എന്റെ എഴുത്തും എന്നിലെ ചില മായാത്ത ഓർമകളും!

Time Set To Read 10 Minutes Maximum

തുടർച്ചയായുള്ള എന്റെ ഈ എഴുത്തു തുടങ്ങിയിട്ട് ഇന്നേക്ക് 86 ആം ദിവസം ബ്ലോഗിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയിട്ട് 42 ദിവസം .

ഇതിനിടയിൽ ഞാൻ ഭണ്ഡാരിയായി , സീ മെൻ ആയി , നാടൻ കളിയുടെ ആശാനായി , ഇടയ്‌ക്ക് സഞ്ചാരിയായി മയ്യഴിയിലെ കാണാകാഴ്ചകൾ വിവരിക്കുന്നവനായി , കലാ സാംസ്കാരിക വിമർശകനായി ചെറുകിട വ്യവസായിയായി, കുടിൽ വ്യവസായിയായി,  കുട നന്നാക്കുന്നവനായി, പപ്പട ചെട്ട്യാരായി, കള്ളുകുടിയനായി, തീറ്റ പണ്ടാരമായി, ഖുംട്ടി ക്കച്ചവടക്കാരനായി, സോഡാക്കമ്പനിക്കാരനായി, പലചരക്കു കച്ചവടക്കാരനായി, കോഫി മേക്കറായി, സ്പോർട്സ് ലേഖകനായി, സൈക്കിൾ മെക്കാനിക്കായി, സ്റ്റേഷനറി കച്ചവടക്കാരനായി, വൈദ്ധ്യരായി, ഗുരിക്കളായി, യാത്രാ ലേഖകനായി, പുരകെട്ടുന്നവനായി,  നല്ല ശമര്യക്കാരനുമായി,…. ചരിത്ര ലേഖകനായി ? പുരാവസ്തു ഗവേഷകനായി!!  ചായക്കച്ചവടക്കാരനായി , ബേക്കറിക്കാരനായി തെയ്യക്കോലം കെട്ടുന്നവനായി , പലരുടെയും ആത്മാക്കളായി , പ്രകൃതി സംരക്ഷകനായി , തത്വ് ചിന്തകനായി , റെയിൽവേ സ്റ്റേഷൻ മാസ്റ്ററായി , അങ്ങനെ പല വേഷങ്ങളിലൂടെ! ഇപ്പോൾ അകെ കൺഫ്യൂഷനിലാണ് ഞാൻ ആരാണെന്നു! 

ഇന്നലെ വരെ….! 9,74,607 അക്ഷരങ്ങളിലൂടെ 1,05,360  വാക്കുകളാക്കി മാറ്റി 3,836 പാരഗ്രാഫുകളായി തിരിച്ചു 76 അദ്ദ്യായമായി ഏകദേശം 76 ദിവസം കൊണ്ട് നിങ്ങളുടെ മുൻപിൽ ഞാൻ എഴുതി എത്തിച്ചു . ഇതുവരെ യായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമായി 5, 543 പ്രാവശ്യം ആളുകൾ എന്റെ കഥ വായിച്ചു, എന്നറിയുന്നതിൽ ഏറെ സന്തോഷം.

അതിനു പുറമെ 2,097 പേർ വെറുതെ, എന്റെ സൈറ്റ്‌ എത്തി നോക്കി പോകുകയും ചെയ്തതായി മനസിലാക്കാൻ കഴിഞ്ഞു .

ഈ കഴിഞ്ഞ 38 ദിവസത്തിനുള്ളിൽ പല ഭാഗങ്ങളിൽ നിന്നും എന്നെ വിളിച്ചവരുണ്ട്! ചിലരുടെ അഭിപ്രായത്തിൽ എന്റെ ഈ മേഖലയിലേക്കുള്ള കടന്നു വരവ് കുറച്ചു കൂടി നേരത്തെ ആവാമായിരുന്നു എന്ന്! പക്ഷെ ഇനി അതിനു സാധിക്കില്ലല്ലോ? അത് തിരിച്ചറിഞ്ഞാണ് കുറച്ചു കൂടി മുൻപേ എഴുതിയാൽ കവറാകുന്ന എണ്ണത്തിൽ കൂടുതൽ എഴുതി തീർത്തത്! 

ഇങ്ങനെ എഴുതുമ്പോൾ മാന്നാർ മത്തായി സ്പീക്കിങ്ങിലെ ആ ഡയലോഗ് ഓർമ്മിക്കുന്നു! നാടകക്കാർ പുറപ്പെട്ടു വെന്നും, ഓഹോ  പുറപ്പെട്ടോ?  എന്ന് തിരിച്ചു ചോദിക്കുന്നതും ? എന്താ കുറച്ചു കൂടി നേരത്തെ പുറപ്പെടണോ എന്ന് ഇന്നസെന്റ് തിരിച്ചു ചോദിക്കുന്നതും ! ഇത് കേട്ട് നേരത്തെ പുറപ്പെടണോ എന്ന് ചോദിക്കുന്നു എന്ന് പറയുന്നതൊക്കെ ഓർത്തു പോയി!

അതെ ഞാൻ കുറച്ചു കൂടി നേരത്തെ എഴുതിയിരിക്കുന്നു. ഇനി അൽപ്പം വിശ്രമം വേണം ഒപ്പം ഇതുവരെ എഴുതിയത് സ്വയം വായിക്കുകയും  എന്നലാവുന്ന എഡിറ്റിങ്ങും പ്രധാനമായും അക്ഷരതെറ്റുകൾ തിരുത്തി ശരിയാക്കാൻ ശ്രമിക്കണം! അതുവരെ എന്നെ വായിക്കുന്നവരോട് താൽക്കാലിക വിട !

എന്നെ ഇതുവരെ വായിച്ചവരിലെ കണക്കുകൾ കൂടി നിങ്ങളിലേക്ക് എത്തിക്കണമെന്ന് തോന്നി. താൽപ്പര്യമുള്ളവർക്ക് വെറുതെ ഒന്ന് കണ്ണോടിച്ചു പോവാം!   ഇന്ത്യ (4,119) ഫ്രാൻസ് (553) യൂ. എ. ഇ,(457) യൂ. കെ,(241) സൗദി,(40) യൂ. എസ (25). ബഹ്‌റൈൻ,(22) സിംഗപ്പുർ,(18) ഓസ്‌ട്രേലിയ,(16) ഒമാൻ,(14) ഖത്തർ,(8) കുവൈറ്റ്,(8) ഐർലാൻഡ്,(7) മലേഷ്യ,(4) ജർമ്മനി(3), നൈജീരിയ,(3) എക്‌ഡോർ,(2) മൗറീഷ്യസ്,(1) തായ്‌ലൻഡ്,(1) സെർബിയ,(1)) ഇതിൽ ആദ്യത്തെ കുറച്ചു സ്ഥലത്തു എന്നെ അറിയുന്നവർ ഉണ്ടായിരിക്കാം മറ്റുള്ള സ്ഥലങ്ങളിൽ മലയാളം അറിയുന്നവർ ഇത്തരം എഴുത്തുകൾ വായിക്കാൻ താൽപ്പര്യമുള്ളവർ ഉണ്ട് എന്ന് അറിയുമ്പോൾ ഏറെ സന്തോഷം !

മുകളിൽ പറഞ്ഞവരുടെ  തരം തിരിച്ചുള്ള കണക്കും ഉണ്ട്! ഏതൊക്കെ ആർട്ടിക്കിൾ എത്ര തവണ എന്നതിന്റെ കണക്കു വേറെ ! ഇത് കൂടാതെ ഫേസ് ബുക്കിലൂടെ ഈ കാലയളവിൽ എന്റെ പോസ്റ്റിംഗുകൾ വായിച്ചവർ 160 ഓളം പേർ വേറെയും ഉണ്ട്! ഇങ്ങനെയൊക്കെ ആണെങ്കിലും!

തുടർച്ചയായി വിഷയം കണ്ടെത്തി എഴുതി തീർക്കുക! കുറച്ചു ശ്രമകരമായ ജോലി തന്നെ ? പ്രധാനമായും ഈ സെൽ ഫോണിലെ ചെറിയ സ്‌ക്രീനിൽ കുത്തി എഴുതുക! അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് മനസിലാക്കുന്നു . വിചാരിച്ചതിലും ഏറെ ടോപ്പിക് കൈകാര്യം ച്യ്തിട്ടുണ്ട് ഇനിയും ഏറെ ബാക്കിയുണ്ട് എഴുതാനായി!

എന്നോട് ഏറെ ഇഷ്ടമുള്ള സുഹൃത്തുക്കൾ നിർദ്ദേശിച്ചത് പോലെ? ഇനിയുള്ള എഴുത്തു ആഴ്ചയിൽ ഒരു തവണയോ? മാസത്തിൽ ഒരു തവണയോ? ആക്കാമെന്നുണ്ട്!. വിഷയ ദാരിദ്ര്യമൊന്നും ഇല്ല . പ്രധാനമായും ഉള്ള ബുദ്ധിമുട്ടു കണ്ണിനു ബാധിക്കുന്നുണ്ട്! അത് ഇടയ്ക്കു ഉറക്കത്തിനും തടസ്സം സൃഷ്ടിക്കുന്നു .                              

എഴുത്തു തുടങ്ങിയപ്പോൾ 50 ഒരു ടാർഗറ്റ് ആയി കണ്ടിരുന്നു!  ഇത് ഇപ്പോൾ 76 ൽ എത്തി നിൽക്കുന്നു! കുറച്ചു വൈകിയാലും 100 തികക്കാനുള്ള ശ്രമത്തിലാണ് ! എഴുതുന്ന എന്റെ ബുദ്ദിമുട്ടിനേക്കാൾ വായിക്കുന്ന നിങ്ങളുടെ ബുദ്ധിമുട്ടു ഉൾകൊള്ളുന്നു ഇന്ന് അൽപ്പം രസകരമായ കാര്യങ്ങൾ പറയാം!

എന്റെ കോളേജ് വിദ്ദ്യാഭ്യാസം ഒക്കെ ക്കഴിഞ്ഞു! ഇനി എന്ത്? എന്ന് പറഞ്ഞു നിൽക്കുമ്പോൾ തോന്നി കണ്ണൂർ പോളി ടെക്നിക്കിൽ ? കെമിക്കൽ ഇഞ്ചിനീറിയറിങ് ഡിപ്ലമോവിനു ചേരാൻ തീരുമാനിച്ചു!

ആപ്പ്ളിക്കേഷൻ അയച്ചു! അന്ന് അഡ്മിഷൻ മെറിറ്റ് ബേസിലായിരുന്നു. ആപ്പ്ളിക്കേഷൻ സ്വീകരിച്ച കാർഡ് സീരിയൽ നമ്പറിട്ടു തിരിച്ചു കിട്ടി നമ്പർ 26 . അതുമായി ഇന്റർവ്യു വിനു കാത്തു നിൽക്കുമ്പോൾ ആരോ പറഞ്ഞു! എൻ. രാമകൃഷ്ണനെ (Minister) പോയി കണ്ടാൽ അവർക്കു ഇന്റർവ്യു ബോർഡിൽ റക്കമെന്റ് ചെയ്യാൻ പറ്റും എന്ന് . അത് പ്രകാരം സത്യേട്ടനെയും കൂട്ടി പാലത്തിന്റടുത്തുനിന്നു ഒരു പ്രൈവറ്റ് ടാക്സിയോക്കെ പിടിച്ചു രാമകൃഷ്ണനെ പോയി കണ്ടു!

അയാളോട് സത്യേട്ടൻ ശ്രീ . പി .കെ രാമന്റെ പേരൊക്കെ പറഞ്ഞു എന്നെ പരിചയപ്പെടുത്തി . ശരി നോക്കാമെന്നു ഏറ്റു പറഞ്ഞു, ആള് സ്ഥലം വിട്ടു !  പിന്നീട് എന്താ നടന്നതെന്ന് ഒരു പിടിയുമില്ല .

ഫസ്റ്റ് ഇന്റർവ്യുവിന് ഷോർട്ട് ലിസ്റ്റ് ചെയ്തതിൽ എന്റെ പേരുണ്ട് . പക്ഷെ ഇന്റർവ്യു കാർഡൊന്നും വന്നില്ല .  സംശയം തോന്നി പോളിടെക്നിക്കിൽ പോയി സെല്കട്ടഡ് ലിസ്റ്റ് നോക്കി ? നോട്ടീസ്  ബോർഡിൽ എന്നെക്കാൾ കുറഞ്ഞ കുറെ പേർ സെലക്ടായിട്ടുണ്ട് .

എന്റെ രെജിസ്റ്റർ നമ്പറിൽ 26 സാം നമ്പറായി ഒരു സരളാ ദേവി കയറി പറ്റിയിട്ടുണ്ട്!  അന്ന് മൊബെയിലോന്നും ഇല്ലാത്ത കാലം ലിസ്റ്റ് ഫോട്ടോ ഒന്നും എടുക്കാൻ പറ്റില്ലല്ലോ? പറ്റാവുന്ന റെഫറൻസ് ഒക്കെ നോട്ടു ചെയ്‌തു, പ്രിന്സിപ്പലിനും, ടെക്നിക്കൽ ഡയറക്ടർക്കും , എൻ രാമകൃഷ്ണനും, ചീഫ് മിനിസ്റ്റർക്കും നേരെ പരാതി! 

അന്ന് ചീഫ് മിനിസ്റ്റർ അച്ചുത മേനോനാണെന്നു തോനുന്നു . അദ്ദേഹത്തിന്റെ പി. യെ ആയ വിശ്വനാഥമേനോനിൽ നിന്നും ഒരു എഴുത്തു കിട്ടി . നേരെ തൃശൂരിൽ എം. ഐ. ടി. എന്നോ മറ്റോ പോയി ഇന്റർവ്യു അറ്റൻഡ് ചെയ്യാൻ.

അത് പ്രകാരം ഞാനും അച്ഛനും തൃശുർക്കു വിട്ടു . പൂരത്തിന്റെ സമയം ഹോട്ടലായ ഹോട്ടലൊക്കെ ഫുൾ നോ… റൂം അവൈലബിൾ .

അവസാനം വരുന്നത് വരട്ടെ എന്ന് കരുതി നേരെ ലിബേർട്ടി ലോഡ്ജിലേക്ക് വിട്ടു! ലിബേർട്ടി ഹോട്ടൽ നമ്മുടെ മാഹിക്കാരൻ പൊക്കൂക്കയുടേതാണല്ലോ? എന്തെങ്കിലും ? പറഞ്ഞു റൂം സംഘടിപ്പിക്കാം എന്ന് അച്ഛനും!  ഓട്ടോ പിടിച്ച ലിബേർട്ടിയിൽ ! 

റസിപ്ക്ഷനിസ്റ്റ്…. നോ… റൂംസ് ! എന്നുള്ള ബോർഡും തൂക്കി കൗണ്ടറിൽ ഉറങ്ങുന്നു . മൂപ്പരെ തട്ടിവിളിച്ചതു മൂപ്പർക്ക് ഇഷ്ടമായില്ല എന്ന് നോട്ടത്തിൽ തന്നെ മനസിലായി! 

റൂമിനു ചോദിച്ചപ്പോൾ ഇവിടെ എഴുതി വെച്ചത് കണ്ടില്ലേ? മലയാളം അറിയില്ലേ? എന്നൊക്കെയായി തിരിച്ചു ചോദ്ദ്യം !

അച്ഛൻ വീണ്ടും ചോദിച്ചു.. പോക്കൂക്കയുണ്ടോ? പോക്കൂക്കക്കയൊന്നും, ഇവിടെ ഇല്ല! ഇനി അയാൾ ഉണ്ടെങ്കിൽ തന്നെ റൂമുണ്ടെങ്കിലല്ലേ തരാൻ പറ്റൂ എന്നൊക്കെ അയാൾ ! 

ശരി മടങ്ങാമെന്നു കരുതി ഇറങ്ങാൻ നേരം അസ്സൂക്ക കയറി വരുന്നു ..!

എന്താ നാരായണൻ നായരെ ഇവിടെ ? പിന്നെ ലോഗ്യമായി!  കെട്ടിപിടുത്തമായി!  നാട്ടു വിശേഷം ചോദിക്കുന്നു . ഇതൊക്കെ കണ്ടു റസിപ്ക്ഷനിസ്റ്റു ദയനീയ ഭാവത്തിൽ അച്ഛനെ നോക്കുന്നു !   ഞാനും ഒരു നിമിഷം ചിന്തിച്ചു ലില്ലിപ്പുട്ടുലെ കഥയൊക്കെ ?

അച്ഛനുള്ളത് നന്നായി ഇല്ലെങ്കിൽ? അസ്സൂക്ക എന്നെയെങ്ങാനും അതുപോലെ കെട്ടിപിടിച്ചിരുന്നുവെങ്കിൽ ധൃതരാഷ്ട്രാലിംഗനം പോലെ ആയേനെ ! ഭാഗ്യം !  

അച്ഛൻ കാര്യം അവതരിപ്പിച്ചു ! അദ്ദേഹം പറഞ്ഞു റൂം ഒക്കെ ശരിയാക്കാം! പക്ഷെ നിങ്ങൾക്ക് പിടിക്കുമോ എന്നറിയില്ലെന്നും പറഞ്ഞു! വേറെ എവിടെയൊക്കെയോ ഫോൺ ചെയ്തു, ഒന്നും വർക്ക്ഔട്ടാവുന്നില്ല!

എന്നിട്ടു കൗണ്ടറിലുള്ളവനോട് പറഞ്ഞു ഏതു റൂമാണ്ഉള്ളതു? അവൻ ലഡ്ജർ എടുത്തു നോക്കിയിട്ടു പറഞ്ഞു 102 ഉണ്ട് 204 ഉണ്ട് 208 ഉണ്ട്! എന്നാൽ ഒരു റൂം ഇവർക്ക് കൊടുക്കു . ഞാൻ നമ്പറൊക്കെ കുട്ടി 102 മതി എന്ന് പറഞ്ഞു . നേരെ റൂമിലേക്ക് .

റൂം തുറന്നപ്പോഴേ ഒരു പിടിക്കായമ്മ അച്ഛൻ പറഞ്ഞു സാരമില്ല ഒരു രാത്രിയല്ലേ അഡ്ജസ്റ്റ് ചെയ്യാം . റൂം ബോയ്‌ ഒരു കൊതുകു തിരിയൊക്കെ തന്നു . ബേഗ് രണ്ടും റൂമിൽ വെച്ച് പുറത്തു പോയി ഭക്ഷണം കഴിച്ചു! പൂരപ്പറമ്പിലൊക്കെ ഒന്ന് ചുറ്റി ഞാൻ അച്ഛനോട് പറഞ്ഞു ബേഗും തലയ്ക്കു വെച്ച് ഇവിടെ എവിടേയെങ്കിലും കിടന്നാൽ മതിയായിരുന്നു എന്ന് ! പിന്നെ റൂമിൽ പോയി ഉറങ്ങി എന്ന് വരുത്തി!

രാത്രി മുഴുവൻ ഇരുന്നും കിടന്നും ഡിസ്ക്കോ ഡാൻസായിരുന്നു അച്ഛനും ഞാനും . ഒരു വിധം നേരം വെളുപ്പിച്ചു! എപ്പോഴാ ഉറങ്ങിയത് എന്നോർമ്മയില്ലc .

നേരം വെളുത്തു എഴുന്നേറ്റപ്പോൾ മുഖം വലിഞ്ഞു പിടിക്കുന്നതുപോലെ . നേരെ കണ്ണാടി നോക്കിയപ്പോൾ മുഖത്തിനു ഒരു ഡിഫോർമേഷൻ . രാത്രി കിട്ടിയ സംഭാവനയായ കൊതുകു കടിയുടെ അലർജി കൊണ്ടുണ്ടായ വീക്കം!  കണ്ണും മുഖവും ഒക്കെ ചീർത്തിരിക്കുന്നു!.

ഒരു വിധം പ്രഭാത കൃത്യത്യങ്ങളെല്ലാം കഴിഞ്ഞു റൂമും കാലിയാക്കി  റെസിപ്ഷന്സ്റ്റ് നോട് പറഞ്ഞു ഇതെന്തു കൊതുകാണപ്പാ ആളെ തൂക്കി കൊണ്ട് പോവുമല്ലോ ?

ആളും രസികനാണെന്നു മനസിലായി ഇന്നലെ കണ്ട ജാഡയൊന്നും ഇല്ല . അവൻ പറഞ്ഞു അങ്ങനെ ഒന്നും സംഭവിക്കില്ല സാർ! അതിനു മൂട്ടയെ നമ്മൾ വളർത്തുന്നുണ്ട് കണ്ടിട്ടില്ലേ കൊതുകു തൂക്കുമ്പോൾ മൂട്ട അടിയിൽ നിന്നും കടിച്ചു താഴോട്ടു വലിക്കും എന്ന്!

ശരിയാണ് , അതും ഉണ്ടായിരുന്നു. അതിന്റെ അടയാളവും ശരീരത്തിൽ അവിടെ ഇവിടെയായി കാണാനുണ്ട്!

അവിടെന്നു നേരെ വി. ഐ. ടി സെന്ററിലേക്ക് . വലിയ തിരക്കൊന്നും ഇല്ല . എന്തോ നമ്മളെ കണ്ട ഉടനെ ഒരു മുൻ വിധിയോടെ ഞാൻ കൊടുത്ത പരാതിയുടെ കോപ്പിയും വിശ്വനാഥമേനോന്റെ എഴുത്തും കൊടുത്തു . അദ്ദേഹം അതിൽ ഒന്ന് കണ്ണോടിച്ചിട്ടു പറഞ്ഞു യു ആർ നോട്ട് എലിജിബിൾ ! എന്നിട്ടു പേപ്പർ തിരിച്ചു തന്നു . ഞാനും അച്ഛനും മുഖത്തോട് മുഖം നോക്കി . അച്ഛൻ കാരണം ചോദിച്ചു അദ്ദേഹം പേപ്പർ തിരിച്ചു വാങ്ങി അതിൽ ഒരു പെന്നെടുത്തു പരാതിയുടെ വലതു മുകൾ ഭാഗമായി ചെരിച്ചു നീട്ടിയൊരെഴുത്തു! ഏസ്… എ നോൺ… കേരളീയേറ്റ്…. ദിസ് ആപ്പ്ളിക്കേഷൻ റിജെക്റ്റഡ്! എന്നിട്ടു ഒരു ഒപ്പും റബ്ബർ സ്റ്റാമ്പും വെച്ച് . പേപ്പർ തിരിച്ചു തന്നു !

പിന്നെ അവിടെ നിന്നിട്ടു പ്രയോജനമില്ലെന്നു മനസ്സിലാhയി . അവിടെന്നു ട്രാൻസ്‌പോർട് ബസ്സിന്‌ നേരെ നാട്ടിലേക്ക് . കൊതുകു കടിയും മൂട്ടകടിയും കൊള്ളാനായി തൃശൂർ പോയത് പോലെ ?

നാട്ടിലെത്തി കോട്ടായി ഗോവുട്ടിയേട്ടനോട് കാര്യങ്ങൾ വിശദമായി വിവരിച്ചു . അദ്ദേഹം കണ്ണൂർ ഡി.ഇ.ഓ ഓഫീസിലെ സൂപ്രണ്ടാണോ ഡി .ഇ .ഓ ആണോ എന്ന് ശരിക്കും ഓർമ്മയില്ല . അദ്ദേഹത്തിന്റെ സ്വാധീനം വെച്ച് ചെറിയൊരു അന്വേഷണം നടത്തി ! അച്ഛനോട് പറഞ്ഞു നാരായണൻ നായരെ ബാബുവിന് കിട്ടേണ്ട സീറ്റു തന്നെ? ഇന്റർവ്യു കാർഡ് അയക്കാതെ നോട്ട് അറ്റൻഡഡ്‌ എന്ന് രേഖപ്പെടുത്തി നെക്സ്റ്റ് അവൈലബ്ൾ കേൻഡിഡേറ്റിനു കൊടുത്തിരിക്കുന്നതായി മനസ്സിലാവുന്നു ! അതെന്താണ് അവൻ ഇന്റർവ്യുവിന് പോകാത്തത് എന്ന് ?

അച്ഛൻ പറഞ്ഞു അവനു ഇന്റർവ്യു കാർഡൊന്നും കിട്ടിയിട്ടില്ല .

പിന്നെ ഈ കാരണവും, തൃശൂരിൽ നിന്നും ലഭിച്ച പേപ്പറിന്റെ കോപ്പി ഒക്കെയായി വീണ്ടും പരാതി .

കുറച്ചു ദിവസം കഴിഞ്ഞപ്പോൾ വീട്ടിൽ ഒരു അമ്മയും മകളും . വന്നിട്ട് ഏറെ സങ്കടം സാർ ഞങ്ങൾക്കാരും ഇല്ല ,

അച്ഛൻ വിശേഷങ്ങളൊക്കെ ചോദിച്ചു അപ്പോഴാണ് അറിയുന്നത് ആരുടെയോ സ്വാധീനത്തിൽ ഈ കുട്ടി പോളീ ടെക്ക്നിക്കിൽ കയറി പറ്റിയിരിക്കുന്നു .

പിന്നെ ഞങ്ങൾക്ക് വാശിയായി അച്ഛൻ പറഞ്ഞു ശരി നമുക്ക് കാണാം ഞാൻ കേസുകൊടുത്തു ഈ സീറ്റു വാങ്ങിക്കും എന്ന് .

ഉടനെ സ്ത്രീ അവസാന അടവ് അച്ഛന്റെ കാലിനു വീണു കരഞ്ഞു കൊണ്ട് പല കഥനകഥകളും, അവരുടെ കഷ്ടവും, കുട്ടി പഠിച്ചിട്ടുവേണം ഒരു ജോലിയൊക്കെ കിട്ടി കുടുംബം നേരെയാക്കാൻ ? നമ്മൾ ഇതുമായി മുൻപോട്ടുപോയാൽ എല്ലാം കുഴയും എന്ന് പറഞ്ഞു കരച്ചിലോട് കരച്ചിൽ .

അതിൽ പിന്നെ അച്ഛനും പറഞ്ഞു വേറൊരാളുടെ കണ്ണീർ കുടിപ്പിച്ചിട്ടിട്ടുള്ള ഒരു പഠിപ്പും വേണ്ട എന്ന് . അങ്ങനെ കെമിക്കൽ എൻജിനീയറിങ് പഠിപ്പ് അവിടെ അവസാനിച്ചു !

അപ്പോഴാണ് തൊട്ടടുത്തുള്ള ഐ. ടി ഐ.ഇൽ രണ്ടു കൊല്ലത്തെ റഫ്രിജറേഷൻ കോഴ്സ് ഉണ്ടെന്നറിയുന്നതു . അതിനു ആപ്പ്ളിക്കേഷൻ അയച്ചു . ഇന്റർവ്യു കാർഡ് കിട്ടി ഇന്റർവ്യു പാസ്സായി കോഴ്സ് തുടങ്ങി .

പരമ്പരാഗതമായി ഐ ടി ഐ പീഡിപ്പിച്ചിട്ടു പഠിപ്പിക്കുന്ന സ്ഥലമെന്നാണ് കേൾവി . ഏറെക്കുറെ ശരിയായിരുന്നു . നമ്മുടെ ഈ കോഴ്സ് പുതുതായതുകൊണ്ടു പഴയ സിസ്റ്റവുമായി പുതിയ മാസ്റ്റർ ചേർന്നില്ല ആൾ കളമശ്ശേരിയോ മറ്റോ ഉളള ശ്രീനിവാസൻ മാസ്റ്റർ? എക്സ് എയർ ഫോഴ്‌സ് മാൻ ! വളരെ ലിബറൽ ആൻഡ് ജോവിയൽ! കുട്ടികൾക്ക് എല്ലാ സ്വാതന്ദ്ര്യംവും തന്നിരുന്നു!

ആ ബന്ധം ഉപയ്യോഗിച്ചു നമ്മളും!. നമ്മുടെ കോഴ്‌സിന്റെ പേര് എം. ആർ. എ. സി . (Mechanic Refrigeration & Aircondition) നമ്മൾ അത് മാറ്റി എയർ ഇന്തിയാ എംബ്ളമൊക്കെ മെറ്റൽ ഷീറ്റിൽ കട്ട് ചെയ്തു അത് പോലെ പെയിന്റൊക്കെ അടിച്ചു, പേര് മാറ്റി റോയൽ എം. ആർ. എ. സി. എന്നാക്കി വലിയ ബോർഡൊക്കെ വെച്ച്! വർഷം ഒന്ന് കഴിഞ്ഞു വെറും തിയറി മാത്രം . ഇട്യ്ക്കു ഒന്ന് രണ്ടു പ്ലാന്റുകൾ കാണിച്ചു തന്നു .

പിന്നീട് നമ്മൾ പ്രതിഷേധം നടത്തി ഒറ്റയാൾ പ്രതിഷേധം (ഐ ടി ഐ ചരിത്രത്തിലെ ആദ്ദ്യത്തെ പ്രതിഷേധ സമരം) അങ്ങനെ ഒന്ന് രണ്ടു കംപ്രസ്സർ ഒക്കെ കിട്ടി പ്രാക്റ്റിക്കൽ ചെയ്തു പഠിക്കാൻ . ആരും ഒന്നും പഠിക്കാനൊന്നും പോയില്ല രണ്ടു ഓപ്പൺ ടൈപ്പ് കംപ്രസ്സർ, അത് വേഗം കോമ്പ്ലിക്കേഷനൊന്നും ഇല്ലാതെ അഴിക്കാനും യോജിപ്പിക്കാനും സാദിക്കും .

ശ്രീനിവാസൻ മാസ്റ്റർ ഇട്യ്ക്കു ഓർമ പെടുത്തും! പരീക്ഷയ്ക്ക് മറ്റു കംപ്രസ്സർ വന്നാൽ ബുദ്ധിമുട്ടും എന്നൊക്കെ . അത് പേടിച്ചു പിന്നെ എല്ലാവരും കംപ്രസറിൽ കൈവെക്കാൻ തുടങ്ങി .

ഇതിനിടയിൽ വീണ്ടും ഒരു കംപ്രസ്സർ കൂടി കിട്ടി, ആകെ കോമ്പ്ലിക്കേറ്റഡായിട്ടുള്ളത്? എട്ടു സിലിണ്ടറും ഒക്കെ ആയി! ഡയറക്ട് ഇലക്ട്രിസിറ്റിയിൽ പ്രവർത്തിക്കുന്നത്! അത് ഒരു വിധം എല്ലാവരും ചെയ്യും .

നമ്മളോടൊപ്പമുള്ള സുധാകരൻ അത് കാണുമ്പോൾ അലർജിയാണ് അവനു ആ കംപ്രസ്സർ? . അത് കൊണ്ട് തന്നെ അവൻ അതിൽ തൊടില്ല ! അങ്ങനെ പരീക്ഷ ആരംഭിച്ചു.. തിയറി പരീക്ഷ കഴിഞ്ഞു, എല്ലാവരും പറഞ്ഞു നല്ലവണ്ണം എഴുതി എന്ന്!. പ്രാക്റ്റിക്കൽ പരീക്ഷ തുടങ്ങി . ആർ. ഇ .സി കോഴിക്കോട് നിന്നും എക്‌സാമിനർ . അദ്ദേഹം എല്ലാവരോടും കംപ്രസ്സർ അസംബ്ലിങ്ങും, ഡിസ്‌മെന്റലിങ്ങും ഒരാൾ ഡിസ്‌മെന്റിൽ ചെയ്യും! അടുത്തയാൾ അസംബിൾ ചെയ്യണം . ഒരു വിധം എല്ലാവരും നല്ലവണ്ണം ചെയ്തു . അവസാനം അസംബിൾ ചെയ്യേണ്ടത് സുധാകരൻ .

അവനെ നമ്മളൊക്കെ കൂടി സഹായിക്കാം എന്ന് കരുതി മാഷ് അയാളെയും കൂട്ടി കാബിനിലേക്കു പോയി . നോ രെക്ഷ അയാൾക്കും എന്തോ സംശയം . പിന്നെ എന്താണ് നടന്നതൊന്നും ഓർമയില്ല നമ്മളോടൊക്കെ മാറി നിൽക്കാൻ പറഞ്ഞു അയാളും കേബിനിൽ പോയി . ഇടയ്ക്കു കറന്റും പോയി .

ഏകദേശം മുക്കാൽ മണിക്കൂർ കഴിഞ്ഞു സുധാകരൻ കേബിനിൽ വന്നു പറഞ്ഞു എല്ലാം കഴിഞ്ഞു സാർ! ശ്രീനിവാസൻ മാസ്റ്ററും, എക്‌സാമിനാറും, വന്നു നോക്കുമ്പോൾ എല്ലാം പെർഫെക്ട്! ഒരു പാർട്സും, ഓയിലും ബാക്കിയില്ല! ഓയിൽ എല്ലാം റീ ഫിൽ ചെയ്തിട്ടുണ്ട്!. കംപ്രസ്സർ സ്റ്റാർട്ട് ചെയ്തു നോക്കണമെങ്കിൽ കറന്റു വേണം! നോ…. ഇലക്ട്രിസിറ്റി !

പിന്നെ എക്‌സാമിനർ, ഓക്കേ? ഗുഡ്! എന്നും പറഞ്ഞു എക്‌സാമിനാറും പോയി . എല്ലാവർക്കും സന്തോഷം! ശ്രീനിവാസൻ മാസ്റ്റർ പറഞ്ഞു എല്ലവരും നാളെ വരണം . അല്ലെങ്കിൽ തന്നെ നമ്മുടെ ബാച്ചിനെ പറ്റി വലിയ കംപ്ലൈന്റ് ആണ്! നാളെ വന്നു എല്ലാ സാദാനങ്ങളും, ടൂൾസും സ്റ്റോക്കെടുത്തു ? പെർഫെക്ടാക്കി വെക്കണം! എല്ലാവരും ശരിയെന്നു പറഞ്ഞു!

പിറ്റേന്ന് എല്ലാവരും വന്നു! കറണ്ടില്ല അപ്പോഴും! അന്വേഷണത്തിൽ മറ്റെല്ലാ സെക്ഷനിലും കറണ്ട് ഉണ്ട് …! അപ്പോഴാണ് സുധാകരൻ പറയുന്നത് മെയിൻ സ്വിച്ചിനുള്ളിലെ ഫീസ് ഊരിമാറ്റിയിട്ട്ണ്ട് സാറേ എന്ന്!

അതും പറഞ്ഞു, സുധാകരൻ നേരെ വർക്ക്ഷോപ്പിന്റെ പിന്നിലുള്ള പറമ്പിലെ തവര കാട്ടിലേക്ക് പോയി! ഒരു ചെറിയ കൈച്ചാക്കും മറ്റേ കയ്യിൽ ഫ്യൂസ് മായി വരുന്നു . പുള്ളി ഫ്യൂസ് ഇട്ടു കറന്റു വന്നു!.

ചാക്ക് തുറന്നപ്പോൾ അതിൽ മുഴുവൻ കംപ്രസറിന്റെ പാർട്സുകൾ . അവനു അസംബിൾ ചെയ്യാൻ അറിയാത്തതു കൊണ്ട് എക്‌സാമിനർ മാറിയ സമയം നോക്കി, എല്ലാം വാരി ചാക്കിലിട്ടു , തവര കാട്ടിൽ ഇട്ടു ! 8 സിലിണ്ടറിന്റെ ഓപ്പണിംഗും മറ്റും ബോൾട്ടും ഇട്ടു ടൈറ്റ് ചെയ്തു! പുറമെ നിന്ന് നോക്കുമ്പോൾ എല്ലാം പെർഫെക്ടായി തോന്നും വിധം മൂടി, ഫ്യൂസും ഊരി മാറ്റി!

മൂന്നു നാലു വർഷം മുൻപ് നടത്തിയ ഒത്തുചേരലിൽ പലരും മറന്ന ഈ സംഭവം ഞാൻ ഓർത്തെടുത്തു പറഞ്ഞപ്പോൾ എല്ലാവരും ഓർത്തുചിരിച്ചു ആസ്വദിച്ചു . പക്ഷെ നമ്മളെയൊക്കെ ചിരിപ്പിച്ച സുധാകരൻ ഇന്ന് നമ്മളോടൊപ്പമില്ല എന്ന് വേദനയോടെ ഓർത്തു ഈ എഴുത്തു ഞാൻ സുധാകരന്റെ ഓർമ്മയ്ക്കായി സമർപ്പിക്കുന്നു.

പിന്നെ അവിടെ ചിരിയുടെ പൂരമായിരുന്നു ! ഇങ്ങനെയൊക്കെ ആണെങ്കിലും റിസൽട്ട് വന്നപ്പോൾ എല്ലാവരും വിജയിച്ചിരിക്കുന്നു ഒന്നടങ്കം ഫാസ്റ്റ് ക്ലാസിൽ തന്നെ !!

ഇതും ഒരോർമ്മ ! പഠിക്കുന്നകാലത്തെ ഒരു മായാത്ത ചിരിപ്പിക്കുന്ന ഓർമയായി ഇപ്പോഴും മനസ്സിൽ നിലനിൽക്കുന്നു!

മഠത്തിൽ ബാബു ജയപ്രകാശ്…. ✍️ My Watsapp Cell No: 00919500716709

Leave a Comment