Time Taken To Read 10 Minutes
രണ്ടു ദിവസം മുൻപ് യാദൃശ്ചികമായാണ് ഒരു വാട്സാപ്പ് ഗ്രൂപ്പിലൂടെ തലശ്ശേരിയെപ്പറ്റിയുള്ള ഒരു ദീർഘമായ കുറിപ്പ് വായിക്കാനിടയായതു. വായനതുടർന്നപ്പോൾ വളരെ താല്പര്യംതോന്നി.
വായനാശീലം തീരെകുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ ദീർഘമായ ഈ കുറിപ്പ് എത്രപേർ വായിച്ചിരിക്കും?. ഒരു മുൻവിധിയോടെ അല്ലെങ്കിലും പലരും വേണ്ടത്ര പരിഗണന നൽകാതെ ഇഗ്നോർ ചെയ്തതായിട്ടാണ് എനിക്ക് മനസ്സിലാക്കാൻ സാദിച്ചതു.
പ്രസ്തുത കുറിപ്പ് എന്റെ ബ്ലോഗ്‌പേജിലൂടെ അൽപ്പം എഡിറ്റുചെയ്തു അത്യാവശ്യമായ തിരുത്തലുകൾ വരുത്തി കൂടുതൽ പേരിൽ എത്തിക്കാനുള്ള ചിന്തയായിരുന്ന മനസ്സിൽ. അതിനുമുൻപ് ഈ കുറിപ്പെഴുതിയ കാസിമിന്റെ സമ്മതമില്ലാതെ ചെയ്യുന്നത് ശരിയല്ല എന്ന ഒരു തോന്നൽ. ഇത് എഴുതി പൂർത്തിയാക്കിയ കാസിമിനെ നേരിട്ട് പരിചയവുമില്ല. എങ്കിലും വായിക്കുമ്പോൾ എവിടെയോ മനസ്സിൽപ്പറയുന്നു വളരെ അടുത്ത ഒരാളുമായുള്ള ബന്ധംപോലെ.?
മെസേജ്‌ഫോർവേഡ് ചെയ്തുതന്ന സുഹൃത്തിനോട് ചോദിച്ചു ഒരു മറുപടിയും ലഭിച്ചില്ല . പിന്നെക്കരുതി നാട്ടിലെത്തിയാൽ തലശ്ശേരി മുന്സിപ്പാലിറ്റിയുമായി ബന്ധപ്പെട്ടാൽ ഒരുപക്ഷെ ഡീറ്റെയിൽസ് ലഭിക്കുമായിരിക്കുമെന്നു.
അങ്ങനെ ഇരിക്കുമ്പോഴാണ് ഇന്ന് മയ്യഴിക്കൂട്ടത്തിന്റെ ഫേസ് ബുക്ക് പേജിൽ ആ മെസേജിന്റെ അവസാനഭാഗം എഴുതിക്കണ്ടതു . അതുവായിച്ചപ്പോൾ ഒരു പൂർണ്ണത ഇല്ലാത്ത അനുഭവം. ഉടനെ ജിനോസ് ബഷീറുമായി ബന്ധപെട്ടു അന്വേഷണം നടത്തി കാസിമിനെ അറിയാമോ . അദ്ദേഹം അന്വേഷിച്ചു വിവരം നൽകാമെന്നേറ്റു , കൂട്ടത്തിൽ കാസിമിന്റെ പോസ്റ്റിന്റെ കമന്റികോളത്തിൽ ഒരു റിക്വസ്റ്റുമിട്ടു . കുറച്ചുകഴിഞ്ഞപ്പോൾ കാസിം അദ്ദേഹത്തിന്റെ നമ്പർ അയച്ചുതന്നു .
തിരിച്ചുവിളിച്ചു പരിചയപ്പെടുമ്പോൾ മനസ്സിലായി എന്റെ അമ്മാമൻ ബാലനുമായി ഒപ്പം ജോലിയെടുത്ത ആളാണെന്നു . അദ്ദേഹത്തിന്റെ സമ്മതത്തോടെ വായനാ സുഖത്തിനു വേണ്ടുന്ന ചില മാറ്റങ്ങൾ വരുത്തി കുറച്ചു ഫോട്ടോഗ്രാഫോക്കെ ഉൾക്കൊള്ളിച്ചു വീണ്ടും നിങ്ങളിലേക്ക് . ചുരുക്കിപ്പറഞ്ഞാൽ പഴയ വീഞ്ഞ് പുതിയകുപ്പിയിൽ. താൽപ്പര്യമുള്ളവർക്ക് വായിക്കാം …
തലശ്ശേരിയെപ്പറ്റിയുള്ള മറ്റൊരു കുറിപ്പ് എഴുതിതെയ്യാറായിവരുന്നു… അതിന്റെ തലവാചകം (തലശ്ശേരിപുരാണം) ഈ കുറിപ്പിനിട്ടു നിങ്ങൾക്കായി സമർപ്പിക്കട്ടെ…
വെള്ളം വെള്ളം സർവ്വത്ര തുള്ളി കുടിപ്പാനില്ലത്രെ! ബി. മുഹമ്മദ്
കാസിം, തലശ്ശേരി
🍇🍇🍇🍇🍇🍇🍇
തലശ്ശേരി നഗരത്തിൻ്റെ പഴയ പ്രതാപത്തിൻ്റെയും ഇപ്പോഴത്തെ ദയനീയമായ അവസ്ഥയുടെയും കാര്യം ആലോചിച്ചപ്പോൾ തോന്നിയ വാചകമാണ് അഥവാ ഒരു ചൊല്ലാണ് ടൈറ്റിലായി എഴുതിയത്…
തലശ്ശേരിയിലും ചുറ്റുവട്ടത്തും ഉണ്ടായിരുന്നതും ഇപ്പോൾ ഉള്ളതുമായ; രാഷ്ട്രീയ രംഗത്തും ഭരണ രംഗത്തും പ്രഗൽഭരായ നേതാക്കന്മാരുടെ എണ്ണത്തിന് യാതൊരു പഞ്ഞവുമില്ല. ഓർമ്മയിലുള്ള പ്രശസ്തരായ ചിലരുടെ പേരുകൾ ഇവിടെ കുറിക്കട്ടെ?
1.ജസ്റ്റിസ്.വി.ആർ.കൃഷ്ണയ്യർ 2.സ.എ.കെ.ഗോപാലൻ. 3.സ. പാട്യം ഗോപാലൻ
4 .നെട്ടൂർ. പി. ദാമോദരൻ
5.സി.കെ.പി.ചെറിയമമ്മുക്കേയി. 6.ടി.എം.സാവാൻ കുട്ടി 7.സ.സി.എച്ച്.കണാരൻ
8.പി.ആർ.കുറുപ്പ്
9.കെ.എം.സൂപ്പി
10.സ.കോടിയേരി ബാലകൃഷ്ണൻ
11.സ.ഇ.നാരായണൻ 12.എൻ.എ.എം.പെരിങ്ങത്തുർ
13.സ.പിണറായി വിജയൻ
14.എ.എൻ.ഷംസീർ. 15.ശൈലജ ടീച്ചർ. 16.ശ്രീമതി ടീച്ചർ. 17.വി.മുരളീധരൻ
18.പി.കെ.കൃഷ്ണദാസ്. 19.കെ.പി.മോഹനൻ
കൂടാതെ തലശ്ശേരിക്കാരല്ലെങ്കിലും തലശ്ശേരിയെ പ്രതിനിധീകരിച്ചും തലശ്ശേരിയെ രാഷ്ട്രീയക്കളരിയാക്കിയും പ്രശസ്തരായ
20.ഇബ്രാഹിം സുലൈമാൻ സേട്ട്
21.സീതി സാഹിബ്
22.കെ.പി.ഉണ്ണികൃഷ്ണൻ
23.ഇ.കെ.നായനാർ
24.ഒ.ഭരതൻ
25.മുല്ലപ്പള്ളി രാമചന്ദ്രൻ
26.കെ.മുരളീധരൻ
27.ഇ.അഹമ്മദ് സാഹിബ്
ഓർമ്മയിലേക്ക് നേതാക്കന്മാരുടെ ഒരു നീണ്ട പ്രവാഹം തന്നെ എൻ്റെ മനസ്സിലേക്കും വായനക്കാരുടെ ഓർമ്മയിലേക്കും കടന്നുവരുമെന്നറിയാവുന്നത് കൊണ്ട് തൽകാലം പേരെഴുത്തു നിർത്തട്ടെ…
ഇത്രയൊക്കെ നേതാക്കന്മാരുടെ സ്ഥലമായിട്ടും പ്രവർത്തനമേഖലയായിട്ടും അവരുടെയെല്ലാം പ്രവർത്തന കാലഘട്ടത്തിലൂടെ കടന്നു പോയിട്ടും തലശ്ശേരി നഗരത്തിന് കേരളാ സംസ്ഥാന രൂപീകരണത്തിന് മുൻപ്ഉണ്ടായിരുന്ന പ്രൗഢിയും പ്രതാപവും പദവിയും മഹിമയും ഓരോന്നോരോന്നായി നഷ്ടപ്പെട്ട് ഇന്നത്തെ ദയനീയമായ അവസ്ഥയിലേക്ക് എത്തിച്ചേരുന്നത് തടയാനോ പകരം എന്തെങ്കിലും തിരിച്ചു പിടിക്കാനോ തിരിച്ചുനൽകാനോ ഈ നേതാക്കന്മാർക്കായില്ലല്ലോ എന്നോർത്തപ്പോഴാണ് വെള്ളം വെള്ളം സർവ്വത്ര തുള്ളി കുടിപ്പാനില്ലത്രെ എന്ന ചൊല്ല് മനസ്സിലേക്ക് കടന്നു വന്നത്. നേതാക്കന്മാരിൽ ചിലരെങ്കിലും തലശ്ശേരിക്ക് “പാര ” യാവുകയും ചെയ്തു എന്നും കൂടി അറിയുമ്പോൾ എന്താ പറയ്ക; “ഒന്നും പറയുന്നില്ല.” “ഒന്നും പറയാനുമില്ല“
ഇനി നമുക്ക് പഴയ തലശ്ശേരിയേയും ഇന്നത്തെ തലശ്ശേരിയേയും ഒന്ന് താരതമ്യപ്പെടുത്തി നോക്കാം.
19 ആം നൂറ്റാണ്ടിന്റെ അവസാനത്തിലും 20 ആം നൂറ്റാണ്ടിന്റെ ആദ്യത്തിലും ബ്രിട്ടീഷ് ഇന്ത്യയിലെ പടിഞ്ഞാറു ഭാഗത്തെ പ്രധാന പട്ടണങ്ങളുടെ പേര് പറയുമ്പോൾ കറാച്ചി, ബോംബെ എന്നിവയോടൊപ്പം തലശ്ശേരിയുടെ പേരും പറയപ്പെട്ടിരുന്നതായി ചരിത്രം പരിശോധിച്ചാലറിയാം. കാരണം ദക്ഷിണേന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന തുറമുഖ പട്ടണങ്ങളിലാണേലും, ഭരണ സിരാ കേന്ദ്രങ്ങളിലാണേലും തലശ്ശേരിയായിരുന്നു മുൻപന്തിയിൽ!
വലിയ കപ്പലുകൾ കടലിൽ നങ്കൂരമിട്ട് നിർത്തി ചെറിയ ഉരുക്കളിലും, തോണികളിലുമായി കടൽപ്പാലം വഴി ചരക്കുകൾ കയറ്റിറക്കുമതി നടത്തിയിരുന്നതിന് എൻ്റെ ചെറുപ്പകാലത്ത് ഞാൻ തന്നെ സാക്ഷിയായിരുന്നിട്ടുള്ളതാണ്. കടൽ പാലത്തിലെയും പുറത്ത് പോർട്ട് ഓഫീസ് വരെയുള്ള സ്ഥലത്തെയും റെയിലും, പാലത്തിലെ ക്രെയിനുകളും പാണ്ടികശാലകൾക്കകത്തും പുറത്തും സ്ഥലം തികയാതെ വരുമ്പോൾ ചിലപ്പോൾ കടപ്പുറത്ത്പോലും ചരക്കുകൾ ചാക്കിലും മറ്റും അട്ടിയട്ടിയായി സൂക്ഷിച്ചതും മറ്റുമൊന്നും എൻ്റെ ഓർമ്മയുടെ മണ്ഡലത്തിൽ നിന്നും മാഞ്ഞു പോയിട്ടില്ല.
ഇന്ന് അവശിഷ്ടങ്ങളായി വീഴാറായ കടൽപ്പാലവും ചില പാണ്ടികശാലകളും ബാക്കിയായുണ്ട്. ചരിത്ര സ്മാരകമായി കടൽപ്പാലം സംരക്ഷിച്ചു നിലനിർത്തണമെന്ന പൊതുജനങ്ങളുടെ ആവശ്യംപോലും കേൾക്കാനാരുമില്ലെന്നതാണിന്നത്തെ അവസ്ഥ. കടൽപ്പാലം കൂടി ഇല്ലാതായാൽ ഇങ്ങിനെ ഒരു തുറമുഖ പട്ടണമിവിടെ ഉണ്ടായിരുന്നതായി പറഞ്ഞാൽ ആരും വിശ്വസിക്കില്ല. അതാണോ അധികാരികൾ ആഗ്രഹിക്കുന്നത് എന്നറിയില്ല.
കുടക്, വയനാട് ഉൾപ്പടെയുള്ള മലയോര മേഖലകളിൽ നിന്നുളള കുരുമുളക്, ഏലം തുടങ്ങിയ മലഞ്ചരക്കുകൾ ഈ തുറമുഖത്തിലൂടെ വിദേശത്തേക്കു കൊണ്ടുപോവുകയും ഇവിടത്തെ വികസനത്തിനാവശ്യമായതുൾപ്പടെയുള്ള ചരക്കുകളും സാമഗ്രികളും ഇവിടേക്ക് ഇറക്കുമതി ചെയ്യുകയും ചെയ്യുന്ന പ്രവർത്തനങ്ങൾ നിർബ്ബാധം നടന്നിരുന്നു. ഇന്നും പ്രശസ്തിയിലിരിക്കുന്ന ടെലിച്ചറി പെപ്പർ ഒരു ഉദാഹരണം മാത്രമാണ്. കയറ്റിറക്കുമതിയുടെ വേഗത കുട്ടുന്നതിനു വേണ്ടിയാണ് 1901 ൽ തലശ്ശേരിയിൽ സ്ഥാപിതമായ റെയിൽവേ; ഉടനെ തന്നെ മൈസൂരിലേക്ക് കൂടി റെയിൽ സ്ഥാപിക്കുന്നതിനായി ബ്രിട്ടീഷ് സർക്കാർ ആലോചിച്ചതും ജങ്ങ്ഷൻ ആവശ്യത്തിനായി തലശ്ശേരി റെയിൽവേ സ്റ്റേഷനോടനുബന്ധിച്ച് അമ്പത് ഏക്കർ സ്ഥലം നീക്കിവെച്ചതുമെന്നത് ശ്രദ്ധേയമാണ്.
പിന്നീട് മൈസൂർ റെയിൽവേയുടെ പണിതുടങ്ങാനിരുന്ന ഘട്ടത്തിൽ ഒന്നാം ലോക മഹായുദ്ധമുണ്ടാവുകയും പ്രവർത്തി മുടങ്ങുകയും ചെയ്തു. അതിൽ പിന്നെ വീണ്ടും മൈസൂർ റെയിൽവേയുടെ പണി ചിലയിടങ്ങളിൽ തുടങ്ങി പുരോഗമിക്കുന്നഘട്ടത്തിലാണ് രണ്ടാം ലോകമഹായുദ്ധമുണ്ടായത്. കൂട്ടുപുഴ, വിരാജ് പേട്ട ഭാഗങ്ങളിൽ റെയിൽ ഭാഗങ്ങൾ അടുത്ത കാലം വരെ ഉണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറയുന്നു.
രണ്ടാംലോക മഹായുദ്ധത്തിനു ശേഷം സ്വാതന്ത്ര്യ സമരം തീക്ഷ്ണമാവുകയും മൈസൂർ റയിൽ പൂർത്തിയാക്കാനാവാതെ പോവുകയും ചെയ്തു. പിന്നീട് സ്വതന്ത്ര ഇന്ത്യയിൽ ലാൽ ബഹദൂർ ശാസ്ത്രി റെയിൽവേ മന്ത്രി ആയിരിക്കുമ്പോൾ അദ്ദേഹം തലശ്ശേരി മുതൽ മൈസൂർ വരെ റോഡ് മാർഗ്ഗം സഞ്ചരിച്ച്കൊണ്ട് ഈ റെയിലിന്ന് പച്ചക്കൊടി കാട്ടിയെങ്കിലും പ്രവർത്തനങ്ങൾക്ക് പുരോഗതി ഉണ്ടായില്ല. ഈ ആവശ്യത്തെ പൂർത്തീകരിക്കാനാവശ്യമായ സമ്മർദ്ദം ചെലുത്താൻ നമ്മുടെ “സർവ്വത്ര “നേതാക്കന്മാർക്കാർക്കും തന്നെ ആയില്ല. അതോടൊപ്പം ”പാര” യും ഉണ്ടായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
എൻ്റെ ചെറുപ്പകാലത്ത് മദ്രാസിൽ നിന്നും മംഗലാപുരത്തേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് കേരളത്തിൽ നിർത്തിയിരുന്ന 5 എ ക്ലാസ് റെയിൽവേ സ്റ്റേഷനുകളിൽ ഒന്ന് തലശ്ശേരിയായിരുന്നു. പാലക്കാട്, ഷൊറണൂർ, കോഴിക്കോട്, കണ്ണൂർ എന്നിവയാണു് മറ്റു സ്റ്റേഷനുകൾ. അതിനും മുൻപ് കോഴിക്കോട് വിട്ടാൽ തലശ്ശേരിയും പിന്നെ??
മംഗലാപുരത്തുമായിരുന്നു ഈ ട്രെയിൻ നിർത്തിയിരുന്നത് എന്നും കണ്ണൂരിൽ സ്റ്റോപ്പുണ്ടായിരുന്നില്ലെന്നും അറിയാൻ കഴിഞ്ഞു. കണ്ണൂരിൽ സ്റ്റോപ്പ് വന്നതിനു ശേഷവും കോഴിക്കോട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ വരുമാനമുണ്ടായിരുന്ന മലബാറിലെ റെയിൽവേ സ്റ്റേഷൻ തലശ്ശേരിയായിരുന്നു.
എൻ്റെ ചെറുപ്പകാലത്ത് തലശ്ശേരി സ്റ്റേഷനിൽ 4 ട്രാക്കുകളും, കൂടാതെ ഗുഡ്സ് ഷെഡിലേക്ക് സാധനങ്ങൾ കയറ്റിറക്കുമതിക്കായി ഗുഡ്സ് ഷെഡിൻ്റെ പടിഞ്ഞാറ് ഭാഗത്ത് END ഉള്ള മറ്റൊരു റെയിൽ ട്രാക്ക് കൂടി ഉണ്ടായിരുന്നു.
അക്കാലത്ത് റെയിൽ വഴി വരുന്ന ചരക്കുകൾ കൊണ്ടുപോകാനും റയിൽ വഴി സാധനങ്ങൾ അയക്കാനും കുടക് മുതലിങ്ങോട്ട് വയനാടുൾപ്പടെയുള്ള കിഴക്കൻ മേഖല പൂർണ്ണമായും വടകര, നാദാപുരം, കുറ്റ്യാടി, മാഹി, ധർമ്മടം, എടക്കാട് തുടങ്ങിയ ചുറ്റുവട്ട പ്രദേശത്തുള്ളവരും ആശ്രയിച്ചിരുന്നത് തലശ്ശേരിയെ ആയിരുന്നു. തലശ്ശേരി അക്കാലത്ത് വ്യാപാര മേഖലയിലെ വലിയ ഒരു ഹബ്ബായി വളർന്നിരുന്നു. തലശ്ശേരി മെയിൻ റോഡിലെ ബയ്യിൽ ഹൗസിൽ ജനിച്ച് മല്ലർ റോഡിലെ ദാറുസ്സലാം അനാഥാലയത്തിൽ പഠിച്ച് വളർന്ന ഞാൻ ഇതിന് സാക്ഷി ആയിരുന്നു. അക്കാലത്ത് രാത്രി പന്ത്രണ്ട് കഴിയാതെ മെയിൻ റോഡിലെ കടകൾ പൂർണ്ണമായി അടഞ്ഞിരുന്നില്ല. അത്രയധികം ബിസിനസ് നടന്നിരുന്നു.
പിന്നീട് ഗുഡ് ഷെഡ് നിർത്തലാക്കിയതോടെ തലശ്ശേരിയുടെ സമഗ്ര കച്ചവടാധിപത്യം അസ്തമിച്ചു തുടങ്ങി. ഗുഡ് ഷെഡ് നിർത്തലാക്കിയ നടപടിയിൽ തൊഴിലാളികൾ കുറച്ചു കാലം സമരം നടത്തിയെങ്കിലും നമ്മുടെ “സർവ്വത്ര “നേതാക്കന്മാരുടെ അലംഭാവമോ താൽപര്യമില്ലായ്മയോ കാരണം സമരം പരാജയപ്പെട്ടു.
അക്കാലത്ത് റെയിൽവേ സ്റ്റേഷനിൽ പാർസൽ സർവീസ്, ക്ലോക്ക് റൂം എന്നിവയുണ്ടായിരുന്നപ്പോൾ പാസഞ്ചർ വണ്ടിയിലെ Luggage കമ്പാർട്ട്മെൻ്റ് വഴിയും മത്സ്യം ഉൾപ്പടെയുള്ള കച്ചവട ചരക്കുകളുടെ കയറ്റിറക്കുമതി നടന്നിരുന്നു. തലശ്ശേരി വഴി സഞ്ചരിച്ചിരുന്ന ഒരൊറ്റ ട്രയിൻപോലും ഇവിടെ നിർത്താതെ പോയിരുന്നില്ല. മണ്ണെണ്ണ ഉൾപ്പടെയുള്ള പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്കായി ഇന്നത്തെ വെയർ ഹൗസിനു പിറകിലായി കൂറ്റൻ പെട്രോളിയം ടാങ്കുകളുണ്ടായിരുന്നതും ടൗൺ ബസ് സ്റ്റാൻ്റ് ഇരിക്കുന്ന സ്ഥലത്തുള്ള തീവണ്ടിക്കുളത്തിൽ നിന്നും അതിനുള്ളിലെ കിണറിൽ നിന്നും വെള്ളം കൽക്കരി എഞ്ചിനിലേക്കും കമ്പാർട്ട്മെൻ്റിലേക്കും പമ്പ് ചെയ്തിരുന്നതും എൻ്റെ ഓർമ്മയിൽ ഇന്നും മായാതെ കിടപ്പുണ്ട്. കൂടാതെ ഒന്നാം റെയിൽവേ ഗേറ്റ്
ഉണ്ടായിരുന്നതിൻ്റെ വടക്കുഭാഗത്തായി എഞ്ചിൻ ദിശ മാറുന്നതിന് വേണ്ടി ഒരു Rotator ഉണ്ടായിരുന്നു. (ഇങ്ങിനെ ഒരു Rotator കടൽ പാലത്തിലെ തുടക്ക ഭാഗത്തുമുണ്ടായിരുന്നു). പൊതുവെ ഇത്തരത്തുള്ള ചെറുതും വലുതുമായ റെയിൽവേ സ്റ്റേഷന് ഉണ്ടായിരുന്ന പഴയ മഹിമകൾ പറഞ്ഞാൽ തീരില്ല.
ഇവയെല്ലാം ഓരോന്നോരാന്നായി നിർത്തലാക്കിയപ്പോഴും ഇരുപതിലേറെ ട്രെയിനുകൾ ഇവിടെ നിർത്താതിരിക്കുമ്പോഴും അതുവഴി കണ്ണൂരിനേക്കാൾ വരുമാനം കുറഞ്ഞപ്പോഴും തലശ്ശേരിയിലെ വ്യാപാര മേഖലക്ക് വൻ തിരിച്ചടിയേറ്റപ്പോഴും ഒക്കെ അതിനു തടയിടാൻ നമ്മുടെ “സർവ്വത്ര “നേതാക്കന്മാർക്കായില്ല!
റെയിൽവേയുടെ സിങ്കിൾ ലൈൻ മാറ്റി ഡബിൾ ലൈൻ വന്നപ്പോൾ എല്ലാ റെയിൽവേ സ്റ്റേഷനിലും ട്രാക്കുകളുടെ എണ്ണം വർദ്ധിച്ചപ്പോൾ തലശ്ശേരി റയിൽവേ സ്റ്റേഷനിലെ ട്രാക്കുകളുടെ എണ്ണം 5 (4+1) ൽ നിന്നും മൂന്നായി ചുരുങ്ങുകയും പുതിയ പ്ലാറ്റ്ഫോമിലേക്ക് (ഗുഡ് ഷെഡ് ഉണ്ടായിരുന്ന ഭാഗത്ത് ) ലൂപ്പ് ലൈനായി റയിലിൻ്റെ ഘടന മാറ്റി ട്രയിനുകൾ നിർത്താതിരിക്കാനുള്ള കാരണമുണ്ടാക്കുകയും ചെയ്തു.
തീവണ്ടിക്കുളം സ്ഥിതി ചെയ്തിരുന്ന റെയിൽവേയുടെ സ്ഥലം തലശ്ശേരിയിൽ ഇനി റെയിൽ വികസനത്തിന് സ്ഥലം വേണ്ടെന്ന് വച്ചതു പോലെ നഗരസഭക്ക് കൈമാറുകയും നഗരസഭ പച്ചക്കറി മാർക്കറ്റും ടൗൺ ബസ് സ്റ്റാൻറും നിർമ്മിക്കുകയും ചെയ്തു, റയിൽവേയുടെ സ്ഥലം പലരും കയ്യേറിയതായും കേൾക്കുന്നുണ്ട്. ഏതായാലും ആരാലും ശ്രദ്ധിക്കാതെ കിടന്ന കുറച്ചു സ്ഥലങ്ങൾ ഇപ്പോൾ മതിൽ കെട്ടി സംരക്ഷിച്ചു നിർത്തി എന്നത് ആശ്വാസകരമെങ്കിലും ഇനിയുമേറെ സ്ഥലങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എന്നതും, ഉള്ള സ്ഥലങ്ങൾ ഐലൻ്റ് പ്ലാറ്റ്ഫോം ഉൾപ്പടെയുള്ള വികസന പ്രവർത്തനങ്ങൾക്കായ് ഉപയോഗപ്പെടുത്തണമെന്നതും ശ്രദ്ധിക്കപ്പെടാതെ പോവുകയാണ്.
മറ്റു എ ക്ലാസ് റയിൽവേ സ്റ്റേഷനുകൾക്ക് ലഭിക്കുന്ന സൗകര്യങ്ങൾ, രണ്ടു പ്ലാറ്റ്ഫോമിലും 24 മണിക്കൂർ ടിക്കറ്റ് കൗണ്ടർ, റിട്ടയറിംഗ് റൂം, 2 പ്ലാറ്റ് ഫോമിലും പൂർണ്ണമായ മേൽക്കൂര, ആവശ്യത്തിന് ടോയ്ലറ്റ് സൗകര്യം, സൗകര്യങ്ങളോടുകൂടി റിസർവേഷൻ കൗണ്ടർ, സ്ഥായിയായി പ്രവർത്തിക്കുന്നതും ആവശ്യത്തിനുള്ള യത്രയും ലിഫ്ററുകളും എക്സലേറ്ററുകളും ഒക്കെ തലശ്ശേരി റെയിൽവേ സ്റ്റേഷനിലേക്ക് വേണ്ട അത്യാവശ്യകാര്യങ്ങളാണ്.
അമൃത് ഭാരത് പദ്ധതിയിൽ നടപ്പിലാക്കാനുദ്ദേശിക്കുന്നവയൊഴിച്ചു ബാക്കി കാര്യങ്ങൾക്ക് നേതാക്കന്മാരുടെ സമ്മർദ്ദം ഇനിയും ആവശ്യമായി വരും!
ഇനി തലശ്ശേരി പട്ടണത്തിൻ്റെ അധോഗതി തുടങ്ങിയതും ഇപ്പോഴും തുടരുന്നതുമായ കാര്യങ്ങളിലേക്ക്….
ബ്രിട്ടീഷുകാരുടെ കാലത്ത്നിന്ന് തന്നെ തുടങ്ങണം. സ്വാതന്ത്ര്യത്തിന് മുൻപ് മദ്രാസ് പ്രവിശ്യയിലെ മലബാർ റീജീയണിലെ പ്രധാന നഗരമായിരുന്ന; വടക്കൻ മലബാറിൻ്റെ ആസ്ഥാനമായിരുന്ന തലശ്ശേരി. 1865ലെ തീരുമാനപ്രകാരം 1866 നവമ്പറിൽ മുനിസിപ്പാലിറ്റി ആയി മാറിയിരുന്നു. അതിനു ശേഷമാണ് മലബാറിലെ തന്നെ പ്രധാന പട്ടണങ്ങളായ കോഴിക്കോട്, പാലക്കാട്, ഫോർട്ട് കൊച്ചി, കണ്ണൂർ എന്നിവ മുനിസിപ്പാലിറ്റികളായത്. (ഞാൻ 1976 ൽ മുനിസിപ്പാൽ കോമൺ സർവീസിൽ പ്രവേശിച്ചതിനു ശേഷം പലപ്പോഴും തിരുവനന്തപുരത്തുള്ള മുനിസിപ്പൽ ഡയരക്ടരുടെ ആഫീസിൽ പോയിരുന്നപ്പോഴൊക്കെ അവിടെ വെച്ചിരുന്ന ഒരു വലിയ ബോർഡ് സ്ഥിരമായി വായിക്കുമായിരുന്നു. ആ ബോർഡിൽ അന്നത്തെ കേരളത്തിലെ മുഴുവൻ മുനിസിപ്പാലിറ്റികളുടെ പേരും മുനിസിപ്പാലിറ്റി ആക്കിയവർഷവും ചേർത്തിരുന്നു. കാലഗണനയനുസരിച്ച് സീരിയൽ നമ്പറിട്ട് നൽകിയ ആ ബോർഡിൽ ആദ്യത്തെ പേര് തലശ്ശേരി ആയിരുന്നു എന്നത് ഞാനിപ്പോഴും ഓർക്കുന്നു,
1980 കളിലെ ആദ്യ പകുതിയിലൊക്കെ കണ്ടതായി ഓർക്കുന്ന ബോർഡ് പിന്നീടെപ്പോഴാണ് മാറ്റിയതെന്നെനിക്കറിയില്ല. അതു കൊണ്ട് എനിക്ക് ധൈര്യമായി പറയാനാകും കേരളത്തിലെ ആദ്യ മുനിസിപ്പാലിറ്റി തലശ്ശേരിയാണെന്ന്. )
അക്കാലത്ത് മലബാറിൻ്റെ പൊതുവായ ആസ്ഥാനനഗരം കോഴിക്കോട് ആയിരുന്നെങ്കിലും, കോഴിക്കോട് ഉൾപ്പടെയുള്ള പ്രദേശങ്ങളും കുടകും വയനാടും ഉൾപ്പടെയുള്ള കിഴക്കൻ മേഖലയും മംഗലാപുരം വരെയുള്ള വടക്കൻ മേഖലയും ഒക്കെ വടക്കേ മലബാറിൻ്റെ ഭാഗമായിരുന്നു. അതിൻ്റെ ആസ്ഥാനം തലശ്ശേരിയുമായിരുന്നു. ഒരു വലിയ ഭൂപ്രദേശത്തിൻ്റെ ഭരണസിരാകേന്ദ്രമായിരുന്നു തലശ്ശേരി. മലബാറിൻ്റെ ബാക്കി ഭാഗം തെക്കൻ മലബാറും, അതിൻ്റെ ആസ്ഥാനം പാലക്കാടുമായിരുന്നു. മലബാർ റീജ്യനെ അക്കാലത്ത് ഭരണപരമായതും കാർഷികപരവുമായ കാര്യങ്ങൾക്കായി 3 ജില്ലകളായി വിഭജിച്ചിരുന്നതായി പഴയ രേഖകളിൽ കണ്ടെത്താൻ കഴിയും. തലശ്ശേരി, കോഴിക്കോട്, പാലക്കാട് എന്നിവയാണവ. മാഹി മുതൽ വടക്കോട്ട് മംഗലാപുരം വരെയും കുടകും വയനാടിൻ്റെ ഭൂരിഭാഗവുമുൾപ്പടെയുള്ള കിഴക്കൻ മേഖലയും തലശ്ശേരി ജില്ലയിലായിരുന്നു.
സ്വാതന്ത്ര്യാനന്തര ഭാരതത്തിലും മദ്രാസ് സംസ്ഥാനത്തിൻ്റെ ഭാഗമായി മലബാർ ജില്ലയായി അറിയപ്പെട്ടിരുന്നപ്പോഴും മേൽപറഞ്ഞ വലിയ ഭൂപ്രദേശമുൾപ്പെടുന്ന വടക്കൻ മലബാറിൻ്റെ ആസ്ഥാനമായിരുന്നതും ഭരണനിർവ്വഹണ കേന്ദ്രമായിരുന്നതും തലശ്ശേരി തന്നെയായിരുന്നു. പിന്നീട് 1956 ൽ കേരളാ സംസ്ഥാന രൂപീകരണ സമയത്ത് സംസ്ഥാന തലസ്ഥാന നഗരിയെ നിശ്ചയിക്കുമ്പോൾ പോലും പരിഗണനാ പട്ടികയിൽ തലശ്ശേരി ഉണ്ടായിരുന്നു എന്നത് തലശ്ശേരിക്ക് അതുവരെയുണ്ടായിരുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.
കേരളാ സംസ്ഥാന രൂപീകരണശേഷം മലബാർ ജില്ലയെ മുൻപുണ്ടായിരുന്നതു പോലെ തലശ്ശേരി, കോഴിക്കോട്, പാലക്കാട് എന്നീ മൂന്നു് ജില്ലകളായി വിഭജിക്കാൻ തീരുമാനിച്ചു. എന്നാൽ അവസാന നിമിഷം ചില ചരടുവലികൾ കാരണം തലശ്ശേരി ജില്ലയെ കണ്ണൂർ ജില്ലയാക്കുകയും, ജില്ലാ തലസ്ഥാനം കണ്ണൂർ ആക്കുകയും ചെയത്കൊണ്ട് തീരുമാനം വന്നു. തലശ്ശേരിക്കാർ പ്രക്ഷോഭത്തിലേക്ക് പോയി. എൻ്റെ പിതാവ് പറമ്പത്ത് അബ്ദുൽ ഖാദറും ആ പ്രക്ഷോഭത്തിൽ ത്തിരുന്നു. തുടർന്നുണ്ടായ പോലീസ് ലാത്തിച്ചാർജിൽ ഭയന്നോടിയ സമരക്കാരുടെയും, നാട്ടുകാരുടെയും തിരക്കിനിടയിൽ വീണുപോയപ്പോൾ പിതാവിൻ്റെ ശരീരത്തിലൂടെ ഓടി ചവിട്ടും തൊഴിയുമേറ്ററ് അവശനാകുകയും അതുവഴി പിന്നീട് നിത്യരോഗിയായി മാറുകയും തലശ്ശേരിയിലെ പ്രമുഖ ഹോൾസെയിൽ ചായപ്പൊടി കച്ചവടക്കാരനായ പിതാവ് ബിസിനസിൽ ശ്രദ്ധിക്കാനാവാതെ ഇടക്കിടെ ആശുപത്രി കിടക്കയെ ആശ്രയിക്കേണ്ടി വരികയും ചെയ്തു. കുട്ടികളെ പോറ്റുന്നതിനായി പിന്നീട് ബസുകളിൽ കയറി അഗർബത്തിയും ഓറഞ്ചുമൊക്കെ വില്ക്കുന്ന പിതാവിനെയാണ് പിന്നെ കണ്ടതു്.
ആശുപത്രിവാസം ഇടക്കിടെ അനിവാര്യമായതിനാൽ ആ ജോലിയും എല്ലായ്പ്പോഴും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കുടുംബം ദാരിദ്ര്യത്തിൻ്റെ പടുകുഴിയിലേക്ക് വീഴുകയും ഞാൻ ദാറുസ്സലാം യതീംഖാനയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു. ആടിനെപ്പോറ്റിയും വിറക് വിറ്റും അയൽ വീടുകളിൽ ജോലിക്ക് പോയും മറ്റും എൻ്റെ മാതാവിന് കുടുംബഭാരം ഏറ്റെടുക്കേണ്ടി വന്ന കാലഘട്ടത്തിൽ പഠിക്കാൻ മിടുക്കനായിരുന്ന എനിക്ക് പഠനം ഉപേക്ഷിച്ച് പലപ്പോഴും ചുമട്ട് പണി, ഐസ് മിഠായി വില്പന, ഹോട്ടൽ പണി തുടങ്ങിയ ജോലികളിൽ ഉമ്മാനെ സഹായിക്കാനായി ഏർപ്പെടേണ്ടി വരികയും ചെയ്തതിൻ്റെ ഫലമായി സ്കൂൾ വിദ്യാഭ്യാസം 7.8, 9 എന്നീ ക്ലാസുകളിൽ ഓരോ വർഷം മുടങ്ങിപ്പോവുകയും ഉമ്മായുടെ നിർബ്ബന്ധ പ്രകാരം വീണ്ടും സ്കൂളിലേക്ക് തിരിച്ചയക്കപ്പെടുകയും അവസാനം 13 വർഷം കൊണ്ട് SSLC പാസാവുകയും ചെയ്തു. തുടർന്ന് ദാറുസ്സലാം യതീംഖാനയുടെയും ജ.പി.കെ.ഉമ്മർ കുട്ടി സാഹിബിൻ്റെയും പിന്തുണയോടെ തവന്നൂർ റൂറൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സാനിട്ടറി ഇൻസ്പക്ടർ കോഴ്സ് പാസാവുകയും ചെയ്തു. 1974ൽ കോഴ്സ് പാസായ എനിക്ക് രണ്ട് മൂന്ന് തവണ മൂന്ന് മാസം വീതം എംപ്ലോയ്‌മെൻ്റ് മുഖേന താൽകാലിക ജോലി ലഭിച്ചെങ്കിലും സ്ഥിരമായി ജോലിയിൽ കയറുന്നതിന് മുൻപ് 1975 ജൂലൈ ഒന്നിന് എൻ്റെ പിതാവ് മരണപ്പെടുകയും ചെയ്തു. (പിതാവിൻ്റെ പാരത്രിക ജീവിതം പടച്ച തമ്പുരാൻ ധന്യമാക്കട്ടെ, ആമീൻ.)
(താൽകാലിക ജോലിയിലിരിക്കെ എൻ്റെ പിതാവിൻ്റെ മരണം തലശ്ശേരി മുനിസിപ്പാലിറ്റിയിലെ മരണ രജിസ്റ്ററിൽ രജിസ്ട്ര് ചെയ്യാനുള്ള നിർ”ഭാഗ്യം ” എനിക്കുണ്ടായി. Informer ടെ യും സബ് രജിസ്ട്രാറുടെയും ഒപ്പ് ഒരാളുടെത് തന്നെയാകുന്ന അപൂർവ്വത ആ രജിസ്ട്രേഷന് ഉണ്ട് എന്നതാണ് പ്രത്യേകത.) ആറ് മക്കളുടെ ഭാരം ഉമ്മയുടെയും എൻ്റെയും തലയിലായി. ആ വർഷം എൻ്റെ അനുജൻ അബ്ദുൽ നാസറും (ഇപ്പോഴത്തെ IAS കാരൻ) ദാറുസ്സലാം യതീംഖാനയിൽ ചേർക്കപ്പെട്ടു.
1976 ൽ ഞാൻ സ്ഥിരമായി ജോലിയിൽ പ്രവേശിപ്പിക്കപ്പെട്ടു. സർക്കാർ ഉദ്യോഗസ്ഥൻ്റെ മാതാവ് അയൽ വീടുകളിൽ ജോലിക്ക് പോകുന്നതും ബീഡിപ്പണിയെടുക്കുന്നതുമൊക്കെ കുറച്ചിലാണെന്ന കുടുംബത്തിലെ ചില “ആളുകളു” ടെ ജൽപ്പനങ്ങൾ കാരണം മാതാവ് ജോലി ഉപേക്ഷിച്ചു, തുടർന്നു കുടുംബഭാരം പൂർണ്ണമായി എൻ്റെ തലയിലായി. രണ്ടു വർഷം പിടിച്ചു നിന്ന ഞാൻ, ഭാരം താങ്ങാനാവാതെ ജോലി ഇട്ടെറിഞ്ഞ് നാടുവിട്ടു. ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്ന് നാട്ടുകാരറിയാത്ത ഒരു വർഷം! എന്നെ പഠിപ്പിച്ചത്; ഒളിച്ചോട്ടം ഒന്നിനും പരിഹാരമല്ല എന്നതായിരുന്നു. പിന്നീട് നഷ്ടപ്പെട്ടു പോകുമായിരുന്ന ജോലി തിരിച്ചുപിടിച്ച് തുഴഞ്ഞ് തുഴഞ്ഞ് മുന്നോട്ട് പോയി. പിന്നീട് പടച്ചവൻ നൽകിയ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങാനായി. വീണ്ടും കുടുംബത്തിലേക്ക് (സോറി തലശ്ശേരിയുടെ പ്രക്ഷോഭത്തിൻ്റെയും അതിൽ ഉപ്പാൻ്റെ പങ്കിനെയും കുറിച്ച് പറയുമ്പോൾ ചില നൊമ്പരങ്ങൾ ഇവിടെ കുറിച്ച് പോയതാണ്. മാന്യ വായനക്കാർ ക്ഷമിക്കണം.)
തലശ്ശേരി ജില്ലക്ക് വേണ്ടി വലിയ പ്രക്ഷോഭം നടന്നെങ്കിലും ജെസ്റ്റിസ്.വി.ആർ.കൃഷ്ണയ്യർ ഉൾപ്പടെയുള്ള നേതാക്കൾ തലശ്ശേരിക്ക് വേണ്ടി വാദിച്ചെങ്കിലും തലശ്ശേരിയെ രാഷ്ട്രീയക്കളരിയാക്കി നേതാവായവരുൾപ്പടെയുളള “പാര “കളായ കണ്ണൂർക്കാരെയും തലശ്ശേരിയെ പിറകിൽ നിന്ന് കുത്തിയ ഒറ്റുകാരായ തലശ്ശേരിക്കാരെയും ജയിക്കാനായില്ലെങ്കിലും ചില ഒത്തുതീർപ്പു വ്യവസ്ഥകൾക്ക് സർക്കാർ നിർബ്ബന്ധിതമായിത്തീർന്നു.
തലശ്ശേരി ജില്ലാ കോടതിയെ അതേ പേരിൽ തന്നെ നിലനിർത്തിയതും, തലശ്ശേരി വിദ്യാഭ്യാസ ജില്ലക്ക് മാറ്റം വരുത്താതിരുന്നതും, ജില്ലാ രജിസ്ട്രാർ ആഫീസ്, അഗ്രിക്കൾച്ചറൽ ആഫീസ് തുടങ്ങിയവ തലശ്ശേരിയിൽത്തന്നെ തുടർന്നതുമൊക്കെ അവയിൽ ചിലതാണ്.
എന്നാൽ പിന്നീട് തലശ്ശേരി വിദ്യാഭ്യാസ ജില്ല വിഭജിച്ച് കണ്ണൂർ ജില്ലാ വിദ്യാഭ്യാസ ജില്ല രൂപീകരിച്ച് തലശ്ശേരിയുടെ മേധാവിത്വം ഒഴിവാക്കി. അഗ്രിക്കൾച്ചറൽ ഓഫീസ് ഒരു രാത്രി കഴിഞ്ഞ് നേരം വെളുത്തപ്പോൾ തലശ്ശേരിയിൽ നിന്നും അപ്രത്യക്ഷമായി കണ്ണൂരിലെത്തി! ഇനി രജിസ്ട്രാർ ആഫീസും കോടതിയും ബാക്കിയുണ്ടെങ്കിലും. അതിന്റെ നാളുകളും എണ്ണപ്പെട്ടു എന്നുവേണം കരുതാൻ? എന്നിരുന്നാലും കോടതിയെക്കുറിച്ച് ചില കാര്യങ്ങൾ പ്രത്യേകം എടുത്തു പറയാതെ വയ്യ.
ബ്രിട്ടീഷ് ഭരണകാലത്ത് ബോംബെ മുതൽ കന്യാകുമാരി വരെയുള്ള കോടതികളിൽ തീർപ്പാക്കുന്ന വിധികൾക്കു മേൽ അപ്പീൽ കൊടുക്കാനുള്ള അപ്പലറ്റ് കോടതി തലശ്ശേരിയിലായിരുന്നു. അതായത് ഒരു മിനി സുപ്രീം കോടതി എന്നു തന്നെ പറയാം. ആ അവസ്ഥയിൽ നിന്നാണ് ജില്ലാ കോടതി എന്ന പേര് നിലനിർത്താൻ പോലും ചില “പാര ”കളുമായി ഒത്തുതീർപ്പുണ്ടാക്കേണ്ടി വന്നത് എന്നതാണു് ഏറെ സങ്കടകരം.
“സർവ്വത്ര ” നേതാക്കന്മാർക്ക് ഒന്നും ചെയ്യാൻ കഴിയാതെ പോയ പ്രധാനപ്പെട്ട ഒരു വിഷയം തന്നെയാണിത്. എന്നാൽ ജില്ലാ കോടതിയുടെ ഇന്നത്തെ സ്ഥിതിയും ഒന്ന് പരിശോധിക്കാം.
ജില്ലാ കോടതിയിലെ ഒട്ടനവധി വിഭാഗങ്ങളെ മുറിച്ചോ അല്ലാതെയോ കണ്ണൂരിലേക്ക് മാറ്റാനുള്ള നടപടികൾ തുടരുകയാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി പിറവിയെടുത്ത?, കേരളത്തിലെ മുസ്ലിം ലീഗ് ആവിർഭവിച്ച? ആദ്യ ദിനപത്രം തുടങ്ങിയ, ചന്ദ്രികാ പത്രം പിറന്നു വീണ മണ്ണായ തലശ്ശേരിയിൽ നിന്നും രാഷ്ട്രീയത്തിൻ്റെയും ഭരണകാര്യങ്ങളുടെയും കോടതി വ്യവഹാരങ്ങളുടെയും ബാലപാഠങ്ങൾ പഠിച്ച് പയറ്റിത്തെളിഞ്ഞ കണ്ണൂരുകാർക്കിപ്പോൾ തലശ്ശേരിയെ ഒന്നിനും ആശ്രയിക്കാൻ വയ്യ എന്ന നിലയിലാണ്.. സാവധാനം കോടതിയെ പറിച്ചുനടൽ ഉൾപ്പടെയുള്ള പ്രവർത്തനങ്ങളിൽ നിന്നും മനസ്സിലാക്കാനാവുന്നത്. മുൻപുണ്ടായിരുന്ന ജില്ലാ കോടതി തലശ്ശേരി എന്ന ബോർഡ് ഇപ്പോൾ എവിടെയെന്നറിയില്ല. വെബ് സൈറ്റ് അഡ്രസ് Dt.court, Kannur എന്നാക്കിയിരിക്കുന്നു. തലശ്ശേരിയിൽ ജില്ലാ കോടതിക്കു ഒരു പുതിയ കെട്ടിട സമുച്ചയം ഉയർന്നു വന്നപ്പോൾ കണ്ണൂരിൽ അതിലും വലുത് ഉയർത്താനുള്ള ശ്രമം തുടങ്ങിയിരിക്കയാണ്. ജില്ലാ കോടതി പൂർണ്ണമായി തന്നെ കണ്ണൂരിലേക്ക് മാറ്റാനുള്ള ഗൂഢാലോചനയുടെ ഭാഗമല്ലേ ഇത് എന്നു ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ഒരു മിനി സുപ്രീം കോടതി പോലെ ഉണ്ടായിരുന്ന തലശ്ശേരിയിൽ ഒരു ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം പോലും അലിഞ്ഞില്ലാതാവുകയും, ജില്ലാ കോടതിയുടെ നില പോലും ആശങ്കാജനകമായിത്തീരുകയും ചെയ്യുമ്പോഴും തലശ്ശേരിയിലെ “സർവ്വത്ര” നേതാക്കന്മാർക്ക് തികഞ്ഞ മൗനം തന്നെ.
ഇനി തലശ്ശേരിക്ക് കിട്ടിയ മറ്റൊരു വലിയ തിരിച്ചടിയെക്കുറിച്ച് പറയാം…
1957 ൽ ജില്ലാ ആസ്ഥാന പദവിയാണ് നഷ്ടപ്പെട്ടതെങ്കിൽ 1971 ൽ പാർലമെൻ്റ് മണ്ഡലമെന്ന പദവിയാണ് നഷ്ടമായത്. ലോക്സഭയിൽ അതു വരെ നിരന്തരം തലശ്ശേരിയുടെ പേരു് കേട്ടിരുന്ന സ്ഥാനത്ത് ഇപ്പോൾ കേൾക്കുന്നത് കണ്ണൂരും വടകരയുമാണ്. തലശ്ശേരിയെ ആണും പെണ്ണുമല്ലാത്ത കോലത്താലാക്കിയിരിക്കയാണ്. കണ്ണൂർ ജില്ലയിലെ കണ്ണൂരിനേക്കാൾ പ്രശസ്തിയിലുണ്ടായിരുന്ന തലശ്ശേരി പട്ടണത്തെയും അസംബ്ലി മണ്ഡലത്തെയും ഇപ്പോൾ വടകര പാർലമെൻ്റ് മണ്ഡലത്തിലാക്കിയിരിക്കയാണ്. ജില്ലയുടെ വികസന പ്രവർത്തനത്തിൻ്റെ ലാഭം കണ്ണൂരിനും പാർലമെൻ്റ് മണ്ഡലവികസന പ്രവർത്തനത്തിൻ്റെ ലാഭം വടകരക്കും ലഭിക്കുമ്പോൾ എന്തെങ്കിലും നക്കാപ്പിച്ച ഇരന്നു വാങ്ങേണ്ട ഗതികേടിലാണ് തലശ്ശേരി. ഇങ്ങിനെ ഒരു ഗതികേടിലെത്തിച്ച 1971 ൽ നടന്ന പാർലമെൻ്റ് മണ്ഡല പുനർനിർണ്ണയത്തിലും നമ്മുടെ “സർവ്വത്ര” നേതാക്കന്മാർ തികഞ്ഞ നിസ്സംഗത പുലർത്തി എന്നു പറയാതെ വയ്യ
ഇനി നമുക്ക് തലശ്ശേരിയിലെ റോഡുകളുടെ സ്ഥിതി പരിശോധിക്കാം.
തലശ്ശേരിയെ കുടകുമായി ബന്ധിപ്പിക്കുന്ന കിഴക്കൻ മേഖലയിലെ പ്രധാന “റോഡാണ് ” തലശ്ശേരി കൂർഗ് റോഡ് എന്ന ടി.സി.റോഡ്.… “റോഡാണ് ” എന്നു ഇൻവർട്ടർ കൊമയിട്ട് എഴുതാൻ കാരണം ഇപ്പോൾ അങ്ങിനെ എഴുതിയാൽ ശരിയാവില്ല എന്നത് കൊണ്ടാണ്. റോഡായിരുന്നു എന്നു എഴുതേണ്ടി വരും. ഈ റോഡ് വീതി കൂട്ടുമ്പോൾ തലശ്ശേരിയിൽകണ്ട പേരു് തലശ്ശേരി വളവുപാറ റോഡ് എന്നാണ്. തലശ്ശേരി വിട്ടാൽ കൂത്ത്പറമ്പിനു ശേഷം ഈ പേരു് മാറി കണ്ണൂർ കൂർഗ് റോഡ് ആയി എന്നും പറഞ്ഞു കേൾക്കുന്നു. കെ.പി.ഉണ്ണികൃഷ്ണൻ എം.പി. ആയിരുന്ന കാലത്ത് തലശ്ശേരി-ചിത്രദുർഗ്ഗ (മൈസൂരിനടുത്ത് ) എന്ന നേഷനൽ ഹൈവേക്ക് അംഗീകാരം ലഭിച്ചിരുന്നതാണ്. എന്നാൽ തലശ്ശേരിയിലെ “സർവ്വത്ര ” നേതാക്കന്മാർക്ക് ആയത് പ്രാവർത്തികമാക്കാനുള്ള സമ്മർദ്ദം ചെലുത്താൻ നാളിതുവരെയായി സമയം ലഭിച്ചിട്ടില്ല. ഇപ്പോൾ അത് കണ്ണൂർ – ചിത്രദുർഗ്ഗ നേഷനൽ ഹൈവേ ആക്കാനുള്ള ശ്രമം നടക്കുമ്പോഴും അത് തടയാനും നമ്മുടെ നേതാക്കന്മാർ ക്ക് സമയം ലഭിക്കുന്നില്ല. തലശ്ശേരി കൂർഗ് റോഡ് പോലും ഇനി ചരിത്രം മാത്രമായി മാറി TC റോഡിനു പകരം TK റോഡ് (തലശ്ശേരി കൂത്ത്പറമ്പ് റോഡ്) എന്നു പറയേണ്ടതായി വരും.
റോഡിൻ്റെ കാര്യം പറയുമ്പോൾ ഈ റോഡ് മാത്രം പറഞ്ഞാൽ പോരല്ലോ. തെക്കുവടക്കായി പോകുന്ന നമ്മുടെ പഴയ NH 17 ഇപ്പോഴത്തെ NH 66 തലശ്ശേരിയിലൂടെ കടന്നു പോകുന്നത് എൻ്റെ തറവാട് സ്ഥിതി ചെയ്യുന്നതിനരികിലൂടെ മെയിൻ റോഡായിട്ടാണ്. ഈ റോഡൊന്ന് വീതി കൂട്ടാൻ NH അധികാരികളും കേരളാ സർക്കാരും ഏറെ ശ്രമിച്ചതാണ്. അതേ പോലെ ഒ.വി.റോഡും ലോഗൻസ് റോഡും വീതി കൂട്ടുന്നതിന് നഗരസഭയും ശ്രമിച്ചിട്ടുണ്ട്. സത്യം പറയാമല്ലോ ഇത് നടക്കാതെ പോയതിന്ന് പ്രധാന ഉത്തരവാദികൾ തലശ്ശേരിയിലെ കച്ചവടക്കാരാണ്. അപൂർവ്വം ചിലരൊഴിച്ച് ഭൂരിഭാഗം വ്യാപാരികളും പ്രധാനപ്പെട്ട ഈ 3 റോഡുകളും വീതി കൂട്ടുന്നതിന് വിലങ്ങ് തടിയായി നിന്നു.
അവർക്ക് പറയാൻ ന്യായങ്ങളേറെയുണ്ടാകുമെങ്കിലും തലശ്ശേരിയുടെ വികസനത്തിൽ പങ്കാളികളാകാൻ അവർ ആഗ്രഹിച്ചില്ല എന്നതാണ് സത്യം. അതോടൊപ്പം കോഴിക്കോട്. കൊച്ചി, തിരുവനന്തപുരം തുടങ്ങിയ നഗരങ്ങളിലെ റോഡുകൾ വീതി കൂട്ടുന്നതിന് അധികാരികൾ കാണിച്ച നിശ്ചയദാർഢ്യവും ഇച്ഛാശക്തിയും ആത്മാർത്ഥതയുമൊന്നും, തലശ്ശേരിയിൽ അവർ കാണിച്ചില്ല. എന്തിനേറെ പറയുന്നു ടി സി റോഡ് വീതി കൂട്ടുന്നതിന് വേണ്ടി കാണിച്ച ആത്മാർത്ഥത പോലും കാണിച്ചിരുന്നില്ല.
ഇവിടത്തെ വ്യാപാരികളെയും അവരുടെ സംഘടനകളെയും കുറിച്ചു ചിലതു പറയാതെ വയ്യ…
റോഡ് വീതി കൂട്ടുന്നതിന് സഹകരിച്ചില്ല എന്നു മാത്രമല്ല തലശ്ശേരിയുടെ നഷ്ടങ്ങളിൽ ഒരു വ്യാകുലതയും പ്രകടിപ്പിക്കാത്തവരും അതിനെതിരെ ശക്തമായി പ്രതികരിക്കാൻ തയ്യാറാകാത്തവരുമാണ് ഭൂരിഭാഗം വ്യാപാരികളും അവരുടെ സംഘടനകളും. കണ്ണൂരിലെ വ്യാപാരികളും അവരുടെ സംഘടനയുമൊക്കെ തലശ്ശേരിയിൽ നിന്നും മറ്റുമൊക്കെ പിടിച്ചു പറിച്ചാണെങ്കിൽ പോലും കണ്ണൂരിൻ്റെ നേട്ടങ്ങൾ വർദ്ധിപ്പിക്കാനും കണ്ണൂരിൻ്റെ പൊതുവായ വികസനത്തിന് ത്യാഗങ്ങൾ സഹിക്കാനും തയ്യാറാവുമ്പോൾ തലശ്ശേരിയുടെ നഷ്ടങ്ങൾ തന്നെ ഇവിടത്തെ വ്യാപാരികൾക്ക് പ്രശ്നമല്ല. നഗരം വികസിക്കുമ്പോൾ അതിൻ്റെ ഗുണ ഫലങ്ങൾ ആദ്യം ലഭിക്കുന്നത് വ്യാപാരികൾക്കാണെന്ന് ഏതൊരു നഗര പ്രദേശവും പരിശോധിച്ചാൽ അറിയാമെന്നിരിക്കെ ആ കാര്യം ബോധ്യപ്പെടാത്തവരാണിവിടെയുള്ളത്. തലശ്ശേരിയുടെ പരിസരങ്ങളിലെയും കുടക് വയനാട് മേഖലകളിലെയും വ്യാപാര മേഖലയുടെ Head quarter ആയിരുന്ന തലശ്ശേരിയെ ഇന്നത്തെ നിലയിലെത്തിച്ചതിന് ഇവിടത്തെ വ്യാപാരികളുടെ പങ്ക് ചെറുതല്ല. പുതുതായി വരുന്ന വ്യാപാരികളെ നിരുത്സാഹപ്പെടുത്തിയതും തൻപോരിമകാണിച്ചതും സമീപ പട്ടണങ്ങളിലേക്ക് വ്യാപാരമേഖലയെ ആട്ടിപ്പായിച്ചതിൻ്റെ കാരണങ്ങളിൽ ചിലതാണ്.
റോഡ് വികസനത്തിൻ്റെ കാര്യമെടുത്താൽ പഴയ പോലീസ് സ്റ്റേഷൻ മുതൽ സൈദാർ പള്ളി വരെയുള്ള മെയിൻ റോഡിലെ കച്ചവട സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത് ഒന്നോ രണ്ടോ നിലകളുള്ള പഴയ കെട്ടിടങ്ങളിലാണ്. മിക്കവാറും കടകളോടനുബന്ധിച്ച് പിറകിലായി വിശാലമായ ഗോഡൗൺ സൗകര്യത്തിനായുള്ള സ്ഥലവുമുണ്ട്. ഈ പഴയ കെട്ടിടങ്ങൾ പൊളിച്ചുമാറ്റി റോഡ് വീതി കൂട്ടുന്നതിന്നായി നാലഞ്ചു മീറ്റർ വിട്ടുകൊടുത്താൽ പോലും നിലവിൽ കച്ചവട സ്ഥാപനത്തിനുണ്ടായിരുന്ന ഏരിയ ഉൾപ്പെടുത്തിക്കൊണ്ട് മൂന്നോ നാലോ നിലകളാക്കി പുതുക്കി പണിയാമായിരുന്നിട്ടും ആ രൂപത്തിൽ ഒരു Proposal വെക്കാൻ വ്യാപാരികളോ അധികാരികളോ തയ്യാറായിട്ടില്ല. ഇന്ന് പൊളിച്ചുമാറ്റി പുതിയവ നിർമ്മിച്ച ചില സ്ഥാപനങ്ങൾ പരിശോധിച്ചാൽ ഇക്കാര്യം ബോധ്യമാവും. പഴയ കെട്ടിടങ്ങളിൽ നടക്കുന്ന പല വ്യാപാരങ്ങളും അസ്തമിച്ചു പോയിട്ടും കെട്ടിടങ്ങൾ പൊളിഞ്ഞു വീണിട്ടും ബാക്കിയുള്ളവ വീഴാറായിട്ടും കച്ചവടക്കാർ മാറിച്ചിന്തിക്കാത്തതെന്ത് കൊണ്ടാണെന്നു് മനസ്സിലാവുന്നില്ല. വലിയ നഷ്ട പരിഹാരം കിട്ടിയാൽ മാറാമെന്ന് കരുതുകയാവും പലരും. ഒന്നും കിട്ടാൻ പോകുന്നില്ലെന്ന് മാത്രമല്ല വേറെ വഴിക്ക് സഞ്ചരിക്കുന്ന NH പ്രാവർത്തികമായാൽ ഇനി പഴയ വളപട്ടണമായി മാറാം. നിലവിൽ ലഭിച്ചു കൊണ്ടിരിക്കുന്ന നാമമാത്രമായ വ്യാപാരമെങ്കിലും നിലനിർത്തണമെങ്കിൽ മെയിൻ റോഡ്, ഒ.വി.റോഡ്,ലോഗൻസ് റോഡ്, മല്ലർ റോഡ്, ഗുഡ്സ് ഷെഡ് റോഡ് (വീനസ് ജങ്ങ്ഷൻ വരെ) തുടങ്ങിയവ വ്യാപാരികൾ തന്നെ മുൻകൈയെടുത്ത് വീതി കൂട്ടേണ്ടി വരും. ഭരണാധികാരികൾ മുൻകൈ എടുക്കുമെന്ന പ്രതീക്ഷ ഇനി വേണ്ടെന്നാണ് അവരുടെ നിലപാടുകളിൽ നിന്നും വ്യക്തമാവുന്നതു്.
തലശ്ശേരിയുടെ വികസന മുരടിപ്പിന്നും നഷ്ടങ്ങൾക്കും കാരണമായ മറ്റു കാര്യങ്ങളിൽ പ്രധാനപ്പെട്ടവയാണ് 1971 ൽ നടന്ന വർഗ്ഗീയ കലാപവും 1980കളിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളും. അത്തരം വേദനാജനകമായ സംഭവങ്ങൾ ഒന്നും ഇനി ആവർത്തിക്കുകയില്ല എന്നു ശുഭപ്രതീക്ഷ വെക്കുക മാത്രമാണിപ്പോൾ ചെയ്യുന്നത്.
പ്രകൃതിക്ഷോഭങ്ങളാലും യുദ്ധങ്ങളാലുമൊക്കെ നശിച്ചുപോയ നഗരങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ട്. എന്നാൽ “പാര”കളാലും നേതാക്കന്മാരുടെ നിസ്സംഗതയാലും വ്യാപാരികളുടെ നിസ്സഹകരണത്താലുമൊക്കെ ഒരു നഗരം നശിച്ചില്ലാതായിപ്പോയി എന്നു ഭാവി തലമുറ കേൾക്കാനിടവരരുതെങ്കിൽ തലശ്ശേരിയുടെ പഴയ പ്രതാപത്തിലേക്ക് ഒരല്പമെങ്കിലും തിരിച്ചു പോകാൻ വേണ്ട നടപടികൾക്കായി നിലവിൽ ഉള്ള തലശ്ശേരിയിലെ നേതാക്കന്മാർ എങ്കിലും മുൻകൈയെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കേരള ഭരണത്തിലും കേന്ദ്ര ഭരണത്തിലും തലശ്ശേരിക്കാരുടെ പങ്ക് ഏറെയുള്ള ഈ അവസരത്തിലല്ലാതെ പിന്നെ എപ്പോഴാണ് തലശ്ശേരിയെ സ്നേഹിക്കുന്ന തലശ്ശേരി നിവാസികൾക്ക് ഇക്കാര്യം അഭ്യർത്ഥിക്കാനാകുക?
ബഹു:,കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ, ബഹു: കേന്ദ്ര മന്ത്രി വി.മുരളീധരൻ, ബഹു: കേരളാ നിയമസഭാ സ്പീക്കർ അഡ്വ.എ.എൻ. ഷംസീർ, ബഹു: റെയിൽവേ അമിനിറ്റീസ് ചെയർമാൻ പി.കെ.കൃഷ്ണദാസ്, തലശ്ശേരിയോട് സ്നേഹവും മമതയുമുള്ള ബഹു: എം.പി.കെ.മുരളീധരൻ, സംസ്ഥാന ഭരണകക്ഷിയുടെ നേതാക്കന്മാരായ ശൈലജ ടീച്ചർ, ശ്രീമതി ടീച്ചർ, കെ.പി.മോഹനൻ തുടങ്ങി വിവിധ രാഷ്ട്രീയ കക്ഷികളിലുള്ള തലശ്ശേരിയിലെ നേതാക്കന്മാർ എന്നിവർ മുൻകയ്യെടുക്കുന്നതിനായി കുറച്ചു അടിയന്തിര ആവശ്യങ്ങൾ സമർപ്പിക്കുകയാണ്.
മൺമറഞ്ഞു പോയവരുൾപ്പടെയുള്ള തലശ്ശേരിയിലെ നേതാക്കന്മാർ അവരുടെ പ്രസ്ഥാനത്തിനും ഈ നാടിന്നും ജനങ്ങൾക്കും ചെയ്ത വിവിധങ്ങളായ സേവനങ്ങൾ മറന്നത് കൊണ്ടോ അവരോടൊന്നും ബഹുമാനമോ സ്നേഹമോ ഇല്ലാത്തത് കൊണ്ടോ അല്ല തലശ്ശേരിയുടെ അപചയത്തിൽ അവരെ കൂടി അല്പം കുറ്റപ്പെടുത്തിക്കൊണ്ട് ഈ എഴുത്തിൽ പരാമർശിച്ചത്; മറിച്ച് തലശ്ശേരിയുടെ പ്രതാപകാലത്തിൻ്റെ അവസാന ഭാഗത്ത് ഇവിടെ പിറക്കാൻ കഴിഞ്ഞിട്ടുള്ള എനിക്ക് ഇന്നത്തെ അവസ്ഥ കണ്ട് പ്രതികരിച്ച് പോയതാണ്. ഒന്നോ രണ്ടോ നഷ്ടങ്ങൾ സംഭവിച്ചാൽ അത് യാദൃഛികമാണെന്ന് കരുതാം, എന്നാൽ കാലങ്ങളായി നിരന്തരം ഓരോന്നായി മനപൂർവ്വം നഷ്ടപ്പെടുത്തുമ്പോഴും അതിപ്പോഴും തുടരുമ്പോഴും ആരും തന്നെ പ്രതികരിച്ചു പോകും, അത് തന്നെയാണിവിടെ സംഭവിച്ചത്. തലശ്ശേരിയുടെ പൈതൃക പദ്ധതിയിന്മേൽ കേരളാ സർക്കാർ കാണിച്ചിട്ടുള്ള താൽപ്പര്യവും അതുമായി ബന്ധപ്പെട്ട് നടപ്പിൽ വരുത്തിയ വികസന പ്രവർത്തനങ്ങളുമൊക്കെ നന്ദിപൂർവ്വം തലശ്ശേരിക്കാർ സ്മരിക്കുന്നുണ്ട്. എന്നാൽ പദ്ധതിയിൽ ബാക്കിയായിട്ടുള്ള ക്രൂയിസ് പോർട്ട്, ധർമ്മടം തുരുത്തുമായും മുഴപ്പിലങ്ങാട് ബീച്ചുമായും ബന്ധപ്പെട്ട പ്രവൃത്തികൾ, കടൽ പാല പുനരുദ്ധാരണം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര വേഗതയുണ്ടായിട്ടില്ല എന്ന് സർക്കാരിനെ ഖേദപൂർവ്വം അറിയിക്കുന്നു. നിശ്ചയിച്ച പ്രവർത്തനങ്ങൾ കാലതാമസം കൂടാതെ പൂർത്തിയാക്കാനുള്ള നടപടികൾ ഉടനെ ഉണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിക്കട്ടെ.
തലശ്ശേരിയുടെ അപചയത്തിനു് നേതാക്കന്മാരുടെ പങ്കിനെക്കുറിച്ച് ഈ എഴുത്തിൽ പരാമർശിച്ചത് സംബന്ധിച്ച് നിലവിലുള്ള നേതാക്കന്മാർക്കോ, മൺമറഞ്ഞു പോയവരുൾപ്പടെയുള്ള നേതാക്കന്മാരെ സ്നേഹിക്കുന്ന ‘ഞാനു’ൾപ്പടെയുള്ളവർക്കോ വിഷമം തോന്നുകയാണെങ്കിൽ ക്ഷമ ചോദിച്ച് കൊണ്ട് ആവശ്യങ്ങൾ അവതരിപ്പിക്കട്ടെ.
തലശ്ശേരി താലൂക്ക്, ഇരിട്ടി താലൂക്ക് എന്നിവയും തലശ്ശേരിയോട് ഇപ്പോഴും ആഭിമുഖ്യം കാണിക്കുന്ന കുറ്റ്യാടി, നാദാപുരം മേഖലയുൾപ്പെടുന്ന പ്രദേശവും ഉൾപ്പെടുത്തി തലശ്ശേരി ജില്ല രൂപീകരിക്കുക. (തലശ്ശേരി താലൂക്കും ഇരിട്ടി താലൂക്കും ചേർന്നാൽ തന്നെ ആലപ്പുഴ ജില്ലയേക്കാൾ വിസ്തൃതി ഉണ്ടാവും) ഇതു വഴി തലശ്ശേരിയുടെ പഴയ പ്രതാപം അല്പമെങ്കിലും തിരിച്ചുനൽകാനാകും, അതോടൊപ്പം കണ്ണൂരുമായുള്ള വർഷങ്ങൾ നീണ്ടു നിൽക്കുന്ന അസ്വാരസ്യങ്ങൾക്ക് ഒരു പരിധി വരെ ശമനമുണ്ടാവുകയും കണ്ണൂരിനും തലശ്ശേരിക്കും പ്രത്യേകം അസ്ഥിത്യം നിലനിർത്താനും സാധിക്കും.
തലശ്ശേരിയെ കോർപ്പറേഷനാക്കി ഉയർത്തുക (1865 ലെ തീരുമാനപ്രകാരം ഞാൻ നേരത്തെ പറഞ്ഞ പ്രകാരം 1866 ൽ രൂപീകൃതമായ കേരളത്തിലെ ആദ്യത്തെ നഗരസഭയായ തലശ്ശേരിക്ക് കോർപ്പറേഷനാകാനുള്ള പരിപൂർണ്ണ അർഹതയുണ്ടെന്ന് തലശ്ശേരി നഗരസഭയുടെ 150 ആം വാർഷികാഘോഷ സമാപന ചടങ്ങ് ഉൽഘാടനം ചെയ്ത് കൊണ്ട് മുൻ ഗവർണ്ണർ ജസ്റ്റീസ് സദാശിവം പോലും 2017ൽ അന്നത്തെ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി. ജലീലിനെ സാക്ഷിയാക്കി പറഞ്ഞിട്ടുള്ളതാണു്.) 2020ലെ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പോടെ ഇത് സഫലമാവുമെന്ന് തലശ്ശേരിക്കാരും പരിസരങ്ങളിലെ പഞ്ചായത്തുകളിലെ ജനങ്ങളും കരുതിയെങ്കിലും രാഷ്ട്രീയ തീരുമാനമുണ്ടാകാതെ പോയതിനാൽ നടപ്പിലായില്ല. തലശ്ശേരിയോടൊപ്പം വളർന്നു വരുന്നതും നഗരവൽക്കരിക്കപ്പെട്ടതുമായ പഞ്ചായത്തുകളായ ധർമ്മടം, മുഴപ്പിലങ്ങാട്, ന്യൂ മാഹി, എരഞ്ഞോളി, പിണറായി, കതി രൂർ, ചൊക്ലി, പന്ന്യന്നൂർ എന്നിവയും ഇപ്പോൾ മുനിസിപ്പാലിറ്റിയായി മാറിയ പാനൂരും ചേർത്താൽ കണ്ണൂർ, കൊല്ലം എന്നീ കോർപ്പറേഷനുകളിലുള്ളതിനേക്കാൾ ജനസംഖ്യയുള്ള കോർപ്പറേഷനായി തലശ്ശേരി മാറുന്നതാണ്.
മേൽ പറഞ്ഞ രണ്ട് ആവശ്യങ്ങളും 2025 ലെ തിരഞ്ഞെടുപ്പോടുകൂടി നടപ്പിലാവേണ്ട കാര്യമാണ്. അല്ലെങ്കിൽ നിലവിലുള്ള നിയമങ്ങളനുസരിച്ച് വീണ്ടും 5 വർഷം കാത്തിരിക്കേണ്ടി വരുമെന്നതിനാൽ അടിയന്തിര തീരുമാനമുണ്ടാവേണ്ടതാണ്. കേരളാ സർക്കാർ മാത്രം വിചാരിച്ചാൽ നടപ്പിലാക്കാൻ കഴിയുന്ന ഈ രണ്ടു തീരുമാനങ്ങളും ബഹു: കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ബഹു: നിയമസഭാ സ്പീക്കർ അഡ്വ: എ.എൻ.ഷംസീറും മാത്രം മുൻകയ്യെടുത്താൽ നടപ്പിലാക്കാനാവും.
ഒരു എം.എൽ.എ.മാത്രമായിരുന്ന ശ്രീ.കെ.കെ.നായർ ഇച്ഛാശക്തിയോടെ പ്രവർത്തിച്ചപ്പോൾ പത്തനംതിട്ടയെ താലൂക്ക് ആക്കാനും പിന്നെ ജില്ലയാക്കാനും സാധിച്ച ചരിത്രം നമ്മുടെ മുൻപിലുള്ളതാണ്.
രാഷ്ട്രീയപരമായും ഭരണപരമായും തലശ്ശേരിക്ക് മുൻപുണ്ടായിരുന്ന മേധാവിത്വവും മഹിമയും മാത്രമല്ല കലാ, കായിക, സാംസ്കാരിക രംഗങ്ങളിലും സിനിമാ മേഖലയിലും നൂറ്റാണ്ടുകൾ മുമ്പേ വലിയ സംഭാവനകൾ നൽകിയ പട്ടണവും പ്രദേശവും എന്ന നിലക്കും മേൽപറഞ്ഞ രണ്ട് ആവശ്യങ്ങൾക്കുമുള്ള പ്രസക്തി വർദ്ധിക്കുന്നു. അതേക്കുറിച്ച് വിസ്താര ഭയത്താൽ വിശദീകരിക്കുന്നില്ല,
എന്നാൽ ചുരുക്കം ചില കാര്യങ്ങൾ പറയാതെ വയ്യ. മൂന്നു C കളുടെ പട്ടണം ക്രിക്കറ്റ്, കേക്ക്, സർക്കസ് എന്നിവയുടെ ആവിർഭാവമുണ്ടായ നഗരം. ഹെർമൻ ഗുണ്ടർട്ടിൻ്റെ ആസ്ഥാന നഗരം, മലയാള ഭാഷയിലെ ആദ്യ നിഘണ്ടുപിറന്ന സ്ഥലം, ആദ്യ ദിനപത്രം ഉണ്ടായ സ്ഥലം, ആദ്യത്തെ നോവൽ പിറവിയെടുത്ത സ്ഥലം, കേരളത്തിലെ ആദ്യത്തെ സ്റ്റേഡിയം ഗ്രൗണ്ട് ഉണ്ടായ നഗരം, ആദ്യമായ് ഈദ് ഗാഹ് ഉണ്ടായ സ്ഥലം സിനിമാ മേഖലയിൽ ഇപ്പോഴും തുടരുന്ന സംഭാവനകൾ തുടങ്ങിയ ഒട്ടനവധി കാര്യങ്ങൾ സൂചിപ്പിക്കാനുണ്ട്. ദീർഘിപ്പിക്കുന്നില്ല ഒട്ടനവധി ആവശ്യങ്ങൾ തലശ്ശേരിക്ക് വേണ്ടി അധികാരികൾ മുമ്പാകെ നിരത്താനുണ്ടെങ്കിലും മൂന്നാമതായി ഒരു ആവശ്യം കൂടി ഉന്നയിച്ചു കൊണ്ട് നിർത്തുകയാണ്.
തലശ്ശേരി മട്ടന്നൂർ എയർപോർട്ട് വഴി വയനാട്ടിലേക്ക് റെയിൽവേ ലൈൻ സ്ഥാപിക്കുക, നൂറ്റാണ്ട് പഴക്കമുള്ള ആവശ്യമായ തലശ്ശേരി മൈസൂർ റെയിൽ എന്ന ആശയത്തിനു ആദ്യ ചുവട് വയ്പായി ഇതിനെ കണക്കാക്കാം. വയനാട് വരെ റെയിൽ സ്ഥാപിതമായാൽ നിലമ്പൂർ നഞ്ചൻകോട് എന്ന പദ്ധതി നടപ്പാലാവുകയാണെങ്കിൽ അതുമായി ബന്ധപ്പെടുത്തിയോ ആ പദ്ധതി പാരിസ്ഥിതി പ്രശ്നങ്ങളാൽനടക്കാതെ പോയാൽ മറ്റു മാർഗ്ഗങ്ങളിലൂടെയോ തലശ്ശേരി മൈസൂർ റെയിൽവേ യാഥാർത്ഥ്യമാക്കാനാവും. മൈസൂർ വരെയുള്ള റെയിൽവേക്ക് കേരളാ, കണ്ണാടകാ, കേന്ദ്ര സർക്കാരുകളുടെ സഹകരണം ആവശ്യമാണെങ്കിൽ വയനാട് വരെയുള്ള റെയിലിന് കേരളവും കേന്ദ്രവും സഹകരിച്ചാൽ മതിയാവുന്നതാണ്.
കേരളാ മുഖ്യമന്ത്രിയും, സ്പീക്കറും നമ്മുടെ എം.പി.മുരളീധരനും കേന്ദ്ര മന്ത്രി.വി. മുരളീധരനും റെയിൽവെ അമിനിറ്റീസ് ചെയർമാൻ പി.കെ.കൃഷ്ണദാസും മുൻകൈയെടുത്താൽ പെട്ടെന്ന് നടക്കാവുന്നതാണിക്കാര്യം എന്നാണെൻ്റെ പക്ഷം. പിന്നീട് കർണ്ണാടക സർക്കാരിൻ്റെ സഹകരണം കൂടി ലഭ്യമായാൽ നമ്മുടെ സ്വപ്ന പദ്ധതിയായ തലശ്ശേരി മൈസൂർ റയിലും യാഥാർത്ഥ്യമാക്കാം.
കൂടാതെ തലശ്ശേരി നിർത്താതെ പോകുന്ന ഇരുപതിലേറെ ട്രെയിനുകളിൽ വന്ദേ ഭാരത് ഉൾപ്പടെയുള്ള പത്ത് ട്രെയിനുകൾക്കെങ്കിലും തലശ്ശേരിയിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യം കൂടി ഉന്നയിക്കുകയാണ്. വയനാടിൻ്റെ റെയിൽവേ ഹെഡ്ക്വാർട്ടർ എന്ന നിലയിലും മലബാർ കാൻസർ സെൻ്ററിലേക്കുള്ള കവാടം എന്ന നിലയിലും മട്ടന്നൂർ എയർപോർട്ടിൻ്റെ ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ എന്ന നിലയിലും തികച്ചും ന്യായമാണീ ആവശ്യം എന്നു കാണാൻ കഴിയും. കുടക് വയനാട് മേഖലകളിൽ നിന്നും കുറ്റ്യാടി നാദാപുരം മേഖലയിൽ നിന്നും തലശ്ശേരിയിൽ സ്റ്റോപ്പില്ലാത്തത് കാരണമായി കണ്ണൂരിലേക്കോ, കോഴിക്കോടേക്കോ നിത്യേന പോകുന്ന നൂറു കണക്കിനു യാത്രക്കാരുടെ പണവും സമയവും സൗകര്യവും നഷ്ടപ്പെടുത്തുന്നത് ഒഴിവാക്കാനെങ്കിലും ഇതനിവാര്യമാണ് എന്ന് പറഞ്ഞു കൊള്ളട്ടെ.
പഴയ പ്രതാപം തലശ്ശേരിക്ക് തിരിച്ചു ലഭിക്കാൻ എന്തൊക്കെ ചെയ്താലും സാദ്ധ്യമല്ലെന്നു മനസ്സിലാക്കുമ്പോഴും മേൽ പറഞ്ഞ മൂന്ന് ആവശ്യങ്ങൾ നടപ്പിലായാൽ തന്നെ അത് വലിയ ഒരു ആശ്വാസമായിത്തീരും.പാർലമെൻറ് പുനർനിർണ്ണയ ഘട്ടം വരുമ്പോൾ തലശ്ശേരി പാർലമെൻ്റ് പുന:സ്ഥാപനം കൂടി നടന്നു കഴിഞ്ഞാൽ തലശ്ശേരിക്കാവശ്യമായ ഇന്നത്തെയും ഭാവിയിലും വരുന്ന ഒട്ടനവധി ആവശ്യങ്ങർ ഉന്നയിക്കാൻ ഉള്ള വേദി ലഭിക്കുമെന്ന പ്രത്യാശ കൂടി നിലനിർത്തിക്കൊണ്ട് എൻ്റെ ”അധിക പ്രസംഗം “ഇവിടെ അവസാനിപ്പിക്കുകയാണു്.
കണ്ടറിവും, കേട്ടറിവും, വായിച്ചറിവും, എൻ്റെ നിഗമനങ്ങളും, സമാന മനസ്കരാൽ പങ്കു വെക്കപ്പെട്ട നിഗമനങ്ങളും അഭിപ്രായങ്ങളുമൊക്കെയാണീ എഴുത്തിൻ്റെ പാശ്ചാത്തലമെന്നത് കൊണ്ട് അബദ്ധങ്ങളോ, പിശകുകളോ വന്നു പോയിട്ടുണ്ടാകാം. അവ ചൂണ്ടിക്കാണിക്കുന്നതിന് ഏവർക്കും സ്വാതന്ത്ര്യമുണ്ടായിരിക്കുന്നതും ആയത് സ്വീകരിക്കുന്നതിന് ഞാൻ എപ്പോഴും തയ്യാറുമാണ് എന്ന് പറഞ്ഞ് കൊണ്ടും തലശ്ശേരിയുടെ ഒരു നല്ല ഭാവി പ്രതീക്ഷിക്കുന്ന ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കഴിയുന്ന തലശ്ശേരിക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടും തൽകാലം അവസാനിപ്പിക്കട്ടെ.
മഠത്തിൽ ബാബു ജയപ്രകാശ്………✍️ My Watsapp Contact No 9500716709











