“ഞാനും ശങ്കരനോ? അല്ല ശങ്കരിയോ ?!”

Time Taken To Read 3 Minutes

മയ്യഴിയിൽ 2016 ൽ നടന്ന തിരഞ്ഞെടുപ്പിന് ശേഷം പലരും സ്വയം ചോദിക്കുന്ന ചോദ്ധ്യമാ മുകളിലേതു ? ഇതിനുത്തരം കണ്ടെത്തണമെങ്കിൽ സാക്ഷാൽ ശങ്കരന്റെ ഒരു കഥയറിയണം

ആ കഥ മനസ്സിലാവണമെങ്കിൽ ആദ്ദ്യം വേതാളം ആരെന്നറിയണം..?

നമ്മളൊക്കെ വിക്രമാദിത്യ കഥകളിലൂടെ, വേതാളത്തെപറ്റി ധാരാളം വായിച്ചിട്ടുണ്ടാവും. വേതാളം എത്ര കഥകൾ പറഞ്ഞെന്നോ? കഥകളുടെ എണ്ണമെത്രയെന്നോ?  വേതാളം കഥപറയാനുണ്ടായ സാഹചര്യം എന്താണെന്നോ? വേതാളം ആരായിരുന്നു എന്നോ ? എങ്ങനെയാണ് വേതാള ജന്മം സ്വീകരിക്കേണ്ടിവന്നത്? എന്നൊക്കെ പലർക്കും അറിയാത്ത കാര്യമായിരിക്കാം!

ഒരു ചിത്രകഥയിലും എഴുതിയതായിട്ടും വായിച്ചു കാണില്ല. പണ്ടാരോ പറഞ്ഞത് പോലെ ദൈവത്തിനെ എല്ലാവർക്കും അറിയാം, എന്നാൽ ദൈവത്തിനു ആരെയും അറിയില്ല എന്നൊക്കെ പറയുന്നത് പോലെ ?

…. പൂർവ്വ ജന്മത്തിൽ വേതാളം ഒരു ദരിദ്രനായ ബ്രാഹ്മണനും, അടുത്തുള്ള ശിവക്ഷേത്രത്തിലെ കഴകക്കാരനും ആയിരുന്നു..

പഴയകാലം, വളരെ ദാരിദ്ര്യം അനുഭവിച്ചു വളർന്ന കഴകക്കാരന്റെ പേര് (വേതാളത്തിന്റെ) സോമദത്തൻ എന്നായിരുന്നു …

ദിവസവും അത്താഴ പൂജ കഴിഞ്ഞ് നടയടക്കുമ്പോൾ? ദേവനു നേദിച്ച പടച്ചോറും, പായസവും, ശാന്തിക്കാരൻ കഴകം നോക്കുന്ന സോമദത്തനു നൽകുകയായിരുന്നു പതിവ്… അതു കൊണ്ടുപോയിട്ട് വേണം തനിക്കും ഭാര്യക്കും ആഹാരം കഴിക്കാൻ, അത്രയ്ക്ക് ദാരിദ്ര്യമായിരുന്നു സോമദത്തന്റെ കുടുംബത്തിൽ..

പതിവ് പോലെ ഒരു ദിവസം അത്താഴ പൂജ കഴിഞ്ഞു നമ്പൂതിരി സോമദത്തനെ നോക്കി, പക്ഷേ സോമദത്തനെ അവിടെയെങ്ങും കാണാൻ കഴിഞ്ഞില്ല. സോമദത്തൻ പോയിക്കാണും എന്ന് കരുതി നമ്പൂതിരി ക്ഷേത്ര നടയടച്ചു വീട്ടിലേക്കു പോയി..

ഈ സമയമത്രയും സോമദത്തൻ ക്ഷീണം കാരണം ക്ഷേത്രത്തിന്റെ ഒരു കോണിൽ മയങ്ങുന്നുണ്ടായിരുന്നു. ഉണർന്നപ്പോൾ അദ്ദേഹത്തിന് കാണാൻ സാദിച്ചത് ക്ഷേത്രം പൂട്ടി നമ്പൂതിരി പോയിരിക്കുന്നു…!

നമ്പൂതിരിപോയെങ്കിലും സോമദത്തനാറിയാമായിരുന്നു പടച്ചോറും – പായസവും ക്ഷേത്രത്തിനുള്ളിൽ ഉണ്ടാവും; പാവം ഭാര്യ വിശന്നു കാത്തിരിക്കുന്നുണ്ടാവും… നേരമാണെങ്കിൽ അസമയവും, എന്ത് ചെയ്യും എന്നാലോചിച്ചു ഒരു തീരുമാനത്തിൽ എത്തി മെല്ലെ ക്ഷേത്രത്തിലേക്ക് പ്രവേശിച്ചു..

പെട്ടെന്ന് അയാൾ ആ കാഴ്ചകണ്ടു?
ക്ഷേത്രത്തിലെ ശ്രീകോവിലിനുള്ളിൽ ശിവനും – പാർവ്വതിയും തമ്മിൽ സല്ലപിച്ചിരിക്കുന്നു. ഇതിൽപ്പരം ആനന്ദ ലബ്ദിക്ക് എന്തുവേണം?

ബ്രാഹ്മണൻ ഉടൻ തന്നെ തൂണിനു പുറകിലോളിച്ചു. ശിവനും – പാർവ്വതിയും തമ്മിൽ പല – പല കാര്യങ്ങളും ചർച്ച ചെയ്യുന്നുണ്ട്. ശിവൻ പാർവ്വതിക്ക് കുറെ കഥകളും, അവയുടെ സാരവും പറഞ്ഞു കൊടുത്തു .

ദേവീ…. ദേവന്മാരുടെ ഈ സംഭാഷണമെല്ലാം കഴകക്കാരൻ മനപാഠമാക്കി.. ശിവ – പാർവ്വതി മാരുടെ സമയം കഴിഞ്ഞപ്പോൾ അവർ കൈലാസത്തിലേക്ക് അപ്രത്യക്ഷരായി..

അന്ന് പതിവിലും താമസിച്ചുവന്ന ഭർത്താവിനോട് ഭാര്യ പരിഭവിച്ചു .
ആദ്യമൊന്നും, താൻ കണ്ട ആ കാഴ്ച പറയാൻ അയാൾ തയ്യാറായില്ല.

കഴകക്കാരനാകട്ടെ ഏതോ ആത്മനിർവൃതിയിൽ ലയിച്ചങ്ങനെയിരുന്നു..

അസാധാരണമായി ഭർത്താവിൽ കണ്ട മാറ്റം, ഭാര്യയെ സംശയാലുവാക്കി.

അവർ കാര്യമെന്താണെന്നു പറയാൻ ഭർത്താവിനെ നിർബന്ധിച്ചു..

ഒടുവിൽ ഗത്യന്തരമില്ലാതെ സോമദത്തൻ താൻ കണ്ടതും കേട്ടതുമായ എല്ലാ വിവരങ്ങളും ഭാര്യയോട് പറഞ്ഞു.. ഈ വിവരം മറ്റാരോടും പറയരുതെന്നും വിലക്കി.

നേരം പുലർന്നു , പിറ്റേന്ന് വെള്ളം കോരാൻ കിണറ്റിൻകരയിലെത്തിയ കഴകക്കാരന്റെ ഭാര്യ, അവിടെ വെള്ളം കോരാൻ വന്ന സ്ത്രികളോടെല്ലാം ഈ വിവരങ്ങൾ പറഞ്ഞു..

അങ്ങനെ ദേവരഹസ്യങ്ങൾ ഭൂമിയിലെ അങ്ങാടിപാട്ടായി …

ഒരു ദിവസം നാരദർ ഭൂമിയിൽ ചുറ്റി സഞ്ചാരിക്കുന്നതിനിടയിൽ ജനങ്ങൾ സ്വർഗ്ഗ രഹസ്യങ്ങൾ സംസാരിക്കുന്നത് കേട്ടു.

അസ്വസ്ഥതയോടെ അവിടാകെ ചുറ്റിക്കറങ്ങിയപ്പോൾ? മനസ്സിലായി.. കഴകക്കാരന്റെയും ഭാര്യയുടെയും അടുത്തുനിന്നാണ് അതിന്റെ ഉറവിടം എന്ന് മനസ്സിലാക്കിയ നാരദർ, ഉടൻ തന്നെ കൈലാസത്തിലെത്തി ശിവഭഗവാനോട് കാര്യങ്ങൾ വിശദീകരിച്ചു …

അല്ലെങ്കിലും നാരദന്റെ പണി തന്നെ അതല്ലേ ? നമ്മുടെ ഇടയിലും ഉണ്ട് ചില നാരദന്മാർ..! കണ്ടെത്തി അകറ്റി നിർത്താലാണ് പ്രയാസം..

ശിവഭഗവാനു കോപം വന്നു, ഭഗവാൻ കഴകക്കാരന് മുന്നിൽ പ്രത്യക്ഷപെട്ടു.
കാര്യങ്ങൾ മറഞ്ഞുനിന്നു കാണുകയും കേൾക്കുകയും ചെയ്തത് പൊറുക്കാൻ പറ്റാത്ത തെറ്റായതിനാൽ നീ ഒരു വേതാളമായി മാറട്ടെ എന്ന് ശിവ ഭഗവാൻ ശപിച്ചു…

കൂടാതെ താൻ കേട്ട കാര്യങ്ങൾ ” നാവാടി ” എല്ലാവരെയും അറിയിച്ച കഴകക്കാരന്റെ ഭാര്യയടക്കമുള്ള സ്ത്രികൾക്ക് രഹസ്യം സൂക്ഷിക്കാനുള്ള കഴിവില്ലാതാകട്ടെ എന്നും ശപിച്ചു … (ഇപ്പോഴും അങ്ങനെത്തന്നെ!)

കഴകക്കാരനു ദുഃഖംസഹിച്ചില്ല. ഉടലില്ലാത്ത ശാപജന്മമായ വേതാളമായി കഴിയേണ്ടിവരുന്നതോർത്ത്‌ അയാൾ ഭഗവാന്റെ കാലിൽ വീണു കരഞ്ഞു. തന്റെ തെറ്റു പൊറുത്തു ശാപമോഷം തരണമെന്ന് കേണു …

ഭക്തവത്സലനായ ഭഗവാൻ കനിഞ്ഞു ശാപ മോക്ഷം കിട്ടാൻ ഒരു വഴി പറഞ്ഞുകൊടുത്തു . തന്നെ രക്ഷിക്കാൻ വിക്രമാദിത്യനെന്ന പ്രതാപശാലിയായ രാജാവെത്തി വേതാളത്തെ രക്ഷിക്കുമെന്നും, അദ്ദേഹത്തോട് പണ്ട് കേട്ട മുപ്പതുകഥകളും ചോദിക്കണമെന്നും, അതിൽ ഒരെണ്ണമൊഴികെ മറ്റെല്ലാത്തിനും ഉത്തരം തരുമെന്നും അപ്പോൾ വേതാളത്തിന്റെ ജന്മം ശാപമുക്തമാകുമെന്നും അരുൾ ചെയ്യ്ത ശേഷം ഭക്തവത്സലനായ ഭഗവാൻ മറഞ്ഞു..

കഴകക്കാരൻ വേതാളമായി മാറി. മുരിക്കിൻ മരത്തിൽ തലകീഴായി കിടന്നു വിക്രമാദിത്യ മഹാരാജാവിന്റെ വരവിനായി കാത്തിരുന്നു…

നിങ്ങൾ ഇപ്പോൾ കരുതുന്നുണ്ടാവും ഇ കഥ ഇപ്പോൾ എന്തിനാണ് പറയുന്നത് എന്ന്? വേതാളത്തിനു മുപ്പതു കഥയെ പറയേണ്ടതായിട്ടുള്ളു. കൂട്ടത്തിൽ വേതാളം തിരഞ്ഞെടുപ്പ്ന്റെയും മയ്യഴിയിലുണ്ടായ പുരോഗമനത്തിന്റെയും കഥ കൂടി പറഞ്ഞു അതിനുള്ള മറുപടി കിട്ടാതെ വന്നാൽ തനിക്കു വേഗത്തിൽ മോക്ഷം കിട്ടുമല്ലോ എന്ന് കരുതി വേതാളം ആദ്യം പറഞ്ഞ കഥ തിരഞ്ഞെടുപ്പിന്റേതായിരുന്നു,മയ്യഴിയിലെ  ശങ്കര ശങ്കരികളുടേതായിരുന്നു.

രണ്ടു ദിവസം മുൻപ് എന്റെ കൊളീഗായിരുന്ന സാബിത്തിൽനിന്നും ലഭിച്ച ഗുഡ്മോർണിംഗ് മെസേജിലെ വരികളാണ് . ഇന്നത്തെ കുറിപ്പിനോടൊപ്പം ചേർത്തെഴുതാൻ പറ്റിയ വരികളാണെന്നു തോന്നി . അതുകൂടി ഇവിടെ പകർത്തട്ടെ .?

എല്ലാവരും ഉള്ളപ്പോൾ, ആരുടെയും വില മനസ്സിലാകില്ല. എന്നാൽ, ആരുമില്ലാതാകുമ്പോൾ, പഴിപറഞ്ഞു പണ്ടു മാറ്റി നിർത്തിയ ഓരോ ബന്ധത്തിൻ്റെയും വില നാമറിഞ്ഞു തുടങ്ങും. ബന്ധങ്ങളിൽ ഇഷ്ടങ്ങളെ തൃപ്തിപ്പെടുത്തുന്നവർക്ക് അവരുടേതായ ചില ഇഷ്ടങ്ങളും കാണും? അവയ്ക്കു നാമും കുട പിടിക്കണ്ടി വരും? എന്നാൽ, ആവശ്യങ്ങളുള്ളവരോടടുക്കാനോ, അവരോടൊപ്പം നിൽക്കാനോ, യഥാർത്ഥ സൗഹൃദങ്ങൾക്കേ കഴിയൂ.!

നാം പ്രവർത്തിക്കുന്ന മേഖലയിൽ ഞാൻ എല്ലാം കൊണ്ടും ഉത്തമനാണ് എന്ന അഹംബോധം വെച്ച് പുലർത്തുന്നവർക്കാണ് ഏറ്റവും കൂടുതൽ വീഴ്ച്ച സംഭവിക്കുക. നമുക്ക് എത്ര അനുഭവസമ്പത്തുണ്ടെങ്കിലും വീഴ്ച്ചകൾ സംഭവിച്ചേക്കാം കാരണം നാം മനുഷ്യനാണ് വെറും മനുഷ്യൻ.!

മയ്യഴിയിലേ ശങ്കര പുരാണം…. കഥ തുടരുന്നൂ…

ശ്രീ വത്സരാജ് ഭരണത്തിൽ ഉള്ളപ്പോഴായാലും പ്രതിപക്ഷത്തായപ്പോഴും മെയ്യഴയിൽ ഒരു വികസന കുതിപ്പ് തന്നെയാണ് ഉണ്ടായിട്ടുള്ളത്. ഇതിനോടകം തന്നെ അത് മയ്യഴി ജനത അംഗീകരിച്ച വസ്തുതയാണ്. വീണ്ടും വീണ്ടും അക്കമിട്ട് ഇവിടെ  ആവർത്തിക്കുന്നതിൽ ഒരു കഴമ്പുമില്ല.

അരി എത്ര എന്ന് ചോദിക്കുമ്പോൾ പയർ അഞ്ഞാഴി എന്നേ ഇതിനെ അംഗീകരിക്കാത്തവർ പറഞ്ഞു നടക്കാറുള്ളു . ഇവരോട് ഒന്ന് മാത്രമേ ഒർമിപ്പിക്കാനുള്ളു… ഉറങ്ങുന്നവനെ ഉണർത്താം.. ഉറക്കം നടിക്കുന്നവരെ ഒന്നും ചെയ്യാൻ പറ്റില്ല . .

ഇനി മയ്യഴിയിലെ മഞ്ഞക്കമല പിടിച്ച രാഷ്ട്രീയക്കാരോട് അല്പം കാര്യം?

ഇതൊക്കെ അറിഞ്ഞു തന്നെയാണ് തന്റെ 50 – 55 വർഷത്ത രാഷ്ട്രീയ ജീവിതത്തിൽ? അതിൽ 26 വർഷത്തിലധികം നിയമസമാജികനും വിവിധ വകുപ്പുകളടക്കം കൈകാര്യം ചെയ്തു കൊണ്ട് ആരോഗ്യമന്ത്രിയും ആഭ്യന്തര മന്ത്രി പദവും കൈകാര്യം ചെയ്തപ്പോഴുണ്ടായ അനുഭവങ്ങൾ ആത്മകഥയായി പുസ്തക രൂപത്തിൽ നമുക്ക് മുമ്പിലെത്തിക്കുന്നതു.

കഥയിലെ കഥാപാത്രങ്ങൾ ഇത് ഞങ്ങളെ പറ്റിയാണോ എന്ന് വായിക്കുന്നവരിൽ ആർക്കെങ്കിലു  തോന്നിപ്പോയാൽ ആ തോന്നൽ സ്വാഭാവികം മാത്രം എന്ന് പറഞ്ഞുകൊണ്ട് ശങ്കര ശങ്കരികളുടെ കഥ തുടരട്ടെ? 

കഥ തുടങ്ങാനും മുഴുമിപ്പിക്കാനും ഒരു പേരുവേണമെന്നുള്ളതുകൊണ്ട്  തൽക്കാലം നമുക്ക് ഇദ്ദേഹത്തെ ശങ്കരേട്ടൻ അല്ലെങ്കിൽ ശങ്കരിയേട്ടത്തി എന്ന് നമുക്ക് വിളിക്കാം.

ഇനി ഇതുപോലെ ഏതെങ്കിലും ശങ്കരന്മാരോ – ശങ്കരി മാരോ ഉണ്ടെങ്കിൽ എന്നോട് സദയം ക്ഷമിക്കുക.

ശങ്കരേട്ടൻ ദീർഘകാലമായി മിൽ തൊഴിലാളിയായിരുന്നു.. അറിയപ്പെടുന്ന രാഷ്ട്രീയ പാർട്ടിയുടെ അനുഭാവിയും.

തന്റെ അറുപതാമത്തെ വയസ്സിൽ റിട്ടയർ ചെയ്യന്നതിനിടയിൽ പലരെയും സ്വാധീനിച്ചു നേതാവിനെ കണ്ടു സ്വന്തമായി വീടില്ലാത്തതിന്റെ സങ്കടം പറഞ്ഞു “സ്ലം ക്ലിയറൻസിന്റെ സ്‌കീമിൽ പ്പെടുത്തി നല്ലൊരു വീട് ശരിയാക്കിയെടുത്തു”.

മൂത്ത മകളെ പഠിപ്പിച്ചു നേഴ്സിങ് ട്രെയിനിങ് കഴിപ്പിച്ചു നേതാവിന്റെ സഹായത്തോടെ സമീപത്തെ സർക്കാർ ആശുപത്രിയിൽ പത്തെഴുപതിനായിരം രൂപാ ശമ്പളത്തിൽ സർക്കാർ ജോലിയും തരപ്പെടുത്തി.

ഇതിനിടയിൽ മകന്റെ വിദ്ദ്യാഭ്യാസം കഴിഞ്ഞു ഹോം ഗാർഡിൽ താൽക്കാലിക ജോലി തരപ്പെടുത്തി . ഒരു വർഷത്തോളം ഹോംഗാർഡ് ജോലി തൃപ്തിയില്ലെങ്കിലും തുടരുന്നൂ എന്ന് മാത്രം . കാരണം ആൾ ബി എ ക്കാരനാ .. ഇതും പറഞ്ഞു ശങ്കരേട്ടൻ ഇടയ്ക്കിടെ നേതാവിനെ ക്കണ്ടു പോലീസിലോര് സ്ഥിരംജോലിക്കു വേണ്ടി തലയും ചൊറിഞ്ഞു നിൽക്കും . ഒടുവിൽ ഗത്യന്തരമില്ലാതെ അതും സാദിച്ചെടുത്തു ശങ്കരേട്ടൻ.

ഇതിനിടയിൽ ഇളയമകൾ ഡിഗ്രി കഴിഞ്ഞു ബി എഡ് നു ചേർപ്പിച്ചു .

തികച്ചും സമാദാനപരമായ ജീവിതം നയിച്ച് 60 ആം വയസിൽ റിട്ടയർ ചെയ്തു വീട്ടിൽ കഴിയുമ്പോഴാണ് ഒരു ദിവസം തലകറങ്ങി വീഴുകയും ആരൊക്കയൊകൂടി ആശുപത്രിയെലെത്തിച്ചു പരിശോധനയിൽ  ഹൃദയത്തിന്റെ തകരാറു തിരിച്ചറിയുന്നത്,

വാർഡ് മെമ്പറെയും കൂട്ടി നേതാവിനെ കാണുന്നു സർക്കാർ ചിലവിൽ സൗജന്യ ഹൃദയ ശസ്ത്രക്രിയ തരപ്പെടുത്തി .

അങ്ങനെ ഇരിക്കുമ്പോഴാണ് ശങ്കരേട്ടന് ഒരു ബുദ്ധിമുട്ടു അനുഭവ പെടുന്നത് തനിക്കു തുടർ പരിശോധന നടത്താൻ ആശുപത്രിയിൽ പോകാൻ ബുദ്ധിമുട്ടു! റോഡ് അകെ പൊട്ടിപ്പൊളിഞ്ഞു കുണ്ടും കുഴിയും ആയി കിടക്കുന്നു..  താൻ പുതുതായി വാങ്ങിയ വാഹനം പോകാൻ  പറ്റാത്ത അവസ്ഥയിലാണെന്ന് സാരം .

വാർഡ് മെമ്പറെ കൂട്ടി തന്റെ രോഗാവസ്ഥ വിശദീകരിച്ചു നേതാവിനോട് റോഡിന്റെ ദയനീയാവസ്ഥ പരിഹരിക്കാനുള്ള ആവശ്യം ഉന്നയിച്ചു.

നേതാവിന്റെ സ്വാധീനം കൊണ്ട് സർക്കാരിൽ സമ്മർദം ചെലുത്തി ഏതോ സ്‌കീമിൽ ഉൾപ്പെടുത്തി റോഡും നവീകരിച്ചുകൊടുത്തു . .

അപ്പോഴാണ് മകന്റെ കല്ല്യാണം വന്നത് സ്വാഭാവീകമായും വീടൊക്കെ ഒന്ന് കൂടി മോടിപിടിപ്പിക്കണം! അഡീഷനലായി ഒരു കക്കൂസ് കൂടിവേണം.

നേതാവിനെ വീണ്ടും സമീപിക്കുന്നു സ്വേച് ഭാരത് സ്‌കീമിൽ ഉൾപ്പെടുത്തി ഒരു കക്കൂസും , സഹകരണ സ്ഥാപനത്തിൽ നിന്നും ദീർഘകാല വായ്പയും തരപ്പെടുത്തുന്നു..

എല്ലാംകൊണ്ടും അല്ലലില്ലാത്ത ജീവിതം .

ഇതിനിടയിൽ ശങ്കരേട്ടന് വീണ്ടും ഒരു ആഗ്രഹം തന്റെ ഇളയ മകളുടെ പഠിപ്പു  കഴിഞ്ഞു വീട്ടിലിരിക്കുന്നു. സമീപത്തെ സർക്കാർ സ്‌കൂളിൽ  ഒരു ജോലി തരപ്പെടുത്തിയാൽ നല്ലതായിരുന്നു എന്ന് ആരോ ഉപദേശിച്ചു അതുപ്രകാരം നേതാവിനെ കണ്ടു അഭ്യർത്ഥിച്ചു.

നേതാവ് ശങ്കരേട്ടനോട് ശ്രമിക്കാം ശങ്കരേട്ടാ… തിരഞ്ഞെടുപ്പു ഒന്ന് കഴിയട്ടേ .

ശങ്കരേട്ടന് അത് ഇഷ്ടപ്പെട്ടില്ല എന്ന് അദ്ദേഹത്തിന്റെ ബോഡിലേങ്ഗ്വേജിലൂടെ മനസ്സിലായി.

തിരഞ്ഞെടുപ്പു അടുത്തു ഇതുവരെ ചെയ്ത സഹായം വെച്ച് നോക്കുമ്പോൾ നമ്മുടെ നേതാവിന് തന്നെ വോട്ടുറപ്പിച്ചു നേതാവിന്റെ പാർട്ടിയും .

അങ്ങനെയിരിക്കുമ്പോഴാണ് എതിർ പാർട്ടിയിലെ സ്ഥാനാർഥി ശങ്കരേട്ടനെ കണ്ടു വോട്ടഭ്യർത്ഥിക്കാൻ വന്നത്!

സ്ഥാനാർത്ഥിയും സംഘവും ശങ്കരേട്ടനോട് ദീർഘനേരം സംസാരിച്ചു . സംസാരത്തിനിടയിൽ ശങ്കരേട്ടന്റെ കുടുംബവിവരമെല്ലാം ചോദിച്ചറിഞ്ഞു

ഇടയിൽ ഒന്നുകൂടി ചോദിച്ചു ഇളയമകൾക്കു ജോലിയൊന്നും ആയില്ല അല്ലേ?

കഷ്ടം താങ്കളുടെ പാർട്ടിയൊന്നും ചെയ്തു തന്നില്ലേ ?

ഇല്ലെന്നു ശങ്കരേട്ടൻ ..!

ശരി ശങ്കരേട്ടാ ഇലക്ഷൻ കഴിയട്ടെ കൂട്ടത്തിൽ ശങ്കരേട്ടന്റെ ഇളയമകളുടെ ബയോ ഡേറ്റയും വാങ്ങിച്ചു ശരിയാക്കാം എന്ന ഉറപ്പും നൽകി!

ഇറങ്ങാൻ നേരം സ്ഥാനാർഥിക്കു ഒന്ന് മൂത്രം ഒഴിക്കാൻ സൗകര്യം ചോദിച്ചു..

സന്തോഷത്തോടെ താൻ പുതുതായി പണികഴിപ്പിച്ച കക്കൂസിന്റെ ഉത്ഘാടനവും നിർവഹിച്ചു തിരിച്ചുവന്നു വീണ്ടും ശങ്കരേട്ടനോട് ?

എന്താ ശങ്കേരേട്ടാ നല്ലൊരു ബക്കറ്റും മഗ്ഗും ഇല്ലല്ലോ കക്കൂസിൽ ?

പിന്നെ അണികളെവിളിച്ചു നിർദ്ദേശം നൽകിയതനുസ്സരിച്ചു

ഉടനെ തന്നെ എത്തി ചുകന്ന ബക്കറ്റും മഗ്ഗും .

ശങ്കരേട്ടൻ സന്തോഷത്തോടെ സ്വീകരിച്ചു.

സ്ഥാനാർത്ഥിയും അണികളും പോകുന്നതിനു മുൻപ് ശങ്കരേട്ടനെ കെട്ടിപിടിച്ചു  ചെറിയ  കവർ പോലെ ഒരു സാദനം കൈയ്യിൽ തിരുകി നൽകി.

അവർ പോയപ്പോൾ ശങ്കർട്ടന്റെ ഭാര്യ? ശങ്കരേട്ടനെ നോക്കിപ്പറഞ്ഞു; എത്ര നല്ല ആൾക്കാർ?

ഇതുവരെ ആർക്കും തോന്നിയില്ലല്ലോ നമ്മുടെ കക്കൂസിൽ ഒരു ബക്കറ്റില്ലാത്ത കാര്യം!

എല്ലാം അറിഞ്ഞു ചെയ്ത ഇവർക്കാവട്ടെ ഇപ്രാവശ്യത്തെ വോട്ടു .

തിരഞ്ഞെടുപ്പ് കഴ്ഞ്ഞു വർഷം നാലു കഴിഞ്ഞിട്ടും മകളുടെ ജോലിക്കാര്യത്തിൽ ഇതുവരെ ഒന്നും ശരിയായിട്ടില്ല! എങ്കിലും ശങ്കരേട്ടനും കുടുംബവും ഇപ്പോഴും നമ്മുടെ പഴയ നേതാവിന്റെ വീട്ടിൽ പ്രാരാബ്ധങ്ങളുടെ കെട്ടുമായി വീണ്ടും കയറി ഇറങ്ങുന്നു എന്നുള്ളതല്ലെ മയ്യഴിയിലെ പരമാർത്ഥം എന്നു ഈ യുള്ളവന് ഒരു സംശയം? .

ഇതുപോലെ എത്ര എത്ര ശങ്കരന്മാർ ഒഴിയാബാധപോലെ കുറ്റബോധത്തോടെ മയ്യഴിയിലെ പല പ്രദേശങ്ങളിലും ഇരുന്നു പശ്ചാത്തപിക്കുന്നു എന്ന് പറയാതെ പറയുന്ന നഗ്ന സത്യം .

ഇല്ല ശങ്കരന്മാരെ നിങ്ങൾ വഞ്ചിച്ചത് നിങ്ങളെ മാത്രമല്ല ഒരു ദേശത്തെ ജനതയെ മുഴുവനാണ്, ഒരു ദേശത്തിന്റെ മുഴുവൻ വികസനത്തെയാണ്..

അപ്പോഴുണ്ട് അശരീരിപോലെ ഒരു ശബ്ദം പിന്നിൽ നിന്ന് ഉയർന്നുവന്നു ….

രാജാ…? ഞാൻ പറഞ്ഞ കുങ്കുമക്കളർ ബക്കറ്റും മഗ്ഗും വന്നോ ?

രാജൻ വന്നിരുന്നു ശങ്കരേട്ടാ.. പക്ഷെ എല്ലാം തീർന്നു . എന്തോ അറിയില്ല ഇപ്പോൾ കുംങ്കുമക്കളർ ബക്കറ്റും മഗ്ഗുമാ ട്രെന്റന്നു തോന്നുന്നു … എന്തായാലും ഇന്ന് വൈകുന്നേരം പുതിയ സ്റ്റോക്കുവന്നാൽ ഞാൻ എടുത്തുവെക്കാം..

ഞാൻ തിരിഞ്ഞു നോക്കുമ്പോൾ ശങ്കരേട്ടനുണ്ട് ഒരു ചമ്മിയ മുഖത്തോടെ നിൽക്കുന്നു …

ഉലകമേ മായം … എനിക്കും കിട്ടണം പണം…

മഠത്തിൽ ബാബു ജയപ്രകാശ് ………✍My Watsapp Contact No 9500716709

Leave a Comment