പാരീസിലെ സഖാവ് Camarade de Paris (Part 1)

ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോള്‍

ശ്രീ മ്ച്ചിലോട്ട് മാധവന്‍    Monsieur Michilott Madhavan

     May 30 2022                               

Reading  Time 7 Minutes..

പേരിലെ അപരത .. & ..  അപാരത

പാരീസിലേ സഖാവ് എന്ന ബ്ലോഗ് പ്രസിദ്ധപ്പെടുത്തിയ അന്ന് രാവിലെ എന്റെ സുഹൃത്തു ശ്രീ സി.എച്ച്. പ്രഭാകരന്‍ മാസ്റ്ററില്‍നിന്ന് എനിക്ക് ഒരു മെസേജ് കിട്ടി. വളരെ പ്രധാനപ്പെട്ട ഒരു ഇന്‍ഫര്‍മേഷനായിരുന്നു.

എന്റെ ബ്ലോഗില്‍ ശ്രീ. മാധവനെ സംബോധന ചെയ്തത് ‘മ്ച്ചിലോട്ടു മാധവന്‍’ എന്നായിരുന്നു. ‘മിച്ചിലോട്ട്’ എന്നല്ലേയെന്ന് ഓര്‍മപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു മെസേജ്.

ആദ്യം അതിനെ ഉള്‍ക്കൊള്ളുന്നതില്‍ ഒരു സംശയം ഉണ്ടായിരുന്നു. എം. മാധവനെ പറ്റി വായിച്ച ലേഖനങ്ങളില്‍ എല്ലാം അദ്ദേത്തിന്റെ ഒറിജിനല്‍ തറവാട്ടുപേരിനോട് സാമ്യമുള്ളതായിരുന്നു. പല സ്ഥലത്തും മ്ച്ചിലോട്ട് മാധവന്‍, മൗച്ചിലോട്ട് മാധവന്‍, മിച്ചിലോട്ട് മാധവന്‍,  മുച്ചിലോട്ട്  മാധവന്‍ എന്നൊക്കെ രേഖപ്പെടുത്തി കണ്ടിട്ടുണ്ട്.

ഒരു പക്ഷെ ഫ്രഞ്ച് ഭാഷയില്‍ മൊഴിമാറ്റം ചെയ്യുമ്പോഴുണ്ടാകുന്ന ഉച്ചാരണശൈലി വ്യത്യാസംകൊണ്ടായിരിക്കാം എന്നേ കരുതിയുള്ള. അങ്ങനെ ചില പേരുകളില്‍ ഞാന്‍ കണ്ടിട്ടുണ്ട്.  ചേനോത്തു രാജീവ് കുമാറിനെ (Chenoth Rajeev Kumar) മുസ്സിയെ ഷേനോത്തു രജീവ് കുമര്‍ (Coumer)  എന്നും  നാലില്ലക്കാരന്‍ കുമാറിനെ, മുസ്സിയെ നാലി കുമര്‍ (Coumer) എന്നും വിളിച്ചുവരുന്നത് കേട്ടിട്ടുണ്ട്.

പേരിലെ ആശയക്കുഴപ്പം പരിഹരിക്കാന്‍ എന്റെ സുഹൃത്ത് ചേനോത്തു രാജീവിനെ വിളിച്ചു. അദ്ദേഹത്തിന്റെ പത്‌നി ശോഭനയോട് സംസാരിച്ചപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ശ്രീമതി ശോഭനാ രാജീവ്   മ്ച്ചിലോട്ട് മാധവന്റെ അനുജന്‍ ഡോക്ടര്‍ മുകുന്ദന്റെ മകളാണ്. ശരിയായ ഉച്ചാരണം മിച്ചിലോട്ട് എന്നാണെന്ന് അവര്‍ പറഞ്ഞു. മലയാളത്തില്‍നിന്ന് ഫ്രഞ്ചിലേക്ക് മൊഴിമാറ്റുമ്പോള്‍ (മ്ച്ചിലോട്ട് – MOUCHILOTT)   മൗച്ചിലോട്ടെന്നായതും, പിന്നീട് ലോപിച്ച് മ്ച്ചിലോട്ടെന്ന് വിളിച്ചു തുടങ്ങിയതുമായിരിക്കാം എന്നാണ് ശ്രീമതി ശോഭനയുടെ നിഗമനം.

കംപ്യൂട്ടറൊക്കെ വന്ന് തുടങ്ങിയ കാലത്ത് ഗൂഗിളില്‍ MICHLOTT  എന്ന് ടൈപ്പ്‌ചെയ്തു സര്‍ച്ച് ചെയ്താല്‍ ഇദ്ദേഹത്തിന്റെ വിവരങ്ങളൊന്നും ലഭിക്കുമായിരുന്നില്ല.  പിന്നീട് ഫ്രഞ്ച് ഔദ്യോഗികരേഖകളിലുള്ളത് പോലെ MOUCHILOTT  അടിച്ചാല്‍ മാത്രമേ ഇദ്ദേഹത്തിന്റെ വിവരങ്ങള്‍ കിട്ടുമായിരുന്നുള്ളു.  വടക്കന്‍ മലബാറിലെ, പ്രത്യേകിച്ച് മയ്യഴി, തലശ്ശേരി, കണ്ണൂര്‍ ഭഗങ്ങളിലെ ഉച്ചാരണശൈലിയിലൂടെ മ്ച്ചിലോട്ടായതായിരിക്കാം.
എന്തായാലും മിച്ചിലോട്ട് തന്നെയാണ് ശരിയായ ഉച്ചാരണം എന്നുള്ള ശോഭനാ രാജീവിന്റെ അഭിപ്രായത്തോട് യോജിക്കാം.

മിച്ചിലോട്ട് കുടുംബത്തിന്റെ അല്‍പ്പം കുടുംബവിശേഷം.

മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ഈശാനമൂലയുടെ (വടക്കുകിഴക്ക്) കിഴക്കോട്ട് ആനവാത്ക്കലമ്പലത്തില്‍ പോകുന്ന നിരത്തിലൂടെ നടക്കുമ്പോള്‍ 50-60  മീറ്റര്‍ കഴിഞ്ഞാല്‍ സി.എച്ച്. പ്രഭാകരന്‍ മാസ്റ്ററുടെ മൂത്ത ജ്യേഷ്ഠന്‍ പരേതനായ നാണുവേട്ടന്റെ വീട്. അതിന് നേരെ എതിര്‍വശത്ത് വലതുഭാഗത്തായി ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഇരുനില മാളികവീട്ടിലായിരുന്നു മിച്ചിലോട്ടു കുടുംബം താമസിച്ചിരുന്നത് (ഇവിടയായിരുന്നു സിന്‍ഡിക്കേറ്റ് ബാങ്ക്. പിന്നീട് ഈ കെട്ടിടത്തിന്റെ മുകളില്‍ അലയന്‍സ് ഫ്രാന്‍സെയും താഴത്തെ നിലയില്‍ ബാലവിഹാറും നടത്തിയതായി ഓര്‍ക്കുന്നു. ഈ കിട്ടിടം ഇപ്പോള്‍ മറ്റൊരാളുടെ കൈവശമാണുള്ളത്. അവര്‍ ആ പഴയ കെട്ടിടം പൊളിച്ച് അവിടെ ഷോപ്പിങ് കോംപ്ലക്‌സ് പണിതുകൊണ്ടിരിക്കുന്നു).

മിച്ചിലോട്ട് ഗോവിന്ദന്റെ ഭാര്യ പെരുന്തോടി മാതുവിന്റെ മരണശേഷം, പുതുച്ചേരിയില്‍ നിന്നും നാട്ടിലെത്തിയ മിച്ചിലോട്ട് ഗോവിന്ദനും കുടുംബവും ഈ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ശ്രീ. ഗോവിന്ദന്റെ മരണത്തിനു ശഷം മകള്‍ രേവതി കല്ലാട്ട് ആ വീട് വിലയ്ക്ക് വാങ്ങി. അങ്ങനെ ആ ഭവനം മിച്ചിലോട്ട് തറവാടായി അറിയപ്പെട്ടു തുടങ്ങിയെന്ന് ശ്രീമതി ശോഭന പറഞ്ഞു. മിച്ചിലോട്ട് ഗോവിന്ദന് അഞ്ചു മക്കളായിരുന്നു. മിച്ചിലോട്ട് രേവതി, മിച്ചിലോട്ട് കൃഷ്ണന്‍, മിച്ചിലോട്ട് ഭരതന്‍, മിച്ചിലോട്ടു മുകുന്ദന്‍, മിച്ചിലോട്ട് മാധവന്‍.

മിച്ചിലോട്ട്  കൃഷ്ണന്‍, മുതുച്ചേരി മുന്‍ ആഭ്യന്തര മന്ത്രി ശ്രീ. ഇ. വത്സരാജിന്റെ തറവാടായ ശ്രീ. സദന്റെ പിറകില്‍ ഒരു ഭവനം നിര്‍മിച്ച് തന്റെ മൂത്ത പെങ്ങളുടെ പേര് നല്‍കി ‘രേവതീ നിവാസ്’, അവിടെ താമസം തുടങ്ങി. കൃഷ്ണന്‍ മുംബൈലായിരുന്നു കുറേക്കാലം.

തിരിച്ചു നാട്ടില്‍ വന്നതിന് ശേഷം വൈകുന്നേരങ്ങളില്‍ ചേനോത്തു പപ്പുട്ടിയേട്ടനും സ്റ്റുഡന്റസ് മുകുന്ദേട്ടനും മിച്ചിലോട്ട് കൃഷ്ണനും എളമ്പാളി കരുണേട്ടനും ഒക്കെ  പാതാറിലും മുകുന്ദേട്ടന്റെ സ്റ്റുഡന്റസ് ബുക്ക് ഹൗസിലും ഒത്തുകൂടുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.

മിച്ചിലോട്ട് ഭരതന്‍ തൊട്ടെതിര്‍വശത്തുള്ള വീട്ടിലും. ഭരതന്‍ പോലീസ് വകുപ്പില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി വിരമിച്ചു.

മിച്ചിലോട്ടു മുകുന്ദന്‍ മയ്യഴിയിലെ വിദ്യാഭാസത്തിനുശേഷം പുതുച്ചേരിയില്‍നിന്ന് മെഡിക്കല്‍ ബിരുദംനേടി. പിന്നീട് മദ്രാസില്‍ പോയി റേഡിയോളജി പഠിച്ചു.  മയ്യഴി – കാരക്കല്‍ – പുതുച്ചേരി  സര്‍ക്കാരാശുപത്രിയില്‍ ഡോക്ടറായി സേവനമനുഷ്ഠിച്ചു. മുകുന്ദന്‍  മയ്യഴി ആശുപത്രിയില്‍ ഡോക്ടറായി ജോലി നോക്കുമ്പോഴായിരുന്നു റേഡിയോളജി വിഭാഗം തുടങ്ങിയത്. ശ്രീ. ഗുല്‍സാരിലാല്‍ നന്ദയായിരുന്നു അത് ഉദ്ഘാടനം ചെയ്തത്. അന്ന് താത്കാലിക പ്രധാനമന്ത്രിയായിരുന്നു ശ്രീ. ഗുല്‍സാരിലാല്‍ നന്ദ എന്നാണോര്‍മ.

ടി.ബി. ചികിത്സയ്ക്ക് പ്രസിദ്ധമായ മയ്യഴി ആശുപത്രിയില്‍ എക്‌സ്‌റേ അത്യാവശ്യമായതിനാല്‍ എക്‌സ്‌റേ  യൂണിറ്റ് മയ്യഴിയില്‍ സ്ഥാപിച്ചു. മുകുന്ദന്‍ ഡോക്ടറായിരുന്നു അത് നിയന്ത്രിച്ചിരുന്നത്

മിച്ചിലോട്ട് ഗോവിന്ദന്റെ ഭാര്യ പെരുന്തോടി മാതു മരണപ്പെട്ടതോടെ,  കുടുംബക്കാരുടെയും മകള്‍ രേവതിയുടെയും ഓക്കെ നിര്‍ബന്ധപ്രകാരം  ഗോവിന്ദനെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിച്ചു. അതിനു കാരണം കുട്ടികളെല്ലാം ചെറു പ്രായമായതിനാലായിരുന്നു.

 മിച്ചിലോട്ട് ഗോവിന്ദന്‍ മരണപ്പെട്ടതോടുകൂടി എത്രയും പെട്ടെന്ന് രേവതിയുടെ വിവാഹം നടത്തണമെന്ന് വീട്ടുകാര്‍ തീരുമാനിച്ചു. കല്ലാട്ട് ആനന്ദനുമായുള്ള വിവാഹം നടന്നു, അവര്‍ ജോലിസ്ഥലമായ കാപ്പിരികളുടെ നാടായ ആഫ്രിക്കയിലേക്ക് പോവുകയും ചെയ്തു.

ഇങ്ങനെയൊക്കെയാണെങ്കിലും ശ്രീ. രേവതി ആനന്ദനായിരുന്നു അനുജന്മാരായ മാധവന്റെയും മുകുന്ദന്റെയും വിദ്യാഭ്യാസത്തിന് സഹായംനല്‍കിയത്. പുതുച്ചേരിയില്‍ പഠിക്കുന്ന കാലത്ത് മാധവനും മുകുന്ദനും ഗോവിന്ദന്റെ ചേട്ടന്റെ മകന്‍ അനന്തന്റെ കൂടെയായിരുന്നു താമസിച്ചത്. അനന്തന്‍ പുതുച്ചേരിയില്‍ എന്‍ജിനീയറായി ജോലിനോക്കുകയായിരുന്നു. ആ കാലത്ത് മയ്യഴിയില്‍നിന്ന് പുതുച്ചേരിയിലെത്തുന്ന പലര്‍ക്കും ഒരത്താണി ആയിരുന്നു അദ്ദേഹമെന്ന് കേട്ടിട്ടുണ്ട്.

ഒരര്‍ഥത്തില്‍ ശ്രീമതി രേവതിയായിരുന്ന മിച്ചിലോട്ട് എന്ന പേര് നിലനിര്‍ത്തിയത് എന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു. ഇത്രയും ശ്രീ. മിച്ചിലോട്ട് മാധവന്റെ കുടുംബവിശേഷം…

തുടര്‍ന്ന് വായിക്കുക, കോമ്രേഡ് മാധവചരിതം കുഞ്ചിരിയമ്മയുടെ ഓര്‍മകളിലൂടെ…

വായനക്കാര്‍ക്ക് സംശയം ഉണ്ടാകാം. ആരാണ് കുഞ്ചിരിയമ്മ, ആരാണ് കണാരേട്ടന്‍ എന്നൊക്കെ. അവര്‍ എവിടെയാണ് താമസിച്ചിട്ടുണ്ടാവുക, അവര്‍ക്ക് മിച്ചിലോട്ടുമായുള്ള ബന്ധം എന്തായിരുന്നു. ഇതെല്ലം സസ്‌പെന്‍സ് നിലനിര്‍ത്തി തന്നെ എഴുതട്ടെ…

”അച്ചുതം കേശവം രാമനാരായണം കൃഷ്ണദാമോദരം വാസുദേവം ഹരിം
ശ്രീധരം മാധവം ഗോപികാവല്ലഭം ജാനകീനായകം രാമചന്ദ്രം ഭജേ..”

കൃഷ്ണ … കൃ ഷ്ണാ …. രച്ചിക്കണേ…

എണേ.. ദേവൂ…ട്ടീ, ഞീ ഈ വെളക്കില് കൊറച്ചു വെളിച്ചെണ്ണ ഒയിച്ചാ… തിരിയതാ അടിത്തിരി കത്തുന്നു.

അമ്മെ.. ഞാന്‍ മീന്‍ മുറിക്ക്വാ… ഇങ്ങള് ഒന്ന് സുനിതേനോട് പറ…ഓളാടയങ്ങാനും ഉണ്ടാവും.

അല്ലപ്പാ ഞീ ഈ മോന്തി ആ..ഉയ്യേ..എം പോഉബാ മീന്‍ മാങ്ങീന്?

അതൊന്നു പേറേണ്ടമ്മേ… മ്മള് കോറേസ്സായില്ലേ മീന്‍കൂട്ടീട്ടു.

മയ വന്നപ്പളേ മീന്‍ കിട്ടീട്ടില്ല. അല്ലേലും ഇപ്പ കിട്ടുന്ന മീനെല്ലാം. ഐസും…  എന്തോ പൊടിയെല്ലം ഇട്ട മീനെല്ലപ്പാ.
ആ ഗോപാലേട്ടന്‍ കാഉമ്മല്‍ മീന്‍ കൊണ്ടോഉമ്പം… ഞാന്‍ ത്ണ്ട്മ്മല്‌ണ്ടേനും.

കൊട്ടേല് മീന്‍കണ്ടപ്പം.. ഞാന്‍ ചോയിച്ചതാ ഗോപാലേട്ടാ എന്താ മീനെന്നു.

അപ്പൊ ഒറ് പറഞ്ഞു, ദേവൂട്ടീ നല്ല  ആയിലയാ…. ഇതേ ഉള്ളൂ ബാക്കി…. വീശുവലക്കാരുടെതാന്ന്…

ഇതിഞ്ഞി… അങ്ങെടുത്തോ? ഒരു 200 ഉറുപ്പ്യ തന്നേന്ന്?

ഉയീ… 200  ഉറുപ്പിയാ…. ഇതെന്താ.? എനിക്കു… മേണ്ടാന്ന് പറഞ്ഞപ്പം, ഓറ് പറഞ്ഞു ഇനി ഇതൂം കൊണ്ട് നടക്കാന്‍ കയ്യൂല്ല. ഇഞ്ഞി എന്തെങ്കിലും തന്നു ഇതെങ്ങെടുത്തോന്ന് പറഞ്ഞപ്പം…എനിക്ക് വല്ലാണ്ടായി.
പിന്നെ ഞാനും…. വിചാരിച്ചു പാവം ഇതുംകൊണ്ട് കൊറേ നടക്കണ്ടേ? ഈ വയസ്സുകാലത്തു… പിന്നെ ഞാനങ്ങു മാങ്ങി.

എണ്ണിയപ്പം 14 അയിലേണ്ടേനും… ഞാന്‍ ഒരു 100 ഉറുപ്പ്യ കൊടുത്തപ്പം ഗോപാലേട്ടന്‍ ഒന്നന്നെ നോക്കി, പിന്നെ ഞാന്‍ ഒരു 25 ഉറുപ്പ്യ കൂടി കോന്തലേന്നു എടുത്തോട്ത്തു… ഓറ് അതും മാങ്ങിപ്പോയി.

ഇതുകേട്ടപ്പം കുഞ്ചിരിയേട്ടത്തി പറഞ്ഞു; ദേവൂട്ടീ എന്നാപ്പിന്നെ… ഞ്ഞി,  അതു പുളീം മൊളോ ഇട്ടോ?

എരു ഇച്ചിരി കൂടിയാലും… പുളി തീരെ കുറക്കണ്ടാ കേട്ടോ? കൊറച്ചു വെളിച്ചെണ്ണ നല്ലോണം ഉറ്റിക്കണേ…  അല്ലങ്കില്‍ മോള്‌ന്റെ കുത്തല് ഉണ്ടാഉം.

ശരി യമ്മേ?

ദേവൂട്ടി ചട്ടീമ്മല്‍ അരിവാള് അണയ്ക്കുന്ന ഒച്ചയും, ഇതുകേട്ട് വന്ന പൂച്ചേന്റെ കരച്ചലും, പൂച്ചേന, പോ പൂച്ചേ എന്ന് ദേവൂട്ടി പറയുന്നതും, കുഞ്ചിരിയമ്മ കേള്‍ക്കുന്നുണ്ട് …

അത് രണ്ടുമൂന്നു തവണ ആവര്‍ത്തിച്ചപ്പോള്‍ കുഞ്ചിരിയമ്മ ദേവൂട്ടിനോട് പറഞ്ഞു, ഞ്ഞി ഒരു കഷ്ണം അയിന് കൊടുത്തപ്പാ …

കൊട്ത്തിനമ്മെ. ..  തലയൊന്നും മേണ്ട അയിന്. അയിന് കഷ്ണം തന്നെ മേണം.

പൂച്ചക്കുണ്ടോ മീന്റെ വില തിരിഞ്ഞിനു അയിന്റവിചാരം പഴയതു പോലെതന്നെന്നാ.

എന്നിട്ടു കുഞ്ചിരിയമ്മ വിളിച്ചു,

സുനിതേ… മോളെ സുനീ… തെ, ഏടപ്പോയോളീ പെണ്ണ് ഈ സന്ധ്യാസമയത്ത്. കുട്ട്യേള്‍ക്കെല്ലാം ഇപ്പം ദൈവവിചാരവും ഇല്ലാണ്ടായിന്. കയ്യീ പിടിക്കുന്ന ഫോണുകൂടി ആയപ്പം പിന്നെ ഒന്നും മേണ്ട.

എപ്പ നോക്കിയാലും അതുമ്മതന്നെയുണ്ടാവും, ഈറ്റയേള കണ്ണെന്തിന് കൊള്ളും?…     ഇങ്ങനെ കുത്തിയാല്‍ അത് പൊട്ടിപ്പോഊല്ലപ്പാ.  

രണ്ടുമൂന്നു തവണ വിളിച്ചിട്ടും സുനിത വിളി കേള്‍ക്കാത്തപ്പോള്‍?

കുഞ്ചിരിയേട്ടത്തിക്കു 98 കഴിഞ്ഞെങ്കിലും ഇപ്പോഴും നല്ല ആരോഗ്യമാ.
അല്‍പ്പം കൂനും കാഴ്ച്ചക്കുറവും ഉണ്ടെന്നെതൊഴിച്ചാല്‍ എല്ലാം നല്ല ഓര്‍മയുണ്ട്. സ്വന്തമായി എല്ലാകാര്യവും ചെയ്യും. പഴയ എട്ടാം ക്ലാസ് പാസായതാ. ഫ്രഞ്ച് സ്‌കൂളിലാ പഠിച്ചത്. ഫ്രഞ്ച് നല്ലോണം പറയും. അല്‍പ്പ സ്വല്‍പ്പം ഇംഗ്‌ളീഷും പറയും കുഞ്ചിരിയേട്ടത്തി.

98 കഴിഞ്ഞ കുഞ്ചിരിയമ്മ കൃഷ്ണാന്ന് വിളിച്ചു മെല്ലെ എഴുന്നേറ്റു. കൂനിക്കൊണ്ടു കൈ ഊരക്ക് താങ്ങി അടുക്കളയില്‍ പോയി, അടുപ്പുംതണേമ്മന്നു വെളിച്ചെണ്ണേന്റ കുപ്പിയെടുത്ത് കോര്‍ക്ക് എടുത്തുമാറ്റി വെളിച്ചെണ്ണ വിളക്കില്‍ ഒഴിച്ചു, തിരി നിറഞ്ഞു കത്താന്‍ തുടങ്ങി. എന്നിട്ട് കൈമ്മേലായ വിളിച്ചെണ്ണ തലയില്‍ തേച്ചിട്ടു വെളിച്ചെണ്ണക്കുപ്പി കോര്‍ക്കിട്ടു മൂടി പായിന്റടുത്തുവെച്ചു.

കൃഷ്ണാ മുകുന്ദാ ജനാര്‍ദനാ …മാധവാ… രക്ഷിക്കണേ പടച്ചോനേ…
എന്നിട്ട് ആത്മഗതമെന്നോണം പറയാന്‍ തുടങ്ങി; ഞമ്മടെ മാധവന്റെ ജെന്നോസം അല്ലൊളീ നാളെ?  
ആരുടെയും ഒച്ചയും ബിളിയും ഒന്നും കേള്‍ക്കുന്നില്ലല്ലോ?  ഇനി നാളെയെല്ലൊളീ …

സംശയത്തോടെ കുഞ്ചിരിയേട്ടത്തി ചുമരില്‍ തൂക്കിയിട്ട കലണ്ടറില്‍ നോക്കി, ശരിയാണ് നാളെത്തന്നെ.  ഓറെ എല്ലാരും മറന്നൂന്ന തോന്നുന്ന്. പതിയെ കൈമുട്ടുമ്മല്‍ ഊന്നി കുഞ്ചിരിയേട്ടത്തി പായില്‍ കാലും നീട്ടിയിരുന്നു…

തന്റെ പഴയകാലത്തിലേക്കെത്തി മാധവനെ ഓര്‍ത്തു. മുഖം ശരിക്കും ഓര്‍ക്കുന്നു … മാധവന്‍ പാരീസിലേക്ക് പോവുമ്പോള്‍ കുഞ്ചിരിയേട്ടത്തിക്ക് 10 വയസ്സായിട്ടുണ്ടാവും. എങ്കിലും എല്ലാം ഓര്‍മയുണ്ട്. കാള്‌സറായിയും ഒക്കെ ഇട്ടിട്ടു കാണാന്‍ നല്ല ചേലായിരുന്നു മാധവനെ കാണാന്‍.

Hi, I’m Lillie. Previously a magazine editor, I became a full-time mother and freelance writer in 2017. I spend most of my time with my kids and husband over at The Brown Bear Family.

എങ്ങനെയിരുന്ന ആളായിരുന്നു, അങ്ങ് പാരീസില്‍ പഠിക്കാന്‍ പോയതല്ലേ?  പിന്നെ ഓര്‍ക്ക് തിരിച്ചുവരാന്‍ പറ്റീല്ലല്ലോ മുത്തപ്പാ…
എങ്ങനെ…. പറ്റും, ഓര്‍ക്കു.. കണ്ടകശനിയല്ലേ …കണ്ടകശനി.   കണ്ടകശനി കൊണ്ടേ പോഊന്നല്ലേ? എല്ലാം വിധി.
പിന്നെ ആത്മഗതമെന്നോണം പറഞ്ഞു ഓരോ കുരുത്തക്കേടൊപ്പിച്ചിട്ട് ഓന്റെ ജീവനും കൊണ്ടൊരു പോയി.. പഠിക്കാന്‍ പോയാല്‍ കുട്ടിഏള് പഠിക്കണം, വേറെ കുലുമാല്‌ന്‌പോയ്യാല്‍ ഇങ്ങനെയല്ലേ ഉണ്ടാവുക.

ഇത് കേട്ടുകൊണ്ടാണ് സുനിത വരുന്ന്.

സുനിത വല്ല്യമ്മയോട് ചോദിച്ചു; ആരുടെ ജീവനാ പോയത് വല്ല്യമ്മേ?  (സുനിത വല്യമ്മയുടെ മോളുടെ മോളാ, ദേവൂട്ടിയുടെ)
ഒന്നും പറയണ്ടോളെ. അത് നമ്മുടെ മ്ച്ചിലോട്ട് ഗോയിന്നന്റെ മോന്‍ മാധവന്റെ കാര്യാ മോളേ.
മാധവേട്ടന് എന്താ പറ്റിയത് വല്യമ്മേ?  
അത് കൊറേ പറയേനുണ്ട്.

ഓനെ നാസി പട്ടാളക്കാര്‍ വെടിവെച്ചു കൊന്നതാ മോളെ. ഓലൊന്നും ഗുണംപിടിക്കില്ല. ഓന കൊന്നിട്ടിപ്പം ഓര്‍ക്കു എന്താ കിട്ടിയതു.
നാസി പട്ടാളക്കാരാ; ഓരു ആരാ വല്ല്യമ്മേ? എന്തിനാ വല്യമ്മേ മാധവേട്ടനെ വെടിവെച്ചു കൊന്നത്?
അത് വലിയ കഥയാ മോളെ….
എന്തു കഥയാ വല്യമ്മേ?  

കുഞ്ചിരിയമ്മ അടുത്തുള്ള വെത്തിലച്ചെല്ലത്തില്‍നിന്ന് മുറുക്കാനുള്ള വെത്തില എടുത്ത് മൂക്ക് മുറിച്ചു, തെറ്റം അല്‍പ്പം പൊട്ടിച്ച് ചെന്നിയില്‍ ഒട്ടിച്ചു, ചെറിയ അളു തുറന്നു വാസനച്ചുണ്ണാമ്പു എടുത്ത് നടുവിരല്‍ കൊണ്ട് തോണ്ടി ചൂണ്ടുവിരല്‍ കൊണ്ട് വെത്തിലഞരമ്പ് പരണ്ടി പോക്കി, നൂറ് തേച്ച് അടക്കക്ഷ്ണവും വെച്ച് ചുരുട്ടി.പ്പിടിച്ചിട്ടു പറഞ്ഞു… മോളെ ആ ഉരലിങ്ങെടുക്ക്.

സുനിത അടുത്തിരുന്ന മരം കൊണ്ട് കൊത്തിയുണ്ടാക്കിയ ചെറിയ ഉരലെടുത്തു വല്ല്യമ്മയ്ക്കു കൊടുത്തു … അതില്‍ തന്നെ ചെറിയ ഇരുമ്പുലക്കയും ഉണ്ടായിരുന്നു. അവര്‍ തന്റെ കയ്യില്‍ ചുരുട്ടിപ്പിടിച്ച വെത്തില ഉരലിലിട്ട് നീട്ടിവെച്ച കാല് പിണച്ചുവെച്ച് ഇരുമ്പുലക്ക കൊണ്ട് ഇടിക്കാന്‍ തുടങ്ങി.

പച്ച വെത്തിലക്കെട്ട് ഏതാണ്ട് ഒരു ചമ്മന്തിപ്പാകത്തില്‍ ചുവന്നുവന്നപ്പോള്‍, കുഞ്ചിരിയേട്ടത്തി ഉരലെടുത്തു ഇടത്തെ ഉള്ളം കയ്യിലേക്കിട്ടു. കയ്യില്‍ വീണ വെത്തിലച്ചമ്മന്തി അപ്പാടെ വായില്‍ ഇട്ടു. കുറച്ചു പുകയിലും മുറിച്ച് വായില്‍ വെച്ച് – ചവച്ചുകൊണ്ട് മാധവന്റെ കഥ പറയാന്‍ തുടങ്ങി.

മ്ച്ചിലോട്ട്…. അത് മോളെ… ഞമ്മളെ മ്ച്ചിലോട്ടു മാധവന്‍ …..

വല്യമ്മേ മുച്ചിലോട്ടു എന്ന് പറയുന്നത് വാണിയന്മാരുടെ ദേവിയല്ലേ?  

അത് മുച്ചിലോട്ടു ഭഗവതി, അത് വേറെയാ മോളെ. ഇത് മ്ച്ചിലോട്ട്. മാധവന്റെ മയ്യേല വീട്ടുപേരാ മ്ച്ചിലോട്ട്.

ഇനിക്ക് അറിഞ്ഞൂടെ ഞമ്മളെ മൂന്നന്‍ ഡോക്ടറുടെ, ഇത് മ്ച്ചിലോട്ട്… അല്ലല്ല പെരുന്തോടി മാതൂന്റെ മോന്‍ മാധവന്‍ …  ഓന്‍ തീയ്യനാ ഓന്റെ കഥയാ.

എന്നിട്ടു മാധവന്റെ ചരിത്രം പറയാന്‍ തുടങ്ങി.

പ്രേമിയും ലീലയും സുരേഷും കൂടെ ക്കൂടി വല്യമ്മപറയുന്ന കഥ കേള്‍ക്കാന്‍.

മക്കളേ അത് വലിയ കഥയാ. വല്യമ്മയോട് തന്നെ കൊറേ കാര്യം മറന്നുപോയി. എന്നിട്ടു സുരേഷ്‌നോടായി;
ഇന്നലെ ഞ്ഞി എല്ലടാ പറഞ്ഞേ… ചൂടിക്കോട്ടേമ്മലെ ബാബു പറഞ്ഞിനു ചോന്ന കടുക്കനിട്ട ആരോ മാധവനെ പറ്റി എഴുതീനെന്നോ പറഞ്ഞനെന്നോ? പറഞ്ഞെ.
സുരേഷ് ചിരിച്ചുകൊണ്ട് പറഞ്ഞു; ഓ അതാ… അത് ഓറ് ഒരു പുസ്തകം അച്ചടിക്കുന്നുണ്ട്. അയിന്റെ പേരപ്പാ ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോള്‍ എന്നത്. അല്ലാണ്ട് അതു ആളൊന്നും അല്ല. ആയേ അങ്ങനെയാ. ആ പുസ്തകത്തിലൂടെ കൊറേ കഥയും കവിതയും എഴുതീട്ടുണ്ടുന്നു. നല്ല രസോണ്ട് വായിക്കാനെന്ന.് പുസ്തകത്തില്‍ കൊറേ കഥയുണ്ടാവും വല്ല്യമ്മേ … ആ കഥ ഇപ്പ ഓറ് ബ്ലോഗില്‍ എഴുതുന്നുണ്ട് അതാ പറഞ്ഞെ.

അതില് മാധവന്റെ കഥയും പാട്ടൊക്കെ എഴുതീട്ടുണ്ടു പോലും.

ബ്ലോഗോ – ക്ലൂഗോ എനിക്ക് ഇങ്ങളുടെ ഈ പരിപാടി ഒന്നും അറിഞ്ഞൂടെ…

ഇങ്ങളെടുത്തല്ലേ ഫോണൊക്കെയുള്ളത്. മോളെ ഞീ ഒന്ന് അത് വായിച്ചേ … ആയിന്റാത്തു എന്തിങ്കിലും സംശയമുണ്ടെങ്കില്‍ ഞാന്‍ പറയാം. ഓന്‍ നല്ലോണം മയ്യേല കാര്യം എഴുതുന്നുണ്ട്ന്നു അങ്ങാട്ടേലെ റീത്തയും പറേന്നുണ്ടെന്നും.

എനിക്ക്… ഇപ്പളത്തെ ഈ കുന്ത്രണ്ടോന്നും അറിഞ്ഞൂടെ.
പ്രേമി ഫോണെടുത്തു രണ്ടു കൈവിരലുകളും കൊണ്ട് ഫോണിന്‍മേല്‍ കുത്തിനോക്കീട്ടു പറഞ്ഞു…

കിട്ടി… വല്യമ്മേ.. കിട്ടി, ഇത് കൊറെയുണ്ടല്ലോ വായിക്കാന്‍. എന്നിട്ടു വായിച്ചു തുടങ്ങി.
1914 ജൂലായ് ഏഴിനാണ് മാധവന്റെ ജനനം. മയ്യഴിയിലെ തീയ്യ കുടുംബത്തില്‍ ജനിച്ച മാധവന്റെ മാതാപിതാക്കള്‍ക്ക് അഞ്ച് മക്കളാണ്. രേവതി (മാധവന്റെ മൂത്ത സഹോദരി), പിന്നെ ആണ്‍മക്കളായ കൃഷ്ണന്‍, മാധവന്‍, ഭരതന്‍, മുകുന്ദന്‍.

പ്രേമി പറഞ്ഞു, ഒരു പഴയ ഫോട്ടോ ഉണ്ട് വല്ല്യമ്മേ.

ഏട്ത്തൂ… ഞ്ഞി കാണിച്ചാ… ഞാന്‍ നോക്കട്ടെ? എന്നിട്ടു ഫോട്ടോനോക്കി പറഞ്ഞു…

ഇടത്തെ തെറ്റക്കിരിക്കുന്ന ഗോയിന്നേട്ടന്റെ കെട്ട്യോള് മാതൂന്റെ ‘അമ്മ. പേരെന്നേനപ്പ … പിന്നെ ഓര്‍ത്തു പറഞ്ഞു മൃജാക്ഷിന്നാണ്ന്നു തോന്നുന്നു.  നടുക്കുള്ള കുട്ടി അത് നമ്മളെ മൂന്നനാ. പിന്നെ ഗോയിന്നേട്ടന്‍. ബയ്യപ്പറം നിക്കുന്ന ഭരതനും കൃഷ്ണനും പിന്നെ മാധവനും..

ഇടയ്ക്കു വല്ല്യമ്മ കയറിപ്പറഞ്ഞു.  ശരിയാ ഗോയിന്നന്‍ച്ചന് അഞ്ചു മക്കളാ. മാധവന്റെ അനിയനാ മൂന്നന്‍ ഡോക്ടര്‍. എന്ത് നല്ല ഡോക്ടരേനും.  ഞാനെപ്പ പോയാലും കണാരേട്ടന്റെ വിശേഷം ചോദിക്കും? ഡോക്ടറു നല്ല കൈപ്പുണ്യള്ള ഡോക്ടറാ…

അന്നത്തെ ഡോക്ടര്‍മാരല്ലാം എന്ത് നല്ല ഡോക്ടര്‍മാരേനും. വാസു ഡോക്ടറും മൂന്നന്‍ ഡോക്ടറും രാമകൃഷ്ണന്‍ ഡോക്ടറും… ങാ അതെല്ലാം ഒരു കാലം…

ഭരതന്‍ പോലീസില്‍ ചേര്‍ന്ന്, രേവതി കല്ലാട്ട് ആനന്ദേട്ടനെ മംഗലം കയിച്ചു ഏതോ കാപ്പിരിന്റെ നാട്ടില്‍ പോയി.  ആടെ ടീച്ചറ് പണിയെനും പോലും. കൃഷ്ണനെന്തേന്നോളി ചെയ്യുന്നേ ഓര്‍മകിട്ടുന്നില്ല.  കൊല്ലം എത്രയായി. ഓലെയെല്ലാം കണ്ടിട്ട് … ഓലെല്ലാം ചത്തുംപോയില്ലേ…..

ഇല്ല വല്ല്യമ്മേ, ഇത് കണ്ടാ ഫോട്ടോണ്ട്. നോക്കട്ടെ … തെറ്റക്കു നിക്കുന്ന മൂന്നന്‍ ഡോക്ടറു, അടുത്തു നിക്കുന്ന ഒറുടെ ഭാര്യ. പിന്നെ ഗോയിന്നേട്ടന്റെ ഒരേയൊരു മോള് രേവതി. എന്ത് നല്ല തങ്കപ്പെട്ട മോളെനും. അപ്പറത്തുള്ളത് ജാനുട്ടീച്ചറു, പിന്നെ കൃഷ്ണന്റെ ഭാര്യ മാളും. തൊട്ടുള്ളത് കൃഷ്ണനും…  മുമ്പിലുള്ള കുട്ട്യേള് കൃഷ്ണന്റെ രണ്ടു മക്കളാ, ചിത്രയും സുചേതയും.

ഏതാ വല്ല്യമ്മേ സുചേത?
 വല്ല്യകുട്ടി സുചേത.

ആ ബയീല് നിക്കുന്ന കുട്ടിയേതാ?

അത്…. അത് …. ഇനിക്കറിഞ്ഞുടെ … . മൂന്നന്‍ ഡോക്ടറുടെ മംഗലത്തിന്റെ സമയത്താറ്റം എടുത്ത പോട്ടോആ. അന്നേരം പറേന്നുണ്ടെന്നും മൂന്നന്‍ ഡോക്ടറൊപ്പം പുതുച്ചേരിന്നു ആരോ വന്നിനെന്നു. ചെലപ്പം ഓനായിരിക്കും

ഇത് പറയുന്നതിനിടയില്‍ സുനിത പറഞ്ഞു വല്ല്യമ്മക്ക് എല്ലാം നല്ലോണം ഓര്‍മേണ്ടല്ലോ?

മറക്കാമ്പറ്റുഓ ഓലേല്ലാം….

സുരേഷ് പറഞ്ഞു; ഇങ്ങനെ ഇടയ്ക്കുടയ്ക്കു കേറിപ്പറഞ്ഞാല്‍ കഥ വായിച്ചു തീരൂല്ല.  ഇടയ്ക്കു കയറി പറഞ്ഞാല്‍ ഈ വായിച്ചുകേള്‍ക്കുന്നേന്റ രസം പോവും.

ശെരി മോളെ, മോള് വായിക്കു… വായിക്ക്…

പ്രേമി വീണ്ടും താളത്തില്‍ വായിക്കാന്‍ തുടങ്ങി.

മാധവന്‍ മാഹിയില്‍ പ്രാഥമിക വിദ്യാഭ്യാസം നേടിയശേഷം പോണ്ടിച്ചേരിയിലാണ് പഠിച്ചത്.

വല്ല്യമ്മ വീണ്ടും ……. മാഹീല് പഠിക്കുമ്പം ഗാന്ധിജി മാഹീല് വന്നിനേനും, പുത്തലത്താ മീറ്റിങ്. ഞാനന്നു ചെറിയ കുട്ടിയേനും. ഗാന്ധിജീന കാണണം എന്നുപറഞ്ഞു ഞാന്‍ കൊറേ കരഞ്ഞ്. ആരും എന്നെ കൊണ്ടോയില്ല. കൊണ്ടോയിരുന്നേല്‍ എനിക്കും കാണേനും ഗാന്ധിജീന. മാധവന്‍ ഗാന്ധിജി ഉണ്ടാക്കിയ ഏതോ കൂട്ടരോടൊപ്പം കൂടി. ഏന്തുന്നപ്പ അയിന്റെ പേര് മൂത്ത ലീഗ് ഓ എന്തോ പറേന്നുണ്ടെന്നും …

സുനിത പറഞ്ഞു മൂത്ത ലീഗല്ല വല്യമ്മേ യൂത്തു ലീഗ്.
ആ അത്എന്നെ…. അത്എന്നെ. ഓലപ്പരം കൂടീറ്റ് എന്തെല്ലോ ചെയ്തിനു. പിന്നെയാ ഓറു പുതുശ്ശേരിയിലേക്കു പോയത്.

പോണ്ടിച്ചേരിയിലെ പഠന സമയത്ത് ഗാന്ധിജിയുടെ ആഹ്വാന പ്രകാരം ഹരിജന്‍ സേവക് സംഘത്തിലും (ഹരിജന്‍ സര്‍വീസ് അസോസിയേഷന്‍) മാധവന്‍ സേവനം അനുഷ്ഠിച്ചിരുന്നു.

അദ്ദേഹത്തിന്റെ പോണ്ടിച്ചേരിയിലെ പഠനകാലഘട്ടത്തില്‍ ഇന്ത്യയിലെ അയിത്ത ജാതിക്കാരായി മാറ്റിനിര്‍ത്തപ്പെട്ടവരുടെ കുട്ടികളെ പഠിപ്പിക്കുകയും അവരുടെ ഉന്നമനത്തിനായുള്ള സഹായങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു മാധവന്‍.

ങ്ങാ … ശരിയാ ശരിയാ അതും കേട്ടിനു.  എന്നിട്ടു എന്തോ പറയാന്‍ തുടങ്ങി. ഉടനെ സുനിത; വല്ല്യ…..മ്മേ … ഓ ഇല്ല മോള് വായിക്കു…

വല്ല്യമ്മേ ഈ മാനവ സേവ മാധവ സേവ എന്ന് പറയുന്നത് ഈ മാധവേട്ടന്‍ ചെയ്ത സേവയാണോ വല്ല്യമ്മേ?

സുനിതേന്റ സംശയമാ …. പ്രേമി സുനിതേന ഒന്ന് നോക്കി

വല്ല്യമ്മ പറഞ്ഞു; അല്ല മോളെ എന്നാല്‍ ഏതാണ്ട് അതുപോലെത്തന്നെ … സാധുക്കളെ സഹായിക്കുന്നത് ഞമ്മുടെ ഔദാര്യമൊന്നുമല്ല മോളെ. മറിച്ച് നമ്മെ ധനികരാക്കി നിര്‍ത്തി സാധുക്കളെ സഹായിക്കാന്‍ ഈശ്വരന്‍ അവസരം തരുന്നതാ… ഓരോ സാധുജന സേവയും ദാനകര്‍മവും നമുക്ക് നല്‍കുന്നത് അളവറ്റ ഈശ്വര കടാക്ഷമാണ്. അതാ നമുക്ക് ഗാന്ധിജി കാണിച്ചു തന്നത്. അതു മാധവനും ചെയ്തു.  പ്രേമി വീണ്ടും വായിച്ചു തുടങ്ങി.

മയ്യഴിയില്‍ ഫ്രഞ്ച് അധിനിവേശം ആരംഭിച്ചത് 1720 കളിലായിരുന്നു. അതോടെ മയ്യഴിയെ ഫ്രഞ്ച് ഇന്ത്യയിലെ ഒരു പ്രദേശമായും ഫ്രഞ്ച് സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമായി. അക്കാലത്ത് ഫ്രഞ്ച് ഇന്ത്യയില്‍ ജനിച്ചവരെ ഫ്രഞ്ച് പൗരന്മാരായി കണക്കാക്കിയിരുന്നു. അങ്ങനെയാണ് മാധവന്‍ ഫ്രഞ്ച് പൗരനാവുന്നത്.

വീണ്ടും സംശയം സുരേഷിന്. പിന്നെന്താ വല്ല്യമ്മ. ഫ്രഞ്ച് കാരിയാവാത്തത്? വല്ല്യമ്മ ഒന്ന് പരുങ്ങി. ചിലപ്പം തോന്നും മോനെ അങ്ങനെ ചെയ്താ മതിയേനുംന്നു….

ഒന്നുല്ലേ 60 വയസ്സ് കഴിഞ്ഞാല്‍ പെന്‍ഷന്‍ കിട്ടുഏനും. അന്ന് കണാരേട്ടന്‍ സമ്മതിച്ചില്ല. ഓറേ ആരോ പറഞ്ഞു പേടിപ്പിച്ചതാ.  അതാ ഒറു എടുക്കാണ്ടായെ…  അന്ന് ഓറു ഏട്ത്തിനേല്‍ ഇങ്ങക്കെല്ലാം ഫ്രഞ്ച് കാരാവേനും.

മൂന്നു കുട്ടിയേളും കൂടി ചോദിച്ചു വല്യമ്മ ഫ്രഞ്ച് സ്‌കൂളിലല്ലേ പഠിച്ചത് ?

ആ മോളെ …

വല്യമ്മയ്ക്കു ഫ്രഞ്ചറിയാവോ ….?

ഹ….ഹ….ഹ .. സെ…. ബിഎന്‌സാ? ഴവേ… ഫെ… ലവിയേയ്… യൂത്തിയേം…ക്ലാസ്സ്… ഴ് പ്… പര്‍ളേ… എംപ്… ധാങ്ക്‌ളെ… സി.. ഴ്.. നവേപാ…. മറിയേ… ആവേക്… കാണാരേട്ടന്‍,… മുഅ…. ഒസ്സി…. ഴൊറേ… പസ്സേ…. ല്‌ബ്രെവേ… എ… ല്.. ബക്കലൊറെഅ… കോമ്മ്… മാധവന്‍….

വല്ല്യമ്മ ഇത് പറയുമ്പം കുട്ട്യേളെല്ലാം മുഖത്തോട് മുഖം നോക്കി കണ്ണുംതള്ളി നില്‍ക്കുന്നു. എന്നിട്ടു പറഞ്ഞു വേണ്ട വല്യമ്മ മലയാളം പറഞ്ഞാമതി ഞമ്മക്കൊന്നും മനസ്സിലായിട്ടില്ല.

പിന്നെ വല്ല്യമ്മ പറഞ്ഞത് മുഴുവന്‍ വീണ്ടും മലയാളത്തില്‍ പറഞ്ഞുകൊടുത്തു.
ഹ….ഹ….ഹ.. നല്ല കാര്യം? ഞാന്‍ പഴയ എട്ടാം ക്ലസാ. എട്ടാം ക്ലസ്.  കൊറച്ചു ഇംഗ്‌ളീഷും പറയും.  ഞാനും മാധവനെ പ്പോലെ ബ്രവേയും ബോക്‌ളോറിയും എല്ലം പാസാഉഏനും. അപ്പളക്കല്ലെ കണാരേട്ടനുമായി മംഗലം കയിച്ചേ.

എന്നിട്ടു കുഞ്ചിരിയേട്ടത്തിയുടെ മംഗലക്കാര്യം പറയാന്‍ തുടങ്ങി.

കാണാരേട്ടന്‍ എത്തെ…. ബോ… എ ഫോര്‍… ഇലവേ… ലേസ്യ്…. ഷത്തെന്‍…, ലേ… ഷ്വ്… ബുക്ലെ… എ… ദേ… മെന്‍… ബിന്‍… മ്യുസ്‌ക്ലെ… കൊമ്… ലേസെത്രാന്‍ഴെ…. തൂത്ത്… ലേ… ഫീയ്യ്… അവേ… ആംവീ…. ദ്‌ല്യു….

വല്ല്യമ്മേ …. മലയാളം.

കണാരേട്ടന്‍ നല്ല മൊഞ്ചനേനും കാണുഏന്‍ … നല്ല വെളുത്ത ശരീരം, മാറും നല്ല മസ്സിലുള്ള കയ്യും, സായിപ്പിന്റോട്ടു പൂച്ചക്കണ്ണും ചുരുളന്‍ മുടിയും. നല്ല സുന്ദരക്കുട്ടന്‍ ആരും നോക്കിപ്പോകും.

സുനിത; പ്പം ഇങ്ങള് ലെപ്പേനും?  ഇത് കേട്ടപ്പം കുട്ട്യേളെല്ലാം ചിരിച്ചു…

എണെ …. എണെ മേണ്ടേ …. പിള്ളേര് മുട്ടേന്നു വിരിഞ്ഞിട്ടില്ല ഓരോ ചോദ്യങ്ങള്‍ ചോയിക്കുന്നു. എന്നിട്ടൊര്‍ത്തൊരു ചിരി ചിരിച്ച് ആ കഥ പറയാന്‍ തുടങ്ങി.

ഞ്ഞി കേക്കണം, കണാരേട്ടനും കണ്ണന്‍ച്ചനും കൂടി ഇവിടെ തെങ്ങു കെട്ടാന്‍ വന്നതാ.  വലിയ കമ്പ കയറും കപ്പിയും വടിയും കംബിഒക്കെയായി  ഓല് രണ്ടാളും വന്നു.

കണ്ണന്‍ച്ചന്‍ കമ്പിന്റെ തെറ്റം പിടിച്ചു തെങ്ങുമ്മല്‍ക്കേറി, മണ്ടേന്റടുത്തു ചുറ്റി കെട്ടി എന്നിട്ടു,
നിലത്തു നിക്ക്ന്ന  കണാരേട്ടനോട് പറഞ്ഞു കമ്പി വലിക്കടാന്നു. കണാരേട്ടന്‍ കമ്പി വലിച്ചു മാവുമ്മല്‍ ചുറ്റി പിടിച്ചപ്പം കണ്ണന്‍ച്ചന്‍ കീയാന്‍ തൊടങ്ങി. ഓറു തെങ്ങുമ്മന്നു കീയുമ്പം ഏട്ന്നാന്നറീല്ല മോളെ ഒരു പരുന്തു പറന്നു വന്നു കണ്ണന്‍ച്ചന്റെ തലക്കെട്ടുംകൊണ്ട് പോയി

ഇത് തടുക്കാനുള്ള ബേജാറില് കണ്ണന്‍ച്ചന്റെ കള്‍സെന്റെ കെട്ടഴിഞ്ഞു തളപോലെ കാലുമ്മല് തങ്ങി. ഒരു കോണോം മാത്രമുണ്ട്.
ഞാന്‍ ഉച്ചത്തില് ചിരിച്ചു. അന്നേരഉണ്ട് കണാരേട്ടന്‍ എന്നെ നോക്കുന്നു.

കണ്ണന്‍ച്ചന് ദേഷ്യം വന്നിട്ട് കണാരേട്ടനെ ചീത്തപറഞ്ഞു. ഞ്ഞി ഏടിയാ നോക്കുന്ന *നായിന്റെ മോനെ കമ്പി ചുറ്റിപ്പിടിക്കടാന്ന്.

കണ്ണന്‍ച്ചന് മനസ്സിലായി ഓയന്‍ എന്നെ നോക്കി ലൈനടിക്കുന്നാന്നു.

കൊറച്ചു കൈഞ്ഞേരം കണാരേട്ടന്‍ വെള്ളത്തിന് ചോയിച്ചു. ഞാന്‍ ബേം ആത്തു പോയി കഞ്ഞീമ്പള്ളം കൊണ്ട് വന്നു കണാരേട്ടന് കൊടുത്തു. കണാരേട്ടന്‍ ബെള്ളം വാങ്ങുമ്പം എന്നെ നോക്കി ചിരിച്ചു. എന്റെ വെരളില് പിടിച്ചതോ തട്ടിയതോ പിടിച്ചതു പോലെയുണ്ടെന്നും ആര്‍ക്കറിയാം?

അന്നേരം കണ്ണന്‍ച്ചന്‍ ചോയിച്ചു ആന്താടീ എനിക്കില്ലേ ബെള്ളം?

ഞാന്‍ പറഞ്ഞു ബെള്ളത്തിന് ഇങ്ങള് ചോയിച്ചിനാ …

എടീ പോത്തേ ബെള്ളത്തിന് ചോയിക്കണാ? ഇനിക്കറിഞ്ഞൂടെ രണ്ടാളുണ്ടെന്നു?

ഞാന്‍ വേഗം ഓടിപ്പോയി ബെള്ളോംകൊണ്ടു വരുമ്പം കണാരേട്ടന്‍ വീണ്ടും ബെള്ളത്തിനു കൈ നീട്ടി.

ഞാന്‍ പറഞ്ഞു ഇത് കണ്ണന്‍ച്ചനാന്നു. അന്നേരം കണാരേട്ടന്‍ പറഞ്ഞു; ഞ്ഞി തന്ന ബെള്ളം ഞാന്‍ കണ്ണന്‍ച്ചനു കൊടുത്തു. ഞ്ഞി ഇതിങ്ങു താന്നു…

മൂപ്പര  പരിപാടി എനിക്ക് മനസ്സിലായി. ഞാനപ്പാട് ബെള്ളം നിലത്തുവെച്ചു. നോക്കുമ്പം ഓറു എന്നെ നോക്കി വീണ്ടും ഒരു ചിരി. ഞാന്‍ ബെല്ലാണ്ടായിപ്പോയി. നാണം വന്നിട്ട് അത്തേക്കു പാഞ്ഞുപോയി.

അന്നേരംണ്ടു കണ്ണന്‍ച്ചന്‍ മൂപ്പര വിളിക്കുന്നു. ഞ്ഞി എന്താടാ കുന്തംപോലെ ആട നിക്കുന്നെ, വേഗം പണി തീര്‍ത്തിട്ട് പോണം സുബറേ…..

ഞാന്‍ ജനേലേക്കൂടി നോക്കുമ്പം ഓല് രണ്ടാളും കമ്പി വലിക്കുന്നു. അങ്ങനെ തെങ്ങു കേട്ടീട്ടു രണ്ടാളും പോയി.. പിന്നെ ഒന്ന് രണ്ടു തവണ ഓറെന്നെ കണ്ടിനു.

ഒരൂസം കാണാ കണ്ണന്‍ച്ചനും ഗോപാലേട്ടനും കൂടി അമ്മേന്റെടുത്തു വന്നു പറഞ്ഞു ഞമ്മള് കുഞ്ചിരീനെ പെണ്ണ് കാണാന്‍ വന്നതാ. ഇമ്മള കണാരനാ ചെക്കന്‍ന്ന്.

കേട്ടപ്പം ഞാന്‍ അകെ നാണിച്ചുപോയി. എനിക്കന്നു 15 തികഞ്ഞിട്ടില്ല …

പിന്നെ എല്ലാം പെട്ടെന്നെനു അങ്ങനെ എന്റെ മങ്ങലോം കയിഞ്ഞു …

കുട്ട്യേളെല്ലാം മുഖത്തോട് മുഖം നോക്കി. ഒന്നും മനസ്സിലാവുന്നില്ല. പ്രേമി തുടര്‍ന്ന് വായിക്കാന്‍ തുടങ്ങി…

അച്ഛന്‍ മിച്ചിലോട്ടു കുമാരന്‍ (ഗോവിന്ദന്‍) പുതുച്ചേരിയിലെ ഒരു ഫ്രഞ്ച് സ്‌കൂളിലെ അദ്ധ്യാപകനായി ജോലിചെയ്തു വരുകയായിരുന്നു. മിച്ചിലോട്ടു മാധവന്‍ പോണ്ടിച്ചേരിയില്‍ പഠിച്ചുകൊണ്ടിരിക്കെ അമ്മ പെരുന്തൊടി മാതു എന്ന് വിളിക്കുന്ന കല്ല്യാണി അന്തരിച്ചു (മാധവന് അന്ന് പത്തുവയസ്സ്). അതിനു ശേഷം മാധവന്റെ കുടുംബത്തിന്റെ താമസം മയ്യഴിയിലേക്കു മാറ്റി. അവിടെനിന്ന് മെട്രിക്കുലേഷന്‍  പൂര്‍ത്തിയാക്കിയതിനു ശേഷം, മാധവന്‍ വീണ്ടും ഫ്രഞ്ച് പഠനത്തിനായി പുതുച്ചേരിയിലേക്ക് പോയി. ഫ്രഞ്ച് പഠനം തുടരുകയും  അവിടെ നിന്നും ബക്‌ളോറി പരീക്ഷ പാസാവുകയും ചെയ്തു.

മാധവന് എന്‍ജിനീയറിങ് കണക്കു വിഷയങ്ങളില്‍ താല്പര്യമുള്ളതുകൊണ്ട് അതിലായി ശ്രദ്ധ. അന്വേഷണത്തില്‍ ഫ്രാന്‍സിലെ സോര്‍ബോണ്‍ സര്‍വകലാശാല ആ കാലങ്ങളിലെ അറിയപ്പെടുന്ന യൂണിവേഴ്‌സിറ്റി ആണെന്ന് മനസിലാക്കിയ മാധവന്‍ അവിടെ പഠനം തുടരാന്‍ തീരുമാനിക്കുകയും അതിനായി ഫ്രാന്‍സിലേക്ക് പോകുകയും ചെയ്തു.

സോര്‍ബോണ്‍ സര്‍വകലാശാലയില്‍ (ഫാക്വാലിറ്റി ദ് സയന്‍സ്) വിദ്യാര്‍
ഥിയായിട്ടായിരുന്നു അദ്ദേഹം  ചേര്‍ന്നത്. പഠനത്തോടൊപ്പം ആര്‍ക്കൈവ്‌സ് നാഷണല്‍സില്‍ ജോലി ചെയ്തു കൊണ്ടായിരുന്നു മാധവന്‍ തന്റെ വിദ്യാഭ്യാസ ചെലവിനു പണം കണ്ടെത്തിയത്. സഹോദരി രേവതിയും സഹായത്തിന് ഉണ്ടെന്നും..

ഇടയ്ക്കു കുഞ്ചിരിയേട്ടത്തി പറഞ്ഞു. ഇതൊന്നും എനിക്കറീല്ല, ഞാന്‍ ഒരോലത്തര് പറേന്ന കേട്ടിനു.

തന്റെ പഠിപ്പും ജോലിയും ഒരുമിച്ചു പുരോഗമിക്കവേ മാധവന്‍ ഫ്രഞ്ച് ക
മ്യൂണിസ്റ്റ് പാര്‍ട്ടിയായ ‘പാര്‍ട്ടി കമ്യൂണിസത്തേ ഫ്രാന്‍സിസ്’ (പി.സി.എഫ്.) അംഗമായി ചേര്‍ന്നു. മാധവന്റ അതീവ ബുദ്ധിശാലിത്തരവും അദ്ദേഹത്തിന്റെ നേതൃപാഠവും ധൈര്യവും ഏതുകാര്യത്തിനും മുന്നിട്ടു ഇറങ്ങി പ്രവര്‍ത്തിക്കുന്ന സ്വഭാവവും അദ്ദേഹത്തെ സംഘടനയുടെ നേതൃത്ത്വനിരയിലേക്കെത്തിച്ചു. ക്രമേണ അതിന്റെ മുന്നണി പ്രവര്‍ത്തകനാവുകയും ചെയ്തു.

ദേവൂട്ടി മീന്‍മുറിച്ചു ചട്ടീം മീനും കൊണ്ട് അടുക്കളേക്കേരുമ്പം പ്രേമി കഥവായിക്കുന്നതാ കണ്ടത്..

എണെ ഇങ്ങക്ക് പഠിക്കുഏനൊന്നും ഇല്ലേ? പരീക്ഷ അടുത്തല്ലപ്പാ.. പോയി പഠിക്കടാ ദിവാകരേട്ടനിങ്ങ് വരട്ടെ ഞാപറേന്നുണ്ട് ഇവരൊന്നും ഒരു വസ്തു പഠിക്കുന്നില്ല. എപ്പ നോക്കിയാലും ഫോണും പിടിച്ചിട്ടു നടക്കാലാ. ഒരു കാര്യത്തിനും ഈറ്റയേള കിട്ടുന്നില്ലാന്നു.

ദിവാകരന്‍ കുട്ട്യേളെ അച്ഛനാ (ദേവൂട്ടീന്റെ ഭര്‍ത്താവ്. ഗള്‍ഫിലാ ഓന്‍)

ഇതു കേട്ടതും ഫോണ്‍ ഓഫാക്കീട്ടു എല്ലാരും പഠിക്കാന്‍ പോയി.

കുഞ്ചിരിയെട്ടത്തിയും പറഞ്ഞു; ആ പോയി പഠിക്കു. മ്മക്ക് ബാക്കി നാളെ വായിക്കാന്നു..

*ഒരു പഴയകാല നാടന്‍പ്രയോഗം

മാധവന്റെ ബാക്കി കഥതുടരും….

മഠത്തില്‍ ബാബു ജയപ്രകാശ്