ഗതകാല സ്മരണകളുണര്‍ത്തുന്ന മയ്യഴി തിരുനാള്‍

Time Taken To Read 10 Minutes

ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോള്‍


Apr 19 2022

ഇതിനു മുന്‍പുള്ള ലക്കത്തില്‍ ഞാന്‍ ആവിലായിലെ ‘അമ്മ പുണ്യ തെരേസയുടെ ജനനംമുതല്‍ മരണം വരയുള്ള ജീവിതക്രമങ്ങളെ പറ്റി പറഞ്ഞിരുന്നു. അവരുടെ വിശുദ്ധപദവിയിലേക്കുള്ള സ്ഥാനാരോഹണവും തുടര്‍ന്ന് നടത്തിക്കൊണ്ടിരിക്കുന്ന ആഘോഷത്തെപ്പറ്റിയും സൂചിപ്പിച്ചിരുന്നു. ആ മഹദ്‌വ്യക്തിയുടെ വിഗ്രഹം കുടികൊള്ളുന്ന മയ്യഴിയിലെ തിരുനാളിനെക്കുറിച്ചുള്ള എന്റെ ഓര്‍മകളാണ് ഇവിടെ കുറിക്കുന്നത്.

മയ്യഴി പ്രദേശത്തിന്റെ സംസ്‌കാരവും ഭൂമിശാസ്ത്രവും മിക്കവാറും കേരളത്തിലേത് തന്നെ.  കണ്ണൂരിനും  കോഴിക്കോടിനും ഇടയ്ക്കുള്ള ഒരു ചെറിയ അര്‍ധദ്വീപ് പോലുള്ള കൊച്ചു പ്രദേശമാണ് മയ്യഴി. പക്ഷേ, ഭരണപരമായ എല്ലാ നിയന്ത്രണവും ചെന്നൈയോട് ചേര്‍ന്ന കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലും.  

പറഞ്ഞുവരുന്നത്,  മിക്ക ആഘോഷങ്ങളും ഏതെങ്കിലും പ്രത്യേക ദിവസത്തിന്റെയോ അല്ലെങ്കില്‍ പ്രത്യേക സംഭവങ്ങളുടെയോ ഓര്‍മപുതുക്കലായിരിക്കും. അതിനു ജാതിയുടെയോ മതത്തിന്റെയോ സംഘടനയുടെയോ വകഭേദങ്ങളില്ല. എല്ലാ ആഘോഷവും ഒരുമയോടെയാണ് കൊണ്ടാടുന്നത്.

ഉദാഹരണത്തിന് നബിയുടെ ജന്മദിനം നബിദിനമായും. ശ്രീരാമന്റെ ജന്മദിനം ശ്രീരാമനവമിയായും മഹാത്മാ ഗാന്ധിയുടെ ജന്മദിനം ഗാന്ധിജയന്തിയായും യേശുദേവന്റെ ജന്മദിനം ക്രിസ്മസായും ആഘോഷിക്കുന്നതുപോലെ തേരേസ അമ്മയുടെ  തിരുന്നാളും സാഘോഷമായി  നടത്തുന്നു.

 യാഥാസ്ഥിതിക ക്രൈസ്തവ കുടുംബത്തില്‍ ജനിച്ച തെരേസ, താനും തന്റെ പൂര്‍വീകരും ഉള്‍പ്പെട്ട  സഭയോട് പൊരുതി ത്യാഗ പൂര്‍ണമായ ജീവിതത്തിലൂടെ ഒരു പുതിയ സന്ന്യാസി –  സന്ന്യാസിനി സമൂഹം തുടക്കമിടുകയും അവരുടെ ഉന്നമനത്തിനായി സാദാസമയം പ്രവര്‍ത്തിക്കുകയും ചെയ്തു.  എതിര്‍പ്പുകളും ത്യാഗങ്ങളും സഹിച്ച് ജനഹൃദയങ്ങളില്‍ ഇടംനേടിയ ഇവരുടെ നന്മനിറഞ്ഞ ജീവിതത്തെ അംഗീകരിച്ച് മരണാനന്തരം വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഇതിന്റെ ഓര്‍മപുതുക്കലായി, മയ്യഴിയിലും  ഇവരുടെ മരണദിവസത്തെ ഓര്‍മപ്പെടുത്തി തിരുനാള്‍  ആഘോഷിക്കുന്നു. വിശുദ്ധ തെരേയുടെ ദര്‍ശനങ്ങളുടെയും സേവനങ്ങളുടെയും ജീവിതചര്യയുടെയും ഓര്‍മപുതുക്കലാണ് മയ്യഴി തിരുനാള്‍ ആഘോഷം.

ഇന്ത്യയില്‍ തന്നെ ഏറ്റവും പുരാതനമായ പള്ളികളില്‍ ഒന്നാണ് 1736 ല്‍ സ്ഥാപിതമായ മയ്യഴിയിലെ സെയ്ന്റ് തെരേസ ചര്‍ച്ച്. ദേവാലയം സ്ഥാപിതമായതുമുതല്‍ ക്രിസ്ത്യാനികളും ഹിന്ദുക്കളും മുസ്ലീങ്ങളും ഭയഭക്തിയോടെ  വിശ്വാസത്തോടെ ഈ ആരാധനാലയത്തിലേക്ക് എത്തുന്നു. ഒക്ടോബര്‍ അഞ്ചാം തീയതി പുണ്യദര്‍ശനത്തിനായി പുറത്തേക്ക് എഴുന്നള്ളിക്കുന്ന മയ്യഴിയമ്മ എന്നറിയപ്പെടുന്ന ഈ പുണ്യവതിയുടെ കൊച്ചു വിഗ്രഹത്തിന്റെ ചൈതന്യവും ശക്തിയും ഒന്നുകൊണ്ടു മാത്രമാണ്  വിശാസികള്‍ ഒഴുകിയെത്തുന്നത്.
പള്ളിയെകുറിച്ചും ഉത്സവത്തെകുറിച്ചും പറയുന്നതിന് മുന്‍പ് മയ്യഴിയെ അറിയണം.  വാഴുന്നോരുടെയും തുടര്‍ന്ന് വന്ന പോര്‍ച്ചുഗീസ്,  ഡച്ച്,  ബ്രിട്ടീഷ്,- ഫ്രഞ്ച് അധിനിവേശത്തിലൂടെ രൂപപ്പെട്ട സംസ്‌കാരം  കൊച്ചു ‘മഹാനഗര’വാസികളില്‍ അലിഞ്ഞുചേര്‍ന്നിട്ടുണ്ട്. അതായിരിക്കാം, ഈ അടുത്ത കാലം വരെ മയ്യഴി എന്നാല്‍ ചുറ്റുമുള്ള പ്രദേശങ്ങള്‍ക്ക് എന്നും ഊട്ടുപുരയായി മാറിയത്. എന്നാല്‍ ആ പ്രതാപകാലത്തിന്റെ ഓര്‍മകള്‍ മാത്രമാണ് മയ്യഴിക്ക് ബാക്കിയുള്ളത്. അതിന്റെ കാരണങ്ങളും ന്യായാന്യായങ്ങളും  തേടിയാല്‍ കുറെ അപ്രിയ സത്യങ്ങളിലേക്ക് വിരല്‍ ചൂണ്ടേണ്ടിവരും. അത് പറയാതിരിക്കുക എന്ന പൊതുതത്ത്വം ഞാന്‍ പാലിക്കുന്നു.

മയ്യഴിക്ക് തളര്‍ച്ച വന്നെങ്കിലും, മയ്യഴി തിരുനാളിന്റെ പ്രസക്തി ഏറിയതല്ലാതെ ഒരു കോട്ടവും ഇന്നും സംഭവിച്ചിട്ടില്ല, എന്നുമാത്രമല്ല ആ സാംസ്‌കാരിക തനിമയ്ക്കു ഒട്ടും ഭംഗം വരുത്താതെ ക്രിസ്ത്യാനികളുടെ കൂടെ മറ്റു മതസ്ഥരും ചേര്‍ന്ന് പ്രത്യേകമായി വളര്‍ത്തിയെടുത്ത വിശ്വാസവും ആചാരങ്ങളും, ഭയഭക്തിയായി മാറി. മാഹിയിലെയും മറ്റ് പ്രദേശങ്ങളിലെ ആളുകളും ഈ ദേവാലയത്തില്‍ എത്തി സെയ്ന്റ് തെരേസാ പുണ്യവതിയെ തങ്ങളുടെ അമ്മയായി കരുതി ആരാധിച്ചുവരുന്നു.  ഒരുപക്ഷെ ക്രിസ്ത്യാനികളെക്കാള്‍ കൂടുതല്‍, ഹിന്ദുക്കളും  മുസ്ലീങ്ങളും ആയിരിക്കും എന്ന് പറയുന്നത് അതിശയോക്തിയാവില്ല.

നടത്തുന്ന സമയത്ത് അതില്‍ ആവശ്യപ്പെട്ടത് പ്രകാരം പ്രാര്‍ഥനാവേളകളില്‍ വായിച്ചു ഫലസിദ്ധിക്കായി കൂട്ടപ്രാര്‍ഥന നടത്തും. എല്ലാം തികച്ചും സൗജന്യമായി തന്നെ.

ഈ ദേവാലയത്തെ പറ്റി പറയുമ്പോള്‍ എണ്ണിയാലൊടുങ്ങാത്ത ആഗ്രഹ സാഫല്യത്തിന്റെ കഥകള്‍ ജാതമതിഭേദമെന്യേ പറഞ്ഞു കേട്ടിട്ടുണ്ട്.  അതുകൊണ്ടു തന്നെയായിരിക്കാം ഉത്സവകാലങ്ങളിലെ നഗര പ്രദക്ഷിണത്തോടൊപ്പം നാനാജാതിമതത്തില്‍പെട്ട ആളുകള്‍ പങ്കെടുക്കുന്നത്. അത് ഇപ്പോഴും തുടരുന്നു എന്നുള്ളത് മതമൈത്രിയുടെ ഒരു ഉത്തമ ഉദാഹരണമാണ്.  ഇത് മറ്റു മതസ്ഥരുടെ ഉല്‍സവകാലങ്ങളില്‍ നടത്താറുള്ള രഥോത്സവം മയ്യഴി തെരുവിലൂടെ നീങ്ങി അതതു പ്രാര്‍ഥാനാലയങ്ങള്‍ക്കു മുന്‍പില്‍ എത്തുമ്പോള്‍ പരസ്പരം സ്വീകരിക്കുന്നത് മറ്റൊരു മതമൈത്രിയുടെ കാഴ്ചതന്നെയാണ്. ഇത് കണ്ടെങ്കിലും ജാതി മത വെറിയന്മാര്‍ക്കു മാനസാന്തരമുണ്ടാവട്ടെ എന്ന് നമുക്ക് ആഗ്രഹിക്കാം.

കമ്മലുകളും ലോക്കറ്റും മോതിരവും ഒക്കെ നിരത്തി വെച്ച്; കൂട്ടത്തില്‍ ക്യൂട്ടെക്‌സും കണ്‍മഷിയും ചാന്തും മേക്കപ്പ് സെറ്റും ഹെയര്‍ ക്ലിപ്പും  ബേന്റും കൃത്രിമ തിരുപ്പണവും കൊണ്ടയും റിങ്ങും  വില്‍ക്കുന്നത് കാണാം. ആ കാലങ്ങളില്‍ ഇതൊക്കെ പൊതുവെ വാങ്ങാനുള്ള അവസരം ഇത്തരം ഉത്സവ ചന്തകള്‍ മാത്രമായിരുന്നു

കുറച്ചു മാറി പള്ളി മൈതാനിയില്‍ വിവിധ തരത്തിലുള്ള ചൂതാട്ടവും മരത്തൊട്ടിലും ഡാന്‍സും മാജിക്കും മരണക്കിണറും അത്ഭുത മനുഷ്യനും ഒക്കെയായി ഒരുകൂട്ടം പേര്‍. ഫോട്ടോ സ്റ്റുഡിയോകള്‍ മറ്റൊരുഭാഗത്ത്. പോലീസുകാരുടെ കണ്ണുവെട്ടിച്ചു നടത്തുന്ന നാടകുത്തും അന മയില്‍ ഒട്ടകം കളിയും മുച്ചീട്ടുകളിയും തിരിപ്പും ചട്ടികളിയും മരം കൊണ്ടുണ്ടാക്കിയ തോട്ടിലും. അതില്‍ കയറി ആടാന്‍ തയ്യാറായി വരുന്ന കുട്ടികളെയും  കാണാം. ഇടയ്ക്കു പോലീസിനെ കാണുമ്പോള്‍ ഇതൊക്കെ എടുത്തു ഓടുന്നതും കാണാം. ഇതൊക്കെ ഉള്ളപ്പോഴായിരുന്നു പളളിപ്പെരുന്നാളിന് ഒരു പൊലിമ ഉണ്ടായിരുന്നത്. ഇന്ന് അതൊന്നും കാണാനില്ല. ഇതൊക്കെ പോയതോട് കൂടി ആ ഉത്സവപ്പൊലിമയും  നഷ്ടപ്പെട്ടിട്ടില്ലേ എന്ന് മയ്യഴിക്കാര്‍ക്കു തോന്നുന്നുണ്ട്.

7പകരം ഇപ്പോള്‍ ചൈനയിലോ തായ്വാനിലോ പോയതുപോലുള്ള തെരുവോര ഭക്ഷണശാലയിലെ മണമാണ് വരുന്നത്. അവര്‍ ഇതൊക്കെ വില്‍ക്കാന്‍ വിളിച്ചെടുക്കുന്ന തുക കേട്ടാല്‍ കണ്ണ് തള്ളും. ഒരു താത്കാലിക ചന്ത ഒപ്പിച്ചെടുക്കാന്‍ ലക്ഷങ്ങളാണ് ചെലവഴിക്കുന്നത്. എത്ര ആലോചിച്ചിട്ടും അതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല. ഒരുപക്ഷെ ഇതിന്റെ മറവില്‍ ബ്ലാക്ക് വൈറ്റാക്കുകയോ മറ്റോ ചെയ്യുന്നുണ്ടോ എന്ന് ആരെങ്കിലും സംശയിച്ചാല്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല. ഒപ്പം ആഗോളതവ്കരണത്തിന്റെ ഭാഗമായി വളരെ സുലഭമായി ചൈനീസ് ഉത്പന്നങ്ങള്‍ മിക്കവാറും കടകളില്‍ സുലഭമായി ലഭിക്കുന്നതിനാല്‍ വാങ്ങുന്നതിനുള്ള ആളുകളുടെ താത്പര്യവും കുറഞ്ഞു. ഓണ്‍ലൈന്‍ പര്‍ച്ചേസ് സമ്പ്രദായം വന്നതോടുകൂടി അത് പൂര്‍ണമാവുകയും ചെയ്തു. അതുകൊണ്ടു തന്നെയായിരിക്കാം  ഇന്ന് കച്ചവടക്കാരുടെ ബാഹുല്യം ഏറെ കുറഞ്ഞിട്ടുണ്ട്. പൊലിമ ഏറെ നഷ്ടപ്പെട്ടിരിക്കുന്നു. മറ്റൊരു പ്രധാന കാരണം ചൂഷിത മനോഭാവത്തോടെയുള്ള ചിലരുടെ പെരുമാറ്റവും, അത് ഒരു പ്രതേക തലത്തിലേക്ക് എത്തിയപ്പോള്‍ മുനിസിപ്പാലിറ്റിയും ഒരു വരുമാനമാര്‍ഗമായി കാണുന്നതുകൊണ്ടല്ലേ എന്ന് തോന്നിയിട്ടുണ്ട്.

ഇതിനോടൊപ്പം കമ്പ്യൂട്ടറും ഗെയിമും മൊബൈലും വന്നതോടുകൂടി ഇപ്പോഴത്തെ തലമുറയിലുള്ള കുട്ടികള്‍ക്ക് ഇതിനൊന്നും നേരമില്ല.

ഒക്ടോബര്‍ അഞ്ചിന് എവിടെയായാലും പറ്റാവുന്നേടത്തോളം പെരുന്നാളില്‍ പങ്കെടുക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ആ ദിവസങ്ങളില്‍ തിരുരൂപത്തിന് ഒരു മുല്ലമാല സമര്‍പ്പിക്കുന്നത് എന്റെ പതിവായിരുന്നു . ഇടയ്ക്കു നേരിട്ട് വരന്‍ പറ്റാത്ത അവസ്ഥയില്‍ എന്റെ അമ്മ നേരിട്ട് പോയി മുല്ലമാല സമര്‍പ്പിക്കും. ഇപ്പോള്‍ ആ പതിവ് എന്റെ അഭ്യര്‍ഥനമനിച്ച് ചിലപ്പോള്‍ ജോര്‍ജ് അല്ലെങ്കില്‍ ഷാജി പിണക്കാട്ട് നിര്‍വഹിക്കാറുണ്ട്. കഴിഞ്ഞ രണ്ടുവര്‍ഷമായി അത് തന്റേതല്ലാത്ത കാരണത്താല്‍ മുടങ്ങിയിട്ടുണ്ട്.

പണ്ടുകാലങ്ങളില്‍ കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ പടരുന്ന സന്ദര്‍ഭങ്ങളില്‍ പള്ളികളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടത്താറുണ്ടെന്നു കേട്ടിട്ടുണ്ട്.  ദാരിദ്ര്യവും പട്ടിണിയും  ഭക്ഷ്യക്ഷാമവും ഉള്ള കാലങ്ങളില്‍ പള്ളിയില്‍ നിന്നും ഭക്ഷ്യസാധനങ്ങളും വസ്ത്രങ്ങളും സൗജന്യമായി വിതരണം ചെയ്യുന്നത് സ്വീകരിക്കാന്‍ ധാരാളം പേര്‍ ക്യു നില്‍ക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. ആ കാലങ്ങളില്‍ പാവപ്പെട്ടവര്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍  ഇത്തരം സഹായങ്ങള്‍ എന്നും അനുഗ്രഹമായിട്ടും ഉണ്ട്. ഫാദര്‍ മാത്യുസ് മയ്യഴി പള്ളി വികാരി ആയിരുന്ന കാലത്ത് പള്ളിയോട് ചേര്‍ന്ന് ഒറ്റ നിലയില്‍ കെട്ടിയ കെട്ടിടത്തില്‍ ഒരു പ്രിന്റിങ് പ്രസ്സ് നടത്തിയിരുന്നു.  അത് നോക്കി നടത്തിയിരുന്നത് നമ്മുടെയൊക്കെ സുഹൃത്തായ ജോസ് ആയിരുന്നു. പിന്നീട് അത് തലശ്ശേരി ടെമ്പിള്‍ ഗേറ്റിനു സമീപത്തേക്ക് മാറ്റി. അതിനു ശേഷം കെട്ടിടത്തിന്റെ വടക്കേ ഭാഗത്തുള്ള രണ്ടു മുറി ബാക്കിയാക്കി തെക്കു ഭാഗത്തു രണ്ടു നില കെട്ടിടം പണിത് മുകള്‍ ഭാഗം ബാച്ചിലേഴ്‌സിനും താഴെ തീര്‍ഥാടകര്‍ക്ക് താമസിക്കാനുള്ള ലോഡ്ജ് ആയും  ഉപയോഗിച്ചിരുന്നു .

വൈകുന്നേരമായാല്‍ സ്ഥിരമായി ഷട്ടില്‍ കോക്ക് കളിക്കാന്‍ മോഹനന്‍ മാഷും ആലപ്പാട്ട് വൈന്‍സിലെ ഫ്രാന്‍സിസും രോഹിണി വൈന്‍സിലെ സാലി എന്ന ജയപ്രകാശും സോമനും ചിത്രാംഗതനും മുരളിയും ഒപ്പം നമ്മള്‍ സ്ഥിരം ഒത്തുകൂടാറുള്ള സുഹൃത്തുക്കളും അവരോടൊപ്പം ചേരും. പലരുടെയും പേരുകള്‍ ഓര്‍മകള്‍ക്കപ്പുറമാണ്. ഷട്ടില്‍ കളിയൊക്കെ കഴിഞ്ഞാല്‍ വര്‍ഗീസിന്റെ മുറിയിലിരുന്ന് ചീട്ടുകളി, 28 അല്ലെങ്കില്‍ 56 കളിക്കും. തോറ്റ ടീമിന്റെ ചെവിയില്‍ ഈര്‍ക്കിളില്‍ കുത്തിയ വെളിച്ചില്‍ തൂക്കിയിടുന്നതും ഏറെ നേരം അത് ഇറക്കാന്‍ കഴിയാത്തതും  ഓര്‍മയില്‍ എത്തും.

ഒപ്പം കോറസ് പാടാന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും (എല്ലാവരെയും പേരെടുത്തു പറയുക പ്രയാസമാണ്) കൂടിച്ചേരുമ്പോള്‍ അതിന്റെ മാറ്റ് പത്തരമാറ്റായി മാറും.

പണ്ടൊക്കെ ഉല്‍സവ കാലങ്ങളില്‍ മയ്യഴിയില്‍ വിദൂര ദേശങ്ങളില്‍ നിന്നും വരുന്ന തീര്‍ഥാടകര്‍ക്ക് പള്ളിയുടെ മുന്‍വശമുള്ള ഫ്രഞ്ച് സ്‌കൂളില്‍ വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കുക പതിവുള്ളതായിരുന്നു. ഇന്ന് ആവശ്യത്തിന് താമസ സൗകര്യങ്ങളായി മയ്യഴിയില്‍. മിക്ക തീര്‍ഥാടകരും സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ ആണ് വരുന്നത്. അവരവരുടെ സമയവും സൗകര്യവും അനുസരിച്ചു മയ്യഴിയില്‍ എത്തി ബുദ്ധിമുട്ടില്ലാതെ പ്രാര്‍ഥന നടത്തി പോകുന്നതുകൊണ്ട് വലിയ തിരക്കില്ലാത്ത അന്തരീക്ഷത്തില്‍ ഉത്സവം ആര്‍ക്കും ബുദ്ധിമുട്ടില്ലാതെ നടത്തിപ്പോകാന്‍ സാധിക്കുന്നുണ്ട്.

ഉത്‌സവകാലത്തെ തിരക്ക് നിയന്ത്രിക്കാന്‍ പുതുച്ചേരിയില്‍ നിന്നും സ്‌പെഷല്‍ ബറ്റാലിയന്‍ പോലീസ് എത്തുന്നുണ്ട്. ക്രമാസമാധാനം പുലര്‍ത്താന്‍ സ്ഥിരം കാക്കിധാരികളായ പോലീസുകാരുടെ രൂപം മാത്രം കണ്ടു ശീലിച്ച നമ്മള്‍ക്കൊക്കെ പുതുച്ചേരിയില്‍ നിന്നും വരുന്ന വെള്ളയും വെള്ളയും യൂണിഫോമും വെള്ള കയ്യുറകളും ധരിച്ച് റോഡില്‍ വാഹനങ്ങളെ നിയന്ത്രിക്കുന്നത് നമുക്കൊക്കെ ഒരു പുതു അനുഭവമായിരുന്നു . എന്നതും പ്രശംസനീയം തന്നെ.

മയ്യഴി പള്ളി പെരുനാളിനു പുറമെ ക്രിസ്മസും ദുഃഖവെള്ളിയാഴ്ചയും ഈസ്റ്ററും, കുരുത്തോല പെരുന്നാളും മറ്റു ക്രിസ്തീയ ആഘോഷങ്ങളെല്ലാം ഈ പള്ളിയില്‍ ജനപങ്കാളിത്തത്തോടെ നടത്തിവരുന്നു. ഉത്സവ സമയങ്ങളില്‍ സര്‍വമത കൂട്ടായ്മ്മ സംഘടിപ്പിക്കുന്നതും പതിവാണ്.

മെഷിനറി പ്രവര്‍ത്തനത്തിനായി മതപ്രചാരകര്‍ മയ്യഴിയിലെത്തിയതും. പ്രാര്‍ഥനാലയം സ്ഥാപിച്ചതും  ദേവാലയുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും ഉള്‍കൊള്ളിച്ചുള വിവരങ്ങള്‍ അടുത്ത ലക്കത്തില്‍ … തുടരും…

അതുവരെ വിട.

മഠത്തിൽ ബാബു ജയപ്രകാശ്………… ✍️ My Watsapp Contact No – 9500716709

https://chuvannakatukanittamayyazhi.com/wp-content/uploads/2022/09/wp-16621318707525237724949167661023.jpg7