ചുവന്ന കടുക്കനിട്ട മയ്യഴി കഥ പറയുമ്പോള്‍
May 20 2022
ഇത് കവിതയുടെ ആമുഖംമാത്രമാണ്.
സുഗന്ധലേപനങ്ങള്‍ക്കു പേരുകേട്ട രാജ്യം. ഫാഷന്റെ രാജ്യം. സഞ്ചാരികളുടെ പറുദീസയായ രാജ്യം. സുന്ദരികളുടെ രാജ്യം. ഭാഷയ്ക്ക് ദ്വയാര്‍ഥങ്ങളില്ലാത്ത രാജ്യം. ഇതൊക്കെയാണ് ഫ്രാന്‍സ്. ഫ്രഞ്ച് വിമോചനത്തിന്റെ പ്രതീകമായ ‘മറി ആനി’നെ ചിത്രകാരന്റെ ഭാവനയില്‍ വരച്ചെടുത്തു. അത് പിന്നീട് രാജ്യത്തിന്റെ ഔദ്യോഗിക പ്രതീകമായി ഫ്രഞ്ച് ഭരണകൂടം സ്വീകരിച്ചു. ഫ്രഞ്ച് കോളനിയായിരുന്ന മയ്യഴിയിലും മറി ആനിന് ഇടംകിട്ടി. മയ്യഴി ഭരണകൂടവും മയ്യഴിയിലെ ഫ്രഞ്ചുകാരും മയ്യഴിക്കാരും ‘മറി ആനി’ന്റെ ശില്പത്തെ ഇന്നും എല്ലാ ആദരവും നല്‍കി പരിപാലിക്കുന്നു. എന്നാല്‍ ഫ്രാന്‍സിനുവേണ്ടി രക്തസാക്ഷിത്വം വഹിച്ച ആ മയ്യഴിക്കാരനെയോ…
മയ്യഴിയില്‍ ജനിച്ച് തന്റെ കര്‍മമേഖല ഫ്രാന്‍സിലേക്ക് മാറ്റി ഫ്രഞ്ച് മോചനത്തിനായി നാസികളോട് പൊരുതി കൊടും പീഡനമേറ്റു വധിക്കപ്പെട്ട വ്യക്തിയാണ് ശ്രീ. മിച്ചിലോട്ട് മാധവന്‍ (മ്ച്ചിലോട്ട് ). അദ്ദേഹം മോക്ഷം തേടി തന്റെ സ്‌നേഹിത ജിസെല്‍ മൊളേറ്റിന്റെ ആത്മാവിനോടൊപ്പം വെള്ളിയാങ്കല്ലില്‍ എത്തിയിട്ട് വര്‍ഷങ്ങളായങ്കിലും, തനിക്ക് കൂടണയാന്‍ ഒരു സ്മാരകം എന്നെങ്കിലും തന്റെ ജന്മനാടായ മയ്യഴിയില്‍ ഒരുക്കുമെന്ന പ്രതീക്ഷയില്‍ വര്‍ഷത്തില്‍ പലതവണ തുമ്പികളായി പറന്ന് സ്മാരകസ്തൂപങ്ങള്‍ ഉയര്‍ന്നുനില്‍ക്കുന്ന പാതാറിലെത്തി തനിക്കുള്ള സ്മാരകം തിരയുന്നു. ഇതുവരെ അത് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും മാധവന്റെ ആത്മാവിന് 1000 പൂര്‍ണചന്ദ്രനെ കാണാന്‍ സാധിച്ചു.
തന്റെ നാട് തന്നെ മറന്നതിന്റെ പരിഭവവും തന്റെ യുവത്വത്തില്‍ പൊലിഞ്ഞ സ്‌നേഹസ്വപ്നങ്ങളും മറി ആനിനോട് പങ്കിടുന്നതിനും മറി ആനിനെ വെള്ളിയാങ്കല്ലിലേക്ക് മാധവന്‍ ക്ഷണിക്കുന്നതിനും കാരണമുണ്ട്.
ഫ്രഞ്ച് റിപ്പബ്ലിക്കിനുവേണ്ടി ജീവന്‍കൊടുത്തത് ‘മറി ആന്‍’ ആയിരുന്നു. അതുകൊണ്ടു തന്നെ ‘മറി ആന്‍’ ഫ്രഞ്ചുകാര്‍ക്ക് എല്ലാമായിത്തീര്‍ന്നു. മറി ആന്‍ ഫ്രഞ്ചുകാര്‍ക്ക് ഒരു പ്രതീകം മാത്രമല്ല, ജീവാത്മാവാണ്. അതുകൊണ്ടായിരിക്കാം മാധവന്‍ തനിക്കിപ്പോഴും അയിത്തം കല്‍പ്പിച്ച മയ്യഴിയില്‍നിന്നും മറി ആനിനെ തന്നോടൊപ്പം വെള്ളിയാങ്കല്ലിലേക്ക് ക്ഷണിക്കുന്നത്.
മറി ആന്‍ ആകട്ടെ വര്‍ഷങ്ങളായി, തനിക്കു രൂപം നല്‍കിയ ചിത്രകാരനെയും അതിനു പ്രചോദനമായ ഫ്രാന്‍സിലെ സ്ത്രീസമൂഹത്തെയും അവരുടെ വേണ്ടപ്പെട്ടവരെയും കാണാനുള്ള മോഹവുമായി തന്റെ ഇങ്ങ് മയ്യഴിയില്‍ തുടരുകയാണ്. തന്നെ ഏതെങ്കിലും ഫ്രഞ്ച് പരികര്‍മി വന്ന് ആവാഹിച്ച് ഫ്രാന്‍സിലേക്ക് എത്തിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഏകാന്തമായ കാത്തിരിപ്പ്.
ഫ്രഞ്ചുകാരാവട്ടെ, മയ്യഴിയുമായുള്ള ദീര്‍ഘകാല ബന്ധത്തിലൂടെ മറി ആന്‍ മലയാളം സ്വായത്തമാക്കിയിരിക്കും എന്ന് കരുതി ഫ്രഞ്ചറിയാവുന്ന ഒരു പരികര്‍മിയെയും മറി ആനിന്റെ ആത്മാവിനെ ആവാഹിച്ചെടുക്കാന്‍ മയ്യഴിയിലേക്കു അയച്ചതും ഇല്ല. മറി ആനാകട്ടെ ഇതുവരെ മലയാളം വശത്താക്കാന്‍ ശ്രമിച്ചിട്ടുമില്ല. അല്ലെങ്കിലും മിക്ക ഫ്രഞ്ചുകാരും ഫ്രഞ്ച് അല്ലാതെ മറ്റ് ഭാഷ വളരെ വിരളമായേ പഠിച്ചെടുക്കാറുള്ളുവെന്ന സത്യം മനസ്സിലാക്കിയ മാധവന്‍ വെള്ളിയാങ്കല്ലില്‍ നിന്നും വര്‍ഷത്തില്‍ രണ്ടോ മൂന്നോ തവണ പറന്ന് പാതാറിലെത്തുന്നു. മറി ആനിന്റെ പ്രതീക്ഷയ്ക്ക് അല്‍പ്പം ആശ്വാസം നല്‍കുവാന്‍ ഈ ഒത്തുചേരലിലൂടെ സാധിക്കുന്നുണ്ട്. എങ്കിലും ഇവര്‍ക്കിടയില്‍ ചില ആശയക്കുഴപ്പം ഒരു തുടര്‍ക്കഥയായി ഇന്നും നിലനില്‍ക്കുന്നുണ്ട് എന്നുവേണം കരുതാന്‍.
മയ്യഴിയിലെ പാതാറില്‍ ഒരുക്കിയ പുതിയ സ്ഥലത്ത് തന്നെ കാണാനെത്തുന്ന അതിഥികളെ സ്വീകരിച്ചുനില്‍ക്കുണ്ടെങ്കിലും അവര്‍ പറയുന്ന ഭാഷ മനസ്സിലാവുന്നില്ല. തികച്ചും ഭ്രാന്തുപിടിക്കുന്ന അവസ്ഥ.
ഇത് മനസിലാക്കിയാണ് മാധവനും മറി ആനിനോട് ഈ ഏകാന്തത അവസാനിപ്പിച്ച് വെള്ളിയാങ്കല്ലിലേക്കു പറക്കാം എന്ന് പലപ്പോഴായി പറയുന്നത്. ഇതിനുള്ള പേംവഴി ഒന്നുകില്‍ മറി ആന്‍ മാധവനോടൊപ്പം വെള്ളിയാങ്കല്ലിലേക്ക് പറക്കുക. അല്ലെങ്കില്‍ മയ്യഴിയിലെ ശേഷിക്കുന്ന ഫ്രഞ്ചുകാരോട് പറഞ്ഞ് മാധവനും സ്‌നേഹിത ജിസെല്‍ മൊളേറ്റിനും ‘മറി ആനി’ന്റെ അടുത്തായി ഒരു സ്ഥലം കണ്ടെത്തി സ്മാരകം പണിത് കുടിയിരുത്തുക. ഇതില്‍ ഏത് ഉടന്‍ പ്രാവര്‍ത്തികമാകും എന്ന് കാത്തിരിക്കുകയാണ് മയ്യഴിക്കാര്‍. അതെ അത് മാത്രമാണ് പരഹാരം.
എങ്കിലും പ്രതീക്ഷ വിടാതെ അല്‍പ്പം സ്വാര്‍ഥതയോടെ മാധവന്‍ മറി ആനിനോട് പലപ്പോഴായി മൊഴിഞ്ഞിട്ടുണ്ട്, സര്‍ക്കാരും മയ്യഴി ജനതയും എന്നെ മറന്നെങ്കിലും നമ്മുടെ രാജ്യം പോലും കാണാത്ത ചില ഫ്രഞ്ചുകാര്‍ വര്‍ഷത്തില്‍ നിന്റെ കാല്‍ച്ചുവട്ടില്‍ പുഷ്പ്പാര്‍ച്ചന നടത്തി പോവുമ്പോള്‍ അവരെ എന്റെ കാര്യമൊന്നു ഓര്‍മിപ്പിച്ചുകൂടെ എന്ന്. എന്നാല്‍ അത് കേള്‍ക്കാത്തപോലെ മറി ആന്‍ നില്‍ക്കും. ഇവരുടെ ഉള്ളിലുള്ള ഈ തേങ്ങലിന് വേഗം ഒരു പരിഹാരം കാണുമായിരിക്കും.
ഈ മൂന്നാത്മാക്കളും പരസ്പരം അവരവരുടെ മനോവ്യഥകളും പഴയകാല ഓര്‍മകളും ഓര്‍ത്ത് മയ്യഴി പാതാറിലെ ടാഗോര്‍പാര്‍ക്കില്‍ മറി ആനിന് അനുവദിച്ച സ്തൂപത്തിനു ചുറ്റും ഇരുന്നുകൊണ്ട് പരസ്പരം സംവദിക്കുന്നതായി സങ്കല്‍പ്പിച്ച് എഴുതിയതാണ്.
വരികള്‍ക്ക് ചേര്‍ച്ചക്കുറവും പൊരുത്തക്കേടുകളും ഉണ്ടാവാം, ക്ഷമിക്കുക…
ശ്രീ. മിച്ചിലോട്ടു മാധവന്‍ 108 വയസ്സ് പൂര്‍ത്തിയാക്കി 109 ലേക്ക് പ്രവേശിക്കാറായി. പക്ഷെ ഇതൊന്നും അറിയാതെ മയ്യഴി ഇന്നും ഉറങ്ങുന്നു, അല്ല ഉറക്കം നടിക്കുന്നു.
മയ്യഴിക്കാര്‍ക്കു അല്ലെങ്കിലും കുറച്ച് ഈഗോ കൂടുലായുണ്ടെന്ന് ചിലര്‍. ചിലരുടെമേല്‍ അപ്രഖ്യാപിത വിലക്കുണ്ടെന്നു മറ്റുചിലര്‍. അപ്രകാരം വല്ലതും ഉണ്ടോ, ഉണ്ടാകാന്‍ വഴിയില്ല. ഇല്ലെങ്കില്‍ പിന്നെ എന്തിനീ കാത്തിരിപ്പ്. ഈ കാത്തിരിപ്പ് ഇനിയും എത്രനാള്‍ നീളുമെന്ന ചോദ്യം വായനക്കാര്‍ക്ക് നല്‍കി തുടങ്ങട്ടെ…
നേരമില്ലൊന്നിനും, എന്നോര്‍ത്ത്
നേരം കളഞ്ഞിരിക്കുന്നേരം…
നേര്‍ത്തോര്‍മകളെ കത്തിജ്ജ്വലിപ്പിച്ച്
അഗ്‌നിനാളമായി
ഓര്‍മകളെ വാനില്‍ ഉയര്‍ത്തിയനേരം,
ചാരത്തു ഞാന്‍ വന്നതറിയാതെ
നീ അസ്തമയസൂര്യനെ നോക്കി
വിതുമ്പിക്കൊണ്ടിങ്ങനെ-
യിരിക്കാന്‍ തുടങ്ങിയിട്ടേറെ നാളായല്ലോ?
‘മറി ആന്‍’. നീ അറിയാതെ പോയതും
പറയാതെ പോയതും
ഓരോന്നായി മനനം ചെയ്തുടക്കുന്നേരം
അറിയാതെ, നിന്‍ ചുടു നെടുവീര്‍പ്പ്
പാതാറിന്‍തീരത്തു മാറ്റൊലിയായതും
നിന്റെ ഇടനെഞ്ചില്‍ തുടിക്കുന്ന ഹൃദയത്തിന്‍ സ്പന്ദനം
തിരമാലയായി തീരത്തണയുന്നതും
തെന്നിമാറി പോവുന്നതും കാണാമെനിക്ക്.
നിന്നിലെ ഓര്‍മകള്‍
ഓര്‍ത്തെടുക്കാനൊരു പാഴ്ശ്രമം
നീ നടത്തും വേളയില്‍,.
വിഷാദം കണ്ണുനീരായി,
ഒഴുക്കിയ പാടുകള്‍ തീര്‍ത്ത കവിളില്‍ത്തലോടിക്കൊണ്ടു
നീ തീരത്തെ തിരമാലകള്‍ തീര്‍ത്ത പാടുകള്‍
നോക്കുന്നതും ഞാന്‍ കണ്ടു.
ആരെയോ പ്രതീക്ഷിച്ച് കടലിനെ നോക്കിയിരിക്കുന്നേരം-
അങ്ങ് വെള്ളിയാങ്കല്ലിലെ കാറ്റിനോടൊപ്പം
കൂട്ടമായി പറന്നെത്തിയ തുമ്പികള്‍
നിന്‍ ശിരസ്സിന്‍ മുകളില്‍
വട്ടമിട്ടു പറക്കുന്നതും ഓര്‍ക്കാതെ
നീ കൈവീശി അകറ്റിയ ആ ശലഭത്തിന്‍
മര്‍മരം കളിവീണ ശബ്ദമായി
കാതുകളെ അസ്വസ്ഥമാക്കുന്നതു-
നിന്‍ മുഖത്തു വ്യക്തമായി തെളിയുന്നതും
ഞാനറിയുന്നു ‘മറി ആന്‍’.
നിന്നെ കണ്ടിട്ട് ഏറെ നാളായെങ്കിലും
കണ്ടനേരം മൗനമായി ഒരു നിമിഷം…
പിന്നെ മൗനം വാചാലമായതും കണ്ടുമറഞ്ഞതും
കാണാമറയത്തുള്ളതും
കാണാന്‍ ബാക്കിയാക്കിയ ഈ ജീവിതം-
വന്നുപോയതും വരാനിരിക്കുന്നതുമായ ഓര്‍മകളെ
മറവിയാം തടവറ ഭേദിച്ചു നീ
പുറത്തേക്കൊഴുക്കിക്കളയുമ്പോഴും…
ഇവിടെ ജീവിക്കുന്നവരുടെ നേര്‍ക്കാഴ്ച്ചകള്‍,
കണ്ടാസ്വദിക്കാനാകില്ലെന്ന സത്യം,
ഞാന്‍ തിരിച്ചറിയുന്നുണ്ടെങ്കിലും
വിശ്വാസത്തിന്‍ അടുപ്പവും ബഹുമാനത്തിന്‍ അകലവുമായി
ജീവിതത്തില്‍ നല്ല ബന്ധങ്ങളെ മാത്രം
നിലനിര്‍ത്താനായി നീ ശ്രമിക്കുമ്പോഴും,
വിരഹയായി ഈ മലയാളക്കരയില്‍
കഴിയേണ്ടവളല്ലെന്നു തിരിച്ചറിയുന്നു.
ഓര്‍ക്കുക? കുറവുകള്‍ ഇല്ലാത്ത
ആരും തന്നെയില്ല ഈ ഭൂവില്‍;
എല്ലാം തികഞ്ഞ മനുഷ്യരെ സൃഷ്ടിച്ചിട്ടുമില്ലെന്നത്…
എതിര്‍പ്പുകളും എതിരാളികളും
ഒരിക്കലും കാണാത്ത കാഴ്ചകളും!
കേട്ടതും കേള്‍ക്കാനിരിക്കുന്നതും,
ഏകയായ നിന്നെ ഏറെ
വേദനിപ്പിക്കുന്നുണ്ടെന്നറിയുന്നു ഞാന്‍ എപ്പോഴും.
വിജയ പരാജയങ്ങള്‍ ഇടകലര്‍ത്തി…
വിജയങ്ങള്‍ ആസ്വദിക്കാന്‍ ഉള്ളതും
പരാജയങ്ങള്‍ പഠിക്കാന്‍ ഉള്ളതും
എന്ന് തിരിച്ചറിവിലൂടെ നേടിയ. ബന്ധങ്ങള്‍
തുടങ്ങാന്‍ കാരണം ഏറെ കണ്ടെത്തുന്നവര്‍?
അതൊഴിവാക്കാനും
കണ്ടെത്തും കാരണങ്ങള്‍ ഏറെ?
സ്‌നേഹിച്ച മനസ്സുകള്‍ അകലുവാന്‍
നിത്യവും കാരണങ്ങള്‍ കണ്ടെത്തി
ബദ്ധശത്രുതയില്‍ പരസ്പരം
വാക്ക്‌പ്പോരടിച്ചും വെട്ടിയും കുത്തിയും
കലി തീര്‍ക്കുമ്പോഴും നിസ്സഹായയായി
നീ നോക്കി നെടുവീര്‍പ്പിടുന്നതും
കണ്ടു രസിക്കും ചിലര്‍.
നല്‍കലിന്റെയും നഷ്ടപ്പെടുത്തലിന്റെയും,
നേട്ടവും കോട്ടവും തിരിച്ചറിയാതെ,
എല്ലാം വാരിക്കൂട്ടുന്നതിന്റെ തിരക്കില്‍,
ചിലര്‍ സമ്മാനിക്കുന്നത് പുഞ്ചിരിയാകാം,
നോട്ടമാകാം, സാന്ത്വനസ്പര്‍ശനവുമാകാം?
എങ്കിലും അതിന്റെ മാസ്മരീകശക്തി
ഏറെ അനുഭവിച്ചവളാണ് നീ എന്നറിയുന്നു.
കണ്ടറിഞ്ഞ് കൂടെനിന്നവര്‍ക്കേ
മനുഷ്യ ഹൃദയത്തില്‍ ഇടം നല്‍കൂ
എന്ന് നിനയ്ക്കുമ്പോഴും? ഓര്‍ത്തിടേണം
ബന്ധങ്ങളെല്ലാം കണ്ണാടിപോലെയെന്നത്.
എങ്കിലും മറ്റുള്ളോരുടെ ഹൃദയങ്ങളിലും പ്രാര്‍ഥനകളിലും
ഇടം കണ്ടെത്തണമെങ്കില്‍
എത്ര സുകൃതം ചെയ്തവളായിരിക്കണം
‘മറി ആന്‍’ നീ.
നേട്ടങ്ങള്‍ മാത്രമല്ല നഷ്ടങ്ങളെയും
കണക്കിലെടുത്താവണം ജീവിതം.
തീര്‍ത്ത ഓരോ മുറിപ്പാടുകളും,
ഇന്നലെകളുടെ ഓര്‍മകളെ ചേര്‍ത്തുപിടിച്ചുകൊണ്ട്
എന്റെ ഹൃദയമാം മഷിക്കുപ്പിയില്‍
കുത്തി എഴുതിയ ചില കുത്തിക്കുറിക്കലുകളിലൂന്നിയ
പ്രപഞ്ച സത്യം തിരിച്ചറിയാത്തവര്‍
ഭൂമിക്കെന്നും ഭാരമായി മാറും
എന്നോതി നിര്‍ത്തുമ്പോഴും …
ഓര്‍ത്തുപോയി അറിയാതെ
എന്റെ ജന്മനാട്ടില്‍ ഞാന്‍ ഇന്നും അന്ന്യനെന്നു.
ഓര്‍ക്കുമ്പോഴും ഒന്നറിയാം?
എന്റെ നാട് നിന്നെ ഏറെ സ്‌നേഹിക്കുന്നുവെന്ന്!
എന്നിട്ടും എന്തിനിങ്ങനെ അകലങ്ങളില്‍ നോക്കി
ഗദ്ഗദംപൂണ്ടിരിക്കുന്നു എപ്പോഴും, നീ
നിറപുഞ്ചിരിയുമായി ഇരിക്കാന്‍ തുടങ്ങിയിട്ട് ഏറെക്കാലമായില്ലേ?
ഇനിയും എത്ര നാള്‍ നീ ഇരിക്കുമിങ്ങിനെ.
മാറ്റത്തിനായി ഒരു മാത്രയെങ്കിലും നിനച്ചു കൂടെ
എന്ന വ്യര്‍ഥമാം ചോദ്യവുമായി
നിര്‍ത്തുന്നെന്‍ വരികള്‍ മറി ആന്‍….
പ്രിയ… മറി ആന്‍ പറക്കാം, നമുക്ക് അല്ലലില്ലാത്ത
അലച്ചിലില്ലാത്ത കാപട്യമില്ലാത്ത
വെള്ളിയാങ്കല്ലിലേക്കു,
പറക്കാം നമുക്ക്..
മഠത്തില്‍ ബാബു ജയപ്രകാശ്.