പ്രാവ് വളര്‍ത്തല്‍ വെറും ഹോബിയോ?) ഭാഗം ഒന്ന്

മാടപ്രാവേ വാ

ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോള്‍

മാടപ്രാവേ വാ (പ്രാവ് വളര്‍ത്തല്‍ വെറും ഹോബിയോ)

Jun 11 2022
Reading Time 5 Minutes Maximum

മാധവന്റെ കഥ വായിച്ചുകഴിഞ്ഞ് ഒരു പ്രത്യേക മാനസികാവസ്ഥയിലായിരുന്നു എല്ലാവരും. സ്വന്തം കുടുംബത്തില്‍ നടന്ന ഒരത്യാഹിതം പോലെ. കുട്ടികള്‍ നേര്‍ത്ത ദുഃഖത്തോടെ പതിവിലും നേരെത്തെ ഉറങ്ങാന്‍ പോയി. സുരേഷ് പിറ്റേന്ന് മുടിമുറിക്കാനായി വാസൂട്ടിയേട്ടന്റെ കട ലക്ഷ്യമാക്കി നടന്നു. പോകുമ്പോള്‍ പ്രേമി പിന്നില്‍നിന്ന് ഓര്‍മിപ്പിക്കുന്നുണ്ടായിരുന്നു ‘ഫോണ്‍ റീ ചാര്‍ജ് ചെയ്യാന്‍ മറക്കരുതേ സുരേഷേട്ടാ…’

തലേന്ന് പെയ്ത മഴയുടെ ഒരു ലക്ഷണവും അവശേഷിക്കുന്നില്ല. നല്ല ചൂടും. തിരിച്ചുവരുമ്പോള്‍ കുഞ്ഞാപ്പുവച്ചന്റെ വീട്ടില്‍നിന്നും കുട വാങ്ങാമെന്നായിരുന്നു സുരേഷ് കരുതിയത്.
സുരേഷ് നടന്ന് ഏകദേശം സ്റ്റാച്യു ജങ്ഷനിലെത്തിയപ്പോള്‍ നല്ല വെയിലും ചൂടും അനുഭവപ്പെട്ടു. കുടയുണ്ടായിരുന്നെങ്കില്‍ ചൂടാമായിരുന്നു എന്ന് തോന്നി. അപ്പോഴുണ്ട് ദൂരെനിന്ന് പള്ളികഴിഞ്ഞുള്ള ഓന്തമിറങ്ങി ഒരാള്‍ കൂനി നടന്നുവരുന്നൂ. കണ്ടിട്ട് കുഞ്ഞാപ്പുവച്ചനെപ്പോലെ തോന്നി.  കറുത്ത് നീളമുള്ള എന്തോ വീശിക്കൊണ്ടാണ് ആളുടെ വരവ്.

കുഞ്ഞാപ്പുവച്ചനെ ദൂരെനിന്ന് കണ്ട ഉടനെ സുരേഷ് ഒരു നിമിഷം മനസ്സില്‍ ഓര്‍ത്തു. ഇയാള്‍ ഈ വഴി വരുന്നുണ്ടെങ്കില്‍ എന്റെ കുടയും എടുക്കാമായിരുന്നില്ലേ എന്ന്.

ഒന്തമിറങ്ങി ഏതാണ്ട്  എല്‍.പി. സ്‌കൂളിനടുത്തത്തെത്തിയപ്പോള്‍ സുരേഷിന് മനസ്സിലായി കുഞ്ഞാപ്പുവച്ചന്‍ തന്നെ. തേടിയ വള്ളി കാലില്‍ ചുറ്റി എന്ന് പറഞ്ഞത് പോലെ. കയ്യില്‍ രണ്ടു കുടയുമുണ്ടായിരുന്നു. സുരേഷ് പറഞ്ഞു ‘ഞാനാ സുരേഷാ…’

സുരേഷ് പറഞ്ഞത് കുഞ്ഞാപ്പുവച്ചന്‍ കേട്ടിട്ടില്ല എന്ന് തോന്നുന്നു. അദ്ദേഹം മുഖം അല്‍പ്പം താഴ്ത്തി, മുണ്ടിന്റെ കോന്തലകൊണ്ട് മുഖത്തെ വിയര്‍പ്പു തുടച്ചു. ഒപ്പം ചുവന്ന കടുക്കനിട്ട തന്റെ ചെവിയിലെ വിയര്‍പ്പും ഒപ്പി തല ഉയര്‍ത്തി ചോദിച്ചു ആരാ.?

ഞാനാ… ദിവാകരന്റെ മോന്‍ സുരേഷാ.

എന്നിട്ടു തലയുയര്‍ത്തി സുരേഷിനെ ഒന്ന് സൂക്ഷിച്ചു നോക്കിയിട്ട് പറഞ്ഞു.

എത്ര ദിവസമായി സുരേഷേ  കുട നന്നാക്കിവെച്ചിട്ട്. നിന്നെ അങ്ങോട്ട് ക്‌ണ്ടേ ഇല്ല.
കുറെ ദിവസമായി വരണം എന്ന് വിചാരിക്കുന്നു. ഇന്നലെ വരണം എന്ന് കരുതിയതാ, ചൊവ്വാഴ്ച്ച ആയതുകൊണ്ട് ഇന്ന് വരാം എന്ന് കരുതി. ഞാന്‍ ഇങ്ങളുടെ അടുത്തു വരുകയായിരുന്നു.

കുട വാങ്ങുന്നതിന് എന്ത് ചൊവ്വാഴ്ചയും വെള്ളിയാഴ്ചയും സുരേഷേ?

അങ്ങനെ അല്ല… എനിക്ക് മുടിമുറിക്കണെനും, വാസൂട്ടിയേട്ടന്‍ ചൊവ്വാഴ്ച കട തുറക്കൂല്ലല്ലോ?

ഓ അതാണോ … എന്തായാലും എനിക്ക്…  മാര്‍ത്തയെ (മാര്‍ഗ്രറ്റിനെ) ഒന്ന് കാണണം. ഓളുടെ അടുത്തു ഒരു ചെമ്പ് ഈയ്യംപൂശാന്‍ കൊടുത്തിനേനും. കുറെ ദിവസമായി, ഇനിയും കിട്ടിയിട്ടില്ല. അവളെ കണ്ടിട്ടു, എന്തായീ ചെമ്പിന്റെ കാര്യം എന്ന് നോക്കാന്‍ വന്നതാ, അപ്പോള്‍ ഞാന്‍ വിചാരിച്ചു ഇന്റെ കുടയും തരാം എന്ന്.

ഇതാ ഇന്റെ കുട…  രണ്ടു കുടയും സുരേഷിന് നേരേ നീട്ടി .

രോഗി ഇച്ഛിച്ചതും വൈദ്യന്‍ കല്പിച്ചതും ഒന്ന് എന്നത് പോലെ. കുടയില്‍ ഒന്ന് സ്വീകരിച്ചിട്ടു പറഞ്ഞു.

എനിക്ക് സ്റ്റേഷന്‍വരെ ഒന്ന് പോണം. നല്ല വെയിലുണ്ട്. കുട ചൂടിപ്പോയാല്‍ ചൂടിന് അല്‍പ്പം ആശ്വാസമാകും കുഞ്ഞാപ്പുവച്ചാ.
ഓ അങ്ങനെയാ … എന്നാ ഞ്ഞി ഈ കുട അങ്ങെടുത്തിട്ടു  ഒരു 110 ഉറപ്പ്യ ഇങ്ങെടുത്തേ…

അതെന്തിനാ കുഞ്ഞാപ്പുവച്ചാ 110 ഉറപ്പ്യ… അത് ജാസ്തിയല്ലേ?

ജാസ്തി ഒന്നും അല്ല. നല്ല പണിയെന്നും രണ്ടിനും. ഒന്നിന്റെ കുതിര മാറ്റി. പിന്നെ രണ്ടു വില്ലു പൊട്ടീന്. മറ്റേതിന്റെ  രണ്ടു കുതിരേം ചക്കും എല്ലാം തുരുമ്പിച്ചിന്. കുറഞ്ഞത് 150 ഉറുപ്പ്യങ്കിലും വേണ്ടതാ.. കെട്ടുകമ്പിക്കും സാധനങ്ങള്‍ക്കും ഇപ്പംഎന്താ വില (സാധനങ്ങള്‍ എല്ലാം പഴയ കുടയില്‍ നിന്നെടുത്തു മാറ്റി യതാണെങ്കിലും കുഞ്ഞാപ്പുവച്ചന്‍ ഓര്‍മിപ്പിച്ചു).

ദിവാകരന്റെ മോനല്ലേന്നു… വിചാരിച്ചിട്ട് 110 ഉറുപ്പ്യേ എടുത്തിട്ടുള്ളു ഞാന്‍.
സുരേഷ്  പൈസ കൊടുത്തിട്ട് കുട നോക്കി. എല്ലാം, ഭംഗിയായി ശരിയാക്കിയിരിക്കുന്നു.

അല്ലെങ്കിലും കുഞ്ഞാപ്പുവച്ചന്‍ എടുക്കുന്ന പണി, ആത്മാര്‍ഥതയോടെ ചെയ്തിരിക്കും. ഇനി നിങ്ങള്‍ പറയാത്ത എന്തെങ്കിലും പണി കണ്ടാല്‍, കുഞ്ഞാപ്പുവച്ചന്‍ അത് ചെയ്തിരിക്കും. അതിനു പ്രത്യേകിച്ച് കൂലിയൊന്നും വാങ്ങില്ല. പക്ഷെ,  കുട വാങ്ങാന്‍ വരുമ്പോള്‍ കാര്യമായ പണി ആണെങ്കില്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെടുത്തും. നിങ്ങള്‍ അറിഞ്ഞ് എന്തെങ്കിലും കൊടുത്താല്‍ വാങ്ങിക്കും, അത്ര മാത്രം. അല്ലാതെ അതിന്റെ പേരില്‍ ഒരു വിലപേശലിനു വഴിയൊരുക്കില്ല കുഞ്ഞാപ്പുവച്ചന്‍.

ഒരു കുട തിരിച്ച കൊടുത്തിട്ട് സുരേഷ് പറഞ്ഞു.: ഇത് ഇങ്ങള്‍ ചാത്തുവേട്ടന്റെ പീടികയില്‍ കൊടുത്തേക്ക് ഞാന്‍ അവിടെനിന്നു എടുത്തുകൊള്ളാം. വരൂ ഞാന്‍ നിങ്ങളെ റോഡിന്റെ അപ്പുറത്തു എത്തിക്കാം, ഓന്തമാണ് ധാരാളം വാഹനങ്ങള്‍ ഉണ്ട് ശ്രദ്ധിക്കണം.

ആ ചോദ്യം കുഞ്ഞാപ്പുവച്ചന് ഇഷ്ടമായില്ല എന്ന് തോന്നി സുരേഷിന്.

കുഞ്ഞാപ്പുവച്ചന്‍ പറഞ്ഞു വേണ്ട മോനെ ഞാന്‍ നോക്കി, പൊയ്‌ക്കോളും, മോന്‍ പോട്.

എങ്കിലും ഒന്തം കയറുന്നതിനിടയില്‍ സുരേഷ് ഒന്ന് തിരിഞ്ഞു നോക്കി.

അതിവേഗത്തില്‍ വാഹനങ്ങള്‍ ഒന്തമിറങ്ങി വരുന്നതല്ലേ റോഡ് ക്രോസ് ചെയ്യുമ്പോള്‍ കുഞ്ഞാപ്പുവച്ചനു ബുദ്ധിമുട്ടുണ്ടോ എന്ന് നോക്കി. കുഞ്ഞാപ്പുവച്ചന്‍ റോഡ് മറിച്ചുകടന്ന് തൊട്ട് മുന്‍പിലുള്ള ആ വലിയ സ്വര്‍ണക്കടയുടെ മുന്‍പില്‍ നിന്ന് എന്തോ ആലോചനയില്‍ മുഴുകി നില്‍ക്കുന്നത് പോലെ തോന്നി സുരേഷിന്.

സുരേഷ് ഓര്‍ത്തു; ഒരുപക്ഷെ അദ്ദേഹത്തിന്റെ പഴയ തൊഴിലും ആ മേഖലയില്‍ വന്ന മാറ്റങ്ങളും പുതിയ കച്ചവടരീതിയും ഒക്കെയാവാം കുഞ്ഞാപ്പുവച്ചന്‍ ചിന്തിക്കുന്നുണ്ടാവുക. ഏതായാലും കുഞ്ഞാപ്പുവച്ചന്‍ ഭദ്രമായി റോഡ് ക്രോസ് ചെയ്തിരിക്കുന്നു. ഇനി പേടിക്കേണ്ട.

എന്നിട്ട്  ഓന്തം കയറി സെമിത്തേരി റോഡിലൂടെ താത്തക്കുളം ലക്ഷ്യം വെച്ച് നടന്നു സുരേഷ്.

ഒന്തം കയറിയപ്പോഴേക്കും സുരേഷിന് നല്ല കിതപ്പനുഭവപ്പെട്ടു. കൊപ്പരമില്ലിന്റടുത്തു മരച്ചോലയില്‍ അല്‍പ്പം നിന്ന്, കിതപ്പ് മാറ്റി വീണ്ടും പോകാന്‍ നില്‍ക്കുമ്പോള്‍, ദൂരെനിന്ന് പപ്പന്‍ മേല്‍പ്പോട്ടു നോക്കിക്കൊണ്ട് വരുന്നു. കണ്ടാല്‍ വിചാരിക്കും പപ്പന് തേങ്ങാപ്പാട്ടം ഉണ്ടോ എന്ന്.

അടുത്തെത്തിയപ്പം ചോദിച്ചു ഞ്ഞി നാട്ടിലുണ്ടേനോ?

അതെ ഞാന്‍ കുറച്ചു മാസമായി വന്നിട്ട്..

ഞ്ഞി എന്താ… മോള്ളോട്ടു നോക്കി നടക്കുന്നെ?  വല്ല ഓട്ടോറിക്ഷയാറ്റം വന്നു തട്ടും. നിനക്ക് നേരേ നോക്കി നടക്കാറോ?

അത് ഒരു പ്രാവിനെ കണ്ടിനെനും അതിനെ നോക്കിയതാ.

ഞ്ഞി.. എനിയും ഈ പരിപാടി നിര്‍ത്തിയിട്ടില്ലേ എന്ന് ചോദിച്ചപ്പോള്‍ പറയുകയാ വയസ്സായില്ലേ സുരേഷേ … സമയം പോണ്ടേ.

പിന്നേ കുറേക്കാലം കൊണ്ടുനടന്ന ഒരു ശീലമല്ലേ. അത്ര പെട്ടെന്നൊന്നും മാറ്റാന്‍ പറ്റില്ലല്ലോ.

പിന്നെ സുരേഷ് ഒന്നും പറഞ്ഞില്ല …

സുരേഷ് ഒരു നിമിഷം ഓര്‍ത്തു; പണ്ട് അച്ഛനും ഉണ്ടായിരുന്നു പ്രാവ് വളര്‍ത്തുന്ന കമ്പം. പപ്പനും അച്ഛനും ഒക്കെ ആ കാലങ്ങളില്‍ പ്രാവുകളുടെ കൂടെ തന്നെയായിരുന്നില്ലേ സഹവാസം. ഈ കാര്യം പലപ്പോഴും വല്യമ്മ പറേന്നതു സുരേഷ് കേട്ടിട്ടുണ്ട്. വല്യച്ചനും ഉണ്ടേനും പ്രാവ് കമ്പം (കണാരേട്ടനും) എന്നിട്ടു വല്യമ്മ പറഞ്ഞ ഒരു കാര്യം. പപ്പനുമായി പങ്കുവെച്ചു.

ഒരു ദിവസം, കണാരേട്ടന്‍ ജോലിയൊന്നും ഇല്ലാത്തതിനാല്‍ ആസ്പത്രീലെ കരുണേട്ടന്റടുത്തു പോണംന്നു കുഞ്ചിരിയമ്മേനോട് പറഞ്ഞു.  കരുണന്റെടുത്തു രണ്ടു വിദേശപ്രാവും രണ്ടു അലങ്കാരപ്രാവും പുതുതായി വാങ്ങീന്. കുറെ ദിവസമായി അതിനെ കാണണം എന്ന് കരുതീട്ടു. ഇന്ന് പണി ഒന്നും ഇല്ലാലോ? ഞാനൊന്നു പോയി നോക്കട്ടെന്നും പറഞ്ഞാ ഇറങ്ങിയത്.

നടന്ന് മൈത്തനത്തെ ഓന്തോം കേരി, പിന്നെ ആസ്പത്രീലെ ഒന്തോം കേരുമ്പള്‍ക്കും വല്യച്ഛന് എന്തോ ക്ഷീണം, ഒരു തലചുറ്റുപോലെ. നല്ല കിതപ്പും. റോഡിന്റെ വശമുള്ള പ്ലാവില്‍ കൈതാങ്ങി നില്‍ക്കുന്ന വല്യച്ഛനെ (കണാരേട്ടനെ) ഭാസ്‌കരന്‍ കണ്ടു.

ഭാസ്‌കരന്‍ ചോദിച്ചു ഏടിയോ പോന്നേനും? എന്നിട്ടു ഓന്‍ വേഗം പോയി ഓറെ താങ്ങി… വല്യച്ഛന്‍ പറഞ്ഞു ഒന്നൂല്ല ഭാസ്‌കരാ… ഞ്ഞി പോട്.  ഞാന്‍ കരുണന്റെടുത്തു പോകാന്‍ വന്നതാ. എനിക്ക് കരുണന്റെടത്തുവരെ ഒന്ന് പോണം… നിര്‍ത്താണ്ട് രണ്ടു ഒന്തം കേറിയപ്പോള്‍ വല്ലാത്ത കിതപ്പ്. പിന്നെ തല ചുറ്റുന്നത് പോലെ.

ഭാസ്‌കരന്‍ വല്ല്യച്ഛനെ പിടിച്ച് പീ…ട്യേകോലായില്‍ ഇരുത്തി. കരുണേട്ടനെ വിളിക്കാന്‍ നോക്കുമ്പം കരുണേട്ടനുണ്ട് ആശുപത്രീലെ ഓപ്പീലെ കോണീമ്മന്നു നോക്കുന്നു. എന്നേം  കണാരേട്ടനേം കണ്ടപ്പം, കരുണേട്ടന്‍ ചോദിച്ചു എന്താ ഭാസ്‌കരാന്ന്. ഓറോട് കാര്യം പറഞ്ഞപ്പം, കണാരേട്ടന്റെ വല്ലായ്ക കണ്ട് കരുണേട്ടന്‍ നേരെ ആസ്പത്രീല് കൊണ്ടോയി. ഡോക്ടര്‍ പ്രഷറൊക്കെ നോക്കി, കുഴലെടുത്ത് രണ്ടു ചെവിയില്‍ തിരുകി നെഞ്ചും പുറവും നാഡിമിടിപ്പും ഒക്കെ നോക്കി. നാക്ക് നീട്ടി തൊണ്ടയൊക്കെ പരിശോധിച്ചിട്ടു പറഞ്ഞു പേടിക്കേണ്ട, അല്‍പ്പം പ്രഷര്‍ ഉണ്ട്. കുറച്ച് വിശ്രമിച്ചിട്ടു പോയിക്കൊള്ളൂ.
എന്നിട്ടു അഞ്ചാറ് ചെറിയ ഗുളികയും കുറച്ചു ചെറിയ മഞ്ഞഗുളികയും കൊടുത്തിട്ട് പറഞ്ഞു, ഒരാഴ്ച കഴിഞ്ഞു ഒന്നുകൂടി ചെക്ക് ചെയ്താല്‍ മതീന്ന്. കുറച്ചുകഴിഞ്ഞ് കരുണേട്ടന്‍ ഓറെം കൂട്ടി വീട്ടില്‍ പ്പോയി പ്രാവിനെയെല്ലാം കാട്ടിക്കൊടുത്തു.  പ്രാവിനേം നോക്കി നിക്കുമ്പം വിവരം അറിഞ്ഞ് കുഞ്ചിരിയമ്മ ഓടിക്കിതച്ചു ആശുപത്രീല് വന്നു. കരുണേട്ടനെ അന്വേഷിച്ചപ്പോള്‍, ആടുന്ന്  ഓപ്പി…ഏട്ടന്‍, തന്റെ കണ്ണട അല്‍പ്പം താഴ്ത്തി, ആ ഗേപ്പിലൂടെ കണ്ണ് മേല്‍പ്പോട്ടാക്കി ആരാണെന്നു നോക്കിയിട്ട് പറഞ്ഞു, കുഞ്ചിരിയമ്മയുടെ ബേജാറും വെപ്രാളവും കണ്ടപ്പോള്‍ ഓപ്പി…ഏട്ടന്‍, പേടിക്കണ്ട ക്യഞ്ചിരിതേ ഓനൊന്നുല്ല. ഓനും കരുണനും കൂടി കരുണന്റെ വീട്ടില്‍ പോയിട്ടുണ്ട്ന്ന്.

ഇതുകേട്ടപ്പഴാ വല്യമ്മയ്ക്കു ആശ്വാസമായേ. എന്നിട്ടു കുഞ്ചിരിയമ്മ നേരെ കരുണേട്ടന്റെ വീട്ടില്‍ പോയി.
കുഞ്ചിരിയേട്ടത്തി കരുണേട്ടന്റെ വീട്ടിലെത്തിയപ്പോളുണ്ട് കണാരേട്ടന്‍ പ്രാവിന്റെ കൂട്ടിലിരുന്ന അലങ്കാരപ്രാവിനെ നോക്കി എന്തോ കരുണേട്ടനോട് ചോദിക്കുന്നു..

അന്നേരം കമലേടത്തി ചോയിച്ചു, അല്ല കുഞ്ചിരേട്ടത്തീ ഇതെന്തു വേഷാ ഇങ്ങള്? മേല്‍മുണ്ടൊന്നും ഇല്ലേ? ബ്ലൗസിന്റെ മുന്നില് കുറച്ചു കീറീട്ടുണ്ടല്ലോ?

അന്നേരാ കുഞ്ചിരിയേട്ടത്തിയും കാണുന്ന കോലം.  ഞാനൊന്നും നോക്കേറ്റില്ല കമലേ. ഇമ്മള ഭാസ്‌കരനില്ലേ? ഓന്‍ എടേലൂട്ട പോഉമ്പം എന്നോട് പറഞ്ഞു, കുഞ്ചിരിയെട്ടത്തീ കണാരേട്ടന് സുഖമില്ലാന്നു തോന്നുന്നു ഓറേണ്ടു ആസ്പ്പത്രീ കൊണ്ടോയ്ക്ക്ന്ന്….

ഇത് കേട്ടതും എന്റെ കാലിന്റെ അപ്പംവിരല് മുതല്‍ തലവരെ ഒരു എരി…പാച്ചിലേനും. പിന്നെ ഞാനൊന്നും നോക്കീറ്റില്ല. കേട്ടപാതി കേള്‍ക്കാത്ത പാതി ഓടീങ്ങു പോന്നു. ഞ്ഞി ഒരു മുണ്ടുണ്ടെങ്കിലിങ് തന്നെ… ഞാന്‍ സുരേഷിന്റടുത്തു കൊടുത്തയാക്കാന്ന് പറഞ്ഞ് കമലേട്ടത്തിന്റടുത്തുനിന്നു ഒരു മേല്‍മുണ്ട് വാങ്ങി പുതച്ചു. എന്നിട്ടു കമലേട്ടത്തിയുമായി കുറെ സംസാരിച്ചു. കരുണേട്ടനേം കൂട്ടി വീട്ടിലേക്കു പോയീന്നു.

രണ്ടുപേരും സംസാരിച്ചു സമയം പോയതറിഞ്ഞില്ല. പപ്പന്‍ പറഞ്ഞു എനിക്ക് പോയിട്ട് പ്രാവിനു ഭക്ഷണം കൊടുക്കണന്ന്.

സുരേഷും പറഞ്ഞു വെയിലിനു ചൂടാകും മുന്‍പേ വാസൂട്ടിയേട്ടന്റെ കടയില്‍ എത്തണം എന്ന്.

പപ്പന്‍ പാറക്കലേക്കും സുരേഷ് സ്റ്റേഷന്റടുത്തേക്കും രണ്ടു വഴിയിലൂടെ പിരിഞ്ഞു.

പിരിയുമ്പോള്‍ പപ്പന്‍ പറഞ്ഞു എടാ ഇനിക്കറിയോ എന്റെ ഫ്രണ്ട് ബാബുവില്ലേ ഓനേം കാണണം. ഇതിനിടെ കണ്ടപ്പം പറഞ്ഞന്,  ഓന്‍ പ്രാവിന്റെ കുറച്ചു കാര്യങ്ങള്‍ അറിയണം. എന്നെ  ഒന്ന്  കാണണമെന്ന്.  ഓന്‍ രണ്ടു ദിവസം കൊണ്ട് ചെന്നൈയില്‍  പോകുംപോലും.

ഇത് കേട്ട് സുരേഷ് പറഞ്ഞു ശരിയാ ബാബുവേട്ടന്‍… കുറെ മയ്യെലെ കാര്യം എഴുതീട്ടുണ്ട്. ഇന്നലെ ഞാന്‍ ഓറു എഴുതിയ മിച്ചിലോട്ടു മാധവന്റെ കഥ കേട്ടിനേനും. ഞ്ഞി കണ്ടാ പറേണം, ഈ പ്രാവിനെപ്പറ്റിയും അതിന്റെ പ്രാധാന്യവും മയ്യേല് ഇതിനെ വളര്‍ത്തിയവരെ പറ്റിയൊന്നും ഇന്നത്തെ തലമുറയ്ക്ക് അറിഞ്ഞൂട. അറിയുന്നവര്‍ ഇപ്പോള്‍ ഓര്‍ക്കുന്നും ഇല്ല.

സുരേഷേ ഏതായാലും ഞീ അത്ര്‍ത്തീന്റടുത്തു കൂടിയല്ലേ പോകുന്നത്. ഞീ ഒന്ന് ബാബൂനെക്കണ്ട് പറഞ്ഞേക്ക് ഞാന്‍ വൈകുന്നേരം വീട്ടില്‍ വരുന്നുണ്ട് ഏടിം പോകരുത് എന്ന്.

ഓറു പഴയ തറവാട്ടിലാ …

അല്ലടാ പണ്ട് കുറുപ്പ് ഡോക്ടറു താമസിച്ച വീടില്ലേ ആടേയാ ഓന്‍ താമസിക്കുന്നത്.

ഓ എന്നാല്‍ ഞാന്‍ പോകുമ്പം പറയാം. ഇങ്ങളും ഒന്നു ഓര്‍മപ്പെടുത്തിയേ.

ശരിയാ സുരേഷേ, ഓന്‍ എന്നോടും പറഞ്ഞിന്,  പ്രാവിനെ പറ്റി എഴുതുന്നുണ്ട്. എന്റെ ഫോട്ടോ വേണമെന്നൊക്കെ. ശരി എന്തായാലും ഞാന്‍ വൈകുന്നേരം കാണുന്നുണ്ടല്ലോ.

സുരേഷ് ഓര്‍ത്തു.

ബാബുവേട്ടന്‍ എഴുതിയത് വായിക്കുമ്പോള്‍ എല്ലാര്‍ക്കും ഈനപറ്റി നല്ല അറിവുകിട്ടും.

സുരേഷ് ഇരിമീസ് റോഡിലൂടെ നടക്കുമ്പോള്‍ അദ്ദേഹം എഴുതിയ ബ്ലോഗിലെ പല കാര്യങ്ങളും ഓര്‍മയില്‍ എത്തി.

എന്തൊക്കെ മാറ്റങ്ങളാണ് ഈ ഭാഗങ്ങളില്‍ ഉണ്ടായിട്ടുള്ളത്. നടന്നു റോഡിലെത്തിയപ്പോള്‍ പഴയ താത്തക്കുളത്തെ പറ്റി കേട്ട കഥ ഓര്‍ത്തെടുത്തു. മയ്യഴിയിലെ ഒട്ടുമിക്ക സ്ഥലങ്ങളുടെ പേരിന്റെ ഉദ്ഭവത്തെ പറ്റിയും അത് ഉണ്ടാവാനുള്ള കാരണത്തെപറ്റിയും ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോള്‍ എന്ന ബ്ലോഗിലൂടെ അദ്ദേഹം എഴുതിയത് ഓര്‍ത്തു.

പണ്ട് ടാറ്റായുടെ ഏതോ ഒരു ഫാക്ടറി സ്ഥാപിക്കാനായി ജലസൗകര്യമുണ്ടോ എന്ന് നോക്കാന്‍ അവര്‍ കുഴിച്ച ചെറിയ കുളം പിന്നീട് അവര്‍ എന്തോ കാരണത്താല്‍ ഉപേക്ഷിക്കുകയും അത് പിന്നീട് ടാറ്റാ കുളം എന്നറിയപ്പെട്ടു. പിന്നീട് അത് താത്തക്കുളമായി മാറി.

അന്ന് ആ പദ്ധതി പ്രവര്‍ത്തികമായിരുന്നെങ്കില്‍ മയ്യഴിയുടെ മുഖച്ഛായ തന്നെ മാറുമായിരുന്നു.  ഇതൊക്കെ ഓര്‍ത്തുകൊണ്ട് സുരേഷ് നടന്നു. രണ്ടു ഭാഗങ്ങളിലുള്ള വയലുകളൊക്കെ നികത്തി കെട്ടിടങ്ങളും സ്‌പോര്‍ട്‌സ് കോംപ്ലക്സും ഒക്കെ പണിതിട്ടുണ്ട്. അന്ന് ടാറ്റാ കമ്പനി കുഴിച്ച കുളമാണെങ്കിലും, പിന്നീട് മാഹിയിലേക്കു വേണ്ടുന്ന മുഴുവന്‍ വെള്ളം നല്‍കിയത് ഈ കുളമായിരുന്നു.  കുളത്തിനു ചുറ്റും നെല്‍ കൃഷി ഉള്ളതുകൊണ്ട് ചുറ്റും തണ്ണീര്‍ത്തടമായി. അതുകൊണ്ട് വെള്ളത്തിന് ക്ഷാമമില്ലായിരുന്നു.  ഇപ്പം എല്ലാം പോയി. മുഴുവന്‍ കോണ്‍ക്രീറ്റ് കാടുകളായി. വെള്ളത്തിന് ക്ഷാമവും.  അന്നൊക്കെ കൊയ്ത്തുകഴിഞ്ഞ വയലുകളില്‍ നിറയെ വിവിവിധയിനം പ്രാവുകളെയും കൊച്ചയെയും തത്തയെയും മൈനയെയും ഒക്കെ കാണുമായിരുന്നു. ഇന്ന്, ആ കാഴ്ചകളൊക്കെ മയ്യഴിയിലെത്തുന്നവര്‍ക്കു ഒരു കഥ മാത്രമായി.

ഇതൊക്കെ ആലോചിച്ചു നടന്ന സുരേഷ് വാസൂട്ടിയേട്ടന്റെ സലൂണില്‍ എത്തിയതറിഞ്ഞില്ല.  അവിടെ എത്തിയപ്പോള്‍, കാണുന്നത് കസേരയില്‍ ആരെയോ മൂടിപ്പുതച്ച് ഇരുത്തിയിട്ടുണ്ട്. തൊട്ടടുത്തുള്ള കസേരയില്‍ ജെമ്മി… മുണ്ടു മാടിക്കെട്ടി കാലുമ്മല്‍ കാലുവെച്ച് ഇരിപ്പുണ്ട്. താഴെ ബെഞ്ചിന്‍മേല്‍ ആരോക്കയോ ഉണ്ട്. എന്തോ കാര്യമായ ചര്‍ച്ചയാ. വാസൂട്ടിയേട്ടനാണ് നേര്‍ത്ത ശബ്ദത്തില്‍ സംസാരിക്കുന്നത്. മറ്റുള്ളവര്‍ കേട്ടിരിക്കയാണ്.

വലതു കയ്യിലേ കത്രിക അല്‍പ്പം പിളര്‍ത്തി വെച്ചിട്ടുണ്ട്. ഇടയ്‌ക്കൊന്നു പൂട്ടി വീണ്ടും അതുപോലെ ആക്കി വെക്കും. വലതുകൈ ചീര്‍പ്പോടുകൂടി കസേരയില്‍ ഇരിക്കുന്ന ആളുടെ തല കുനിച്ചുപിടിച്ചാണ് ചര്‍ച്ച.
ആ രംഗം കണ്ടപ്പോള്‍ ബാബുവേട്ടന്‍ എഴുതിയ വാസൂട്ടി ദ് ഗ്രേറ്റ് ഓര്‍മവന്നു. എത്ര കൃത്യമായി ആണ് ബാബുവേട്ടന്‍ കഥയില്‍ എഴുതിയിരിക്കുന്നത്.

വിഷയം പരിസ്ഥിതിയെ പറ്റിയാണെന്നു തോനുന്നു.  ഇടയ്ക്കു പ്രാവും ആനയും പൂരവും കൃഷിയും വെള്ളപ്പൊക്കവും മലയടിച്ചലും ഒക്കെ സംസാരത്തില്‍ കേള്‍ക്കുന്നുണ്ട്. ചര്‍ച്ച ഇടയ്ക്കുവെച്ച് കേട്ടതിനാല്‍, വിഷയം പൂര്‍ണമായും മനസ്സിലാവുന്നില്ല. ഒന്ന് മനസ്സിലായത്, വിഷയം ഇതിനിടെ കഴിഞ്ഞ പരിസ്ഥിതി ദിനത്തെപ്പറ്റി തന്നെ എന്ന്.  പിന്നീടു അത് ആചാരങ്ങളിലേക്കെത്തി. അവിടന്ന് മതചിന്തയിലെത്തി. അത് പിന്നെ മാറി വിവിധ മതാചാരങ്ങളിലേക്ക് നീങ്ങുമെന്നായപ്പോള്‍ വാസുവേട്ടന്‍ കൃത്യമായി ഇടപെട്ടു. ചര്‍ച്ചയുടെ നിയന്ത്രണം തന്റെ പരിധിയിലാക്കിക്കൊണ്ടു പറഞ്ഞു;

അതൊക്കെ ഓരോരുത്തരുടെ തോന്നല്‍ മാത്രമാണ്. എന്ന് പറഞ്ഞ് ഒരു കഥ പറയാന്‍ തുടങ്ങി. ചര്‍ച്ചയില്‍ പങ്കെടുത്തവരൊക്കെ കഥകേള്‍ക്കാന്‍ നിശ്ശബ്ദരായി..  സുരേഷിനും ആകാംക്ഷ.
എന്നിട്ട് വാസുവേട്ടന്‍ തന്റെ ജോലി തുടര്‍ന്ന് കൊണ്ട് കഥ പറയാന്‍ തുടങ്ങി:
നമ്മള്‍ മനുഷ്യര്‍ക്ക് മാത്രമേ ജാതിയും മതവും ഒക്കെയുള്ളൂ. നിങ്ങള്‍ ഒന്ന് ശ്രദ്ധിച്ചോ…

… മയ്യഴിയുമായി ബന്ധപ്പെട്ടുള്ള പല വിഷയങ്ങളും ആധാരമാക്കിക്കൊണ്ട് എന്റെ ഇത്രയും നാളത്തെ ജീവിത്തിലൂടെ നേടിയ പല അറിവുകള്‍ സ്വരൂപിച്ച്, എന്റെതായ ശൈലിയിലൂടെ പുനര്‍സൃഷ്ടിച്ചതാണ് ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോള്‍ എന്ന ബ്ലോഗ്. ഈ പേജിലൂടെ കുറച്ചു കാര്യങ്ങള്‍ എഴുതി നിങ്ങളുടെ മുമ്പിലെത്തിച്ചത് നിങ്ങളില്‍ പലരും വായിച്ചിരിക്കും എന്ന് വിശ്വസിക്കുന്നു…

ഈ അവസരത്തിലാണ് പപ്പനെ യാദൃച്ഛികമായി ഞാന്‍ കാണുന്നത്. കുറഞ്ഞത്  30 വര്‍ഷത്തില്‍ അധികമായി പപ്പനെ കണ്ടിട്ട്. എന്റെ വീട്ടിലെ എയര്‍കണ്ടീഷണര്‍ റിപ്പയര്‍ ചെയ്യാന്‍ സലിലിനൊപ്പം വന്നതായിരുന്നു. താടിയും മാസ്‌കും തലേല്‍ ഒരു തൊപ്പിയും ഒക്കെ വെച്ചതിനാല്‍ എനിക്ക് ആളെ മനസ്സിലായില്ല. കൂട്ടത്തില്‍ ആരാണ് എന്ന് ചോദിച്ചപ്പോള്‍, പണ്ട് മൈതാനം ബ്രദേഴ്‌സിനുവേണ്ടി ടീമിനെ തപ്പി പോയപ്പോള്‍ ഉണ്ടായ ഒരു രസകരമായ സംഭവത്തെ പറ്റി സലില്‍ ഓര്‍മിപ്പിച്ചു.

പെട്ടെന്ന് എനിക്ക് പപ്പനെ ഓര്‍മവന്നു. അപ്പോഴാണ് പപ്പന്‍ മാസ്‌ക് താഴ്ത്തി ചിരിച്ചുകൊണ്ട് പറഞ്ഞു.  എടാ ഞാനാ പപ്പന്‍.

പിന്നെ അന്നത്തെ കുറെ കാര്യങ്ങള്‍ പറഞ്ഞപ്പോള്‍? ഞാന്‍ ചോദിച്ചു? ഞ്ഞി ഇപ്പം പ്രാവിനെ ഒന്നും പോറ്റുന്നില്ലേ എന്ന്. ഉണ്ട് പഴയതിലും സജീവമായി. എന്നിട്ടു പറഞ്ഞു; നീ മയ്യേലെ പല കഥയും എഴുതുന്നുണ്ടെന്നു കേട്ടല്ലോ നിനക്ക് പ്രാവിന്റെ കഥയും എഴുതിക്കൂടെന്ന്.

എഴുതാന്‍ ഇനിയും ഏറെ വിഷയങ്ങള്‍ മയ്യഴിയുമായി ബന്ധപ്പെട്ടുണ്ടെങ്കിലും പുതുമയും കൗതുകവും ഉള്ള വിഷയത്തെ പറ്റി ആലോചിച്ചപ്പോള്‍, പപ്പന്‍ ഓര്‍മപ്പെടുത്തിയത് പോലെ ആ കാലങ്ങളിലെ സാധാരണക്കാരന്റെ ഹോബിയായ പ്രാവ് വളര്‍ത്തലിനെപ്പറ്റിയുള്ള ചിത്രം മനസ്സിലെത്തി. അധികമാരും സ്പര്‍ശിക്കാത്ത വിഷയം. എന്നാല്‍ ഇന്ന് മയ്യഴിയില്‍ നിന്നും അന്ന്യം നിന്നുപോകുന്ന ഹോബി.
പിന്നെ കൂടുതല്‍ ആലോചിക്കെണ്ടിവന്നില്ല. അത് തന്നെയാവാം വിഷയം എന്ന തീരുമാനത്തിലെത്തി. 50-55  വര്‍ഷം മുന്‍പത്തെ കാര്യങ്ങള്‍ മനസ്സില്‍ ഓരോന്നായി തെളിഞ്ഞുവന്നു.

പാമ്പുകള്‍ക്ക് മാളമുണ്ട് പറവകള്‍ക്കാകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാന്‍ മണ്ണിലിടമില്ല…… മണ്ണിലിടമില്ല….

രാഘവന്‍ മാസ്റ്റര്‍ എഴുതിയ അശ്വമേധത്തിലെ പ്രസിദ്ധമായ ഈ ഗാനമാണ് പ്രാവ് വളര്‍ത്തലിനെ പറ്റി എഴുതാനിരിക്കുമ്പോള്‍ ഓര്‍മയില്‍ ആദ്യം എത്തിയത്. ഒരു പക്ഷെ… ആ കാലത്ത്, ഈ ഗാനം ശരിയായിരിക്കാം. എന്നാല്‍ ഇന്ന് മനുഷ്യന്‍ പെരുകുന്നതനുസരിച്ച് കുന്നും മലയും നദിയും കാടും എന്തിനേറെ പറയുന്നു ആകാശം വരെ കയ്യേറി പറവകളുടെ സ്വച്ഛന്ദവിഹാരംവരെ തടയുന്നിടംവരെയെയിരിക്കുന്നു മനുഷ്യന്‍.

ഭൂമിയെയും നദികളെയും ആകാശത്തെയും ഇത്രത്തോളം മലിനമാക്കിയ ഒരു ജീവി മനുഷ്യന്‍ മാത്രമായിരിക്കും എന്നതില്‍ ഒരു സംശയവും വേണ്ട. ഇങ്ങനെയൊക്കെയാണെങ്കിലും നമുക്കിടയില്‍ പ്രകൃതി സ്‌നേഹികള്‍ പല രൂപത്തിലും പ്രത്യക്ഷപ്പെടാറുണ്ട്. അവരില്‍ ഒരു വിഭാഗമാണ് പ്രാവ് വളര്‍ത്തലും പരിപാലനവുമായി നമുക്കിടയില്‍ കണ്ടുവരുന്നത്.  ഇത്തരം ആളുകളില്‍ ചിലരെ മയ്യഴിയിലും കണ്ടിട്ടുണ്ട്.

പ്രത്യേകിച്ച് മരുന്നറക്കുന്നില്‍, പൂഴിത്തല,  തൊട്ടുമ്മല്‍, പാറക്കല്‍, വളവില്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരിലെ  പലരുടെയും പ്രധാന ഹോബിയായിരുന്നു പ്രാവുവളര്‍ത്തല്‍. അക്കാലത്തെ പ്രാവ് വളര്‍ത്തല്‍ കമ്പക്കാരിലെ പ്രമുഖരായവരുടെ വേരുകള്‍ തേടി ഇറങ്ങിയപ്പോള്‍ ഒട്ടും ചിന്തിക്കാതെ ഓര്‍മയില്‍ എത്തിയ പേരുകളില്‍ ചിലത്…

വാസൂട്ടിയേട്ടന്‍ പറഞ്ഞ കഥയും ഒപ്പം പ്രാവുകളുടെ വിവരങ്ങളും.
തുടരും …

മഠത്തില്‍ ബാബു ജയപ്രകാശ്