പാരീസിലെ സഖാവ് Comrade de Paris (Part – 2)

ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോള്‍

പാരീസിലെ സഖാവ് comrade de Paris
Jun 05 2022
ശ്രീ. മ്ച്ചിലോട്ടു മാധവന്‍        Monsieur Michilott Madhavan
ഭാഗം രണ്ട്                    

Reading Time 7 Minutes Maximum

മ്ച്ചിലോട്ടു മാധവനെ പറ്റി രണ്ടു ബ്ലോഗ് പോസ്റ്റ് ചെയ്തു. ആമുഖവും അതോടനുബന്ധിച്ച് ഒരു കവിതയും (ജീവചരിത്രത്തിന്റെ ഒന്നാം ഭാഗവും അതിന്റെ പരിചയപ്പെടുത്തലും). രണ്ടാംഭാഗത്തിന്റെ കരട് തയ്യാറാക്കിയതിനുശേഷം ആദ്യ ഭാഗത്തു ചെയ്തത് പോലെ, നമ്മള്‍തന്നെ മറന്നുപോയേക്കാവുന്ന ഗ്രാമ്യഭാഷയില്‍ കഥ വായിപ്പിക്കുന്ന രീതിയില്‍  എഴുതുന്നത് പിന്നീടാവാം എന്ന് തീരുമാനിച്ച് ചെന്നൈയിലേക്കു പുറപ്പെടാന്‍  തയ്യാറായായി നില്‍ക്കുമ്പോള്‍ പെട്ടെന്ന് ഭാര്യ വിളിച്ചു … ഒന്നിങ്ങു വന്നേ!

ഞാന്‍ ബെഡ് റൂമില്‍ ചെന്ന് നോക്കുമ്പോള്‍ സാമാന്യം  വലുപ്പമുള്ള ഒരു തുമ്പി ജനാലയില്‍ നില്‍ക്കുന്നു. എങ്ങനെ ആ തുമ്പി അവിടെ വന്നു എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഞങ്ങള്‍ രണ്ടുപേര്‍ മാത്രമായതുകൊണ്ട് ആ മുറി ഉപയോഗിക്കാറില്ല. എങ്കിലും, വീട് പൂട്ടി പോകുന്നതല്ലേ എന്ന് കരുതി ഭാര്യ ഒന്ന് കയറിനോക്കിയതായിരുന്നു.  അപ്പോഴാണ് ജനാലക്കമ്പിയില്‍  തുമ്പിയെ അവള്‍ കണ്ടത്.

ഞാന്‍ അടുത്തുപോയി നോക്കി. അതിനു അനക്കമില്ല. ഒരു നിമിഷം ഓര്‍ത്തു, ഞാന്‍ മാധവനെ പറ്റി എഴുതിയത് ഒരു തുമ്പിയായിവന്ന് ‘മറി ആനു’മായി സംവദിക്കുന്നത് സങ്കല്പിച്ച് എഴുതിയിരുന്നുവല്ലോ എന്ന്.

എന്റെ ചിന്തകള്‍ വെറും ബാലിശമായിരിക്കാം. ഞാന്‍ കവിതയില്‍ എഴുതിയതുപോലെ, ഒരു പക്ഷെ മാധവന്‍ തുമ്പിയുടെ രൂപത്തില്‍ വീട്ടിലെത്തി, എന്നില്‍ പരകായപ്രവേശം ചെയ്ത് മാധവന്റെ ചരിത്രം എന്നെക്കൊണ്ട് എഴുതിച്ചതായിരിക്കുമോ!

ഒരു വ്യത്യസ്തതയ്ക്കു വേണ്ടി കുഞ്ചിരിയമ്മയെയും കുടുംബത്തെയും മാധവന്‍ എന്റെ ഉപബോധമനസ്സ് കീഴടക്കി ബോധമനസ്സിലൂടെ എഴുതിച്ചതല്ലേ. അല്ലാതെ ഈ പറയുന്ന കുഞ്ചിരിയമ്മയും  കുടുംബവും അവരുടെ ഭാഷയും അതിന്റെ പശ്ചാത്തലവും ഒന്നും മുന്‍കൂട്ടി എഴുതി തയ്യാറാക്കിയതായിരുന്നില്ല. കഥയുടെ ഒഴുക്കിനനുസരിച്ച് അപ്പപ്പോള്‍ തോന്നുന്നത് മനോധര്‍മമനുസരിച്ചു എഴുതും. എഴുതിക്കഴിഞ്ഞാല്‍ ഒടുവില്‍ വായനാസുഖത്തിനു വേണ്ടുന്ന ചെറിയ ചെറിയ എഡിറ്റിങ് ഒഴിച്ചാല്‍ മറ്റൊന്നും ഇതുവരെ ചെയ്തിട്ടില്ല.

കഥയൊക്കെ എഴുതി തീര്‍ത്ത് ഞാന്‍ വീടു പൂട്ടി പോകുന്നതറിഞ്ഞ മാധവന്‍, പുറത്തുപോകാനുള്ള വഴികാട്ടാന്‍ എന്നെ വിളിപ്പിച്ചത് പോലെ തോന്നി എനിക്ക്. പിന്നെ ഒട്ടും ആലോചിക്കാതെ, പതിയെ തുമ്പിയുടെ ചിറകില്‍ മൃദുവായി പിടിച്ച് കൈവെള്ളയില്‍ വെച്ച് വരാന്തയില്‍ എത്തി. നല്ല അനുസരണയോടെ തുമ്പിയും എന്നോടൊപ്പം വന്നു.

എന്നിലെ ചിന്തകള്‍ക്ക് ഒരു ജീവനുള്ള സാക്ഷിയാവട്ടെ എന്ന് മനസ്സില്‍ കരുതി സെല്‍ ഫോണില്‍ ഫോട്ടോ എടുക്കാന്‍ ശ്രമിക്കുന്നത് തിരിച്ചറിഞ്ഞ തുമ്പി അകലങ്ങളിലേക്കു പറന്നു പോയി. ഒരു പക്ഷെ മാധവന് അത് ഇഷ്ടപ്പെട്ടുകാണില്ല. കാരണം ചിറകുമുളക്കുന്ന പ്രായത്തില്‍ ഫ്രാന്‍സിലേക്ക് പറന്ന്,  ചിറകു പൂര്‍ണതയില്‍ എത്തും മുന്‍പേ ചിറകരിഞ്ഞ അനുഭവം മാധവന്‍ ഓര്‍ത്തുകാണും.

മനുഷ്യന്റെ ഏറ്റവും വലിയ ശത്രു മനുഷ്യര്‍ തന്നെയാണ്. അസൂയകൊണ്ടും വിദ്വേഷംകൊണ്ടും തന്റെ സഹജീവികള്‍ നശിച്ച് കാണണം എന്ന് ചിന്തിക്കുന്നവര്‍. സ്വന്തം കാര്യസാധ്യത്തിനും സുഖജീവിതത്തിനും കുടിലതയുടെ ഏതറ്റം വരെ പോകാനും തയ്യാറുള്ള, തിന്‍മയുടെ ആള്‍രൂപങ്ങള്‍ നിറയുന്ന ലോകമാണിത്.

നന്മയും തിന്മയും സത്യവും മിഥ്യയും തിരിച്ചറിയുവാന്‍ ഏറെ പ്രയാസമുള്ള കാലഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്നു പോവുന്നത്. ഒരു പക്ഷെ മാധവന്‍ ഇത് തന്റെ 28 വര്‍ഷത്തെ ജീവിതം കൊണ്ട് തിരിച്ചറിഞ്ഞിട്ടുണ്ടാകും. അതായിരിക്കാം ഒരു ഭാഗ്യപരീക്ഷണത്തിനു മുതിരാതെ എന്റെ കൈവെള്ളയില്‍ നിന്നും പറന്നു അകലങ്ങളിലേക്ക് മറഞ്ഞത്!

അതെ, അത് മാധവന്‍ തന്നെ എന്ന് വിശ്വസിച്ചുകൊണ്ട് തുമ്പി പകര്‍ന്നുതന്ന എഴുത്തിന്റെ രണ്ടാം ഭാഗവും നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു.
കഴിഞ്ഞ അദ്ധ്യായം പ്രേമി വായിച്ചുനിര്‍ത്തിയത്, മാധവന്‍ ഫ്രഞ്ച് കമ്യൂണിസ്റ്റ്  പ്രസ്ഥാനത്തില്‍ ചേര്‍ന്നത് പറഞ്ഞുകൊണ്ടായിരുന്നു (തുടര്‍ന്ന് വായിക്കുക)

കുഞ്ചിരിയമ്മ, മോളേ… സുനി… തേ ഞ്ഞി… ആ വിളക്കു…  എടുത്തങ്ങു ആത്തുവെച്ചേ…

സുനിത വന്ന് കത്തുന്ന നിലവിളക്കിന്റെ തിരി ചൂണ്ടുവിരല്‍കൊണ്ട് താഴ്ത്തി കെടുത്തി. ആ വിരല്‍ തലയില്‍ തേച്ച് നിലവിളക്കെടുത്തു പടിഞ്ഞീറ്റയിലേക്കു നടന്നു.

കുഞ്ചിരിയമ്മ കാലും നീട്ടി മെല്ലെ ചുമരില്‍ ചാഞ്ഞിരുന്നുകൊണ്ട്… എന്തോ ആലോചനയിലും മുഴുകി.

.പുറത്തു ചാറ്റല്‍മഴയുണ്ടായിരുന്നു. സുരേഷ് സെല്‍ ഫോണ്‍ റീ ചാര്‍ജ് ചെയ്യാന്‍ പുറത്തേക്കിറങ്ങാന്‍ നോക്കിയതാ, അപ്പോഴാണ് മഴ തുടങ്ങിയത്.

പ്രേമി പറഞ്ഞു, സുരേഷേട്ടാ ഡാറ്റ ഇന്നത്തേക്ക് കൂടി ഇണ്ട്. ഇങ്ങള് മഴയത്തു പോണ്ട.

മുടി മുറിക്കാന്‍ പോകണം എന്ന് പറഞ്ഞതല്ലേ? അപ്പോള്‍ റീ ചാര്‍ജ് ചെയ്താല്‍ മതി. അതിനായിട്ടു ഇന്ന് പോവണ്ട. നാളെ പ്പോയാമതി.

ഇതുകേട്ട് സുരേഷ് പറഞ്ഞു; അല്ലെങ്കിലും മഴയത്തു എങ്ങനെയാ കുട ഇല്ലാണ്ട് പോവ്വുഅ…  കുടയുള്ളതു രണ്ടും കുഞ്ഞാപ്പുവച്ചന്റെടുത്താ ഉള്ളത്.
ഞ്ഞി എത്ര ദിവസായടാ അത് നന്നാക്കൂ…ഏ..ന്‍ കൊട്ത്തിറ്റ്?

മഴക്കാലമല്ലാത്തതിനാല്‍ സൗകര്യം പോലെ വാങ്ങിക്കാമല്ലോ എന്ന് കരുതിയതാ വല്ല്യമ്മേ.
 എന്നിട്ട് ഇപ്പ എന്തായീ… അതാ പറേന്നെ ചെയ്യേണ്ട കാര്യം അപ്പ അപ്പം ചെയ്യണം.  അല്ലേങ്കീ ഇങ്ങനെയാ ഉണ്ടാ… ഉ…ആ.

ഉയിശ് …. ഈ വല്യമ്മ … ഇത്രേം ദിവസോം നല്ല വെയിലില്ലേനാ … ഞാനറിഞ്ഞിനാ ഇത്രപെട്ടെന്ന് മഴവരൂന്നു.

നാളെ മുടിമുറിക്കാന്‍ പോകുമ്പം വാങ്ങാന്ന് വിചാരിച്ചതാ. അപ്പളേക്കല്ലേ നിരീച്ചിക്കാണ്ടുള്ള മഴ. എന്തായാലും നാളെപ്പോയി വാങ്ങണം.

ഈ മഴ എപ്പോഴാ പെയ്യുആ എന്നൊന്നും പറയാന്‍ പറ്റാണ്ടായിന്. അല്ലേങ്കിലും ഇപ്പളത്തെ മഴയെല്ലാം കാലം തെറ്റിയല്ലേ പെയ്യുന്നതു.
ഇതിനിടയില്‍ കുഞ്ചിരിയമ്മ ചോദിച്ചു, ഏതു കുഞ്ഞാപ്പു…ആ സുരേഷേ? വണ്ടിയാപ്പീസില്‍ പോകുന്നവയിക്കു, തോട്ടിന്റടുത്തുള്ള കുഞ്ഞാപ്പുവാ.

സുരേഷ് പറഞ്ഞു. അതെ വല്ല്യമ്മെ. ആ കുഞ്ഞാപ്പുവച്ചന്‍ തന്നെ.
അയാളെ പറ്റിയും ഒരു കഥ എഴുതീനല്ലോ?

അതെ, അതെ, അതിന്റെ പേര് കുട നന്നാക്കുന്ന കുഞ്ഞാപ്പുവച്ചന്‍.  ഡോക്ടര്‍ കുഞ്ഞാപ്പുവച്ചന്‍. ഇതില്, കുഞ്ഞാപ്പുവച്ചനെ ഡോക്ടറായിട്ടാ അവതരിപ്പിച്ചേ. നല്ല രസോണ്ട് വായിക്കു…ഏ…ന്‍…..

അതിന്റടുത്തു തന്നെയാ വാസൂട്ടിയേട്ടന്റെ കടയും.
ഏതു വാസൂട്ടിയാ സുരേഷേ?

അത് നമ്മുട മുടി മുറിക്കുന്ന വാസൂട്ടിയേട്ടന്‍.
ഓ …ഒരപറ്റിയും എന്തോ എഴുതീനല്ലോ?

പ്രേമി ചിരിച്ചുകൊണ്ട് പറഞ്ഞു. എഴുതീന് വാസൂട്ടി ദി ഗ്രേറ്റ്. അതും നല്ല രസായിട്ടു എഴുതീട്ടുണ്ട്. ഒരു ഇതൊന്ന്വല്ല വല്ല്യാമ്മേ കൊറേ കഥ എഴുതീട്ടുണ്ട്. ആശുപത്രീലെ ഡേവിഡ് ഏട്ടനെക്കൊണ്ട,് ചെമ്പ ഗോപാലേട്ടനെക്കൊണ്ട്, ചോയീസ് ബേക്കറിയെപ്പറ്റി, പണ്ടൊരു ഹോട്ടലുണ്ടെന്നും പ്ലെന്റി, അയിനെപ്പറ്റി…… അങ്ങനെ കൊറേ കഥയുണ്ട് വല്ല്യാമ്മേ …
ശരി ശരി…

എന്നിട്ട് പ്രേമി വീണ്ടും മാധവന്റെ കഥ വായിക്കുവാന്‍ ഫോണെടുത്തു.

… ശക്തമായ കാറ്റ് വീശുന്നുണ്ട് പുറത്തു അപ്പോഴും. മഴയ്ക്ക് അല്‍പ്പം ശമനം വന്നിട്ടുണ്ട്. എങ്കിലും കുഞ്ചിരിയമ്മയ്ക്കു നല്ല തണുപ്പ് അനുഭവപെട്ടു തുടങ്ങി.

പുതച്ച കമ്പളി ഒന്നുകൂടി ദേഹത്ത് മുറുകെ ചുറ്റി കുഞ്ചിരിയമ്മ വീണ്ടും ആലോചനയില്‍ മുഴുകി……

ഇറയത്തുവച്ച പാത്രത്തില്‍ മഴത്തുള്ളികള്‍ താളം പിടിക്കുന്നത് കണ്ടാസ്വദിച്ച കുഞ്ചിരിയമ്മ അറിയാതെ മയക്കത്തിലേക്ക്.

… ചാറ്റല്‍ മഴ, പിന്നെ ഇടിവെട്ടോടുകൂടിയുള്ള മഴയായി കനത്തു. ശക്തമായ കാറ്റും. ഇടയ്ക്കിടയ്ക്ക് ഫോട്ടോ ഫ്‌ലാഷ് ചെയ്തു പ്രകൃതിയുടെ ചിത്രമെടുത്തുകൊണ്ട് മിന്നലും. പെട്ടെന്ന് അതിശക്തമായ ഒരു ഇടി മുറ്റത്തു വന്നു പതിച്ചപോലെ. കൂട്ടത്തില്‍ കുളിമുറിയുട മുകളിലുള്ള തകര ഷീറ്റില്‍ എന്തോ വന്നു പതിച്ച ശബ്ദം കൂടി ആയപ്പോള്‍… മയക്കത്തില്‍ നിന്നും കുഞ്ചിരിയമ്മ അയ്യമ്പിളിച്ചു ഞെട്ടിയുണര്‍ന്നു.

കുഞ്ചിരിയമ്മയുടെ കരച്ചില്‍ കേട്ട് ദേവൂട്ടി പാഞ്ഞുവന്നു.  എന്തിനാമ്മേ ഇങ്ങള് കൂക്കിവിളിച്ചേ, ദേവൂട്ടി ചോയിച്ചപ്പം …  പറഞ്ഞു

ഞാനൊന്നു മയങ്ങിയേനും, ആ മയക്കത്തില്‍ കൊറച്ചു പയേ കാര്യം സ്വപ്നം കണ്ടു.  

ഇങ്ങള് എന്ത് സ്വപ്നാപ്പാ ഈ മോന്തിയാ…ഉ..ഏന്‍..പോ..ഉമ്പം കണ്ടിന്.

ഞമ്മളെ… മിച്ചിലോട്ടു മാധവന്‍ പാരീസില്‍ പോയതും, അവിടന്ന് പൊലീസാര് പിടിക്കുന്നതും പിന്നെ ജെയിലിന്നു ഒരേ അടിക്കുന്നതും ബൂട്ടിട്ട് ചൗട്ടുന്നതും….  അവസാസനം ഓറേ വെടിവെക്കുന്നതൊക്കെ കണ്ടോണ്ടിരിക്കുമ്പം, ഒര് ഭയങ്കര ഒച്ച കേട്ട്… പിന്നെ എന്തോ മണവും മൂക്കില്‍ കേറി.

ഞാന്‍ ബിചാരിച്ചു മാധവനെ വെടിവെച്ച ഒച്ചയും വെടിമരുന്നിന്റെ മണവും ആണെന്ന്… ഞാന്‍ പേടിച്ചിട്ടു അയ്യമ്പിളിച്ചതാ ദേവൂട്ടീ…

അന്നേരല്ലേ…. ഞ്ഞി അടുപ്പത്തുള്ള പുളീം മോള്ട്ട മീനില്‍ ഉലുവയും കടുകും കറിവേപ്പിലയും കൂട്ടി വറത്തിട്ടപ്പോള്‍ ഉണ്ടായതിന്റെ റ്റിക്… റ്റിറിക് …റ്റിറിക് ശ്ച്ചീ ന്നു കടുകു പൊട്ടുന്ന ഒച്ചയും മണവും മൂക്കിലടിച്ചു. എല്ലാം കൂടി ഒരുമിച്ചു കേട്ടപ്പോള്‍ ആകെ കണ്‍ഫ്യൂഷന്‍ ആയി… ദേവൂട്ടീ…

ആ അന്താളിപ്പില്‍ നിന്നും മോചിതയായ കുഞ്ചിരിയമ്മ ദേവൂട്ടിനോട്
 ചോയിച്ചു?

എണെ… ദേവൂട്ടീ.. ചോറായോ? ബെല്ലാണ്ട് പൈക്കുന്നു … എനിക്ക്. പൈച്ചിട്ട് വയറ്റിന്നു ഒരു കാളല് … ഞീ ബേം ചെറു വിളംബിയാ… ആയിനേല്‍?

ദേവൂട്ടി; ചോറായിനമ്മെ, ഇങ്ങള് ഉറങ്ങുന്നത് കണ്ടോണ്ടാ ഞാന്‍ വിളിക്കാഞ്ഞേ.

ഞാനൊറങ്ങിയതൊന്നുമല്ല, ഞാമ്പറഞ്ഞില്ലേ ക്ഷീണംകൊണ്ടു ഒന്ന് അറിയാതെ മയങ്ങിപ്പോയീ ദേവൂട്ടീ… വയസ്സ് 98 കൈഞ്ഞില്ലേ …… ഇനി എത്ര കാലാന്ന് നിരീച്ചാ.

ആത്മഗതമെന്നോണം എല്ലാം പോയില്ലേ …! എങ്ങനേരുന്ന കുട്‌മ്പേനും. എല്ലാരും ഓരോ വൈക്കു പോയി.

ഇത്രനാളും മിച്ചിലോട്ടു വീട് ആട ഉണ്ടേനും. ഇപ്പ അതും ഇല്ല പറയാന്‍. ആരെങ്കിലും അന്വേഷിച്ചു വന്നാല്‍ കാണിക്കാന്‍ ആട ഇപ്പം പണി തീരാത്ത ഒരു കെട്ടിടമാ ഉള്ളത്. അതാണെങ്കില്‍ ഇതുവരെ മുയ്മിപ്പിച്ചിനുമില്ല.

മാധവന്‍ ആ വീട്ടില്‍ താമസിച്ചിട്ടോ കണ്ടിട്ടോ ഇല്ലെങ്കിലും ഒരു പക്ഷെ മാധവന്റെ ആത്മാവ് ആട ഉണ്ടാ…യ്യേരിക്കും.

ചിലപ്പ തോന്നും ശരിയാന്നു. അല്ലാണ്ട് അത് വാങ്ങാന്‍ പൈശ ഉള്ളോല്‍ക്കു അതിന്റെ പണി ബേം… മുയ്മിപ്പിച്ചൂടെ?  ഐനു എന്തോ മുടക്കുണ്ട്.

അത് വാങ്ങിയ ആള് ആ കെട്ടിടത്തിന് മിച്ചിലോട്ട് കോംപ്ലക്‌സ് എന്ന് പേരിടും എന്ന് മാധവന്റെ ആത്മാവിനോട് പറഞ്ഞാല്‍ ഒരു പക്ഷെ തടസ്സം നീങ്ങുമായിരിക്കും. മുത്തപ്പാ കാത്തോളണേ…

ദേവൂട്ടി പറഞ്ഞു: ഇങ്ങള് വേണ്ടാണ്ട് ഒരോന്ന് ആലോചിച്ചു പ്രഷറ് കാറ്റണ്ട …  എന്നിട്ടു?

ബസിയെടുത്ത ചോറ് വിളമ്പി, ഒരു സോസറില്‍ പുളീം മോള്ട്ട മീനും എന്നിട്ടു ഉറീമ്മന്നു ചട്ടിയെടുത്തു ഉച്ചക്ക് ബാക്കിയുള്ള ചക്കക്കുരുവും വെള്ളരിക്കൂട്ടേനും എടുത്തു. തേങ്ങ അരച്ച് വെച്ചത് കാരണം കുറച്ചു മുയ്ത്തിന്.
കുഞ്ചിരിയമ്മ പറഞ്ഞു: ഞ്ഞി കുറച്ചു വെള്ളം പതപ്പിച്ചു ഇച്ചിരി ഓയിച്ചു ചട്ടി ഒന്ന് വട്ടംചുറ്റിച്ചുട്ടു ഈ കോപ്പെല് ഓയിച്ചേ ദേവൂട്ടി…

പറഞ്ഞത് പോലെ ചെയ്ത് കോപ്പേല് വിളമ്പി അമ്മക്ക് കൊടുത്തു. ഗ്‌ളാസ്സില് വെള്ളം കൊടുത്തപ്പം കുഞ്ചിരിയമ്മ പറഞ്ഞു… കുടിക്കാന്‍ എനിക്ക് കഞ്ഞിവെള്ളം മതി.

ദേവൂട്ടി വെള്ളമെടുക്കുമ്പം കുഞ്ചിരിയമ്മ പറഞ്ഞു: എണെ… ഇഞ്ഞി കഞ്ഞിവെള്ളം എടുക്കുമ്പം മേലായി അരിച്ചെടുക്കണേ… ഇച്ചിരി ഉപ്പും ഇട്ടേക്കു അതില..

ദേവൂട്ടി പറഞ്ഞു: ഇങ്ങള് ഈ വയസ്സ് കാലത്തു ഉപ്പൊന്നും അധികം കയിക്കണ്ടേക്കളെ?

കുഞ്ചിരിയമ്മ … എന്തോ ആലോചിച്ചു. മര്യാദക്ക് ഭക്ഷണം കായിച്ചോണ്ടിരുന്ന കണാരേട്ടനാ. ഒരിക്കല്‍ തെങ്ങു കെട്ടാന്‍ പോയപ്പം ചെറിയ തലചുറ്റല് ഉണ്ടായതല്ലേ… ഡോക്ടറെ കാണിച്ചപ്പം പറഞ്ഞു പ്രഷറാന്ന്. അന്ന് തൊടങ്ങി ഓര്‍ക്ക് അസുഖം. ഉപ്പു കൂട്ടാണ്ടായി, പഞ്ചാര കൂട്ടാണ്ടായി, പപ്പടം തിന്നൂല്ല, അച്ചാറ് കൂട്ടൂല്ല … വെളിച്ചെണ്ണ വേണ്ടാന്നു പറഞ്ഞു വേറെന്തോ ഓയില് പറഞ്ഞു, വെളിച്ചണ്ണെല് കൊളസ്റ്റോളാപോലും.

പിന്ന ഭക്ഷണത്തിനൊന്നും രുചി ഇല്ലാന്ന് പറഞ്ഞു ഭക്ഷണം ഒന്നും കൈക്കാണ്ട്….. കൈക്കാണ്ട്… ഒറ രോഗിയാക്കി.

അത്യാവശ്യം കള്ളുകുടിക്കുഏനും കണാരേട്ടന്‍. ഷുഗറു കൂടുന്നൂന്ന് പറഞ്ഞു അതും കുടിക്കാണ്ടായി. …അതോടെ കണാരേട്ടന്റെ ഉശാറുംപോയി.

രണ്ടീസം മുമ്പ് റീന പറേന്നുണ്ടേനും, ‘കള്ളോളം നല്ലൊരു വസ്തു ഭൂലോകത്തു ഇല്ലടാ മന്നാന്ന്’ പറഞ്ഞു ഞ്ഞി ഇപ്പം ബായിക്കുന്ന കഥ പോലെ ഒന്നുണ്ട്ന്ന്.

അന്ന് ഓളത് പറഞ്ഞപ്പം ഞാന്‍ കണാരേട്ടനെ ഓര്‍ത്തു. കണാരേട്ടന് കള്ളു ഷോപ്പില്‍ പോയാല്‍ ചങ്ങായിമാരെല്ലാം കൂടി പാട്ടും കഥയും ഒക്കെ പറയും. വരുമ്പം ഒരുണ്ടക്കുപ്പി വീട്ടില്‍ കൊണ്ടെരും. ഒരുഗ്ലാസ്സ് എനിക്കും തരും.

ആദ്യക്കെ എനിക്ക് പിടിക്കൂല്ലേനും പിന്നെ അയിന്റെ രസം പിടിച്ചു അത് ഇല്ലാണ്ടാ….ഊ….ല്ലന്നായി… അതെല്ലാം ഒരു കാലം….
ഒരീസം ഞാന്‍ കണാരേട്ടനൊടേ് ചോയിച്ചു; ഇങ്ങളെന്തിനാ കണാരേട്ടാ ദിവസോം കള്ളു ഷാപ്പില്‍ പൊന്നെ? ഇങ്ങക്ക് വാങ്ങിച്ചിട്ടു ഇവിടന്നു കുടിച്ചൂടേന്ന്?

അന്നേരം ഓറു പറഞ്ഞു കുഞ്ചിരിയെ, ആട…. പ്പോയാല് ചങ്ങായി മാരെല്ലാം ഉണ്ടാഉം … ഞമ്മള് ഓരോ കാര്യങ്ങള് പറയും.  ഞമ്മളെ വിഷമങ്ങള് പറയും ചിലപ്പം പാട്ടു പാടും … ചില ദിവസങ്ങളില്‍ ചെറുപ്പാക്കാര് കുട്ട്യേള് വരും ഓറപ്പരം കൂടി ഞമ്മള്‍ പാട്ടു പാടും അന്നേരം ഞമ്മളും ചെറുപ്പാഉം…

ഈ സുഖോം സന്തോഷോം വീട്ടിലിരുന്നാ കിട്ടുഓ കുഞ്ചിരീ …? ഇതെല്ലം ആയുസ്സിന് നല്ലതാന്നു …!

എന്നിട്ടെന്തേ തീരെ വയ്യാണ്ടായാപ്പം ആസ്പത്രീന്നു ഷുഗറു കുറവാന്നു പറഞ്ഞു ഗ്ലൂക്കോസ് കുത്തിക്കേറ്റും …! പിന്ന പ്പോയാല്‍ സോഡിയം കുറവാന്നു പറഞ്ഞു ഉപ്പിന്റ വെള്ളം കുത്തിക്കേറ്റും …

ഇപ്പ പറേന്ന് ഓയിലൊന്നും നല്ലതല്ല, വെളിച്ചെണ്ണ തന്നെയാ നല്ലതെന്നു …! കലികാലം എന്നല്ലാണ്ട് എന്താ പറയ്യുആ…

ഇനി പറഞ്ഞിട്ടെന്താ തിന്നാണ്ട് കുടിക്കാണ്ട് ഓറു പോയി …

ഇതൊന്നും നോക്കണ്ടന്നല്ലേ ആ ഹെഗ്ഡെ ഡോക്ടര് പറേന്നെ …?

എന്നെ നോക്കറോ? 98 കൈഞ്ഞില്ലേ എന്തെങ്കിലും രോഗം ഉണ്ടോ? നല്ലോണം തിന്നുആ, നല്ലോണം പണിയെടുക്കുആ, നല്ലോണം ഉറങ്ങുആ, ഒരു രോഗോം ഉണ്ടാഊല്ല..

എന്നിട്ടു ദേവൂട്ടിനോട് പറഞ്ഞു, ഞ്ഞി ആ കുട്ട്യേളെ ഭക്ഷണം കൈക്കാന്‍ വിളിച്ചോ?

ഞാന്‍ വിളിച്ചിനമ്മെ കുട്ട്യേക്കു ഇപ്പം ബേണ്ടാന്ന്…

ഓല് പറഞ്ഞു ഞമ്മള് ഇപ്പ തിന്നുന്നില്ല പിന്നെ തിന്നോളാന്ന് …

ദേവൂട്ടിയും കുഞ്ചിരിയമ്മയും ഭക്ഷണം കഴിച്ചു, ടി. വി ടെ മുന്നിലിരുന്ന് സീരിയല് കാണാന്‍ തുടങ്ങി..
കുഞ്ചിരിയമ്മ … വെത്തില ചെല്ലം തുറന്നു മുറുക്കാനുള്ള തെയ്യാറെടുപ്പു തുടങ്ങി..

ഇതിനിടയില്‍ കുട്ട്യേള്  വന്നു ഭക്ഷണം കഴിച്ചു. ഫോണില്‍ കുത്തിക്കളിക്കാന്‍ തുടങ്ങിയപ്പം കുഞ്ചിരിയമ്മ ചോയിച്ചു? എണെ ഞ്ഞി കഥ വായിക്കുന്നില്ലേ?

പ്രേമി ബ്ലോഗ് തുറന്നു വീണ്ടും വായിക്കാനുള്ള ശ്രമമാരംഭിച്ചു. സ്വയം പറേന്നുണ്ട് ഡാറ്റ കുറവാണെന്ന് തോന്നുന്നു … വല്ലാണ്ട് സ്ലോ ആഉന്നുണ്ട്. നാളെ റീ ചാര്‍ജ് ചെയ്യണം.

വല്യമ്മേ എനിക്ക് നാളെ ഒരഞ്ഞൂറു ഉറുപ്പ്യ തരണേ …. പ്രേമി ചോദിച്ചു..

ഇനിക്കെന്തിനാപ്പാ ഇപ്പം അഞ്ഞൂറ് ഉറുപ്പ്യ?

അത് ഫോണില്, പൈശ തീരാമ്പോന്നു. കഥ വായിക്കണേല്‍ ഡാറ്റ വേണം. ഡാറ്റക്കു 499 ഉറുപ്പ്യ വേണം വല്യമ്മേ…..

ഹ…ഹ … ടാറ്റക്കാ… ഒരേടത്തും പൈശാഇല്ലാണ്ടായാ!.

ഒര് മല്ലനുണ്ടെന്നും ഓന്‍ കിട്ടുന്നേടത്തുന്നെല്ലാം പൈശേം മാങ്ങി നാടുവിട്ടു … ഇപ്പം ടാറ്റേന്റടുത്തും പൈശ ഇല്ലേ?

കുട്ടിയെളെല്ലാം ഉച്ചത്തില്‍ ചിരിച്ചിട്ട് പറഞ്ഞു; ടാറ്റായല്ല… വല്യമ്മേ? ഓറു ഇപ്പോം വല്ല്യ ആള് തന്നെ. ഇത് ഫോണിലെ ഡാറ്റ …. ഡാറ്റ.

ആയേ … അതാ ഞാനും നിരിക്കുന്നെ, ഇപ്പളല്ലപ്പാ ഓറു വിമാനം വരെ വാങ്ങിയേ അപ്പളക്ക് പൈശ ഇല്ലാണ്ടായാ?

ഒന്നും പറേമ്പറ്റൂല്ലാ… ഒരാള് ഇതുപോലെ വിമാനം വാങ്ങിയെന് ശേഷാ കൊയപൊത്തിലായെ … പിന്നെ ഓര്‍ക്ക് നിക്കക്കള്ളില്ലാണ്ടായി നാട് വിട്ടു.

… പുറത്തെ കാലാവസ്ഥ ശരിയായിട്ടില്ല. കാറ്റു ഇപ്പോഴും വീശിക്കൊണ്ടിരിക്കുന്നുണ്ട.! നെറ്റ്വര്‍ക്ക് സിഗ്‌നല്‍ കുറവായതിനാല്‍ ബ്ലോഗ് ഓപ്പണ്‍ ചെയ്യാന്‍ താമസം നേരിടുന്നുണ്ട്.

സുരേഷും  സുനിതയും ശ്രീജയും ചുറ്റുമുണ്ട്. എല്ലാരും പ്രേമീനേം ഫോണും മാറി മാറി നോക്കുന്നുണ്ട്.

ഇതിനിടയില്‍ കുഞ്ചിരിയമ്മ ക്ഷമകെട്ടു പറഞ്ഞു; അഞ്ഞൂറ് ഉറുപ്പ്യ ഇതിലും നല്ലതു ബാബൂന്റെ ബുക്ക് വാങ്ങിയാ മതിയെനും.

എണെ പ്രേമീ ഞ്ഞി ഇന്നലെ നിര്‍ത്തിയത് മാധവന്‍ കമ്യൂണിസ്റ്റില്‍ ചേര്‍ന്ന്ന്നു വായിച്ചിട്ടല്ലേ? ഞ്ഞി പിന്നെന്തുന്നാ പരതുന്നത്?

എന്ന… ഞ്ഞി… ഇതൂടി കേട്ടോ?

ഗാന്ധിജി പുത്തല്‍ത്തു വന്നത് ഇഞ്ഞി വായിച്ചല്ലോ?

അന്ന് ഒരു കാര്യം എല്ലാരോടും ഓറു പറഞ്ഞു എനിക്ക്  കമ്യൂണിസ്റ്റെന്നോ കോണ്‍ഗ്രസെന്നോ ബ്രിട്ടീഷ് ഇന്ത്യ എന്നോ ഫ്രഞ്ച് ഇന്ത്യ എന്നോ പോര്‍ച്ചുഗീസ് ഇന്ത്യ എന്നോ എന്ന വ്യത്യാസമൊന്നുമില്ല. എനിക്കെല്ലാവരും ഒരുപോലെയാ. എല്ലാരും ഞമ്മളെ പ്പോലെത്തന്നെ. ഇതെല്ലാം ഒരു രാജ്യമാണ്. നിങ്ങളുടെ ഞരമ്പിലുള്ള ചോര തന്നെയാ എന്റെയും ഞരമ്പിലുള്ളത്.

കാലാവസ്ഥയും ആചാരങ്ങളും വ്യത്യസ്തമായിരിക്കാം. പോലീസിന്റെ തൊപ്പിയുടെ നിറവും സ്‌കൂളുകളില്‍ പഠിപ്പിക്കുന്ന ഭാഷയും മാറിയിരിക്കാം. എന്നാല്‍ നിങ്ങളും ബ്രിട്ടീഷ് ഇന്ത്യയിലെ ജനങ്ങളും തമ്മില്‍ വ്യത്യാസമൊന്നുമില്ല. ഇത് കണാരേട്ടനാ എന്നോട് പറഞ്ഞേ.

ഞാന്‍ കേട്ടിട്ടില്ല, അന്ന് എനിക്ക് അയിന് കൈഞ്ഞിട്ടില്ല …. ഞാന്‍ ഗാന്ധിജീന കാണണമെന്ന് പറഞ്ഞു എത്ര കരഞ്ഞിന്. എന്നെ അരുംകൊണ്ടോയില്ല. അതിനും വേണം ഭാഗ്യം ….

ഇതുകേട്ടപ്പോ ഞാനും അലോയിച്ചു. ഒരു പറഞ്ഞത് ശരിയല്ലേ? പിന്നെന്തിനാപ്പാ കുമാരന്‍ മാഷും ഉസ്മാന്‍ മാഷും മംഗലാട്ടും കൊറേ ആള്ഏളും ഫ്രഞ്ചുകാര്‍ പോണന്നും പറഞ്ഞു സമരം ചെയ്യുന്നേ?

അതോണ്ടല്ലേ ചെറുകല്ലായി കുന്നുമ്മന്നു അച്യുതനും അനന്തനും വെടികൊണ്ടു മരിച്ചത്?

ഇതോല്‍ത്തന്നെയായിരിക്കും മാധവനും വെടികൊണ്ടിട്ടിണ്ടാവുക.

ഇമ്മാള്‍ത്തലു പേപ്പറില്‍ കണ്ടു വയനാട്ടില്‍ ഏതോ ഒരാളെ വെടിവെച്ചു കൊന്നുന്ന്. പണ്ട് വര്‍ഗീസിനെ വെടിവെച്ചു കൊന്നു, പുഷ്പ്പനെ വെടിവെച്ചു. ഒനതാ ഇപ്പോം ബയ്യാണ്ട് കെടക്കുന്ന.  ഇപ്പം എത്ര കൊല്ലായീ…

ഒഞ്ചിയത്തും പുന്നപ്പ്രെലും വെടിവെപ്പ് ഇല്ലേനോ? എത്രയാളു മരിച്ചിക്കു. ഒരെല്ലാം കമ്യൂണിസ്റ്റുകാരാ.

മാധവനും കമ്യൂണിസ്റ്റേനും. ഫ്രഞ്ച് കമ്യൂണിസ്റ്റ്. മാധവന്‍ ഇടതു ചിന്താഗതിക്കാരനേനും, അത് കൊണ്ടല്ലേ ഓര്‍ക്കും വെടികൊണ്ടേ?

ഇതിനിടയില്‍ പ്രേമിക്കു നെറ്റ് വര്‍ക്ക് കണക്ഷന്‍കിട്ടി. എങ്കിലും ഇട്ക്കു സ്റ്റക്കാവുന്നുണ്ട്. പ്രേമി വായന തുടര്‍ന്നു.

… മാധവന്റെ ഇടതു ചിന്താഗതിക്ക് വേഗം കൂട്ടിയത് പാരീസില്‍ പഠിക്കുന്ന കാലത്തു കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഫ്രഞ്ച് ഇന്ത്യയുടെ സെക്രട്ടറിയായ വരദരാജുലു സുബ്ബയ്യയ്ക്കൊപ്പം അടുത്തു ഇടപഴകിയതോടെയാണ്. പലപ്പോഴും വരദരാജുലു സുബ്ബയ്യ ഫ്രാന്‍സില്‍ ഉള്ള കാലത്ത് മാധവനുമൊത്തു പാരീസ് നഗരം ചുറ്റിനടന്നും അന്യോന്യം ആശയവിനിമയം നടത്തിയും ഒരു ആത്മബന്ധം സ്ഥാപിച്ചെടുത്തിരുന്നു എന്ന് വേണം കരുതാന്‍. അത്രയ്ക്ക് അടുത്തു ഇടപഴകിയതു പോലെയായിരുന്നു ഇവര്‍ തമ്മിലുള്ള പെരുമാറ്റം കണ്ടാല്‍.

2011-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് സുബ്ബയ്യയുടെ ഒരു സ്റ്റാമ്പ് പുറത്തിറക്കി. ബ്രിട്ടനില്‍ നിന്ന് സ്വാതന്ത്ര്യം നേടിയ നായകന്മാരില്‍ ഒരാളായി അദ്ദേഹം കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പ്രതിമ ഇന്ന് പോണ്ടിച്ചേരിയില്‍ (പുതുച്ചേരി) നിലകൊള്ളുന്നു.
മാധവന്റെ സൊര്‍ബ്ബന്‍ സര്‍വകലാശാലയിലെ പഠനം തുടരവെയാണ് രണ്ടാം ലോക മഹായുദ്ധം ആരംഭിക്കുന്നത്. അപ്രതീക്ഷിതമായാണ് ജര്‍മന്‍ സൈന്യം ഫ്രാന്‍സിലേക്ക് ഇരച്ചുകയറിയത്. ഫ്രഞ്ച് ഭരണം കൈക്കലാക്കാന്‍ പൊതുവെ സമാധാനപ്രിയരായിരുന്ന ഫ്രഞ്ചുകാരില്‍ നിന്നും വലിയ പ്രതിരോധമൊന്നും നാസികള്‍ക്കു നേരിടേണ്ടി വന്നില്ല. അങ്ങനെ ഫ്രാന്‍സിനെ ജര്‍മനി കീഴടക്കി.

എന്നാല്‍ ഈ നടപടിയെ എതിര്‍ത്തുകൊണ്ട് ഒരു സംഘം ഫ്രഞ്ചുകാര്‍ അണ്ടര്‍ ഗ്രൗണ്ട് റസിസ്റ്റന്‍സ് എന്ന സംഘടനയുണ്ടാക്കി ഫ്രാന്‍സിന്റെ മോചനത്തിനായി ഒളിപ്പോരാട്ടം തുടങ്ങി. മാധവന്‍ അതില്‍ അംഗമാകുക മാത്രമല്ല ആ സംഘടനയുടെ മുന്‍നിര നേതാവുമായിത്തീര്‍ന്നു. ഒരുപക്ഷെ ഗാന്ധിജിയിലൂടെയും വരദരാജ സുബ്ബയ്യയിലൂടെയും ഉള്‍ക്കൊണ്ട  ആശയങ്ങള്‍ തന്നെയായിരിക്കാം മാധവനും അപ്രകാരം ചിന്തിച്ചു തീരുമാനമെടുത്തത്.

ഇതിനിടയില്‍, മാധവന്‍ താന്‍ താമസിച്ച ഗസ്റ്റ് ഹൗസില്‍ വെച്ച് ഫ്രഞ്ച് കാരി ജിസേല്‍ മോളെറ്റുമായി പരിചയത്തിലാവുകയും, പതിയെ ആ അടുപ്പം അവര്‍ തമ്മില്‍ ഗാഢമായ ബന്ധത്തിലേക്ക് നയിച്ചു.

ഇവരെക്കൂടാതെ മാധവന് 35-കാരനായ ഒരു ചൈനീസ്‌കാരന്‍ ചങ്ങാതി ഉണ്ടായിരുന്നു ‘ലായ് സെ ചെംഗ്’ ഇവര്‍ മൂന്നുപേരും ഒരുമിച്ചായിരുന്നു നാസി പടയാളികള്‍ക്കെതിരെ ഒളിവുയുദ്ധം നടത്തിയിരുന്നത്. മലയാളിയായ മാധവന്‍ ഇവരുടെ നേതാവുമായി.

1942 മാര്‍ച്ച് ഒന്‍പതിന്, ബി.എസിന്റെ (ബ്രിഗേഡ് സ്‌പെഷ്യല്‍സ്) രണ്ട് അന്വേഷകര്‍ മാധവനെ, അദ്ദേഹം താമസിക്കുന്ന സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്തു. കൂട്ടത്തില്‍ മാധവന്റെ സ്‌നേഹിത ജിസേല്‍ മോളെറ്റിനെയും ഇവരുടെ സുഹൃത്തായ ലായ് സെ ചെംഗിനെയും അറസ്റ്റ്‌ചെയ്തു.

(ബ്രിഗേഡ് സ്‌പെഷ്യല്‍സ്) രണ്ടാം ലോകമഹായുദ്ധസമയത്ത് പാരീസ് പോലീസ് ആസ്ഥാനത്ത് രൂപംകൊടുത്തതാണ് സ്‌പെഷ്യല്‍ ബ്രിഗേഡുകള്‍ (ബി.എസ്). ‘ആഭ്യന്തര ശത്രുക്കളെ’, പ്രധാനമായും കമ്യൂണിസ്റ്റുകാരെയും, രക്ഷപ്പെട്ട തടവുകാരെയും കണ്ടെത്തുന്നതില്‍ വൈദഗ്ധ്യം നേടിയ ഒരു പോലീസ് സേനയായിരുന്നു ബി.എസ്. ബ്രിഗേഡുകള്‍.

ഇടയ്ക്കു കുഞ്ചിരിയമ്മ പ്രേമിനോട് പറഞ്ഞു ന്ക്ക് … ന്ക്ക്; ഇതുപോലെ ഒരു സംഭവം മയ്യലും ഉണ്ടേനും … ഇഞ്ഞി അറിയ്യോ? ഉസ്മാന്‍ മാഷെ! ഫ്രഞ്ച് പോലീസ് പെട്ടന്ന് വന്നു സ്‌കൂള്‍ വളഞ്ഞു അറസ്റ്റു ചെയ്തത്.

ഉസ്മാന്‍ മാഷ് സാധാരണ വരുമ്പോലെ സ്‌കൂളില് പഠിപ്പിക്കേന്‍ വന്നു. മാഷ് ഹിന്ദിയാ പഠിപ്പിക്കല്. മാഷ് സ്‌കൂളിലെത്തി കുട്ട്യേളെ പദ്യം … പഠിപ്പിക്കുന്നേനും… മാഷ് ചൊല്ലിക്കൊടുക്കും … കുട്ട്യേള് ഏറ്റു പാടും.

ഝണ്ഡാ ഊംചാ രഹേ ഹമാരാ
ഝണ്ഡാ ഊംചാ രഹേ ഹമാരാ…
ജഗ ജഗ ചമകേ ഹിന്ദ കാ താരാ
ജഗ ജഗ ചമകേ ഹിന്ദ കാ താരാ…
ഝണ്ഡാ ഊംചാ രഹേ ഹമാരാ
ഝണ്ഡാ ഊംചാ രഹേ ഹമാരാ…
ജഗ ജഗ ചമകേ ഹിന്ദ കാ താരാ
ജഗ ജഗ ചമകേ ഹിന്ദ കാ താരാ…
ഝണ്ഡാ ഊംചാ രഹേ ഹമാരാ
ഝണ്ഡാ ഊംചാ രഹേ ഹമാരാ…
ഭാരത കാ സരതാജ തിരംഗാ… ഭാരത കാ സര…… കുട്ട്യേള് പാടാന്‍ തുടങ്ങുമ്പം

ഫ്രഞ്ച് പോലീസെത്തി ക്‌ളാസ്സ്‌റൂം വളഞ്ഞ് ഉസ്മാന്‍മാഷെ പിടിച്ചു. കുട്ട്യേള് പേടിച്ച് കരയാന്‍ തുടങ്ങി. കുട്ട്യേളെ കൂട്ടക്കരച്ചില് കേട്ടിട്ട് ഓടിയെത്തിയ ഹെഡ് മാസ്റ്റര്‍ മംഗലാട്ട് ഗോവിന്ദന്‍ മാസ്റ്ററോട് പോലീസ് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു, ഞങ്ങള്‍ ഈ രാജ്യദ്രോഹിയെ കൊണ്ടുപോകുന്നുന്ന് പറഞ്ഞ് മാഷെ പിടിച്ചുവലിച്ചു.

അന്തംവിട്ടു നില്‍ക്കുന്ന മാഷമ്മാരുടെയും പേടിച്ചരണ്ട വിതുമ്പുന്ന കുട്ട്യേളുടെയും മുന്‍പില്‍ വെച്ച് കൈയ്യാമം വെച്ച്, ഉസ്മാന്‍ മാഷെ പള്ളൂരില്‍ നിന്ന് മയ്യഴി വരെ ഇന്ത്യന്‍ പ്രദേശത്തിലൂടെ നടത്തിച്ചു കൊണ്ടുപോയി

അത് വലിയ കഥയാ…. ആ കഥ അങ്ങനെ ഇങ്ങനെ പറഞ്ഞാലൊന്നും തീരൂല്ല. മാധവന്റെ കഥപോലെ, കോവുക്കലെ ബാലേട്ടന്റെ കഥപോലെ, മംഗലാട്ടിന്റെയും കുമാരന്‍മാഷിന്റെയും കഥപോലെ എഴുതാന്‍ പറയണം….

അങ്ങന്നെയായിരിക്കും മാധവനേം നാസികള്‍ അറസ്റ്റു ചെയ്തിട്ടുണ്ടാവുക ആല്ലേ മോളേ?

വല്യമ്മ ഇത് പറഞ്ഞതോടെ കുട്ട്യേളുടെ മുഖമെല്ലാം വാടി.

കുഞ്ചിരിയമ്മ എന്തോ ആലോചനയിലുള്ള പ്രേമീനോട് പറഞ്ഞു ഇഞ്ഞി വായിക്കണെ….

പ്രേമി തുടര്‍ന്ന് വായിക്കാന്‍ തുടങ്ങി.

… ഈ അറസ്റ്റിനു (മാധവന്റെ) ആധാരമെന്നു കരുതുന്നത് ഫ്രഞ്ച് അധികാരികള്‍ക്ക് ലഭിച്ച രഹസ്യ വിവരമായിരുന്നു. നാസികള്‍ക്കെതിരെ വിധ്വംസക പ്രവര്‍ത്തങ്ങള്‍ നടക്കുന്നുണ്ട് എന്ന വിവരത്തിന്റെ ചില രേഖകള്‍ ഇവരുടെ സുഹൃത്തായ ജോര്‍ജസ് ഡുഡാച്ചിന്റെ വസതിയില്‍ വെച്ച് കണ്ടെടുത്തപ്പോള്‍ അതില്‍ മാധവനുമായി ബന്ധപ്പെട്ടു ചില രേഖകളും കാണാനിടയായി. ഇതുകാരണം മാധവനിലും അധികാരികള്‍ക്ക് സംശയം ഉണ്ടായി. ഇതാണ്  മാധവന്റെ അറസ്റ്റിലേക്ക് നയിച്ചത്. ജോര്‍ജസ് ഡുഡച്ചും, ഭാര്യ ഷാര്‍ലറ്റ് ഡെല്‍ബോയും ഫ്രഞ്ച് അണ്ടര്‍ ഗ്രൗണ്ട് റസിസ്റ്റന്‍സ് എന്ന സംഘടനയിലേ അംഗങ്ങളായിരുന്നു എന്ന് കണ്ടെത്തിയതിനാലായിരുന്നു അറസ്റ്റ്.

അറസ്റ്റു ചെയ്ത മാധവനെയും ചങ്ങാതിമാരെയും പാരീസിലെ ജര്‍മന്‍കാര്‍ ഭരിക്കുന്ന ചെര്‍ചെ-മിഡി ജയിലില്‍ തടവിലാക്കി. പിന്നീട് അദ്ദേഹത്തെ 1942 ആഗസ്റ്റ് 24 ന്  നാസി തടങ്കല്‍പ്പാളയമായ റൊമെയ്ന്‍ വില്ലെ  കോണ്‍സന്‍ട്രേഷന്‍ കേമ്പിലേക്കു മാറ്റി താമസിപ്പിച്ചു  കൊടുംപീഡനത്തിന് ഇരയയാക്കിയശേഷമാണ് വധിക്കാന്‍ തീരുമാനിച്ചത്.

മാധവന്റെ അറസ്റ്റിലും നാസികള്‍ തടവുകാരോട് കാട്ടുന്ന മൃഗീയ പീഡനത്തിലും പ്രതിഷേധിച്ച് ഫ്രഞ്ചു മോചനത്തിന്റെ ഭാഗമായി ചില തീവ്ര സ്വഭാവമുള്ള ഫ്രഞ്ച് അനുകൂലികളും ഇവരുടെ സംഘടനയിലെ അംഗങ്ങളും ഫ്രാന്‍സിലെ റെക്സസ് സിനിമയ്ക്ക് മുന്നില്‍ 1942 സെപ്റ്റംബര്‍ 17-ന്  രണ്ട് സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചു.  അതില്‍ ഒന്നു പൊട്ടിത്തെറിച്ച് പത്തൊമ്പത് പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ മരിച്ചു. ഇതിന്റെ പ്രതികാരമായി, നൂറ്റിപതിനഞ്ചോളം പേരെ ജയിലിലടച്ചു.

വധത്തിനു മുന്നോടിയായി മാധവനോടൊപ്പം അറസ്റ്റു ചെയ്ത 115 ഓളം തടവുകാരെ കൈയാമം വെച്ച് വാഹനത്തില്‍ കയറ്റുമ്പോള്‍ പ്രതിഷേധിച്ച സഹതടവുകാരോട് ഇവരെയൊക്കെ കേസന്വേഷണത്തിന്റെ ഭാഗമായി മറ്റൊരു ക്യാമ്പിലേക്കു കൊണ്ട് പോകുന്നു എന്ന് തെറ്റിദ്ധരിപ്പിച്ചു വാഹനത്തില്‍ കയറ്റുകയായിരുന്നു.

നാസികളുടെ ചതിയറിയാവുന്ന സഹ തടവുകാര്‍ പ്രതിരോധിക്കും എന്ന് മുന്‍കൂട്ടി കണ്ടാണ് ഇത്തരത്തിലൊരു കഥ അവരെ ധരിപ്പിച്ചത്. ഇവര വാഹനത്തില്‍ കയറ്റുമ്പോള്‍ മറ്റു തടവുകാര്‍ മുദ്രാവാക്യം മുഴക്കിയും ഫ്രഞ്ച് ദേശീയഗാനം ആലപിച്ചും യാത്രയാക്കി എന്നും അറിയുന്നു.

എന്നാല്‍ ആ യാത്ര തങ്ങളുടെ മരണത്തിലേക്കുള്ള യാത്രയാണെന്നു മാധവനോ ഒപ്പമുള്ള തടവുകാര്‍ക്കോ അറിയില്ലായിരുന്നു. എങ്കിലും നാസികളുടെ ചതി അറിയാവുന്ന ചിലര്‍ക്ക് ചില സംശയങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍ വധശിക്ഷാ സമയത്തു മാധവന്റെ ആകാര രൂപത്തില്‍ സംശയം തോന്നിയ നാസി പട്ടാളക്കാര്‍ മാധവനോട് ഏതു രാജ്യക്കാരനാണെന്നു ചോദിക്കുകയും? താന്‍ ഇന്ത്യാക്കാരനാണെന്നു വെളിപ്പെടുത്തിയാല്‍ തനിക്കു രക്ഷപ്പെടാന്‍ സാധിക്കുമായിരുന്നു എന്ന് അറിഞ്ഞിട്ടും അത് വെളിപ്പെടുത്താതെ മിച്ചിലോട്ടിനെ സംബന്ധിച്ച ഏറ്റവും അസാധാരണമായ കാര്യമായിരുന്നു. സഹതടവുകാരനായ പിയറി സെര്‍ജ് ചൗമോഫ് ജയില്‍ മോചിതനായതിനു ശേഷം ഇക്കാര്യം പൊതുസമൂഹത്തോട് വെളിപ്പെടുത്തിയിരുന്നു.

ഒരുപക്ഷെ മിച്ചിലോട്ട് ഇന്ത്യക്കാരനാണെന്ന് അറിഞ്ഞിരുന്നുവെങ്കില്‍ അദ്ദേഹത്തെ നാസികള്‍ വെറുതെ വിടുമായിരുന്നു. ഫ്രഞ്ച് നാസി നേതാവ് കാള്‍ ഒബെര്‍ഗിന്റെ ഉത്തരവ് പ്രകാരം വെടിവച്ച് കൊന്ന 45 പേരില്‍ ഒരാളാണ് മിച്ചിലോട്ട് മാധവന്‍. ഒരേ ഒരു ഇന്ത്യാക്കാരന്‍ (ജനനം കൊണ്ട് ഒരേയൊരു മലയാളിയും).

ഒരു തൂണില്‍ കെട്ടിയിട്ട് കണ്ണുകെട്ടാതെ വെടിവച്ചു കൊല്ലുകയായിരുന്നു എന്ന് കേള്‍വി.

പ്രസ്തുത ശിക്ഷ വിധിക്കാന്‍ നാസികള്‍ മാധവനില്‍ കണ്ടെത്തിയ കുറ്റാരോപണം, റെക്‌സ് സിനിമാ ബോംബ് കേസ് ഒരു ഗൂഢാലോചനയുടെ ഭാഗമായി എടുക്കുകയും ഇവരുടെ കൂട്ടത്തില്‍ മാധവനെയും ഉള്‍പ്പെടുത്തി. ഇതിനു അധികാരികള്‍ കണ്ടെത്തിയ കാര്യം ശ്രീ മാധവന്‍ കുശാഗ്ര ബുദ്ധിക്കാരനും തീവ്ര ഫ്രഞ്ച് അണ്ടര്‍ ഗ്രേവ്ണ്ട് റസിസ്റ്റന്‍സ് പോരാളിയും ഇടതു ചിന്താഗതി പുലര്‍ത്തുന്നവനുമാണെന്നും. ഇദ്ദേഹത്തെ ജീവിക്കാന്‍ അനുവദിച്ചാല്‍ മാധവന്‍ കൂടുതല്‍ അപകടകാരിയാവും എന്ന് പറഞ്ഞായിരുന്നു.

മറ്റൊരു കാരണം ബുദ്ധിമാനായ ഫ്രഞ്ച് അണ്ടര്‍ ഗ്രേവ്ണ്ട് റസിസ്റ്റന്‍സ് നേതാവായി ആളുകള്‍ മാധവനെ വിശേഷിപ്പിച്ചുകൊണ്ടിരുന്നതാണ്. ഒടുവില്‍ ഈ സാഹചര്യങ്ങളെല്ലാം വിലയിരുത്തി മിച്ചിലോട്ട് മാധവനെ 1942 സെപ്റ്റംബര്‍ 21 ന് പാരീസിലെ ഗെസ്റ്റപ്പോയില്‍ വച്ചാണ് വെടിവെച്ച് കൊന്നത്. പിന്നീട് അദ്ദേഹത്തിന്റെ  ഭൗതീകാവശിഷ്ടങ്ങള്‍ പാരീസിലെ തിയാസിലെ സെമിത്തേരിയില്‍ (വാല്‍ ഡി മാര്‍നെ) സംസ്‌കരിച്ചു. (പെരെലചൈസില്‍ (പാരീസ്) സംസ്‌കരിച്ചു,)

ഇതിനകം അദ്ദേഹത്തിന്റെ പ്രിയ സ്‌നേഹിത  ജിസേല്‍ മൊളെറ്റിനെ ഓഷ്വിറ്റ്‌സ് ബിര്‍കെനൗവിലേക്ക് (പോളണ്ട്) നാടുകടത്തിയിരുന്നു. ഒരു വര്‍ഷത്തിനു ശേഷം തടങ്കല്‍പ്പാളയത്തില്‍  ജിസേല്‍ മോളെറ്റ് മാധവന്റെ ഓര്‍മകളുമായി മരണത്തിനു കീഴടങ്ങി.

ഇങ്ങനെ പറയാന്‍ കാരണം വെടിവെച്ചു കൊല്ലുന്നതിനു മുന്‍പ് മാധവന്റെ അപേക്ഷ പ്രകാരം, തന്റെ ജിസേല്‍ മോളെറ്റുമായി സംസാരിച്ചിരുന്നു. എന്തായിരിക്കും അവര്‍ പരസ്പരം സംസാരിച്ചിട്ടുണ്ടാവുക? യുവത്വം താണ്ടിയിട്ടില്ലാത്ത ഇവര്‍ക്ക് സ്വാതന്ത്ര്യത്തെ പറ്റിയല്ലാതെ മറ്റെന്തായിരിക്കും സംസാരിക്കാനുണ്ടാവുക? മറ്റെല്ലാം കെട്ടുകഥകള്‍ മാത്രം.
തുടക്കത്തില്‍, ഫ്രാന്‍സില്‍ നടക്കുന്ന സംഭവങ്ങളെക്കുറിച്ച് ഇന്ത്യയില്‍ താമസിക്കുന്ന അദ്ദേഹത്തിന്റെ സഹോദരങ്ങള്‍ക്ക് (ശ്രീ. മിച്ചിലോട്ട് കൃഷ്ണന്‍, മിച്ചിലോട്ട് ഭരതന്‍, മിച്ചിലോട്ട് മുകുന്ദന്‍) എന്നിവര്‍ക്ക് ചില സൂചന ലഭിച്ചിരുന്നുവെങ്കിലും അവര്‍ക്കൊന്നും മാധവനുമായി ബന്ധപ്പെടാനോ ഉപദേശിക്കാനോ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കാനോ കഴിഞ്ഞിരുന്നില്ല. അതിനുള്ള സാഹചര്യവുമില്ലായിരുന്നുന്നു.

പിന്നീട്, രണ്ടാം ലോകമഹായുദ്ധം പുരോഗമിച്ചപ്പോള്‍ അവര്‍ക്ക് അദ്ദേഹവുമായുള്ള ബന്ധം നഷ്ടപ്പെട്ടു.

അദ്ദേഹത്തിന്റെ സഹോദരി ശ്രീമതി രേവതി കല്ലാട്ട്, ഭര്‍ത്താവ് ശ്രീ. ആനന്ദന്‍ കല്ലാട്ടിനൊപ്പം ആഫ്രിക്കയിലായിരുന്നു ആ സമയത്ത്. യുദ്ധം അവസാനിച്ചതിന് ശേഷമാണ് മിച്ചിലോട്ട് മാധവന്റെ കൂടുതല്‍ വിവരങ്ങളും വധിച്ചതിനെക്കുറിച്ചും അവര്‍ അറിഞ്ഞത്.

ശ്രീമതി രേവതി കല്ലാട്ടും ഭര്‍ത്താവ് ശ്രീ ആനന്ദന്‍ കല്ലാട്ടും യുദ്ധാനന്തരം ഏതാനും വര്‍ഷങ്ങള്‍ പാരീസില്‍ താമസിച്ചിരുന്നു. അവര്‍ മിച്ചിലോട്ട് മാധവന്റെ അന്ത്യവിശ്രമസ്ഥലം സന്ദര്‍ശിച്ച് അന്ത്യ പ്രണാമം നടത്തുകയുണ്ടായി.

 അമ്മ ഇവരുടെ ചെറുപ്പത്തിലേ മരണപ്പെട്ടുവെങ്കിലും ആ വേദന അറിയിക്കാതെ അമ്മയുടെയും ഒപ്പം സഹോദരിയുടെയും സ്‌നേഹവും, പരിലാണയും നല്‍കി വളര്‍ത്തി മുച്ചിലോട്ടു തറവാടിന്റെ പേരും പെരുമയും തന്റെ കുഞ്ഞനുജന്മാരിലൂടെ നിലനിന്നുകാണാന്‍ ആഗ്രഹിച്ച ശ്രീമതി രേവതിക്ക് കാണാന്‍ സാധിച്ചതു ശ്രീ മാധവന്റെ കല്ലറ മാത്രമായിരുന്നു. എത്രമാത്രം വേദന അനുഭവിച്ചിരിക്കും അവര്‍.

ആ സ്മൃതികുടീരം നോക്കിനിന്ന രംഗം മനസ്സില്‍ ഓര്‍ക്കുമ്പോള്‍ നമ്മുടെ ഹൃദയത്തിലും നമ്മള്‍ ഏറെ സ്‌നേഹിച്ചവര്‍ നമുക്ക് നഷ്ടപ്പെടുമ്പോഴുണ്ടാവുന്ന വേദനയായി അനുഭവപ്പെടുന്നു. പ്രത്യേകിച്ച് മയ്യഴിക്കാരായ ഓരോരുത്തര്‍ക്കും അല്ലെങ്കില്‍ മലയാളിക്ക.്

മാധവന്‍ രക്തസാക്ഷിയായി മരിച്ചതിന്റെ സാക്ഷിപത്രമായി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനപ്രകാരം 2012 നവംബര്‍ 14-ന് ‘മോര്‍ട്ട് പൗര്‍ ലാ ഫ്രാന്‍സ്’ (Mort pour la France)  എന്ന പരാമര്‍ശം മിച്ചിലോട്ട് മാധവന്റെ മരണ സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തുകയുണ്ടായി. അത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായതിനാല്‍ നമുക്ക് മയ്യഴിക്കാര്‍ക്ക് അഭിമാനിക്കാം.

അങ്ങനെ മയ്യഴിക്കാരനായ ഫ്രഞ്ച് റസിസ്റ്റന്‍സ് സംഘടനയിലെയും P C F അംഗവുമായ മാധവന്‍ അങ്ങ് ഫ്രാന്‍സില്‍ ധീര രക്തസാക്ഷിയായി..

എങ്കിലും ഇന്ത്യയിലെ ഒരു ഇടതുപക്ഷക്കാരുടെ ഓഫീസിലോ മിച്ചിലോട്ട് മാധവന്റെ ഫോട്ടോ വെച്ചതായി കണ്ടിട്ടുമില്ല പറഞ്ഞുകേട്ടിട്ടുമില്ല. ചിലപ്പോള്‍ ഉണ്ടായിരിക്കാം അത് എന്റെ അറിവിലില്ല.

മാധവന്‍ ഇന്ത്യയില്‍ ജനിച്ചെങ്കിലും സാഹചര്യം കൊണ്ട് ഫ്രഞ്ചുകാരനാവേണ്ടി വന്നു. അതുകൊണ്ട് ചില തടസ്സങ്ങള്‍ ഉണ്ടായേക്കാം അത്തരം സ്മാരകങ്ങള്‍ പടുത്തുയര്‍ത്താന്‍.

തടസ്സങ്ങള്‍ക്കു ചിലപ്പോള്‍ പല സാങ്കേതിക കാരണങ്ങളും കണ്ടേക്കാം. അങ്ങനെ വിശ്വസിക്കുമ്പോഴും ചില നേര്‍ക്കാഴ്ച്ചകളെ പറ്റി സൂചിപ്പിക്കാതെ പോവുന്നതും ശരിയല്ല.

പ്രതിമകള്‍ക്ക് ഒട്ടും ക്ഷാമമില്ലാത്ത നമ്മുടെ രാജ്യത്തു എന്ത് സംഭവം നടന്നാലും, അതിന്റെ പ്രൊഫയില്‍ ഫോട്ടോ വെച്ചും, അല്ലെങ്കില്‍ തങ്ങള്‍ക്കിഷ്ടപ്പെട്ട കഥാപാത്രങ്ങളുടെ, നേതാക്കളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത (ചെ ഗുവേരയുടെയും മാര്‍ക്‌സിന്റെയും ലെനിന്റേയും)  ടി ഷര്‍ട്ടും ധരിച്ചും സോഷ്യല്‍ മീഡിയകളിലൂടെ  ഐക്യധാര്‍ഢ്യം പ്രകടിപ്പിക്കുന്നവര്‍ മയ്യഴിക്കാരനായ മിച്ചിലോട്ടിനെ മറന്നതിന്റെ കാരണം എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല.
അല്ലെങ്കിലും മുറ്റത്തെ മുല്ലയുടെ മണം ഒരിക്കലും ആരും തിരിച്ചറിയാറില്ലല്ലോ.

(കൂടുതല്‍ ചര്‍ച്ചയ്ക്കു വിധേയമാക്കേണ്ട വിഷയമാണ്)

മയ്യഴിക്കാരനായ ഒരു മലയാളി. ഫ്രഞ്ച് റസിസ്റ്റന്‍സ് സംഘടനയിലെ അംഗം. കടലുകള്‍ കടന്നു ഫ്രാന്‍സ് എന്ന മഹാരാജ്യത്തിന്റെ മോചനത്തിനുവേണ്ടി ഒളിപ്പോരുനടത്തി, നാസിപ്പടയുടെ അതിക്രൂരമായ മര്‍ദനമുറകള്‍ക്കു ഇരയായി രക്തസാക്ഷിയായ മാധവന് വേണ്ടി ഒരു സ്മാരകം അല്ലെങ്കില്‍ അര്‍ഹമായ ആദരാഞ്ജലിയെങ്കിലും അര്‍പ്പിക്കാന്‍ സ്വന്തം ജന്മമനാടായ മയ്യഴിക്കാരോ മയ്യഴിയില്‍ അവശേഷിക്കുന്ന ഫ്രഞ്ച് സമൂഹമോ ഇടതുപക്ഷ സംഘടനകളോ  ആരും തയ്യാറാകത്തത് വളരെ വേദനാജനകമാണെന്ന് പറയാതെ വയ്യ.

മയ്യഴിയുടെ ചരിത്രകാരന്‍ ശ്രീ. എം. മുകുന്ദന്‍ന്റെ ഭാഷ കടമെടുത്താല്‍ ശ്രീ. മിച്ചിലോട്ട് മാധവന്‍ വാഴ്ത്തപ്പെടാത്ത നായകനാണ്.

വര്‍ഷാ വര്‍ഷം മിച്ചിലോട്ടിന്റെ ജന്മദിനവും രക്തസാക്ഷിത്വ ദിനവുമായി രണ്ടു ദിനം കടന്നുപോയിക്കൊണ്ട് വീണ്ടും 80 വര്‍ഷങ്ങള്‍. എണ്ണത്തില്‍ കൂടുതലില്ലെങ്കിലും കുറച്ചു ഇന്ത്യക്കാരായ ഫ്രഞ്ചുകാര്‍ ഉള്ള മയ്യഴിയില്‍ എന്തുകൊണ്ട് മാധവന് ഒരു സ്മാരകം പണിയുന്നില്ല. ഒന്നുമില്ലെങ്കിലും അദ്ദേഹത്തിന്റെ കുടുംബം താമസിച്ച വീട് സ്ഥിതിചെയ്യുന്ന റോഡിനെങ്കിലും മിച്ചിലോട്ടു റോഡ് എന്ന് നാമകരണം ചെയ്തുകൂടെ.

ഒരു പക്ഷെ അതിനു ആരും തുനിയാത്തതു മാധവന്‍ ഫ്രഞ്ചുകാരനായത് കൊണ്ടായിരിക്കുമോ. അത്തരം വിദേശികളുടെ പേരുകളുള്ള ഒട്ടേറെ റോഡുകള്‍ ഇന്നും നമ്മള്‍ക്ക് കാണാന്‍ കഴിയും.

ഇപ്പോഴും ഫ്രഞ്ച് നാമത്തില്‍ അറിയപ്പെടുന്ന ബുള്‍ വാര്‍ഡ് റോഡ്‌നെങ്കിലും മിച്ചിലോട്ട് റോഡെന്ന് നാമകരണം ചെയ്യാനുള്ള നിര്‍ദേശം മാധവനെ സ്‌നേഹിക്കുന്ന മയ്യഴിക്കാര്‍ ആവശ്യപ്പെടണം എന്ന് ഓര്‍മിപ്പിക്കട്ടെ (പഴയ പോസ്റ്റോഫീസ്  മുതല്‍ ചൂടിക്കോട്ട റോഡിന്റെ തുടക്കം വരെ).

ഇന്ത്യയില്‍ ജനിച്ചു ഫ്രഞ്ചുകാരനായ ശ്രീ. മാധവന്‍ കര്‍മം കൊണ്ടു ഫ്രഞ്ച് സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി. താന്‍ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം ഉയര്‍ത്തിപ്പിടിച്ച് മാധവന്‍ തന്റെ ജീവിതം ബലിയര്‍പ്പിച്ചു, ഒരു ധീരനായ അണ്ടര്‍ ഗ്രൗണ്ട് ഫ്രഞ്ച് റസിസ്റ്റന്‍സ് സംഘടനയിലെ അംഗമായി മരണത്തിലേക്ക് സ്വയം നടന്നു കയറി. ജനിച്ച നാടും നാട്ടുകാരും മിച്ചിലോട്ട് മാധവനെ മറക്കാതെ മറന്നെങ്കിലും ഫ്രഞ്ച് ഭരണകൂടം അദ്ദേഹത്തിന്റെ മരണത്തിനു ധീര രക്തസാക്ഷിത്വ പരിവേഷം നല്‍കി ആദരിച്ചിട്ടുണ്ട് എന്നതില്‍ നമുക്കഭിമാനിക്കാം.

ഒപ്പം, മാധവനെ അറിയുന്നവരുടെ, മാധവനെ സ്‌നേഹിക്കുന്നവരുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് ഈ 80-ാം വര്‍ഷം ഒരു നിമിത്തമാവും എന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഈ ആഗ്രഹം സഫലമാകും, ആ സന്തോഷം തുമ്പിയായി പറന്നുവന്ന് എന്നിലെത്തിച്ചു എന്നെ ഓര്‍മിപ്പിച്ചിട്ടല്ലേ അകലങ്ങളിലേക്ക് പറന്നകന്നത്.

എന്റെ പാരീസിലെ  സഖാവെന്ന കവിതയുടെ വിഷയം മാധവന്റെ ആത്മാവിന്റെ മനോവ്യഥയായിരുന്നല്ലോ.
മാധവന്‍ ജീവിച്ച, മാധവനെ പോറ്റിയ നാട്, മാധവനോടുള്ള ആദരം മയ്യഴിക്കാരെ അറിയിക്കുന്ന ദിനത്തിനായി പ്രതീക്ഷയോടെ നമുക്ക് കാത്തിരിക്കാം. ഇനി എന്നാണോ മാധവന്റെ ജന്മനാട് മാധവനെ പരിഗണിക്കുന്നത്.

ഇനിയും അനന്തമായ കാത്തിരിപ്പു തുടരേണ്ടിവരുമോ.
എന്ന് പറഞ്ഞു ഈ കുറിപ്പ് എഴുതി നിര്‍ത്തുന്നതിനു മുന്‍പ് പറയട്ടെ, മിച്ചിലോട്ടു മാധവന്‍ ഇപ്പോഴും നമ്മുടെ ഹൃദയത്തില്‍ ജീവിക്കുന്നു.

ഇങ്ങനെയൊക്കെ പറയുമ്പോഴും ചിന്തിക്കുമ്പോഴും എന്റെ ഒരു സംശയം, ഒരു പക്ഷെ മാധവന്‍ തന്റെ സഹോദരന്‍മാരായ കൃഷ്ണനെപ്പോലെ ഭരതനെപ്പോലെ മുകുന്ദനെപ്പോലെ യൂത്തു ലീഗില്‍ പ്രവര്‍ത്തിച്ചവരെപ്പോലെ ഇന്ത്യയിലായിരുന്നെങ്കില്‍ അദ്ദേഹം മയ്യഴിയിലെ അറിയപ്പെടുന്ന സ്വാതന്ത്ര്യസമര നായകനായിരുന്നേനെ എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.

ജീവിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ മാധവന് 108 വയസ്സ് പൂര്‍ത്തിയാകുമായിരുന്നു.
മയ്യഴിയുടെ സ്വാതന്ത്ര്യത്തിനുവേണ്ടി ഫ്രാന്‍സെ ക്യുത്തലേത്തു എന്ന മുദ്രാവാക്യം വിളിച്ച എന്റെ പിതാവിനെ ഓര്‍ത്തുകൊണ്ട് മാധവന്റെ അകാല വിയോഗത്തില്‍ അദ്ദേഹത്തിന്റെ കുടുംബത്തിന് എന്റെ അന്ത്യപ്രണാമം.

വന്ദേ മുകുന്ദ ഹരേ ജയ ശൗരേ
സന്താപഹാരി മുരാരേ
ദ്വാപര ചന്ദ്രികാ ചര്‍ച്ചിതമാം നിന്റെ
ദ്വാരകാപുരിയെവിടെ
പീലിത്തിളക്കവും
കോലക്കുഴല്‍പ്പാട്ടും
അമ്പാടിപ്പൈക്കളുമെവിടെ
ക്രൂരനിഷാദശരം കൊണ്ട് നീറുമീ
നെഞ്ചിലെന്നാത്മ പ്രണാമം
പ്രേമസ്വരൂപനാം സ്‌നേഹസതീര്‍ത്ഥ്യന്റെ
കാല്‍ക്കലെന്‍ കണ്ണീര്‍ പ്രണാമം..! മിച്ചലോട്ട് മാധവനെന്‍ സ്‌നേഹപ്രണാമം (വരികളോട് കടപ്പാട്)

മാധവന്റെ ചരിത്രം വായിച്ചുകഴിഞ്ഞപ്പോള്‍ അവിടെ ഒരു നിശ്ശബ്ദത തളംകെട്ടിയിരുന്നു.

… കുഞ്ചിഞ്ചിരിയമ്മ മെല്ലെ പറഞ്ഞു …. ഗോവിന്ദന്‍, കൃഷ്ണന്‍, മാധവന്‍,  മുകുന്ദന്‍ എല്ലാം സാക്ഷാല്‍ ഭഗവാന്റെ പേരല്ലപ്പാ …

ഗാന്ധിജി പുത്തലത്തു പറഞ്ഞത് ഒന്ന് കൂടി ഓര്‍ക്കുക ….

വസുധൈവ കുടുംബകം…

ഗാന്ധിജി ഇത് നമുക്ക് വേണ്ടി കുറച്ചു പരത്തി പറഞ്ഞു അത്രമാത്രം..

കുഞ്ചിരിയമ്മ തന്റെ മുണ്ടിന്റെ കോന്തല അയിച്ചു 500 ഉറുപ്പ്യ എടുത്തു പ്രേമിക്കു കോടുത്തിട്ടു പറഞ്ഞു, ഞ്ഞി . ഇത് ടാറ്റാക്കോ ബിര്‍ളക്കോ കൊടുക്ക്.  ഞ്ഞി ആര്‍ക്കു കൊടുത്താലും മേണ്ടൂല്ല… എനിക്ക് ബാബൂന്റെ കള്ളുഷാപ്പിലെ കഥയും വാസൂട്ടിന്റടിയും കുഞ്ഞാപ്പൂന്റെയും റമ്മൂന്റെയു എല്ലാ കഥയും വായിക്കണം.

അല്ലൊളീ ഹരിദാസന കാണു..ഏ..നില്ല എന്ന് പറേന്ന കേട്ടിനല്ലോ… പ്രേമീ? … കണ്ടിനോളീ?

പ്രേമി പറഞ്ഞു ശരിയാ വല്യമ്മേ, ഒറ കഥയും എഴുതീട്ടുണ്ട്.

ഓനെഴുതിയ പയേ കഥയെല്ലാം എങ്ങനെ വായിക്കു…. കുഞ്ചിരിയമ്മയ്ക്കു ഒരു സംശയം …

പ്രേമിയും  സുരേഷും  സുനിതയും ഒരുമിച്ച്… അതു … ഓരോ കഥേന്റടിയിലും നോക്കിയാ കിട്ടും വല്ല്യമ്മേ. മാത്രല്ല വല്യമ്മക്കു എന്തേലും പറയാനുണ്ടെങ്കില്‍ അതും പറ്റും … എന്തെങ്കിലും പാറയണാ ഒറ നമ്പറും …. ഒറ ഫോട്ടോഉം ഉണ്ട് …

നോക്കട്ടെ നോക്കട്ടെ …. ഒ…. ഇവനാ…. ഇവനെ ഏടിയോ കണ്ടിനല്ലപ്പാ .. ചിലപ്പ പാതാറിമ്മലാറ്റായിരിക്കും…

ഞ്ഞി ഓനോട് പറ കുഞ്ചിരിയമ്മ പറഞ്ഞിനു ഇതെല്ലാം കൂടി ബുക്കാക്കാന്‍ … അത്രയേ എനിക്ക് പറേനുള്ളൂ … … അല്ലാണ്ട് എനിക്ക് ഇടയ്ക്കിടയ്ക്കു 500 ഉറുപ്പ്യ തരേനൊന്നും പറ്റൂല്ലേ….

മഠത്തില്‍ ബാബു ജയപ്രകാശ്