മയ്യഴിക്കാരുടെ ഓണപ്പൊട്ടൻ? ഭരതൻ

ഭരതൻ ഓർമ്മയായി … അല്ല മയ്യഴിക്കാരുടെ ഓണപ്പൊട്ടൻ മയ്യഴിയിലെ പ്രജകളിൽ നിന്നും കാലയവനികക്കുള്ളിൽ മറഞ്ഞു. ഒപ്പം ഭരതനിലെ ജന്മസിദ്ധമായി ലഭിച്ച പല കഴിവുകളും എന്നെന്നേക്കുമായി ഇല്ലാതായി. 

ഭരതൻ മാഹിക്കാരനാണെങ്കിലും ഭരതനെ മാഹിക്കാർ ഓർക്കുന്ന ഒരു ദിവസമുണ്ട് ഉത്രാട നാളിൽ അല്ലെങ്കിൽ തിരുവോണ നാളിൽ! അന്നാണ് ഓണപ്പൊട്ടനായി ഭരതൻ ഓരോ വീട്ടിലും സന്ദർശിക്കുക.

ഭരതനുമായി വലിയ ചങ്ങാത്തമൊന്നുമില്ലെങ്കിലും.  ഓർമ്മകൾക്കപ്പുറമുള്ള ചില ഓർമ്മകളിലൊന്നു ചെറുപ്പത്തിൽ ഭാരതനുമൊത്തു റബ്ബർ ബോളുകൊണ്ടു ഫുടബോൾ കളിക്കുന്നതാണ്.

പുത്തലം ബ്രതെഴ്സ് – മണ്ടോള ബ്രതെഴ്സ്. രണ്ടു സാങ്കൽപ്പീക ക്ലബ്ബ്കൾ. രണ്ടു പ്രദേശങ്ങളുടേയും പരിധിക്കുള്ളിൽ താമസിക്കുന്ന കുട്ടികൾ രൂപം കൊടുത്ത ഒരു കൂട്ടായ്മ്മ.

പുത്തലം ബ്രതെസിനൊപ്പം ഭരതനുണ്ടാകും. ഞങ്ങൾ ഇടയ്ക്കിടയ്ക്കു ഈ കൂട്ടായ്മകൾ തമ്മിൽ ഫുട്ബോൾ മത്സരം സങ്കടിപ്പിക്കും . ചിലപ്പോൾ അത് മണ്ടോളയിലായിരിക്കും, ചിലപ്പോൾ പുത്തലത്തു. അല്ലെങ്കിൽ  താത്തക്കുളത്തിനടുത്തുള്ള വയലിൽ വെച്ച് . മിക്കവാറും മത്സരത്തിൽ പുത്തലം ബ്രതെഴ്സ് തന്നെയാണ് വിജയിക്കാറുള്ളത്. 

കാലം പോകെ ഞങ്ങളിലെ കുട്ടിത്തമൊക്കെ മാറി വളർന്നു പല വഴികളിലേക്കു മാറി. ഭരതന് പള്ളൂർ സ്പിന്നിങ് മില്ലിൽ ജോലി ലഭിച്ചു ഞാൻ പ്രവാസിയുമായി. വല്ലപ്പോഴും നാട്ടിൽ വരുമ്പോൾ ഭരതനെ കാണാറുണ്ട്.

മികച്ച തബല വാദകനും, കുരുത്തോല ഉപയോഗിച്ച് പല വിധ വസ്തുക്കളും നിർമ്മിച്ച് വിസ്മയം തീർത്ത വ്യക്തിയും കൂടിയാണ് ഭരതൻ പക്ഷെ ആരാലും പ്രകീർത്തിപ്പെടാനുള്ള ഭാഗ്യം ലഭിക്കാതെ പോയ വ്യക്തിത്വം. 

ഭരതൻ സ്പിന്നിങ് മില്ലിൽ ജോലിയെടുത്താലും പുത്തലത്തു പൊയിൽ താമസിച്ചാലും മയ്യഴിക്കാർക്കു തിരുവോണ നാളിൽ ഭരതൻ ഓണപൊട്ടനായി ഓരോ വീടുകളിലും എത്തണം എങ്കിലേ മയ്യഴിക്കാരുടെ ഓണാഘോഷങ്ങൾക്ക് പൂർണ്ണതവരൂ

പല ഗാനമേളകളിലും നാടക സംഘങ്ങളിലും തബലിസ്റ്റായും ഹാർമ്മോണിയം വയനക്കാരനായും ഭരതനുണ്ടാവും. 

ഭരതനിലെ എടുത്തുപറയേണ്ട മറ്റൊരു കഴിവ് തെയ്യക്കോലങ്ങളുടെ രൂപം ഉണ്ടാക്കുന്നതിനുള്ള മികവ്. സർക്കാർ സഹായം സ്വീകരിച്ചുംകൊണ്ടുള്ളതും, അല്ലാത്തതുമായ ഒട്ടേറെ ക്ലബ്ബ്കളും സംഘടനകളും ഉള്ള മയ്യഴിയിൽ ഇദ്ദേഹത്തിന്റെ ഇത്തരം കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ ഒരു സംഘടനയും മുൻപോട്ട് വന്നില്ല എന്നത് മയ്യഴിക്കു ഒരു പോരായ്മ്മതന്നെ.

ഇദ്ദേഹത്തിൽ ഇത്തരം കഴിവുകൾ ഉണ്ടെന്നറിഞ്ഞിട്ടും, അത് കണ്ടില്ലെന്നു നടിച്ച നമ്മൾക്കും ഭരതിനിലെ ഇത്തരം കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാൻ സാദിക്കാത്തതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും  മാറിനിൽക്കാനാവില്ല . 

ഭരതൻ തെയ്യക്കോലങ്ങൾക്കുള്ള മുഖമെഴുതുന്നതിൽ വൈദഗ്ദ്ദ്യം നേടിയ വെക്തി! എല്ലാം കണ്ടു പരിചയിച്ച അറിവുകൾ . 

വീതിയുള്ള നെറ്റി കുഴിഞ്ഞ കണ്ണുകൾ നീണ്ട ചെവിയിൽ നിറയെ രോമം നീണ്ടു പരന്ന മൂക്ക് കട്ടിയുള്ള മീശ നീളമുള്ള വിരലുകൾ. നീണ്ട മുഖം. ഒട്ടിയ വയർ, കുറിയ ശരീര വുമായി തന്റെ കഴിവുകളെ പരിഗണിക്കാതെ പോകുന്ന സമൂഹത്തിന്റെ മുൻപിൽ കുഞ്ഞുണ്ണി മാഷ് പറഞ്ഞതുപോലെ പൊക്കമില്ലായ്മ്മയാണ് എന്റെ പൊക്കം എന്ന് പറഞ്ഞു നടന്നു നീങ്ങുന്ന വക്തിയായിരുന്നു ഭരതൻ . 

ആരോടും പരിഭവമില്ല, പരാതിയില്ല . ആരോടും തന്റെ പ്രാരാബ്ധങ്ങൾ പറയുന്നതും കേട്ടിട്ടില്ല. കണ്ടിട്ടുമില്ല.

ഇതുവരെയായി ഒരാളൊടും വാഗ്‌വാദങ്ങൾ നടത്തുന്നതോ? തർക്കിക്കുന്നതോ? കണ്ടിട്ടില്ല! . ചിരിച്ചുകൊണ്ട് ശാന്തമായി നടക്കും ഭരതൻ. 

പലപ്പോഴും ഭരതൻ നടക്കുമ്പോൾ     മുണ്ടിന്റെ വലതു കോർണ്ണർ ഇടതുകൈയ്യിൽ പിടിച്ചു കൊണ്ടായിരിക്കും നടത്തം. മിക്കവാറും വലതു കൈയ്യിൽ സിഗരറ്റും കാണും. കയ്യിൽ മടലിൽ 8 ആകൃതിയിൽ ചുറ്റിയ ചൂണ്ടയും നൻഗീസും ഉണ്ടെങ്കിൽ മനസ്സിലാക്കാം ഭരതൻ പാത്തിക്കലോ റെയിൽവേ പാലത്തിൻമേലെക്കോ ചൂണ്ടയിടാനുള്ള പോക്കാണെന്നു.. അത് പലർക്കും ഹോബിയാണെങ്കിലും ഭരതന് അത് ഉപജീവനത്തിന് ഒരു കൈത്താങ്ങു കൂടിയായായിരുന്നു.

തനിക്കു പരിചയമുള്ള, അല്ലെങ്കിൽ തന്ന പരിചയമുളള ആളുകളെ കണ്ടാൽ തലചെരിച്ചു ചിരിച്ചുകൊണ്ട് അഭിവാദ്ദ്യം ചെയ്യും . തനിക്കൊപ്പമാണ് നടക്കുന്നതെങ്കിൽ ഭരതൻ മിതഭാഷിയായിരിക്കും.

പലപ്പോഴും തോന്നിയിട്ടിട്ടുണ്ട് ജീവിതത്തിലും ഭരതൻ ഓണപ്പൊട്ടനാണോ എന്ന് . 

ഉത്രാടം – തിരുവോണം നാളിൽ

മയ്യഴിയിലെ ഊടുവഴികളിലൂടെ മണികുലുക്കി ഓണപ്പൊട്ടൻ പതിയെ ഓടി വരുന്നത് കാണാനാകും. ഇങ്ങനെ വേഗം കുറഞ്ഞ ഓട്ടമാണ് ഓണ പൊട്ടന്റെ യാത്രാ രീതി.  എവിടെയും നിൽക്കില്ല, അനുഗ്രഹം നൽകുമ്പോഴും ചലനം തുടർന്നുകൊണ്ടേയിരിക്കും. 

അദ്ദ്യകാലങ്ങളിൽ തുണയായി കൂടെ ആരെങ്കിലും കാണും, മിക്കവാറും ഒരു സ്‌ത്രീയേ കാണാറുണ്ട് 

മണികിലുക്കി കൊണ്ടായിരിക്കും ഓണപ്പൊട്ടന്റെ ഓരോ വീടുകളിലേക്കുമുള്ള യാത്ര.

വർഷത്തിൽ പ്രജകളെ കാണാനെത്തുന്ന മഹാബലിയുടെ സങ്കല്പം തന്നെയാണ് ഇവിടെ ഓണപ്പൊട്ടൻ എന്നതിലൂടെ പ്രതിനിധീകരിക്കുന്നത്.

പക്ഷെ വേഷപ്പകർച്ചയിൽ പ്രകടമായ വ്യത്യാസമുണ്ട്‌ . കുടവയറില്ല, പട്ടുവസ്ത്രവും ഉത്തരീയവും ഇല്ല, കൊമ്പൻ മീശകാണില്ല, മയ്യഴിയിലേ ഓണപ്പൊട്ടന്. 

ഒരു വാക്ക് പോലും ഉരിയാടാതെ പ്രജകളുടെ വീടുകളിലെത്തി അനുഗ്രഹം നൽകുകയാണ് ഓണപ്പൊട്ടന്റെ യാത്രയുടെ ലക്ഷ്യം. അപ്പോഴും സ്വന്തം വീട്ടിലെ ഇല്ലായ്മ്മയെ പറ്റിയുള്ള ചിന്തകൾ ഉള്ളിലൊതുക്കിക്കൊണ്ടു മറ്റുള്ളവർക്ക് സമ്പത്തും ശ്രെയസ്സും നൽകണമേ എന്നനുഗ്രഹിച്ചുകൊണ്ടുള്ള വീട് വീടാന്തരം കയറിഇറങ്ങിയുള്ള പ്രയാണം 

ഓണപ്പൊട്ടന്റെ വേഷ വിധാനങ്ങൾ ഏറെ ആകർഷണീയമാണ്. മലബാറിലെ തെയ്യ വേഷങ്ങളോട് ഏറെ സാമ്മ്യമുണ്ടാകും മിക്കഅലങ്കാരങ്ങൾക്കും 

നരച്ച നിറവും നീളമുള്ളതുമായ മുടി. ഇതേ നിറത്തിലുള്ള താടി. തലയിൽ തെച്ചിപ്പൂവുകൊണ്ടുള്ള കിരീടം രണ്ടു കൈയിലും തോൾവള , മുഖത്തും കണ്ണിലും പ്രകൃതിയിൽ നിന്നും ചാലിച്ചെടുത്ത ചായങ്ങൾ കൊണ്ടുള്ള മുഖമെഴുത്തു. ശരീരത്തിൽ പച്ചരി അരച്ചെടുത്ത് പൂശിയിരിക്കും . ചുവന്ന തുണി കാലിന്റെ നിട്ടൽ വരേ മറച്ചുകൊണ്ടുള്ള വസ്ത്ര ധാരണം കുരുത്തോലകൊണ്ടു ചമയിച്ച ഓലക്കുട തോളിൽ ഒരു മാറാപ്പു സഞ്ചി, കൈയ്യിൽ ഒരു ഓട്ടുമണി ഇത്രയുമായാൽ ഓണപ്പൊട്ടനായി 

വാമനൻ പാതാളത്തിലേക്ക് താഴ്ത്തുന്നതിന് തൊട്ട് മുൻപ് മഹാബലിയോട് ആഗ്രഹം പറയാൻ ആവശ്യപ്പെട്ടു. എല്ലാ വർഷവും പ്രജകളെ കാണാൻ എത്തണം എന്നതായിരുന്നു ആ ആവശ്യം. അത് അംഗീകരിച്ച വാമനൻ ഒരു നിബന്ധന കൂടി വെച്ചു, വീടുകളിൽ എത്തി പ്രജകളെ കാണാൻ മാത്രമേ അനുവാദം നൽകൂ, ഒരു വാക്ക് പോലും ഉച്ഛരിക്കരുത്. 

അതുകൊണ്ടാണ് ഓണപ്പൊട്ടൻ ആംഗ്യ ഭാഷ മാത്രം ഉപയോഗിക്കുന്നത് ഇതോർക്കുമ്പോൾ തോന്നും ഒരുപക്ഷെ ഭരതനും അധികം ആരോടും സസംസാരിക്കാത്തതു. അതുകൊണ്ടായിരിക്കും ഭരതനും ആരോടും ഒന്നും ആവശ്യപ്പെടാത്തതു

കാലങ്ങളായി മയ്യഴിയിൽ പുത്തലത്തിന്റടുത്തു താമസിക്കുന്ന പുത്തലത്തു പൊയിലിലെ ഈ കുടുംബത്തിലുള്ളവരാണ് ഈ അനുഷ്ട്ടാനകല തിരുവോണം നാളിൽ ജനകീയമാക്കി ഓർമ്മകൾ പുതുക്കാനായി നമ്മളിലേക്ക് ഓടിയെത്തുന്നത് . 

41 ദിവസത്തെ വ്രതമെടുത്ത് ശുദ്ധിയോടെയാണ് ഉത്രാടം തിരുവോണം നാളുകളിൽ നമ്മുടെ ഭവനങ്ങളിലേക്കു വരുന്നത്. 

സ്വന്തം വീടുകളിൽ ഉള്ളവർക്ക് അനുഗ്രഹം നൽകി ഇറങ്ങുന്ന ഓണപ്പൊട്ടൻ വൈകിട്ട് തിരിച്ചെത്തും വരെ ഒരു വാക്കും ഉരിയാടില്ല.

ഓണപ്പൊട്ടന്റെ മണി കിലുക്കം ദൂരെ നിന്ന്  കേൾക്കുമ്പോൾ തന്നെ ഭക്തിയോടെ വരവേൽപ്പിന് ഓരോ വീട്ടുകാരും തെയ്യാറാകും ഒരു നിറ നാഴി അരി മുറത്തിൽ വെച്ച് കൂടെ അഞ്ചു തിരിയിട്ടു കത്തിച്ച നിലവിളക്കും. ഒരു കിണ്ടിയിൽ വെള്ളവും വെച്ച് ഓണപ്പൊട്ടനെ വരവേൽക്കാൻ വീട്ടുകാർ തയ്യാറായി നിൽക്കും.

മണി കിലുക്കിക്കൊണ്ടു ഓരോ വീടുകളിലും എത്തുന്ന ഓണപ്പൊട്ടൻ പൂവും പ്രസാദവും നൽകി വീട്ടുകാരെ അനുഗ്രഹിക്കുന്ന ഓണപ്പൊട്ടൻ ദക്ഷിണയും ഉപഹാരങ്ങളും സ്വീകരിച്ച് മടങ്ങും. ചിലർ ഓണക്കോടിയും ദക്ഷിണയോടൊപ്പം നൽകാറുണ്ട്.

മയ്യഴിയിലെ പ്രജകളിൽ നിന്നും എന്നന്നേക്കുമായി കാലയവനികക്കുള്ളിൽ മറഞ്ഞു പുത്തലത്തു പൊയിൽ ഭാരതനെന്ന ഓണപ്പൊട്ടൻ . ഇനി ആ നിയോഗം ആർക്കു ? 

ഒപ്പം ഭരതനിലെ ജന്മസിദ്ധമായി ലഭിച്ച പല കഴിവുകളും എന്നെന്നേക്കുമായി ഇല്ലാതായി,

ഒരുപക്ഷെ തന്റെ ജന്മനസിദ്ദമായ ഈ കഴിവുകളൊക്കെ അദ്ദേഹത്തിന്റെ മക്കൾക്ക് പകർന്നിട്ടുണ്ടാവാം .. അത് സത്യമാകണമേ എന്ന് പ്രാർത്ഥിച്ചു അവരിലൂടെ നമുക്ക് ഭാരതനിലെ കഴിവുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാം.. അത് മാത്രമേ നമുക്ക് ഇനി ഭരതന് വേണ്ടി ചെയ്യാനുള്ളൂ …

മഠത്തിൽ ബാബു ജയപ്രകാശ് …….✍️ My Watsapp Cell No: 00919500716709

2 Comments

  1. Thank you Babu Jayaprakash for sharing an excellent write up on a person , having various cultural abilities , named Bharathan.

    Like

    1. Babucoins's avatar Babucoins says:

      Thank you Gopalettan for your hood words

      On Sun, 7 Aug 2022, 19:18 ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോൾ, < comment-reply@wordpress.com> wrote:

      >

      Like

Leave a Comment