്കാനില്ല നിയമവു അവർക്കു കൂട്ടായിരുന്നു….  (വിഷയം മാറിപ്പോകുന്നു വിഷയത്തിലേക്കു വരാം)

ദുബായിലെത്തി കുറച്ചു ദിവസം കഴിഞ്ഞപ്പോഴേക്കും അവരുടെ സ്ഥിതി കുറച്ച മോശമായി എന്ന് മനസ്സിലാക്കി ബേഗ്‌ളൂരിൽ നിന്നും മകൻ നാട്ടിലെത്തി അമ്മയേയും പ്രായാധിക്ക്യം കൊണ്ട് ബുദ്ദിമുട്ടുന്ന അച്ഛനെയും കൂട്ടി ബംഗ്ളൂരിലേക്കു. അവിടെ അവരുടെ അപ്പാർട്ടമെന്റിനടുത്തുള്ള ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു എന്ന വിവരമറിഞ്ഞു.

രണ്ടു മൂന്നു ദിവസം ചികിൽസിച്ചിട്ടും വലയ പുരോഗതി കാണാത്തതിനാലും ചികിത്സയുടെ വിദഗ്ദാഭിപ്രായം ഒന്നും പറയാത്തതിനാലും പലരുടെയും അഭിപ്രായ പ്രകാരം  കൂടുതൽ സൗകര്യമുള്ള സ്പെഷാലിറ്റി ഹോസ്പിറ്റലിലേക്കു മാറ്റാൻ തീരുമാനിച്ചത്? ചികിൽസിച്ചു കൊണ്ടിരിക്കുന്ന ആശുപത്രി അധികൃതർക്ക് ഇഷ്ട്ടപ്പെട്ടില്ല, അതിനാൽ അവർ ആംബുലൻസ് സൗകര്യം നിഷേധിച്ചു. ഒടുവിൽ മാറ്റാൻ തീരുമാനിച്ചഹോസ്പിറ്റലിൽ നിന്നും ആംബുലൻസ് വരുത്തിച്ചു അവിടേക്കു ഷിഫ്റ്റ് ചെയ്തു. ഇതിൽ നിന്നും ഒന്ന് മനസ്സിലായി രോഗികൾക്ക് സുഖമായില്ലെങ്കിലും ആശുപത്രി മാനേജ്‌മെന്റിന് കൃത്യമായി പണം ലഭിക്കണം, അത് നഷ്ട്ടമാവുന്നതു ഒട്ടും ഇഷ്ട്ടമല്ല എന്നത്.

മുൻപ് ചികിൽസിച്ചവർ നൽകിയ എല്ലാ മെഡിക്കൽ രേഖകളുണ്ടായിട്ടും,  അവരൊക്കെ കണ്ടെത്തിയ രോഗ ലക്ഷണങ്ങളും, രോഗ വിവരവും  മുൻപേ ചികിൽസിച്ചവർ നൽകിയ വിവിധ റിപ്പോർട്ടുകളും ആശുപത്രി അധികൃതർക്ക് കൈമാറിയെങ്കിലും  അതൊന്നും അവർക്കു സ്വീകാര്യമായിരുന്നില്ല. ഒന്ന് വായിച്ചുവെന്നുവരുത്തി.

ഇതൊന്നുമില്ലാതെ തന്നെ ഒരു എം ഡി ഡോക്ടർക്കു  മനസ്സിലാക്കാവുന്ന തരത്തിലുള്ള രോഗ കാരണങ്ങളും രോഗ വിവരവും ഉപദേശങ്ങളും അടങ്ങുന്ന റിപ്പോർട്ട് നൽകിയിട്ടും അതൊന്നും അവർക്കു ബാധകമല്ല; അതൊക്കെ അവഗണിച്ചു വീണ്ടും അതെ പരിശോദനകൾ! അതുവരെ രോഗിയ ഇന്റൻസീവ് കെയർ യൂണിറ്റിലുമാക്കി. ഒരിക്കൽ ഐ സി യു വിൽ പ്രവേശിപ്പിച്ച രോഗിക്ക് തിരിച്ചു സ്വാഭാവിക രീതിയിൽ ശ്വാസമെടുത്തു നോർമ്മൽ രീതിയിലെത്താൻ നല്ല ആരോഗ്യമുള്ളവർക്കേ സാദിക്കൂ എന്ന് ആശുപത്രി അധികൃതർ മറന്നുവോ ? എന്റെ ഒരു തോന്നലാണ്.

3 – 4 ദിവസത്തിന് ശേഷം അവരും കണ്ടെത്തി മുൻപ് ചികിൽസിച്ച ഡോക്ടർമാർ കണ്ടെത്തിയ … അതേ കാരണങ്ങൾ… തുടർന്ന് അതേ ഉപദേശങ്ങൾ … ഈ രോഗത്തിന് പ്രത്യേക ചികിൽസയൊന്നുമില്ല പാലിയേറ്റിവ് കെയർ നൽകി രോഗിയെ പരിചരിക്കുക … അതിനു ഇവിടത്തെപ്പോലത്തെ ചിലവേറിയ സംവിധാനങ്ങളൊന്നും വേണ്ട തീരെ ചിലവുകുറഞ്ഞ ആശുപത്രിയായിരിക്കും കൂടുതൽ ഉചിതം …  ഇതവർക്കു ആദ്ദ്യമേ പറയാമായിരുന്നു.

എന്തൊരു വിശാല മനസ്ക്കത…! ഇതിനകം രോഗിയുടെ സാമ്പത്തീക സ്ഥിയൊന്നും കണക്കിലെടുക്കാതെ യാതൊരു മനസ്സാക്ഷിയുമില്ലാതെ 4 ലക്ഷത്തിലധികം വരുന്ന നീണ്ട ഒരു ബിൽ നൽകി… ആ ബെഡ്‌ഡിൽ മറ്റൊരു ഇരയേയും ക്യുവിൽ നിർത്തി നമ്മുടെ ഡിസ്ചാർജിനായി തിരക്കുകൂട്ടുന്നു …

ഈ വിവരമറിഞ്ഞതുമുതൽ മനസ്സിലെവിടയോ ഒരു നീറുന്ന വേദന ദുബായിൽ നിന്നും ബാംഗ്ലൂരിലേക്ക് പോയിട്ട് നമുക്കൊന്നും ചെയ്യാനില്ലെങ്കിലും നമ്മുടെ സാന്നിദ്ദ്യം ഒരു സ്വാന്ത്വനമാവട്ടെ എന്ന തീരുമാനത്തിൽ മുൻകൂട്ടി നിശ്ചയിച്ച യാത്രാ ടിക്കറ്റ് കേൻസൽചെയ്തു നേരെ ബാംഗ്ലൂരിലേക്ക് 

23 നുരത്രി ബാംഗ്ലൂർ എലഹങ്കയിലെ നവചേതന ആശുപത്രിയിലേക്ക് … മൂന്നാമത്തെ ഫ്ലോറിലെ റൂം നമ്പർ  3  പാലിയേറ്റിവ് കെയറിൽ മൂക്കിലും വായിലും എന്തൊക്കയോ ഉപകരണങ്ങളും ഘടിപ്പിച്ചു, സൂര്യേച്ചിയെ കിടത്തിയിരിക്കുന്നു. ചുറ്റും മറ്റു പല ഉപകരണങ്ങളും സ്റ്റാൻഡ്‌ബൈ ആയി തെയ്യാറാക്കിവെച്ചിട്ടുണ്ട് … ഞാൻ ദുബായിൽ പോകുന്നതിനു മുൻപ് കണ്ട സൂര്യേച്ചിയെയല്ല ഞാനവിടെ കണ്ടത്!

ഒരു ഭാഗത്തു സോഡിയം കുറവ് നികത്താനുള്ള “പെരിഫെറൽ ഐ വി കനൂലയും”, മറ്റൊരു ഭാഗത്തു “നെബുലൈസേർ യൂണിറ്റും.”

ബെഡ്‌ഡിനു താഴേ :സക്ഷൻ ആസ്പിരേറ്ററും” മുഖത്തു :ഓക്സിജൻ മാസക്കുമായി” മെലിഞ്ഞു ശരീരവുമായി ശ്വസമെടുക്കാൻ ബുദ്ദിമുട്ടിക്കൊണ്ടു  കിടക്കുന്ന സൂര്യേച്ചി!  തൊട്ടടുത്തു സുശിലും ഷർമ്മിളയും.

എത്തിയ ഉടനെ ഭാര്യ സൂര്യേച്ചിയ കെട്ടിപ്പിടിച്ചു സ്വാന്തനം പകർന്നു അപ്രതീക്ഷിതമായി എത്തിയ നമ്മളെ കണ്ടപ്പോൾ ഓക്സിജൻ മാസ്ക്കിന്റെ തടസ്സമുണ്ടായിട്ടും ശ്രീധരേട്ടന്റെ കയ്യുംപിടിച്ചു  കണ്ണു തുറന്നു  നമ്മളെ നോക്കി ചിരിക്കാനുള്ള ശ്രമം.  അൽപ്പസമയം പരസ്പ്പരമൊന്നും സംസാരിക്കാതെ മുഖത്തോട് മുഖം നോക്കി എല്ലാവരും..

ഇതിനകം നവചേതനയിലെ ഡോക്ടറുമായ് ഞാനും സുശിലും സംസാരിച്ചു . ആതുര സേവനത്തിൽ മനുഷ്യത്തമുള്ളവരുമുണ്ട് എന്ന് അവരുടെ പെരുമാറ്റത്തിൽ നിന്നും തിരിച്ചറിഞ്ഞു . അവരുടെ ഉപദേശം ഒക്സിജെൻറെ സപ്പോർട്ടിലാണ് ഇത്രയും ദിവസം ജീവിക്കുന്നത് … ദിവസവും ആരോഗ്യനില താഴോട്ട്  പോകുകയാണ് പ്രത്യേകിച്ച് ചെയ്യാനൊന്നുമില്ല സോഡിയം ലവൽ ഉയർത്താനുള്ള ശ്രമം നടത്തുന്നുണ്ടെങ്കിലും അടുത്ത നിമിഷം താഴോട്ടേക്കു പോകും; പൾസും കുറഞ്ഞുകൊണ്ടേയിരിക്കുന്നു ഷുഗറിന്റെ അളവും കൂടിക്കൊണ്ടിരിക്കുന്നു   

ഈ അവസ്ഥയിൽ അവരുടെ നിർദ്ദേശം രോഗിയെ കൂടുതൽ കഷ്ട്ടപ്പെടുത്താതെ മക്കളോടും സഹോദരങ്ങളോടുമൊപ്പം സ്വാന്ത്വനം നൽകി കഴിയാനനുവദിക്കുക  … ആയതിനാൽ ഇപ്പോൾ ആശുപത്രയിൽ നിന്നും നൽകി കൊണ്ടിരിക്കുന്ന പാലിയേറ്റിവ്കെയർ വീട്ടിൽ ഏർപ്പെടുത്തി കുടുംബാംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ  കഴിയാൻ അനുവദിക്കുക അതിനു സാധിക്കുമോ. അതുപ്രകാരമുള്ള സൗകര്യമേർപ്പെത്താനായി ശ്രീധരേട്ടനും മകളും എന്റെ ഭാര്യയും ഫ്‌ളൈറ്റിന് നാട്ടിലേക്ക് യാത്രയായി അന്ന് തന്നെ.

ഇതൊക്കെത്തന്നെയായിരുന്നു തലശ്ശേരി മിഷൻ ഹോസ്‌പിറ്റലിൽ നിന്നും ഉപദേശിച്ചത്. ഭക്ഷണം കഴിക്കാനുള്ള ബുദ്ദിമുട്ടുള്ളതിനാൽ ട്യൂബിടുവാൻ മെഷിൻ ഹോസ്‌പിറ്റലിൽ പോയിരുന്നു. രണ്ടോ- മൂന്നോ ദിവസം അവിടെ അഡ്മിറ്റ് ചെയ്തു നിരീക്ഷിക്കാമെന്നു നമ്മൾ പറഞ്ഞിട്ടും അവർ ഉപദേശിച്ചതു അതിന്റെ ആവശ്യമില്ല നമുക്ക് വീട്ടിൽ ചെയ്യാവുന്നതേയുള്ളൂ വെറുതെ എന്തിനു അനാവശ്യമായി പണം ചിലവഴിക്കുന്നു.

ഒരു വയ്യായ്കവന്നു ആശിപത്രിയിലെത്തിയാൽ ഉടനെ ഐ സി യു വിൽ കയറ്റി ചികിൽക്കാൻ തുടങ്ങുന്ന ആശുപത്രകളാണ് നമുക്കുചുറ്റും അതാണ് നമ്മൾ കണ്ടിട്ടുള്ളത് . അത്തരം എത്രയോ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതും നമ്മൾ വായിച്ചിട്ടുണ്ട്.  ആശുപത്രിക്കാരുടെ ഇത്തരം കഥകളറിഞ്ഞ ഒരുകൂട്ടം ആൾക്കാർ മരണപെട്ടു എന്ന് സർട്ടിഫൈ ചെയ്തതിനുശേഷം നേരെ ഒരു മൾട്ടിസ്പെഷാലിറ്റി ഹോസ്പ്പിറ്റലിലെത്തിക്കുന്നതും തുടർന്ന് അവർ രോഗിയെ ഐ സി യു വില അഡ്മിറ്റാക്കി വിവിധ ടെസ്റ്റുകൾ നടത്തി എന്ന് വരുത്തി രക്തം പരിശോദിച്ചു എന്നൊക്കെ രേകഖകളുണ്ടാക്കി രണ്ടു ദിവസം കഴിഞ്ഞു രോഗി മരണപ്പെട്ടു എന്ന് പറഞ്ഞു ഭീമമായ ഫീസ് ഈടാക്കിയ സംഭവവും നമ്മൾ വായിച്ചു. അതിനെ ആസ്‌പദമാക്കിയുള്ള ചലച്ചിത്രവും നമ്മൾ കണ്ടു…

ഇവിടെയാണ് നവചേത ആശുപത്രിയും മിഷൻ ഹോസ്പ്പിറ്റലും വേറിട്ട് നിൽക്കുന്നത് …

ഇത്തരം സൗകര്യങ്ങൾ വീട്ടിലൊരുക്കുന്നതിനുള്ള ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്നവരുമായി ബന്ധപ്പെട്ടു ഏർപ്പാടാക്കി! കോളിഫൈഡ് നേഴ്‌സിനെ ഏർപ്പാടാക്കാൻ പാലിയേറ്റിവ് കെയർ നടത്തിക്കൊണ്ടിരിക്കുന്ന എക്സ് എം എൽ യും റിട്ടയേർഡ് പ്രൊഫസറുമായ രാമചന്ദ്രൻ മാസ്റ്ററെ ബന്ധപ്പെട്ട് ആവശ്യപ്പെട്ടു, അദ്ദേഹത്തതിന്റെ ഉറപ്പും ലഭിച്ചു. ഒപ്പം എന്റെ സുഹൃത്തു വളവിൽ വൽസരാജിന്റെ ഉപദേശം  നഴ്സിനെ കിട്ടുന്നതുവരെ ചൊക്ലി സി എം സി യിൽ പാലിയേറ്റിവ് കെയർ നൽകുന്നുണ്ട് അവിടെയും ശ്രമിക്കാമെന്നുള്ള ഉറപ്പും ലഭിച്ചു.

ഈ തീരുമാനവുമായി 25 നു പുറപ്പെടാൻവിധം ആംബുലൻസ് ഏർപ്പാടാക്കി ഞാനും അവരുടെ മകനും ഭാര്യയും ഒരുങ്ങി നിൽക്കുമ്പോൾ 24ന് നു രോഗിയുടെ ശരീരം പലതിനോടും റെസ്പോണ്ട് ചെയ്യാതായി ഇടയ്ക്കു ഡ്രിപ്പും സോഡിയവും നൽകി സ്റ്റെബിലൈസ് ചെയ്യാനുള്ള ശ്രമവും നടക്കുന്നുണ്ട്. പതിവുപോലെ ഫിസിയോ തേറാപ്പ്‌സ്റ്റിന്റെ ചോദ്ധ്യങ്ങളോടോന്നും റെസ്പോണ്ട് ചെയ്യുന്നില്ല.. എങ്കിലും ഡോക്ടർ ഇനീഷ്യേറ്റ് ചെയ്തു കിടത്തിക്കൊണ്ടുതന്നെ ചില എക്സൈസോക്കെ ചെയ്യിച്ചു. 25ന്കാലത്തു 5 മണിയോടെ രോഗിയുടെ നില തീർത്തും വഷളായി …

നവചേതനാ ആശുപത്രിയിലെ മൂന്നാം നിലയിലെ റൂം നമ്പർ 3 യിൽ അതീവ ഗുരുതരാവസ്ഥയിൽ കിടക്കുന്ന എന്റെ ഭാര്യയുടെ ജേഷ്ട്ടത്തിയുടെ  അടുത്തിരുന്നു ഡോക്ടർമാർ സമയപരിതി ഒന്നും നൽകിയില്ലെങ്കിലും. എന്തും സംഭവിക്കാം അങ്ങിനെയാണ് മുന്നറിയിപ്പ് തന്നത്. ബന്ധുക്കളെയും കുടുംബക്കരെയും വേണ്ടപ്പെട്ടവരെയെല്ലാം അറിയിക്കാൻ പറഞ്ഞു. മുറിയിൽ നിറയെ ദുഃഖം ഖനീഭവിച്ച മുഖവുമായി നിൽക്കുന്ന മകനും മരുമകളും ഞാനും.

നാട്ടിൽ ഭാര്യയുടെ വരവും കാത്തു നിൽക്കുന്ന ശ്രീധരേട്ടനും അമ്മയുടെ വരവും കാത്തു നിൽക്കുന്ന മകളോടും സഹോദരിയുടെ വരവും കാത്തുനിൽക്കുന്ന എന്റെ ഭാര്യയോടും ഞാനെന്തു പറയും ആകെ അങ്കലാപ്പിലാണ് … പറയാനും വയ്യ പറയാതിരിക്കാനും വയ്യ !

ഒരു ഭാഗത്ത് രക്ത ധമനികൾ ശരിയായ ക്രമത്തിൽ  പ്രവർത്തിക്കാത്തത് കാരണം ഗ്ലുക്കോസ് സ്റ്റാൻഡിൽ  തൂങ്ങി നിൽക്കുന്ന ഏ വി  യുടെയും മറ്റു ലിക്വിഡ് ഫ്ലുവിഡിന്റേയും  കുപ്പികൾ… മറുഭാഗത്തു  ഫാർമസിയിൽനിന്നും വാങ്ങി കൂട്ടിയ വേണ്ടാത്തതും വേണ്ടിയതുമായ കുറെ മരുന്നുകൾ, ഏ വി  ബോട്ടിലുകൾ, ഇൻജെക്ഷൻ സിറിഞ്ചുകൾ, കബോർഡിൽ അലസമായി കൂട്ടിയിട്ട മരുന്നുകളുടെ ബില്ലുകൾ. ആകെ വർക്ക് ചെയ്യുന്നത് ഓക്സിജൻ സിലിണ്ടർ മാത്രം.

അതിന്നിടയിൽ കയറി വരുന്ന ഡോക്ടർമാരുടെയും പരിചാരകരുടെയും നിസ്സഗത ഇതൊന്നും അറിയാതെ  ശ്വാസം മാത്രം എടുത്തു കൊണ്ട് ഇടയ്ക്കിടെ കണ്ണുകൾ തുറക്കുകയും അടക്കുകയും ചെയ്യുന്ന മരണാവസ്ഥയിൽ ഓക്സിജൻ സപ്പൊട്ടുണ്ടായിട്ടും ദീർഘശ്വസമെടുത്തുകൊണ്ടു സൂര്യേച്ചിയും..  വല്ലാത്തൊരു അവസ്ഥയാണ് 

ഹോസ്പിറ്റലിൽ മരണം കാത്തു കിടക്കുന്ന രോഗിയുടെ കൂടെനിൽക്കൽ? നേരാം വണ്ണം ഒന്ന് ഇരിക്കാനോ.. പരിചാരകർ സ്ഥിരം മരുന്നുകഴിക്കുന്നവരാണെങ്കിൽ? അവർക്കു സമയക്രമത്തിനു മരുന്നുകളും ഭക്ഷണവും  കൃത്യമായി  കഴിക്കാനോ കഴിയില്ല. ഇനി അത് കാരണം ആർക്കൊക്കെ എന്തൊക്കെ  അസുഖങ്ങൾ.. ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്ന് അറിയില്ല..! 

ഇതിനിടയിൽ നേഴ്സ് വന്നു ഒരു ദീർഘമായ ലിസ്റ്റ് എന്നെ ഏൽപ്പിച്ചു മനസ്സിലായി പിറ്റേന്ന് യാത്രയിലെടുക്കേണ്ട മുൻകരുതിലിനുള്ള മരുന്നിന്റെയും മറ്റും ലിസ്റ്റാണെന്നു . ഞാൻ അത് വാങ്ങിച്ചു സിസ്റ്റർക്കു കൈമാറി റൂമിലേക്കുപോയി.

പിറ്റേന്ന് അതിരാവിലെ   കൈകാലുകളിൽ രക്തയോട്ടം കുറയുന്നത് കാരണമാവാം ശ്വാസം മന്ദഗതിയിലാവാൻ തുടങ്ങി എന്തുകൊണ്ടോ ഒരു വീഡിയോ എടുക്കണമെന്നെന്റെ മനസ്സ് അത് ഞാൻ എടുക്കുകയും ചെയ്തു..  

നല്ല ശക്തിയിൽ ശ്വാസം മാത്രം എടുക്കുന്നുണ്ടായിരുന്നു. 5 – 6 മണി ആയപ്പോ നഖങ്ങൾ വിളർത്തു തുടങ്ങി..  കൃഷ്‌ണമണി പാതിയിൽനിന്നും പൂർണ്ണമായും  മേൽപ്പോട്ടായി വെളുപ്പുമാത്രം കാണാം… ശ്വാസോച്വസ്വത്തിന്റെ  ശക്തി കുറഞ്ഞു വന്നു.. 6.48  ആയപ്പോൾ ആ ശ്വാസം നിന്നു.

പിന്നെ നെഞ്ച് ഉയരുകയോ താഴുകയോ ചെയ്തില്ല. അപ്പോഴും കഴുത്തിൽ ഇടിപ്പ്  ഉള്ളതുപോലെ തോന്നി പൾസ് മാത്രം. ഡോക്ടറെ വിളിപ്പിച്ചു. ഡോക്ടർ ഓടി വന്നു. എന്തൊക്കെയോ പരിചരണം നൽകിയെങ്കിലും 6.58 ആയപ്പോൾ ഡോക്ടർ മരണം ഉറപ്പിച്ചു ….  അങ്ങിനെ ആ യുഗം അവിടെ അവസാനിച്ചു. 

ഞാൻ കുറച്ചു നേരം അവരെ ഇമവെട്ടാതെ നോക്കി നിന്നു. തലച്ചോറിൽ പഴയ കാല സ്മരണകളുടെ ഫ്ലാഷ് ബാക്കുകൾ മിന്നൽ പോലെ മിന്നിമറിഞ്ഞു കൊണ്ടിരുന്നു. ആ നെറ്റിയിൽ പതിയെ തലോടി ഒരുമ്മ കൊടുത്തിട്ട്  മാറിനിന്നപ്പോൾ

ഏങ്ങിക്കരഞ്ഞുകൊണ്ടു മകൻ സുശിൽ എന്തൊക്കെയോ പുലമ്പിക്കൊണ്ടിരിക്കുന്നു കെട്ടിപ്പിടിക്കുന്നു സംയമനം പാലിച്ചുകൊണ്ട്‌ കപിലയും.. സുശിൽ ഡോക്ടറോട് കേഴുന്നു എന്തെങ്കിലും ചെയ്യാൻ സാദിക്കുമോ? അവന്റെ  വേദനയോടെയുള്ള അഭ്യർത്ഥനയ്ക്കു മുൻപിൽ നിസ്സഹായനായി ഡോക്ടർ ഉപദേശിക്കുന്നു ‘അമ്മ കൂടുതൽ കഷ്ട്ടപ്പെടാതെ വിഷ്ണുപാദം പൂകിയിരിക്കുന്നു ആ നല്ല മരണത്തിനു ദൈവത്തോട് നന്ദി പ്രകടിപ്പിക്കൂ … 

വീണ്ടും പ്രതീക്ഷാവിടാതെ സുശിൽ സെൽഫോണിൽ…. 

ॐ ത്രയംബകം യജാമഹേ
സുഗന്ധിം പുഷ്ടിവർധനം ।
ഉർവാരുകമിവ് ബന്ധനാൻ മൃത്യോർമുക്ഷീയ മാമൃതാത് ॥

ശ്ലോകം ആവർത്തിച്ച് സൂര്യേച്ചിയുടെ കാതുകളിൽ കേൾപ്പിക്കുന്നു …

ഇതിനിടയിൽ ഞാൻ അകന്നു കിടന്നിരുന്ന കാലുകളും കൈകളും നേരെയാക്കി ശരീരത്തോട് ചേർത്തുവെച്ചു. അതുവരെ 2 – 3 – മാസത്തോളം വാ തുറന്നുകൊണ്ടു ശ്വസിച്ചതിനാൽ ജോ-മസ്സിലൊക്കെ ക്രഞ്ചായതിനാൽ വായടച്ചുകിടത്താൻ  ബുദ്ദിമുട്ടനുഭവപ്പെട്ടു ഏറെ പ്രയാസപ്പെട്ടു ആശുപത്രി ഏറ്റണ്ടറുടെ  സഹായത്തോടെ  ഒടുവിൽ ഒരുവിധം അത് സാദിച്ചെടുത്തു. 

ഞാൻ ചിന്തിച്ചു ഇതല്ലേ ജീവിതം. ഇത്രയേ ഉള്ളൂ ജീവിതം.. ജനനം എന്ന മൂന്നക്ഷരം കൊണ്ട് തുടങ്ങി മരണം എന്ന മൂന്നക്ഷരത്തിന്നിടയിലെ ജീവിതം എന്ന മൂന്നക്ഷരം.. ഇതിനിടയിൽ എന്തെല്ലാം കപട നാടകങ്ങൾ? വെറുതെയല്ല പണ്ടാരോപറഞ്ഞതു മരണം രംഗബോധമില്ലാത്ത കോമാളിയെപ്പോലെയാണെന്നു!

എന്നേക്കാൾ വെറും ഒരു മാസത്തിനു  കൂടുതൽ  പ്രായം മാത്രം. നല്ല വെളുത്തു സുന്ദരമായ മുഘവും, അതിനു ഭംഗിയേകുന്ന കണ്ണും, നീണ്ടമുടിയും നല്ല ആരോഗ്യവും, ഒത്ത ശരീരവും ഉള്ള  എന്റെ ഭാര്യയുടെ ചേച്ചി പേരുപോലെത്തന്നെ സൂര്യ പ്രഭയോടെ ജീവിച്ച സൂര്യേച്ചി? പെട്ടെന്ന് ഈ അവസ്ഥയിൽ ആവാൻ?

ചിലപ്പോഴൊക്കെ ഞങ്ങളോട് അവരുടെ വിഷമം, മനപ്രയാസം പങ്കുവെക്കാറുണ്ട് !ഒടുവിൽ എല്ലാവരെയും സങ്കടത്തിലാക്കി സുമംഗലിയായി വിഷ്ണുപാദം പൂകിയ ജീവിതം! മരണത്തിനു കീഴടങ്ങിയപ്പോൾ ഒരു ബെഡ് ഷീറ്റിൽ പൊതിയാനെ ഉണ്ടായിരുന്നുള്ളു.

അപൂർവങ്ങളിൽ അപൂർവ്വമായി കണ്ടുവരുന്ന അമിയോട്രോപിക് ലാറ്ററൽ സ്കലെറോസിസ് മോട്ടോർ ന്യൂറോൺ ഡിസീസ്  (A L S – M N D) ശ്വാസകോശം ചുരുങ്ങുന്ന ഒരു തരം അസുഖം എന്ന് സ്ഥിതീകരിച്ചിട്ട് വെറും 3 മാസം.. അതിനുള്ളിൽ എല്ലാം എന്നെന്നേക്കുമായി എരിഞ്ഞടങ്ങി. അവിടെയും തന്റെ ആഗ്രഹം ബാക്കിവെച്ചു എന്ന് സാക്ഷ്യപ്പെടുത്തിയുള്ള മടക്കം

മാസങ്ങൾക്കുമുമ്പ് വയ്യായ്കയിലും ശ്രീധരേട്ടനും മകളും മകനും ഞാനും ഭാര്യയും സൂരേയെച്ചിയോടൊപ്പം പറശ്ശിനി മടപ്പുരയ്ക്കു പോയത് ഓർമ്മയിലെത്തി. സംസാരിക്കാനുള്ള ബുദ്ദിമുട്ടുണ്ടെങ്കിലും സ്ളേറ്റിൽ എഴുതി പരസ്പ്പരം ബന്ധപ്പെടുമ്പോഴും എന്റെ പേരക്കുട്ടിയോട് ചിരിച്ചുകൊണ്ട് കൈവീശി സംവദിക്കുന്നതും മനസ്സിലെത്തി. വയ്യായ്ക കൂടിയപ്പോൾ ഒരു ശാഠ്യവുമില്ലാതിരുന്ന സൂര്യേച്ചി ചില ശാഠ്യങ്ങൾ കാട്ടുമെങ്കിലും ഇപ്പോൾ ചിരിച്ചു കൊണ്ടു അന്ത്യ യാത്രക്കായി  നമുക്കുമുൻപിൽ ഒരു ശാഠ്യവുമില്ലാതെ കിടക്കുന്നു.. 

മരണ വിവരം ശ്രീധരേട്ടനെ വിളിച്ചു പറഞ്ഞപ്പോൾ ഒരു നിമിഷം ഒരു വിതുമ്മൽ ഒരുതേങ്ങൽ, ഇത്രയും ദിവസം എന്റെ കൈപിടിച്ചു എന്റെ കൈവിടാതെ നിന്ന എനിക്ക് അവസാസനിമിഷത്തിൽ ഒന്ന് കാണാൻ സാദിച്ചില്ലല്ലോ ബാബു … എന്നിട്ടു പതിയെ പറഞ്ഞു തൽക്കാലം ശർമ്മിയറിയേണ്ട ഗ്രൂപ്പിലൊന്നുമിടേണ്ട അവിടെ അവർ കൈകാര്യം ചെയ്തുകൊള്ളുമെന്നു .

ശ്രീധരേട്ടന്റെ കാര്യമാ കഷ്ട്ടം 50 – 55 വർഷത്തോളം ദമ്പതികളായി ജീവിക്കുക ഇവർക്കിടയിൽ പെട്ടെന്ന് ആരെങ്കിലും മരണപ്പെടുക. വലിയ കഷ്ടമാണ് ഭാര്യയല്ലാതെ ജീവിക്കുക എന്നത് ഒരു വിളിപ്പാടകലെ ലഭിച്ചുകൊണ്ടിരുന്ന ചായയും ഭക്ഷണവും എന്തിനു പത്രംപോലും ഇരുന്നേടത്തു ലഭിച്ചിരുന്നത് ഇല്ലാതാവുമ്പോൾ?

അങ്ങനെ ഓരോ കാര്യത്തിനും ആരെയെങ്കിലും ആശ്രയിക്കേണ്ടിവരുമ്പോഴുണ്ടാവുന്ന ഫ്രസ്‌ട്രേഷൻ പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് . ശ്രീധരേട്ടന്റെ കാര്യം ഏതാണ്ടിതുപോലെയല്ലേ? ഞാൻ ആലോചിച്ചു. ഒരു പക്ഷെ സുശിലിനൊപ്പം ബാംഗ്ലൂരിൽ അല്ലെങ്കിൽ ശർമ്മിയോടൊപ്പം ദുബായിൽ ഏതെങ്കിലുമൊന്ന് തീരുമാനിക്കേണ്ടിയിരിക്കുന്നു ഇങ്ങനെ ചിന്തിച്ചിരിക്കുന്നതിനിടയിൽ…

നേഴ്സ് ഒരു നീല പ്ലാസ്റ്റിക്ക് ബാസ്‌ക്കറ്റുമായി വന്നു ഷെൽഫിലും ടേബിളിലുമുള്ള ബാക്കിയുള്ള മരുന്നുകളും സിറിഞ്ചുകളും ഒക്കെ എടുത്തു ബിൽ സെറ്റിൽ  ചെയ്യുന്നതിന് മുമ്പ് ക്രഡിറ്റ് നോട്ട്  ഇഷ്യൂ ചെയ്യുവാൻ ഫാർമസിയിൽ കൊടുക്കാൻ എന്റെ കയ്യിൽ എൽപ്പുച്ചു അതുമായി ഫാർമസിയിലേക്ക് പോകാനൊരുങ്ങുമ്പോൾ  എന്റെ കയ്യിൽ നിന്നും കപില അത് വാങ്ങി താഴേക്കുപോയി.

അന്ത്യ ഉറക്കത്തിൽ പ്രവേശിച്ച ഉടനെ ഹോസ്പിറ്റലിന്റെ ബേസ്‌മെന്റിൽ പ്രവർത്തിക്കുന്ന  ഓഫീസിൽ നിന്നും ബിൽ ക്ലിയർ ചെയ്യാൻ പറഞ്ഞു കൊണ്ടു ആൾ വന്നു. അവർക്കൊന്നും നമ്മുടെ നഷ്ടങ്ങളോ..? നമ്മുടെ ദു:ഖത്തിന്റെ ആഴങ്ങളോ.. വേദനയോ? അറിയേണ്ടതില്ല. അവർക്ക് നമ്മൾ പോയാൽ ആ മുറി വൃത്തിയാക്കി അടുത്ത ഒരു രോഗി അല്ലെങ്കിൽ അടുത്ത ഇരയെ അതിനുള്ളിൽ കയറ്റണം.  എല്ലാം കച്ചവടമാണ് ഭായ് ഇവിടെ..

ഇതിന്നിടയിൽ എത്രയാണ് ബില്ല് എന്നോ ബാക്കിയുള്ള മരുന്നുകൾ തിരിച്ചെടുത്തോ. അഡ്ജസ്റ്റ് ചെയ്തോ ഒന്നും ആരും നോക്കാറില്ല.. വേണ്ടപ്പെട്ടവർ നമ്മെ വിട്ടു പോയി അതിനേക്കാൾ വലുതൊന്നുമല്ലല്ലോ പൈസയും മറ്റു കാര്യങ്ങളും

ഇതിനിടയിൽ ക്ബോർഡിൽ അലക്ഷ്യമായിട്ടിരുന്ന ബില്ലുകൾ ഡേറ്റും സമയവും ഓർഡറിലാക്കി ക്രമീകരിച്ചു ഞാൻ. വേറൊന്നും ചെയ്യാനില്ലായിരുന്നെനിക്കു . സുശിൽ ഡോകുമെന്റുകൾ ശരിയാക്കാനുള്ള വിവരങ്ങൾ ആശുപത്രി അധികൃതർക്ക് നൽകുകയായിരുന്നു.

ഇതിനിടയിൽ അംബികച്ചേച്ചിയും കപിലയും വാർഡ് അറ്റൻഡറുടെ സഹായത്തോടെ മൃതദേഹം ശുദ്ദിവരുത്തി കൊടിയുടുപ്പിച്ചു നാട്ടിലേക്കുള്ള യാത്രയ്ക്ക് ആംബുലെൻസിലേക്കെ മാറ്റാൻ  തെയ്യാറാക്കിക്കഴിഞ്ഞിരുന്നു.

ഏറെ നേരമായിട്ടും ബിൽ സെറ്റിൽചെയ്യാൻ പോയ കപിലയെ കാണാഞ്ഞപ്പോൾ അന്വേഷിച്ചു ബില്ലിംഗ് കൗണ്ടറിലേക്ക് … അവിടെയും തിരക്ക് തന്നെ .. നമുക്ക് മുൻപിൽ രണ്ടുപേർകൂടി ഒടുവിൽ കപില ബിൽസെറ്റിൽ ചെയ്തു,കൗണ്ടറിൽനിന്നും  ഔട്ട് പാസ്സ് തന്നു .. ജീവനോടെ പ്രവേശിച്ച ആശുപത്രിയിൽ നിന്ന് ജീവനറ്റ ദേഹം പുറത്തുകൊണ്ടുപോകാനുള്ള ഒരു കടലാസ്സു. അതിന്റെ വില എത്രയെന്നു ഒരുശക്തിക്കും ഊഹിക്കാൻപോലും പറ്റില്ല.

ആതുരാലയം ഒരു ദുരന്ത ഭൂമി പോലെയാണ്. ഒരു നിമിഷം പോലും വെറുതെ ഇരിക്കാതെ റൂമിൽ നിന്നും റൂമിലേക്കും അവിടുന്ന് നഴ്സിംഗ് സ്റ്റേഷനിലേക്കും ഓടി നടക്കുന്ന മാലാഖ കുട്ടികളുടെ മുഖത്തൊന്നും മുമ്പ് കണ്ടിരുന്ന പ്രസരിപ്പോ, മുഖ പ്രസ്സന്നതയോ കാണുന്നില്ല. ഒരു പക്ഷെ ജോലി ഭാരം കൊണ്ടായിരിക്കാം.. അല്ലെങ്കിൽ ജീവിത ഭാരം കൊണ്ടാ യിരിക്കാം.. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാൻ പെടാപാട് പെടുന്നതിന്റെ ക്ഷീണം കൊണ്ടായിരിക്കാം..

അതെ ഓരോരോ മുറികളിൽ നിൽക്കുന്നവരുടെ മുഖത്ത് ആശ്വാസത്തിന്റെ കാണികകൾ കാണുന്നില്ല. പുതുതായി വരുന്നവരുടെ മുഖത്ത് ഇനി എന്തൊക്കെയാണ് സംഭവിക്കുക. എത്രയാണ് ബില്ല് വരിക എന്ന ആധിയാണ് മുഖം നിറയെ.. അസുഖം മാറി പോകുന്നവരുടെ മുഖത്ത് രോഗം മാറിയത്തിന്റെ ആശ്വാസത്തേക്കാൾ അവിടെ കഴിഞ്ഞ ദിവസങ്ങളിലെ ദുഃഖ സ്മരണകളിലും, കിട്ടിയ ബില്ലിലെ കനമുള്ള കണക്കും കണ്ടു ഞെട്ടിത്തരിച്ചു അന്ദാളിച്ചു നിൽക്കുന്ന ഭാവമാണ് മിഴിച്ചു നിൽക്കുന്നത്…. ആ ഘനീഭവിച്ച അന്തരീരക്ഷത്തിൽ അറിയാതെ ഓർമ്മയിലെത്തി ഈ ഗാനം

സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ്
നാമജപാമൃതമന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

അഗ്നിയായ് കരൾ നീറവേ മോക്ഷമാർഗം നീട്ടുമോ..
ഇഹപരശാപം തീരാനമ്മേ ഇനിയൊരുജന്മം വീണ്ടും തരുമോ..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ
പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു നീറും..
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ..

ഗിരീഷ് പുത്തഞ്ചേരിയോടും ദേവാസുരം സിനിമയോടും കടപ്പെട്ടിരിക്കുന്നു

അപ്പോഴും വെറുതേയെങ്കിലും മോഹിച്ചു ഇത്തരം അവസ്ഥ ആർക്കുമുണ്ടാകാതിരിക്കട്ടെന്നു.. ഇത്തരം മോഹങ്ങൾക്കൊന്നും ഒരു സ്ഥാനവുമില്ലെന്നറിയാമെങ്കിലും വെറുതെ ഇരു മോഹം മാത്രമായി അവശേഷിക്കുമ്പോഴും അറിയാതെ ഞാൻ  ഉരുവിട്ടു

അനായാസേന മരണം.                           വിനാ ദൈന്യേന ജീവനം.                   ദേഹിമേ കൃപയാ ശംഭോ.                        ത്വയി ഭക്തിമ ചഞ്ചലം!…

ദേവാസുരം സിനിമയിൽ വയ്യാണ്ട് കിടക്കുന്ന നീലകണ്ഠനെ കാണാനെത്തിയ ഒടുവിലുണ്ണിക്ക്രുഷ്‌ണൻ ഇടയ്ക്കകൊട്ടി പ്രണാമമർപ്പിക്കുന്നതു ചുണ്ടിലുരുവിടാത്തവർ വളരെ ചുരുക്കമായിരിക്കും ആ ഗാനം കടപ്പാടോടെ ഒരിക്കലുമുണരാത്ത  നിത്യനിദ്രയിൽ ലയിച്ച സൂര്യേച്ചിക്കായി സമർപ്പിച്ചു നിർത്തട്ടെ

വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
സന്താപഹാരി മുരാരേ
ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടെ
പീലിത്തിളക്കവും
കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈക്കളുമെവിടെ
ക്രൂര‌നിഷാദശരം കൊണ്ട് നീറുമീ
നെഞ്ചിലെന്നാത്മ പ്രണാമം
പ്രേമസ്വരൂപനാം സ്നേഹസതീർത്ഥ്യന്റെ
കാൽക്കലെൻ കണ്ണീർ പ്രണാമം  ..! 

എല്ലാവർക്കും സന്തോഷം നിറഞ്ഞ അനുഗ്രഹം ലഭിക്കുമാറാകട്ടെ എന്ന പ്രത്യാശയോടെ…

ഈ എഴുത്തു വിഷ്ണുപാദം പൂകിയ സൂര്യേച്ചിക്കായി, അവരുടെ ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാർത്ഥിച്ചു കൊണ്ട്…

സ്നേഹപൂർവ്വം 

മഠത്തിൽ ബാബു ജയപ്രകാശ് ……✍️  My Wstsapp Contact No.. 9500716709

എന്റെ ഈ കുറിപ്പ് വായിച്ചില്ലെങ്കിലും ഡോക്ടർ മേരിയുടെ ഈ കുറിപ്പെങ്കിലും വായിക്കണം..

മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല
പ്രിയപ്പെട്ടവരുടെ മടിയിൽ കിടന്ന്, അവസാനമായി അവർ തൊണ്ടയിൽ ഇറ്റിച്ചു തരുന്ന ഒരു തുള്ളി സ്നേഹജലം നുകർന്നു മരിക്കാൻ മറന്നു പോയ സമൂഹത്തിനു വേണ്ടി ഡോക്ടർ മേരിയുടെ കുറിപ്പ്:

വൃദ്ധരെ ഐ സി യു ൽ കിടത്തി കുടുംബത്തെ കൊള്ളയടിക്കാൻ വൈദ്യ സമൂഹത്തെ അനുവദിക്കുകരുത്.

മരിക്കാൻ ലക്ഷക്കണക്കിന് രൂപയുടെ ചെലവാണിപ്പോൾ.

വാർദ്ധക്യം കൊണ്ട് ജീർണ്ണിച്ച ശരീരം ‘ജിവിതം മതി’ എന്ന അടയാളം കാട്ടുമ്പോഴും വിടുകയില്ല.

ആഹാരം അടിച്ചു കലക്കി മൂക്കിൽ കുഴലുകളിറക്കി ഉള്ളിലേക്കു ചെലുത്തും.

ശ്വാസം വിടാൻ വയ്യാതായാൽ തൊണ്ടയിലൂടെ ദ്വാരമിട്ട് അതിലൂടെ കുഴലിറക്കി ശ്വാസം നിലനിർത്തും.

സർവ്വാംഗം സൂചികൾ, കുഴലുകൾ, മരുന്നുകൾ കയറ്റിക്കൊണ്ടേയിരിക്കും.

മൂക്കിൽ കുഴലിട്ടു പോഷകാഹാരങ്ങൾ കുത്തിച്ചെലുത്തിയാലും കുറച്ചു നാൾ കൂടി മാത്രം ജീവന്റെ തുടിപ്പു നില നിൽക്കും.

കഠിന രോഗബാധിതരായി മരണത്തെ നേരിൽ കാണുന്നവരെ അവസാന നിമിഷം നീട്ടി വപ്പിക്കാൻ ഐ സി യു വിലും വെന്റിലേറ്ററുകളിലും പ്രവേശിപ്പിച്ച് കഷ്ടപ്പെടുത്തേണ്ടതുണ്ടോ?

രക്ഷയില്ലെന്നു കണ്ടാൽ സമാധാനമായി പോകുവാൻ അനുവദിക്കയല്ലേ വേണ്ടത്?

വെള്ളമിറങ്ങാത്ത സ്ഥിതിയാണെങ്കിൽ
ഡ്രിപ് നൽകുക.

വ്യത്തിയായും സ്വച്ഛമായും കിടത്തുക, വേണ്ടപ്പെട്ട വരെ കാണാൻ അനുവദിക്കുക.

അന്ത്യ നിമിഷം എത്തുമ്പൊൾ ഏറ്റവും ഉറ്റവർ ചുറ്റും നിന്ന് കൈകളിൽ മുറുകെ പിടിച്ച് പ്രാർത്ഥിച്ചാൽ, ചുണ്ടുകളിൽ തീർത്ഥമിറ്റിച്ച് അടുത്തിരുന്നാൽ, അതൊക്കെയല്ലേ മരണാസന്നന് ആവശ്യമായ സാന്ത്വനം?

അത്രയൊക്കെ പോരെ പറന്നകലുന്ന ജീവന്?

ആസ്‌പത്രിയിൽ കിടന്നു മരിച്ച വ്യക്തിയുടെ മെഡിക്കല് റിപ്പോർട്ട്, ബന്ധുക്കളിൽ നിന്നും ആസ്പത്രി ഈടാക്കിയ അസ്പത്രി ചെലവ് എന്നിവ ഗവണ്മെൻറിൽ സമർപ്പിക്കാൻ ഒരു നിയമം കൊണ്ടു വരണം.

ആസ്‌പത്രിയിൽ കിടന്നു മരിച്ചാലും മനുഷ്യ ജീവനു അർഹിക്കുന്ന വില ലഭിക്കണം.

മരിക്കാൻ ആസ്പത്രിയുടെ ആവശ്യം ഇല്ല.

രോഗി രക്ഷപെടുക ഇല്ല എന്നു തോന്നിയാൽ രോഗിയെ വീട്ടിൽ കൊണ്ടു പോകാൻ ബന്ധുക്കളെ പ്രേരിപ്പിക്കുക ആണു ആസ്പത്രികൾ ചെയ്യേണ്ടത്.

ഐ സി യു ൽ വൃദ്ധരായ രോഗികൾ ഒരുവിധത്തിലും പീഢനം അനുഭവിക്കാൻ പാടില്ല. THIS IS MY PERSONAL OPINION.

DR.MARY KALAPURAKAL
pain&palliative care dpt.
Caritas, Kottayam

Shared as received
@topfans

Leave a Comment