മയ്യഴിയിലെ കടലോരവിശേഷങ്ങള്‍

അസ്തമന സൂര്യന്റെ ചന്തം

ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോള്‍

മയ്യഴിയിലെ കടലോരവിശേഷങ്ങള്‍
Jul 16 2021
Reading time 12 minutes

ഫ്രഞ്ചുകാര്‍ മയ്യഴി വിട്ടതോടെ, മയ്യഴിയുടെ സാമ്പത്തികഭദ്രത പരിതാപകരമായിരുന്നു. പറയത്തക്ക വരുമാനമൊന്നുമില്ല. വ്യാപാരമേഖലയില്‍ നിന്നുള്ള വരുമാനമൊഴിച്ചാല്‍, കാര്യമായുളളത് മല്‍സ്യബന്ധനം മാത്രം. അതിന്റെ ഏറ്റക്കുറച്ചിലനുസരിച്ചായിരുന്നു മറ്റു കച്ചവടസ്ഥാപനങ്ങളുടെ വ്യാപാരം.
മയ്യഴി കടപ്പുറം ഉണര്‍ന്നാല്‍ മയ്യഴിയില്‍ ഉത്സവമായി എന്നര്‍ഥം. വല നിറയെ ചെമ്മീന്‍ വന്നാല്‍ മഹോത്സവമായിരിക്കും മയ്യഴിയില്‍. സകലമാന കടകള്‍ക്കും ഉണര്‍വാകും അന്നത്തെ ദിവസം. ചാകരയായാല്‍ പ്രാദേശികമായി വില്പനയ്ക്കുള്ളത് മാറ്റിവെച്ച്, ബാക്കിയുള്ളത് പാക്ക് ചെയ്ത് വിവിധ സ്ഥലങ്ങളിലേക്ക് കയറ്റി അയക്കും. മലപ്പുറത്തേക്കും തൂത്തുക്കുടി ഭാഗത്തേക്കുമാണ് പ്രധാന കയറ്റുമതി. ഉണക്കമത്സ്യം തൂത്തുക്കുടി വഴി ശ്രീലങ്കയിലേക്കും. മത്തി, മുള്ളന്‍, ചരു, ചെറിയ മാന്തല്‍, നത്തോലി (നെത്തല്‍),, ചെറിയ ചെമ്മീന്‍, അയല, തിരണ്ടി, സ്രാവ്, ഏട്ട മുതലായവയുടെ ലഭ്യതയും സംഭരണ ചെലവൊക്കെ കണക്കുകൂട്ടിയായിരിക്കും ഉണക്കി സംഭരിച്ചുവെക്കുന്നത്.

അതതു ദിവസം വിറ്റു കഴിഞ്ഞതിന്റെ ബാക്കി മത്സ്യമെല്ലാം ഉണക്കിസൂക്ഷിക്കും. ഫ്രഷ് മത്സ്യങ്ങള്‍ ലഭ്യതക്കനുസരിച്ചു അക്കാലത്തെ ഏജന്റുമാര്‍ ശേഖരിച്ച് തീവണ്ടിമാര്‍ഗം വിവിധ സ്ഥലങ്ങളില്‍ന്‍ കയറ്റി അയച്ചിരുന്നു. മടഞ്ഞ ഓലകളില്‍ സമചതുരത്തിലാക്കി കൊട്ട ഉണ്ടാക്കി ചൂടികൊണ്ട് കെട്ടി ഭദ്രമാക്കിയായിരുന്നു തീവണ്ടിയില്‍ കയറ്റിയിരുന്നത്. തീവണ്ടിയിലെ ബ്രേക്ക് വാനില്‍ കയറ്റാന്‍ നേരത്തെ തന്നെ കൈവണ്ടികളില്‍ കയറ്റി, രണ്ടും മൂന്നും ട്രിപ്പ് ആയി ആളുകള്‍ വലിച്ച് റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കും. കൈവണ്ടി വലിച്ചുപോകുന്ന വഴികളൊക്കെ ഐസിട്ട മത്സ്യത്തില്‍നിന്ന് ഒലിച്ചിറങ്ങുന്ന വെള്ളമായിരിക്കും.

… കൈവണ്ടി: നടുവില്‍ രണ്ടു ചക്രം. മുക്കാല്‍ ഭാഗത്തോളം വീതിയുള്ള പലക അടിച്ചിരിക്കും. മുന്‍ഭാഗത്ത് ഒരു ഫ്രെയിം. നടുവില്‍ വലിക്കുന്ന ഒരാള്‍ക്ക് കയറിനില്‍ക്കാന്‍ കഴിയും വിധം തുറന്നായിരിക്കും.  വണ്ടി ഉപയോഗിക്കാത്ത അവസ്ഥയില്‍ പിന്‍ഭാഗം നിലത്തുതട്ടിയിരിക്കും.  സപ്പോര്‍ട്ട് ക്ലാമ്പ് ഫിറ്റുചെയ്ത് നിലത്തിന് സമാന്തരമായി നില്‍ക്കുംവിധവും ഉണ്ടാക്കാറുണ്ട്.
വണ്ടിയില്‍ മത്സ്യം നിറച്ച കെട്ടുകള്‍ അടുക്കുകളായി കയറ്റി കയറുകൊണ്ട് വരിഞ്ഞുമുറുക്കും. എല്ലാ ഭാഗവും തുറന്നായതുകൊണ്ട് വണ്ടി വലിക്കുമ്പോള്‍ ബാലന്‍സ് പോകാതെ നോക്കണം. മത്സ്യക്കെട്ട് ഒരു പരിധി കയറ്റിയാല്‍, വലിക്കുന്ന ആള്‍ വണ്ടിയുടെ കൈപ്പിടിയില്‍ പിടിച്ചുപൊക്കി ബാലന്‍സു നോക്കി ലോഡ് ചെയ്യുന്നവര്‍ക്ക് നിര്‍ദേശം കൊടുക്കും.  എവിടെയൊക്കെ വെയിറ്റ് അഡ്ജസ്റ്റ് ചെയ്യണം എന്നു നോക്കി, അതു പ്രകാരം സാധനങ്ങള്‍ കയറ്റി സുരക്ഷിതമാക്കി ബാലന്‍സ് ചെയ്ത്, റെയില്‍വേ സ്റ്റേഷനിലേക്ക്  വലിച്ചുകൊണ്ടുപോകും.
മയ്യഴിയിലെ മിക്ക സ്ഥലങ്ങളിലും കയറ്റവും ഇറക്കവും ആയതിനാല്‍ വണ്ടി വലിക്കുന്നത് ശ്രമകരമായ ജോലിയാണ്. കയറ്റം കയറുമ്പോള്‍ തള്ളലിനൊപ്പം ഐലേസ പാടും. വണ്ടി വലിക്കുന്ന ആള്‍ കിതച്ചുകൊണ്ട് ഒരു വാക്ക് പറയും-ഉദാഹരണത്തിന്: ‘തള്ളട മോനേ…’  അപ്പോള്‍ വണ്ടി തള്ളുന്നവര്‍ ഏറ്റു പാടും ‘ഐലേസാ’. അടുത്തവാക്ക്- ‘കയറിപ്പോയ്….’ ‘ഐലേസാ’. ‘എന്തട മോനേ…’.  ‘ഐലേസാ.’.  വലിക്കുന്ന ആളുടെ മനസ്സില്‍ താളത്തിനു തോന്നുന്ന എന്തുവാക്കും പറയും. എല്ലാത്തിനും ഐലേസാ. എന്ന് തള്ളുന്നവര്‍ ഏറ്റുപറയും.  ചിലപ്പോള്‍ തള്ളലിന് ശക്തി കുറയും. അത് വലിക്കുന്ന ആള്‍ ഉടനെ അറിയും. അപ്പോഴയാള്‍ ചില തെറിവാക്കായിരിക്കും പറയുക. അതൊന്നും ശ്രദ്ധിക്കാന്‍ തള്ളുന്നവര്‍ക്കാവില്ല. ആ ഓളത്തില്‍ അതിനും ഐലേസാ  പറയും.  ഐലേസ പാടിക്കഴിഞ്ഞാലായിരിക്കും, വാക്ക് തെറിയാണെന്നു ഓര്‍ക്കുക.
പിന്നെ ചിരിയായിരിക്കും. അതിലൊന്നും ആര്‍ക്കും പരാതിയോ പരിഭവമോ ഉണ്ടാവാറില്ല. എല്ലാം ഒരു സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുക്കും. വണ്ടി കയറ്റം കയറിക്കഴിഞ്ഞാല്‍ എല്ലാവരും ഒരു ദീര്‍ഘനിശ്വാസം വിട്ട് ഒരു രണ്ടു മിനുട്ട് നില്‍ക്കും. അപ്പോള്‍ മത്സ്യക്കൊട്ടയില്‍നിന്നും ഐസ് ഉരുകിയ വെള്ളം നിലത്തുവീണ് കെട്ടിക്കിടക്കും. അല്പം ആശ്വാസം ലഭിച്ചാല്‍ വണ്ടി വീണ്ടും തള്ളി റെയില്‍വേ സ്റ്റേഷനിലേക്ക്.

ലോഡുമായി കൈവണ്ടി ഒന്തമിറങ്ങുന്നത് ശ്രമകരവും അപകടംപിടിച്ചതുമാണ്. നിയന്ത്രണംപോയാല്‍ വണ്ടി വലിക്കുന്ന ആളുടെ ഗതി അധോഗതി.

സ്റ്റേഷനിലെത്തി ലോഡ് ഇറക്കിക്കഴിഞ്ഞാല്‍ അടുത്ത ലോഡെടുക്കാനുള്ള തിരിച്ചുവരവ് ആടിയും ഓടിയും  ആയിരിക്കും. ചിലര്‍ മാറി മാറി വണ്ടിയില്‍ ചാടി ഇരിക്കുന്നതും അല്‍പ്പദൂരം കഴിഞ്ഞാല്‍ വീണ്ടും തള്ളി സഹായിച്ചുകൊണ്ട് ഓടുന്നതും കാണാം.    

കടപ്പുറത്തെ ഷെഡ്ഡില്‍ എത്തി വീണ്ടും ലോഡ് ചെയ്ത് സ്റ്റേഷനിലേക്ക്. ചിലപ്പോള്‍ മൂന്നും നാലും ട്രിപ്പുണ്ടാവും. ട്രെയിനിന്റെ  സമയം ക്രമീകരിച്ച് സാധനങ്ങള്‍ വണ്ടി വരുന്നതിനു മുന്‍പ് സ്റ്റേഷനില്‍ എത്തിക്കും. ചിലപ്പോള്‍ ട്രെയിന്‍ വരുമ്പോള്‍ സ്റ്റേഷനടുത്തെത്തിയിട്ടുണ്ടാവും മീനും വണ്ടിയും. അപ്പോള്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ഒന്ന് കണ്ണടയ്ക്കും, വണ്ടിക്കുള്ള സിഗ്നല്‍ കൊടുക്കാന്‍..

പോയവഴിയിലൊക്കെ കുറച്ചു നേരത്തേക്ക് മത്സ്യത്തിന്റെ ഗന്ധമുണ്ടാകും. കൂട്ടത്തില്‍ ഉണക്കമത്സ്യവും കൂടി ആകുമ്പോള്‍  പലപ്പോഴും ആ മണം അസഹനീയമായിരിക്കും. ദിവസവും ഈ കയറ്റിയയക്കല്‍ ഉള്ളതുകൊണ്ട് മയ്യഴി റെയില്‍വേ സ്റ്റേഷനില്‍ ഇതിന്റെ മണം മണിക്കൂറുകളോളം നില്‍ക്കും. ട്രെയിന്‍ ഇറങ്ങിവരുന്നവര്‍ക്ക് ഈ മണം പെട്ടെന്ന് മൂക്കിലടിക്കും.

അക്കാലങ്ങളില്‍ ഒരു പ്ലാറ്റ്‌ഫോം മാത്രമായതിനാല്‍ കയറ്റിറക്കുജോലിയെല്ലാം ഒന്നാമത്തെ പ്ലാറ്റ്‌ഫോമില്‍ തന്നെയായിരുന്നു. മംഗലാപുരം–മദിരാശി മെയിലിലായിരുന്നു മിക്കപ്പോഴും കയറ്റി അയച്ചിരുന്നത്. മയ്യഴി സ്റ്റേഷന്‍ അക്കാലത്ത് വളരെ ബിസിയായിരുന്നു. മിക്കവാറും എല്ലാ ജോലിയും സ്റ്റേഷന്‍ മാസ്റ്റര്‍ തന്നെയാണ് ചെയ്തിരുന്നത്. പല കാര്യങ്ങളിലും അന്നത്തെ പോര്‍ട്ടര്‍മാരും സ്റ്റേഷന്‍മാസ്റ്ററെ സഹായിച്ചിരുന്നു.

മത്സ്യം കൂടാതെ ചകിരിയും മയ്യഴി റെയില്‍വെ സ്റ്റേഷനില്‍നിന്ന് കയറ്റി അയച്ചിരുന്നു. ഒരു നിശ്ചിതസമയം മാത്രം ട്രെയിനിന് സ്റ്റോപ്പ് അനുവദിക്കപ്പെട്ടിട്ടുള്ള മയ്യഴിയില്‍ ചരക്കുകള്‍ കയറ്റുന്നതിനുള്ള സമയം പോരാതെ വരുമായിരുന്നുവെങ്കിലും സ്റ്റേഷന്‍ മാസ്റ്ററുടെയും ഗാര്‍ഡിന്റെയും എന്‍ജിന്‍ ഡ്രൈവറുടെയും പോര്‍ട്ടമാരുടെയും സാധനത്തിന്റെ ഉടമകളുടെയും തൊഴിലാളികളുടെയുമെല്ലാം സഹകരണവും സഹായവും കൊണ്ട് സാധനങ്ങള്‍ കയറ്റുന്നതിന് ഒരു തടസ്സവും ഉണ്ടാവാറില്ല.

സമയകൃത്യത പാലിക്കേണ്ടതുകൊണ്ട് ദീര്‍ഘദൂരം സ്റ്റോപ്പില്ലാതെ വണ്ടി ഓടുമ്പോള്‍ നഷ്ടപ്പെട്ട സമയം  അഡ്‌ജെസ്റ്റ് ചെയ്യും. മല്‍സ്യത്തിന്റെയും ചകിരിയുടെയും കയറ്റുമതി കുറഞ്ഞുവന്നപ്പോഴേക്കും, മറ്റുത്പന്നങ്ങള്‍ മയ്യഴിയില്‍നിന്ന് കയറ്റി അയക്കാന്‍ തുടങ്ങിയിരുന്നു. അതില്‍ പ്രധാനം ആര്‍.കെ.ജി. (പശുവിന്‍നെയ്യ്),  ഡാല്‍ഡ, മറ്റു എണ്ണകള്‍ ഒക്കെ മയ്യഴിയിലെ നികുതി ആനുകൂല്യം ഉപയോഗപ്പെടുത്തി ധാരാളമായി മംഗലാപുരം, പാലക്കാട് ഭാഗത്തേക്കും കയറ്റി അയച്ചിരുന്നു.

മയ്യഴി സ്റ്റേഷനിലേ ടീസ്റ്റാള്‍ നടത്തിയിരുന്നത് കണാരേട്ടനായിരുന്നു. കണാരേട്ടന്റെ വടയും ചായയും പ്രത്യേകം തന്നെ. വണ്ടി വന്നാല്‍ സ്റ്റേഷനില്‍ അങ്ങോട്ടും ഇങ്ങോട്ടും ഓടി ചായയും വടയും കൊടുക്കുന്നത് ഒരു പ്രത്യേക സ്റ്റൈലിലും സ്പീഡിലുമായിരുന്നു. ഒരു കയ്യില്‍ അടുക്കിവെച്ച കുപ്പിഗ്ലാസും മറ്റേക്കയ്യില്‍ തുക്കിലുള്ള ചായയും ഒരു ബാഗില്‍ വടയുമായി ഒരഭ്യാസിയെ പോലെയാണ് കണാരേട്ടന്റെ വില്പന. ചായ വടേ, ചായ വടേ, മസാല വടേ, മസാല വടേ… എന്ന് വിളിച്ചുപറഞ്ഞു ഓടിനടക്കുമ്പോള്‍ നമുക്ക് തോന്നും മാസല ലവട എന്നാണ് പറയുന്നതെന്ന്.  ഇതു പറഞ്ഞു ഞങ്ങള്‍ ചിരിക്കാറുണ്ട്. ചിലപ്പോള്‍ വണ്ടി വിട്ടുകഴിഞ്ഞാലാവും ചാടിയിറങ്ങുന്നത്. അതും ഒരു അഭ്യാസം ആയിരുന്നു. ആ നല്ല മനുഷ്യന്റെ ജീവിതം അവസാനിച്ചത്  തീവണ്ടിയില്‍നിന്ന് വീണായിരുന്നു.

ഇപ്പോള്‍ ആ ടീ സ്റ്റാള്‍ മകന്‍ രാംദാസാണ് നടത്തുന്നത്. പേരും രാംദാസ് ടീ സ്റ്റാള്‍ എന്നു തന്നെ. (കണാരേട്ടന്റെയും രാംദാസന്റെയും വേറെ ചില വിവരങ്ങള്‍ മറ്റൊരിക്കല്‍ പറയുന്നുണ്ട്)

സ്റ്റേഷനിലെ അറിയപ്പെടുന്ന പോര്‍ട്ടര്‍മാര്‍ ഇവരൊക്കെയായിരുന്നു:  കുട്ട്യാലിക്ക, കുഞ്ഞാവുള്ളക്ക, അന്ത്രുക്ക, മൊയ്തുക്ക, അഹ്‌മദ്കുട്ടിക്ക, കണാരന്‍ചന്‍, കുമാരന്‍ചന്‍, ചാത്തുവേട്ടന്‍, പോര്‍ട്ടറുടെ ഹെല്‍പ്പറായി തങ്ങള്‍, താടി അലി പിന്നെയും ഉണ്ട് പലരും. എല്ലാവര്‍ക്കും പിടിപ്പത് പണിയും ഉണ്ടായിരുന്നു.

സ്റ്റേഷന്‍ മാസ്റ്റര്‍മാരില്‍ ചിലരുടെ പേരുകള്‍ ഓര്‍ക്കുന്നുണ്ട്. കുര്യന്‍ മാസ്റ്റര്‍, വിജയന്‍ മാസ്റ്റര്‍ (കണ്ണൂരിലും  തലശ്ശേരിയിലും ഉണ്ടായിരുന്നു), ബാലഗോപാല കുറുപ്പ്, നാരായണ കുറുപ്പ്, നാണു മാസ്റ്റര്‍, രാമനാഥ മേനോന്‍, ദിവാകരന്‍ മുതലായവരെ ഓര്‍ക്കുന്നു.

ആ കാലങ്ങളില്‍, മയ്യഴിയിലോ പരിസര പ്രദേശത്തോ എന്തെങ്കിലും ആഘോഷ പരിപാടികളോ ഉദ്ഘാടനമോ ഉണ്ടെങ്കില്‍ സ്റ്റേഷന്‍മാസ്റ്ററെ ക്ഷണിക്കുന്നത് പതിവായിരുന്നു. മയ്യഴി സ്റ്റേഷന്‍ സ്ഥിതിചെയ്യുന്നത് കേരളത്തിലാണെങ്കിലും വൈദ്യുതി ഇപ്പോഴും മയ്യഴിയുടെതാണ്. സ്റ്റേഷനും മയ്യഴിയെന്നറിയപ്പെടുന്നു.

വിഷയത്തില്‍നിന്ന് മാറി റെയില്‍വേ സ്റ്റേഷനിലേക്കെത്തി. മയ്യഴി സ്റ്റേഷന്റെ പ്രാധാന്യത്തെപ്പറ്റിയും മറ്റു വിശേഷങ്ങളെപ്പറ്റിയും പിന്നീട് വിവരിക്കാം.

 മയ്യഴി കടലോരവുമായി ബന്ധപ്പെട്ട കാര്യത്തിലേക്ക് തിരിച്ചുവരേണ്ടിയിരിക്കുന്നു. കടല്‍ജീവിതവുമായി ബന്ധപ്പെട്ട് കുറച്ചുകൂടി അധികാരികമായ ഒരു വിവരം ലഭിച്ചു. അതിങ്ങനെ….

സ്വതന്ത്ര ഇന്ത്യയില്‍ ഫിഷര്‍മാന്‍ സമൂഹത്തെ ഉദ്ധരിക്കുന്നതിനും ആധുനിക സംവിധാനം ഉപയോഗിച്ച് മല്‍സ്യബന്ധനത്തില്‍ പരിശീലനം കൊടുക്കുന്നതിനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കല്‍ ആന്‍ഡ് എന്‍ജിനീയറിങ് ട്രെയിനിങ് എന്ന സ്ഥാപനത്തിനായിരുന്നു ഇതിന്റെ ചുമതല. രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇതിന്റെ കേന്ദ്രങ്ങള്‍ അനുവദിച്ചിരുന്നു. കൊച്ചിക്കും ഒരു കേന്ദ്രം കിട്ടി.

മയ്യഴിയില്‍നിന്ന് ആദ്യം പരിശീലനത്തിന് പോയത് മയ്യഴിയിലെ ജന്‍മി അച്യുതന്റെ മൂത്ത മകനായ പി. ഹരിദാസ് ആയിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ സഹോദരന്‍ മദനനും കൊച്ചിയിലേക്ക് പോയി. പരിശീലനം കഴിഞ്ഞതിനുശേഷം രണ്ടുപേരും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യ എന്ന സ്ഥാപനത്തില്‍ കാഡറ്റായി ചേര്‍ന്നു. പരീശീലനത്തിനിടയില്‍ ഉന്നത പരീക്ഷകള്‍ പാസായി സ്‌കിപ്പറും എന്‍ജിനീയറുമൊക്കെയായി. പിന്നീട് പ്രൊഫഷണല്‍ ഇംപ്രൂവ്മെന്റിന്റെ ഭാഗമായി മറ്റു വലിയ കമ്പനിയില്‍ ജോലി കിട്ടി.

ശ്രീ. ഹരിദാസ് പിന്നീട് എഫ്.എസ്.എ.യില്‍ സ്‌കിപ്പറായി (ക്യാപ്റ്റന്‍). ദീര്‍ഘകാലമായിട്ടും  അര്‍ഹിക്കുന്ന പ്രൊമോഷന്‍ സാങ്കേതിക കാരണം പറഞ്ഞ് തടഞ്ഞതിനാല്‍ ഹരിദാസ് കോടതിയെ സമീപിച്ചുവെങ്കിലും കേസ് തീര്‍പ്പാക്കല്‍ നീണ്ടുപോയി. എങ്കിലും, ഡെപ്യൂട്ടി ഡയറക്ടര്‍ ജനറലിന്റെ തസ്തികയിലുള്ള ശമ്പളം മുന്‍കാല പ്രാബല്യത്തോടെ നല്‍കി വിരമിച്ചു. മയ്യഴിയിലെ  അരയ സമുദായത്തിലെ ഒരു പ്രമുഖ കുടുംബത്തിലെ അംഗമായ ജന്‍മി പൈതലിന്റെ ഇളയ സഹോദരന്‍ ജന്‍മി അച്യുതനാണ് ഹരിദാസന്റെ പിതാവ്.

മയ്യഴിയിലെ  ഉണക്കമീനും ചെമ്മീനും പ്രോസസ് ചെയ്തു പരിപ്പാക്കി തൂത്തുക്കുടിയിലേക്കും അവിടെ നിന്നു ബര്‍മയിലേക്കും അയക്കുന്നത് കണ്ണൂരിലെ പ്രമുഖ കച്ചവടക്കാരനായിരുന്നു (ആളുടെ പേര് ഓര്‍മയില്‍ വരുന്നില്ല. സുബേര്‍ എന്നവരുടെ പിതാവിന്, തങ്ങള്‍ സംസ്‌കരിച്ചു തയ്യാറാക്കിയ ഉത്പന്നങ്ങള്‍ നല്‍കി വ്യാപാരത്തില്‍ ഏര്‍പ്പെട്ടിരുന്നു). ശ്രീ. ഹരിദാസായിരുന്നു ആദ്യകാലങ്ങളില്‍ പിതാവിനോടൊപ്പം ഈ മേഖലയില്‍ പ്രവര്‍ത്തിച്ചത്.

ജന്‍മി അച്യുതന്‍ മയ്യഴിയിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ഒളിവില്‍ പോയി, മയ്യഴി റെയില്‍വേ സ്റ്റേഷനടുത്തു താമസിച്ച് മഹാജനസഭയ്ക്ക്, ഒളിവില്‍ നിന്നു കൊണ്ട് എല്ലാ പിന്തുണയും നല്‍കി (ഏതു കേസ് എന്തിനു ആരു ശിക്ഷിച്ചു, വ്യക്തമായ  വിവരമില്ല).  മയ്യഴിയിലെ ആദ്യകാല സ്വാതന്ത്ര്യസേനാനികളില്‍ താമ്രപത്രം ഡല്‍ഹിയില്‍ പോയി സ്വീകരിച്ച ചുരുക്കം വ്യക്തികളില്‍ ജന്‍മി അച്യുതനും ഉണ്ടായിരുന്നു. ഇവരുടെ മക്കളാണ് ഹരിദാസും മദനനനും ശശിധരനും വത്സനും ദേവദാസും. ജന്‍മി അച്യുതന്റെ അനുജനായിരുന്നു കൃഷ്ണന്‍. ഇവരുടെയെല്ലാം മൂത്ത സഹോദരന്‍ ജന്‍മി പൈതല്‍; സ്വന്തമായി ഓടവും വലയും ഒക്കെയുള്ള പ്രമുഖന്‍.

ആ കാലങ്ങളില്‍ ഓടവും വലയും ഉള്ള ആള്‍ എന്നു പറയുന്നത് ഇപ്പോള്‍ മെഴ്സിഡസ് കാര്‍ സ്വന്തമായി ഉണ്ട് എന്ന് പറയുന്നതുപോലെയാണ്.  അന്നത്തെ മറ്റൊരു പ്രധാനിയായിരുന്നു മള്ളായി കൃഷ്ണന്‍. ഇന്ത്യയിലും വിദേശത്തും ദീര്‍ഘകാലം ചീഫ് എന്‍ജിനീയര്‍ പദവിയില്‍ ജോലിചെയ്തു. പിന്നീട് ഖത്തറില്‍ ജോലി ചെയ്യവേ റിട്ടയര്‍ ചെയ്തു. ഇപ്പോള്‍  മയ്യഴിയില്‍ ചോവ്വാര്‍ എന്ന ഭവനത്തില്‍ റിട്ടയര്‍മെന്റ് ജീവിതം നയിക്കുന്നു.
ഹരിദാസ് കണ്ണൂരിലും ശ്രീ. മദനനും ശശിധരനും മയ്യഴിയിലും. ഇളയ അനുജന്‍  ദേവദാസും വത്സനും ഇപ്പോഴും ഈ മേഖലയില്‍ തുടരുന്നു.

അന്നത്തെ പ്രമാണിമാരില്‍ എടുത്തു പറയുമ്പോള്‍ പട്ടാണി പറമ്പത്തു ലക്ഷ്മണേട്ടന്റെ പേര്  ഓര്‍മയില്‍ വരും. ഓടവും വലയും സ്വന്തമായി ഉണ്ടായിരുന്നു. കൂടാതെ ചെമ്മീന്‍ കയറ്റുമതിയും. ശ്രീലങ്കയിലേക്ക് ഉണക്കമീന്‍ കയറ്റി അയക്കുമായിരുന്നു. അതുപോലെ തിരൂരിലേക്കു ഉണക്ക മല്‍സ്യം കയറ്റി അയച്ചിരുന്നത് നാലകത്ത് അബ്ദുള്‍ റഹിമാനിക്കയും അദ്ദേഹത്തിന്റെ സഹോദരന്‍ നാലകത്ത് മൊയ്ദുക്കയും ആണ്. നാലകത്ത് മൊയ്ദുക്കയും ഞാനും തമ്മില്‍ നല്ല ബന്ധമുണ്ടായിരുന്നു.

മയ്യഴി ബാറിലെ ഒരു വക്കീലും പൊതുകാര്യ പ്രവര്‍ത്തകനും മയ്യഴി എം.എല്‍.എ.യും കോണ്‍ഗ്രസ് നേതാവും ആയ വളവില്‍ കേശവന്‍ വക്കീല്‍ മറ്റൊരു പ്രമുഖനായിരുന്നു.
സ്വാതന്ത്ര്യസമരസേനാനിയായ  മാളികവീട്ടില്‍ ചിന്നത്തമ്പി, വളവിലേ സുമതിയേട്ടന്‍, ഭാര്‍ഗവന്‍ പോലീസ്, നാണു പോലീസ്, ഷമ്മു പോലീസ് സഹദേവേട്ടന്‍, അനന്ദേട്ടന്‍, നടേശന്‍ മാസ്റ്റര്‍, ബാലകൃഷ്‌ണേട്ടനൊക്കെ ഉണ്ട്. മയ്യഴി സ്പോര്‍ട്സ് ഗ്രൗണ്ടിനടുത്തു താമസിച്ച കേശവേട്ടന്‍ പ്രധാനമായും ഉണക്കമീന്‍ അയക്കുന്നത്  തൂത്തുക്കുടിയിലേക്കും അവിടെനിന്നു ശ്രീലങ്കയിലേക്കും ആയിരുന്നു. പട്ടാണി പറമ്പത്ത് ലക്ഷ്മണേട്ടന്റെ സഹായത്തോടെ കിട്ടേട്ടനും ഈ മേഖലയില്‍ കടന്നുവന്നു. ഒരു കാലം വരെ അദ്ദേഹവും ഈ മേഖലയില്‍ തിളങ്ങിയ കച്ചവടക്കാരനായിരുന്നു.

ക്ഷേത്ര ലോട്ടറി
ലോട്ടറി വ്യാപകമാവാത്ത കാലത്ത് അന്നത്തെ വലിയ ലോട്ടറി കല്‍ക്കട്ടാ ലോട്ടറിയായിരുന്നു. പ്രൈസ് മണി 40,000 രൂപ. ആ കാലത്ത് മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഒരു ലോട്ടറി നടത്തിയിരുന്നു. കിട്ടേട്ടന്‍ കച്ചവടവുമായി തൂത്തുക്കുടിയിലും ഒക്കെ ധാരാളം യാത്ര ചെയ്യന്ന ആളായതു കൊണ്ട് ശ്രീകൃഷ്ണ ക്ഷേത്രവുമായുള്ള അടുപ്പവും വെച്ച് ധാരാളം ലോട്ടറി ടിക്കറ്റുകള്‍ വിറ്റിരുന്നു. ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റത് കിട്ടേട്ടനായിരുന്നു. ഇദ്ദേഹം വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 50,000 രൂപ കിട്ടിയത് എന്ന് കേട്ടിട്ടുണ്ട്.

ഇതേ കാലഘട്ടത്തിലെ ചെമ്മീന്‍ കച്ചവടവും മെഷീന്‍ ബോട്ടുമുള്ള ആളായിരുന്നു വലിയപുരയില്‍ മാധവേട്ടന്‍. അദ്ദേഹം ഫ്രാന്‍സില്‍നിന്ന് മടങ്ങിവന്നതിനുശേഷം  മയ്യഴിയിലെ തറവാട്ടില്‍ താമസിച്ച് ഈ മേഖലയിലേക്ക് തിരിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ മൂത്ത സഹോദരന്‍ വലിയപുരയില്‍ ലക്ഷ്മണേട്ടനും ഫ്രാന്‍സില്‍നിന്ന് മടങ്ങി കുറച്ചുകാലം ചെമ്മീന്‍ കച്ചവടവും ബോട്ടുമൊക്കെയായി സജീവമായെങ്കിലും പിന്നീട് കുറച്ചുകാലം ദുബായിലായിരുന്നു. എങ്കിലും അധികകാലമൊന്നും അവിടെ നിന്നിട്ടില്ല. തിരിച്ചു നാട്ടില്‍ വന്നു വീണ്ടും ബിസിനസില്‍ സജീവമായി.

മാധവേട്ടന്റെ സുഹൃദ്വലയത്തെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. അത്രയ്ക്ക് വിശാലമായിരുന്നു അദ്ദേഹത്തിന്റെ ബിസിനസ് വലയങ്ങളും വ്യക്തിബന്ധങ്ങളും. വലിയ പുരയില്‍ കുടുംബത്തിന്  മീന്‍ പ്രോസസിങ് യൂണിറ്റ് ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്. മീനെണ്ണയുടെ ക്രൂഡ് എടുക്കുന്ന മെഷീന്‍ അക്കാലങ്ങളില്‍  എറണാകുളത്തും മാഹിയിലും മാത്രമേ ഉണ്ടായിരുന്നുള്ളു എന്നും കേട്ടിട്ടുണ്ട്  (ആ മെഷീന്‍ ഇപ്പോള്‍ അഡ്വക്കേറ്റ് അശോക് കുമാറിന്റെ പുരാവസ്തുശേഖരത്തില്‍ സൂക്ഷിക്കുന്നുണ്ട്).

ഇവരോടൊപ്പം തന്നെ ഉണ്ടായിരുന്ന ആളാണ് ശിങ്കാളി ഭരതേട്ടന്‍. അറിയപ്പെടുന്ന ഒരു കോണ്‍ഗ്രസുകാരനും അതിലുപരി ഒരു നല്ല തൊഴില്‍ദായകനും സഹായിയും. ചെമ്മീന്‍ കയറ്റുമതി ഏജന്റായും പ്രാദേശികമായും നല്ലരീതിയില്‍ കച്ചവടം ചെയ്തതായി ഓര്‍ക്കുന്നു. ശ്രീ. ഹരിദാസ് പിന്നീട് മാളിക വീട്ടില്‍ ശിവദാസിനെയും ഈ മേഖലയില്‍  കൊണ്ട് വരികയായിരുന്നു.

മല്‍സ്യം ഉണക്കാന്‍ ധാരാളം ഉപ്പ് വേണം. തൂത്തുക്കുടിയില്‍നിന്ന് റെയില്‍വെ ബോഗിയിലാണ് കൊണ്ടുവരിക. മയ്യഴിയിലേ പ്രമുഖ കച്ചവടക്കാരനായ ചപ്പാന്‍ നായരാണ് ഇത് എത്തിച്ചിരുന്നത്. ഓടവും വലയും ഒക്കെയുള്ള കിത്തേരി കിട്ടേട്ടനും (ഇന്ദിരാവിലാസ് വളവില്‍) ഉണ്ട്. അയ്യിട്ടവളപ്പില്‍ മുകുന്ദേട്ടനും വലിയപുരയില്‍ ബാലേട്ടനും വളവില്‍ ശ്രീധരേട്ടനും റിച്ചാര്‍ഡും അങ്ങനെ മറ്റുചിലരും.  റവറന്റ് ഫാദര്‍ മാത്യൂസിന്റെ കാലത്താണോ ഫാദര്‍ ബ്രിഗേന്‍സയുടെ കാലത്താണോ  എന്നറിയില്ല മയ്യഴി സെയ്ന്റ് തെരേസാ ദേവാലയത്തിന്റെ പേരിലും ഓടവും വലയും ഉണ്ടായിരുന്നു. അതുമായി ബന്ധപ്പട്ടു വേറൊരു കുറിപ്പില്‍ പറയാം. ഇപ്പോള്‍ ഒന്ന് പരാമര്‍ശിച്ചു എന്ന് മാത്രം.

മയ്യഴിയിലെ ആദ്യത്തെ പെട്രോള്‍ പമ്പിന്റെ അടുത്തുള്ള കെട്ടിടത്തില്‍ എം.ബി.ടി. എന്ന പേരില്‍ മല്‍സ്യം കയറ്റി അയക്കുന്ന ആളുടെ പേര് ഹംസക്ക എന്നാണെന്ന് തോനുന്നു. ടി.കെ.എം. എന്ന പേരിലും മല്‍സ്യം കയറ്റി അയച്ചിരുന്നു. എന്റെ ആദ്യത്തെ എഴുത്തില്‍ സുമതിയേട്ടന്റെ കടയെ പറ്റി പറഞ്ഞിരുന്നു. ഈ കടയില്‍ നിന്നുമാണ് അധികവും മല്‍സ്യങ്ങള്‍ പാക്ക് ചെയ്യാനുള്ള സാധനങ്ങള്‍ (അണ്ടിത്താറും ഓലയും ചൂടിയും കയറും)  വാങ്ങാറ്. ഇദ്ദേഹത്തിന്റെ ഒരു പ്രത്യേകത, കുറഞ്ഞ സാധനങ്ങളെ ഇദ്ദേഹം വില്‍ക്കാറുള്ളു. വിറ്റ സാധനത്തിന്റെ പണം അതതു സാധനത്തിനായി ഒരു ഭരണിയുണ്ട്. അതില്‍ കടലാസില്‍  പൊതിഞ്ഞു ഇടുന്നതു കാണാം.  വിറ്റതിന്റെ ഓരോന്നിന്റെയും ലാഭം പെട്ടെന്ന് മനസ്സിലാക്കാനായിരുന്നു ഇത്.

ആ കാലങ്ങളിലെ പ്രസിദ്ധരായ മറ്റു രണ്ടു മീന്‍ പിടുത്തക്കാരെന്നു പറയുന്നവരുടെ കൂട്ടത്തില്‍ (ഇംഗ്‌ളീഷില്‍ ബോണഫെയ്ഡ് ഫിഷര്‍മെന്‍) എടുത്തു കാട്ടാന്‍ പറ്റിയ ആളുകളായിരുന്നു നായാടിച്ചനും സുമതി മരയ്ക്കാനും. ഇതില്‍ നായാടിച്ചന്‍ ജന്‍മി പെതലന്‍ച്ചന്റെ അനുജനായിരുന്നു.

അക്കാലങ്ങളില്‍ കടലില്‍ പോകുന്നത് വിശ്വാസധിഷ്ഠിത ചടങ്ങുകളൊക്കെ നടത്തിയായിരുന്നു.

കടലുമായി ബന്ധപ്പെട്ടു ഒരു തമാശ ചില ഒത്തുകൂടലുകളില്‍ കേള്‍ക്കാറുണ്ട്. സത്യമാണോ എന്നറിയില്ല .  പാറക്കലിലെ വാസുവേട്ടനും മറ്റേ ആളുടെ പേര് ഓര്‍മയല്ല. ആളെ എനിക്ക് കണ്ടാലറിയാം. മുകളില്‍ പറഞ്ഞിരുന്ന ആചാരവുമായി ബന്ധപ്പെട്ടാണ് കടലില്‍ പോക്ക്. ഏതോ വിശേഷദിവസമോ സംക്രമത്തിന്റന്നോ മറ്റോ വിലക്കുള്ള ദിവസം ഇവര്‍ രണ്ടു പേരും കൂടിയാണ് കല്ലുമ്മക്കായ പറിക്കാന്‍പോയത്. അമ്പല കമ്മിറ്റിയില്‍ റിപ്പോര്‍ട്ടുചെയ്തത് പ്രകാരം, രണ്ടുപേരെയും വിളിപ്പിച്ചു. പോയിരുന്നോ എന്ന് ചോദിച്ചു. രണ്ടുപേരും നിഷേധിച്ചു. തെളിവ് നല്‍കി ചോദിച്ചപ്പോള്‍, വാസുവേട്ടനോട് ‘നീ’ മറ്റെയാളെ കണ്ടിരുന്നോ? ഇല്ല, എന്ന് ഉത്തരം. മറ്റേയാളോടും ചോദിച്ചു അയാളും പറഞ്ഞു കണ്ടിട്ടില്ല. അതെന്താ രണ്ടുപേരും ഒരുമിച്ചു പോയിട്ട് തമ്മില്‍ കാണാത്തത്. അതിനുള്ള ഉത്തരം… ഞാന്‍ കല്ലുമ്മക്കായ പറിക്കാന്‍ മുങ്ങുമ്പോള്‍ മറ്റെയാള്‍ പൊങ്ങും. ഞാന്‍ വെള്ളത്തിനടിയില്‍ ആയതിനാല്‍ അയാളെ കാണാന്‍ പറ്റില്ല. പക്ഷേ, നീ പൊങ്ങുമ്പോള്‍ അദ്ദേഹത്തെ കാണാമല്ലോ? കമ്മിറ്റിയുടെ സംശയം.  ഇല്ല; കാരണം ആ സമയം അയാള്‍ മുങ്ങും. പിന്നെ ഞാന്‍ എങ്ങനെ കാണും. വീണ്ടും സംശയം, അയാള്‍ പൊങ്ങിയാല്‍ കണ്ടുകൂടെ? അപ്പോള്‍ വാസുവേട്ടന്‍ ദേഷ്യപ്പെട്ട്, നിങ്ങള്‍ എന്തു ചോദ്യമാണ് ചോദിക്കുന്നത്? അപ്പോള്‍ ഞാന്‍ മുങ്ങുമല്ലോ. എന്തായാലും കേള്‍ക്കാന്‍ ഒരു രസം …

മയ്യഴിയിലെ അരയസമുദായത്തിന്റെ ജീവിതരീതി, വിവിധ ഇല്ലങ്ങളുമായി ബന്ധപ്പെട്ടുള്ളതാണ്. നാലില്ലക്കാരന്‍, മൂന്നില്ലക്കാരന്‍ എന്നൊക്ക പറഞ്ഞുള്ളതാണ് കുടുംബങ്ങള്‍. ആദ്യ കാലങ്ങളില്‍ പല ബന്ധങ്ങളും ഇല്ലം നോക്കി മാത്രമായിരുന്നു നടത്തിയിരുന്നത്. പിന്നീട് അത് പതിയെ ഇല്ലാതായി. ഇപ്പോള്‍ ഒരു ഇല്ലവും നോക്കാതെയുള്ള ആചാരങ്ങളായി. അനാചാരങ്ങള്‍ വീണ്ടും തിരിച്ചു വരാതിരിക്കാന്‍ നമുക്ക് പ്രാര്‍ഥിക്കാം.

പണ്ടൊക്കെ കര്‍ക്കടവാവ് സമയങ്ങളില്‍ കല്ലിന്മേല്‍ പോവുക എന്ന ഒരു സമ്പ്രദായം ഉണ്ടായിരുന്നു. വ്രതമെടുത്തായിരിക്കും പോകുക. മയ്യഴിപ്പുഴയുടെ തീരങ്ങളിലൂടെ പ്രസിദ്ധമായ വെള്ളിയാങ്കല്ലിനെയാണ് കല്ലുമ്മല്‍ എന്ന് ചുരുക്കി പറയുന്നത്. പോകുന്നതിന്റെ തലേന്ന് ദല്ലാളന്മാര്‍ പരിചയക്കാരോടോക്കെ പറയും നാളെ കല്ലുമ്മല്‍ പോവുന്നുണ്ട്. മിക്കവര്‍ക്കും അപ്പോള്‍ മീന്‍ ആവശ്യമുണ്ടാകും.  വലിയ വലിയ മീനുകളായിരിക്കും കല്ലുമ്മലില്‍നിന്നും കിട്ടുക. ചെമ്പല്ലി, തിരുത, തിരണ്ടി, അയക്കൂറ, ഗ്രുപ്പര്‍, പൈന്തി, പിന്നെയും എന്തൊക്കെയോ മീനുകളുണ്ടാവും.

ഇന്നത്തെ പോലെ എന്‍ജിനൊന്നും ഇല്ല. തുഴഞ്ഞുവേണം പോവാന്‍. ശ്രമകരമായ അധ്വാനത്തിലൂടെ അവിടെ എത്തിയാലും മത്സ്യങ്ങള്‍ക്ക് ബലിച്ചോറൊക്കെ കൊടുത്തു വേണം പിടിക്കാന്‍. ചില വിശേഷപ്പെട്ട ദിവസങ്ങളില്‍ മാത്രമേ അവിടെ പോയി മീന്‍ പിടിക്കാറുള്ളു. ഏതു സമയത്തുപോയാലും മീന്‍ കിട്ടുമെങ്കിലും വിശ്വാസത്തിന്റെ ഭാഗമായി ആരും കടല്‍നിയമങ്ങള്‍ തെറ്റിക്കാറില്ല. അങ്ങനെ പിടിച്ച മീനില്‍ നിന്നും ഒരിക്കല്‍ ഭരതേട്ടന്‍ എനിക്ക് പൈന്തി എന്ന മല്‍സ്യം തന്നിരുന്നു. അറിയപ്പെടാത്ത മല്‍സ്യമായതിനാല്‍ സ്വീകരിക്കാന്‍ ഒരു വൈമനസ്യമുണ്ടായിരുന്നു. നല്ല മീനാണ് നീ കൊണ്ട് പൊയ്‌ക്കോ. വീട്ടിലെത്തി പാചകം ചെയ്തപ്പോള്‍ അതിന്റെ രുചി കേമമായരുന്നു. പുളിയും മുളകുമിട്ടും പൊരിച്ചും  കറിവെച്ചും കഴിച്ചത് ഓര്‍ക്കുന്നു.

വെള്ളിയാങ്കല്ലില്‍ പോവാന്‍ എനിക്കും രണ്ടവസരം കിട്ടിയിട്ടുണ്ട്. ഒരിക്കല്‍ വലിയപുരയിലെ ബാലേട്ടനൊപ്പം, റിച്ചാര്‍ഡ് ചേട്ടന്റെ ബോട്ടില്‍. ബോട്ട് റിപ്പയര്‍ ആക്കിയതിനു ശേഷം ട്രയലിനു പോയതായിരുന്നു. പിന്നീടൊരിക്കല്‍ ശ്രീധരേട്ടനോടൊപ്പം. മീന്‍ പിടുത്തമൊന്നും നടത്തിയിട്ടില്ല. കല്ലില്‍ ഇറങ്ങിയാല്‍ തിരയടിച്ചുവരുന്നത് നല്ല പാല്‍നുരപോലെ കാണാം. വെള്ളം വലിഞ്ഞുപോയാല്‍ തെളിനീരായിരിക്കും. ധാരാളം വലിയ വലിയ മീനുകളെ കാണാം, കല്ലിടുക്കുകളില്‍. ഇറങ്ങിപ്പിടിക്കണമെന്ന് മോഹിച്ചുപോവും. വിവിധ തരത്തിലും നിറങ്ങളും പുള്ളികളും വരകളും ഉള്ള മല്‍സ്യങ്ങള്‍ കൂട്ടമായും ഒറ്റയായും തിരയടിക്കുമ്പോള്‍ പല ഭാഗങ്ങളിലായി കാണാം. കുറച്ചുസമയം അവിടെ ചെലവഴിച്ച് ഞങ്ങള്‍ മടങ്ങി.

പോവുമ്പോള്‍ മീന്‍ പിടിക്കുന്ന ചില കഥകളൊക്കെ പറഞ്ഞുതന്നു. മത്തി കണ്ടാല്‍ വെള്ളത്തില്‍ ചാടി ഭയപ്പെടുത്തിയാണ് പിടിക്കുക. കറുത്ത ആവോലിയെ പിടിക്കാന്‍ മൂന്നു തോണികള്‍ ഉപയോഗിക്കുമത്രേ. ആവോലി നിഴലിലാണ് നില്‍ക്കുക. തോണിയുടെ അടിയില്‍ നിരനിരയായി ഒന്നിന്റെ അടിയിലൊന്നായി തഴോട്ടുതാഴോട്ട്. അപ്പോള്‍ നടുവിലുള്ള തോണി ഇളക്കാതെ വെച്ച്, രണ്ടുഭാഗത്തുനിന്നും മറ്റു രണ്ടു വള്ളങ്ങളും  നടുവിലുള്ള തോണിക്കടിയിലൂടെ വല വലിച്ച് പതിയപ്പതിയ വെള്ളമനങ്ങാതെ മുന്‍പോട്ടു നീക്കി ആകോലിയെ വലയില്‍ കയറ്റും.

അപ്പോഴാണ് മല്‍സ്യബന്ധനത്തിന്റെ സാഹസികത എനിക്ക് മനസ്സിിലായത്. അല്ലാതെ നമ്മള്‍ കരുതുന്നത് പോലെ കടലില്‍ പോയി കോരിയെടുത്തു കൊണ്ടുവരുന്നതല്ല.

മത്തിയെ പിടിക്കാന്‍ വെള്ളത്തില്‍ ചാടി പങ്കായം കൊണ്ടും തുഴ കൊണ്ടും വെള്ളത്തില്‍ അടിക്കുമ്പോഴും, വേലിയേറ്റം കൊണ്ടും ഉണ്ടാകുന്ന ഇളക്കം കാരണം തോണികള്‍ തമ്മില്‍ കൂട്ടിയിടിക്കുകയാണെങ്കില്‍ ചാടിയ ആള്‍ തോണിക്കിടയില്‍ കുടുങ്ങാനുള്ള സാധ്യത ഏറെയാണ്. ചിലപ്പോള്‍ മരണം വരെ സംഭവിക്കും. അത്തരം സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.

(ഈ വെള്ളത്തിന്റെ ഇളക്കം കൊണ്ട് ഉണ്ടാകുന്ന ബുദ്ധിമുട്ട് ഞാന്‍ നേരിട്ട് അനുഭവിച്ചിട്ടുണ്ട്. സപ്ലൈ ബോട്ടില്‍ നിന്നും ഓഫ് ഷോറില്‍ പോയി കപ്പലില്‍ കയറാനും ഇറങ്ങാനും റോപ്പ് ലാഡറില്‍ എത്തിപ്പിടിക്കാനുള്ള പ്രയാസം കണ്ടാല്‍ മാത്രമേ മനസിലാവുകയുള്ളു).

മല്‍സ്യബന്ധനം കഴിഞ്ഞുവന്നാല്‍ വൈകുന്നേരങ്ങളില്‍ കൂട്ടമായി ഇരുന്നു ഓരോ കഥകള്‍ പറഞ്ഞ് വലകള്‍ പരിശോധിച്ചു കീറിയ ഭാഗങ്ങളൊക്കെ പുതിയ നൂല്‍വെച്ച് തുന്നി ബലപ്പെടുത്തും. വിട്ടുപോയ ഫ്‌ളോട്ടുകളൊക്കെ വീണ്ടും ഫിറ്റ് ചെയ്യും. ഇതിനു വേണ്ടുന്ന സാധനങ്ങള്‍ നന്ദനേട്ടന്റെ കടയില്‍നിന്ന്  ലഭിക്കും. നന്ദനേട്ടന്‍ മരിച്ചതിനുശേഷം കട നടത്തിയിരുന്നത് ഭാര്യ ലീലേടത്തിയായിരുന്നു.

മയ്യഴി വളരുംതോറും മല്‍സ്യബന്ധന മേഖല മന്ദഗതിയിലായി. ഇവരുടെയൊക്കെ മക്കള്‍ വിദ്യാഭാസം പൂര്‍ത്തിയാക്കി മാസ്റ്റര്‍ ഓഫ് ഫിഷര്‍മാന്‍ കോഴ്‌സ് എന്ന ട്രെനിങ്ങിന് പോയി. അക്കാലങ്ങളില്‍ ഈ ട്രെയിനിങ് വിജയകരമായി പൂര്‍ത്തിയാക്കിയവര്‍ക്കൊക്കെ, ഉടനെ തന്നെ ഫിഷിങ് ട്രോളറില്‍ ജോലി കിട്ടുമായിരുന്നു. അത്തരത്തില്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയവരില്‍
ഓര്‍മയിലുള്ളവരില്‍ ചിലര്‍, വേള്‍ഡ് ശിവദാസ് എന്ന് വിളിക്കുന്ന മാളികവീട്ടില്‍ ശിവദാസ്. അറിയപ്പെടുന്ന പ്രാസംഗികനും നാടകനടനും സംഘടകനും സര്‍വോപരി നല്ല ശബ്ദത്തിന്റെ  ഉടമയുമായിരുന്നു. ശ്രീ ഹരിദാസിന്റെ സഹായത്തോടെ ഈ മേഖലയില്‍ എത്തപ്പെടുകയും ഫിഷിങ് ട്രോളറില്‍ ജോലിചെയ്തു ചീഫ് എന്‍ജിനീയര്‍വരെയായിവരുണ്ട് സമൂഹത്തിലെ കാപട്യവും കുതികാല്‍വെട്ടും അറിയാതെ ജീവിച്ച പച്ചയായ മനുഷ്യന്‍.

ഇവരോടൊപ്പം നന്ദനേട്ടന്‍, അപ്പു, വിജയേട്ടന്‍ (നടേശന്‍ മാസ്റ്ററുടെ മകളുടെ  ഭര്‍ത്താവ്),  ജയപ്രകാശ് (ലക്ഷ്മണേട്ടന്റെ മൂത്ത മകളുടെ ഭര്‍ത്താവ്), പാറക്കലിലെ ജോര്‍ജ്, വളവില്‍ രവീന്ദ്രന്‍ എസ, മള്ളായി കൃഷ്ണന്‍, കിത്തേരി അനന്ദന്‍, മാളികവീട്ടില്‍ ദേവദാസ് (അനന്ദനും ദേവദാസും) ഇവര്‍ രണ്ടുപേരും പിന്നീട് മര്‍ച്ചന്റ് നേവിയില്‍ സെലക്ഷനായി പോയി. അനന്ദന്‍ ഇപ്പോള്‍ വളവിലെ ഇന്ദിരാവിലാസിലും, ദേവദാസ് കോഴിക്കോടും കഴിയുന്നു. പ്രസന്നന്‍, വളവില്‍ ജയരാജ്, പട്ടാണി പറമ്പത് ചന്ദ്രന്‍, സുകുമാരന്‍, ഭാര്‍ഗവന്‍, ഏറ്റവും ഒടുവിലായി ഈ തലമുറയിലെ ഷെല്ലി, ദേവദാസ് ഒക്കെ ഈ ട്രയിനിങ് കഴിഞ്ഞ് ഈ മേഖലയില്‍ പ്രവര്‍ത്തിച്ചവരാണ്. ചിലര്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് .

വളവില്‍ ദിനേഷും സി.എച്ച.് പുരുഷോത്തമനും ദീര്‍ഘകാലം മര്‍ച്ചന്റ് നേവിയില്‍ ജോലിചെയ്തു ശിഷ്ടജീവിതം മയ്യഴിയില്‍ തുടരുന്നു.

ഇന്ത്യയുടെ വിവിധ കടല്‍ തീരങ്ങളില്‍ പോയി ജോലി പരിചയം നേടി തുടര്‍ പരീക്ഷകള്‍ പാസായി ക്യാപ്റ്റനും ചീഫ് എന്‍ജിനീയറും ഒക്കെ ആയവരാണ് മിക്കവരും .

ഡക്കില്‍ ജോലിയെടുക്കുന്നവര്‍ ബോസനയും ഫസ്റ്റ് ഓഫീസറായും സെക്കന്‍ഡ് ഓഫീസറായും ചീഫ്ഓഫീസറായും ക്യാപ്റ്റനായും വളരും. അതിനു ശേഷമുള്ള പരീക്ഷ എഴുതി വെസല്‍ ക്ളാസിഫിക്കേഷന്‍ അപ്പ് ഗ്രേഡ് ചെയ്തവരും ഉണ്ട് . അത് പോലെ തന്നെ ഫസ്റ്റ് എന്‍ജിനീയറും സെക്കന്‍ഡ് എന്‍ജിനീയറും തേര്‍ഡ് എന്‍ജിനീയറും ചീഫ് എന്‍ജിനീയറും ഒക്കെ ആയതിനുശേഷം അപ്ഗ്രഡേഷന്‍ ചെയ്തവരാണ് മിക്കവരും. ഇവരില്‍ പലരും ഒഡിഷ, ചെന്നൈ, ഗുജറാത്ത്, മുംബൈ, കൊച്ചി മേഖലകളിലും അവസാനം വിശാഖപട്ടണം കേന്ദ്രീകരിച്ച് ജോലിയെടുത്തവരാണ്. അപ്ഗ്രഡേഷന്‍ നേടിയവരില്‍ ചിലര്‍ വിദേശ രാജ്യങ്ങളിലെ കപ്പലിലും ജോലിയെടുത്തിട്ടുണ്ട്.

അവരില്‍ ചിലരാണ് പാറക്കലുള്ള ജോര്‍ജ് , മള്ളായി കൃഷ്ണന്‍, പ്രസന്നന്‍, ചന്ദ്രന്‍, ജയരാജൊക്കെ. വേറെയും ആളുകള്‍ ഉണ്ടാവാം (ജോര്‍ജിന്റെ അനുജന്‍ ജോണ്‍സണും ഈ മേഖലയില്‍ തന്നെയായിരുന്നു . ഇപ്പോള്‍ ജീവിച്ചിരിപ്പില്ല). പുരുഷു മാസ്റ്ററുടെ മൂത്ത മകന്‍ ജോലി ചെയ്തു കൊണ്ടിരിക്കെ കപ്പലില്‍ വെച്ചുണ്ടായ ഒരപകടത്തില്‍ വെച്ച് മരണപെട്ടു. വലിയപുരയില്‍ ലക്ഷ്മണേട്ടന്റെ മകന്‍ സുനിലും ജോലിയെടുക്കുമ്പോഴാണ് മരണപ്പെട്ടത് എന്നറിഞ്ഞു.

കടല്‍ജീവിതം, പ്രത്യേകിച്ച് മല്‍സ്യബന്ധനവും കപ്പല്‍ജോലിയും വളരെ അപകടം പിടിച്ചതാണ്. എന്റെ ജോലിയും ഇതുമായി ബന്ധപ്പെട്ടതു കൊണ്ട് എനിക്കറിയാം. അത് അനുഭവിച്ചതു കൊണ്ടാണ് ഇത്രയും വിശദമായി എഴുതാന്‍ കഴിഞ്ഞത്. എഴുതാന്‍ ബാക്കിയുള്ള കഥകള്‍ ഇതിലും ഭയാനകമാണ്.

കുറച്ചു ദിവസം മുന്‍പ് അത്തരം ഒരു അനുഭവം പത്രങ്ങളിലൂടെ പങ്കുവെച്ചത് ഓര്‍മവരുന്നു. എഴുതിയതിന്റെ അതിശയോക്തിയില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചത് വായിച്ചിരുന്നു. അനുഭവമില്ലാത്തതുകൊണ്ടാണത്. കപ്പല്‍ കാറ്റിന്റെ ശക്തിയില്‍ കരയിലേക്ക് അടിച്ചുകയറിയ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കാറ്റിന്റെ ശക്തി കൊണ്ട് അടിച്ചുവരുന്ന തിരമാലയുടെ പി.എസ്.ഐ. ഒരു പ്രഷര്‍ ഗേജിനും അളക്കാന്‍ പറ്റില്ല. കൃത്രിമമായി ഉണ്ടാക്കുന്ന പ്രഷര്‍ ഉപയോഗിച്ച് വാട്ടര്‍ജെറ്റിലൂടെ ഇരുമ്പുമുറിക്കാമെങ്കില്‍ പെയിന്റ് പോകുന്നത് ഒരു വിഷയമേയല്ല.

ഒരു വിവാദത്തിനും ഞാനില്ല. എന്റെ അറിവും സാക്ഷ്യവുമാണ് എന്റെ എഴുത്ത്.
ഇത്രയും ആളുകളുടെ പേരുകള്‍ വിശദമായി എഴുതിയത് ഗള്‍ഫ് മേഖലയിലെ കുടിയേറ്റത്തെക്കാള്‍ ഏറെ, ഇവരുടെ വരുമാനം മയ്യഴിയില്‍ എത്തിച്ച് മയ്യഴിയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക്  താങ്ങായിട്ടുണ്ട് മയ്യഴിയിലെ കടലോരമക്കള്‍.
ഇവരെ പോലെ തന്നെ ഓര്‍മിക്കേണ്ടവരാണ്
മയ്യഴിയിലെ ഫ്രഞ്ച് പൗരന്മാര്‍. ഫ്രാന്‍സില്‍നിന്നും പെന്‍ഷനായി വരുന്ന പണം മയ്യഴിക്കുവേണ്ടി മയ്യഴിയില്‍ ചെലവഴിച്ചു ജീവിക്കുന്നു. എഴുപതുകളോടെ, ഗള്‍ഫ് മേഖലയും കുതിപ്പാര്‍ജിച്ചതോടെ ഗള്‍ഫുപണവും മയ്യഴിയെ സമ്പന്നമാക്കി.

പറഞ്ഞുവരുന്നത് മയ്യഴിയില്‍ പുതുതായി വരുന്ന ഫിഷിങ് ഹാര്‍ബര്‍ ഇവരുടെയൊക്കെ പങ്കാളിത്തത്തോടെ ചെയ്തിരുന്നുവെങ്കില്‍ മയ്യഴിയെ ഒരു ഫിഷ് എക്സോപോര്‍ട്ടിങ് ഹബ്ബാക്കി മാറ്റാമായിരുന്നു. ഈ മേഖലയിലെ ഇവരുടെ അനുഭവസമ്പത്തും  അതിനു മുതല്‍ക്കൂട്ടാകും.
ആധികാരികമായി ഇതെനിക്ക് പാറയുവാന്‍ കഴിയുന്നിന് കാരണമുണ്ട്. മല്‍സ്യ മേഖലയെ പറ്റി, പ്രോസസിങ്ങിനെ പറ്റി, അഗ്രേയ്ഡിങ്ങിനെ പറ്റി, വിവിധതരത്തില്‍ സംസ്‌കരിക്കുന്നതിനെ പറ്റി ഒക്കെ അറിയാം.  ചെമ്മീന്‍, ലോബ്‌സ്റ്റാര്‍ അടക്കമുള്ള മല്‍സ്യങ്ങള്‍ പ്രോസസ് ചെയ്യുന്നതിലും വിദേശ മാര്‍ക്കറ്റിങ്ങിലും എന്റെ ഗള്‍ഫുജീവിതത്തിന്റെ ആദ്യ 12 കൊല്ലത്തോളം ചെലവഴിച്ചതിലൂടെ ധാരാളം അറിവ് നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. പിന്നീടുള്ള 16 കൊല്ലം ഇതിന്റെ ഇന്‍സ്‌പെക്ഷനുമായും പ്രവര്‍ത്തിച്ചതിന്റെ അനുഭവത്തിലാണ് മുകളില്‍ പറഞ്ഞത്.

ഹാര്‍ബറിന്റെ പണി പുരോഗമിക്കുന്നു എന്നറിഞ്ഞു. അത് അന്യദേശക്കാര്‍ കച്ചവടക്കണ്ണോടെ ഈ മേഖല കീഴടക്കുന്നതിന് തടയിടാന്‍, ഇവരുടെ ശിഷ്ടകാലജീവിതം കൊണ്ട് സാധിക്കും. ഏതു ബിസിനസ് നടക്കണമെങ്കിലും മാര്‍ക്കറ്റിങ് ഒരു പ്രധാന ഘടകമാണ്. ഈ കാര്യത്തിലും ഏതു മല്‍സ്യം സംസ്‌കരിക്കുന്നതിന്റെ കാര്യമായലും, എനിക്കും ഒരു പാട് കാര്യങ്ങള്‍ ചെയ്തുതരാനാകും.

മയ്യഴിയില്‍ വിജയകരമായി പ്രവര്‍ത്തിക്കുന്ന ഒരുപാട് കോ-ഓപ്പറേറ്റീവ് സംവിധാനങ്ങളുണ്ട്. കക്ഷി രാഷ്ട്രീയത്തിന്നധീതമായി ഒരു കോ-ഓപ്പറേറ്റീവ് സോസൈറ്റി രൂപീകരിച്ച് ഹാര്‍ബര്‍ പൂര്‍ത്തിയാകുന്നതോടെ അതിന്റെ പൂര്‍ണ നടത്തിപ്പ് ഈ സോസൈറ്റിക്ക് കൊടുക്കുകയാണെങ്കില്‍ മയ്യഴിക്കാരായ ഒരുപാട് പേര്‍ക്ക് തൊഴിലവസരം കിട്ടും.

ഗള്‍ഫ് മേഖല ഒരു ഇറക്കത്തിന്റെ പാതയിലാണെന്ന് എല്ലാവര്‍ക്കും അറിയാം. ഒരു കൂട്ട പലായനം ഗള്‍ഫില്‍ നിന്നും പ്രതീക്ഷിക്കുന്നില്ലെങ്കിലും, ചെറിയ, ചെറിയ സംഘങ്ങളായി തിരിച്ചുവരുന്നുണ്ട്.  ഇതു ഉള്‍ക്കൊണ്ട് കൊണ്ട്  അധികാരികള്‍ സഹായിച്ചാല്‍  മയ്യഴിയെ പൊന്നുവിളയിക്കുന്ന നാടാക്കി മാറ്റാം.

രണ്ടു അനുബന്ധ കുറിപ്പ് കൂടി എഴുതി നിര്‍ത്താം.
ഒന്ന് തികച്ചും വ്യക്തിപരമാണ്. രണ്ടാമത്തേത് പൊതുനന്മക്കായുള്ളതും.

ഈ മേഖലയില്‍ ജോലി ലഭിക്കാന്‍ എനിക്കും രണ്ടവസരം ലഭിച്ചിരുന്നു
ആ കാലങ്ങളില്‍. മര്‍ച്ചന്റ് നേവിയിലേക്കു ട്രെയിനിങ്ങിനു വിളിച്ചുകൊണ്ടുള്ള പത്രത്തിലെ പരസ്യം കണ്ട് മാഹിയില്‍ നിന്നും കുറേപേര്‍ അപേക്ഷ അയച്ചിരുന്നു. അക്കൂട്ടത്തില്‍, ഞാനും അയച്ചിരുന്നു.  ഇന്റര്‍വ്യൂവിനു മയ്യഴിയില്‍നിന്ന് വിളിപ്പിച്ചത് നാലുപേരെ. എന്നെയും സി.എച്ച്.  പുരുഷോത്തമനെയും വളവില്‍ ദിനേഷിനെയും പാറക്കലുള്ള സുകുമാരനെയും (C I T U) . ചെന്നൈയിലായിരുന്നു ഇന്റര്‍വ്യൂ. അതില്‍ സി.എച്ച്.  പുരുഷുവിനു മാത്രം സെലക്ഷന്‍ കിട്ടി.

ഏകദേശം ഒരു വര്‍ഷം കഴിഞ്ഞു വീണ്ടും പരസ്യം വന്നപ്പോള്‍  വീണ്ടും അപേക്ഷിച്ചു.  അന്ന് ഇന്റര്‍വ്യൂവിന് വിളിച്ചത് ദിനേഷിനെയും സുകുമാരനെയും എന്നെയും. ആ ഇന്റര്‍വ്യൂവില്‍ ദിനേഷിനും എനിക്കും സെലക്ഷന്‍ കിട്ടി. ആദ്യ ബാച്ചില്‍ ദിനേഷ് ട്രെനിങ്ങിനു പോയി.

പിന്നീട് എന്നെ മെഡിക്കലിന് വിളിപ്പിച്ചു. മെഡിക്കല്‍ കഴിഞ്ഞു ട്രെനിങ്ങിനു വിളിയൊന്നും കാണാഞ്ഞപ്പോള്‍  ഈ വിവരം ഞാന്‍ ദിനേഷിന്റെ ചേട്ടന്‍ ആനന്ദേട്ടനോട് പറഞ്ഞു. അവരുടെ പരിചയക്കാരില്‍ ആരോ ട്രെയിനിങ് സെന്ററുമായി ബന്ധമുള്ളത് കൊണ്ട് അവരെ കാണാന്‍ ഞാനും ലീവിന് നാട്ടില്‍ വന്ന ആനന്ദേട്ടനും വിശാഖപട്ടണത്തു പോയി അന്വേഷിച്ചപ്പോള്‍ പറഞ്ഞത് ഞാന്‍ മെഡിക്കല്‍ അണ്‍ ഫിറ്റാണെന്ന്.  എന്തോ തിരിമറി നടന്നിട്ടുണ്ട് എന്ന് അവിടെ നിന്ന്  അറിയാന്‍ കഴിഞ്ഞു. അത് മറികടക്കാനുള്ള പോംവഴിയും അവര്‍ ഉപദേശിച്ചു തന്നു.

അത് പ്രകാരം ഞാന്‍ റീ മെഡിക്കലിന് അപേക്ഷിച്ചപ്പോള്‍ സാധ്യമല്ലെന്ന് അറിയിച്ചു. എന്റെ നിരന്തരമായ ഫോളോഅപ്പ് കൊണ്ട്, അതിനനുവദിച്ചു. ഒരു മെഡിക്കല്‍ ബോര്‍ഡിന് മുന്‍പില്‍ ഹാജരാകാന്‍ പറഞ്ഞു. അതും മദ്രാസില്‍. അങ്ങനെ മദ്രാസ് സീ ഫെറേഴ്‌സ് ക്ലബ്ബില്‍ വെച്ച് പ്രാഥമിക പരിശോധന, അതില്‍ വിജയിച്ചു. പിന്നീട് എക്‌സ്‌റെ അതും കഴിഞ്ഞു. അതിലും പ്രശ്‌നങ്ങമൊന്നുമില്ല. വീണ്ടും ഒരു പാനല്‍ ഡോക്ടറുടെ മുന്‍പില്‍ ഹാജരാകണം.  അതിന്റെ അറിയിപ്പിനായി കാത്തിരിക്കുമ്പോഴാണ് ദുബായില്‍ നിന്നും വിസ വന്നത്.

അതെ സമയം തന്നെ പുതുച്ചേരി ഐ.ടി.ഐ.യില്‍ ഇന്‍സ്ട്രക്ടറായി ജോലിക്കുള്ള ഇന്റര്‍വ്യൂ കാര്‍ഡും കിട്ടി. ആ വഴി റെക്കമെന്റേഷന് ഒരു ശ്രമം നടത്തി നോക്കി. ദുബായില്‍ പോകുന്നതാണ് നല്ലതെന്ന ഉപദേശം.

അന്ന് എനിക്ക് അറിയാന്‍ സാധിച്ചത് അവര്‍ പറഞ്ഞതായ എക്‌സാറ്റ് ക്വാളിഫിക്കേഷന്‍ എനിക്ക് മാത്രമായിരുന്നു ഉള്ളത്. പിന്നെ ഒരു റിസ്‌കിനു കാത്തുനിന്നില്ല. അങ്ങനെ ആ ശ്രമം ഉപേക്ഷിച്ചു. ദുബായില്‍ വന്നു. ജോലികിട്ടിയത് സീ ഫുഡ് പ്രോസസിങ് കമ്പനിയില്‍ ഓഫീസ് ഇന്‍ചാര്‍ജായി.

പിന്നീട് ആ കമ്പനിയുടെ ഓള്‍ ഇന്‍ ഓള്‍ ആയി മാറി. മല്‍സ്യസംസ്‌കരണത്തില്‍ ഒരു പിഎച്ച്.ഡി.ക്കാരനുള്ള അറിവ് നേടി. ഏകദേശം 12 കൊല്ലത്തോളം ആ കമ്പനിയില്‍. അവിടെനിന്ന് പിന്നീട് പ്രീ ഷിപ്‌മെന്റ് ഇന്‍സ്പെക്ഷന്‍ കമ്പനിയില്‍ ഇന്‍സ്‌പെക്ഷന്‍ മാനേജര്‍. ആ തസ്തികയില്‍നിന്ന് പിരിഞ്ഞു. അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ പിന്നീട് എഴുതാം. ജോലിയുടെ സ്വഭാവമുമായി ബന്ധപെട്ടു ഒരധ്യായത്തിനുള്ളതുണ്ട്.  അത് പിന്നീട് വഴിയെ ഇത് പോലെ ചെറിയ ചെറിയ കുറിപ്പായി എഴുതാം.

അനുബന്ധമായി ചെറിയ ഒരു കുറിപ്പ് കൂടി എഴുതട്ടെ. ഹര്‍ബാറിന്റെ പണി പൂര്‍ത്തീകരിക്കുന്നതോടെ ഇപ്പോഴുള്ള  റോഡിലൂടെയുള്ള ഗതാഗതം ദുസ്സഹമായിരിക്കും. ഇപ്പോള്‍ തന്നെ  ചെറിയവാഹനം പോവുമ്പോള്‍ എതിരെ നിന്നു വരുന്ന വാഹനത്തിനു കടന്നു പോവാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. റോഡ് വീതി വെപ്പിക്കുന്നതിന്റെ അനിവാര്യത അവരെ പറഞ്ഞു മനസിലാക്കി, അര്‍ഹമായ പ്രതിഫലം നല്‍കി റോഡിന്റെ രണ്ടു ഭാഗത്തുമള്ളവരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കണ്ടതാണ്.

ഒരു സുപ്രഭാതത്തില്‍ അവരോട് മാറാന്‍ പറഞ്ഞാല്‍ അത് അപ്രായോഗികവും ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്ന തുമായിരിക്കും. ഹര്‍ബറിന്റെ പ്രവര്‍ത്തനം സുഗമമാകണമെങ്കില്‍ ഹര്‍ബാറിലേക്കുള്ള എന്‍ട്രിയും ഔട്ടും രണ്ടു വഴികളിലൂടെ ആകണം. അതിനുള്ള പ്രൊവിഷന്‍ ഇട്ടുകൊണ്ടായിരിക്കും നിര്‍മാണം എന്ന് വിശ്വസിക്കുന്നു. ഇപ്പോഴത്തെ വഴിയിലൂടെ ഇത് രണ്ടും നടക്കാന്‍ പ്രയാസമാണ് .

സാധാരണ ദിവസങ്ങളില്‍ തന്നെ ഈ ഭാഗത്തു ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട് എന്നതിനെ പറ്റി ബന്ധപ്പെട്ട ഭരണകൂടം ശ്രദ്ധിക്കുമല്ലോ. എം.എല്‍.എ.യുടെ ശ്രദ്ധയിലും ഈ കാര്യം പെടുത്തണം.

മഠത്തില്‍ ബാബു ജയപ്രകാശ്