
Blog Introduction
ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോള്‍
Apr 25 2022
എഴുത്തിനെക്കുറിച്ചും പേരിനെക്കുറിച്ചും ഒരു പരിചയപ്പെടുത്തല്‍.
എന്തുകൊണ്ട് എന്റെ ബ്ലോഗ് പേജിന് ‘ചുവന്ന കടുക്കനിട്ട മയ്യഴി’ എന്ന് നാമകരണം ചെയ്തുവെന്ന് ഒരുപക്ഷേ, എന്നോട് ആരെങ്കിലും ചോദിച്ചാല്‍, വേണമെങ്കില്‍ എനിക്ക് പറയാം അതു എന്റെ ഇഷ്ടമാണ്, എന്റെ ആവിഷ്‌കാരസ്വാതന്ത്ര്യമാണ്. അല്ലങ്കില്‍ അങ്ങനെ തോന്നി. അങ്ങ് ഇട്ടു എന്നൊക്കെ.
എന്റെ എഴുത്ത് ഒരു നിമിത്തമായിരുന്നു. ഒരു തുറന്ന എഴുത്തും. മുന്‍കൂട്ടി തയ്യാറാക്കിയാതൊന്നുമല്ല. ഓര്‍മകളോരോന്നും മനസ്സില്‍നിന്ന് എടുത്ത്, അതുമായി ബന്ധപ്പെടുത്തി എഴുതാനിരിക്കും. എന്റെ ചൂണ്ടുവിരല്‍ തുമ്പിലൂടെ ഓര്‍മകള്‍ വാക്കുകളായി സെല്‍ഫോണിലെ സ്‌ക്രീനില്‍ പതിഞ്ഞുതുടങ്ങും. അതാണ് ഇത്രയും ദിവസം നിങ്ങള്‍ വായിച്ചത്.
ചെറുപ്രായത്തില്‍, വളരെയടുത്തു ഇടപഴകിയ എന്റെ സുഹൃത്തായ വിനയന്‍ മാഹി ഒരു ചായക്കടയുടെ ഫോട്ടോ ഫേസ്ബുക്കില്‍ പങ്കുവെച്ചത് കാണാനിടയായി. അതിനു എന്റെ മനസ്സില്‍ തോന്നിയ ഒരു കമന്റസ് ഇടാന്‍ തുടങ്ങിയപ്പോഴാണ് എഴുത്തിലേക്കുള്ള വഴിതുറന്നത്. മയ്യഴിയിലെ പ്രധാന പാതകളില്‍ പണ്ടുണ്ടായിരുന്ന ഓരോ കടയും എന്റെ മനസ്സില്‍ തെളിഞ്ഞു, മയ്യഴി മുഴുവനും കറങ്ങി.
ആ ഓട്ടപ്രദക്ഷിണത്തില്‍ സ്പെന്‍സര്‍ കണ്ണേട്ടന്റെ ചായക്കടമുതല്‍ എന്റെ മയ്യഴിയിലെ ഒരുവിധപെട്ട ചെറുതും വലതുമായ കടകളുടെ പേരുകള്‍ പരാമര്‍ശിച്ചു. മയ്യഴിയിലെ ചായക്കടകളെയും അവിടത്തെ വിഭവങ്ങളെ പറ്റിയും പറഞ്ഞുകൊണ്ടായിരുന്നു എന്റെ ഓര്‍മക്കുറിപ്പുകള്‍ എഴുതിത്തുടങ്ങിയത്.
കടകളുടെ വിവരണവും അവിടത്തെ പ്രത്യേകതകളും വായിച്ചവരില്‍ പലരുടെയും ഗതകാലസ്മരണകള്‍ ഉണര്‍ത്തി എന്നറിയിച്ച് വിളിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എഴുതിയവയെല്ലാം ഏകോപിപ്പിച്ച് ഒരു പുസ്തകരൂപത്തിലാക്കാനും നിര്‍ദേശിച്ചു.
ഒന്നും തീരുമാനിച്ചിട്ടില്ലെങ്കിലും ഇന്നത്തേക്ക് 95 ഓളം പോസ്റ്റുകള്‍. അതില്‍ നാല് കവിതകളും ഉള്‍പ്പെടും.
ഇതുവരെ എഴുതിയതിന് അടുക്കും ചിട്ടയും ഇല്ലെന്നല്ല, വായനാസുഖത്തിന് ഒരു നല്ല എഡിറ്റിങ് വേണം. എല്ലാം ചെയ്തുതരാമെന്ന് പലരും വാഗ്ദാനം ചെയ്തിട്ടുണ്ട്.
അങ്ങനെ ചെയ്യുമ്പോള്‍, ഏതൊക്കെ ഭാഗങ്ങള്‍ ഒഴിവാക്കണം, ഏതൊക്കെ പ്രയോഗങ്ങള്‍ വേണ്ട എന്നുള്ളതൊക്കെ ഭാഷാവിദഗ്ധരോട് അന്വേഷിച്ച് പുസ്തകരൂപത്തിലാക്കണമെന്നാണ് ആഗ്രഹം..
അതിന് അര്‍ഥമുള്ള പേര് വേണം എന്ന് ചിന്ത മനസ്സില്‍ വന്നു. മയ്യഴി എന്ന നാമം എന്തായാലും വേണം. കാരണം ഞാന്‍ പറയാന്‍ ശ്രമിച്ചത്, ഇതുവരെ പറഞ്ഞത് ഇനി പറയേണ്ടതും മയ്യഴിയെ പറ്റിയും മയ്യഴിയിലെ കാഴ്ചകളെപറ്റിയും ആണ്.
മയ്യഴി പശ്ചാത്തലമാക്കിയുള്ള മൂന്നു പുസ്തകം ഇതിനകം ഞാന്‍ വായിച്ചു. ഇനിയും മയ്യഴി കഥയാവുമ്പോള്‍, മയ്യഴിയുടെ കൂടെ എന്ത് ചേര്‍ക്കും എന്നായി ചിന്ത. അപ്പോഴാണ് അഴിമുഖത്തിനടുത്തുള്ള തെക്കു പടിഞ്ഞാറേ അതിരിലെ, പാതാറില്‍ ചുവന്നു പൂക്കാറുള്ള ‘ഗുല്‍മോഹര്‍മരം’ ഓര്‍മയിലെത്തിയത്.
പിന്നെ മയ്യഴിയുടെ കിഴക്കേ അതിരിലെ ബോട്ട് ഹൗസിന്റെ കരയിലുള്ള മറ്റൊരു ‘ഗുല്‍മോഹര്‍മരം’ ശ്രദ്ധയില്‍പെട്ടു..
മുന്‍പ് റെയ്മണ്ട് എന്ന ‘റമ്മുവിന്റെ’ കഥയില്‍ പേരിടുന്നതിന്റെ വൈരുധ്യത്തെപറ്റി എഴുതിയിരുന്നു. അതുകൊണ്ടു തന്നെ ഈ പേരിലെത്താനുള്ള കാരണം വിശദീകരിക്കുന്നത് നല്ലതാണെന്ന് തോന്നി.
ഫ്രഞ്ചുകാര്‍ മയ്യഴിയില്‍ എത്താനുണ്ടായ ഒരു സംഭവം ഞാന്‍ വായിച്ചറിഞ്ഞത് ഇങ്ങനെ:.
സെയിന്റ് തെരേസ പുണ്യവതിയുടെ വിഗ്രഹവുമായി യാത്രപോവുന്ന ഒരു കപ്പല്‍. ദിക്കറിയാതെ മയ്യഴിയുടെ തൂക്കില്‍ എത്തിയപ്പോള്‍, അജ്ഞാതകാരണത്താല്‍ നിശ്ചലമായി. അതോടെ നാവികരുടെ മുന്‍പോട്ടുള്ള പ്രയാണത്തിന് തടസ്സംനേരിട്ടു.
ഏറെ പണിപ്പെട്ടിട്ടും കപ്പല്‍ മുന്നോട്ട് നീക്കാനായില്ല. കപ്പല്‍ നങ്കൂരമിട്ടതിന്റെ ചുറ്റുവട്ടത്തു ഏതെങ്കിലും കരയുണ്ടോ എന്നറിയാന്‍ നാവികര്‍ തീരുമാനിച്ചു. അവരുടെ വഴികാട്ടിയാണ് സെയിന്റ് തെരേസാ എന്ന് വിശ്വസിച്ച് വിഗ്രഹം കപ്പലില്‍നിന്നും അവര്‍ ബോട്ടിലേക്ക് മാറ്റിയതും കപ്പലിന് ജീവന്‍വെച്ചു!
ഈ അത്ഭുതം സംഭവിച്ചതോടെ, നാവികര്‍ ഒരു തീരുമാനത്തിലെത്തി. അവര്‍ അന്വേഷിക്കുന്ന ആ പുണ്യഭൂമി, ഇതിനു ചുറ്റും എവിടെയോ ഉണ്ടാകാം. കപ്പല്‍ നടുക്കടലില്‍ നങ്കൂരമിട്ടുറപ്പിച്ച്, വിഗ്രഹവുമായി കരതേടി സഞ്ചരിച്ച നാവികാരില്‍ ചിലര്‍ അടുത്തു കാണുന്ന കരയില്‍ വിഗ്രഹം പ്രതിഷ്ഠിക്കാമെന്ന് തീരുമാനിച്ചു.
കരതേടിയുള്ള യാത്രയിലുടനീളം നാവികര്‍ മായക്കാഴ്ചയില്‍ പരിസരം മറന്ന് മുന്നോട്ടുനീങ്ങിയപ്പോള്‍ വേലിയേറ്റത്തിന്റെ ശക്തിയില്‍ അവര്‍ സഞ്ചരിച്ച ചെറിയ ബോട്ട് അഴിമുഖത്തുനിന്ന് പുഴയിലേക്ക് തള്ളപ്പെട്ടു. കടലില്‍നിന്ന് പുഴയിലേക്ക്.
കുറച്ചു കൂടി മുന്‍പോട്ടു പോയപ്പോള്‍. ശാന്തമായ മയ്യഴിപ്പുഴയുടെ അതിരുകള്‍ നിര്‍ണയിക്കുന്ന മഞ്ചക്കല്‍ പ്രദേശത്ത് എത്തി. അവിടെ അവര്‍ കണ്ടത് പൂത്തുനില്‍ക്കുന്ന മറ്റൊരു ചുവന്ന ഗുല്‍മോഹര്‍മരവും മഞ്ചക്കലിലെ ആ കറുത്ത പാറക്കൂട്ടവുമാണ് അവരെ സ്വീകരിച്ചത്. യാത്രാക്ഷീണം തീര്‍ക്കാന്‍, പച്ചപ്പ് നിറഞ്ഞ പ്രകൃതിയുടെ മടിത്തട്ടില്‍ കമ്പിളി പുതപ്പിട്ടു. വിശ്രമത്തിനിടയിലെപ്പോഴോ, പടിഞ്ഞാറുനിന്നുള്ള കടല്‍ക്കാറ്റും കിഴക്കന്‍ തീരത്തുനിന്നള്ള കരക്കാറ്റും കൈമാറുന്ന കടല്‍ക്കിസ്സയും കരക്കിസ്സയും പരസ്പരം സംവദിക്കുന്ന ഭാഷ നാവികര്‍ ശ്രദ്ധിച്ചിരിക്കണം.
ആ കഥകള്‍ കടലിന്റെ വിഭവങ്ങളെക്കുറിച്ചോ കരയിലെ സുഗന്ധവിഭവങ്ങളെക്കുറിച്ചോ നാണ്യവിഭവങ്ങളെക്കുറിച്ചോ ആയിരുന്നിരിക്കണം.
ഇവരുടെ വിശ്രമവേളയില്‍ ഒരുപക്ഷേ, ഈ നാവികര്‍ കേട്ടുകൊണ്ടിരിക്കുന്ന കഥകളൊക്കെ ഡീ-കോഡ് ചെയ്തു ശ്രദ്ധിച്ചിരിക്കണം.
കഥകളൊക്കെ ശ്രദ്ധിച്ച നാവികര്‍, അവര്‍ തേടിക്കൊണ്ടിരിക്കുന്ന സ്ഥലം ഇത് തന്നെ എന്ന് തീരുമാനിച്ചു, അവര്‍ക്ക് ചേക്കേറാനുള്ള പ്രകൃതിസുന്ദരമായ ഈ സ്ഥലം അവര്‍ തിരഞ്ഞെടുത്തതിന്റെ കാരണം രണ്ടറ്റവുമുള്ള ചുവന്ന ഗുല്‍മോഹറിന്റെ ഭംഗിതന്നെയായിരിക്കാം
ചുറ്റും പച്ചപ്പും ദൂരേ രണ്ടു കുന്നുകളും നടുവിലൂടെ ഇളം നീലയും പച്ചയും പട്ടുടുത്ത നദിയും. അഴിമുഖത്തടിക്കുന്ന തിരയുടെ ശക്തിയില്‍ രൂപപ്പെടുന്ന വെള്ളിനൂല്‍കൊണ്ടുള്ള എംബ്രോയ്ഡറി തുന്നിച്ചേര്‍ത്ത ബോര്‍ഡറും. തിരയുടെ ശബ്ദം ചിലങ്കയുടെതായും പൂത്ത ഗുല്‍മോഹര്‍മരം ചുകന്ന 24 കാരറ്റ് റൂബിയിട്ട കടുക്കാനുമായി അവര്‍ ഒരുപക്ഷേ സങ്കല്പിച്ചുകാണും!
ഇരുഭാഗത്തുനിന്നും കേട്ട കഥകള്‍ അവരെ ആകര്‍ഷിച്ചിട്ടുണ്ടാവണം. ചോരയ്ക്ക് നിറം ചുവപ്പ്. മയ്യഴിയുടെ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പോലീസുകാരുടെ വെടിയേറ്റ് വീരചരമം പ്രാപിച്ച അച്യുതന്റെയും അനന്തന്റെയും ശരീരത്തില്‍നിന്നും ഒഴുകിയ നിണം കലര്‍ന്ന് ചുവന്ന മയ്യഴിപ്പുഴയിലെ വെള്ളം വലിച്ചെടുത്തു വളര്‍ന്ന ഗുല്‍മോഹറിനും കടും ചുവപ്പുനിറം. അവര്‍ മയ്യഴിയില്‍ കണ്ട അസ്തമയ സൂര്യന്റെയും നിറം ചുവപ്പ്.
അസ്തമയ സൂര്യന്റെ ചുവന്ന പൊട്ടുതെളിഞ്ഞു വന്നപ്പോള്‍, മയ്യഴിയമ്മയുടെ നെറ്റിയിലെ കുങ്കുമപ്പൊട്ടായി ഞാന്‍ അതിനെ സങ്കല്പിച്ചു. പടിഞ്ഞാറ് മയ്യഴിയുടെ അഴിമുഖവും അതിന്റെ ഒരു ഭാഗത്തുള്ള ചുവന്ന ഗുല്‍മോഹര്‍ ഒരു കടുക്കാനായും, ഇങ്ങു കിഴക്കന്‍ മുഖത്തു അരികിലായി മറ്റൊരു ചുവന്ന ഗുല്‍മോഹര്‍ മറ്റൊരു കടുക്കാനുമായി…
ഗുല്‍മോഹറിന്റെ അര്‍ഥം തിരഞ്ഞപ്പോള്‍ മനസിലായത് ‘ഒര്‍ണമെന്റല്‍ ട്രീ’ എന്നാണ്. പിന്നെ മറ്റൊന്നും ആലോചിക്കേണ്ടി വന്നില്ല ചുവപ്പിനെ റൂബിയായി സങ്കല്പിച്ചു. രണ്ടു മുഖത്തിന്റേയും വശങ്ങളിലായുള്ള ചുവന്ന ഗുല്‍മോഹറിനെ കാതിലെ ചുവന്ന കടുക്കനായും സങ്കല്പിച്ചു. ഞാന്‍ ആ പേര് തന്നെ നാമകരണം ചെയ്തു.
കഥ പറയുമ്പോള്‍ എന്ന സിനിമയില്‍ അശോകനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമ്മൂട്ടി, വികാരഭരിതനായി വിവരിക്കുന്നുണ്ട്, കൂട്ടുകാരന്‍ ബാലന്‍ ഊരി നല്‍കിയ കാതിലെ ചുവന്ന കടുക്കനെ പറ്റി.
ആ ചുവന്ന കടുക്കന്‍ അശോകന്റെ ജീവിതത്തെ മാറ്റിമറിച്ച കഥ. കടുക്കന്‍ നല്‍കി അപ്രത്യക്ഷനായ സുഹൃത്തിന്റെ കഥ. ആ സുഹൃത്തിനെ തേടി അലഞ്ഞ കഥ. ഒടുവില്‍ ഒരുനിമിത്തം പോലെ സുഹൃത്ത് ബാലനെ കണ്ടുമുട്ടുന്ന കഥ. എന്റെ കഥയെഴുത്തും ഒരു നിമിത്തമായിരുന്നു.
അതൊക്കെ ഓര്‍ത്ത് ഞാനും തീരുമാനിച്ചു എന്റെ മുന്‍പോട്ടുള്ള പ്രയാണത്തിന്, എഴുത്തിന് ‘ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുന്നു’ എന്ന് നല്‍കാമെന്ന്. എന്തുകൊണ്ടും ഉചിതമായിരിക്കും അതെന്ന്.
ഞാനും കഥയാണല്ലോ പറയുന്നത്. മയ്യഴിക്കാരുടെ കഥ.
മയ്യഴിയില്‍നിന്ന് നേടിയവരുടെ കഥ. മയ്യഴിയില്‍നിന്ന് വേറിട്ടവരുടെ കഥ. മയ്യഴിയിലെ കാണാക്കാഴ്ചകളുടെ കഥ. മയ്യഴിയില്‍ ജനിച്ചവരെ പരിഹസിച്ച കഥ. മയ്യഴിയില്‍ മണ്മറഞ്ഞ മഹാന്മാരുടെ കഥ. മയ്യഴിക്ക് സ്വാതന്ത്ര്യം നേടിത്തന്നവരുടെ കഥ. സ്വാതന്ത്ര്യം നേടിത്തന്നവരെ മയ്യഴി മറന്ന കഥ. പോലീസുകാരുടെ കഥ. കായിക താരങ്ങളുടെ കഥ. കടലോര മക്കളുടെ കഥ. മയ്യഴിയിലെ ചില സമുദായങ്ങളുടെ കഥ. മയ്യഴിയിലെ കോ-ഒപ്പറേറ്റീവ് പ്രസ്ഥാനങ്ങളുടെ കഥ. സെയിന്റ് തെരേസയുടെ, മയ്യഴി ഉത്സവത്തിന്റെ, മയ്യഴി പള്ളിയുടെ കഥ. മച്ചിലോട്ടു മാധവന്റെ കഥ. പുര മേയുന്ന കഥ. പ്രാവ് വളര്‍ത്തുന്നവരുടെ കഥ. കുട നന്നാക്കുന്ന കുഞ്ഞാപ്പുവച്ചന്റെ കഥ. കള്ള്ഷാപ്പിന്റെ കഥ. പലചരക്കു കച്ചവടക്കാരുടെ കഥ. ഡേവിഡ് ഏട്ടന്റെ കഥ. ഹരിദാസന്റെ കഥ. റമ്മുവിന്റെ കഥ. കഴുത ക്ലബ്ബിന്റെ കഥ. എല്ലാ തിരുവോണനാളിലും നമ്മുടെയൊക്കെ വീട്ടില്‍ ഓണപ്പൊട്ടനായി എത്താറുള്ള ഭരതന്റെ കഥ…
ഒപ്പം; അക്കാലങ്ങളില്‍ ചുവന്ന കടുക്കിനിട്ട് മയ്യഴിയുടെ ഭാഗമായി മണ്‍മറഞ്ഞവരും ഈ കഥകളില്‍ ഭാഗമാവുന്നുണ്ട്. ഈ കഥകളൊക്കെ എഴുതുന്ന കൂട്ടത്തില്‍ അല്‍പ്പം രാഷ്ട്രീയവും സാമൂഹ്യപ്രതിബദ്ധത ഉണര്‍ത്തുന്ന കാര്യവും ഒക്കെയായി… അങ്ങനെ കഥകള്‍ ഏറെയുണ്ട് പറയാന്‍.
ഒട്ടേറെ കഥകള്‍ ഇനിയും എഴുതാനുണ്ട്. ബാക്കിക്കാഴ്ച്ചകളും. 116 ഓളം താളുകളിലൂടെ പല കഥകളും കാണാക്കാഴ്ച്ചകളും ഞാന്‍ എന്റെ ഒറ്റവിരല്‍ത്തുമ്പിലൂടെ നിങ്ങളുടെ മുന്‍പില്‍ എത്തിച്ചു .
ഇതുവരെ നല്ല പ്രോത്സാഹനം തന്ന, എന്നെ വായിക്കുന്ന, എന്നെ ഇതുവരെ കണ്ടിട്ടില്ലാത്ത എല്ലാവര്‍ക്കും നന്ദി.
പലരുടെയും പ്രശ്‌നം വായിക്കാനുള്ള സമയക്കുറവുള്ളതിനാല്‍ എന്റെ ഇനിയുള്ള എഴുത്തു ബ്ലോഗിലൂടെ …
അതിനു എനിക്ക് ആവുമോ? എഴുതുന്നതിന്റെ മാറ്റ് ആരു വിലയിരുത്തും.
എല്ലാം എന്നെ വായിക്കുന്നവരുടെ മുന്‍പിലേക്ക് ഞാന്‍ സമര്‍പ്പിക്കുന്നു.
ഇനി ആ ചുവന്ന കടുക്കന്റെ മാറ്റ് തീരുമാനിക്കേണ്ടത് എന്നെ വായിക്കുന്നവരാണ്.
എന്റെ പേജിന്റെ പേര്‍ ‘ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോള്‍’
സ്‌നേഹപൂര്‍വം എന്നെ മനസിലാക്കി മുന്‍വിധികള്‍ ഇല്ലാതെ എന്നെ വായിക്കുന്നവരുടെ സഹകരണം ഇനിയും പ്രതീക്ഷിക്കുന്നു.
കൊണ്ടുപോകന്‍ ഒന്നും ഇല്ല ഈ ലോകത്ത്. കൊടുത്തുപോകാം സ്‌നേഹവും സൗഹൃദവും..
നേടിയെടുക്കുന്നത് മാത്രമല്ല, ചിലപ്പോഴൊക്കെ വിട്ടുകൊടുക്കുന്നതും വിജയമാണ്. മഠത്തില്‍ ബാബു ജയപ്രകാശ്✍ My Watsapp Cell No: 00919500716709