ഒരു റേഷൻകട പുരാണം

Time Taken To Read 5 Minutes

റേഷൻകട പുരാണം , പഴയതും പുതിയതും ഒരു സ്മരണ…

ഒരുകാലത്തു വളരെ പ്രതാപിയായിരുന്ന റേഷൻ കാർഡ് ഇന്ന് പഴയ പ്രതാപമൊക്കെ നശിച്ചു വെങ്കിലും ആനമെലിഞ്ഞാൽ പശുത്തൊഴുത്തിൽ കെട്ടില്ല എന്നുപറഞ്ഞതുപോലെ അങ്ങിനെ നിലനിൽക്കുന്നുണ്ട്. ഒറ്റ ചോദ്യമേയുള്ളു എത്രകാലം…

ഇങ്ങനെയൊക്കെയാണെങ്കിലും റേഷൻ കാർഡ് ഒരുസംഭവമാ.. ഈ റേഷൻ കാർഡ് വെച്ചായിരുന്നു എല്ലാം പാസ്പോർട്ട് വേണമെങ്കിൽ റേഷൻകാർഡ്! വരുമാന സർട്ടിഫിക്കേറ്റ് വേണമെങ്കിൽ റേഷൻകാർഡ്! സ്ഥിരതാസമസക്കാരനാണ് എന്ന് തെളിയിക്കണമെങ്കിൽ റേഷൻകാർഡ് , നേറ്റിവിറ്റി വേണണെങ്കിൽ റേഷൻകാർഡ്! അങ്ങനെ എന്തിനും ഏതിനും റേഷൻകാർഡ് വേണമായിരുന്നു…ആധാർ കാർഡ് എടുക്കണമെങ്കിലും റേഷൻ കാർഡ് നിർബന്ധമായിരുന്നു…

ആധാർ കാർഡ് വന്നതോടുകൂടിയാണ് റേഷൻകാർഡിന്റെ അടപ്പ് ഇളകി തുടങ്ങിയത് ! എത്രയെത്ര റേഷൻകാർഡുകളാണ് തിരോദാനം ചെയ്തത്…അതോടൊപ്പം ശേഷിച്ചവരെ നിറംകൊടുത്തു ജാതിതിരിച്ചപ്പോൾ പൂർണ്ണമായി….!!

പറഞ്ഞുവരുന്നത് ഇപ്പോൾ റേഷൻ കാർഡുകൾക്കെല്ലാം പല നിറങ്ങളായിരിക്കുന്നു.. എന്നാൽ റേഷൻ കാർഡുകൾക്കെല്ലാം ഒരേ നിറമുള്ള കാലമുണ്ടായിരുന്നു… അന്ന് റേഷൻ കടക്കാരനേ മിക്കവരും ഭയ ഭക്തിയോടെയായിരുന്നു കണ്ടിരുന്നത്!

കാരണം… എല്ലാവരും റേഷനരി തിന്ന് ജീവിച്ച ഒരു കാലം… മണ്ണെണക്ക് പച്ചവെള്ളത്തിൻ്റെ നിറമുണ്ടായിരുന്ന കാലം..!

റേഷൻ കാർഡിൽ കുട്ടികൾക്ക് എന്നും പ്രായക്കൂടുതൽ രേഖപ്പെടുത്തിയിരുന്ന കാലം. നാട്ടിലില്ലാത്തവരുടെ പേരുകളും കാർഡിൽ ഉണ്ടായിരുന്ന കാലം.

വർഷങ്ങളോളം കാർഡിൽ കുടുംബനാഥന്റെ വാർഷിക വരുമാനം 1200 രൂപയിൽ കൂടാതെയും, കുറയാതെയും കൃത്യമായി രേഖപ്പെടുത്തിയിരുന്ന കാലം.

അന്നൊക്കെ പഞ്ഞമാസങ്ങളിൽ പണ്ടം പണയം വെയ്ക്കുന്നതുപോലെ റേഷൻ കാർഡ് അഞ്ചും – പത്തും രൂപയ്ക്ക് പണയം വച്ചിരുന്ന കാലം…. മയ്യഴിയിലാണെങ്കിൽ ഒരേ വീട്ടിൽ രണ്ടും മൂന്നും കാർഡുകൾ ഉള്ളകാലം..

എന്നാൽ ഇന്ന് കാർഡുകൾ എണ്ണമില്ലാത്തത്ര കൂടി … ബേങ്കുകളുടെ പേരും തരവും പോലെ വിവിധ ഡിസൈനുകളിൽ കാർഡുകൾ ഇറങ്ങി , പുറമെ പാൻ കാർഡ്, ആധാർ കാർഡ്, വോട്ടേഴ്‌സ് ഐ. ഡി .കാർഡ്, ഡ്രൈവിങ് ലൈസൻസ് കാർഡ്, … കർഷ കാർഡ്, തെഴിലിടങ്ങളിലെ തിരിച്ചറിയൽ കാർഡ്, കുട്ടികളുടെതിരിച്ചറിയൽ കാർഡ്,.   ഇതിനൊക്കെ പ്പുറമേ ഇൻഷൂറൻസ് കാർഡും …. അങ്ങനെ കാർഡുകളുടെ മായാവലയത്തിൽ കുടുങ്ങി നട്ടംതിരിയുകയാ മനുഷ്യർ . വന്നു വന്നു ഇപ്പോൾ മരിക്കണമെങ്കിൽ കൂടി കാർഡുകൾ അത്യാവശ്യമായിരിക്കുന്നു എന്നാണ് വസ്തുത….

ഇങ്ങനെയൊക്കെയാണെങ്കിലും രണ്ട് കാർഡുകളേ കുട്ടികൾക്ക് പരിചയം ഉണ്ടായിരുന്നുള്ളൂ. റേഷൻ കാർഡും, പ്രോഗ്രസ്സ് കാർഡും. ഈ രണ്ടു കാർഡുകളും അവരുടെ പേടിസ്വപ്നമായിരുന്നു. റേഷൻ കടയിൽ പോകുന്ന പണി പലപ്പോഴും കുട്ടികൾക്കായിരുന്നു. ചില കുട്ടികൾ ടയർ ഉരുട്ടി റേഷൻ കടകളിൽ ഓടിപ്പോകുന്നത് കണ്ടിട്ടുണ്ട് ഏതാണ്ട് മാരത്തോൺ ഓടുന്നത് പോലെയാ ടയർ ഒരു ചെറിയ വടികൊണ്ട് മുന്നോട്ടേക്കു തട്ടി ടയറിനു പിന്നാലെ ഓടിപ്പോകും. ആ ഓട്ടം റേഷൻ കടയിലെത്തിയാലേ നിർത്തുകയുള്ളൂ…

റേഷൻ കടയുടെ പേരു എ.ആർ.ഡി (ആതറൈസ്ഡ് റീട്ടെയിൽ ഡിപ്പോ.) വെള്ളിയാഴ്ച്ച അവധിയാണെങ്കിലും റേഷൻ വ്യാപാരികൾ അന്നായിരിക്കും അടുത്ത ആഴ്ച്ചയ്ക്കുള്ള സാദനങ്ങൾ ബുക്ക് ചെയ്യാൻ ഡബ്ല്യൂ. ആർ. ഡി (ആതറൈസ്ഡ് ഹോൾ സെയിൽ ഡിപ്പോ) വിൽ പോകുന്നത്… അവിടെന്നാണ് ഓരോ റേഷൻ കടയിലേക്കും റേഷൻ വാങ്ങിക്കേണ്ടത് . അതിനു മുൻപ് സിവിൽ സപ്ലൈസിൽ നിന്നും അതാതു ആഴ്ചയ്ക്കുള്ള സാദനങ്ങൾ ഇന്റന്റ് ചെയ്യിന്നത് .. സിവിൽ സപ്പ്ളൈ ഓഫീസറിയിരിക്കും ഇത് പാസാക്കുന്നത് … റേഷൻ കടയുടമകൾക്കു ഇവർ ഒരു പേടിസ്വപ്നമാണ് … റേഷനിങ് ഓഫിസറെയും ഇവർക്ക് പേടിയാണ് … ഇട്യ്ക്കു ഇവരൊക്കെ റേഷൻ പീടിക സന്ദർശിക്കാൻ വരും ….അതൊരു ചടങ്ങാണ്… ചിലപ്പോൾ അത് ഒന്നൊന്നര ചടങ്ങായിമാറാറുണ്ട്… ഇന്ന് റേഷൻ കടയുടെ സെറ്റപ്പേ മാറി…

ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും സ്‌കൂൾ വിദ്ദ്യാഭ്യാസം കഴിഞ്ഞ തൊഴിലന്വേഷകർക്ക് ഒരു ഇടക്കാല തൊഴിൽ കേന്ദ്രമായിരുന്നു പല റേഷൻ കടകളും . അത്തരം സ്ഥാപനങ്ങളിൽ ജോലിയെടുത്തു പിൽക്കാലത്തു ഉന്നത സർക്കാർ പദവിയിലേത്തി പിരിഞ്ഞു സുഖമായി ജീവിക്കുന്നവരിൽ … എത്രയോ ഉദാഹരണങ്ങൾ നമുക്കുടയിലുണ്ട്…

റേഷൻ കാർഡും, പ്രോഗ്രസ്സ് കാർഡും മാത്രമുള്ള ഒരു കാലത്തേ പറ്റിയാണല്ലോ നമ്മുടെ ചിന്ത? അതേ അതിനു നമുക്കിനി കുറച്ചു പിറകോട്ടു സഞ്ചരിക്കേണ്ടതുണ്ട്..

അന്ന് റേഷൻ കടയ്ക്കു അവധി വെള്ളിയാഴ്ച ആയിരുന്നു . ശനിയാഴ്ച്ചയും ഞായറാഴ്ച്ചയും ആയിരിക്കും റേഷൻ കടയിൽ കൂടുതൽ തിരക്ക് അനുഭവപ്പെടുക. വൈകുന്നേരം പൊതുവെ സ്‌കൂളൊക്കെ വിട്ടു വൈകുന്നേരം 4 – 5 ഓ മണിക്ക് റേഷൻ കാർഡും സഞ്ചിയും, മണ്ണെണ്ണക്കുപ്പിയും, ടിന്നുമായി ജനങ്ങൾ വീട്ടിൽ നിന്നറങ്ങി റേഷൻ പീടികയിലേക്ക് മാർച്ച് ചെയ്യും. ‘റേഷൻ’ മേടിക്കാൻ പോകുന്നു എന്ന് ചിലരും, ‘കൺട്രോളരി’ മേടിക്കാൻ പോകുന്നു എന്ന് ചിലരും ഈ ആഴ്ചതോറുമുള്ള ഈ പോക്കിനെ വിളിച്ചിരുന്നു.

മണ്ണെണ്ണ വാങ്ങാനുള്ള ടിൻ അമേരിക്കയിൽനിന്നും സ്കൂളുകളിൽ ഉപ്പുമാവ് ഉണ്ടാക്കാനുള്ള ഓയിൽ കൊണ്ടുവരുന്ന ടിൻ ആയിരുന്നു. അല്ലെങ്കിൽ പ്ലാസ്റ്റിക് കാൻ.

ചിലരൊക്കെ കടും പച്ചയും, കടും ബ്രൗൺ നിറത്തിലുള്ളതും , കുപ്പികളികും എണ്ണ വാങ്ങിക്കാറുണ്ട് .. അന്നൊക്കെ അത്തരം കുപ്പികൾക്കു ക്ഷാമമായിരുന്നു … എന്നാൽ ഇന്ന് കുപ്പികൾക്കോ പ്ലാസ്റ്റിക് കാനുകൾക്കോ ക്ഷാമമില്ല … മണ്ണെണ്ണയ്ക്കു ക്ഷാമം തന്നെ ….! മാഹിയിലാണെങ്കിൽ ഇന്ന് അങ്ങനെയൊരു സംബ്രദായമേ ഇല്ലാത്തതുപോലെയാണു … ഏതാണ്ട് ധനുഷ്ക്കോടിയെപ്പോലെ ആളും മനുഷ്യനുമില്ലാ , റേഷൻ കടകളുമില്ല..

അന്നൊക്കെ മയ്യഴിയിൽ പൊതുവിലുള്ള റേഷൻ തന്നെ നല്ല പുഴുക്കലരി ലഭിക്കും … അതിനു പുറമെ സ്‌പെഷൽ അരിയും ലഭിക്കും … മിക്കവീടുകൾക്കും ചാക്കിൽ കൊള്ളുവിധം 40 – 50 കിലോ വരെ കിട്ടുമെന്ന് അറിഞ്ഞിട്ടുണ്ട് . തൊട്ട അയൽപ്രദേധമായ അഴിയൂർ , ചുങ്കം മുക്കാളി ഒളവിലം പരിമഠം പെരിങ്ങാടി ഭാഗങ്ങളിലുള്ളവർ കൂട്ടം കൂട്ടമായി മയ്യഴിയിലെ റേഷൻ കടയ്ക്കു മുന്നിൽ കാത്തുകെട്ടി നിന്ന് അരിയും പഞ്ചസാരയും മണ്ണെണ്ണയും വാങ്ങി പോകുന്നത് ഒരു സ്ഥിരം കാഴ്ച്ചയായിരുന്നു. എന്നാൽ ഇന്ന് അതൊക്കെ ഓർമ്മകളായി മാറി ഒരു അന്ന്യംനിന്ന കാഴ്ച്ചകളായി മാറി..

ചാക്കരി, പച്ചരി, ഗോതമ്പ്, പഞ്ചസാര, മണ്ണെണ്ണ തുടങ്ങി റേഷൻകടയിൽനിന്ന് കിട്ടുന്നതെന്തും വാങ്ങുന്നവരായിരുന്നു അന്നത്തെ ശരാശരി മലയാളി. റേഷനരി കഴിക്കുന്ന കാര്യത്തിൽ ആരും വലുപ്പച്ചെറുപ്പമൊന്നും നോക്കിയിരുന്നില്ല. നല്ല തടിയുള്ള ചിലരെക്കാണുമ്പോൾ ‘എവിടുന്നാ റേഷൻ’ എന്നു ചോദിക്കുന്ന ഒരു നാട്ടിൻപുറ ഫലിതം ഒരുകാലത്ത് കേരളത്തിലങ്ങോളമിങ്ങോളം പ്രചരിച്ചിരുന്നു. അന്നൊക്കെ റേഷൻകടകൾ എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നുവെന്ന വലിയ സത്യം ഈ കുഞ്ഞു തമാശയിൽ ഒളിച്ചിരിപ്പുണ്ട്.

നാട്ടിൻ പുറത്തെ പലചരക്കുകടക്കാരനും ചായക്കടക്കാരനും രാവിലെ വന്നു കട തുറന്നു വിളക്കു കത്തിച്ച് പ്രാർത്ഥിച്ചു ഇന്നു നല്ല കച്ചവടം കിട്ടണേയെന്നു പറയും ‘ ഐശ്വര്യമുള്ള കൈ നീട്ടവും വാങ്ങും. പണ്ടത്തെ റേഷൻ കടക്കാരൻ പതിവുപോലെ കട തുറന്നു പ്രാർത്ഥിയ്ക്കും ഇന്നും ആരും റേഷൻ വാങ്ങാൻ വരരുതേയെന്ന് . കാരണം കരിഞ്ചന്ത.

മുതിർന്നവർക്ക് രണ്ട് യൂണിറ്റ് അരിയും കുട്ടികൾക്ക് (12 വയസ്സിന് താഴെയുള്ളവർക്ക്) ഒരു യൂണിറ്റ് അരിയുമായിരുന്നു ഒരാഴ്ചയിൽ നൽകിയിരുന്നത്
(1 യൂണിറ്റ്_770 gm) കുട്ടികളുടെ പ്രായം കൂട്ടി എഴുതി 12 ന് മുകളിൽ ആക്കിയിരുന്നതിന്റെ ഗുട്ടൻസ് അതായിരുന്നു.

അന്ന് ഒരാൾക്ക്‌ 250 ഗ്രാം വച്ച്‌ പഞ്ചസാര കിട്ടിയിരുന്നത്. അത്‌ അടുത്ത കടയിൽ കൊടുത്താൽ മാർക്കറ്റ്‌ വിലകിട്ടും.. അത്‌ കൊണ്ട്‌ മറ്റാവശ്യസാധനങ്ങൾ വാങ്ങും.
വീട്ടിൽ എല്ലാവരും മധുരമില്ലാത്ത കാപ്പി കുടിക്കും. അഥിതികൾക്കായി പ്രത്യേകം പഞ്ചസാര കരുതിയിരുന്നു. ചക്കരയും.

പഞ്ചസാര മയ്യഴിയിൽ ആളൊന്നിന് 1 കെജിയും കുട്ടികൾക്ക് 1 / 2 കെജിയും പരമാവധി 10 കെജിയും മായി നിജപ്പെടുത്തിയതായി കേട്ടിട്ടുണ്ട് .. ഇന്ന് പഞ്ചസാര ആർക്കും കിട്ടാതായി ഇങ്ങനെയൊക്കെയാണെങ്കിലും പലർക്കും പഞ്ചാര ശരീരത്തിൽ ആവശ്യത്തിൽ കൂടുതൽ നൽകിയിട്ടുണ്ട്..

അന്നൊക്കെ റേഷൻ കടയിൽ വരുന്നവർ രണ്ടിൻ്റെയും, അഞ്ചിൻ്റെയും, പത്തിൻ്റെയും മുഷിഞ്ഞ നോട്ടുകൾ കൈയ്യിൽ ചുരിട്ടി പിടിച്ചായിരിക്കും മിക്കവാറും ആളുകൾ വരിക. പൈസ ഇല്ലാത്ത ചിലർ മറ്റു ചിലരോട് പൈസ കടം വാങ്ങി റേഷനരി വാങ്ങാൻ വരും. എന്നാൽ അപൂർവ്വം ചിലർക്ക് റേഷനരി വാങ്ങാൻ കഴിയില്ല. നാട്ടു ഭാഷാ നിഘണ്ടുവിൽ അതിനെ ” ആ ആഴ്ച്ചയിലെ അരി ഒഴിഞ്ഞ് പോയി” എന്നാണ് സൂചിപ്പിക്കുന്നത്

‘റേഷൻകട’യെന്നോ,ന്യായവില ഷോപ്പ് എന്നോ പിന്നീടാണ് (‘പൊതുവിതരണകേന്ദ്ര’മെന്നപേര് വന്നത്) എഴുതിവച്ച കുറ്റമറ്റ ബോർഡുകൾ അപൂർവം കടകളിൽ മാത്രം ആർഭാടമെന്നോണം നിലകൊണ്ടു. മറ്റു പലയിടങ്ങളിലും മതിലിലെ വട്ടെഴുത്തായും കോലെഴുത്തായും റേഷൻകട എന്ന പേരും അതിന്റെ നമ്പരും എഴുതിവെച്ചു ആളുകളെ കാത്തു നിൽക്കും..

എല്ലാ കടകളിലും കണ്ടിരുന്ന മറ്റൊന്ന് ‘ലൈസൻസി’യുടെ പേരാണ്. ലൈസൻസി എന്ന വാക്കിനർഥം അന്ന് ഭൂരിഭാഗം കുട്ടികൾക്കും പിടികിട്ടിയിരുന്നില്ലെങ്കിലും റേഷൻ കട നടത്തുന്ന ചേട്ടന്റെ പേരാണതെന്ന് അവർ തിരിച്ചറിഞ്ഞു. അതായത്, റേഷൻ കടയുടെ മുതലാളി!

റേഷൻ കട എന്ന ബോർഡ് വെച്ച ഒറ്റമുറി പീടികയിൽ മേശയിട്ട് റേഷൻ കടക്കാരൻ ഇരിക്കും. സന്ധ്യമയങ്ങിയാൽ കടയിൽ വെളിച്ചത്തിനായി മണ്ണെണ്ണ വിളക്ക് പ്രകാശിക്കുന്നുണ്ടാവും. അല്ലെങ്കിൽ റാന്തൽ വിളക്ക് അതുമെല്ലെങ്കിൽ പെട്രോൾ മേക്സ് പെട്രോൾ മേക്സ് കത്തിക്കുന്നത് ഒരു യുദ്ധത്തിനുള്ള തെയ്യാറെടുപ്പുപോലെയാ …അതിന്റെ വെളിച്ചം 40 വാട്ട് ടുബ് കത്തുന്നത് പോലെയാണ്. എങ്കിലും മിക്ക കടകളിലും പഴയ ലാന്തറും മണ്ണെണ്ണവിളക്കും അതിന്റെ അരണ്ട വെളിച്ചം അന്ന് കുറവായി തോന്നിയിരുന്നില്ല .

കടക്കാരൻ ഇരിക്കുന്നതിന് പിന്നിലായി സാധനങ്ങളുടെ സ്റ്റോക്ക് ബോർഡ് തൂക്കിയിട്ടിട്ടുണ്ടാവും അതിൽ വെള്ള ചോക്ക് കൊണ്ട് സാധനങ്ങളുടെ വില രേഖപ്പെടുത്തി വെച്ചിരിക്കും. കടയിലേക്ക് വരുന്നവർ ഓരോരുത്തരും അവരവരുടെ കാർഡുകൾ മേശപ്പുറത്ത് അട്ടിവെക്കും.
മഞ്ഞ നിറമുള്ള തുണിയുടെ പുറംചട്ടയുള്ള കാർഡുകൾ. കുറേക്കഴിഞ്ഞു ഈ കാർഡുകളുടെ അട്ടി അപ്പം മറിക്കുന്നപോലെ തിരിച്ചുവയ്ക്കും. ആദ്യം വന്നവരെ ആദ്യം വിളിക്കാനാണിത്.

60 – 70 കളിൽ ക്ഷാമകാലത്തു രാത്രിയോ അതികാലത്തോ ആളുകൾ റേഷൻ കടകളിൽ പോയി കാർഡ് വെക്കുന്ന ഒരു പതിവ് കേരളത്തിൽ പലസ്ഥലത്തുമുണ്ടായിരുന്നു . കാലത്തു കട തുറഞ്ഞുഴിഞ്ഞാൽ തിരക്ക് കുറക്കാൻ വേണ്ടിയും മാത്രമല്ല സാദനങ്ങളുടെ സ്റ്റോക്ക് തീരുന്നതിനു മുൻപ് ലഭിക്കുന്നതിന് വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്..

രാവിലെയായാൽ കടതുറക്കുമ്പോഴേക്കും ഒരു നീണ്ട ക്യു കടയ്ക്കുമുമ്പിൽ രൂപകൊണ്ടിരിക്കും “പിന്നെ ഒരു കാത്തിരിപ്പാണ്- നീണ്ട കാത്തിരിപ്പ് ” “……….

അതിനിടയിൽ റേഷൻ കടകളുടെ ഒരു ഭിത്തിയിൽ കുടുംബാസൂത്രണത്തിന്റെ ചുവന്ന ത്രികോണമുള്ള” നാം രണ്ടു നമുക്ക് മൂന്നു എന്ന് മഞ്ഞയിൽ കറുപ്പക്ഷരത്തിൽ ചുകന്ന ത്രികോണം വരച്ചു എഴുതിയ ബോർഡും കാണാം ഒപ്പം നിരോദിന്റെ പരസ്യവും …കുട്ടികൾ 3 മതി “എന്ന പരസ്യം പലവട്ടം വായിക്കും. സന്താന സൗഭാഗ്യം കൊണ്ടു ഒരു വിധം വീടുകളിൽ 8 ഉം 10ഉം കുട്ടികളുമുണ്ടായിരുന്നു അന്ന് അവർക്കുവേണ്ടിയുള്ളതാണ് ആ പരസ്സ്യമെന്നു അന്ന് മനസ്സിലായിരുന്നില്ല..

ഇന്നത്തെ അവസ്ഥ വെച്ച് നോക്കുമ്പോൾ കുട്ടികളെ പാടിയില്ല എന്ന ബോർഡ് കാണാത്തതിൽ നമുക്ക് സമാദാനിക്കാം.

അക്കാലത്ത് കേരളം കാത്തിരുന്ന റേഷൻകടയറിയിപ്പുകൾക്ക് രണ്ടോ മൂന്നോ വാക്കേ നീളമുണ്ടാകൂ. ‘പഞ്ചസാര തീർന്നു’, ‘ഗോതമ്പ് അടുത്തയാഴ്ച’, ‘മണ്ണെണ്ണ 2 ലീറ്റർ മാത്രം’, ‘പച്ചരി ഇല്ല….’

ആ കാത്തിരിപ്പിനിടയിൽ വന്നവരുമായി നേരം പോക്കിന് കഥകളും പറയും. അവസാനം റേഷൻ കടക്കാരൻ ഗൃഹനാഥൻ്റെ പേരും വീട്ടുപേര് ചേർത്ത് ഉച്ചത്തിൽ അലറി വിളിക്കും. നമ്മുടെ പേരാണ് വിളിക്കുന്നതെങ്കിൽ നമുക്ക് സാധനങ്ങൾ വാങ്ങാൻ തയ്യാറെടുക്കാം

കാർബൺ പേപ്പർ വെച്ചാണ് ബില്ല് എഴുതുക. ബില്ലിലെ അക്ഷരങ്ങൾ ലോകത്തിലെ ഒരു ഭാഷാ പണ്ഡിതൻമാർക്കും ഇത് വരെ പിടികിട്ടിയിട്ടില്ല. അരിയും , ഗോതമ്പും, മാസ അവസാനമാണെങ്കിൽ പഞ്ചസാരയും, മണ്ണെണയും ഉണ്ടാവും. ബിൽ തുക നൽകിയാൽ ബാക്കി ചില്ലറ തരാനില്ലെങ്കിൽ കാർഡിൻ്റെ പിൻവശത്ത് ആ തുക രേഖപ്പെടുത്തി വെക്കും.ബില്ല് എഴുതുന്നതിനിടയിൽ അടുത്ത ചായ കടക്കാരൻ നേരത്തെ കൊണ്ട് വെച്ച തണുത്ത് പോയചായ അയാൾ പെട്ടെന്നെടുത്ത് കുടിക്കും. കടയിലെത്തിയ ചിലരോട് റേഷൻ കടകാരൻ ബാലൻ കെ നായർ ജയനോട് സംസാരിക്കുന്നത് പോലെ ചാടി കടിക്കുന്ന രീതിയിൽ സംസാരിക്കും മറ്റു ചിലരോട് പ്രേംനസീർ ഷീലയോട് സംസാരിക്കുന്നതു പോലെ മധുരമായി സംസാരിക്കുന്നതായും കാണാം.

ഓരോ റേഷൻ കടയിലും കടക്കാരന് വിശ്വസ്തനായ ഒരു സഹായി ഉണ്ടായിരിക്കും. ഒറ്റ കൈ കൊണ്ട് അരിപ്പാട്ട തൂക്കി അയാളുടെ ഒരു കൈയ്യിലെ മസ്സിൽ മറു കയ്യിലെ മസ്സിലിനേക്കാൾ ദൃഢപെട്ടിരിക്കുന്നതായി കാണാം. ഓരോ അരി മണിയും സ്വർണ്ണം തൂക്കുന്നതു പോലെ ആണ് അയാൾ തൂക്കുക. പുതിയ പഞ്ചസാര ചാക്ക് ആണ് എടുക്കുന്നതെങ്കിൽ തുന്നിയ നൂൽ പാവാടയുടെ വള്ളി വലിച്ച് ഊരുന്നത് പോലെ അയാൾ വലിച്ചൂരിയെടുക്കും. അത് പോലെ തന്നെ കാലി ആയ ചാക്കുകൾ കടയ്ക്ക് അകത്ത് ഭംഗിയായി മടക്കി വെക്കും.

അന്ന് പഞ്ചസാരയും അരിയും വരുന്ന ചക്കുകൾ ക്വിന്റൽ ചാക്കുകൾ എന്നാണ് വിളിച്ചിരുന്നത്. ഓരോ ചാക്കും നൂറു കിലോ കാണും. എല്ലാവർക്കും പൊക്കാൻ സാധിക്കാത്ത അത്രയും വലിയ ചാക്കിറക്കാൻ പ്രത്യേക ആൾക്കാർ ഉണ്ടായിരുന്നു.

പല റേഷൻ കടക്കാരും വെട്ടിപ്പിന്റെ ആശാന്മാരായിരുന്നു. പഞ്ചസാര തൂക്കുന്ന പാട്ടയുടെ നാലുമൂലക്കും കട്ടിപിടിച്ചിരുന്നിരുന്ന
പഞ്ചസാര ഒരിക്കലും അവർ ക്ലീൻ ആക്കാൻ ശ്രമിച്ചിരുന്നില്ല. ഒരു കിലോ പഞ്ചസാര തൂക്കിയാൽ 900 ഗ്രാം എങ്കിലും കിട്ടുന്നവർ ഭാഗ്യവാന്മാരാണ് . കാശിന്റെ കുറവുമൂലം ആ ആഴ്ചയിൽ ഒരാൾ തന്റെ വിഹിതം മുഴുവൻ വാങ്ങിച്ചില്ലെങ്കിലും മുഴുവനായി വാങ്ങിച്ചെന്ന് രേഖപ്പെടുത്തിയിരുന്നു. അതിൽ ഒരു കാർഡുടമയും പരാതി പറഞ്ഞു കേട്ടിട്ടില്ല.

റേഷൻ കടയിലെ അരി തൂക്കുന്ന ത്രാസിന്റെ മുകളിലായി ഒരു ചെറിയ കല്ല് തൂക്കിയിട്ടതായി കാണാം. അത് എന്തിനാണ് തൂക്കിയിട്ടിരിക്കുന്നതെന്ന് അന്ന് ഒരു പിടിയും ഉണ്ടായിരുന്നില്ല. അരി തൂക്കുന്ന പാട്ടയുടെ തൂക്കത്തിനുള്ള കല്ലാണ് കെട്ടിത്തൂക്കുന്നത്. അതായത് ആ പാത്രത്തിന്‍റെ തൂക്കത്തിനുളള തൂക്കക്കട്ടി കിട്ടില്ലല്ലോ. പിന്നീട് വളർന്നപ്പോൾ ഉണ്ടായ തിരിച്ചറിവാണ്..

അരി കിട്ടാത്ത നാളിൽ ഇരട്ടി അളവിൽ നെല്ല് കിട്ടുമായിരുന്നു. സൂചി ഗോതമ്പു് പൊടി, പാം ഓയിൽ, കോറത്തുണി ( കട്ടിയുള്ള മുണ്ട് ) എന്നിവയും കിട്ടിയിരുന്നു .. ഇൻഡോ ചൈനാ യുദ്ധ സമയത്താണോ എന്നറിയില്ല റേഷൻ കടകളിലൂടെ കോളയാടാൻ കിഴങ്ങു റേഷനായി കൊടുത്തത് ഓർമ്മയിൽ ഉണ്ട്. എന്നത് പുതിയ തലമുറകൾക്ക് അത്ഭുതമാവും. കിട്ടിയിരുന്ന തുണികൾ കട്ടിയുള്ള ഒറ്റക്കളർ തുണികളായിരുന്നു. പശമുക്കി വടിപോലെയിരിക്കുന്ന തുണികൾ അലക്കിൽക്കഴിഞ്ഞാൽ വലപോലെയായി മാറും. നിലവാരം കുറഞ്ഞ തുണികളെ ” റേഷൻ തുണിപോലെ” എന്നൊരു ചൊല്ല് അന്നാളുകളിലുണ്ടായിരുന്നു.

അരിയും പഞ്ചസാരയും , ഗോതമ്പും വാങ്ങി കഴിഞ്ഞാൽ മാത്രമാണ് മണ്ണെണ്ണ തരിക. വലിയ ഉരുണ്ട വീപ്പയിലെ മണ്ണെണ്ണയെ വളരെ സുക്ഷ്മതതോടെ പ്ളാസ്റ്റിക്കിൻ്റെ സുതാര്യമായ പെപ്പിലൂടെ അറബികൾ ഹുക്ക വലിക്കുന്നത് പോലെ വായ കൊണ്ട് വലിച്ച് മറ്റൊരു ചെറിയ പാത്രത്തിലാക്കുന്നു. വായിൽ കയറിയ മണ്ണെണ്ണ കാറിതുപ്പും. പിന്നീട് വലിയ കോളാമ്പി പോലുള്ള വലിയ നാളം വച്ച്( Funal) പച്ചവെള്ളം പോലുള്ള മണ്ണെണ്ണ എല്ലാവർക്കും കന്നാസിൽ അളന്ന് കൊടുക്കുന്നു. മണ്ണെണ്ണ സൂക്ഷിച്ച വലിയ വീപ്പാക്കടുത്ത് ചിലപ്പോൾ നായകളെ കാണാം. അത് അവിടെ വന്ന ആളുകളെ അനുഗമിച്ച് വീട്ടിൽ നിന്നും വന്ന വളർത്ത് നായകൾ ആണ്. നായകൾ ഒരുകാൽപൊക്കി ഡ്രം നനക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്..

അരിയും മറ്റ് സാധനങ്ങളും സഞ്ചിയിലാക്കി കെട്ടി തലയിൽ വെച്ച് ഒരു കൈകൊണ്ട് ചെറുതായി താങ്ങി പിടിക്കും. മറുകയ്യിൽ മണ്ണെണ്ണ കഴുത്തിൽ കയറുകെട്ടിയുണ്ടാക്കിയ കൊഴയിൽ തൂക്കി പിടിക്കും. നടത്തത്തിന് വേഗത കൂടുമ്പോൾ കുപ്പിയുടെ പുറത്ത് കൂടി ചിലപ്പോൾ മണ്ണെണ്ണ ഒലിക്കും. ചിലർ സാധനങ്ങൾ വാങ്ങി ഹെർക്കുലീസ് സൈക്കിളിൽ വെച്ച് ഗമയോടെ പോവുന്നതായി കാണാം. നേരത്തെ ടയറുമുരുട്ടി വന്നകുട്ടി ബുള്ളറ്റ് ഓടിച്ചുപോകുന്നതുപോലെ ഓടിച്ചു പോകുന്നത് കാണാം.

മറ്റു ചിലർ തലയിൽ അരി സഞ്ചിയും ഇടത്തേ കയ്യിൽ ഉണങ്ങിയ വാഴയിലയിൽ പൊതിഞ്ഞ ഉണക്ക മീനും, വലത് കയ്യിൽ മണ്ണെണ്ണ കുപ്പിയുമായി കാവടിയാട്ടക്കാരെ പോലെ നടന്നു നീങ്ങുന്നതായി കാണാം. അരി സഞ്ചിയിലേക്ക് മണ്ണെണ്ണ ഒലിച്ചിറങ്ങി ആഴ്ച്ചകളോളം മണ്ണെണ്ണയുടെ സുഗന്ധമുള്ള ചോറുണ്ട കാലവുമുണ്ടായിരുന്നു.. അന്നൊന്നും ഒരു രോഗവും റിപ്പോർട്ട് ചെയ്തിരുന്നില്ല.

ചാക്കരി വരുന്ന സമയം കടകളിൽ പതിവില്ലാത്ത തിരക്കായിരിക്കും. പച്ചരിയിൽ പലപ്പോഴും പുഴുവിന്റെ കൂടുകൾ വരെ ഉണ്ടാകുമായിരുന്നെങ്കിലും ആരും പരാതി പറഞ്ഞിരുന്നില്ല. പലപ്പോഴും ചോറിന്റെ ദുർഗന്ധം “വാറ സോപ്പ് ” ( ബാർ സോപ്പിന് അങ്ങനാണ് പറഞ്ഞിരുന്നത് ) ഇട്ടു കഴുകിയാലും പോകില്ലായിരുന്നു.

സാധനങ്ങളുമായി വീട്ടിലെത്താൻ ആറേ- ഴു മണി ആവും. പുരയിലെത്തിയാൽ ആദ്യം കുപ്പിയിലെ മണ്ണെണ വീടിലെ കെടാറായ വിളക്കിൽ ഒഴിച്ച് അതിന് ജീവൻ വെപ്പിക്കും. പിന്നീട് ആ മണ്ണെണ വിളക്കിൻ്റെ വെളിച്ചത്തിൽ സഞ്ചിയിലെ അരി നാഴി കൊണ്ട് അളന്നെടുത്ത് അരി മുറത്തിലും പലകയിലും സിമന്റു തറയിലുമിട്ടു പെറുക്കി ക്കളയുന്നതുകാണാം കല്ലും, മണ്ണും, നെല്ലും തിനയുമായിരിക്കും, അങ്ങനെ എടുത്തുകളയുന്നതു … ഇങ്ങനെ പെറുക്കുമ്പോഴും റേഷൻകടക്കാരനെ പ്രാകിക്കൊണ്ടായിരിക്കും പെറുക്കിക്കളയുന്നതു . ഇപ്പോഴാണെങ്കിൽ തിന ആരും കളയില്ല കാരണം തിന വിലക്കൂടുതലും പോഷക സമർദ്ദമായ ധന്യമാണെന്നു ജനം തിരിച്ചറിയുന്നു .

റേഷൻകടയോളം ചർച്ചാവിഷയമായ മറ്റൊന്നുകൂടി എൺപതുകളിൽ കേരളത്തിലെത്തി. മാവേലി സ്റ്റോറുകൾ! റേഷൻകടയിൽ കിട്ടാത്ത പാമോയിലായിരുന്നു അവിടുത്തെ ഗ്ലാമർ താരം. സെക്കൻഡ് ഷോ കഴിഞ്ഞ് റേഷൻകാർഡുമായി മാവേലി സ്റ്റോറുകൾക്കു മുന്നിൽ ക്യൂ നിന്നവർവരെ അക്കാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്നു. പിറ്റേന്ന് ഉച്ചയോടെ മാവേലി സ്റ്റോറിൽനിന്ന് വില കുറച്ചു വാങ്ങിയ പാമോയിലും പലചരക്കുമൊക്കെ തോളത്തു വച്ച് ദിഗ്വിജയം കഴിഞ്ഞ രാജകുമാരന്മാരെപ്പോലെ അവർ വീടുകളിലേക്ക് മടങ്ങി.

ഈ പറയുന്ന പാമോയിൽ അത്ര ചില്ലറക്കരനല്ല നമ്മുടെ കേരളത്തിന്റെ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെ കസേര പിടിച്ചുകുലുക്കിയ സദാനമാണ് .. കരുണകാരിന്നില്ല കേസുകൊടുത്ത ആൾ അത്തുംവിത്തുമായി കിടപ്പിലുമാണ് ചില്ലറ ലക്ഷത്തിന്റെ അഴിമതി ചൂണ്ടിക്കാട്ടി കോടികൾ കേസുനടത്തിപ്പിനായി ചിലവഴിച്ച സംസ്ഥാനമാണ് കേരളം … കേസ് ഇന്നും കോടതിയിൽത്തന്നെ … പാഷ ചത്തിട്ടും മോരിന്റെ പുളിപ്പ് പോയിട്ടില്ല എന്നുപറയുന്നതുപോലെ…? ചിലപ്പോൾ തോന്നും വെറുതെയല്ല കേരളം കടക്കെണിയിൽ ആയതെന്നു!

ഇന്നു റേഷൻ കാർഡിന് പലനിറം.. വെള്ള നീല മഞ്ഞ ചുമപ്പു.. APL /BPL ഇങ്ങിനെയൊക്കെ റേഷൻ വാങ്ങാൻ വരുന്നവരെ പല പല ഗോത്ര സമൂഹമായി മാറ്റുന്നു. കഷ്ടകാലത്തു കുടുംബം പോറ്റാൻ കടല് കടന്നു നടുവ് ഒടിഞ്ഞു കിടക്കുന്നവൻ APL വെള്ള കാർഡ്.. ജീവിത സമ്പാദ്യം മുഴുവൻ കൂട്ടിവെച്ചും മറ്റുള്ളവരുടെ സഹായത്താലും ഒരു കോൺക്രീറ്റ് വീട് ഉണ്ടാക്കിയാൽ അവനു വെള്ള കാർഡ്. ഇരു ചക്രത്തിന്റെ വിലയെക്കാൾ വില കുറവുള്ള നാനോ കാർ മറ്റോ വാങ്ങിയാൽ അവനും വെള്ള കാർഡ്.. അവരുടെ കുടുംബത്തിൽ എത്ര അംഗങ്ങൾ ഉണ്ടെങ്കിലും മാസത്തിൽ ആകെ കിട്ടുക 2 കിലോ അല്ലെങ്കിൽ 3 കിലോ അരി. ഇവർക്കു പഞ്ചസാരയില്ല,. മണ്ണെണ്ണ എപ്പോഴെങ്കിലും 500 കിട്ടിയാൽ ആയി.

മുമ്പ് വീട്ടിൽ കറന്റ്‌ ഇല്ലാത്തവർക്ക് 4 ലിറ്റർ മണ്ണെണ്ണയും വീട്ടിൽ വൈദ്യുതി ഉണ്ടെങ്കിൽ 1 ലിറ്റർ മണ്ണെണ്ണ lയും കിട്ടുമായിരുന്നു. ഇന്ന് അങ്ങിനെ ഒന്നും ഇല്ല. ആകെ മൊത്തം 500 എം.എൽ മണ്ണെണ്ണ കിട്ടും.. എപ്പോഴെങ്കിലും. എന്നാലോ ബി പി എൽ കുടുംബത്തിൽ പെട്ട ചില കാർഡുകൾക്കു.. അവിടെ എത്ര ഇരു ചക്രങ്ങളോ? മുചക്രങ്ങളോ? എത്ര പേര് കൂലി പണിക്കു പോയാലും. വീട്ടിൽ ഒരംഗം ആയാലും മാസത്തിൽ 25 കിലോ അരി, ഗോതമ്പു, പഞ്ചസാര.. എല്ലാം അവർക്കു ലഭിക്കും!

പാവപ്പെട്ട പ്രവാസി രണ്ടോ മുന്നോ കിലോ അരി വാങ്ങി പോകുമ്പോൾ എടുത്താൽ പൊന്താത്ത അരിച്ചാക്കുമായി പോകുന്ന ബി പി എൽ കാർഡുകാരെ നോക്കി നെടുവീർപ്പിടുന്നു… മുമ്പ് ഏതു റേഷൻ കടയുടെ നമ്പറും പേരാണോ എഴുതിയിരിക്കുന്നത് അവിടെനിന്നു മാത്രമേ റേഷൻ സാദനം ലഭിക്കുമായിരുന്നുള്ളൂ. ഇന്നു എവിടെ നിന്നും ഏതു ഷോപ്പിൽ നിന്നും റേഷൻ വാങ്ങാം.

ഇന്നു POS മെഷീനിൽ ഫിംഗർ സ്കാനിങ് നടത്തി അതേ റേഷൻ കാർഡിലെ അംഗമാണോ എന്നുറപ്പിച്ചാലേ റേഷൻ കിട്ടൂ.. അതും സ്വൈപ്പിങ് മെഷിൻ  കേടാകാതെ സുലഭമായ നെറ്റ് കണക്ഷനും. ഇടയ്ക്കിടയ്ക്കു പോകുന്ന കരണ്ടും അനുകൂലമായാൽ  ഭാഗ്യം പോലിരിക്കും… കറന്റുപോയാൽ അതുവരുന്നത് വരേ കാത്തുനിന്നാൽമതിയായിരുന്നു ഇന്ന് സ്ഥിതിമാറി നെറ്റ് വർക്കും വേണം . ചക്കിക്കൊത്ത ചങ്കരനെന്നു പറഞ്ഞതുപോലെയാ രണ്ടിന്റെയും കോമ്പിനേഷൻ.

എന്നാലും റേഷനെക്കാൾ റേഷൻ കാർഡിന് വലിയ വിലയാണ്. നമ്മുടെ മേൽവിലാസ സർട്ടിഫിക്കറ്റും… വരുമാന രേഖയും റേഷൻ കാർഡാണെന്നു മറക്കരുത്…. ചുരുക്കിപ്പറഞ്ഞാൽ റേഷൻ കാർഡ് ഒരു മിനി ആധാർ കാർഡ് പോലെയാണ്.

എന്നാൽ ഇന്ന് മയ്യഴിയിലെ ജനങ്ങൾ അവരുടെ പൂർവീകരുടെ പഴയ പ്രതാപകാലത്തെ കഥകളോർത്തു കേരളത്തിലെ റേഷനിങ് സമ്പ്രദായത്തെ നോക്കി അസൂയപ്പെടുന്നു ….

ചില വാക്കുകളോടും ആശയങ്ങളോടും കടപ്പാട്

Madathil Babu Jayaprakash ……….✍️ Watsapp Vontact No 9500716709

Leave a Comment