
ഹോട്ടൽ സ്പെന്‍സര്‍
ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോള്‍
മയ്യഴിയിലെ രുചിഭേദങ്ങള്‍ ആസ്വദിച്ച് കടകള്‍തോറും കയറി ഒരു ഓര്‍മപുതുക്കല്‍
Jul 16 2021
Time set to read Maximum 15 Minutes
മയ്യഴിക്ക് പറയാന്‍ കഥകളേറെയുണ്ട്. അത് സംസ്‌കാരമായാലും സാഹിത്യമായാലും ചരിത്രമായാലും പറഞ്ഞാല്‍ തീരില്ല. ഇത്തവണ മയ്യഴിയുടെ ചായക്കടകളെക്കുറിച്ചും രുചിയെക്കുറിച്ചുമാണ്. ശ്രീ. വിനയന്‍ മാഹി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത സ്പെന്‍സര്‍ കുഞ്ഞിക്കണ്ണേട്ടന്റെ ചായപ്പീടികയുടെ ഫോട്ടോ എന്നെയെന്നല്ല, പലരേയും പഴയ ചായക്കടകളിലേക്കും വിഭവങ്ങളെക്കുറിച്ചുമുള്ള ഓര്‍മകളിലേക്ക് ക്‌ളിക്ക് ചെയ്തിട്ടുണ്ടാകും.
പഴയ ലബോര്‍ധനെ കോളേജിന്റെ ഭാഗമായ അനക്‌സ് ബില്‍ഡിങ്ങിന്റെയും ബാലന്‍സ് ടൈപ്റൈറ്റിങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും എതിര്‍വശത്തായി സര്‍ക്കാര്‍ ലൈബ്രറിക്ക് തൊട്ടാണ് ഈ കട. കാഴ്ചയിലും വിഭവങ്ങളിലും ചെറിയ മാറ്റമുണ്ടായതൊഴിച്ചാല്‍ എല്ലാം പഴയ ‘സ്‌പെന്‍സര്‍’ രീതിയല്‍തന്നെ. ഫോട്ടോവില്‍ കാണുന്നതുപോലേ നീളത്തിലിട്ട രണ്ടു ബെഞ്ചും രണ്ടു മേശയും. പിറകിലായി ചെറിയ മുറിയും. ചില്ലലുമാരയില്‍ വിഭവങ്ങളൊക്കെ പരിമിതിമാണെങ്കിലും, കിഴങ്ങുപൊരിച്ചതും പരിപ്പുവടയും. ഇത് രണ്ടും സ്ഥിരമായി ലഭിക്കും. പാല്‍ തീര്‍ന്നാല്‍ കട്ടന്‍ചായയോ കട്ടന്‍കാപ്പിയോ മാത്രം.
എന്റെ ഓര്‍മയില്‍ മുണ്ടു മാടിക്കെട്ടി മിക്കവാറും ഷര്‍ട്ട് ധരിക്കാതെ കണ്ണന്‍ച്ചന്‍ ഉണ്ടാവും കടയില്‍. മക്കളായ ഹരിയും മോഹുവും, ഇടയ്ക്ക് അദ്ദേഹത്തിന്റെ ഭാര്യയും ഉണ്ടാവും സഹായത്തിന്.
തൊട്ടടുത്തുള്ള സ്‌കൂളുകളിലെ അധ്യാപകന്മാര്‍ക്കുള്ള ചായ സ്ഥിരമായി നല്‍കുന്നത് കണ്ണന്‍ച്ചന്‍തന്നെ. പലപ്പോഴും കണ്ണന്‍ച്ചന്‍ ഒരു തൂക്കില്‍ ഗ്‌ളാസ്സുകള്‍ നിരത്തി അതില്‍ ചായ ഒഴിച്ച്, ഒപ്പം ഒരു പേപ്പറില്‍ ഓര്‍ഡറനുസരിച്ചുള്ള പലഹാരങ്ങളും പൊതിഞ്ഞ്, സ്‌കൂളിലേക്കും അടുത്തുള്ള ലൈബ്രറിയിലേക്കും കൊടുക്കും. ചിലപ്പോള്‍ ഈ ജോലി മോഹുവായിരിക്കും ചെയ്യുക (മോഹു ഇന്ന് ജീവിച്ചിരിപ്പില്ല).
മുന്‍പിലുള്ള ഒരു തട്ടില്‍ എള്ളുണ്ട, അഭ്യാര്‍ഥിക്കട്ട (കടല മിട്ടായി), ബെണ്‍ഡ്ഡ്യ, നാരങ്ങാമിഠായി, ക്രിത്രിമമില്ലാതെ ഉപ്പിലിട്ട നെല്ലിക്ക, മാങ്ങ എന്നിവയുണ്ടാകും. ഉപ്പിലിട്ട ഭരണിയില്‍ ഇളം മഞ്ഞലായനിയില്‍ പച്ചമുളകുകള്‍ നീളത്തില്‍ അരിഞ്ഞത് പൊന്തിക്കിടക്കും. അതില്‍ ഒരു കുഞ്ഞു ചിരട്ടക്കയ്യിലും കാണാം. പരമ്പരാഗതമായ രീതിയില്‍ തയ്യാറാക്കുന്നതു കാരണമായിരിക്കാം അതിന്റെ രുചിനാവിന്‍തുമ്പിലിപ്പോഴും ഉണ്ട്.
നെല്ലിക്ക നല്ലവണ്ണം കഴുകി തുടച്ചു വൃത്തിയാക്കി ഭരണിയിലിട്ട് ലെയറായി ആവശ്യത്തിനുള്ള കല്ലുപ്പും പച്ചമുളകും ചേര്‍ത്ത് ഭരണി ഏകദേശം മുക്കാല്‍ഭാഗമാകുമ്പോള്‍ ചൂടാക്കിയ വെള്ളവും ഒഴിച്ചാണ് തയ്യാറാക്കുന്നത്. തൊട്ടടുത്ത ഭാഗത്തു ഒര് മെറ്റല്‍ ബോയിലര്‍ (സമാവര്‍) , അതിനു തൊട്ടടുത്തായി കരി ഉപയോഗിച്ചുള്ള ചെറിയ സ്റ്റൗ. അതിന്‍മേല്‍ ഒരു അലുമിനിയ പാത്രത്തില്‍ പാല്‍ ചൂടായിക്കൊണ്ടേയിരിക്കുന്നുണ്ടാവും. അടുത്തു തന്നെ ഒരു ഭരണിയില്‍ പഞ്ചസാരയും ഒരു ചെറിയ ഡബ്ബയില്‍ കാപ്പി പൗഡറും മറ്റൊരു ഡബ്ബയില്‍ ചായപ്പൊടിയും. ചായ ഉണ്ടാക്കുന്നതനുസരിച്ച് സമാവറില്‍ വെള്ളം ഒഴിച്ചുകൊണ്ടേയിരിക്കും. അതെ സമാവറില്‍ തന്നെ കരിയും ഇടുന്നതു കാണാം. ഇത് രണ്ടും ഒരെ പാത്രത്തില്‍ ഇടുന്നതു സൂക്ഷിച്ചു നോക്കിയില്ലെങ്കില്‍ ഒരത്ഭുതമായി തോന്നും. ചെറുപ്പത്തില്‍ ഒരത്ഭുതം തന്നെയായിരുന്നു.
സമാവര്‍ ഒരു സ്റ്റാന്‍ഡിലായിരിക്കും വെച്ചിരിക്കുക. സമാവറിന്റെ ഏറ്റവും അടിയില്‍ ഒരു തട്ടില്‍ കല്‍ക്കരി കത്തിക്കൊണ്ടേയിരിക്കും. സമാവാറിന്റെ മുകളില്‍ നാലോ അഞ്ചോ ഇഞ്ചു വ്യാസത്തില്‍ ഒരു ഫണല്‍ പോലെ ഘടിപ്പിച്ചിട്ടിട്ടുണ്ടാവും. ഇതിലൂടെ കല്‍ക്കരി ആവശ്യത്തിന് ഇട്ടുകൊടുക്കും. ഇങ്ങനെ ഇടുന്ന കല്‍ക്കരി സമാവാറിനടിയില്‍ കത്തിക്കൊണ്ടിരിക്കുന്ന തട്ടില്‍ പോയി വീഴും. സമാവറിന്റെ മുകള്‍ഭാഗത്തു സൈഡിലായി ഒരു തുളയുണ്ടാവും അതിലൂടെ ആവശ്യാനുസരണം വെള്ളവും ഒഴിച്ചുകൊടുക്കും. കരിക്കട്ടയും വെള്ളവും ഒരെ പാത്രത്തില്‍ ഇടുന്നതു ഏറെ ശ്രദ്ധിച്ചാല്‍ മാത്രമേ അതിന്റെ ഗുട്ടന്‍സ് പിടികിട്ടുകയുള്ളു.
കണ്ണേട്ടാ ഒര് ചായ എന്ന് പറഞ്ഞാല്‍? ചെറിയ സ്റ്റവ്വില്‍ തിളയ്ക്കുന്നതില്‍ നിന്നും രണ്ടോ മൂന്നോ ടീസ്പൂണ്‍ പാലും അടുത്തുള്ള ഭരണിയില്‍നിന്ന് ഒന്നോ രണ്ടോ ടീസ്പൂണ്‍ പഞ്ചസാരയും ഒരു ചെറിയ കൈപ്പാത്രത്തില്‍ ഇടും. സമാവറിന്റെ മുകളില്‍ നിന്നും വേറൊരു കൈപ്പാത്രം എടുത്ത് അതിലുള്ള തുണിപോഞ്ചിയില്‍ കുറച്ചു ചായപ്പൊടി ഇട്ട്, സമാവാറിന്റെ ടാപ്പ് തുറന്ന് ചൂടുവെള്ളം ചേര്‍ത്ത് സുമാര്‍ അളവാണെങ്കിലും ചെറിയ സ്പൂണ്‍ കൊണ്ട് കട, കട, കട, കട അടിച്ച് മിക്‌സ് ചെയ്ത് വായുവിലേക്ക് നീട്ടി രണ്ടുവലിവലിച്ച് ഗ്ലാസ്സില്‍ ഒഴിക്കുമ്പോള്‍ ചായ പതഞ്ഞുപൊങ്ങി ഏതാണ്ട് ഗ്ലാസ്സിന്റെ മുക്കാല്‍ ഭാഗം വരെ ഉണ്ടാവും. അതില്‍ ഏകദേശം ഒന്നൊന്നര സെന്റിമീറ്റര്‍ നുരയാരിക്കും. ചായ ഗ്ലാസില്‍ ഒഴിച്ചുകഴിഞ്ഞാല്‍ പറയുന്ന എണ്ണത്തിന് കറക്ട് ചായ റെഡി.
അതൊരു കയ്യളവാ… ഇനി അഥവാ കുറച്ച് കുറഞ്ഞുപോയിട്ടുണ്ടെങ്കില്‍ പോഞ്ചിയെടുത്ത് തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ഒന്നമര്‍ത്തുമ്പോള്‍ പോഞ്ചിയില്‍ നിന്നും കട്ടിയുള്ള ബ്രൗണ്‍ ഡിക്കോഷന്‍ ഉറ്റിയെടുത്താല്‍ ചായയുടെ ടേസ്റ്റും കൂടും. അളവും കൃത്യമായിരിക്കും.
സിസേഴ്‌സ്, ചാര്‍മിനാര്‍ സിഗരറ്റുകള്‍. ദിനേശ്, സാധു, ഉമ്മര്‍, വാധ്യാര്‍, ബീഡികള്‍. പിന്നെ ചുരുട്ടും കിട്ടും. ചുരുട്ടില്‍ വലിയ ലാഭമുണ്ടാക്കാന്‍ ഇടയില്ല. കാരണം കണ്ണേട്ടന്‍ ചുരുട്ട് വലിക്കുന്ന കൂട്ടത്തിലാണ്..
തൊട്ടടുത്ത് ചാത്തുവേട്ടന്റെ ചായക്കട. സ്പെന്‍സര്‍ കണ്ണേട്ടന്റെ കടയെ അപേക്ഷിച്ചു കുറച്ചു കൂടി വലിയ കട. വിഭവങ്ങളും കുറച്ചു കൂടുതല്‍ ഉണ്ടാവും. കിഴങ്ങുപൊരി, ബോണ്ട, സുഖിയന്‍, പഴംപൊരി, പരിപ്പുവട, ഉള്ളിവട, കായുണ്ട ഇതൊക്കെ ഓരോ ഐറ്റം തീരുന്നതനുസരിച്ചു കണ്ണാടി അലമാരയില്‍ നിറഞ്ഞുകൊണ്ടിരിക്കും. സീസണായാല്‍ നല്ല അരിക്കടുക്കയും കിട്ടും. പുറമെനിന്ന് നോക്കുമ്പോള്‍ കണ്ണാടി അലമാരയുടെ ചില്ലു മുഴുവന്‍ ചൂടുകൊണ്ട് ആവിനിറഞ്ഞു മഞ്ഞു മൂടപ്പെട്ടതുപോലെ കാണാം. ഉച്ചയോടടുപ്പിച്ച് ഊണും കിട്ടും.
സ്‌കൂള്‍ പഠനം കഴിഞ്ഞു കോളേജില്‍ പഠിക്കുമ്പോഴും അതിനുശേഷവും ഞങ്ങള്‍ സ്ഥിരമായി ഒത്തുകൂടുന്നത് ചാത്തുവേട്ടന്റെ ഈ കടയില്‍ ആയിരിക്കും.
നമ്മളെക്കാള്‍ ഏറെ പ്രായമുണ്ടെങ്കിലും, നമ്മുടെ എല്ലാ പരിപാടികളിലും ചാത്തുവേട്ടനും സജീവമായി ഉണ്ടാവും. ഇദ്ദേഹത്തിന്റെ കടയുടെ കൂടതല്‍ വിവരങ്ങള്‍ മറ്റൊരു കഥയില്‍ പറയുന്നുണ്ട്.
മയ്യഴിയിലെ ഹോട്ടലുകളെ പറ്റി പറയുമ്പോള്‍ ഓര്‍മയില്‍ വരുന്ന ചിലതുകൂടി പറയട്ടെ: ജെ.എന്‍. എച്ച്. എസിന് മുന്‍പിലെ സുകുവേട്ടന്റെ ഹോട്ടല്‍. സ്‌കൂള്‍, കോളേജ് കുട്ടികളെ ആശ്രയിച്ചുള്ള കച്ചവടം. അമ്മിയില്‍ അരച്ച കറിയും മല്‍സ്യവിഭവങ്ങളും കിട്ടും. ഉച്ച മൂന്നുമണികഴിഞ്ഞാല്‍ ഏതാണ്ട് എല്ലാ വിഭവങ്ങളും തീര്‍ന്നിരിക്കും.
കുറച്ചുകൂടി മുന്‍പോട്ടുപോയാല്‍ റോഡ് വളഞ്ഞുവരുന്ന സ്ഥലത്തു മുകുന്ദേട്ടന്റെ അച്ഛന്റെ ഒരു ചായക്കട. അതിലും മുന്‍പോട്ടു പോകുമ്പോള്‍ ഇടതു ഭാഗത്തായി പരമ്പരാഗതമായി മാഹിയിലേക്ക് സ്വാഗതം ചെയ്തുകൊണ്ടും നന്ദി പറഞ്ഞുകൊണ്ടും സ്വീകരിച്ചും യാത്രയാക്കുകയും ചെയ്യുന്ന രണ്ടു ഹോട്ടലുകള്‍. മാഹി ഹോട്ടലും പാരീസ് ഹോട്ടലും. പേരുപോലെ ത്തന്നെ പ്രതാപത്തോട് കൂടി നടത്തിയ വിശാലമായ ഹോട്ടല്‍. രണ്ടു സ്ഥലത്തും മത്സരിച്ചുള്ള കച്ചവടം. ബിരിയാണി നെയ്ച്ചോര്‍, മട്ടന്‍ ചോപ്‌സ്, പൊറോട്ട, വെള്ളയപ്പം, റൊട്ടി, ഊണ്‍ സുലഭമായി ലഭിക്കും. രാത്രി ഏറെ വൈകിയാലും ഭക്ഷണസാധനങ്ങള്‍ റെഡിയായിരിക്കും ഇവിടെ.
കെ.ടി.സി. മുക്ക് വളഞ്ഞുകഴിഞ്ഞാല്‍ ഒരു ചെറിയ ഹോട്ടലെന്നു വിളിക്കാവുന്ന കട കല്യാണിയമ്മയുടെതാണ്. പിന്നീട് മകള്‍ ദമയന്തി ഏറ്റെടുത്തു നടത്തി എന്ന് തോന്നുന്നു. പ്രധാനമായും ചില പോലീസുകാര്‍ക്കും മയ്യഴി സബ് ജയിലിലേക്കും ഭക്ഷണം ഇവിടെനിന്നാണ്.
അത് കഴിഞ്ഞാല്‍ പിന്നെ അന്നത്തെ കാലത്ത് ഫ്രാങ്ക്ലി (ഇപ്പോഴത്തെ അലങ്കാര്‍ വൈന്‍സിനോട് തൊട്ട്) പുരുഷുവേട്ടന്‍ നടത്തിയ ഒരു ഹോട്ടല്‍. പുരുഷുവേട്ടന്‍ അഴിയൂര്‍ ചുങ്കത്ത് ചെക്ക് പോസ്റ്റിനു അടുത്തു 24 മണിക്കൂറും ഹോട്ടല്‍ നടത്തി വിവിധ ഭാഷ സംസാരിക്കുന്നവര്‍ക്ക് അവരുടെ രുചിയില്‍ ഭക്ഷണം നല്‍കി പ്രശസ്തിയാര്‍ജിച്ച ആളായിരുന്നു.
എല്ലാം ഒരേ പാത്രത്തില്‍ നിന്നാണ് വിളമ്പുന്നതെങ്കിലും ഹിന്ദിക്കാര്‍ക്ക് അവരുടെ രുചി, ആന്ധ്രാക്കാരന് അവരുടെ രുചി, തമിഴന് അവരുടേത്.
എല്ലാവരും പുരുഷുവേട്ടന്റെ ഭക്ഷണം ആസ്വദിച്ച് കഴിക്കും. ഏതു സമയത്തു ചെന്നാലും മല്‍സ്യവിഭവങ്ങളും ലിവറും മുള്ളും-തലയും ബ്രെയ്നും മുട്ടറോസ്റ്റും ഇറച്ചിയും ഓംലെറ്റും ഒക്കെ റെഡിയാണ്.
അഴിയൂര്‍ ചുങ്കത്തു പണ്ട് നടന്നത് പോലെ എന്തോ പ്രശ്‌നം മാഹിയിലും ഉണ്ടായപ്പോള്‍, വീണ്ടും അഴിയൂര്‍ ചുങ്കത്തേക്കുതന്നെ കച്ചവടം മാറ്റി. കൂടുവിട്ട് കൂടുമാറും പോലെ. അദ്ദേഹത്തിന്റെ കട മാറുന്നേടത്തു ചെക്ക് പോസ്റ്റും മാറി വരും! ധനലക്ഷ്മി അനുഗ്രഹിച്ച മനുഷ്യന്‍ എപ്പോഴും തിരക്കുതന്നെ.
പിന്നെ പള്ളി കഴിഞ്ഞാല്‍ ഫല്‍ഗുവേട്ടന്റെ ചായക്കട, അവിടെയും വിഭവങ്ങള്‍ ഏറെ. എങ്കിലും പരിപ്പുവടയും ബോണ്ടയും സുഖിയനും നെയ്പ്പത്തലും. പത്തു- പതിനൊന്നു മണിയായാല്‍, ഇറച്ചിക്കറിയും പൊറോട്ടയും റെഡി. പത്തു മീറ്റര്‍ മാറി, കോനാര്‍കണ്ടി നാണുവേട്ടന്റെ ഹോട്ടല്‍. ഊണ്‍ മാത്രം. തൊട്ടടുത്ത് താത്കാലികമായി കെട്ടിയ ഷെഡില്‍ നിന്നും പാചകം ചെയ്തു കടയില്‍ വിളമ്പും. ഇവിടെയും നല്ല വീട്ടു ശാപ്പാടിനൊപ്പം വിളമ്പുന്ന സ്പെഷല്‍ ഐറ്റമാണ് കല്ലുമ്മമ്മക്കായ് വറുത്തത്. മല്‍സ്യം, ഇറച്ചി ഒക്കെ ലഭിക്കും. പതിവുകാരിലധികവും ഉദ്യാഗസ്ഥന്മാര്‍. വാടകയ്‌ക്കെടുത്ത സ്ഥലത്തു കെട്ടിയ ഓല ഷെഡ്ഡ് ഒഴിയാന്‍ നോട്ടീസ് കൊടുത്തതും, ഒഴിയാതെ നീണ്ടപ്പോള്‍ ഒരു രാത്രി അതിനു തീപിടിച്ചതും, പിന്നീട് ഒറ്റരാത്രികൊണ്ട് വീണ്ടും അതെ വലുപ്പത്തിലും ഉയരത്തിലും വീണ്ടും ഉയര്‍ന്നുവന്നതും ഒക്കെ ഓര്‍ക്കുന്നു.
തൊട്ടടുത്തു തന്നെ മോഡേണ്‍ ഹോട്ടല്‍. അവിടത്തെ ഇഷ്ടു പ്രസിദ്ധമായിരുന്നു. ചുരുക്കം ചില
വി.ഐ.പി.കള്‍ മാത്രം സന്ദര്‍ശിക്കുന്ന ഹോട്ടല്‍. പിന്നീട് മകന്‍ അശോകന്‍ അത് ജനകീയമാക്കാന്‍ ശ്രമിച്ചു പരാജയപെട്ടു. പിന്നെ അദ്ദേഹം വിദേശത്തുപോയി എന്നറിഞ്ഞു. അത് ഇപ്പോഴത്തെ മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബായി മാറി. മയ്യഴിയിലെ ചായയും ഊണും നല്‍കി വളര്‍ത്തിയ ആരോഗ്യം സ്‌പോര്‍ട്‌സിനും ഗെയിംസിനും തിരിച്ചുനല്‍കി. നല്ലൊരു ലൈബ്രറി നടത്തുന്നതിലൂടെ മാനസീക ആരോഗ്യവും ഇപ്പോഴും നിനിര്‍ത്തുന്നു.
പിന്നെയും മുന്‍പോട്ടു പോകുമ്പോള്‍ ജെനുവിന്റെ ചായക്കട. ഉഴുന്നുവടയും പരിപ്പുവടയും സുഖിയനും ബോണ്ടയും ഒക്കെ ലഭിക്കുമെങ്കിലും പരിപ്പുവടയുടെ രുചിക്കൂട്ട് മറ്റു ഹോട്ടലുകാര്‍ക്കൊന്നും കിട്ടിയിട്ടില്ല. അതില്‍ ചേര്‍ത്ത കൂട്ടിന് ഒരു പ്രത്യേക രുചിയായണ്. ഇവിടത്തെ ഉള്ളിവടയും പ്രസിദ്ധം.
ഒപ്പം പഠിച്ച ചങ്ങാതിമാരൊക്കെ വിവിധ മേഖലയില്‍ ചേക്കേറിയപ്പോള്‍, തന്റെ സഹോദരിക്ക് പിന്തുണ നല്‍കി ഹോട്ടല്‍ ബിസിനസ് തന്റെ ഉപജീവനമായി സ്വീകരിച്ച ജെനു
തന്റെ എല്ലാ കൂട്ടുകാര്‍ക്കും ഒത്തുചേരാനുള്ള സൗകര്യം അവിടെ നല്‍കി. കപ്പലില്‍നിന്ന് ഇറങ്ങിവരുന്ന കപ്പിത്താന്മാരെയും എഞ്ചിനിയര്‍മാരെയും സ്വീകരിച്ച് ജെനു അവിടെയുണ്ടാകും. അഗ്രികള്‍ച്ചര്‍ ഡയറക്ടര്‍മാരായ ഉണ്ണിയേട്ടനും രവിയേട്ടനും അവിടെ കാണാം വൈകുന്നേരമായാല്‍.
കട ഇപ്പോഴും അവിടെയുണ്ടെങ്കിലും കച്ചവടരീതിയൊക്കെ അടിമുടി മാറി. അതിപ്പോള്‍ ഹവാന ബാറായി. രണ്ടും കുടിക്കുന്ന പൊരുളാണെങ്കിലും പ്രകടമായ വ്യത്യാസമുണ്ട.്. അതറിഞ്ഞു കുടിച്ചാല്‍ കുടിക്കുന്നവര്‍ക്ക് നല്ലത്.
ഇറക്കം ഇറങ്ങി വലതുഭാഗത്തായി ശശിധര ഹോട്ടല്‍. ഊണിന് പ്രസിദ്ധമായിരുന്നു. അത് നടത്തിവന്നത് ചാത്തുവേട്ടനും പാരീസ് കണ്ണേട്ടനും. പിന്നീട് മകന്‍ ശശി നടത്തി കുറച്ചുകാലം. ശശിധര ഹോട്ടല്‍ നടത്തിയ കണ്ണേട്ടനും നല്ലൊരു കുക്കായിരുന്നു. അവരുടെ ഇഷ്ടുവും നെയ്‌ച്ചോറും ഒക്കെ പ്രസിദ്ധമായിരുന്നു. പാരീസ് കണ്ണേട്ടന്‍ എന്ന് പറഞ്ഞാല്‍ എല്ലാവരും അറിയും.
അതുകഴിഞ്ഞു മുപ്പതു മീറ്ററോളം മുന്‍പോട്ടുപോയാല്‍ ഇടതുഭാഗത്തായി ജനതാ ഹോട്ടല്‍. മയ്യഴിയിലെ മറ്റൊരു പ്രധാന ഉച്ചഭക്ഷണം വിളമ്പുന്ന സ്ഥലം. ഉച്ച 12 മണിയോടടുപ്പിച്ച് വിഭവങ്ങളെല്ലാം റെഡി. സ്പെഷല്‍ ഐറ്റം തീരുന്നതനുസരിച്ച് അടുക്കളയില്‍ ഇറച്ചി, മല്‍സ്യം എന്നിവ പാചകം ചെയ്തുകൊണ്ടേയിരിക്കും. എല്ലാം ചൂടോടെ ലഭിക്കും. രുചിയും ഗംഭീരം.
ഞാന്‍ ഗള്‍ഫില്‍നിന്ന് വന്നാല്‍ ഒരു ദിവസം അവിടെനിന്നു ഭക്ഷണം കഴിക്കാറുണ്ട്, ഓര്‍മപുതുക്കാന്‍.
കിട്ടേട്ടന്റെ മരണശേഷം (വിജയനും ജയനും മസ്‌കറ്റിലായിരുന്നു) ഇളയ മകന്‍ ആനന്ദനായിരുന്നു ഹോട്ടല്‍ നടത്തിപോന്നിരുന്നത്. പിന്നീട് ഹോട്ടല്‍ വീണ്ടും ജയന്‍ ഏറ്റെടുത്തു.
പിന്നെ വലതുഭാഗത്തായി കിഴങ്ങും കട്ടന്‍കാപ്പിയും കിട്ടുന്ന ഗോവിന്ദേട്ടന്റെ കട. ഇവിടെ ഇതിനു പുറമെ ചിരട്ട, മടല്‍, ചൂടി, കയര്‍ മുതലായവയും ലഭിച്ചിരുന്നു.
പാറക്കല്‍ കടപ്പുറത്തു പോകുന്ന വഴിയിലെ കാപ്പിക്കാരന്‍ നാണുവേട്ടന്റെ കട. ചൂടുള്ള ചായ, ഒപ്പം മൊരിഞ്ഞ ഉള്ളിവട, പഴംപൊരി, പൊറോട്ട, ഇറച്ചിക്കറി, മല്‍സ്യക്കറി ഇവ എപ്പോഴും തയ്യാറായിരിക്കും. ചക്കയുടെ സീസണായാല്‍ ചക്ക പൊരിച്ചതും കായുണ്ടയും ബോണ്ടയും നെയ്പ്പത്തലും കിട്ടും.
മഴക്കാലമായാല്‍ മീന്‍പിടുത്തം കഴിഞ്ഞ് മല്‍സ്യവുമായി മഴനനഞ്ഞ്, ചെറിയ തലക്കുടചൂടി എത്തും. തുടയുടെ പകുതിയോളം മാടിക്കെട്ടിയ ലുങ്കിയായിരിക്കും വേഷം. തലക്കുട ചേതിയില്‍ വെച്ചിട്ട് കാലിലെ പൂഴി, മഴയുടെ ശക്തിയില്‍ ഇറയത്തു നിന്നും ഒലിച്ചുവരുന്ന വരുന്ന വെള്ളത്തില്‍ കഴുകി ചായ കുടിക്കാനിരിക്കുന്നതൊക്കെ ഓര്‍മയില്‍ വരുന്നു..
ചിലര്‍ക്ക് ചായയെക്കാള്‍ പ്രധാാനം ഉമ്മര്‍ ബീഡി, സാധുബീഡി, കുറച്ചു പ്രായമുള്ള വരാണെങ്കില്‍ സോമന്‍ ചുരുട്ട്. മുറുക്കുന്ന ആളുകളും കൂട്ടത്തില്‍ ഉണ്ട്.
സിഗരറ്റ് വേണ്ടവര്‍ പൈതല്‍ നായരുടെ കടയില്‍ തിരക്ക് കൂട്ടും. ഇതൊക്കെ നോക്കി വൈകുന്നേരത്തേക്കുള്ള കിഴങ്ങും കാപ്പിയും തയ്യാറാക്കുന്ന തിരക്കില്‍ മുഴുകി കുഞ്ഞിക്കിട്ടേട്ടനും ബാലേട്ടനും.
സോമന്‍ ചുരുട്ടും ഉമ്മര്‍ ബീഡിയും സാധുബീഡിയും ഒക്കെ ദിനേശ് ബീഡിയുടെ കടന്നുവരവോടെ ഇല്ലാതായി (സാധുബീഡിയുടെ ലയിറ്റുകൊണ്ടുള്ള പരസ്യം തലശ്ശേരി പുതിയമ്പലത്തിലെ ഉത്സവത്തിന് പ്രധാന കാഴ്ചയായിരുന്നു).
പരിഷ്‌കാരം വന്നതോടെ പുകവലി സിസേഴ്‌സ്, പാസിങ് ഷോ തുടങ്ങിയവയിലേക്ക് മാറി. ഗോള്‍ഡ് ഫ്ളെക്കിന്റെയും വില്‍സിന്റെയും കടന്നുവരവോടെ പാസിങ് ഷോ ഇല്ലാതായി.
ജനതാ ഹോട്ടലിലല്‍നിന്നും കുറച്ചു കൂടി താഴോട്ട് നടന്നാല്‍ മീന്‍ മാര്‍ക്കറ്റിനടുത്തു മനയില്‍ പോകുന്ന വഴിക്ക് രാമേട്ടന്റെ ചായക്കട. പഴംപൊരി, ബോണ്ട, പരിപ്പുവട, കായുണ്ട. ഇവിടത്തെ കായുണ്ടയ്ക്ക് നല്ല രുചിയാണ്. നേന്ത്രപ്പഴം കൂട്ടിക്കുഴച്ചു തേങ്ങാക്കൊത്തും ജീരകവും എള്ളും അയമോദകവും ഇട്ട് ചുട്ടെടുക്കുന്ന കായുണ്ട ഇവിടെ ലഭിക്കും.
കുറച്ചു കൂടി താഴോട്ട് നടന്നാല്‍ തോട്ടിന്റടുത്തു ഒരു ചായക്കട. ഇവിടെയും വിഭവങ്ങളൊക്കെ സമാനം. ജുമാ പള്ളിക്കു എതിരായി സ്റ്റേറ്റ് ഹാട്ടല്‍. പാറക്കല്‍ സ്റ്റേറ്റ് ഹോട്ടലിനടുത്തു തന്നെ മറ്റൊരു ചെറിയ കട ഉള്ളത് ഇബ്രാഹീംക്കന്റെ കടയായിരുന്നു. അവിടെ പലവിധത്തിലുള്ള ബേക്കറി സാധനത്തോടൊപ്പം സിഗരറ്റും ബീഡിയും ഒക്കെ വിറ്റിരുന്നു.
ഒരു നല്ല ചൂടുള്ള സമയം. ജ്യൂസ് അടിക്കുന്നത് കണ്ടു. വെറും പഴത്തിന്റെ ജ്യൂസിലായിരുന്നു തുടക്കം. ക്രമേണ അത് മറ്റു പഴവര്‍ഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി വിപുലീകരിച്ചു. അതു പിന്നെ പൊടിച്ചായ, അതോടൊപ്പം ബേക്കറി സാധനങ്ങളും. സ്ഥലപരിമിതി കാരണം ഇരുന്നു കഴിക്കാന്‍ അസൗകര്യക്കേടുള്ള ഒരു കട. എങ്കിലും ആളുകള്‍ അവിടത്തെ രുചി ഓര്‍ത്തുവരും. കസ്റ്റമേഴ്‌സും പരിമിതം. ക്രമേണ വീട്ടില്‍ നിന്നും ഉണ്ടാക്കിക്കൊണ്ട് വരുന്ന ഐറ്റങ്ങള്‍ കൂടി വന്നു. പ്രധാനം ഉന്നക്കായ, ഇറച്ചിപ്പത്തല്‍, ഇറച്ചി, പൊറോട്ട, ഒടുവില്‍ അവിടെ ബിരിയാണിയും നെയ്‌ച്ചോറും വരെ കിട്ടുമെന്നായി. എല്ലാം പരിമിതമായ അളവില്‍ മാത്രം.
കുറച്ചുകൂടി മുന്‍പോട്ടു പോയാല്‍ ആണ്ടിയേട്ടന്റെ ചായക്കട. പിന്നെയുള്ളത് നാരാണേട്ടന്റെ വസന്ത ഹോട്ടല്‍. പെട്രോള്‍ പമ്പിന് എതിരായി ബാലേട്ടന്റെ ജയശ്രീ ഹോട്ടല്‍ ഇതൊക്കെയായിരുന്നു മെയിന്‍ റോഡിലെ ഹോട്ടലുകള്‍. ഇതില്‍ ചില ഹോട്ടലുകളില്‍ സ്ഥിരമായി ആലുവ വില്‍ക്കുന്നതുകാണാം.
കേളപ്പന്‍ നായരുടെ പീടിക കഴിഞ്ഞാല്‍, ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തായി തിരുവങ്ങാട്ടമ്പലത്തിന്റെ അടുത്തുള്ള പട്ടരുടെ ഹോട്ടലിനെ ഓര്‍മിപ്പിക്കും വിധമുള്ള ഒരു ചായക്കട. അഴിയൂരില്‍ നിന്നും വരുന്ന ബാലന്‍ നായരാണ് അത് നടത്തിയിരുന്നത്.
ഒരു തമിഴ് പാലക്കാടാന്‍ ടേസ്റ്റില്‍ ഇഡഡ്ഡലിയും ചട്ടിണിയും പുട്ടും അപ്പവും ഒക്കെയുണ്ടെങ്കിലും, മയ്യഴിയില്‍ തനതു സ്റ്റൈലിലുള്ള ഇഡ്ഡലിയും ചട്ണിയും കഴിക്കാന്‍ പുതുച്ചേരിയില്‍ നിന്നും മാറിവരുന്ന ഉദ്യോഗസ്ഥന്മാരും പോലീസുകാരും സ്ഥിരമായി ഇവിടെ എത്തും.
ചൂടി കോട്ടേമ്മല്‍ എത്തിയാല്‍ മണ്ടോള ക്ഷേത്രത്തിനടുത്തായി ഒര് പലചരക്കുകടയും കൃഷ്ണന്‍ നായര്‍ നടത്തിയ ചായക്കടയും. കടയ്ക്കു മുകളില്‍ ബേങ്കര്‍ കിട്ടുവേട്ടന്റെ ഒരോഫീസ്. ആ കട പലരും മാറിമാറി നടത്തിയെങ്കിലും ഇപ്പോഴില്ല. പിന്നെ ഈ കട റെയില്‍വേ സ്റ്റേഷന്റടുത്തുള്ള താജുക്കയായിരുന്നു നടത്തിയത്. താജുക്ക നല്ലൊരു കുക്കാണ്. താജുക്ക ആ കടയെ നല്ലരീതിയില്‍ കൊണ്ടുപോയിരുന്നു. മുട്ട ഒഴിച്ചുള്ള സ്പെഷല്‍ വെള്ളയപ്പം, പുട്ട്, കടല ഒക്കെയാണെങ്കിലും അദ്ദേഹത്തിന്റേതായ ചില പലഹാരങ്ങള്‍ കൂടി ഉണ്ടായിരുന്നു. അതില്‍ പ്രധാനമായും ഓര്‍ത്തെടുക്കാന്‍ പറ്റുന്നത് കാജ (മഞ്ഞകളറില്‍ ഒരു ചെറിയ സ്‌കെയിലിന്റെ വലിപ്പത്തില്‍ അഞ്ചോ ആറോ മടക്കുകളായി). എണ്ണയില്‍ വറുത്തെടുത്ത് മുകളില്‍ പഞ്ചസാര ലായനിയും ഒഴിച്ചുള്ള ഒരു പലഹാരം. തരിയുണ്ട, മണ്ട (ത്രികോണാകൃത രീതിയില്‍ ഇപ്പോഴത്തെ സമൂസ പോലെ). കുറച്ചു വലിപ്പം ഉണ്ടാവും. അതില്‍ നെയ്യില്‍ വറുത്ത തരിയും തേങ്ങയും നട്‌സും പഞ്ചസാരയും മിക്‌സ് ചെയ്തു നിറച്ചുള്ള ഒരു പലഹാരം. പിന്നെയുള്ളതു ഇരട്ട കേക്ക്. ഇതും മൈദ ഉപയോഗിച്ചുള്ളത് തന്നെ (കാഴ്ചയില്‍ ആടിന്റെ കുളമ്പുപോലെയുണ്ടാവും). പൊട്ടിയപ്പം, നെയ്യപ്പം, കലത്തപ്പം ഇതൊക്കെ താജുക്കയുടെ സ്‌പെഷാലിറ്റിയായിരുന്നു. പഴംപൊരിയും പരിപ്പുവടയും ഏത്തപ്പഴം പൊരിച്ചതും പഴം നിറച്ചതും ഉന്നക്കായയും ഒക്കെ മാറിമാറിയുണ്ടാവും. കടയില്‍ വില്‍ക്കുന്നതിനേക്കാള്‍ പുറം ഓര്‍ഡറും അവര്‍ക്കുണ്ടവും.
കാരണം അക്കാലങ്ങളില്‍ കുടുംബത്തിലെ പെണ്‍കുട്ടികള്‍ കല്യാണം കഴിഞ്ഞു പോയാല്‍ കുറച്ചു ദിവസം താമസിക്കാന്‍ സ്വന്തം വീട്ടില്‍ വരും. അഞ്ചോ പത്തോ ദിവസം താമസിച്ചു തിരിച്ചുപോവുമ്പോള്‍ ഒരു ചൂരല്‍ കോട്ടയില്‍ ഇത്തരം പലഹാരങ്ങളും നേന്ത്രക്കുലയും അരിയുണ്ടയും ഒക്കെ കൊടുത്തയാക്കും. താജുക്കയ്ക്കാണ്് ഇതിന്റെ ഓര്‍ഡര്‍.
ചെറിയ ചെറിയ സല്‍ക്കാരങ്ങളൊക്കെയാണെങ്കില്‍, താജുക്ക വീട്ടില്‍ വന്ന് ബിരിയാണിയും നെയ്‌ച്ചോറുമൊക്കെ ഉണ്ടാക്കും. പിന്നീട് ആ കട കുറച്ചുകാലം നടത്തിയത് ചാന്ദ്രദാസിന്റെ ഭാര്യയുടെ അച്ഛനും അമ്മയും കൂടിയായിരുന്നു.
അതിര്‍ത്തിിയില്‍ എത്തുമ്പോള്‍ കുറ്റിപ്പുനത്തില്‍ കൃഷ്ണന്‍ നായരുടെ ചായക്കട. നല്ല സോഫ്റ്റ് പുട്ട് ഇവിടെ കിട്ടും. മുളംകുറ്റിയില്‍ ചുട്ടെടുക്കുന്ന പുട്ടിന്റെ രുചിയും അത് ഇലയില്‍ ചുറ്റിവെക്കുമ്പോള്‍ അതി നിന്നും വരുന്ന മണവും കൂടിയാവുമ്പോള്‍ ഒരു കറിയും കൂടാതെ കുറ്റി പുട്ടുമുഴുവന്‍ അകത്താക്കാനുള്ള മോഹമുണ്ടാവും.
തൊട്ടടുത്തു കല്ലാട്ട് കിട്ടേട്ടന്റെ ചായക്കട. വെള്ളാപ്പത്തിന് പ്രസിദ്ധം. അതിരാവിലെ കിട്ടുവച്ചനും കല്യാണിയമ്മയും വന്ന് കടതുറക്കുന്നതുംകാത്ത് നാടന്‍പണിക്കു പോകുന്നവര്‍ നില്‍ക്കുന്നുണ്ടാവും. കടയ്ക്കു പിന്നിലുള്ള അടുക്കളയില്‍ റാപിഡ് മൂന്നു ബെഞ്ചുകള്‍ ഇട്ടിരിക്കുന്നത് കാണാം. മിക്കവാറും ജോലിക്കു പോകുന്ന സ്ത്രീകളായിരിക്കും അവിടെ ഇരിക്കുക. കല്യാണിയമ്മ വെള്ളാപ്പത്തിന്റെ മാവു കലക്കിയ കുട്ടുകം തുറന്ന് ചിരട്ടക്കൈല്‍ കൊണ്ട് ഇളക്കി വസികൊണ്ട് മൂടിവെക്കും. ഇതിനിടയില്‍ ആപ്പച്ചട്ടി അടുപ്പില്‍വെച്ച് ഒപ്പം മെറ്റലും തിരുകി കത്തിക്കും. ചാറ്റിങ് ചൂടായി വരുമ്പോള്‍ കുടുക്കയില്‍ നിന്നും കയ്യിലുകൊണ്ട് ഇളക്കി മാവുകോരി ചട്ടിയില്‍ ഒഴിച്ച് കുടുക്ക മൂടി ചെന്നൈ ചട്ടിയുടെ പിടി തുണികൂട്ടി പിടിച്ച് ചുഴറ്റി വക്കുവരുത്തി ഒരു തകര മൂടികൊണ്ട് മൂടിവെക്കും. ഇങ്ങനെ രണ്ടുമൂന്നു ചട്ടിയുണ്ടാവും. മറ്റു അടുപ്പുകളില്‍ പുട്ടു ചുടുന്നത് കാണാം. എങ്കിലും വെള്ളാപ്പത്തിനാണ് ഡിമാന്റ്. വെള്ളാപ്പം ചുട്ടുകഴികഴിഞ്ഞാല്‍ മുളകൊണ്ട് ഉണ്ടാക്കിയ ചതുരത്തിലുള്ള മുറത്തില്‍ ഇല വാട്ടി വിരിച്ചിട്ടുണ്ടാവും, അതില്‍ എടുത്തുവെക്കും. കുടുക്കയുടെ അടുത്തുതന്നെ പിത്തള മുരുടയില്‍ തേങ്ങാപ്പാല്‍ ഉണ്ടാവും അതില്‍ പരന്ന ടീ സ്പൂണ്‍ ഇട്ടിരിക്കും. അത് കൊണ്ട് പാസ് കോരി ചുട്ടുവെച്ച അപ്പത്തില്‍ ഒഴിച്ചുകൊടുക്കും. വൈകുന്നേരമായാല്‍ പോത്തിറച്ചിയും ബ്രഡ്ഡും ലഭിക്കും.
അവിടെന്നു നേരെ സിനിമാ ടാക്കിസ് റോഡില്‍ വന്നാല്‍ കുങ്കുവച്ചന്റെ ചായക്കട. ഇവിടെ ഉച്ചയ്ക്ക് ശേഷം കിട്ടുന്ന പോത്തിറച്ചിയും ബ്രെഡ്ഡും പ്രസിദ്ധമായിരുന്നു. ടാക്കീസിനടുത്തും ഒരു ചായക്കട ഉണ്ടായിരുന്നു പേര് ഓര്‍മയില്‍ ഇല്ല.
സ്റ്റേഷന്‍ റോഡിലെ മറ്റൊരു കടയായിരുന്നു വിത്ത് കുമാരേട്ടന്റെ. എന്തായിരുന്നു വിറ്റിരുന്നതെന്ന്് ശരിക്കും ഓര്‍ത്തെടുക്കുന്നില്ല. എങ്കിലും വിംറ്റോ എന്ന ക്രഷ് ആ കടയില്‍ നിന്നും വാങ്ങി കുടിച്ചതായി ഒരോര്‍മയുണ്ട്. അനാദിക്കടയാണെന്നൊരോര്‍മ.
പാറക്കലേക്കു പോകുമ്പോള്‍ വിത്ത് ആനന്ദേട്ടന്റ തുന്നല്‍ കട. കിടക്ക ഉണ്ടാക്കാന്‍ പ്രസിദ്ധനായിരുന്നു വാഴയില്‍ അനന്തന്‍ മേസ്ത്രി. അതു പോലെതന്നെ പ്രസിദ്ധനായിരുന്നു ശ്രീകൃഷ്ണ ക്ഷേത്രതത്തിനടുത്തുള്ള കോമന്‍ മേസ്ത്രി. കിട്ടന്‍ മേസ്ത്രിയും സ്റ്റേഷന്‍ റോഡിലെ കണാരന്‍ മേസ്ത്രിയുമൊക്കെ മയ്യഴിയോടപ്പം ഓര്‍ക്കേണ്ടവര്‍ തന്നെ.
അവരൊക്കെ പറ്റിയുള്ള എനിക്കുള്ള അറിവ് പരിമിതമാണ്. സിസി ബാലേട്ടന്റെ സോഡാ ഫാക്ടറിയും അവിടെന്നുണ്ടാക്കുന്ന ക്രഷും മറക്കാന്‍ പറ്റില്ല.
ഇതൊക്കെ ഓര്‍ക്കുമ്പോള്‍ മയ്യഴിയില്‍ അകെ ഉണ്ടായ ഒരു സിനിമാ ടാക്കീസിനെ ഓര്‍ക്കാതെ പോവുന്നത് ശരിയല്ല. പോക്കൂക്കയായിരുന്നു അതു നടത്തിയത്. അതിനു മുന്‍പ് മറ്റാരോ നടത്തിയിരുന്നു ലാഭമില്ലാത്തതിനാല്‍ പൂട്ടിയിടുകയും തുടര്‍ന്ന് പോക്കുക്ക ഏറ്റെടുക്കുകയുമായിരുന്നു.
മയ്യഴിയോടൊപ്പം കിതച്ചും കുതിച്ചും അതിന്റെ പ്രയാണം തുടരുന്നതോടൊപ്പം മയ്യഴിയിലെയും പരിസരത്തെയും സിനിമാപ്രേമികള്‍ക്ക് ഭക്തകുചേലയും രമണനും പാലാട്ട് കോമനും കാവ്യമേളയും പടയോട്ടവും കണ്ടംബെച്ചകോട്ടുമൊക്കെ കാട്ടിത്തരാന്‍ ഈ ഒരു സിനിമാകൊട്ടയെ ഉണ്ടായിരുന്നുള്ളു. പിന്നീട് ദീര്‍ഘകാലമായി നടന്നുവന്ന കേസിന്റെ വിധിപ്രകാരം ടാക്കീസ് പൂട്ടി.
ഇതുപോലെ പഴയ മയ്യഴിയെ ഇപ്പോഴത്തെ മയ്യഴിയിലേക്കു എത്തിക്കാന്‍ മയ്യഴിക്കാരോടോപ്പം താങ്ങായി നടന്ന ഒരു ചായക്കടയും ഹോട്ടലും ഇന്നില്ല.
ഒന്നുകില്‍ പുതിയ സമ്പ്രദായത്തോട് പൊരുതാന്‍ കഴിവില്ലാത്ത കൊണ്ട് എല്ലാം മതിയാക്കി പോയി. പരിമിതമായ ആളുകള്‍ മാത്രമുള്ള മയ്യഴിയില്‍ ഇത്രയ്ക്കും ഹോട്ടലുകള്‍ നല്ല രുചിയുള്ള ഭക്ഷണങ്ങള്‍ നല്‍കി വര്‍ഷങ്ങളോളം പ്രവര്‍ത്തിച്ചു.
എന്തുകൊണ്ടോ ഇന്ന് ആളുകള്‍ യഥേഷ്ടം മയ്യഴിയില്‍ പല പല ആവശ്യങ്ങള്‍ക്കായി എത്തുന്നുവെങ്കിലും അവര്‍ക്കു തൃപ്തിയായി ഭക്ഷണം കഴിക്കാനോ ചായകുടിക്കാനോ നല്ല ഹോട്ടലുകള്‍ തപ്പി നടക്കണം.
എം. മുകുന്ദേട്ടന്‍ ഒരിക്കല്‍ ദുബായില്‍ വന്നപ്പോള്‍ പ്രസംഗത്തില്‍ മയ്യഴിയെ പറ്റി പരാമര്‍ശിച്ചത് ഓര്‍ക്കുന്നു. മയ്യഴിയിലെ ഫ്രഞ്ചുകാര്‍ പോയെങ്കിലും മയ്യഴി ഇന്നും ഫ്രഞ്ചു സംസ്‌കാരം നിലനിര്‍ത്തി പോരുന്നു എന്ന്. അതിന്റെ പൊരുള്‍ എല്ലാവര്‍ക്കും മനസിലായി കാണുമെന്നു കരുതുന്നു.
മയ്യഴി വളരുന്നതോടൊപ്പം മയ്യഴിക്കാര്‍ മറന്ന ചില സ്ഥാപനങ്ങളുടെ പേരുകൂടി പരാമര്‍ശിക്കാതെ പോകുന്നത് ശരിയല്ല.
മയ്യഴിയില്‍ നല്ല രീതിയില്‍ നടന്നുവന്ന മേഫീല്‍ഡ് ബേക്കറി, ഷാലിമാര്‍ ബേക്കറി, എക്‌സല്‍ ബേക്കറി പാറക്കലുള്ള ശാരദാ ബേക്കറി, കുറച്ചു താഴോട്ടുപോയാല്‍ ബാലേട്ടന്റെ മെട്രോ ബേക്കറി, ടക്ക് ഇന്‍ഡസ്ട്രി. പള്ളിയുടെ അടുത്തുള്ള വെളിച്ചെണ്ണ മില്ലും, ചപ്പാന്‍ നായരുടെയും ഗോവിന്ദന്‍ നായരുടെയും പൈതല്‍ നായരുടെയും കണാരന്‍ നായരുടെയും വാസുവേട്ടന്റെയും വാഴയില്‍ അനന്ദേട്ടന്റെയും പലചരക്കുകടകളും
എല്ലാ പ്രതാപത്തോടെ നടത്തിയ എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സ്റ്റോറും.
കുടുക്ക, ചട്ടി, കലം മുതലായവ വിറ്റ മാധവേട്ടന്റെ കടയും വലയും അനുബന്ധ സാധങ്ങളും വിറ്റ നന്ദേട്ടന്റെ കടയും തോണിക്കു അടിക്കുന്ന അണ്ടിനെയ്യ്, ചൂടി, മടഞ്ഞ ഓല, മുതലായവ വില്‍ക്കുന്ന സുമതിയേട്ടന്റെ കടയും ധന്വന്തരി വൈദ്യശാലയും ഫ്രഞ്ചു പോളീഷ് ഉണ്ടാക്കുന്ന കൂമ്പിലെ വിജയേട്ടന്റെ കടയും.
ജിഞ്ചര്‍ ബറീസ് ഉണ്ടാക്കുന്ന മാത്യൂസിന്റെ ഫാക്ടറിയും ട്രാന്‍സ്ഫോര്‍മര്‍ ഉണ്ടാക്കുന്ന ഫിക്കോര്‍ കമ്പനിയും.
പുത്തലത്തു മുകുന്ദേട്ടന്റെ മെഴുകുതിരി ഉണ്ടാക്കുന്ന ഇന്‍ഡസ്ട്രി.
സ്റ്റുഡന്റസ് ബുക്ക് ഹൗസും താടിക്കാരന്‍ നാണുവേട്ടന്റെ സ്റ്റേഷനറി കടയും മെക്സ്വല്‍ സ്റ്റോറും റേഡിയോ നന്നാക്കുന്ന കരുണേട്ടന്റെ കടയും മാഹി പ്രിന്റിങ് പ്രസ്സും രണ്ടുമൂന്നു തുണിക്കടയും ശങ്കരന്‍ നായരുടെ ഭാരതി സ്റ്റോറും നാസര്‍ കളോത്തു മാര്‍ട്ടും ഗോവിന്ദന്‍ നായരുടെ മാഹി ടെക്സ്റ്റയിലും പി.കെ. ചാപ്പന്‍ നായര്‍ ആന്‍ഡ് സണ്‍സ് തുണിക്കടയും.
മയ്യഴിയിലെയും പരിസര പ്രദേശത്തെയും ആളുകള്‍ക്ക് അവരുടെ വീട്ടില്‍ നിന്നും യഥേഷ്ടം പറിച്ചെടുക്കുന്ന തേങ്ങ, പച്ചയായും കൊപ്പരയായും വാങ്ങിക്കുന്ന ഷേണായി എന്ന് അറിയപ്പെടുന്ന ഗോവിന്ദേട്ടന്റെയും പൈതല്‍ നായരുടെയും കൊപ്പരക്കളം.
കരിക്കാട്ടു രാഘുട്ടിയേട്ടന്റെ വാടകസാധനങ്ങള്‍ കൊടുക്കുന്ന സ്ഥാപനം,
ഗോവിന്ദന്‍ നായരുടെ കടയുടെ അടുത്തുള്ള ഒരു തുണിക്കട (ഉടമയുടെ പേര് മമ്മു എന്നാണെന്നു തോനുന്നു)
പാറക്കല്‍ തന്നെയുള്ള ഒരു തറിമരുന്ന് കട (ഐ. കെ കുമാരന്‍ മാസ്റ്ററുടെ കുടുംബക്കാര്‍). പള്ളിയുടെ അടുത്തു സിസി ബാലേട്ടന്റെ കടയ്ക്കു മുന്നിലുള്ള തറിമരുന്നുകട, പാലത്തിനടുത്തുള്ള മറ്റൊരു തരിമരുന്നുകട. മാഹി ഹോട്ടലിനു തൊട്ടുള്ള വൈദ്യരുടെ കട. പെട്രോള്‍ പമ്പിനടുത്തുള്ള എം.ബി.ടി. ട്രേഡിങ്, ഫോട്ടോ ഫ്രെയിം ചെയ്യുന്ന വാസുവേട്ടന്‍, സാജ് ഫാമ, അച്ചുവേട്ടന്റെ എ.കെ. ബാര്‍ സോപ്പ് കമ്പനി,
പള്ളിന്റടുത്തുള്ള നായരുടെ കട, മാഹി മെഡിക്കല്‍സ്.
ചൂടിക്കോട്ട ഏകാധ്യാപക സ്‌കൂളിനടുത്തു പൊതു കിണറിന്നടുത്തായി ഒരു ചെറിയ ഖുംട്ടി കടയുണ്ടായിരുന്നു. അഴിയൂര്‍ സ്റ്റേഷനപ്പുറത്തുള്ള കോട്ടമല കുന്നിനടുത്തുനിന്നും വരുന്ന മൂസക്ക അദ്ദേഹമായിരുന്നു ആ കട നടത്തിയത്. പണ്ട് ബര്‍മയില്‍ നിന്നും അഭയാര്‍ഥിയായി നടന്നുവന്ന കഥയൊക്കെ എന്നോട് പറഞ്ഞിട്ടുണ്ട്.
ഇതൊക്കെ പറയുമ്പോള്‍ അതിര്‍ത്തിയിന്നടുത്തുള്ള മൂസാക്കയുടെ കടയും ഓര്‍ക്കേണ്ടതാണ് .
ഈ സ്ഥാപനങ്ങള്‍ ഒക്കെ പഴയ മയ്യഴിയോടൊപ്പം ഉണ്ടായിരുന്നു.
(ഇനിയും പല സ്ഥാപങ്ങള്‍ ഉണ്ടായിരിക്കാം, പല സ്ഥാപങ്ങള്‍ വിട്ടുപോയിട്ടുണ്ട് ക്ഷമിക്കണം).
ഇതില്‍ പലതും ഇപ്പോഴത്തെ മയ്യഴിയോടൊപ്പമില്ല എന്നത് മയ്യഴിയുടെ ഒരു പോരായ്മതന്നെയാണെന്ന് തോന്നുന്നു.
ആ കാലത്തേ മറ്റൊരു എടുത്തു പറയാവുന്ന കടയും ഇന്നും ചില മാറ്റങ്ങളോടെ നിലനില്‍ക്കുന്നത് ശ്രീകൃഷ്ണ ക്ഷേത്രത്തിനടുത്തുള്ള കേളപ്പന്‍ നായരുടെ കടയാണ്. അന്നത്തെ ഹൈപ്പര്‍ മാര്‍ക്കറ്റ് തന്നെയായിരുന്നു അത്. വഴിയേ നടന്നു തളരുന്നവര്‍ക്കു ഫ്രീ ആയി മോരും വെള്ളവും കടയില്‍ റെഡിയായിരിക്കും. ഒരു വലിയ മണ്‍ കുടുക്കയില്‍ ഇതു തയ്യാറാക്കി വെച്ചിരിക്കും. അത് മൂടിയിട്ടു അതിനു മുകളില്‍ ഒരു അലൂമിനിയം ടംബ്ലറും. ആവശ്യക്കാര്‍ക്ക് എടുത്തു കുടിക്കാം.
ഇതൊരു ചെറിയ കടയാണെങ്കിലും കെ.ജി. കുറുപ്പിന്റെ മാജിക്ക് പോലെ നിങ്ങള്‍ എന്ത് ചോദിച്ചാലും ഈ കടയില്‍ നിന്നും കിട്ടും. എന്തെങ്കിലും സാധനങ്ങള്‍ എവിടെനിന്നും കിട്ടിയിട്ടില്ലെങ്കില്‍ മുക്കിലെപീടിക എന്ന് പറയുന്ന ഈ പീടികയില്‍ കിട്ടും.
മയ്യഴിയില്‍ ആ കാലങ്ങളില്‍ ഓട്ടോറിക്ഷ ഇല്ലായിരുന്നു. ആദ്യമായി മയ്യഴിയില്‍ ഓട്ടോ ഇറക്കിയത് കേളപ്പന്‍ നായരായിരുന്നു.
ഒറ്റ ഓട്ടോറിക്ഷ മാത്രമുള്ളതിനാല്‍ നല്ല ഓട്ടവും ഉണ്ടായിരുന്നു. ക്രമേണ അത് ഇല്ലാതായി. അന്വേഷിച്ചപ്പോള്‍ അതിന്റെ പേര് പോലെ തന്നെ ഓട്ടുന്നവന് രക്ഷ, മുതലാളിക്ക് നഷ്ടം. അതുകൊണ്ടു ഓട്ടം അവസാനിപ്പിച്ചു എന്നറിഞ്ഞു.
മയ്യഴിയുടെ ഇപ്പോഴത്തെ മറ്റൊരു വലിയ പോരായ്മ? ഒരു കാലത്തു മയ്യഴിയുടെ ആവശ്യം കഴിഞ്ഞു അയല്‍ പ്രദേശത്തെ വരെ ഊട്ടിയ മയ്യഴിയിലെ റേഷനിങ് സമ്പ്രദായം അകെ താറുമാറായി, എന്നത് വലിയ ഒരു പോരായ്മ തന്നെ. എം.എല്‍.എ. ഇതു പുനഃസ്ഥാപിക്കാനായി ശ്രമിക്കുമെന്നുള്ള വിശ്വാസത്തോടൊപ്പം, പ്രാദേശികമായി മുനിസിപ്പാലിറ്റി പിരിച്ചെടുക്കുന്ന തുക മയ്യഴിയുടെ വികസനത്തിന് വേണ്ടി ചിലവഴിക്കാനും ശ്രമിക്കണം എന്ന് ഓര്‍മപ്പെടുത്തി നിര്‍ത്തുന്നു.
മഠത്തില്‍ ബാബു ജയപ്രകാശ്