ആസ്സസ് ഇന്റര്‍നാഷണല്‍

കഴുത ക്ലബ്ബിന്റെ ഓര്‍മപുതുക്കല്‍

ആസ്സസ് ഇന്റര്‍നാഷണല്‍
Jul 16 2021
ചുവന്ന കടുക്കനിട്ട മയ്യഴി കഥപറയുമ്പോള്‍                                    Reading Time Set 16 Minutes Maximum

മയ്യഴിയില്‍ ( 1983 -ലാണെന്ന് തോന്നുന്നു) രൂപംകൊണ്ട ഒരു കഴുത ക്ലബ്ബിന്റെ ഓര്‍മപുതുക്കല്‍

… രാവിലെ എന്റെ വൈന്‍ഷാപ്പില്‍ ഇരിക്കുമ്പോള്‍, ഒരു സുഹൃത്ത് ബിസിനസ് ആവശ്യവുമായി സമീപിച്ചു.  നമുക്ക് വൈകുന്നേരം കാണാം എന്നുപറഞ്ഞ് യാത്രപറയുമ്പോള്‍, സംശയത്തോടെ ചോദിച്ചു; എന്താ വിശേഷിച്ച്, വൈകുന്നേരം എന്തെങ്കിലും പരിപാടിയുണ്ടോ?  

നിങ്ങള്‍ക്കറിയില്ലേ,  ഇന്ന് വൈകുന്നേരം ജേസീസ് മീറ്റിങ് ഉണ്ട.് വരുമല്ലോ?

പെട്ടെന്ന് എന്താണെന്നു മനസ്സിലാവാത്തതിനാല്‍, വീണ്ടും ചോദിച്ചു; എന്ത് ജേസീസ് മീറ്റിങ്? എന്താണ് അത്?
 അദ്ദേഹം മറുപടി പറഞ്ഞു; ‘ജേസീസ്’ ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ പുതിയ ചാപ്റ്റര്‍ മാഹിയില്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി ഒരനൗദ്യോഗിക മീറ്റിങ് നടത്തുന്നുണ്ട്, ഇന്ന് ഞങ്ങള്‍.

ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു; എനിക്ക് അതിനെക്കുറിച്ച് ഒന്നുമറിയില്ല..

സുഹൃത്ത് പോയതിനുശേഷം ഞാന്‍ എന്റെ മറ്റു രണ്ടുമൂന്നു സുഹൃത്തുക്കളോട് ചോദിച്ചു. അവര്‍ക്കു ഇതിനെ പറ്റി വല്ല വിവരവും ലഭിച്ചുവോ? അവര്‍ക്കൊര്‍ക്കും ഇതിനെക്കുറിച്ച് അറിയില്ലെന്ന് മറുപടി.  ദിവസവും വൈകുന്നേരം ഞങ്ങള്‍ സ്ഥിരമായി കൂടുന്ന സുഹൃത്തുക്കളോട്  ഇതിനെ പറ്റി കൂടുതല്‍ അന്വേഷിച്ചപ്പോള്‍, ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു.

ജേസീസിന്റെ മാഹി ചാപ്റ്റര്‍ രൂപീകരിച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു എന്നൊക്കെ. സ്ഥിരംകാണുന്നവരും ഒത്തുകൂടുന്നവരും സുഹൃത്തുക്കളുമൊക്കെതന്നെയായിരുന്നു ഇതിന്റെ അമരത്തൊക്കെ. എന്തുകൊണ്ട് ഇവര്‍ ഞങ്ങളെില്‍നിന്ന് മറച്ചുവെച്ചു എന്നത് ഇന്നും അജ്ഞാതം!

അംഗങ്ങളൊക്കെകൂടി ഉദ്ഘാടനച്ചടങ്ങ് നടത്തുന്നതിന് തീയതി നിശ്ചയിച്ചു. അവര്‍ ഉദ്ഘാടന പരിപാടിയുമായി മുന്‍പോട്ടുപോകുമ്പോള്‍, ഞങ്ങളില്‍ ചിലര്‍ ഒത്തുകൂടി ഒരു തീരുമാനത്തിലെത്തി. ജേസീസ് ഉദ്ഘാടനം ചെയ്യുന്ന ദിവസംതന്നെ എന്തെങ്കിലും ഒരു പരിപാടി സംഘടിപ്പിക്കണം.  ഒഴിവാക്കപ്പെട്ട നമ്മുടെ കൂട്ടുകാരെല്ലാം അതിന് സമ്മതംമൂളുകയും ചെയ്തു.
പിന്നെ അടുത്ത ചോദ്യം എങ്ങനെ?  കാരണം ജേസീസ് ഒരു അന്തര്‍ദേശീയ അംഗീകാരമുള്ള ഓര്‍ഗനൈസേഷനാണ്. അതുകൊണ്ട് നമ്മുടെ പ്രവര്‍ത്തനത്തെക്കുറിച്ച് വളരെയധികം ശ്രദ്ധാലുവായിരിക്കണം. അന്നത്തെ ദിവസം നടത്തുന്ന പരിപാടിക്ക് ജനശ്രദ്ധ കിട്ടണമെങ്കില്‍ എന്തെങ്കിലും ഒരു പുതുമയുണ്ടായിരിക്കണം. അല്ലെങ്കില്‍ ജേസീസിന്റെ പരിപാടിയുള്ളതുകൊണ്ട് ചിലപ്പോള്‍ നമ്മുടെ പരിപാടി ശ്രദ്ധിക്കപ്പെടാതെ പോകും. പ്രോഗ്രാമില്‍ കൂടുതല്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കുക എന്നതാണ് ലക്ഷ്യം. ഞാനൊരു നിര്‍ദേശം വെച്ചു.

എന്തുകൊണ്ട് നമുക്കും പ്രതീകാത്മകമായി ഒര് ഒരു ക്ലബ് ആരംഭിച്ചുകൂടാ! കൂടെ ഒരു പേരും നിര്‍ദേശിച്ചു ‘ആസ്സസ് ഇന്റര്‍നാഷണല്‍’.

എല്ലാവരും ചിരിച്ചു. അതെ അതാണ് ഏക പോംവഴി എന്ന് എന്റെ ആവര്‍ത്തിച്ചുള്ള മറുപടി.

വര്‍ഷങ്ങള്‍ക്ക് മുമ്പ്, കോഴിക്കോട് ചില യുവാക്കള്‍, സംഘടിപ്പിച്ച പ്രോഗ്രാമിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ ന്യൂസ് പേപ്പറില്‍ വായിച്ചതായി എന്റെ ഓര്‍മയില്‍ ഉണ്ടായിരുന്നു. വാര്‍ത്ത രസകരമായി വിശദീകരിച്ചപ്പോള്‍  ഒത്തുകൂടിയ സുഹൃത്തുക്കള്‍ക്കും പരിപാടി സ്വീകാര്യമായി.

നല്ല ആശയം; എല്ലാവരും സമ്മതിച്ചു.  പരിപാടിയുടെ വിജയത്തിനായി സമാനമായ ചിന്താഗതിയുള്ള കൂടുതല്‍ പേരില്‍ എത്തിക്കുക എന്ന തീരുമാനവുമായി ഞങ്ങളുടെ അടുത്ത സുഹൃത്തുക്കളെയെല്ലാം അറിയിക്കുകയും പരിപാടി എങ്ങനെ മുന്‍പോട്ടു കൊണ്ട് പോകണമെന്ന് വിശദമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.

ആദ്യ ഒത്തുചേരല്‍ ‘ഗ്രീന്‍ ടൂറിസ്റ്റ് ഹോമില്‍.’ മയ്യഴിയിലെ പല പമുഖരും ആദ്യ മീറ്റിങ്ങില്‍ തന്നെ ഉണ്ടായിരുന്നു. പേരുകള്‍ എടുത്തുപറയുന്നില്ല. ടൂറിസ്റ്റ് ഹോമിന്റെ പേര് പോലെ തന്നെ എന്നും പച്ചപിടിച്ച ഓര്‍മകളായി മാറി അന്നത്തെ ആ പരിപാടി എന്നതായിരുന്നു സത്യം.

ക്ലബ്ബ് രൂപീകരണത്തിന് മുന്നോടിയായി, കോഴിക്കോട് പരിപാടി നടത്തിയ ക്ലബ്ബിന്റെ ഭാരവാഹികളെ കാണാനായി ഞാനും ഈയിടെ അന്തരിച്ച ജയപ്രകാശും കൂടി കോഴിക്കോട്ടെ ക്ലബ്ബിന്റെ അമരക്കാരനായ  പ്രശസ്ത അഭിഭാഷകനെ പോയി കണ്ടു.  കാര്യങ്ങള്‍ അവതരിപ്പിച്ചപ്പോള്‍; അദ്ദേഹം ചിരിച്ചുകൊണ്ട് വിശദീകരിച്ചു. അന്ന് അത് ചെറിയ ഒത്തുചേരല്‍ മാത്രമായിരുന്നുവെങ്കിലും, വളരെ കളര്‍ഫുള്‍ പരിപാടിയായിരുന്നു. ധാരാളം ആളുകള്‍ പ്രോഗ്രാം ആസ്വദിച്ചു എന്നൊക്കെ.

കഴുത ക്ലബ്ബിന് കഴുത വേണ്ടേ? സ്വാഭാവിക സംശയം. എവിടന്നാണ് കഴുതയെ സംഘടിപ്പിച്ചത്? അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു; കഴുതയെ  പ്രതീകാത്മകമായി കണ്ട് പ്ലാസ്റ്റര്‍ഓഫ് പാരീസില്‍ കഴുതത്തല മാത്രം ഉണ്ടാക്കി പരിപാടി നടത്തുകയായിരുന്നു എന്ന്.

വിവരങ്ങള്‍ എല്ലാം ശ്രദ്ധിച്ചു മനസ്സിലാക്കിയതിനു ശേഷം, ഞങ്ങള്‍ വീണ്ടും ഗ്രീന്‍ ടൂറിസ്റ്റ് ഹോമിന്റെ ടെറസില്‍ ഒത്തുകൂടി. അന്നത്തെ ഒത്തുചേരലിനു കൂടുതല്‍ ആളുകളെ പ്രതീക്ഷിച്ചിരുന്നു. അതായിരുന്നു ടെറസില്‍ ഒത്തുകൂടാന്‍ തീരുമാനിച്ചത.് ശ്രീ. ചന്ദ്രദാസ് അതിന്റെ മാനേജരായതുകൊണ്ട് കൂടുതല്‍ ബുദ്ധിമുട്ടേണ്ടി വന്നില്ല.

ഭാരവാഹികളെ തിരഞ്ഞെടുത്തു; പ്രസിഡന്റായി ഞാന്‍. സെക്രട്ടറി ശ്രീ. ശ്യാം. കാഷ്യര്‍ ഫോട്ടോഗ്രാഫര്‍ സുരേഷ്. എക്‌സിക്യൂട്ടീവ് അംഗങ്ങളെയും തിഞ്ഞെടുത്തു.  ഞങ്ങളുടെ പ്രോഗ്രാം, അന്നത്തെ തീരുമാനമനുസരിച്ച് ജേസീസ് ഇന്റര്‍നാഷണലിന്റെ ഉദ്ഘാടനദിവസം ‘ആസ്സസ് ഇന്റര്‍നാഷണ’ലിന്റെയും ഉദ്ഘാടനം നടത്തുക. ഒപ്പം ഒരു ഘോഷയാത്രയും സംഘടിപ്പിച്ചക്കുക. അതില്‍ ഒതുക്കാനുള്ള തീരുമാനത്തിലെത്തി. കൂട്ടത്തിലുള്ള യതീന്ദ്രന്‍ ചോദിച്ചു; കഴുതയെ എവിടെനിന്ന് ലഭിക്കും?

പിന്നെ അതിനെ പറ്റി  വിശദമായ ചര്‍ച്ചയായി. ആര്‍ട്ടിസ്റ്റ് പപ്പന്‍ (അക്വിലാ) അദ്ദേഹം, അത് പ്ലാസ്റ്റര്‍ ഓഫ് പാരീസ് മെറ്റീരിയലില്‍ നിര്‍മിക്കാമെന്ന് പറഞ്ഞു.

പറ്റില്ല, ജീവനുള്ള കഴുതയെത്തന്നെ വേണമെന്നാണ് എന്റെ അഭിപ്രായം.

പിന്നെ എല്ലാവരുടെയും സംശയം അത് സാധ്യമാണോ? കാരണം ഞങ്ങളുടെ പ്രദേശത്ത് കഴുത ലഭ്യമല്ല. ഒരു കഴുതയെ കിട്ടണമെങ്കില്‍ പാലക്കാട് അല്ലെങ്കില്‍ കോയമ്പത്തൂര്‍ അതുമല്ലെങ്കില്‍ അടുത്തുള്ള തമിഴ്നാട് അതിത്തിജില്ലയിലേക്ക് പോകണം.

ഉടന്‍  സുഹൃത്ത് യതീന്ദ്രന്‍ പറഞ്ഞു; അദ്ദേഹത്തിന് പരിചയമുള്ള ആരോ പാലക്കാട്ടുണ്ട്. ചോദിച്ചാല്‍ ഒരു പക്ഷെ കിട്ടുമായിരിക്കും. ഉടന്‍ യതീന്ദ്രനും ജയപ്രകാശും പാലക്കാട്ടേക്ക് യാത്രയായി.

പാലക്കാട്ടുനിന്ന്  യതീന്ദ്രന്‍ എന്നെ ഫോണ്‍ ചെയ്തിട്ട് അറിയിച്ചു; കഴുതയെ കിട്ടും. എന്നാല്‍ 1250 രൂപ ചോദിക്കുന്നു. വിലപേശാന്‍ പറഞ്ഞു. ഒടുവില്‍ 750 രൂപയ്ക്ക് വില ഉറപ്പിച്ച് അഡ്വാന്‍സ് നല്‍കി.  പരിപാടിയുടെ രണ്ടു ദിവസം മുന്‍പ് വന്നു കഴുതയെ കൊണ്ടുപോയിക്കൊള്ളാം എന്ന് ഉടമയ്ക്ക് നല്‍കിയ ഉറപ്പില്‍ അവര്‍ തിരിച്ചുവന്നു.

ചടങ്ങിന് രണ്ടുദിവസം മുമ്പ് യതീന്ദ്രനും ജയപ്രകാശും കഴുതയെ കൊണ്ടുവരാന്‍ വേണ്ടി പാലക്കാട്ടേക്ക് യാത്രയായി. ഏകദേശം വണ്ടിവാടക 500 രൂപയായി കഴുതയെ മാഹിയിലെത്തിക്കാന്‍.

ഞങ്ങളുടെ എല്ലാ നീക്കങ്ങളും പരസ്യമാണെങ്കിലും ചില നീക്കങ്ങള്‍ക്ക് സ്വകാര്യത നിലനിര്‍ത്തിയിരുന്നു. അത് പ്രകാരം കഴുതയെ കൊണ്ടുവന്ന് മാഹി റെയില്‍വേ സ്റ്റേഷനടുത്തുള്ള ഒരു പരിചയക്കാരന്റെ വീട്ടില്‍ കെട്ടിയിട്ടു. ജീവനുള്ള കഴുതയെ പരിപാടിയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം പരിപാടി നടത്തുന്നതുവരെ പലര്‍ക്കും അറിയില്ലായിരുന്നു.

ഏകദേശം പരിപാടിയുടെ രൂപം ഓര്‍മയിലുള്ളത് ഇങ്ങനെ:

ആനക്കുടയുമായി രണ്ടുപേര്‍ മുന്‍നിരയില്‍.  തുടര്‍ന്ന് രണ്ടുവരികളിലായി കേരളത്തനിമയില്‍ പുഷ്പത്തോടുകൂടിയ താലപ്പൊലിമായി 20 ഓളം പെണ്‍കുട്ടികള്‍. മാത്രമല്ല ഘോഷയാത്രയില്‍ വിവിധ കലാപരിപാടികളും ഉള്‍പ്പെടുത്തിയിയിരുന്നു

* തെയ്യം (പൂക്കുട്ടിച്ചാത്തനാണെന്നാണ് ഓര്‍മ) , ഭജന, ചെണ്ടമേളം, അറബനമുട്ട്,  കോല്‍ക്കളി  മുതലായവ കലാരൂപങ്ങള്‍ വേറെയും. ഒടുവിലായി വിവിധ വര്‍ണങ്ങളിലുള്ള വൈദുതിദീപവും, പുഷ്പമാലയും  പുഷ്പകിരീടവും അണിയിച്ച്, പട്ടു പുതപ്പിച്ച്  ദീപാലംകൃതമാക്കിയ തുറന്ന വാഹനത്തില്‍  കഴുത മഹാരാജാവും!

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്നും ഘോഷയാത്ര ആരംഭിക്കുന്ന വിവരം അനൗണ്‍സ് ചെയ്യുന്ന വാഹനം ഏറ്റവും മുന്‍പില്‍.  അനൗണ്‍സ് ചെയ്യുന്നത് സി.എച്ച്. ഗംഗേട്ടനും ചന്ദ്രദാസും.

ഘോഷയാത്ര പോകാന്‍ തിരഞ്ഞെടുത്ത വഴി; റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്ന് തടക്കം. അത്രുത്തി, ചൂടിക്കൊട്ട, പൂഴിത്തല, മാഹി ചര്‍ച്ച്, പോലീസ് സ്റ്റേഷന്‍  റോഡ്, മാഹി പാലം, പഴയ പോസ്റ്റ് ഓഫീസ് വഴി പള്ളി മൈതാനിയില്‍ സമാപനം. പിന്നെ സമ്മേളനം. ഇതായിരുന്നു പ്ലാന്‍.

വാര്‍ത്തകള്‍ കേട്ട് ജനങ്ങള്‍ ആകാംക്ഷയോടെ മയ്യഴിയുടെ വീഥികളില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു; എന്താണ് സംഭവം എന്നറിയാന്‍.

കഴുത മഹാരാജാവിന്റെ മാഹാത്മ്യത്തെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള അറിയിപ്പ്, ചന്ദ്രദാസും അന്തരിച്ച സി.എച്ച.് ഗംഗാധരന്‍ മാസ്റ്ററും മൈക്കിലൂടെ വിളിച്ചുപറഞ്ഞ് ഘോഷയാത്രയുടെ മുന്‍പില്‍. ബസുകള്‍, ലോറികള്‍, കാറുകളില്‍ എന്നിവയിലെ യാത്രക്കാരെല്ലാം അനൗണ്‍സ്മെന്റ് കേട്ട് എന്താണെന്നറിയാന്‍ യാത്രകള്‍ നിറുത്തി, ഘോഷയാത്ര കടന്നുവരുന്നതും കാത്തുനില്‍ക്കുന്നു.

അക്കാലത്ത് ട്രാഫിക് ജാം പൊതുവെ കണ്ടുവരാറുള്ളത് പള്ളി പെരുന്നാളിന് മാത്രമായിരുന്നു, അങ്ങനെയുള്ള ദിവസങ്ങളില്‍ മാത്രമായിരുന്നു വാഹനങ്ങള്‍ വഴിതിരിച്ചുവിടാറുള്ളത്. ഘോഷയാത്ര കാണാനായി വാഹനങ്ങള്‍ നിറുത്തിയിട്ടത് കാരണം ട്രാഫിക് ജാമാവുകയും വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടതും ഇന്നും ഓര്‍ക്കുന്നു.

എല്ലാവരും ഘോഷയാത്ര കാണാന്‍  സ്വമേധയാ വാഹനം നിറുത്തിയതിനാല്‍ ഗതാഗതം തടസ്സപ്പെടുന്നുണ്ടെങ്കിലും എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് പോവാനുള്ള സൗകര്യമുണ്ടായിരുന്നു. യാത്രക്കാര്‍ താത്പര്യത്തോടുകൂടി വീക്ഷിച്ചതിനാല്‍  ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല…

ഘോഷയാത്ര കടന്നുപോകുന്ന ഇരു വഴികളിലുമുള്ള വീടുകളില്‍ മെഴുകുതിരി തെളിച്ചും കഴുത മഹാരാജാവിനു താലത്തില്‍ പഴങ്ങളും മാലയും നല്‍കി സ്വീകരിച്ചതും അത്ഭുതക്കാഴ്ചയായിരുന്നു. ചിലര്‍ ദീപം കൊണ്ട് ആരാധിക്കുന്നതും വേറിട്ട അനുഭവമായിരുന്നു.

ഇവരില്‍ പലരും ഘോഷയാത്രയുടെ ഭാഗമാവുകയും ചെയ്തു. വഴിനീളെ ആദരം ഏറ്റുവാങ്ങികൊണ്ട് കഴുത മഹാരാജാവ് ഒടുവില്‍ മാഹി പാലത്തിന് സമീപം എത്തുമ്പോള്‍ ജേസീസ് ഭാരവാഹികളും പാലത്തിനടുത്തുണ്ടായിരുന്നു. അവരും ഞങ്ങളെ സ്വാഗതം ചെയ്തു.

ഒരു വിവാഹച്ചടങ്ങ് ഉണ്ടായിരുന്നു, തൊട്ടടുത്തുള്ള ഒരു വീട്ടില്‍. തലശ്ശേരിയില്‍നിന്നും വരേണ്ട പുതിയാപ്ലയെ കാത്ത് വധുവിന്റെ ആള്‍ക്കാരുണ്ടായിരന്നു. സെറിമോണിയല്‍ യൂണിഫോമും ധരിച്ച് ബോന്‍ഡ് മേളക്കാര്‍ വരനെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു .

അവിചാരിതമായി ഇതുവരെ കാണാത്ത വേറിട്ട ഘോഷയാത്ര കണ്ടപ്പോള്‍ അവര്‍ നല്ല താളമേളത്തോടെ കഴുത മഹാരാജാവിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയതും ഓര്‍ത്തെടുക്കുന്നു.

ഇതിനിടയില്‍ ഒരു പ്രധാന കാര്യം പറയാന്‍ മറന്നു. മയ്യഴിയുടെ ഡോക്യുമെന്ററി എടുക്കാന്‍ പാരീസില്‍നിന്ന് (France)  ഒരു യൂണിറ്റ് മയ്യഴിയില്‍ വന്നിരുന്നു. ഞങ്ങളുടെ പ്രോഗ്രാം അറിഞ്ഞ് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് അവര്‍ ക്യാമറയുമായി വന്നിരുന്നു. ഘോഷയാത്രയുടെ ഒരുക്കങ്ങളൊക്കെ കണ്ട് അവര്‍ അവരുടെ മുഴുവന്‍ സന്നാഹങ്ങളുമായി നമ്മുടെ ഘോഷയാത്രയോടൊപ്പം യാത്രചെയ്ത് ഫിലിമില്‍ പകര്‍ത്തുന്നുണ്ടായിരുന്നു.  ഒടുവില്‍ ഘോഷയാത്ര പള്ളി മൈതാനിയില്‍ എത്തി.

പട്ടുവസ്ത്രവും തലയില്‍ പുഷ്പകിരീടവും കഴുത്തില്‍ മലയുമണിഞ്ഞ് വളരെ ക്ഷമയോടെ കഴുത ഞങ്ങളുടെ അടുത്തുതന്നെ ഉണ്ടായിരുന്നു.

എന്റെ സുഹൃത്ത് ശ്യാം എല്ലാവരെയും സ്വാഗതം ചെയ്തു.  അടുത്തതായി എന്റെ അദ്ധ്യക്ഷ പ്രസംഗം. കഴുതയുടെ മഹത്ത്വത്തെപറ്റി, അതിന്റെ ക്ഷമയെ പറ്റി, ജോണ്‍ എബ്രഹാം എടുത്ത സിനിമയെപറ്റി, കഴുതയെ തിരഞ്ഞെടുപ്പ് ചിന്നമാക്കിയതിനെ പറ്റി, കഴുതയുടെ ഫാം നടത്തി കഴുതപ്പാല്‍ എടുക്കുന്നതിനെ പറ്റി… ഒക്കെ പ്രശംസിച്ചു സംസാരിച്ചു,

തുടര്‍ന്ന് ഞങ്ങളുടെ സെക്രട്ടറി ശ്യാം കഴുത മഹാരാജാവിനു മംഗളപത്രം വായിച്ചുകേള്‍പ്പിച്ചു.

പരിപാടിയില്‍ പങ്കെടുക്കാനെത്തിയ  ആസ്സസ് ഇന്റര്‍നാഷണലിന്റെ കോഴിക്കോട് ചാപ്റ്റര്‍ ഭാരവാഹികളെ കൂടാതെ മറ്റുചിലരുടെയും പ്രസംഗം.

എല്ലാ പ്രമുഖ  പത്രമാധ്യമങ്ങളും ചിത്രം സഹിതം പത്രങ്ങളുടെ മുന്‍ പേജില്‍ തന്നെ വാര്‍ത്ത നല്‍കി എന്നത് എടുത്തു പറയേണ്ട കാര്യമായിരുന്നു.

പരിപാടി വര്‍ണാാഭമായതായിരുന്നു. പരിപാടിക്ക് ശേഷം, അവിടെ എത്തിച്ചേര്‍ന്നവര്‍ക്കൊക്കെ കഞ്ഞിയും കപ്പപ്പുഴുക്കും നല്‍കി. കഞ്ഞി കുടിക്കാന്‍ വാഴയില കുമ്പിള്‍കുത്തി, അത് നിലത്തുനിര്‍ത്താന്‍ വാഴത്തടകൊണ്ടു ചെറിയ വട്ടമുണ്ടാക്കി അതില്‍ വാഴയിലക്കുമ്പിള്‍ നിര്‍ത്തി. അതിലായിരുന്നു കഞ്ഞി വിളമ്പിയിരുന്നത്. കഞ്ഞി കുടിക്കാന്‍ പ്ലാവില സ്പൂണും നല്‍കിയത് ഓര്‍ക്കുന്നു. വേറിട്ടൊരു പ്രോഗ്രാം. വേറിട്ടൊരു കാഴ്ചതന്നെയായിരുന്നു അന്നത്തേത്.  ഇത് പോലെ പുതുമനിറഞ്ഞ  ഒരു പ്രോഗ്രാം ഇന്നുവരെ മയ്യഴിയില്‍ ആരും സംഘടിപ്പിച്ചിട്ടുണ്ടാവില്ല; എന്റെ വിശ്വസമാണ്.

അടുത്ത ദിവസം ഞങ്ങളെ, ഫ്രഞ്ച് ടെലിവിഷന്‍ ടീം ക്ഷണിക്കുകയും അഭിമുഖം നടത്തുകയും, എന്തിനാണ് ഇത് ചെയ്തതെന്നും അതിന്റെ ഉദ്ദേശ്യമെന്തെന്ന്  ചോദിക്കുകയും അവയെല്ലാം റെക്കോഡ് ചെയ്തതും ഓര്‍മയിലുണ്ട്.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ഫ്രാന്‍സിലെ എന്റെ സുഹൃത്ത്, ചേനോത്ത് രാജീവില്‍നിന്ന് എനിക്ക് ഒരു ഫോണ്‍കോള്‍ ലഭിച്ചു, പ്രോഗ്രാം പൂര്‍ണമായും ഫ്രഞ്ച് ടി.വി. സംപ്രേഷപണം ചെയ്‌തെന്നുംഫ്രഞ്ച് ടി.വി.യില്‍ പരിപാടി ആരംഭം മുതല്‍ അവസാനം വരെ കാണിച്ചുവെന്നും പറഞ്ഞു. എന്നെയും ചന്ദ്രദാസിനെയും ജയപ്രകാശിനെയും ഫോട്ടോ സുരേഷിനെയും ഒക്കെ വ്യക്തമായി കാണുന്നുണ്ടായിരുന്നു എന്നും പറഞ്ഞു.

പരിപാടിയെ പറ്റി അദ്ദേഹത്തിന് ഒരറിവും അതുവരെ ഉണ്ടായിരുന്നില്ല. എന്നാല്‍ ടി.വി. പ്രോഗ്രാമില്‍ മയ്യഴിയെപ്പറ്റിയുള്ള ഡോക്യുമെന്ററി ആയതുകൊണ്ട് കാണുകയായിരുന്നു. ഈ ഘോഷയാത്രയും, നമ്മളെയും  കണ്ടപ്പോഴുണ്ടായ സന്തോഷത്തില്‍ വിളിക്കുകയായിുന്നു..

… പരിപാടി കഴിഞ്ഞ് ആളുകളൊക്കെ പിരിഞ്ഞുപോയി. പരിപാടിയുടെ ആവേശത്തില്‍ ശ്രദ്ധിക്കാതെ പോയ ഒരു കാര്യം, കഴുതയെ പിന്നീടുള്ള ദിവസങ്ങളില്‍ എന്ത് ചെയ്യും എന്നുള്ളതാണ്. ഒന്നാമതായി കഴുതയെ നാട്ടിലാര്‍ക്കും ആവശ്യമില്ലന്ന കാര്യം ഓര്‍മിച്ചില്ല. കഴുതയെ സൗജന്യമായി കിട്ടും എന്നറിഞ്ഞു വന്ന ഒരാള്‍ പറഞ്ഞു ഇത് വളരെ പ്രായമുള്ള കഴുതയാണ്; അതിനാല്‍ അയാള്‍ക്ക് വേണ്ടെന്ന്. ഒടുവില്‍ നമ്മളെല്ലാവരും കൂടി ചന്ദ്രദാസിനോട് അപേക്ഷിച്ചു,  പോംവഴി കാണുന്നതുവരെ തത്കാലം ദ്ദേഹത്തിന്റെ വീട്ടില്‍ കെട്ടിയിടാന്‍.

പിറ്റേന്ന് കാലത്തു ചന്ദ്രദാസ് വന്ന് അതിന്റെ രാത്രിയിലുള്ള കരച്ചില്‍ അസഹനീയമാണ്, ഉറങ്ങാന്‍ കഴിഞ്ഞില്ലെന്നും പറഞ്ഞു. ഞങ്ങള്‍ എല്ലാവരും ചിരിച്ചു..  പിന്നെ കഴുതയുടെ വാസം അവിടെ. കഴുത മാഹിയുടെ റെസിഡന്റായി!

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം കഴുത മരിച്ചു. അതേ ദിവസം തന്നെയായിരുന്നു കേരളത്തിലെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മരണവും. ഏകദേശം ഉച്ചയ്ക്ക് ഒരു മണി ആയിക്കാണും എന്നാണ് ഓര്‍മ.  രാഷ്ട്രീയ നേതാവിന്റെ മരണം  പലരും അറിഞ്ഞിട്ടില്ലായിരുന്നു. ഇന്നത്തെപ്പോലെ വാര്‍ത്താവിനയമങ്ങളൊന്നും അന്നുണ്ടായിരുന്നില്ലല്ലോ? എങ്കിലും വാര്‍ത്തകള്‍ അറിഞ്ഞവര്‍ ആദര സൂചകമായി മയ്യഴിയിലേ കടകളടച്ചു ഹര്‍ത്താല്‍ നടത്തി.

കഴുതയുടെ മരണവിവരം അറിഞ്ഞു ഞങ്ങളൊക്കെ ഒത്തുകൂടി കഴുതയെ കുളിപ്പിച്ച് പുതുപട്ടൊക്കെ പുതപ്പിച്ചു. കുറച്ചു പൂക്കള്‍കൊണ്ട് റീത്തുകളുണ്ടാക്കി. കൈവണ്ടിയില്‍ കിടത്തി മയ്യഴിയുടെ തെരുവിലൂടെ ചുറ്റി. വിലാപയാത്രക്ക് പിന്നിലായി കറുത്ത കൊടിയും ബാഡ്ജുമൊക്ക കുത്തി ഞങ്ങള്‍ കുറച്ചുപേരും.

  കഴുത മഹാരാജാവിന്റെ  മരണവിവരം സി.എച്ച്. ഗംഗാധരന്‍ മാസ്റ്റര്‍ അദ്ദേഹത്തിന്റെ സ്വതസിദ്ധമായ ശൈലിയില്‍ മൈക്കിലൂടെ വിളിച്ചുപറഞ്ഞുകൊണ്ട് മുന്നിലുണ്ടായിരുന്നു. മൈക്ക് അനൗണ്‍സ്മെന്റ്… ‘വിശ്വവിഖ്യാതനായ കഴുത മഹാരാജാവ് അന്തരിച്ചു. വിലാപയാത്ര മയ്യഴിയുടെ ആദരമേറ്റുവാങ്ങി തെരുവോരങ്ങളിലൂടെ ഇതാ വരുന്നു’ എന്നായിരുന്നു. ഇതൊന്നും അറിയാതെ  ബസില്‍ യാത്രചെയ്യുന്നവര്‍ക്ക് അപ്പോഴും ഒരത്ഭുതമായിരുന്നു, കടകളടച്ചിരിക്കുന്നു.        

തെരുവിലൂടെ കഴുതയെ പട്ടുപുതപ്പിച്ചു റീത്തൊക്കെ വെച്ച് വിലാപയാത്ര, ചന്ദ്രദാസിന്റെ വീടുവരെ പോയി. കഴുതയുടെ ജഡം ആ പറമ്പില്‍ സംസ്‌കരിച്ചു .        

ഇതും ഒരു പ്രധാന വാര്‍ത്തയായി മുഖ്യപത്രങ്ങളുടെ മുന്‍പേജില്‍ ഉണ്ടായിരുന്നു.                                      

ഒരുപക്ഷെ, ലോകത്തിലെ കഴുതകളുടെ കൂട്ടത്തില്‍  ഇത്രയും ബഹുമാനവും ആദരവും സ്‌നേഹവും അംഗീകാരവും കിട്ടിയ ആദ്യത്തെയും അവസാനത്തെയും കഴുത ഇതായിരിക്കും എന്ന് മാത്രം പറഞ്ഞുകൊണ്ട് ഈ കഴുതപുരാണം അവസാനിപ്പിക്കുന്നു. അതിന് മുന്‍പ് ഒരുകാര്യംകൂടി പറയട്ടെ…

കുറച്ചു ദിവസം കഴിഞ്ഞ് കഴുത മഹാരാജാവിന്റെ ഓര്‍മപുതുക്കാന്‍ ഏകദേശം 30-35 ഓളം പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ക്ക് സ്‌കൂള്‍ ബാഗും കുടയും യൂണിഫോമും പള്ളി മൈതാനിയില്‍വെച്ച് സൗജന്യമായി നല്‍കിയതും ഓര്‍മിച്ചുകൊണ്ട് നിര്‍ത്തുന്നു.