പ്രാവ് വളര്‍ത്തല്‍ വെറും ഹോബിയോ?) (ഭാഗം രണ്ട് )

മാടപ്രാവേ വാ

ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോള്‍

വാസൂട്ടിയേട്ടന്‍ സുരേഷിനെ കസേരയിലിരുത്തി  മുടിമുറിക്കാനുള്ള തയ്യാറെടുപ്പുനിടയില്‍ കഥ പറയാന്‍ തുടങ്ങി. നിങ്ങളെല്ലാവരുടെയും അറിവിലേക്കാണ് ഞാന്‍ ഈ കഥ പറയുന്നത്.  ഇപ്പോള്‍ തന്നെ നമ്മള്‍ പരിസ്ഥിയെ പറ്റി പറഞ്ഞുകൊണ്ടിരിക്കെ അത് പ്രകൃതിയെ മനുഷ്യന്‍ ചൂഷണം ചെയ്യുന്നതിലെത്തി. അതിന്റെ കാരണം തേടിയപ്പോള്‍ അന്ധവിശ്വാസവും വിശ്വാസവും എന്ന തര്‍ക്കത്തിലെത്തി. അത് പിന്നെ ജനസംഖ്യാനിയന്ത്രണത്തിലേക്കെത്തി.  പിന്നെ അതും കടന്ന് മതാചാരങ്ങളിലെത്തി… വീണ്ടും ഓരോരുത്തരുടെ വിശ്വാസവുമായി ബന്ധപ്പെടുത്തിയായി ചര്‍ച്ച..  

സുരേഷ് ഓര്‍ത്തു. ‘വാസൂട്ടീ ദ് ഗ്രേറ്റി’ല്‍ പറഞ്ഞതുപോലെ വാസൂട്ടിയേട്ടന്‍ ഒരു ഇരുത്തംവന്ന മാധ്യമപ്രവര്‍ത്തകനെക്കാള്‍ ഉയരത്തിലാണ്. ചര്‍ച്ച വഴിതെറ്റാന്‍ ഒരിക്കലും അനുവദിക്കില്ല. ഇപ്പോഴത്തെ മാധ്യമപ്രവര്‍ത്തകരെപ്പോലെ എരിതീയില്‍ എണ്ണ ഒഴിച്ചിട്ടില്ല. ചര്‍ച്ച വഴിതെറ്റുന്നു എന്ന് തിരിച്ചറിഞ്ഞാല്‍ കൃത്യമായി വാസൂട്ടിയേട്ടന്‍ ഇടപെടും. സോഷ്യലിസ്റ്റായ വാസൂട്ടിയേട്ടന്റെ നിലപാടിലും അണുവിട മാറ്റമില്ല.

വാസൂട്ടിയേട്ടന്‍ തുടര്‍ന്നു…

വന്നുവന്ന് മനുഷ്യന്‍  ഇപ്പോള്‍ തിന്നുന്നതിലും ഉടുക്കുന്നതിലും നടക്കുന്നതിലുംവരെ മതചിന്തകള്‍ക്കനുസരിച്ചായി. മനുഷ്യന്‍ അറിവുവെച്ചുവെന്ന് അഹങ്കരിച്ച് ശാസ്ത്രത്തെയും ടെക്നോളജയെയും വളര്‍ത്തി. ഇതിലൊക്കെ ഊറ്റംകൊള്ളുമ്പോഴും ചില വിഷയങ്ങളില്‍ പ്രാകൃതചിന്ത വിന്തുടര്‍ന്നു. ഇത്തരം ചിന്തകള്‍, നാള്‍ കഴിയുന്തോറും മനുഷ്യര്‍ക്കിടയില്‍ വിടവുകള്‍ സൃഷ്ടിച്ചു, ആര് വലിയവന്‍ എന്ന ചിന്തയുമായി മുന്നേറുകയാണ്.  ഇവിടെയാണ് ഞാന്‍ പറയുന്ന ഈ കഥയുടെ പ്രസക്തി.  
ചുറ്റും കൂടിയവരെല്ലാം വാസൂട്ടിയേട്ടന്റെ വാക്കുകള്‍ സശ്രദ്ധം കേള്‍ക്കുകയാണ്.

ദുനിയാവ് കുഞ്ഞിക്കണ്ണേട്ടന്റെയും ചന്ദ്രന്‍ കിട്ടേട്ടന്റെയും കൊയ്ത്തുകഴിഞ്ഞ വയലില്‍ ദിവസവും പ്രാവുകള്‍ പറന്നെത്തുത് കണ്ടിട്ടില്ലേ. പക്ഷെ നിങ്ങള്‍ ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ? കുറച്ച് പ്രാവുകള്‍ കൂട്ടമായി പറന്നുവരുന്നത് മഞ്ചക്കല്‍ പള്ളിയില്‍നിന്നും കുറച്ചു പ്രാവുകള്‍ മയ്യഴിയിലെ സെയിന്റ് തെരേസാ പള്ളിയില്‍നിന്നും പിന്നെ ഒരു കൂട്ടം വരുന്നത് മയ്യഴി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍നിന്നുമാണ്. പിന്നെ ചിലതു അവിടെന്നും ഇവിടെനിന്നുമായി പറന്നെത്തും. അവ തോന്നിയത് പോലെ പറന്നകലുകയും ചെയ്യും. എന്ന് കരുതി ആരും ഇവയെ മുസ്ലിംപ്രാവുകള്‍ എന്നോ ക്രിസ്ത്യന്‍പ്രാവുകള്‍ എന്നോ ഹിന്ദുപ്രാവുകള്‍ എന്നോ നാടോടിപ്രാവുകള്‍ എന്നോ വിളിക്കാറുണ്ടോ? എല്ലാവരും നിശ്ശബ്ദരാണ്. വാസൂട്ടിയേട്ടന്‍ എല്ലാവരെയും ഒന്ന് നോക്കി. എന്നിട്ടു തുടര്‍ന്നു…

ഈ പ്രാവുകളൊക്കെ ദിവസവും കൂട്ടമായി പറന്നെത്തി, മറ്റു പറവകളോടൊപ്പം ധാന്യങ്ങളൊക്കെ മതിയാവോളം തിന്ന്, അവരവരുടെ വാസസ്ഥലത്തേക്ക് തിരിച്ചു പറക്കും.  ഇതൊരു പതിവ് കാഴ്ചയാണ്. ഇതിനിടയില്‍ ഒരു ദിവസം മൂന്നുദിക്കില്‍നിന്നും വന്ന പ്രാവുകള്‍ രണ്ടുഭാഗത്തേക്ക് മാത്രം തിരിച്ചുപറക്കുന്നത് വാസൂട്ടിയേട്ടന്റെ ശ്രദ്ധയില്‍പെട്ടു.  അന്വേഷണത്തില്‍ മനസ്സിലായത് മഞ്ചക്കല്‍ പള്ളിയില്‍ പണിനടക്കുന്നതിനാല്‍ അവിടെ താമസിച്ച പ്രാവുകള്‍ രണ്ടുഭാഗമായി പിരിഞ്ഞ് ക്രിസ്ത്യന്‍ പള്ളിയിലും ശ്രീകൃഷ്ണ ക്ഷേത്രത്തിലും അതിഥികളായി താമസിക്കാന്‍ തുടങ്ങിയെന്ന്. ദിവസവും അഞ്ചുനേരം ബാങ്ക് വിളികേട്ടു വളര്‍ന്ന പ്രാവുകള്‍ക്ക് ക്രിസ്തീയ പ്രാര്‍ഥന കേള്‍ക്കുന്നതിലോ ഹിന്ദു പ്രാര്‍ഥന കേള്‍ക്കുന്നതിലോ ഒരു അസഹിഷ്ണതയും ഉണ്ടായിട്ടില്ല! കുറച്ചു ദിവസം കഴിഞ്ഞ് പള്ളിയുടെ അറ്റകുറ്റപ്പണികഴിഞ്ഞ് പഴയതുപോലെ പ്രാവുകള്‍ അതത് സ്ഥലങ്ങളിലേക്ക് പറക്കാന്‍ തുടങ്ങി. പിന്നീടൊരുദിവസം വാസൂട്ടിയേട്ടന്റെ ശ്രദ്ധയില്‍ പെട്ടത് ഒരുകൂട്ടം പ്രാവുകള്‍ ക്രിസ്ത്യന്‍ പള്ളി ഒഴിവാക്കി മഞ്ചക്കല്‍ പള്ളി ഭാഗത്തേക്കും ശ്രീകൃഷ്ണ ക്ഷേത്ര ഭാഗത്തേക്കും പറക്കുന്നതാണ്. ക്രിസ്ത്യന്‍ പള്ളിയുടെ അറ്റകുറ്റപ്പണി നാടക്കുന്നതുകൊണ്ടാായിരുന്നു പ്രാവുകളുടെ ഈ താത്കാലിക കൂടുമാറ്റം. പണിയൊക്കെ പൂര്‍ത്തീകരിച്ചപ്പോള്‍, പതിവുപോലെ പ്രാവുകള്‍ മൂന്നുദിക്കിലേക്കും പറന്നുതുടങ്ങി.
ഈ അവസരങ്ങളിലൊന്നും പ്രാവുകള്‍ക്ക് ഒരു അസഹിഷ്ണതയും  ഉണ്ടായിട്ടില്ല. പരസ്പരം വിലക്കേര്‍പ്പെടുത്തിയിട്ടില്ല.

കാലം വീണ്ടും മുന്‍പോട്ടു പോയി. ഒരു ദിവസം വാസൂട്ടിയേട്ടന്‍ കണ്ടത്, ഹിന്ദു ക്ഷേത്രം ഒഴിവാക്കി ക്രിസ്ത്യന്‍ പള്ളിയിലും മുസ്ലിം പള്ളിയിലും  പ്രാവുകള്‍ കൂട്ടത്തോടെ പറന്നുപോകുന്നതാണ്. ഇത്തവണ ഇവരുടെ താമസം കുറച്ചു നീണ്ടുപോയി.  കാരണം ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടു കുറെയേറെ പ്രവൃത്തികളുണ്ടായിരുന്നു. പണി അനിശ്ചിതമായി നീണ്ടെങ്കിലും പ്രാവുകള്‍ക്കിടയില്‍ ഒരു അസഹിഷ്ണതയും ഉണ്ടായിട്ടില്ല. മറിച്ച് അവരില്‍ കൂടുതല്‍ സന്തോഷമാണ് പ്രകടമായി കണ്ടത്! ഇത് അവരുടെ നിത്യസന്ദര്‍ശനത്തില്‍ നിന്നും നമുക്ക് തിരിച്ചറിയാന്‍ സാധിക്കും. ഇപ്പോള്‍ ക്ഷേത്രത്തിന്റെ ജോലിയൊക്കെ പൂര്‍ത്തിയായി പതിവുപോലെ മൂന്നുദിക്കില്‍നിന്നും പറന്നുവന്ന് മൂന്നു ദിക്കിലേക്കും പറന്നകലുന്നു. പ്രാവുകള്‍ക്കിടയില്‍ ഹിന്ദുപ്രാവെന്നോ ക്രിസ്ത്യന്‍പ്രാവെന്നോ മുസ്ലിംപ്രാവെന്നോ ഉള്ള വേര്‍തിരിവില്ല എന്ന തിരിച്ചറിവാണ് നമ്മള്‍, മനുഷ്യര്‍ക്കില്ലാതെ പോയത്.  ഇതുതന്നെയായിരിക്കും ഇവരെ സമാധാനത്തിന്റെ സന്ദേശവാഹകരെന്ന് എല്ലാ മതസ്ഥരും കരുതുന്നത്.

വാസൂട്ടിയേട്ടന്‍ ഇത്രയും പറയാന്‍ കാരണം, സംസാരിക്കാനും ചിന്തിക്കാനും കഴുവുള്ള മനുഷ്യര്‍ക്ക് ഈ പ്രാവിനെ സമാധാനത്തിന്റെ പ്രതീകമായി കാണാനുള്ള വകതിരിവ് ഉണ്ടായി എന്നതു മാത്രമാണ്. എന്നാല്‍ ഈ തത്ത്വം, അംഗീകരിക്കാനുള്ള മനഃസ്ഥിതിയില്ല എന്നുമാത്രമല്ല ഹിന്ദുവെന്നും ക്രിസ്ത്യാനിയെന്നും മുസല്‍മാനെന്നും പറഞ്ഞ് മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുണ്ടാക്കി തമ്മില്‍ അകല്‍ച്ചയുണ്ടാക്കി, കാര്യസാധ്യം നേടുന്ന കാഴ്ചയാണ് ഇപ്പോള്‍ നാം കാണുന്നത്. ഇതും പറഞ്ഞുകൊണ്ടാണ് വാസൂട്ടിയേട്ടന്‍ ചര്‍ച്ച അവസാനിപ്പിച്ചത്. ചര്‍ച്ചയൊക്കെ കഴിഞ്ഞ്, സുരേഷ് തൊട്ടടുത്ത കടയില്‍ നിന്നും ഫോണ്‍ റീചാര്‍ജ് ചെയ്ത് തിരിച്ചുവരാന്‍ നില്‍ക്കുമ്പോള്‍ ഒരു കോള്‍ വന്നു.  വീട്ടില്‍നിന്ന് പ്രേമിയാണ് വിളിച്ചത്.

സുരേഷിനോടായി എന്തോ പറഞ്ഞു.  സുരേഷ് ശരി എന്ന് പറഞ്ഞു ഫോണ്‍ ഡിസ്‌കണക്ട് ചെയ്തു നേരെ ചോയീസ് ബേക്കറിയിലേക്ക് നടന്നുതുടങ്ങി. സുരേഷിന് ചോയീസിന് മുന്‍പിലുള്ള റെയില്‍വേ മുത്തപ്പന്റെ അമ്പലത്തില്‍ കയറി പ്രാര്‍ഥിക്കണം എന്നുണ്ടായിരുന്നു. മുടി മുറിച്ചതിനാല്‍, കുളിക്കാതെ പോകുന്നത് ആചാരവിരുദ്ധമായതുകൊണ്ട് ആ ശ്രമം വേണ്ടെന്നുവെച്ച്  മടങ്ങുമ്പോള്‍ ഓര്‍ത്തു.  ചോയീസ് ബേക്കറിയെപ്പറ്റിയും ചെമ്പ ഗോപാലേട്ടനെപറ്റിയും പിന്നെ സൈക്കിള്‍ അഹമ്മദ്, കെ.പി. പപ്പട ചെട്ടിയാര്‍, പലചരക്ക് കച്ചവടക്കാര്‍, മത്സ്യക്കച്ചവടക്കാര്‍, മൊത്തത്തില്‍ സ്റ്റേഷനടക്കം സ്റ്റേഷന്‍ പരിസരത്തെ ഒട്ടു മിക്ക കാര്യങ്ങളും എഴുതിയിട്ടുണ്ട്, ചുവന്ന കടുക്കനിട്ട ബ്ലോഗില്‍. അങ്ങനെ ഓരോന്ന് ഓര്‍ത്ത് നേരേ മയ്യഴിയിലേക്കു നടന്നു.  നടക്കുന്നതിനിടയില്‍ സുരേഷ് വാസൂട്ടിയേട്ടന്റെ കടയില്‍ നടന്ന ചര്‍ച്ചയെ പറ്റി ആലോചിച്ചു. എത്ര പ്രസക്തമായ കാര്യമാണ് വാസൂട്ടിയേട്ടന്‍ പരിസ്ഥിതിപ്രശ്‌നവും ഒടുവില്‍ പ്രാവുകളിലൂടെയും നമ്മളില്‍ എത്തിച്ചത്. അപ്പോഴുണ്ട് ശശിയേട്ടന്റെ റേഡിയോ റിപ്പയര്‍ ഷോപ്പില്‍നിന്നും പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കു ആകാശമുണ്ട്… എന്ന ഗാനം ഒഴുകിവരുന്നു.

ഇന്നലെ പ്രാവുകളുടെ കഥപറയുന്നതിലൂടെ ഈ ഗാനത്തെ പരാമര്‍ശിച്ചത്, വാസൂട്ടിയേട്ടന്റെ കഥയിലെ ചര്‍ച്ച പ്രാവുകളില്‍ അവസാനിപ്പിച്ചത്, ഇന്നലെ പപ്പനെ കണ്ടത്, പ്രാവിനെ പറ്റി സംസാരിച്ചത് എല്ലാം ഒരു നിമിത്തം പോലെ തോന്നി സുരേഷിന്. ”.. പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ല…. മണ്ണിലിടമില്ല…”
ശരിയാണോ. നമ്മള്‍ ചിന്തിക്കേണ്ട വിഷയമല്ലേ. വയലാറിന്റെ വരികള്‍ക്ക്, രാഘവന്‍ മാസ്റ്റര്‍ ഈണം നല്‍കി, കെ.എസ്. ജോര്‍ജ് ഈ ഗാനം പാടിയത് ആ കാലത്ത് പ്രസക്തമായിരുന്നിരിക്കാം. പറഞ്ഞുവരുന്നത്, പണ്ടൊക്കെ സിനിമാ ടാക്കീസ് കഴിഞ്ഞാല്‍ ഏകദേശം കുഞ്ഞാപ്പുവച്ചന്റെ വീടിനടുത്തുവരെ വയല്‍ പ്രദേശമായിരുന്നു. രണ്ടു ഭാഗങ്ങളിലും കൊയ്ത്തുകഴിഞ്ഞ പാടങ്ങളില്‍ ധാരാളം പ്രാവുകളെയും മറ്റു പക്ഷികളെയും കാണാമായിരുന്നു. ഇന്ന് പക്ഷികള്‍ക്ക് വിഹരിക്കാന്‍ ആകാശവുമില്ല പാടങ്ങളുമില്ല. പാമ്പുകള്‍ക്ക് താമസിക്കാന്‍ മാളങ്ങളുമില്ല. ഇതൊക്കെ കൊണ്ടായിരിക്കാം മയ്യഴിയിലെ തെരുവുകളില്‍ പലവിധത്തിലുള്ള പാമ്പുകളെ കാണുന്നത്. ചിലപ്പോള്‍ ഈ പാമ്പുകള്‍ വാളുവെക്കുന്നതും  അത് പിന്നെ പരിചയായി മാറുന്നതും നിത്യക്കാഴ്ചയാണ് മയ്യഴിയില്‍.

ഇത് പറഞ്ഞപ്പോഴാണ് പഴയ ഗരുഡന്റെ കഥയും ഗരുഡന്‍ തിന്ന പാമ്പുകളുടെ കുലത്തെ പുനര്‍ജനിപ്പിക്കാന്‍ അമൃത് തേടിപ്പോയതും ഒക്കെ ഒരുനിമിഷം ഓര്‍ത്തു. മയ്യഴിയില്‍ അമൃതിനു ക്ഷാമമില്ലല്ലോ. അതറിയാവുന്നവരാണ് ഈ വാള്‍പ്രയോഗവും പരിചവെക്കലും ഒക്കെ നടത്തുന്നത്. എത്ര സങ്കുചിതമായ മനസ്സോടെയാണ് മനുഷ്യര്‍ സ്വാര്‍ഥരായി മാറുന്നത്. ഇതൊക്കെ ഓര്‍ത്ത് സുരേഷ്, പള്ളിയുടെ അടുത്തു എത്തിയതറിഞ്ഞില്ല. സമയമറിയാന്‍ പള്ളിഘടികാരത്തിലേക്കു നോക്കിയപ്പോള്‍, അവിടേയും കാണാം കുറെ പ്രാവുകള്‍ രണ്ടു ഗോപുരങ്ങളുടെ മുകളിലായി ഇരിക്കുന്നത്.  ഇത്തരം പ്രാവുകളെയല്ലേ പപ്പനെപോലുള്ളവരും അച്ഛനെ പോലുള്ളവരും തങ്ങളുടെ വരുതിയിലാക്കി പരിപാലിക്കുന്നത് എന്നോര്‍ത്തപ്പോള്‍ അന്നത്തെ പ്രാവുകമ്പക്കാരിലെ ചിലരുടെ പേരുകള്‍ ഓര്‍ത്തെടുക്കാന്‍ ഒരു ശ്രമം നടത്തിനോക്കി.

ആശുപത്രിക്കടുത്തുള്ള കരുണേട്ടന്‍, അറുമുഖന്‍, സഹോദരങ്ങളായ മടപ്പള്ളിയേട്ടന്‍, ഗോപാലേട്ടന്‍, അയ്യിട്ട വളപ്പിലെ പപ്പേട്ടന്‍, കൊന്തപ്പുറം രാജേട്ടന്‍, പാറക്കലുള്ള കരുണേട്ടന്‍ (മീശ), കണ്ണട കുമാരേട്ടന്‍ (മങ്ങാട്ട്), പട്ടാണി പറമ്പത്ത് നാണുവേട്ടന്‍, മണിയന്‍ പൂഴിയില്‍ ചന്ദ്രന്‍, ഏറീസ്, സെബാസ്റ്റ്യ്യന്‍ ഫെര്‍ണാണ്ടസ്, പറക്കലുള്ള പപ്പന്‍ അങ്ങനെ പോകുന്നു പേരുകളുടെ നിര. ഇവരില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഇവരോടോപ്പം നടന്ന് പ്രാവുകളെ പരിചരിച്ചവരില്‍ പലരും ഈ കമ്പം ഉപേക്ഷിച്ചു. പപ്പനെപ്പോലെ, വളരെ ചുരുക്കം പേര്‍ മാത്രമേ ഇപ്പോള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നുള്ളു. അല്ലെങ്കിലും ഈ പേരുകളില്‍ എന്തിരിക്കുന്നു എന്ന് ചിന്തിക്കുന്നവരുണ്ടാകും. ഉണ്ട്, ഒരുപാട് പ്രാധാന്യമുണ്ട് പേരുകള്‍ക്ക്. അത് വഴിയേ അറിയാം.

എന്നാല്‍ ഇന്ന് മുകളില്‍ പറഞ്ഞവരുടെ പിന്‍തലമുറയില്‍ പെട്ട ചിലര്‍ ഈ മേഖലയിലേക്ക് കടന്നുവരാന്‍ തുടങ്ങിയിട്ടുണ്ട്. എങ്കിലും പലരും ഇപ്പോഴും അകന്നുനില്‍ക്കുന്നു. അതിന് അവര്‍ക്കു അതിന്റെതായ കാരണങ്ങളും  ഉണ്ടായിരുന്നു. ഒന്നാമതായി സ്ഥലപരിമിതിതന്നെ. പ്രാവ് വളര്‍ത്തലിനും മത്സരത്തിനും പ്രാവുകളുടെ സൈ്വരവിഹാരത്തിനും തുറസ്സായ സ്ഥലങ്ങള്‍ അത്യാവശ്യമായിരുന്നു. ഏറെ പരിചരണം വേണ്ട ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള ബുദ്ധിമുട്ടും കൂടി ആയപ്പോള്‍ ഇവരുടെ പിന്മാറ്റം പൂര്‍ണമായി. പണ്ടൊക്കെ ഈ ഭാഗങ്ങളില്‍ വളരെ ചുരുക്കം കെട്ടിടങ്ങളും തുറസ്സായ സ്ഥലങ്ങളും ഏറെയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ സ്ഥിയൊക്കെ പാടെ മാറി. അതിന്റെ കാരണം മയ്യഴിയുടെ വ്യാപാരസാധ്യത മനസ്സിലാക്കി വിദേശികള്‍ വന്നതുപോലെ മറ്റു സംസ്ഥാനങ്ങളില്‍നിന്നും വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിക്കാന്‍ ആളുകള്‍ എത്തിത്തുടങ്ങിയതാണ്. ഇതിന് വേഗം കൂട്ടാന്‍ മയ്യഴിക്കാര്‍ കൂടുതല്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് അവരെ  സ്വീകരിക്കാന്‍ തുടങ്ങി.

അതോടനുബന്ധിച്ച് റോഡ് വികസനവും കൂടി ആയപ്പോള്‍ വാഹനങ്ങളുടെ അതിപ്രസരമായി. തൊട്ടു തൊട്ട് കെട്ടിടങ്ങളായി, വീടുകളായി. പതിയെപ്പതിയെ വ്യാപാര മേഖല വളരുന്നതോടുകൂടി ഈ ഭാഗങ്ങളില്‍ തുറന്ന സ്ഥലങ്ങളുടെ ലഭ്യത തീരെ ഇല്ലാതായി. ഇത് ഇവര്‍ക്ക് ഒരു പ്രധാന തടസ്സം തന്നെ. ഇതുകാരണം ഇവര്‍ക്ക് സ്വതന്ത്രമായി വിചാരിച്ചതു പോലെ ഓടിനടന്നു പ്രവര്‍ത്തിക്കുവാന്‍ സാധിക്കാന്‍പറ്റാതായി. പിന്നെ മറ്റൊരു പ്രധാന കാരണം ഈ ഹോബിയുമായി നടന്നവരുടെ പഴയതലമുറയില്‍ പെട്ടവരുടെ മരണവും, അവരെ സഹായിച്ചു നടന്നവരില്‍ പലരും അന്നത്തിനു വകതേടി ഗള്‍ഫ് രാജ്യങ്ങളിലേക്ക് കുടിയേറാന്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കാതെ വന്നു.

 പുതുതലമുറ മൊബൈല്‍ ഗെയിമിലും കമ്പ്യൂട്ടര്‍ ഗെയിമിലും  സോഷ്യല്‍ മീഡിയയിലും ടി.വി. സീരിയലുകളിലും കൂടുതല്‍ ശ്രദ്ധപതിച്ചപ്പോള്‍ ഈ മേഖലയിലേക്ക് ആളുകള്‍ വരുന്നത് തീരെ ഇല്ലാതായി. അങ്ങനെ പരമ്പരാഗതമായ ഈ ഹോബിയും മയ്യഴിയില്‍ നിന്നും അന്ന്യം നിന്നുപോകുന്നതിന് വേഗം കൂട്ടി.

ഇങ്ങനെയൊക്കെയാണെങ്കിലും പ്രാവ് വളര്‍ത്തലും മത്സരവും കേരളത്തിലും ഇന്ത്യയിലും വിദേശത്തും പൂര്‍വാധികം ഉഷാറോടെ ഇന്നും നടത്തിവരുന്നുണ്ട്. അതിന്റെ തുടര്‍ച്ച മയ്യഴിയിലും കണ്ടുതുടങ്ങിയിട്ടുണ്ട് എന്ന് എന്റെ സുഹൃത്ത് ശ്രീ. പദ്മനാഭന്‍ (പൂഴിയില്‍ പപ്പന്‍) പറഞ്ഞു. പണ്ട് പ്രാവ് വളര്‍ത്തല്‍ ഹോബിയായി കൊണ്ട് നടന്നിരുന്ന അദ്ദേഹം ഈ രംഗത്തെ മാറ്റങ്ങള്‍ ഇന്നും സശ്രദ്ധം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.

ദീര്‍ഘകാലം മസ്‌കറ്റില്‍ ജോലി ചെയ്ത  ഇദ്ദേഹം ഇപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി ഈ ഹോബി ഇപ്പോഴും തുടരുന്നു. 100 ഓളം വിവിധ ഇനം പ്രാവുകളെ വളര്‍ത്തുന്നുണ്ട് പൂഴിയില്‍ പപ്പന്‍ ഇപ്പോള്‍.  കൂട്ടത്തില്‍ ഒന്നുകൂടി പറഞ്ഞു പപ്പന്‍. മസ്‌കറ്റില്‍ ഉള്ളപ്പോഴും പപ്പന്‍ ഈ കമ്പം ഉപേക്ഷിച്ചിരുന്നില്ലെന്ന്. ഒഴിവു സമയങ്ങളിലെല്ലാം പ്രാവുകളെ പരിപാലിക്കാന്‍ സമയം കണ്ടെത്തിയിരുന്നു. പ്രാവ് വളര്‍ത്തുന്നവരെ കണ്ടാല്‍ പെട്ടെന്ന് തിരിച്ചറിയാം. അവരുടെ നോട്ടം എപ്പോഴും  മാനത്തേക്കായിരിക്കും. പ്രാവ് വളര്‍ത്തല്‍ ഒരു ദിനചര്യയായി കൊണ്ടുനടക്കുന്ന ഇവരില്‍ ഇത് ഒരു ശീലമായി മാറിയതുകൊണ്ടാണ് ഇവര്‍ ഇങ്ങനെ മേല്‍പ്പോട്ടുനോക്കി നടക്കുന്നത്. എത്ര ഉയരത്തില്‍ പറക്കുന്ന പ്രാവുകളെയും ഇവര്‍ നഗ്‌നനേത്രം കൊണ്ട് തിരിച്ചറിയും. ചില സന്ദര്‍ഭങ്ങളില്‍ ഉയരത്തില്‍ പറക്കുന്ന പ്രാവുകളെ നോക്കി ആരുടെ  പ്രാവാണെന്നും ഏതു തരത്തില്‍പെട്ട പ്രാവാണെന്നും അവ പറക്കുന്നത് അവരുടെ സ്ഥലപരിധിക്കുള്ളിലാണോ എന്നൊക്കെ ഇവര്‍ ഊഹം വെച്ച് പറയും. പലപ്പോഴും അത് ശരിയുമായിരിക്കും.  ഇങ്ങനെയൊയൊണെങ്കിലും ഇവരുടെ ക കാഴ്ചശക്തി അപാരം തന്നെ എന്ന് പറയാതെ വയ്യ. ഒരു പക്ഷെ സൂര്യരശ്മി കണ്ണുകളിലേക്കു എത്തി ഊര്‍ജം നല്‍കുന്നത് കൊണ്ടായിരിക്കാം ഇവര്‍ക്ക് ഇതിനു കഴിയുന്നത്.

ഇത് പറയുമ്പോഴാണ് പ്രാവുകളും പ്രാവ് വളര്‍ത്തുന്നവരിലും കണ്ടുവരുന്ന സാമ്യത ഓര്‍മവന്നത്. നല്ല ആരോഗ്യമുള്ള കണ്ണുകളാണ് പ്രാവാന്. അതുപോലേ പ്രാവുകളെ പരിപാലിക്കുന്നവര്‍ക്കും വേണം ആരോഗ്യമുള്ള കണ്ണുകള്‍. ഇന്നിവര്‍ക്ക് ഇതിന് സാധിക്കുന്നില്ല. കാരണം ഞാന്‍ മുകളില്‍ പറഞ്ഞത് തന്നെ. സ്ഥലപരിമിതിയും വാഹനങ്ങളുടെ അതിപ്രസരവും കാരണം ഇവര്‍ക്ക് അനായാസമായി ഓടിനടന്നു പ്രവര്‍ത്തിക്കാന്‍ പറ്റാതായി. ഒന്ന് ശ്രദ്ധ തെറ്റിയാല്‍ ജീവിതം തന്നെ അപകടത്തിലാവും.

ഇത്രയൊക്കെ പ്രാവുവളര്‍ത്തലിനെ പറ്റി പറയുമ്പോഴും എന്റെ മനസ്സില്‍ ഇന്നും തങ്ങിനില്‍ക്കുന്നത് കരുണേട്ടന്റെതാണ്. എന്റെ ചെറുപ്പകാലത്ത് മയ്യഴി ജനറല്‍ ആശുപത്രയില്‍ പോകുമ്പോള്‍ ഡിസ്‌പെന്‍സറിക്കു തൊട്ടള്ള അദ്ദേഹത്തിന്റെ വീട്ടില്‍ പ്രാവുകളെ വളര്‍ത്തുന്നത് കാണാമായിരുന്നു. അന്നൊന്നും പ്രാവിനെപ്പറ്റിയോ അതിന്റെ പ്രാധാന്യത്തെ പറ്റിയോ എനിക്ക് അറിയില്ലായിരുന്നു. പക്ഷെ ഒന്നറിയാം പ്രാവിനെ സ്വന്തം ജീവനുതുല്യം സ്‌നേഹിച്ച് പരിപാലിക്കുന്ന ആശുപത്രിയിലെ അറ്റന്‍ഡറായ കരുണേട്ടനെ. പ്രാവുകളെ പരിപാലിച്ചുകൊണ്ട് ആ പരിസരങ്ങളില്‍ തന്നെ കാണും എന്നും. ദിവസേന രോഗികളായി ആശുപത്രിയില്‍ എത്തുന്ന അനേകം പേരുടെയും മുറിവുകള്‍ വൃത്തിയാക്കി മരുന്ന് വെച്ചുകെട്ടി സുഖപ്പെടുത്തുന്നത് കരുണേട്ടനായിരുന്നു. താന്‍ ദിവസേന പരിചരിക്കുന്ന മനുഷ്യരോളം തന്നെ പ്രാധാന്യവും പരിലാളനയും പ്രാവുകള്‍ക്കും കരുണേട്ടന്‍ നല്‍കിയിരുന്നു. അതുകൊണ്ടുതന്നെയായിരിക്കും കരുണേട്ടന്റെ അച്ഛനും അമ്മയും മുന്‍വിധിയോടെ കരുണേട്ടന് ആ പേരു നല്‍കി അനുഗ്രഹിച്ചത്. കരുണേട്ടനും ആ പേരു അന്വര്‍ഥമാക്കും വിധം പില്‍ക്കാല ജീവിതം തുടര്‍ന്നതും  (കരുണന്‍ – കരുണയുള്ളവന്‍). അദ്ദേഹത്തിന്റെ വീടിനു മുന്‍പിലൂടെ നടന്നുപോകുമ്പോള്‍ കേള്‍ക്കാം പ്രാവുകളുടെ കുറുകുറുശബ്ദം. അതായിരുന്നു എന്റെ ഓര്‍മയിലെ ആദ്യ പ്രാവ് വളര്‍ത്തല്‍ കേന്ദ്രം.  കാക്കി ട്രൗസറും വെള്ള ബനിയനും ധരിച്ച കരുണേട്ടന്‍ കയ്യില്‍ ഒരു ചെറിയ ടിന്നും അതില്‍ നിന്നും പ്രാവുകള്‍ക്കുള്ള ധാന്യങ്ങളും ഒരു വലിയ ബേസിനില്‍ വെള്ളവും ഒക്കെ ആയിട്ടു പ്രാവിന്‍കൂടിനു ചുറ്റും എപ്പോഴും ഉണ്ടാവും. വീട്ടിന്റെ മുന്‍ഭാഗത്തു വേലികെട്ടി, ചുറ്റും പൂച്ചെടികള്‍ വളര്‍ത്തിയിരുന്നു. റോസും വിവിധ നിറങ്ങളിലുള്ള ചെട്ടിപ്പൂവും തോട്ടവാഴയും കനകാംബരവും നന്ത്യാര്‍വട്ടവും ശംഖുപുഷ്പവും വളര്‍ത്തുന്നതോടൊപ്പം സൂര്യവെളിച്ചം നേരിട്ട് വീട്ടിലെ കോലായില്‍ എത്തുന്നത് തടയാനും ഒപ്പം തണുപ്പ് ലഭിക്കാന്‍ കോലായുടെ (വരാന്തയുടെ) രണ്ടു ഭാഗങ്ങളിലും ഇരുത്തിവരെ (കാല്‍ച്ചുമര്‍) മുളച്ചീളുകള്‍ ക്രോസായി വെച്ചുകെട്ടി, വെള്ള നിറം നല്‍കി അതില്‍ മണിപ്ലാന്റ് പോലുള്ള ക്രീപ്പര്‍ ഇനങ്ങളിലുള്ള വള്ളിച്ചെടികള്‍ വളര്‍ത്തിയത് ഇന്നും എന്റെ ഓര്‍മകളിലുണ്ട്.

കരുണേട്ടന്റെ വീട്ടിന്റെ ഇടത്തെ കോര്‍ണറില്‍ പ്രാവിന്‍കൂടുകള്‍ വെച്ചത, കൂടാതെ ഇറയത്ത് കെട്ടിത്തൂക്കിയ കൂട്ടില്‍ രണ്ടു തത്തയും ഉണ്ടായിരുന്നെന്ന് തോന്നുന്നു. ശരിയാണോ എന്നൊന്നും നിശ്ചയമില്ല.

പണ്ട് സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എന്റെ കസിന്‍ സിസ്റ്റര്‍മാരായ ബേബിയേച്ചിയും ഉഷേച്ചിയും പ്രസന്നേച്ചിയും ശാന്തേച്ചിയുമൊടോപ്പം ആ വീട്ടില്‍ കയറി അവിടത്തെ ഒരു ചേച്ചിയെയും കൂട്ടിയാണ് സ്‌കൂളില്‍ (ഉഷ/ ഉമ പേരുകള്‍ ഇതാണെന്ന് തോന്നുന്നു)  പോയിക്കൊണ്ടിരുന്നത്. അന്ന് ആ വീട്ടില്‍ കണ്ട ഓര്‍മകളാണ് മുകളില്‍ എഴുതിയത്. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് എനിക്ക് പ്രാവ് വളര്‍ത്തല്‍ ഒരു ഹോബിയായി കൊണ്ടുനടക്കുന്ന പലരും മയ്യഴിയില്‍ ഉണ്ടെന്ന് മനസിലായത്.

 70-കളില്‍ നമ്മുടെ ബിസിനസുമായി ബന്ധപെട്ട് ഷോപ്പില്‍ ഇരിക്കുമ്പോള്‍ തൊട്ട് എതിര്‍വശമുള്ള വീട്ടിലെ പാറക്കലിലുള്ള വാസുവേട്ടനും അദ്ദേഹത്തിന്റെ സഹായത്തിനു സഹോദരങ്ങളായ ലക്ഷ്മണേട്ടനും  പുരുഷുവേട്ടനും ഈ ഹോബി കൊണ്ടുനടക്കുന്നത് കണ്ടിട്ടുണ്ട്. സാധാരണക്കാരില്‍ സാധാരണക്കാരനായ വാസുവേട്ടന്‍ അന്നന്ന് കിട്ടുന്ന ദിവസക്കൂലിയില്‍നിന്നും മിച്ചം വെച്ചു പ്രാവുകളെ ഊട്ടുന്നതു ഒരു നിത്യക്കാഴ്ച്ചയായിരുന്നു എനിക്ക്.

വാസുവേട്ടന്‍ നഗ്‌നപാദനായിരുന്നു. ഷര്‍ട്ടോ ബനിയനോ ധരിച്ചു കണ്ടിട്ടില്ല. എപ്പോഴും നിറം മങ്ങിയ മുണ്ടു മാടികെട്ടിയുള്ള നടത്തം. കൂനില്ലെങ്കിലും നടക്കുമ്പോള്‍ അല്പം കൂനുള്ളതായി തോന്നും. അങ്ങനെ തോന്നുന്നത് ഒരു പക്ഷെ അദ്ദേഹത്തിന്റെ വയര്‍ അല്‍പ്പം ഉള്ളിലോട്ടു അമര്‍ന്നു നില്‍ക്കുന്നതിനാലായിരിക്കാം. ചുരുട്ട് വലിക്കും വാസുവേട്ടന്‍. വലിച്ച ചുരുട്ട് ഇടയ്ക്കു തുപ്പല്‍ കൂട്ടി കെടുത്തി ചെവിയില്‍ തിരുകുന്നതും കണ്ടിട്ടുണ്ട. വീണ്ടും ചുരുട്ട് വലിക്കണമെന്നു തോന്നുമ്പോള്‍ വഴിയേ പുകവലിച്ചു പോകുന്നവരെ കണ്ടാല്‍ തീ ചോദിച്ചു വാങ്ങി ചെവിയില്‍ തിരുകിയ ചുരുട്ട് എടുത്തു ചുണ്ടില്‍ വെച്ച് കവിള്‍ ഉള്ളിലേക്കു  ആഞ്ഞുവലിക്കുമ്പോള്‍ തീ പകരുന്ന സിഗരറ്റിന്റെ  ബീഡിയുടെ മുകള്‍ ഭാഗത്തു തീക്കനല്‍ പ്രകാശിച്ച് ചുരുട്ടിലേക്കു തീ പകരുന്നതും കാണാം. ഒപ്പം കവിളിന്റെ രണ്ട് ഭാഗത്തുകൂടി പുക ഉയരുന്നുതും കാണാം. ചിലപ്പോള്‍ പുകവലിച്ചു പോകുന്നവര്‍ വാസുവേട്ടനെ ശ്രദ്ധിക്കാതെ പോയാല്‍ എടോ… എന്ന് വിളിച്ചു പിറകെ കാല്‍പ്പാദം (കാല്‍വിരലുകള്‍) മാത്രം ഊന്നി മടമ്പ് നിലത്തമര്‍ത്താതെ പതിയെ ഓടി തീ ചോദിച്ച് വാങ്ങുന്നതും കണ്ടിട്ടുണ്ട്.

ചിലപ്പോള്‍ മടിയില്‍ തിരുകി സൂക്ഷിച്ച തീപ്പെട്ടി എടുത്തായിരിക്കും ചുരുട്ട് കത്തിക്കല്‍ അഭ്യാസം.  പല കൊള്ളികള്‍ പാഴാക്കിയാലേ ഈര്‍പ്പം കലര്‍ന്ന ചുരുട്ടിന് തീ പിടിച്ചുകിട്ടുകയുള്ളു. ഈ സാഹസം ഒഴിവാക്കാനാണ് വാസുവേട്ടന്‍ പുകവലിച്ചു പോകുന്നവരില്‍ നിന്നും തീ പകരാന്‍ ശ്രമിക്കുന്നത്. വാസുവേട്ടന്‍ മാത്രമല്ല, ചുരുട്ട് വലിക്കുന്ന പലരും അങ്ങനെ ചെയ്യാറുണ്ട്. അത് അതിന്റെ ഒരു രീതിയാണ്. വീടിന്റെ മുന്‍പിലുള്ള പീഞ്ഞ (മരപ്പെട്ടി) തുറക്കാനും അടക്കാനും കമ്പികൊണ്ടുള്ള ഗ്രില്‍ വാതിലുകള്‍ ഉണ്ടാവും. ഇത്തരം ചെറിയ ചെറിയ കൂടുകളിലായി പ്രാവുകളെ കാണാം. വൈകുന്നേരമായാല്‍ പ്രാവുകളെ കൂട്ടില്‍ നിന്നും പുറത്തെടുത്ത് ഒര് പ്രത്യേക തരത്തില്‍ വിരലുകള്‍ കൂട്ടി ചിറകില്‍ പിടിച്ച് വീട്ടിന്റെ മുന്‍പിലുള്ള തറ കെട്ടിയിട്ട തുറസ്സായ സ്ഥലത്തു പ്രാവുകളെ ഒന്നൊന്നായി ഇടും. കൂട്ടത്തില്‍ പ്രാവിനുള്ള ധാന്യവും നല്‍കി കൊണ്ടേയിരിക്കും. താന്‍ ഉണ്ടില്ലെങ്കിലും പ്രാവുകളെ ഊട്ടുന്നതില്‍ വാസുവേട്ടന് ഏറെ ശ്രദ്ധയാണ്. ഇടയ്ക്കു ചിലതിനെ കയ്യിലെടുത്ത് തൂവലോക്കെ തടവി ചിരിച്ചുകൊണ്ട് പരിപാലിക്കുന്നതും കാണാം.

വാസുവേട്ടാ ഇതേതാ പ്രാവ് എന്ന് ചോദിച്ചാല്‍, ഉടനെ വാസുവേട്ടന്‍ പറയും, ഇത് ഒറ്റക്കണ്ണന്‍ (ആ പ്രാവിന് കണ്ണിനു എന്തോ തകരാറുണ്ടായിരുന്നു, അതാണ് വാസുവേട്ടന്‍. അതിനെ ഒറ്റക്കണ്ണന്‍ എന്ന് പേരിട്ടുവിളിക്കുന്നത്). ആ കാണുന്നത് ചെമ്പന്‍, അതിനു തൊട്ടപ്പുറത്തുള്ളത് റൊക്ക വെള്ള പ്രാവ്. അത് കഴിഞ്ഞാഴ്ച ഞാന്‍ പിടിച്ചതാ മെരുങ്ങിയിട്ടില്ല എന്നൊക്കെ. കുറച്ചു കാലം തുടര്‍ച്ചയായി വാസുവേട്ടനെയും പ്രാവുകളെയും ശ്രദ്ധിക്കാന്‍ തുടങ്ങിയതോടെ എനിക്കും പ്രാവുകളോടുള്ള കമ്പം കൂടിയോ എന്ന് അച്ഛനൊരു സംശയം. പിന്നെ ശാസന നിറഞ്ഞ ഉപദേശം കൂടിയായപ്പോള്‍ എന്റെ പ്രാവുകളോടുള്ള കമ്പം മുളയിലേ കരിഞ്ഞുപോയി. പ്രാവ് വളര്‍ത്തുന്നവര്‍ തമ്മില്‍ പ്രത്യേകിച്ച് ഒരു നിബന്ധനയും കാരാറും ഇല്ലെങ്കിലും ഇവര്‍ അന്യോന്യം മത്സരിച്ച് പ്രാവുകളെ പിടിക്കും. ഇവര്‍ക്കനുവദിച്ച പരിധിയില്‍ പ്രാവുകള്‍ പറക്കുമ്പോള്‍ അതിനെ തങ്ങളുടെ കയ്യിലുള്ള ട്രെയിനര്‍ പ്രാവുകളെ വിട്ട് അതിനോടൊപ്പം പറത്തി തങ്ങളുടെ പരിധിയിലെത്തിച്ച് അവയെ തന്ത്രപൂര്‍വം പിടിച്ചു കൂട്ടില്‍ ഇടും. ഇങ്ങനെ പ്രാവുകള്‍ മിസ്സാകുമ്പോള്‍ അതിന്റെ ഉടമ പ്രാവുകളെ അന്വേഷിച്ചു വരികയും, അവര്‍ ആവശ്യപ്പെടുന്ന ന്യായമായ തുക നല്‍കി പ്രാവുകളെ തിരിച്ചു കൊണ്ടുപോകുകയും ചെയ്യും. ചിലപ്പോള്‍ സൗഹൃദത്തിന്റെ പേരില്‍ ഒന്നും വാങ്ങാതെയും പ്രാവുകളെ വിട്ട് നല്‍കും. മറിച്ചും സംഭവിക്കുക സ്വാഭാവികം. ഇതിന്റെ പേരില്‍ ചെറിയ ചെറിയ പിണക്കങ്ങളൊക്കെ ഉണ്ടായതായി കേട്ടിട്ടുണ്ട്.

അതുകൊണ്ടു തന്നെയായിരിക്കാം ഇവര്‍ക്കിടയില്‍ പ്രാവ് പിടിക്കുന്നതിനും പറത്തുന്നതിനും എഴുതപ്പെടാത്ത ഒരു നിയമാവലി പിന്‍തുടരുന്നത്.  ഇവര്‍ക്കിടയില്‍ ഈ നിയമങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്. അതനുസരിച്ചേ എല്ലാം നടത്തൂ. അത് ഇവര്‍ അനുസരിക്കുകയും ചെയ്യും.

ഇന്ന് ഇന്ത്യന്‍ ഭരണഘടനയെവരെ ചോദ്യം ചെയ്യുന്ന കാലത്ത് അത്തരം ചോദ്യചെയ്യപ്പെടലുകള്‍ ഒന്നും തന്നെ ഇവര്‍ക്കിടയില്‍ ഇല്ല. ഇനി അഥവാ വല്ല ലംഘനങ്ങളും ഉണ്ടായാല്‍ ഇവര്‍ തന്നെ അവര്‍ക്കിടയില്‍ വെച്ച് പരിഹാരം കാണും. ഇങ്ങനെയൊക്കെയാണെങ്കിലും പ്രാവുകള്‍ പണ്ടുമുതലേ മനുഷ്യന്റെ പ്രിയപ്പെട്ട വളര്‍ത്തുപക്ഷികളിലൊന്നാണ്. പ്രാവുവളര്‍ത്തല്‍ വെറുമൊരു ഹോബി മാത്രമല്ല. ഇന്ന് പലര്‍ക്കും നല്ലൊരു വരുമാന മാര്‍ഗംകൂടി തുറന്നുകൊടുക്കുകയാണ് ഇപ്പോള്‍. നാടന്‍പ്രാവുകള്‍ മുതല്‍ വിദേശ ഇനങ്ങള്‍ക്കു വരെ ആവശ്യക്കാരുണ്ടെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല. ഒരു ജോഡി പ്രാവിന് ആയിരം രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വിലമതിക്കുന്ന ഇനങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ആവശ്യക്കാരും ഉണ്ട്.  പല സ്ഥലങ്ങളിലും പ്രാവ് വളര്‍ത്തലും പരിപാലനവും ഇന്നും സജീവമായി നിലനിര്‍ത്തുന്നുണ്ട് എന്നതിന്റെ സൂചനതന്നെയാണിത്. പല നിറത്തിലുള്ളതും വലുപ്പത്തിലുമുള്ള പ്രാവുകളെ ഇന്ന് വിപണിയില്‍ വാങ്ങാന്‍ കിട്ടും. ചില പ്രത്യേക ഇനങ്ങള്‍ക്ക്  വിലയും കൂടും. ഇതൊക്കെ സര്‍
വസാധാരണവും. മിക്കവര്‍ക്കും അറിവുള്ളതാണെങ്കിലും,  എന്നെ അമ്പരപ്പിച്ചതു കൗതുക മുണര്‍ത്തുന്നതുമായ വാര്‍ത്ത ഒരു പ്രാവിനെ വാങ്ങാന്‍ 11 കോടിയില്‍പ്പരം രൂപ ചെലവാക്കിക്കൊണ്ടാണെന്നു അറിഞ്ഞപ്പോഴാണ്. ആര്‍ക്കെങ്കിലും ചിന്തിക്കാന്‍ സാധിക്കുമോ ഇത്. ബെല്‍ജിയത്തില്‍ നിന്നുള്ള രണ്ട് വയസ്സുള്ള റേസിങ് പ്രാവായ ന്യൂകിമിനെയാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശിയായ ഒരു വ്യക്തി ഓണ്‍ലൈനില്‍ 11 കോടി 41 ലക്ഷത്തിന് ലേലം വിളിച്ചിരിക്കുന്നതെന്ന് ദ സണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രാവുകളുമായി ബന്ധപ്പട്ടുള്ള മറ്റു വിശേഷങ്ങള്‍ അടുത്ത അധ്യായത്തില്‍ തുടരും.

മഠത്തില്‍ ബാബു ജയപ്രകാശ്