കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തു ഇല്ലട മന്നാ ..?

Reading Time Set 10 Minutes Approximately

…. ഏതായാലും കുഞ്ഞാപ്പുവച്ചന്റെ അടുത്തു വന്നതല്ലേ? ഇനി റെയിൽവേ സ്റ്റേഷൻ പരിസര വിശേഷം കൂടി പറഞ്ഞിട്ട് പോവാം . എന്നിട്ട് നടത്തം തുടർന്ന്.

കുഞ്ഞാപ്പുവച്ചന്റെ വീട് കഴിഞ്ഞൽ പിന്നേ രണ്ടു ഭാഗവും വീടുകളും പറമ്പുകളും… കുറച്ചു നടന്നാൽ വലത്തോട്ട് ഒരു നട . ഇപ്പോൾ അത് റോഡായി. അതിലൂടെ കുറച്ചു മുൻപോട്ടു നടന്നാൽ കുനിയിൽ എത്തുന്നതിനു മുൻപായി ഇടതു ഭാഗം മുഴുവൻ വയലായിരുന്നു. അതിൽ കുറച്ചു ഭാഗം നികത്തിയാണ് കള്ളുഷോപ്പ്‌ കെട്ടിയിരിക്കുന്നത്..

കള്ളുഷോപ്പിലേക്കു കയറുന്ന പ്രധാന വഴിയിലൂടെ അകത്തു കയറുമ്പോൾ മുൻപിലായി ഒരു ചതുര മേശ ഇട്ടു അതിനഭിമുഖമായി ഒരാൾ ഇരിക്കുന്നുണ്ടാവും (കേഷ്യർ)

ഇരിപ്പിടം ബെഞ്ചും മേശയുമാണെങ്കിലും രണ്ടിനും ഉയരം കുറവായിരിക്കും. ചില കുറിയ ആളുകളെ കണ്ടാൽ തമാശ രൂപേണ പറയുന്ന ഒരു വാക്കുണ്ട് ഞ്ഞി എന്താ കള്ളുഷോപ്പിലെ ബെഞ്ചുപോലെ എന്ന് .

ചില സ്ഥലങ്ങളിൽ നായയെ ഒക്കെ കാണാം . നായ, ഉപദ്രവിക്കാത്തതുകൊണ്ട് നായയെ ആരും ഉപദ്രപിക്കുന്നതു കണ്ടിട്ടില്ല . അതിനു കാരണം മുത്തപ്പന്റെ സഹചാരിയാണ് നായ എന്ന സങ്കല്പമായിരിക്കാം. തമിഴ് നാട്ടിലെ ഭൈരവനും നയതന്നെ സഹചാരി ..ചിലർ നായയ്ക്ക് ചിരട്ടയിൽ കള്ളു ഒഴിച്ച് കൊടുക്കുന്നതും കണ്ടിട്ടുണ്ട് .

താൽക്കാലികമായി ഓല കൊണ്ട് കെട്ടി ഉണ്ടാക്കിയ ഷാപ്പായിരുന്നു അന്നത്തേതു?. ഈച്ചിയിൽ കണാരിയേട്ടന്റേതായിരുന്നു അന്നത്തെ ഷോപ്പ്‌. അക്കാലങ്ങളിൽ അദ്ദേഹമായിരിക്കും കള്ളു ഷോപ്പകൾ സ്ഥിരമായി ലേലത്തിൽ പിടിക്കുക…

കള്ളുഷോപ്പിൽ കയറുമ്പോൾ തന്നെ വലിയ ഭരണികൾ കാണാം! ഭരണിക്ക് ചുറ്റും തടിച്ച ചൂടി പിരിച്ചു ഒരുതരം കെട്ടുകൾ ഇട്ട് കെട്ടി സുരക്ഷിത മാക്കിയിരിക്കും! കഴുകുമ്പോൾ ഭരണി മറച്ചിട്ടാൽ ഡയറക്ടായി നിലത്തു തട്ടി പൊട്ടാതിരിക്കാനാണ് അങ്ങനെ ചെയ്‌യുന്നത്‌..

മൂന്നു കൂറ്റൻ മെറൂൺ നിറമുള്ള ഭരണികൾ പുറത്തു നിന്നും നോക്കിയാൽ കാണാം. ആ ഭരണിയിൽ ഒരാൾക്ക് സുഗമയി ഒളിച്ചിരിക്കാൻ പറ്റും എന്നർത്ഥം. വലിപ്പം മനസ്സിലാവാൻ വേണ്ടി പറഞ്ഞതാണ്.

ഭരണിയിൽ നിന്നും കള്ളു മുക്കിയെടുക്കുമ്പോൾ ഉണ്ടായ രസകരമായ സംഭവം പറഞ്ഞു കേട്ടത് ഇങ്ങനെ…?

പണ്ട് ആരോ കള്ളു കോരി കുപ്പിയിലൊഴിക്കാൻ ശ്രമിക്കുമ്പോൾ ഏന്തി, പിന്നെ ബാലൻസില്ലാതെ തലയും കുത്തി ഭരണിയിൽ വീണെന്നും? ആരോ കണ്ടു, ഉടനെ രക്ഷ പെടുത്തി എന്നൊക്കെ! തമാശയാണോ? കാര്യമാണോ? എന്നൊന്നും അറിയില്ല . അത്തരം വലിയ ഭരണിയിലാണ് കള്ളു സൂക്ഷിക്കുക .

തെങ്ങിൽ നിന്നും ലഭിക്കുന്ന കള്ളിൽ ഒരു പ്രത്യേക അനുപാതത്തിൽ വെള്ളം ചേർത്ത് പുളിപ്പിച്ചായിരിക്കും കള്ളിന് വീര്യം ഉണ്ടാക്കുന്നത് . അങ്ങനെ ഉണ്ടാക്കി എടുക്കുന്ന കള്ളിന് അവർ പല പേരുകൾ പറയും , അന്തി , ഇളയത് , മൂത്തത് എന്നൊക്കെ ?

തെയ്യറാക്കിയ കള്ളു ബീറിന്റെ പല തരം കളറുകൾ ഉള്ള കുപ്പികൾ (വെള്ള , ബ്രൗൺ , പച്ച) നിറത്തിലുള്ള കുപ്പികൾ മേശയുടെ മേൽ നിരത്തി വെച്ചിരിക്കും.

ഭരണിയിൽ നിന്ന് കള്ളു കോരി ഒരു ഫണൽ കുപ്പിയിൽ വെച്ച് കള്ളു അതിലേക്കു ഒഴിക്കും . ചിലപ്പോൾ അതിൽ ഉറുമ്പ് ഈച്ച ഒക്കെ യുണ്ടാവും . കുടിക്കുന്നവർ കള്ളു ഗ്ലാസിൽ ഒഴിക്കുമ്പോൾ അത്തരം ജീവികൾ
മുകളിൽ പൊന്തി നിൽക്കും.

അതിന്റെ പേരിൽ ആർക്കും ഒരു പ്രശ്നവും ഇല്ല . അങ്ങനെ എന്തിങ്കിലും കണ്ടാൽ വിരല് കൊണ്ട് എടുത്തു കളയും . ചിലർ കുപ്പി കൊണ്ടുവന്നാൽ വല്ല സംശയവും തോന്നിയാൽ കുപ്പിയുടെ മദ്ദ്യഭാഗത്തു പിടിച്ചു ഒന്നു കുടയും മുകളിലെ ചെറിയ ധ്വാരത്തിലുടെ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ പോവും, എന്നിട്ടു ആദ്ദ്യം വായിൽ ഒഴിക്കും പിന്നീടാണ് ഗ്ലാസിൽ ഒഴിക്കുക.

ഇനി ഇത്തരം സംഭവം നമ്മുടെ ചായയിലോ നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലോ ആയാൽ പ്രശ്നമാണ് അത് ഷാപ്പിലായാലും അല്ലെങ്കിലും …

രാവിലെ തുടങ്ങും കള്ളുഷോപ്പിലെ വിഭവങ്ങൾ ഉണ്ടാക്കാൻ? കുശിനിയിൽ ഭക്ഷണം പാചകം ചെയ്യുന്നവരിൽ അധികവും സ്ത്രീകൾ തന്നെ ? മൽസ്യം വറുത്തതും (നമ്മുടെ ഭാഷയിൽ പൊരിച്ചത്) മുളകിട്ടത് , തിലകന്റെ ഭാഷയിൽ ചാണോ പുളിയിട്ടത് ) ഇതു പറയുമ്പോൾ തിലകൻ അഭിനയിച്ച കാട്ടു കുതിര സിനിമയും, ഇന്നസിന്റിന്റെ തമാശയും, ഇന്നസെന്റ് തിലകൻ കാണാതെ കള്ളുകുടിക്കുന്നതും . തിലകൻ കള്ളു കൊണ്ട് കൈ കഴുകുന്നതും. ഒക്കെ ഓർമയിൽ വരും ..

കള്ളുഷോപ്പിലെ വിഭവങ്ങൾ തിലകൻ പറയുന്നത് പോലെ നല്ല എരുവുണ്ടാവും.
മുള്ളും തലയും, (ഒരു സൂപ്പർ ആയിറ്റമാണ്) ഇറച്ചി വിഭവങ്ങൾ , കിഴങ്ങു അടിച്ചു പുഴുങ്ങിയതും, വറുത്തതും . മത്സ്യങ്ങൾക്ക് അന്ന് ക്ഷാമം ഇല്ലാത്തതിനാൽ പലവിധ മൽസ്യ വിഭവങ്ങൾ അവിടെ തെയ്യാറായിട്ടുണ്ടാവും. പ്രത്യേകിച്ച് പുഴ മൽസ്യങ്ങൾ . പുഴ ഞെണ്ടു കുരുമുളക് ഇട്ട് വെക്കും അന്ന് കള്ളു കൾക്ക് നല്ല ചെലവായിരിക്കും….

മിക്കവാറും കള്ളുഷാപ്പുകൾ ഏതെങ്കിലും പുഴക്കരയ്ക്കോ, വീതിയുള്ള തോട്ടിനടുത്തും പാടവരമ്പത്തോക്കെയായിരിക്കും !

പലരും സമീപത്തു നിന്നും മീൻ ചൂണ്ടയിട്ട് പിടിച്ചും, കൊതുമ്പു വള്ളത്തിൽ നിന്നും വീശു വലയിട്ടും മൽസ്യം പിടിക്കുന്നത് കാണാം. മിക്കവാറും ഇങ്ങനെ പിടിച്ച മൽസ്യങ്ങൾ കള്ളുഷോപ്പിൽ തന്നെ വിൽക്കും എന്നിട്ടു കള്ളു കുടിക്കും.

ഇപ്പോഴത്തെ കാലത്തായിരുന്നെങ്കിൽ ലൈവ് മൽസ്യം എന്ന് വിശേഷിപ്പിച്ചു ഇരട്ടി വില നൽകി വിൽപ്പനയ്ക്ക് വെക്കും. അതിനു അവർ പറയുക ലൈവ് മൽസ്യം ഒന്നുമില്ലെങ്കിലും ലൈവ് ജൈവ എന്നൊക്കെ പറഞ്ഞു ചൂഷണം ചെയ്യുന്ന കാലഘട്ടത്തിലാണ് നമ്മൾ ജീവിക്കുന്നത്. അത്തരം ഒരു സംഭവം ഓർമ്മയിൽ എത്തി അതുകൂടി എഴുതുന്നത് നല്ലതായിരിക്കും എന്ന് കരുതുന്നു. ഇത്തരം അനുഭവങ്ങൾ ഒക്കെ വായിക്കുമ്പോൾ ആർക്കെങ്കിലും ചിലപ്പോൾ ഉപകാര മായേക്കാം…

ഞാൻ ഗൾഫിലുള്ള സമയം. ഒരു ദിവസം എന്റെ ഒരു ബന്ധു, ഉയർന്ന ജോലി. അദ്ദേഹം എന്നെ വിളിച്ചിട്ടു പറഞ്ഞു ബാബു, എനിക്ക് കമ്പനി വക സബ്സിഡയ്‌സ്ഡ് റേറ്റിൽ കിസീസിലെ ഒരു ഹോട്ടലിൽനിന്നും പാസ് കിട്ടിയിട്ടുണ്ട്! നമുക്ക് പോയാലോ എന്ന്?.

ശരി എന്ന് ഞാനും പറഞ്ഞു. നിശ്ചയിച്ചത് പോലെ ഏകദേശം വൈകുന്നേരം ആറരയോടെ ഞങ്ങൾ ഹോട്ടലിൽ എത്തി . എന്റെ ബന്ധുവിനെ കണ്ട ഉടനെ വെയിട്രസ്സും മാനേജരും ഒക്കെ ഒരു വി. വി. ഐ. പി സ്വീകരണം..

ഞങ്ങൾ രണ്ടു പേരും ഇരുന്നു, ഞാൻ കൊറോണ ബീറിനും പുള്ളിക്കാരൻ റെമിമാർട്ടിനും ഓർഡർ ചെയ്തു.

കഴിക്കാൻ എന്തുവേണം എന്നായി. സീ ഫുഡ്ഡ് ഐറ്റം എന്താണുള്ളത് എന്ന് ചോദിച്ചപ്പോൾ ലൈവ് ലോബ്സ്റ്റർ! ടൈഗർ പ്രോൺസ്! ലൈവ് മഡ് ക്രെബ്! ഉണ്ട് എന്നറിയിച്ചു . നമ്മുടെ സംശയം തീർക്കാൻ സ്റ്റീൽ ട്രോളിയിൽ പറഞ്ഞ മൽസ്യങ്ങളൊക്കെ ക്രഷ്ഡ് ഐസ് ബെഡിൽ നിരത്തി നമ്മുടെ മുൻപിലേക്ക് എത്തിച്ചു .

ജീവൻ തുടിക്കുന്ന മത്സ്യങ്ങളും കൊഞ്ചുകളും ചിറ്റാകൊഞ്ചനും കണ്ടപ്പോൾ നമുക്കും സന്തോഷമായി ലോബ്സ്റ്ററും, ക്രേബും, ലൈവ് തന്നെ ! ഞങ്ങൾ ലോബ്സ്റ്ററിനു ഓർഡർ ചെയ്തു.

പിന്നെ ഏതു ലോബ്സ്റ്റർ വേണമെന്നായി സമാന്ന്യം തരക്കേടില്ലാത്ത രണ്ടെണ്ണത്തിനെ ചൂണ്ടിക്കാണിച്ചു. അവർ അത് എടുത്തു മാറ്റി വെച്ച് ഏതു സ്റ്റൈലിൽ കുക്ക് ചെയ്യണം ? നമ്മൾ റോസ്റ്റ് ചെയ്യാൻ പറഞ്ഞു. കൂട്ടത്തിൽ നാനും ഓർഡർ ചെയ്തു.

ഇതിനിടയിൽ ബിയറും കൊഞ്ഞാക്കും, എത്തി നമ്മൾ ഓരോ കാര്യം ഡിസ്‌കസ് ചെയൂ ഇതിനിടയിൽ വീണ്ടും ബിയറും കൊഞ്ഞാക്കും റിപ്പീറ്റ് ഓർഡർ ചെയ്തു. അത് എത്തി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഭക്ഷണവും എത്തി .

ഭക്ഷണം നമ്മുടെ മുൻപിൽ വെച്ചപ്പോൾ എന്റെ ബന്ധുവിനോട് ഞാൻ പറഞ്ഞു ഇവർ നമ്മളെ പറ്റിച്ചിരിക്കുന്നു! നമ്മൾ കാണിച്ച ലോബ്സ്റ്റർ അല്ല ഇത് ….

അദ്ദേഹം പറഞ്ഞു അങ്ങനെ വരൻ വഴിയില്ല ബാബു അത്രമാത്രം ബിസിനസ്സ് നമ്മുടെ കമ്പനിയിലൂടെ ഇവർക്ക് ലഭിക്കുന്നുണ്ട് അതുകോണ്ടു ഒരിക്കലും ഇവർ എന്നെ പറ്റിക്കില്ല.

ലോബ്സ്റ്റർ, ഷ്രിമ്പ്സ്സ് പ്രത്യേകിച്ച് സീ ഫുഡിലുള എന്റെ പാരികഞ്ജാനം വെച്ച് ആധികാരികമായി ഞാൻ പറഞ്ഞു എന്റെ വിലയിരുത്തലാണ് ശരി എന്ന് .

എന്റെ ബന്ധുവിന് വിശ്വാസം പോരാ … വെയ്‌റ്ററസിനെ വിളിപ്പിച്ചു കാര്യം പറഞ്ഞു. അവൾ ആവർത്തിച്ച് പറഞ്ഞു, ഇല്ല സാർ ഞങ്ങൾ ഒരിക്കലും അങ്ങനെ ചെയ്യില്ല പ്രത്യേകിച്ച് ഇദ്ദേഹത്തോട് ….

പ്രശ്നം റസ്റ്റോറന്റ് മാനേജരുടെ അടുക്കലെത്തി . അദ്ദേഹവും തറപ്പിച്ചു പറഞ്ഞു ഡൗട്ടൊന്നും വേണ്ട സാർ എന്ന് ..

പിന്നെ മേനേജർ ഷെഫിനെ വരുത്തി കാര്യം പറഞ്ഞു, ഷെഫ് ഇത്തരം പരാതികൾ എത്ര കേട്ടിരിക്കുന്നു എന്ന മട്ടിൽ പുച്ഛത്തോടെ അത് നിങ്ങൾക്ക് ലോബ്സ്റ്ററിനെ പറ്റി അറിയാത്തതു കൊണ്ടാണ് എന്ന് പറഞ്ഞു സംഭവം ലഘൂകരിച്ചു കാണാൻ ശ്രമിച്ചപ്പോൾ? ഞാൻ നമ്മുടെ സംശയത്തിന്റെ തെളിവ് നിരത്തി കാണിച്ചു കൊടുത്തു …. മാനേജരും വെയിട്രസ്സും ഷെഫും ആകെ ചമ്മി.

കൂടുതൽ അധികാരികതയ്ക്കായി അവരോട് ഞാൻ പറഞ്ഞു വരൂ നമുക്ക് അടുക്കളയിലേക്കു പോകാം? ഷെഫൊന്നു പരുങ്ങി ഉടനെ നമ്മളെല്ലാവരും കൂടി കിച്ചനൊലേക്കു പോയപ്പോൾ? കണ്ട കാഴ്ച!

മുൻപ് നമ്മളെ കാണിച്ച ട്രേയും, മൽസസ്യവും നമ്മൾ മാറ്റിവെച്ച ലോബ്സ്റ്ററും, ഒരു സ്ഥാന ചലനവും ഇല്ലാതെ അതെ അവസ്ഥയിൽ ട്രേയിൽ ഉണ്ട് ….

ഇത് കണ്ടതും എന്റെ ബന്ധു പൊട്ടിത്തെറിച്ചു കിച്ചനിലെ ജോലിക്കാരും, റസ്റോറന്റിലെ ആളുകളൊക്കെ സ്തബ്ദ്ധരായി.

എല്ലാവർക്കും മനസ്സിലായി അരുതാത്തതെന്തോ നടന്നിരിക്കുന്നു എന്ന് . പിന്നെ ഏറെ പണിപ്പെട്ടു എന്റെ ബന്തുവിനെ സമാധാനിപ്പിച്ചു ഭക്ഷണം കഴിക്കാതെ ഞങ്ങൾ അവിടന്നിറങ്ങി …

പറഞ്ഞു വന്നത് ഇപ്പോൾ ഒരു ഫേഷൻആയിട്ടുണ്ട്? ജൈവം, ഫ്രഷ്, ലൈവ് എന്നൊക്കെ പറഞ്ഞു ആളുകളെ പറ്റിക്കാൻ

… ഈ മേഖലിയിലുള്ളവർ എല്ലാവരും ഇങ്ങനെ എന്നല്ല! ഒരു ശ്രദ്ധ ഈ കാര്യത്തിൽ ഉണ്ടാവണം എന്ന് ഓർമ്മപ്പെടുത്തിയതാണ് . സമാനമായ മറ്റൊരണഭാവം കൂടിയുണ്ടായിട്ടുണ്ട് അത് മറ്റൊരവസരത്തിൽ എഴുതാം

കള്ളുഷോപ്പ്‌ വിശേഷത്തിൽ നിന്നും അൽപ്പം വഴിമാറി …. നമുക്ക് കള്ളുഷോപ്പ്‌ വിശേഷത്തിലേക്കു തന്നെ പോകാം…

ഏകദേശം 11 – 12 മണിയാകുമ്പോൾ കച്ചവടം തുടങ്ങും ഉച്ചകഴിഞ്ഞു ഒരു 4 മണിയോടെ ഷോപ്പിൽ തിരക്ക് തുടങ്ങും . പിന്നെ അങ്ങോട്ട് ഒരുബഹളമായിരിക്കും .

ജോലികളൊക്കെ കഴിഞ്ഞു നേരെ അന്തി മോന്താൻ വരുന്നവർ . അവർ കുടിച്ചു പോയാൽ പിന്നേ തിരിച്ചു വരാറില്ല . അതിനു പോകുമ്പോൾ കുപ്പിയുടെ പണം ഡെപ്പോസിറ്റ് ചെയ്തു അവർക്കു ആവശ്യമുള്ള ഒന്നോ രണ്ടോ കുപ്പി കൂടെ കൊണ്ട് പോകും . പണം മുൻകൂട്ടി വാങ്ങിയുള്ള കച്ചവടമല്ല.

ഷോപ്പിലെ സെയിൽസ് മാൻ, ഓർഡർ ലഭിക്കുന്നതനുസരിച്ചു സദാനവുമായി പോകുമ്പോൾ വിളിച്ചു പറയും . പലരുടെയും പേര് സാമ്മ്യമുള്ളതിനാൽ ഇവരുടെ പേരുകൾക്ക് ഓരോ കോഡ് ഉണ്ട്….
മീശ – 2 അന്തി;
താടി , 3 മൂത്തത് , ഒരു കിഴങ്ങ് , 1 അയല വറുത്തത് ,
തലേക്കെട്ട് 2 ഇളയത് എന്നിങ്ങനെ..

വിളിച്ചു പറഞ്ഞു സാധനങ്ങൾ സപ്ളയി ചെയ്യും . വിളിച്ചു പറയുന്ന മുറയ്ക്ക് മുന്നിലേ വലിയ മേശയ്ക്കരികിൽ ഒരാൾ ചോക്ക് കൊണ്ട് എഴുതുന്നുണ്ടാവും .
മീശ എന്ന് എഴുതി അടിയിൽ 2 അന്തി പിന്നേ എന്താണോ പറഞ്ഞത് അത്? പറയുന്ന സ്പീഡിൽ ചില ഐറ്റം വിട്ടുപോയാൽ എഴുതുന്നയാൾ ഒന്നുകൂടി ആവർത്തിക്കും മീശ … എന്തെല്ലാമാണ് …. വീണ്ടും പറയുന്ന ആൾ ആവർത്തിച്ച് സ്ഥിരീകരിക്കും.

അവസാനം കള്ള് കുടിച്ചു ഇറങ്ങുമ്പോൾ മേശക്കരികിൽ വന്നു കണക്കു കൂട്ടി പണം നൽകും. ഒരു തർക്കവും ഉണ്ടാകാറില്ല . ചിലപ്പോൾ സംശയം ചോദിച്ചാൽ മുൻപിൽ എഴുതി വെച്ചത് കാണിച്ചു കൊടുക്കും…

കുടിച്ച കള്ളിന്റെ ലവൽ ഉയരുമ്പോൾ ബോഡി ലേങ്കുവെജിലൂടെ അവരുടെ അവസ്ഥ മനസിലാക്കാം.

പണം കേഷ് കൗണ്ടറിൽ കൊടുത്തു് അവര് കള്ളു ഷോപ്പ്‌ വിട്ടു പോയാൽ അടുത്ത് തന്നെ വെച്ചിരിക്കുന്ന നനഞ്ഞ തുണികൊണ്ടു തുടച്ചു മായ്ക്കും ….

സമയം പോകുന്തോറും ഈണത്തിലുള്ള പാട്ടുകളൊക്കെ കേൾക്കാം….

ഇങ്ങേനെ ഒക്കെ ആണെങ്കിലും കുടിച്ച കള്ളിന്റെയും തിന്ന സാദങ്ങളുടെയും ഒക്കെ കണക്കു കൃത്യ മായി ഓർത്തിരിക്കും…

ആ കാലങ്ങളിൽ ഞങ്ങൾ? ഞാൻ, ചേനോത് രജീവ് , കുമാർ , വർഗീസ്‌ , അജിത് , രൺധീർ , ദിലീപ് , മുതലായവർ പാറേമ്മൽ (ബോട്ട് ഹവ്സ് ) ഇൽ ഒത്തു കൂടുമ്പോഴെല്ലാം വൈകുന്നേരങ്ങളിൽ ഒളവിലം കള്ളുഷോപ്പിൽ പോകുക പതിവായിരുന്നു .

പാത്തിക്കൽ വഴി പോയി, റെയിൽവേ സ്റ്റേഷൻ റോഡിൽ കയറി നടന്നു സ്റ്റേഷനിലൂടെ റെയിൽവേ പാലത്തിന്നടുത്തു നടന്നു, പാളം ക്രോസ്സു ചെയ്‌തു ഒളവിലത്തേക്കു തിരിയുന്നത് . ഈ സമയതു നമ്മൾ ഒരു കുസൃതി ഒപ്പിക്കും .

എല്ലാവരും പറ്റിക്കപെടും . പാലത്തിന്റെ രണ്ട് ഭാഗവും ആളുകൾക്ക് നടന്നു പോകാൻ പ്രത്യേക വഴിയുണ്ടായിരുന്നു . ഇന്ന് അതില്ല. ഈ വഴിയിലൂടെ കഷ്ട്ടിച്ചു ഒരാൾക്ക് മാത്രമേ നടന്നു പോകാൻ പറ്റുകയുള്ളു. റയിൽവേ സ്റ്റേഷനടുത്തു വെച്ച് നമ്മൾ ആരെയാണോ പറ്റിക്കാൻ നോക്കുന്നത് അയാളെ തന്ത്രപൂർവ്വം മുൻപിൽ വിടും.

എന്നിട്ടു എന്തെങ്കിലും വിഷയം ചർച്ചയ്ക്കു ഇടും . പിന്നെ ചർച്ചയായി . ആവേശമായി
ചർച്ച മുന്നിലുള്ള ആള് സംസാരിക്കുന്നതിനു എതിരായി എത്തിക്കും . അയാൾ പറയുന്നതാണ് ശരി എന്ന് ബോദ്ധ്യമുള്ളതിനാൽ അയാളുമായി തർക്കിച്ചു കൊണ്ടേയിരിക്കും. ഡി. വി. പി
ആയിരിക്കും മിക്കവാറും ഞങ്ങളുടെ ഇര ….

അദ്ദേഹം സ്ഥിരമായി ഒരു കയ്യിൽ കുട മറ്റേ കയ്യിൽ ചെറിയ ടോർച്ചും ഉണ്ടാവും . വാശി കയറി നടന്നു പോവുമ്പോൾ പിറകെ നടക്കുന്ന നമ്മൾ നിൽക്കും . ഇതൊന്നും അറിയാതെ ഡി.വി. പി ഉച്ചത്തിൽ പറഞ്ഞു കൊണ്ടേ നടക്കും . എതിരെ നിന്ന് വരുന്ന വഴിയിലെ യാത്രക്കാർ നോക്കുമ്പോൾ കാണുക ഒറ്റയ്ക്ക് ഒരാൾ പിച്ചും പേയും ഉച്ചത്തിൽ പറഞ്ഞു പോകുന്നത് പോലെ തോന്നും!

അവർ മുന്നിൽ പോകുന്ന ആളെ നോക്കി മനസ്സിൽ ചിരിക്കുന്നുണ്ടായിരിക്കും . ചിലപ്പോൾ അവരുടെ നോട്ടം കണ്ടു മനസ്സിലായാൽ തിരിഞ്ഞു നോക്കും . പിന്നെ ഞങ്ങൾക്ക് പൊരി ചീത്തവിളിയായിരിക്കും…

ഇനങ്ങനെയൊക്കെയാണെങ്കിലും ആർക്കും തമ്മിൽ വൈരാഗ്യമോ വെറുപ്പോ ഉണ്ടാവാറില്ല .

ഒളവിലം കള്ളുഷോപ്പിൽനല്ല പുഴ മൽസ്യം കിട്ടും, അടിച്ചു പുഴുങ്ങിയ കിഴങ്ങും, അന്തിയും, സൊയമ്പനും, ഒക്കെ കഴിച്ചു ചിലപ്പോൾ അവിടെയുള്ള മുതിർന്നവരൊക്കെ കൂടി പാട്ടു പാടും


അന്ന് ഞങ്ങൾ പാടുന്ന പാട്ടുകൾ ഇതൊക്കെ…. പാമ്പുകൾക്ക് മാളമുണ്ട്! പറവകൾക്കാകാശമുണ്ട്! മനുഷ്യപുത്രന് തല ചായ്ക്കാൻ മണ്ണി ലിടമില്ല – മണ്ണിലിടമില്ല!

തലയ്ക്കു മീതെ ശൂന്യാകാശം!
താഴെ മരുഭൂമി! തപസ്സുചെയ്യും
വേഴാമ്പൽ ഞാൻ! ദാഹജലം തരുമോ… ദാഹജലം തരുമോ..?

പാൽ കടലിൽ നീന്തിവരും താമരത്തോണി!
പാൽ തിരയിൽ തുള്ളി വരും പൂമര തോണി തോണി! തുഴഞ്ഞരികിലെത്താൻ കാത്തിരിക്കാമോ..? ഓമന പൂമുത്തവുമായ മുക്കുവപെണ്ണേ?

ഇതൊക്കെ കേട്ട് നാട്ടുകാരിൽ ചിലർ പാടിത്തുടങ്ങും ….

കള്ളോളം നല്ലരു വസ്തു ഭൂലോകത്തില്ലട മന്നാ …

പാടുന്നതിനു അനുസരിച്ചു ബെഞ്ചിൽ മുട്ടി താളവും പിടിക്കും .

എന്ത് പാടിയാലും സുരാംഗിണി നിർബന്ധം അത് എല്ലാവരും കൂട്ടമായി പാടും ….

ചിലപ്പോൾ നാട്ടുകാർ വന്നു ഞങ്ങളെ കെട്ടിപിടിക്കലും മുത്തം തരലും ഒക്കെ കാണാം എല്ലാം ഒര് രസം ..

ഒരു ആറു ഏഴു മണിയോടെ മടങ്ങും .

അന്നു നമ്മൾക്ക് അവർ ? കള്ളുഷോപ്പുകാർ ഇട്ട ചുരുക്കപ്പേരാണ് കോ ..കു , ബില്ല് സെറ്റിൽ ചെയ്യുമ്പോൾ ഞാൻ ചോദിച്ചതാ ഇതെന്താണ് കോ … കു . അപ്പോൾ കേഷ്യർ പറഞ്ഞു ഇതാണ് നിങ്ങളുടെ കോഡ് .. കോളേജ് കുമാരന്മാർ ….
കോളേജിന്റെ “കോ വും” കുമാരന്റെ
“കു വും” .

മോഹൻ ലാലിൻറെ ഒരു സിനിമയിലും അങ്ങനത്തെ ഒരു പേരുണ്ടായിരുന്നു ‘വാസ്കോ’ അതോർത്തു

അപ്പോൾ … കള്ളിന്റെ കഥ രസകരമായതു വേറെയും ഉണ്ടു! അത് മയ്യഴികഥയിലേക്കു തിരിച്ചു വരുമ്പോൾ എഴുതാം…..

കള്ളുഷോപ്പിനെയും, വിഭവങ്ങളെയും, കള്ളിനെയും, പറ്റി പറയുമ്പോൾ കള്ളു ചെത്തുന്നവരെയും പറ്റി പറയാതെ പോവുന്നത് ശരിയല്ല .

ഓരോ കള്ളുഷോപ്പിനും അവരുടെ ഏരിയയിലുള്ള തെങ്ങിൽ നിന്നും പാട്ടത്തിനു കള്ളുചെത്തും . ചെത്തുന്നവരെ എപ്പോഴും കാണാൻ കഴിയുന്നത് ബനിയൻ ലുങ്കി , ഉടുക്കുന്നതിനും ഒരു സ്റ്റയിലുണ്ട്. നല്ലവണ്ണം കയറ്റി ടൈറ്റാക്കി മാടി കെട്ടിയിരിക്കും.

അരയിൽ ഒരു റബ്ബർ ഷീറ്റ് തുളച്ചായിരിക്കും ചൂടി ബെൽറ്റ്‌ പോലെ അരയിൽ കെട്ടുന്നത് . കെട്ടിക്കഴിഞ്ഞാൽ റബ്ബർ ഷീറ്റ് പിൻഭാഗമായി കറക്ടായി. ഇതിനോടൊപ്പം ചെത്തുന്ന കത്തി വെക്കാനുള്ള ഒരു പലകയുണ്ടാവും, അതിന്റെ ഗ്രൂവിലായിരിക്കും കത്തി വെക്കുന്നത്.

നല്ലവീതിയുള്ള കത്തി , ബ്ലേഡിനേക്കാൾ മൂർച്ചയുള്ളതു . അതിനടുത്തു തന്നെ ഒരു തേങ്ങയുടെ ചിരട്ട മുകൾ ഭാഗം കുറച്ചു മുറിച്ചു ഉണ്ടാക്കിയതും കെട്ടിയിട്ടിട്ടുണ്ടാവും.
ഇതിലാണ് കൂമ്പിനു തേക്കുന്ന താളി ഇടുന്നതു . ഒപ്പം ഒരു മുഴുത്ത എല്ലിൻ കഷ്ണവും ഒരു മൺ പാനയും. ഇപ്പോൾ അത് പ്ലാസ്റ്റിക് ആയിട്ടുണ്ട്‌ ഒരു കൊളുത്തിൽ എളുപ്പത്തിൽ എടുക്കാൻ പാകത്തിൽ തൂക്കിയിട്ടുണ്ടാവും.

എല്ലാം മുൻപേ റെഡിയാക്കി വെച്ചിരിക്കും. തെങ്ങിൽ കയറുന്ന സമയത്തു എടുത്തു അരയിൽ എടുത്തു കൊളുത്തിയിടും . തെയ്യാറാവാൻ ഒരു താമസവും വേണ്ട .

ദിവസവും കയറേണ്ടതു കൊണ്ട് കയറാനുളള എളുപ്പത്തിന് ഇവർ മടൽ കൊണ്ട് തെങ്ങിന്മേൽ സ്റ്റെപ്പ് കെട്ടി വെച്ചിരിക്കും. ഒരു നിശ്ചിത ഉയരം വരെ . പിന്നീടങ്ങോട്ട് തള ഉപയോഗിച്ച് കയറും.

തെങ്ങിന്റെ മണ്ടയിൽ കയറി ഇരിക്കുക ശ്രമകരമായ ജോലിയും, അപകടം പിടിച്ചതുമാണ് . സ്ഥിരം കയറി ശീലിച്ചത് കൊണ്ട് ഇവർക്ക് നിഷ്പ്രയാസം കയറി, ഇരിക്കാൻ പാകത്തിന് ഇരുന്നു, തലേന്ന് വെച്ച പാന എടുത്തു അതിൽ ഊറിയ കള്ളു അരയിൽ കരുതിയ പാന യിലേക്ക് മാറ്റി. എല്ലിൻകൊട്ട് എടുത്തു കൂമ്പിന്റെ അടി മുതൽ മുകൾ ഭാഗം വരെ പതിയെ മുട്ടി കൊണ്ടിരിക്കും . കുറച്ചു സമയം അത് തുടരും . എപ്പോൾ നിറുത്തണം എന്ന് അവർക്കു മുട്ടുന്നതിന്റെ ശബ്ദത്തിൽ തിരിച്ചറിയും. കള്ളു ഉറഞ്ഞു വരുമ്പോൾ ശബ്ദ വ്യത്യാസത്തിൽ തിരിച്ചറിയും പാകമായാൽ മുകൾ ഭാഗം ചെത്തി എന്ന് വരുത്തി, മുകളിലെ തടസങ്ങൾ മാറ്റി കൊടുക്കും . അതിനു ശേഷം ചിരട്ടയിലുള്ള താളി കുറച്ചു വിരൽ കൊണ്ടെടുത്തു ചെത്തിയ ഭാഗത്തു പുരട്ടി അതിനെ ഒരു പ്രത്യേക രീതിയിൽ പാന കൊണ്ട് കമഴ്ത്തി മൂഡും . പിന്നെ താഴോട്ടു ഇറങ്ങും .

ചില പരിചയക്കാർക്കു ചോദിച്ചാൽ ഒന്നോ രണ്ടോ ഗ്ലാസ് നല്ല മധുര കള്ളു കിട്ടും .

ഇത്തരം ഒരു രംഗം സല്ലാപം സിനിമയിൽ കലാഭവൻ മണി അഭിനയിച്ചത് ഓർമ്മയിൽ എത്തി. സൈക്കിളിൽ കള്ളു ചെത്താൻ വരുന്നതും മഞ്ജുവാര്യരെ കളിയാക്കുന്നതും കള്ളു സൈക്കിളിൽ തൂക്കിയിട്ടു മണി തെങ്ങുചെത്താൻ കയറി തെങ്ങിന്റെ മണ്ടയിൽ ഇരുന്നു ഉച്ചത്തിൽ പാടുന്നതും അതുകേട്ടു മഞ്ജുവാര്യർ പോടാ … എന്ന് ദേഷ്യത്തിൽ പറയുന്നതും … ഇത് കേട്ടു മണി വീണ്ടും മുൻ കോപക്കാരീ … എന്നുള്ള പാട്ടു വീണ്ടും പാടുന്നതും … ഇതിൽ പ്രകോപിതയായ മഞ്ജുവാര്യർ സൈക്കിളിന്റെ കാറ്റഴിച്ചു സൈക്കിൾ മാറിച്ചിട്ടോടുന്നതും ഒക്കെ ഓർമ്മയിൽ ഓർത്തു ഇങ്ങനെയൊക്കെയാണെങ്കിലും ഇന്ന് കള്ളുഷോപ്പിനു ഏറെ നിയന്ത്രണങ്ങൾ ഉണ്ടെങ്കിലും ആധുനികതയുടെ പരിവേഷം ഉൾക്കൊണ്ടുകൊണ്ട് ഫൈവ് സ്റ്റാർ ത്രീ സ്റ്റാർ പരിവേഷത്തോടെ വളരെ അർബ്ബാടാതയോടെയുള്ള കള്ളുഷോപ്പുകളും അതിൽ ഫേമിലിയോട് കൂടി പോകുന്നതും സർവ്വ സാദാരണമായിട്ടുണ്ട് എന്നുള്ളതും ഓർത്തു കൊണ്ട് കള്ളുഷോപ്പ്‌ പുരാണം നിറുത്താം…

അപ്പോഴാണ് രസകരമായ ഈ പ്രവചനം ഓർത്തത് …

മദ്ദ്യം കുടിക്കുന്നവൻ ഉന്മത്തനാകുന്നു ഉന്മത്തനാകുന്നവൻ ഉറങ്ങുന്നു ഉറങ്ങുന്നവൻ പാപം ചെയ്യുന്നില്ല. പാപം ചെയ്യാത്തവൻ സ്വർഗത്തിൽ പോവുന്നു …. ഇങ്ങനെയൊക്കെ പറയാമെങ്കിലും അമിത മദ്ദ്യപാനം ആരോഗ്യത്തിന് ഹാനികരം തന്നെ

മഠത്തിൽ ബാബു ജയപ്രകാശ്……… ✍️ My Watsap Cell No – 0091 9500716709

മറ്റൊരു വിഷയവുമായി തുടരും

Leave a Comment