Time Set To Read 5 Minutes Maximum
ശ്രീ. മംഗലാട്ടിനെ അവസാനമായി കാണുന്നത് എന്റെ മകളുടെ വിവാഹം ക്ഷണിക്കാൻ പോയപ്പോൾ! എന്തോ ആലോചനയിൽ മുഴുകിഇരിക്കയാണെന്നാണ് ഒറ്റനോട്ടത്തിൽ മനസ്സിലായത് … അല്ലെങ്കിലും മനുഷ്യൻ ഒരു പ്രായം കഴിയുമ്പോൾ ഏതാണ്ട് ങ്ങനെത്തന്നെയല്ലേ എന്ന് വിലയിരുത്തി …അടുത്തു ചെന്ന്.
ചിലപ്പോൾ പഴയ പല സംഭവങ്ങളും ഓർമ്മയിൽ എത്തിക്കാണും. അല്ലെങ്കിലും സായിപ്പിന്റെ മുൻപിൽ വെടിവെക്കാൻ വിരിമാറ് കാട്ടി മുൻപോട്ടു കുതിച്ചതും പോലീസ്കാരോട് കീഴടങ്ങാൻ ധൈര്യസമേതം നേരിട്ട് പോയി ആവശ്യപ്പെട്ടപ്പോൾ പോലീസുകാർ സമവായത്തിന് അർഥിക്കുന്നതു കേട്ട് പി. പി നാരായണൻ നായർ സ്റ്റേഷന് പുറത്തു നിന്ന് ഉച്ചത്തിൽ അവരോട് കീഴടങ്ങുന്നോ അല്ലെങ്കിൽ ഞങ്ങളെല്ലാം കൂട്ടി അങ്ങോട്ടുവരാണോ എന്ന് ചോദിച്ചതും? ഒക്ടോബർ വിപ്ലവത്തിന്റെ ഭാഗമായി നടന്ന മര്യാപ്പീസ് ആക്രമ സംഭവമൊക്കെ ഓർത്തുകാണും … ഇതൊക്കെ അച്ഛൻ ഗംഗേട്ടനോട് പറഞ്ഞു കൊടുക്കുന്നത് കേട്ടതാണ്…,
ശ്രീ മംഗലാട്ടിനു പ്രായം കൊണ്ടുള്ള അവശതകൾ ഉണ്ടങ്കിലും, ഓർമ്മകൾക്കു വലിയ മങ്ങലൊന്നും ഏറ്റിട്ടില്ലെന്നു മനസിലായി. എന്നെ പരിചയപ്പെടുത്താൻ അച്ഛനെ പറ്റി പറഞ്ഞപ്പോൾ? ഒന്നും തിരിച്ചു പറഞ്ഞില്ല! മകളെയും കൂട്ടി കണ്ടു അനുഗ്രഹം വാങ്ങിക്കണമെന്നു ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അതിനുള്ള സാഹചര്യം ഉണ്ടായില്ല.
ഉണ്ടായില്ല എന്നുള്ള പ്രയോഗം ശരിയല്ല. ഉണ്ടാക്കിയെടുക്കാൻ ശ്രമിച്ചില്ല എന്ന് പറയുന്നതായിരിക്കും ശരി.
വർഷങ്ങൾക്കു മുൻപ് അദ്ദേഹം കണ്ണൂർ മാതൃഭൂമി ഓഫീസിൽ ജോലി ചെയ്യുന്ന കാലത്തു ഒരു തവണ അദ്ദേഹത്തെ കാണാൻ അച്ഛനോടൊപ്പം പോയിരുന്നു. അച്ഛൻ അദ്ദേഹത്തോടുള്ള ഒരു കടപ്പാടറിയിക്കാനായിരുന്നു പോയിരുന്നത് . എന്റെ മൂത്ത മാമന് (ബാലൻ മാമന് ) തലശ്ശേരി മുനിസിപ്പാലിറ്റിയുടെ കീഴിൽ ഓടിച്ചിരുന്ന ബസ്സിൽ കണ്ടക്ടർ ജോലി ശരി പ്പെടുത്തി കൊടുത്തതിന്റെ നന്ദി അറിയിക്കാൻ.
ഏറെ നേരം പഴയ കഥകളൊക്കെ പറഞ്ഞായിരുന്നു അന്ന് പിരിഞ്ഞത്. വീണ്ടും അദ്ദേഹത്തിന്റെ സഹായം കിട്ടിയിരുന്നു . ബസ്സു കുറച്ചു വർഷത്തിന് ശേഷം സർവീസ് നിർത്തലാക്കിയപ്പോൾ മാമന് ജോലി നഷ്ട്ടപ്പെട്ടു . വീണ്ടും അദ്ദേഹത്തിന്റെ ഇൻഫ്ളുവൻസിൽ മുൻസിപ്പൽ ഓഫീസിൽ ജോലി ശരിയാക്കി എടുത്തതും ഓർക്കുന്നു .
പിന്നെ അദ്ദേഹത്തെ കാണുന്നത് എന്റെ ഓർമയിൽ ഉള്ളത് അച്ഛന്റെ മരണ വാർത്തയറിഞ്ഞു ശവ സംസ്കാര ചടങ്ങിന് പങ്കെടുക്കാൻ വന്നപ്പോഴായിരുന്നു.
101 വയസു തികയാൻ വെറും ദിവസങ്ങൾ ബാക്കിവെച്ച് മയ്യഴിയുടെ വീര പുത്രൻ നമ്മളോട് വിട പറഞ്ഞിരിക്കുന്നു.
സെപ്റ്റംബർ 20ന് 101 വയസ്സ് പൂർത്തിയാ യാക്കേണ്ടതായിരുന്നു രാഘവേട്ടൻ. ഓർമകൾക്ക് അത്ര തെളിച്ചം പോരെങ്കിലും പഴയ പോരാട്ടകഥകൾ മറവി മായ്ച്ചുകളഞ്ഞിട്ടില്ല.
മാഹിയുടെ വിമോചനത്തിന് ഐ. കെ. കുമാരൻ മാസ്റ്ററോടൊപ്പം ഒട്ടേറെ സമരങ്ങളിൽ പങ്കെടുത്തിട്ടുണ്ടു മംഗലാട്ട് രാഘവേട്ടൻ.
മയ്യഴി ഗാന്ധി എന്നറിയപ്പെട്ടിരുന്ന മാഹിയുടെ വിമോചനപ്പോരാളി! ഐ.കെ. കുമാരൻ മാസ്റ്റർ. ശ്രീ സി. ഇ ഭരതൻ . ശ്രീ പി .കെ രാമൻ , ഉസ്മാൻ മാസ്റ്റർ , കുമ്മായ രാഘവേട്ടൻ , പി. പി നാരായണൻ നായർ കോവുക്കൽ ബാലേട്ടൻ അങ്ങനെ ഒരുകൂട്ടം മഹാജന പ്രസ്ഥാനക്കാരോട് ചേർന്നായിരുന്നു മംഗലാട്ടിന്റെ പ്രവർത്തനം.
ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ സ്വാധീനത്തിൽ തന്നെയായിരുന്നു മാഹി വിമോചനസമരവും.
വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരുടെ മുന്നണിയായി 1938 ൽ രൂപീകരിക്കപ്പെട്ട മഹാജനസഭയുടെ നേതൃത്വത്തിലാണു മാഹി വിമോചനസമരം നടന്നത്. ബ്രിട്ടിഷ് ഇന്ത്യയിൽ നടന്ന സ്വാതന്ത്ര്യ സമരത്തിന്റെ വിജയം ഫ്രഞ്ചുകാരെ ഇന്ത്യയിൽനിന്നു തുരത്താനുള്ള സമരത്തിന് ആവേശം പകർന്നിരുന്നു വെന്നു മംഗലാട്ട് രാഘവേട്ടന്റെ ഓർമയിൽ പങ്കുവെച്ചിട്ടുണ്ട് പലപ്പോഴായി.
1947 ഓഗസ്റ്റ് 15നു ഇന്ത്യയുടെ മോചനം നാടെങ്ങും ആഘോഷിക്കുമ്പോൾ? മയ്യഴിയുടെ മോചനം ഫ്രഞ്ച് അധീന പ്രദേശ മായ മയ്യഴിയിൽ സാധ്യമാകുന്നില്ലെന്ന തായിരുന്നു മയ്യഴിയിലെ സ്വാതന്ദ്ര്യ അനുകൂലികളെ ഏറെ മനഃ പ്രയാസത്തിൽ ആക്കിയത്.
എന്നാലും ബ്രിട്ടിഷ് ഇന്ത്യ സ്വതന്ത്രമായതിന്റെ ആഘോഷം ചെറിയ ചെറിയ തോതിൽ മാഹിയിലും ദേശാഭിമാനികളായ മയ്യഴിയിലെ വിമോചന സമര പോരാളികൾ പ്രകടിപ്പിക്കുകയുണ്ടായി.
മാഹിയുടെ വിമോചനത്തിനായി പോരാട്ടം നടത്തിയ സ്വാതന്ത്ര്യസമര സേനാനി മംഗലാട്ട് രാഘവേട്ടൻ തന്റെ വിശ്രമ ജീവിതം നയിക്കുമ്പോൾ? പലപ്പോഴും സ്വൊതന്ത്ര ഇന്ത്യയിലെ ഇപ്പോഴത്തെ പല കാഴ്ചകളും വിവരങ്ങളും കണ്ടു മനസ്താപം ഉണ്ടാക്കിയിട്ടുണ്ടാവാം!
മയ്യഴിയുടെ ചരിത്രകാരൻ സി. എച്ച്. ഗംഗാധരൻ രാഘവേട്ടനെ പറ്റി രേഘപെടുത്തിയത് ഇങ്ങനെ…!
മാഹിയിലെ വിദ്യാർഥികളായിരുന്ന ചിലർ? ഫ്രഞ്ചുകാരോടുള്ള പ്രതിഷേധം രേഖപ്പെടുത്താൻ അന്നത്തെ ദിവസം ഉപയോഗിച്ചു. മാഹി ഫ്രഞ്ച് സ്കൂളിനു മുന്നിൽ ഉയർത്തിയിരുന്ന ഫ്രഞ്ച് പതാക അഴിച്ചു മാറ്റാൻ വിദ്യാർഥികൾ തീരുമാനിച്ചു. അഴിച്ചുമാറ്റിയ പതാകയുമായി അവർ മൂപ്പൻ സായ്‌വിന്റെ ബംഗ്ലാവിലേക്കു ജാഥയായി പോകുകയും, പതാക അവർ മൂപ്പൻ സായ്‌വിനെ ഏൽപിച്ചു. ആ സമയത്തെ മാഹി ജനതയുടെ വികാരം മൂപ്പൻ സായ്‌വ് ഉൾക്കൊണ്ടിരുന്നതായി മംഗലാട്ടിന്റെ ഓർമ്മയിലൂടെയുള്ള വാക്കുകളായി സി. എഛ്. ഗംഗാധരൻ അദ്ദേഹം പ്രസിദ്ധീകരിച്ച മയ്യഴി എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
മറ്റൊരു പ്രധാന സംഭവം അദ്ദേഹം പങ്കുവെച്ചത് മയ്യഴി വിമോചന സമരത്തിന്റെ ഭാഗമായി നടന്ന ഒക്ടോബർ വിപ്ലവമാണ്! ആ സംഭവത്തിനും ബ്രിട്ടിഷ് ഇന്ത്യയിൽ നടന്ന സ്വാതന്ത്ര്യസമരത്തിനും പരസ്പരബന്ധമുണ്ടെന്നു മംഗലാട്ട് പറയുന്നു.
മാഹി വിമോചന സമരം ശക്തിപ്പെടാൻ ബ്രിട്ടിഷ് ഇന്ത്യ നേടിയ സ്വാതന്ത്ര്യം മയ്യഴി വിമോചന സമരത്തിൽ പങ്കെടുത്ത വരിൽ ഏറെ ആവേശവും , സ്വാധീനവും ഉണ്ടാക്കിയതായി മംഗലാട്ട് രാഘവേട്ടൻ പറഞ്ഞിട്ടുണ്ട്. മാഹിയിലെ ജനഹിത പരിശോധനയുമായി ബന്ധപ്പെട്ടു നടന്ന ഒക്ടോബർ വിപ്ലവത്തിന് ആവേശം പകർന്നതും, ബ്രിട്ടിഷ് ഇന്ത്യയിലെ സ്വാതന്ത്ര്യ സമരങ്ങളാണ്! ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടുപോയതിന്റെ അടുത്ത വർഷം 1948 ഒക്ടോബറിലാണു മാഹിയിൽ പ്രക്ഷോഭം ശക്തി പ്രാപിച്ചത്.
ജനഹിത പരിശോധനയ്ക്കു വോട്ടവകാശം നിശ്ചയിച്ചുള്ള കാർഡ് നൽകിയതു ഫ്രഞ്ച് അനുകൂലികൾക്കു മാത്രമായിരുന്നു. ഫ്രഞ്ചു കാരുടെയും, ഫ്രഞ്ച് അനുകൂലികളുടെയും തീരുമാനം മനസിലാക്കിയ മയ്യഴി മഹാജന സഭ പ്രസ്ഥാനക്കാർ? അവരുടെ പ്രതിഷേധത്തിന് മയ്യഴിയിൽ തിരികൊളുത്തി, പിന്നീട് ആ പ്രതിഷേധം ആളിപ്പടർന്നു.
ജനഹിത പരിശോധനയിലൂടെ ഫ്രഞ്ച് ഇന്ത്യയുടെ ഭാവി തീരുമാനിക്കുകയായിരുന്നു ലക്ഷ്യം? ജനഹിതം അട്ടിമറിക്കാനുള്ള എല്ലാ നടപടികളും ഭരണകൂടം ചെയ്തിരുന്നതായി മാഹി വിമോചനത്തിനായി മുൻനിര പോരാട്ടം നടത്തിയ മഹാജന സഭ പ്രവർത്തകർ തിരിച്ചറിഞ്ഞു. വോട്ടവകാശത്തിനായി ഫ്രഞ്ച് അനുകൂലികൾക്കു നൽകിയ വ്യാജരേഖകൾ തിരുത്തണമെന്ന ആവശ്യവും നിരാകരിക്കപ്പെട്ടു. മാത്രമല്ല സമരാനുലികൾക്കു തിരിച്ചറിയൽ കാർഡുകൾ നിഷേദിക്കുകയും ചെയ്തതോടെ? മഹാജനസഭ പ്രവർത്തകർ മുനിസിപ്പൽ ഓഫീസിനു മുൻപിൽ സത്യാഗ്രഹം തുടങ്ങി.
രാത്രി ഏറെ വൈകിയും കാർഡ് നൽകാതെ ഓഫീസ് പൂട്ടി പോകാൻ തുടങ്ങിയപ്പോൾ? സമരക്കാരിൽ ചിലർ തീവ്ര നിലപാട് സ്വീകരിക്കുകയും, സമരക്കാരിലെ പി. പി നാരായണൻ നായർ ഓഫീസറെ മർദ്ദിക്കുകയും തുടർന്നുണ്ടായ ബഹളത്തിൽ ഓഫീസ് രേഖകൾ തീയ്യിട്ടു നശിപ്പിക്കുകയും ചെയ്യ്തു. ആ സംഭവത്തിലെ പ്രധാന നായകനായിരുന്നു മംഗലാട്ട് രാഘവേട്ടൻ.
ഗാന്ധിയനായിരുന്ന ഐ.കെ.കുമാരൻ മാസ്റ്റർ അക്രമത്തെ അനുകൂലിക്കില്ലെന്ന് അറിയാമായിരുന്നതു കൊണ്ടുതന്നെ അദ്ദേഹത്തെ അവിടെനിന്നു മാറ്റിയിരുന്നതായി സോഷ്യലിസ്റ്റായിരുന്ന രാഘവേട്ടന്റെ ഓർമ്മ പലരോടും പങ്ക് വെച്ചിട്ടുണ്ട്. ഈ സംഭാവത്തോടെയാണ് സമരത്തിന്റെ ഗതി തന്നെ മാറിയത് എന്ന് എന്റെ പിതാവും പലപ്പോഴായി പറയുന്നത് കേട്ടിട്ടുണ്ട്.
1948 ഒക്ടോബർ 10ന് ആയിരുന്നു ജനഹിത പരിശോധന തീരുമാനിച്ചിരുന്നതെങ്കിലും സമരഭടന്മാരുടെ ഇടപെടൽ കാരണം അതു നടന്നില്ല. പ്രക്ഷോഭകാരികൾ ഒക്ടോബർ 21ന് മഹാജനസഭയുടെ നേതൃത്വത്തിൽ പൊലീസ് സ്റ്റേഷനും മൂപ്പൻ സായ്‌വിന്റെ ബംഗ്ലാവും പിടിച്ചടക്കി. ഒരാഴ്ച മാഹിയുടെ ഭരണം സമരഭടന്മാരുടെ കൈകളിലായി. ഒക്ടോബർ 22ന് ഫ്രഞ്ച്പതാക താഴ്ത്തി സമരഭടന്മാർ ഇന്ത്യൻ പതാക ഉയർത്തി.
പ്രക്ഷോഭകാരികളെ നേരിടാൻ ഫ്രഞ്ച് കപ്പൽ ഒക്ടോബർ 26നു മാഹിയിൽ നങ്കൂരമിട്ടു. ഇതോടെ സമരഭടന്മാരും അനുകൂലികളും മയ്യഴിയിൽനിന്ന് തൊട്ടടുത്ത പ്രദേശമായ അഴിയൂർ കേന്ദ്രീകരിച്ചായി പിന്നീടുള്ള പ്രവർത്തനം. സമരക്കാരിൽ ഏറെ പ്പേർ കോവുക്കൽ കേന്ദ്രീകരിച്ചാണ് പിന്നീടുള്ള പ്രവർത്തനം നടത്തിയത്. പിടിക്കപ്പെട്ടാൽ നാടുകടത്തൽ ഉൾപ്പെടെയുള്ള ശിക്ഷ കിട്ടുമെന്നുള്ളതിനാൽ അവർ മാഹിയിൽനിന്നു മാറിനിൽക്കുകയായിരുന്നു. ആയിരക്കണക്കിന് ആളുകളാണ് ആ സമയത്ത് ഇന്ത്യൻ യൂണിയനിൽ അഭയം തേടിയിരുന്നത്. അതിൽ ഏറെപ്പേർ കോവുക്കൽ കേന്ദ്രീകരിച്ചു, കോവുക്കൽ ബാലേട്ടനോടൊപ്പം താമസിച്ചിട്ടുണ്ട്.
തുടർന്ന് ഏകദേശം ആറു കൊല്ലത്തോളം നീണ്ട, വിവിധ തരത്തിലുള്ള പ്രിതിഷേധങ്ങളും, ഉപരോധങ്ങളും നടത്തുവാൻ ഏറെ പ്പേർ കോവുക്കൽ കേന്ദ്രീകരിച്ചു ബാലേട്ടനോടൊപ്പം താമസിച്ചിട്ടുണ്ട് ! ഇത്തരം വിവിദ സമ്മർദ്ദങ്ങളും ജങ്ങളുടെ ഇങ്ങിതവും തങ്ങൾക്കു എതിരാണ് എന്ന് മനസിലായ തോടെയാണ് ഫ്രഞ്ചുകാർ ഇന്ത്യവിട്ടത്.
1954 ജൂലൈ 16ന് ആയിരുന്നു മാഹിയുടെ മോചനം. അതോടെ ഫ്രഞ്ചുകാർ കൈവശം വച്ചിരുന്ന കാരയ്ക്കൽ, പുതുച്ചേരി, യാനം, ചന്ദ്രനഗർ എന്നീ പ്രദേശങ്ങളും സ്വാതന്ത്ര്യം നേടി.
എന്റെ പിതാവ് പറഞ്ഞത് ഇപ്പോഴും ഓർക്കുന്നു ഏതോ ഒരു സമരത്തിൽ പോലീസ് തോക്കുചൂണ്ടിയപ്പോൾ വിരി മാറ് കാട്ടി വെക്കടാ വെടി എന്ന് പറഞ്ഞു മുൻപോട്ടു പോയതും ഒക്കെ? മംഗലാട്ടിനെ പറ്റിപറഞ്ഞു കേട്ടിട്ടുണ്ട്.
ഗാന്ധിജിയുടെയും, ജയപ്രകാശ് നാരായണന്റെയും സ്വാധീനത്താൽ മംഗലാട്ട് രാഘവേട്ടൻ രാഷ്ട്രീയ പ്രവർത്തനത്തിലേക്ക് പ്രവേശിച്ചത് എന്ന് കേട്ടിട്ടുണ്ട്. അവർ പരസ്പരം കത്തുകളിലൂടെ ആശയവിനിമയം നടത്തിയിരുന്നു ഏന്നതും പലരും അറിയാത്ത സത്യമായിരുന്നു.
ഫ്രഞ്ചുകാർ പിൻവാങ്ങിയതിനുശേഷം ഒരു മുഴുവൻ സമയ പത്രപ്രവർത്തകനായി. അദ്ദേഹം മാതൃഭൂമിയിൽ ലേഖനങ്ങൾ എഴുതുമായിരുന്നു. 1965 -ൽ അദ്ദേഹം മാതൃഭൂമി പത്രാധിപസമിതിയിൽ അംഗമായി. സബ് എഡിറ്ററായി സേവനമനുഷ്ഠിച്ച അദ്ദേഹം പിന്നീട് 1981 ൽ കണ്ണൂർ ബ്യൂറോ ചീഫായി വിരമിച്ചു.
മാതൃഭൂമിയിൽ നിന്ന് വിരമിച്ച ശേഷം മംഗലാട്ട് രാഘവേട്ടൻ ഫ്രഞ്ച് കവിതാ വിവർത്തനത്തിൽ ഏർപെട്ടുകൊണ്ടു സമയം ചെലവഴിച്ചു. മാഹി ഫ്രഞ്ച് സ്കൂളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതിനാൽ അദ്ദേഹത്തിന് ഫ്രഞ്ച് നന്നായി കൈകാര്യം ചെയ്യാൻ പറ്റുമായിരുന്നു. അങ്ങനെ, മലയാളത്തിലേക്ക് വിവർത്തനം ചെയ്തു.
വിക്ടർ ഹ്യൂഗോ, ചാൾസ് ബോഡെലെയർ, വിക്ടർ ഡി ലാപ്രാഡ് എന്നിവരുടെ കൃതികൾ അദ്ദേഹം വിവർത്തനം ചെയ്തു. 6 വർഷത്തെ നീണ്ട താരതമ്യ പഠനത്തിന്റെ ഫലമായി അദ്ദേഹം പുസ്തകവും എഴുതി. 1993 -ൽ ‘ഫ്രഞ്ച് കവിതകൾ’. 1999 -ൽ പ്രസിദ്ധീകരിച്ച ‘ഫ്രഞ്ച് പ്രണയഗീതങ്ങൾ’, 2002 -ൽ പ്രസിദ്ധീകരിച്ച ‘വിക്ടർ ഹ്യൂഗായുടെ കവിതകൾ’ എന്നിവയാണ് അദ്ദേഹത്തിന്റെ ശ്രദ്ധേയമായ മറ്റ് കൃതികൾ.
സുകുമാർ അഴീക്കോട് ഒരിക്കൽ മംഗലാട്ട് രാഘവനെ അഭിനന്ദിച്ചിട്ടുണ്ട്, ഫ്രഞ്ച് കവിതയുടെ ഇത്രയും വിശദമായ വിവർത്തനം മറ്റേതൊരു ഇന്ത്യൻ ഭാഷയിലും ഇല്ല. ഫ്രഞ്ച് കവിതകൾ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയതിന് 1994 -ലെ വിവർത്തനത്തിനുള്ള കേരള സാഹിത്യ അക്കാദമി അവാർഡിനും അദ്ദേഹം അർഹനായിട്ടുണ്ട്. അയ്യപ്പപ്പണിക്കർ അവാർഡും അദ്ദേഹം നേടിയിട്ടുണ്ട്.
100 ലേക്കടുക്കുന്ന വേളയിലും മംഗലാട്ട് രാഘവേട്ടൻ കർമനിരതനായിരുന്നു എന്ന് ഈയ്യിടെ എന്റെ സുഹൃത്തു മംഗലാട്ട് പ്രകാശ് പറഞ്ഞു. അദ്ദേഹം ഇപ്പോൾ തലശ്ശേരിയിലേ ചേറ്റം കുന്നിലേ വീട്ടിൽ കഴിയുന്നു .
അദ്ദേഹത്തിന്റെ ആത്മാവിനു നിത്യ പ്രണാമം
വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
സന്താപഹാരി മുരാരേ..
ദ്വാപര ചന്ദ്രികാ ചർച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടെ..
പീലിത്തിളക്കവും
കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈക്കളുമെവിടെ..
ക്രൂരവിഷാദശരം കൊണ്ട് നീറുമീ
നെഞ്ചിലെന്നാത്മ പ്രണാമം..
പ്രേമസ്വരൂപനാം ഗുരുവിൻ കാൽക്കലെൻ കണ്ണീർ പ്രണാമം ..
മഠത്തിൽ ബാബു ജയപ്രകാശ് …✍️ My Watsapp Cell No: 00919500716709


