Time Taken To Read 8 Minutes..
കാലം തീരുമാനിക്കുന്നു നമ്മൾ ജീവിതത്തില്‍ ആരെയൊക്കെ കണ്ടുമുട്ടണമെന്ന്. മനസ്സ് തീരുമാനിക്കുന്നു ജീവിതത്തില്‍ ആരുമായിട്ടാണ് ബന്ധം സ്ഥാപിക്കേണ്ടതെന്ന്. എന്നാൽ നമ്മുടെ സ്വഭാവം കണ്ട് മറ്റുള്ളവര്‍ തീരുമാനിക്കുന്നു നമ്മളുമായുള്ള ബന്ധം വേണോ വേണ്ടയോ എന്ന്…
ഒരു സുപ്രഭാതം മെസേജിലെ വരികളാണിത് … വളരെ അർത്ഥവത്തായ വരികൾ . താഴെ എഴുതിയ ജി ഗോപാലകൃഷ്‌ണന്റെ പ്രഭാഷണത്തിന് ഈ വർത്തമാനകാലത്തു ഏറേ പ്രസക്തിയുണ്ട് എന്ന എന്റെ ബോദ്ദ്യം താല്പര്യമുള്ളവർക്കുന്നു വായിക്കാം…
പ്രഭാഷണം.. ജി. ഗോപാലകൃഷ്ണന്‍
മനുഷ്യ വാസയോഗ്യമാക്കിയ ഭൂമിയില്‍ ദൈവത്തിന്റെ ഉത്തമ സൃഷ്ടിയായ മനുഷ്യനെ (മനനം ചെയ്യാന്‍ കഴിവുള്ളവന്‍) വിവേകബുദ്ധി പ്രദാനം ചെയ്ത് തന്റെ പ്രതിനിധിയായി അവതരിപ്പിച്ചു. പ്രപഞ്ച ചൈതന്യം ഉള്‍കൊണ്ട മനുഷ്യാത്മാവും പഞ്ചഭൂതങ്ങളായ ആകാശം, ഭൂമി, വായു, അഗ്‌നി, ജലം ഇവ ഏകോപിച്ചുണ്ടായ ശരീരം സ്വീകരിച്ചു പരിവര്‍ത്തന പ്രക്രിയയിലൂടെ മാതാവിന്റെ ഗര്‍ഭപാത്രത്തിലൂടെ രൂപം കൊണ്ട ലോകജാതനായ മനുഷ്യനു ഈ ഭൂമുഖത്ത് എവിടെയും അവിടങ്ങളിലെ നിലവിലുള്ള നിയമാനുസരണം ജീവിച്ച് മരണപ്പെടുന്നതിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി. അതോടൊപ്പം ഈ ഭൂമി കേവലം ഒരു പരീക്ഷണശാലയാണെന്ന് ഉല്‍ബോധിപ്പിച്ചും അതിലെ ജീവിതം ധന്യമാക്കി ജീവിതവിജയം എങ്ങനെ നേടാമെന്നതിന് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയും മനുഷ്യ ജീവിതം ധന്യമാക്കിത്തീര്‍ത്തു.
കാലക്രമേണ അവനിലെ ഭൗതികാസക്തി കടിഞ്ഞാന്‍ പൊട്ടിച്ചു സ്വതന്ത്ര വിഹാരത്തിനു മുതിര്‍ന്ന അവസരത്തില്‍ പൈശാചികചിന്ത ഉടലെടുത്ത മനുഷ്യന്‍ സ്വാര്‍ത്ഥതയിലൂടെ ഭൗതിക സൗഭാഗ്യങ്ങള്‍ സ്വച്ഛന്ദം അനുഭവിക്കാന്‍ തുടങ്ങി.
അതോടെ അവനില്‍ തിന്മയുടെ നാമ്പുകള്‍ വിടരാന്‍ തുടങ്ങി. മനുഷ്യാത്മാവിലെ നന്മയും തിന്മയും തമ്മിലുള്ള മനുഷ്യ മനസ്സിലെ അതിഘോര യുദ്ധത്തില്‍ അവന്‍ തിന്മയ്ക്കു അടിപ്പെട്ട് ദൈവഭക്തിയും സദാചാര മൂല്യങ്ങളും കൈവെടിഞ്ഞു ഭൗതികതയില്‍ ആണ്ടിറങ്ങിയ വ്യക്തികളില്‍ തിന്മ സ്വാധീനം ചെലുത്തിയ കാലഘട്ടങ്ങളില്‍ വിവിധ ജനവിഭാഗങ്ങളില്‍ ദുരാചരങ്ങളും അനീതിയും ആക്രമണങ്ങളും അശാന്തിയും ഉടലെടുത്തു, ദൈവ നിഷേധികളായി തീര്‍ന്നു.
സ്വാര്‍ത്ഥതയ്ക്കും ഭൗതിക നേട്ടങ്ങള്‍ക്കും വേണ്ടി അരൂപിയും ഭാവനാതീതനും സനാതനനും ഏകനും എങ്ങും നിറഞ്ഞ് സ്ഥിതി ചെയ്യുന്നവനുമായ പ്രപഞ്ച സ്രഷ്ടാവിനു രൂപവും വികല ഭാവവും നല്‍കി പൂജിക്കുവാന്‍ തുടങ്ങിയ അവസരങ്ങളില്‍ ദൈവം അവതാരങ്ങളിലൂടെയും ജനനന്മ കാംക്ഷിച്ചു തപസനുഷ്ഠിച്ച ഋഷീശ്വരന്മാരുടെ മനോമുകുരങ്ങളില്‍ എഴുതി കൊടുത്തും അശരീരികളിലൂടെയും പ്രവാചകന്മാര്‍ക്കു ദൈവദൂതന്‍ മുഖേനയും കാലാകാലങ്ങളില്‍ ഓരോ ജനസമൂഹങ്ങള്‍ക്കും അവരുടെ ഭൂപ്രകൃതിയ്ക്കനുസരണമായി അന്ത:സത്തക്ക് കോട്ടം വരാത്തവിധത്തില്‍ ഓരോരുത്തരുടെയും മാതൃഭാഷയില്‍ എത്തിച്ചുകൊടുത്തിട്ടുള്ള സനാതനമായ ദിവ്യശാസനങ്ങള്‍ അടങ്ങിയ വേദഗ്രന്ഥങ്ങളില്‍ അവസാനത്തെ ഗ്രന്ഥമാണ് പരിശുദ്ധ ഖുറാന്‍.
പ്രാരംഭ അദ്ധ്യായമായ അല്‍ ഫാത്തിഹയിലെ ഏഴു സൂക്തങ്ങള്‍ സ്രഷ്ടാവിനെ സ്തുതിച്ചു കൊണ്ട് നേര്‍മാര്‍ഗ്ഗം കാട്ടിത്തരണമേ എന്നുള്ള ദൈവത്തിന്റെ അടിമയായ മനുഷ്യന്റെ അഭ്യര്‍ത്ഥനയാണ്.
- ബിസ്മില്ലാഹിര്‍റഹ് മാനിര്‍റഹീം
പരമകാരുണ്യവാനും കരുണാനിധിയുമായ ദൈവത്തിന്റെ നാമത്തില്‍ ഞാന്‍ ആരംഭിക്കുന്നു - അല്‍ഹംദുലില്ലാഹി റബ്ബില്‍ ആലമീന്‍
എല്ലാ സ്തുതിയും സര്‍വ്വലോകത്തിന്റെയും നാഥനായ ദൈവത്തിനുമാത്രമാകുന്നു. - അര്‍റഹമാനിര്‍റഹീം
പരമദയാലുവും കരുണാമയനും - മാലികി യൗമുദ്ദീന്‍
പ്രതിഫല ദിവസത്തിന്റെ അധിപനുമായ - ഇയ്യാക നഅ്ബുദു വ ഇയ്യാക നസ്തഈന്‍
(ദൈവമേ!) നിന്നെ മാത്രം ആരാധിക്കുകയും നിന്നോടുമാത്രം സഹായം തേടുകയും ചെയ്യുന്നു. - ഇഹ്ദിന്സ്സ്വിറാത്വല്‍ മുസ്തഖീം
ഞങ്ങളെ നേര്‍മാര്‍ഗ്ഗത്തില്‍ നയിക്കേണമേ! - സ്വിറാത്വല്ലദീന അന്‍ അംത അലൈയഹിം
ഗൊയ്‌രില്‍ മഗ്ദൂബി അലയ്ഹിം വലല്‍ള്ളാല്ലീന്‍
നീ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗത്തില്‍ (ചേര്‍ക്കണമേ),
കോപത്തിനിരയായവരുടെയോ
വ്യതിചലിച്ചുപോയവരുടെയോ മാര്‍ഗ്ഗത്തിലല്ല. ഈ സപ്ത സൂക്തങ്ങളില്‍ ഉത്തരാര്‍ദ്ധ സൃഷിടികര്‍ത്താവും, ലോകപാലകനും, അന്ത്യനാളിലെ ന്യായാധിപനുമായ ദൈവത്തിന്റെ സൃഷ്ടി വൈഭവത്തെയും ലോക പരിപാലനത്തെയും പ്രകീര്‍ത്തിച്ചുകൊണ്ടും അന്ത്യവിധി കര്‍ത്താവായ ദൈവത്തെ ഭയഭക്തിയോടെ പ്രണാമമര്‍പ്പിച്ചും ഉപകാര സ്മരണയോടെ സ്തുതിക്കുന്നു. അതിനുശേഷം അടിമകളായ തങ്ങളെ പരീക്ഷണശാലയായ സംസാരസാഗരത്തില്‍ നിന്ന് വിജയിപ്പിച്ച് കരകയറ്റാനുള്ള മാര്‍ഗ്ഗദര്‍ശനം നല്കി ലക്ഷ്യസ്ഥാനത്തു ശിഷ്ടരായവരുടെ കൂട്ടത്തില്‍ ചേര്‍ക്കണേ എന്ന് അകമഴിഞ്ഞു പ്രാര്‍ത്ഥിക്കുന്നു.
അമൂല്യങ്ങളായ ഈ ഏഴ് സ്തുതി ഗീതങ്ങളും നിരന്തരം ഉരുവിട്ടു ദൈവത്തെ ഭജിക്കുന്നത് സംസാര സാഗരത്തിലൂടെ മനുഷ്യാത്മാവിന്റെ നന്മയിലേക്കുള്ള പ്രയാണത്തിന്റെ ഉപാധിയായി ഖുര്‍ആന്‍ വ്യക്തമാക്കുന്നു.
ഞാന്‍ അനുഷ്ഠിച്ചു പോരുന്ന ഈശ്വരപ്രാര്‍ത്ഥന ഇവിടെ ചേര്‍ക്കുന്നു. സര്‍വ്വ മതങ്ങള്‍ക്കും സ്വീകാര്യവും ഞാന്‍ സ്‌കൂള്‍ തലത്തില്‍ പഠിച്ചതുമായ പദ്ധ്യശകലങ്ങളാണിവ. അത് അര്‍ത്ഥ ഗാംഭീര്യം നിറഞ്ഞ ഏഴ് സൂക്തങ്ങള്‍ അടങ്ങിയതുമാണ്.
- ജഗദധീര രാത്രിയും ശശാങ്ക താരകങ്ങളും
പകലുമര്‍ക്കബിംബവും നിറഞ്ഞ മേഘജാലവും, മൃഗകദംബ പക്ഷിവൃക്ഷപുഷ്പശലഭവൃന്ദവും
മികവില്‍ നിന്റെ വൈഭവങ്ങള്‍ വാഴ്ത്തിടുന്നു ദൈവമേ! - ഗഗനമെന്തൊരത്ഭുതം! സമുദ്രമെന്തൊരത്ഭുതം
സകലതും രചിച്ചതോര്‍ക്കലഖിലനാഥനായ നീ, സകലശക്താ, നിന്‍ പദം നമിച്ചിടുന്നു ഞാന്‍ വിഭോ! - ദീനരില്‍ കൃപാരസം കലര്‍ന്നലിഞ്ഞിടേണമെന്‍
മാനസം ഭവാനതിനും കരുണ ചെയ്ക സന്തതം. ഊനമറ്റ ചിത്ത ശുദ്ധി കൃത്യ ശക്തി തൃപ്തിയും
ഞാനിളച്ചിടയ്‌വതിനും നീ കടാക്ഷമേകണം.
4.ശോഭയിജ്ജഗത്തിനുള്ളതൊക്കെ നഷ്ടമാക്കിടാതെയും
താപമച്ഛനമ്മമാര്‍ക്കു മാര്‍ക്കുമാര്‍ന്നിടാതെയും
കോപമത്സരാതിയെന്‍ മനസ്സിലേശിടാതെയും
നീ ഭരിച്ചു കാത്തുകൊള്‍ക ഞങ്ങളെ ദയാനിധേ! 5. രമ്യമായ മേടമേല്‍ സുഖിച്ചു ഞാനിരിക്കിലും
കര്‍മ്മശക്തി കൊണ്ടു വല്ല ചെറ്റയില്‍ കിടക്കിലും
എന്മനസ്സ് അധര്‍മ്മ ചിന്ത വിട്ടിരിപ്പതിന്നു നീ
ചിന്മയപ്രഭോ! കനിഞ്ഞനുഗ്രഹിക്ക ദൈവമേ!6.ക്ഷണമോരോന്നു പോകവേ ക്ഷയിച്ചിടുന്നു ജീവിതം
ഗുണമസംഖ്യമാളുകള്‍ക്ക് ചെയ്തിടേണ്ടതുണ്ടിവന്‍
ഉണര്‍വ്വോടന്നുമെന്‍ പ്രവൃത്തി സമയ നിഷ്ഠയോടുടന്‍
അണുവിടാതെ ചെയ്യുവാനനുഗ്രഹിക്ക ദൈവമേ!7. തുഷ്ടി ഞാന്‍ നിമിത്തമെന്റെ നാട്ടിനും ജഗത്തിനും
പുഷ്ടിയാര്‍ന്ന് കാണ്മതിനെനിക്ക് ഭാഗ്യമേകണം
ശിഷ്ടസംഗമത്തിനുള്ള യോഗവും ഭവിക്കണം
വിഷ്ടപേശ ഭക്ത ലോകപാല നാഥ!പാഹിമാം!
ഈ സപ്ത ശോകങ്ങളുടെ ആശയങ്ങള്‍ ഖുര്‍ആന്റെ പ്രാരംഭ അദ്ധ്യായമായ അല്‍ഫാത്തിഹയുടെ ആശയ വിപുലീകരണം തന്നെയാണെന്നാണ് എന്റെ വിശ്വാസം.
ആദ്യത്തെ രണ്ടു ശ്ലോകങ്ങളിലൂടെ ദൈവത്തിന്റെ സൃഷ്ടി വൈഭവത്തെ പ്രകീര്‍ത്തിച്ച് അവനെ സ്തുതിച്ച് അവന്റെ പാദങ്ങളില്‍ നമിക്കുന്നു.
മൂന്നാമത്തെ ശ്ലോകത്തില്‍ സമൂഹ ജീവിയായ തന്നില്‍ സഹജരുടെ ദൈന്യതയില്‍ കൃപാരസം പകര്‍ന്നു അവരെ സഹായിക്കാനും കളങ്കരഹിതമായ മനസ്സോടുകൂടി കൃത്യനിഷ്ഠനായി സ്വധര്‍മ്മം അനുഷ്ഠിച്ചു തൃപ്തിയടയാനും ഇടവരുത്തണമെന്നു ദൈവത്തോടു അഭ്യര്‍ത്ഥിച്ചു പ്രാര്‍ത്ഥിക്കുന്നു.
ശോഭയാര്‍ന്ന ഈ ജഗത്തില്‍ ഉള്ളതൊക്കെ നശിപ്പിക്കാതെയും മാതാപിതാക്കള്‍ക്കും മറ്റുള്ളവര്‍ക്കും ദുഃഖത്തിന് ഇടം വരുത്താതെയും കോപ മത്സരാദികള്‍ക്കു എന്റെ മനസ്സില്‍ ഇടം നല്‍കാതെയും തന്നെ കാത്തു രക്ഷിക്കണമെന്നു ദയാനിധിയായ ദൈവത്തോടു പ്രാര്‍ത്ഥിക്കുകയാണ് നാലാമത്തെ ശ്ലോകത്തില്‍.
അഞ്ചാമത്തെ ശ്ലോകത്തില്‍ സുഖജീവിതത്തിലും കര്‍മ്മഫലത്താല്‍ ദുരിതമാര്‍ന്ന കഷ്ടതയിലും എന്റെ മനസ്സില്‍ അധര്‍മ്മ ചിന്തയ്ക്കു ഇടം നല്‍കരുതെന്ന് ചിന്മയനായ ദൈവത്തോടു അപേക്ഷിക്കുന്നു.
മനുഷ്യജന്മം ക്ഷണികമാണെന്നും ഓരോ നിമിഷവും അതു കുറഞ്ഞു വരികയാണെന്നും ആകയാല്‍ മനുഷ്യ നന്മയ്ക്കായി ചെയ്യേണ്ട സല്‍കര്‍മ്മങ്ങള്‍ അല്പം പോലും മാറ്റിവയ്ക്കാതെ ഉണര്‍വോടും സമയനിഷ്ഠയോടും കൂടി ചെയ്തു തീര്‍ക്കാന്‍ അനുഗ്രഹിക്കണമെന്ന് പ്രാര്‍ത്ഥിക്കുകയാണ് ആറാമത്തെ ശ്ലോകത്തില്‍.
എന്റെ നാട്ടിനും ജഗത്തിനും പുഷ്ടിയാര്‍ന്ന തുഷ്ടി (ഐശ്വര്യം) എന്നിലൂടെ ഉണ്ടായി കാണാനുള്ള ഭാഗ്യം നല്‍കി അനുഗ്രഹിക്കണമെന്നു പ്രാര്‍ത്ഥിക്കുന്നതോടൊപ്പം പരലോകത്ത് ശിഷ്ടരായവരുടെ കൂട്ടത്തില്‍ ചേര്‍ത്തു ജീവിതാഭിലാഷം സഫലീകരിക്കണമെന്നും ഭക്തവത്സലനും ലോക പരിപാലകനുമായ ദൈവത്തോട് പ്രാര്‍ത്ഥിക്കുകയാണ് അവസാനത്തെ ശ്ലോകത്തില്‍.
പ്രതിഫലേച്ഛ കൂടാതെയുള്ള സല്‍കര്‍മ്മങ്ങളുടെ പ്രതിഫലമാണ് മോക്ഷപ്രാപ്തി എന്നാണ് ഈ പ്രാര്‍ത്ഥന. അതിനാല്‍ ഈ പ്രാര്‍ത്ഥന സര്‍വ്വ മതങ്ങള്‍ക്കും സ്വീകാര്യമായതും സാര്‍വ്വദേശീയമായ ഈശ്വരാരാധനയുമാണ്.
Madathil Babu Jayaprakash …………✍️ My Watsapp Contact No – 9500716709
