ഓല മടയലും ..                    പുരമേയലും

Time set 10 Minutes Maximum

… സ്റ്റേഷനെപറ്റി പറയുമ്പോൾ എന്റെ ഓർമ്മയിൽ എത്തുന്ന മറ്റ് ചില കഥാ പാത്രങ്ങൾ കൂടിയുണ്ട്, അവരെക്കൂടി ഓർത്തു നമുക്ക് ആരംഭിക്കാം.

മാനങ്കര ജാനുവേട്ടത്തി, നാണിയേട്ടത്തി കല്യാണിഏട്ടത്തി, മാധവിഏട്ടത്തി, അങ്ങനെ ഏട്ടത്തിമാർ ഏറെ…

ഇവരൊക്കെ ഞങ്ങളുടെ കുടുംബവുമായി വളരെ ആത്മ ബന്ധം പുലർത്തിയവരായിരുന്നു . പലരുടെയും പേരുകൾ ഓർത്തെടുക്കാൻ ബുദ്ദിമുട്ടുണ്ട്.

ചെറുപ്പംമുതലേ കണ്ട കാഴ്ച്ചകളെല്ലാം തലയിൽ സ്റ്റോർ ചെയ്തതിന്റെ ഓഡറിലല്ല എഴുതിത്തുടങ്ങിയത് … എങ്കിലും ക്രമമായി ഓരോ സംഭവങ്ങൾ ഓർത്തു കൂട്ടിയിണക്കി ഇതുവരെ സീകുവൻഷ്യലായി എഴുതി വരുകയായിരുന്നു…

സീക്ക്യുവൻഷ്യലായി പോയ എന്റെ പംക്തി, താളം തെറ്റിയത് കൊണ്ട് ഒന്ന് റീഷഫിൾ ആയിട്ടുണ്ട് … പണ്ട് കണ്ടെതെല്ലാം മസ്തിഷ്ക്കത്തിൽ സ്റ്റോർ ചയ്യുമ്പോൾ പേജ് നമ്പർ ഇടാതെയാണ് സെയ്‌വ് ചെയ്തത്.

ഇനിയിപ്പം ഓഡറാക്കാൻ തുടങ്ങിയാൽ എന്റെ ഓഡർ തെറ്റും . എന്റെ ഓഡർ തെറ്റിയാൽ പിന്നെ നിങ്ങളുടെ ഓർഡർ തെറ്റും… പിന്നെ ഒരൊറ്റവഴിയേ ഉള്ളൂ…
പണ്ടാരോ പറഞ്ഞപോലെ തെളിച്ച വഴിയേ പോയില്ലെങ്കിൽ പോയവഴിയെ തെളിക്കുക…

ഓണത്തിനിടയിലെ പുട്ടുകച്ചവടം പോലെ എന്റെ ചില വിശേഷങ്ങൾ പങ്കുവെക്കുന്നതിന്‌ അത് തടസ്‌സം നേരിടുന്നുണ്ടു്, എങ്കിലും പ്രാധാന്യമുള്ളവ വിട്ടുപോകാതെ എഴുതേണ്ടത് കൊണ്ട് എഴുതാം .

ഇപ്പോൾ ഏതാണ്ട് ബാഹുബലി കഥപോലെ രണ്ടാം ഭാഗം കാണിച്ചതിന് ശേഷമാണു ഒന്നാം ഭാഗം കാണിച്ചത്..

ഞങ്ങൾ അദ്ദ്യം താമസിച്ച സ്ഥലത്തെ പറ്റി ഇതുവരെ പറഞ്ഞിട്ടില്ല . അത് പിന്നീട പറയാം .

നമ്മൾ മൂന്നാമതായി താമസിച്ചത് മണ്ടോളയുടെ മുൻനിലുള്ള ചെറിയ ഒര് പുരയിലായിരുന്നു. വേണമെങ്കിൽ ഒരു ഗൃഹാദുരത്തിനു ഈ രണ്ടു വരി ഒന്ന് ഓർത്തുകൊള്ളൂ,

നാളീകേരത്തിന്റെ നാട്ടിലെനിക്കൊരു നാഴിയിടങ്ങഴി മണ്ണുണ്ട്‌ – ഒരു നാഴിയിടങ്ങഴി മണ്ണുണ്ട്‌ – അതിൽ നാരായണക്കിളിക്കൂടു പോലുള്ളൊരു നാലു കാലോലപ്പുരയുണ്ട്‌….” എന്നഗാനവും അതിലെ ഓലപ്പുരയും ….

ഒക്കെ മനസ്സിൽ കാണുന്നത് പോലെ ചെറിയൊരു വീടു . വലിയ പറമ്പും ചെറിയ വീടും . ചെറിയ മനുഷ്യരും വലിയ ലോകവും എന്ന് പറയുന്നത് പോലെ..?

വീട് വാടകയ്ക്കായിരുന്നു, സ്റ്റേഷനടുത്തുള്ള
എ.കെ.പി…, അങ്ങനെയാണ് വിളിച്ചിരുന്നത്; മുഴുവൻ പേരും ഓർമ്മകൾക്കും അപ്പുറമാണ്. നല്ല സ്വഭാവം, ഇവരുടെ ഉടമസ്ഥതയിലുള്ളതാണ് വീടും പറമ്പും .

എ. കെ .പി തേങ്ങപറിപ്പിക്കാൻ ആവുമ്പോൾ വരും വീട്ടിൽ . വലിയ പറമ്പായത് കൊണ്ട് രണ്ടു മൂന്നു പേർ വരും തെങ്ങ പറിക്കാൻ .

ആ ദിവസങ്ങളിൽ, പറിച്ച തെങ്ങ പെറുക്കി ഒരു സ്ഥലത്തെത്തിക്കാൻ ചറ്റുവട്ടത്തുള്ളവർ സഹായിക്കും തേങ്ങ പെറുക്കിയിടാൻ, രണ്ട മൂന്നോ പേരുണ്ടാവും.

കൊത്തിയിടുന്ന ഓലയും, കുലച്ചിലും മട്ടലും, ഓക്കേ കൂടി മുറ്റത്തേക്ക് എത്തിക്കും. പെറുക്കിയിട്ടവർ പോവുമ്പോൾ ഓരോ തേങ്ങ കൊടുക്കും .
ഞാനും കൂടും പെറുക്കിയിടാൻ, എനിക്കും കിട്ടും ഒരു തേങ്ങ.

കുറച്ചു കഴിഞ്ഞു ഞാൻ മുകളിൽ പറഞ്ഞ സ്ത്രീകൾ ചൂരൽ കൊണ്ടുണ്ടാക്കിയ കണ്ണാടി കൊട്ട അല്ലെങ്കിൽ ചുടികൊണ്ടു ഉണ്ടാക്കിയ മാലിൽ തേങ്ങയിട്ടു എ. കെ. പി യുടെ വീട്ടിലേക്കു കൊണ്ട് പോകും ..

അതോർക്കുമ്പോൾ വിദ്ദ്യഭ്യാസ കാലത്തേ രസമുള്ള ഒരോർമ്മ മനസ്സിൽ തെളിഞ്ഞു കഥാപാത്രത്തിന്റെ ഉപ്പയ്ക്ക് പലചരക്കു കടയുണ്ടായിരുന്നു. ഒരു ദിവസം പല ചരക്കു കടയിൽ വൈകുന്നേരം നല്ല തിരക്കുള്ള സമയത്തു മാലിൽ ചിരട്ടയും കൊണ്ട് സ്ത്രീ വന്നു . ഉപ്പ മകനോട് പറഞ്ഞു എടാ… സൂ .. നീ ആ ചിരട്ട എണ്ണി എത്രയാണെന്ന് പറ…. സൂ….

എണ്ണം തുടങ്ങി കുറച്ചു നിൽക്കും, രണ്ടാമതും എണ്ണും കുറച്ചു വീണ്ടും നിൽക്കും. ഷോപ്പിലെ തിരക്കും മകന്റെ വെറുതെ മിഴിച്ചുള്ള നിൽപ്പും കണ്ടു ഉപ്പ വഴക്കു പറഞ്ഞു ..

എടാ… ബാലാലേ.. എത്ര നേരമായി നിന്നോട് ചിരട്ട എണ്ണിയിടാൻ പറഞ്ഞിട്ട്, ഞ്ഞി എന്താ അവിടെ ചെയ്യുന്നത്?

സൂ….. പറഞ്ഞു ഞാൻ എന്ത് ചെയ്യാനാ ഉപ്പാ… രണ്ട് പ്രാവശ്യം എണ്ണി…

എണ്ണം തീർന്നു… എന്നിട്ടും ചിരട്ട ബാക്കി …!

അപ്പോഴാ ഉപ്പാക്ക് കാര്യം മനസിലായത് മകന് 100 വരെ യെ എണ്ണാൻ അറിയുക യുള്ളൂ.

(വീട്ടിലേക്ക് അവകാശതേങ്ങയായി നാലഞ്ചു തേങ്ങ വേറെയും കിട്ടും . ഓലയും നമുക്കുള്ളതാണു് .)

ഓല, പിന്നീട് അച്ഛൻ ആളെ വെച്ച് നേരെ പകുതിയായി കീറിച്ചു അട്ടിക്കിട്ടു വെള്ളം നനച്ചു കൊടുത്തു കുതിർത്തു കൊടുക്കും.

നമ്മളൊക്കെ കുളിക്കുമ്പോൾ അതിൽ കയറി നിന്നാണു കുളിയൊക്കെ? കുറെ ഓലകൾ അട്ടിക്കിട്ടത്കൊണ്ട് ചിലപ്പോൾ അതിൽ തുള്ളിക്കളിക്കുകയും, തലകുത്തി മറിയുകയും ഓക്കേ ചെയ്യും .

അച്ഛനും അമ്മയും കണ്ടാൽ പിന്നെ തലയും കുത്തി നർത്തലായിരിക്കും ശിക്ഷ . കളരി പഠിച്ചത് കൊണ്ട് പ്രയാസമില്ലെങ്കിലും കുറച്ചു നേരം നിൽക്കുമ്പോൾ കണ്ണെല്ലാം ചുമന്നു മുഖത്തിന് ഒര് ഭാരം വരും! അപ്പോൾ ‘അമ്മ വന്നു പറയും മതി പോട്ടപ്പാന്ന് .

പിന്നെ അവിടെന്ന്‌ ഓടി മണ്ടോളയി യിലേക്ക് പോവും. പിന്നീടുള്ള കളികൾ അവിടെനിന്നായിരിക്കും

കീറിയ ഓല ഏകദേശം കുതിർന്നാൽ കോട്ടാമല കുന്നിൽ നിന്നും മുകളിൽ എഴുതിയ ഏട്ടത്തിമാരോക്കെ  (കുറെ ഏട്ടത്തിമാരുണ്ട്). ഇവരൊക്കെ വന്നു ഓല മടഞ്ഞു തരും .
ഓല മടയുന്നതിന്റെ എണ്ണത്തിനു അനുസരിച്ചായിരിക്കും കൂലി..
കൂലി എത്രയെന്നു ഓർമ്മകൾക്കുമപ്പുറമാണ് .

ദിവസവും മടയുന്ന ഓലയുടെ എണ്ണം ആളുകളുടെ പേര് സഹിതം എഴുതി അച്ഛനെ അറിയിക്കും . ഫോൺ ഒന്നും ഇല്ലാത്തതു കൊണ്ടു കടയിൽ നിന്നും അവർ പറയുന്ന കൂലി അച്ഛൻ കൊടുക്കും . രാത്രി വന്നാൽ. എൻറെ ലിസ്റ്റുമായി ഒത്തു നോക്കും . ആരും കളവൊന്നും പറയില്ലെങ്കിലും ഇതൊക്കെ അച്ഛന്റെ ഒരു രീതിയാ.. ഒരു ചിട്ടയുള്ള ജീവിതം … ഒരുപക്ഷെ പഴയ എം. എസ. പി ക്കാരനായത് കൊണ്ടാകാം.

ഈ ഓല മടയൽ തുടങ്ങിയാൽ കുറെ ദിവസം ഉണ്ടാവും. ഓല മടയുന്നവർക്കു ചായയും ഉച്ച ഭക്ഷണവും , വൈകുന്നേരത്തെ ചായയും എന്തെങ്കിലും ഒരു ചായക്കടിയും ഉണ്ടാവും .

ഇവരുടെ കൂടെ കുറെ ദിവസം കൂടിയതുകൊണ്ടു ഒരു ഉപകാരമുണ്ടായി ഞാനും പഠിച്ചു ഓല മടയാൻ.

ആദ്യത്തെ ഓല മടഞ്ഞു കഴിഞ്ഞപ്പോൾ കല്യാണിയേട്ടത്തി അമ്മയോട് തമാശ രൂപത്തിൽ പറയുന്നത് കേട്ടു … ജാനുവമ്മേ…. ഇങ്ങള് മോൻ ഓലമടയാൻ പഠിച്ചിന് ഇനി ഞമ്മക്ക് പണിയില്ലാണ്ടാവുഓ ? ഇങ്ങനെ പറയുമെങ്കിലും ഞാൻ മടയുന്ന രണ്ടോ മൂന്നോ ഓല അവരുടെ കൂട്ടത്തിൽ തന്നെ കൂട്ടും …

ചിലപ്പോൾ കല്ലിയാണി ഏട്ടത്തി (എൻറെ കുടുംബക്കാരാണ് ) പറയും ജാനു എനിക്ക് ഒര് വല്ലം ഉണ്ടാക്കി താടോ . പുല്ലു പറിച്ചു കൊണ്ട് പോവാനാണ് ..

മടഞ്ഞ ഓലകൾ രണ്ടു മൂന്ന് ദിവസം ഉണക്കി നല്ല ഉയരം കെട്ടി അതിന്മേൽ അട്ടിയിടും. അതിനു ഒര് രീതിയുണ്ട്? ചതുരാകൃതിയിലോ ദീർഘ ചതുരാകൃതിയിലോ ചുറ്റും വെട്ടുകല്ലുകൾ വെച്ച് നേരെ എതിഫ് വശം നോക്കി കല്ലുകൾ തമ്മിൽ മരക്കഷ്ണം വെച്ച് മത്തങ്ങ ഓല നിലത്തു തട്ടാത്ത രീതിയിലായിരിക്കും ഓലകൾ അട്ടിവെക്കുക.

അത് പോലെ ഓല വെക്കുന്നതിനു മുൻപ് ചിതൽ പൊടി, ഡി. ഡി.ടി (ഡൈ ക്ളോറോ ഡൈ ഫിനയിൽ ട്രൈ ക്ളോറോ ഇതെയിൻ) നാടൻ ഭാഷയിൽ പറഞ്ഞാൽ ചിതൽപ്പൊടി )
ചിതൽ വരാതിരിക്കാനാണ് ചിതൽ പൊടി) വിതറും കുറെ ഓലകൾ ആയാൽ വീടു മേയാൻ ഉപയോഗിക്കും?

ആ കാലങ്ങളിൽ വീട് മേയുന്നതു ഒരാഘോഷമാണ് .
ഇനിയാണ് ഞാൻ മുൻപ് പറഞ്ഞ കഥാ പാത്രങ്ങളുടെ രംഗ പ്രവേശം . പ്രധാനമായും ഓർക്കുന്നു കുഞ്ഞി കണ്ണേട്ടൻ, നാണുവേട്ടൻ, ഇവർക്കൊക്കെ ഇരട്ട പേരുകൾ ഉണ്ട് അങ്ങനെ പറഞ്ഞാലേ അറിയുകയുള്ളൂ .

ഇവർ വന്നു വെറ്റിലയിലൊക്കെ മുറുക്കി ചുരുട്ടൊക്കെ വലിച്ചു, ഏണി വെച്ച് വീട്ടിന്റെ വലിപ്പമനുസരിച്ചു രണ്ടോ മൂന്നോ പേർ പുരപ്പുറത്തു കയറി മോന്തായത്തു, മുളം കമ്പു കുത്തിക്കെട്ടിയ ചൂടി വരിഞ്ഞതൊക്കെ പൊട്ടിച്ചു, പഴയ ഓല നീക്കി, കവുക്കോലും വാരിയിന്മേലും തിരിഞ്ഞു ചന്തി കുത്തി ഇരുന്നു , കാലിന്റെ മടമ്പുകൊണ്ടു ചവുട്ടി ചവുട്ടി താഴ്ത്തിയിടും കരിച്ചോല.

അതിനു മുൻപ് വീട്ടിലുള്ള സാദനങ്ങളൊക്കെ ബെഡ്ഷീറ്റും, പ്ലാസ്റ്റിക് കവർ ഇട്ടു കവർ ചെയ്ത് ഭദ്രമാക്കും .

പഴയ ഓലക്കു കരിച്ചോല എന്നാണ് പറയുക . വളരെ ശ്രമകരമായ ജോലിയാണ് . ഓല ചവുട്ടി താഴ്ത്തുന്നത് . ശ്രദ്ദിച്ചില്ലെങ്കിൽ ഈർക്കിലും വാരി കഷ്‌ണവും കാലിനു തറിക്കും..

പഴയ ഓലയെല്ലാം എടുത്തു കളഞ്ഞ ശേഷം വിശദമായ ഒര് പരിശോധനയും പൊടിയെല്ലാം, ഈർക്കിൾ ചൂലുകൊണ്ടു അടിച്ചു വൃത്തിയാക്കും.. അപ്പോൾ തേരട്ടയും, വണ്ണാനും, കുറയും ഓടി ഒളിക്കാനുള്ള ശ്രമത്തിലായിരിക്കും. കുഞ്ഞിക്കണ്ണേട്ടനും നാണുവേട്ടനും ഈർക്കിൽ ചൂലുകൊണ്ടു അടിച്ചു കൊല്ലും.

പൊളിച്ചിട്ട ഓലകൾ അടുക്കിവെക്കാൻ രണ്ടു മൂന്നു പേർ ജോലിക്കായി ഉണ്ടാവും .
ഈ ദിവസം മുൻകൂട്ടി പറഞ്ഞത് പ്രകാരം നമ്മുടെ കുടുംബത്തിലെ പ്രായം ചെന്ന പാറു വേട്ടത്തിയും ചിലപ്പോൾ നമ്മൾ ഏട്ടത്തി എന്ന് വിളിക്കുന്ന വലിയമ്മയുടെ ഏടത്തിയും വീട്ടിൽ വരും .

ഓലയോക്കെ പൊളിച്ചിട്ടുകഴിഞ്ഞാൽ . പിന്നെ. ആണുങ്ങളൊക്കെ ഒന്ന് പുറത്തു പോകും. അപ്പോൾ അച്ഛൻ പറയുന്നു കേൾക്കാം പോയത് പോലെ തന്നെ വരണം..

അദ്ദ്യമൊന്നും എനിക്ക് സംഗതി എന്താണെന്നു മനസിലായില്ല തിരിച്ചു വരുന്നത് കണ്ടപ്പോൾ മനസ്സിലാവും . കുറച്ചു കഴിഞ്ഞു, വെറ്റിലയൊക്കെ ചവച്ചു എല്ലാവരും വീണ്ടും വരും . ചെറിയ ചെറിയ പോരായ്മകളൊക്കെ കാണുമെങ്കിലും ജോലിയിൽ കിറു കൃത്യം?

ചൂടി , പച്ച ഓല കൊത്തി; മോശമായ കരിച്ചോല കത്തിച്ചു തീയിട്ടു അതിൽ പച്ച ഓല വാട്ടിയെടുക്കും . അതിനു ശേഷം ഓലക്കണ്ണികൾ ചെത്തിയെടുത്തു ചെറിയ ചെറിയ കെട്ടുകളാക്കി വെക്കും .

നിറച്ച ചിതൽ പൊടി ടിൻ താഴെ നിന്നും എറിഞ്ഞു കൊടുക്കും . അത് വിട്ടുപോകാതെ അവർ പിടിച്ചിരിക്കും നമ്മുടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വരെ ഇത്ര നല്ല ഫീൽഡേസിനെ കാണില്ല .

ഇതിനിടയിൽ രണ്ടുപേർ പുരപ്പുറത്തു കയറി പൊട്ടിയ പട്ടികയും ഒക്കെ മാറ്റി, ചൂടികൊണ്ടു കെട്ടി ഉറപ്പിക്കും . പഴയ പൗഡറിന്റെ ഡബ്ബയിൽ ചിതൽ പൊടി നിറയ്ക്കും.. ചിതൽ പ്പൊടി നഷ്ട്ടമാകാതിരിക്കാൻ ടിന്നു വലിയൊരു പേപ്പറിൽ വെച്ചായിരിക്കും നിറക്കുക . ചിതൽ പ്പൊടി ഡബ്ബയിൽ നിറക്കുന്നത് നമ്മൾകുട്ടികളുടെ ജോലിയാണ്. നിറച്ചു കഴിഞ്ഞാൽ അടിയിൽ വെച്ച പേപ്പർ പുരപ്പുറത്തു കുടയും. ഒപ്പം ഡബ്ബയും പുരപ്പുറത് ഉള്ളവർക്ക് എറിഞ്ഞു കൊടുക്കും.

പിന്നെ അവർ ചിതൽപ്പൊടി നമ്മുടെ ദേഹത്തും പുറത്തും പൗഡർ ഇടുന്നതുപോലേ സകല വാരികളിലും കവുക്കോലിലും ഇട്ടുകൊടുക്കും .

അടുത്ത ഊഴം ഓല കെട്ടലാണ് . ഇതിനിടയിൽ കരിച്ചോലയിൽ നിന്നും നല്ല വൃത്തിയുള്ള ഓല മാറ്റിവെച്ചതിൽ നിന്നും ഒര് ഓലയും ഒര് പുതിയ ഓലയും തമ്മിൽ ഒരറ്റം കുത്തി അമർത്തി ജാവലിൻ ത്രോ പോലെ എറിഞ്ഞു കൊടുക്കും .
അത് പിന്നീട് ലെവൽ ചെയ്തു കെട്ടി… കെട്ടി മേല്പോട്ടു പോവും..

വാട്ടിയ ഒലക്കണ്ണികൾ കൊണ്ടാണ് കെട്ടുക . കെട്ടലല്ല ഒലക്കണ്ണി കെട്ടുന്ന ഓലയിലും വാരിയിലും ചേർത്ത് വലിച്ചെടുത്തു രണ്ടറ്റവും കുട്ടി പിരിച്ചുവെക്കും .. കെട്ടിയ ഓല ഭദ്രം..

മേൽക്കൂരയുടെ നാല് കോർണർ വരുമ്പോൾ ഷേപ്പാക്കി ബലപ്പെടുത്തി മേല്പോട്ടു മേല്പോട്ടു പോയി മോന്തായത്തിൽ എത്തി കെട്ടുമ്പോൾ അകത്തു നിലവിളക്കു വെക്കും .

നാലു കോർണ്ണറും മോന്തായം കെട്ടലും കുറച്ചു ശ്രമകരമായ ജോലിയാണ് . എല്ലാം നല്ല ഓലകൾ കൊണ്ട് ഭദ്രമായി പൊതിഞ്ഞു മുളവാരി കുത്തിക്കയറ്റി ചുടികൊണ്ടു; അവർക്കു് അതിനു ഒര് രീതിയുണ്ട് കെട്ടി ഭദ്രമാക്കി താഴെ ഇറങ്ങും .

എല്ലാ വേസ്റ്റും തീയ്യിൽ ഇട്ടു കത്തിക്കും . ഈ ദിവസം കൂറ, വണ്ണാൻ, ചേരട്ടെ,
തട്ടാറുട്ടി , മുതലായവയുടെ ആത്മാഹുതി ഉണ്ടാവും . പല്ലികളെ കാണാമെങ്കിലും അതിനെ ആരും കൊല്ലാറില്ല പല്ലിശാസ്ത്രത്തിൽ വിശ്വാസമുള്ളതു കൊണ്ടായിരിക്കാം പല്ലിയെ കൊല്ലാതെ വിടുന്നത്..

ഇതിനിടയിൽ ഒര് ചായകുടിയുണ്ട് അവല് കുഴച്ചതും, നേന്ത്രപ്പഴവും , ഉണ്ണിയപ്പവും ചായയും ഓക്കേ ഉണ്ടാവും.

ഇടയ്ക്കു ദാഹിക്കുമ്പോൾ പഞ്ചാര വെള്ളം കലക്കി കൊടുക്കും അതിൽ പഞ്ചാരയും ഉള്ളി അരിഞ്ഞു ചേർത്തതും ഏലത്തരി പൊടിച്ചതും ചേർത്ത് കൊടുക്കും. ഏട്ടത്തിയാണ് അത് തയ്യാറാക്കുക . നല്ല ടെസ്റ്റായിരിക്കും.

അവർ പോയിക്കഴിഞ്ഞു നമ്മൾ പിന്നീട് ഉണ്ടാക്കിയാൽ ആ ടെസ്റ്റ കിട്ടില്ല..

എല്ലാം കഴിഞ്ഞാൽ ഓലകണ്ണിയെടുത്ത നീള മുള്ള മട്ടൽ ലെവൽ ചെയ്തു ഇറയത്തു തള്ളി നിൽക്കുന്ന ഓല കണ്ണി കൾ മുറിച്ചു ലെവൽ ചെയ്യും .

എല്ലാം കഴിയുമ്പോഴേക്കും സ്ഥലമൊക്കെ പുറം പണിക്കാർ ചേർന്ന് വൃത്തിയ്ക്കും .

ജോലിക്കാരൊക്കെ പോയി ക്കഴിഞ്ഞാൽ പ്രായമുള്ള ഏട്ടത്തിയും, പാറുവെട്ടത്തിയും. വീട്ടിനു പുറത്തു നിന്ന് പായസം ഓക്കേ റെഡിയാക്കിയിരിക്കും .

പിന്നെ സന്ധ്യമയങ്ങിയാൽ രണ്ടു പേരും പഴയ കഥകളൊക്കെ പറഞ്ഞു മുറുക്കി; ഒര് ചെറിയ പാത്രത്തിൽ കുറച്ചു പായസം തന്നിട്ട് പറയും .

തരുന്നതിനു മുൻപ് എല്ലാ അടുപ്പിലും മൂന്നു മൂന്നു തുള്ളി എന്തോ പിറു പിറുത്തു ഉറ്റിക്കും. ബാക്കി തന്നിട്ട് പറയും വീട്ടീന്ന് ചുറ്റും കുടയാൻ .
ഞാനും, പെങ്ങളും, അനുജനും, അച്ഛന്റെ വീട്ടിലുള്ള കുട്ടികളും, ഓക്കേ ചേർന്ന് ഒരു പഠിപ്പിച്ച പാട്ടുണ്ട് അത് പാടി മൂന്നുപ്രാവശ്യം ചുറ്റും . ചുറ്റുമ്പോൾ പാടുന്ന പാട്ട് അതിനൊരു ഈണമുണ്ട് .
ഞാൻ പാടിക്കൊടുക്കും..

കൂറേ… ഇച്ചേ — ഉറുമ്പേ — വണ്ണാനേ…
തട്ടാ… റൂട്ടി… ചേരട്ടെ? നാലു പറമ്പിനപ്പുറം പോ പോ പോ . !!

ഇതും പാടി മൂന്ന് പ്രാവശ്യം ചുറ്റും . ഇതോട് കൂടി ചടങ്ങു കഴിയും

പിന്നെ ഭക്ഷണമൊക്കെ കഴിച്ചു പഴയ ബന്ധങ്ങളുടെയും സ്‌നേഹത്തിന്റെയും അച്ഛൻ സഹായം ചെയ്ത പെരുമയും ഓക്കേ പറഞ്ഞു നമ്മളെ സുഖിപ്പിക്കും ….

ആ കാലങ്ങളിലുള്ള കൂടുതൽ കാര്യങ്ങൾ എഴുതാനുണ്ട് പക്ഷെ ചില അപ്രിയ സത്യങ്ങൾ എഴുതരുത് പറയരുത് എന്ന് തത്വം പാലിക്കാൻ നിർബ്ബന്ധിതനായത് കൊണ്ട് എഴുതുന്നില്ല (എന്റെ തറവാട്ടിലെ ഓർമ്മകൾ പങ്കു വെച്ചത് പലരിലും ഇഷ്ട്ടക്കേട്‌ ഉണ്ടാക്കിയതായി ഉൾക്കൊള്ളുന്നു )

കുഞ്ഞിക്കണ്ണേട്ടനും നാണുവേട്ടനും ടീമിനും വീട് മേയുന്നതിനേക്കാൾ മിടുക്കു സിനിമാ ടാക്കിസ് കെട്ടുന്നതാണ് . ധാരാളം ആളുകൾ നിരന്നിരുന്നു കെട്ടുന്നത്‌ കാണാം . ഒരു ബഹളം തന്നെ യായിരിക്കും ഓലകൾ ജാവലിൻ ത്രോ പോലെ വായുവിൽ പറക്കും ഒന്നുപോലും ലക്‌ഷ്യം തെറ്റി മാറിപോവില്ല . എല്ലാം വെറ്ററൻ ക്രിക്കറ്റേസിനേ പോലെ നെറ്റ് പ്രാക്ടീസ് (കേച്ചു ) ചെയ്യുന്നത് പോലെയുണ്ടാവും .

മാഹി ടോക്കിസ് പഴയ ശേഖർ ടോക്കിസ് മുരുകൻ ടോക്കിസ് . അക്കാലങ്ങളിൽ കട പ്പുറത്തു കുറെ വീടുകൾ ഇത് പോലെയുള്ളതുകൊണ്ടു മഴക്കാലം തുടങ്ങുന്നതിനു മുൻപ് ഇവർക്ക് ഭയങ്കര ഡിമാന്ഡായിരിക്കും .

വീട് കെട്ടി കഴിഞ്ഞു പോകുമ്പോൾ അച്ഛൻ നാണ്വേട്ടനോട് ചോദിക്കും എപ്പോഴാണ് നൂറു (ചുണ്ണാമ്പ്) തേക്കുന്നത് എന്നു . നാണുവേട്ടൻ കുഞ്ഞികണ്ണേട്ടനുമായി കൈകൊണ്ടും കാലുകൊണ്ടും ഒക്കെ കണക്കു കുട്ടി ഒരു ഡേറ്റ് പറയും..

പറഞ്ഞാൽ പറഞ്ഞതാ, ഒരു മാറ്റവും ഉണ്ടാവില്ല . കൃത്യം രണ്ട് ദിവസം മുൻപ് വന്നു നോക്കിയിട്ടു പറയും ഇത്ര ഇടങ്ങഴി കക്ക, പിന്നെ ഇത്ര ഗ്രാം നീലം, . ഇതും കുടി പറയും നീലം. “റോബിൻ ബ്ലൂ” കമ്പനിയുടേത് തന്നെ വാങ്ങിക്കോ? ലൂസ്സു വേണ്ട! പേക്കറ്റ് മതിയെന്ന്!.

ഞാൻ പോയി കക്ക വാങ്ങിക്കും . നാണുവേട്ടൻ തലേന്ന്; തേക്കുന്ന ചികരി ബ്രഷുമായി വന്നു കക്ക വെള്ളത്തിലിട്ടു പതപ്പിച്ചു നൂറു ത്റയ്യാറാക്കി തിരിച്ചുപോകും.. പിറ്റേന്ന് വന്നു പാകത്തിന് വെള്ളം ചേർത്ത് നീലവും ചേർത്ത് ഇളക്കി ട്രയൽ നോക്കി വീണ്ടും ചെക്ക് ചെയ്തു പണി തുടങ്ങും .

ഇത് കഴിഞ്ഞാൽ പിന്നെ പാറുവേട്ടത്തി ചാണകം തേച്ചു തരും . അത് നല്ല പച്ചച്ചാണകം കച്ചറ എല്ലാം പരമാവധി കളഞ്ഞു, കരിക്കട്ടയും പൊടിച്ചു ചേർത്ത് . നല്ല കറുപ്പിന് പഴയ ബേറ്ററി പൊടിച്ചു കാർബൺ എടുത്തു കൂട്ടിച്ചേർത്തു കുഴമ്പു ഒരുവത്തിലാക്കി നിലം മെഴുകും .

അവസാന പണി ജനലിനും വാതിലിനും വാർണ്ണീഷ് അടിക്കലാണ് അതു ഞാനും അച്ഛനും ചെയ്യും. ചെറിയ വീടായതുകൊണ്ടു മുന്ന് വാതിലും നാല് ജനാലയും മാത്രം .
ചെറിയ കുടുംബം സന്തുഷ്ട കുടുംബം

ലോകാ സമസ്ഥാ സുഖിനൊ ഭവന്തു .

മറ്റൊരു വിശേഷവുമായി നാളെ ക്കാണാം

മഠത്തിൽ ബാബു ജയപ്രകാശ് ……✍️ My Watsapp Cell No: 00919500716709

കാഴ്ചകൾ തുടരും …

Leave a Comment