മയ്യേല കല്ല്യാണം ഭാഗം (1)

Time Set To Read 10 Minutes Maximum

പണ്ടു കാലങ്ങളിലായാലും ഇപ്പോൾ ആയാലും കല്യാണത്തിന്റെ അദ്ധ്യ ചടങ്ങു തുടങ്ങുന്നത്? പെണ്ണ് കാണൽ പരിപാടിയിൽ കൂടെ തന്നെ! അന്നത്തേതിന് അപേക്ഷിച്ചു നോക്കുമ്പോൾ ഇന്ന് അതിനു വ്യാപകമായ സൗകര്യങ്ങൾ ഒക്കെയുണ്ട്.

ഒറ്റ വെത്യാസം മാത്രം, അന്നത്തേതിൽ നിന്നും മാറി ഇന്ന് ധാരാളം സൗകര്യങ്ങൾ ആയിട്ടുണ്ടെങ്കിലും അതിനു അതിന്റെതായ പോരായ്‌മകൾ ഏറെയുണ്ട് .

അന്നത്തെക്കാലം ബ്രോക്കർ മാർ ഉണ്ടെങ്കിലും? നമ്മുടെ ഇടയിൽ അത്ര വ്യാപക മല്ലായിരുന്നു . മിക്കവാറും എല്ലാവരും പരസ്പ്പരം അറിയുന്നവരെ പറഞ്ഞു കൊടുക്കും . അങ്ങനെ കിട്ടുന്ന അറിവനുസരിച്ചു ചെക്കൻ പെണ്ണിനെ പോയിക്കാണും.

ചിലപ്പോൾ ഈ പെണ്ണ് കാണൽ മുൻകൂട്ടി, പെൺ വീട്ടുകാരെ അറിയിക്കും, അങ്ങനെ ആവുമ്പോൾ നല്ല സൽക്കാരമെല്ലാം പെണ്ണ് വീട്ടുകാർ ഒരുക്കും.

പെണ്ണ് കാണൽ ചടങ്ങു അല്ലെങ്കിലും ഒരു ചായകുടി ചടങ്ങാണെങ്കിലും? ഇത്തരം കാണലിനും ചായകുടിക്കും കുറച്ചു പകിട്ട് കൂടും . ചെറുക്കൻ നല്ല ഉദ്യോഗവും! നല്ല തറവാട്ടിൽ നിന്നാകുമ്പോൾ? ആ പകിട്ടിനു മാറ്റുകൾ കൂടും.

പെണ്ണ് കണ്ടു ചായയും, പലഹാരവും കഴിച്ചു കഴിഞ്ഞാൽ ചെക്കന് പെണ്ണിനെ പിടിച്ചിരിക്കുന്നു എന്ന് പൊതുവെ കണക്കാക്കും! വെറും ചായയും ചിലപ്പോൾ? പലഹാരമൊന്നും വേണ്ട എന്ന് പറഞ്ഞു ഇറങ്ങുകയാണെങ്കിൽ? പെണ്ണിനെ ഇഷ്ടപ്പെട്ടില്ല എന്ന് അനുമാനിക്കും! ചിലപ്പോൾ ഒന്നും കുടിക്കാതെയും ഇറങ്ങി വരും.

ഇപ്പോൾ അങ്ങനെ ഒന്നും ഇല്ല, ചായകുടിക്കാനായി പെണ്ണ് കാണാൻ പോകുന്ന ഏർപ്പാട് വരെയുണ്ട് . ഇങ്ങനെചായ കുടിച്ചു ഗിന്നീസ് ബുക്കിൽ കയറിയവരും ഉണ്ടെന്നറിയണമെങ്കിൽ? കുഞ്ഞിക്കൂനൻ സിനിമ, സന്ദേശം സിനിമ , വെള്ളി മൂങ്ങ , കോട്ടയം കുഞ്ഞച്ചൻ! എന്ന സിനിമയിലെ ദിലീപ് , ശ്രീനിവാസൻ, അജു വർഗീസ്‌, കുഞ്ചൻ ഇവർ അഭിനയിച്ച രംഗങ്ങൾ ഒക്കെ ഓർക്കുമ്പോൾ മനസ്സിൽ വരും !

പയ്യന് പെണ്ണിനെ ഇഷ്ടപെട്ടാൽ, പയ്യന്റെ വീട്ടിൽ നിന്ന് വിളിച്ചു പറയും . ചെക്കന്റെ പെങ്ങൾ വന്നിട്ടുണ്ട് അല്ലെങ്കിൽ അമ്മായി അമേരിക്കയിലാണ്! അവർ അടുത്താഴ്ച പോവും പോവുന്നതിനു മുൻപ് അവർക്കൊന്നും കുട്ടിയെ കാണണം! ഞങ്ങൾ ഒന്ന് രണ്ട് പേർ ഇന്നേ ദിവസം വരും എന്നൊക്കെ?

പെണ്ണ് വീട്ടു കാർക്ക് ഇങ്ങോട്ടും താല്പര്യം ഉണ്ടോ എന്ന് അതിന്റെ മറുപടിയിലൂടെ അറിയാം. പെണ്ണ് വീട്ടുകാർക്ക് ഇഷ്ടമല്ലെങ്കിൽ എന്തെങ്കിലും ഒരു കാര്യം പറയും . പെണ്ണ് ഒരേ കരച്ചിലാണ്, അവൾക്കു പഠിക്കണം പോലും, ഇപ്പോഴത്തെ കുട്ട്യേളല്ലേ? എന്താ ഇപ്പം പറയുക? എന്നൊക്കെ പറഞ്ഞു ഒഴിവാവാൻ കാരണങ്ങൾ കണ്ടെത്തും! ആ കാരണങ്ങളുടെ പറച്ചലിലുള്ള രീതിയിൽ മനസ്സിലാവും യഥാർത്ഥ കാരണം.

എല്ലാം പച്ചക്കൊടി കാട്ടിയുള്ള നീക്കമാണെങ്കിൽ? പിന്നെ ജാതക ചേർച്ച എന്ന കടമ്പ മാത്രം കടന്നാൽ മതി. അങ്ങനെ ചെക്കന്റെ പെങ്ങളോ? വേണ്ടപെട്ടവരോ? പോയി ഒന്നു കൂടി കണ്ടു, പയ്യന്റെ ഇഷ്ട്ടമറിയിക്കുന്ന തോടൊപ്പം! ജാതക കുറിപ്പുകൾ പരസ്പ്പരം കൈ മാറും.

ഇങ്ങനെ വീണ്ടും പോയി കാണുന്നത് പെണ്ണിന് ചെക്കൻ പ്രത്യക്ഷത്തിൽ കാണാത്ത എന്തെങ്കിലും വൈകല്ല്യം ഉണ്ടോ എന്ന് കണ്ടു പിടിക്കാനാണെന്നു ചില പാണന്മാർ പാടി നടക്കും.

സംഗതി എല്ലാം കൊണ്ടും തൃപ്തിയാണെങ്കിൽ? ജാതക ചേർച്ച ഒത്തു വന്നാൽ, പിന്നീട് പെണ്ണ് വീട്ടു കാർ പയ്യനെ പറ്റി ഒരു പ്രാഥമീക അന്വേഷണമൊക്കെ നടത്തി! (ചിലപ്പോൾ ഇതിനിടയിൽ തന്നെ എല്ലാ വിവരവും അന്വെഷിച്ചു വെച്ചിട്ടുണ്ടാകും) അവരുടെ വേണ്ടപെട്ടവരോടൊക്കെ അഭിപ്രായമാരാഞ്ഞു, അവരുടെ സമ്മതം പയ്യന്റെ വീട്ടുകാരെയും അറിയിക്കും. അപ്പോൾ നമ്മുടെ റെയിൽവേ ഭാഷയിൽ പറഞ്ഞാൽ ലൈൻ ബ്ലോക്കായി എന്നർത്ഥം !

ലൈൻ ബ്ലോക്കായി ക്കഴിഞ്ഞാൽ പെണ്ണിന്റെ സൈഡിലുള്ള ട്രേക്കിലെ ഗേറ്റുകൾ പെൺ വീട്ടുകാരും, ആണിന്റെ സൈഡിലുള്ള ട്രെക്കിലെ ഗേറ്റുകൾ ആൺ വീട്ടുകാരും അടച്ചു ലൈൻ സെയിഫാക്കി വെക്കും !

പിന്നീട്  സെയിഫാക്കി വെച്ച ലൈനിലൂടെ വണ്ടി കുഴപ്പമില്ലാതെ ഓടണം എന്ന ഉറപ്പിന്, രണ്ടു വീട്ടുകാരും കൂടി പെൺ വീട്ടുകാരുടെ സ്റ്റേഷൻ പരിധിക്കുള്ളിൽ ഒത്തുകൂടി, വണ്ടി താമസം കൂടാതെ ഏറ്റവും അടുത്ത മുഹൂർത്തം നോക്കി ഓടിക്കാനായി വീണ്ടും ഒത്തു കൂടാമെന്ന ധാരണയാക്കി പിരിയുന്നതിനു മുൻപേ എന്തെങ്കിലും കൈമാറും,

വളയായോ മാലയോ, മോതിരമായോ . അപ്പോൾ ലൈൻ ക്ലിയർ ആയി എന്നർത്ഥം! (ഉറപ്പു കൊടുക്കൽ).

ഇതൊക്കെ ഇപ്പോഴത്തെ രീതിയാണ് പണ്ട് ഇത്തരം കോപ്രായ കളികൾ ഒന്നും ഇല്ല കാരണവന്മാരും രക്ഷിതാക്കളും ഒരു വരവരച്ചാൽ അത് തിട്ടം. അത് ലക്ഷ്മണരേഖ അതാരും താണ്ടില്ല . ഇന്ന് അതൊന്നും ഇല്ല പെണ്ണും ചെക്കനും വര വരക്കും അത് വീട്ടുകാർ താണ്ടരുത്‌ ആണായാലും പെണ്ണായാലും …

പിന്നെ ആൺ വണ്ടിയും, പെൺ വണ്ടിയും ഹോട്ട് ലൈൻ വഴിയും, അത്യാധുനിക കമ്മ്യൂണിക്കേഷൻ വഴിയും, പുതിയ പുതിയ അപ്‌ഡേറ്റുകൾ കൈമാറിക്കൊണ്ടേയിരിക്കും . (ഇത് ഇപ്പോഴത്തെ സിസ്റ്റം) . അന്നത്തെ സിസ്റ്റം പ്രകാരം? ബ്ലോക്കായ വിവരത്തിനു മണി അടിച്ചു കഴിഞ്ഞാൽ? പിന്നെ ഔട്ടാവുന്നതു വരെ കാത്തിരിപ്പേ ശരണം!

സാദാ ഫോൺ വന്നതോട് കൂടി ചെറിയ ചെറിയ വിവരങ്ങളൊക്കെ കൈ മാറുന്ന സൗകര്യങ്ങൾ മാത്രം !

ഇതിനിടയിൽ ചില വിരുതന്മാർ കാട്ടികൂട്ടുന്ന ചില വിരുതൊക്കെയുണ്ട് . പെൺ കുട്ടിയുടെ വീട്ടിന്റെ അടുത്തെവിടെയെങ്കിലും വെച്ച് വണ്ടി ബ്രെക്ക് ഡൗൺ ആവുക, അത് റിപ്പേർ ചെയ്യാൻ മെക്കാനിക്ക്നേ വിളിക്കാനായി ഫോൺ ചെയ്യാൻ പോവുക, ഇങ്ങനെ യൊക്കെ ചിലപ്പോൾ കണ്ടുവരാറുണ്ട്!

ഉറപ്പുകൊടുത്തു കഴിഞ്ഞാൽ പിന്നെയുള്ള ചടങ്ങാണ് നിശ്ചയം. ഇത് ആ കാലങ്ങളിൽ ഒരു പ്രാധാന ചടങ്ങായിരുന്നു. ചില ഇടങ്ങളിൽ? കല്ല്യാണത്തേക്കാൾ പ്രാധാന്ന്യം നിശ്ചയത്തിനു് കൊടുക്കുന്നത് ഇപ്പോഴും കാണാറുണ്ട് . നിശ്ചയം മിക്കവാറും പെൺ വീട്ടിൽ വെച്ച് തന്നെ യായിരിക്കും നടക്കുക . (പണ്ടത്തെ കാര്യമാണേ )

നിശ്ചയ ദിവസം പെൺ വീട്ടുകാർ  അവരുടെ ഭാഗത്തു നിന്നുള്ളവരെ ധാരാളം പേരെ ക്ഷണിക്കും. കല്യാണത്തിന് അവരുടെ ഭാഗത്തു നിന്നുള്ള തിരക്ക് ഒഴിവാക്കാൻ ആണ് ഇങ്ങനെ ചെയ്തു വന്നിരുന്നത് . ഇപ്പോൾ അത്തരം സംബ്രതായങ്ങൾ ഒന്നും ഇല്ല ആൺ വീട്ടിൽ നിന്നും കുറച്ചു തല മുതിർന്ന ആളുകൾ മാത്രം പോവും . സുമാർ എത്ര പേർ വരും എന്ന് മുൻകൂട്ടി പറഞ്ഞുകൊടുക്കും. അതിനു നിബന്ധനകളൊന്നും സാദാരണ ഗതിയിൽ വെക്കറില്ല . (ഇപ്പോൾ ഈ സിസ്റ്റമൊക്കെ പാടെ മാറി)

നിശ്ചയക്കാർ പെൺ വീട്ടിൽ എത്തിക്കഴിഞ്ഞാൽ ഉടനെ കുടിക്കാൻ എന്തെങ്കിലും (സർവ്വത്തു) കലക്കി കൊടുത്തു കൊണ്ട് സ്വീകരിക്കും. മിക്കവാറും നാരങ്ങാ വെള്ളം തന്നെ . ഒരു ചെറിയ ഗേപ്പിട്ടു 10 മിനുട്ടു അല്ലങ്കിൽ 20 മിനുട്ടുനുള്ളിൽ ചായ സൽക്കാരം. അത് ഓരോ വീട്ടുകാരുടെ താൽപ്പര്യ മനുസരിച്ചു ഐറ്റങ്ങളുടെ ഒരു പരേഡ് തന്നെയുണ്ടാവും . അതൊക്കെ പേരിനു തിന്നുന്നവരുണ്ടാവും. ചിലരാകട്ടെ കിട്ടിയ അവസരം മുതലാക്കി അടിച്ചു വീശുന്നവരുണ്ടാവും .

ഇതൊക്കെ നോക്കി ഷുഗറെന്നും, ബി. പി എന്നും പറഞ്ഞു കുറച്ചു പേർ മാറി ഇരിക്കുമ്പോഴും! മനസ്സിൽ ഉണ്ടാവും ഒന്നാരെങ്കിലും നിർബന്ധിച്ചാൽ തിന്നാമായിരുന്നു എന്ന ചിന്ത? ഇതിനിടയിൽ ആരെങ്കിലും നിർബന്ധിച്ചിരിക്കും! പിന്നെ ആ കടുംപിടുത്തമൊക്കെ വിട്ടു അടിച്ചു വീശും. തിന്നുന്നത് കണ്ടാൽ തീറ്റ റപ്പായി ഒന്നുമല്ല ഇത്തരക്കാരുടെ മുൻപിൽ !

ചായ സൽക്കാരം കഴിഞ്ഞാൽ പിന്നെ നിശ്ചയവുമയ് ബന്ധപ്പെട്ട ചർച്ചകൾ തുടങ്ങും ? നമ്മുടെ മയ്യഴിയിൽ സ്ത്രീധന പ്രശ്നങ്ങൾ ഒന്നും ഇല്ലാത്തതു കൊണ്ട് അനാവശ്യ ചർച്ചകൾ ഒന്നും ഉണ്ടാകാറില്ല. പ്രധാനമായും ചർച്ചയ്ക്കു വിധേയമാക്കുന്നത് കല്ല്യാണ സ്ഥലം ? വീട്ടിൽ വെച്ച് വേണോ ? ക്ഷേത്രത്തിൽ വെച്ചോ? ആഡിറ്റോറിയത്തിലോ എന്നൊക്കെ?

എത്ര ആളുകൾ വരും ? പുടവ എപ്പോൾ കൈ മാറും? മാല ആര് ഏൽപ്പിക്കും?, പെണ്ണുന്റെ തലയിൽ മുല്ലപ്പൂ അലങ്കാരപ്പണി വേണോ? ഇതൊക്കെ യായിരിക്കും വിഷയങ്ങൾ .

മുഖ്യമായും കല്യാണത്തിനുള്ള ഡെറ്റോക്കെ നിശ്ചയിക്കൽ! രണ്ടു കൂട്ടരും ഡേറ്റിന്റെ കാര്യത്തിൽ ഒരു ധാരണയൊക്കെ ആയിട്ടുണ്ടെങ്കിലും നാട്ടു മുഖ്യസ്ഥരും അതിനെ അനുകൂലിക്കണം. അവർക്കു പങ്കെടിക്കാൻ പറ്റാത്ത ദിവസമല്ല കല്ല്യാണം എന്ന് അവർ ഉറപ്പുവരുത്തും. പരിസരത്തോ കുടുംബത്തിലോ ആ ദിവസം വേറെ കല്യാണമൊന്നും തീർച്ച പെടുത്തിയിട്ടില്ല എന്ന് പരസ്പ്പരം ചർച്ച ചെയ്തു ഉറപ്പു വരുത്തും . അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ പരമാവധി വേറൊരു ദിവസത്തേക്കു മാറ്റി തീരുമാനിക്കും . ആ കൺഫ്യൂഷൻ ഒക്കെ ഒഴിവാക്കാൻ ചിലർ ജോത്സ്യരെയും ക്ഷണിക്കും നിശ്ചയ ചടങ്ങിന് .

പിന്നെ അദ്ദേഹത്തിന്റെ കലാ പരിപാടിയായിരിക്കും! കവടി ഉഴിഞ്ഞു ശുക്ലാംഭാരം… വിഷ്ണും… ചതുർഭുജം , ….. അവസാനം സ്വാഹാ പറഞ്ഞു ഒരു പിടി ഉഴിഞ്ഞെടുത്തു നെഞ്ചോട് ചേർത്ത് പ്രാർത്ഥിച്ചു പലകയിലിട്ടു അതിനെ കുറെ ഭഗമാക്കി വിരൽ നിവർത്തി തള്ള വിരൽ കൊണ്ട് ചെറു വിരലിന്റെ അടി ഭാഗം തുടങ്ങി നാലു വിരലിന്റെ ഭാഗങ്ങളിൽ തൊട്ടു ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം … ഇങ്ങനെ ചൊല്ലി പലകയിൽ വരച്ച കള്ളിയിൽ നിന്നും ഒരു പ്രധാന കരു എടുത്തു ഉചിതമായ കള്ളിയിൽ വെച്ച് അതിനു അനുസൃതമായി ഒന്ന് മേലോട്ടും മറ്റൊന്ന് താഴ്‍ട്ടും വേണമെങ്കിൽ ഒന്ന് സൈഡിലൊട്ടും നീക്കി മകര രാശി എന്ന് പറഞ്ഞു ഒരു ശ്ലോകം ചൊല്ലി ….. നിമിത്തം പറയും ….

ഗുളികനും – ശുക്രനും ഏഴാം ഭാവവും . ശുക്രന്റെ ദൃഷ്‌ടി ബുദ്ധനിലുണ്ടോ? എന്നൊക്കെ ഗണിച്ചു, ഗുണിച്ചു, ഹരിച്ചു . ഒരു മുഹൂർത്തം കണ്ടു പിടിക്കും . വിശ്വസിക്കുന്നവർക്ക് എല്ലാം വിശ്വാസമാണ് . വിശ്വാസമില്ലത്ത ശ്രീനിവാസൻ വരെ വിശ്വസിക്കുന്നു . നിങ്ങളെ വിശ്വാസം നിങ്ങളെ രക്ഷിക്കട്ടെ ! വിശ്വസിക്കുന്നതിൽ തെറ്റൊന്നും ഇല്ല എന്നതു ഈ എഴുതുന്ന എന്റെ വിശ്വാസം എന്റെ അനുഭവം. വിശ്വാസമില്ലേ എല്ലാം !

മിക്കവാറും എല്ലാം പെൺ വീട്ടുകാരുടെ ഇഷ്ടത്തിന് വിധേയമായ തീരുമാനങ്ങൾ ആയിരിക്കും . ചുരുക്കം ചില സന്ദർഭങ്ങളിൽ സാഹചര്യ സമ്മർദ്ദം കൊണ്ട് ആൺ വീട്ടുകാരുടെ താൽപ്പര്യത്തിന് അനുസരിച്ചും തീരുമാനങ്ങൾ ഉണ്ടാവാറുണ്ട്!

ചുരുക്കം ചില സന്ദർഭങ്ങളിൽ വലിയ നിരീശ്വര വാദമൊക്കെ പറയുമെങ്കിലും സാഹചര്യം വരുമ്പോൾ ഇതൊക്കെ കൃ.. കൃത്യം പാലിക്കുന്നതു കാണാം . സംശയമുണ്ടെങ്കിൽ ഇവരുടെ കല്ല്യാണ ഫോട്ടോവോ വീഡിയോവോ നോക്കിയാൽ മനസിലാവും . എനിക്കറിയുന്ന ഒരാൾ നീ നിങ്ങളുടെ ഭരണി നമ്മുടെ മൂലത്തിനു ഒക്കുമോ എന്ന് ചോദിച്ചതും? ഒപ്പിച്ചതും ഒക്കെ അറിയാം ! കേൾക്കുമ്പോൾ തമാശയായി തോന്നാമെങ്കിലും സംഗതി സത്യമാ ! (മൂലം നക്ഷത്രവും ഭരണി നക്ഷത്രവും)

ഈ നാടകങ്ങളൊക്കെ കഴിയാറുവുമ്പോഴേക്കും, ഊണിനുള്ള വട്ടമാവും. സദ്ദ്യവട്ടങ്ങളിലെ എല്ലാവിഭവവും ഉണ്ടാവും , കൂട്ടത്തിൽ ചിലർ മത്സ്യവും ഇറച്ചിയും വിളമ്പും . എല്ലാം കഴിഞ്ഞാൽ നല്ല പാൽപ്പായസമോ? അട പ്രഥമനോ? ഉണ്ടാവും .

ഭക്ഷണം കഴിഞ്ഞാൽ മുറുക്കുന്നവർ മുറുക്കും, ബീഡി, ചുരുട്ട് സിഗററ്റൊക്കെയായി ഒരു തട്ടിലിട്ടു ഒരാൾ കൈ കഴുകി പന്തലിലേക്ക് വരുന്നിടത്തു നിൽപ്പുണ്ടാവും! ചിലർ അത് വരെ വലിച്ച ബീഡിയോക്കെ ഉപേക്ഷിച്ചു വിൽസ് തന്നെ! ചിലപ്പോൾ ഒന്നോ രണ്ടോ അധികവും എടുക്കും !

ഏതാണ്ട് കല്യാണത്തിന് ഒരു മാസമെടുപ്പിച്ചു രണ്ടു കൂട്ടരും കല്യാണക്കുറി അടിപ്പിച്ചു കല്യാണം വിളി തുടങ്ങും . ദൂരെയുള്ള കൂട്ടരേ ഫോൺ ചെയ്തു വിവരം അറിയിക്കും . നിശ്ചയം കഴിഞ്ഞാൽ രണ്ടു വീട്ടുകാരുടെയും അന്തർധാര സജീവ മായിരിക്കും .

പെണ്ണിന്റെ ഡ്രസ്സ് ചെരുപ്പിന്റെ അളവും പിന്നെ എന്തിന്റെയൊക്കെ അളവ് വേണോ? അതൊക്കെ സംഘടിപ്പിക്കും . ആ കാലങ്ങളിൽ പുടവ പയ്യന്റെ വീട്ടുകാരുടെ ഇഷ്ടത്തിനായിരിക്കും എടുക്കുക . ഇപ്പോൾ ആ അവസ്ഥയൊക്കെ മാറി . രണ്ടു വീട്ടുകാരും കൂടിയാണ് പുടവയൊക്കെ എടുക്കുന്നത് ! അന്ന് ഇങ്ങനെ ഒന്നും ഇല്ലായിരുന്നു .

ഇതിനിടയിൽ അവരവരുടെ തറവാട്ട് വീട്ടിൽ ഒരു ക്ഷണം ഉണ്ടാവും. അവിടെ പോയി കരണവന്മാർക്കും, മരണപെട്ടവർക്കും ഒക്കെ വെറ്റില വെച്ച് അനുഗ്രഹം വാങ്ങിക്കും . തറവാട്ട് ക്ഷേത്രമുണ്ടെങ്കിൽ അവിടെയും കല്ല്യാണ ക്കുറി വെച്ച് നിറവിളക്കൊക്കെ കത്തിച്ചു പ്രാർത്ഥിച്ചു അനുഗ്രഹം വാങ്ങിക്കും. ഇതിനു പുറമെ പണ്ട് കാലങ്ങളിൽ വേണ്ടപ്പെട്ടവരുടെ വീട്ടിൽ ക്ഷണിച്ചു വരുന്നു കൊടുക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു.

അക്കാലങ്ങളിൽ മിക്കവാറും കല്ല്യാണങ്ങൾ വധുവിന്റെ വീട്ടിൽ വെച്ചു തന്നെ ആയിരിക്കും! വീട്ടിലാണെങ്കിൽ മഴക്കാലമാണെങ്കിൽ താർപ്പൊളിനും, മുളകളും ഒക്കെ കൂടി ഉപയോഗിച്ചുള്ള പന്തൽ കല്യാണത്തോട് അടുപ്പിച്ചു ഇടും! മഴ ഇല്ലാത്ത അവസരത്തിൽ ചിലർ ഓല പന്തലും കെട്ടും. കൂടുതൽ ഭംഗി വരുത്താനായി കളർ ഡെക്കറേഷൻ പേപ്പർ വെച്ച് പന്തലിനടിയിൽ ഒരു പ്രത്യേക രീതിയിൽ മുറിച്ചു അലങ്കരിക്കും . ചില സ്ഥലങ്ങളിൽ കുരുത്തോല കൊണ്ടും ഈന്ത പട്ട കൊണ്ടും അലങ്കരിക്കും . ചിലർ രണ്ടു കുലച്ച വാഴ കൂമ്പോടെ പന്തലിന്റെ പ്രാധാന കവാടത്തിൽ വെച്ചിരിക്കും . നല്ല ഭംഗിയായിരിക്കും അലങ്കരിച്ചു കാണാൻ !

ഇങ്ങനെയൊക്കെ ചെയ്യുന്നത് ഭംഗിക്ക് വേണ്ടിയാണെങ്കിലും അതിലും നമ്മുടെ പൂർവീകർ ചില ശാസ്ത്ര സത്യം കണ്ടെത്തിട്ടിട്ടുണ്ട് . കുരുത്തോലയിലും മാവിലയിലും ഈന്തപോയനയോലയിലും കുലച്ച വാഴയിലുമൊക്കെ ഒരളവു വരെ ഓക്സിജൻ സാന്നദ്ദ്യം ഉണ്ടാവും. അത് പതിവിൽ കൂടുതൽ ആളുകൾ കൂട്ടുന്നിടത്തു കാർ ബണ്ഡയോക്സൈഡ് വലിച്ചെടുക്കാൻ ഉപകരിക്കും എന്ന ശാസ്ത്ര സത്യവും ഉണ്ട്

കല്ല്യാണ ആഘോഷത്തിന്റെ തലേന്ന് മിക്കവാറും വീട്ടിൽ ആഘോഷ മുണ്ടായിരിക്കും . അങ്ങനെ വരുന്നവർക്ക് പപ്പസ് ,ലഡ്ഡു, മിക്സ്ചർ പഴം, ബിസ്കറ്റ്, ചായ / കാപ്പി മുതലായ നൽകി നല്കി  സ്വീകരിക്കും , (ഇപ്പോൾ ഈ ഏർപ്പാടിന് പകരം ബിരിയാണി കയ്യടക്കി വെച്ചിരിക്കുന്നു , ചില സ്ഥലങ്ങളിൽ ബുഫേ സമ്പ്രദായവും തുടങ്ങിയിട്ടുണ്ട് . കൂടെ ഫോട്ടോ പിടുത്തവും ഉണ്ടാവും! ഫോട്ടോവിന്റെ കൂടെ വീഡിയോവും ലൈവ് കവറെജ്ഉം ഒക്കെ ആയി മാറിയിട്ടുണ്ട് ) ആകാശ കാഴ്ച പിടിക്കാൻ ഡ്രോണും ഒക്കെ യുണ്ടാവും!

ഏകദേശം ഒരു ഒൻപതു മണിയോടെ ചായയൊക്കെ നിർത്തി ഊണ് വിളമ്പും . നല്ല മീൻ മുളകിട്ടതും മിക്കവാറും സ്രാവും തിരണ്ടിയും ഒക്കെ ആവും . ചിലർ അയക്കൂറയും ഒക്കെ വാങ്ങിക്കും.

മാർക്കറ്റിൽ എന്താണോ ലഭിക്കുന്നത് അതനുസരിച്ചായിരിക്കും മൽസ്യ വിഭവങ്ങൾ . കൂടെ ഒരു സാമ്പാറും കേബേജ് തോരനും . അച്ചാറും . പുളിങ്കറി, കായ തൊലിയും പയറും കൂട്ടി ഉപ്പേരി, പപ്പടം, മങ്ങാക്കറി, നാടൻ കോഴി കറിയുടെ ചാറ്,  അത്രേ ഉള്ളു അന്ന്. കല്യാണത്തിന് കായ് വറുത്ത ഉപ്പേരിയുടെ കായ് തൊലി കൊണ്ടുള്ള ഉപ്പേരി.

മത്സ്യക്കറിയും . ഇതിനിടയിൽ തലയും ഒക്കെ വേറെ എരിവും പുളിയും കൂട്ടി വെച്ചത് സേവക്കാർക്കു വേറെ എടുത്തു വെച്ചിരിക്കും . ഇതറിയുന്നവർ അവർ ഭക്ഷണം കഴിക്കുന്നതും കത്ത് നിൽക്കും ഇവരോടൊപ്പം ഭക്ഷണം കഴിക്കാൻ!

ഇതിനിടയിൽ ചുറ്റുവട്ടത്തുള്ള സ്ത്രീകൾ സഹായിക്കാനായി അരയ്ക്കാനും പാചകം ചെയ്യുന്നവരെ സഹായിക്കാനായി വന്നവർ തേങ്ങ ഒരു ഭാഗത്തു നിന്ന് ചിരവുകയും, കുറച്ചുപേർ അരയ്‌ക്കുകയും ചെയ്യും . ഇവർ അരയ്ക്കുമ്പോൾ വടക്കൻ പാട്ടു പാടിക്കൊണ്ടേയിരിക്കും! ഇവരുടെ മുൻപിൽ ഒരു തട്ട് വെച്ചിരിക്കും . പാട്ടിന്റെ താളത്തിലുള്ള വരികൾ ആകർഷിച്ചു കാണാൻ വരുന്നവർ അവർക്കിഷ്ടമുള്ള പണം തട്ടിലിടും . തട്ടിൽ വീഴുന്ന പണം കാണുമ്പോൾ പാടുന്നവർക്കും ആവേശം കൂടും . പാട്ടിന്റെ വരികൾ ഒന്നിൽ നിന്നും മറ്റൊന്നിലേക്ക് താളാൽമകമായി, മാറ്റി മാറ്റി പാടി കൊണ്ടേയിരിക്കും! പാട്ടിലെ ചില വരികൾ …

തച്ചോളി… ഒ….തേനൻ…! കുഞ്ഞോ തേനൻ! …. (2)

ആറ്റും….. മനമ്മലെ….. ഉണ്ണിയാർച്ച ഊണും….. കഴിഞ്ഞങ്ങു…. ഉറക്കമായി … ഉറക്കത്തിൽ….. സ്വപ്നം… കണ്ടു……ണർന്നു പെണ്ണ് . … അല്ലി മലർക്കാവിൽ കൂത്താലാണ് …

ഒരാൾ പാടുമ്പോൾ മറ്റുള്ളവർ ഏറ്റു പാടും . ഇതിന്റെ അലയടി പുറമെയുള്ള കലാപരി പാടിക്കാരുടെ ചെവിയിലെത്തിയാൽ വടക്കൻ പാട്ടിന്റെ പാരഡി പാടി ഡാൻസൊക്കെ കളിക്കുന്നതും കാണാം എല്ലാം കൂടി നല്ല ചേലായിരിക്കും ! കാണാൻ!

വേറൊരു ഭാഗത്തു ചീട്ടുകളി സംഘം ഉണ്ടാവും!  ചീട്ടുകളിക്കിടെ പാടാൻ അറിയുന്നവർ പാടും അത് കഴിഞാൽ പാട്ട് വച്ച നൃത്തമാണ് പതിവ്. തുള്ളൽ എന്നു അന്നത്തെ കാരണവന്മാർ പറയും. തുള്ളലിന്റെയും പാട്ടിന്റെയും ഗാംഭീര്യം ഉള്ളിൽ ചെല്ലുന്നതിന്റെ വീര്യമനുസരിച്ചായിരിക്കും പ്രതിഫലിക്കുക!

കല്യാണത്തലേന്നു! കല്യാണത്തിന് ക്ഷണിച്ചവർ ഓരോ സമ്മാനപ്പൊതിയുമായി (വധുവിനെ /വരനെ ) കാണാൻ വരും . സമ്മാന പൊതി അന്നത്തെ പരിപാടിയെല്ലാം കഴിഞ്ഞു ആയിരിക്കും തുറക്കുക . ചിലർ പിറ്റേദിവസം കല്ല്യാണം ക്കഴിഞ്ഞും തുറക്കുന്ന വരുണ്ട്.

അതും ഒരു തമാശ തന്നെ ആയിരിക്കും കൂടുതൽ അടുപ്പമുള്ളവർ ഓരോ കുസൃതി ഒപ്പിച്ചായിരിക്കും സമ്മാനം പേക്കു ചെയ്തിട്ടുണ്ടാവുക . ചില പൊതി  കാഴ്ചയിൽ  വലിയ തായിരിക്കും! അത് കാണുമ്പോഴേ മനസിലാക്കി കൊള്ളണം ഇതിൽ എന്തോ ഒപ്പിച്ചു വെച്ചിട്ടുണ്ട് എന്ന് . ഏതാണ്ട് പാഞ്ചാലിയുടെ വസ്ത്രാക്ഷേപം പോലെയായിരിക്കും ? സമ്മാന പൊതി പേക്കു ചെയിതിട്ടുണ്ടാവുക!  അടുത്തു കണ്ടിരുന്നെങ്കിൽ തലക്കിട്ടൊന്നു കൊടുക്കാൻ തോന്നും!

മിക്കതിലും ലെമൺ സെറ്റ് , താജ്മഹൽ സീനറി പോലുള്ള സാധനങ്ങൾ ആയിരിക്കും . മിക്കവരും അതൊക്കെ സൂക്ഷിച്ചു വെച്ച് വേറെ ആർക്കെങ്കിലും വിവാഹമോ ഗൃഹ പ്രവേശമോ വരുമ്പോൾ കൊടുക്കാനുപയോഗിക്കും !

ഒരു ഭാഗത്തു ചായ സൽക്കാരം നടക്കുമ്പോൾ മറുഭാഗത്തു കല്ല്യാണ സദ്ദ്യക്കുള്ള സാധനങ്ങൾ തയ്യാറാക്കുന്നതിന്റെ ഭാഗമായുള്ള ഒരുക്കങ്ങളും നടക്കുന്നുണ്ടാവും ! മയ്യഴിയിലാവുമ്പോൾ ഈ ഒരുക്കങ്ങൾക്കൊക്കെ മാറ്റ് കൂട്ടാനും, ഗ്രുപ്പ് പാട്ട് പാടാനുള്ള സ്പിരിറ്റ്‌ കിട്ടാനും, നല്ല സ്പിരിറ്റ്‌ പല തരത്തിലുള്ളത് സ്‌പെഷൽ – സ്‌പെഷൽ ഒക്കെ ഉണ്ടാവും. അത് പല ഭാഗങ്ങളായി തരം തിരിച്ചു നടത്തും .

എന്റെ ഓർമ്മയിൽ തങ്ങി നിൽക്കുന്ന അത്തരം ഒരു ഒരോർമ്മ? വളവിൽ വത്സന്റെ കല്യാണത്തിന്! വലിയ വട്ടളത്തിൽ ബ്രാണ്ടി ഒഴിച്ച്; വേറൊന്നിൽ റമ്മും ഒഴിച്ച് കൂടെ ആവശ്യത്തിനുള്ള വെള്ളവും, ഐസും ഇട്ടു തയ്യാറാക്കി വെച്ച് ഓരോ ഗ്ലാസ്സും! മുക്കി ഒഴിക്കാൻ സ്റ്റീൽ മഗ്ഗും , കൂടെ കടിച്ചു പറിക്കാൻ, കോഴി പാർട്സും ഒക്കെ ആയി തലമുറ വ്യത്യാസമില്ലാതെ വളവിൽ കടപ്പുറത്തു ആഘോഷിച്ചത് ഇന്നലെ നടന്ന സംഭവം പോലെ ഓർമയിൽ എത്തി!

ആ കാലങ്ങളിൽ ജനറേറ്ററൊന്നും വലിയ രീതിയിൽ പ്രാബല്ല്യത്തിൽ ഇല്ലാത്തതിനാൽ വെളിച്ചത്തിനു പ്രട്രോൾ മേക്സ് ആയിരുന്നു വ്യാപക മായി ഉപയോഗിച്ച് കൊണ്ടിരുന്നത് . പെട്രോൾ മേക്സ് എന്ന് പറയുമെങ്കിലും മണ്ണെണ്ണ ആയിരുന്നു മേക്സ് കത്തിക്കാൻ ഉപയോഗിക്കുന്നത് ! മേക്സ് കത്തിക്കുന്നത് ഒരു എക്സ്പർട്ടിസം തന്നെ ! ഏല്ലാവർക്കും സാധിക്കില്ല . ഇപ്പോഴത്തെ കുട്ടികൾ ഈ സാധങ്ങൾ ഒന്നും കണ്ടിട്ട് തന്നെ ഉണ്ടാവില്ല .

പേട്രോൾ മേക്സ് കത്തിക്കുന്നത് ഒരു ശ്രമകരമായ ജോലി തന്നെ . ശ്രദ്ധ്ച്ചില്ലെങ്കിൽ തീപ്പിടുത്തം ഒക്കെ ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ്. മേക്സ് വാടകക്ക് എടുക്കലും കത്തിക്കലുമൊക്കെ ഒരു ചടങ്ങ് ആയിരുന്നു. ചില വീടുകളിൽ ഗ്രാമഫോൺ റിക്കോർഡും 2 കൊളാബിയും പാട്ട് കേൾപ്പിക്കാൻ !! അന്ന്, ടേപ്പ് റിക്കോർഡറും ഡോൾബിയി സിസ്റ്റമൊന്നും ഇല്ല എന്ന് എടുത്ത പറയണ്ടല്ലോ…?

മറ്റൊരു ഭാഗത്തു നിന്ന് പച്ചക്കറികളൊക്കെ അരിയുന്നുണ്ടാവും. പല ഭാഗങ്ങളായി. പല പ്രവർത്തികളും നടക്കുന്നുണ്ടാവും . ഇതിനിടയിൽ പല തമാശകളും . ദിലീപിന്റെ കല്യാണരാമനൊക്കെ ഓർത്താൽ അത്തരം തമാശകൾ മനസ്സിൽ കാണാം. എല്ലാത്തിനും മേൽ നോട്ടം വഹിച്ചു പ്രധാന ചമയൽ ക്കാരനും (ഭണ്ടാരി ) ഉണ്ടാവും . ആ സമയത്തെ പേര് കെട്ടവരായിരുന്നു പൊതു വാളും, ഭട്ടും! പൊതുവാളിന്റെ മകനും ഇപ്പോൾ ഒരു പൊതുവാളായി . ഭട്ടു മരണപെട്ടു ഭട്ടിന്റെ അസിസ്റ്റന്റ് ഇപ്പോൾ ഭട്ടായി! നിലവിൽ ഉണ്ട് എന്നറിയുന്നു!

ഇതൊക്കെ നടക്കുമ്പോൾ മറ്റൊരുഭാഗത്തു ശീട്ടുകളിയും നടക്കുന്നുണ്ടാവും. ശീട്ടുകളിയും വെള്ളമടിയും , നടക്കുമ്പോൾ മറ്റൊരു ഭാഗത്തു സദ്ദ്യക്കുള്ള അരവ് നടക്കുന്നുണ്ടാവും . സദ്ധ്യയുടെ വലിപ്പമനുസരിച്ചു മനുസരിച്ചു അരവുകാരുടെ എണ്ണവും കൂടും . കുറഞ്ഞത് നാലോ – അഞ്ചോ പേരുണ്ടാവും . ഇവർ നല്ല വടക്കൻ പാട്ടൊക്കെ പാടി കൊണ്ടായിരിക്കും അരക്കുക .

കല്ല്യാണം നാളെയാണ് കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണെങ്കിലും വെർച്ച്വൽ കല്യാണമായതുകൊണ്ടു ആളുകളുടെ എണ്ണത്തിന് നിയന്ത്രണങ്ങൾ ഇല്ല . എല്ലാവരും സമയ കൃത്യത പാലിക്കുക . ഗിഫ്റ്റ് കൊണ്ടുവരാൻ മറക്കരുത് ….

മഠത്തിൽ ബാബു ജയപ്രകാശ് ✍️……..My Watsapp Cell No: 00919500716709

Leave a Comment